Featured Post

Showing posts with label Iraqi Literature. Show all posts
Showing posts with label Iraqi Literature. Show all posts

Tuesday, August 6, 2024

The Baghdad Clock by Shahad Al Rawi

നിലച്ചുപോയ ഘടികാരത്തിന്റെ നിഴല്‍


(ഇറാഖി നോവലിസ്റ്റ് ഷഹദ് അല്‍ റാവി രചിച്ച ദി ബാഗ്ദാദ് ക്ലോക്ക് എന്ന നോവല്‍ ഇറാന്‍-ഇറാഖ് യുദ്ധകാലത്തു ജനിച്ച് ഡസര്‍ട്ട് സ്റ്റോംഅമേരിക്കന്‍ നിയന്ത്രിത ഉപരോധം, രണ്ടാം ഗള്‍ഫ് യുദ്ധം തുടങ്ങിയ സംഘര്‍ഷ കാലങ്ങളില്‍ മുതിര്‍ന്നു വരവിന്റെ അനുഭവങ്ങള്‍ നേരിട്ട രണ്ടു പെണ്‍കുട്ടികളുടെ കഥ പറയുന്നു. അറബിക് ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച നോവല്‍ (2018), എഡിന്‍ബറോ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ സമ്മാനം നേടിയിട്ടുണ്ട്.)

 

“എന്തുകൊണ്ടാണ് ഒരൊറ്റ ജീവിതകാലത്തിനിടെ ഇതിനെല്ലാം ഞാന്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത്? എന്റെ കുട്ടിക്കാലത്ത് ഒരു യുദ്ധംഒരു ടീനേജര്‍ ആയിരിക്കേഉപരോധങ്ങള്‍, ഇരുപതു തികയും മുമ്പേ കൂടുതല്‍ പരിഷ്കരിച്ച സ്മാര്‍ട്ട് ബോംബുകളുമായി ഒരു പുതിയ യുദ്ധം. ഒരു യുദ്ധത്തില്‍ നിന്ന് മറ്റൊന്നിലേക്കു കടന്നു കൊണ്ട് വളരേണ്ടി വരുന്ന ഒരു സാധാരണ വ്യക്തിക്ക് എങ്ങനെയാണ് തന്റെ വൈയക്തിക കഥ പറയാനാകുക?”- (പേജ്- 119ദി ബാഗ്ദാദ് ക്ലോക്ക്)

“നാദിയയും ഞാനും ഇറാനുമായുള്ള യുദ്ധകാലത്താണ് ജനിച്ചത്‌. ഡസര്‍ട്ട് സ്റ്റോമിനിടെ ഞങ്ങള്‍ പരസ്പരം അടുത്തറിയാന്‍ ഇടയായി. ഉപരോധങ്ങളുടെ വര്‍ഷങ്ങള്‍ക്കും രണ്ടാം ഗള്‍ഫ്‌ യുദ്ധത്തിനും ഇടയില്‍ ഞങ്ങള്‍ വളര്‍ന്നു വന്നു. ജോര്‍ജ്ജ് ബുഷും അയാളുടെ മകന്‍ ജോര്‍ജ്ജ് ഡബ്ല്യു. ബുഷും മാറിമാറി ഞങ്ങളുടെ കുട്ടിക്കാലത്തിന് നേരെ മിസ്സൈലുകളും നിയമവിരുദ്ധ ആയുധങ്ങളും പ്രയോഗിച്ചുഅതേസമയം ബില്‍ ക്ലിന്റനും ആ കിഴവി മേഡ് ലീന്‍ ഓള്‍ബ്രൈറ്റിനും ഞങ്ങളെ പട്ടിണിക്കിട്ടാല്‍ത്തന്നെ തൃപ്തിയായിരുന്നു. ഞങ്ങള്‍ വളര്‍ന്നു വന്നപ്പോള്‍ നരകം ഞങ്ങളെ കാത്തിരുന്നു.” (പേജ്- 194-ദി ബാഗ്ദാദ് ക്ലോക്ക്)

1986-ല്‍ ബാഗ്ദാദില്‍ ജനിച്ച ഷഹദ് അല്‍ റാവി എന്ന പെണ്‍കുട്ടി മുതിര്‍ന്നു വരികയും പാലായനത്തിന്റെയും പ്രവാസത്തിന്റെയും നാളുകള്‍ കടന്ന് ഒരു നോവലിസ്റ്റ് എന്ന നിലയില്‍ പിന്നിട്ട ജീവിതത്തിന്റെയും തന്റെ ദേശത്തിന്റെയും ചുറ്റുവട്ടങ്ങളുടെയും കഥ പറയുകയും ചെയ്യുമ്പോള്‍, ബോംബ്‌ ഷെല്‍ട്ടറുകളിലും ഉപരോധത്തിന്റെ ക്ഷാമകാലങ്ങളിലും കഴിച്ചു കൂട്ടിയ കുട്ടിക്കാലത്തിന്റെയും നരകകാലങ്ങളില്‍ കൂട്ടായും സാന്ത്വനമായും വര്‍ത്തിച്ച സ്നേഹ-സൌഹൃദങ്ങളുടെയും വിടവാങ്ങലുകളുടെയും നഷ്ടങ്ങളുടെയും കഥയായി മാത്രമല്ലഅടക്കിപ്പിടിച്ച രോഷത്തിന്റെയും സാമ്രാജ്യത്വ വിമര്‍ശനങ്ങളുടെയും കൂടി കഥയായി അത് മാറാതെ വയ്യ.

വിടപറയുന്നവരുടെ കാഥിക

    മുഖ്യ കഥാപാത്രങ്ങളായനോവലിസ്റ്റിന്റെ അപരസ്വത്വമായേക്കാവുന്ന പേര് പറയുന്നില്ലാത്ത ആഖ്യാതാവും കൂട്ടുകാരി നാദിയയും നോവലിസ്റ്റിനെ പോലെത്തന്നെ 1986-ല്‍ ജനിച്ചവരാണ്. അഞ്ചാം വയസ്സില്‍ ബോംബ്‌ ഷെല്‍ട്ടറില്‍ വെച്ച് കണ്ടുമുട്ടുന്ന പെണ്‍കുട്ടികളുടെത് സാഹചര്യം നിര്‍ണ്ണയിക്കുന്ന ഒരു ആജീവനാന്ത സൌഹൃദത്തിന്റെ തുടക്കമാണ്. “പ്രകടമായ കാര്യങ്ങളുടെ കുട്ടിക്കാലം” എന്ന ആദ്യഭാഗംപേര് സൂചിപ്പിക്കുന്ന പോലെത്തന്നെ മുഖ്യമായും ഏതിരുട്ടിലും ജീവിതാസക്തിയുടെ മുകുളങ്ങള്‍ കണ്ടെടുക്കുന്ന കുട്ടിക്കാലത്തിന്റെ നൈര്‍മ്മല്യത്തിന്റെ ആവിഷ്കാരമാണ്. ഇരുപതിലേറെത്തവണ ബോംബ്‌ ഷെല്‍ട്ടറിലേക്ക് പോകേണ്ടിവന്ന 1991 ജനുവരിയില്‍ പോലും കൂട്ടുകാരികള്‍ അവരുടെ ഉല്ലാസങ്ങള്‍ കണ്ടെത്തുന്നുണ്ട്. കുട്ടികളില്ലാത്ത ഷൌക്കത്ത് അമ്മാവനും അദ്ദേഹത്തിന്റെ ഭാര്യയായ കുര്‍ദ് വംശജ ബാജി നാദിറ അമ്മായിയും ചുറ്റുവട്ടത്തിലെ എല്ലാ കുട്ടികളെയും തങ്ങളുടെ അരുമകളായി ലാളിക്കുന്നു. അമ്മായിയുടെ ശകാരം വകവെക്കാതെഅവരുടെ പിഞ്ചു കൈത്തണ്ടകളില്‍ ചെറുതായി നോവിച്ചു കടിച്ചു കൊണ്ട് ‘വാച്ച്’ ഉണ്ടാക്കി കൊടുക്കുകയും പിന്നെ സ്നേഹം പൊതിഞ്ഞ മിട്ടായികൊണ്ട് ചിരിപ്പിക്കുകയും ചെയ്യുന്ന, എപ്പോഴും വൃത്തിയും മെനയുമായി നടക്കുന്ന ഷൌക്കത്ത് അമ്മാവന്‍ അവര്‍ക്ക് കളിക്കൂട്ടുകാരനാണ്. വലിയ അച്ചടക്കക്കാരിയും അതിലേറെ സ്നേഹസമ്പന്നയുമായ വല്യുമ്മ ഉണ്ടാക്കിക്കൊടുക്കുന്ന സ്വാദിഷ്ട വിഭവങ്ങളുടെ ഓര്‍മ്മ ആഖ്യാതാവില്‍ എന്നും തങ്ങിനില്‍ക്കും. “നിന്റെ ഉമ്മയെ പ്രസവിക്കും മുമ്പ് ഞാന്‍ നിന്നെ എന്റെ ഈ ഉദരത്തില്‍ ചുമന്നിട്ടുണ്ട്” എന്ന സ്നേഹഭാഷണം മുത്തശ്ശിയും പേരക്കിടാവും തമ്മിലുള്ള രഹസ്യമാണ്. വല്യുപ്പയുടെ പടം ചൂണ്ടിക്കാട്ടി അത് ഹാറൂന്‍ അല്‍ റഷീദ് ആണെന്ന് കളിപറയുന്നത് കുഞ്ഞുമനസ്സില്‍ വലിയ സങ്കല്‍പ്പമായി വളരുന്നുണ്ട്‌. മുതിര്‍ന്നു വരുന്നുവെന്ന തോന്നലില്‍ഉന്നത വിജയം ആഘോഷിക്കുന്ന മകളെ പതിവുപോലെ കൈകളില്‍ ഉയര്‍ത്താതെ പോകുന്ന പിതാവിനോട് അവള്‍ക്ക് പരിഭവമുണ്ട്: “അങ്ങയുടെ കൈകളില്‍ഡാഡ്, മുപ്പതു വയസ്സായാലും ഞാന്‍ കുഞ്ഞാണ്!” എന്നത് ഒരോ പെണ്‍കുട്ടിയും പറയാതെ പോകുന്ന നൊമ്പരം തന്നെ. ഫലപ്രഖ്യാപന ദിവസം സമ്മിശ്രവികാരങ്ങളുടെത് ആയിരുന്നു എന്ന് ആഖ്യാതാവ് ഓര്‍ത്തുവെക്കും: അന്നാണ് ചുറ്റുവട്ടത്തിലെ ആദ്യ പലായനം സംഭവിക്കുന്നത്‌- ഒരു വലിയ കറുത്ത ഷെവര്‍ലേയില്‍ നിസാറിന്റെ കുടുംബം ഇറാഖ് വിട്ടുപോകുന്നതാണ് ഉപരോധങ്ങളുടെ ഭീകരതയെ അടയാളപ്പെടുത്തുന്ന ആദ്യ സംഭവം. പിന്നെയത് പതിവാകും: ആ വലിയ കറുത്ത കാര്‍, ബാഗ്ദാദ് വിട്ട് ഇങ്ങിനിയില്ലാതെ ഓരോരോ കുടുംബങ്ങളുടെ പോക്ക്.  

    കഥ പറച്ചിലിനുള്ള ആഖ്യാതാവിന്റെ വാസന കുട്ടിക്കാലത്തുതന്നെ വ്യക്തമാണ്. ‘ചുറ്റുവട്ടം’ (Neibourhood) എന്ന ഇഴയടുപ്പമുള്ള ചെറുസമൂഹത്തെ ആവശ്യമുള്ളപ്പോള്‍ യാത്ര തിരിക്കാവുന്ന ഒരു കപ്പലായി ആഖ്യാതാവ് സങ്കല്‍പ്പിക്കുന്നു. ‘മാമൂന്‍ ടവര്‍ അതിന്റെ നീണ്ട പാമരംബാഗ്ദാദ് ക്ലോക്ക് ഹാര്‍ബറിലുള്ള നങ്കൂരംസൌറ ടവര്‍ കപ്പിത്താന്റെ സ്റ്റിയറിംഗ് ഇടം’ എന്നൊക്കെ അവള്‍ സങ്കല്‍പ്പിക്കുന്നു. നാദിയയുടെ സ്വപ്നങ്ങളിലേക്ക് യഥേഷ്ടം കടന്നു ചെല്ലുന്നതിനു “കാരണം സ്വപ്നം കാണേണ്ടത് എങ്ങനെയെന്ന് എനിക്കറിയില്ല” എന്ന ആഖ്യാതാവിന്റെ വിശദീകരണത്തില്‍ നോവലിലെ മാജിക്കല്‍ റിയലിസത്തിന്റെ പ്രയോഗം തുടങ്ങുന്നുണ്ട്. സഹപാഠിനിയായ മലൈകയെന്ന പെണ്‍കുട്ടിയോട് തോന്നുന്ന ഈര്‍ഷ്യഅവളുടെ ഉപ്പ ഉമ്മയെ സദാചാരക്കുറ്റം ചുമത്തി മൊഴിചൊല്ലിയതിനെ തുടര്‍ന്നുണ്ടാവുന്ന സാഹചര്യത്തില്‍ കണ്ണീരോടെ അവള്‍ പഠിത്തം നിര്‍ത്തുന്നത് വരെ തുടരുന്നു. അഹ്മദിന്റെ കത്തിലൂടെ പ്രണയത്തിന്റെ ആദ്യസ്പര്‍ശമേല്‍ക്കുന്ന നാദിയ കുട്ടിക്കാലം ചാടിക്കടന്ന് ആദ്യമായി സ്വകാര്യതയുടെ ഒരിടം ഉണ്ടാക്കിയെടുക്കുന്നത്‌ മുതിര്‍ന്നു വരവ് എന്ന പ്രക്രിയയുടെ മറ്റൊരു ചുവടുവെപ്പായിത്തീരുന്നുണ്ട് ഇരു കൂട്ടുകാരികള്‍ക്കും. ഉടലെന്ന ബോധ്യത്തിലേക്കുള്ള ആദ്യ ഉണരല്‍ കൂടിയായിത്തീരുന്നു പ്രണയം. ഫാറൂഖുമായി പ്രണയത്തിലാകുന്നതോടെ സമാനമായ ഒരു സ്വകാര്യതയുടെ സൃഷ്ടി ആഖ്യാതാവും അനുഭവിക്കുന്നുണ്ട്. മഴയെ സ്നേഹിക്കുകയും അതിന്റെ വരവ് മുന്‍കൂട്ടി കാണുകയും ചെയ്യുന്ന നാദിയക്ക്‌ ജൈവപ്രപഞ്ചവുമായി നല്ലൊരു അടുപ്പമുണ്ടെന്നു ആഖ്യാതാവ് കണ്ടെത്തുന്നു. അഹമദിനോട് തിരിച്ചു കിട്ടാതെ പോയ പ്രണയത്തിന്റെ വൈരാഗ്യമുള്ള മര്‍വനോവലില്‍ മറ്റൊരു മുഖ്യ കഥാപാത്രമായിത്തീരുന്നുണ്ട്. പില്‍ക്കാലം അധിനിവേശ സേനയുടെ വിവര്‍ത്തകയായിത്തീരുന്ന അവള്‍ കാരണമാണോ അഹ്മദ് ഒളിവില്‍ പോകേണ്ടി വരുന്നതെന്ന് നോവല്‍ തീര്‍ത്ത്‌ പറയുന്നില്ലെങ്കിലും അത്തരം സൂചനകളുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ സൈനിക റെയ്ഡ് സംബന്ധിച്ച അവശ്യ സൂചനകള്‍ ആഖ്യാതവിനും കുടുംബത്തിനും നല്‍കാനും മര്‍വ തയ്യാറാകുന്നുണ്ട്. പ്രണയഭംഗത്തിന്റെ അനുഭവം അഹ്മദില്‍ നിന്ന് നാദിയയെയും ഫാറൂഖില്‍ നിന്ന് “ഞാന്‍ നാദിയയുടെയും അഹ്മദിന്റെയും പ്രണയകഥ ജീവിക്കുകയായിരുന്നു” എന്നവകാശപ്പെടുന്ന ആഖ്യാതാവിനെ തന്നെയും കാത്തിരിപ്പുണ്ട്‌. നോവലന്ത്യത്തില്‍ ഈ സമവാക്യങ്ങളില്‍ ചിലത് മാറിമറിയുന്നുമുണ്ട്.

