Featured Post

Showing posts with label Arab Fiction in Translation. Show all posts
Showing posts with label Arab Fiction in Translation. Show all posts

Sunday, June 21, 2026

The Woman from Tantoura by Radwa Ashour/ Kay Heikkinen

 


കേവലം എഴുത്തിൽ മാത്രമല്ലറദ്‌വ ആശൂറിന്റെ സ്വന്തം ജീവിതത്തിലും വ്യക്തിപരമായ തലങ്ങളും രാഷ്ട്രീയവും പരസ്പരം പിണഞ്ഞുകിടന്നു. പലസ്തീനിയൻ കവിയായ മുരീദ് ബർഗൂതിയുമായുള്ള അവരുടെ വിവാഹജീവിതത്തിൽരാഷ്ട്രീയപരമായ കാരണങ്ങളാലും നാടുകടത്തലുകളാലും പതിനേഴു വർഷത്തോളം അവർക്ക് നിർബന്ധിതമായി പരസ്പരം പിരിഞ്ഞു കഴിയേണ്ടി വന്നു. ജീവചരിത്രപരമായ ഈ വിശദാംശം രണ്ട് കാരണങ്ങളാൽ അതീവ പ്രധാനമാണ്. ഒന്നാമത്പലസ്തീനിയൻ പശ്ചാത്തലത്തിൽ വ്യക്തിപരമായ ജീവിതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല (the personal is political) എന്ന് ഇത് വ്യക്തമാക്കുന്നുഅവിടെ പ്രണയവും വിവാഹവും കുടുംബജീവിതവുമൊക്കെ അധിനിവേശത്താലും ഭരണകൂട അധികാരത്താലും നിരന്തരം തകിടം മറിക്കപ്പെടുന്നു. രണ്ടാമതായിഈജിപ്ഷ്യൻ പൗരത്വമുള്ള വ്യക്തിയായിരുന്നിട്ടും റദ്‌വ ആശൂറിനെ പലസ്തീനിയൻ ക്ലാസിക് സാഹിത്യത്തിന്റെ നിരയിൽ പ്രതിഷ്ഠിക്കാൻ ഇത് കാരണമാകുന്നു. ബർഗൂതിയുടെ ജീവിതപങ്കാളി എന്ന നിലയിലുംപലസ്തീനിയൻ പ്രവാസത്തെയും അവരുടെ സാക്ഷ്യങ്ങളെയും തന്റെ ഫിക്ഷനുകളുടെ കേന്ദ്രബിന്ദുവാക്കിയ എഴുത്തുകാരി എന്ന നിലയിലും ആശൂറിന്റെ ശബ്ദം പലസ്തീനിയൻ സാഹിത്യ പ്രപഞ്ചത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടുതന്നെ, അവരുടെ 'ദി വുമൺ ഓഫ് തന്തൂറഎന്നത് സാക്ഷ്യസാഹിത്യ (witness literature) നോവൽ മാത്രമല്ലമറിച്ച് ഈജിപ്ഷ്യൻ-പലസ്തീനിയൻ സാഹിത്യ പാരമ്പര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയാണ്.... 

തുടര്‍ന്ന് വായിക്കാന്‍ ദയവായി സന്ദര്‍ശിക്കുക: 

https://www.fazalrahman.com/essays/article/the-woman-from-tantoura-by-radwa-ashour-kay-heikkinen



Saturday, May 16, 2026

A Mask the Colour of the Sky by Bassem Khandaqji / Addie Leak

 

‘എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ’: അപരാവരണവും പലസ്തീനിയൻ വീണ്ടെടുപ്പും




"അധിനിവേശത്തിന് (colonialism) പുറത്തായി ഒന്നുമില്ലെന്നും, ഫാസിസത്തിന് പുറത്തായി ഒന്നുമില്ലെന്നും, വംശഹത്യയ്ക്ക് (genocide) പുറത്തായി ഒന്നുമില്ലെന്നും ഞാൻ എപ്പോഴും ഊന്നിപ്പറയാറുണ്ട്. നമ്മൾ നിഷ്പക്ഷരല്ലെന്ന് അവർ ആരോപിക്കുന്നു. ആധുനികത എന്നത് ഒരു മിഥ്യയായിരിക്കുന്നതുപോലെ തന്നെ നിഷ്പക്ഷതയും ഒരു മിഥ്യയാണെന്നാണ് ഞാൻ പറയുന്നത്. നിഷ്പക്ഷത എന്നൊരു സംഗതി നിലവിലില്ല. നമ്മൾ നമ്മുടെ എഴുത്തുകളിൽ പൂർണ്ണമായും ഏർപ്പെടുകയും അതിലേക്ക് ലയിച്ചുചേരുകയും വേണം. എഴുതുമ്പോൾ നമുക്ക് എന്താണോ തോന്നുന്നത് അത് നമ്മൾ പരസ്യമായി പ്രഖ്യാപിക്കുക തന്നെ വേണം."

-       ബാസെം ഖന്ദാഖ്ജി, ബുക്ക് ക്ലബ് അഭിമുഖത്തില്‍ നിന്ന്.

 

1983-ൽ ജനിച്ച ബാസെം ഖന്ദാഖ്ജി, അൻ-നജാഹ് നാഷണൽ യൂണിവേഴ്സിറ്റി, അൽ-ഖുദ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 2004 നവംബർ 2-ന്, തന്റെ ഇരുപതാം വയസ്സിൽ, മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടെൽ അവീവിലെ കാർമൽ മാർക്കറ്റ് ബോംബാക്രമണത്തിൽ പങ്കാളിയായതിനെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിൽ, ഇസ്രായേലികൾക്കെതിരെ ചാവേർ ആക്രമണം നടത്താൻ ആളെ അയച്ചതിൽ തനിക്ക് പങ്കുണ്ടെന്ന് ഖന്ദാഖ്ജി സ്ഥിരീകരിച്ചിരുന്നു. എന്നാൽ താൻ ലക്ഷ്യമിട്ടത് സാധാരണക്കാരെയല്ല, മറിച്ച് സൈനിക കേന്ദ്രങ്ങളെ മാത്രമായിരുന്നുവെന്നും, കാലം പുറകോട്ട് തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട ജയിൽവാസത്തിനിടയിലും അദ്ദേഹം നിരവധി നോവലുകളും കവിതകളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. തടവറയിലിരുന്ന് അദ്ദേഹം എഴുതിയ മൂന്നാമത്തെ നോവലായ 'എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ' (A Mask, the Color of the Sky) 2024-ൽ അറബിക് ബുക്കർ പ്രൈസ് (International Prize for Arabic Fiction) കരസ്ഥമാക്കി. തുടർന്ന് 2025-, ഹമാസ് തടവിലാക്കിയ ബന്ദികൾക്ക് പകരമായി പലസ്തീനിയൻ തടവുകാരെ മോചിപ്പിക്കാനുള്ള കൈമാറ്റക്കരാറിന്റെ ഭാഗമായി ഖന്ദാക്ജി ഇസ്രായേൽ ജയിലിൽ നിന്ന് മോചിതനായി......

https://www.fazalrahman.com/essays/article/a-mask-the-colour-of-the-sky



Sunday, July 6, 2025

The Druze of Belgrade by Rabee Jaber

 

‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍: ചരിത്രനീതിയെന്ന പ്രഹേളിക




ലബനീസ് നോവലിസ്റ്റ് റബീ ജാബെറിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പ്രകാരം (IPAF- 2012) നേടിക്കൊടുത്ത നോവലാണ്‌ ബെല്‍ ഗ്രേഡിലെ ദുറൂസികള്‍’ (The Druze of Belgrade).  ചരിത്രത്തിന്റെ നിരങ്കുശവും ഏകപക്ഷീയവും നീതിരഹിതവുമായ ഇടപെടലില്‍ കുരുങ്ങിപ്പോകുന്ന മനുഷ്യരുടെ ദുരന്തപൂര്‍ണ്ണവും ദുരിതപൂര്‍ണ്ണവുമായ ജീവിതകഥയാണ് നോവല്‍ ആവിഷ്കരിക്കുന്നത്. സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും വിഭാഗീയ അക്രമങ്ങളുടെയും രാഷ്ട്രീയ ഗൂഢാലോചനകളുടെയും വേലിയേറ്റത്തിൽ കുടുങ്ങിപ്പോകുന്ന നിരപരാധിയായ, വെറുമൊരു മുട്ടക്കച്ചവടക്കാരനായ ഹന്ന യാക്കൂബ് എന്ന പാവം യുവാവിന്റെ കഥയാണ് അതിന്റെ കാതൽ. ചരിത്രത്തിനു കേവലം വ്യക്തികളെ രൂപപ്പെടുത്തുക മാത്രമല്ല, അവരെ അകാരണമായും ദയാരഹിതമായും മുഴുവനായും ദഹിപ്പിച്ചു കളയാനും കഴിയും എന്നതിന്റെ മരവിപ്പിക്കുന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ നോവൽ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ലെബനനില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ ഒരു ഭാഗത്ത് മാരോനൈറ്റ് ക്രിസ്ത്യാനികളും മറുഭാഗത്ത് ദുറൂസി മുസ്ലിംങ്ങളും ഏറ്റുമുട്ടി. ഭാഗധേയങ്ങള്‍ മാറിമറിഞ്ഞ സംഘര്‍ഷം, ഒടുവില്‍ ക്രിസ്ത്യന്‍ കൂട്ടക്കൊലയിലേക്ക് നയിച്ചു. അക്കാലമാകുമ്പോഴേക്കും അപചയപ്പെട്ടുകൊണ്ടിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്, ക്രിസ്ത്യന്‍ സംരക്ഷകരായി ഇടപെടാന്‍ തുടങ്ങിയേക്കാമായിരുന്ന ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍ അക്രമകാരികള്‍ക്കെതിരില്‍ നടപടിഎടുക്കല്‍ അനിവാര്യമായി. ത

തുടര്‍ വായനയ്ക്ക് :


https://www.fazalrahman.com/essays/article/the-druze-of-belgrade-by-rabee-jaber

Thursday, May 15, 2025

The Queue by Basma Abdel Aziz/ Elisabeth Jaquette


വസന്തം പിന്‍മടങ്ങുമ്പോള്‍


പോരാട്ടങ്ങളില്‍ പങ്കെടുത്തവര്‍ ഓര്‍മ്മക്കുറിപ്പെഴുതാന്‍ തുടങ്ങുമ്പോള്‍ വിപ്ലവത്തിന്റെ അന്ത്യമായി എന്നതിന്റെ ഏറ്റവും കൃത്യമായ അടയാളമാണത് എന്ന് ഏലിയാസ് ഖൂറിയുടെ Sinalcol എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്അത് ശരിയാണെങ്കില്‍ ബാസ്മ അബ്ദെല്‍ അസീസിന്റെ The Queueഒമര്‍ റോബര്‍ട്ട് ഹാമില്‍ട്ടണിന്റെ The City Always Wins എന്നീ നോവലുകള്‍ ഇജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അവസാനം സൂചിപ്പിക്കുന്നു എന്ന് പറയാമെന്നു ഗൗതം ഭാടിയ നിരീക്ഷിക്കുന്നു (strangehorizons.com). ഇരു നോവലിസ്റ്റുകളും 2011 -ലെ അറബ് വസന്തത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നുകൃതികള്‍ രണ്ടും നോവലുകള്‍ ആണെങ്കിലും വ്യക്തിപരമായ അനുഭവങ്ങളുടെ നിഴല്‍ രണ്ടിലും വളരെ സജീവമാണ്. എന്നാല്‍ ഹാമില്‍ട്ടണ്‍ 2011 മുതല്‍ 2014 വരെ കാലയളവില്‍ ഇജിപ്ഷ്യന്‍ തെരുവുകളില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളും കല്‍പ്പിത കഥാപാത്രങ്ങളും ഇഴകോര്‍ക്കുംവിധം വൈയക്തികവും സാമൂഹ്യവുമായ ദുരന്തങ്ങളെ ആവിഷ്കരിക്കുമ്പോള്‍ The Queue, യഥാതഥ ലോകത്തെ ബോധപൂര്‍വ്വം അമൂര്‍ത്തവല്ക്കരിച്ചിട്ടുണ്ട്സംഭവങ്ങളും പേരുകളും ചരിത്ര സൂചകങ്ങളും നേരിട്ട് തിരിച്ചറിയാതാക്കും വിധം അകലത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇജിപ്ഷ്യന്‍ ജേണലിസ്റ്റ്പീഡനത്തിനിരയായവരെ ചികിത്സിക്കുന്ന കൈറോയിലെ നദീം സെന്ററിലെ മനോരോഗ വിദഗ്ധഇജിപ്ഷ്യന്‍ അധികാരികള്‍ 2016 ഫെബ്രുവരിയില്‍ കേന്ദ്രം അടച്ചു പൂട്ടിയിട്ടും തന്റെ സേവനം തുടരുന്ന സാമൂഹ്യപ്രവര്‍ത്തക, ഭരണകൂട ഭീകരതക്കെതിരെ ഉച്ചത്തില്‍ ശബ്ദിക്കുന്ന, 'ഞാന്‍ ഭയപ്പെടുന്നില്ലഎന്ന് തുറന്നടിക്കുന്ന 'ദി റിബല്‍എന്ന് വിളിപ്പേരുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാളിഎഴുത്തുകാരിബാസ്മ അബ്ദെല്‍ അസീസ്‌ ഇതെല്ലാമാണ്അവരുടെ ഇംഗ്ലീഷില്‍ ലഭ്യമാകുന്ന ആദ്യ കൃതിയാണ് The Queueഒരിക്കലും തുറക്കപ്പെടില്ലെന്നു തോന്നിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ അനന്തമായി കാത്തുനില്‍ക്കുന്ന നാട്ടുകാരെ കാണേണ്ടിവന്ന അനുഭവത്തെ കുറിച്ച് അവര്‍ വിവരിച്ചിട്ടുണ്ട്തുടര്‍ന്ന് പതിനൊന്നു മണിക്കൂര്‍ നേരം തുടര്‍ച്ചയായി എഴുതിയ ഒരു സര്‍ റിയലിസ്റ്റ് രചന പിന്നീട് നോവലായി പരിണമിക്കുകയായിരുന്നുനോവല്‍ ആരംഭത്തില്‍ നാം കണ്ടുമുട്ടുന്ന യഹ് യുടെ കാത്തുനില്‍പ്പ് നൂറ്റിനാല്‍പ്പതു ദിവസമെന്ന സൂചനയാണ് നോവലിന്റെയും കാലഗണന. “സര്‍വ്വാധികാര സ്വരൂപത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് പറയാന്‍ വേണ്ട വിശാലമായ ഇടമാണ് ഫിക് ഷന്‍ നല്‍കിയത്എന്ന് എഴുത്തുകാരി പറഞ്ഞിട്ടുണ്ട്അറബ് വസന്തത്തിന്റെ ശൈഥില്യത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളെ ആവിഷ്കരിക്കാന്‍ ഓര്‍ വെല്ലിന്റെയും കാഫ് കയുടെയും മാതൃകയുള്ള ഡിസ്റ്റോപ്പിയന്‍സര്‍ റിയലിസ്റ്റ് രചനാ രീതി ഏറെ ഫലപ്രദമായി മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എഴുത്തുകാര്‍ ഉപയോഗിക്കുന്നുണ്ട്

പേരുപറയുന്നില്ലാത്ത നാട്ടില്‍ പക്ഷെ കഥാപാത്രങ്ങളുടെ പേരുകള്‍ മിഡില്‍ ഈസ്റ്റ് അറബ് ഭൂമിക അടയാളപ്പെടുത്തുന്നു

തുടര്‍ വായനയ്ക്ക്: 

https://www.fazalrahman.com/essays/article/the-queue-by-basma-abdel-aziz-elisabeth-jaquette

 

Sunday, May 11, 2025

Gate of the Sun by Elias Khoury / Humphrey Davies

 


വിട്ടു പോവാന്‍ വിസമ്മതിക്കുന്ന സഞ്ചിത സ്മൃതികളാണ് ചരിത്രംപറഞ്ഞു പതിഞ്ഞു മിത്തുകളായും തിടം വെച്ച് ഇതിഹാസങ്ങളായും അവ രൂപാന്തരപ്രാപ്തി കൈവരിക്കുകയും ചെയ്യുംഓരോ ജനതയും കടന്നു പോവുമ്പോഴും ചരിത്രം സ്വയം അസ്ഥിത്വം നേടുകയും കാലത്തിന്റെ സ്വയം നിര്‍ണ്ണയത്വ(determinism of the age)ത്തെ മറി കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നുചരിത്രം ഒരനുസ്യൂതിയാവുന്നതും ചരിത്രം രചിച്ചവരുടെ / സൃഷ്ടിച്ചവരുടെ കാലികാസ്തിത്വത്തിനുമപ്പുറം അത് നിതാന്തമാവുന്നതും അങ്ങനെയുമാവാംഈ അനുസ്യൂതിക്ക് ചെവിയോര്‍ത്തെഴുതുന്ന എഴുത്തുകാരന്‍ രചയിതാവ്ആഖ്യാതാവ് (author/ chronicler) എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വയം സ്ഥിതപ്പെടുത്തേണ്ടതുണ്ട്.

