Featured Post

Showing posts with label ArabFiction. Show all posts
Showing posts with label ArabFiction. Show all posts

Tuesday, October 1, 2024

Salt Houses by Hala Alyan

തിരയെടുക്കുന്ന ഭവനങ്ങള്‍




(പലസ്തീനിയന്‍- അമേരിക്കന്‍ നോവലിസ്റ്റ് ഹല അല്‍യാന്‍ രചിച്ച Salt Houses എന്ന നോവല്‍ ഡയസ്‌പോറ രചനകളുടെ പതിവു ചേരുവകള്‍ക്കപ്പുറം പരിഗണിക്കപ്പെടേണ്ട അസ്തിത്വ പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്നു.)

 

പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന കുറെയേറെ സ്ഥിരം ചേരുവകളുണ്ട്‌: യുദ്ധംദാരിദ്ര്യംഅധികാരസ്ഥാനങ്ങളിലെ അഴിമതി, അഭയാര്‍ഥിത്തംപ്രാക്തനമായ ഒരു തനിമാ സങ്കല്‍പ്പവും കൊളോണിയല്‍ ആധുനികതയും തമ്മിലുള്ള സംഘര്‍ഷം തുടങ്ങി അവ പട്ടികപ്പെടുത്തുക പ്രയാസകരമല്ല. ഡയസ്‌പോറ സാഹിത്യത്തിലെത്തുമ്പോള്‍ ഊന്നലുകള്‍ക്ക് മാറ്റം സംഭവിക്കും.  ഭവന/ ദേശനഷ്ടത്തിന്‍റെ ഗൃഹാതുരത, തിരികെ പോകാനുള്ള അദമ്യമോഹം, ഓര്‍മ്മകളില്‍ നഷ്ടപ്പെടുന്ന മുന്‍തലമുറയും സ്വത്വപ്രതിസന്ധി നേരിടുന്ന പുതുതലമുറയും തമ്മിലുള്ള സംഘര്‍ഷംസമന്വയ (assimilation) ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കും വിധം പിറകിലുപേക്ഷിച്ച/ പലായനം ചെയ്യേണ്ടിവന്ന ഇടത്തിലെ സാംസ്കാരിക ശേഷിപ്പുകളും എത്തിച്ചേര്‍ന്ന ഇടത്തിലെ പുതിയ മൂല്യക്രമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍, നേരിടേണ്ടി വരുന്ന വര്‍ണ്ണ/വംശീയ മുന്‍വിധികള്‍ തുടങ്ങി അതൊരു വാര്‍പ്പുമാതൃക തന്നെ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പ്രതീക്ഷിക്കപ്പെടുന്ന ഈ ടെമ്പ്ലേറ്റ്  സധൈര്യം മുറിച്ചുകടക്കുന്ന എഴുത്തുകാര്‍ ഇപ്പോള്‍ ധാരാളമായി, വിശേഷിച്ചും ആഫ്രിക്കന്‍-മിഡില്‍ ഈസ്റ്റ്  ദേശങ്ങളില്‍ നിന്ന്വന്നുകൊണ്ടിരിക്കുന്നു. ഈ പാശ്ചാത്തലത്തില്‍ പരിഗണിക്കപ്പെടേണ്ട കൃതിയാണ് പലസ്തീന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ഹല അല്‍യാന്‍റെ പ്രഥമ നോവല്‍ Salt Houses.  ന്യു യോര്‍ക്ക്‌ യൂനിവേഴ്സിറ്റി അധ്യാപികയും ക്ലിനിക്കല്‍ സൈക്കൊളജിസ്റ്റുമായ ഹലഏതൊരു പലസ്തീനിയന്‍ ഡയസ്‌പോറ എഴുത്തുകാരന്‍/ രിയേയും പോലെ ആ നിതാന്തപ്രമേയത്തില്‍ തന്നെയാണ് തന്‍റെ നോവലും നങ്കൂരമിടുന്നത്. സമകാലിക ലോകം നേരിടുന്ന ഏറ്റവും സങ്കീര്‍ണ്ണവും നിതാന്തവുമായ പ്രശ്നങ്ങളില്‍ ഒന്നായതങ്ങളുടെ ദേശം അധിനിവേശം ചെയ്ത ഇസ്രയേലിനു അടിയറ വെക്കേണ്ടിവന്നു ചിതറിപ്പോകുന്ന പലസ്തീന്‍ ജനത ഇതര ഇടങ്ങളില്‍ ജീവിതവും അസ്തിത്വവും കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ അങ്കലാപ്പുകള്‍ എന്നത് തന്നെയാണ് അത്. പലസ്തീന്‍ ദുരന്തത്തെ സംബന്ധിച്ച അത്തരം വലിയ ചിത്രത്തെ (big picture) കണ്ടില്ലെന്നു നടിച്ചു ഒരാള്‍ക്കും എഴുതാനാകില്ല എന്നത് തീര്‍ച്ച തന്നെയാണ്.

‘ഉപ്പുഭവനങ്ങള്‍..

ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യം മുതല്‍ പുതിയ നൂറ്റാണ്ടിന്‍റെ ആദ്യ ദശകം വരെയുള്ള കാലയളവുകളിലായി നാല് തലമുറകള്‍ നീളുന്ന ഒരു പലസ്തീന്‍ കുടുംബ കഥയാണ് നോവല്‍ പറയുന്നത്. വ്യത്യസ്ത യുദ്ധങ്ങളും യുദ്ധ സമാന സാഹചര്യങ്ങളും മൂലം പലവുരു നാടുവിടേണ്ടി വരുന്നവര്‍. എന്നാല്‍ പ്രസ്തുത സംഘര്‍ഷങ്ങള്‍ നോവലിന്‍റെ കേന്ദ്ര പരിഗണന എന്ന നിലയിലല്ലമറിച്ചു തലമുറകളിലൂടെ നീളുന്ന സ്വതപ്രതിസന്ധികള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള തൊടുത്തുവിടല്‍ എന്ന നിലയില്‍ മാത്രമാണ് പ്രസക്തമാകുന്നത് എന്നിടത്താണ് സാഹിത്യ പാരമ്പര്യത്തില്‍ നേരത്തെ സൂചിപ്പിച്ച വേറിട്ടുപോക്ക് സാധ്യമാകുന്നത്.  കുടുംബ നാഥയായ സെല്‍മയുടെ വീക്ഷണത്തില്‍ ആരംഭിക്കുന്ന നോവലില്‍നബ് ലൂസിലെ മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട യാക്കോബ് കുടുംബം- സെല്‍മയും ഹുസാമും മക്കളായ വിദാദ്ആലിയമുസ്തഫ എന്നിവരോടൊപ്പം,  നക്ബയുടെ ഘട്ടത്തില്‍ അന്നത്തോടെ പുതുരാഷ്ട്രത്തിന്‍റെ ഭാഗമായിത്തീര്‍ന്ന ജാഫയില്‍ നിന്ന് ഓടിപ്പോന്നവരാണ്.  അതായിരുന്നു  ആദ്യ പലായനം. ആ പലായനം അന്നേറെ ഉലച്ചത്‌ എല്ലാം നിശ്ശബ്ദം സഹിക്കാന്‍ മാത്രം കഴിഞ്ഞ മൂത്ത മകള്‍ വിദാദിനെ ആയിരുന്നു:

“നബ് ലൂസിലെ പുതിയ വീട്ടില്‍ അവള്‍ ഉത്സാഹരഹിതയായി  ചുറ്റിത്തിരിഞ്ഞുഒരു വാക്കും മിണ്ടാതെ ഭക്ഷണ മേശയിലിരുന്നു. ജാഫയെ കുറിച്ച് അവളൊരിക്കലും മിണ്ടിയില്ലരോഗിയായ പിതാവ് അവള്‍ക്ക് വിവാഹ സമയമായെന്നു പറഞ്ഞപ്പോഴും അവള്‍ പ്രതിഷേധിച്ചില്ല. സെല്‍മയുടെ അരികില്‍ മാത്രം അവള്‍ കരഞ്ഞുതോട്ടത്തിലിരിക്കെചായക്കോപ്പയിലെ ആവിക്കു മുകളില്‍ വളഞ്ഞുകുത്തി ഇരുന്ന അവളുടെ കണ്ണീര്‍ ഒഴുകി.”

ജാഫയിലെ ഓറഞ്ചു തോട്ടങ്ങളെയോര്‍ത്തു വേദനിച്ചെങ്കിലും കുഞ്ഞുങ്ങളുടെ സംരക്ഷണം മുന്നില്‍ക്കണ്ട് സെല്‍മ എല്ലാം ഉള്ളിലൊതുക്കി.

1963ല്‍ഇളയ മകള്‍ ആലിയയും കാമുകനായ ആതിഫുമായുള്ള വിവാഹത്തലേന്ന് സംഭവിക്കുന്ന പ്രവചനസ്വഭാവമുള്ള ഒരു സംഭവത്തോടെയാണ് നോവലിന്‍റെ തുടക്കം. മകളുടെ ചായക്കോപ്പയിലെ അവശിഷ്ടത്തില്‍ അവളുടെ ഭാവി വായിക്കുന്ന സെല്‍മഅത് തുറന്നു പറയുന്നില്ല: അനിശ്ചിതത്വവും ഭവന നഷ്ടങ്ങളും പലായനങ്ങളുമാണ് അവര്‍ വായിച്ചെടുക്കുന്നത്. തുടര്‍ന്ന്ഓരോ അധ്യായവും ഓരോ തലമുറയുടെ പ്രതിനിധികളായ കഥാപാത്രങ്ങളുടെ വീക്ഷണകോണിലാണ് അവതരിപ്പിക്കപ്പെടുന്നത്. തലക്കെട്ടിന്‍റെ ഉറവിടത്തെ കുറിച്ച് നോവലില്‍ത്തന്നെഏതാണ്ട് ഒടുവില്‍ ആതിഫിന്‍റെ വീക്ഷണത്തില്‍ നാം വായിക്കുന്നു:

“ആ വീട്. അതിനുശേഷം വന്നവ. അന്തര്‍പ്രേരണയാല്‍ ഭൂമിയില്‍ സ്പര്‍ശിച്ചു കൊണ്ട് അയാള്‍ അവയെ കുറിച്ചോര്‍ക്കുന്നു. അവര്‍ താമസിച്ച വീടുകളെല്ലാംഎത്ര ജാലകങ്ങള്‍ ഒരാള്‍ സ്വന്തമാക്കണം?  അവര്‍ വാങ്ങിയ ഇബ്രിക്കുകള്‍പരവതാനികള്‍ജാലക വിരികളും എല്ലാംആ വീടുകള്‍ അയാളുടെ മനസ്സില്‍ ജിന്നുകളെ പോലെഭൂതകാല പ്രണയികളെ പോലെ പൊങ്ങിവന്നു. അയാളുടെ ഉമ്മയുടെ വീടിന്‍റെ ചെരിഞ്ഞ മേല്‍പ്പുരസെല്‍മയുടെ അടുക്കളയിലെ മാര്‍ബിള്‍ ടൈലുകള്‍നബ് ലൂസില്‍ ആലിയക്കൊപ്പം കഴിഞ്ഞ ചെറിയ വീട്. കുവൈറ്റിലെ വീട്. ഇവിടെഅമ്മാനിലെ ഈ വീട്... അവ തിരകള്‍ കടന്നുവന്നു അവയെ തുടച്ചെടുത്തു കൊണ്ടുംപോകും മുമ്പുള്ള ഉപ്പില്‍ പണിത കെട്ടിടങ്ങള്‍ പോലെ അയാളുടെ മനസ്സില്‍ തൂവെള്ളയായി തിളങ്ങി.”

ഉറക്കാത്ത വേരുകള്‍

സെല്‍മയുടെ മൂത്തമകളും കടുത്ത മതയാഥാസ്ഥിതിക നിലപടുകാരിയുമായ  വിദാദ് വിവാഹാനന്തരം കുടുംബസമേതം കുവൈറ്റിലാണ് താമസം. ഹിജാബ് ധരിക്കാന്‍ കൂട്ടാക്കാത്ത ഏറ്റവും ഇളയവള്‍ ആലിയ സ്വതന്ത്രബുദ്ധിയാണ്.  രണ്ടാമനെങ്കിലും ഉമ്മയുടെ ചെല്ലക്കുട്ടിയായ മുസ്തഫക്ക് തൊഴിലാളി സ്ത്രീയായ അയായോടുള്ള പ്രണയം കുടുംബസാമൂഹിക കാരണങ്ങളാല്‍ വിവാഹത്തിലേക്ക് പൂരിപ്പിക്കാന്‍ കഴിയാത്തത് അയാളുടെ  ഊര്‍ജ്ജം  പോരാട്ട വഴികളിലേക്ക് തിരിക്കുന്നതില്‍ മനോവിജ്ഞാനീയ തലങ്ങള്‍ നിരീക്ഷിക്കാനായേക്കും. നവയുവാവ് 1967ലെ ആറുദിന യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. നബ് ലൂസിന്‍റെ  വീഴ്ച്ചയെ തുടര്‍ന്ന് പലസ്തീന്‍ വിടേണ്ടി വരുന്ന  ആലിയയും ആതിഫും കുവൈറ്റിലേക്ക് പോകുന്നു. ഇതാണ് മൂന്നാം പലായനം. എന്നാല്‍  ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ദാരിദ്യ്രം പോലുള്ള പതിവു പ്രശ്നങ്ങള്‍ ഒന്നും അവര്‍ക്ക് നേരിടേണ്ടി വരുന്നില്ല എന്നത് നോവലിസ്റ്റ് അടിവരയിടുന്നുണ്ട്. അതേസമയം കടുത്ത ചൂടും തങ്ങള്‍ക്ക് എങ്ങും പോകാനാകില്ലല്ലോ എന്ന ചിന്തയും ആലിയയെ മഥിക്കുന്നു. ഭവനനഷ്ടത്തിന്‍റെയും അന്യതാബോധത്തിന്‍റെയും കൂടെഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന മുസ്തഫയുടെ അന്ത്യം നേരില്‍ കാണാന്‍ ഇടയായതിന്‍റെ നടുക്കം PTSD ആയും ‘അതിജീവിച്ചവന്‍റെ കുറ്റബോധം’ (survivor’s guilt) ആയും ആതിഫിനെ വേട്ടയാടുന്നു. കുറ്റബോധം മറികടക്കാനായി ആതിഫ് മുസ്തഫക്ക് എഴുതിത്തുടങ്ങുന്ന കത്തുകള്‍നോവലിലെ പ്രധാന ചരിത്ര നിക്ഷേപമാണ്. നാലാം തലമുറയിലെത്തുമ്പോള്‍ ജാഫയിലേക്ക് പോകാന്‍ മനാറിനെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം അതായിരിക്കും.