പ്രവാചകര്‍ചരിത്രംഭൂമിശാസ്ത്രം

    നോവലിലെ ഇതിവൃത്ത വികാസത്തില്‍ പ്രധാന പങ്കുള്ള മറ്റൊരു ഘടകം പരമ്പരാഗത ഭാവി പ്രവചനക്കാരുടെ സാന്നിധ്യമാണ്. അജ്ഞാതമായതില്‍ നിന്നുള്ള കത്തുകള്‍’ എന്ന രണ്ടാം ഭാഗത്താണ് ഭാവി കാലത്ത് നിന്നുള്ള ഒരു അതിഥിയെ പോലെ ആദ്യ പ്രവചനക്കാരനായ ‘നീണ്ടു മെലിഞ്ഞ വെട്ടിയൊതുക്കിയ താടിയുള്ള’ ആളുടെ കടന്നുവരവ്. അയാള്‍ മുഖത്തടിച്ചാണ് കാര്യങ്ങള്‍ പറയുക:

“നിങ്ങളില്‍ ആര്‍ക്കും ഈ സ്ഥലത്ത് ഒരു ഭാവിയില്ല... നിങ്ങള്‍ പ്രവാസികളായി ജീവിക്കും, നിങ്ങളുടെ കണ്ണീരിന് അവസാനമുണ്ടാകില്ല.”

ഏകാധിപതിയുടെ പതനത്തിനു മുമ്പുള്ള തൊണ്ണൂറുകളുടെ തന്നെ പശ്ചാത്തലത്തിലാണ് ഈ പ്രവചനങ്ങള്‍.

“പാലായനത്തിനു ധൃതി കൂട്ടുകകാരണം കൊടുങ്കാറ്റ് ഒരു ഭ്രാന്തന്റെ വേഗതയോടെ അടുത്തു വന്നു കൊണ്ടിരിക്കുകയാണ്.”

ആദ്യമൊക്കെ അയാളെ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ചുറ്റുവട്ടത്തെ ആളുകള്‍അയാളൊരു വിദേശ നുഴഞ്ഞുകയറ്റക്കാരനാണെന്ന് വരെ ആരോപിക്കുന്നു. നോവലിലെ ചുരുക്കം ചില ഹാസ്യ നിമിഷത്തിലൊന്നില്‍ “അയാളെ കാണാന്‍ ലിങ്കനെ പോലുണ്ട്” എന്ന് പരിഹസിക്കുന്നത് ലിങ്ക്സ് കേലി ചൂണ്ടിക്കാട്ടുന്നു (en.qantara.de). എന്നാല്‍ വൈകാതെ ഉപരോധത്തിന്റെ കാഠിന്യം അവരുടെ ദൈനംദിന കുലീനതയെ ബാധിച്ചു തുടങ്ങുന്നു. ബോംബു വര്‍ഷത്തേക്കാള്‍ കഠിനമായ ദുരനുഭവം

“പ്രതീക്ഷയുടെ മനോഭാവം അപഹരിച്ചു കളഞ്ഞു, പ്രതീക്ഷ അസ്തമിക്കുന്നതോടെ ജീവിതമെന്നത്‌ ഒരു ദുരിത ദിനത്തില്‍ നിന്നും മറ്റൊരു കൂടിയ ദുരിത ദിനത്തിലേക്കുള്ള പോക്കെന്ന വെറുമൊരു ചടങ്ങായി മാറുന്നു.”

ഇത്തരം തുറുകണ്ണന്‍ സമയങ്ങളില്‍ രാഷ്ട്രീയ പോരാട്ടമൊക്കെ അസംബന്ധമായി മാറുന്നു എന്ന തോന്നലിലാവാംആഖ്യാതാവും നാദിയയും സ്കൂള്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാതെ തങ്ങളുടെ കൂട്ടുകാരെ തേടി പോകുന്നത്. എന്നാല്‍പ്രകടമായ രാഷ്ട്രീയ ബദലുകളില്‍ താല്‍പ്പര്യമുള്ളവരല്ല ഇരു കൂട്ടുകാരികളും എന്നത് നോവലിന്റെ കേന്ദ്രത്തില്‍ ഒരു അരാഷ്ട്രീയതയുണ്ടോ എന്ന സന്ദേഹമുണര്‍ത്താം. യൂണിവേഴ്സിറ്റി കാലത്തുപോലും “എനിക്ക് രാഷ്ട്രീയം മനസ്സിലായില്ലരാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും മനസ്സിലാക്കാന്‍ എനിക്ക് ആഗ്രഹവുമുണ്ടായിരുന്നില്ല” എന്ന് നിലപാടെടുക്കുന്ന ആഖ്യാതാവില്‍ അവിടെയാണ് നോവലിന്റെ അവസാന ഭാഗങ്ങളിലെ അടക്കിപ്പിടിച്ച രോഷത്തിന്റെ ആവിഷ്കാരങ്ങള്‍ പ്രസക്തമാകുന്നത്. ഏകാധിപതിയുടെ വീഴ്ച്ച ആവശ്യമായിരുന്നില്ലേ എന്ന ചോദ്യത്തിന്ഒരു ദേശത്തിന്റെ രാഷ്ട്രീയ ക്രമങ്ങളില്‍ തിരുത്തലും മാറ്റങ്ങളും വരുത്തേണ്ടതും ഇടപെടെണ്ടതും അയഥാര്‍ത്ഥ ഒഴികഴിവുകളോടെ ഇരമ്പിയെത്തുന്ന അധിനിവേശ സൈന്യമല്ല എന്ന നോവലിസ്റ്റിന്റെ അഭിമുഖ മറുപടി ഇതോടു ചേര്‍ത്തു കാണാം. സംഘര്‍ഷ കാലങ്ങളില്‍ ജീവിതത്തിന്റെ പടവുകള്‍ കയറുന്ന പെണ്‍കുട്ടികളുടെ അനുഭവാവിഷ്കാരങ്ങളില്‍ ശ്രദ്ധയൂന്നുന്ന നോവല്‍ എന്ന നിലയില്‍ യുദ്ധത്തിന്റെയോ ഉപരോധത്തിന്റെയോ സ്ഥൂലചിത്രങ്ങള്‍ ഏറെക്കുറെ ഇതിവൃത്തത്തിന് പുറത്താണെന്നതും ഈ നിലപാടിന്റെ തുടര്‍ച്ചയാണ്. തെരുവില്‍ കുമിയുന്ന തകര്‍ന്ന വാഹനങ്ങള്‍വാതിലുകള്‍ക്ക് മുന്നിലെ ചവറു കൂനകള്‍വീടുകള്‍ക്ക് മുന്നില്‍ മുമ്പില്ലാത്ത വിധം ഉയര്‍ന്ന മതിലുകള്‍മുന്‍ വാതിലില്‍ ഇരട്ടിപ്പിച്ച വലിയ പൂട്ടുകള്‍‘അകത്തെ മുറികളിലേക്ക് പിന്‍വാങ്ങുന്ന ജീവിതം’ തുടങ്ങിയ സൂചക ബിംബങ്ങളിലൂടെയും ഇറാഖി ദിനാറിന്റെ അഭാവം പോലുള്ള നാണയ വ്യവസ്ഥയിലെ മാറ്റങ്ങളും എല്ലായിടത്തും രാപ്പകല്‍ ഭേദമെന്യേ പെരുകുന്ന മോഷണങ്ങളും എപ്പോഴും കുരച്ചുകൊണ്ടിരിക്കുന്ന ബിര്‍യാദും – ഈ ബിംബങ്ങളാണ്‌ നോവലിസ്റ്റ് സമകാലിക യാഥാര്‍ത്ഥ്യത്തിന്റെ മുദ്രകള്‍ ആയി കണ്ടെടുക്കുന്നത്. രണ്ടാമതൊരിക്കല്‍ കൂടി ഭാവി പ്രവചനക്കാരന്‍ വരുമ്പോള്‍ ഓരോരുത്തരും അവരവരുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടതിന്റെയും കപ്പലില്‍ ചാടിക്കേറേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചാണ് അയാള്‍ പറയുക.

“നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ പറയുന്നത്.. ഈ ഉപരോധം നീണ്ടതാണ്ഉടനൊന്നും തീരുകയുമില്ല. അവയുടെ അന്ത്യം ശരിക്കും വരുമ്പോള്‍യുദ്ധം തുടങ്ങുംപിന്നെ എല്ലാം വിസ്മൃതിയില്‍ ലയിക്കും.”

നോവലില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു സ്ത്രീ പ്രവാചികഇറാഖും ഇറാഖി ജനതയും എക്കാലവും ചരിത്രം കൊണ്ടും ഭൂമിശാസ്ത്രം കൊണ്ടും ശപിക്കപ്പെട്ടവരായിരുന്നു എന്ന് പറയുന്നുണ്ട്.

“നിങ്ങള്‍ സുദീര്‍ഘവും വിഘടിതവുമായ ഒരു ചരിത്രത്തിന്റെ സന്തതികളാണ്.. വേദനയുടെ ചരിത്രം മാത്രമാണ് നിങ്ങളുടെ കാലത്തിലൂടെ ഒഴുകുന്ന ഒരേയൊരു നദി”.

“നിങ്ങള്‍ ഒന്നാമതായി ഭൂമിശാസ്ത്രത്തിന്റെ ഇരകളാണ്. നിങ്ങളുടെ രാജ്യം കടല്‍ക്കാറ്റ് ശ്വസിക്കാന്‍ കഴിയും വിധം മെഡിറ്ററേനിയനിലല്ല; എണ്ണ കൊണ്ടുവരുന്ന ആര്‍ഭാടത്തില്‍ ജീവിക്കാനാവും വിധം മരുഭൂമിയിലുമല്ല. നിങ്ങള്‍ ഇവക്കു രണ്ടിനുമിടയില്‍സൂര്യന്റെ എരിച്ചില്‍ കൊല്ലം മുഴുവന്‍ ഏല്‍ക്കും വിധത്തിലാണ്. .. വെളിച്ചം അന്ധതപോലെയാണ്അത് സ്വപ്‌നങ്ങള്‍ കുമിഞ്ഞുകൂടുന്നത് തടയും... അയയില്‍ കെട്ടിയ കുപ്പായത്തെ ഉണക്കുമ്പോലെ സൂര്യന്‍ ആശയങ്ങളെ ഉണക്കിക്കളയും... ആധുനിക നാഗരികതകള്‍ ശൈത്യകാല സാഹചര്യങ്ങളിലാണ് കാണപ്പെടുന്നത്.”

ഇതിനെന്താണ് പരിഹാരമെന്ന ചോദ്യത്തിന് പ്രവാചികയുടെ മറുപടി ഇങ്ങനെയാണ്:

 “ഭൂമിശാസ്ത്രത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ല. എന്നാല്‍ ചരിത്രം നിര്‍മ്മിക്കപ്പെടുകയാണ്. ഭൂമിശാസ്ത്രത്തെ മെരുക്കുകചരിത്രത്തെ മാറ്റുക.”

‘ചരിത്രത്തിന്റെ ഭ്രാന്ത്’ വേര്‍പ്പെടുത്തിക്കളഞ്ഞ കൂട്ടുകാരികള്‍ നോവലന്ത്യത്തില്‍ ദുബായിയില്‍ വെച്ച് വീണ്ടും സന്ധിക്കുന്നതിനെ ‘ഭൂമിശാസ്ത്രം ഒരുമിച്ചു കൂട്ടിയത്’ എന്ന് ആഖ്യാതാവ് നിരീക്ഷിക്കുന്നതും ഇതേ അര്‍ത്ഥത്തിലാണ്.

കഥകള്‍, ആഖ്യാനം

    യുദ്ധവും അധിനിവേശവും ഒരാള്‍ക്ക് തന്റെ കഥകള്‍ പറയാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്ന കാഴ്ചപ്പാട് നോവലില്‍ നിര്‍ണ്ണായകമാണ്. ഇറാഖിന്റെ സഹനപര്‍വ്വം ഇച്ഛാഭംഗമായി ആഖ്യാതാവിനെ വേട്ടയാടുന്ന രണ്ടാം ഗള്‍ഫ് യുദ്ധകാലത്ത് അധിനിവേശ സൈനികരോടുള്ള രോഷം വാചാലമാകുന്നുണ്ട്:

“അമേരിക്കന്‍ വൈമാനികന് അറിയാത്ത കാര്യംഈ സ്ഥലം ഇല്ലായ്മയില്‍ നിന്ന് വന്നെത്തിയപ്പോള്‍ ഞാന്‍ അധിവസിച്ച ആദ്യ ഗൃഹമാണ്എന്റെ വൈയക്തിക നാഗരികത സ്ഥാപിച്ചതും ഇവിടെയാണ്‌. ഈ ഇടത്തില്‍ഞാന്‍ 7300-ല്‍ അധികം രാത്രികള്‍ ഉറങ്ങിയിട്ടുണ്ട്7300-ല്‍ അധികം തവണ ഉണര്‍ന്നിട്ടുണ്ട്എന്റെ പേര് 7300 മില്യനില്‍ ഏറെ തവണ വിളിക്കപ്പെടുന്നത് കേട്ടിട്ടുമുണ്ട്.”

അവള്‍ക്ക് അയാളോട് പറയാന്‍ ഇതേയുള്ളൂ: 

“ഇത്തവണ നിങ്ങള്‍ അരങ്ങില്‍ തനിച്ചാണ്. ഞങ്ങള്‍ തളര്‍ന്നു പോയിരിക്കുന്നു, നിരാശരുമാണ്. വരികഞങ്ങളെ ഈ ഭൂമിക്ക് ആവശ്യമില്ലാത്ത മനുഷ്യാവശിഷ്ടങ്ങളായി വലിച്ചെറിഞ്ഞു കളയുകഞങ്ങള്‍ക്കും ഇനി അതിന്റെ ആവശ്യമില്ല.”