 

കഥപറച്ചില്‍ അതിജീവനം തന്നെയാവുന്നതിന്റെ ഏറ്റവും ഉദാത്ത രൂപമാണ് ഷെഹര്‍ സാദ്കഥ പറഞ്ഞു കൊണ്ടേയിരിക്കുകഇല്ലെങ്കില്‍ മരിക്കുകഈ സമവാക്യത്തിനെ തിരിച്ചി ടുകയാണ് വിഖ്യാത ലബനീസ് എഴുത്തുകാരന്‍ ഇല്യാസ് ഖൌറി (Elias Khoury) തന്റെ 'സൂര്യ കവാടം' ( Gate of the Sun) എന്ന ഇതിഹാസമാനമുള്ള നോവലില്‍ഇവിടെ പറയുന്നത് കഥയല്ലചരിത്രം തന്നെയാണ്ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ കട്ടിലിനരികില്‍ ഒരാള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരി ക്കുകയാണ്. 'കഥകള്‍ ഉറങ്ങാനുള്ളതാണ്മരണത്തിനുള്ളതല്ലഎന്ന് വിശ്വസിക്കുന്ന അയാള്‍ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്: 'ഞാന്‍ നിന്നെ കഥകള്‍ കൊണ്ട് ചികിത്സിക്കാന്‍ തീരുമാനിച്ചിരിക്കുന്നുഎന്ന് പറയുന്നു അയാള്‍.

“ പ്രിയ സുഹൃത്തെനമ്മുടെ ശരീരം നമ്മുടെ ചരിത്രമാണ്താങ്കളുടെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലൂടെ താങ്കളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുകതാങ്കള്‍ അവിടെ നിന്നെഴുന്നേറ്റു മരണത്തെ കുടഞ്ഞു തെറിപ്പിച്ചാല്‍ അതേറെ നന്നാവില്ലേ?” ബൈറൂത്തിലെ ഷാത്തിലാ അഭയാര്‍ഥി കാമ്പില്‍ കോമയില്‍ കഴിയുന്നതനിക്കു ഒരാത്മീയ പിതാവായ യൂനുസിനോട് ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ ചോദിക്കുകയാണ്യൂനുസ്‌ , തന്റെ മരിച്ചു പോയ മകന്റെ സ്ഥാനത്താണ് ഖലീലിനെ കാണുന്നതെന്ന് പറഞ്ഞിരുന്നത് അയാള്‍ ഓര്‍ക്കുന്നുണ്ട്. 1948-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതോടെ ബഹിഷ്കൃതരായ ഫലസ്തീനി യന്‍ ജനതയുടെ ചരിത്രം കാലത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നെടുകെയും കുറുകെയുമുള്ള ആഖ്യാനങ്ങളിലൂടെ അനാവൃതമാകുന്നു: 'നഖ്ബഎന്നറിയപ്പെട്ട ആ പാലായന ദുരന്തത്തിന്റെ ദിനങ്ങള്‍ തൊട്ടു 1982-ല്‍ ബൈറൂത്തില്‍ നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് വരെയുള്ള ചരിത്രം. 'സംഭവിക്കാന്‍ സാധിക്കാത്ത കഥകളാണല്ലോ ജീവിതംഎഴുതിയോ പറഞ്ഞോ അറിയപ്പെടാത്ത ജീവിതം കഥയും'. യൂനുസിന്റെ കോമ അവസ്ഥ ഫലസ്തീന്‍ ജനതയുടെ വേരറ്റനിലയില്ലായ്മയുടെ സമൂര്‍ത്ത രൂപകമാണ്ബോധാബോധങ്ങളു ടെയും ഓര്‍മ്മകളുടെയും ആവേഗത്തില്‍ കഥാപാത്രങ്ങളുടെ മനോ വ്യാപാരങ്ങളിലൂടെവിധി അവരെ വേട്ടയാടുന്ന വന്യമായ താഴ്വരകളിലൂടെമോഹിപ്പിക്കുകയും സ്വപ്നങ്ങളൂട്ടുകയും ചെയ്യുന്ന ഗുഹാന്തരങ്ങളിലൂടെ രാഗ-മോഹങ്ങളുടെ ഫാന്‍റസികളിലൂടെഭേദ്യം ചെയ്യുന്ന വിചാരണ മുറികളിലൂടെതീവ്ര ധ്യാനങ്ങളിലൂടെജന്മ ഗേഹം തേടുന്ന അഭയാര്‍ഥിത്വത്തിലൂടെഅത് ഫലസ്തീന് വേണ്ടിയുള്ള അന്വേഷണം തന്നെയാവുന്നു. നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ ജന്മഗേഹം കണ്ടെത്തുന്നത്ഒരു ജനതയും അങ്ങനെത്തന്നെആ അര്‍ത്ഥത്തില്‍ തിരിച്ചു വരവിലല്ലതിരിച്ചു വരാനാവാത്തഅകന്നു പോവുമ്പോഴും നിദാന്ത സാന്നിധ്യമാവുന്നഇല്ലാതി രിക്കുമ്പോഴും ഉള്ളില്‍ പേറുന്ന ഉണ്മയാണ് ഫലസ്തീന്‍. ………………………..

………….

ലെബനീസ് ക്രിസ്ത്യന്‍ കുടുംബാംഗമായ ഖൌറി 'നഖ്‌ബ'യുടെ അതെ വര്‍ഷം ജനിച്ചയാളാണ്അത് കൊണ്ട് തന്നെ നേരനുഭവങ്ങളല്ലമുപ്പതോളം വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ കണ്ടറിഞ്ഞ അറിവുകളും അഭയാര്‍ഥികളുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖ സാക്ഷ്യങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്. 'നിന്നില്‍ നിന്നും മറ്റു പലരില്‍ നിന്നും കിട്ടിയ തുണ്ടുകള്‍ ചേര്‍ത്തു വെച്ച് ഈ ചിത്രം പൂര്‍ത്തിയാക്കാംഎനിക്ക് തെറ്റിയാല്‍ നിനക്കതു ശരിയാക്കാംനിന്നെപ്പോലെയല്ലാത്തത് കൊണ്ട് ഞാന്‍ ആദിയില്‍ നിന്ന് ആരംഭിക്കുന്നില്ലപണ്ട് പണ്ട് എന്ന് കഥ തുടങ്ങാന്‍ എനിക്കാവില്ല.' ഖലീല്‍ പറയുന്നുപ്രമേയത്തോടുള്ള ധൈഷണിക പ്രതിബദ്ധതയിലേറെ വാമൊഴി പാരമ്പര്യത്തിന്റെ നിത്യ നവ്യതയാണ് ഖൌറി ആശ്രയിക്കുന്നത്ഒരു കഥയില്‍ തുടങ്ങുകഎന്നിട്ട് മറ്റൊന്നിലേക്കും പിന്നെയുമൊന്നിലെക്കും പോവുകവീണ്ടും തിരിച്ചു വരികഎന്നിട്ടും എല്ലായിപ്പോഴും പുതിയ കൂട്ടിച്ചേര്‍ക്കലുകളും വെളിപ്പെടുത്തലുകളും കരുതി വെക്കുന്നതിലൂടെ ഓരോ പറച്ചിലും ഒരു പുനവതരണമായിത്തീരുകകഥയും കാഥികനും തമ്മിലും പാത്രങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ ക്കുമിടയിലും നിരന്തരം നടക്കുന്ന പാരസ്പര്യവും നവീകരിക്കലുമാണ് വാമൊഴി സമ്പ്രദായത്തിന്റെ നിത്യ നൂതനത്വത്തിനു നിദാനമാവുന്നതും.

കൂടുതല്‍ വായനക്ക്:

 

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 117-126)

https://alittlesomethings.blogspot.com/2013/12/blog-post_13.html

Please consider purchasing the book

To purchase, contact ph.no:  8086126024

 

Girls of Riyadh by Rajaa Alsanea / Marilyn Booth

 

സൗദി അറേബ്യ എന്നാല്‍ എണ്ണക്കിണറുകളുടെയും ഭീകരവാദികളുടെയും അടിമുതല്‍ മുടിവരെ മൂടുന്ന കറുത്ത വസ്ത്രമണിഞ്ഞ സ്ത്രീകളുടെയും നാട് എന്ന പൊതുബോധസമവാക്യത്തില്‍ ആദ്യ രണ്ടു ഘടകങ്ങളെ ഏറെ സ്പര്‍ശിക്കാതെഎന്നാല്‍ അവഗണിക്കാതെയുംഅവസാന ഘടകത്തെ ഒന്നിഴപിരിച്ചു പരിശോധിക്കാന്‍ ശ്രമിക്കുന്ന രചനയാണ് യുവ സൗദിനോവലിസ്റ്റ് റജാ അല്‍ സനീഅ രചിച്ച വിവാദനോവല്‍ 'റിയാദിലെ പെണ്‍കുട്ടികള്‍ '(Girls of Riyadh).  ലോകത്ത് മറ്റെവിടെയുമെന്നപോലെ ഇവിടെയും പെണ്‍കുട്ടികള്‍ നൃത്തംചെയ്യുകയും സംഗീതവും ഷോപ്പിംഗും ആസ്വദിക്കുകയും ആണ്‍വേഷത്തില്‍ ഡ്രൈവ് ചെയ്യുകയും അപൂര്‍വ്വമായെങ്കിലും അതീവരഹസ്യമായി വിവാഹപൂര്‍വ്വബന്ധങ്ങളില്‍ ഏര്‍പ്പെടുകയും പ്രണയിക്കുകയും അതിന്റെ കയ്പ്പും കരിമ്പും രുചിക്കുകയും ചെയ്യുന്നുവെന്ന് തലസ്ഥാനനഗരിയിലെ അതിസമ്പന്ന വിഭാഗത്തില്‍ പെട്ട (velvet class) ഇരുപതു കഴിഞ്ഞ നാല് കൂട്ടുകാരികളുടെ ജീവിതങ്ങളെ ആവിഷ്കരിച്ചുകൊണ്ട് നോവലിസ്റ്റ് ചിത്രീകരിക്കുന്നു. ഒരു ഇന്റര്‍നെറ്റ്‌ കാല 'എപ്പിസ്റ്റലറി നോവല്‍ '(epistolary - കത്തുകളുടെ രൂപത്തിലുള്ള ആഖ്യാനം) എന്ന രൂപത്തില്‍ ആരെന്നു വെളിപ്പെടുത്തുന്നില്ലാത്ത രചയിതാവ് - "ഞാന്‍ എന്റെ സുഹൃത്തുക്കളില്‍ ഓരോരുത്തരും ആണ്എന്റെ കഥ അവരുടെ കഥയാണ്‌"- തന്റെ ഇ-മെയില്‍ ഗ്രൂപ്പില്‍ എല്ലാ വെള്ളിയാഴ്ചയും പോസ്റ്റ്‌ ചെയ്യുന്ന മെയിലിന്റെ രൂപത്തിലാണ് അമ്പത് അധ്യായങ്ങളിലായി 2004 ഫെബ്രുവരി 13 മുതല്‍ 2005 ഫെബ്രുവരി 18   വരെ ഒരുവര്‍ഷക്കാലം കൊണ്ടെന്ന രീതിയില്‍ ആഖ്യാനം മുഴുവനാക്കുന്നത്. അടഞ്ഞ സമൂഹത്തില്‍ ജീവിക്കുമ്പോഴും പ്രണയവും രതിയും അടക്കമുള്ള വൈകാരിക വിനിമയങ്ങളില്‍ വ്യാപരിക്കുന്ന യുവതികളെ ഫോക്കസ് ചെയ്യുന്നതില്‍ 'സെക്സ് ആന്‍ഡ് സിറ്റി'യുടെ ഒരു സൗദി പതിപ്പ് എന്ന് നോവലിനെ കണക്കാപ്പെടുന്നുണ്ട് (Rachel Aspden). എന്നാല്‍ 'കാപട്യങ്ങളില്‍ നിബിഡമാവുകയും ആന്തര വൈരുധ്യങ്ങളില്‍ ലഹരിപിടിക്കുകയും ചെയ്തസമൂഹത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നതിലൂടെ നോവല്‍ വെറും നേരം പോക്ക് ആസ്വാദനത്തിന്റെ തലം മുറിച്ചു കടക്കുന്നു. പുസ്തകം ഇറങ്ങിയ ഉടന്‍ നിരോധിക്കപ്പെട്ടെങ്കിലും അത് ബ്ലാക്ക് മാര്‍ക്കറ്റില്‍ ഒരു ചൂടപ്പമായിത്തീരുകയും ഇംഗ്ലീഷ് ഭാഷാന്തരം വന്‍വിജയമാവുകയും ചെയ്തു.

സ്ത്രീകളെല്ലാം 'ഒരു പുരുഷന്റെ അഥവാ ഒരു ചുമരിന്റെഅഥവാ ഒരു ചുമരായ പുരുഷന്റെ നിഴലില്‍ കൂനിക്കൂടി ജീവിക്കുന്നസമൂഹത്തിലിരുന്നു 'പതിനെട്ടു കഴിഞ്ഞ എല്ലാവര്‍ക്കുംചില നാടുകളില്‍ അത് ഇരുപത്തിയൊന്ന്ഇവിടെ സൌദിയില്‍ ആറു വയസ്സുകഴിഞ്ഞ ആണുങ്ങള്‍വയസ്സറിയിച്ച പെണ്ണുങ്ങള്‍എന്നിവര്‍ക്കും വേണ്ടി'യെന്ന മുഖവുരയോടെയാണ്‌ ആഖ്യാനം ആരംഭിക്കുക. ഗോത്ര/ സ്ഥല നാമങ്ങളെ സൂചിപ്പിക്കും വിധം കുടുംബപേരുള്ള ഗംരാഹ് അല്‍ ഖുസ്മന്‍ജിസദീം അല്‍ ഹൊറൈംലിലമീസ് ജദാവിമിശേലി അല്‍ അബ്ദുറഹിമാന്‍ എന്നീ നാല് കൂട്ടുകാരികളുടെ ജീവിതമാണ് ആഖ്യാനത്തില്‍ വിടരുന്നത്. തന്റെ വാരാന്ത്യ  ആഖ്യാനങ്ങളെ കുറിച്ച് ആളുകളുടെ പ്രതികരണങ്ങള്‍ ഒരു കോറസ് നിരീക്ഷണം പോലെ ഓരോ അധ്യായത്തിന്റെയും തുടക്കത്തില്‍ നോവലിസ്റ്റ്/ ആഖ്യാതാവ് നല്‍കുന്നുണ്ട്. “ചിലര്‍ ഈ പെണ്‍കുട്ടികള്‍ ചെയ്യുന്നത് തികച്ചും സ്വാഭാവിക കാര്യങ്ങളാണ് എന്നും (ഒട്ടും രഹസ്യമല്ലെന്നും) കരുതുമ്പോള്‍ഈ യാഥാസ്ഥിതിക സമൂഹത്തില്‍ നടമാടുന്ന അത്യാചാരങ്ങള്‍ എന്ന് തങ്ങള്‍ കരുതുന്ന കാര്യങ്ങളെ അവര്‍ പുറത്തുകൊണ്ടുവരുന്ന രീതിയെ കുറിച്ച് മറ്റു ചിലര്‍ ദേഷ്യംകൊണ്ട് തിളക്കുന്നു." പലപ്പോഴായി ആവിഷ്കരിക്കപ്പെടുന്ന ഈ നിരീക്ഷണങ്ങള്‍ ഒരര്‍ഥത്തില്‍ പിന്നീട്  നോവല്‍ ഏറ്റുവാങ്ങിയ വിമര്‍ശനങ്ങളുടെ തന്നെ കണ്ണാടിയാണ്. നോവലിന്റെ ഉള്ളടക്കം മുഴുവന്‍ ജിദ്ദയിലെ പുരുഷന്മാരെ ആദര്‍ശ വല്‍ക്കരിക്കാനും ബദവികളെയും മധ്യ - കിഴക്കന്‍ ദേശക്കാരെയും താറടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് എന്ന് റിയാദില്‍ നിന്നുള്ള ഒരു വായനക്കാരന്‍ പ്രതിഷേധിക്കുന്നു. റിയാദിലെ പെണ്‍കുട്ടികള്‍ അബലകളും ജിദ്ദ യുവതികള്‍ അനുഗ്രഹീതരുമാണ് എന്ന് വരുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ത്തുന്നവരുണ്ട്…………..

