Featured Post

Friday, January 17, 2025

Cities of Salt by Abdul Rahman Munif/ Peter Theroux

 എണ്ണപ്പാടങ്ങളുടെ പുസ്തകം


          ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ സൌദിഅറേബ്യന്‍ മാതാപിതാക്കളുടെ മകനായി 1933ല്‍ ജനനംബാഗ്ദാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം; ബെല്‍ഗ്രേഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എണ്ണ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ്; ഇറാഖി എണ്ണവ്യവസായ മന്ത്രാലയത്തില്‍ സേവനം; ഇറാഖി ബാത് പാര്‍ട്ടിയില്‍ സജീവ അംഗത്വം – ഇങ്ങനെ പോകുന്നു 1970കളില്‍ രാഷ്ട്രീയ വിയോജിപ്പുകളെ തുടര്‍ന്നു പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയും ഡമാസ്കസില്‍ താമസമാക്കുകയും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകനായ മുഴുസമയ എഴുത്തുകാരന്‍ ആയിത്തീരുകയും ചെയ്ത അബ്ദെല്‍ റഹ്മാന്‍ മുനീഫിന്റെ സംഭവബഹുലമായ മുന്‍കാല ജീവിതം. അദ്ദേഹത്തിന്റെ ഒട്ടുമിക്ക പുസ്തകങ്ങളും സൌദിഅറേബ്യയില്‍ നിരോധിക്കപ്പെടാന്‍ ഇടയാക്കിയ അതേ രാഷ്ട്രീയ കാരണങ്ങളാല്‍ 1963ല്‍ത്തന്നെ സൌദി അധികൃതര്‍ മുനീഫിന്റെ പൗരത്വം റദ്ദാക്കിയിരുന്നു. അറബ് സാഹിത്യത്തിലെ അതികായനായിയിരുന്ന മുതിര്‍ന്ന പലസ്തീനിയന്‍ നോവലിസ്റ്റ് ജബ്ര ഇബ്രാഹിം ജബ്രയുമായുള്ള സര്‍ഗ്ഗസൌഹൃദം, സജീവരാഷ്ട്രീയം ഉപേക്ഷിക്കാനും മുഴുസമയ സാഹിത്യപ്രവര്‍ത്തനത്തില്‍ വ്യാപൃതനാകാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഭരണതലത്തില്‍ പിടിമുറുക്കിയ അഴിമതിഏകാധിപത്യംഅടിച്ചമര്‍ത്തല്‍എണ്ണ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭീഷണിതുടങ്ങിയവയെ നിശിതമായി സമീപിച്ച രചനകളില്‍ പ്രാദേശിക/ വംശീയ പരിഗണനകള്‍ക്കപ്പുറം അറബ് പൌരന്റെ സ്വാതന്ത്ര്യംആദിമ ബദവികളോടുള്ള ബഹുമാനവും പരിഗണനയും എന്നീ താല്‍പ്പര്യങ്ങളും അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം മുനീഫ് വ്യക്തമാക്കി. പതിനഞ്ചോളം നോവലുകളും പ്രകോപനപരമായ സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങള്‍ നിറഞ്ഞ കുറെയേറെ നോണ്‍ഫിക് ഷന്‍ കൃതികളും രചിച്ച മുനീഫിന്റെ രചനാലോകത്ത് സവിശേഷമായ സ്ഥാനമുണ്ട് നോവല്‍ പഞ്ചമം ആയി സങ്കല്പ്പിക്കപ്പെട്ട Cities of Salt എന്ന ബൃഹദ് നോവല്‍ പരമ്പരക്ക്. ഇവയില്‍ ആദ്യത്തെ മൂന്നു നോവലുകള്‍ (Cities of Salt-1987, The Trench -1991, Variations on Night and Day-1993) ഉള്‍പ്പെടുന്ന നോവല്‍ ത്രയം (Cities of Salt Trilogy) മാത്രമേ ഇംഗ്ലീഷില്‍ (പരിഭാഷ: പീറ്റര്‍ തെറോ Peter Theroux) ഇതുവരെയും (2020) ലഭ്യമായിട്ടുള്ളൂ. 2500ല്‍ കൂടുതല്‍ പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഈ കൃതി ഒന്നായെടുത്താല്‍ ആധുനിക അറബ് സാഹിത്യത്തിലെ ഏറ്റവും വലിയ നോവലാണ്‌. എണ്ണയുടെ കണ്ടുപിടുത്തത്തെ തുടര്‍ന്ന് ജീവിതതാളം അടിമുടി മാറിപ്പോയ മരുഭൂ ജനതയുടെ ഇതിഹാസമായ കൃതിക്ക് എക്കാലത്തെയും ഏറ്റവും മികച്ച നൂറു നോവലുകളില്‍ എഴുപത്തിയൊന്നാം സ്ഥാനമാണ് ഡാനിയല്‍ ബര്‍ട്ട് നല്‍കിയത് (Daniel S. Burt - The Novel 100 (The Literature 100). അഞ്ചു ഭാഗങ്ങളുള്ള നോവല്‍ പരമ്പര (1984-89), സ്വദേശിയുടെ വിമര്‍ശന ദൃഷ്ടിയിലൂടെ അറബ് ജീവിത ചരിത്രം അവതരിപ്പിക്കുന്നു എന്ന് നിരീക്ഷിക്കപ്പെടുന്നു. “ആദ്യ വോള്യം Al-Teeh (The Labyrinth, 1984) 1933 മുതല്‍ 1953 വരെയുള്ള കാലം അവതരിപ്പിക്കുന്നു. രണ്ടാം വോള്യം, Al-Ukhdood (The Trench, 1985) 1953 നും 1958 നും ഇടയിലുള്ള ചരിത്ര സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂന്നാം വോള്യം Taqaseem Al-Layl Waa Al-Nahar (Variations on Day and Night, 1989) കാലഗണനയില്‍ പിറകോട്ടു പോവുകയും 1891 മുതല്‍  1930 വരെയുള്ള കാലഘട്ടം ആവിഷ്കരിക്കുകയും ചെയ്യുന്നു. നാലാമത്തേത് Al-Munbatt (The Uprooted, 1989) 1964 മുതല്‍ 1969 വരെയുള്ള കാലത്തേക്ക് മുന്നോട്ടു കടക്കുന്നു. രണ്ടു ഭാഗങ്ങളായി തിരിക്കപ്പെട്ട Badiyat Al-Dhulumat (Desert of Darkness, 1989) എന്ന അഞ്ചാം ഭാഗം ആദ്യം 1920 -35 കാലത്തേക്കു മടങ്ങുകയും പിന്നീടു 1964-75-ലേക്ക് മുന്നോട്ടു പോകുകയും ചെയ്യുന്നു” *(1).  “നോവല്‍ സഞ്ചയം ഒരേ സമയം നഷ്ടപ്പെട്ടുപോയ ഒരു ജീവിതരീതിക്കുള്ള വിലാപകാവ്യവും ഒപ്പം പരിവര്‍ത്തിതമായ ഒരു ലോകത്തിന്റെ സങ്കീര്‍ണ്ണമായ ചിത്രീകരണവുമാണ്, അത് ആധുനിക മധ്യപൂര്‍വ്വ ദേശത്തെ രൂപപ്പെടുത്തിയ ആന്തര ചാലകങ്ങളെ തുറന്നുകാട്ടുന്നു” (2). മുനീഫിന്റെ പ്രഥമ നോവലായ The Trees and the Assassination (1973) മുതല്‍ അദ്ദേഹം ആവിഷ്കരിക്കാന്‍ ശ്രമിച്ച പ്രമേയ പരിസരങ്ങളില്‍ പ്രധാനപ്പെട്ടവയായി ‘അറബ് ചരിത്രത്തിന്റെ വ്യാജവല്‍ക്കരണംആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം, ആധികാരിക സാഹിതീയ രൂപങ്ങള്‍ കണ്ടെത്താനുള്ള ശ്രമം’ എന്നിവ ഡാനിയല്‍ ബര്‍ട്ട് ചൂണ്ടിക്കാട്ടുന്നുചരിത്രമില്ലാത്തവര്‍ക്ക് ചരിത്രം നല്‍കാനുള്ള ശ്രമത്തില്‍ മുനീഫിനെ ചിനുവാ അച്ചബെയോട് തുലനം ചെയ്തുകൊണ്ട് വിമര്‍ശകന്‍ നിരീക്ഷിക്കുന്നു: “എണ്ണ സമ്പദ് വ്യവസ്ഥ മാറ്റം വരുത്താനാവാത്ത വിധം പാരമ്പര്യത്തില്‍ അധിഷ്ഠിതമായ അറബ് സംസ്കാരത്തെ മാറ്റിമറിച്ചുആഫ്രിക്കന്‍ ഗോത്ര ജീവിതത്തില്‍ പാശ്ചാത്യ മെഷിനറിമാര്‍ വരുത്തിയ ആഘാതത്തെ പ്രമേയമാക്കിയ ചിനുവ അച്ചബേയുടെ Things Fall Apart പോലെ, മരുഭൂമി അതിന്റെ ഗോപ്യനിധികള്‍ പുറത്തെത്തിക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രീയമായും സാമ്പത്തികമായും ഭൗതികമായും എന്ത് സംഭവിച്ചു എന്ന് മുനീഫ് അടയാളപ്പെടുത്തുന്നു”  (Ibid. P.355).

