കനഫാനി ഏറ്റുവാങ്ങിയ പൊള്ളല്‍
പലസ്തീന്‍
സാഹിത്യമെന്നാല്‍ കുടിയറക്കിന്റെയും ധന – ധാന്യ - കുടംബനഷ്ടത്തിന്റെയും, കൂടുതല്‍
വലിയ പ്രകാരത്തില്‍, ദേശനഷ്ടത്തിന്റെയും കഥയെഴുത്തു
തന്നെയാണ്; അതിന്റെ വിനാശകാരിയായ ആദിമുഹൂര്‍ത്തം ഏഴര
ലക്ഷം മനുഷ്യര്‍ കിടപ്പാടങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയോ ഉന്മൂലനം
ചെയ്യപ്പെടുകയോ ചെയ്തു ഇസ്രയേല്‍ എന്നൊരു
പുതുദേശപ്പിറവിയിലേക്കു നയിച്ച 1948 ലെ നക്ബ എന്ന
ഇരുണ്ട ചരിത്രവും. ഇന്നും തുടരുന്നൊരു മഹാദുരനുഭവമാണത്. ഇത്തരം ട്രോമയോട്
പ്രതികരികരിച്ചു കൊണ്ടുമാത്രം രചിക്കപ്പെടാവുന്ന സാഹിത്യത്തിന് വിലാപത്തിന്റെയും
പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും മുഴക്കങ്ങള്‍ കൂടാതെവയ്യ; ഒപ്പം, അതിനു സ്വന്തം ജനതയുടെ അതിജീവനവും
ലോകത്തിനു മുന്നിലുള്ള ദൃശ്യതയും ഉറപ്പുവരുത്തേണ്ടതുമുണ്ട്. സമ്പന്നതക്ക് നടുവിലെ
ആത്മീയശൂന്യതയെന്ന ഒന്നാംലോക ദാര്‍ശനികാന്വേഷണമോ പാടുപെട്ടു നേടിയ
സ്വാതന്ത്ര്യത്തെ അര്‍ത്ഥവത്താക്കാത്ത സാമൂഹിക ജീര്‍ണ്ണതാവിചാരണയെന്ന പോസ്റ്റ്‌കൊളോണിയല്‍
ആവിഷ്കാര വൈവിധ്യങ്ങളോ പലസ്തീന്‍ സാഹിത്യത്തിനു അനുവദിക്കപ്പെട്ടിട്ടുള്ള
ആഡംബരങ്ങളല്ലെന്ന് ചുരുക്കം.
Men in the
Sun പിന്തുടരുന്നത്, ജോര്‍ദാനിലെ
പലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് കുവൈറ്റിലേക്ക് മനുഷ്യക്കടത്തുകാരുടെ
സഹായത്തോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മൂന്ന് അനധികൃത പലസ്തീന്‍
കുടിയേറ്റക്കാരെയാണ്. കാലം അമ്പതുകളുടെ അന്ത്യം, അഥവാ, 1948ലെ നക്ബക്ക് ശേഷം ഒരു പതിറ്റാണ്ടു പിന്നിട്ട്. ഇറാഖിലെ ബസ്രയില്‍ വെച്ച്,
കണ്ണില്‍ച്ചോരയില്ലാതെ പെരുമാറുകയും വമ്പന്‍ പ്രതിഫലത്തില്‍
