Featured Post

Showing posts with label Elisabeth Jaquette. Show all posts
Showing posts with label Elisabeth Jaquette. Show all posts

Thursday, May 15, 2025

The Queue by Basma Abdel Aziz/ Elisabeth Jaquette


വസന്തം പിന്‍മടങ്ങുമ്പോള്‍


പോരാട്ടങ്ങളില്‍ പങ്കെടുത്തവര്‍ ഓര്‍മ്മക്കുറിപ്പെഴുതാന്‍ തുടങ്ങുമ്പോള്‍ വിപ്ലവത്തിന്റെ അന്ത്യമായി എന്നതിന്റെ ഏറ്റവും കൃത്യമായ അടയാളമാണത് എന്ന് ഏലിയാസ് ഖൂറിയുടെ Sinalcol എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്അത് ശരിയാണെങ്കില്‍ ബാസ്മ അബ്ദെല്‍ അസീസിന്റെ The Queueഒമര്‍ റോബര്‍ട്ട് ഹാമില്‍ട്ടണിന്റെ The City Always Wins എന്നീ നോവലുകള്‍ ഇജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അവസാനം സൂചിപ്പിക്കുന്നു എന്ന് പറയാമെന്നു ഗൗതം ഭാടിയ നിരീക്ഷിക്കുന്നു (strangehorizons.com). ഇരു നോവലിസ്റ്റുകളും 2011 -ലെ അറബ് വസന്തത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നുകൃതികള്‍ രണ്ടും നോവലുകള്‍ ആണെങ്കിലും വ്യക്തിപരമായ അനുഭവങ്ങളുടെ നിഴല്‍ രണ്ടിലും വളരെ സജീവമാണ്. എന്നാല്‍ ഹാമില്‍ട്ടണ്‍ 2011 മുതല്‍ 2014 വരെ കാലയളവില്‍ ഇജിപ്ഷ്യന്‍ തെരുവുകളില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളും കല്‍പ്പിത കഥാപാത്രങ്ങളും ഇഴകോര്‍ക്കുംവിധം വൈയക്തികവും സാമൂഹ്യവുമായ ദുരന്തങ്ങളെ ആവിഷ്കരിക്കുമ്പോള്‍ The Queue, യഥാതഥ ലോകത്തെ ബോധപൂര്‍വ്വം അമൂര്‍ത്തവല്ക്കരിച്ചിട്ടുണ്ട്സംഭവങ്ങളും പേരുകളും ചരിത്ര സൂചകങ്ങളും നേരിട്ട് തിരിച്ചറിയാതാക്കും വിധം അകലത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇജിപ്ഷ്യന്‍ ജേണലിസ്റ്റ്പീഡനത്തിനിരയായവരെ ചികിത്സിക്കുന്ന കൈറോയിലെ നദീം സെന്ററിലെ മനോരോഗ വിദഗ്ധഇജിപ്ഷ്യന്‍ അധികാരികള്‍ 2016 ഫെബ്രുവരിയില്‍ കേന്ദ്രം അടച്ചു പൂട്ടിയിട്ടും തന്റെ സേവനം തുടരുന്ന സാമൂഹ്യപ്രവര്‍ത്തക, ഭരണകൂട ഭീകരതക്കെതിരെ ഉച്ചത്തില്‍ ശബ്ദിക്കുന്ന, 'ഞാന്‍ ഭയപ്പെടുന്നില്ലഎന്ന് തുറന്നടിക്കുന്ന 'ദി റിബല്‍എന്ന് വിളിപ്പേരുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാളിഎഴുത്തുകാരിബാസ്മ അബ്ദെല്‍ അസീസ്‌ ഇതെല്ലാമാണ്അവരുടെ ഇംഗ്ലീഷില്‍ ലഭ്യമാകുന്ന ആദ്യ കൃതിയാണ് The Queueഒരിക്കലും തുറക്കപ്പെടില്ലെന്നു തോന്നിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ അനന്തമായി കാത്തുനില്‍ക്കുന്ന നാട്ടുകാരെ കാണേണ്ടിവന്ന അനുഭവത്തെ കുറിച്ച് അവര്‍ വിവരിച്ചിട്ടുണ്ട്തുടര്‍ന്ന് പതിനൊന്നു മണിക്കൂര്‍ നേരം തുടര്‍ച്ചയായി എഴുതിയ ഒരു സര്‍ റിയലിസ്റ്റ് രചന പിന്നീട് നോവലായി പരിണമിക്കുകയായിരുന്നുനോവല്‍ ആരംഭത്തില്‍ നാം കണ്ടുമുട്ടുന്ന യഹ് യുടെ കാത്തുനില്‍പ്പ് നൂറ്റിനാല്‍പ്പതു ദിവസമെന്ന സൂചനയാണ് നോവലിന്റെയും കാലഗണന. “സര്‍വ്വാധികാര സ്വരൂപത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് പറയാന്‍ വേണ്ട വിശാലമായ ഇടമാണ് ഫിക് ഷന്‍ നല്‍കിയത്എന്ന് എഴുത്തുകാരി പറഞ്ഞിട്ടുണ്ട്അറബ് വസന്തത്തിന്റെ ശൈഥില്യത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളെ ആവിഷ്കരിക്കാന്‍ ഓര്‍ വെല്ലിന്റെയും കാഫ് കയുടെയും മാതൃകയുള്ള ഡിസ്റ്റോപ്പിയന്‍സര്‍ റിയലിസ്റ്റ് രചനാ രീതി ഏറെ ഫലപ്രദമായി മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എഴുത്തുകാര്‍ ഉപയോഗിക്കുന്നുണ്ട്