         വീരത്വമുള്ള ഏക കഥാനായക സങ്കല്‍പ്പത്തെ അട്ടിമറിച്ചു ഡസന്‍ കണക്കിന് വൈയക്തികാഖ്യാനങ്ങള്‍/ ബഹുപാത്ര സാന്നിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പാത്രസഞ്ചയത്തെ കേന്ദ്ര കഥാപാത്രമാക്കുകയും ഫ്ലാഷ് ബാക്ക്/ ഫ്ലാഷ് ഫോര്‍വേര്‍ഡ്‌, ബഹുമുഖ വീക്ഷണകോണുകള്‍ എന്നിങ്ങനെ ഭിന്ന ആഖ്യാന കേന്ദ്രങ്ങളിലേക്ക് പടരുന്നതിലൂടെ അറബ് കഥാഖ്യാന രീതിയോട് ചേര്‍ന്ന് പോകുകയും ചെയ്യുന്ന രീതിയാണ്‌ നോവലില്‍ മുനീഫ് തുടങ്ങിവെക്കുന്നത്. സാധാരണ മനുഷ്യരെ കഥാകേന്ദ്രത്തില്‍ കുടിയിരുത്തിക്കൊണ്ട് അറബ് നോവലിലെ ആധുനികതയുടെ മണിമുഴക്കവും അദ്ദേഹം ആരംഭിക്കുന്നു. ഇടവും കാലവും കേന്ദ്ര കഥാപാത്രങ്ങള്‍ തന്നെയായിത്തീരുന്നു. മിത്തും ചരിത്രവും ഇടകലര്‍ത്തുന്നതിലൂടെ അനുഭവങ്ങള്‍ക്ക് സാര്‍വ്വലൌകിക തലങ്ങള്‍ നല്‍കപ്പെടുന്നു. “തന്റെ ലബനീസ് പ്രതിരൂപമായ എല്യാസ് ഖൌറിയുടെ നോവലുകളെ പോലെ, മുനീഫിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നത് “എണ്ണപൊളിറ്റിക്കല്‍ ഇസ്ലാംഏകാധിപത്യം എന്ന ത്രയം” എന്ന് അദ്ദേഹം വിശേഷിപ്പിച്ച (ശക്തികളില്‍) നിന്നു സ്വതന്ത്രമായ ഒരു അറബ് ലോകത്തെ കുറിച്ചുള്ള ദര്‍ശനത്തോടു അദ്ദേഹത്തിനുള്ള പ്രതിബദ്ധതയാണ്” (3). ഖൌറിയുടെ പരീക്ഷണാത്മകതക്കു പകരം തന്റെ സൌദി വായനക്കാര്‍ക്കും വേഗം ഗ്രഹിക്കാനാവുന്ന രീതിയില്‍ യഥാതഥമാണ് മുനീഫിന്റെ ശൈലി. ഇരുവരെയും തുലനം ചെയ്യുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ അറബ് സാഹിത്യത്തില്‍ നിലനിന്ന പൊതു ഭാവം മനസ്സിലാക്കാന്‍ സഹായിക്കും എന്നും സാര്‍ത്രിന്റെ അസ്തിത്വ വാദത്തിന്റെയും എഴുത്തിലെ പ്രതിബദ്ധതയെന്ന ആശയത്തിന്റെയും സ്വാധീനം ഈ നിലപാടുകളില്‍ ലീനമാണ് എന്നും നിരൂപകന്‍ കൂട്ടിച്ചേര്‍ക്കുന്നു. ജബ്ര ഇബ്രാഹിം ജബ്രയുമായുള്ള സര്‍ഗ്ഗസൌഹൃദം Alam bila khara’it (A World Without Maps, 1982) എന്ന നോവലിന്റെ രചനയില്‍ ഇരുവരും ഒന്നിക്കുന്നതില്‍ കലാശിച്ചതിലും ഇത്തരം ദാര്‍ശനിക നിലപാടുകളിലെ സമാനതകള്‍ നിമിത്തമായിട്ടുണ്ട്. ആധുനികതാ അവബോധം സൃഷ്ടിക്കുന്നതില്‍ ടി. എസ്. എലിയറ്റ് അമ്പതുകളിലെ അറബ് കവിതയില്‍ ചെലുത്തിയ സ്വാധീനം ചൂണ്ടിക്കാണിച്ച ജബ്രസാര്‍ത്ര്കാമു എന്നിവര്‍ അറബ് ധൈഷണിക ജീവിതത്തില്‍ ചെലുത്തിയ അതിശക്തമായ സ്വാധീനവും എടുത്തുപറഞ്ഞിട്ടുണ്ട് (Jairus Banaji).