വിട്ടുവീഴ്ച്ച ചെയ്യാതെ അവരെ കയ്യേറ്റം ചെയ്യുകപോലും ചെയ്യുന്നവനുമായ ഇസ്രയേലിയായ
‘വൃത്തികെട്ട തടിയന്‍’ ഏജന്റിനെ ഒഴിവാക്കി മറ്റൊരു
ദരിദ്ര പലസ്തീനിയന്‍ ഡ്രൈവര്‍ അബ്ദുല്‍ കൈസുറാന്‍ നല്‍കുന്ന ഓഫര്‍ അവര്‍
സ്വീകരിക്കുന്നു. കാലിയായ വാട്ടര്‍ ടാങ്കറില്‍, പൊള്ളുന്ന
ചൂടിനെ വകവെക്കാതെ ഒളിച്ചുകടക്കുകയെന്ന അത്യപകടകരമായ തെരഞ്ഞെടുപ്പ് അവരുടെ
ദൈന്യവും നിവര്‍ത്തിയില്ലായ്മയും വ്യക്തമാക്കുന്നു. ചെക്ക്പോയിന്റുകളില്‍ അധികൃതര്‍
അയാളുടെ കടലാസുകള്‍ പരിശോധിക്കുമ്പോള്‍ മൂവരും വാട്ടര്‍ ടാങ്കിനകത്ത്
അടച്ചിരിക്കണം. ഇറാഖി ചെക്ക് പോയിന്റില്‍ പ്രശ്നങ്ങളില്ലാതെ വിജയിക്കുന്ന പദ്ധതി
പക്ഷെ, കുവൈത്തി അതിരില്‍ പാളിപ്പോകുന്നു. എയര്‍കണ്ടിഷന്‍
ചെയ്ത ചെക്ക്പോയിന്റ് ഓഫീസില്‍ ബോറടിച്ചിരിക്കുന്ന അധികൃതര്‍, അബ്ദുല്‍ കൈസുറാനെ നേരമ്പോക്കിന് പ്രകോപിപ്പിച്ചു അനന്തമായി
വൈകിപ്പിക്കുന്നു. അയാള്‍ക്ക് ബസ്രയില്‍ വെച്ചുണ്ടായതായി അവര്‍ കരുതുന്ന
അഗമ്യഗമനത്തിന്റെ നിറംപിടിപ്പിച്ച കഥകള്‍ വിസ്തരിക്കണം അവര്‍ക്ക്. അബൂബാഖിര്‍ എന്ന
തടിയന്‍ പേപ്പറുകള്‍ ക്ലിയര്‍ ചെയ്യാന്‍ വിസമ്മതിക്കുന്നു. ഒടുവില്‍ അധികൃതര്‍ വിനോദം അവസാനിപ്പിക്കുമ്പോഴേക്കും, കത്തുന്ന മരുഭൂ ചൂടില്‍ ടാങ്കിനകത്ത് അടച്ചിരിക്കുന്ന മനുഷ്യര്‍ക്ക് എന്ത്
സംഭാവിക്കാമോ അതുതന്നെ സംഭവിക്കുന്നു. കുവൈത്തി അതിരിലെ
മാലിന്യക്കൂമ്പാരത്തിലേക്ക് തട്ടുംമുമ്പ് മൂന്ന് ജടങ്ങളിലും വിലപിടിപ്പുള്ളതായി
കണ്ടതെല്ലാം അബ്ദുല്‍ കൈസുറാന്‍ കൈക്കലാക്കുന്നു. അതേസമയം, ട്രക്കിലേക്ക് മടങ്ങും മുമ്പ്, ഒന്നിനുവേണ്ടിയുമാല്ലാത്ത
ആ മരണങ്ങളിലെ തന്റെ പങ്കിനെ കുറിച്ചോര്‍ത്ത് അയാള്‍ വേവലാതിക്കൊള്ളുകയും
ചെയ്യുന്നു:” അവരെന്തേ ആ ട്രക്കിന്റെ ചുവരില്‍ തട്ടിവിളിക്കാഞ്ഞു? എന്തേ?”
