Featured Post

Showing posts with label Egyptian Fiction. Show all posts
Showing posts with label Egyptian Fiction. Show all posts

Thursday, May 15, 2025

The Queue by Basma Abdel Aziz/ Elisabeth Jaquette


വസന്തം പിന്‍മടങ്ങുമ്പോള്‍


പോരാട്ടങ്ങളില്‍ പങ്കെടുത്തവര്‍ ഓര്‍മ്മക്കുറിപ്പെഴുതാന്‍ തുടങ്ങുമ്പോള്‍ വിപ്ലവത്തിന്റെ അന്ത്യമായി എന്നതിന്റെ ഏറ്റവും കൃത്യമായ അടയാളമാണത് എന്ന് ഏലിയാസ് ഖൂറിയുടെ Sinalcol എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്അത് ശരിയാണെങ്കില്‍ ബാസ്മ അബ്ദെല്‍ അസീസിന്റെ The Queueഒമര്‍ റോബര്‍ട്ട് ഹാമില്‍ട്ടണിന്റെ The City Always Wins എന്നീ നോവലുകള്‍ ഇജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അവസാനം സൂചിപ്പിക്കുന്നു എന്ന് പറയാമെന്നു ഗൗതം ഭാടിയ നിരീക്ഷിക്കുന്നു (strangehorizons.com). ഇരു നോവലിസ്റ്റുകളും 2011 -ലെ അറബ് വസന്തത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നുകൃതികള്‍ രണ്ടും നോവലുകള്‍ ആണെങ്കിലും വ്യക്തിപരമായ അനുഭവങ്ങളുടെ നിഴല്‍ രണ്ടിലും വളരെ സജീവമാണ്. എന്നാല്‍ ഹാമില്‍ട്ടണ്‍ 2011 മുതല്‍ 2014 വരെ കാലയളവില്‍ ഇജിപ്ഷ്യന്‍ തെരുവുകളില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളും കല്‍പ്പിത കഥാപാത്രങ്ങളും ഇഴകോര്‍ക്കുംവിധം വൈയക്തികവും സാമൂഹ്യവുമായ ദുരന്തങ്ങളെ ആവിഷ്കരിക്കുമ്പോള്‍ The Queue, യഥാതഥ ലോകത്തെ ബോധപൂര്‍വ്വം അമൂര്‍ത്തവല്ക്കരിച്ചിട്ടുണ്ട്സംഭവങ്ങളും പേരുകളും ചരിത്ര സൂചകങ്ങളും നേരിട്ട് തിരിച്ചറിയാതാക്കും വിധം അകലത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇജിപ്ഷ്യന്‍ ജേണലിസ്റ്റ്പീഡനത്തിനിരയായവരെ ചികിത്സിക്കുന്ന കൈറോയിലെ നദീം സെന്ററിലെ മനോരോഗ വിദഗ്ധഇജിപ്ഷ്യന്‍ അധികാരികള്‍ 2016 ഫെബ്രുവരിയില്‍ കേന്ദ്രം അടച്ചു പൂട്ടിയിട്ടും തന്റെ സേവനം തുടരുന്ന സാമൂഹ്യപ്രവര്‍ത്തക, ഭരണകൂട ഭീകരതക്കെതിരെ ഉച്ചത്തില്‍ ശബ്ദിക്കുന്ന, 'ഞാന്‍ ഭയപ്പെടുന്നില്ലഎന്ന് തുറന്നടിക്കുന്ന 'ദി റിബല്‍എന്ന് വിളിപ്പേരുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാളിഎഴുത്തുകാരിബാസ്മ അബ്ദെല്‍ അസീസ്‌ ഇതെല്ലാമാണ്അവരുടെ ഇംഗ്ലീഷില്‍ ലഭ്യമാകുന്ന ആദ്യ കൃതിയാണ് The Queueഒരിക്കലും തുറക്കപ്പെടില്ലെന്നു തോന്നിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ അനന്തമായി കാത്തുനില്‍ക്കുന്ന നാട്ടുകാരെ കാണേണ്ടിവന്ന അനുഭവത്തെ കുറിച്ച് അവര്‍ വിവരിച്ചിട്ടുണ്ട്തുടര്‍ന്ന് പതിനൊന്നു മണിക്കൂര്‍ നേരം തുടര്‍ച്ചയായി എഴുതിയ ഒരു സര്‍ റിയലിസ്റ്റ് രചന പിന്നീട് നോവലായി പരിണമിക്കുകയായിരുന്നുനോവല്‍ ആരംഭത്തില്‍ നാം കണ്ടുമുട്ടുന്ന യഹ് യുടെ കാത്തുനില്‍പ്പ് നൂറ്റിനാല്‍പ്പതു ദിവസമെന്ന സൂചനയാണ് നോവലിന്റെയും കാലഗണന. “സര്‍വ്വാധികാര സ്വരൂപത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് പറയാന്‍ വേണ്ട വിശാലമായ ഇടമാണ് ഫിക് ഷന്‍ നല്‍കിയത്എന്ന് എഴുത്തുകാരി പറഞ്ഞിട്ടുണ്ട്അറബ് വസന്തത്തിന്റെ ശൈഥില്യത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളെ ആവിഷ്കരിക്കാന്‍ ഓര്‍ വെല്ലിന്റെയും കാഫ് കയുടെയും മാതൃകയുള്ള ഡിസ്റ്റോപ്പിയന്‍സര്‍ റിയലിസ്റ്റ് രചനാ രീതി ഏറെ ഫലപ്രദമായി മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എഴുത്തുകാര്‍ ഉപയോഗിക്കുന്നുണ്ട്

പേരുപറയുന്നില്ലാത്ത നാട്ടില്‍ പക്ഷെ കഥാപാത്രങ്ങളുടെ പേരുകള്‍ മിഡില്‍ ഈസ്റ്റ് അറബ് ഭൂമിക അടയാളപ്പെടുത്തുന്നു

തുടര്‍ വായനയ്ക്ക്: 

https://www.fazalrahman.com/essays/article/the-queue-by-basma-abdel-aziz-elisabeth-jaquette

 