         Cities of Salt (Mudun al-milh) എന്നത് നോവല്‍ സഞ്ചയത്തിന്റെ പേരായി വിഭാവനം ചെയ്തതായിരുന്നുവെങ്കിലും ഇപ്പോള്‍ ആദ്യനോവലിനാണ് ആ പേര് നല്‍കപ്പെടുന്നത് എന്നതില്‍ അപാകതയുണ്ട് എന്നു നിരീക്ഷിക്കപ്പെടുന്നു. മുനീഫ് ഈ ആദ്യഭാഗത്തെ ‘വന്യ സ്ഥലം’ എന്ന അര്‍ത്ഥത്തില്‍ al-Tih (“wilderness”) എന്നാണ് വിളിച്ചത്. “എന്നാല്‍ എലിയറ്റിന്റെ Wasteland പോലെ മുനീഫ് പറയാന്‍ ശ്രമിച്ചത് സൌദി രാജ്യംഅഥവാ മിഡില്‍ ഈസ്റ്റ് മുഴുവന്‍അതു സ്വീകരിച്ച രൂപത്തോടെസ്ഥാപിച്ച സഖ്യങ്ങളോടെസൃഷ്ടിച്ച നാശങ്ങളോടെമൂലധനവ്യവസ്ഥ ഒരു തരിശുഭൂമിയെ സൃഷ്ടിച്ചു എന്നാണ്.” (Jairus Banaji). cities of salt” എന്നതുകൊണ്ട്‌ എന്താണ് അര്‍ത്ഥമാക്കിയത് എന്ന താരിഖ് അലിയുടെ ചോദ്യത്തിന് മുനീഫ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ““Cities of salt എന്ന് പറഞ്ഞാല്‍ തുടരാനാവുന്ന അസ്ഥിത്വം ഉറപ്പുനല്കാത്ത നഗരങ്ങള്‍ എന്നാണ്. വെള്ളമെത്തുന്നതോടെആദ്യത്തെ അലകള്‍ ഉപ്പിനെ അലിയിച്ചുകളയും, ഈ വലിയ സ്ഫടിക നഗരങ്ങളെ വെറും ധൂളിയാക്കിക്കളയുകയും ചെയ്യും” (Qtd. Jairus Banaji). നിലനിന്ന എല്ലാത്തിനെയും തകര്‍ത്ത് തരിപ്പണമാക്കിയാണ് ഈ അധിനിവേശം സാധ്യമാകുക. ഭവനരഹിതരായിത്തീരുന്ന വാദി അല്‍ ഉയൂനിലെ ജനങ്ങള്‍ തീരദേശ റിഫൈനറി പട്ടണമായ ഹറാനിലേക്ക് (‘ദഹ്റാന്‍’) പറിച്ചു നടപ്പെടുമ്പോള്‍ ചൂളകള്‍ പോലുള്ള തകരച്ചാളകളില്‍ അടിഞ്ഞുപോകുന്നു. അറബ് ഭാഷയില്‍ എഴുതപ്പെട്ട ഒരു കൃതിയിലും ഇത്രയും തീക്ഷ്ണമായി വര്‍ഗ്ഗ, വംശീയ വിവേചനം ചിത്രീകരിക്കപ്പെട്ടിട്ടില്ലെന്നു ജൈറൂസ് ബനാജി നിരീക്ഷിക്കുന്നു. അറബ്,  അമേരിക്കന്‍ കോമ്പൌണ്ടുകള്‍ക്കിടയില്‍ കണിശമായ അതിര്‍വിവേചനമാണ് ദഹ്റാനില്‍ നിലനിന്നത്. മുനീഫിന്റെ വിവരണം ആഫ്രിക്കയിലെ കൊളോണിയല്‍ കുടിയേറ്റക്കാര്‍ക്കും ദേശീയര്‍ക്കും ഇടയില്‍ നിലനിന്ന അതിരുതിരിവിനെ കുറിച്ച് ഫ്രാന്‍സ് ഫാനന്‍ The Wretched of the Earth എന്ന വിഖ്യാത കൃതിയില്‍ വിവരിക്കുന്നതിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

 

      നോവലിന്റെ ചരിത്രപരവും രാഷ്ട്രീയസാമൂഹിക പരവുമായ പശ്ചാത്തലത്തെ കുറിച്ച് നാദിയ യാക്കൂബ് നടത്തുന്ന പഠനം ശ്രദ്ധേയമാണ് *(4):  