കൂടെ ഇത്രയും പ്രാര്‍ത്ഥനയും:

“പ്രിയ വൈമാനികാഞങ്ങളോട് കരുണ കാട്ടണേ! ഞങ്ങള്‍ പ്രാര്‍ത്ഥനകള്‍ കൊണ്ടുംസ്വപ്‌നങ്ങള്‍ കൊണ്ടും, നിശ്വാസങ്ങളും ചിരികളും പാട്ടുകളും അമ്മമാരുടെ വിലാപങ്ങളും കൊണ്ടും ഉയര്‍ത്തിയ ഈ ആകാശത്തെ മുറിവേല്‍പ്പിക്കരുതേ!”

വരും തലമുറയോട് തങ്ങളുടെ കഥകള്‍ എങ്ങനെയാണ് പറയുകയെന്നു ആഖ്യാതാവ് അങ്കലാപ്പിലാകുന്നുണ്ട്

“എങ്ങനെയാണ് ഭാവിയില്‍ ഇക്കഥകള്‍ ഞാനെന്റെ മക്കളോട്പറയുക? ഒരു മഹാരാജ്യത്തിന്റെ രണ്ടു പ്രസിഡന്റുമാര്‍ എന്റെ കുട്ടിക്കാലത്തെ റോക്കറ്റുകളുമായി വേട്ടയാടി എന്ന് അവരുടെ പേരക്കിടാങ്ങള്‍ എങ്ങനെയാണ് വിശ്വസിക്കുക?”

ആഖ്യാതാവിന്റെ സ്വപ്നത്തില്‍ എത്തുന്ന അബു അഹ്മദ് നൈരാശ്യത്തിന്റെ ഏറ്റവും വലിയ അപനിര്‍മ്മാണം നടത്തുന്നു:

“ഹാരൂണ്‍ അല്‍ റഷീദ് ഒരു ബാഗ്ദാദ് ആശയമാണ്അതിന്റെ ജനങ്ങള്‍ കാണുന്ന ഒരു സ്വപ്നം. ഹാരൂണ്‍ അല്‍ റഷീദിന്റെ ബാഗ്ദാദ് എന്നത് നഗരം അതെക്കുറിച്ച് തന്നെ പറയുന്ന ഒരു കഥയാണ്‌. കഥയുടെ സത്യമോ അസത്യമോ സ്വയം ഒട്ടും പ്രധാനമേയല്ല.”

ഉപരോധം ദുസ്സഹമാകുന്ന ഒരു ഘട്ടത്തില്‍ വല്യുമ്മയുടെ വീട്ടില്‍ പോകുന്നതും യൂഫ്രട്ടീസ് തീരത്തുള്ള മായിക സൌന്ദര്യമുള്ള, ‘പൂര്‍വ്വികരുടെ കുഴിമാടങ്ങളും ആത്മാക്കളും നിറഞ്ഞ’ ഗ്രാമം സന്ദര്‍ശിക്കാന്‍ ഇടയാകുന്നതും ബുഷ്‌ സീനിയറിനും ജൂനിയറിനും നന്ദി പറയാനുള്ള കാര്യമായി അവള്‍ കാണുന്നു.

“ഒരു വീടിന്റെ സ്വാസ്ഥ്യം എന്നത് അവിടെ കഴിയുന്നവരുടെ സ്വാസ്ഥ്യം തന്നെയാണ്. അക്കാലത്ത് ഞങ്ങളുടെ വീട് സ്വസ്ഥമായിരുന്നില്ല.”

കീഴ്പ്പെടുത്തപ്പെട്ട ബാഗ്ദാദിനും നോവലിലെ പ്രധാന സൂചക സ്വാധീനമായ മാര്‍ക്കേസ് കൃതിയിലെ മക്കൊണ്ടോയും തമ്മിലുള്ള സമാനതകള്‍ ആഖ്യാതാവിനെ വിസ്മയിപ്പിക്കുന്നു. സഞ്ചിത സ്മൃതിനാശത്തിന്റെ മക്കൊണ്ടോ സമാനത ബാഗ്ദാദിലും അവര്‍ കണ്ടെത്തുന്നു. ‘മക്കൊണ്ടോ ഗ്രാമത്തില്‍ വിശിഷ്ട പൌരത്വം നേടിയവള്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആഖ്യാതാവിന് ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ ഒരു അഭയവും ആയിത്തീരുന്നുണ്ട്. “കടുത്ത കാലങ്ങളില്‍ കണ്ടെത്താനാവുന്ന ആ സന്തോഷത്തിനു പ്രണാമം!” എന്ന് അവള്‍ വിസ്മയിക്കുന്നു. മാര്‍ക്കേസിന്റെ മാസ്റ്റര്‍പീസ് നാദിയക്ക്‌ ബോറടിപ്പിക്കുന്നതും നിരാശാജനകവും ആയി അനുഭവപ്പെടുന്നത് അവള്‍ക്ക് മനസ്സിലാക്കാനേ കഴിയുന്നില്ല. നോവലിലെ മെറ്റാഫിക് ഷന്‍ തലം പ്രകടമാക്കുന്ന ഒരു ഖണ്ഡത്തില്‍ നാദിയയോടൊപ്പം, കൃത്യമായ ചില സുപ്രധാന വസ്തുതാ വിവരണങ്ങളിലൂടെ ബായ്ദയെന്ന കൂട്ടുകാരിയുടെയും സഹകരണത്തോടെ, ചുറ്റുവട്ടത്തിന്റെ കഥ ഒരു പുസ്തകത്തില്‍ കുറിച്ച് വെക്കാന്‍ തുടങ്ങുന്നുണ്ട് ആഖ്യാതാവ്. ‘ദി ബാഗ്ദാദ് ക്ലോക്ക്: ഒരു ചുറ്റുവട്ടത്തിന്റെ രേഖ’ എന്ന് പേരിട്ട ആഖ്യാനം നോവലിസ്റ്റ് വായനക്കാര്‍ക്ക് നല്‍കുന്ന ഉള്ളടക്കത്തിന്റെ ഭാഗം തന്നെയാണ്ഒരു പക്ഷെ ഒരാവര്‍ത്തന ചിത്രവും. യൂണിവേഴ്സിറ്റി പഠനം തുടങ്ങുന്ന ഘട്ടത്തില്‍ വഴിപിരിയേണ്ടി വരുന്ന നാദിയയില്ലാതെഒറ്റപ്പെടുന്ന ആഖ്യാതാവിന് ഏക തുണയാവുക മറ്റൊരു ഡിപ്പാര്‍ട്ട്മെന്റില്‍ എങ്കിലും അതേ യൂനിവേഴ്സിറ്റിയില്‍ എത്തുന്ന ബായ്ദയാണ്. ഷൌക്കത്ത് അമ്മാവന്‍ വിട്ടുപോകുന്നതോടെ സ്വത്വം നഷ്ടപ്പെടുന്ന ചുറ്റുവട്ടത്തിന്റെ സ്മൃതികളില്‍ ഈ കുറിപ്പുകള്‍ നിര്‍ണ്ണായകമാകും:

“ബാജി അമ്മായിയും അവരുടെ ഡ്രൈവറും വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ കാല്‍ക്കീഴില്‍ നിന്ന് ഭൂതകാലത്തെ മോഷ്ടിച്ചു കളഞ്ഞുഞങ്ങള്‍ വിസ്മൃതിയുടെ ഒരു കിണറ്റിലേക്ക് പതിക്കുകയും ചെയ്തു. ഓര്‍മ്മയുടെ പേന കൊണ്ട് ഞങ്ങള്‍ എഴുതിയ ‘ബാഗ്ദാദ് ക്ലോക്ക്: ഒരു ചുറ്റുവട്ടത്തില്‍ന്റെ രേഖ’ ഇല്ലായിരുന്നെങ്കില്‍, ചുറ്റുവട്ടവും അതിന്റെ മുഴുവന്‍ ചരിത്രവും പിറ്റേന്ന് പ്രഭാതത്തില്‍ മറന്നുപോകുന്ന ഒരു നീണ്ട മഞ്ഞുകാല രാവിന്റെ സ്വപ്നം മാത്രമായി ഓടുങ്ങിയേനെ.”

യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ആദ്യ രക്തസാക്ഷിയായിത്തീരുന്ന ആദിലിന്റെ ഭൌതികാവശിഷ്ടം എത്തിച്ചേരുമ്പോള്‍ പള്ളിയില്‍ മുഴങ്ങുന്ന വാങ്കുവിളി മരണത്തിനു കാതോര്‍ക്കലായി ആഖ്യാതാവ് സങ്കല്‍പ്പിക്കുന്നു

“മരണമെന്നത്‌ അബ്ദുല്‍ ബാസിത് അബ്ദുല്‍ സമദ് ഖുറാനിലെ ഒരു സൂറത്തിന്റെ തുടക്കമായ അലിഫ് ലാം മീം ചൊല്ലുന്നതിന്റെ സ്വരം കൂട്ടം ചേര്‍ന്ന് ശ്രദ്ധിക്കലാണ്. അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗീയ നാദം നമ്മുടെ ഇഹലോക ജീവിതത്തിനും അജ്ഞാതമായ അനശ്വരതക്കും ഇടയില്‍ ഒരു കൃത്യമായ വിഭജനരേഖ വരയ്ക്കുന്നു.”  

നൊമ്പരക്കാഴ്ച്ചകള്‍  

    ആഖ്യാതാവും നാദിയയുമെല്ലാം പ്രണയഭംഗത്തിന്റെ വേദന ഓരോരോ ഘട്ടങ്ങളില്‍ അനുഭവിക്കുമെങ്കിലും പ്രണയം മരണം തന്നെയായി മാറുന്ന ദുര്‍വ്വിധി നേരിടുക മയാദയെന്ന കൂട്ടുകാരിയാണ്. ഡോ. തൌഫീക്ക് എന്ന എന്തുകൊണ്ടും ചേരുന്ന ബന്ധത്തില്‍ വില്ലനാവുക അപ്രവചനീയ സ്വഭാവങ്ങളുള്ള അവളുടെ സഹോദരന്‍ ഹോസ്സാം ആയിരിക്കും. ചിന്താശൂന്യമായ ഒരു നിമിഷത്തില്‍ ഒരു പ്രകോപനവുമില്ലാത്ത അഭിമാനക്കൊലയായി സഹോദരിയെ വധിച്ചു ഓടിപ്പോകുന്ന അയാള്‍ വീണ്ടും ഇതിവൃത്തത്തില്‍ കടന്നുവരിക വര്‍ഷങ്ങള്‍ക്ക് ശേഷം യുദ്ധാനന്തര ഭരണകൂടത്തില്‍ സ്വാധീനമുള്ള പുതിയ അവതരമായാണ്. നീണ്ട താടിയും തിരിച്ചറിയാനാവാത്ത മാറ്റങ്ങളുമായി ചുറ്റുവട്ടത്തെ ഉടമകള്‍ വിട്ടുപോയ വീടുകള്‍ വഞ്ചനാപൂര്‍വ്വം മറിച്ചു വില്‍ക്കുന്ന അയാള്‍ക്ക് വിധിയുടെ പ്രതികാരം (nemesis) സ്വന്തം വീട്ടില്‍ തന്റെ കൈകൊണ്ടു മരിച്ച സഹോദരിയുടെ രൂപത്തില്‍ നേരിടേണ്ടി വരും. മാജിക്കല്‍ റിയലിസം ഏറ്റവും ശക്തമായി ഉപയോഗിക്കപ്പെടുന്ന ഈ മുഖാമുഖം മൊസൈക് തറയില്‍ വേരിറങ്ങിയ അയാളുടെ നില്‍പ്പുമരണത്തില്‍ കലാശിക്കും.     