Tuesday, May 13, 2025

Chronicle of a Last Summer by Yasmine El Rashidi

കൈറോ വീഥികളില്‍ ചുടുവാതങ്ങള്‍


ഈജിപ്ത്യന്‍ എഴുത്തുകാരിയും ജേണലിസ്റ്റുമായ യാസ്മിനെ അല്‍ റഷീദിയുടെ ആദ്യനോവലാണ് ക്രോണിക്കിള്‍ ഓഫ് എ ലാസ്റ്റ് സമ്മര്‍ . 1984, 1998, 2014 എന്നീ വര്‍ഷങ്ങളിലെ വേനല്‍ക്കാലങ്ങളിലായി മൂന്നു ഭാഗങ്ങള്‍ എന്ന രീതിയില്‍ സമകാലിക ഇജിപ്ത്യന്‍ ചരിത്രത്തിലെ സംഘര്‍ഷ ഭരിതമായ മൂന്നു പതിറ്റാണ്ടുകളെ ആവിഷ്കരിക്കുന്ന നോവല്‍ പേര് പറയുന്നില്ലാത്ത കഥാ നായികയുടെ ശാരീരികവും മാനസികവുമായ മുതിര്‍ന്നു വരവിന്റെയും ഇക്കാലയളവില്‍ ദേശത്തിന് സംഭവിക്കുന്ന സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ അവരിലും കുടുംബാംഗങ്ങളായ മറ്റു കഥാപാത്രങ്ങളിലും ഉണ്ടാക്കുന്ന പരിണാമങ്ങളുടെയും ഒപ്പം അതേ മാറ്റങ്ങള്‍ക്കൊത്തു സ്വയം പരിവര്‍ത്തനപ്പെടുന്ന കൈറോ നഗരത്തിന്റെയും കഥ പറയുന്നുആത്മകഥാപരം എന്ന് നോവലിസ്റ്റ് വിളിച്ചിട്ടില്ലെങ്കിലും നോവലാരംഭത്തില്‍ ആറു വയസ്സുകാരിയായ ആഖ്യാതാവ് പ്രായം കൊണ്ടെന്ന പോലെ പില്‍ക്കാല ആത്മീയബൗദ്ധിക ഉണര്‍വ്വുകളിലും 1977-ല്‍ ജനിച്ച നോവലിസ്റ്റിന്റെ സഹയാത്രിക തന്നെയാണ്ചലച്ചിത്രകാരിയാവുന്നതിനെ കുറിച്ചും എഴുത്തുകാരിയാവുന്നതിനെ കുറിച്ചും ആലോചിക്കുന്ന കഥാപാത്രത്തെ പോലെഅറിയപ്പെടുന്ന നിരൂപകയും 'ബിദൂന്‍ ' എന്ന മിഡില്‍ ഈസ്റ്റ് കലാ സാംസ്കാരിക ത്രൈമാസികയുടെ എഡിറ്ററുമാണ് കൈറോയില്‍ താമസമാക്കിയഇപ്പോള്‍ ഇജിപ്ത്യന്‍ നോവലിസ്റ്റ് ഖൈറല്ലാ അലിയുടെ നോവല്‍ വിവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന അല്‍ റഷീദിഫുവാദ് രാജാവിന്റെ കാലം മുതലുള്ള ഇജിപ്ത് രാഷ്ട്രീയം വിദൂര പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ ജമാല്‍ അബ്ദുല്‍ നാസറിന്റെയും തുടര്‍ന്ന് അന്‍വര്‍ സാദാത്തിലെക്കും പിന്നീട് ഹുസ്നി മുബാറക്കിലെക്കും അതിനു ശേഷം 2013-ലെ വിപ്ലവത്തെ തുടര്‍ന്ന് മുഹമ്മദ്‌ മോര്‍സിയിലേക്കും ഏറ്റവും ഒടുവില്‍ അബ്ദെല്‍ ഫത്താഹ് എല്‍ സിസിയിലെക്കും സംഭവിക്കുന്ന അധികാര മാറ്റങ്ങളുടെയും അട്ടിമറികളുടെയും അനുരണനങ്ങളാണ് നോവലിന്റെ അന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നത്.

 