ഒരു സാങ്കല്‍പ്പിക എണ്ണ സാമ്രാജ്യത്തിലാണ് നോവലിന്റെ പശ്ചാത്തലമെങ്കിലും അത് യഥാര്‍ത്ഥ സംഭവങ്ങളുടെ ഫിക് ഷനല്‍ ആവിഷ്കാരമാണ് (roman à clef). 1930കളില്‍ സൌദി അറേബ്യയുടെ കിഴക്കന്‍ മേഖലയില്‍ എണ്ണ ശേഖരം കണ്ടെത്തിയതുമുതല്‍ 1953ലെ അരാംകോ (Aramco) പൊതുപണിമുടക്കു വരെയുള്ള സംഭവങ്ങളാണ് നോവലിന്റെ ആദ്യ വോള്യം അവതരിപ്പിക്കുന്നത്‌. എണ്ണ കണ്ടെത്തും മുമ്പ് മരുഭൂമിയുടെയും നാടോടി ജനതയുടെയും ദേശമായിരുന്നു അറേബ്യയെന്ന ധാരണ ഭാഗിഗമായി മാത്രം ശരിയാണ്. യഥാര്‍ഥത്തില്‍ ഒട്ടേറെ പുരാതന നാഗരീകതകളുടെ ഇടമായിരുന്ന അറേബ്യക്ക് കാര്‍ഷിക, കച്ചവട സംസ്കാരങ്ങളുടെ വലിയ ചരിത്രമുണ്ട്. ആടുകളെയും ഒട്ടകങ്ങളെയും മേച്ചു നടന്ന ബദവികള്‍ മാത്രമല്ലലോകത്തെല്ലായിടത്തു നിന്നും ഉണ്ടായ രണ്ടു പുണ്യ നഗരങ്ങളിലേക്കുള്ള മുസ്ലിം തീര്‍ത്ഥാടനത്തെ ചുറ്റിപ്പറ്റി വളര്‍ന്ന നഗര സംസ്കാരവും അതിന്റെ ഭാഗമാണ്. പതിനാറാം നൂറ്റാണ്ടു മുതല്‍ ചെങ്കടല്‍തീരത്തെ ഏറ്റവും സമ്പന്നമായ വാണിജ്യ കേന്ദ്രം ജിദ്ദയായിരുന്നു. 1744ല്‍ മധ്യ അറേബ്യയിലെ നജദ് പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിന്‍ സഊദും മതപരിഷ്കരണ വാദ നേതാവായിരുന്ന മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബും തമ്മില്‍ നടന്ന സഖ്യത്തെ തുടര്‍ന്നാണ്‌ ആധുനിക സൌദി ദേശം പിറവിയെടുത്തത് എന്ന് ചരിത്രം. മേഖലയുടെ രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങളില്‍ നിര്‍ണ്ണായകമായി തീര്‍ന്ന വഹാബിസത്തിന്റെ ഉദയവും അതോടെയായിരുന്നു. ഓട്ടോമന്‍ - സൗദി സംഘര്‍ഷങ്ങള്‍ പോലുള്ള ഒട്ടേറെ കേറ്റിറക്കങ്ങളും പ്രവാസവും തിരിച്ചുവരവും കണ്ട  സൗദി ഭരണകൂടം അന്തിമമായി സുസ്ഥാപിതമാകുന്നത് മുഹമ്മദ്‌ ബിന്‍ സഊദിന്‍റെ അഞ്ചാം തലമുറയില്‍ പെട്ട അബ്ദുല്‍ അസീസ്‌ ഇബ്ന്‍ സഊദ് (ഇബ്ന്‍ സഊദ്) കുവറ്റ് പ്രവാസത്തില്‍ നിന്ന് 1902ല്‍ തിരികെയെത്തുകയും ആദ്യം നജദിന്റെയും ഒടുവില്‍ മുഴുവന്‍ അറേബ്യയുടെയും അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ ആയിരുന്നു. അധികാരം ഉറപ്പിക്കുന്നതില്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്ന വലിയൊരു വെല്ലുവിളി നിതാന്തമായ കൂറ് ഉറപ്പുവരുത്താനാകാത്ത നാടോടി ബദവികളുടെ വിശാസം നേടിയെടുക്കുക എന്നതായിരുന്നു. കടുത്ത വരള്‍ച്ച നേരിടേണ്ടിവന്ന ഘട്ടത്തില്‍ അവരുടെ പുനരധിവാസത്തിനായി അബ്ദുല്‍ അസീസ്‌ സ്ഥാപിച്ച കാര്‍ഷിക സമൂഹങ്ങളും അവിടെ നടപ്പാക്കിയ വഹാബി ഇസ്ലാം അധ്യയനവും ചേര്‍ന്ന ‘ഇഖ് വാന്‍’ കൂട്ടായ്മകള്‍ ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചു. ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം പയറ്റിയ ബ്രിട്ടീഷ് കൊളോണിയല്‍ അധികൃതര്‍ ഒന്നാം ലോക യുദ്ധകാലത്ത് ഭിന്ന വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ നടത്തിയ കുത്സിത ശ്രമങ്ങള്‍ ഹിജാസ് ശരീഫ് ആയിരുന്ന ഹുസെയ്ന്‍ ഇബ്ന്‍ അലിയെയും അബ്ദുല്‍ അസീസിനെയും മുഖാമുഖം നിര്‍ത്തിയെങ്കിലും 1925 ആവുമ്പോഴേക്കും അബ്ദുല്‍ അസീസ്‌ മുഴുവന്‍ ദേശത്തിന്റെയും മേല്‍ അധികാരം സ്ഥാപിച്ചു. 1932ല്‍ അബ്ദുല്‍ അസീസ്‌ തന്റെ സാമ്രാജ്യത്തിനു al-Mamlakah al-ʿArabīyah as-Saʿūdīyah (Kingdom of Saudi Arabia) എന്ന് നാമകരണം ചെയ്തു. ഇതിനിടെ ശാസ്ത്ര സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലും  വാഹബികളല്ലാത്ത ഇതര അറബ് ദേശങ്ങളോടുള്ള ബന്ധങ്ങളിലും പാരമ്പര്യവാദികളായ ഇഖ് വാനും രാജാവും തമ്മിലുണ്ടായ ഭിന്നതകള്‍ പുതിയ സംഘര്‍ഷങ്ങള്‍ക്കു കാരണമായി. 1953ല്‍ അബ്ദുല്‍ അസീസ്‌ രാജാവിന്റെ മരണത്തെ തുടര്‍ന്ന് കിരീടാവകാശി സഊദ് ഇബ്ന്‍ അബുല്‍ അസീസ്‌ രാജാവായി. അദ്ദേഹമാണ്നോവലന്ത്യത്തില്‍ ഹറാന്‍ സന്ദര്‍ശിക്കുന്ന കിരീടാവകാശി ഖസാഈലിന്റെ യഥാര്‍ത്ഥ മാതൃക.