പേരുപറയുന്നില്ലാത്ത നാട്ടില്‍ പക്ഷെ കഥാപാത്രങ്ങളുടെ പേരുകള്‍ മിഡില്‍ ഈസ്റ്റ് അറബ് ഭൂമിക അടയാളപ്പെടുത്തുന്നു

തുടര്‍ വായനയ്ക്ക്: 

https://www.fazalrahman.com/essays/article/the-queue-by-basma-abdel-aziz-elisabeth-jaquette

 

Friday, January 31, 2025

The Frightened Ones by Dima Wannous/ Elisabeth Jaquette

ഭയപ്പാടിന്റെ ജനിതകം


2011ലെ സിറിയന്‍ വിപ്ലവത്തിന്റെ ഘട്ടത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സദിനെതിരെയുള്ള സമാധാനപരമായ പ്രകടനങ്ങളെ ഭരണകൂടം കിരാതമായി അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ മുപ്പതു വര്‍ഷമായി കുടുംബം വസിച്ചുവന്ന പ്രിയ നഗരമായ ഡമാസ്കസ് വിട്ടു ബൈറൂത്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായ ദിമ വന്നൂസ് അതുവരെയായി ഒരു ചെറുകഥാ സമാഹാരവും (Details, 2007) ഒരു നോവലും (Chair, 2008) പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. സിറിയന്‍ നാടകാചാര്യന്‍ സഅദല്ലാ വന്നൂസിന്റെ മകളും ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ജേണലിസ്റ്റ് ഇബ്രാഹിം ഹമീദിയുടെ ഭാര്യയും ആയിരുന്ന ദിമാക്ക് സാഹചര്യങ്ങള്‍ ഒന്നുമേ അനുകൂലവുമായിരുന്നില്ല. എന്നാല്‍ അവര്‍ സ്വയം വ്യക്തമാക്കിയ പോലെബൈറൂത്ത് പ്രവാസം നല്‍കിയ സുരക്ഷിതത്വത്തിലിരുന്നു നേരിട്ടനുഭവിക്കുന്നില്ലാത്ത ദുരന്തങ്ങള്‍ എഴുത്തുകാരിയുടെ പ്രിവിലേജ് ഉപയോഗിച്ചു അനുഭവിക്കുന്നതായി നടിച്ച് എഴുതിവെക്കുന്നതിന്റെ വൈരുധ്യം ദുസ്സഹമായി അനുഭവപ്പെട്ടത് അവരുടെ സര്‍ഗ്ഗ സിദ്ധിയെ ബാധിച്ചുകലുഷമായ ദേശീയ സാഹചര്യങ്ങളില്‍ സാഹിത്യത്തിനുള്ള പദവിയെ സംബന്ധിച്ച ഉദാത്ത വല്‍ക്കരണത്തെയും പ്രവാസത്തിന്റെ പരാങ് മുഖത്വത്തെയും സംബന്ധിച്ച നിശിത നിരീക്ഷണങ്ങള്‍ ഉള്ള ഒരു ലേഖനത്തില്‍ അവര്‍ പറയുന്നു: “ആളുകളുടെ ദുരിതങ്ങളെ കുറിച്ച് അവര്‍ക്കിടയില്‍ ജീവിക്കാതെ ഞാന്‍ എഴുതുകയില്ല.... ഭയവും ഉത്കണ്ഠയും ഇരിക്കിലുംഎന്റെ മകനെയും കുടുംബത്തെയും ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു ഇവിടെത്തന്നെ നില്‍ക്കാന്‍ കഴിയുമായിരുന്നു എന്നിരിക്കെഞാന്‍ വിട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് എനിക്ക് മറ്റുള്ളവരുടെ ദുരിതങ്ങളെ ഭാവനയില്‍ കാണുകയും അതെ കുറിച്ച് എഴുതുകയും ചെയ്യാനാകില്ല” *(1). പിന്നീട് ഒരു പതിറ്റാണ്ടോളം കാലം ഈ തീക്ഷ്ണ ആഘാതം (trauma) സൃഷ്ടിച്ച സര്‍ഗ്ഗ തടസ്സം (writer’s block) അവരെ നിഷ്ക്രിയയാക്കി. ദീര്‍ഘ മൌനത്തിനു ശേഷം പുറത്തിറങ്ങിയ പുതിയ നോവല്‍അസ്സാദ് ഭരണകൂടത്തിന്റെ എകാധിപത്യത്തിന്റെയും യുദ്ധ ഭീകരതയുടെയും കരിനിഴലില്‍ ഭയം വേട്ടയാടുന്ന സാഹചര്യത്തിന്റെ ഒരു വൈയക്തിക ആവിഷ്കാരം കൂടിയായി മാറിയത് ഈ പശ്ചാത്തലത്തില്‍ സ്വാഭാവികമായിരുന്നു. പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഭയം എന്ന വികാരത്തെ കേന്ദ്രപ്രമേയമാക്കി അവതരിപ്പിക്കുകയും ചെയ്തു: ‘അല്‍ ഖാഇഫൂന്‍’ എന്ന അറബ് മൂലം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ തലക്കെട്ടില്‍ (The Frightened Ones) വേണ്ടത്ര പ്രകാശിതമായിട്ടില്ല എന്ന നിരീക്ഷണം ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. ഭയപ്പെടുത്തുന്ന എന്തെങ്കിലും ഒരു പ്രത്യേക സംഭവം മൂലം ഭയപ്പെട്ടുപോയവര്‍ എന്നതിനപ്പുറം ഭയം എന്നത് സ്വതേ ഒരു നിതാന്ത അനുഭവമായിത്തീര്‍ന്ന ഒരു ജനത/ വ്യക്തികള്‍ ആണ് നോവലില്‍ ഇടംപിടിക്കുന്നത് *(2).