    ഷൌകത്ത് അമ്മാവന്റെ പാത്രസൃഷ്ടി സാമൂഹികാന്തരീക്ഷത്തില്‍ അധിനിവേശവും യുദ്ധവും ഉപരോധവും ചേര്‍ന്ന് സൃഷ്ടിക്കുന്ന മാനുഷിക ദുരന്തത്തിന്റെ ശക്തമായ ആവിഷ്കാരമാണ്. ബാജി നാദിറ അമ്മായി വിട്ടുപോയ ശേഷം ഏകാന്തതയില്‍ ‘തടവിലായിപ്പോകുന്ന’ ഷൌക്കത്ത് അമ്മാവന്‍ ഒരു നോമ്പരക്കാഴ്ചയാണ്: ഒരാള്‍ക്ക് ഏകാന്തനായി മരിക്കേണ്ടി വരുന്നത് വളരെ കടുത്തതാണെന്ന് ആഖ്യാതാവിന്റെ ഉമ്മ നിരീക്ഷിക്കുന്നു. കിര്‍ക്കുക്കിലെ തുര്‍ക്മാന്‍ സ്വദേശിയായ ഷൌക്കത്ത് അമ്മാവന്‍ അങ്ങോട്ടേക്ക് വിട്ടുപോകാന്‍ കൂട്ടാക്കുന്നുമില്ല. ബിര്‍യാദ് എന്ന നായക്കുട്ടി അയാള്‍ക്ക് കൂട്ടായി എത്തുന്നത് ഈ ഘട്ടത്തിലാണ്. നോവലില്‍ ഒരു മുഖ്യ കഥാപാത്രം തന്നെയായിത്തീരുന്ന ബിര്‍യാദിന്റെ കഥയും ഷൌക്കത്ത് അമ്മാവന്റെ വിധിയുമായി കെട്ടുപിണഞ്ഞ ദുരന്തചിത്രത്തിന്റെ ഭാഗം തന്നെയാണ്. ഓരോരുത്തരായി ‘ചുറ്റുവട്ടം’ വിട്ടുപോകുമ്പോള്‍ സ്വയം പ്രഖ്യാപിത കാവല്‍ക്കാരനായി എല്ലാം സംരക്ഷിക്കാന്‍ പാടുപെടുന്ന ഷൌക്കത്ത് അമ്മാവന് ബിര്‍യാദിന്റെ മികച്ച പിന്തുണയുണ്ട്. ചുറ്റുവട്ടത്തില്‍ എല്ലാവരുടെയും വേണ്ടപ്പെട്ടവനായികാവലും കൂട്ടുമായി ഏതാണ്ടൊരു രാജകീയ പ്രൌഡിയോടെ കഴിഞ്ഞ ബിര്‍യാദിന് ബാജി അമ്മായി വിട്ടുപോകുമ്പോള്‍ പൊരുളറിയാതെ വിഷമിക്കുന്നുവെങ്കിലും അപ്പോള്‍ ഷൌക്കത്ത് അമ്മാവനുണ്ട്. എന്നാല്‍ചുറ്റുവട്ടത്തിലെ ക്രിസ്തീയ കുടുംബമായ ഉമ്മു റീത അമ്മായിയും കൂട്ടരും വിട്ടുപോകുകയും പ്രദേശത്തു നിര്‍ബ്ബാധം വിലസുന്ന മോഷ്ടാക്കള്‍ അവിടെ നിന്ന് വിലയേറിയതെല്ലാം മോഷ്ടിക്കുകയും ചെയ്യുന്നതോടെ ഷൌക്കത്ത് അമ്മാവന് അവന്‍ തന്നെ ഒറ്റിക്കൊടുത്തു എന്ന തോന്നലുണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ തന്നെയാണ് അവനെ വീട്ടിനകത്താക്കി ഉറങ്ങിപ്പോയത്. രോഗബാധിതനായി പഴയ ഓജസ്സും വൃത്തിയും നഷ്ടപ്പെടുകയും അകാരണമായ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ജയില്‍ വാസത്തെ തുടര്‍ന്ന് തീര്‍ത്തും അവശനാകുകയും ചെയ്യുന്ന ഷൌക്കത്ത് അമ്മാവന്റെ അപചയം ഉള്ളുലക്കുന്ന അനുഭവങ്ങളായി നോവലിസ്റ്റ് ചിത്രീകരിക്കുന്നുണ്ട്. ഖലീലുമായുള്ള പ്രണയ സാഫല്യമായ വിവാഹനിമിഷത്തിലും പ്രവചനക്കാരന്റെ വാക്കുകളില്‍ വിറകൊണ്ടു വിഭ്രമത്തിലാകുകയും ആര്‍ക്കും നിയന്ത്രിക്കാനാവാതെ എല്ലാവരെയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഷുരുഖ്, രോഗിയും അവശനുമെങ്കിലും ഷൌക്കത്ത് അമ്മാവന്റെ ഇടപെടലില്‍ ആ പഴയ കുഞ്ഞാവുകയും അനുസരണയോടെ അവളുടെ പ്രസന്നതയിലേക്ക് തിരിച്ചു വരികയും ചെയ്യുന്നത് നോവലിലെ ഹൃദ്യമായ ഒരു മുഹൂര്‍ത്തമാണ്. മരണാസന്നനായി കഴിയുന്ന ഷൌക്കത്ത് അമ്മാവനെ തേടി “ഈ ഇടത്തിന്റെ സങ്കടങ്ങളുടെ ചരിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത തരം കണ്ണീരുമായി” ബാജി നാദിറാ അമ്മായി തിരികെയെത്തുന്നതും ഓര്‍മ്മകളെ തിരികെ പിടിക്കാനാവാതെ പാടുപെടുന്ന അയാള്‍ എതിര്‍പ്പൊന്നും കൂടാതെ അവരോടൊപ്പം പോകുന്നതും വീണ്ടും ഒറ്റപ്പെടുന്നതും ബിര്‍യാദിന് മറ്റൊരു പൊരുളറിയാത്ത അനുഭവമാകും. ഈ ഘട്ടത്തിലും വീട് വില്‍പ്പനക്കില്ലെന്നും എല്ലാം ഉടന്‍ ശരിയാകുമെന്നും അപ്പോള്‍ തിരികെ വരാമെന്നുമുള്ള ഷൌക്കത്ത് അമ്മാവന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അയാളുടെ ശുഭാപ്തിയുടെ ആത്യന്തിക നിരര്‍ത്ഥകത കൂടി സൂചിപ്പിക്കുന്നുണ്ട്. “അജ്ഞാതരുടെ ശ്മശാനത്തിന് കാവലിരുന്ന ഷൌക്കത്ത് അമ്മാവന്‍” വിട്ടുപോകുന്നതോടെ ചുറ്റുവട്ടം അതല്ലാതായിത്തീരുന്നതായി ആഖ്യാതാവ് നിരീക്ഷിക്കുന്നു. വിട്ടുപോകുന്ന അവസാനത്തെ കൂട്ടരായി ആഖ്യാതാവിന്റെ സ്വന്തം കുടുംബം ബിര്‍യാദിന്റെ പൊരുളറിയായ്മയുടെയും അവസാനത്തെ കണ്ണിയാകും. പിന്നെയുണ്ടാകുന്നത് പ്രദേശത്തെ കുട്ടികളുടെ നിരന്തര ഇരയായി മുറിവേറ്റ ഉടലും മനസ്സുമായി ദുസ്സഹ ജീവിതത്തിനും അതിലേറെ അവമതിക്കുമൊടുവില്‍ ലോറിക്കടിയിലേക്ക് അവന്‍ സ്വയം തെരഞ്ഞെടുക്കുന്ന അന്ത്യമാണ്; കഥ പറയാനായി ജീവിച്ചിരിക്കുന്ന ആ ‘ഒരാളുടെ ദൗത്യ’മല്ല ബിര്‍യാദിന് നോവലിസ്റ്റ് ചാര്‍ത്തിക്കൊടുക്കുന്നത് എന്നു സാരം.            

    ഭാവികാലം എന്ന് പേരിട്ട അവസാന ഭാഗം മുഖ്യ കഥാപാത്രങ്ങളുടെ മുഴുവന്‍ വിധിയുടെ ബാക്കിപത്രം അനാവരണം ചെയ്യുന്നതിലൂടെ ആഖ്യാനത്തെ  പരിസമാപ്തിയില്‍ എത്തിക്കുകയാണ്, നാദിയയുമായി ഇ മെയ്ല്‍ ബന്ധം സ്ഥാപിക്കാനാവുന്നതാണ് എല്ലാത്തിന്റെയും തുടക്കമാകുന്നത്. പ്രമേയ ചര്‍ച്ചകളെ ഈ ഭാഗം അത്രക്കൊന്നും മുന്നോട്ടു കൊണ്ടുപോകുന്നില്ല എന്ന് നിരീക്ഷിക്കാനാകും. രാഷ്ട്രീയ ഉള്‍ക്കാഴ്ചയുടെയോ വൈകാരിക ഉള്ളടക്കത്തിന്റെയോ കരുത്തിന്റെ കാര്യത്തില്‍ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട് എഴുത്തുകാരിക്ക് എന്ന തോന്നല്‍ സൃഷ്ടിക്കുമ്പോഴും താരതമ്യേന ആയാസരഹിതവും സുരക്ഷിതവുമായ ചുറ്റുപാടുകളില്‍ എത്തിച്ചേര്‍ന്ന ഒരു ഉന്നത വിഭാഗ യുവതി തന്റെയും സഹജീവികളുടെയും ദുരിത കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്ന, തന്റെ തന്നെ ഭൂതകാല സ്വത്വത്തെ മുന്നില്‍ നിര്‍ത്തി ആശ്വസിപ്പിക്കുന്ന, ചടുല വായന ഉറപ്പു നല്‍കുന്ന ആഖ്യാനമായി നോവലിനെ കണക്കാക്കാം. 2018-ല്‍ IPAF ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കും മുമ്പേ അറബ് സാഹിത്യത്തില്‍ ഒരു ബെസ്റ്റ് സെല്ലര്‍ എന്ന നിലയില്‍ പുസ്തകം മാറിക്കഴിഞ്ഞിരുന്നു. മാജിക്കല്‍ റിയലിസത്തിന്റെ മനോഹരമായ പ്രയോഗം പുസ്തകത്തെ മികവുറ്റതാക്കുന്നു എന്ന് വായനാ സമൂഹം പൊതുവേ വിലയിരുത്തിയപ്പോള്‍, നിരൂപകരില്‍ ചിലര്‍ എകാഗ്രതയില്ലാത്ത ആഖ്യാനമെന്നു നോവലിനെ വിമര്‍ശിച്ചു. എന്തായാലുംഇറാഖി യാഥാര്‍ത്ഥ്യങ്ങളും സാമൂഹികാവസ്ഥകളും നിശിതമായി ആവിഷ്കരിക്കുന്ന മുഹ്സിന്‍ അല്‍ റംലി (ഡേറ്റ്സ് ഓണ്‍ മൈ ഫിങ്കേഴ്സ്ദി പ്രസിഡന്റ്‌സ് ഗാര്‍ഡെന്‍)സിനാന്‍ അന്തൂന്‍ (ദി കോര്‍പ്സ് വാഷര്‍ദി ബാഗ്ദാദ് ബ്ലൂസ്)ഹസ്സന്‍ ബ്ലാസ്സിം (ദി ഇറാഖി ക്രൈസ്റ്റ്ദി കോര്‍പ്സ് എക്സിബിഷന്‍)അഹമദ് സഅദാവി (ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്), അലി ബാദര്‍ (പപ്പാ സാര്‍ത്രെദി റ്റുബാക്കോ ഗാര്‍ഡ്..), ബെതൂല്‍ ഖദൈരി (എ സ്കൈ സൊ ക്ലോസ്ആബ്സന്റ്: എ നോവല്‍) തുടങ്ങിയ മികച്ച എഴുത്തുകാരുടെ നിരയിലേക്ക് ശക്തമായ ഒരു പുതിയ ശബ്ദത്തിന്റെ വരവാണ് നോവല്‍ അടയാളപ്പെടുത്തുന്നത്.


For more on Iraqi experience:

Frankenstein in Baghdad by Ahmed Saadawi

https://alittlesomethings.blogspot.com/2024/06/frankenstein-in-baghdad-by-ahmed-saadawi.html

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Corpse Washer by Sinan Antoon

https://alittlesomethings.blogspot.com/2018/01/blog-post_20.html

Dates on My Fingers by Muhsin al-Ramli

https://alittlesomethings.blogspot.com/2018/03/07.html


 


Monday, June 24, 2024

Frankenstein in Baghdad by Ahmed Saadawi / Jonathan Wright

 സൃഷ്ടിയുടെ കൈത്തെറ്റായി അതിമാനുഷന്‍



(ഇറാഖി നോവലിസ്റ്റ് അഹമദ് സഅദാവിയുടെ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ് എന്ന നോവലിനെ കുറിച്ച്. അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്ന നോവല്‍ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കുകയും മാന്‍ ബുക്കര്‍ പുരസ്കാത്തിനു ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

    മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു ഭൂപ്രദേശത്ത്‌ ഒരു പുനരവതാരം ഉണ്ടാകുകയാണ് ഇവിടെ. എന്നാല്‍ നോവലിന്റെ പശ്ചാത്തലം ഗോഥിക് ഹൊറര്‍ ചുറ്റുവട്ടങ്ങളിലേക്കല്ല, തികച്ചും കാഫ്കേയസ്ക് അന്തരീക്ഷത്തിലേക്കാണ് അനുവാചകനെ കൂട്ടിക്കൊണ്ടു പോകുന്നത്.) 

    അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്നതിന് ശവപ്രദര്‍ശനം എന്ന രൂപകം തെരഞ്ഞെടുക്കുന്നത് വിഖ്യാത ഇറാഖി എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഹസ്സന്‍ ബ്ലാസിം ആണ്. ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളും എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും സര്‍വ്വനാശത്തിന്റെയും ശൈഥില്യത്തിന്റെയും പ്രതീക്ഷയറ്റ പാഴ്ഭൂമിയില്‍ കണ്ടും കൊണ്ടും മടുത്ത, അപമാനവീകരിക്കപ്പെട്ട കഥാപാത്രങ്ങളുടെ വികാരശൂന്യമായ മൃത്യുന്മാദമാണ് അവതരിപ്പിക്കുന്നത്‌. തലക്കെട്ട്‌ സൂചിപ്പിക്കുന്ന ആദ്യ കഥയിലെത് പോലെ മനുഷ്യ ഹത്യയെന്നത് ഒരു കലാകാരന് തന്റെ സര്‍ഗ്ഗപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ഉന്മാദം പകരുന്ന, മികച്ച കൈയ്യടക്കവും സൗന്ദര്യ ദീക്ഷയും ആവശ്യമുള്ള, അനുവാചക ലോകത്തെ മുഗ്ധമാക്കാന്‍ കഴിയേണ്ട സാധനയായി മാറുന്ന വിപര്യയം ഹിംസയെ ഏതാണ്ട് കുലീനവും നിഷ്ഠബദ്ധവും തന്നെയായ ആഘോഷമാക്കി മാറ്റുന്നു. ഹസന്‍ ബ്ലാസിമിനെ ഇറാഖി കാഫ് കയെന്നു വിളിക്കാമെങ്കില്‍ ഇറാഖി ബെക്കറ്റ് എന്നു വിളിക്കപ്പെട്ട എഴുത്തുകാരനായ സമകാലിക ഇറാഖി സാഹിത്യത്തിലെ മറ്റൊരു വലിയ സാന്നിധ്യമായ സിനാന്‍ അന്തൂന്‍ രചിച്ച ‘ദി കോര്‍പ്സ് വാഷര്‍’ എന്ന നോവലിലും കുലത്തൊഴിലായ മയ്യിത്ത് കുളിപ്പിക്കല്‍ ജോലിയില്‍ സംഭവിക്കുന്ന പരിണാമങ്ങളാണ് മരണം അടക്കിവാഴുന്ന പുതുകാല ബാഗ്ദാദിനെ ചിത്രീകരിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നത്. മുമ്പ് വിസ്തരിച്ചും അചാരബദ്ധമായും ചെയ്തുവന്ന ജോലി പുതിയ സാഹചര്യത്തില്‍ അതിവേഗത്തിലും തിരക്കിട്ടും ചെയ്യേണ്ടി വരുന്നത് കുളിപ്പിക്കാനുള്ള മേശയിലേക്ക്‌ എത്തിച്ചേരുന്ന മയ്യിത്തുകളുടെ എണ്ണത്തിലുള്ള പെരുപ്പവും പലപ്പോഴും തിരിച്ചറിയാനോ നിശ്ചിത ആകാരത്തില്‍ നിലനിര്‍ത്താനോ കഴിയാത്ത അവലക്ഷണം പിടിച്ച ചിഹ്ന ഭിന്നമായ അവസ്ഥയും കാരണമാണ്. മൊഹ്സിന്‍ അല്‍ റംലിയുടെ ഡേറ്റ്സ് ഓണ്‍ മൈ ഫിംഗേഴ്സ് എന്ന നോവലിലെത്തുമ്പോള്‍ സ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഓര്‍മ്മകള്‍ കാരക്കയുടെ രുചിയുമായി ബന്ധപ്പെട്ടാണ് പ്രവാസിയായ നായകന്‍ ഓര്‍ത്ത്‌ വെക്കുന്നതെങ്കില്‍, ഇറാഖിന്റെ തന്നെ പ്രതീകമായിത്തീരുന്നത് അപാരമായ ഒരു പ്രതികാരവാഞ്ചയുടെ കൂടി ഓര്‍മ്മപ്പെടുത്തലായി അയാളുടെ പിതാവ് സൂക്ഷിക്കുന്ന ഒരു വെടിയുണ്ടയാണ്. മരണത്തിനു ഒരിക്കലും മതിവരാത്ത അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ദേശത്തെ അടയാളപ്പെടുത്താന്‍ ഈ എഴുത്തുകാര്‍ കണ്ടെടുക്കുന്ന രൂപകങ്ങളിലും ചോര പുതഞ്ഞിട്ടുണ്ട് എന്ന് പറയാം.