"ഒന്നാം ഭാഗം: 1984 വേനല്‍ക്കാലംകൈറോഎന്ന് പേരിട്ട ആദ്യഭാഗത്ത് ആഖ്യാതാവിന് ആറു വയസ്സാണ്കത്തുന്ന വേനലില്‍ ഒന്നും ചെയ്യാനില്ലാതെഉമ്മയുടെ അവ്യക്തമായ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് കാതോര്‍ത്ത്സ്റ്റേറ്റ് അനുവദിച്ചിരിക്കുന്ന മൂന്നു ടിവിചാനലുകളിലെ നിരന്തരം ആവര്‍ത്തിക്കുന്ന ഡോക്കുമെന്ററികള്‍ ശബ്ദം മ്യൂട്ട് ചെയ്തു നോക്കിയിരുന്ന്‍അല്ലെങ്കില്‍ കിടപ്പുമുറിയുടെ ജനാലയിലൂടെ നൈല്‍ നദി വീക്ഷിച്ച് തങ്ങളുടെ വലിയ വീട്ടിലെ മുഷിപ്പന്‍ ജീവിതംഎന്നാല്‍ ഈ വീര്‍പ്പുമുട്ടിക്കുന്ന ജീവിതത്തിലും ആറുവയസ്സുകാരിക്ക് ദുരൂഹമായി തുടരും വിധമുള്ള സൂക്ഷ്മമായ സൂചകങ്ങളായി രാഷ്ട്രീയ കാലുഷ്യങ്ങള്‍ അനുഭവ വേദ്യമാകുന്നുണ്ട്ടിവിനിരന്തരം കാണിക്കുന്ന പ്രസിഡന്‍റ് സാദാത്തിന്റെ വധത്തെ കുറിച്ചുള്ള ഡോക്കുമെന്ററി രാത്രിയിലെ പതിവ് പവര്‍ കട്ട് വരെ തുടരുന്നുപുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുബാറകിനെ കുറിച്ച് അടക്കിപ്പിടിച്ച സംസാരങ്ങള്‍ ഗൃഹാന്തരീക്ഷത്തില്‍ ഉണ്ടാവുന്നുണ്ട്സാദത്തിനെ കുറിച്ച് “അദ്ദേഹം വളരെ നല്ല കാര്യങ്ങളും വളരെ മോശം കാര്യങ്ങളും ചെയ്തിട്ടുണ്ട്എന്ന മട്ടില്‍ വീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നുഅദ്ദേഹം ഇസ്രയേലുമായി ഉടമ്പടിയില്‍ എത്തിയത് നന്നായെന്നു കരുതുന്ന ബാബമുബാറക് ഒരു ഫറോവയായി മാറുകയാണ് എന്ന് കരുതുന്നുസാദത്തിനെ കൊന്നതില്‍ മുസ്ലിം ബ്രദര്‍ഹുഡിനുള്ള പങ്കു കാരണം ബാബ അവരെ വെറുക്കുന്നുഅവര്‍ ഇജിപ്തിനെ മറ്റൊരു ഇറാന്‍ ആക്കാന്‍ പാടുപെടുകയാണ് എന്ന് അയാള്‍ കരുതുന്നുഅങ്കിള്‍ അഷറഫിന്റെ മക്കള്‍ക്ക് സാദാത്ത് വധത്തില്‍ പങ്കുള്ളത് കാരണം ബാബ പിന്നീടൊരിക്കലും അദ്ദേഹവുമായി സംസാരിക്കുമായിരുന്നില്ല എന്ന് ആഖ്യാതാവ് ഓര്‍ക്കുന്നുമുബാറക് ഒരു ദേശദ്രോഹിയാണെന്നും അയാള്‍ നാടിനെ ഒരു ഇരുണ്ട ഇടമാക്കി എന്നും അദ്ദേഹം കരുതിനോവലിലെ ശക്തമായ ഇടതു പക്ഷ രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും പ്രയോഗങ്ങളുടെയും പ്രതിനിധാനമായ കസിന്‍ ദാവൂദ് എന്ന ഡിഡോയും ബ്രദര്‍ഹുഡിനെയും മുബാറകിനെയും ഒരു പോലെ വെറുക്കുന്നുആഖ്യാതാവ് പഠിക്കുന്ന ഇംഗ്ളീഷ് സ്കൂള്‍ അയാളുടെ നോട്ടത്തില്‍ രാജ ഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും ബാക്കിപത്രമാണ്അവളെ അങ്ങോട്ടയച്ചതിലൂടെ മമ്മയും ബാബയും പ്രതിവിപ്ലവവകാരികലാണെന്ന് സ്വയം തെളിയിച്ചുവെന്നു അയാള്‍ കരുതുന്നുഎന്നാല്‍ , തന്റെ പിതാവിന് എല്ലാം നഷ്ടപ്പെടാന്‍ ഇടയാക്കിയ നാസറിനെ കുറിച്ച് മമ്മക്ക് ഒട്ടും താല്പര്യമില്ലആളുകള്‍ പൊടുന്നനെ അപ്രത്യക്ഷരാകുന്ന അന്തരീക്ഷത്തില്‍ ആഖ്യാതാവിന്റെ പിതാവും എങ്ങോട്ടെന്നില്ലാതെ കാണാതാവുന്നുതുടര്‍ന്ന് മൌനത്തിലേക്കും എകാന്തയിലേക്കും പിന്‍ വാങ്ങുന്ന ഉമ്മയും ഗൃഹാന്തരീക്ഷത്തിലെ വീര്‍പ്പുമുട്ടല്‍ കൂടുതല്‍ തീവ്രമാക്കുന്നു.

 

നോവലിന്റെ രണ്ടാം ഭാഗമായ '1988 വേനല്ക്കാല'ത്തിലെത്തുമ്പോള്‍ ഇരുപതുകാരിയായ ചലച്ചിത്ര വിദ്യാര്‍ഥിനി തന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ രൂപപ്പെടുത്തിയ രണ്ടു കുടുംബാംഗങ്ങളെ വിലയിരുത്തുന്നുഅങ്കിള്‍ അഷറഫ് ഒരു ലിബറല്‍ മനോഗതിയുള്ള പിതൃ സ്വരൂപമാണ് അവള്‍ക്ക്ഡിഡോ വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ് സഖാവ്പോരാട്ടം നടത്തുന്നവര്‍ക്ക് റൊമാന്‍സിനു സമയമുണ്ടാവില്ല എന്ന് വിശ്വസിക്കുന്ന അയാള്‍ തന്റെ വിപ്ലവ ജീനുകള്‍ അടുത്ത തലമുറയിലേക്കു പകര്‍ന്നു കാണണം എന്നാഗ്രഹിക്കുന്നുമുണ്ട്അടുത്ത തലമുറയും പോരാട്ടത്തിലെ സഖാക്കളാവണം. “ഡിഡോ എന്നോട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുന്നുഞാന്‍ ചെയ്യുന്ന ഫിക് ഷനല്‍ സിനിമ വെറിറ്റെയുടെ ചലചിത്ര സങ്കരത്തെക്കാളെറെ വിമതരെ കുറിച്ച് ഡോക്കുമെന്ററികള്‍ തയ്യാറാക്കുകസമയമായിരിക്കുന്നു അന്ന് അയാള്‍ പറയുന്നുഎന്റെ രോഷവുമായി വിനിമയത്തിന് സമയമായിരിക്കുന്നുഅയാള്‍ പറയുന്നുആക്റ്റിവിസത്തിലൂടെയും ഡോക്കുമെന്ററിയിലൂടെയും എനിക്ക് കലാപ്രവര്‍ത്തനം നടത്താംഒരു വ്യത്യസ്ത കലാസൃഷ്ടികൂടുതല്‍ ശക്തമായത്‌.” സ്ക്രിപ്റ്റ് രചനയില്‍ ആഖ്യാതാവിന്റെ സഹപ്രവര്‍ത്തകയായ സുഹൃത്ത് ഹബീബയും ഡിഡോയുടെ കര്‍ക്കശ നിലപാടുകള്‍ പങ്കു വെക്കുന്നുഇസ്രായേലില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ ബഹിഷ്കരിച്ചും ലാഭവിഹിതം അങ്ങോട്ട്‌ പോകുന്ന കോഫിയും ഷൂസും ഉപേക്ഷിച്ചും അവര്‍ ഇരകളോട് ഐക്യപ്പെടുന്നുമിഡില്‍ ഈസ്റ്റ് എന്ന സംജ്ഞ തന്നെയും ബ്രിട്ടീഷ് നിര്‍മ്മിതിയും കൊളോണിയല്‍ മനോഗതിയുടെ ഉത്പന്നവും ആണെന്നിരിക്കെ അവള്‍ ആ വാക്ക് ഉപയോഗിക്കുകയേയില്ലഭരണ കൂടവും ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷം മൂര്ച്ചിക്കുന്നതിന്റെ സൂചകങ്ങള്‍ ഈ ഭാഗത്ത് ധാരാളമുണ്ട്തിയെറ്ററുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണംപ്രസിഡന്‍റ് ആവശ്യപ്പെട്ട പ്രകാരം പള്ളികളിലെ ബാങ്കുവിളി ശബ്ദം താഴ്ത്തി വെക്കാനുള്ള നിര്‍ദ്ദേശം ദിവസങ്ങള്‍ക്കകം അട്ടിമറിക്കപ്പെടുന്നത് തുടങ്ങി അറുപത്തി രണ്ടു പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം വരെ സംഭവങ്ങള്‍ . അത്തരം അക്രമങ്ങളെ ബ്രദര്‍ഹുഡ് പിന്‍ തുണക്കുന്നില്ലെന്നും അത് ചെയ്തത് ജമായത്തെ ഇസ്ലാമി ആണെന്നും ആമിന പറയുന്നുണ്ട്മുബാരകിനു നേരെയുണ്ടാകുന്ന വധ ശ്രമത്തെ കുറിച്ചും വ്യത്യസ്ത ആരോപണങ്ങള്‍ ഉയരുന്നുമോസ്സാദിന്റെ സഹായത്തോടെ ഇസ്രായേലി ജൂതരാണോഅതോ എത്യോപ്യന്‍ ജൂതരാണോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഭീകര വാദികളാണോ അതിനു പിന്നില്‍ ?

