10.
ദേശപ്രതിനിധാനങ്ങള്‍ : ഈസ്റ്റ് ആഫ്രിക്ക
കെനിയ, ഉഗാണ്ട, ടാന്‍സാനിയ, റുവാണ്ട, എത്യോപ്യ, സോമാലിയ, മോറീഷ്യസ്, മൊസാംബിക്, മലാവി, സിംബാബ്‌വേ, സാംബിയ, സുഡാന്‍, സൌത്ത്
സുഡാന്‍ തുടങ്ങിയ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മോസാബിക്, മഡഗാസ്കര്‍, സാംബിയ, സിംബാബ്‌വേ
എന്നിവ സതേണ്‍ അഫ്രിക്കയുമായും പങ്കുവെക്കപ്പെടുമ്പോള്‍ സുഡാന്‍ പലപ്പോഴും നോര്‍ത്ത്
ആഫ്രിക്കന്‍ പരിഗണനയിലും കടന്നു വരുന്നു. പൂര്‍വ്വ ആഫ്രിക്കയില്‍ നിന്നുള്ള
കൃതികള്‍ വെസ്റ്റ് ആഫ്രിക്കന്‍ കൃതികളില്‍ നിന്ന് വൈകിയാണ് പുറം ലോകത്തെത്തുന്നത്. വെസ്റ്റ് ആഫ്രിക്കന്‍
നോവലുകളിലെ ബഹുഭാര്യത്വം, കൊളോണിയല്‍ സാംസ്‌കാരിക അധിനിവേശം തുടങ്ങിയ
പ്രമേയങ്ങളെക്കാള്‍ മറ്റുവിഷയങ്ങള്‍ ഈ ദേശങ്ങളില്‍ നിന്നുള്ള സാഹിത്യത്തില്‍
പ്രബലമാണെന്ന് ഷാര്‍ലെറ്റ് ബ്രൂണര്‍ നിരീക്ഷിക്കുന്നു. ഉദാഹരണത്തിന്, പൈതൃക ഭൂമി
നഷ്ടപ്പെടുന്നതിന്റെ ഭൌതികവും ആത്മീയവുമായ ദുരന്തങ്ങള്‍ കെനിയന്‍ സാഹിത്യത്തിലെ
മുഖ്യ വിഷയമാണ്. ചാരിറ്റി വാസിയുമയുടെ A
Duaghter of Mumbi (1968), ഗ്രേസ് ഒഗോട്ടിന്റെ Land
Without Thunder (1968), The Promised Land (1966)തുടങ്ങിയവ
പലപ്പോഴും തലക്കെട്ടില്‍ തന്നെയും ഈ ഭൂമിബദ്ധ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. ബ്രിട്ടനില്‍
നിന്നെത്തി കെനിയന്‍ സംസ്കൃതിയില്‍ സ്വയം കണ്ടെത്തിയ മാര്‍ജറി മക്ഗോയെ,
‘Coming to Birth’ പോലുള്ള തന്റെ കൃതികളില്‍ ദേശപ്പിറവിയെ കെനിയന്‍
പെണ്മയുടെ പിറവിയുമായി കണ്ണിചേര്‍ക്കുന്നതിലൂടെ ദേശ വിമോചനം സ്ത്രീവിമോചനം
കൂടിയാണ് എന്ന് പറഞ്ഞുവെക്കുന്നു. മോമോ കലാപത്തിന്റെ സംഘര്‍ഷഭരിതമായ
ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ദേശത്തിന്റെ ദുര്‍വ്വിധികള്‍ വേട്ടയാടുന്ന കുടുംബ
കഥ പറയുന്ന യിവോനെ ഒവൂറിന്റെ ‘Dust’
കുടുംബവും സാമൂഹിക ജീവിതവും രാഷ്ട്രീയവും ഒന്നായിത്തീരുന്ന കെനിയന്‍
യാഥാര്‍ത്ഥ്യം അനുഭവിപ്പിക്കുന്നു. ബെസ്സി ഹെഡ് (ബോട്സ്വാന), ദുര്‍മ്മന്ത്രവാദം (witchcraft), പ്രേതബാധ തുടങ്ങിയ
പ്രമേയങ്ങള്‍ ബോട്സ്വാനയുടെ ദേശ പൈതൃകവുമായി ചേര്‍ത്തു പരിശോധിക്കുന്നു. ദേശം
വിട്ടുപോക്ക്, കുടിയേറ്റം, അന്യവല്‍ക്കരണം
തുടങ്ങിയ പ്രമേയങ്ങള്‍ പൂര്‍വ്വ ആഫ്രിക്കന്‍ സാഹിത്യത്തില്‍ പ്രാധാന്യം നേടുന്നു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അധികാര കേന്ദ്രങ്ങളിലെ അഴിമതിയും ഗോത്രീയ
കലാപങ്ങളും നിമിത്തം തുരത്തപ്പെട്ട കര്‍ഷക സമൂഹങ്ങളുടെ കുടിയൊഴിക്കല്‍, ഈദി അമീനെ
പോലുള്ള ഏകാധിപതികളുടെ ഭീകര ഭരണത്തില്‍ ദേശാതിര്‍ത്തി വിട്ടുപലായനം ചെയ്യേണ്ടി