 

മേരി ഷെല്ലിയില്‍ നിന്ന് കാഫ്കയിലേക്ക്  

 

    അധിനിവിഷ്ട ഇറാഖിനെ തരിപ്പണമായിക്കഴിഞ്ഞ ബാഗ്ദാദിന്റെ പശ്ചാത്തലത്തില്‍ നിശിതമായി ചിത്രീകരിക്കുന്ന നോവലാണ്‌ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കിയ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്. ചലച്ചിത്രകാരന്‍ കൂടിയായ അഹമദ് സഅദാവിയുടെ സര്‍റിയലിസ്റ്റിക് പ്രകൃതമുള്ള നോവല്‍, സയന്‍സ് ഫിക് ഷന്റെയും ഗോഥിക്, ഹൊറര്‍ ജോനറുകളുടെയും രീതികള്‍ യഥേഷ്ടം അവലംബിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു  ഭൂപ്രദേശത്ത്‌, കൊലയാളികള്‍ 'കര്‍ഷകന്റെ മണ്‍ വെട്ടി പോലെ' റൈഫിളുകള്‍ ചുമക്കുന്ന ഇടത്തില്‍ഒരു പുനരവതാരം ഉണ്ടാവുക കൂടിയാണ് നോവലില്‍ സംഭവിക്കുന്നത്‌. എന്നാല്‍ ഗോഥിക് ഹൊറര്‍ ജോനറിന്റെയൊ സര്‍റിയലിസ്റ്റ്/ മാജിക്കല്‍ റിയലിസ്റ്റ് ഫിക് ഷന്റെയൊ കള്ളികള്‍ക്കപ്പുറം തൊട്ടറിയാവുന്ന വിധം യഥാതഥവുമാണ് നോവലിലെ ബാഗ്ദാദ്. അവിടെ ജേണലിസ്റ്റുകളും സര്‍ക്കാര്‍ അധികാരികളും നൊവോടെല്‍ ആഡംബര ഹോട്ടലില്‍ സന്ധിക്കുകയും സാമൂഹികാവസ്ഥകള്‍ അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ട്; ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ലക്ഷ്യത്തിലെത്താന്‍ ടാക്സിയാണോ ബസ്സാണോ നല്ലതെന്ന് ആളുകള്‍ തര്‍ക്കിക്കുന്നുണ്ട്; ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഇരകളെ കൊരുത്തെടുക്കുന്നുണ്ട്; അല്ലെങ്കില്‍ അവരെത്തേടി ആവശ്യക്കാരെത്തുന്നുണ്ട്; ദിവസത്തെ മുഴുവന്‍ ബദ്ധപ്പാടുകള്‍ വാറ്റുചാരായത്തിന്റെ ലഹരിയില്‍ മുക്കിക്കൊല്ലുന്ന പുരുഷന്മാര്‍ തെറിക്കഥകളും ഗോസ്സിപ്പുകളും ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഇവക്കൊപ്പം, ആളുകള്‍ കാന്‍വാസ് ചാക്കുകളുമായി സ്ഫോടന സ്ഥലങ്ങളില്‍ പോവുകയും ചിതറിത്തെറിച്ച യാത്രികരുടെ ഉടല്‍ ഖണ്ഡങ്ങള്‍ അവയില്‍ സംഭരിക്കുകയും ചെയ്യുന്നുമുണ്ട് എന്നതാണ് പുതിയ ബാഗ്ദാദിനെ ഒരു ഭീകര ദുസ്വപ്ന ഭൂമികയാക്കി മാറ്റുന്നത്. ഹിംസയുടെ ചാക്രികതയും അപ്പോഴും തുടരുന്ന അസംബന്ധ പൂര്‍ണ്ണമായ കറുത്ത ഹാസ്യവും ചേര്‍ന്ന് മേരി ഷെല്ലിയെക്കാള്‍ സഅദാവിയുടെ നോവല്‍ ചേര്‍ന്നു നില്‍ക്കുക കാഫ്കയോടാണെന്ന് വ്യക്തമാക്കുന്നുണ്ട്.

    ആര്‍ക്കും മതിപ്പില്ലാത്ത കുടിയനും യഥേഷ്ടം നുണകള്‍ പറയുന്നവനുമായ ആക്രിക്കച്ചവടക്കാരന്‍ ഹാദി തെരുവില്‍ കണ്ടെത്തുന്ന ഒരു നാസിക തന്റെ വീടിനരികിലെ ഷെഡില്‍ എത്തിക്കുന്നത് ഒരു തുന്നിച്ചേര്‍ക്കലിനാണ്. അവിടെ തന്റെ തൊഴിലിന്റെ ഭാഗമായ പാഴ് വസ്തുക്കള്‍ക്ക് മദ്ധ്യേ കിടക്കുന്ന പല ഉടലുകളില്‍ നിന്ന് തുന്നിക്കൂട്ടിയെടുത്ത ആള്‍രൂപത്തിന് – “നഗ്നനായ ഒരു മനുഷ്യന്റെ ജഡം, മങ്ങിയ നിറമുള്ള, ഒട്ടുന്ന സ്രവം ഉടല്‍ഭാഗങ്ങളില്‍ നിന്ന് ഒഴുകുന്ന” – അതാവശ്യമുണ്ട്. ബാഗ്ദാദിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ വിഭാഗീയ സംഘര്‍ഷങ്ങളുടെ ഇരയായ അയാള്‍ക്ക് ശരിയായ ഉടല്‍ നല്‍കുന്നതിലൂടെ അയാള്‍ക്കൊരു മാന്യമായ ഖബറടക്കം ലഭിക്കുമെന്ന് ഹാദി വിശ്വസിക്കുന്നു. 'ഞാനതിനെ സമ്പൂര്‍ണ്ണമാക്കി, അതുകൊണ്ട് ഇനിയത് വെറും ചവറെന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടില്ല' എന്നാണു അയാള്‍ പറയുക. ‘എന്താണതിന്റെ പേര്’ (Whatsitsname) എന്നാണു അയാള്‍ തന്റെ വീരസ്യാപദാന ഘട്ടങ്ങളില്‍ തന്റെ സൃഷ്ടിയെ വിളിക്കുക. ഇതേ സമയം, തൊട്ടപ്പുറത്ത് തെരുവില്‍ ഒരു വലിയ ഓഫീസിനു വെളിയില്‍ നടക്കുന്ന സ്ഫോടനത്തില്‍ കൊല്ലപ്പെടുന്ന ഗേറ്റ് പാറാവുകാരനായ ഹസീബ് മുഹമ്മദ്‌ ജാഫര്‍ എന്ന നവയുവാവിന്റെ ആത്മാവ് എന്ത് സംഭവിച്ചു എന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഒരു ജോഡി പുകയുന്ന ചെരിപ്പുകള്‍ക്കപ്പുറം തന്റെ ജടത്തിന്റെതായി  ഒന്നും കണ്ടെത്താനാവാതെ അന്തം വിടുന്ന ഹസീബിന്റെ ആത്മാവിനോട് സെമിത്തേരിയിലെ മറ്റൊരു ടീനെജുകാരന്റെ ആത്മാവ് ഉപദേശിക്കുന്നു: പറ്റിയ ഒരു ഉടല്‍ കണ്ടെത്തുക, ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും. പൊടുന്നനെ, ഒട്ടും തയ്യാറില്ലാത്ത രീതിയില്‍ മരിച്ചു പോകുന്ന ആളുടെ ആത്മാവ് സ്ഥലജല വിഭ്രാന്തിയോടെ പകച്ചു നില്‍ക്കുമെന്നും താനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന നിലയില്‍ പെരുമാറുമെന്നുമുള്ള ആശയം ക്രിസ് അബാനിയുടെ സോംഗ് ഫോര്‍ നൈറ്റ് പോലുള്ള ആഫ്രിക്കന്‍ നോവലുകളില്‍ കടന്നുവരുന്നുണ്ട്. ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ ലിങ്കന്‍ ഇന്‍ ദി ബാര്‍ദോയിലും സമാന രംഗമുണ്ട്. വര്‍ക്ക് ഷെഡില്‍ തിരികെയെത്തുന്ന ഹാദി തന്റെ സൃഷ്ടിയെ കാണാനാവാതെ അങ്കലാപ്പിലാകുന്നതോടെ വായനക്കാര്‍ പരിചിതമായ ആ കഥാ പരിസരം പ്രതീക്ഷിച്ചു തുടങ്ങുന്നു. എന്നാല്‍ തുടര്‍ന്ന് നോവലിസ്റ്റിന്റെ ശ്രദ്ധ പതിയുന്നത്, സാറാ പെറി (ദി ഗാര്‍ഡിയന്‍) നിരീക്ഷിക്കുന്നത് പോലെ, മധ്യകാല മൊറാലിറ്റി സമ്പ്രദായത്തിലേത് പോലുള്ള ഒരസംബന്ധ ദൃഷ്ടാന്ത കഥയുടെ (absurdist morality fable ) രൂപത്തില്‍ വിഭാഗീയ സംഘര്‍ഷങ്ങളില്‍ ശിഥിലമാകുന്ന നാടിന്റെ ആവിഷ്കാരത്തിലാണ്.

 

പാത്രസൃഷ്ടിയിലെ അനന്ത ലോകം

     നോവലിന്റെ ഇതിവൃത്ത ധാരയില്‍ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. അതിലേറ്റവും പ്രധ സ്ഥാനീയയായി വരുന്നത് അസീരിയന്‍ ക്രിസ്ത്യന്‍ വിധവയായ എലിഷ് വാ മുത്തശ്ശിയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയി കാണാതായ മകന്‍ ഡാനിയേലിനെ കാത്തിരിക്കുന്ന മറവിരോഗം ബാധിച്ചു തുടങ്ങിയ വയോധിക. മെല്‍ബണില്‍ കുടിയേറിയ പെണ്‍മക്കള്‍ ഹില്‍ഡയും മെറ്റില്‍ഡയും നിര്‍ബന്ധിച്ചിട്ടും അവരോടൊപ്പം പോകാതെ ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ബാഗ്ദാദില്‍ പാരമ്പര്യ വീട്ടില്‍ തനിച്ചു കഴിയുന്നത്‌ മകന്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ്. പുറപ്പാടുകള്‍ വിഷയമാകുന്ന കൃതികളില്‍ പിറന്ന ദേശം വിട്ടു പോകാന്‍ വിസമ്മതിക്കുന്ന വയോധിക കഥാപാത്രങ്ങള്‍ സാധാരണമാണ്. സ്റ്റെയ്ന്‍ ബെക്കിന്റെ ‘ഗ്രേയ്പ്സ് ഓഫ് റാത്തി’ലെ ഗ്രാന്‍ഡ്‌പാ ജോഡ്, ചിമമാന്‍ഡാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ എന്ന നോവലിലെ മമ്മ തുടങ്ങി ഒട്ടേറെ മാതൃകകളുണ്ട് ഇക്കാര്യത്തില്‍. കാഴ്ച ശക്തിയും ദുര്‍ബ്ബലമായ എലിഷ് വാ മുത്തശ്ശി ഹാദിയുടെ സത്വത്തെ ദാനിയേല്‍ തിരികെ വന്നതായി തെറ്റിദ്ധരിക്കുകയും ജുഗുപ്സയുനര്‍ത്തുന്ന ആരൂപത്തില്‍ അസ്വാഭാവികതയൊന്നും കാണാതിരിക്കുന്നതിലും ഫലിതോക്തി കലര്‍ന്നതെങ്കിലും സ്വാഭാവികതയുണ്ട്. മുമ്പ് ബാത്തിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്ന അബു സൈദൂനിനോട് അവര്‍ക്ക് പൊറുക്കാനാവാത്തത് അയാളാണ് ഡാനിയേലിനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ കാരണക്കാരന്‍ എന്നതാണ്. റിയാല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ ഫറാജ് അവരുടെ പഴമയുള്ള തറവാട്ടു വീട്ടില്‍ കണ്ണ് വെച്ച് ഏറെ പരലോഭാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു തപസ്യപോലെ തന്റെ കാത്തിരിപ്പ് തുടരുന്ന എലിഷ് വാ മുത്തശ്ശി അതിശയകരമായ പാത്ര സൃഷ്ടിയാണ്. ഹില്‍ ഡയുടെ മകന്‍ ഡാനിയേല്‍ ജൂനിയര്‍ അമ്മാവനുമായുള്ള രൂപ സാദൃശ്യത്തിലൂടെ വയോധികയെ തിരിച്ചെത്തിയ തന്റെ മകന്‍ തന്നെ എന്ന് ബോധ്യപ്പെടുത്തുന്ന ഘട്ടത്തില്‍ ഫറാജിനു തന്നെ വീടിന്റെ വില്‍പ്പന നടത്താന്‍ എലിഷ് വാ മുത്തശ്ശി തയ്യാറാകുന്നത് അവരോടെ മുന്‍ ഗണനകള്‍ മുതലും വീടും മാത്രമല്ല എന്ന് തെളിയിക്കുന്നു. ആണ്‍മക്കളെയും ഭര്‍ത്താക്കന്മാരെയും നഷ്ടപ്പെട്ട സ്ത്രീകളെ ആവിഷ്കരിക്കുന്നതിലാണ് നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് എന്ന് പറയാം. അവരുടെ ദുഃഖപര്‍വ്വത്തിലൂടെയാണ് അരനൂറ്റാണ്ടിന്റെ ഇറാഖ് അടയാളപ്പെടുന്നത് എന്നത് ചരിത്രമാണല്ലോ.