മുപ്പതുകളിലെത്തിയ സുലൈമ കൃത്യം പതിനഞ്ചു കൊല്ലം മുമ്പത്തെ അനുഭവം വിവരിക്കുന്ന രൂപത്തിലാണ് നോവല്‍ ആഖ്യാനം തുടങ്ങുന്നത്. ജനസംഖ്യയില്‍ ഒട്ടുമുക്കാലും ആഘാത/ ആഘാതാനന്തര മാനസിക വിക്ഷോഭങ്ങള്‍ക്കടിമപ്പെട്ട (trauma/ PSTD) ഒരു നാടിന്റെ കഥ പറയാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന രൂപകം ഏറ്റവും യോജിച്ചതുതന്നെ: ഒരു സൈക്കോതെറാപ്പിസ്റ്റിന്റെ ക്ലിനിക്കിലെ തിരക്കേറിയ കാത്തിരിപ്പു മുറിയിലെ ചകിതരായ മനുഷ്യര്‍. ഡമാസ്കസ്സിലെ ഡോ. കാമിലിന്റെ ഈ മുറിയില്‍ നിത്യവും ഒട്ടേറെ രോഗികളെത്തുന്നു. അവരില്‍ ഇരകള്‍ മാത്രമല്ലെന്ന് നോവലിസ്റ്റ് തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്: ഉരുണ്ട മാംസ പേശികളും തുളഞ്ഞിറങ്ങുന്നപശിമയില്ലാത്ത നോട്ടവുമായി എത്തുന്ന വേട്ടക്കാരും ഇപ്പോള്‍ ഡോക്റ്ററുടെ സഹായം തേടുന്നവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ ക്ലിനിക്കിലെത്തുന്ന സുലൈമഇടയ്ക്കിടെ വേട്ടയാടുന്ന മാനസിക വിക്ഷോഭം (anxiety/ panic attack) നേരിടാന്‍ സ്ഥിരമായി മരുന്ന് (tranquiliser) ഉപയോഗിക്കുന്ന ശീലക്കാരിയാണ്. നോവല്‍ മുന്നോട്ടുപോകുമ്പോള്‍ അവളുടെ മരുന്നുപയോഗം കൂടിക്കൂടി വരുന്നതും അതൊരു വിഷമവൃത്തം (vicious circle) ആയിത്തീരുന്നതിന്റെ സൂചനകളും സുവ്യക്തമാണ്. കടുത്ത ഭക്ഷണ വിരോധം (anorexia) പോലുള്ള ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ(“വിശപ്പ്‌ എനിക്ക് സുരക്ഷിത ബോധം തരുന്നു: ഒഴിഞ്ഞ വയറ് ഒഴിഞ്ഞ മനസ്സിന്റെ, ഓര്‍മ്മയുടെആത്മാവിന്റെ ചിഹ്നമാണ്” പേജ്:67) ഭ്രമ ചിന്തകള്‍ക്കും മായിക പ്രത്യക്ഷങ്ങള്‍ക്കും (nightmares and hallucinations) അവള്‍ കൂടുതല്‍ കൂടുതല്‍ ഇരയായിക്കൊണ്ടിരിക്കുന്നു. നല്ലൊരു ചിത്രകാരിയായ സുലൈമക്ക് ആ സിദ്ധിയൊക്കെ കൈമോശം വന്നു തുടങ്ങുന്നു. എന്നാല്‍ചുറ്റുപാടുകളെയും ഇതര മനുഷ്യരുടെ ഭാവമാറ്റങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം “ഭയത്തോടുള്ള ഭയം” ("the fear of fear") എന്നു താന്‍ വിളിക്കുന്ന അവസ്ഥക്കെതിരെ ബോധപൂര്‍വ്വമായ ഒരു പ്രതിരോധം പോലെ അവള്‍ വളര്‍ത്തിയെടുക്കുന്നു.  കാമിലുമായുള്ള സംസാരം ആത്മഹത്യാ ചിന്തകള്‍ക്കെതിരെ ജീവിതത്തിലേക്കുള്ള അവളുടെ ഏകപിടിവള്ളിയാണ് *(3).