ഒരു മകനും രണ്ടു പെണ്മക്കളും പിറക്കുന്ന  ആലിയ-ആതിഫ് ദമ്പതികള്‍ക്ക് അവരെ എങ്ങനെ വളര്‍ത്തണം എന്നതില്‍കുവൈറ്റ് നഗരത്തിലെ പാശ്ചാത്യ സംസ്കാരസ്വാധീനത്തെ ഭയമുണ്ടെങ്കിലും  അവരെ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ചേര്‍ക്കാന്‍ ആതിഫ് തയ്യാറാകുന്നു. ഈ സ്വച്ഛത തകര്‍ത്തു കൊണ്ടാണ് 1990-ലെ സദ്ദാമിന്‍റെ കുവൈറ്റ് ആക്രമണം സംഭവിക്കുന്നത്‌. കുടുംബത്തെ സംബന്ധിച്ച് അത് ഒരിക്കല്‍ക്കൂടി പാലായന ഘട്ടമാണ്. ഇത്തവണ അമ്മാനിലേക്ക്. മക്കളുടെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുന്നുണ്ട്: മുത്തശ്ശി സെല്‍മയോട് ഏറെ ഇഷ്ടമുള്ള മൂത്ത മകള്‍ റിഹാംകടുത്ത മതവിശ്വാസിനിയും ഹിജാബ് ധാരിയുമായിത്തീരുമ്പോള്‍രണ്ടാമത്തവള്‍ സുവാദ് ഉമ്മയെപ്പോലെ സ്വതന്ത്രബുദ്ധിയാണ്. എന്നാല്‍സ്വന്തം മുറിക്കകത്ത് ബാലെ നൃത്തത്തില്‍ മുഴുകുന്ന റിഹാമിനെ നാം കാണുന്നുമുണ്ട്. വാസ്തവത്തില്‍ നോവലില്‍ ഉടനീളം പാത്രസൃഷ്ടിയുടെ ഇത്തരം ത്രിമാനത പ്രകടമാണ്: ഒരൊറ്റ പ്രകൃതത്തില്‍ കുരുങ്ങിപ്പോയ കാര്‍ഡ്ബോര്‍ഡ് ജീവികളല്ല ഒരാളും. പാവപ്പെട്ടവരുടെ ഡോക്റ്ററായ ജോര്‍ദാന്‍കാരന്‍ ലത്തീഫിനെ  വിവാഹം കഴിച്ച റിഹാം അമ്മാനിലേക്ക് പോകുമ്പോള്‍, സുവാദ് സ്കൂള്‍ വിദ്യാഭ്യാസത്തിനു പാരീസിലേക്കും, കറം ബോസ്റ്റണിലേക്കും അയക്കപ്പെടുന്നു. കളിക്കൂട്ടുകാരന്‍ ഏലിയെ വിവാഹം കഴിക്കുന്ന സുവാദ്തുടര്‍ന്ന് ബോസ്റ്റണില്‍ കറമിനോട് ചേരും.  നാലാം തലമുറയിലെത്തുമ്പോള്‍സുവാദിന്‍റെ മകള്‍ മനാര്‍ തീര്‍ത്തും അമേരിക്കന്‍ രീതികളില്‍ വളര്‍ന്നവളായിട്ടും യൂണിവേഴ്സിറ്റി സഹാപാഠികളില്‍ നിന്ന് വംശവെറിയുടെ മുന്‍വിധികള്‍ നേരിടേണ്ടി വരുന്നു. 9/11 ചര്‍ച്ച ചെയ്യുമ്പോള്‍ ഭീകരര്‍ എന്നതിന് പകരം അറബികള്‍ എന്ന് തെറ്റിപ്പറയുന്ന ചരിത്രാധ്യാപകന്‍ ഒരപൂര്‍വ്വതയല്ല. പലസ്തീനികള്‍ അക്രമവാസനയുള്ളവരാണ് എന്ന നിരന്തര അപരവല്‍ക്കരണം ഇത്രയേറെ സമന്വയ ശ്രമങ്ങള്‍ക്കും സാംസ്കാരിക മിശ്രണത്തിനും (hybridity) ശേഷവും നേരിടേണ്ടി വരുന്നത്വേരുകളോട് ബാന്ധവം പുന:സ്ഥാപിക്കാനുള്ള മനാറിന്‍റെ തീരുമാനത്തെ ശക്തിപ്പെടുത്തും.

ചിതറിപ്പോകുന്ന കുടുംബത്തിന്‍റെ ഒരുമയുടെയും വൈകാരിക പങ്കുവെപ്പിന്‍റെയും തുടര്‍ച്ച ഉറപ്പുവരുത്തുന്നത് വേനലവധിക്കാലത്ത് ബൈറൂത്തില്‍ പതിവായി ഒരുമിച്ചുചേരുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മുത്തച്ചന്‍റെയും മുത്തശ്ശിയുടെയും മുതുമുത്തശ്ശി സെല്‍മയുടെയും പലസ്തീന്‍ ഓര്‍മ്മകളില്‍ മുഴുകുന്നതാണ് മനാറിനെ കുടുംബത്തിന്‍റെ ജന്മദേശം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിട്ടുപോന്ന ജന്മഗേഹം മറ്റൊന്നു കൊണ്ടും പകരം വെക്കാനാവില്ലെന്നതിന്‍റെചിതറലിന്‍റെനഷ്ടബോധമാണ് തലമുറകളെ ചേര്‍ത്തുനിര്‍ത്തുന്നത്. അതവരുടെ സഞ്ചിതസ്മൃതിയുടെ ഭാഗമായിത്തീരുകയും പുതുതലമുറയെയും പിന്‍വിളിയായി പിന്തുടരുകയും ചെയ്യുന്നു എന്നതാണ് ഡയസ്‌പോറ സാഹിത്യത്തിന്‍റെവിശേഷിച്ചും ദേശം തന്നെയും ഓര്‍മ്മകളുടെയും വൈകാരിക സാന്നിധ്യത്തിന്‍റെയും മാത്രം ഉണ്മയായ പലസ്തീനിന്‍റെ കാര്യത്തില്‍, അടിത്തറ.  സാമ്പത്തികമായി വളരെ നല്ല നിലയിലുള്ള ഒരു കുടുംബത്തെ ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുന്നതിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്, യുദ്ധം എല്ലാവരെയും ഒരുപോലെ തകര്‍ത്തെറിയുന്നു എന്നുകൂടിയാണ്. അസ്തിത്വത്തെ തന്നെ കടപുഴക്കുകയും ഐഡന്റിറ്റി തകര്‍ത്ത് ആ സ്ഥാനത്ത് അവ്യക്തമായ, കൃത്യതയില്ലാത്ത ഒന്ന് (fluid identity) കൊണ്ട് പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്നറിയുമ്പോഴും ഓര്‍മ്മകളിലും ഹ്രസ്വ സന്ദര്‍ശനങ്ങളിലുമെങ്കിലും തായ് വേരുകള്‍ കൂട്ടിത്തുന്നിയെടുക്കാന്‍ പ്രേരണ വളരുന്നത്‌. പുതിയ കാലത്തെ ജാഫയിലെത്തി തന്‍റെ കുടുംബ ചരിത്രത്തോടും പാരമ്പര്യത്തോടും കണ്ണി ചേരാന്‍ ശ്രമിക്കുന്ന മനാറിനെ  നാം കാണുന്നു.  നബ് ലൂസ് സന്ദര്‍ശിക്കുമെങ്കിലും അതവള്‍ക്ക് തീര്‍ത്തും അന്യമാണ്.

റാഡിക്കല്‍ / വിശ്വാസ മുഖാമുഖങ്ങള്‍

ഉമ്മയുടെ ചെല്ലക്കുട്ടിയും സുമുഖനുമായ മുസ്തഫയില്‍ സംഭവിക്കുന്ന മാറ്റങ്ങളും അയാളുടെ അന്ത്യവുംമാറ്റം ആഗ്രഹിക്കുന്ന യുവമനസ്സുകളെ യുദ്ധം എങ്ങനെയാണു റാഡിക്കല്‍ ചിന്താഗതിയിലെത്തിക്കുന്നത് എന്നതിന്‍റെ നിദര്‍ശനമാണ്. വിശ്വാസകാര്യങ്ങളില്‍ അത്രക്കൊന്നും ദൃഡചിത്തനല്ലായിരുന്ന മുസ്തഫഅടിച്ചമര്‍ത്തലുകള്‍ക്കെതിരെ പള്ളിയിലെത്തുന്ന വിശ്വാസികളുടെ മുന്നില്‍ സ്വയം വക്താവായിത്തീരുന്നു. തനിക്കു നടത്താനുള്ള പ്രസംഗം  ആസ്വദിച്ചു ആവര്‍ത്തിച്ചു പഠിക്കുകയും ആതിഫിനോടൊപ്പം ചൂടുള്ള രാഷ്ട്രീയ സംവാദങ്ങള്‍ പരിശീലിക്കുകയും ചെയ്യുന്ന മുസ്തഫ അതേസമയം ജീവിതം ആസ്വദിക്കുന്നുമുണ്ട്. അയാളുടെ പ്രസംഗം രൂക്ഷമാണെങ്കിലും ജിഹാദി പോരാളികളെ കുറിച്ചുള്ള പാശ്ചാത്യ സങ്കല്‍പ്പത്തിലെ കഠിനമുഖനല്ലതരളമായ സമൂഹസ്നേഹമുള്ളവനാണ് അയാള്‍. “വിശ്വാസികളെ ഒരു മുറിയിലും മറ്റുള്ളവരെ മറ്റൊന്നിലുമായി ഒരുമിപ്പിക്കുന്ന പക്ഷം തെറ്റായ ഇടത്തില്‍ ആവാന്‍ അയാള്‍ ആഗ്രഹിച്ചില്ല” എന്നേയുള്ളൂ അയാളുടെ കാര്യം. ആത്മീയതയുടെയും പ്രാര്‍ത്ഥനയുടെയും പഠനത്തിന്‍റെയും കേന്ദ്രമായ പള്ളിഭരണകൂട അടിച്ചമര്‍ത്തലിനെതിരെ പ്രചരണം നടത്താനും പോരാട്ട വീര്യമുണര്‍ത്താനും ഉള്ള കേന്ദ്രമായിത്തീരുന്നു. വിശ്വാസകാര്യങ്ങളിലെ മുസ്തഫയുടെ ചാഞ്ചാട്ടം മറ്റൊരു പ്രധാന പ്രമേയും കൂടി മുന്നോട്ടു വെക്കുന്നുണ്ട്: മുസ്ലിംകളില്‍ എല്ലാവരും തികഞ്ഞ വിശ്വാസികളല്ലഅഥവാവിശ്വാസബലമല്ല അവരുടെ നിലപാടുകളെ നിര്‍ണ്ണയിക്കുന്നതില്‍ സര്‍വ്വപ്രധാനം. സാധാരണ മനുഷ്യരുടെ വികാര വിചാരങ്ങളും സ്വപ്നങ്ങളും ദൌര്‍ബല്യങ്ങളും ഉള്ള ഒരാളായിഉമ്മയും കുടുംബവും സമൂഹവും എന്ത് ചിന്തിക്കും എന്നോര്‍ത്തു തീവ്ര പ്രണയം പോലും വിസ്മരിക്കാന്‍ തയ്യാറാകുന്ന ഒരുവനായി മുസ്തഫയെ അവതരിപ്പിക്കുന്നതില്‍  നോവലിസ്റ്റിനു കൃത്യമായ കാഴ്ചപ്പാടുണ്ട്. അത് മുസ്ലിം യുവാക്കളുടെ പോരാട്ടത്തെ കുറിച്ചുള്ള പാശ്ചാത്യ നിര്‍മ്മിതികളെയും ഇസ്ലാമോഫോബിയയുടെ വാര്‍പ്പുസങ്കല്‍പ്പങ്ങളെയും സൗമ്യമായി നിരാകരിക്കുന്നു.