 

മൂന്നാം ഭാഗത്ത്, 2014- ന്‍റെ വേനല്‍ക്കാലത്ത് മുബാറകിന്റെ അധികാര ഭ്രഷ്ടിനെ തുടര്‍ന്നുള്ള സംഘര്‍ഷ നാളുകളില്‍ സ്വയം ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരിയായിട്ടാണ് ആഖ്യാതാവിനെ നാം കണ്ടുമുട്ടുന്നത്വര്‍ഷങ്ങള്‍ നീണ്ട ദുരൂഹമായ തിരോധാനത്തിനു ശേഷം ഇപ്പോള്‍ ബാബാ തിരിച്ചെത്തിയിട്ടുണ്ട്സമൂഹത്തില്‍ അടിമുടി വേരോടിയ അഴിമതിയുടെയും തസ്കര സംസ്കാരത്തിന്റെയും ഏറ്റവും കൃത്യമായ രൂപകമാണ് തുറക്കാന്‍ പ്രയാസമുള്ള പൂട്ടുകള്‍ നന്നാക്കിക്കാന്‍ കരുവാനെ വിളിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധിഅയാള്‍ അതിന്റെയൊക്കെ ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കിയേക്കാംഅവ ഉപയോഗിച്ച് മോഷണം നടത്തിയേക്കാം എന്ന ഭീഷണാവസ്ഥപെര്‍മിറ്റ്‌ ഇല്ലാതെ നിര്‍മ്മിച്ചത് എന്ന പേരില്‍ ബുള്‍ഡോസ് ചെയ്യപ്പെടുന്ന ചര്‍ച്ചിനെ നോക്കി നില്‍ക്കുന്ന കോപ്റ്റിക് ക്രിസ്ത്യന്‍ ചെറുപ്പക്കാരെ കുറിച്ച് ഈ ഭാഗത്ത് നിരീക്ഷണമുണ്ട്: "ചെറുപ്പക്കാര്‍ ഗാസയില്‍ ആണെന്ന മട്ടില്‍ കാണപ്പെട്ടുഅത് അതേ തരം നൈരാശ്യമായിരുന്നു." തെരുവുകളിലെങ്ങും മുഴങ്ങുന്ന ദേശ ഭക്തി ഗീതങ്ങള്‍ പക്ഷെ കുതിച്ചുയരുന്ന തക്കാളിയുടെയും വേണ്ടക്കയുടെയും അപ്രാപ്യ വിലകള്‍ക്കു പകരമാവില്ലെന്ന് മമ്മ പറയുന്നുണ്ട്സ്ഥിരത എന്നതിനെ കുറിച്ചുള്ള ഏറ്റവും നിരുന്മേഷമായ ഒരു നിലപാടാണ് ഇവിടെ തെളിയുന്നത്തലമുറകളായി ഒരു വീട്ടില്‍ ജീവിച്ചുഅവിടെ വിവാഹ ജീവിതം നയിച്ച്‌പെറ്റുപോറ്റിഅവിടെത്തന്നെ മരിക്കാന്‍ കഴിഞ്ഞു എന്ന മട്ടിലാണത്ഇത്രയും അഴിമതിയില്‍ കുളിച്ച ഒരു വ്യവസ്ഥിതിയാണോ പകരം അരാചകത്വമാണോ നല്ലത് എന്ന ചോദ്യത്തിന് അരാചകത്വത്തെ പിന്‍തുണച്ചു കൊണ്ടാണ് ഡിഡോ നിലപാടെടുക്കുകവര്‍ഷങ്ങള്‍ നീണ്ട ഏകാന്ത തടവും ജയിലനുഭവവും ഇതിനോടകം അയാളെ ഏറെ ശാന്തനും ഇരുത്തം വന്നവനും ആക്കിയിട്ടുണ്ടെങ്കിലും അയാളിപ്പോഴും ആക്റ്റിവിസ്റ്റ് ആണ്ഏറെ വായിച്ചു കൂട്ടുമെങ്കിലും തങ്ങളുടേത് പോലൊരു ദേശത്തു എഴുത്ത് ഒരു പാഴ് വേലയാണ് എന്ന് അയാള്‍ കരുതുന്നുരാഷ്ട്രീയം എല്ലാത്തിന്റെ അരങ്ങിലും അണിയറയിലും ഒരുപോലെ ശക്തമാണെങ്കിലും ഒന്നിനും അതിനെ സ്വാധീനിക്കാനാവുന്നില്ല എന്ന് ആഖ്യാതാവ് ചിന്തിച്ചു തുടങ്ങുന്നുഡിഡോ എപ്പോഴും ഉന്നയിക്കുമായിരുന്ന സക്രിയതയുടെ പാഠം സന്ദേഹമായി അവളില്‍ മുളപൊട്ടുന്നുണ്ട്, “വസ്തു നിഷ്ടതയുടെയും നിരീക്ഷകയും സാക്ഷിയും ആയിരിക്കുന്നതിന്റെയും മൌനം കുറ്റത്തിലെ കൂട്ടുത്തരവാദിത്തന്റെതു തന്നെയാണോ?”

