Featured Post

Showing posts with label Muhsin al-Ramli. Show all posts
Showing posts with label Muhsin al-Ramli. Show all posts

Sunday, March 4, 2018

Dates on My Fingers by Muhsin al-Ramli / Luke Leafgren


സഹന പര്‍വ്വത്തിലും കാരക്കാരുചി 



സ്പെയിനിലെ മാഡ്രിഡില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇറാഖി എഴുത്തുകാരന്‍ മുഹ്സിന്‍ അല്‍ റംലി ഡോണ്‍ കിഹോതെ പോലുള്ള സ്പാനിഷ് ക്ലാസ്സിക്കുകള്‍ അറബിക്കിയിലേക്ക് മൊഴി മാറ്റിയ പരിഭാഷകനും സെന്റ്‌ ലൂയിസ് യൂണിവേഴ്സിറ്റി അധ്യാപകനുമാണ്. ‘ഡോണ്‍ കിഹോതെയില്‍ ഇസ്ലാമിക സംസ്കാരത്തിന്റെ മുദ്രകള്‍’ എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ ഡോക്റ്ററേറ്റ് തീസിസ് എന്ന് വികിപീഡിയ ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം കവിതചെറുകഥനോവലുകള്‍ എന്നിവയിലായി ഒരു ഡസനോളം കൃതികളുടെ കര്‍ത്താവാണ് 1967-ല്‍ ജനിച്ച മുഹ്സിന്‍ അല്‍ റംലി.   

കുട്ടിക്കാലത്തിന്റെ കളിത്തൊട്ടിലും സംസ്കൃതിയുടെ കളിത്തൊട്ടിലുമായ ഇറാഖിന്യുദ്ധങ്ങള്‍ക്കൊണ്ട് മുഖരിതമായ നീണ്ട പാതയ്ക്ക് ശേഷം എന്റെ ഇടത്താവളമായ സ്പെയിനിന്” എന്ന സമര്‍പ്പണത്തോടെ ആരംഭിക്കുന്ന നോവലിലെ ആഖ്യാതാവ് സലിംനോവലിസ്റ്റിനെ പോലെത്തന്നെകലുഷമായ ഇറാഖ് യുദ്ധകാലത്തെ തുടര്‍ന്ന് മാഡ്രിഡിലേക്ക് കുടിയേറിയ യുവാവാണ്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തികച്ചും യാദൃശ്ചികമായ നിലയില്‍ ഒരു നൈറ്റ്ക്ലബ്ബില്‍ വെച്ച് സ്വന്തം പിതാവ് നോഹയെ കണ്ടുമുട്ടാന്‍ ഇടയാവുന്നതും

“നിനക്ക് വേണ്ടതെന്തും എഴുതിക്കോളൂ,.. സംഭവിച്ചു കഴിഞ്ഞതെന്തോ അതിനേക്കാള്‍ മോശമായതൊന്നും ഇനി സംഭവിക്കാനില്ല. ഈ ലോകം ആകെ ഭോഗിക്കപ്പെട്ടതാണ്.”

എന്ന് അദ്ദേഹം ധൈര്യപ്പെടുത്തുന്നതുമാണ് തന്റെ കഥഅതിലൂടെ സ്വന്തം നാടിന്റെയുംകുടുംബത്തിന്റെയുംസര്‍വ്വോപരി പിതാവിന്റെ സ്വയം പ്രഖ്യാപിതമായ വിചിത്ര ദൗത്യത്തിന്റെയും കഥപറയുന്നതിലേക്ക് സലീമിനെ തൊടുത്തുവിടുന്നത്. കണ്ടുമുട്ടുമ്പോള്‍ പിതാവിനെ തിരിച്ചറിഞ്ഞേക്കില്ലായിരുന്നു- പക്ഷെ അതിനൊരു ചിഹ്നമുണ്ട്: നോവലില്‍ ചടുലമായ ആഖ്യാനത്തിലൂടെ വിവരിക്കപ്പെടുന്ന പുരാവൃത്തത്തില്‍ നിര്‍ണ്ണായകമായ ഒന്നായചെമ്പു വെടിയുണ്ട കൊണ്ടുണ്ടാക്കിയ ഒരു പഴയ കീ ചെയിന്‍. നോഹക്ക് അതൊരു ഓര്‍മ്മപ്പെടുത്തലാണ് – ഒരു അലംഘനീയമായ സത്യം ചെയ്യലിന്റെ. മകന് പിതാവിനോടുള്ളത്ഉണ്ടാവേണ്ടത്ദൈവ തുല്യമായ സമ്പൂര്‍ണ്ണ അനുസരണമാണ് എന്ന ഗോത്ര വിവേകത്തിന്റെപ്രൌഡഗംഭീരനായിരുന്ന പിതാവിന്റെ - അഥവാ സലീമിന്റെ പിതാമഹന്റെ - ആജ്ഞാനുവര്‍ത്തനത്തിന് അത്യാവശ്യമായ പ്രതികാരനിര്‍വ്വഹണത്തിന്റെദേശത്തിന്റെ അഭിമാന സംരക്ഷണത്തിന്റെരാഷ്ട്രീയ സ്വത്വ സ്വാതന്ത്ര്യാഭിനിവേശത്തിന്റെ. മറ്റൊരു ദേശത്തു സമാധാന പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ സന്തുഷ്ടമായ ഒരു പുനസമാഗമം ആകേണ്ടിയിരുന്ന പിതൃ-പുത്ര കൂടിക്കാഴ്ച ഈ അലംഘനീയതയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ പൂര്‍ണ്ണമാവുകയാണ്.