ഡോ. കാമിലിന്റെ വെയിറ്റിംഗ് റൂമില്‍ വെച്ച് സുലൈമ കണ്ടുമുട്ടുന്ന നാസിം സ്വയം ഒരു ഡോക്റ്ററും എഴുത്തുകാരനും ആണെങ്കിലും സമാന മാനസിക വിക്ഷോഭങ്ങളുടെ ഇരയായി തന്നെത്തന്നെ കഠിനമായി പ്രഹരിക്കുന്ന പ്രകൃതക്കാരനാണ്. ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്ന ഭയം മൂലം തിരിച്ചറിയപ്പെനായി അയാള്‍ തന്റെ പുറത്ത് പേരും വിലാസവും വലിയ അക്ഷരങ്ങളില്‍ പച്ചകൊത്തിയിട്ടുണ്ട്. ഒന്നിനും ഒരു സുനിശ്ചിതത്വവുമില്ലാത്ത രാജ്യത്ത് അവര്‍ക്കിടയില്‍ ഉരുവാകുന്ന അടുപ്പത്തിനും സ്വാഭാവികമായും ആയുസ്സുണ്ടാകുക വയ്യ. രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെ സിറിയ വിട്ടു ജര്‍മ്മനിയിലേക്ക് പോകും മുമ്പ് അയാള്‍ തന്റെ പൂര്‍ത്തിയായിട്ടില്ലാത്ത നോവലിന്റെ കയ്യെഴുത്തുപ്രതി സുലൈമയെ ഏല്‍പ്പിക്കുന്നതാണ് കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത’ ഇതിവൃത്തത്തില്‍ വഴിത്തിരിവാകുക. നാസിമിന്റെ കൃതിയില്‍ അവള്‍ കണ്ടെത്തുന്ന സ്ത്രീക്ക് തന്റെ തന്നെ അനുഭവങ്ങളാണ്. അയാള്‍ തന്റെ ജീവിതം മോഷ്ടിക്കുകയായിരുന്നുവോ (പേജ്: 74) എന്നുപോലും അവള്‍ സന്ദേഹിക്കുന്നു. ഈ ഘട്ടത്തില്‍ ഇരട്ട ഒറ്റിന്റെ വേദനയാണ് സുലൈമക്ക് അനുഭവപ്പെടുന്നത്: ആദ്യം നാസിം ഉപേക്ഷിച്ചു പോയതിന്റെഇപ്പോള്‍ നോവലെഴുതാന്‍ പാകത്തില്‍ തന്റെ അനുഭവങ്ങള്‍ കുമ്പസാരിക്കാന്‍ തന്നെ പരുവപ്പെടുത്തിയതിന്റെ. ഒന്നിടവിട്ട അധ്യായങ്ങളില്‍ സുലൈമയുടെയും പേരു പറയുന്നില്ലാത്ത നാസിമിന്റെ കഥാപാത്രത്തിന്റെയും ആഖ്യാനങ്ങളായാണ് നോവല്‍ ആവിഷ്കരിക്കപ്പെടുന്നതും. ഇരുവരുടേയും അനുഭവ സമാനതകള്‍ വ്യക്തമാണ്‌: കുട്ടിക്കാലത്തേ സംഭവിക്കുന്ന സ്നേഹമയിയായ പിതാവിന്റെ നഷ്ടംസിറിയന്‍ വിപ്ലവത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഭരണകൂട ഭീകരതയുടെ അറയിലേക്കുള്ള സഹോദരന്റെ ഇളംപ്രായത്തിലുള്ള ‘തിരോധാനം’, ഉമ്മയോടൊപ്പം തനിച്ചു കഴിയാന്‍ വിധിക്കപ്പെടുന്ന യുവതിയുടെ മനോവിഹ്വലതകള്‍ വേട്ടയാടുന്ന ഏകാന്ത ജീവിതംപലായനം. “നാസിമിന്റെ കയ്യെഴുത്തുപ്രതി ഒരു കണ്ണാടി പോലെയായിരുന്നു: ഞാനത് വായിച്ചുഎന്നെത്തന്നെ കണ്ടു, പേരില്ലാതെനാടില്ലാതെ” (പേജ്: 210). എന്നാല്‍ നാസിമിന്റെ കൃതിയിലെ അപരജീവിതത്തിന്റെ യഥാര്‍ത്ഥ ഉടമ മറ്റൊരാളാണ് എന്ന് അയാളുടെ റിസപ്ഷനിസ്റ്റില്‍ നിന്നു തിരിച്ചറിയുമ്പോള്‍ അവരെ കാണാനും നാസിമിന്റെ തിരോധാനം സംബന്ധിച്ച നിഗൂഡത മനസ്സിലാക്കാനുമായി സുലൈമ ബൈറൂത്തില്‍ എത്തുന്നു. എന്തുകൊണ്ടായിരിക്കാം നാസിം സല്‍മയുടെ പേര് ഒരിക്കലും തന്റെ കൃതിയില്‍ നല്‍കാതിരുന്നത് എന്ന് അവള്‍ അത്ഭുതപ്പെടുന്നു. “അവള്‍ക്കെന്റെ യഥാര്‍ത്ഥ പേരുണ്ടായിരുന്നു. അവള്‍ എന്നെ അവളുടെ ആത്മാവില്‍ പേറിഞാന്‍ അവളെ എന്റെ ആത്മാവിലും. അവളുടെ പേര് എന്റെ പേരിന്റെ സമ്പൂര്‍ണ്ണമാക്കിലൈല പറഞ്ഞപോലെ, എന്റെ പേര് അവളുടെ ചെല്ലപ്പേരാണ്. അവള്‍ എന്റെ ഓര്‍മ്മകളും ദുരിതങ്ങളും പോലും ചുമക്കുന്നുണ്ടാവാംഞാന്‍ അവളോടൊപ്പം സഹിച്ച പോലെ. ഞാനെന്റെ പിതാവ് ചെയ്തപോലെഅവയില്‍ നിന്നെല്ലാം മുക്തയാകുന്നത് സ്വപ്നം കണ്ടിട്ടുണ്ട്.” (പേജ്: 210). എന്നാല്‍ ഇരുവരും സന്ധിക്കുന്നില്ല. കണ്‍പക്കത്തു നിന്ന് ഒരു ദുരൂഹ ചോദനയാലെന്നോണം സുലൈമ ഓടിപ്പോകുന്നു. “ഞാന്‍ ഓടിപ്പോയിഎങ്ങോട്ടെന്നില്ലാതെ. ഓടിപ്പോകാന്‍ ഒരു ദേശമില്ലിപ്പോള്‍, നാസിമില്ലഫുവാദ് ഇല്ലപിതാവില്ല.” (പേജ്: 238). “എന്റെ പിതാവ് മരിച്ച, സഹോദരന്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഇടമാല്ലാത്ത,  ഒരു നഗരത്തില്‍ ഉറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. നാസിമിന്റെ വീട് തിരികെ ഡമാസ്കസില്‍ ആയിരുന്നു. എനിക്ക് ഒരു വീടുണ്ടായിരുന്നില്ല. പക്ഷെ അവിടെ എന്നെ കാത്ത് എന്തോ ഉണ്ടായിരുന്നുഇവിടെ എനിക്കായി ഒന്നുമില്ലായിരുന്നു.” (പേജ്: 239).