          അനേകം രാജവംശങ്ങളുടെ ഉദയവും അസ്തമയവും കണ്ട അറേബ്യയില്‍ മുപ്പതുകളിലും നാല്‍പ്പതുകളിലുമായി കണ്ടെത്തപ്പെട്ട എണ്ണ ശേഖരവും അതോടനുബന്ധിച്ച് വളര്‍ന്ന സാമ്പത്തിക രാഷ്ട്രീയ ക്രമങ്ങളും നിര്‍ണ്ണായകമായ വഴിത്തിരിവാണ് ഉണ്ടാക്കിയത്. അബ്ദുല്‍ അസീസിനെ സംബന്ധിച്ച് മുമ്പെങ്ങും ഇല്ലാത്ത വിധം ഗോത്ര നേതാക്കന്മാരെ വരുതിയില്‍ നിര്‍ത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിനല്‍കാന്‍ വേണ്ട സാമ്പത്തിക സ്രോതസ്സ് ഇതിലൂടെ ലഭ്യമായി. മറ്റു വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ സൈനികആയുധ വല്‍ക്കരണ സാധ്യതയും അത് നേടിക്കൊടുത്തു. 1933 ല്‍ സ്ഥാപിതമായ Standard Oil of California (SOCAL), പിന്നീട് Arabian American Oil Company (Aramco) ആയിത്തീര്‍ന്നു. മുപ്പതുകളില്‍ നിര്‍മ്മാണമാരംഭിച്ച ദഹ് റാന്‍ (നോവലിലെ ഹറാന്‍) എണ്ണ വ്യവസായത്തിന്റെ കേന്ദ്ര ബിന്ദു ആയിത്തീര്‍ന്നു. രണ്ടാം ലോക യുദ്ധാനന്തരം നിര്‍മ്മാണമാരംഭിച്ച Tapline, ( Trans-Arabian Pipeline) 1950ല്‍ പൂര്‍ത്തിയായി. 1953ല്‍ അരങ്ങേറിയ അരാംകോ പൊതുപണിമുടക്ക് തൊഴിലാളികളെ പിരിച്ചു വിട്ടതിനെതിരെ ഉണ്ടായ സ്വാഭാവിക പ്രതികരണം എന്ന നിലയിലാണ് നോവലില്‍ കടന്നുവരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍അത് ഒട്ടേറെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളുടെ പ്രതിഫലനം ആയിരുന്നു. സൗദി തൊഴിലാളികളോടുള്ള മാനേജ്മെന്റിന്റെ നിസ്സംഗതരാജാവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ഉരുവാക്കിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥപ്രദേശത്തു ശക്തമായിത്തുടങ്ങിയ പാശ്ചാത്യ വിരുദ്ധ വികാരം എന്നിവയൊക്കെ അതിനു കാരണങ്ങളായിരുന്നു. നോവലില്‍ സൂചിപ്പിക്കുന്ന പോലെ മുന്‍ രാജാവിന്റെ സൈനികര്‍ സമരത്തെ അടിച്ചമര്‍ത്തിയെങ്കിലും പുതിയ കിരീടാവകാശി (സഊദ് രാജകുമാരന്‍) അധികാരമേറ്റതോടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും തൊഴിലാളികളുടെ ശമ്പളം ഇരുപതു ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍തുടര്‍ന്ന് വന്ന മാസങ്ങളില്‍ സമര നേതാക്കാളോട് ഭരണകൂടം അത്രയൊന്നും ദയാപൂര്‍ണ്ണമായല്ല പെരുമാറിയത് എന്നതും ചരിത്രമാണ് (Nadia Yakub).

 