 

കൈവിട്ടു പോകുന്ന വിജിലാന്റിസം 

     എന്താണതിന്റെ പേര്’ ഒരു ദൗത്യം ഏറ്റെടുക്കുന്നതോടെ ആരംഭിക്കുന്ന ദുരൂഹമായ കൊലകള്‍ ഒരു പ്രശ്നമായിത്തീരുന്നതോടെ കുറ്റാന്വേഷണത്തിന്റെയും മനുഷ്യ വേട്ടയുടെയും (manhunt) തലങ്ങളൊക്കെ ഇതിവൃത്തത്തില്‍ കടന്നു വരുനുണ്ട്. ബാഗ്ദാദിനെ കുരുതിക്കളമാക്കിയവരെ തെരഞ്ഞുപിടിച്ച് കൊല്ലുക എന്ന ‘വിജിലാന്റിസ്റ്റ്’ പ്രതികാര രീതി അധികാരികളെ അങ്കലാപ്പിലാക്കുന്നു. പരസ്പരം കഴുത്തുഞ്ഞെരിച്ചെന്നോണം കൊല്ലപ്പെട്ട നിലയില്‍ നാലു യാജകര്‍ കാണപ്പെടുന്നു. തന്റെ ശരീര ഭാഗങ്ങള്‍ ആരുടെതോക്കെയാണോ അവര്‍ക്കൊക്കെ വേണ്ടി പ്രതികാരം ചെയ്യുന്നതിലൂടെ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ വിഭാഗീയ ഗ്രൂപ്പ് നേതാക്കള്‍, അമേരിക്കന്‍ സൈനികരുടെ പിണിയാളുകള്‍ തുടങ്ങിയവരൊക്കെ കൊല്ലപ്പെടുന്നു. ശരീര ഭാഗങ്ങള്‍ അഴുകിത്തുടങ്ങുന്നതോടെ പുതിയ ഭാഗങ്ങള്‍ക്കായി സത്വം ഹാദിയുടെ ഷെഡില്‍ അഭയം പ്രാപിക്കുന്നു. സമൂഹത്തില്‍ വേരോടിയ പ്രതികാര ബോധത്തിന് മൂര്‍ത്തരൂപം നല്‍കുന്ന ശക്തിയെന്ന നിലയില്‍ പ്രതിനായകനില്‍നിന്നും നായക പരിവേഷം വന്നു ചേരുന്ന ‘എന്താണതിന്റെ പേരി’ന് വേണ്ടി തങ്ങളുടെ തന്നെ ഉടല്‍ ഭാഗങ്ങള്‍ നല്‍കി മരിക്കാന്‍ തയ്യാറാകുന്ന ഒരു ആരാധക വൃന്ദം ഉണ്ടായിവരുന്നു. തങ്ങളുടെ വിഭാഗീയ പക്ഷപാതിത്തങ്ങള്‍ക്കനുസരിച്ചു അത്ഭുത ജീവിയെ തങ്ങളുടെതാക്കാന്‍ ആളുകള്‍ മത്സരിക്കുന്നു,

"അയാള്‍ ഒരു വാഹബിയാണെന്നു സദറില്‍ ആളുകള്‍ പറഞ്ഞപ്പോള്‍ അദാമിയയില്‍ അയാളെ ഷിയാ തീവ്രവാദിയാക്കി.. അയാളെ കുറിച്ചുള്ള കൃത്യമായ ചിത്രം ഭയവും നൈരാശ്യവും ചേര്‍ന്നു ആളുകളുടെ തലയില്‍ രൂപപ്പെടുത്തിയതെന്തോ അതായിരുന്നു."

 പോകെപ്പോകെ, നിരപരാധരെ പോലും തനിക്കാവശ്യമായ അവയവങ്ങള്‍ക്കായി കൊല്ലുന്ന അവസ്ഥയില്‍ അയാള്‍ എത്തിച്ചേരുന്നതോടെ കൊലയാളിക്കും ഇരക്കുമിടയിലെ അതിര്‍വരമ്പുകള്‍ മാഞ്ഞു തുടങ്ങുന്നത്, "ഈ ഇരകള്‍ക്ക് വേണ്ടി ആരുടെ നേരെയാണ് താന്‍ പ്രതികാരം ചെയ്യുക?" എന്ന സ്വയം പ്രതിയാകുന്നതിന്റെ സംത്രാസം അയാളുടെ നൈതിക ധാരണകളെ തകിടം മറിക്കുന്നു:

“തികച്ചും നിരപരാധികളായ നിരപരാധികളില്ല, തികച്ചും കുറ്റവാളികളായ കുറ്റവാളികളും... താന്‍ കൊന്നു കളഞ്ഞ കൊലയാളികളില്‍ ഓരോരുത്തരും ഇരയുമായിരുന്നു.”

യുദ്ധത്തിന്റെ അസംബന്ധത്തെ അടിവരയിടുന്നതോടൊപ്പം ഗോത്രീയത, അഴിമതി, പാളിപ്പോവുന്ന സൈനിക തന്ത്രങ്ങള്‍, ഉന്നതങ്ങളില്‍ പിടി മുറുക്കിയ അഹന്തയും അധികാര ദുര്‍വ്വിനിയോഗവും തുടങ്ങി വെറും അശ്രദ്ധ കൊണ്ടു പോലും ചിതറിത്തെറിക്കുന്ന ജീവിതങ്ങളുടെ നിസ്സഹായത വരെ ബാഗ്ദാദ് ദുരന്തത്തിന്റെ നേര്‍ സാക്ഷ്യങ്ങളില്‍ ഏറെയുണ്ട്.

     എന്നാല്‍ സഅദാവിയുടെ സ്വരം ചിലപ്പോഴൊക്കെ ഹാസ്യാത്മകമാണെങ്കിലും അദ്ദേഹത്തിന്റെ ലക്‌ഷ്യം അങ്ങേയറ്റം ഗൌരവപൂര്‍ണ്ണമാണ്. അമേരിക്കന്‍ അധിനിവേശത്തിനു പിറകെ തുടല്‍ പൊട്ടിച്ച വംശീയ സംഘര്‍ഷങ്ങളുടെയും കൊടും ക്രൂരതകളുടെയും ഒരു ആലിഗറി രചിച്ചിരിക്കുകയാണ് നോവലിസ്റ്റ് ഇവിടെ. ഇറാഖില്‍ മരിച്ചവര്‍ തിരിച്ചെത്തുന്ന അനുഭവം അമ്മമാരുടേയും ഭാര്യമാരുടെയും ജീവിതങ്ങളിലെ ഏക പ്രതീക്ഷയായി പലപ്പോഴും നിലനിന്നിട്ടുണ്ട്. ‘ബാഗ്ദാദിലെ ഫ്രാങ്കന്‍സ്റ്റെയ്ന്‍’ ഒരു ഭീകര രൂപിയെ കുറിച്ചുള്ള നോവല്‍ എന്ന രീതിയിലല്ല പ്രസക്തമാകുന്നത്. യുദ്ധം മൂലം നിരാധാരമായിപ്പോവുന്ന ഇടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ കണ്ടെത്തുന്ന ഇടത്തട്ടുകാരും സ്തോഭ ജനകമായ യുദ്ധകാല കഥകള്‍ തേടുന്ന ജേണലിസ്റ്റുകളും ജ്യോതിഷക്കാരും ചലചിത്രകാരന്മാരും അതിന്റെ ഭൂമികയിലുണ്ട്. ഒരു കേന്ദ്ര കഥാപാത്രം തന്നെയും സത്വത്തിന്റെ കഥ തേടിയിറങ്ങുന്ന സംശയാലുവായ എഡിറ്റര്‍ ആണ്. 'എന്താണതിന്റെ പേര്' തന്നെ കുറിച്ച് നടത്താനിടയുള്ള വെളിപ്പെടുത്തലുകള്‍ റെക്കോര്ഡ് ചെയ്യുന്നതിനായി ഹാടിക്കും ബ്രിഗേഡിയര്‍ മാജിദിനും ടേപ്പ് റെക്കോര്‍ഡറുകള്‍ നല്‍കുന്നത് അയാളാണ്. മഹമൂദ് തന്റെ മാഗസിനില്‍ എഴുതുന്ന ലേഖനത്തിലൂടെയാണ് സ്വത്വത്തെ കുറിച്ച് ജനങ്ങള്‍ അറിയുന്നതുതന്നെ. തുടര്‍ന്ന് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ നിര്‍മ്മിക്കപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്നു. ചിലര്‍ അത് വെറുമൊരു സങ്കല്‍പ്പ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നു. അതേ സമയം, മേരി ഷെല്ലിയുടെ വിഖ്യാത സത്വത്തെ പോലെ ഹാദിയുടെ കൈത്തെറ്റും താന്‍ തെറ്റിദ്ധരിക്കപ്പെട്ടവനാണെന്നു വിശ്വസിക്കുന്നു. താന്‍ ചീത്തയല്ലെന്നും വെറുതെ തോന്നും പോലെ കൊല്ലുകയല്ല; മറിച്ച് ഒരു ലക്ഷ്യത്തിനായി കൊല നടത്തുന്ന വിശുദ്ധ യോദ്ധാവ് (crusader)  ആണെന്നും തെളിയിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍.

 

അതിമാനുഷനോ കൈത്തെറ്റോ?

 

"ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും സഹായത്തോടെ ഞാന്‍ എല്ലാ കുറ്റവാളികളോടും പ്രതികാരം ചെയ്യും. ഒടുവില്‍ ഞാന്‍ ഭൂമിയില്‍ നീതി നടപ്പിലാക്കും, പിന്നെയാര്‍ക്കും സ്വര്‍ഗ്ഗത്തിലോ മരണാനന്തരമോ വരാനുള്ള നീതിക്കായി കാത്തിരിക്കേണ്ടി വരില്ല"

അയാള്‍ ഹാദിയുടെ ടേപ്പ് റെക്കോര്‍ഡറില്‍ പറയുന്നുണ്ട്. എങ്കിലും എല്ലാത്തിന്റെയും കാരണ ഭൂതരായ ജോര്‍ജ്ജ് ബുഷിലെക്കോ ടോണി ബ്ലെയറിലെക്കോ അയാളുടെ പ്രതികാര ദാഹം നീങ്ങുന്നില്ലെന്നും ആഗോള തലത്തില്‍ ചിന്തിക്കുന്നുണ്ടെങ്കിലും അയാളുടെ പ്രവര്‍ത്തിമണ്ഡലം പ്രാദേശികമാണെന്നും നിരീക്ഷിക്കപ്പെടുന്നത് (nytimes.com) നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്. ആദ്യമൊക്കെ പ്രതികാരത്തിനു വേണ്ടി ശുദ്ധീകരണപ്രക്രിയയായി നടത്തുന്ന കൊലകള്‍ കുറ്റവാളികളുടെ ഉടല്‍ ഭാഗങ്ങള്‍ അതിവേഗം അഴുകിത്തുടങ്ങും എന്നതിനാല്‍ മികച്ച അവയവങ്ങള്‍ക്കായി പിന്നീട് നിരപരാധരിലേക്കും നീളുന്നത് സ്വയം നിര്‍ണ്ണിത നൈതികത (self-righteousness) എന്നത് അതിവേഗം അമിതാധികാര പ്രവണതയിലെക്കും നശീകരണ സ്വഭാവത്തിലെക്കും പരിണമിക്കും എന്തിന്റെ തെളിവാണ്. ആരാണ് തെറ്റുകളുടെ ഭാഗമാല്ലാത്തത് എന്ന മുട്ടാപ്പോക്ക് ചോദ്യത്തിലൂടെ തന്റെ ചെയ്തിയുടെ ഉത്തരവാദിത്തം അത് സൌകര്യപൂര്‍വ്വം അവഗണിക്കുകയാണ്. മീഡിയയുടെ ശ്രദ്ധാകേന്ദ്രമായിത്തീരുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സത്വം താനാണ് യഥാര്‍ത്ഥ ഇറാഖിന്റെ പ്രതീകം എന്നും അവകാശപ്പെടുന്നത് ഇതോടു ചേര്‍ത്തു കാണാം:

“വ്യത്യസ്ത വംശീയതകള്‍, ഗോത്ര വിഭാഗങ്ങള്‍, സാമൂഹിക വിഭാഗങ്ങള്‍, എന്നിങ്ങനെ ഭിന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുടെ ശരീര ഭാഗങ്ങള്‍ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ കഴിഞ്ഞ കാലത്ത് ഒരിക്കലും സാധിക്കാതെ പോയ ആ അസാധ്യ മിശ്രിതത്തെ ഞാന്‍ പ്രതിനിധാനം ചെയ്യുന്നു. ഞാനാണ് ആദ്യത്തെ യഥാര്‍ത്ഥ ഇറാഖി.”

ആന്തരാ വിഭാജിതമായ ജനസാമാന്യത്തിനിടയില്‍ ജീവിതത്തില്‍ സാധിക്കാതെ പോയ സങ്കലനം തെരുവില്‍ ചിന്തപ്പെട്ട കട്ടപിടിച്ച രക്തത്തില്‍ മാത്രം സാധ്യമാകുന്ന ഒരു ദേശത്തിന് സൃഷ്ടിക്കാനാകുന്ന ഏറ്റവും വാചാലമായ പ്രതീകം തന്നെയാണ് ആക്രിക്കച്ചവടക്കാരന്റെ കൈത്തെറ്റില്‍ രൂപമെടുക്കുകയും  ചിതറിത്തെറിച്ച നവയുവാവിന്റെ അന്ധാളിച്ച ആത്മാവില്‍ ഉയിരു നേടുകയും മരണം ഉന്മാദ നൃത്തം ചവിട്ടുന്ന നഗരവീഥികളില്‍ പുഷ്ടിപ്പെടുകയും ചെയ്യുന്ന സത്വം. ചലിക്കും പ്രേതങ്ങളും അലയുന്ന ആത്മാക്കളും കൂടോത്രക്കാരും ജ്യോതിഷികളും ഇതിഹാസ ദുഃഖങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്ന മനുഷ്യരും സൈക്കൊപാത്ത് കൊലയാളി സംഘങ്ങളും കുരുതികളില്‍ അഭിരമിക്കുന്ന ഗോത്ര- മത ഗ്രൂപ്പുകളും സര്‍വ്വോപരി കൊന്നു തിന്നുമ്പോഴും രക്ഷകന്‍ ചമയുന്ന അധിനിവേശ ദുരയും ഇടകലരുന്ന ഇത്തരമൊരു കഥ പറയാന്‍ റിയലിസ്റ്റിക് രീതികള്‍ മതിയാവില്ലെന്ന തിരിച്ചറിവിലാണ് റോബിന്‍ യാസിന്‍ കസബിന്റെ വാക്കുകളില്‍ (newstatesman.com) ഒരു 'ആഘാതാനന്തര മാജിക്കല്‍ റിയലിസവും (traumatized version of magical realism)' കറുത്ത ഹാസ്യവും ഇടകലരുന്ന രീതി നോവലിസ്റ്റ് അവലംബിക്കുന്നത്.