ഭയവും ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വവും അടിച്ചേല്‍പ്പിക്കുന്ന രീതി സ്കൂള്‍ തലം മുതല്‍ തുടങ്ങിവെക്കുന്നത് നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ക്ലാസ് ലീഡര്‍ എപ്പോഴും എല്ലാ കുട്ടികള്‍ക്കും മേല്‍ ശിക്ഷാമുറ നടപ്പിലാക്കുന്നതിനുള്ള മേല്‍നോട്ടം നടത്തി. അതിനു പകരം ഭക്ഷണം ഉള്‍പ്പടെ മറ്റുകുട്ടികള്‍ അവള്‍ക്ക് എത്തിച്ചു നല്‍കി. ശാരീരിക അക്രമങ്ങള്‍ സാധാരണമായി കണക്കാക്കപ്പെടുകയും അത് മുതിര്‍ന്നു വരുമ്പോള്‍ അസ്സാദിന്റെ സിറിയയില്‍ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാനുള്ള പരിശീലനം ആയി കരുതപ്പെടുകയും ചെയ്തു. ഫുവാദിന്റെ തിരോധാനത്തെ തുടര്‍ന്ന് അവന്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചുള്ള ഭയമാണ് സുലൈമയെ വേട്ടയാടുക. ഉമ്മാക്ക് പുറത്തിറങ്ങാനുള്ള മടിയുടെ പ്രഭവം അവരുടെ അനുഭവങ്ങളാണ്. “തുറസ്സ് അവര്‍ക്ക് വിഭ്രമം ഉണ്ടാക്കും. അവര്‍ക്ക് ഭ്രാന്തായിട്ടില്ലപക്ഷെ അവര്‍ അങ്ങനെ കരുതുന്നു” (പേജ്: 68).  തന്നെ ഉടന്‍ മറവിരോഗം ഗ്രസിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. വായിക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ അവരെപ്പോഴും ഒരു പുസ്തകത്തിലെ ഒരേ താളില്‍ - ‘ഇരുപത്തിനാലാം പേജില്‍’ എന്നു നോവലിസ്റ്റ് – വെറുതെ നോക്കിയിരിക്കുന്നു. ഡോക്റ്റര്‍ ആയിരുന്ന പിതാവിന്റെ കാന്‍സര്‍ ബാധിച്ചുള്ള മരണത്തെയും ഭയം മൂലമെന്ന് വിശദീകരിക്കുന്നതിനു ഉമ്മാക്ക് ന്യായങ്ങളുണ്ട്. ആ കഥയിലൂടെയാണ് തന്റെ കുഞ്ഞുന്നാളില്‍ സംഭവിച്ച ദേശ/ കുടുംബ ദുരന്തം സുലൈമ അറിയുക. ഭര്‍ത്താവിനൊപ്പം കഴിഞ്ഞ 32 കൊല്ലവും ഭയം കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടത്‌ എന്നാണു അവര്‍ പറയുക. ഹാഫെസ് അല്‍ അസ്സാദിന്റെ ഭരണത്തില്‍മുസ്ലിം ബ്രദര്‍ഹുഡിനെ തുരത്താന്‍ വേണ്ടി നടപ്പിലാക്കിയ ഹമാ കൂട്ടക്കൊല (1982)യുടെ കാലത്ത് അവിടം വിട്ടു കുടുംബം ഡമാസ്കസില്‍ എത്തുമ്പോള്‍ സുലൈമക്ക് അഞ്ചു വയസ്സായിരുന്നു. ഭീരുവായ ഭര്‍ത്താവ് അടിവസ്ത്രത്തില്‍ മൂത്രമൊഴിക്കുമായിരുന്നു എന്ന് ഉമ്മ ഓര്‍ക്കുന്നു. ഹമായില്‍ നിന്ന് ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്തത് ദേശ വഞ്ചനയായി ഉമ്മ കരുതി. ദേശദ്രോഹിയായ ഭര്‍ത്താവിനു പകരമായി മകനെ ഡോക്റ്റര്‍ ആക്കാന്‍ അവര്‍ ആഗ്രഹിച്ചു. ഭര്‍ത്താവ് ഓഫീസില്‍ പ്രസിഡന്റിന്റെ പടം തൂക്കിയിട്ടതിനു ഉമ്മ ദേഷ്യപ്പെടുന്നു. കുടുംബാംഗങ്ങളെ കൊന്നുകളഞ്ഞവന്റെ പടം തൂക്കുന്നതെന്തിന്“ഒരാളെ കൊല്ലുകയും അടക്കത്തിനു ഹാജരാകുകയും ചെയ്യുന്നവന്‍ എന്തുതരം മനുഷ്യനാണ്? പിതാവിന്റെ മറുപടി അയാളുടെ കുറ്റബോധം വ്യക്തമാക്കുന്നുണ്ട്: “ഞാന്‍ ഹമായില്‍ നിന്നുള്ള ആളായതുകൊണ്ടാണ് അയാളുടെ പടം തൂക്കിയിടുന്നത്. എന്റെ പാപം കൂടുതല്‍ വലുതാണ്‌ എന്നതുകൊണ്ട്‌” (പേജ്:75) ഹമാ കൂട്ടക്കൊലയും വര്‍ത്തമാന സാഹചര്യവും തമ്മില്‍ സൂക്ഷ്മമായ സമാന്തരം നോവലിസ്റ്റ് സൂചിപ്പിക്കുന്നു. പിതാവിനെ പോലെ ചകിതാവസ്ഥയില്‍ തന്നെയും കണ്ടെത്തുന്ന സുലൈമനാസിമിന്റെ കണ്ണില്‍ താന്‍ ഭീരുവായിരിക്കാം എന്ന് കരുതുന്നു: “ഞാനും എന്റെ കുടുംബവും ഭയചകിതരായ ഇരുപത്തിമൂന്നു മില്ല്യന്‍ സിറിയക്കാരില്‍ നാലുപേര്‍ മാത്രമാണ് എന്ന് അയാള്‍ പറഞ്ഞേക്കാം” (പേജ്: 100). നാസിമിന്റെ കാര്യത്തിലാകട്ടെരഹസ്യാന്വേഷണ വിഭാഗം എപ്പോഴും തന്റെ പിറകിലുണ്ട് എന്ന ഭയമാണ് അയാളെ ജര്‍മ്മനിയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുക. പതിനാലു വയസ്സുള്ളപ്പോള്‍സെക്കണ്ടറി സ്കൂളില്‍ വെച്ചു ഒരിക്കല്‍ ഹമാ കൂട്ടക്കൊലയിലെ മുന്‍ പ്രസിഡന്‍റ് ഹാഫെസ് അല്‍ അസ്സാദിന്റെ പങ്കിനെ കുറിച്ചു തുറന്നടിച്ചതിനെ തുടര്‍ന്ന് താന്‍ സ്വയം അതെ ഭയത്തിന്റെ പിടിയില്‍ പെട്ടിരുന്നത് സുലൈമ ഓര്‍ത്തെടുക്കുന്നു.