സലാം മീര്‍
ചൂണ്ടിക്കാണിക്കുന്നതുപോലെ നോവലിന്റെ ഇതിവൃത്ത കഥ ഒട്ടും അസാധാരണമല്ല. എന്നാല്‍, ലോകമെങ്ങും സംഭവിക്കാവുന്ന
ഒന്നെങ്കിലും അത് പലസ്തീനിയന്‍ പ്രത്യേകത ഉള്ളതാണ്, ആ
അര്‍ത്ഥത്തില്‍ നക്ബയുടെ മാത്രം പരിണതിയുമാണ്. കനഫാനി ഓരോ കഥാപാത്രത്തിനും
വ്യക്തിത്വം നല്‍കുന്നുണ്ട്, ഒപ്പം അവരെ പലസ്തീനിയന്‍
രാഷ്ട്രീയത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നുമുണ്ട്. പ്രായത്തിലും
ജീവിതാനഭവങ്ങളിലും ഭിന്നരായ അവരെ ഒരുമിപ്പിക്കുന്നത് നഷ്ടവും മരണവുമാണ്.
മധ്യവയസ്കനായ അബുഖൈസ് വിവാഹിതനാണ്. കുവൈറ്റിലെത്തി ജീവിതം കരുപ്പിടിപ്പിക്കാനും
കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുമൊക്കെയാണ് അയാളുടെ മോഹം. മൂവരില്‍ നക്ബ പൂര്‍വ്വ
പലസ്തീനെ ഓര്‍മ്മിക്കാനും മാത്രം പ്രായമുള്ളതും അയാള്‍ക്കു മാത്രമാണ്. അന്ന്
നഷ്ടപ്പെട്ട തന്റെ ഒലീവു തോട്ടത്തിലേക്ക് തിരികെയെത്തുകയെന്ന സ്വപ്നം
കഴിഞ്ഞപത്തുവര്‍ഷമായി അയാള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നു. കൈകള്‍ക്ക് പ്രാര്‍ത്ഥനക്കപ്പുറം
പ്രയോജനമുണ്ടെന്ന ചെറുത്തുനില്‍പ്പിന്റെ പാഠം പകര്‍ന്നുതന്ന ഉസ്താദ് സലീമിനെ
അയാളോര്‍ക്കുന്നു. ഗ്രാമം ശപിക്കപ്പെട്ട ജൂതരുടെ കൈകളിലെത്തുന്നത് കാണാന്‍ ഇടവരാതെ,
തന്നെപ്പോലെ അവമതിക്കപ്പെടാനായി ജീവിച്ചിരിക്കാതെ, നക്ബക്ക് ഒരു രാത്രിമുമ്പ് അദ്ദേഹം മരിച്ചതില്‍ അബുഖൈസ് ദൈവത്തിനു നന്ദി
പറയുന്നു. അമ്പതുകളില്‍, പ്രത്യേകിച്ചൊരു തൊഴില്‍
വൈദഗ്ദ്യവും കൂടാതെ കുവൈറ്റിലേക്ക് കുടിയേറിയ രണ്ടാം തരംഗ പലസ്തീന്‍ അഭയാര്‍ഥിത്വത്തിന്റെ
പ്രതിനിധിയാണ് അബുഖൈസ്. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും അയാള്‍ നാടിനെ ഓര്‍ക്കുന്നു:
“മണ്ണില്‍ കിടന്നുകൊണ്ട് അതിന്റെ മണം ശ്വസിക്കുന്ന ഓരോ നിമിഷത്തിലും, തണുത്ത വെള്ളത്തിലെ കുളി കഴിഞ്ഞു കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങുന്ന
തന്റെ ഭാര്യയുടെ തലമുടി മണത്തുനോക്കുന്നതായി അയാള്‍ സങ്കല്‍പ്പിച്ചു. അതേ മണം, തണുത്ത വെള്ളത്തില്‍ കുളി കഴിഞ്ഞു തന്റെ തലമുടികൊണ്ട് അയാളുടെ മുഖം
മൂടുന്ന സ്ത്രീയുടെ മണം. അതേ തുടിപ്പ്, ഒരു
കുഞ്ഞുപക്ഷിയെ കൈവെള്ളയില്‍ ചുമക്കുന്ന പോലെ.” (P.9). അയാള്‍
ക്രിയാത്മകമായി ഒന്നും ചെയ്യാതെ കാത്തിരിക്കുകയും തങ്ങളുടെ ജനതയെ ഫലത്തില്‍
ഒറ്റുകൊടുക്കുകയും ചെയ്ത പലസ്തീനിയന്‍ നേതൃത്വത്തിന്റെ പ്രതീകമാണ്.