ഒന്നാം തലമുറയില്‍ വിദാദിനും മൂന്നാം തലമുറയില്‍ റിഹാമിനും നാലാം തലമുറയില്‍ അബ്ദുല്ലക്കും വിശ്വാസമാണ് അവരുടെ ദാര്‍ശനികനൈതികവൈകാരിക നങ്കൂരമെങ്കില്‍മുസ്തഫക്ക് അതൊരു തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. ഹിജാബ് ധരിക്കാത്ത ആലിയയല്ലമുത്തശ്ശി സെല്‍മയാണ് റിഹാമിനെ സ്വാധീനിക്കുക. അതേസമയംഭര്‍ത്താവ് ചില്ലിക്കാശു പോലും വാങ്ങാതെ അഭയാര്‍ഥികളെയും മുറിവേറ്റവരെയും ചികിത്സിക്കുന്നതില്‍  ആദ്യമൊക്കെ അഭിമാനം കൊണ്ടിരുന്ന റിഹാംപിന്നെപ്പിന്നെ ആ നഷ്ടക്കച്ചവടത്തില്‍ അസന്തുഷ്ടയാകുന്നതും മറ്റു ഡോക്റ്റര്‍മാരെ പോലെ സമ്പാദിക്കാന്‍ കഴിയാത്തതില്‍ മുറുമുറുക്കുന്നതും അവരെ ഒരു വിശുദ്ധ വനിതയായൊന്നും കാണേണ്ടതില്ല എന്നും വിശ്വാസകാര്‍ക്കശ്യങ്ങളിലും മാനുഷിക അല്പ്പത്തങ്ങള്‍ സ്വാഭാവികമാണ് എന്നും  അടിവരയിടുന്നു. തലമുറകള്‍ മാറുമ്പോള്‍ കടുംപിടുത്തങ്ങള്‍ അയഞ്ഞു തുടങ്ങുന്നതും വ്യക്തമാണ്‌. ഹിജാബ് ധരിക്കുന്നത് ഒഴിവാക്കുന്ന ആലിയ പക്ഷെതന്‍റെ പെണ്മക്കള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അസ്വസ്ഥയാകുന്നുണ്ട്. എന്നാല്‍ അതേ തലമുറക്കാരിയാണ്‌ റിഹാം. ഒടുവില്‍നോവലിസ്റ്റ് സമര്‍ഥിക്കുന്നത്അതെല്ലാം തെരഞ്ഞെടുപ്പാകണംനിര്‍ബന്ധങ്ങള്‍ ആകരുത് എന്നുതന്നെയകാം.

പുതുസാഹിത്യത്തിന്‍റെ വഴികള്‍

ഘാനനൈജീരിയയു.എസ്. എന്നിവിടങ്ങളിലായി ചിതറിപ്പോകുന്ന ഉപരി-മധ്യവര്‍ഗ്ഗ കുടുംബത്തിന്‍റെ  കഥ പറയുന്ന നൈജീരിയന്‍-ഘാനിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് തായേ സലാസിയുടെ വിഖ്യാതമായ Ghana Must Go എന്ന നോവലുമായി Salt Houses ചേര്‍ത്തു പരിശോധിക്കപ്പെട്ടിട്ടുണ്ട് (Ilana Masad, lareviewofbooks.org). ദാരിദ്യംയുദ്ധംഅഴിമതി തുടങ്ങിയ പതിവു ചേരുവകള്‍ അടയാളപ്പെടുത്തുന്ന ‘ആഫ്രിക്കന്‍’ വാര്‍പ്പുമാതൃകാ ആഖ്യാനങ്ങളെ ബോധപൂര്‍വ്വം നിരസിക്കുന്നുണ്ട് സലാസിയുടെ നോവല്‍.  ഏതാണ്ട് സമാനമാണ് പതിവു പലസ്തീന്‍ ആഖ്യാനങ്ങളില്‍ നിന്നുള്ള അല്‍യാന്‍റെ വേറിട്ടുപോക്ക്.  അഭയാര്‍ഥി പ്രതിസന്ധി പോലുള്ള സമകാലിക സാഹചര്യത്തില്‍ ടെന്റ് ജീവിതങ്ങളോചേരികളിലെ ദുരിതങ്ങളോ വിഷയമാകുന്നില്ലാത്ത നോവല്‍ എന്നത് മാത്രമല്ല,  സമ്പന്ന സാഹചര്യത്തിലും നേരിടേണ്ടി വരുന്ന ദേശനഷ്ട വ്യഥകളും ഐഡന്റിറ്റി പ്രതിസന്ധികളും ആവിഷ്കരിക്കുന്ന കൃതി എന്ന നിലയില്‍ ‘ഉപ്പു ഭവനങ്ങള്‍’ പലസ്തീന്‍ ഡയസ്‌പോറ രചനകളില്‍ വേറിട്ടു നില്‍ക്കുന്നു. സലാസിയുടെ നോവലില്‍ എന്നപോലെ ഇവിടെയും പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ വലിയ ചിത്രം വായനക്കാര്‍ക്ക്  സാമാന്യ ധാരണയുണ്ട് എന്ന നിലയിലാണ് സൂചിതമാകുന്നത്.

ഹല അല്‍യാന്‍ ഒരു കവിയാണ്‌ എന്നതിന്‍റെ മുദ്രകള്‍  ഏറ്റവും തെളിഞ്ഞു കാണാനാകുക നോവലിന്‍റെ അവസാന ഭാഗങ്ങളിലാണ്വിശേഷിച്ചും സമാപന അധ്യായത്തില്‍ (Epilogue).   കടല്‍ക്കോളു കൊണ്ട ഒരു ജീവിതത്തിന്‍റെ സാരാംശം ഓര്‍ത്തെടുക്കുന്ന വയോധികയായ ആലിയയുടെ മനസ്സ് നോവലിസ്റ്റ് പകര്‍ത്തിവെക്കുന്നു:

“അവളുടെ കല്യാണത്തലേന്ന് ഉമ്മ എന്തോ അറിഞ്ഞിരുന്നു. ആലിയ അവരുടെ ചുണ്ടുകള്‍ വലിഞ്ഞു മുറുകിയിരുന്നതും, താഴോട്ടുള്ള മുഖം നോട്ടവും  ഓര്‍ത്തെടുക്കുന്നുഎന്നാല്‍ സന്തോഷം കൊണ്ടും  തന്നില്‍ത്തന്നെ ലയിച്ചുപോയിരുന്നതു കൊണ്ടും അവളൊന്നും പറഞ്ഞിരുന്നില്ല, പിന്നീട് ചോദിക്കാമെന്നു മനസ്സില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍ ആ പിന്നീട് എന്നും അകന്നു പോയി...ഭാര്യയാവുന്നതിന്‍റെയുദ്ധത്തിന്‍റെ, പിന്നെ കുവൈറ്റ്മുസ്തഫ - എല്ലാത്തിന്‍റെയും  കൊടുംകാറ്റു പിടിച്ച വര്‍ഷങ്ങള്‍. അവനെ കുറിച്ചുള്ള ചിന്ത അവളുടെ ശ്വാസകോശം കാലിയാക്കി. ... ജീവിതമാകട്ടെതീരത്തടിയുന്ന ചെറുചിപ്പി പോലെ അവളെ തൂത്തു നീക്കിക്കൊണ്ടിരുന്നു, വീണ്ടും വീണ്ടും അടിയിച്ചു കൊണ്ടിരുന്നു. എന്നിട്ടിപ്പോള്‍   ഇതാ അവള്‍ വൃദ്ധയായിക്കഴിഞ്ഞു. ഉമ്മ മരിച്ചു പോയി. ചോദിക്കാനിരുന്ന ചോദ്യം ചോദിക്കാന്‍ ഇനിയാരുമില്ല”.


 read more:

Ghana Must Go by Taiye Selasi

https://alittlesomethings.blogspot.com/2016/08/blog-post_59.html

Americanah by Chimamanda Ngozi Adichie

 https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html

Minor Detail by Adania Shibli

https://alittlesomethings.blogspot.com/2024/09/minor-detail-by-adania-shibli.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html

Saturday, September 7, 2024

Men in the Sun by Ghassan Kanafani

 കനഫാനി ഏറ്റുവാങ്ങിയ പൊള്ളല്‍



പലസ്തീന്‍ സാഹിത്യമെന്നാല്‍ കുടിയറക്കിന്റെയും ധന  ധാന്യ - കുടംബനഷ്ടത്തിന്റെയും, കൂടുതല്‍ വലിയ പ്രകാരത്തില്‍, ദേശനഷ്ടത്തിന്റെയും കഥയെഴുത്തു തന്നെയാണ്അതിന്റെ വിനാശകാരിയായ ആദിമുഹൂര്‍ത്തം ഏഴര ലക്ഷം മനുഷ്യര്‍ കിടപ്പാടങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്തു ഇസ്രയേല്‍ എന്നൊരു പുതുദേശപ്പിറവിയിലേക്കു നയിച്ച 1948 ലെ നക്ബ എന്ന ഇരുണ്ട ചരിത്രവും. ഇന്നും തുടരുന്നൊരു മഹാദുരനുഭവമാണത്. ഇത്തരം ട്രോമയോട് പ്രതികരികരിച്ചു കൊണ്ടുമാത്രം രചിക്കപ്പെടാവുന്ന സാഹിത്യത്തിന് വിലാപത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും മുഴക്കങ്ങള്‍ കൂടാതെവയ്യഒപ്പംഅതിനു സ്വന്തം ജനതയുടെ അതിജീവനവും ലോകത്തിനു മുന്നിലുള്ള ദൃശ്യതയും ഉറപ്പുവരുത്തേണ്ടതുമുണ്ട്. സമ്പന്നതക്ക് നടുവിലെ ആത്മീയശൂന്യതയെന്ന ഒന്നാംലോക ദാര്‍ശനികാന്വേഷണമോ പാടുപെട്ടു നേടിയ സ്വാതന്ത്ര്യത്തെ അര്‍ത്ഥവത്താക്കാത്ത സാമൂഹിക ജീര്‍ണ്ണതാവിചാരണയെന്ന പോസ്റ്റ്‌കൊളോണിയല്‍ ആവിഷ്കാര വൈവിധ്യങ്ങളോ പലസ്തീന്‍ സാഹിത്യത്തിനു അനുവദിക്കപ്പെട്ടിട്ടുള്ള ആഡംബരങ്ങളല്ലെന്ന് ചുരുക്കം.

Men in the Sun പിന്തുടരുന്നത്, ജോര്‍ദാനിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് കുവൈറ്റിലേക്ക് മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മൂന്ന് അനധികൃത പലസ്തീന്‍ കുടിയേറ്റക്കാരെയാണ്. കാലം അമ്പതുകളുടെ അന്ത്യംഅഥവാ, 1948ലെ നക്ബക്ക് ശേഷം ഒരു പതിറ്റാണ്ടു പിന്നിട്ട്. ഇറാഖിലെ ബസ്രയില്‍ വെച്ച്, കണ്ണില്‍ച്ചോരയില്ലാതെ പെരുമാറുകയും വമ്പന്‍ പ്രതിഫലത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ അവരെ കയ്യേറ്റം ചെയ്യുകപോലും ചെയ്യുന്നവനുമായ ഇസ്രയേലിയായ ‘വൃത്തികെട്ട തടിയന്‍’ ഏജന്റിനെ ഒഴിവാക്കി മറ്റൊരു ദരിദ്ര പലസ്തീനിയന്‍ ഡ്രൈവര്‍ അബ്ദുല്‍ കൈസുറാന്‍ നല്‍കുന്ന ഓഫര്‍ അവര്‍ സ്വീകരിക്കുന്നു. കാലിയായ വാട്ടര്‍ ടാങ്കറില്‍, പൊള്ളുന്ന ചൂടിനെ വകവെക്കാതെ ഒളിച്ചുകടക്കുകയെന്ന അത്യപകടകരമായ തെരഞ്ഞെടുപ്പ് അവരുടെ ദൈന്യവും നിവര്‍ത്തിയില്ലായ്മയും വ്യക്തമാക്കുന്നു. ചെക്ക്പോയിന്റുകളില്‍ അധികൃതര്‍ അയാളുടെ കടലാസുകള്‍ പരിശോധിക്കുമ്പോള്‍ മൂവരും വാട്ടര്‍ ടാങ്കിനകത്ത് അടച്ചിരിക്കണം. ഇറാഖി ചെക്ക് പോയിന്റില്‍ പ്രശ്നങ്ങളില്ലാതെ വിജയിക്കുന്ന പദ്ധതി പക്ഷെകുവൈത്തി അതിരില്‍ പാളിപ്പോകുന്നു. എയര്‍കണ്ടിഷന്‍ ചെയ്ത ചെക്ക്പോയിന്റ് ഓഫീസില്‍ ബോറടിച്ചിരിക്കുന്ന അധികൃതര്‍, അബ്ദുല്‍ കൈസുറാനെ നേരമ്പോക്കിന് പ്രകോപിപ്പിച്ചു അനന്തമായി വൈകിപ്പിക്കുന്നു. അയാള്‍ക്ക് ബസ്രയില്‍ വെച്ചുണ്ടായതായി അവര്‍ കരുതുന്ന അഗമ്യഗമനത്തിന്റെ നിറംപിടിപ്പിച്ച കഥകള്‍ വിസ്തരിക്കണം അവര്‍ക്ക്. അബൂബാഖിര്‍ എന്ന തടിയന്‍ പേപ്പറുകള്‍ ക്ലിയര്‍ ചെയ്യാന്‍ വിസമ്മതിക്കുന്നു. ഒടുവില്‍ അധികൃതര്‍ വിനോദം അവസാനിപ്പിക്കുമ്പോഴേക്കുംകത്തുന്ന മരുഭൂ ചൂടില്‍ ടാങ്കിനകത്ത് അടച്ചിരിക്കുന്ന മനുഷ്യര്‍ക്ക് എന്ത് സംഭാവിക്കാമോ അതുതന്നെ സംഭവിക്കുന്നു. കുവൈത്തി അതിരിലെ മാലിന്യക്കൂമ്പാരത്തിലേക്ക് തട്ടുംമുമ്പ് മൂന്ന് ജടങ്ങളിലും വിലപിടിപ്പുള്ളതായി കണ്ടതെല്ലാം അബ്ദുല്‍ കൈസുറാന്‍ കൈക്കലാക്കുന്നു. അതേസമയംട്രക്കിലേക്ക് മടങ്ങും മുമ്പ്ഒന്നിനുവേണ്ടിയുമാല്ലാത്ത ആ മരണങ്ങളിലെ തന്റെ പങ്കിനെ കുറിച്ചോര്‍ത്ത് അയാള്‍ വേവലാതിക്കൊള്ളുകയും ചെയ്യുന്നു:” അവരെന്തേ ആ ട്രക്കിന്റെ ചുവരില്‍ തട്ടിവിളിക്കാഞ്ഞുഎന്തേ?