സിറിയന്‍ സംഘര്‍ഷത്തിന്റെ മൂലകാരണങ്ങളില്‍ ഒന്നായിരുന്ന അലവൈറ്റ് – സുന്നി ഏറ്റുമുട്ടലുകള്‍ നോവലില്‍ ശക്തമായി സൂചിതമാകുന്നുണ്ട്. ന്യൂനപക്ഷമായിരുന്ന അലവൈറ്റുകള്‍ ഭരണകൂടസ്വാധീനത്തിന്റെ പ്രിവിലെജുകള്‍ അനുഭവിച്ചപ്പോള്‍ ഭൂരിപക്ഷമായിട്ടും അവഗണിക്കപ്പെടുന്നു എന്നതായിരുന്നു സുന്നി വിഭാഗത്തിന്റെ രോഷം. സല്‍മയുടെ മാതാവ് സുന്നി വിഭാഗക്കരിയയതിന്റെ പേരില്‍ ഏറെ അവമതി നേരിടേണ്ടി വരുന്നു. സംസാര ഭാഷാ രീതികള്‍ പോലും ആളുകളെ ഒറ്റിക്കൊടുത്തു. അലവൈറ്റ് സംസാര രീതി ആളെ ഒരു കുഗ്രാമാവാസിയായി കണക്കാക്കാന്‍ ഇടയാക്കിയപ്പോള്‍‘ന്യൂട്രല്‍’ ഡമാസ്കസ് മൊഴി ആളെ പരിഷ്കരിയാക്കി. ക്ലാസിക്കല്‍ അറബ് മൊഴി ആളെ പ്രധാനിയാക്കിയതുകൊണ്ട് വി. ഐ. പി. കള്‍ക്കു മുന്നിലെത്തുന്ന അലവൈറ്റുകള്‍ പൊടുന്നനെ കൃതൃമ ക്ലാസിക് മൊഴിയിലേക്ക് മാറി. ഇത്തിരി ഹാസ്യം കലര്‍ന്ന രീതിയിലുള്ള ഇത്തരം വിവരണങ്ങള്‍ നോവലിസ്റ്റിന്റെ സൂക്ഷ്മ നിരീക്ഷണ രീതിയുടെ നിദര്‍ശനമാണ്. പിതാവ് അലവിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും അവരുടെ സംസാര രീതി സ്വായത്തമാക്കുകയും അതു പ്രകടനപരമായി പ്രയോഗിക്കുകയും ചെയ്തു വന്നത് ഇതേ ആത്മരക്ഷാ പ്രവണതയുടെ പരിഹാസ്യമായ ഫലമായിരുന്നു എന്ന് സുലൈമയുടെ ഉമ്മ ചിന്തിച്ചിരിക്കാം. സമാന രീതിയില്‍ ഷിയാ – സുന്നി തര്‍ക്കങ്ങളുടെ അസംബന്ധം കുടുംബാന്തരീക്ഷത്തിലേക്ക് കൂടി നീളുന്നതിന്റെ പരിണതികള്‍ സല്‍മയുടെ ആഖ്യാനത്തിലും കാണാനാകും. സല്‍മയുടെ കുടുംബ സുഹൃത്ത് യാസ്മിനും മഹ്ദിയും തമ്മിലുള്ള ബന്ധത്തിന് വിഘാതമാകുക അവളുടെ സുന്നി പാരമ്പര്യവും അയാളുടെ ഷിയാ പശ്ചാത്തലവുമാണ്. ഭാഷയുടെ പ്രാധാന്യം മറ്റൊരു രീതിയില്‍ കൂടി നോവലില്‍ നിര്‍ണ്ണായകമാകുന്നുണ്ട്. നാസിമിന്റെ കയ്യെഴുത്തു പ്രതിയുടെ പ്രാകൃതത്തെ കുറിച്ചു സുലൈമ നടത്തുന്ന നിരീക്ഷണങ്ങളിലാണ് അത്. നാസിമിനു സ്വയം വിവരിക്കാന്‍ കഴിവ് കുറവാണെന്നും എനാല്‍ അയാള്‍  മറ്റുള്ളവരെ കുറിച്ച് നോവല്‍ എഴുതിയേക്കാം എന്നും അവള്‍ പറയുന്നു(പേജ്: 92). കയ്യെഴുത്തുപ്രതിയിലെ ഭാഷയെ കുറിച്ച് “impressionistic and improvisatory style” എന്ന് അവള്‍ വിവരിക്കുന്നു. “ഒരുപക്ഷെ അയാള്‍ക്ക് വിപ്ലവത്തെ കുറിച്ച് ഒരു നോവല്‍ എഴുതാന്‍ കഴിയുമായിരുന്നില്ലപകരം ഒരു സാങ്കല്‍പ്പിക ഡയറി എഴുതിയുണ്ടാക്കി ഈ ദൌര്‍ബ്ബല്യത്തെ മറികടന്നു” (പേജ്: 77). താനുള്‍പ്പടെ ഒട്ടേറെ കഥാപാത്രങ്ങളുടെ അന്ത്യം അയാള്‍ എഴുതിവെക്കുന്നതും അവള്‍ക്കു വിചിത്രമായി അനുഭവപ്പെടുന്നു: “വാക്കുകള്‍ കൊണ്ട് അയാള്‍ കൊല്ലാത്തവരായി അയാളുടെ കുടുംബത്തില്‍ ആരുമുണ്ടായിരുന്നില്ലഎന്നിട്ട് ശവമടക്കം വിവരിക്കുംവീണ്ടും വീണ്ടും വീണ്ടും നഷ്ടവുമായി പൊരുത്തപ്പെടും” (പേജ്: 131). “എന്തിനെയെങ്കിലും നമുക്ക് നന്നായി അറിയാം എന്നായാല്‍അത് നമുക്ക് സ്വന്തമാക്കാനാവുന്ന ഒന്നായിത്തീരുംഅങ്ങനെ നഷ്ടപ്പെടാവുന്നതും. അയാളെന്നെ നന്നായി അറിയാന്‍ ഇടയായപ്പോള്‍ ഞാന്‍ മരിച്ചു.” (പേജ്: 148).