ജീവിതാനുഭവങ്ങള്‍
ഏറെയുള്ള യുവാവായ അസദിന് യാത്രയില്‍ വന്നുഭവിക്കാനിടയുള്ള ചതികളെ കുറിച്ച് നല്ല
ബോധ്യമുണ്ട്. അയാളെ സംബന്ധിച്ച് കുവൈറ്റിലേക്ക് പോകുകയെന്നത് അമ്മാവന്റെ
മകളുമായുള്ള ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരമാണ്.
രാഷ്ട്രീയമായി സജീവമായ അയാള്‍ പക്ഷെ തന്റെ തലമുറയുടെ പ്രതീകം തന്നെയാണ്:
അതിനിഷ്കളങ്കരും ഫലപ്രദമായി ഒരു മാറ്റവും കൊണ്ടുവരാന്‍ കഴിയാതെ പോയവരും.
രാഷ്ട്രീയപ്രവര്‍ത്തനം കാരണം ജോര്‍ദാന്‍ അധികൃതരില്‍ നിന്നും
ഒളിച്ചുകഴിയേണ്ടതുമുണ്ട് അയാള്‍ക്ക്. കുവൈറ്റിലേക്ക് കടക്കാന്‍ സഹായിക്കാമെന്നേറ്റ
കള്ളക്കടത്തുകാരന്‍ അബുഅബ്ദ് അയാളുടെ പിതാവിനൊപ്പം പോരാടിയ ആളായിരുന്നു.
ചെക്ക്പോയിന്റിനപ്പുറത്തേക്ക് ഒളിച്ചു കടന്നു ഹൈവേയില്‍ തന്നോടൊപ്പം കൂടാന്‍
അസദിനോട് ആവശ്യപ്പെടുന്നതിന് പിന്നില്‍ ഒരു അനധികൃത കുടിയേറ്റക്കാരനോടൊപ്പം
പിടിക്കപ്പെടുന്നതിന്റെ അപകടം ഒഴിവാക്കുക എന്ന ലക്ഷ്യമാണ് അബുഅബ്ദിന്. എന്നാല്‍, കാത്തിരിക്കുന്ന അസദിനെ കൊണ്ടുപോകാന്‍
അയളെത്തില്ല. ദൃഡനിശ്ചയത്തോടെ എങ്ങനെയും ബസ്രയില്‍ എത്തിച്ചേരുന്നതാണ് അയാളെ
മൂവരില്‍ ഒരാളാക്കുന്നത്. കൈസുറാന്‍ യഥാര്‍ഥത്തില്‍ വെള്ളം
കൊണ്ടുപോകുന്നവനല്ലെന്നും ഹാജ് റിദയുടെ കരിഞ്ചന്തക്കാരന്‍ ആണെന്നും മനുഷ്യക്കടത്ത്
ഹാജി അറിയാതെയുള്ള അയാളുടെ അധികവരുമാന മാര്‍ഗ്ഗമാണെന്നും കണ്ടെത്താന്‍ അസദിന്
അധികം സമയം വേണ്ടിവരുന്നില്ല.