 സലീമിന്റെ ആഖ്യാനത്തില്‍ വെളിപ്പെടുന്ന തിക് രിത്തിലെ വലിയ യാഥാസ്ഥിതിക കുടുംബം പിതാമഹന്‍ മുതലഖിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.

“ഒരു നായ നിന്റെ നേരെ കുരയ്ക്കുമ്പോള്‍ അതിനു നേരെ തിരികെ കുരയ്ക്കരുത്എന്നാല്‍ അത് നിന്നെ കടിച്ചാല്‍തിരികെ കടിക്കുക!”

അദ്ദേഹത്തിന്റെ ഈ തത്വ ശാസ്ത്രമാണ് കുടുംബത്തെ നയിക്കുന്നത്. ഒരു നാള്‍ രോഗിണിയെങ്കിലും സുന്ദരിയായ പതിനാലുകാരി മകള്‍ ഇസ്തെബ്രാകിന്റെ പിന്‍ഭാഗത്ത് അശ്ലീലമായി സ്പര്‍ശിക്കുന്ന അപരിചതന്റെ നേരെ പ്രാകൃതമായ രീതിയില്‍ തിരിച്ചടിക്കുന്ന നോഹയുടെ ചെയ്തി ഇതിന്റെ തുടര്‍ച്ചയാണ്. അധികാര കേന്ദ്രങ്ങളില്‍ പിടിപാടുള്ളയാളാണ് അക്രമി എന്നത് നോഹയെ ജയിലിലേക്കും ശിക്ഷാമുറയുടെ ഫലമായി വന്ധ്യതയിലേക്കും എത്തിക്കുന്നത് പന്ത്രണ്ടു മക്കള്‍ എന്ന അയാളുടെ സ്വപ്നത്തെ പാതിയില്‍ ഉപേക്ഷിക്കാന്‍ അയാളെ നിര്‍ബന്ധിതനാക്കും. തുടര്‍ന്ന് പിതാമഹന്റെ നേതൃത്വത്തില്‍ ഗോത്രം നടത്തുന്ന ആക്രമണം നോഹയെ മോചിപ്പിക്കുന്നതില്‍ എത്തുമെങ്കിലും അതിന്റെ അനന്തര ഫലങ്ങള്‍ സലീമിനെ ഇറാഖ് വിടാന്‍ പ്രേരിപ്പിക്കുകയും നോഹയെ കൊണ്ട് ആ സത്യം ചെയ്യലില്‍ എത്തിക്കുകയും ചെയ്യും. തങ്ങളുടെ അവമതിക്ക് കാരണമായ ഉദ്യോഗസ്ഥനെ കണ്ടെത്തി പ്രതികാരം ചെയ്യുമെന്ന പിതാവിന് കൊടുത്ത വാക്കാണ്‌ അയാളെ മാഡ്രിഡില്‍ എത്തിച്ചതെന്ന് അങ്ങനെയാണ് വ്യക്തമാകുക. ഒരു പരിഷ്കൃത സമൂഹം ഒരിക്കലും അംഗീകരിക്കാന്‍ ഇടയില്ലാത്ത പ്രാകൃതമായ ഒരു പ്രതികാര നിര്‍വ്വഹണ രീതി മരിച്ചു പോയ പിതാവിനോടുള്ള വിധേയത്വത്തിന്റെ മാത്രം പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന സലീമിന്റെ നിലപാട് കടുത്ത അഭിപ്രായ വ്യത്യാസത്തിനുംഒരു പൊട്ടിത്തെറിക്കുംതുടര്‍ന്ന് ഭീകരമായ കുറ്റബോധത്തിന്റെ തിരതള്ളലില്‍ നോഹയുടെ ജീവിതം കലങ്ങിമറിയുന്നതിലും എത്തിച്ചേരുന്നു. നോവലന്ത്യത്തില്‍മകനുമായി രജ്ഞിപ്പിലാകുന്ന നോഹനൈറ്റ് ക്ലബ്ബും തന്റെ ഫ്ലാറ്റും മകനെ ഏല്‍പ്പിച്ച് തന്നെ ഏറെ സ്നേഹിക്കുന്ന റോസയോടൊപ്പം ജര്‍മ്മനിയിലേക്ക് പോകാന്‍ തയ്യാറാകുന്നതോടെ സലിം ആശ്വസിക്കുന്നു. എന്നാല്‍ദുരന്തങ്ങളുടെ ഇരകളായ ജീവിതങ്ങള്‍ക്ക് ഒരു പിക്ച്ചര്‍ പര്‍ഫെക്റ്റ് ശുഭാന്ത്യം  (happily ever-after) ഒരിക്കലും കാത്തു വെച്ചിട്ടില്ലെന്ന്, വിശദീകരണം ഏതുമില്ലാതെഒരൊറ്റ വാക്യത്തില്‍ നല്‍കുന്ന സൂചനയിലൂടെ വായനക്കാരന്റെ അസ്ഥിയിലേക്ക് കിടിലമുണ്ടാക്കിയാണ് നോവല്‍ അവസാനിക്കുക.   