 

മൌനത്തിന്റെ കുറ്റം എന്ന പ്രശ്നം നോവലിന്റെ കേന്ദ്ര പ്രമേയം മാത്രമല്ല നോവലിന്റെ ആവിഷ്കാര രീതിയുടെ തന്നെ പ്രത്യേകതയും സൂചിപ്പിക്കുന്നുകേന്ദ്ര കഥാപാത്രത്തിന്റെ മുതിര്‍ന്നു വരവിന്റെ ഘട്ടങ്ങളെല്ലാം കര്‍തൃത്വം എന്നതിലേറെ സാക്ഷ്യങ്ങളുടെയും ഏറ്റവും പതിഞ്ഞ രീതിയില്‍ അടയാളപ്പെടുത്തുന്ന പ്രതികരണങ്ങളുടെയും രൂപത്തിലാണ് ആവിഷ്കരിക്കപ്പെടുന്നത്രാഷ്ട്രീയം എല്ലാത്തിന്റെ മേലും നിഴല്‍ വിരിക്കുന്നതുകൊണ്ട് പാത്ര സൃഷ്ടികളിലോ ഇതിവൃത്ത ഘടനയിലോ നോവലിസ്റ്റിന്റെ ശ്രദ്ധ വേണ്ടും വിധം പതിഞ്ഞതായി തോന്നുന്നില്ലകുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച് മരിച്ച നെസ് മസാദാത്ത് ഇസ്രയേലുമായി സന്ധി ചെയ്യുന്ന അതേ ദിവസം മരിച്ച ഹുസൈന്‍ അങ്കിള്‍ എന്നിവര്‍ എന്നും തെളിഞ്ഞു നില്‍പ്പുണ്ട്മുത്തശ്ശിയുടെ പെയ്ന്റിംഗുകള്‍ ഓരോ വര്‍ഷവും ഒന്നെന്ന തോതില്‍ മുഴുമിക്കപ്പെട്ടു വന്നിരുന്നതും ഒരു നല്ല കാലത്തിന്റെ ഓര്‍മ്മ പകരുന്നതുമായി ആഖ്യാതാവ് ഓര്‍ക്കുന്നുകറുപ്പിലും വെളുപ്പിലുമായി വരച്ച ചിത്രങ്ങള്‍ വര്‍ണ്ണ ശബളിമ ഉള്ളതായി അവള്‍ക്ക് അനുഭവപ്പെട്ടിരുന്നുഎന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളില്‍ എത്തുന്നതോടെ ഇത്തരം പേലവമായ ഘടകങ്ങളെല്ലാം സര്‍വ്വവ്യാപിയും സര്‍വ്വാശ്ലേശം നടത്തുന്ന ശക്തിയുമായ രാഷ്ട്രീയത്തിനു മുന്നില്‍ നിഷ്പ്രഭമായി പോവുകയും നോവലിന്റെ കേന്ദ്രത്തില്‍ നിന്ന് തമസ്കരിക്കപ്പെടുകയും ചെയ്യുന്നുഏറ്റവും അടുത്തിടപഴകുന്ന അങ്കിള്‍ , ഡിഡോ എന്നിവരോട് പോലുമുള്ള ബന്ധം വൈകാരികമോ മനശാസ്ത്രപരമോ ആയ എന്തെങ്കിലും സ്വാധീനമായല്ലരാഷ്ട്രീയ നിരീക്ഷണങ്ങളുടെ ഭൂമികയായി തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്ഇതിവൃത്തത്തിലെ പ്രധാന നിഗൂഡതയായ ബാബയുടെ തിരോധാനമെന്ന പ്രശ്നവും ഭരണമാറ്റത്തിന്റെ ഘട്ടത്തിലെ മുഖം മിനുക്കല്‍ നടപടികളുടെ ഒരു ചെറു ചലനം എന്ന നിലക്ക് ഒറ്റയടിക്കുള്ള പരിഹാരത്തിലാണ് അവസാനിക്കുന്നത്രാഷ്ട്രീയമായി തികച്ചും ദൂഷിതമായ ഒരു വ്യവസ്ഥിതിയുടെ നിഴലില്‍ നിസ്സഹായരായിപ്പോവുന്ന ഒരു ജനതയുടെ ചിത്രം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഫിക് ഷന്‍ എന്ന നിലയില്‍ ലഭ്യമായിരുന്ന സാധ്യതകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോയഅഥവാ അതിനു കഴിയാതെ പോയ ഒരു കൃതി എന്നു പരിമിതപ്പെടുമ്പോഴും ആധുനിക ഈജിപ്തിന്റെ സുപ്രധാന ചരിത്ര ഘട്ടങ്ങളെ മുഴുവന്‍ കുടുംബത്തിന്റെ ചരിത്രവുമായി കൂട്ടിവിളക്കി പിന്തുടരുകയും വര്‍ത്തമാനകാല സങ്കീര്‍ണ്ണതകളുടെ തീക്ഷ്ണമായ ചിത്രം വരെ എത്തുകയും ചെയ്യുന്നതില്‍ മികച്ച കയ്യടക്കമാണ് യുവ നോവലിസ്റ്റ് പ്രകടിപ്പിക്കുന്നത്കൌമാരക്കാരിയെ സ്വന്തം കുടുംബ പാരമ്പര്യത്തോടൊപ്പം നാടിനെയും അറിയുന്നവളാക്കി മാറ്റുക എന്ന ബോധനപരമായ ദൗത്യം ഇവിടെ സാര്‍ത്ഥകമാവുന്നുണ്ട്എന്നാല്‍ , 'പൊളിറ്റിക്കലി കറക്റ്റ് ' ആവുന്നതിന്റെ ബദ്ധപ്പാടില്‍ 'ആര്‍ടിസ്റ്റിക്കലി ഇന്‍കറക്റ്റ് ' ആയിപ്പോവുന്ന മികച്ച രചനകള്‍ ഇപ്പോള്‍ കൂടെക്കൂടെ സംഭവിക്കുന്നുണ്ടോ എന്ന് സമാനമായ വിപര്യയം സംഭവിച്ച മറ്റൊരു ശ്രദ്ധേയ രചനയായ 'അത്യാഹ്ലാദത്തിന്റെ ദൈവവൃത്തി'യുടെ (ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസ്സ്കാലത്ത് സ്വാഭാവികമായും സംശയം തോന്നാം.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 195-200)