ടീനേജറായ
മര്‍വാന് ജ്യേഷ്ടന്റെ വരുമാനം ഇല്ലാതായതിനെ തുടര്‍ന്ന് കുടുംബ ബാധ്യത
ഏറ്റെടുക്കേണ്ട നിലയാണ്. തികച്ചും ഉപേക്ഷിക്കപ്പെട്ട പുതുതലമുറ പലസ്തീനിയന്‍
അഭയാര്‍ഥിയുടെ പ്രതിനിധിയാണ് അയാള്‍. ജ്യേഷ്ടന്‍ സകറിയ കുവൈറ്റിലുണ്ടെങ്കിലും
കുടുംബത്തെ മറന്നു കെട്ടിയ പെണ്ണുമായി അവിടെ കൂടിയ അയാളെക്കൊണ്ട്
പ്രയോജനമൊന്നുമില്ല. വാസ്തവത്തില്‍, കുടുംബത്തെ ഉപേക്ഷിച്ചു സാമ്പത്തിക നേട്ടം നോക്കി
മറ്റൊരുത്തിയുമായി കഴിയുന്ന പിതാവിന്റെ ജീനുകളാണ് സഹോദരനും പങ്കിടുന്നത്. താന്‍
കുവൈറ്റിലെത്തി നല്ല നിലയിലെത്തിയാല്‍ കുടുംബത്തെ പരിപാലിച്ചു സന്തോഷിപ്പിക്കും
എന്നു പലവുരു ആവര്‍ത്തിക്കുന്ന മര്‍വാന്‍, തന്റെ
ലക്ഷ്യത്തിലെത്തുന്ന പക്ഷം പിതാവിന്റെ ജീനുകളെ പിന്തുടരില്ല എന്ന് സത്യത്തില്‍
ഒരുറപ്പുമില്ല.
ലോറി
ഡ്രൈവര്‍ കൈസുറാന്‍ ആകട്ടെ മുറിവേറ്റ മുന്‍ സ്വാതന്ത്ര്യ പോരാളിയാണ്. അയാള്‍ക്കായി
നോവലിസ്റ്റ് പ്രത്യേകിച്ചൊരു കഥാഭാഗം നല്‍കുന്നില്ല. ചെക്ക്പോയിന്റിലെ അധികൃതര്‍, വഷളന്‍ ലൈംഗിക ഗോസിപ്പുകളില്‍
അഭിരമിക്കുന്നതിന് കൈസുറാനെ ഇരയായി കണ്ടെത്തുന്നതില്‍ ക്രൂരമായ ഐറണിയുണ്ട്.
യുദ്ധത്തില്‍ കാലുകള്‍ക്കിടയില്‍ മുറിവേറ്റ അയാളുടെ പൌരുഷത്തോടുള്ള കൊഞ്ഞനംകുത്തല്‍
കൂടിയാണ് അത്. ഒന്നാം അറബ് ഇസ്രായേലി യുദ്ധത്തില്‍ പൌരുഷനഷ്ടം സംഭവിക്കുന്ന വിധം
മുറിവേല്‍ക്കുന്ന കൈസുറാന്‍ ഒരര്‍ത്ഥത്തില്‍ ശേഷികെട്ട പലസ്തീനിയന്‍
നേതൃത്വത്തിന്റെ പ്രതീകമാണ്. അയാള്‍ മൂന്ന് പലസ്തീനികളോടും അമിത ചാര്‍ജ്ജ്
ആവശ്യപ്പെടുകയും അവര്‍ മരിക്കുമ്പോള്‍ അവരുടെ റിസ്റ്റ് വാച്ചുകള്‍
സ്വന്തമാക്കുകയും ചെയ്യുന്നു.
മോഡേണിസ്റ്റ്
ആഖ്യാന സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന കനഫാനി, അന്യവല്‍ക്കരണം, പ്രവാസം, ദേശീയ ചെറുത്തുനില്‍പ്പ് തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നുമ്പോഴും, മിഡില്‍ ഈസ്റ്റ് സാഹചര്യങ്ങള്‍ക്കപ്പുറം തന്റെ പ്രമേയങ്ങളെ സാര്‍വ്വലൌകിക
തലത്തിലേക്കുയര്‍ത്തുന്നതിലൂടെ തന്റെ സമകാലികരില്‍ നിന്ന് വ്യത്യസ്തനാകുന്നു.