നോവലിന്റെ തലക്കെട്ടിലെ കാരക്ക ഇറാഖിന്റെ തന്നെ പ്രതീകമാണ്. ബാല്യകാല സഖിയും പ്രണയാനുഭവങ്ങളില്‍ ആദ്യ പര്യവേഷണങ്ങള്‍ക്ക് കൂട്ടുമായിരുന്ന ആലിയയുടെ മുറ്റിവരുന്ന ഉടലില്‍ അവന്‍ രുചിച്ചറിഞ്ഞത്പുഴയാഴങ്ങളില്‍ മറഞ്ഞുപോയ ആ നിതാന്ത വേദന സ്വന്തം ഉടലില്‍ സംതൃപ്തി കണ്ടെത്തിയ രണ്ടു ഘട്ടങ്ങളില്‍ മാദക സങ്കല്‍പ്പമാക്കിയത് അയാളെ കുറ്റബോധം കൊണ്ടു കരയിക്കുന്നുണ്ട്. പ്രവാസത്തിലും വിട്ടു പോകാതെ ഇറാഖിനെ മുറിയിലെ ചുവരില്‍ തൂക്കിയിട്ട ഭൂപടങ്ങളില്‍ നിരന്തര സാന്നിധ്യമായി അവന്‍ നില നിര്‍ത്തുന്നു. അത് പോലെമൊറോക്കന്‍ സുന്ദരി ഫാതിമയുമായുള്ള ബന്ധം പ്രണയമായും ജീവിത പങ്കാളിത്തമായും വളരുമ്പോള്‍ ആലിയയുടെ ഓര്‍മ്മ കാരക്കാ സ്പര്‍ശമായി അവളിലേക്കും സലിം സന്നിവേശിപ്പിക്കുന്നുണ്ട്.

“ആലിയയുടെ വേരുകള്‍ എന്റെ ആത്മാവില്‍ നിന്ന് പറിച്ചു കളയുക എന്നത് എനിക്ക് മുഴുവനായും ചെയ്യാനാവില്ലായിരുന്നു.”