          രണ്ടു പട്ടണങ്ങളാണ് മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെടുന്നത് എന്നതാണ് Cities of Salt എന്ന നോവലിനെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം. വാദി അല്‍ ഉയൂന്‍ എന്ന മരുപ്പച്ച ഗ്രാമവുംപില്‍ക്കാലം എണ്ണവ്യവസായത്തിന്റെ കേന്ദ്രമായ തീരദേശ നഗരമായി വികസിക്കുന്ന ഹറാന്‍ എന്ന മുക്കുവ ഗ്രാമവും ആണവ. കാല്‍പ്പനികഭാവഗീതാത്മക ഭാഷയില്‍ സ്നേഹപൂര്‍വ്വം വിവരിക്കപ്പെടുന്ന വാദി അല്‍ ഉയൂനിലാണ് നോവല്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇടക്കിട സംഭവിക്കുന്ന വരള്‍ച്ചയുടെ നീണ്ട ഇടവേളകള്‍ കാര്‍ഷിക ജീവിതക്രമത്തെ താളം തെറ്റിക്കുന്നദരിദ്രരും രോഗാതുരരുമായ ബദവികള്‍ അധിവസിക്കുന്ന പരിസ്ഥിതി ലോലമായ ഗ്രാമം ഒരു ആദിമസ്വര്‍ഗ്ഗമൊന്നുമല്ല. ഇടയ്ക്കിടെ കടന്നു പോകുന്ന കാരവനുകള്‍ ചെറുപ്പക്കാരെ മറ്റൊരിടത്തെ ജീവിതം തേടിപ്പോകാന്‍ പ്രലോഭിപ്പിക്കുന്നു. അവിടെ കാര്‍ഷിക വേല ചെയ്യുന്ന ആളുകളെ കൂടാതെയുള്ള മറ്റൊരു വിഭാഗം ഗിരിവര്‍ഗ്ഗ നിവാസികളായ അതൂം ഗോത്രക്കാരാണ്. ഒട്ടകങ്ങളെ മേക്കുന്ന അതൂം ഗോത്രജര്‍ ഭൗതിക സമ്പത്തില്‍ താല്‍പ്പര്യമില്ലാത്ത സ്വാതന്ത്ര്യബോധമുള്ള അഭിമാനികളാണ്. താഴ് വരയിലെ കാര്‍ഷിക സമൂഹത്തിന്റെ തലവന്‍ ഇബ്ന്‍ റഷീദ് ആണെങ്കില്‍ഗോത്രവംശജര്‍ മിതെല്‍ അല്‍ ഹതാലിന്റെ അനുയായികളാണ്. പ്രദേശത്തെ സ്വച്ഛജീവിതം കലങ്ങിത്തുടങ്ങുക ഇബിന്‍ റഷീദിന്റെ അതിഥികളായി എത്തുന്ന മൂന്നു അമേരിക്കക്കാരുടെ വരവോടെയാണ്. നേതാവിന്റെ അതിഥികള്‍ ആണെങ്കിലും നാട്ടുകാര്‍ക്ക് അവരുടെ സാന്നിധ്യം നിഗൂഡമായിത്തോന്നുന്നുവിശേഷിച്ചും മിതെബ് അല്‍ ഹതാലിന്. തൊട്ടടുത്ത വര്‍ഷവും അമേരിക്കക്കാര്‍ എത്തുകയും അവരുടെ താമസം നീണ്ടുപോകുകയും ചെയ്യുമ്പോള്‍ മിതെബ്ഇബ്ന്‍ റഷീദ്ഏതാനും ഗ്രാമ മുഖ്യര്‍ എന്നിവരടങ്ങുന്ന സംഘം പ്രാദേശിക ഭരണാധികാരിയെ സമീപിക്കുന്നുവെങ്കിലും അതില്‍ കാര്യമില്ലെന്ന നിലപാടാണ് അവരെ എതിരേല്‍ക്കുന്നത്. എണ്ണ പര്യവേഷണമാണ് അമേരിക്കക്കാരുടെ ലക്ഷ്യമെന്നും അത് തങ്ങള്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യുമെന്നും ഒരു വിഭാഗത്തെ വിശ്വസിപ്പിക്കാന്‍ പ്രദേശിക ഭരണത്തിനു കഴിയുന്നതോടെ മിതെബ് ഒറ്റപ്പെടുന്നു. വാദി അല്‍ ഉയൂനിലേക്ക് ഇരമ്പിയെത്തുന്ന ആദ്യ ട്രാക്റ്ററുകള്‍ മരുഭൂ ഭൂമികയില്‍ തുടങ്ങിവെക്കുന്ന “കുരുതി” മിതെബിന്റെ കാഴ്ചപ്പാടില്‍ നോവലില്‍ വിവരിക്കുന്നുണ്ട്: “മരങ്ങള്‍ സഹായത്തിനായി നിലവിളിച്ചുകരഞ്ഞുഭയചകിതരായിനിസ്സഹായ വേദനയില്‍ വിളിച്ചുകൊണ്ടിരുന്നുപിന്നീട് യാചനയോടെ നിലത്തു വീണുഭൂമിയില്‍ ചുരുണ്ടുകൂടാനും വീണ്ടും വളര്‍ന്നു ജീവനിലേക്കു കുതിക്കാനും എന്ന പോലെ” (Cities of Salt, p.106). വാദി അല്‍ ഉയൂനിന്റെ നശീകരണഘട്ടത്തില്‍ കുടുംബത്തെ വിട്ടുപോകുന്ന മിതെബ്പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്റെ പൂര്‍വ്വികരുടെ പുറപ്പെട്ടുപോന്ന മരുഭൂമിയിലേക്ക് പിന്‍വാങ്ങുന്നു. കുടിയൊഴിഞ്ഞു പോകുന്ന ഗ്രാമീണരുടെ കൂട്ടത്തില്‍ മിതെബിന്റെ മൂത്ത മകന്‍ ഷാലനെ പോലെ ചിലര്‍ അവിടെ ഉയരാന്‍ പോകുന്ന വ്യാവസായിക സമുച്ചയത്തിലെ തൊഴിലാളികളായി ജോലിനേടും. മിതെബിന്റെ ഭാര്യ വദപലായനത്തിനിടെ ജ്വരബാധിതയകുന്നത് അവരുടെ സംസാരശക്തി ഇല്ലാതാക്കും.