വന്ന സാഹചര്യം അപ്പാര്‍ത്തീഡിന്റെ ഇരകളായി സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള
കുടിയേറ്റം, സുഡാനിലെ കൊടും വരള്‍ച്ചകള്‍ സൃഷ്ടിച്ച പലായനം, മൊസാംബിക്കന്‍ കൂട്ടക്കുരുതികളുടെ തിക്തഫലങ്ങള്‍ തുടങ്ങിയ അനുഭവങ്ങളാണ്
ഈസ്റ്റ് ആഫ്രിക്കന്‍ സാഹിത്യത്തില്‍ മുദ്ര പതിപ്പിക്കുന്നത്. വയലറ്റ് ഡയസ് ലനോയ് (Violet
Dias Lanoy), ഹെസല്‍ മുഗോട്ട് (Hazel Mugot),
ഡെയ്സി കബഗരാമ (Daisy Kabagarama), ഈവ് ലിന്‍ അയോദ(Evelyn
Avoor Ayoda) തുടങ്ങിയ എഴുത്തുകാര്‍ ആവര്‍ത്തിച്ചു ദേശാന്തരം
ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. അവരില്‍ ഗ്രേസ് ഒഗോട്ടിനെ പോലെ ചിലര്‍ തിരികെ
വരികയും അവരുടെ തനതു സംസ്കൃതികളെ സാഹിത്യത്തില്‍ അടയാളപ്പെടുത്തുകയും
ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്നുള്ള പാലായനത്തിനു സമാന്തരമായി
അവിടേക്ക് കുടിയേറുകയും ആഫ്രിക്കന്‍ സ്വത്വത്തില്‍ സ്വയം കണ്ടെത്തുകയും ചെയ്തവരും കാണാനാകും.
ബ്രിട്ടനില്‍ നിന്നെത്തി കെനിയന്‍ ലുവോ സംസ്കൃതിയില്‍ അഭിമാനപൂര്‍വ്വം സ്വയം
കണ്ടെത്തിയ മാര്‍ജോറി മാക്‌ഗോയെ (Marjorie Oludhe Macgoye), സൌത്ത്
ആഫ്രിക്കയില്‍ നിന്ന് ബോട്സ്വാനയിലെത്തി ആ ദേശത്തിന്റെ ശബ്ദമായി മാറിയ ബെസ്സി ഹെഡ് തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടും. ഈസ്റ്റ്
ആഫ്രിക്കന്‍ എഴുത്തുകാരികള്‍ കരീബിയന്‍ സാഹിത്യത്തിലേക്ക് കൈനീട്ടുന്നതിനെ
കുറിച്ചും ഷാര്‍ലെറ്റ് ബ്രൂണര്‍ സൂചിപ്പിക്കുന്നു (Ibid: P. 49). നതാച്ച
അപ്പനാ, ആനന്ദ ദേവി എന്നിവര്‍ മോറീഷ്യന്‍ സാഹിത്യത്തിലെ ശക്തമായ പെണ്‍സ്വരങ്ങളായി
സ്വയം അടയാളപ്പെടുത്തുന്നു. റുവാണ്ടയുടെ സ്കൊലാസ്റ്റിക്ക് മുകസോംഗ (Our Lady of
the Nile,The
Barefoot Woman) റുവാണ്ടന്‍
വംശ ഹത്യയിലേക്ക് നയിച്ച വെറുപ്പിന്റെ രാഷ്ട്രീയ ഭൂമിക ഒരു ഉന്നത ബോര്‍ഡിംഗ്
സ്കൂള്‍ പശ്ചാത്തലമാക്കി ചിത്രീകരിക്കുന്നതിലൂടെ ചരിത്രത്തിന്റെ തമോഗര്‍ത്തങ്ങള്‍
രൂപപ്പെടുന്ന അതിസാധാരണ വഴികള്‍ അനാവരണം ചെയ്യുകയാണ് Our Lady of the Nile എന്ന നോവലില്‍. The
Barefoot Woman എന്ന നോവലില്‍ അതെ
പശ്ചാത്തലത്തില്‍ തനിക്കു നേരിട്ട വ്യക്തിപരമായ നഷ്ടം കൂടിയാണ് അവര്‍ ഫിക്
ഷനിലേക്ക് കൊണ്ടുവരുന്നത്. സോമാലിയന്‍ എഴുത്തുകാരി നദീഫ മുഹമ്മദ്, ബെറ്റി
ട്രാസ്ക് അവാര്‍ഡ് നേടിയ പ്രഥമ കൃതിയില്‍ (The Black Mamba Boy-2010 ) തന്റെ പിതാവിന്റെ അനുഭവങ്ങളുടെ ചുവടു
പിടിച്ചു വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്, രണ്ടാം ലോക
യുദ്ധത്തില്‍ മുസോളിനിയുടെ പടയോട്ടം ചെറുത്ത ആഫ്രിക്കന്‍ പോരാളികളുടെ
ചരിത്രത്തിലേക്കാണ്. 2013 ല്‍ പുറത്തിറങ്ങിയ, സോമര്‍സെറ്റ്
മോം അവാര്‍ഡ് നേടിയ The Orchard of Lost Souls, മൂന്നു