സലാം മീര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ നോവലിന്റെ ഇതിവൃത്ത കഥ ഒട്ടും അസാധാരണമല്ല. എന്നാല്‍ലോകമെങ്ങും സംഭവിക്കാവുന്ന ഒന്നെങ്കിലും അത് പലസ്തീനിയന്‍ പ്രത്യേകത ഉള്ളതാണ്ആ അര്‍ത്ഥത്തില്‍ നക്ബയുടെ മാത്രം പരിണതിയുമാണ്. കനഫാനി ഓരോ കഥാപാത്രത്തിനും വ്യക്തിത്വം നല്‍കുന്നുണ്ട്ഒപ്പം അവരെ പലസ്തീനിയന്‍ രാഷ്ട്രീയത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നുമുണ്ട്. പ്രായത്തിലും ജീവിതാനഭവങ്ങളിലും ഭിന്നരായ അവരെ ഒരുമിപ്പിക്കുന്നത് നഷ്ടവും മരണവുമാണ്‌. മധ്യവയസ്കനായ അബുഖൈസ് വിവാഹിതനാണ്. കുവൈറ്റിലെത്തി ജീവിതം കരുപ്പിടിപ്പിക്കാനും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുമൊക്കെയാണ് അയാളുടെ മോഹം. മൂവരില്‍ നക്ബ പൂര്‍വ്വ പലസ്തീനെ ഓര്‍മ്മിക്കാനും മാത്രം പ്രായമുള്ളതും അയാള്‍ക്കു മാത്രമാണ്. അന്ന് നഷ്ടപ്പെട്ട തന്റെ ഒലീവു തോട്ടത്തിലേക്ക് തിരികെയെത്തുകയെന്ന സ്വപ്നം കഴിഞ്ഞപത്തുവര്‍ഷമായി അയാള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നു. കൈകള്‍ക്ക് പ്രാര്‍ത്ഥനക്കപ്പുറം പ്രയോജനമുണ്ടെന്ന ചെറുത്തുനില്‍പ്പിന്റെ പാഠം പകര്‍ന്നുതന്ന ഉസ്താദ് സലീമിനെ അയാളോര്‍ക്കുന്നു. ഗ്രാമം ശപിക്കപ്പെട്ട ജൂതരുടെ കൈകളിലെത്തുന്നത് കാണാന്‍ ഇടവരാതെ, തന്നെപ്പോലെ അവമതിക്കപ്പെടാനായി ജീവിച്ചിരിക്കാതെ,  നക്ബക്ക് ഒരു രാത്രിമുമ്പ് അദ്ദേഹം മരിച്ചതില്‍ അബുഖൈസ് ദൈവത്തിനു നന്ദി പറയുന്നു. അമ്പതുകളില്‍പ്രത്യേകിച്ചൊരു തൊഴില്‍ വൈദഗ്ദ്യവും കൂടാതെ കുവൈറ്റിലേക്ക് കുടിയേറിയ രണ്ടാം തരംഗ പലസ്തീന്‍ അഭയാര്‍ഥിത്വത്തിന്റെ പ്രതിനിധിയാണ് അബുഖൈസ്. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും അയാള്‍ നാടിനെ ഓര്‍ക്കുന്നു: “മണ്ണില്‍ കിടന്നുകൊണ്ട് അതിന്റെ മണം ശ്വസിക്കുന്ന ഓരോ നിമിഷത്തിലും, തണുത്ത വെള്ളത്തിലെ കുളി കഴിഞ്ഞു കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങുന്ന തന്റെ ഭാര്യയുടെ തലമുടി മണത്തുനോക്കുന്നതായി അയാള്‍ സങ്കല്‍പ്പിച്ചു. അതേ മണംതണുത്ത വെള്ളത്തില്‍ കുളി കഴിഞ്ഞു തന്റെ തലമുടികൊണ്ട് അയാളുടെ മുഖം മൂടുന്ന സ്ത്രീയുടെ മണം. അതേ തുടിപ്പ്ഒരു കുഞ്ഞുപക്ഷിയെ കൈവെള്ളയില്‍ ചുമക്കുന്ന പോലെ.” (P.9). അയാള്‍ ക്രിയാത്മകമായി ഒന്നും ചെയ്യാതെ കാത്തിരിക്കുകയും തങ്ങളുടെ ജനതയെ ഫലത്തില്‍ ഒറ്റുകൊടുക്കുകയും ചെയ്ത പലസ്തീനിയന്‍ നേതൃത്വത്തിന്റെ പ്രതീകമാണ്‌. 

ജീവിതാനുഭവങ്ങള്‍ ഏറെയുള്ള യുവാവായ അസദിന് യാത്രയില്‍ വന്നുഭവിക്കാനിടയുള്ള ചതികളെ കുറിച്ച് നല്ല ബോധ്യമുണ്ട്. അയാളെ സംബന്ധിച്ച് കുവൈറ്റിലേക്ക് പോകുകയെന്നത് അമ്മാവന്റെ മകളുമായുള്ള ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരമാണ്. രാഷ്ട്രീയമായി സജീവമായ അയാള്‍ പക്ഷെ തന്റെ തലമുറയുടെ പ്രതീകം തന്നെയാണ്: അതിനിഷ്കളങ്കരും ഫലപ്രദമായി ഒരു മാറ്റവും കൊണ്ടുവരാന്‍ കഴിയാതെ പോയവരും. രാഷ്ട്രീയപ്രവര്‍ത്തനം കാരണം ജോര്‍ദാന്‍ അധികൃതരില്‍ നിന്നും ഒളിച്ചുകഴിയേണ്ടതുമുണ്ട് അയാള്‍ക്ക്. കുവൈറ്റിലേക്ക് കടക്കാന്‍ സഹായിക്കാമെന്നേറ്റ കള്ളക്കടത്തുകാരന്‍ അബുഅബ്ദ് അയാളുടെ പിതാവിനൊപ്പം പോരാടിയ ആളായിരുന്നു. ചെക്ക്പോയിന്റിനപ്പുറത്തേക്ക് ഒളിച്ചു കടന്നു ഹൈവേയില്‍ തന്നോടൊപ്പം കൂടാന്‍ അസദിനോട് ആവശ്യപ്പെടുന്നതിന് പിന്നില്‍ ഒരു അനധികൃത കുടിയേറ്റക്കാരനോടൊപ്പം പിടിക്കപ്പെടുന്നതിന്റെ അപകടം ഒഴിവാക്കുക എന്ന ലക്ഷ്യമാണ്‌ അബുഅബ്ദിന്. എന്നാല്‍കാത്തിരിക്കുന്ന അസദിനെ കൊണ്ടുപോകാന്‍ അയളെത്തില്ല. ദൃഡനിശ്ചയത്തോടെ എങ്ങനെയും ബസ്രയില്‍ എത്തിച്ചേരുന്നതാണ് അയാളെ മൂവരില്‍ ഒരാളാക്കുന്നത്. കൈസുറാന്‍ യഥാര്‍ഥത്തില്‍ വെള്ളം കൊണ്ടുപോകുന്നവനല്ലെന്നും ഹാജ് റിദയുടെ കരിഞ്ചന്തക്കാരന്‍ ആണെന്നും മനുഷ്യക്കടത്ത് ഹാജി അറിയാതെയുള്ള അയാളുടെ അധികവരുമാന മാര്‍ഗ്ഗമാണെന്നും കണ്ടെത്താന്‍ അസദിന് അധികം സമയം വേണ്ടിവരുന്നില്ല.  

ടീനേജറായ മര്‍വാന് ജ്യേഷ്ടന്റെ വരുമാനം ഇല്ലാതായതിനെ തുടര്‍ന്ന് കുടുംബ ബാധ്യത ഏറ്റെടുക്കേണ്ട നിലയാണ്. തികച്ചും ഉപേക്ഷിക്കപ്പെട്ട പുതുതലമുറ പലസ്തീനിയന്‍ അഭയാര്‍ഥിയുടെ പ്രതിനിധിയാണ് അയാള്‍. ജ്യേഷ്ടന്‍ സകറിയ കുവൈറ്റിലുണ്ടെങ്കിലും കുടുംബത്തെ മറന്നു കെട്ടിയ പെണ്ണുമായി അവിടെ കൂടിയ അയാളെക്കൊണ്ട് പ്രയോജനമൊന്നുമില്ല. വാസ്തവത്തില്‍കുടുംബത്തെ ഉപേക്ഷിച്ചു സാമ്പത്തിക നേട്ടം നോക്കി മറ്റൊരുത്തിയുമായി കഴിയുന്ന പിതാവിന്റെ ജീനുകളാണ് സഹോദരനും പങ്കിടുന്നത്. താന്‍ കുവൈറ്റിലെത്തി നല്ല നിലയിലെത്തിയാല്‍ കുടുംബത്തെ പരിപാലിച്ചു സന്തോഷിപ്പിക്കും എന്നു പലവുരു ആവര്‍ത്തിക്കുന്ന മര്‍വാന്‍തന്റെ ലക്ഷ്യത്തിലെത്തുന്ന പക്ഷം പിതാവിന്റെ ജീനുകളെ പിന്തുടരില്ല എന്ന് സത്യത്തില്‍ ഒരുറപ്പുമില്ല.

ലോറി ഡ്രൈവര്‍ കൈസുറാന്‍ ആകട്ടെ മുറിവേറ്റ മുന്‍ സ്വാതന്ത്ര്യ പോരാളിയാണ്. അയാള്‍ക്കായി നോവലിസ്റ്റ് പ്രത്യേകിച്ചൊരു കഥാഭാഗം നല്‍കുന്നില്ല. ചെക്ക്പോയിന്റിലെ അധികൃതര്‍വഷളന്‍ ലൈംഗിക ഗോസിപ്പുകളില്‍ അഭിരമിക്കുന്നതിന് കൈസുറാനെ ഇരയായി കണ്ടെത്തുന്നതില്‍ ക്രൂരമായ ഐറണിയുണ്ട്. യുദ്ധത്തില്‍ കാലുകള്‍ക്കിടയില്‍ മുറിവേറ്റ അയാളുടെ പൌരുഷത്തോടുള്ള കൊഞ്ഞനംകുത്തല്‍ കൂടിയാണ് അത്. ഒന്നാം അറബ് ഇസ്രായേലി യുദ്ധത്തില്‍ പൌരുഷനഷ്ടം സംഭവിക്കുന്ന വിധം മുറിവേല്‍ക്കുന്ന കൈസുറാന്‍ ഒരര്‍ത്ഥത്തില്‍ ശേഷികെട്ട പലസ്തീനിയന്‍ നേതൃത്വത്തിന്റെ പ്രതീകമാണ്‌. അയാള്‍ മൂന്ന് പലസ്തീനികളോടും അമിത ചാര്‍ജ്ജ് ആവശ്യപ്പെടുകയും അവര്‍ മരിക്കുമ്പോള്‍ അവരുടെ റിസ്റ്റ് വാച്ചുകള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. 