ബോധാധാരാ സമ്പ്രദായം, ഫ്ലാഷ്ബാക്ക്
തുടങ്ങിയവയിലൂടെയും സംഭാഷണങ്ങളിലൂടെയും അദ്ദേഹം തന്റെ കഥാപാത്രങ്ങള്‍ക്ക്
വ്യക്തിത്വം നല്‍കുകയും പലസ്തീനിയുടെ സാമാന്യാനുഭവത്തെ (generic) അതിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. മൂവരുടെയും ജീവിതാനുഭവങ്ങളും
ഭാവിപദ്ധതികളും ഓരോ വ്യത്യസ്തഭാഗങ്ങളായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. പലസ്തീനിക്ക് നേരിടാനുള്ള അഗ്നിപരീക്ഷകളുടെ പ്രതീകം തന്നെയായ, തീചൂടുള്ള മരുഭൂ ഭൂപ്രകൃതി, കുവൈറ്റ് എന്ന വാഗ്ദത്ത
ഭൂമി സങ്കല്‍പ്പത്തെ വിപരീതത്തില്‍ പൊലിപ്പിക്കുന്നുണ്ട്: അത് നോവലിന്റെ ഭൂമികയില്‍
അഭിശപ്തരായ പലസ്തീനിക്ക് നിത്യമരീചികയായി തുടരുകയും ചെയ്യും. 1990 കളിലെ മെക്സിക്കോയില്‍ നിന്നും
മൊറോക്കോയില്‍ നിന്നുമെല്ലാം പില്‍ക്കാലം പിറക്കാനിരുന്ന പാലായന സാഹിത്യത്തില്‍ (border
literature) പതിവാകാന്‍ പോകുന്ന ചിത്രങ്ങളാണ് വാഗ്ദത്ത ഭൂമിയെ
കുറിച്ചുള്ള വ്യര്‍ത്ഥസ്വപ്നങ്ങളില്‍ മുഴുകുന്ന ഈ മനുഷ്യര്‍ നല്‍കുന്നത്. ഭൗമിക ലാന്‍ഡ്‌സ്കേപ്പിനെ വിവരിക്കുന്ന അതേ സര്‍ഗ്ഗസ്പര്‍ശത്തോടെയാണ്
നോവലിസ്റ്റ് കഥാപാത്രങ്ങളുടെ മാനസികഭൂമികകള്‍ അനാവരണം ചെയ്യുന്നതും. കൈസുറാന്റെ മുറിവ് അക്ഷരാര്‍ഥത്തില്‍
ഉള്ളതാണെങ്കില്‍, ദുര്‍ബ്ബലമായ ഒരു വിമോചന സ്വപ്നമാണ്
കുടിയേറ്റക്കാരുടെ പിടിവള്ളി. നോവലിസ്റ്റ് എഴുതുന്നു: “അയാള്‍ക്ക് (കൈസുറാന്)
അയാളുടെ ആണത്തവും നാടും നഷ്ടപ്പെട്ടിരുന്നു, ഈ നശിച്ച
ലോകത്ത് ഉണ്ടായിരുന്നതെല്ലാം.” കൈസുറാന്റെ ആണത്തം പോലെത്തന്നെ ചോദ്യചിഹ്നമാണ്
മൂവര്‍ സംഘം കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന സ്വയംപര്യാപ്തതയും അന്തസ്സും
ആത്മാഭിമാനവും. പരമ്പരാഗത സമൂഹജീവിതമെന്ന നങ്കൂരം നഷ്ടപ്പെട്ട അഭയാര്‍ഥികള്‍ക്ക്
സ്വാഭിമാനവും നഷ്ടപ്പെട്ടിരിക്കുന്നു. ഒടുവില്‍, കൈസുറാന്
വഴിയില്‍ തള്ളാനുള്ള ജഡങ്ങള്‍ മാത്രമാണവര്‍.