സൗദി സമൂഹത്തിലെ യുവതലമുറയില്‍ ഭൂരിപക്ഷത്തെയും പോലെ പെണ്‍കുട്ടികളെല്ലാം വീട്ടുപാരമ്പര്യത്തിന്റെയും ആധുനികതയുടെയും ശക്തികള്‍ക്കിടയില്‍ വലിഞ്ഞു മുറുകുന്നവരാണ്. "സൌദിസമൂഹം സാമൂഹികവിഭാഗങ്ങളുടെ ഒരു ഫ്രൂട്ട് കോക്ക്ട്ടെയ്ല്‍ പോലെയായിരുന്നു. അത്രക്കും അത്യാവശ്യമില്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ പരസ്പരം കൂടിക്കലരില്ല. അപ്പോഴും ഒരു ലായിനിയുടെ സഹായം ഉണ്ടാവുകയും ചെയ്യും. റിയാദിലെ 'വെല്‍വെറ്റ് ' ഉപരിവര്‍ഗ്ഗം മാത്രമായിരുന്നു നാല് പെണ്‍കുട്ടികളുടെയും ലോകം. എന്നാല്‍ അത് യൂനിവേഴ്സിറ്റി ചുറ്റുപാടിലെ  വൈവിധ്യത്തിന്റെ ഒരു ചെറുഭാഗം മാത്രമായിരുന്നു.” വാലന്റൈന്‍ ദിനംപോലുള്ള പാശ്ചാത്യ സമ്പ്രദായങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന യുവജനങ്ങള്‍ക്ക് അത്തരം കാര്യങ്ങളില്‍ വിലക്കുകളുമായി മതപോലീസ് കര്‍ക്കശമായി ഇടപെട്ടു തുടങ്ങുന്നത് ദുസ്സഹമാവുന്നുണ്ട്. വസ്ത്ര ധാരണ രീതികളില്‍ പരമ്പരാഗതരീതികള്‍ മുറുകെപിടിക്കുമ്പോഴും ഇപ്പോള്‍ 'ഗുച്ചിക്രിസ്റ്റ്യന്‍ ഡയര്‍ഗിവേഞ്ചിവാലെന്റിനോ തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്ന 'ഷിമാഘും തോബുംഒക്കെയാണ് പുതുതലമുറക്ക് പ്രിയം. ഇതൊക്കെയാണെങ്കിലുംനോവല്‍ അതിന്റെ കടുത്ത വിമര്‍ശകന്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നപോലെ അത്ര കലാപസ്വഭാവമുള്ളതല്ലെന്നും ഫലത്തില്‍ ഏറെ യാഥാസ്ഥിതികമാണെന്നും റേച്ചല്‍ ആസ്പ്ഡെന്‍ നിരീക്ഷിക്കുന്നു. തന്റെ നായികമാരെ പോലെത്തന്നെ നോവലിസ്റ്റും അവരുടെ പ്രണയ ഭംഗങ്ങളുടെ കൂടുതല്‍ വിശാലമായ അടിസ്ഥാനമാനങ്ങളെ കുറിച്ച് ആഴത്തില്‍ അന്വേഷിക്കുന്നതേയില്ല. തന്റെ പ്രേമ നൈരാശ്യത്തിന്റെ വേദന മറക്കാന്‍കഴിയുംവിധം ഇടപെടാന്‍ തനിക്കൊരു മഹത്തായ ലക്ഷ്യമില്ലാത്തതിനെ കുറിച്ച്, 'എന്തുകൊണ്ടാണ് യുവജനങ്ങള്‍ക്ക്‌ രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്തത്?' എന്ന സദീമിന്റെ ചോദ്യം അവിടത്തന്നെ അവസാനിക്കുന്നു. ഒടുവില്‍ആണ്‍കൊയ്മയുടെ സാമൂഹിക പരിമിതികള്‍ക്കെതിരില്‍ സംഘടിതമായി കൂട്ടുകാരികള്‍ കണ്ടെത്തുന്ന പ്രതിഷേധകര്‍മ്മം ബെല്‍ജിയന്‍ ചോക്കലേറ്റ് ഇറക്കുമതി ചെയ്തു ഒരു വിവാഹ സല്‍ക്കാര നടത്തിപ്പ് ബിസിനസ്സ് തുടങ്ങുക എന്ന 'ശ്വസനസ്ഥലി' (breathing space) തേടലിനപ്പുറം ഒന്നുമാവുന്നില്ല താനും. 'റിയാദിലെ പെണ്‍കുട്ടികള്‍ സൗദി വ്യവസ്ഥിതിക്കെതിരെയുള്ള ഒരു വിഷം വമിക്കുന്ന തൂലിക എന്നതിലേറെ അമേരിക്കക്കുള്ള ഒരു പ്രണയ ലേഖനമാണ്എന്ന് റേച്ചല്‍ ആസ്പ്ഡെന്‍ അതിശയോക്തി കലര്‍ത്തുന്നു.

മുഴുവന്‍ വായനക്ക് ലിങ്ക് പിന്തുടരുക:

https://www.fazalrahman.com/essays/article/girls-of-riyadh-by-rajaa-alsanea-marilyn-booth


Monday, March 24, 2025

Celestial Bodies by Jokha Alharthi/ Marilyn Booth

 


ഒമാനി നോവലിസ്റ്റ് ജോഖ അല്‍ ഹാരിദിയുടെ നോവല്‍ ‘സെലെസ്റ്റിയല്‍ ബോഡീസ്’,  ദേശത്തിന്‍റെ ഇരുണ്ട ചരിത്രവഴികളെ പിന്തുടരുകയും ഒപ്പം അടഞ്ഞ സമൂഹത്തിലെ സ്ത്രീജീവിതത്തിന്‍റെ വീര്‍പ്പുമുട്ടലുകള്‍ കാല്‍പ്പനികവല്‍ക്കരണം കൂടാതെ ആവിഷ്കരിക്കുകയും ചെയ്യുന്ന,പാത്രവൈവിധ്യത്തില്‍ ടോള്‍സ്റ്റോയിയന്‍ മാനങ്ങളുള്ളഅറബ് ലോകത്തേക്ക് ബുക്കര്‍ പുരസ്കാരം ആദ്യമായി എത്തിച്ച കൃതിയാണ്.

വന്‍തോതിലുള്ള എണ്ണശേഖരത്തിന്‍റെ കണ്ടെത്തലോടെ അതിദ്രുതം സാമ്പത്തിക വളര്‍ച്ചയിലേക്കും നഗരവല്‍ക്കരണത്തിലേക്കും കുതിച്ച ചരിത്രമാണ് പേര്‍ഷ്യന്‍ ഗള്‍ഫ്‌ മേഖലയില്‍ സൗദി അറേബ്യയും ഇറാനും യമനും അതിരിടുന്നആറു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒമാനെന്ന മരുഭൂ ദേശത്തിന്റേത്. ഒപ്പം അടിമക്കച്ചവടത്തിന്‍റെ അത്യന്തം നിന്ദ്യമായ ചരിത്രവുംലോകത്ത് ഏറ്റവും ഒടുവില്‍, 1962-ല്‍ മാത്രംആ നീച വിനിമയം നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ ഒമാനിനുണ്ട്. ഇസ്ലാമികമായ പുരുഷ മേധാവിത്ത കാര്‍ക്കശ്യങ്ങളില്‍ ജീവിതത്തില്‍ തന്നെ അടക്കപ്പെടുന്ന പെണ്‍സഹനത്തിന്‍റെ അനുഭവവുംമിഡില്‍ ഈസ്റ്റ്ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളിലെ മറ്റു പല ദേശങ്ങളിലും എന്ന പോലെ ഒമാനിന്‍റെയും ഭാഗധേയമാണ്. ആധുനിക കാലത്ത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ ഭാഗ്യമുണ്ടായ തലമുറയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സ്ത്രീ ജീവിതത്ത സംബന്ധിക്കുന്ന മൌലികവാദ കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്തിത്തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പല ദേശങ്ങളില്‍ നിന്നും എന്ന പോലെ ഒമാനില്‍ നിന്നും കണ്ടുതുടങ്ങുന്നുണ്ട്. 

പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് നല്ല ചുറ്റുപാടുകള്‍ ഉള്ള അവിവാഹിതനായ ഒരു ചെറുപ്പക്കാരന്‍ ഒരു ഭാര്യയെ തിരയുകയാവുമെന്നത്’ എന്ന ജെയ്ന്‍ ഓസ്റ്റിന്‍റെ വിഖ്യാത നോവല്‍ത്തുടക്കം (Pride and Prejudice) വിക്റ്റോറിയന്‍ അലസസമ്പന്ന ജീവിതത്തിന്‍റെ ഗാര്‍ഹിക ഉത്കണ്ഠകളുടെ ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചുവെന്ന് പറയാറുണ്ട്‌. മാറുന്ന കാലത്തിനും സാമൂഹ്യ ഗതിവിഗതികള്‍ക്കും സാക്ഷിയും ഇടപെടല്‍ ശക്തിയും ആയിത്തീരുന്ന സമ്പന്നവും സമൂഹത്തില്‍ പ്രമുഖ സ്ഥാനമുള്ളതുമായ തറവാട്ടിലെ മൂന്നു സഹോദരിമാര്‍ അടങ്ങുന്ന പെണ്‍ ലോകത്തെയാണ് അല്‍ഹാരിദിയുടെ  നോവല്‍ കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തുന്നിക്കൊണ്ടിരിക്കുന്ന മയ്യപുസ്തകപ്പുഴുവായ അനിയത്തി അസ്മസുന്ദരിയായ ഖൌല എന്നിവര്‍ക്ക് ഭര്‍ത്താക്കന്മാരെ കണ്ടെത്തുക ഉമ്മ സലീമക്കും പിതാവ് അസാനിനും പ്രയാസമാകേണ്ടതല്ല. എന്നാല്‍ഒരു വിക്റ്റോറിയന്‍ ‘ഹാര്‍ഹിക നാടകത്തില്‍ (domestic comedy) നിന്ന് ഭിന്നമായി കല്യാണാലോചനയൊന്നും ഇവിടെ നോവലിന്‍റെ പ്രധാന വിഷയമല്ല. മറിച്ച് മൂന്നു സഹോദരിമാര്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥകള്‍കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രമേയങ്ങളിലേക്ക് കടക്കാനുള്ള തൊടുത്തുവിടല്‍ ബിന്ദുക്കള്‍ മാത്രമാണ്. അത് തലമുറകളിലൂടെമരുഭൂമിയും കടന്ന്തീരദേശത്തെക്കും മസ്കറ്റ് എന്ന തലസ്ഥാനത്തേക്കും വ്യാപിക്കുന്ന ദേശകഥയായി പരിണമിക്കുകയും ഒപ്പം കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതസന്ധികളെ വിടാതെ പിന്തുടരുകയുംചെയ്യുന്നു. ഒമാനിലെ അല്‍ അവാഫി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ തങ്ങളുടെ അടഞ്ഞ ഗാര്‍ഹികലോകത്തില്‍ കഴിയുന്ന സഹോദരിമാരില്‍ മൂത്തവളായ മയ്യഒരു ബന്ധത്തിന്‍റെ തകര്‍ച്ചക്ക് ശേഷം അബ്ദുല്ലയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്കതില്‍ പ്രണയത്തിന്‍റെ അതീതസങ്കല്പങ്ങള്‍ ഒന്നുമില്ല. അസ്മയാകട്ടെകുടുംബത്തോടുള്ള കടമ എന്നേ ഖാലിദുമായുള്ള വിവാഹത്തെ കാണുന്നുള്ളൂ. കുറേകൂടി സ്വതന്ത്രബുദ്ധിയായ ഖൌലകാനഡയിലേക്കുപോയ നസീറിനെ കാത്തിരിക്കുകയും വരുന്ന ആലോചനകളൊക്കെ കൊടിയ പീഡനം സഹിച്ചും നിരാകരിക്കുകയും ചെയ്യുന്നു.   

പശ്ചാത്തലത്തിന്‍റെ പ്രസക്തി

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടിന്റ ആദ്യ വര്‍ഷങ്ങള്‍ വരെയുള്ള കാലഘട്ടത്തിലൂടെ ദ്രുതഗതിയില്‍ പരിണമിച്ചുവന്ന ഒമാനി സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രനോവലിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പറയപ്പെടുന്ന കുടുംബകഥയും സ്ത്രീജീവിതത്തിന്‍റെ അനുഭവാഖ്യാനവുമാണ് ‘അഭൗമ ഗാത്രങ്ങള്‍’. എന്നാല്‍പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക്പ്രാദേശികതയില്‍നിന്ന് ആഗോളീയതയിലേക്ക് തുടങ്ങിയ കാല്‍പ്പനികവല്‍കൃത പോസ്റ്റ്കൊളോണിയല്‍ ചരിത്രാഖ്യായികാ രീതിയിലേക്ക് നോവല്‍ ശ്രദ്ധയൂന്നുന്നില്ല. ലിങ്ക്സ് കേലി നിരീക്ഷിക്കുന്നത് പോലെ (Marcia Lynx Qualey: www.thenational.ae)കാല്‍പ്പനികസമീപനങ്ങളോടും ശുഭാന്ത്യങ്ങളോടുമുള്ള നോവലിന്‍റെ സമീപനം പരിഹാസപൂര്‍ണ്ണമാണ്. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ഭര്‍ത്താവിന്‍റെ പ്രണയാര്‍ദ്രമായ ചോദ്യത്തെ ഇഷ്ടാനിഷ്ടങ്ങളുടെ തെരഞ്ഞെടുപ്പ് കേട്ടുകേള്‍വി പോലുമല്ലാത്ത സമൂഹത്തിലെ സ്ത്രീയെന്ന നിലയില്‍ ‘ഇജിപ്ത്യന്‍ സിനിമകള്‍ കണ്ടമാനം കണ്ടതിന്‍റെ അസ്ക്യതയായി ഭാര്യ മുഖം തിരിക്കുന്നത് അതുകൊണ്ടാണ്. പുസ്തകം ശുഭാന്ത്യങ്ങളിലേക്ക് ഒരു ഘട്ടത്തിലും മുന്നേറുന്നതേയില്ലപകരം അത് ഭൂതകാലത്തെയും വര്‍ത്തമാനത്തെയും നിരന്തരം പുനര്‍ വിശകലനം ചെയ്യുകയും അനിവാര്യമായ ദുരന്തങ്ങളെ ന്യൂനോക്തിയില്‍ സൂചിപ്പിച്ചു വെക്കുകയും മാത്രം ചെയ്യുന്നു. 