ദീപ്തമായി ആവിഷ്കരിക്കപ്പെടുന്ന പിതൃ-പുത്രീ ബന്ധം പോലുള്ള ഘടകങ്ങളിലെ ആത്മാംശംനോവലിലെ ഓട്ടോ-ഫിക് ഷന്‍ (auto fiction) സ്വഭാവത്തെ പൊലിപ്പിക്കുന്നുണ്ട്. ‘തന്റെ പിതാവിനെ പോലെ ഒരു ഡോക്റ്റര്‍ ആയിരുന്ന ആളുമായി താന്‍ പ്രണയത്തിലായത് യാദ്രശ്ചികമായിരുന്നോ?’ എന്നൊരു ഈഡിപ്പല്‍ സാധ്യത സുലൈമയെ ഒരു വേള മഥിക്കുന്നുണ്ട്. എന്നാല്‍ അവളത് അപ്പോള്‍ത്തന്നെ നിരാകരിക്കുന്നു: “കണ്ടുമുട്ടിയപ്പോള്‍ എനിക്കറിയില്ലായിരുന്നല്ലോ നസീം ഒരു ഡോക്റ്റര്‍ ആണെന്ന്” (പേജ്:113). എന്നാല്‍സിറിയന്‍ യാഥാര്‍ത്ഥ്യത്തെ യഥാതഥമായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പ്രസ്താവം തന്റെ ലക്ഷ്യമേയല്ലെന്നും രാഷ്ട്രീയമായി സജീവമായ ഒരെഴുത്തുകാരിയല്ല താനെന്നും വന്നൂസ് എടുത്തുപറഞ്ഞിട്ടുണ്ട് (Volker Kaminski). ഫുവാദിനെ പോലുള്ളവര്‍ നേരിടേണ്ടി വന്ന പീഡനങ്ങള്‍മൃത്യുവിന്റെയും ഉന്മാദത്തിന്റെയും വകുപ്പി’ല്‍ (Department of Death and Madness) നാസിം തന്നെയും അനുഭവിച്ച മരണത്തെ വെല്ലുന്ന കൊടുംക്രൂരതകള്‍ തുടങ്ങിയവ വിവരിക്കുന്ന ഭാഗങ്ങള്‍ ഏകാധിപത്യവും ഭരണകൂട ഭീകരതയും വിഷയമാക്കുന്ന ഒട്ടേറെ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ നോവലിന്റെ കേന്ദ്ര പ്രമേയം എല്ലായിപ്പോഴും ഭയവും അതിന്റെ നാനാര്‍ത്ഥങ്ങളും തന്നെയാണ് എന്നിരിക്കെബാഹ്യസംഘര്‍ഷങ്ങളോ ദുരിതങ്ങളോ എന്നതിലേറെ അത് ഹൃദയ താളങ്ങളിലെ ഭ്രാന്തമായ താളപ്പിഴകളെയാണ് നിരന്തരം പിന്തുടരുന്നത്. “ഉന്നത നിലവാരമുള്ള ഒരു നോവല്‍ ഇത്രയും ശക്തമായി നഗ്നമായ നൈരാശ്യത്തെ കുറിച്ചു സംസാരിക്കുന്നതും സമൂഹത്തിലെ അപരിഹാര്യമായ വിഘടനത്തെ ചിത്രീകരിക്കുന്നതും തുളഞ്ഞിറങ്ങുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഈ പുസ്തകം പോലെ വേറെ അധികം ഉണ്ടായിട്ടില്ല” (Volker Kaminski). 