സ്ത്രീകഥാപാത്രങ്ങളിലൂടെ സോമാലിയന്‍ ഏകാധിപത്യത്തിന്റെ ഭീകരത ആവിഷ്കരിക്കുന്നു. കവിതയില്‍
സ്വയം അടയാളപ്പെടുത്തിയ എഴുത്തുകാരികള്‍ ഏറെയുണ്ടെങ്കിലും നോവലിന്റെ തട്ടകത്തില്‍
സോമാലി വനിതകള്‍ ഏറെയില്ല. ഡോറീന്‍ ബൈങ്കാനയുടെ കഥാസമാഹാരം Tropical Fish:
Stories out of Entebbe ഉഗാണ്ടന്‍ വനിതാ സാഹിത്യത്തിലെ ശ്രദ്ധേയ
കൃതിയാണ്. ജെയ്ന്‍ കബെരുക, ഗ്ലേഡാ നമുകാസ, ലിലിയന്‍ ടിന്‍ഡൈബാ, നകിസാന്‍സെ സെഗാവ തുടങ്ങി
കുറെയേറെ എഴുത്തുകാരികളെ ഉഗാണ്ടന്‍ സാഹിത്യ ചരിത്രം തേടുമ്പോള്‍ കണ്ടെത്താനാവും.
എന്തായാലും, സുദീര്‍ഘവും സംഘര്‍ഷ ഭരിതവുമായ ചരിത്രമുള്ള ഈ ദേശത്തിന്റെ ഏറ്റവും
നിര്‍ണ്ണായകമായ ഫിക് ഷനല്‍ ആവിഷ്കാരം ജെന്നിഫര്‍ നാന്‍സുബൂഗെ മകൂംബിയുടെ ‘Kintu (2014) എന്ന ഇതിഹാസമാനമുള്ള നോവല്‍ തന്നെയാണ്; ഒരു പക്ഷെ ദേശം കാത്തിരുന്ന ആ നിര്‍ണ്ണായക ആഖ്യാനം. ഡിനോ മേംഗെസ്തു, നെഗ
മെസ് ലെകിയ, തുടങ്ങിയ അതിസമ്പന്നമായ സമകാലിക സാഹിത്യ
പാരമ്പര്യമുണ്ടെങ്കിലും വനിതാ എഴുത്തുകാരികളുടെ കാര്യത്തില്‍ ഏറെ ദാരിദ്രമാണ്
എത്യോപ്യന്‍ സാഹിത്യം. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ Beneath the Lion’s
Gaze (2010), The
Shadow King: A Novel (2019) എന്നീ നോവലുകളിലൂടെ മാസാ മെന്‍ഗിസ്തെ
ആ കുറവ് പരിഹരിക്കുന്നു. 1974ലെ
വിപ്ലവത്തിന്റെ നാളുകള്‍ പശ്ചാത്തലമാക്കി ഭരണകൂട ഭീകരതയുടെയും അതില്‍
ഞെരിഞ്ഞമരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും പരീക്ഷിക്കപ്പെടുന്ന മാനുഷിക
ബന്ധങ്ങളുടെയും കഥപറയുന്ന ആദ്യനോവലിലൂടെത്തന്നെ നിരൂപക പ്രശംസ നേടിയ മെന്‍ഗിസ്തെയുടെ
രണ്ടാമത് നോവല്‍ ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ (2020) ഇടം
പിടിച്ചു. മുസോലിനിയുടെ പടയോട്ടത്തെ ചെറുത്തുനില്‍ക്കുന്ന എത്യോപ്യന്‍ സൈന്യത്തില്‍
കഴിവും തന്ത്രവും കൊണ്ട് നേതൃത്വ പരമായ പങ്കുവഹിക്കുന്ന സ്ത്രീത്വത്തെയാണ് നോവല്‍
അടയാളപ്പെടുത്തുന്നത്.
തുടര്‍ വായനക്ക്:
ആഫ്രിക്കന്‍ നോവലിലെ
പെണ്ണെഴുത്ത് – ആമുഖ പഠനം. 11.
https://alittlesomethings.blogspot.com/2024/09/11.html
മുന്‍ ഭാഗങ്ങള്‍
ഇവിടെ വായിക്കാം:
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം.6.
https://alittlesomethings.blogspot.com/2024/09/6.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 7.
https://alittlesomethings.blogspot.com/2024/09/7.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 8.
https://alittlesomethings.blogspot.com/2024/09/8.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 9.
No comments:
Post a Comment