 

കറുത്ത ഹാസ്യവും തീക്ഷ്ണ ഗൗരവവും

     അഹമദ് സഅദാവിയുടെ രചനാരീതി കറുത്ത ഹാസ്യത്തെയും ഗൌരവത്തെയും അപ്രതീക്ഷിത രീതിയില്‍ സംയോജിപ്പിക്കുന്നുണ്ട്. ‘എന്താണതിന്റെ പേരി’ന്റെ ചീഞ്ഞു പോവുന്ന ഉടല്‍ ഭാഗങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ അഴുകിവീഴുമ്പോള്‍ ‘അയാള്‍ക്ക് ചില ഗുരുതരമായ അഴുകല്‍ പ്രശ്നങ്ങളുണ്ട്’ എന്ന് നോവലിസ്റ്റ് വിവരിക്കുന്നു. തുടര്‍ച്ചയായി അരങ്ങേറുന്ന ദുരൂഹ കൊലകള്‍ക്ക് സത്വമാണ് ഉത്തരവാദിയെന്ന ധാരണയില്‍ അതിനെ കണ്ടെത്താനുള്ള സൂചകങ്ങള്‍ ഒന്നുമില്ലാത്ത അധികൃതര്‍ ബാഗ്ദാദില്‍ കാണപ്പെടുന്ന വിരൂപരായ ആളുകളെയെല്ലാം ആട്ടിപ്പിടിക്കുന്നു. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ഔപചാരികവും ഔദ്യോഗികവുമായ പരിവേഷം ആര്‍ജ്ജിക്കുന്നതും ഹാസ്യാത്മകമായിത്തന്നെ വിവരിക്കപ്പെടുന്നുണ്ട്. ബുദ്ധിമാനല്ലാത്ത ബ്രിഗേഡിയര്‍ മാജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാധാരണ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി (Tracking and Pursuit Department) മുത്തശ്ശിക്കഥകളെയും ജ്യോതിഷികളെയും ആശ്രയിക്കുന്നു. ഒരു മാന്ത്രികനും ഒരു താര്‍ക്കികനും മഹമൂദിനും ബ്രിഗേഡിയര്‍ക്കുമൊപ്പം സത്വത്തെ തേടിയിറങ്ങുന്നു. പരേതാത്മാക്കള്‍ പാലങ്ങള്‍ക്ക് മേല്‍ തമ്പടിക്കുന്നു. അവിടെ തിക്കിലും തിരക്കിലും പെട്ട് പൊയ് അപായ സൂചനാ ഘട്ടത്തില്‍ അനേകര്‍ കൊല്ലപ്പെടുന്നു. ഈ സംഭവം പക്ഷെ 2005 ഏപ്രിലില്‍ ഇമാം പാലത്തിലുണ്ടായ ഒരപകടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് ആയിരത്തോളം ആളുകള്‍ ഒരു ബോംബ്‌ സ്ഫോടന കിംവദന്തിയെ തുടര്‍ന്ന് തിക്കിലും തിരക്കിലും കൊല്ലപ്പെട്ട സംഭവം ഉണ്ടായി. നാലു യാചകരുടെ മൃദ ദേഹങ്ങള്‍ പരസ്പരം കഴുത്തു ഞെരിക്കുന്ന രീതിയില്‍ അവലക്ഷണം പിടിച്ച നിശ്ചല ചിത്രം പോലെ കാണപ്പെടുമ്പോള്‍ മന്ദബുദ്ധിയായ ബ്രിഗേഡിയര്‍ ഉറപ്പിക്കുന്നു: "അത് തീര്‍ച്ചയായും ഒരു സന്ദേശമായി അയക്കപ്പെട്ടതാണ്." ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വെളിപാട് പുസ്തകത്തിലെ അന്തികൃസ്തുവിനെ ഓര്‍മ്മിപ്പിക്കും വിധം '666' ആണെന്ന് കാണാനാവുന്നു. സെല്‍ ഫോണിന്റെ പ്രകമ്പനം ആത്മാവുകളുമായി സംവദിക്കാന്‍ അടയാളമായി ഉപയോഗിക്കുന്നതിന്റെ അസംബന്ധം സഅദാവിയുടെ 'ഗോഥിക്' കഥ മധ്യകാലഘട്ടത്തിന്റെ മട്ടിലല്ല, മറിച്ച്  തികച്ചും സമകലികകമാണ് എന്നതിന്റെ തെളിവാണ്.

     സഅദാവി തന്റെ ആഖ്യാനത്തെ പരസ്പരം അതിലംഘിക്കുന്ന വ്യത്യസ്ത ധാരകളിലൂടെ പിന്തുടരുകയും കഥക്കുള്ളില്‍ കഥയായി, കഥക്കുള്ളിലെ കഥാകാരനെത്തന്നെ കഥാപാത്രമാക്കി നിര്‍ത്തുകയും ചെയ്യുന്ന രീതി അവലംബിക്കുന്നത് പരിണാമഗുപ്തിയുടെ സാധ്യതയിലല്ല നോവലിസ്റ്റിന്റെ താല്പര്യം എന്ന് വ്യക്തമാക്കുന്നുണ്ട്. സത്വം കൂടെക്കൂടെ നീണ്ട കാലത്തേക്ക് അപ്രത്യക്ഷകനാകുന്നത് ഹിംസയുടെ അനുസ്യൂതിയുള്ള ഇതിവൃത്ത വികാസത്തില്‍ ഭംഗം വരുത്തുന്നത് ഇതിന്റെ ഭാഗമാണ്.  സഅദാവി ലക്ഷ്യമാക്കുന്നത് അധിനിവേശാനതര ഇറാഖിന്റെ നേര്‍ക്കാഴ്ചകളുടെ ഒരു ആലിഗറിയാന് എന്നിരിക്കെ, അദ്ദേഹത്തിനു സാധാരണ ഇറാഖി ജനത നേരിടുന്ന ജീവിത സന്ധികളിലേക്ക് പേര്‍ത്തും പേര്‍ത്തും ശ്രദ്ധയൂന്നെണ്ടതുണ്ട്. തകര്‍ന്നു പോകുന്ന കെട്ടിടം പുരാവസ്തു നിധിപേടകങ്ങളിലേക്ക് വഴി തുറക്കും പോലെ ടെലിവിഷനിലും യുദ്ധ മേഖലയില്‍ നിന്നുള്ള തത്സമയ സംപ്രേഷണമെന്ന പേരില്‍ 'എംബെഡഡ് ജേണലിസംഇറാഖ് യുദ്ധകാലത്ത് വിളമ്പിയിരുന്ന നിര്‍മ്മിത സത്യങ്ങള്‍ക്കുമപ്പുറം ഒരു റിപ്പോര്‍ട്ടിംഗിലും വെളിവാക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു ബാഗ്ദാദിന്റെ/ ഇറാഖിന്റെ തന്നെ സത്യം ആഖ്യാനത്തിന്റെ ഓരോ അടരിലും വെളിവാക്കപ്പെടുകയുമാണ്. അധിനിവേശാനന്തര ഇറാഖില്‍ തുടല്‍പൊട്ടിച്ച വംശീയതയും നിരുത്തരവാദപരമായ സൈനിക നീക്കങ്ങളും ഉന്നതങ്ങളില്‍ പിടിമുറുക്കിയ അഴിമതിയും അധികൃതരുടെ അഹന്തയും കുറ്റവാസനയും വെറും അശ്രദ്ധ കൊണ്ടു സംഭാവിക്കാനിടയാകുന്ന നിരപരാധരുടെ കുരുതികളും ചേര്‍ന്നു സൃഷ്ടിക്കുന്ന നരക ചിത്രം നേരിട്ടനുഭവിച്ചവരുടെ കാഴ്ചപ്പാടില്‍ ഇത്രയും തീക്ഷണമായി മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് സഅദാവിയുടെ പുസ്തകത്തെ ഒരു അനിവാര്യ വായനയാക്കി മാറ്റുന്നത്. ജോനര്‍ ഫിക് ഷന്റെ അതിര്‍ വരമ്പുകള്‍ പൂര്‍ണ്ണമായും ഭേദിക്കുകയും 'ലിറ്റററി ഫിക് ഷന്‍ എന്ന നിലയില്‍ ഉത്തമ സാഹിതീയ മാനങ്ങളിലേക്ക് വളരുകയും ചെയ്യുന്നതിലൂടെ ഇതുവരെ തേടിയെത്തിയ അംഗീകാരങ്ങള്‍ക്ക് കൃത്യമായും അര്‍ഹമാകുക മാത്രമല്ല, കൂടുതല്‍ സഹൃദയ അനുവാചക ലോകത്തിലേക്ക് കുതിക്കുക കൂടിയാണ് ജോനതാന്‍ റൈറ്റിന്റെ ഏറെ പ്രശംസിക്കപ്പെട്ട ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ ഈ വര്‍ഷത്തെ (2018) മാന്‍ ബുക്കര്‍ പുരസ്കാര ഷോര്‍ട്ട് ലിസ്റ്റിലും ഇടം പിടിച്ച ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്.

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ - അമ്പതു ലോകനോവലുകള്‍ - കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്- പേജ് 243-250)

 

 


For more on Iraqi experience:

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Corpse Washer by Sinan Antoon

https://alittlesomethings.blogspot.com/2018/01/blog-post_20.html

The Baghdad Clock by Shahad Al Rawi

https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html

Dates on My Fingers by Muhsin al-Ramli

https://alittlesomethings.blogspot.com/2018/03/07.html


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 243-250)


Sunday, March 4, 2018

Dates on My Fingers by Muhsin al-Ramli / Luke Leafgren


സഹന പര്‍വ്വത്തിലും കാരക്കാരുചി 



സ്പെയിനിലെ മാഡ്രിഡില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇറാഖി എഴുത്തുകാരന്‍ മുഹ്സിന്‍ അല്‍ റംലി ഡോണ്‍ കിഹോതെ പോലുള്ള സ്പാനിഷ് ക്ലാസ്സിക്കുകള്‍ അറബിക്കിയിലേക്ക് മൊഴി മാറ്റിയ പരിഭാഷകനും സെന്റ്‌ ലൂയിസ് യൂണിവേഴ്സിറ്റി അധ്യാപകനുമാണ്. ‘ഡോണ്‍ കിഹോതെയില്‍ ഇസ്ലാമിക സംസ്കാരത്തിന്റെ മുദ്രകള്‍’ എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ ഡോക്റ്ററേറ്റ് തീസിസ് എന്ന് വികിപീഡിയ ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം കവിതചെറുകഥനോവലുകള്‍ എന്നിവയിലായി ഒരു ഡസനോളം കൃതികളുടെ കര്‍ത്താവാണ് 1967-ല്‍ ജനിച്ച മുഹ്സിന്‍ അല്‍ റംലി.   

കുട്ടിക്കാലത്തിന്റെ കളിത്തൊട്ടിലും സംസ്കൃതിയുടെ കളിത്തൊട്ടിലുമായ ഇറാഖിന്യുദ്ധങ്ങള്‍ക്കൊണ്ട് മുഖരിതമായ നീണ്ട പാതയ്ക്ക് ശേഷം എന്റെ ഇടത്താവളമായ സ്പെയിനിന്” എന്ന സമര്‍പ്പണത്തോടെ ആരംഭിക്കുന്ന നോവലിലെ ആഖ്യാതാവ് സലിംനോവലിസ്റ്റിനെ പോലെത്തന്നെകലുഷമായ ഇറാഖ് യുദ്ധകാലത്തെ തുടര്‍ന്ന് മാഡ്രിഡിലേക്ക് കുടിയേറിയ യുവാവാണ്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തികച്ചും യാദൃശ്ചികമായ നിലയില്‍ ഒരു നൈറ്റ്ക്ലബ്ബില്‍ വെച്ച് സ്വന്തം പിതാവ് നോഹയെ കണ്ടുമുട്ടാന്‍ ഇടയാവുന്നതും

“നിനക്ക് വേണ്ടതെന്തും എഴുതിക്കോളൂ,.. സംഭവിച്ചു കഴിഞ്ഞതെന്തോ അതിനേക്കാള്‍ മോശമായതൊന്നും ഇനി സംഭവിക്കാനില്ല. ഈ ലോകം ആകെ ഭോഗിക്കപ്പെട്ടതാണ്.”

എന്ന് അദ്ദേഹം ധൈര്യപ്പെടുത്തുന്നതുമാണ് തന്റെ കഥഅതിലൂടെ സ്വന്തം നാടിന്റെയുംകുടുംബത്തിന്റെയുംസര്‍വ്വോപരി പിതാവിന്റെ സ്വയം പ്രഖ്യാപിതമായ വിചിത്ര ദൗത്യത്തിന്റെയും കഥപറയുന്നതിലേക്ക് സലീമിനെ തൊടുത്തുവിടുന്നത്. കണ്ടുമുട്ടുമ്പോള്‍ പിതാവിനെ തിരിച്ചറിഞ്ഞേക്കില്ലായിരുന്നു- പക്ഷെ അതിനൊരു ചിഹ്നമുണ്ട്: നോവലില്‍ ചടുലമായ ആഖ്യാനത്തിലൂടെ വിവരിക്കപ്പെടുന്ന പുരാവൃത്തത്തില്‍ നിര്‍ണ്ണായകമായ ഒന്നായചെമ്പു വെടിയുണ്ട കൊണ്ടുണ്ടാക്കിയ ഒരു പഴയ കീ ചെയിന്‍. നോഹക്ക് അതൊരു ഓര്‍മ്മപ്പെടുത്തലാണ് – ഒരു അലംഘനീയമായ സത്യം ചെയ്യലിന്റെ. മകന് പിതാവിനോടുള്ളത്ഉണ്ടാവേണ്ടത്ദൈവ തുല്യമായ സമ്പൂര്‍ണ്ണ അനുസരണമാണ് എന്ന ഗോത്ര വിവേകത്തിന്റെപ്രൌഡഗംഭീരനായിരുന്ന പിതാവിന്റെ - അഥവാ സലീമിന്റെ പിതാമഹന്റെ - ആജ്ഞാനുവര്‍ത്തനത്തിന് അത്യാവശ്യമായ പ്രതികാരനിര്‍വ്വഹണത്തിന്റെദേശത്തിന്റെ അഭിമാന സംരക്ഷണത്തിന്റെരാഷ്ട്രീയ സ്വത്വ സ്വാതന്ത്ര്യാഭിനിവേശത്തിന്റെ. മറ്റൊരു ദേശത്തു സമാധാന പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ സന്തുഷ്ടമായ ഒരു പുനസമാഗമം ആകേണ്ടിയിരുന്ന പിതൃ-പുത്ര കൂടിക്കാഴ്ച ഈ അലംഘനീയതയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ പൂര്‍ണ്ണമാവുകയാണ്.

 സലീമിന്റെ ആഖ്യാനത്തില്‍ വെളിപ്പെടുന്ന തിക് രിത്തിലെ വലിയ യാഥാസ്ഥിതിക കുടുംബം പിതാമഹന്‍ മുതലഖിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.

“ഒരു നായ നിന്റെ നേരെ കുരയ്ക്കുമ്പോള്‍ അതിനു നേരെ തിരികെ കുരയ്ക്കരുത്എന്നാല്‍ അത് നിന്നെ കടിച്ചാല്‍തിരികെ കടിക്കുക!”

