മുദ്രിത – ജിസ ജോസ്
ഒരു മാന്‍ മിസ്സിംഗ് കേസിന്റെ സ്വഭാവത്തില്‍ തുടങ്ങുകയും ഒമ്പത് സ്ത്രീകളുടെ ജീവിതാഖ്യാനങ്ങളായ ഒമ്പതു സാമാന്യം നീണ്ട കഥകളെ നേര്‍ത്തൊരു ഫ്രെയിമില്‍ ഒരുമിപ്പിക്കുകയും ചെയ്യുന്ന ഘടനയാണ് നോവലിന്റെത്. എല്ലാം തുടങ്ങിവെക്കുകയും നോവലിന്റെ ഭൂമികയെ ആള്‍പാര്‍പ്പില്‍ എത്തിക്കുകയും ചെയ്യുന്ന ആള്‍ തന്നെ ഒരു പ്രഹേളികയായി അപ്രത്യക്ഷയാകുക എന്ന അതിവിചിത്ര സാഹചര്യം, വായനയെ ഉദ്യോഗപൂര്‍ണ്ണമായ ഒരു പിന്തുടരലാക്കിത്തീര്‍ക്കും എന്നത് സുനിശ്ചിതം. എന്നാല്‍, ഒരു ഴോനര്‍ ഫിക് ഷന്റെ കള്ളിയില്‍ ഒതുങ്ങുന്നതല്ല നോവല്‍ എന്നു വളരെവേഗം വായനയില്‍ ബോധ്യപ്പെടും: ദര്‍ശനം എന്ന നിലയില്‍ എല്ലാ കഥകള്‍ക്കും അടിയൊഴുക്കാകുന്നത് ഫെമിനിസമാണ്. പുരുഷലോകത്തെ കുറിച്ച് പ്രസന്നമായതൊന്നും പറയാനില്ലാത്ത ഇത്രയും സ്ത്രീകളെ ഒരുമിപ്പിക്കുന്നതിലൂടെ നോവലിന് വലിയൊരു പരിമിതി വന്നുപെടുന്നു എന്നൊരു തോന്നലുണ്ട്. പാത്രസൃഷ്ടി വലിയൊരളവു പ്രതീകാത്മകതയില്‍ ഉടക്കിപ്പോവുകയും ആര്‍ക്കും സവിശേഷ വ്യക്തിത്വമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുന്നു എന്നതാണ് അത്. സ്ത്രീയെന്ന നിലയില്‍ ഓരോ കഥാപാത്രവും നേരിടുന്ന പ്രശ്നങ്ങള്‍ പുതുമയൊന്നും പറയാനില്ലാത്ത സാമാന്യാനുഭവങ്ങള്‍ തന്നെയാണ്- വീട്ടിലും പുറത്തും കുട്ടിക്കാലത്തും ദാമ്പത്യത്തിലും ജാതീയമായും മതാധിഷ്ടിത യാഥാസ്ഥിതികതയിലും എന്നുവേണ്ട, കൂടെപ്പിറപ്പിന്റെ അപഥസഞ്ചാരം മൂലമായിപ്പോലും ചൂഷണം ചെയ്യപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീത്വത്തിന്റെ നാനാപ്രകാരങ്ങള്‍ - ഒന്നും ഒട്ടുമേ പുതിയതല്ല. പെണ്‍സൌഭ്രാത്രം (female camaraderie) എന്ന വിമോചന മാര്‍ഗ്ഗം മാത്രമല്ല, എല്ലാത്തിനും ഭൂമികയാകുന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേര്, അങ്ങനെ അര്‍ത്ഥമാക്കുന്നില്ല എന്ന് ഏതാണ്ടൊരു കുറ്റബോധം പോലെ എടുത്തുപറയുമ്പോഴും, സൂചിപ്പിക്കുന്നപോലെ, ലെസ്ബിയന്‍ കൂട്ടുതേടല്‍ പോലും സൂചിതമാകുന്നുണ്ട്. എന്നാല്‍, എല്ലാവരുടെയും ചിന്തകളും ഭാഷണങ്ങളും ഒരേ നിലപാടിന്റെയും ശൈലിയുടേയും രൂപത്തിലാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടെ എല്ലാ അനുഭവങ്ങളും ആഖ്യാനത്തില്‍ നിറച്ചുവെക്കാനുള്ള സംഭരണികള്‍ മാത്രമായി കഥാപാത്രങ്ങള്‍ ചുരുങ്ങിപ്പോകുന്നു. സാമൂഹിക നിരീക്ഷണത്തില്‍ കണ്ടെത്താനാകുന്ന പെണ്ണനുഭവങ്ങള്‍ ഒന്നൊഴിയാതെ ആരിലെങ്കിലുമൊക്കെയായി ആഖ്യാനപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്; സ്ത്രീക്കും പുരുഷനുമായി ഒരു രഞ്ജിപ്പും സാധ്യമേയല്ല എന്ന് പറഞ്ഞുവെക്കുംപോലെ. അനിരുദ്ധന്റെ പാത്രസൃഷ്ടിയില്‍ പോലും കര്‍തൃത്വപരമായ എന്തെങ്കിലും കടന്നുവരരുത് എന്ന നിഷ്കര്‍ഷ ഈ ഏകപക്ഷീയതയുടെ കടുംപിടുത്തമായും തോന്നി. സ്ത്രീത്വം എപ്പോഴും പീഡനം ഏറ്റുവാങ്ങുന്ന ഭാഗത്താണ് (receiving end) എന്നു പറഞ്ഞുവെക്കാന്‍ കിട്ടുന്ന ഏതുസന്ദര്‍ഭവും നോക്കിയിരിപ്പാണ് ഒരോ വക്യത്തിലും നോവലിസ്റ്റ്. ഓര്‍മ്മിക്കപ്പെടുന്ന മിത്തുകളിലും സാഹിതീയ പാരമ്പര്യങ്ങളിലും പോലും ഈ പക്ഷപാതിത്തം കാണാം : പ്രോക്നയും ഫിലോമേലയും പോലുള്ള മിത്തിക്കല്‍ സൂചനകള്‍ തൊട്ട് സാഫോയും വിര്‍ജീനിയ വുള്‍ഫും മുതല്‍ നന്ദിത വരെ ഇത് പ്രകടമാണ്.