ഉടനീളം
കാവ്യാത്മകവും തീക്ഷ്ണവുമണെങ്കിലും, നോവലന്ത്യം തന്നെയാണ് നോവലിന്റെ കാതല്‍. ജഡങ്ങള്‍
കണ്ടെത്തുമ്പോഴുള്ള കൈസുറാന്റെ ഹൃദയവ്യഥ നോവലിസ്റ്റ് പകര്‍ത്തുന്നത്, അയാളെയും പലസ്തീന്‍ വിധിയില്‍ കൊരുക്കുന്നുണ്ട്. മരുഭൂമിയുടെ ക്രൂരമായ
പ്രതിധ്വനികളിലേക്ക് നോവലിസ്റ്റ് അയാളുടെ വിലാപത്തെ തുറന്നുവിടുന്നു.
നോവലന്ത്യത്തില്‍ തന്റെ തല വെട്ടിപ്പിളരുന്ന അനുഭവത്തോടെ കൈസുറാന്‍ രാവിലേക്കു
മുഖം തിരിച്ച് അലറുന്നു:
“നിങ്ങളെന്തേ
ട്രക്കിന്റെ വശങ്ങളില്‍ ഇടിച്ചില്ല? നിങ്ങളെന്തേ ഒന്നും പറയാഞ്ഞു? എന്തേ?
മരുഭൂമി
പൊടുന്നനെ പ്രതിധ്വനിക്കാന്‍ തുടങ്ങി:
നിങ്ങളെന്തേ
ട്രക്കിന്റെ വശങ്ങളില്‍ മുട്ടാഞ്ഞു? നിങ്ങളെന്തേ ട്രക്കിന്റെ വശങ്ങളില്‍ ഇടിക്കാഞ്ഞു? ഏന്തേ? ഏന്തേ? എന്തേ?”
പാന്‍
അറബിസത്തിന്റെ പരാജയത്തിന്റെ ആവിഷ്കാരമായി വിലയിരുത്തപ്പെട്ട കനഫാനിയുടെ നോവല്‍, പലസ്തീനികളെ തങ്ങളുടെ സ്വന്തം ഇരവല്‍ക്കരണത്തെ
സഹായിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നവരെന്നു കുറ്റപ്പെടുത്തുന്നു എന്നു
നിരീക്ഷണമുണ്ട്. അസദിനെ പറ്റിക്കുന്നതില്‍ അയാളുടെ പിതാവിന്റെ
കൂട്ടാളിയുണ്ട്- ഒരിക്കല്‍ പലസ്തീന്‍ പോരാളിയായിരുന്ന ഒരാള്‍. മൂന്നു യാത്രികരെയും
ചെറുവിരല്‍ അനക്കാതെ മരണത്തിലേക്ക് തള്ളിവിടുന്ന ട്രക്ക് ഡ്രൈവറും പലസ്തീനിയാണ്; അയാള്‍ അവരുടെ ജടങ്ങളില്‍ നിന്നു മോഷ്ടിക്കുന്നുമുണ്ട്. നോവലിസ്റ്റ്
‘പലസ്തീനികളെ കുപ്പയിലെറിഞ്ഞു’ എന്ന വിമര്‍ശനവും
പുസ്തകമിറങ്ങിയ കാലത്ത് ശക്തമായിരുന്നു. എന്നാല്‍, അഭയാര്‍ഥി
ദുരിതാവസ്ഥയുടെ ഗൌരവപൂര്‍ണ്ണമായ ആദ്യആവിഷ്കാരം സാധ്യമാക്കിയ മഹദ് രചന എന്ന
അംഗീകാരമാണ് പൊതുവേ നോവലിന് ലഭിച്ചത്. അറബികള്‍, വിശേഷിച്ചും
പലസ്തീനികള്‍ തന്നെ പലസ്തീന്‍ ദുരവസ്ഥയില്‍
പങ്കാളികളാണ് എന്ന, പലസ്തീനികളും ജോര്‍ദാനികളും പൊതുവേ
അംഗീകരിക്കാനിടയില്ലാത്ത ഒരു പരമമായ സത്യം വിളിച്ചുപറയാന്‍ ധൈര്യപ്പെട്ട ആദ്യകൃതി
എന്ന് നോവലിനെക്കുറിച്ച് ഹമീദ് അല്‍ സക്കൂത് നിരീക്ഷിച്ചതും ഇതോടു ചേര്‍ത്തു
പറയാം.