മോഡേണിസ്റ്റ് ആഖ്യാന സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന കനഫാനിഅന്യവല്‍ക്കരണംപ്രവാസംദേശീയ ചെറുത്തുനില്‍പ്പ് തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നുമ്പോഴുംമിഡില്‍ ഈസ്റ്റ് സാഹചര്യങ്ങള്‍ക്കപ്പുറം തന്റെ പ്രമേയങ്ങളെ സാര്‍വ്വലൌകിക തലത്തിലേക്കുയര്‍ത്തുന്നതിലൂടെ തന്റെ സമകാലികരില്‍ നിന്ന് വ്യത്യസ്തനാകുന്നു.   ബോധാധാരാ സമ്പ്രദായം, ഫ്ലാഷ്ബാക്ക് തുടങ്ങിയവയിലൂടെയും സംഭാഷണങ്ങളിലൂടെയും അദ്ദേഹം തന്റെ കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം നല്‍കുകയും പലസ്തീനിയുടെ സാമാന്യാനുഭവത്തെ (generic) അതിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. മൂവരുടെയും ജീവിതാനുഭവങ്ങളും ഭാവിപദ്ധതികളും ഓരോ വ്യത്യസ്തഭാഗങ്ങളായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. പലസ്തീനിക്ക് നേരിടാനുള്ള അഗ്നിപരീക്ഷകളുടെ പ്രതീകം തന്നെയായ, തീചൂടുള്ള മരുഭൂ ഭൂപ്രകൃതി, കുവൈറ്റ് എന്ന വാഗ്ദത്ത ഭൂമി സങ്കല്‍പ്പത്തെ വിപരീതത്തില്‍ പൊലിപ്പിക്കുന്നുണ്ട്: അത് നോവലിന്റെ ഭൂമികയില്‍ അഭിശപ്തരായ പലസ്തീനിക്ക് നിത്യമരീചികയായി തുടരുകയും ചെയ്യും. 1990 കളിലെ മെക്സിക്കോയില്‍ നിന്നും മൊറോക്കോയില്‍ നിന്നുമെല്ലാം പില്‍ക്കാലം പിറക്കാനിരുന്ന പാലായന സാഹിത്യത്തില്‍ (border literature) പതിവാകാന്‍ പോകുന്ന ചിത്രങ്ങളാണ്‌ വാഗ്ദത്ത ഭൂമിയെ കുറിച്ചുള്ള വ്യര്‍ത്ഥസ്വപ്നങ്ങളില്‍ മുഴുകുന്ന ഈ മനുഷ്യര്‍ നല്‍കുന്നത്. ഭൗമിക ലാന്‍ഡ്‌സ്കേപ്പിനെ വിവരിക്കുന്ന അതേ സര്‍ഗ്ഗസ്പര്‍ശത്തോടെയാണ് നോവലിസ്റ്റ്  കഥാപാത്രങ്ങളുടെ മാനസികഭൂമികകള്‍ അനാവരണം ചെയ്യുന്നതും. കൈസുറാന്റെ മുറിവ് അക്ഷരാര്‍ഥത്തില്‍ ഉള്ളതാണെങ്കില്‍, ദുര്‍ബ്ബലമായ ഒരു വിമോചന സ്വപ്നമാണ് കുടിയേറ്റക്കാരുടെ പിടിവള്ളി. നോവലിസ്റ്റ് എഴുതുന്നു: “അയാള്‍ക്ക് (കൈസുറാന്) അയാളുടെ ആണത്തവും നാടും നഷ്ടപ്പെട്ടിരുന്നുഈ നശിച്ച ലോകത്ത് ഉണ്ടായിരുന്നതെല്ലാം.” കൈസുറാന്റെ ആണത്തം പോലെത്തന്നെ ചോദ്യചിഹ്നമാണ് മൂവര്‍ സംഘം കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന സ്വയംപര്യാപ്തതയും അന്തസ്സും ആത്മാഭിമാനവും. പരമ്പരാഗത സമൂഹജീവിതമെന്ന നങ്കൂരം നഷ്ടപ്പെട്ട അഭയാര്‍ഥികള്‍ക്ക് സ്വാഭിമാനവും നഷ്ടപ്പെട്ടിരിക്കുന്നു. ഒടുവില്‍കൈസുറാന് വഴിയില്‍ തള്ളാനുള്ള ജഡങ്ങള്‍ മാത്രമാണവര്‍. 

ഉടനീളം കാവ്യാത്മകവും തീക്ഷ്ണവുമണെങ്കിലുംനോവലന്ത്യം തന്നെയാണ് നോവലിന്റെ കാതല്‍. ജഡങ്ങള്‍ കണ്ടെത്തുമ്പോഴുള്ള കൈസുറാന്റെ ഹൃദയവ്യഥ നോവലിസ്റ്റ് പകര്‍ത്തുന്നത്അയാളെയും പലസ്തീന്‍ വിധിയില്‍ കൊരുക്കുന്നുണ്ട്. മരുഭൂമിയുടെ ക്രൂരമായ പ്രതിധ്വനികളിലേക്ക് നോവലിസ്റ്റ് അയാളുടെ വിലാപത്തെ തുറന്നുവിടുന്നു. നോവലന്ത്യത്തില്‍ തന്റെ തല വെട്ടിപ്പിളരുന്ന അനുഭവത്തോടെ കൈസുറാന്‍ രാവിലേക്കു മുഖം തിരിച്ച് അലറുന്നു:

“നിങ്ങളെന്തേ ട്രക്കിന്റെ വശങ്ങളില്‍ ഇടിച്ചില്ലനിങ്ങളെന്തേ ഒന്നും പറയാഞ്ഞുഎന്തേ?

മരുഭൂമി പൊടുന്നനെ പ്രതിധ്വനിക്കാന്‍ തുടങ്ങി:

നിങ്ങളെന്തേ ട്രക്കിന്റെ വശങ്ങളില്‍ മുട്ടാഞ്ഞുനിങ്ങളെന്തേ ട്രക്കിന്റെ വശങ്ങളില്‍ ഇടിക്കാഞ്ഞുഏന്തേഏന്തേ? എന്തേ?

പാന്‍ അറബിസത്തിന്റെ പരാജയത്തിന്റെ ആവിഷ്കാരമായി വിലയിരുത്തപ്പെട്ട കനഫാനിയുടെ നോവല്‍, പലസ്തീനികളെ തങ്ങളുടെ സ്വന്തം ഇരവല്‍ക്കരണത്തെ സഹായിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നവരെന്നു കുറ്റപ്പെടുത്തുന്നു എന്നു  നിരീക്ഷണമുണ്ട്. അസദിനെ പറ്റിക്കുന്നതില്‍ അയാളുടെ പിതാവിന്റെ കൂട്ടാളിയുണ്ട്- ഒരിക്കല്‍ പലസ്തീന്‍ പോരാളിയായിരുന്ന ഒരാള്‍. മൂന്നു യാത്രികരെയും ചെറുവിരല്‍ അനക്കാതെ മരണത്തിലേക്ക് തള്ളിവിടുന്ന ട്രക്ക് ഡ്രൈവറും പലസ്തീനിയാണ്അയാള്‍ അവരുടെ ജടങ്ങളില്‍ നിന്നു മോഷ്ടിക്കുന്നുമുണ്ട്. നോവലിസ്റ്റ് ‘പലസ്തീനികളെ കുപ്പയിലെറിഞ്ഞു’ എന്ന വിമര്‍ശനവും പുസ്തകമിറങ്ങിയ കാലത്ത് ശക്തമായിരുന്നു. എന്നാല്‍അഭയാര്‍ഥി ദുരിതാവസ്ഥയുടെ ഗൌരവപൂര്‍ണ്ണമായ ആദ്യആവിഷ്കാരം സാധ്യമാക്കിയ മഹദ് രചന എന്ന അംഗീകാരമാണ് പൊതുവേ നോവലിന് ലഭിച്ചത്. അറബികള്‍വിശേഷിച്ചും പലസ്തീനികള്‍ തന്നെ പലസ്തീന്‍ ദുരവസ്ഥയില്‍ പങ്കാളികളാണ് എന്ന, പലസ്തീനികളും ജോര്‍ദാനികളും പൊതുവേ അംഗീകരിക്കാനിടയില്ലാത്ത ഒരു പരമമായ സത്യം വിളിച്ചുപറയാന്‍ ധൈര്യപ്പെട്ട ആദ്യകൃതി എന്ന് നോവലിനെക്കുറിച്ച് ഹമീദ് അല്‍ സക്കൂത് നിരീക്ഷിച്ചതും ഇതോടു ചേര്‍ത്തു പറയാം.

പലസ്തീന്‍ ദുരവസ്ഥയുടെ ആഖ്യാനങ്ങളില്‍ അനന്യമായ ഒന്നാണ് ‘പൊരിവെയിലിലെ മനുഷ്യര്‍. ഒരു മാര്‍ക്സിസ്റ്റായിരുന്ന കനഫാനിയുടെ ജേണലിസ്റ്റ്ആക്റ്റിവിസ്റ്റ് ജീവിതവും ഇസ്രായേലി സൈന്യത്തിന്റെ കരുനീക്കങ്ങള്‍ക്കിരയായുള്ള ദാരുണാന്ത്യവും ഒരു കലാപകാരിയുടെ ജീവിതസാരസ്വം സൂചിപ്പിക്കുമ്പോഴും അദ്ദേഹത്തിന്‍റെ കൃതികള്‍ അവതരിപ്പിക്കുന്നത്‌ അത്തരം പോരാളി ജീവിതമുഖങ്ങളല്ല. അതേസമയംയുദ്ധവും പലായനവും അവയുടെ ഇരുണ്ട ഭൂമികയില്‍ എപ്പോഴും നിഴല്‍വിരിക്കുകയും കഥാപാത്രങ്ങളുടെ ജീവിതങ്ങളെ നിര്‍ണ്ണയിക്കുകയും ചെയ്യുന്നുണ്ട്. കനഫാനിയുടെ അടുത്ത ഏറ്റവും പ്രമുഖമായ കൃതിയായ The Return to Haifa യില്‍, ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം തങ്ങള്‍ വിട്ടേച്ചുപോയ വീട് കാണാനെത്തുന്ന പലസ്തീനിയന്‍ ദമ്പതികള്‍, നഷ്ടപ്പെട്ട മകനെ കണ്ടെത്തുന്ന സന്ദര്‍ഭമുണ്ട്‌: ഇപ്പോഴവന്‍ ഇസ്രായേലി സൈനിക യൂനിഫോമിലാണ്. അവനു തെരഞ്ഞെടുക്കാം: സ്വയമൊരു ഹോളോകോസ്റ്റ് അതിജീവിതയായ വളര്‍ത്തമ്മ ജൂത വനിതയോടൊപ്പം തുടരണോ അതോഅവന്റെ പലസ്തീനിയന്‍ സ്വത്വത്തിലേക്ക് തിരികെ പോകണോനങ്കൂരം നഷ്ടപ്പെടുന്ന അഭയാര്‍ഥി നേരിടുന്ന എക്കാലത്തെയും ചോദ്യവുമാണ് ഇത്.

 

 

Sources:

1.       Salam Mir. “Palestinian Literature: Occupation and Exile.” Arab Studies Quarterly, vol. 35, no. 2, 2013, pp. 110–29. JSTOR, https://doi.org/10.13169/arabstudquar.35.2.0110. Accessed 8 Feb. 2024.)

2.       Joseph Zeidan, ‘"Men in the Sun ." World Literature and Its Times: Profiles of Notable Literary Works and the Historic Events That Influenced Them. Encyclopedia.com. 7 Feb. 2024.

 read more:

Return to Haifa by Ghassan Kanafani

https://alittlesomethings.blogspot.com/2024/06/aaidun-ila-haifa-return-to-haifa-by.html

Fractured Destinies by Rabai al-Madhoun

https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html

The Lady of Tel Aviv by Rabai al-Madhoun

https://alittlesomethings.blogspot.com/2017/09/blog-post_87.html

Mornings in Jenin by Susan Abulhawa

https://alittlesomethings.blogspot.com/2015/12/blog-post_9.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html


Monday, June 24, 2024

Frankenstein in Baghdad by Ahmed Saadawi / Jonathan Wright

 സൃഷ്ടിയുടെ കൈത്തെറ്റായി അതിമാനുഷന്‍



(ഇറാഖി നോവലിസ്റ്റ് അഹമദ് സഅദാവിയുടെ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ് എന്ന നോവലിനെ കുറിച്ച്. അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്ന നോവല്‍ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കുകയും മാന്‍ ബുക്കര്‍ പുരസ്കാത്തിനു ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

    മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു ഭൂപ്രദേശത്ത്‌ ഒരു പുനരവതാരം ഉണ്ടാകുകയാണ് ഇവിടെ. എന്നാല്‍ നോവലിന്റെ പശ്ചാത്തലം ഗോഥിക് ഹൊറര്‍ ചുറ്റുവട്ടങ്ങളിലേക്കല്ല, തികച്ചും കാഫ്കേയസ്ക് അന്തരീക്ഷത്തിലേക്കാണ് അനുവാചകനെ കൂട്ടിക്കൊണ്ടു പോകുന്നത്.) 

    അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്നതിന് ശവപ്രദര്‍ശനം എന്ന രൂപകം തെരഞ്ഞെടുക്കുന്നത് വിഖ്യാത ഇറാഖി എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഹസ്സന്‍ ബ്ലാസിം ആണ്. ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളും എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും സര്‍വ്വനാശത്തിന്റെയും ശൈഥില്യത്തിന്റെയും പ്രതീക്ഷയറ്റ പാഴ്ഭൂമിയില്‍ കണ്ടും കൊണ്ടും മടുത്ത, അപമാനവീകരിക്കപ്പെട്ട കഥാപാത്രങ്ങളുടെ വികാരശൂന്യമായ മൃത്യുന്മാദമാണ് അവതരിപ്പിക്കുന്നത്‌. തലക്കെട്ട്‌ സൂചിപ്പിക്കുന്ന ആദ്യ കഥയിലെത് പോലെ മനുഷ്യ ഹത്യയെന്നത് ഒരു കലാകാരന് തന്റെ സര്‍ഗ്ഗപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ഉന്മാദം പകരുന്ന, മികച്ച കൈയ്യടക്കവും സൗന്ദര്യ ദീക്ഷയും ആവശ്യമുള്ള, അനുവാചക ലോകത്തെ മുഗ്ധമാക്കാന്‍ കഴിയേണ്ട സാധനയായി മാറുന്ന വിപര്യയം ഹിംസയെ ഏതാണ്ട് കുലീനവും നിഷ്ഠബദ്ധവും തന്നെയായ ആഘോഷമാക്കി മാറ്റുന്നു. ഹസന്‍ ബ്ലാസിമിനെ ഇറാഖി കാഫ് കയെന്നു വിളിക്കാമെങ്കില്‍ ഇറാഖി ബെക്കറ്റ് എന്നു വിളിക്കപ്പെട്ട എഴുത്തുകാരനായ സമകാലിക ഇറാഖി സാഹിത്യത്തിലെ മറ്റൊരു വലിയ സാന്നിധ്യമായ സിനാന്‍ അന്തൂന്‍ രചിച്ച ‘ദി കോര്‍പ്സ് വാഷര്‍’ എന്ന നോവലിലും കുലത്തൊഴിലായ മയ്യിത്ത് കുളിപ്പിക്കല്‍ ജോലിയില്‍ സംഭവിക്കുന്ന പരിണാമങ്ങളാണ് മരണം അടക്കിവാഴുന്ന പുതുകാല ബാഗ്ദാദിനെ ചിത്രീകരിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നത്. മുമ്പ് വിസ്തരിച്ചും അചാരബദ്ധമായും ചെയ്തുവന്ന ജോലി പുതിയ സാഹചര്യത്തില്‍ അതിവേഗത്തിലും തിരക്കിട്ടും ചെയ്യേണ്ടി വരുന്നത് കുളിപ്പിക്കാനുള്ള മേശയിലേക്ക്‌ എത്തിച്ചേരുന്ന മയ്യിത്തുകളുടെ എണ്ണത്തിലുള്ള പെരുപ്പവും പലപ്പോഴും തിരിച്ചറിയാനോ നിശ്ചിത ആകാരത്തില്‍ നിലനിര്‍ത്താനോ കഴിയാത്ത അവലക്ഷണം പിടിച്ച ചിഹ്ന ഭിന്നമായ അവസ്ഥയും കാരണമാണ്. മൊഹ്സിന്‍ അല്‍ റംലിയുടെ ഡേറ്റ്സ് ഓണ്‍ മൈ ഫിംഗേഴ്സ് എന്ന നോവലിലെത്തുമ്പോള്‍ സ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഓര്‍മ്മകള്‍ കാരക്കയുടെ രുചിയുമായി ബന്ധപ്പെട്ടാണ് പ്രവാസിയായ നായകന്‍ ഓര്‍ത്ത്‌ വെക്കുന്നതെങ്കില്‍, ഇറാഖിന്റെ തന്നെ പ്രതീകമായിത്തീരുന്നത് അപാരമായ ഒരു പ്രതികാരവാഞ്ചയുടെ കൂടി ഓര്‍മ്മപ്പെടുത്തലായി അയാളുടെ പിതാവ് സൂക്ഷിക്കുന്ന ഒരു വെടിയുണ്ടയാണ്. മരണത്തിനു ഒരിക്കലും മതിവരാത്ത അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ദേശത്തെ അടയാളപ്പെടുത്താന്‍ ഈ എഴുത്തുകാര്‍ കണ്ടെടുക്കുന്ന രൂപകങ്ങളിലും ചോര പുതഞ്ഞിട്ടുണ്ട് എന്ന് പറയാം.

 

മേരി ഷെല്ലിയില്‍ നിന്ന് കാഫ്കയിലേക്ക്  

 

    അധിനിവിഷ്ട ഇറാഖിനെ തരിപ്പണമായിക്കഴിഞ്ഞ ബാഗ്ദാദിന്റെ പശ്ചാത്തലത്തില്‍ നിശിതമായി ചിത്രീകരിക്കുന്ന നോവലാണ്‌ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കിയ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്. ചലച്ചിത്രകാരന്‍ കൂടിയായ അഹമദ് സഅദാവിയുടെ സര്‍റിയലിസ്റ്റിക് പ്രകൃതമുള്ള നോവല്‍, സയന്‍സ് ഫിക് ഷന്റെയും ഗോഥിക്, ഹൊറര്‍ ജോനറുകളുടെയും രീതികള്‍ യഥേഷ്ടം അവലംബിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു  ഭൂപ്രദേശത്ത്‌, കൊലയാളികള്‍ 'കര്‍ഷകന്റെ മണ്‍ വെട്ടി പോലെ' റൈഫിളുകള്‍ ചുമക്കുന്ന ഇടത്തില്‍ഒരു പുനരവതാരം ഉണ്ടാവുക കൂടിയാണ് നോവലില്‍ സംഭവിക്കുന്നത്‌. എന്നാല്‍ ഗോഥിക് ഹൊറര്‍ ജോനറിന്റെയൊ സര്‍റിയലിസ്റ്റ്/ മാജിക്കല്‍ റിയലിസ്റ്റ് ഫിക് ഷന്റെയൊ കള്ളികള്‍ക്കപ്പുറം തൊട്ടറിയാവുന്ന വിധം യഥാതഥവുമാണ് നോവലിലെ ബാഗ്ദാദ്. അവിടെ ജേണലിസ്റ്റുകളും സര്‍ക്കാര്‍ അധികാരികളും നൊവോടെല്‍ ആഡംബര ഹോട്ടലില്‍ സന്ധിക്കുകയും സാമൂഹികാവസ്ഥകള്‍ അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ട്; ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ലക്ഷ്യത്തിലെത്താന്‍ ടാക്സിയാണോ ബസ്സാണോ നല്ലതെന്ന് ആളുകള്‍ തര്‍ക്കിക്കുന്നുണ്ട്; ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഇരകളെ കൊരുത്തെടുക്കുന്നുണ്ട്; അല്ലെങ്കില്‍ അവരെത്തേടി ആവശ്യക്കാരെത്തുന്നുണ്ട്; ദിവസത്തെ മുഴുവന്‍ ബദ്ധപ്പാടുകള്‍ വാറ്റുചാരായത്തിന്റെ ലഹരിയില്‍ മുക്കിക്കൊല്ലുന്ന പുരുഷന്മാര്‍ തെറിക്കഥകളും ഗോസ്സിപ്പുകളും ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഇവക്കൊപ്പം, ആളുകള്‍ കാന്‍വാസ് ചാക്കുകളുമായി സ്ഫോടന സ്ഥലങ്ങളില്‍ പോവുകയും ചിതറിത്തെറിച്ച യാത്രികരുടെ ഉടല്‍ ഖണ്ഡങ്ങള്‍ അവയില്‍ സംഭരിക്കുകയും ചെയ്യുന്നുമുണ്ട് എന്നതാണ് പുതിയ ബാഗ്ദാദിനെ ഒരു ഭീകര ദുസ്വപ്ന ഭൂമികയാക്കി മാറ്റുന്നത്. ഹിംസയുടെ ചാക്രികതയും അപ്പോഴും തുടരുന്ന അസംബന്ധ പൂര്‍ണ്ണമായ കറുത്ത ഹാസ്യവും ചേര്‍ന്ന് മേരി ഷെല്ലിയെക്കാള്‍ സഅദാവിയുടെ നോവല്‍ ചേര്‍ന്നു നില്‍ക്കുക കാഫ്കയോടാണെന്ന് വ്യക്തമാക്കുന്നുണ്ട്.

    ആര്‍ക്കും മതിപ്പില്ലാത്ത കുടിയനും യഥേഷ്ടം നുണകള്‍ പറയുന്നവനുമായ ആക്രിക്കച്ചവടക്കാരന്‍ ഹാദി തെരുവില്‍ കണ്ടെത്തുന്ന ഒരു നാസിക തന്റെ വീടിനരികിലെ ഷെഡില്‍ എത്തിക്കുന്നത് ഒരു തുന്നിച്ചേര്‍ക്കലിനാണ്. അവിടെ തന്റെ തൊഴിലിന്റെ ഭാഗമായ പാഴ് വസ്തുക്കള്‍ക്ക് മദ്ധ്യേ കിടക്കുന്ന പല ഉടലുകളില്‍ നിന്ന് തുന്നിക്കൂട്ടിയെടുത്ത ആള്‍രൂപത്തിന് – “നഗ്നനായ ഒരു മനുഷ്യന്റെ ജഡം, മങ്ങിയ നിറമുള്ള, ഒട്ടുന്ന സ്രവം ഉടല്‍ഭാഗങ്ങളില്‍ നിന്ന് ഒഴുകുന്ന” – അതാവശ്യമുണ്ട്. ബാഗ്ദാദിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ വിഭാഗീയ സംഘര്‍ഷങ്ങളുടെ ഇരയായ അയാള്‍ക്ക് ശരിയായ ഉടല്‍ നല്‍കുന്നതിലൂടെ അയാള്‍ക്കൊരു മാന്യമായ ഖബറടക്കം ലഭിക്കുമെന്ന് ഹാദി വിശ്വസിക്കുന്നു. 'ഞാനതിനെ സമ്പൂര്‍ണ്ണമാക്കി, അതുകൊണ്ട് ഇനിയത് വെറും ചവറെന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടില്ല' എന്നാണു അയാള്‍ പറയുക. ‘എന്താണതിന്റെ പേര്’ (Whatsitsname) എന്നാണു അയാള്‍ തന്റെ വീരസ്യാപദാന ഘട്ടങ്ങളില്‍ തന്റെ സൃഷ്ടിയെ വിളിക്കുക. ഇതേ സമയം, തൊട്ടപ്പുറത്ത് തെരുവില്‍ ഒരു വലിയ ഓഫീസിനു വെളിയില്‍ നടക്കുന്ന സ്ഫോടനത്തില്‍ കൊല്ലപ്പെടുന്ന ഗേറ്റ് പാറാവുകാരനായ ഹസീബ് മുഹമ്മദ്‌ ജാഫര്‍ എന്ന നവയുവാവിന്റെ ആത്മാവ് എന്ത് സംഭവിച്ചു എന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഒരു ജോഡി പുകയുന്ന ചെരിപ്പുകള്‍ക്കപ്പുറം തന്റെ ജടത്തിന്റെതായി  ഒന്നും കണ്ടെത്താനാവാതെ അന്തം വിടുന്ന ഹസീബിന്റെ ആത്മാവിനോട് സെമിത്തേരിയിലെ മറ്റൊരു ടീനെജുകാരന്റെ ആത്മാവ് ഉപദേശിക്കുന്നു: പറ്റിയ ഒരു ഉടല്‍ കണ്ടെത്തുക, ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും. പൊടുന്നനെ, ഒട്ടും തയ്യാറില്ലാത്ത രീതിയില്‍ മരിച്ചു പോകുന്ന ആളുടെ ആത്മാവ് സ്ഥലജല വിഭ്രാന്തിയോടെ പകച്ചു നില്‍ക്കുമെന്നും താനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന നിലയില്‍ പെരുമാറുമെന്നുമുള്ള ആശയം ക്രിസ് അബാനിയുടെ സോംഗ് ഫോര്‍ നൈറ്റ് പോലുള്ള ആഫ്രിക്കന്‍ നോവലുകളില്‍ കടന്നുവരുന്നുണ്ട്. ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ ലിങ്കന്‍ ഇന്‍ ദി ബാര്‍ദോയിലും സമാന രംഗമുണ്ട്. വര്‍ക്ക് ഷെഡില്‍ തിരികെയെത്തുന്ന ഹാദി തന്റെ സൃഷ്ടിയെ കാണാനാവാതെ അങ്കലാപ്പിലാകുന്നതോടെ വായനക്കാര്‍ പരിചിതമായ ആ കഥാ പരിസരം പ്രതീക്ഷിച്ചു തുടങ്ങുന്നു. എന്നാല്‍ തുടര്‍ന്ന് നോവലിസ്റ്റിന്റെ ശ്രദ്ധ പതിയുന്നത്, സാറാ പെറി (ദി ഗാര്‍ഡിയന്‍) നിരീക്ഷിക്കുന്നത് പോലെ, മധ്യകാല മൊറാലിറ്റി സമ്പ്രദായത്തിലേത് പോലുള്ള ഒരസംബന്ധ ദൃഷ്ടാന്ത കഥയുടെ (absurdist morality fable ) രൂപത്തില്‍ വിഭാഗീയ സംഘര്‍ഷങ്ങളില്‍ ശിഥിലമാകുന്ന നാടിന്റെ ആവിഷ്കാരത്തിലാണ്.