ഇടവേളകളില്ലാത്ത പെണ്‍ജീവിതങ്ങളുടെ ദീര്‍ഘജീവിത മടുപ്പില്‍നിന്ന് പാടുപെട്ട്/ പൊരുതിനേടി ഒപ്പിച്ചെടുക്കുന്ന ഒരവധിക്കാലം ആസ്വദിക്കാനും അതുവഴി തങ്ങളും ജീവിച്ചിരിക്കുന്നു എന്ന് സ്വയമൊന്നു ബോധ്യപ്പെടുത്താനുമായി, ഇന്ത്യന്‍ സാമൂഹികജീവിതത്തിന്റെ യഥാര്‍ത്ഥ മൈക്രോകോസമായ ട്രെയിനില്‍ ഒരു യാത്രപോകുന്ന സീനിയര്‍ സിറ്റിസന്‍സ് ആയ സ്ത്രീകള്‍ എന്നതൊരു മികച്ച മെറ്റഫര്‍ തന്നെയാണ്. അനുരാധാ റോയിയുടെ Sleeping On Jupiter (2015) ആണ് ഓര്‍മ്മവരുന്ന മറ്റൊരു കൃതി. ആ നോവലില്‍, പ്രസ്തുത യാത്രയുടെ വിമോചനാത്മകത, ഇന്ത്യന്‍ ആത്മീയ വ്യാപാരത്തിന്റെ കാപട്യങ്ങളും ആള്‍ദൈവ സംസ്കാരത്തിന്റെ മലീമസവും ലൈംഗിക അരജകത്വങ്ങള്‍ നിറഞ്ഞതുമായ കുറ്റകൃത്യങ്ങളുടെ ഹീനമായ മറുപുറങ്ങളും ആവിഷ്കരിക്കുന്ന അതിധീരമായ മാനങ്ങളിലേക്ക് വളരുന്നു. അതിനെല്ലാം വിലയൊടുക്കുന്ന ഒരു യുവതിയുടെ വേരറ്റ ജീവിതത്തിന്റെ മുദ്രകളായി ദത്തെടുക്കപ്പെടല്‍, ജന്മഗേഹം തേടിയുള്ള അന്വേഷണം, വിമോചിതമായ ചുറ്റുപാടുകളില്‍ വളര്‍ന്ന പെണ്‍കുട്ടി ഇന്ത്യന്‍ സ്ത്രീവിരുദ്ധതയുടെ കടന്നുകയറ്റങ്ങളെ ചങ്കുറപ്പോടെ നേരിടുന്നതിന്റെ പ്രതീക്ഷാ നിര്‍ഭരമായ ചിത്രങ്ങള്‍ തുടങ്ങിയ അനുഭവ സമഗ്രതയുടെ ഒരു നിറവുണ്ട് ‘ജൂപിറ്റ’റില്‍. ‘മുദ്രിത’യുടെ പരിമിതിയായി തോന്നിയത്, പാട്രിയാര്‍ക്കിയിലെ സ്ത്രീ എന്ന കറുപ്പിലും വെളുപ്പിലുമായി അടയാളപ്പെടുത്തിയ പ്രമേയമൊഴികെ മറ്റൊന്നും ഏതെങ്കിലും തരത്തില്‍ ആഴത്തില്‍ പരിശോധിക്കപ്പെടുന്നതേയില്ല എന്നതാണ്; നോവലിന്റെ മികവായി അനുഭവപ്പെട്ടത് അതിചടുലമായ പാരായണക്ഷമതയും. നാനൂറോളം പുറങ്ങളുള്ള നോവല്‍ ഒറ്റയടിക്ക് വായിച്ചു തീര്‍ക്കാനാകുക എന്നത് രചനയുടെ മിടുക്കുതന്നെയാണ്. മിത്തുകളും പുരാണങ്ങളും ആഖ്യാനഗാത്രത്തില്‍ വിളക്കിച്ചേര്‍ക്കുന്നതിലും, നേരത്തെ സൂചിപ്പിച്ച ഏകപക്ഷീയത ഉണ്ടെങ്കിലും, ഒരാദ്യ നോവലിന്റെ പരിമിതികളല്ല, കൃതഹസ്തയായ ഒരെഴുത്തുകാരിയുടെ കയ്യടക്കമാണ് ‘മുദ്രിത’ പ്രകടമാകുന്നത്.
നോവല്‍ വിളംബരപ്പെടുത്തുംപോലെ അത്രയ്ക്ക് ദ്വിമാനമാണോ നമ്മുടെയൊക്കെ ആണ്‍ -
പെണ്‍ വിനിമയങ്ങള്‍?
No comments:
Post a Comment