വിവാഹം മൂലം പരസ്പരം ബന്ധപ്പെടുന്ന രണ്ടു ഒമാനി കുടുംബങ്ങളുടെയും അവരുടെ ജീവിതങ്ങളില്‍ കെട്ടുപിണയുന്ന കുറെയേറെ കഥാപാത്രങ്ങളുടെയും കഥഅവരുടെയും ഒപ്പം ദേശത്തിന്‍റെ തന്നെ ചരിത്രത്തിന്‍റെയും ആധുനികവല്‍ക്കരണത്തിന്‍റെയും ഉള്ളറകളിലേക്ക് കടക്കുകയാണ്. അറുപതു ചെറിയ അധ്യായങ്ങളിലായി നടത്തപ്പെടുന്ന ആഖ്യാനം കാലത്തിനു നെടുകെയും കുറുകെയും മുന്നോട്ടും പിന്നോട്ടും പോവുന്നു. ഏതാനും പേജുകള്‍ക്കുള്ളില്‍ ജിന്നിനെ പ്രീതിപ്പെടുത്തുന്ന പാരമ്പര്യക്രിയകള്‍ക്കും അല്‍ അവാഫിയിലെ ബദൂയിന്‍ കുടിലുകളിലെ ജീവിതങ്ങള്‍ക്കും ആധുനിക മസ്കറ്റിലെ ലക്ഷുറി മാളുകളിലെ ‘ഫാഷനബിള്‍’ ജീവിതത്തിനും നാം സാക്ഷിയാകുന്നു. അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആഖ്യാതാവിന്‍റെ തൃതീയവ്യക്തിക (third person) വീക്ഷണത്തിലും ഇടയ്ക്കിടെ അബ്ദുല്ലയെന്ന കഥാപാത്രത്തിന്‍റെ പ്രഥമവ്യക്തിക (first person) വീക്ഷണത്തിലും ആണ് ആവിഷ്കാരം നടത്തപ്പെടുന്നത്. നോവലാരംഭത്തില്‍ നല്‍കിയിട്ടുള്ള വംശവൃക്ഷത്തിന്‍റെ സഹായം വായനക്ക് അനിവാര്യവുമാണ്‌....

ലേഖനം മുഴുവന്‍ ഇവിടെ വായിക്കാം:

https://alittlesomethings.blogspot.com/2024/07/celestial-bodies-by-jokha-alharthi.html

Thursday, March 20, 2025

Cities of Salt Abdul Rahman Munif / Peter Theroux

 എണ്ണപ്പാടങ്ങളുടെ പുസ്തകം



വിഖ്യാത നോവലിസ്റ്റ് അമിതാവ് ഘോഷ് ‘പെട്രോഫിക് ഷന്‍’ എന്ന പദം ഉപയോഗിച്ചുകൊണ്ടാണ് Cities of Salt-നെ റിവ്യുചെയ്തത്. അതിനു ശേഷം പ്രസ്തുത സംവര്‍ഗ്ഗം ഫിക് ഷനിലെ ഒരു ഴോനര്‍ തന്നെയായി പരിഗണിക്കപ്പെട്ടു. പുതിയ നൂറ്റാണ്ടിന്റെ ഒന്നാം ദശകം മുതല്‍കാലാവസ്ഥാവ്യതിയാനം സാഹിത്യത്തിന്റെ മുഖ്യ ഉത്കണ്ഠകളില്‍ ഒന്നായിത്തീര്‍ന്നത്തോടെ പെട്രോഫിക് ഷന്‍ കൃതികളുടെ വലിയ ഒഴുക്കുണ്ടായി. ആസ്ട്രിയന്‍ നോവലിസ്റ്റ് ഗസ്റ്റാഫ് മെയ്റിങ്കിന്റെ 1903ല്‍ പുറത്തിറങ്ങിയ 'Petroleum, Petroleum' എന്ന ഡിസ്റ്റോപ്പിയന്‍ നോവല്‍ മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഗ്ഗീകരണത്തില്‍പെട്രോളിയത്തിന്റെ രൂപത്തിലുള്ള വിഭവചൂഷണവും മൂന്നാം ലോക രാജ്യങ്ങളില്‍ അതെത്തുടര്‍ന്നുണ്ടാകുന്ന കൊളോണിയല്‍/ പാരിസ്ഥിതിക ദുരന്തങ്ങളും മുഖ്യപ്രമേയങ്ങളാകുന്ന ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ ഒട്ടേറെ കൃതികള്‍ ഉള്‍പ്പെടുന്നു.

വീരത്വമുള്ള ഏക കഥാനായക സങ്കല്‍പ്പത്തെ അട്ടിമറിച്ചു ഡസന്‍ കണക്കിന് വൈയക്തികാഖ്യാനങ്ങള്‍/ ബഹുപാത്ര സാന്നിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പാത്രസഞ്ചയത്തെ കേന്ദ്ര കഥാപാത്രമാക്കുകയും ഫ്ലാഷ് ബാക്ക്/ ഫ്ലാഷ് ഫോര്‍വേര്‍ഡ്‌ബഹുമുഖ വീക്ഷണകോണുകള്‍ എന്നിങ്ങനെ ഭിന്ന ആഖ്യാന കേന്ദ്രങ്ങളിലേക്ക് പടരുന്നതിലൂടെ അറബ് കഥാഖ്യാന രീതിയോട് ചേര്‍ന്ന് പോകുകയും ചെയ്യുന്ന രീതിയാണ്‌ നോവലില്‍ മുനീഫ് തുടങ്ങിവെക്കുന്നത്. സാധാരണ മനുഷ്യരെ കഥാകേന്ദ്രത്തില്‍ കുടിയിരുത്തിക്കൊണ്ട് അറബ് നോവലിലെ ആധുനികതയുടെ മണിമുഴക്കവും അദ്ദേഹം ആരംഭിക്കുന്നു. ഇടവും കാലവും കേന്ദ്ര കഥാപാത്രങ്ങള്‍ തന്നെയായിത്തീരുന്നു. മിത്തും ചരിത്രവും ഇടകലര്‍ത്തുന്നതിലൂടെ അനുഭവങ്ങള്‍ക്ക് സാര്‍വ്വലൌകിക തലങ്ങള്‍ നല്‍കപ്പെടുന്നു. “തന്റെ ലബനീസ് പ്രതിരൂപമായ എല്യാസ് ഖൌറിയുടെ നോവലുകളെ പോലെമുനീഫിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നത് “എണ്ണപൊളിറ്റിക്കല്‍ ഇസ്ലാംഏകാധിപത്യം എന്ന ത്രയം” എന്ന് അദ്ദേഹം വിശേഷിപ്പിച്ച (ശക്തികളില്‍) നിന്നു സ്വതന്ത്രമായ ഒരു അറബ് ലോകത്തെ കുറിച്ചുള്ള ദര്‍ശനത്തോടു അദ്ദേഹത്തിനുള്ള പ്രതിബദ്ധതയാണ്”ഖൌറിയുടെ പരീക്ഷണാത്മകതക്കു പകരം തന്റെ സൌദി വായനക്കാര്‍ക്കും വേഗം ഗ്രഹിക്കാനാവുന്ന രീതിയില്‍ യഥാതഥമാണ് മുനീഫിന്റെ ശൈലി. ഇരുവരെയും തുലനം ചെയ്യുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ അറബ് സാഹിത്യത്തില്‍ നിലനിന്ന പൊതു ഭാവം മനസ്സിലാക്കാന്‍ സഹായിക്കും എന്നും സാര്‍ത്രിന്റെ അസ്തിത്വ വാദത്തിന്റെയും എഴുത്തിലെ പ്രതിബദ്ധതയെന്ന ആശയത്തിന്റെയും സ്വാധീനം ഈ നിലപാടുകളില്‍ ലീനമാണ് എന്നും നിരൂപകന്‍ കൂട്ടിച്ചേര്‍ക്കുന്നു. ജബ്ര ഇബ്രാഹിം ജബ്രയുമായുള്ള സര്‍ഗ്ഗസൌഹൃദം Alam bila khara’it (A World Without Maps, 1982) എന്ന നോവലിന്റെ രചനയില്‍ ഇരുവരും ഒന്നിക്കുന്നതില്‍ കലാശിച്ചതിലും ഇത്തരം ദാര്‍ശനിക നിലപാടുകളിലെ സമാനതകള്‍ നിമിത്തമായിട്ടുണ്ട്. ആധുനികതാ അവബോധം സൃഷ്ടിക്കുന്നതില്‍ ടി. എസ്. എലിയറ്റ് അമ്പതുകളിലെ അറബ് കവിതയില്‍ ചെലുത്തിയ സ്വാധീനം ചൂണ്ടിക്കാണിച്ച ജബ്രസാര്‍ത്ര്കാമു എന്നിവര്‍ അറബ് ധൈഷണിക ജീവിതത്തില്‍ ചെലുത്തിയ അതിശക്തമായ സ്വാധീനവും എടുത്തുപറഞ്ഞിട്ടുണ്ട് .

ലേഖനം മുഴുവന്‍ വായിക്കുന്നതിന് ലിങ്ക് പിന്തുടരുക:

https://alittlesomethings.blogspot.com/2025/01/cities-of-salt-by-abdul-rahman-munif.html


Saturday, March 8, 2025

Mama Hissa's Mice by Saud Alsanousi/ Sawad Hussain

 അധിനിവിഷ്ട ദേശവും തീപിടിച്ച വീടും




(അറബ് നോവലിനുള്ള അന്താരാഷ്ട്ര പുരസ്കാര ജേതാവായ കുവൈറ്റി നോവലിസ്റ്റ് സഊദ് അല്‍ സനൂസിയുടെ Mama Hissa’s Mice, ഒന്നാം ഗള്‍ഫ് യുദ്ധം തൊട്ടു സമീപ ഭാവികാലം വരെ നീളുന്ന ആഖ്യാനമായി കുവൈറ്റിന്റെയും മിഡില്‍ ഈസ്റ്റിന്റെയും യുദ്ധാന്തരീക്ഷത്തെയും വിഭാഗീയതയുടെ നീരാളിപ്പിടുത്തത്തെയും ആവിഷ്കരിക്കുന്നു.)

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വായനയുടെയും സംവാദങ്ങളുടെയും മണ്ഡലങ്ങളെ വളരെയേറെ അധിനിവേശിച്ച ഇക്കാലത്ത് സങ്കീര്‍ണ്ണ ഘടനയുള്ള ബൃഹദ്കൃതികള്‍ വായിക്കുക മിക്കപ്പോഴും ഒരു തെരഞ്ഞെടുപ്പല്ല. എന്നാല്‍ സാംസ്കാരിക വായനയുടെയും ദേശാന്തരീയ ധാരണകളുടെയും താല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തുക പലപ്പോഴും അത്തരം കൃതികളാവും. 2012ല്‍ അറബ് സാഹിത്യത്തിനുള്ള അന്താരാഷ്‌ട്ര പുരസ്കാരം നേടിയ ‘ദി ബാംബൂ സ്റ്റാക്ക്’ (The Bamoboo Stalk) എന്ന നോവലില്‍ വീട്ടുവേലക്കാരിയായെത്തുന്ന ഫിലിപ്പിനോ യുവതിയുടെയും കുവൈത്തി യുവാവിന്റെയും പ്രണയത്തിന്റെ ബാക്കി പത്രമായി പിറക്കുന്ന മകന്റെ അസ്തിത്വ പ്രതിസന്ധികളുടെ കഥ ആവിഷ്കരിച്ച സഊദ് അല്‍ സനൂസി,  ഒന്നാം ഗള്‍ഫ് യുദ്ധം തൊട്ടുള്ള സ്വദേശത്തിന്റെ രാഷ്ട്രീയ സംഘര്‍ഷങ്ങളോടൊപ്പം മുസ്ലിം സമൂഹത്തില്‍ പ്രബലമായ ‘രണ്ടു’ പക്ഷങ്ങള്‍ക്കിടയിലെ വിഭാഗീയത ഹിംസാത്മകമായിത്തീരുന്നതിന്റെ കഥ പറയുന്ന ‘മമ്മ ഹിസ്സയുടെ ചുണ്ടെലികള്‍ (Mama Hissa’s Mice)’ പ്രമേയപരമായി അരപൂര്‍വ്വ രചന തന്നെയാണ്. എല്ലാ സാമൂഹിക തിന്മകള്‍ക്കുമെതിരിലും ഉയിര്‍ത്തു നില്‍ക്കുന്ന/നില്‍ക്കേണ്ട കൌമാര/യൌവ്വന സൌഹൃദങ്ങളെ പോലും വിഷലിപ്തമാക്കും വിധം വിഭാഗീയതയുടെ സ്വാധീനം കുടുംബാന്തരീക്ഷങ്ങളില്‍ നിന്ന് യുവമനസ്സുകളിലേക്ക് വ്യാപിക്കുന്നതിന്റെ വിനാശകതയെ ഒരു ദുരന്ത പ്രവചന (Dystopian) ഭാവത്തോടെ ആവിഷ്കരിക്കാന്‍ തൊട്ടടുത്ത ഒരു ഭാവികാലത്തില്‍ നോവലിസ്റ്റ് കഥയുടെ വര്‍ത്തമാന കാലത്തെ സ്ഥിതപ്പെടുത്തുന്നു. ഒപ്പം എല്ലാത്തിന്റെയും പിറകിലുള്ള അസംബന്ധ പൂര്‍ണ്ണമായ മുടിനാരിഴ വിശ്വാസ വ്യതിയാനങ്ങളെ ഇത്തിരി കറുത്ത ഹാസ്യത്തോടെയും നോവലിസ്റ്റ് ചിത്രീകരിക്കുന്നു.


വിഭാഗീയ കലാപങ്ങളിലും പ്രതിക്രിയകളിലും കലുഷിതമായ കുവൈറ്റിന്റെ തൊട്ടടുത്ത ഒരു ഭാവികാലത്തില്‍ - 2015 ല്‍ അറബ് മൂലം പ്രസിദ്ധീകരിക്കപ്പെട്ട കൃതിയുടെ ‘വര്‍ത്തമാന കാലം 2020 ആണ് – നിലയുറപ്പിച്ച ‘മമ്മ ഹിസ്സയുടെ ചുണ്ടെലികള്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്നു. വിഭാഗീയതയുടെ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെങ്കിലും ബാല്യ-കൌമാരങ്ങളുടെ ഇഴയടുപ്പത്തില്‍ കഴിയുന്ന മൂവര്‍ സംഘം അത്തരം അസ്പൃശ്യതയോട് കടുത്ത രോഷത്തോടെയാണ് മുതിര്‍ന്നുവരിക. ഇറാഖ് അധിനിവേശ നാളുകളില്‍ ‘ഫുവാദയുടെ ബാലകര്‍ (‘Fuada’s Kids’) എന്ന് സ്വയം വിളിക്കുന്ന ഒരു കൂട്ടായ്മയിലൂടെ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും മതമൌലിക വാദത്തിന്റെയും അപകടങ്ങളെ കുറിച്ച് പ്രചാരണം നടത്തുകയാണ് അവര്‍ സ്വയം കണ്ടെടുത്ത സാമൂഹിക ദൌത്യം. രഹസ്യ പ്രവര്‍ത്തനങ്ങളിലൂടെയുള്ള റേഡിയോ സംപ്രേഷണം, ഓണ്‍ലൈന്‍ ലേഖനങ്ങള്‍, തുടങ്ങിയ ഇടപെടലുകളാണ് അവരുടെ മാര്‍ഗ്ഗം. കാത്കൂത് എന്ന് വിളിക്കപ്പെടുന്ന ആഖ്യാതാവ് ഒരു ദുരൂഹ സാഹചര്യത്തില്‍ ബോധം തെളിയുന്നതോടെയാണ് ആഖ്യാനം ആരംഭിക്കുന്നത്. എന്നാല്‍, നോവലിന്റെ വര്‍ത്തമാന കാലത്തില്‍ നടക്കുന്ന ഈ സംഭവവികാസത്തില്‍ തെരുവു മധ്യത്തില്‍ ബോധം തിരിച്ചു കിട്ടുമ്പോള്‍ അയാള്‍ തിരിച്ചറിയുന്നത്‌ തന്റെ കാര്‍ ചുട്ടെരിക്കപ്പെട്ടിരിക്കുന്നു എന്നും ചുറ്റുവട്ടത്തെ കെട്ടിടങ്ങള്‍ വന്‍ തീപിടിത്തത്തില്‍ പെട്ടിരിക്കുന്നുവെന്നും തനിക്കു മേലാകെ പരിക്കുകള്‍ പറ്റിയിരിക്കുന്നു എന്നും മാത്രമല്ല, ‘ഫുവാദയുടെ ബാലകര്‍’ തീര്‍ത്തും തോറ്റുപോയിരിക്കുന്നു എന്നുകൂടിയാണ്. വേദനയോടെ അയാള്‍ തിരിച്ചറിയുന്നു സമാധാനം കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങള്‍ പോലും ഹിംസക്ക് നിമിത്തമാവുകയായിരുന്നു എന്നും തനിക്കു ചുറ്റും കാണപ്പെടുന്ന നാശ നഷ്ടങ്ങള്‍ക്ക് ആ അര്‍ത്ഥത്തില്‍ താനും ഉത്തരവാദിയാണ്‌ എന്നും. എന്നാല്‍ ഏറ്റവും വലിയ കുറ്റബോധം മറ്റൊരു രൂപത്തില്‍ അയാളെ കാത്തിരിപ്പുണ്ട്‌: ദൌര്‍ഭാഗ്യകരമായ ഒരേറ്റുമുട്ടലില്‍ കൂട്ടുകാരില്‍ ഒരാള്‍ മറ്റൊരാളുടെ അന്ത്യത്തിനു കാരണക്കാരനാകുന്നതിന് അയാള്‍ സാക്ഷിയാകേണ്ടി വരുന്നു. ബോധം തെളിയുമ്പോള്‍ അയാളുടെ ഫോണില്‍ കുറെയേറെ മിസ്സ്‌ഡ് കാളുകളും ടെക്സ്റ്റ് മെസ്സേജുകളുമുണ്ട്. അതിലൊന്ന് അയാളുടെ ബൈറൂത്ത് പ്രസാധകന്റെതാണ്. ‘ദി ഇന്‍ഹറിറ്റന്‍സ് ഓഫ് ഫയര്‍ എന്ന് പേരിട്ട അയാളുടെ നോവലില്‍ സെന്‍സര്‍ പ്രശ്നം ഒഴിവാക്കാനായി നാല് അധ്യായങ്ങള്‍ മുറിച്ചു മാറ്റാന്‍ അയാള്‍ സന്നദ്ധനാണോ എന്ന് അവര്‍ക്കറിയണം. അല്‍ സനൂസിയുടെ നോവലിന് ഇതുവരെയും കുവൈറ്റില്‍ പ്രസാധനാനുമതി ലഭിച്ചിട്ടില്ല എന്നത് ജീവിതം കലയെ അനുകരിക്കുന്നതിന്റെ ഒരുദാഹരണം ആയി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.