പലസ്തീന്‍
ദുരവസ്ഥയുടെ ആഖ്യാനങ്ങളില്‍ അനന്യമായ ഒന്നാണ് ‘പൊരിവെയിലിലെ മനുഷ്യര്‍’. ഒരു മാര്‍ക്സിസ്റ്റായിരുന്ന കനഫാനിയുടെ
ജേണലിസ്റ്റ്, ആക്റ്റിവിസ്റ്റ് ജീവിതവും ഇസ്രായേലി
സൈന്യത്തിന്റെ കരുനീക്കങ്ങള്‍ക്കിരയായുള്ള ദാരുണാന്ത്യവും ഒരു കലാപകാരിയുടെ
ജീവിതസാരസ്വം സൂചിപ്പിക്കുമ്പോഴും അദ്ദേഹത്തിന്‍റെ കൃതികള്‍ അവതരിപ്പിക്കുന്നത്
അത്തരം പോരാളി ജീവിതമുഖങ്ങളല്ല. അതേസമയം, യുദ്ധവും
പലായനവും അവയുടെ ഇരുണ്ട ഭൂമികയില്‍ എപ്പോഴും നിഴല്‍വിരിക്കുകയും കഥാപാത്രങ്ങളുടെ
ജീവിതങ്ങളെ നിര്‍ണ്ണയിക്കുകയും ചെയ്യുന്നുണ്ട്. കനഫാനിയുടെ
അടുത്ത ഏറ്റവും പ്രമുഖമായ കൃതിയായ The Return to Haifa യില്‍, ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം തങ്ങള്‍
വിട്ടേച്ചുപോയ വീട് കാണാനെത്തുന്ന പലസ്തീനിയന്‍ ദമ്പതികള്‍, നഷ്ടപ്പെട്ട
മകനെ കണ്ടെത്തുന്ന സന്ദര്‍ഭമുണ്ട്: ഇപ്പോഴവന്‍ ഇസ്രായേലി സൈനിക യൂനിഫോമിലാണ്.
അവനു തെരഞ്ഞെടുക്കാം: സ്വയമൊരു ഹോളോകോസ്റ്റ് അതിജീവിതയായ വളര്‍ത്തമ്മ ജൂത
വനിതയോടൊപ്പം തുടരണോ അതോ, അവന്റെ പലസ്തീനിയന്‍
സ്വത്വത്തിലേക്ക് തിരികെ പോകണോ? നങ്കൂരം നഷ്ടപ്പെടുന്ന
അഭയാര്‍ഥി നേരിടുന്ന എക്കാലത്തെയും ചോദ്യവുമാണ് ഇത്.
Sources:
1. Salam Mir. “Palestinian Literature:
Occupation and Exile.” Arab Studies Quarterly, vol. 35, no. 2, 2013, pp. 110–29. JSTOR,
https://doi.org/10.13169/arabstudquar.35.2.0110. Accessed
8 Feb. 2024.)
2. Joseph Zeidan, ‘"Men in the Sun ." World Literature and Its Times:
Profiles of Notable Literary Works and the Historic Events That Influenced
Them. Encyclopedia.com. 7 Feb. 2024.
read more:
Return to Haifa by Ghassan Kanafani
https://alittlesomethings.blogspot.com/2024/06/aaidun-ila-haifa-return-to-haifa-by.html
Fractured Destinies by Rabai al-Madhoun
https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html
The
Lady of Tel Aviv by Rabai al-Madhoun
https://alittlesomethings.blogspot.com/2017/09/blog-post_87.html
Mornings in Jenin by Susan Abulhawa
https://alittlesomethings.blogspot.com/2015/12/blog-post_9.html
Men in the Sun by Ghassan Kanafani
https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html
The Book of Disappearance by Ibtisam Azem/ Sinan
Antoon
https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html
No comments:
Post a Comment