To purchase, contact ph.no:  8086126024


 

Tuesday, May 6, 2025

The Yacoubian Building by Alaa Al Aswany / Humphrey T. Davies

 പരിണാമങ്ങളുടെ സാക്ഷിയായി യാകൂബിയന്‍ ഭവനം




The Yacoubian Building (2002) Alaa Al Aswany (Egypt)/ Humphrey Davies

മനുഷ്യന്‍ സൃഷ്ടിച്ചതില്‍ ഏറ്റവും നല്ല കാര്യമാണ് സംസ്കാരങ്ങള്‍. അവ ഒരു തരം സംഘര്‍ഷവും സൃഷ്ടിക്കുന്നില്ല- അവ സംവദിക്കുന്നതിനുള്ള മാധ്യമം മാത്രമാണ്. സംഘര്‍ഷം വരുന്നത് ഏതെങ്കിലും മതത്തെ അക്രാമകമായി വ്യാഖ്യാനിക്കുന്നതില്‍ നിന്നാണ്” – അലാ അല്‍ അസ് വാനി. (Alaa Al Aswany in interview with Karen Kostyal, National Geographic, September, 2006)

ഇജിപ്ത്യന്‍ നോവലിസ്റ്റ്‌ അലാ അല്‍ അസ് വാനിയുടെ The Yacoubian Building (2002), തലക്കെട്ടിന്റെ ഉറവിടമായ യഥാര്‍ത്ഥ കെട്ടിടത്തിലെ അന്തേവാസികള്‍ എന്ന നിലയില്‍ അയഞ്ഞ രീതിയില്‍ ഒരുമിപ്പിക്കപ്പെടുന്ന കുറെയേറെ മനുഷ്യരുടെ കഥകളിലൂടെ സമകാലിക ഇജിപ്ത്യന്‍ സമൂഹത്തെ വരച്ചുവെക്കുന്നു. 1937ല്‍ കൈറോയിലെ തിരക്കേറിയ തലത്ത് ഹര്‍ബ് തെരുവില്‍, തന്റെ പേര് അനശ്വരമാക്കാന്‍വേണ്ടി പ്രദേശത്തെ അര്‍മീനിയന്‍ സമൂഹത്തിലെ പ്രബലനയിരുന്ന ഹജൂബ് യാകൂബ് ഒരു ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റിന്റെ കരവിരുതില്‍ യൂറോപ്പ്യന്‍ മാതൃകയില്‍ പണികഴിപ്പിച്ച പ്രൌഡമായ കെട്ടിടം അക്കാലത്ത് വമ്പന്മാരുടെ വാസസ്ഥലമായിരുന്നു. മന്ത്രിമാര്‍, ഉന്നതരായ പാഷമാര്‍, യൂറോപ്പ്യന്‍ ഡിപ്ലോമാറ്റുകള്‍ തുടങ്ങി പ്രസിദ്ധമായ നുസ്സൈര്‍ കുടുംബാംഗങ്ങളായ രണ്ടു ജൂതപ്രമാണികള്‍വരെ അവിടെ താമസിച്ചുവന്നു. കെട്ടിടത്തിന്റെ മുകളില്‍ ഓരോ അന്തേവാസിക്കും അലക്കുന്നതിനും ഉണക്കുന്നതിനും മറ്റുമായി ഓരോ മുറി വീതമുണ്ടായിരുന്നു. അക്കാലത്ത് എല്ലാം കുലീനവും സുന്ദരവുമായിരുന്നു. എന്നാല്‍ 1952 ലെ വിപ്ലവത്തെ തുടര്‍ന്നു പാഷമാരുടെ ഭരണം അട്ടിമറിക്കപ്പെട്ടതും 1956ലെ അറബ് – ഇസ്രയേല്‍ യുദ്ധവും സൃഷ്ടിച്ച സാഹചര്യങ്ങള്‍ വിദേശികളുടെയും ജൂതരുടെയും പാലായനത്തിനു വഴിതെളിയിച്ചു. അങ്ങനെ കാലിയായ അപ്പാര്‍ട്ട്മെന്റുകള്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൈവശമാക്കി. അവരുടെ ഭാര്യമാര്‍ മച്ചിലെ മുറികളില്‍ തങ്ങളുടെ ഹോബികളായ കോഴിവലര്‍ത്തലും മറ്റും നടത്തിത്തുടങ്ങിയെങ്കിലും അവിടങ്ങളില്‍ ഇടം പിടിച്ച വേലക്കാരികളും മറ്റും എതിരുനിന്നില്ല. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലെ മാറ്റം യാക്കൂബിയന്‍ കെട്ടിടത്തിലെ അന്തേവാസികളില്‍ കുലീനരുടെ മാത്രം താവളം എന്ന പഴയ അവസ്ഥയെ മാറ്റിമറിച്ചു. പ്രമാണികളും ഉദ്യോഗസ്ഥ പ്രമുഖരും മുഹന്‍ദസിന്‍, നാസര്‍ സിറ്റി തുടങ്ങിയ ശബളപ്രദേശങ്ങളിലേക്ക് കൂടുമാറിയതോടെ, അവിടെ കയ്യില്‍ കാശുള്ള ഏതൊരാള്‍ക്കും താമസമാക്കാം എന്ന നില വന്നുചേര്‍ന്നു. മച്ചുമ്പുറ മുറികള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടു മനുഷ്യരെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. സൈനിക പ്രമുഖരുടെ കടന്നുവരവ് കെട്ടിടത്തിന്റെ കുലീന വൃത്തിയെ മോശമാക്കിയെങ്കില്‍, അവരുടെ തിരിച്ചുപോക്ക് അതിനെ നശിപ്പിച്ചുകളഞ്ഞു. ഒരര്‍ത്ഥത്തില്‍ നാടിനു സംഭവിച്ച അപചയങ്ങളുടെ കണ്ണാടി തന്നെയായിരുന്നു യാക്കൂബിയന്‍ കെട്ടിടത്തിന്റെ വിധിവിഹിതങ്ങള്‍. “അല്‍ അസ് വാനിയുടെ നിരീക്ഷണം സുവ്യക്തമാണ്. ഇജിപ്ത് മുപ്പതുകളിലെയും നാല്‍പ്പതുകളിലെയും കോസ്മോപോളിറ്റന്‍, ലിബറല്‍ കാലഘട്ടത്തില്‍ നിന്ന് 1950 – 1960കളിലെ  അറബ് ദേശീയതയുടെ കാലുഷ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ വാസ്തുവിദ്യാവിസ്മയത്തിലെ യഥാര്‍ത്ഥ അന്തേവാസികള്‍, അധികവും സ്വയംവരിച്ച പ്രവാസത്തില്‍ യൂറോപ്പിലേക്കും ഐക്യ നാടുകളിലേക്കും, പതിയെ സ്ഥലംവിട്ടു... (പുതിയ) അന്തേവാസികള്‍ യൂറോപ്പ്യന്‍ കൊസ്മോപോളിറ്റന്‍ പ്രകൃതം കുറഞ്ഞ, അല്‍ അസ് വാനി തുറന്നുപറയുന്നില്ലെങ്കിലും, പരിഷ്കാരം കുറഞ്ഞവര്‍ ആയിരുന്നു.” (Tarek Osman).