തകര്‍ന്നു പോയ ആദ്യവിവാഹത്തെ പിറകില്‍ ഉപേക്ഷിച്ചു സലീമുമായുള്ള ബന്ധത്തിന്റെ സ്വപ്ന തുല്യമായ ആഹ്ലാദത്തിലേക്ക് കടക്കുമ്പോഴും വിവാഹ പൂര്‍വ്വ രതിയെ സംബന്ധിച്ച മത വിലക്കുകള്‍ മുറുകെ പിടിക്കുന്ന ഫാത്തിമ പ്രണയ വേളകളില്‍ അനുവദിക്കുന്ന പരിധികള്‍ക്ക് പരിമിതിയുണ്ട്. ഒരു വേളനോവലിന്റെ പരിമിതിയായി ഇത്തരം അടിച്ചേല്‍പ്പിക്കുന്ന നൈതികത മാറുന്നില്ലേ എന്നും തോന്നാം. എല്ലാമാവാം, വേഴ്ച്ചയൊഴിച്ച് എന്ന നിലപാടിലെ ജൈവ ചോദനകളുടെ നിരാസത്തില്‍ ഇസ്ലാമിക ധാര്‍മ്മികത എന്നതിലേറെ ഏതാണ്ടൊരു വിക്റ്റോറിയന്‍ കപടത കടന്നുകൂടുന്നുവോ എന്നു സംശയിക്കാം. നോഹയുടെ പാത്രസൃഷ്ടിയിലും ഇത്തരം അപാകത അനുഭവപ്പെടാം. മാഡ്രിഡ് ജീവിത സാഹചര്യങ്ങളില്‍ അയാള്‍ ഏവര്‍ക്കും പ്രിയങ്കരനാകുന്നത് എല്ലാ ആനന്ദ വേളകളിലും എല്ലാവരുമായും കൂടിയാടുന്നതു കൊണ്ടും ലഹരിയുടെയും പെണ്‍ ചങ്ങാത്തങ്ങളുടെ ധാരാളിത്തത്തില്‍ അയാള്‍ ആരുടേയും പുറകില്‍ അല്ലാത്തതു കൊണ്ടുമാണ്. എന്നാല്‍ ഒരു കാലത്ത് തന്റെ മകളുടെ ഉടലില്‍ സ്പര്‍ശിച്ച ആളോട് തീക്ഷണമായി പ്രതികരിച്ചതിന് പിറകില്‍ പാലത്തിനു തീ കൊടുത്തയാള്‍ തന്റെ ക്ലബ്ബിലെ പരിചാരികമാരോട് മദാലസ സ്വാതന്ത്ര്യമെടുക്കാന്‍ ഒട്ടും മടിക്കുന്നില്ല. അതേ സമയംഫാത്തിമക്ക് ജോലി നല്‍കാന്‍ അയാള്‍ നല്‍കുന്ന പരീക്ഷ ‘അല്‍ ബഖറ’ സൂറത്ത് മനപ്പാഠം പഠിച്ചു ചൊല്ലുക എന്നതാണ് താനും. ജയില്‍ വാസ നാളുകളില്‍ വൈദ്യുതി പ്രയോഗത്തിലൂടെ പൗരുഷം നശിപ്പിക്കപ്പെട്ടയാള്‍ റോസയുടെ പ്രണയ ഭാജനമാകുന്നതും ഒരു വേള സലീമിന് ദുരൂഹമായി തോന്നുന്നുണ്ട്.

“എന്റെ പിതാവിന്റെ ഉള്ളില്‍ രണ്ടു വ്യക്തികള്‍ ഉണ്ടായിരുന്നു. അവിടെ നാട്ടില്‍ വെളിപ്പെട്ട വ്യക്തി ഇവിടെ മറഞ്ഞിരിപ്പായിരുന്നുഇവിടെ വെളിപ്പെട്ട വ്യക്തിയാകട്ടെ അവിടെ മറഞ്ഞിരിക്കയും ചെയ്തു. എന്നാല്‍ അതില്‍ ഒരാളെയും അദ്ദേഹം ഉപേക്ഷിച്ചില്ല എന്നത് നന്നായി. ചില സമയങ്ങളില്‍ അദ്ദേഹം അതില്‍ ഒരാളെ അപരനിലേക്ക് കുത്തിവെച്ചു.”

സൂക്ഷ്മാര്‍ത്ഥത്തില്‍ സംസ്കാരങ്ങളുടെ സഹവര്‍ത്തിത്തം എന്ന വലിയ പ്രമേയത്തെ സലീമിന്റെ ഈ നിരീക്ഷണം സാധൂകരിക്കുന്നുണ്ട്‌.

ഇറാഖ് നേരിട്ട രാഷ്ട്രീയ ഗതിവിഗതികള്‍ നോവലില്‍ തീക്ഷണമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഇറാന്‍ - ഇറാഖ് യുദ്ധ ഘട്ടത്തില്‍ നിര്‍ബന്ധിത സൈനിക വൃത്തിക്ക് ആണ്‍കുട്ടികളെ കണ്ടെത്താനായി ഗ്രാമങ്ങള്‍ നായാടുന്ന സൈനികരെ കുറിച്ച് നോവലില്‍ സൂചനയുണ്ട്. സലിം അത്തരം സൈനിക വൃത്തിയില്‍ ഏര്‍പ്പെടെണ്ടി വന്നവനാണ്. ‘ഇസ്ലാമിക രാജ്യ’മായ ഇറാനെതിരില്‍ യുദ്ധം ചെയ്യുന്നതിന് മുതലഖ് പിതാമഹന്‍ ഏകാധിപതിയെ ശപിക്കുന്നുണ്ട്. അമേരിക്ക കൂട്ടനശീകരണ ആയുധങ്ങള്‍ (weapons of mass destruction) തേടി ഇറാഖ് അധിനിവേശിക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോള്‍ നോഹ നിരീക്ഷിക്കുന്നുണ്ട്:

“കൂട്ടനശീകരണ ആയുധങ്ങളോമില്ല്യന്‍ കണക്കിന് ആളുകളെ കൊല്ലുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന ഏകാധിപതിയെക്കാള്‍ നശീകരണക്ഷമമായ എന്ത് നശീകരണ ആയുധമാണുള്ളത്അവര്‍ക്കെന്താ അയാളെ നേരിട്ടങ്ങ് എടുത്ത് നമ്മെ രക്ഷിച്ചു കൂടെ?” 

സലിം കൂട്ടിച്ചേര്‍ക്കുന്നു:

“ഏകാധിപതിയെ പോലെ ഒരു വഷളന്‍ കാര്യത്തെ നേരിടാന്‍ അമേരിക്കന്‍ പ്രസിഡണ്ടിനെപ്പോലെ അതിനൊത്ത ഒരു ശത്രുവിനെ വേണം. അമേരിക്കക്കാരാണ് ഏകാധിപതിയെ അവിടെ സ്ഥാപിച്ചത്അവര്‍ അയാളെ നീക്കം ചെയ്യണം.” 

നോഹ സൂക്ഷിക്കുന്ന വെടിയുണ്ടയും യുദ്ധത്തില്‍ തകര്‍ന്നു പോയ നാടിന്റെ ഓര്‍മ്മ എന്നത് പോലെ പ്രതികാര ചിന്തയുടെ കൂടി പ്രതീകമാണ്. അത് അയാള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ള രീതിയാവട്ടെഅധിനിവേശം പോലെത്തന്നെഅസംബന്ധം എന്നതിലേറെ പ്രാകൃതവും ആണ്. പിതൃ പുത്ര ബന്ധത്തിന്റെ പവിത്രത എന്നതും ഇറാഖുമായി ബന്ധപ്പെട്ടാണ് നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്. പിതാവ് മുതലഖ്, നോഹയെ സംബന്ധിച്ച് എന്താണോ അതിന്റെ വകഭേദം തന്നെയാണ് സലീമിനു നോഹയും. എന്നാല്‍ പുതിയ കാലത്തെ ബോധ്യങ്ങള്‍ പിതാവുമായുള്ള അയാളുടെ ബന്ധത്തെ സങ്കീര്‍ണ്ണമാക്കുകയും വഴക്കില്‍ എത്തിക്കുകയും ചെയ്യുന്നു. ആ ഘട്ടത്തില്‍ അയാള്‍ ചുവരില്‍ തൂക്കിയ ഇറാഖിന്റെ ഭൂപടങ്ങള്‍ നുറുങ്ങു നുറുങ്ങായി കുത്തിക്കീറിക്കളയുന്നത് ഇതോടു ചേര്‍ത്തു കാണാം.

‘എന്റെ വിരലുകളിലെ കാരക്കകള്‍’ പ്രഥമമായി പ്രവാസത്തെയുംഅപ്പോഴും വേട്ടയാടുന്ന പിന്‍ വിളികളെയും സംബന്ധിച്ചുള്ള നോവലാണ്‌ എന്ന് പറയാം. സ്പെയിനിലായാലും ജര്‍മ്മനിയിലായാലും മറക്കാനാവാത്തമറക്കാനരുതാത്ത ദേശ സ്മൃതികളും ബന്ധങ്ങളുടെ ബാധ്യതകളും വിശ്വാസങ്ങളുടെയും വിധി വലിക്കുകളുടെയും പരിധികളും അത് സ്പഷ്ടമായിത്തന്നെ നിലനിര്‍ത്തുന്നു. വ്യത്യസ്തവും ചിലപ്പോള്‍ ദുരൂഹവും ആയ രീതിയിലാണെങ്കിലും പിതാവും പുത്രനും ഇറാഖിനെ നില നിര്‍ത്തുക തന്നെയാണ് യൂറോപ്പിന്റെ മുഖരിതമായ ആധുനിക ജീവിത ബാദ്ധപ്പാടുകള്‍ക്ക് ഇടയിലും.

 read more on Iraqi experience:

Frankenstein in Baghdad by Ahmed Saadawi

https://alittlesomethings.blogspot.com/2024/06/frankenstein-in-baghdad-by-ahmed-saadawi.html

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Corpse Washer by Sinan Antoon

https://alittlesomethings.blogspot.com/2018/01/blog-post_20.html

The Baghdad Clock by Shahad Al Rawi

https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html