ഒരു വശത്ത്‌ ഷിയാ വിഭാഗവും മറുവശത്ത്‌ സുന്നി വിഭാഗവും കാവല്‍ നില്‍ക്കുന്ന ഒരു പാലത്തിലൂടെ ഇരുവരുടെയും സൌമനസ്യം പ്രതീക്ഷിച്ചു വണ്ടിയോടിക്കുന്ന കാത്കൂതിന്റെ കഥയും അയാളുടെ നോവലില്‍ നിന്നുള്ള അധ്യായങ്ങളും ഇടകലരുന്നതാണ് ആഖ്യാനധാര. 1980കളില്‍ താന്‍ ജനിച്ചു വളര്‍ന്ന അയല്‍ക്കൂട്ടത്തിന്റെ കഥയാണ് ആത്മകഥാപരമായ ‘അഗ്നിയുടെ ശേഷിപ്പി’ല്‍ കാത്കൂത് പറയുന്നത്. പന്ത്രണ്ടാം വയസ്സില്‍, കളിക്കൂട്ടുകാരായ സാദിഖ്, ഫഹദ് എന്നിവരോടൊത്ത് മരം കയറിയും വീഡിയോ ഗെയിമുകളില്‍ മുഴുകിയും കുട്ടിക്കാലത്തിന്റെ സാഹസങ്ങള്‍ ആസ്വദിക്കുന്ന കാത്കൂത്, ഫഹദിന്റെ മുത്തശ്ശി മമ്മ ഹിസ്സയുടെ കഥാപ്രപഞ്ചത്തിലേക്കും അവരോടൊപ്പം ഫൌസിയ അമ്മായിയുടെ വാത്സല്യത്തിലേക്കും എത്തിപ്പെടുന്നത് യുദ്ധാരംഭത്തില്‍ സ്വന്തം മാതാപിതാക്കള്‍ ലണ്ടനില്‍ ആയിപ്പോയ സാഹചര്യത്തിലാണ്. എന്നാല്‍, പ്രശാന്തമെന്നു തോന്നിക്കുന്ന വിധം കാണപ്പെടുന്ന ചുറ്റുപാടില്‍ യഥാര്‍ത്ഥ അടിയൊഴുക്കായി മുഴങ്ങുന്ന സംഘര്‍ഷത്തില്‍ ഭിന്ന വംശജരും ഇരു വിഭാഗങ്ങളില്‍ പെട്ടവരുമായ ഫഹദിന്റെയും സാദിഖിന്റെയും പിതാക്കന്മാരുടെ സാന്നിധ്യമുണ്ട്. എങ്കിലും ഇറാഖ് അധിനിവേശം വരെയുള്ള ഘട്ടത്തില്‍ എല്ലാ ഭിന്നതകള്‍ക്കും ഇടയില്‍ പാരസ്പര്യത്തിന്റെ ഇഴയടുപ്പമുണ്ട്: പാകിസ്ഥാനി ബാര്‍ബറോടും സിറിയന്‍ ഇറച്ചി വെട്ടുകാരനോടുമെല്ലാം കുട്ടികള്‍ക്ക് സൌഹൃദവുമുണ്ട്. എന്നാല്‍ പിന്നീട് കുടുംബ സൌഹൃദങ്ങള്‍ പോലും കലങ്ങിത്തുടങ്ങുന്നു. ഫഹദിന്റെ പിതാവ് സാലിഹ് അമ്മാവനും സാദിഖിന്റെ പിതാവ് അബ്ബാസ് അമ്മാവനും എപ്പോഴും കലഹിക്കുകയും മക്കളുടെ സ്നേഹബന്ധത്തിന് പോലും ഭീഷണിയായിത്തീരുകയും ചെയ്യുന്നു. ഉമ്മമാര്‍ നടത്തുന്ന ശ്രമങ്ങള്‍ അതിനു തടയിടാന്‍ പര്യാപ്തവുമല്ല. വിഭാഗീയതയുടെ പൊരുളറിയാതെ അങ്കലാപ്പിലാകുന്ന കാത്കൂത്തിനെ അവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്: “നീയൊരു മുസ്ലിമാണ്, അതാണ്‌ കാര്യം.. അത് പോരെ?.” വിശ്വാസവുമായി നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുമ്പോഴും തന്റെ ഇസ്ലാമിക വിശ്വാസം അടിസ്ഥാനപരമായി കരുതുന്ന കാത്കൂത്തിന് അത് മതി. എന്നാല്‍ ദേശത്തിന് അത് പോരാ എന്നിടത്താണ് സംഘര്‍ഷങ്ങളുടെ തുടക്കം; അതൊട്ടും പുതിയതുമല്ല. ‘മറ്റേ വിഭാഗം ആകുന്നതിലേറെ അമുസ്ലിം ആകുന്നതാണ് നല്ലത് എന്ന് ഇരുകൂട്ടരും കരുതുന്നു. അതേ സമയം അവരെ പിന്തുണക്കുന്നവരില്‍ നാസ്തികരും ഉണ്ട് എന്ന കാരണത്താല്‍ ‘ഫുവാദയുടെ ബാലകര്‍ ഇരു വിഭാഗത്തിന്റെയും ശത്രുത നേരിടുന്നത് ശക്തമായ വിരുദ്ധോക്തിയില്‍ നോവലിസ്റ്റ് വിവരിക്കുന്നു:

“ഇരു കൂട്ടരും! ഇരു കൂട്ടരും, റമദാന്‍ പിറവി അടയാളപ്പെടുത്തി ചന്ദ്രന്‍ ഉദിക്കുന്നതെന്ന് എന്ന കാര്യത്തില്‍ യോജിക്കാന്‍ കഴിയാത്തത് കൊണ്ട് ഒരിക്കലും ഒരുമിച്ചു നോമ്പ് തുടങ്ങാന്‍ കഴിയാത്തവര്‍. ഇരു കൂട്ടരും, ആദ്യ പെരുന്നാള്‍ എന്നും ഭിന്ന ദിനങ്ങളില്‍ ആയതു കൊണ്ട് ഒരിക്കലും പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരാന്‍ കഴിയാത്തവര്‍. നമസ്കാരസമയത്തെ കുറിച്ച് ഇരുവര്‍ക്കും യോജിക്കാന്‍ വയ്യ, അല്ലെങ്കില്‍ സകാത്ത് ശതമാനത്തെ കുറിച്ച്, അതുമല്ലെങ്കില്‍ മരിച്ചവരെ ശ്മശാനത്തില്‍ അടക്കുന്നതിനെ കുറിച്ച്. പരസ്പരം തോല്‍പ്പിക്കുന്നതില്‍ ഒഴികെ ഒന്നിനെ കുറിച്ചും യോജിക്കാന്‍ ഇരുകൂട്ടര്‍ക്കുമാവില്ല. നമ്മളെ അടച്ചു പൂട്ടാനുള്ള ശ്രമത്തില്‍ - നമ്മളെ, തുല്യതക്കും സമാധാനത്തിനും വേണ്ടി നിരന്തരം അലറിവിളിച്ചു തൊണ്ടയടച്ചു പോയ നമ്മളെ – ആദ്യമായി ഒരു കാര്യത്തില്‍ അവരിരു കൂട്ടരും യോജിപ്പിലെത്തിയിരിക്കുന്നു.”

അവരുടെ രഹസ്യകേന്ദ്രത്തെ കുറിച്ച് അധികൃതര്‍ അറിയാനിടയാകുന്നതും അംഗങ്ങളില്‍ ഒരാള്‍ റെയ്ഡ് ചെയ്യപ്പെടുന്നതും തന്റെ ഉറ്റവരെ കണ്ടെത്താനുള്ള കാത്കൂത്തിന്റെ ദൌത്യത്തെ അടിയന്തിര പ്രാധാന്യം ഉള്ളതാക്കും. ഇടയ്ക്കിടെ കാത്കൂത്തിന്റെ നോവല്‍ അദ്ധ്യായങ്ങള്‍ കടന്നു വരുന്നത് ഈ ഘട്ടത്തില്‍ വായനയെ ക്ലിഷ്ടമാക്കുന്നുണ്ട്.

നോവലിന്റെ മധ്യത്തില്‍, നോവലിനുള്ളിലെ നോവലില്‍, ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും തദ്ഫലമായുണ്ടായ ദേശ നഷ്ടവും അസ്തിത്വ പ്രതിസന്ധിയും വളര്‍ന്നു വരുന്ന ഒരു കുട്ടിയുടെ കണ്ണിലൂടെ തീക്ഷ്ണമായി അവതരിപ്പിക്കുന്നുണ്ട്. അനിശ്ചിതത്വത്തെയും പ്രശാന്തമായ ജീവിതങ്ങളിലേക്ക് കടന്നു കയറിയ അധിനിവേശത്തിന്റെ കൊടും ക്രൂരതകളെയും കുടുംബാനുഭവങ്ങളും കേട്ട കഥകളുമായി നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ‘ഫുവാദയുടെ ബാലകര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജന്മമെടുക്കുകയെങ്കിലും ഗള്‍ഫ് യുദ്ധകാല അനുഭവങ്ങള്‍ അവരുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കും. അങ്ങനെയാണ് നോവലിനുള്ളിലെ നോവലും വര്‍ത്തമാന കാലവും കണ്ണി ചേരുക.


ഖുമൈനിയുടെ ഇസ്ലാമിക വിപ്ലവം തൊട്ട് (1979) എട്ടു വര്‍ഷക്കാലം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധം, ഇറാഖിന്റെ കുവൈറ്റ് അധിനിവേശം എന്നീ ഘട്ടങ്ങളിലൂടെ മുന്നോട്ടു പോയി 2020 എന്ന തൊട്ടടുത്ത ഭാവിയില്‍ അവസാനിക്കുന്നതാണ് നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങളിലായി നാലു തലമുറകളുടെ കഥ എന്ന നിലയില്‍ നോവലിന്റെ കാലഗണന. നാഗിബ് മഹ്ഫൂസിനെ പോലുള്ള കൃതഹസ്തരിലൂടെ പരിചിതമായ, അയല്‍പ്പക്കത്തിന്റെ കഥയായി വികസിക്കുന്ന അറബ് നോവല്‍ ശൈലി പുതിയ എഴുത്തുകാരും തുടരുന്നതിന് ഏറെ ഉദാഹരണങ്ങളുണ്ട്: അബ്ദോ ഖാലിന്റെ ‘ത്രോവിംഗ് സ്പാര്‍ക്സ്, റജാ ആലെമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്, സിനാന്‍ അന്തൂനിന്റെ ‘ദി കോര്‍പ്സ് വാഷര്‍ തുടങ്ങി ജോഖ എല്‍ ഹാര്‍ത്തിയുടെ ‘സെലെസ്റ്റിയല്‍ ബോഡീസ്, അഹമദ് സഅദാവിയുടെ ‘ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്’ എന്നിവയിലൊക്കെ ഈ പാരമ്പര്യം കാണാം. അല്‍ സനൂസിയുടെ ആഖ്യാനത്തില്‍ ഭൂതകാലം അവതരിപ്പിക്കപ്പെടുന്നത് മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശമുള്ള ശൈലിയില്‍ ആണെങ്കില്‍, വര്‍ത്തമാന കാലത്തിലെത്തുമ്പോള്‍ ജേണലിസ്റ്റിക്ക് സ്വഭാവമുള്ള മുറിഞ്ഞു പോകുന്നതും വസ്തുതാമാത്രവുമായ തുറന്നെഴുത്തിന്റെ രീതി കാണാനാവും. തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങളെ വ്യവച്ചേദിക്കാന്‍ കാത്കൂത് ഈ ശൈലി ഉപയോഗിക്കുന്നു. 

ഈ സംഭവ വികാസങ്ങളോടൊപ്പം കാത്കൂത്തിന്റെ ഓര്‍മ്മകളും ‘ചിലന്തി വല നെയ്യുന്നതുപോലെ നെയ്തെടുക്കുന്ന മമ്മ ഹിസ്സയുടെ സ്തോഭ ജനകമെങ്കിലും കൌമാര ജിജ്ഞാസയെ ത്രസിപ്പിക്കുന്ന കഥകളും ചേര്‍ന്നതാണ് ആഖ്യാന ഘടന. രാഷ്ട്രീയ ശരികളുടെ (political correctness) സങ്കീര്‍ണ്ണതകള്‍ ഒന്നുമറിയാത്ത, പൊതു ധാരണകള്‍ പങ്കുവെക്കുന്ന മമ്മ ഹിസ്സ വംശ വെറിയോളമെത്തുന്ന ജൂത വിരോധം പോലുള്ള ആശയങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുകയും കേട്ടിരിക്കുന്ന കൌമാരക്കാരനില്‍ നായ്ക്കളെയും ചിലന്തികളെയും മാത്രമല്ല ഇടിഞ്ഞു വീഴുന്ന ആകാശത്തെ കുറിച്ചും പേടി നിറക്കുകയും ചെയ്യുന്നുണ്ടെങ്കിലും വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും വറ്റാത്ത ഉറവയുമാണ്. ദേഷ്യം തോന്നുന്നവരെയെല്ലാം ‘ജൂതന്‍ എന്ന് വിളിക്കുന്ന മമ്മാ ഹിസയുടെ ആവര്‍ത്തിച്ചുള്ള അത്തരം പ്രയോഗങ്ങള്‍ അവരെ വായനക്കാര്‍ അധികം സ്നേഹിച്ചു പോകരുതെന്ന നോവലിസ്റ്റിന്റെ നിഷ്കര്‍ഷയുടെ ഭാഗമാണോ എന്ന് തോന്നാം. അതെന്തായാലും, കഥ പറയാനുള്ള തന്റെ ജന്മസിദ്ധമായ കഴിവ് മാനസ പുത്രനില്‍ നിക്ഷേപിച്ചാണ് അവര്‍ കടന്നുപോകുക. എല്ലാം ചാമ്പലാക്കുന്ന കാട്ടുതീ പോലെ പടരുന്ന വിഭാഗീയ ഹിംസാത്മകതയുടെ കഥയെ ‘അഗ്നിയുടെ ശേഷിപ്പ് (The Inheritance of Fire) എന്ന് അയാള്‍ വിളിക്കുന്നത്‌ തികച്ചും സംഗതവുമാണ്.