ഭവനസമുച്ഛയത്തിലെ അന്തേവാസികള്‍ എന്നതിനപ്പുറം പറയത്തക്ക ബന്ധമില്ലാത്തെ കുറെയേറെ കഥാപാത്രങ്ങളുടെ നഖചിത്രങ്ങള്‍ എന്ന രീതിയില്‍, ഇജിപ്ത്യന്‍ സമൂഹത്തിന്റെ ഒരു പരിച്ഛേദം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-yacoubian-building-by-alaa-al-aswany-humphrey-t-davies                      


Tuesday, April 29, 2025

God Dies by the Nile by Nawal El Saadawi / Sherif Hetata

 നൊമ്പരങ്ങളുടെ പെണ്ണ്, കുപിതയായ പെണ്ണ്.




അന്താരാഷ്ട്ര പ്രശസ്തയായ എഴുത്തുകാരി, നോവലിസ്റ്റ്, സ്ത്രീ ശാക്തീകരണ പോരാളി എന്നീ നിലകളില്‍ ഇജിപ്ത്യന്‍ സാഹിത്യത്തിലെ നിറസാന്നിധ്യമാണ് 'അറബ് ലോകത്തെ സിമോന്‍ ദേ ബുവ്വേ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്ദ്യ വയോധികയായ നവാല്‍ അല്‍ സഅദാവി. 1944-ല്‍ തന്‍റെ പതിമൂന്നാം വയസ്സില്‍ രചിച്ച 'സുവാദ് എന്ന പേരായ കുട്ടിയുടെ ഡയറി' മുതല്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെ കാലമായി തുടരുന്ന സര്‍ഗ്ഗ സപര്യയില്‍ മുസ്ലിം ലോകത്തെ സ്ത്രീ വിരുദ്ധതക്കെതിരെ എന്നും ശക്തമായി നിലക്കൊണ്ടിട്ടുള്ള സഅദാവിക്ക്, താന്‍ എന്നും തുറന്നു കാണിച്ചിട്ടുള്ള അത്യാചാരാങ്ങളില്‍ ഒന്നായ പെണ്‍ ചേലാകര്‍മ്മത്തിനു ആറാം വയസ്സില്‍ തന്നെ വിധേയയായിരുന്നെങ്കിലും, താരതമ്യേന പുരോഗമന വാദിയായിരുന്ന പിതാവിന്‍റെ ശിക്ഷണം കാരണം കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി ഡോക്റ്ററും മനോരോഗ വിദഗ്ദയുമായി സേവനം ചെയ്യാന്‍ അവസരം കിട്ടിയത് പുരുഷാധിപത്യ ഘടനയില്‍ സ്ത്രീകള്‍ അനുഭവിച്ചു വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരില്‍ മനസ്സിലാക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിരുന്നു. സാഹിത്യത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും അവരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകപ്രശസ്തമായ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള ഓണററി ഡോക്റ്ററേറ്റുകള്‍ ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'വിമിന്‍ ആന്‍ഡ് സെക്സ്' പോലുള്ള വിവാദ കൃതികളിലൂടെ ലോകമെമ്പാടും വായനാ സമൂഹത്തെ നേടുമ്പോഴും ഇജിപ്ത്യന്‍ സര്‍ക്കാരുമായി ഇണങ്ങിയും പിണങ്ങിയും കഴിയേണ്ടി വന്ന വിട്ടുവീഴ്ചയില്ലാത്ത എഴുത്തുകാരി തടവിലാക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും സ്വാഭാവികമായിരുന്നു. 'പെണ്‍ തടവറയിലെ ഓര്‍മ്മക്കുറിപ്പുകള്‍', 'വിമിന്‍ അറ്റ് പോയിന്‍റ് സീറോ' തുടങ്ങിയ രചനകള്‍ അവരുടെ നേരനുഭവങ്ങളുടെ ചൂട് പങ്കുവെക്കുന്നവയാണ്. ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് പ്രവാസ വഴി തെരഞ്ഞെടുത്ത സഅദാവി വിഖ്യാതമായ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ അധ്യാപികയായും സേവനമനുഷ്ടിച്ചു.