 

പാത്രസൃഷ്ടിയിലെ അനന്ത ലോകം

     നോവലിന്റെ ഇതിവൃത്ത ധാരയില്‍ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. അതിലേറ്റവും പ്രധ സ്ഥാനീയയായി വരുന്നത് അസീരിയന്‍ ക്രിസ്ത്യന്‍ വിധവയായ എലിഷ് വാ മുത്തശ്ശിയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയി കാണാതായ മകന്‍ ഡാനിയേലിനെ കാത്തിരിക്കുന്ന മറവിരോഗം ബാധിച്ചു തുടങ്ങിയ വയോധിക. മെല്‍ബണില്‍ കുടിയേറിയ പെണ്‍മക്കള്‍ ഹില്‍ഡയും മെറ്റില്‍ഡയും നിര്‍ബന്ധിച്ചിട്ടും അവരോടൊപ്പം പോകാതെ ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ബാഗ്ദാദില്‍ പാരമ്പര്യ വീട്ടില്‍ തനിച്ചു കഴിയുന്നത്‌ മകന്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ്. പുറപ്പാടുകള്‍ വിഷയമാകുന്ന കൃതികളില്‍ പിറന്ന ദേശം വിട്ടു പോകാന്‍ വിസമ്മതിക്കുന്ന വയോധിക കഥാപാത്രങ്ങള്‍ സാധാരണമാണ്. സ്റ്റെയ്ന്‍ ബെക്കിന്റെ ‘ഗ്രേയ്പ്സ് ഓഫ് റാത്തി’ലെ ഗ്രാന്‍ഡ്‌പാ ജോഡ്, ചിമമാന്‍ഡാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ എന്ന നോവലിലെ മമ്മ തുടങ്ങി ഒട്ടേറെ മാതൃകകളുണ്ട് ഇക്കാര്യത്തില്‍. കാഴ്ച ശക്തിയും ദുര്‍ബ്ബലമായ എലിഷ് വാ മുത്തശ്ശി ഹാദിയുടെ സത്വത്തെ ദാനിയേല്‍ തിരികെ വന്നതായി തെറ്റിദ്ധരിക്കുകയും ജുഗുപ്സയുനര്‍ത്തുന്ന ആരൂപത്തില്‍ അസ്വാഭാവികതയൊന്നും കാണാതിരിക്കുന്നതിലും ഫലിതോക്തി കലര്‍ന്നതെങ്കിലും സ്വാഭാവികതയുണ്ട്. മുമ്പ് ബാത്തിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്ന അബു സൈദൂനിനോട് അവര്‍ക്ക് പൊറുക്കാനാവാത്തത് അയാളാണ് ഡാനിയേലിനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ കാരണക്കാരന്‍ എന്നതാണ്. റിയാല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ ഫറാജ് അവരുടെ പഴമയുള്ള തറവാട്ടു വീട്ടില്‍ കണ്ണ് വെച്ച് ഏറെ പരലോഭാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു തപസ്യപോലെ തന്റെ കാത്തിരിപ്പ് തുടരുന്ന എലിഷ് വാ മുത്തശ്ശി അതിശയകരമായ പാത്ര സൃഷ്ടിയാണ്. ഹില്‍ ഡയുടെ മകന്‍ ഡാനിയേല്‍ ജൂനിയര്‍ അമ്മാവനുമായുള്ള രൂപ സാദൃശ്യത്തിലൂടെ വയോധികയെ തിരിച്ചെത്തിയ തന്റെ മകന്‍ തന്നെ എന്ന് ബോധ്യപ്പെടുത്തുന്ന ഘട്ടത്തില്‍ ഫറാജിനു തന്നെ വീടിന്റെ വില്‍പ്പന നടത്താന്‍ എലിഷ് വാ മുത്തശ്ശി തയ്യാറാകുന്നത് അവരോടെ മുന്‍ ഗണനകള്‍ മുതലും വീടും മാത്രമല്ല എന്ന് തെളിയിക്കുന്നു. ആണ്‍മക്കളെയും ഭര്‍ത്താക്കന്മാരെയും നഷ്ടപ്പെട്ട സ്ത്രീകളെ ആവിഷ്കരിക്കുന്നതിലാണ് നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് എന്ന് പറയാം. അവരുടെ ദുഃഖപര്‍വ്വത്തിലൂടെയാണ് അരനൂറ്റാണ്ടിന്റെ ഇറാഖ് അടയാളപ്പെടുന്നത് എന്നത് ചരിത്രമാണല്ലോ.

 

കൈവിട്ടു പോകുന്ന വിജിലാന്റിസം 

     എന്താണതിന്റെ പേര്’ ഒരു ദൗത്യം ഏറ്റെടുക്കുന്നതോടെ ആരംഭിക്കുന്ന ദുരൂഹമായ കൊലകള്‍ ഒരു പ്രശ്നമായിത്തീരുന്നതോടെ കുറ്റാന്വേഷണത്തിന്റെയും മനുഷ്യ വേട്ടയുടെയും (manhunt) തലങ്ങളൊക്കെ ഇതിവൃത്തത്തില്‍ കടന്നു വരുനുണ്ട്. ബാഗ്ദാദിനെ കുരുതിക്കളമാക്കിയവരെ തെരഞ്ഞുപിടിച്ച് കൊല്ലുക എന്ന ‘വിജിലാന്റിസ്റ്റ്’ പ്രതികാര രീതി അധികാരികളെ അങ്കലാപ്പിലാക്കുന്നു. പരസ്പരം കഴുത്തുഞ്ഞെരിച്ചെന്നോണം കൊല്ലപ്പെട്ട നിലയില്‍ നാലു യാജകര്‍ കാണപ്പെടുന്നു. തന്റെ ശരീര ഭാഗങ്ങള്‍ ആരുടെതോക്കെയാണോ അവര്‍ക്കൊക്കെ വേണ്ടി പ്രതികാരം ചെയ്യുന്നതിലൂടെ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ വിഭാഗീയ ഗ്രൂപ്പ് നേതാക്കള്‍, അമേരിക്കന്‍ സൈനികരുടെ പിണിയാളുകള്‍ തുടങ്ങിയവരൊക്കെ കൊല്ലപ്പെടുന്നു. ശരീര ഭാഗങ്ങള്‍ അഴുകിത്തുടങ്ങുന്നതോടെ പുതിയ ഭാഗങ്ങള്‍ക്കായി സത്വം ഹാദിയുടെ ഷെഡില്‍ അഭയം പ്രാപിക്കുന്നു. സമൂഹത്തില്‍ വേരോടിയ പ്രതികാര ബോധത്തിന് മൂര്‍ത്തരൂപം നല്‍കുന്ന ശക്തിയെന്ന നിലയില്‍ പ്രതിനായകനില്‍നിന്നും നായക പരിവേഷം വന്നു ചേരുന്ന ‘എന്താണതിന്റെ പേരി’ന് വേണ്ടി തങ്ങളുടെ തന്നെ ഉടല്‍ ഭാഗങ്ങള്‍ നല്‍കി മരിക്കാന്‍ തയ്യാറാകുന്ന ഒരു ആരാധക വൃന്ദം ഉണ്ടായിവരുന്നു. തങ്ങളുടെ വിഭാഗീയ പക്ഷപാതിത്തങ്ങള്‍ക്കനുസരിച്ചു അത്ഭുത ജീവിയെ തങ്ങളുടെതാക്കാന്‍ ആളുകള്‍ മത്സരിക്കുന്നു,

"അയാള്‍ ഒരു വാഹബിയാണെന്നു സദറില്‍ ആളുകള്‍ പറഞ്ഞപ്പോള്‍ അദാമിയയില്‍ അയാളെ ഷിയാ തീവ്രവാദിയാക്കി.. അയാളെ കുറിച്ചുള്ള കൃത്യമായ ചിത്രം ഭയവും നൈരാശ്യവും ചേര്‍ന്നു ആളുകളുടെ തലയില്‍ രൂപപ്പെടുത്തിയതെന്തോ അതായിരുന്നു."

 പോകെപ്പോകെ, നിരപരാധരെ പോലും തനിക്കാവശ്യമായ അവയവങ്ങള്‍ക്കായി കൊല്ലുന്ന അവസ്ഥയില്‍ അയാള്‍ എത്തിച്ചേരുന്നതോടെ കൊലയാളിക്കും ഇരക്കുമിടയിലെ അതിര്‍വരമ്പുകള്‍ മാഞ്ഞു തുടങ്ങുന്നത്, "ഈ ഇരകള്‍ക്ക് വേണ്ടി ആരുടെ നേരെയാണ് താന്‍ പ്രതികാരം ചെയ്യുക?" എന്ന സ്വയം പ്രതിയാകുന്നതിന്റെ സംത്രാസം അയാളുടെ നൈതിക ധാരണകളെ തകിടം മറിക്കുന്നു:

“തികച്ചും നിരപരാധികളായ നിരപരാധികളില്ല, തികച്ചും കുറ്റവാളികളായ കുറ്റവാളികളും... താന്‍ കൊന്നു കളഞ്ഞ കൊലയാളികളില്‍ ഓരോരുത്തരും ഇരയുമായിരുന്നു.”

യുദ്ധത്തിന്റെ അസംബന്ധത്തെ അടിവരയിടുന്നതോടൊപ്പം ഗോത്രീയത, അഴിമതി, പാളിപ്പോവുന്ന സൈനിക തന്ത്രങ്ങള്‍, ഉന്നതങ്ങളില്‍ പിടി മുറുക്കിയ അഹന്തയും അധികാര ദുര്‍വ്വിനിയോഗവും തുടങ്ങി വെറും അശ്രദ്ധ കൊണ്ടു പോലും ചിതറിത്തെറിക്കുന്ന ജീവിതങ്ങളുടെ നിസ്സഹായത വരെ ബാഗ്ദാദ് ദുരന്തത്തിന്റെ നേര്‍ സാക്ഷ്യങ്ങളില്‍ ഏറെയുണ്ട്.

     എന്നാല്‍ സഅദാവിയുടെ സ്വരം ചിലപ്പോഴൊക്കെ ഹാസ്യാത്മകമാണെങ്കിലും അദ്ദേഹത്തിന്റെ ലക്‌ഷ്യം അങ്ങേയറ്റം ഗൌരവപൂര്‍ണ്ണമാണ്. അമേരിക്കന്‍ അധിനിവേശത്തിനു പിറകെ തുടല്‍ പൊട്ടിച്ച വംശീയ സംഘര്‍ഷങ്ങളുടെയും കൊടും ക്രൂരതകളുടെയും ഒരു ആലിഗറി രചിച്ചിരിക്കുകയാണ് നോവലിസ്റ്റ് ഇവിടെ. ഇറാഖില്‍ മരിച്ചവര്‍ തിരിച്ചെത്തുന്ന അനുഭവം അമ്മമാരുടേയും ഭാര്യമാരുടെയും ജീവിതങ്ങളിലെ ഏക പ്രതീക്ഷയായി പലപ്പോഴും നിലനിന്നിട്ടുണ്ട്. ‘ബാഗ്ദാദിലെ ഫ്രാങ്കന്‍സ്റ്റെയ്ന്‍’ ഒരു ഭീകര രൂപിയെ കുറിച്ചുള്ള നോവല്‍ എന്ന രീതിയിലല്ല പ്രസക്തമാകുന്നത്. യുദ്ധം മൂലം നിരാധാരമായിപ്പോവുന്ന ഇടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ കണ്ടെത്തുന്ന ഇടത്തട്ടുകാരും സ്തോഭ ജനകമായ യുദ്ധകാല കഥകള്‍ തേടുന്ന ജേണലിസ്റ്റുകളും ജ്യോതിഷക്കാരും ചലചിത്രകാരന്മാരും അതിന്റെ ഭൂമികയിലുണ്ട്. ഒരു കേന്ദ്ര കഥാപാത്രം തന്നെയും സത്വത്തിന്റെ കഥ തേടിയിറങ്ങുന്ന സംശയാലുവായ എഡിറ്റര്‍ ആണ്. 'എന്താണതിന്റെ പേര്' തന്നെ കുറിച്ച് നടത്താനിടയുള്ള വെളിപ്പെടുത്തലുകള്‍ റെക്കോര്ഡ് ചെയ്യുന്നതിനായി ഹാടിക്കും ബ്രിഗേഡിയര്‍ മാജിദിനും ടേപ്പ് റെക്കോര്‍ഡറുകള്‍ നല്‍കുന്നത് അയാളാണ്. മഹമൂദ് തന്റെ മാഗസിനില്‍ എഴുതുന്ന ലേഖനത്തിലൂടെയാണ് സ്വത്വത്തെ കുറിച്ച് ജനങ്ങള്‍ അറിയുന്നതുതന്നെ. തുടര്‍ന്ന് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ നിര്‍മ്മിക്കപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്നു. ചിലര്‍ അത് വെറുമൊരു സങ്കല്‍പ്പ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നു. അതേ സമയം, മേരി ഷെല്ലിയുടെ വിഖ്യാത സത്വത്തെ പോലെ ഹാദിയുടെ കൈത്തെറ്റും താന്‍ തെറ്റിദ്ധരിക്കപ്പെട്ടവനാണെന്നു വിശ്വസിക്കുന്നു. താന്‍ ചീത്തയല്ലെന്നും വെറുതെ തോന്നും പോലെ കൊല്ലുകയല്ല; മറിച്ച് ഒരു ലക്ഷ്യത്തിനായി കൊല നടത്തുന്ന വിശുദ്ധ യോദ്ധാവ് (crusader)  ആണെന്നും തെളിയിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍.

 

അതിമാനുഷനോ കൈത്തെറ്റോ?