ലണ്ടനിലേക്കുള്ള കുടിയേറ്റം, മുമ്പു സൂചിപ്പിച്ചപോലെതന്റെ സര്‍ഗ്ഗശേഷിയെ ബാധിച്ചേക്കും എന്ന നോവലിസ്റ്റിന്റെ ഭയത്തെ അസ്ഥാനത്താക്കി ദിമ വന്നൂസ് ഇപ്പോള്‍  എഴുത്തില്‍ സജീവമായിരിക്കുന്നു. അറബ് മൂലത്തില്‍ അവരുടെ ഏറ്റവും പുതിയ നോവല്‍ And the Family Devoured Its Men പുറത്തിറങ്ങിക്കഴിഞ്ഞു. “നഷ്ടം എന്ന വിഷയത്തിലേക്ക് മറ്റൊരു ശക്തമായ നോട്ടംഇത്തവണ, തങ്ങളിപ്പോള്‍ സ്ഥിരവാസമാക്കിയിരിക്കുന്ന ലണ്ടനിലേക്കു കടക്കുന്നതിനു വേണ്ടി പഴയ ഡമാസ്കസ് ജീവിതത്തിന്റെ വേരുകള്‍ അറുക്കുന്ന ഒരമ്മയുടെയും അവരുടെ മകളുടെയും ഓര്‍മ്മകളിലൂടെ” *(4) എന്ന് നിരീക്ഷിക്കപ്പെടുന്ന ഈ കൃതിയിലും ഓട്ടോ ഫിക് ഷന്‍ ഘടകങ്ങള്‍ തീവ്രമാകും എന്നനുമാനിക്കാം .

References:

1. Dima Wannous, ‘Syrian literature in times of turmoil, An author on standby’, © Goethe-Institut 2016, Translated from the Arabic by Jonathan Wright, https://en.qantara.de/content/syrian-literature-in-times-of-turmoil-an-author-on-standby. Accessed 30.01.’21.

2. Diana Darke, “Fear and other luxuries, Family life under fifty years of the Assad regime in The Frightened Ones by Dima Wannous”, Book Review, https://www.the-tls.co.uk/articles/the-frightened-ones-dima-wannous-review-diana-darke/, August 21, 2020.

3. Volker Kaminski, ‘Naked despair laid bare’, Book review, Dima Wannousʹ "Die Veraengstigten" Translated from the German by Ruth Martin, Qantara.de 2018, https://en.qantara.de/content/book-review-dima-wannous%CA%B9-die-veraengstigten-naked-despair-laid-bare. Accessed 30.01.2021.

4. Valentina Viene, MIDDLE EAST EYE, ‘The Frightened Ones: 'I sometimes miss fear because it became a way of living', 5 May 2020, https://www.middleeasteye.net/discover/the-frightened-ones-review-dima-wannous-syria. Accessed 30.01.’21.