മാമാ ഹിസ്സയുടെ കാര്യത്തില്‍ എന്ന പോലെത്തന്നെ വേറെയും പാത്ര സൃഷ്ടികളില്‍ അപൂര്‍ണ്ണതകള്‍ കണ്ടെത്താനാകും. ഇതിവൃത്തം മുഴുവന്‍ സാന്നിധ്യമുണ്ടെങ്കിലും മൂന്നു കൂട്ടുകാരെ കുറിച്ചും അത്ര സുപരിചിതത്വം വായനക്കാര്‍ക്ക് പകര്‍ന്നുകിട്ടുന്നില്ല നോവലന്ത്യത്തിലും. ഫഹദിനു സംഗീതം ഇഷ്ടമാണെന്നു സൂചനയുണ്ടെന്നതിനപ്പുറം അവന്റെ വ്യക്തിത്വത്തിലേക്ക് തുറസ്സുകള്‍ അധികമില്ല. സാദിഖ് ആകട്ടെ പ്രായേണ ഒരു നിഗൂഡതയായി തുടരുകയും ചെയ്യുന്നു. പാത്രബാഹുല്യമുള്ള നോവലില്‍ പക്ഷെ ഒട്ടുമിക്ക പേരും വന്നു പോകുന്നവര്‍ മാത്രമാണ്. ഫഹദിന്റെ ഉമ്മ ആയിഷ അമ്മായി, സാദിഖിന്റെ ഉമ്മ ഫാദില അമ്മായി, അവന്റെ സഹോദരി ഹൌറ, ശ്രീലങ്കന്‍ പരിചാരിക ടിന എന്നിവരൊക്കെ സ്നേഹ സാന്നിധ്യങ്ങളായി നോവലില്‍ ഉണ്ടെങ്കിലും ആരെ കുറിച്ചും ആഴത്തിലുള്ള പാത്ര സൃഷ്ടിയുണ്ട് എന്ന് പറയാനാകില്ല.


ആക്ഷേപ ഹാസ്യവും ദുരന്ത ബോധവും ഇടകലരുന്ന, ഭൂതകാല സംഭവങ്ങള്‍ ഓരോന്നും ഇരുണ്ട ഭാവിക്കു സൂക്ഷമാര്‍ത്ഥത്തില്‍ നിദാനമായിത്തീരുന്ന കഥ ഒരേ സമയം മുതിര്‍ന്നു വരവിന്റെ കഥയും (coming of age novel) മധ്യ പൗരസ്ത്യ ദേശങ്ങളുടെ ഭീഷണ യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്കാരവും ആയിത്തീരുന്നു. ഏതു നിമിഷവും യുദ്ധസമാന സാഹചര്യത്തിലേക്ക് വലിച്ചിഴക്കപ്പെടാവുന്ന, ഒരുമിച്ചു കഴിഞ്ഞവരെ ‘അവരും ‘നമ്മളും ആക്കി മാറ്റുന്ന തീപ്പൊരികള്‍ക്കു നിദാനം ‘ദൈവത്തെ അനുസരിക്കലും ‘പ്രവാചക കുടുംബ’ത്തിന്റെ അപ്രമാദിത്തം അംഗീകരിക്കലും തമ്മിലുള്ള കല്‍പ്പിത വ്യത്യാസത്തിലാണ് എന്നത് വിചിത്രമായി അനുഭവപ്പെടുന്നത് കൊണ്ടാണ് നോവലിസ്റ്റ് ഒരു ഘട്ടത്തിലും ഇരുവിഭാഗങ്ങളുടെയും പേരുപോലും എടുത്തു പറയാത്തത്. ‘ഉമൈരിയ എന്നും ‘ഒമൈരിയ എന്നും പറയുന്നവര്‍ക്കിടയിലെ വ്യത്യാസം എന്ന് സുന്നി-ഷിയാ തര്‍ക്കത്തെ നോവലിസ്റ്റ് വിവരിക്കുമ്പോള്‍ അത്തരം നിസ്സാരത ഒരു യുദ്ധമുണ്ടാക്കുക എന്നതിലപ്പുറം അസംബന്ധമായി മറ്റെന്തുണ്ട് എന്നത് ചോദ്യമായി നോവലിലെങ്ങും ഉച്ചരിക്കപ്പെടാതെ മുഴങ്ങുന്നുണ്ട്. കുവൈറ്റ് അധിനിവേശ കാലത്ത് സദ്ദാമും ‘യോജിപ്പുള്ളവരുടെ സഖ്യവും (“coalition of the willing”) ഈ അസംബന്ധത്തെ ഫലപ്രദമായി ഉപയോഗിച്ചതിനെ കുറിച്ചും നോവല്‍ പരാമര്‍ശിക്കുന്നുണ്ട്. വംശീയ/വിഭാഗീയ  സംഘര്‍ഷങ്ങളുടെ മൂല കാരണങ്ങളില്‍ പലപ്പോഴും കാണപ്പെടുന്ന നിസ്സാരതയെ പക്ഷം ചേരാതെ ആവിഷ്കരിക്കാന്‍ രണ്ടു മൊഴിവ്യത്യാസങ്ങളെ ഉപയോഗപ്പെടുത്തുന്ന ഇതേ രീതി ക്രോയേഷ്യന്‍-സെര്‍ബ് സംഘര്‍ഷങ്ങളെ ആവിഷ്കരിക്കുന്ന ‘ദി ഹയേഡ് മാന്‍ എന്ന നോവലില്‍ സ്കോട്ടിഷ് നോവലിസ്റ്റ് അമിനാറ്റ ഫോര്‍ന ഉപയോഗിക്കുന്നുണ്ട്: ബ്രെഡ്‌ എന്നതിനെ സൂചിപ്പിക്കാന്‍ ‘hleb’ (സെര്‍ബ്), ‘kruh(ക്രോയേഷ്യന്‍) എന്നീ വാക്കുകള്‍ ഉപയോഗിച്ചവര്‍ക്കിടയിലായിരുന്നു ഭീകരമായ യുദ്ധം നടന്നതെന്ന് വംശീയ പേരുകള്‍ ഒരിടത്തും പറയാതെ അമിനാറ്റ ഫോര്‍ന എഴുതുന്നു.    

കലയും കലാപവുമെന്ന ദ്വന്ദ്വത്തില്‍ കലാപത്തിനുള്ള മറുമരുന്നായി കലയുടെ സത്യം എന്ന പ്രമേയത്തെയാണ്‌ അധിനിവേശ യാഥാര്‍ത്ഥ്യവും നോവലിനുള്ളിലെ നോവലും എന്ന ഘടനയിലൂടെ അല്‍ സനൂസി ആവിഷ്കരിക്കുന്നത്. കാത്കൂത് എഴുതുന്ന നോവലില്‍ ആഖ്യാനം നടത്തുന്നവരാണ് കലാപകാരികള്‍ തന്നെയായ മാമ ഹിസ്സയുടെ മൂന്നു ചുണ്ടെലികള്‍. നോവലിലെ അധ്യായങ്ങളും വര്‍ത്തമാന കാലത്തെ കഥാഗതിയും നോവലിനുള്ളില്‍ ഇടകലര്‍ന്നു വരുന്നത് ഭൂതകാലവും സമീപ ഭാവിയും എന്ന നിലയിലും വായിച്ചെടുക്കാം. അറബ്/ കുവൈറ്റ് ചരിത്രത്തെ കുറിച്ച് ധാരണയില്ലാത്ത വായനക്കാര്‍ക്ക് നോവലിലെ മൊഴിമാറ്റപ്പെട്ടിട്ടില്ലാത്ത അറബ് പ്രയോഗങ്ങള്‍ മനസ്സിലാക്കിയെടുക്കുക താരതമ്യേന പ്രയാസകരമാകാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഥാഗതിയെ പിന്തുടരുന്നതില്‍ അതത്ര പ്രശ്നം സൃഷ്ടിക്കുന്നില്ല. ജനപ്രിയമായ ടി വി സീരിയലില്‍ നിന്നാണ് കാത്കൂത് തന്റെ ‘ഫുവാദയുടെ ബാലകര്‍’ എന്ന  സംഘത്തിന്റെ പേര് കണ്ടെത്തുന്നത് എന്നതും കലയും ചെറുത്തുനില്‍പ്പുമെന്ന പ്രമേയവുമായി കണ്ണിചേരുന്നുണ്ട്. എന്നാല്‍, അന്തിമ വിശകലനത്തില്‍ സൗഹൃദം എന്ന മൂല്യം പോലും തലമുറകളിലൂടെ വേരോടിയ വിഭാഗീയതക്ക് വിഷഹാരിയാകുന്നില്ല എന്ന നിരാശാ ജനകമായ പാഠമാണ് നോവല്‍ മുന്നോട്ടുവെക്കുന്നത് എന്ന് പറയേണ്ടി വരും. ആഖ്യാനത്തിലാകട്ടെ, ദി ബാംബൂ സ്റ്റാക്ക് നല്‍കിയ പ്രതീക്ഷക്കു ഒപ്പമെത്താന്‍ നോവലിന് കഴിഞ്ഞിട്ടുണ്ടെന്നും പറയാനാകില്ല. എന്നാല്‍ സവാദ് ഹുസൈന്‍ നടത്തിയ ഇംഗ്ലീഷ് മൊഴിമാറ്റം അറബ് മൂലത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ടെന്നു നിരൂപക മതം.


Friday, March 7, 2025

The Tiller of Waters by Hoda Barakat/ Marilyn Booth

 ഹുദാ ബറകാത് വരയ്ക്കുന്ന ശ്വാനദിനങ്ങള്‍



ലബനോനിലെ മാരോനൈറ്റ് ക്രിസ്ത്യന്‍ പട്ടണമായ ബഷാരെയില്‍ ജനിച്ചു വളര്‍ന്ന ഹുദ ബരകാത് (ജനനം: 1952), ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട 1975ല്‍ പാരീസില്‍ ഗവേഷണ പഠനത്തിലായിരുന്നുവെങ്കിലും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. സംഘര്‍ഷത്തിന്റെ മുഴുവന്‍ കാലവും നാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടിയ ഘട്ടത്തിലാണ് അവര്‍ തന്റെ കൃതികളെല്ലാം എഴുതിയത്. പാര്‍ട്ടിയോ ദേശീയ പശ്ചാത്തലമോ നോക്കാതെ മാനുഷിക ദുരിതങ്ങളെയും അടിച്ചമര്‍ത്തലിനെയും കുറിച്ചു സത്യം പറയുന്നതില്‍ ഊന്നുക എന്നതാണ് ബുദ്ധിജീവികളുടെ കടമ എന്ന എഡ് വാര്‍ഡ്‌ സൈദിന്റെ നിലപാടാണ് ഹുദാ ബറകാതിന്റെ എഴുത്തിന്റെ നാഴികക്കല്ലെന്നും അവര്‍ തന്നെത്തന്നെയും തന്റെ കഥാപാത്രത്തെയും ബോധപൂര്‍വ്വം അന്യവല്‍ക്കരിക്കുകയും അതുവഴി ഭൂതകാലത്തിലേക്ക് ഊളിയിടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്വത്വത്തെ സൂക്ഷ്മപഠനത്തിനു വിധേയമാക്കുന്നു ചെയ്യുന്നു എന്നും ഫാത് മ താഹര്‍ നിരീക്ഷിക്കുന്നു (1). 1975ല്‍ പൊട്ടിപ്പുറപ്പെട്ട ലബനീസ് ആഭ്യന്തര യുദ്ധം പതിനാല് വര്‍ഷം നീണ്ടുനില്‍ക്കുകയും ഒരു ലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകര നിമിഷങ്ങളേയും അതുണ്ടാക്കിയ മനശാസ്ത്രപരമായ ആഘാതങ്ങളെയും ചരിത്രപരവും സാമൂഹികവും നരവംശ ശാസ്ത്രപരവും ജീവശാസ്ത്രപരവുമായ വീക്ഷണങ്ങളില്‍ ഒട്ടേറെ എഴുത്തുകാര്‍ അവതരിപ്പിച്ചു. ഇത്തരം സാഹചര്യത്തില്‍ എഴുത്ത് ബുദ്ധിജീവികളുടെ ചെറുത്തുനില്‍പ്പു രൂപമായിത്തീരുന്നതിന്റെ ശക്തമായ മാതൃകയാണ് ഹുദാ ബറകാതിന്റെ രചനാലോകം. അവര്‍ വ്യക്തിയുടെ വിധിയെ പുരുഷാധികാര ധാരണകളിലും വൈരുധ്യങ്ങളിലും രൂഢമായ സമൂഹിക ഭാഗധേയത്തിന്റെ അവിഭാജ്യ ഘടകമായി ആവിഷ്കരിക്കുന്നു; യുദ്ധം ആ ധാരണകളുടെ നികൃഷ്ട വശങ്ങളെ പുറത്തുകൊണ്ടുവന്നു. “അവരുടെ കൃതികള്‍ യുദ്ധത്തെ, തുടര്‍ന്നുണ്ടായ നശീകരണത്തെ, ജനജീവിതത്തില്‍ അതുണ്ടാക്കിയ മാറ്റങ്ങളെ നിശിതമായും സമഗ്രമായും  പ്രതിഫലിപ്പിക്കുന്നു” (Fatma H. Taher).