 

"ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും സഹായത്തോടെ ഞാന്‍ എല്ലാ കുറ്റവാളികളോടും പ്രതികാരം ചെയ്യും. ഒടുവില്‍ ഞാന്‍ ഭൂമിയില്‍ നീതി നടപ്പിലാക്കും, പിന്നെയാര്‍ക്കും സ്വര്‍ഗ്ഗത്തിലോ മരണാനന്തരമോ വരാനുള്ള നീതിക്കായി കാത്തിരിക്കേണ്ടി വരില്ല"

അയാള്‍ ഹാദിയുടെ ടേപ്പ് റെക്കോര്‍ഡറില്‍ പറയുന്നുണ്ട്. എങ്കിലും എല്ലാത്തിന്റെയും കാരണ ഭൂതരായ ജോര്‍ജ്ജ് ബുഷിലെക്കോ ടോണി ബ്ലെയറിലെക്കോ അയാളുടെ പ്രതികാര ദാഹം നീങ്ങുന്നില്ലെന്നും ആഗോള തലത്തില്‍ ചിന്തിക്കുന്നുണ്ടെങ്കിലും അയാളുടെ പ്രവര്‍ത്തിമണ്ഡലം പ്രാദേശികമാണെന്നും നിരീക്ഷിക്കപ്പെടുന്നത് (nytimes.com) നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്. ആദ്യമൊക്കെ പ്രതികാരത്തിനു വേണ്ടി ശുദ്ധീകരണപ്രക്രിയയായി നടത്തുന്ന കൊലകള്‍ കുറ്റവാളികളുടെ ഉടല്‍ ഭാഗങ്ങള്‍ അതിവേഗം അഴുകിത്തുടങ്ങും എന്നതിനാല്‍ മികച്ച അവയവങ്ങള്‍ക്കായി പിന്നീട് നിരപരാധരിലേക്കും നീളുന്നത് സ്വയം നിര്‍ണ്ണിത നൈതികത (self-righteousness) എന്നത് അതിവേഗം അമിതാധികാര പ്രവണതയിലെക്കും നശീകരണ സ്വഭാവത്തിലെക്കും പരിണമിക്കും എന്തിന്റെ തെളിവാണ്. ആരാണ് തെറ്റുകളുടെ ഭാഗമാല്ലാത്തത് എന്ന മുട്ടാപ്പോക്ക് ചോദ്യത്തിലൂടെ തന്റെ ചെയ്തിയുടെ ഉത്തരവാദിത്തം അത് സൌകര്യപൂര്‍വ്വം അവഗണിക്കുകയാണ്. മീഡിയയുടെ ശ്രദ്ധാകേന്ദ്രമായിത്തീരുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സത്വം താനാണ് യഥാര്‍ത്ഥ ഇറാഖിന്റെ പ്രതീകം എന്നും അവകാശപ്പെടുന്നത് ഇതോടു ചേര്‍ത്തു കാണാം:

“വ്യത്യസ്ത വംശീയതകള്‍, ഗോത്ര വിഭാഗങ്ങള്‍, സാമൂഹിക വിഭാഗങ്ങള്‍, എന്നിങ്ങനെ ഭിന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുടെ ശരീര ഭാഗങ്ങള്‍ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ കഴിഞ്ഞ കാലത്ത് ഒരിക്കലും സാധിക്കാതെ പോയ ആ അസാധ്യ മിശ്രിതത്തെ ഞാന്‍ പ്രതിനിധാനം ചെയ്യുന്നു. ഞാനാണ് ആദ്യത്തെ യഥാര്‍ത്ഥ ഇറാഖി.”

ആന്തരാ വിഭാജിതമായ ജനസാമാന്യത്തിനിടയില്‍ ജീവിതത്തില്‍ സാധിക്കാതെ പോയ സങ്കലനം തെരുവില്‍ ചിന്തപ്പെട്ട കട്ടപിടിച്ച രക്തത്തില്‍ മാത്രം സാധ്യമാകുന്ന ഒരു ദേശത്തിന് സൃഷ്ടിക്കാനാകുന്ന ഏറ്റവും വാചാലമായ പ്രതീകം തന്നെയാണ് ആക്രിക്കച്ചവടക്കാരന്റെ കൈത്തെറ്റില്‍ രൂപമെടുക്കുകയും  ചിതറിത്തെറിച്ച നവയുവാവിന്റെ അന്ധാളിച്ച ആത്മാവില്‍ ഉയിരു നേടുകയും മരണം ഉന്മാദ നൃത്തം ചവിട്ടുന്ന നഗരവീഥികളില്‍ പുഷ്ടിപ്പെടുകയും ചെയ്യുന്ന സത്വം. ചലിക്കും പ്രേതങ്ങളും അലയുന്ന ആത്മാക്കളും കൂടോത്രക്കാരും ജ്യോതിഷികളും ഇതിഹാസ ദുഃഖങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്ന മനുഷ്യരും സൈക്കൊപാത്ത് കൊലയാളി സംഘങ്ങളും കുരുതികളില്‍ അഭിരമിക്കുന്ന ഗോത്ര- മത ഗ്രൂപ്പുകളും സര്‍വ്വോപരി കൊന്നു തിന്നുമ്പോഴും രക്ഷകന്‍ ചമയുന്ന അധിനിവേശ ദുരയും ഇടകലരുന്ന ഇത്തരമൊരു കഥ പറയാന്‍ റിയലിസ്റ്റിക് രീതികള്‍ മതിയാവില്ലെന്ന തിരിച്ചറിവിലാണ് റോബിന്‍ യാസിന്‍ കസബിന്റെ വാക്കുകളില്‍ (newstatesman.com) ഒരു 'ആഘാതാനന്തര മാജിക്കല്‍ റിയലിസവും (traumatized version of magical realism)' കറുത്ത ഹാസ്യവും ഇടകലരുന്ന രീതി നോവലിസ്റ്റ് അവലംബിക്കുന്നത്.

 

കറുത്ത ഹാസ്യവും തീക്ഷ്ണ ഗൗരവവും

     അഹമദ് സഅദാവിയുടെ രചനാരീതി കറുത്ത ഹാസ്യത്തെയും ഗൌരവത്തെയും അപ്രതീക്ഷിത രീതിയില്‍ സംയോജിപ്പിക്കുന്നുണ്ട്. ‘എന്താണതിന്റെ പേരി’ന്റെ ചീഞ്ഞു പോവുന്ന ഉടല്‍ ഭാഗങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ അഴുകിവീഴുമ്പോള്‍ ‘അയാള്‍ക്ക് ചില ഗുരുതരമായ അഴുകല്‍ പ്രശ്നങ്ങളുണ്ട്’ എന്ന് നോവലിസ്റ്റ് വിവരിക്കുന്നു. തുടര്‍ച്ചയായി അരങ്ങേറുന്ന ദുരൂഹ കൊലകള്‍ക്ക് സത്വമാണ് ഉത്തരവാദിയെന്ന ധാരണയില്‍ അതിനെ കണ്ടെത്താനുള്ള സൂചകങ്ങള്‍ ഒന്നുമില്ലാത്ത അധികൃതര്‍ ബാഗ്ദാദില്‍ കാണപ്പെടുന്ന വിരൂപരായ ആളുകളെയെല്ലാം ആട്ടിപ്പിടിക്കുന്നു. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ഔപചാരികവും ഔദ്യോഗികവുമായ പരിവേഷം ആര്‍ജ്ജിക്കുന്നതും ഹാസ്യാത്മകമായിത്തന്നെ വിവരിക്കപ്പെടുന്നുണ്ട്. ബുദ്ധിമാനല്ലാത്ത ബ്രിഗേഡിയര്‍ മാജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാധാരണ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി (Tracking and Pursuit Department) മുത്തശ്ശിക്കഥകളെയും ജ്യോതിഷികളെയും ആശ്രയിക്കുന്നു. ഒരു മാന്ത്രികനും ഒരു താര്‍ക്കികനും മഹമൂദിനും ബ്രിഗേഡിയര്‍ക്കുമൊപ്പം സത്വത്തെ തേടിയിറങ്ങുന്നു. പരേതാത്മാക്കള്‍ പാലങ്ങള്‍ക്ക് മേല്‍ തമ്പടിക്കുന്നു. അവിടെ തിക്കിലും തിരക്കിലും പെട്ട് പൊയ് അപായ സൂചനാ ഘട്ടത്തില്‍ അനേകര്‍ കൊല്ലപ്പെടുന്നു. ഈ സംഭവം പക്ഷെ 2005 ഏപ്രിലില്‍ ഇമാം പാലത്തിലുണ്ടായ ഒരപകടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് ആയിരത്തോളം ആളുകള്‍ ഒരു ബോംബ്‌ സ്ഫോടന കിംവദന്തിയെ തുടര്‍ന്ന് തിക്കിലും തിരക്കിലും കൊല്ലപ്പെട്ട സംഭവം ഉണ്ടായി. നാലു യാചകരുടെ മൃദ ദേഹങ്ങള്‍ പരസ്പരം കഴുത്തു ഞെരിക്കുന്ന രീതിയില്‍ അവലക്ഷണം പിടിച്ച നിശ്ചല ചിത്രം പോലെ കാണപ്പെടുമ്പോള്‍ മന്ദബുദ്ധിയായ ബ്രിഗേഡിയര്‍ ഉറപ്പിക്കുന്നു: "അത് തീര്‍ച്ചയായും ഒരു സന്ദേശമായി അയക്കപ്പെട്ടതാണ്." ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വെളിപാട് പുസ്തകത്തിലെ അന്തികൃസ്തുവിനെ ഓര്‍മ്മിപ്പിക്കും വിധം '666' ആണെന്ന് കാണാനാവുന്നു. സെല്‍ ഫോണിന്റെ പ്രകമ്പനം ആത്മാവുകളുമായി സംവദിക്കാന്‍ അടയാളമായി ഉപയോഗിക്കുന്നതിന്റെ അസംബന്ധം സഅദാവിയുടെ 'ഗോഥിക്' കഥ മധ്യകാലഘട്ടത്തിന്റെ മട്ടിലല്ല, മറിച്ച്  തികച്ചും സമകലികകമാണ് എന്നതിന്റെ തെളിവാണ്.

     സഅദാവി തന്റെ ആഖ്യാനത്തെ പരസ്പരം അതിലംഘിക്കുന്ന വ്യത്യസ്ത ധാരകളിലൂടെ പിന്തുടരുകയും കഥക്കുള്ളില്‍ കഥയായി, കഥക്കുള്ളിലെ കഥാകാരനെത്തന്നെ കഥാപാത്രമാക്കി നിര്‍ത്തുകയും ചെയ്യുന്ന രീതി അവലംബിക്കുന്നത് പരിണാമഗുപ്തിയുടെ സാധ്യതയിലല്ല നോവലിസ്റ്റിന്റെ താല്പര്യം എന്ന് വ്യക്തമാക്കുന്നുണ്ട്. സത്വം കൂടെക്കൂടെ നീണ്ട കാലത്തേക്ക് അപ്രത്യക്ഷകനാകുന്നത് ഹിംസയുടെ അനുസ്യൂതിയുള്ള ഇതിവൃത്ത വികാസത്തില്‍ ഭംഗം വരുത്തുന്നത് ഇതിന്റെ ഭാഗമാണ്.  സഅദാവി ലക്ഷ്യമാക്കുന്നത് അധിനിവേശാനതര ഇറാഖിന്റെ നേര്‍ക്കാഴ്ചകളുടെ ഒരു ആലിഗറിയാന് എന്നിരിക്കെ, അദ്ദേഹത്തിനു സാധാരണ ഇറാഖി ജനത നേരിടുന്ന ജീവിത സന്ധികളിലേക്ക് പേര്‍ത്തും പേര്‍ത്തും ശ്രദ്ധയൂന്നെണ്ടതുണ്ട്. തകര്‍ന്നു പോകുന്ന കെട്ടിടം പുരാവസ്തു നിധിപേടകങ്ങളിലേക്ക് വഴി തുറക്കും പോലെ ടെലിവിഷനിലും യുദ്ധ മേഖലയില്‍ നിന്നുള്ള തത്സമയ സംപ്രേഷണമെന്ന പേരില്‍ 'എംബെഡഡ് ജേണലിസംഇറാഖ് യുദ്ധകാലത്ത് വിളമ്പിയിരുന്ന നിര്‍മ്മിത സത്യങ്ങള്‍ക്കുമപ്പുറം ഒരു റിപ്പോര്‍ട്ടിംഗിലും വെളിവാക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു ബാഗ്ദാദിന്റെ/ ഇറാഖിന്റെ തന്നെ സത്യം ആഖ്യാനത്തിന്റെ ഓരോ അടരിലും വെളിവാക്കപ്പെടുകയുമാണ്. അധിനിവേശാനന്തര ഇറാഖില്‍ തുടല്‍പൊട്ടിച്ച വംശീയതയും നിരുത്തരവാദപരമായ സൈനിക നീക്കങ്ങളും ഉന്നതങ്ങളില്‍ പിടിമുറുക്കിയ അഴിമതിയും അധികൃതരുടെ അഹന്തയും കുറ്റവാസനയും വെറും അശ്രദ്ധ കൊണ്ടു സംഭാവിക്കാനിടയാകുന്ന നിരപരാധരുടെ കുരുതികളും ചേര്‍ന്നു സൃഷ്ടിക്കുന്ന നരക ചിത്രം നേരിട്ടനുഭവിച്ചവരുടെ കാഴ്ചപ്പാടില്‍ ഇത്രയും തീക്ഷണമായി മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് സഅദാവിയുടെ പുസ്തകത്തെ ഒരു അനിവാര്യ വായനയാക്കി മാറ്റുന്നത്. ജോനര്‍ ഫിക് ഷന്റെ അതിര്‍ വരമ്പുകള്‍ പൂര്‍ണ്ണമായും ഭേദിക്കുകയും 'ലിറ്റററി ഫിക് ഷന്‍ എന്ന നിലയില്‍ ഉത്തമ സാഹിതീയ മാനങ്ങളിലേക്ക് വളരുകയും ചെയ്യുന്നതിലൂടെ ഇതുവരെ തേടിയെത്തിയ അംഗീകാരങ്ങള്‍ക്ക് കൃത്യമായും അര്‍ഹമാകുക മാത്രമല്ല, കൂടുതല്‍ സഹൃദയ അനുവാചക ലോകത്തിലേക്ക് കുതിക്കുക കൂടിയാണ് ജോനതാന്‍ റൈറ്റിന്റെ ഏറെ പ്രശംസിക്കപ്പെട്ട ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ ഈ വര്‍ഷത്തെ (2018) മാന്‍ ബുക്കര്‍ പുരസ്കാര ഷോര്‍ട്ട് ലിസ്റ്റിലും ഇടം പിടിച്ച ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്.

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ - അമ്പതു ലോകനോവലുകള്‍ - കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്- പേജ് 243-250)

 

 


For more on Iraqi experience:

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Corpse Washer by Sinan Antoon

https://alittlesomethings.blogspot.com/2018/01/blog-post_20.html

The Baghdad Clock by Shahad Al Rawi

https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html

Dates on My Fingers by Muhsin al-Ramli

https://alittlesomethings.blogspot.com/2018/03/07.html


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 243-250)