അദ്ദേഹത്തിന്റെ ഈ തത്വ ശാസ്ത്രമാണ് കുടുംബത്തെ നയിക്കുന്നത്. ഒരു നാള്‍ രോഗിണിയെങ്കിലും സുന്ദരിയായ പതിനാലുകാരി മകള്‍ ഇസ്തെബ്രാകിന്റെ പിന്‍ഭാഗത്ത് അശ്ലീലമായി സ്പര്‍ശിക്കുന്ന അപരിചതന്റെ നേരെ പ്രാകൃതമായ രീതിയില്‍ തിരിച്ചടിക്കുന്ന നോഹയുടെ ചെയ്തി ഇതിന്റെ തുടര്‍ച്ചയാണ്. അധികാര കേന്ദ്രങ്ങളില്‍ പിടിപാടുള്ളയാളാണ് അക്രമി എന്നത് നോഹയെ ജയിലിലേക്കും ശിക്ഷാമുറയുടെ ഫലമായി വന്ധ്യതയിലേക്കും എത്തിക്കുന്നത് പന്ത്രണ്ടു മക്കള്‍ എന്ന അയാളുടെ സ്വപ്നത്തെ പാതിയില്‍ ഉപേക്ഷിക്കാന്‍ അയാളെ നിര്‍ബന്ധിതനാക്കും. തുടര്‍ന്ന് പിതാമഹന്റെ നേതൃത്വത്തില്‍ ഗോത്രം നടത്തുന്ന ആക്രമണം നോഹയെ മോചിപ്പിക്കുന്നതില്‍ എത്തുമെങ്കിലും അതിന്റെ അനന്തര ഫലങ്ങള്‍ സലീമിനെ ഇറാഖ് വിടാന്‍ പ്രേരിപ്പിക്കുകയും നോഹയെ കൊണ്ട് ആ സത്യം ചെയ്യലില്‍ എത്തിക്കുകയും ചെയ്യും. തങ്ങളുടെ അവമതിക്ക് കാരണമായ ഉദ്യോഗസ്ഥനെ കണ്ടെത്തി പ്രതികാരം ചെയ്യുമെന്ന പിതാവിന് കൊടുത്ത വാക്കാണ്‌ അയാളെ മാഡ്രിഡില്‍ എത്തിച്ചതെന്ന് അങ്ങനെയാണ് വ്യക്തമാകുക. ഒരു പരിഷ്കൃത സമൂഹം ഒരിക്കലും അംഗീകരിക്കാന്‍ ഇടയില്ലാത്ത പ്രാകൃതമായ ഒരു പ്രതികാര നിര്‍വ്വഹണ രീതി മരിച്ചു പോയ പിതാവിനോടുള്ള വിധേയത്വത്തിന്റെ മാത്രം പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന സലീമിന്റെ നിലപാട് കടുത്ത അഭിപ്രായ വ്യത്യാസത്തിനുംഒരു പൊട്ടിത്തെറിക്കുംതുടര്‍ന്ന് ഭീകരമായ കുറ്റബോധത്തിന്റെ തിരതള്ളലില്‍ നോഹയുടെ ജീവിതം കലങ്ങിമറിയുന്നതിലും എത്തിച്ചേരുന്നു. നോവലന്ത്യത്തില്‍മകനുമായി രജ്ഞിപ്പിലാകുന്ന നോഹനൈറ്റ് ക്ലബ്ബും തന്റെ ഫ്ലാറ്റും മകനെ ഏല്‍പ്പിച്ച് തന്നെ ഏറെ സ്നേഹിക്കുന്ന റോസയോടൊപ്പം ജര്‍മ്മനിയിലേക്ക് പോകാന്‍ തയ്യാറാകുന്നതോടെ സലിം ആശ്വസിക്കുന്നു. എന്നാല്‍ദുരന്തങ്ങളുടെ ഇരകളായ ജീവിതങ്ങള്‍ക്ക് ഒരു പിക്ച്ചര്‍ പര്‍ഫെക്റ്റ് ശുഭാന്ത്യം  (happily ever-after) ഒരിക്കലും കാത്തു വെച്ചിട്ടില്ലെന്ന്, വിശദീകരണം ഏതുമില്ലാതെഒരൊറ്റ വാക്യത്തില്‍ നല്‍കുന്ന സൂചനയിലൂടെ വായനക്കാരന്റെ അസ്ഥിയിലേക്ക് കിടിലമുണ്ടാക്കിയാണ് നോവല്‍ അവസാനിക്കുക.   

നോവലിന്റെ തലക്കെട്ടിലെ കാരക്ക ഇറാഖിന്റെ തന്നെ പ്രതീകമാണ്. ബാല്യകാല സഖിയും പ്രണയാനുഭവങ്ങളില്‍ ആദ്യ പര്യവേഷണങ്ങള്‍ക്ക് കൂട്ടുമായിരുന്ന ആലിയയുടെ മുറ്റിവരുന്ന ഉടലില്‍ അവന്‍ രുചിച്ചറിഞ്ഞത്പുഴയാഴങ്ങളില്‍ മറഞ്ഞുപോയ ആ നിതാന്ത വേദന സ്വന്തം ഉടലില്‍ സംതൃപ്തി കണ്ടെത്തിയ രണ്ടു ഘട്ടങ്ങളില്‍ മാദക സങ്കല്‍പ്പമാക്കിയത് അയാളെ കുറ്റബോധം കൊണ്ടു കരയിക്കുന്നുണ്ട്. പ്രവാസത്തിലും വിട്ടു പോകാതെ ഇറാഖിനെ മുറിയിലെ ചുവരില്‍ തൂക്കിയിട്ട ഭൂപടങ്ങളില്‍ നിരന്തര സാന്നിധ്യമായി അവന്‍ നില നിര്‍ത്തുന്നു. അത് പോലെമൊറോക്കന്‍ സുന്ദരി ഫാതിമയുമായുള്ള ബന്ധം പ്രണയമായും ജീവിത പങ്കാളിത്തമായും വളരുമ്പോള്‍ ആലിയയുടെ ഓര്‍മ്മ കാരക്കാ സ്പര്‍ശമായി അവളിലേക്കും സലിം സന്നിവേശിപ്പിക്കുന്നുണ്ട്.

“ആലിയയുടെ വേരുകള്‍ എന്റെ ആത്മാവില്‍ നിന്ന് പറിച്ചു കളയുക എന്നത് എനിക്ക് മുഴുവനായും ചെയ്യാനാവില്ലായിരുന്നു.”

തകര്‍ന്നു പോയ ആദ്യവിവാഹത്തെ പിറകില്‍ ഉപേക്ഷിച്ചു സലീമുമായുള്ള ബന്ധത്തിന്റെ സ്വപ്ന തുല്യമായ ആഹ്ലാദത്തിലേക്ക് കടക്കുമ്പോഴും വിവാഹ പൂര്‍വ്വ രതിയെ സംബന്ധിച്ച മത വിലക്കുകള്‍ മുറുകെ പിടിക്കുന്ന ഫാത്തിമ പ്രണയ വേളകളില്‍ അനുവദിക്കുന്ന പരിധികള്‍ക്ക് പരിമിതിയുണ്ട്. ഒരു വേളനോവലിന്റെ പരിമിതിയായി ഇത്തരം അടിച്ചേല്‍പ്പിക്കുന്ന നൈതികത മാറുന്നില്ലേ എന്നും തോന്നാം. എല്ലാമാവാം, വേഴ്ച്ചയൊഴിച്ച് എന്ന നിലപാടിലെ ജൈവ ചോദനകളുടെ നിരാസത്തില്‍ ഇസ്ലാമിക ധാര്‍മ്മികത എന്നതിലേറെ ഏതാണ്ടൊരു വിക്റ്റോറിയന്‍ കപടത കടന്നുകൂടുന്നുവോ എന്നു സംശയിക്കാം. നോഹയുടെ പാത്രസൃഷ്ടിയിലും ഇത്തരം അപാകത അനുഭവപ്പെടാം. മാഡ്രിഡ് ജീവിത സാഹചര്യങ്ങളില്‍ അയാള്‍ ഏവര്‍ക്കും പ്രിയങ്കരനാകുന്നത് എല്ലാ ആനന്ദ വേളകളിലും എല്ലാവരുമായും കൂടിയാടുന്നതു കൊണ്ടും ലഹരിയുടെയും പെണ്‍ ചങ്ങാത്തങ്ങളുടെ ധാരാളിത്തത്തില്‍ അയാള്‍ ആരുടേയും പുറകില്‍ അല്ലാത്തതു കൊണ്ടുമാണ്. എന്നാല്‍ ഒരു കാലത്ത് തന്റെ മകളുടെ ഉടലില്‍ സ്പര്‍ശിച്ച ആളോട് തീക്ഷണമായി പ്രതികരിച്ചതിന് പിറകില്‍ പാലത്തിനു തീ കൊടുത്തയാള്‍ തന്റെ ക്ലബ്ബിലെ പരിചാരികമാരോട് മദാലസ സ്വാതന്ത്ര്യമെടുക്കാന്‍ ഒട്ടും മടിക്കുന്നില്ല. അതേ സമയംഫാത്തിമക്ക് ജോലി നല്‍കാന്‍ അയാള്‍ നല്‍കുന്ന പരീക്ഷ ‘അല്‍ ബഖറ’ സൂറത്ത് മനപ്പാഠം പഠിച്ചു ചൊല്ലുക എന്നതാണ് താനും. ജയില്‍ വാസ നാളുകളില്‍ വൈദ്യുതി പ്രയോഗത്തിലൂടെ പൗരുഷം നശിപ്പിക്കപ്പെട്ടയാള്‍ റോസയുടെ പ്രണയ ഭാജനമാകുന്നതും ഒരു വേള സലീമിന് ദുരൂഹമായി തോന്നുന്നുണ്ട്.

“എന്റെ പിതാവിന്റെ ഉള്ളില്‍ രണ്ടു വ്യക്തികള്‍ ഉണ്ടായിരുന്നു. അവിടെ നാട്ടില്‍ വെളിപ്പെട്ട വ്യക്തി ഇവിടെ മറഞ്ഞിരിപ്പായിരുന്നുഇവിടെ വെളിപ്പെട്ട വ്യക്തിയാകട്ടെ അവിടെ മറഞ്ഞിരിക്കയും ചെയ്തു. എന്നാല്‍ അതില്‍ ഒരാളെയും അദ്ദേഹം ഉപേക്ഷിച്ചില്ല എന്നത് നന്നായി. ചില സമയങ്ങളില്‍ അദ്ദേഹം അതില്‍ ഒരാളെ അപരനിലേക്ക് കുത്തിവെച്ചു.”

സൂക്ഷ്മാര്‍ത്ഥത്തില്‍ സംസ്കാരങ്ങളുടെ സഹവര്‍ത്തിത്തം എന്ന വലിയ പ്രമേയത്തെ സലീമിന്റെ ഈ നിരീക്ഷണം സാധൂകരിക്കുന്നുണ്ട്‌.

ഇറാഖ് നേരിട്ട രാഷ്ട്രീയ ഗതിവിഗതികള്‍ നോവലില്‍ തീക്ഷണമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഇറാന്‍ - ഇറാഖ് യുദ്ധ ഘട്ടത്തില്‍ നിര്‍ബന്ധിത സൈനിക വൃത്തിക്ക് ആണ്‍കുട്ടികളെ കണ്ടെത്താനായി ഗ്രാമങ്ങള്‍ നായാടുന്ന സൈനികരെ കുറിച്ച് നോവലില്‍ സൂചനയുണ്ട്. സലിം അത്തരം സൈനിക വൃത്തിയില്‍ ഏര്‍പ്പെടെണ്ടി വന്നവനാണ്. ‘ഇസ്ലാമിക രാജ്യ’മായ ഇറാനെതിരില്‍ യുദ്ധം ചെയ്യുന്നതിന് മുതലഖ് പിതാമഹന്‍ ഏകാധിപതിയെ ശപിക്കുന്നുണ്ട്. അമേരിക്ക കൂട്ടനശീകരണ ആയുധങ്ങള്‍ (weapons of mass destruction) തേടി ഇറാഖ് അധിനിവേശിക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ നോഹ നിരീക്ഷിക്കുന്നുണ്ട്:

“കൂട്ടനശീകരണ ആയുധങ്ങളോമില്ല്യന്‍ കണക്കിന് ആളുകളെ കൊല്ലുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന ഏകാധിപതിയെക്കാള്‍ നശീകരണക്ഷമമായ എന്ത് നശീകരണ ആയുധമാണുള്ളത്അവര്‍ക്കെന്താ അയാളെ നേരിട്ടങ്ങ് എടുത്ത് നമ്മെ രക്ഷിച്ചു കൂടെ?” 

സലിം കൂട്ടിച്ചേര്‍ക്കുന്നു:

“ഏകാധിപതിയെ പോലെ ഒരു വഷളന്‍ കാര്യത്തെ നേരിടാന്‍ അമേരിക്കന്‍ പ്രസിഡണ്ടിനെപ്പോലെ അതിനൊത്ത ഒരു ശത്രുവിനെ വേണം. അമേരിക്കക്കാരാണ് ഏകാധിപതിയെ അവിടെ സ്ഥാപിച്ചത്അവര്‍ അയാളെ നീക്കം ചെയ്യണം.” 

നോഹ സൂക്ഷിക്കുന്ന വെടിയുണ്ടയും യുദ്ധത്തില്‍ തകര്‍ന്നു പോയ നാടിന്റെ ഓര്‍മ്മ എന്നത് പോലെ പ്രതികാര ചിന്തയുടെ കൂടി പ്രതീകമാണ്. അത് അയാള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ള രീതിയാവട്ടെഅധിനിവേശം പോലെത്തന്നെഅസംബന്ധം എന്നതിലേറെ പ്രാകൃതവും ആണ്. പിതൃ പുത്ര ബന്ധത്തിന്റെ പവിത്രത എന്നതും ഇറാഖുമായി ബന്ധപ്പെട്ടാണ് നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്. പിതാവ് മുതലഖ്, നോഹയെ സംബന്ധിച്ച് എന്താണോ അതിന്റെ വകഭേദം തന്നെയാണ് സലീമിനു നോഹയും. എന്നാല്‍ പുതിയ കാലത്തെ ബോധ്യങ്ങള്‍ പിതാവുമായുള്ള അയാളുടെ ബന്ധത്തെ സങ്കീര്‍ണ്ണമാക്കുകയും വഴക്കില്‍ എത്തിക്കുകയും ചെയ്യുന്നു. ആ ഘട്ടത്തില്‍ അയാള്‍ ചുവരില്‍ തൂക്കിയ ഇറാഖിന്റെ ഭൂപടങ്ങള്‍ നുറുങ്ങു നുറുങ്ങായി കുത്തിക്കീറിക്കളയുന്നത് ഇതോടു ചേര്‍ത്തു കാണാം.

‘എന്റെ വിരലുകളിലെ കാരക്കകള്‍’ പ്രഥമമായി പ്രവാസത്തെയുംഅപ്പോഴും വേട്ടയാടുന്ന പിന്‍ വിളികളെയും സംബന്ധിച്ചുള്ള നോവലാണ്‌ എന്ന് പറയാം. സ്പെയിനിലായാലും ജര്‍മ്മനിയിലായാലും മറക്കാനാവാത്തമറക്കാനരുതാത്ത ദേശ സ്മൃതികളും ബന്ധങ്ങളുടെ ബാധ്യതകളും വിശ്വാസങ്ങളുടെയും വിധി വലിക്കുകളുടെയും പരിധികളും അത് സ്പഷ്ടമായിത്തന്നെ നിലനിര്‍ത്തുന്നു. വ്യത്യസ്തവും ചിലപ്പോള്‍ ദുരൂഹവും ആയ രീതിയിലാണെങ്കിലും പിതാവും പുത്രനും ഇറാഖിനെ നില നിര്‍ത്തുക തന്നെയാണ് യൂറോപ്പിന്റെ മുഖരിതമായ ആധുനിക ജീവിത ബാദ്ധപ്പാടുകള്‍ക്ക് ഇടയിലും.

 read more on Iraqi experience:

Frankenstein in Baghdad by Ahmed Saadawi

https://alittlesomethings.blogspot.com/2024/06/frankenstein-in-baghdad-by-ahmed-saadawi.html

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Corpse Washer by Sinan Antoon

https://alittlesomethings.blogspot.com/2018/01/blog-post_20.html

The Baghdad Clock by Shahad Al Rawi

https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html