ബറകാതിന്റെ നിലപാടുകളുടെ കൃത്യമായ ആവിഷ്കാരം കാണാനാകുന്ന കൃതിയാണ് 2001ല്‍ പുറത്തിറങ്ങിയ The Tiller of Waters. ആഭ്യന്തര സംഘര്‍ഷത്തിലെ ബോംബിങ്ങില്‍ തകര്‍ന്ന ബൈറൂത്ത്, ബാക്കിയായ ദേശവാസികളെല്ലാം പലായനം ചെയ്തതിനെ തുടര്‍ന്നു വിജനമായിരിക്കുന്നു. ഓര്‍മ്മകള്‍ ഇടമുറിയുകയും ഒളിച്ചു കളിക്കുകയും ചെയ്യുന്ന നിഖുല മിത്രിയെന്ന അമ്പതിലെത്തിയ വസ്ത്ര വ്യാപാരി തെരുവുകളില്‍ പിന്തുടരുന്നത് പൊയ്പ്പോയ ജീവിതങ്ങള്‍ മാത്രമല്ല, സ്വന്തം ഓര്‍മ്മകളെ കൂടിയാണ്. ഏതുനിമിഷവും ഉടലില്‍ തുളഞ്ഞിറങ്ങിയേക്കാവുന്ന വെടിയുണ്ടകളുടെ ശബ്ദം കേള്‍ക്കാം അയാള്‍ക്ക്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ കുടുംബ സുഹൃത്തിന്റെ വീട്ടിലായിരുന്ന നിഖുല തിരിച്ചെത്തുമ്പോഴേക്കും അഭയാര്‍ഥികള്‍ വീടു കയ്യടക്കിയത് മൂലം ഇപ്പോള്‍ അയാളുടെ അഭയസ്ഥാനം, മുമ്പ് തന്റെ പിതാവിന്റെ സമ്പാദ്യമായ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോ ഡൌണ്‍ ആയിരുന്ന, മനോഹര തുണിത്തരങ്ങള്‍ നിറഞ്ഞ നിലവറയാണ്. അവിടെ അയാള്‍ വൈവിധ്യത്തിന്റെയും വര്‍ണ്ണ രാജികളുടെയും ആഢംബരത്തില്‍ സന്തുഷ്ടനാണ്. പുറത്തിറങ്ങുമ്പോള്‍ തെരുവുകള്‍ കീഴടക്കിയ നായ്ക്കളുടെ കൂട്ടം ഭീഷണ സാന്നിധ്യമായി അവിടെയുണ്ട്. സ്വന്തം മൂത്രം കൊണ്ട് സംരക്ഷണ വലയം തീര്‍ത്തു അയാള്‍ രക്ഷ തേടുന്നു. സുദീര്‍ഘവും ഗഹനവുമായ ആഖ്യാനങ്ങളിലൂടെ തന്റെ മാതാപിതാക്കളുടെയും പ്രണയിനിയായിരുന്ന കുര്‍ദിഷ് പരിചാരിക ഷംസയുടെയും കഥകളോടൊപ്പം തുണിത്തരങ്ങളുടെയും നൂല്‍നൂല്‍പ്പിന്റെയും ഉത്ഭവ, വികാസ ചരിത്രവും അയാള്‍ ആവിഷ്കരിക്കുന്നു. ബൈസന്റൈന്‍, ഓട്ടോമന്‍, പേര്‍ഷ്യന്‍, ഇന്ത്യന്‍ ചരിത്രങ്ങളും സാംസ്കാരിക സ്മൃതികളും നിറയുന്ന ഇത്തരം ദീര്‍ഘാഖ്യാനങ്ങള്‍ പൊയ്പ്പോയ കാലത്തെയും എല്ലാം നഷ്ടപ്പെട്ട വര്‍ത്തമാനത്തെയും ഗൃഹാതുരതയുടെ അതിഭാവുകത്വമില്ലാത്ത ന്യൂനോക്തിയില്‍ വൈരുദ്ധ്യത്തില്‍ നിര്‍ത്തുന്നുണ്ട്. പുറത്തെ ചൂടും തണുപ്പും കാലുഷ്യങ്ങളും പ്രവേശനമില്ലാത്ത നിലവറയില്‍ വൃത്തിയും പുതുമയുടെ ഗന്ധവുമുള്ള തുണിത്തരങ്ങളില്‍ പുതച്ചും അവയുടെ ഗന്ധം ശ്വസിച്ചും കഴിയുന്ന കഥാപാത്രം ഒരര്‍ത്ഥത്തില്‍ ആദിപിതാവിന്റെ ഏകാന്തതയും സ്വച്ഛതയും അനുഭവിക്കുന്നുണ്ട്. തന്റെതായ ഒരു സുരക്ഷിത ഇടം (haven/ retreat) ഉണ്ടാക്കിയെടുക്കുകയാണ് അയാള്‍: ഹെമിംഗ് വേയുടെ യുദ്ധമുറിവേറ്റ (war-wound) കഥാനായകന്മാരെ പോലെ ഇത്തരം ‘പിന്മടക്ക’ത്തിനു സാഹിത്യത്തില്‍ ഒട്ടേറെ മാതൃകകള്‍ ഉണ്ട്. അതുപക്ഷേ ആത്യന്തികമായി അവരെയാരെയും രക്ഷിക്കുകയില്ല; ആന്‍ ഫ്രാങ്കിന്റെ മച്ചുംപുറം (attic) പോലെ ദേശവിധിയുടെ ബലിക്കല്ല് അവരെ തേടിയെത്തുന്നതിനിടയിലെ ഇടവേളകള്‍ മാത്രാകാം അത്. നിഖുലയുടെ വിധിയും വ്യത്യസ്തമല്ല. യുദ്ധം പട്ടണത്തിന്റെ ബാഹ്യഭൂമിക മുഴുവന്‍ തകര്‍ത്തുകളയുമ്പോള്‍ അയാള്‍ തന്റെ പട്ടണത്തിന്റെ ചരിത്രം കഥകളിലൂടെ പുനസൃഷ്ടിക്കുന്നു. എന്നാല്‍ കഥകള്‍ പറഞ്ഞുതീരും മുമ്പ് ഏതുരൂപത്തിലെന്നു തീര്‍ച്ചയില്ലാതെ അതേ തെരുവുകളില്‍ അയാള്‍ കൊല്ലപ്പെടുന്നു; തന്റെ മരണം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യമായി അയാളുടെ സ്വരം തന്റെ പിതാവിന് നേരെ ഉയരുന്നു, അത് തെരുവുകളുടെ നശീകരണ ബഹളങ്ങളില്‍ മുങ്ങിപ്പോവുന്നു: “പിതാവേ, ആരാണ് എന്നെ കൊന്നത്? ആരാണ് എന്നെ കൊന്നത്? കാരണം ഞാന്‍ സ്വാഭാവിക മരണത്തിലല്ല ഇല്ലാതായത്” (P.173). അയാള്‍ എല്ലാ സാധ്യതകളും പരിഗണിച്ചു തള്ളിക്കളയുന്നു: അത് വിഷം കഴിച്ചയിരുന്നില്ല. മരണത്തിന്റെ മാലാഖയെ നേരിടാന്‍ തയ്യാറെടുത്തിട്ടായിരുന്നില്ല. ബുള്ളറ്റ്, കുഴിബോംബ്, പടയാളികള്‍, അങ്ങനെ എല്ലാസാധ്യതകളും അയാള്‍ സന്ദേഹിക്കുന്നു. ഇടയ്ക്കിടെ എന്റെ മഞ്ഞളിച്ചു പോയ കണ്ണുകള്‍ ഇഷ്ടിക പതിച്ച വിശാല വഴിയാകെ പ്രശാന്തമായ ജലപാളികളില്‍ മൂടിപ്പോകുന്നത് കാണുന്നു, അതുകൊണ്ട് എനിക്ക് ആകാശവും തിളക്കമാര്‍ന്ന സെപ്തംബര്‍ ചന്ദ്രനും അതില്‍ പ്രതിഫലിക്കുന്നത് കാണാം. ആ കാഴ്ച എന്റെ കസേരയില്‍ നിന്നെഴുന്നെല്‍ക്കാനും എല്ലാ ദിശകളിലേക്കും ഓടാനും എന്നില്‍ ആഗ്രഹാമുണ്ടാക്കുന്നു. അതിനെ നന്നായി ഉഴാന്‍. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു, ഞാനെന്തിനു അതിലേക്കു തിരികെ പോകാന്‍ ആഗ്രഹിക്കണം!. ഞെനെന്റെ ജീവിതം മുഴുവന്‍ ജലത്തില്‍ ഉഴുതുകൊണ്ടല്ലേ ചെലവഴിച്ചത്‌? അതല്ലേ, താത, നാം ഇപ്പോഴും ചെയ്തുകൊണ്ടിരുന്നത്?” ജീവിതത്തിന്റെ ആത്യന്തിക നിരര്‍ത്ഥകതയില്‍ ചെന്നു തൊടുന്ന ഈ അസ്തിത്വ സമസ്യയിലാണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍, ഇത് ചോദിക്കുന്നയാള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കുരുങ്ങിക്കിടപ്പല്ല എന്നതും ഇപ്പോള്‍ അയാളെ മഥിക്കുന്ന ചോദ്യം താനെങ്ങനെ മരിച്ചു എന്നതുമാണ്‌ എന്ന് കാണുമ്പോള്‍ വായനക്കാരില്‍ ഒരു നടുക്കം സാധ്യമാണ്: അഥവാ, നാം കേട്ടുകൊണ്ടിരുന്ന ആഖ്യാനം നടത്തുന്നയാള്‍ ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ ഏതു ലോകത്തായിരുന്നു എന്നൊരു സംത്രാസം നോവലന്ത്യത്തില്‍ സംഗതമാണ്.  

തുണിത്തരങ്ങളുടെയും നൂലുകളുടെയും സില്‍ക്കിന്റെയും പഠനം അയാള്‍ക്ക് ഒരു ആദിമ സ്മൃതിയുടെ പുനര്‍നിര്‍മ്മിതി കൂടിയാണ്: “വസ്ത്രങ്ങളുടെ കെട്ടുകളും മുറുകിയ ബോള്‍ട്ടുകളും അവയുടെ സ്പൂളുകളില്‍ അഴിച്ചെടുത്തപ്പോള്‍ ഞാനെന്റെ ഭാവനയെ പ്രവര്‍ത്തന നിരതമാക്കി. വീട് ഫര്‍ണിഷ് ചെയ്യുന്നതില്‍ എന്നെ നയിക്കാന്‍ അദമ്യമായ ആനന്ദത്താല്‍ പ്രചോദിതമായ എന്റെ അഭിലാഷങ്ങളെ അനുവദിച്ചു” (P.40). ആഭ്യന്തര യുദ്ധം പ്രേതനഗരമാക്കിയ പട്ടണത്തില്‍ അയാള്‍ ആരുമായും സമ്പര്‍ക്കം ആഗ്രഹിച്ചില്ല. സ്വയം വരിച്ച അന്യവല്‍ക്കരണത്തിലൂടെ തിന്മകളുടെ ബാഹ്യലോകത്തെ അകറ്റി നിര്‍ത്തുന്ന കഥാപാത്രങ്ങള്‍ ആധുനിക സാഹിത്യത്തില്‍ ഒട്ടേറെയുണ്ട്. നോവലിലെ അതേ സാഹചര്യത്തില്‍, അതേ ബൈറൂത്തില്‍, സ്വന്തം വീട്ടില്‍ പുസ്തകങ്ങളുടെ ലോകത്ത് സ്വയം പരിമിതപ്പെടുത്തിക്കഴിയുന്ന ആലിയ സാലിഹ് എന്ന എഴുപത്തിരണ്ടുകാരിയാണ്‌ റാബിഹ് അലമെദ്ദീന്‍ രചിച്ച ‘An Unnecessary Woman’ എന്ന നോവലിലെ നായിക. അങ്കോളന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകര കാലത്ത് യുദ്ധത്തോടൊപ്പം തുറസ്സുകളോടുള്ള ഭയവും (agoraphobia) മൂലം ഇഷ്ടികകള്‍ കൊണ്ടു സ്വയം തീര്‍ത്ത കുടുസ്സിനുള്ളില്‍ മുപ്പതുകൊല്ലക്കാലം തന്നെത്തന്നെ അടക്കിയ ലുഡോ എന്ന സ്ത്രീയെ പിന്തുടരുന്ന ഹോസെ എദുവാര്‍ദോ അഗുവാലൂസയുടെ A General Theory of Oblivion മറ്റൊരു ഉദാഹരണമാണ്. യുദ്ധം നേരിട്ടവതരിപ്പിക്കുക എന്നത് ഈ എഴുത്തുകാര്‍ ആരും തങ്ങളുടെ ദൌത്യമായി കാണുന്നില്ല. നിഖുല പോരാളികളെയോ ഗുണ്ടകളെയോ അല്ല, തെരുവുകള്‍ കയ്യടക്കിയ ഭീഷണ പ്രകൃതത്തിലേക്ക് മാറിയ ശ്വാന സംഘത്തെയാണ് കാണുന്നത്. അവയും അവയുടെ സ്വത്വം മറക്കുകയും ചെന്നയ്ക്കളായി രൂപം മാറുകയും ചെയ്തിരിക്കുന്നു. “അവ ചെന്നയ്ക്കളാണ്, ഞാന്‍ എന്നോട് തന്നെ പറഞ്ഞു, അവ കടിപിടിയില്‍ കൊല്ലപ്പെട്ട അവയുടെ കൂട്ടത്തില്‍ പെട്ട ഒന്നിന്റെ ഉടല്‍ തന്നെയാകും പിച്ചിച്ചീന്തുന്നത് എന്ന ധാരണയില്‍. എന്നാല്‍ ഉരുണ്ടു പോയ, എന്റെ നേരെ വന്ന തല ഒരു ശ്വാനന്റെത് ആയിരുന്നില്ല. അതൊരു മനുഷ്യന്റെത് ആയിരുന്നു” (P.50). ഈ ഭാഗം ക്രിസ് അബാനിയുടെ Song for Night എന്ന നോവെല്ലയില്‍ യുദ്ധം നരഭോജികളാക്കിയ സ്ത്രീകളുടെ നടുക്കുന്ന രംഗത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്; ഒപ്പം, വനാതിരുകളില്‍ ചിതറിക്കിടന്ന കൊല്ലപ്പെട്ട സിവിലിയന്മാരുടെ ഉടലുകള്‍ തിന്നുശീലിക്കുകയും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സനാതന ഉടമ്പടി ലംഘിക്കുകയും നരഭോജികള്‍ ആയിത്തീരുകയും ചെയ്യുന്ന സിംഹങ്ങളെ കുറിച്ചു Confessions of the Lioness എന്ന നോവലില്‍ മൊസാംബിക്കന്‍ നോവലിസ്റ്റ് മിയാ കൂട്ടോ നടത്തുന്ന നിരീക്ഷണങ്ങളെയും.  എന്നാല്‍ ഒരു ഘട്ടത്തില്‍ നിഖുല കണ്ടെത്തുന്നുണ്ട്, യജമാന്മാരെ നഷ്‌ടമായ ശ്വാനന്‍ തന്നില്‍ ഒരു പുതിയ യജമാനനെ തേടുകയായിരുന്നു എന്ന്.   

നിഖുലയുടെ കഥയ്ക്കും സില്‍ക്ക് വസ്ത്രത്തിന്റെ കഥയും എന്നതിനൊപ്പം സമാന്തരമായി നോവലില്‍ വികസിക്കുന്ന മറ്റൊരു സുപ്രധാന കഥ ഷംസയുടെതാണ്. കുര്‍ദ് ചരിത്രത്തിലെ ചതികളുടെയും വഞ്ചനകളുടെയും കഥകള്‍ ഷംസയുടെ വാക്കുകളില്‍ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സുദീര്‍ഘമായ തുര്‍ക്ക് – കുര്‍ദ് സംഘര്‍ഷങ്ങള്‍, അതാ തുര്‍ക്കിന്റെയും കേണല്‍ ബില്ലിന്റെ കീഴിലുള്ള ഇംഗ്ലീഷുകാരുടെയും മാറിമാറിയുള്ള ചതികളുടെയും കുര്‍ദ് കൂട്ടക്കുരുതികളുടെയും പലായനങ്ങളുടെയും കഥ അവളുടെ ഓര്‍മ്മകളില്‍ സ്വന്തം പിതൃ പരമ്പരയുടെ ദുരന്തങ്ങളായി പതിഞ്ഞു കിടപ്പുണ്ട്. അതിനുമപ്പുറം, കുര്‍ദുകളുടെ ഉത്ഭവത്തെ കുറിച്ച് നോവലില്‍ വിവരിക്കപ്പെടുന്ന മിത്ത് സുലൈമാന്‍ രാജാവിന്റെ (സുലൈമാന്‍ നബി) `കഥയുമായി ബന്ധപ്പെട്ടു നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്. നോട്ടത്തില്‍ തന്നെ ഒരു സ്ത്രീയെ മുച്ചൂടും അറിയാനുള്ള സിദ്ധിയുണ്ടായിരുന്ന സോളമന്‍ രാജാവിന് തദ്ഫലമായി ബാധിച്ച വിരക്തി മറികടക്കാനായി പടിഞ്ഞാറു നിന്നും കൊണ്ടുവരപ്പെട്ട എല്ലാം തികഞ്ഞ നാനൂറു കന്യകമാരില്‍ ആ കഥ തുടങ്ങുന്നു. സുന്ദരിമാരില്‍ ആകൃഷ്ടരായ നാനൂറു ജിന്നുകള്‍ അവരുടെ വഴിതടയാന്‍ അനുവദിക്കണമെന്നു ജിന്നു രാജാവ് ജസാദിനോട് അഭ്യര്‍ഥിച്ചു. സോളമന്‍ രാജാവിനു ദൈവം നല്‍കിയ സിദ്ധികളില്‍ അസൂയാലുവായ ജിന്നു രാജന്‍ ആവശ്യത്തില്‍ കൂടുതല്‍ അനുവദിക്കുകയും അതെ തുടര്‍ന്ന് സുന്ദരന്മാരായ രാജകുമാരന്മാരായി വേഷം മാറിയ ജിന്നുകള്‍ അതിമനോഹരമായ വേഷ ഭൂഷകളോടും മനംമയക്കുന്ന ഗീതങ്ങളുമായി കന്യകമാരെ വശീകരിക്കുകയും രാത്രി അവരോടൊപ്പം കഴിയുകയും ചെയ്തു. പിറ്റേന്ന് പുലര്‍ച്ചെ മരുഭൂമിയില്‍ സ്വയം നഗ്നരായി കണ്ടെത്തിയ നാനൂറു സുന്ദരികള്‍ കന്യകമാര്‍ അല്ലാതായിക്കഴിഞ്ഞിരുന്നതുകൊണ്ട് സോളമന്‍ രാജാവ് അവരെ തള്ളിക്കളഞ്ഞു – ‘കറാദ’ (karada) എന്ന പദം തള്ളിക്കലയലിനെ സൂചിപ്പിച്ചു, ‘കുര്‍ദ് എന്നാല്‍ തള്ളിക്കളയപ്പെട്ടവര്‍ എന്നും. എന്നാല്‍, ഇതിനു വിപരീതമായി മറ്റൊരു വ്യാഖ്യാനവും ഷംസ മുന്നോട്ടു വെക്കുന്നു. കുര്‍ദിഷ് ഭാഷയില്‍ ‘ധീരനായ വീരന്‍ എന്നാണ് ‘കുര്‍ദ് എന്ന പദം അര്‍ത്ഥമാക്കുന്നത്. ‘ചെന്നായ എന്നോ ‘കാട്ടു പൂച്ച എന്നോ അര്‍ഥം വരുന്ന ‘കര്‍ഘ് (‘kargh’) ആവാം അതിന്റെ പദമൂലം എന്നും അവള്‍ അഭിപ്രായപ്പെടുന്നു. എന്തായാലും, നിഖുലയുടെ ജീവിതത്തിനു അര്‍ത്ഥവും നിറവും ജീവിതാശയും പകര്‍ന്നവളായിരുന്നു ഷംസ: “ഷംസ, വളരെ കുറച്ചു ജനാലകള്‍ മാത്രമുണ്ടായിരുന്ന, അവ തന്നെയും ഭദ്രമായി അടക്കപ്പെട്ട നിലയിലായിരുന്ന എന്റെ ജീവിതത്തെ പ്രകാശമാനമാക്കിയവള്‍” (P.42) എന്നു അയാള്‍ നിരീക്ഷിക്കുന്നുണ്ട്.   