       ബന്ധുക്കളോടൊപ്പം അല്‍ ഹദ്രയില്‍ താമസമാക്കുന്ന കുടുംബത്തില്‍ നിന്ന് ഇളയ മകന്‍ ഫവാസ്കസിന്‍ സുവൈലയോടൊപ്പം തൊഴിലന്വേഷിച്ച്‌ പോകുകയും കൌമാരം കടന്നിട്ടില്ലാത്തത് കൊണ്ട് ഓയില്‍ റിഗ്ഗിംഗ് മേഖലയില്‍ തൊഴില്‍ ലഭിക്കാതെ പോകുകയും ചെയ്യുന്നു. എന്നാല്‍ ഇബ്ന്‍ റഷീദിന്റെ സഹായത്തോടെ ഹറാനില്‍ നിര്‍മ്മാണ മേഖലയില്‍ എത്തിപ്പെടുകയും ചെയ്യുന്നു. അവിടെവെച്ചു അവര്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ എന്നപോലെ കുടുംബസാംസ്കാരിക ചിഹ്നവുമായ കുതിരകളെ വില്‍ക്കേണ്ടിവരുന്നത്‌ ബദവിയെ സംബന്ധിച്ച് ഹറാന്‍ എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നതിന്റെ ശക്തമായൊരു പ്രതീകമാണ്‌. വാദി അല്‍ ഉയൂന്‍ പോലെ പഴയ ഹറാനും ഇല്ലാതായിക്കഴിഞ്ഞു. പകരം മൂന്നു സമൂഹങ്ങള്‍ അവിടെ ഉയര്‍ന്നു കഴിഞ്ഞു: ശീതീകൃത ഭവനങ്ങളും നീന്തല്‍ക്കുളങ്ങളുമുള്ള ഒരു അമേരിക്കന്‍ സമൂഹംഈ അമേരിക്കന്‍ കൊമ്പൌണ്ടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പിറന്ന ഒരു അറബ് കോമ്പൌണ്ട്ഒടുവില്‍ ആദ്യം കുടിലുകളയും പിന്നീട് തകര ഷെഡുകള്‍ ആയും ഉരുവപ്പെട്ട തൊഴിലാളികളുടെ ബാരക്കുകകള്‍. ഒരു വ്യാവസായിക നഗരത്തിന്റെ വികാസം അതിന്റെ എല്ലാ സങ്കീര്‍ണ്ണതകളിലും സംഭവിച്ചു തുടങ്ങുന്ന ഹറാന്‍, നാലുപാടുനിന്നും വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യം ഉള്ളവരെയും അവിദഗ്ധ തൊഴിലാളികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. പാതകള്‍വണിക്കുകള്‍കടകള്‍സ്കൂള്‍ക്ലിനിക്റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍തുടങ്ങിയവയ്ക്ക് സമാന്തരമായി സംഘര്‍ഷങ്ങളും കമ്പനിയും തൊഴിലാളികളും തമ്മിലുള്ള അസ്വാരസ്യങ്ങളും ഉയര്‍ന്നുതുടങ്ങുന്നു. ഇബ്ന്‍ റഷീദിന്റെ പതനത്തിന് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ നിമിത്തമാകുന്നു. സാമ്പത്തിക സാംസ്കാരിക വൈചാത്യങ്ങള്‍ അറബ് ഹറാനിനും അമേരിക്കന്‍ ഹറാനിനും ഇടയിലെ അകലം വര്‍ദ്ധിപ്പിക്കുന്നു. കപ്പലിറങ്ങുന്ന അമേരിക്കന്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതിപോലുള്ള പാശ്ചാത്യ മാതൃകകള്‍ അറബ് ശീലങ്ങള്‍ക്കു താങ്ങാനാവാത്തതാണ്. അറബ് വിവാഹത്തിലേക്ക് ക്ഷണിക്കപ്പെടുന്ന വെള്ളക്കാര്‍ അതിന്റെ വൈചിത്ര്യം ആഘോഷിച്ചു നിരന്തരം ഫോട്ടോകള്‍ എടുക്കുമെങ്കിലും അറബ് സംഗീതം അവര്‍ക്ക് ദുസ്സഹമായി അനുഭവപ്പെടുന്നു. അറബ് സമൂഹം അമേരിക്കക്കാരെ തീര്‍ത്തും അന്യരായി കാണുമ്പോള്‍സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ വ്യാപ്തി മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നഒന്നിനു മേലും നിയന്ത്രണമില്ലാത്ത അപക്വതയാണ് അവരുടെ പരിമിതി. സൗഹൃദത്തിന്റെയും വിശാല മനസ്കതയുടെയും നിമിഷങ്ങള്‍ പോലും സാമ്പത്തികസാംസ്കാരിക അകലങ്ങള്‍ ഒരു പരിധിക്കപ്പുറം അടുക്കുന്നതില്‍ നിന്ന് ഇരുസമൂഹങ്ങളെയും അകറ്റിനിര്‍ത്തുന്നു. പൈപ്പ് ലൈന്‍ പൂര്‍ത്തീകരണം ആഘോഷിക്കുന്ന സന്ദര്‍ഭം പിറ്റേന്ന് കാലത്ത് കൃത്യമായി ഡ്യൂട്ടിക്ക് എത്താനുള്ള കര്‍ശന ഉത്തരവില്‍ അവസാനിക്കുന്നത് ഇതിനുദാഹരണമാണ്.

          പുതിയ ഹറാനിലെ സാമ്പത്തിക രാഷ്ട്രീയ വികാസങ്ങള്‍ നോവല്‍ വിശദമായി പരിശോധിക്കുന്നുണ്ട്. എമിര്‍ ഖാലിദ്‌ അധികാരത്തിലെത്തുമ്പോള്‍ ഇബ്ന്‍ റഷീദിനെ പോലുള്ളവര്‍ എമിറിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ തൊഴിലാളികളും നാട്ടുകാരും സംശയാലുക്കളാണ്. റേഡിയോടെലിഫോണ്‍ടെലസ്കോപ്പ് പോലുള്ള തനിക്കുകിട്ടിയ സാങ്കേതിക ഉപകരണങ്ങളില്‍ കുട്ടിയെ പോലെ അഭിരമിക്കുന്ന കഴിവുകെട്ട എമിര്‍നേരിട്ടുബാധിച്ചു തുടങ്ങുമ്പോള്‍ മാത്രമാണ് അവരുടെ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നത്. എമിറും കൂട്ടരും അവര്‍ക്കൊപ്പം പുതുതായി ഉയര്‍ന്നുവരുന്ന മധ്യവര്‍ഗ്ഗ ഉപഭോക്തൃ സമൂഹവും പ്രകടിപ്പിക്കുന്ന പുത്തന്‍കൂറ്റ് / പുതുപ്പണ സംസ്കാരം, വാദി അല്‍ ഉയൂനിലെ കാര്‍ഷിക സാമൂഹിക ക്രമത്തിന്റെയും ദാരിദ്ര്യത്തിലും സ്വതന്ത്രവും അഭിമാന മനസ്കരുമായിരുന്ന അതൂം സംസ്കാരത്തിന്റെയും എതിര്‍ ദിശയിലാണ്. എന്നാല്‍ തദ്ദേശീയരില്‍ അതിജീവനം സാധ്യമാകുക പുതിയ ക്രമവുമായി സന്ധിചെയ്യുന്നവര്‍ക്കു മാത്രമാണ്. മുമ്പൊക്കെ നാട്ടുചികിത്സയില്‍ അഭയം തേടുമായിരുന്ന അസുഖങ്ങളുടെ പേരില്‍, ആശുപത്രി ബില്ലടക്കാന്‍ കഴിയാതെ കിടപ്പാടം വില്‍ക്കേണ്ടി വരുന്ന നാട്ടുകാര്‍ പുതിയ സാമ്പത്തികക്രമത്തിന്റെ ബലിയാടുകളാണ്.

           ഹറാന്‍ നിവാസികളില്‍ പതിയെയാണെങ്കിലും ഉണര്‍ന്നുതുടങ്ങുന്ന രാഷ്ട്രീയ ബോധ്യങ്ങള്‍ നോവല്‍ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. തങ്ങളുടെ ജീവിതത്തില്‍ തങ്ങള്‍ക്കൊരു നിയന്ത്രണവുമില്ലെന്ന തോന്നല്‍ രൂഡമായിത്തുടങ്ങുന്നതോടെ ഇബ്ന്‍ റഷീദിന്റെയും കമ്പനിയുടെയും നിയന്ത്രണത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. പെണ്ണുങ്ങളെ കൊണ്ടുള്ള കപ്പല്‍ എത്തുന്നതോടെ മൂന്നു തൊഴിലാളികള്‍, മുമ്പ് ഇബ്ന്‍ റഷീദിനു വിറ്റിരുന്ന തങ്ങളുടെ കുതിരകളെ മോഷ്ടിക്കുകയും ക്യാമ്പ് വിട്ടുപോകുകയും ചെയ്യുന്നു. പൈപ്പ് ലൈന്‍ നിര്‍മ്മാണ ഘട്ടത്തില്‍ മരുഭൂ ചൂടില്‍ നട്ടം തിരിയുന്ന വെള്ളക്കാരെ വട്ടുപിടിപ്പിച്ചു രസിക്കുന്ന തൊഴിലാളികളെ കാണാം. ദുരൂഹമായ വിധത്തില്‍ പൊട്ടിപ്പുറപ്പെടുന്ന തീതങ്ങളുടെ കൂട്ടത്തില്‍ ആരോ മനപ്പൂര്‍വ്വം ചെയ്തതാവാമെന്നു തൊഴിലാളികളില്‍ ചിലര്‍ കരുതുന്നു. ഈ പ്രതിഷേധ സ്വരങ്ങളുടെ അന്ത്യത്തിലാണ് നോവലന്ത്യത്തില്‍ കാണാവുന്ന പൊതുപണിമുടക്ക് സംഭവിക്കുന്നത്‌. അറബ് ഹറാനിലെ തൊഴിലാളികളും നാട്ടുകാരും ഒരുമിച്ചുഎമീറിന്റെ അംഗരക്ഷകനുമായുള്ള വഴക്കില്‍ കൊല്ലപ്പെട്ടുവെന്നു കരുതപ്പെടുന്ന അല്‍ മുഫദ്ദിയെന്ന പാരമ്പര്യ വൈദ്യന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും തൊഴില്‍ സമരത്തില്‍ പുറത്താക്കപ്പെട്ട തൊഴിലാളികളെ തിരികെ എടുക്കണമെന്നും ആവശ്യമുന്നയിക്കുന്നു. സമരം അടിച്ചമര്‍ത്തപ്പെടുന്നുവെങ്കിലും മാനസിക വെല്ലുവിളികള്‍ നേരിടുന്ന എമിര്‍ഹറാന്‍ വിട്ടുപോകും മുമ്പ് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നു. നോവലിന്റെ തുടക്കത്തില്‍ കാണുന്ന അന്ധാളിച്ച ജനത എന്ന അവസ്ഥയില്‍ നിന്ന് മാറി പ്രശ്നങ്ങളുടെ കാതലെന്ത്‌ എന്ന് ചര്‍ച്ച ചെയ്യാനും തങ്ങളുടെ ദുര്‍വ്വിധികളുടെ വേരന്വേഷിക്കാനും കഴിയുന്ന ഹറാന്‍ നിവാസികളെയും തൊഴിലാളികളെയുമാണ് നോവലന്ത്യം കാണിച്ചു തരുന്നത്. സര്‍ക്കാരിന്റെയോ എണ്ണക്കമ്പനിയുടെയോ വെറും കരുക്കളായി അവര്‍ തുടര്‍ന്നേക്കില്ല എന്ന പ്രതീക്ഷ നോവലന്ത്യം മുന്നോട്ടു വെക്കുന്നു.    

     വിഖ്യാത നോവലിസ്റ്റ് അമിതാവ് ഘോഷ് ‘പെട്രോഫിക് ഷന്‍’ എന്ന പദം ഉപയോഗിച്ചുകൊണ്ടാണ് Cities of Salt-നെ റിവ്യുചെയ്തത്. അതിനു ശേഷം പ്രസ്തുത സംവര്‍ഗ്ഗം ഫിക് ഷനിലെ ഒരു ഴോനര്‍ തന്നെയായി പരിഗണിക്കപ്പെട്ടു. പുതിയ നൂറ്റാണ്ടിന്റെ ഒന്നാം ദശകം മുതല്‍, കാലാവസ്ഥാവ്യതിയാനം സാഹിത്യത്തിന്റെ മുഖ്യ ഉത്കണ്ഠകളില്‍ ഒന്നായിത്തീര്‍ന്നത്തോടെ പെട്രോഫിക് ഷന്‍ കൃതികളുടെ വലിയ ഒഴുക്കുണ്ടായി. ആസ്ട്രിയന്‍ നോവലിസ്റ്റ് ഗസ്റ്റാഫ് മെയ്റിങ്കിന്റെ 1903ല്‍ പുറത്തിറങ്ങിയ 'Petroleum, Petroleum' എന്ന ഡിസ്റ്റോപ്പിയന്‍ നോവല്‍ മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഗ്ഗീകരണത്തില്‍, പെട്രോളിയത്തിന്റെ രൂപത്തിലുള്ള വിഭവചൂഷണവും മൂന്നാം ലോക രാജ്യങ്ങളില്‍ അതെത്തുടര്‍ന്നുണ്ടാകുന്ന കൊളോണിയല്‍/ പാരിസ്ഥിതിക ദുരന്തങ്ങളും മുഖ്യപ്രമേയങ്ങളാകുന്ന ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ ഒട്ടേറെ കൃതികള്‍ ഉള്‍പ്പെടുന്നു *(5). 

 

References:

1. A'SIM NA'AJI ABBASS MOHAMMED RAGEH, The Role of the Hero and Heroic in Abdul Rahman Munif’s Novel Cities of Salt, http://puneresearch.com/media/data/issues/5a004fb14e29f.pdf

2. Daniel S. Burt – ‘Cities of Salt’, The Novel 100, Revised Edition (The Literature 100) (2010),P.354)

3. Jairus Banaji, ‘The Subversive Universe of Saudi Exile Abdelrahman Munif’s 'Cities of Salt'’, The Wire, 24/JUL/2020, https://thewire.in/books/abdelrahman-munif-cities-of-salt. Accessed 04.03.2021

4. Nadia Yakub, Encyclopedia.com, Arts Culture magazines, Cities of Salt https://www.encyclopedia.com/arts/culture-magazines/cities-salt 

5. “Petrofiction,” Wikimedia Foundation, last modified 22 September 2024, 17:28, https://en.wikipedia.org/wiki/Petrofiction         

No comments:

Post a Comment