ഗാര്‍ഹിക വേലക്കാരായ വിദേശി കുടിയേറ്റക്കാരുടെ ജീവിതാവസ്ഥകള്‍ മിഡില്‍ ഈസ്റ്റ് സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെടുന്നതില്‍ ഹുദാ ബരകാത് ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു (2). ലബനീസ് സംഘര്‍ഷങ്ങള്‍ ആഖ്യാനം ചെയ്യുന്ന എഴുത്തുകാരില്‍ മിക്കയാളുകളും ‘ദേശത്തിന്റെ ആഭ്യന്തര വിഭജനങ്ങളും ലബനന്‍കാരുടെയും പലസ്തീനികളുടെയും മേല്‍ യുദ്ധ ഭീകരതയുടെ ഫലങ്ങളും’ അവതരിപ്പിക്കുകയും ‘ഔദ്യോഗികമായി രാജ്യത്തിന്റെ ഭാഗമല്ലാത്ത ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും ചെയ്തപ്പോള്‍ ബരകാത് തന്റെ കൃതികളില്‍ സാങ്കേതികമായി മാത്രം ‘അന്യരായ ഈ വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്നുണ്ട്. നാല് മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള നാട്ടില്‍ ഒന്നര ലക്ഷം കുടിയേറ്റ ഗാര്‍ഹിക വേലക്കാരികളുണ്ടായിരുന്നു. കുടുംബാന്തരീക്ഷത്തില്‍ അസംതൃപ്തനായ ഒരംഗം അവളുമായി പ്രത്യേക ബന്ധം സ്ഥാപിക്കുക എന്ന ഇതിവൃത്ത ഘടകത്തിലൂടെ കഥയെ ഗൃഹ കേന്ദ്രിത നാടകീയതകളുടെ ഇടമാക്കി പരിവര്‍ത്തിപ്പിക്കാനും രാഷ്ട്രീയ അന്തര്‍ നാടകങ്ങകങ്ങളെ ഒട്ടൊന്നു പശ്ചാത്തലത്തിലേക്ക് ഒതുക്കാനും ഒപ്പം ദേശീയാഖ്യാനങ്ങളില്‍ ഈ കുടിയേറ്റ ഗാര്‍ഹിക വേലക്കാരികളുടെ പങ്ക് എന്ന സമകാലിക മിഡില്‍ ഈസ്റ്റ് പ്രമേയത്തില്‍ സ്പര്‍ശിക്കാനും നോവലിസ്റ്റിനു കഴിയുന്നു. അമിതമായി ലാളിക്കപ്പെട്ട, അലസ ജീവിതം നയിക്കുന്ന അടുപ്പില്‍ തീപൂട്ടി ശീലമില്ലാത്ത അമ്മയുടെ രീതികളുമായി നേരെ എതിര്‍ ഭാവത്തിലാണ് കുഞ്ഞുന്നാളിലേ മധ്യവര്‍ഗ്ഗ ക്രിസ്ത്യന്‍ കുടുംബത്തില്‍ പരിചാരികയായി എത്തുന്ന ഷംസ അവതരിപ്പിക്കപ്പെടുന്നത്. തീരെ ചെറുപ്പമാണെങ്കിലും ശാരീരിക വശ്യതയുടെ ഭാഷയിലാണ് ഷംസയെ ആഖ്യാതാവ് അവതരിപ്പിക്കുന്നത്‌ എന്നതില്‍ ഗാര്‍ഹിക വേലക്കാരികളോടുള്ള സമീപനത്തിന്റെ പതിവുകള്‍ കാണാം. അവള്‍ ആദ്യം മമ്മയുടെയും പിന്നീട് നിഖുലയുടെയും ക്ഷമാശീലയായ ശ്രോതാവാണ്. സംഘര്‍ഷ ബാധിതമായ നഗരത്തില്‍, പുറത്തിറങ്ങാന്‍ കഴിയാത്ത ഡെക്കാമെറോണ്‍/ ഷെഹറെസാദ് സാഹചര്യത്തില്‍ അതൊരു വലിയ ഉത്തരവാദിത്തമാണ് താനും. എന്നാല്‍, തന്റെ ജനതയുടെ കഥ പോലുള്ള ആഖ്യാനത്തിലേക്ക് അവള്‍ സ്വയം കടക്കുന്നു; ആഖ്യാതാവിനോട് കഥകള്‍ പറയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇളംപ്രായക്കാരിയായ തന്റെ ജീവന്റെ പ്രകാശത്തെ തന്നില്‍ ചേര്‍ത്തു നിര്‍ത്താന്‍ പാകത്തില്‍, അടുത്ത ദിനത്തിലും അവളുടെ സാമീപ്യം ഉറപ്പുവരുത്താന്‍ പാകത്തില്‍ കഥ പറച്ചില്‍ ക്രമപ്പെടുത്തുന്നതോടെ നിഖുല സ്വയം ഒരു ഷെഹറെസാദ് രൂപം ആയിത്തീരുന്നു.

 

എന്നാല്‍ ഷംസയിലൂടെ അവതരിപ്പിക്കപ്പെടുന്ന ഗാര്‍ഹിച്ച വേലക്കാരികളുടെ പ്രസക്തി എന്ന പ്രമേയ പരിചരണത്തില്‍ ഒട്ടേറെ പരിമിതികള്‍ നോവലില്‍ ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു: അഭ്യന്തര യുദ്ധാനന്തര ലബനോനില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന ശ്രീലങ്കന്‍/ എത്യോപ്യന്‍/ ഫിലിപ്പിന കുടിയേറ്റക്കാരികള്‍ക്കു പകരം കുര്‍ദിഷ് സിറിയന്‍ വേലക്കാരി എന്ന സങ്കല്‍പ്പനത്തില്‍ നിലയുറപ്പിക്കുന്നതിലൂടെ വര്‍ണ്ണ, ഭാഷാ വൈരുദ്ധ്യങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയാണ് (Rebecca Dyer). തൊഴില്‍/ ശമ്പളം  സംബന്ധമായി ഷംസ നേരിട്ടിരിക്കാന്‍ ഇടയുള്ള പ്രയാസങ്ങളോ അമ്പതു പിന്നിട്ട നിഖുലയുമായി ശാരീരിക ബന്ധത്തിന് അവള്‍ തയ്യാറാകുന്നതിന്റെ പിന്നാമ്പുറങ്ങളോ സ്പര്‍ശിക്കപ്പെടാത്തത് തൊഴില്‍ തേടിയെത്തുന്നതിന്റെ അടിസ്ഥാന പരമായ ഉദ്ദേശവുമായി ഒത്തുപോകുന്നതല്ല; അഥവാ ആ തലം അവഗണിക്കപ്പെടുന്നതിലൂടെ, ഷംസക്ക് ആഖ്യാനത്തില്‍ കേന്ദ്ര സ്ഥാന തുല്യത നല്‍കുമ്പോഴും, ഫലത്തില്‍, നോവല്‍ കുടിയേറ്റ ഗാര്‍ഹിക വേലക്കാരിയെ ഭാഗികമായ മൌനം കൊണ്ട് തന്നെയാണ് അടയാളപ്പെടുത്തുന്നത് എന്ന് നിരീക്ഷിക്കാം. ഷംസ വിട്ടുപോയി എന്ന ഇരുട്ടില്‍ അവസാനിപ്പിക്കുന്ന അവളുടെ കഥ അപൂര്‍ണ്ണമാണ് എന്നതും ഇതോടു ചേര്‍ത്തു കാണാം. കുര്‍ദിഷ് വേലക്കാരിയെന്ന നിലയില്‍ അവളുടെ വീട് അടുത്താണ് എന്ന ചിന്ത ഒരു കുറ്റബോധ വിമോചനമായി നോവലിസ്റ്റിനെ/ ആഖ്യാതാവിനെ ആശ്വസിപ്പിക്കുന്നുണ്ടോ എന്ന് സന്ദേഹിക്കാം; അങ്ങകലെ എത്യോപ്യയിലോ ശ്രീലങ്കയിലോ ആയിരുന്നു തിരികെയെത്തേണ്ടിയിരുന്നതെങ്കില്‍ അവള്‍ക്കത് ദുസ്സാധ്യമാകുമായിരുന്നു. അതേസമയം, എഴുപതുകളില്‍ ശക്തമായിരുന്ന കുര്‍ദ് വിരുദ്ധ വികാരത്തിന്റെ സൂചനകളും നോവലിസ്റ്റ് ആഖ്യാനത്തില്‍ ഉള്‍ചേര്‍ത്തിട്ടുള്ളത് പ്രധാനമാണ്. നിഖുലയുടെ കുടുംബം ഈജിപ്തില്‍ നിന്ന് ‘അമ്മയുടെ പൂര്‍വ്വികരുടെ നാടായ ലബനോനില്‍ എത്തുമ്പോള്‍ നിഖുല ഗര്‍ഭസ്ഥ ശിശുവായിരുന്നു. അവരുടെ മാതൃദായ സ്വത്തുക്കള്‍ സംരക്ഷിതവും അവര്‍ സ്വാഗതം ചെയ്യപ്പെട്ടവരും ആയിരുന്നു. എന്നാല്‍, ഷംസയുടെ ജനത തീര്‍ത്തും അന്യരായിരുന്നു. ആഭ്യന്തര യുദ്ധം ഈ വിദ്വേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. ചന്തയില്‍ തൊഴില്പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനൊക്കെയും പഴിപറയാന്‍ ‘കുര്‍ദുകളും അവരുടെ കൂട്ടരും, നാട്ടുകാരായ ബൈറൂത്തികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിദേശ ഇറക്കുമതികളും എന്ന് പ്രയോഗിക്കപ്പെടുന്ന സന്ദര്‍ഭം നോവല്‍ ആരംഭത്തില്‍ തന്നെ  വിവരിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍, തന്റെ കൊഴുത്ത ശരീരപ്രകൃതം ദേശമില്ലായ്മക്കുള്ള പകരംവെപ്പാണ്‌ എന്നു ഷംസ നിരീക്ഷിക്കുന്നുണ്ട്: “ഞാന്‍ തടിച്ചിയാണ്.. കാരണം എനിക്ക് ദേശമില്ല. ഞാന്‍ ഏറെ ഭക്ഷിക്കുന്നു, അങ്ങനെ എന്റെ ഉടല്‍ വളരട്ടെ, അതുകൊണ്ട് എനിക്കെന്റെ ഭാരം ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്താനാകും” (P.72). തടി കുറക്കാന്‍ വ്രതം നിര്‍ദ്ദേശിക്കുന്ന നിഖുലയെ അനുസരിച്ച് മെലിഞ്ഞുപോകുന്ന ഷംസയുടെ പരിണാമം അവളുടെ അഭയാര്‍ഥി അവസ്ഥയുടെ രൂപകം കൂടിയായിത്തീരുന്നു. ഈ അവസാന കൂടിക്കാഴ്ചയില്‍ ഷംസ തന്റെ മാതാവിന്റെ ചെറുപ്പത്തിലെ ഇരട്ടയാണ് എന്ന് നിഖുലക്ക് തോന്നുന്നയിടത്തു ഉച്ചനീചത്വത്തിന്റെ സൂക്ഷ്മമായ നിരാസം വായിച്ചെടുക്കാം. എന്നാല്‍ ഇത്തരം ഒരു തിരിച്ചറിവല്ല ആഖ്യാതാവിനെ ഭരിക്കുന്നത്‌. പഴയനിയമത്തിലെ വര്‍ഗ്ഗ സങ്കലന വിരുദ്ധ വിലക്കുകള്‍ അയാള്‍ ഓര്‍മ്മിപ്പിക്കുന്നു: “... ചില കാര്യങ്ങള്‍ ഒരുമിച്ചു ചേര്‍ക്കുന്നത്... ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥപ്രകാരം നിഷിദ്ധമാണ്.. ഒരു കാളയെയും കഴുതയെയും ഒരുമിച്ചു നുകത്തില്‍ കെട്ടി ഉഴുന്നത്.. വ്യത്യസ്ത മൂലങ്ങളില്‍ നിന്നുള്ള രണ്ടു നൂലുകള്‍ കൊണ്ടുണ്ടാക്കിയ തുണി കൊണ്ടുള്ള വസ്ത്രം ധരിക്കല്‍... ദൈവം രണ്ടായി സൃഷ്ടിച്ചവയെ ഒരുമിപ്പിക്കുന്നത് ഒഴിവാക്കല്‍ .. അനിശ്ചിതഫലം ഉണ്ടായേക്കാവുന്ന ഒരു സംരഭം ..” (P.39,40)  ഒഴിവാക്കേണ്ടതാണ് എന്ന നിലപാട് അയാള്‍ വീണ്ടും ആവര്‍ത്തിക്കുക ഷംസയുമായി ഒടുവില്‍ പിരിയുന്ന ഘട്ടത്തില്‍ കൂടിയാണ്: “ രണ്ടു ശുദ്ധ ഇനങ്ങളുടെ ആത്യന്തിക മാതൃകകള്‍ക്കിടയില്‍ കൃത്യമായി വരക്കപ്പെട്ട അവ്യക്ത അതിരുകള്‍ ഏതുരീതിയില്‍ മായ്ക്കപ്പെടുന്നതും ലോകത്തിലെ വ്യവസ്ഥക്കുമേല്‍ വിനാശം കൊണ്ടുവരും, ദുഷ്ട ശാപങ്ങള്‍ വിജയിക്കും” (P.171). ഈ വൈരുധ്യം നോവലിസ്റ്റിന്റെ നിലപാടിനും ആഖ്യാതാവിന്റെ നിലപാടിനും ഇടയിലെ വൈരുധ്യത്തെയാവാം സൂചിപ്പിക്കുന്നത്. കുര്‍ദിഷ് കഥാപാത്രത്തെ നോവലില്‍ അവതരിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി താന്‍ വളര്‍ന്നുവന്ന ലബനോനിലെ കുര്‍ദ് വിരുദ്ധ വികാരത്തെ കുറിച്ച് നോവലിസ്റ്റ് നിരീക്ഷിക്കുകയുണ്ടായി: അവര്‍ തീര്‍ത്തും പാര്‍ശ്വവല്‍കൃതരും അന്യരുമായിരുന്നു, ഏറ്റവും ദരിദ്രരായ ലബനന്‍കാരെക്കള്‍ കഷ്ടമായിരുന്നു അവരുടെ അവസ്ഥ. ഷംസയെപ്പോലെ കടും ചായത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമായിരുന്ന ഒരു കുര്‍ദ് പരിചാരിക തന്റെ വീട്ടിലും ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബഹുവര്‍ണ്ണ വസ്ത്രങ്ങളോടുള്ള പ്രതിപത്തി പോലെ, കുര്‍ദ് ആഘോഷങ്ങളെ കുറിച്ചും സംസ്കാരത്തെ കുറിച്ചുമുള്ള വിവരണങ്ങളും ചേര്‍ന്ന് ലബനോനിന്റെ പലപ്പോഴും അവഗണിക്കപ്പെട്ട വംശീയ വൈവിധ്യങ്ങള്‍ക്കൂടി നോവലില്‍ ഇടം കണ്ടെത്തുന്നുവെന്നു നിരീക്ഷിക്കപ്പെടുന്നു (Rebecca Dyer).   

 

References:

(1). (Fatma H. Taher, ‘Hoda Barakat’s Tiller of the Waters and The Stone of Laughter: A Reflection on Gender and Sexism in Times of Wars’, Pertanika J. Soc. Sci. & Hum. 21 (S): 173 - 186 (2013)).

(2). (Rebecca Dyer, ‘Representations of the Migrant Domestic Worker in Hoda Barakat’s Harith Al-Miya and Danielle Arbid’s Maarek Hob’, College Literature 37.1 [Winter 2010]).