സഅദാവിയുടെ ആദ്യകാല രചനകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് "ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു." നോവലിന്‍റെ ആദ്യ പ്രസിദ്ധീകരണത്തിനും മൂന്ന് പതിറ്റാണ്ടിനു ശേഷം 2006-ല്‍ പുതിയ പതിപ്പിനുള്ള മുഖവുരയില്‍ നവാല്‍ അല്‍ സവദാവി ഇങ്ങനെ കുറിച്ചു: "മുപ്പതിലേറെ കൊല്ലങ്ങള്‍ക്ക് മുമ്പെഴുതിയതാണെങ്കിലും 'ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു' ഇന്നും ഇജിപ്ത്യന്‍ സ്ത്രീയുടെ അവസ്ഥ വിവരിക്കുന്നു എന്നെനിക്കു തോന്നുന്നു. ഇപ്പോഴത്തെ ഭരണം സാദാത്തിന്‍റെ ഭരണത്തെക്കാള്‍ മെച്ചമല്ല കൂടുതല്‍ മോശം പോലുമാണ്. ദാരിദ്ര്യവും അമേരിക്കന്‍ പുത്തന്‍ കൊളോണിയലിസവും മത മൗലികതയും വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഞാന്‍ ഇടയ്ക്കിടെ എന്‍റെ ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ അതിപ്പോഴും സാകിയയുടെ ഗ്രാമം പോലെത്തന്നെയുണ്ട്. ഒരു പക്ഷെ അതുകൊണ്ടാവാം ആളുകള്‍ ഇപ്പോഴും ഈ പുസ്തകം വായിക്കുന്നത്." (ആമുഖം, നവാല്‍ അല്‍ സഅദാവി, 'ഗോഡ് ഡൈസ് ബൈ ദി നൈല്‍ ആന്‍ഡ് അദര്‍ നോവല്‍സ്, ഇസെഡ് ബുക്സ്, ലണ്ടന്‍, 2015). ഇതൊക്കെയാണെങ്കിലും ഇപ്പോഴും അറബ് മൂലത്തില്‍ തന്‍റെ തലക്കെട്ട് അതേ പടി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും 'ദൈവം മരിക്കുക' എന്നത് ദൈവം ചമഞ്ഞവന്‍റെ മരണം എന്ന അര്‍ത്ഥത്തില്‍ പോലും വകവെച്ചു കൊടുക്കാന്‍ പ്രസാധകര്‍ക്ക് ഭയമാണെന്നും നോവലിസ്റ്റ് ഇതേ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ആറോ ഏഴു വയസ്സുള്ളപ്പോള്‍ കേള്‍ക്കാനിടയായ ഒരു ആത്മഹത്യയുടെ കഥയാണ് നോവലിന്‍റെ ആദ്യ പ്രചോദനമെന്ന് നോവലിസ്റ്റ് ഏറ്റുപറയുന്നുണ്ട്. മേയറുടെ വീട്ടു വേലക്കാരിയായിരുന്ന പെണ്‍കുട്ടി മുങ്ങി മരിക്കുകയായിരുന്നു. പത്തു വയസ്സുള്ളപ്പോള്‍ സമാനമായ മറ്റൊരു സംഭവവും കേള്‍ക്കാനിടയായി. അതേ മേയറുടെ മറ്റൊരു വീട്ടുവേലക്കാരിയും ഗര്‍ഭിണിയുമായ പതിനാലുകാരി ഓടിപ്പോയെന്നാണ് കേട്ടത്. മേയര്‍ക്കു നേരെ വിരല്‍ ചൂണ്ടിയ ഏക വ്യക്തിയായ, പെണ്‍ കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്ന യുവാവ് വയലില്‍ വെടിയേറ്റു മരിച്ചു. ആരുമൊന്നും പറയാതിരുന്നതിന് ഉമ്മുമ്മ നല്‍കിയ വിശദീകരണം ഇതായിരുന്നു: മേയര്‍ ഒരു ദൈവമാണ്, ആര്‍ക്കും അയാളെ ശിക്ഷിക്കാനാവില്ല. അയാള്‍ ദരിദ്രരായ കര്‍ഷകരെ നികുതിയുടെ പേരില്‍ നായാടി, കുടിയിറക്കി, അവരുടെ ഇളം യുവതികളെ ഒരു വൈകൃത ഭീകരതയോടെ വേട്ടയാടി, ചോദ്യം ചെയ്തവരെ കള്ളക്കേസുകളില്‍ ഒതുക്കി, ഒടുക്കി. ഈ മേയര്‍/ ഉമ്മുമ്മയുടെ വാക്കുകളിലെ ദൈവം തന്നെയാണ് നോവലന്ത്യത്തില്‍ സാകിയ മുത്തശ്ശിയുടെ വിധിതീര്‍പ്പിനു പാത്രമാകുന്നത്: "അയാള്‍ അതാ അവിടെയുണ്ട്, എന്‍റെ കുഞ്ഞേ. ഞാനയാളെ നൈല്‍ നദിക്കരയില്‍ മറവു ചെയ്തു."


കഫര്‍ അല്‍ തീന്‍ എന്ന സുന്ദരവും നിദ്രാലസ്യമുള്ളതുമായ ഇജിപ്ത്യന്‍ ഗ്രാമത്തിലെ നിരക്ഷരരും ദരിദ്രരുമായ കര്‍ഷകരും മതകാര്യങ്ങളില്‍ അന്ധ വിശ്വാസത്തിന്‍റെയും അജ്ഞതയുടെയും പരിമിതികള്‍ ഉള്ളവരുമായ പാവം ജനങ്ങളും അവരുടെ ദൗര്‍ബല്യങ്ങള്‍ ആവോളം ആസ്വദിച്ചും മുതലെടുത്തും കഴിയുന്ന അങ്ങേയറ്റം അഴിമതി പുരണ്ട അധികാര കേന്ദ്രമായ മേയറും അയാളെ പ്രീണിപ്പിച്ച് അയാളുടെ സ്ത്രീലമ്പടത്വത്തിന് കൂട്ട് നില്‍ക്കുന്ന ഗ്രാമ മുഖ്യരുമാണ് നോവലിലെ കഥാപാത്രങ്ങള്‍. സാകിയ മുത്തശ്ശിയുടെ സുന്ദരികളായ പേരക്കുട്ടികള്‍ സൈനബ്, അനിയത്തി നഫീസ എന്നിവരുടെ മേല്‍ മേയറുടെ കണ്ണ് പതിയുന്നതാണ് നോവലിന്‍റെ പ്രമേയങ്ങളെ അധികം സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാതെത്തന്നെ അവതരിപ്പിക്കാനുള്ള തുടക്കമാവുന്നത്. മന്ദബുദ്ധിയെങ്കിലും മിസ്റിലെ അധികാരശ്രേണിയില്‍ തന്നെക്കാള്‍ വലിയ പദവികളിലെത്തിയ സഹോദരനോടുള്ള അസൂയ മേയറുടെ സ്വഭാവ ദൂഷ്യങ്ങള്‍ക്ക് വളമാകുന്നുണ്ടോ എന്ന് സംശയിക്കാം. പള്ളിയിലെ മുതവല്ലി മാത്രമല്ല ചര്‍ച്ചിലെ ഷെയ്ഖും അയാളുടെ നീക്കങ്ങള്‍ക്ക് കൂട്ടാണ്. നഫീസയെ വരുതിയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അയാള്‍ സാകിയയുടെ സഹോദരനായ പാവം വയോധികന്‍ കുഫ്രാവിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുന്നത്. അതേ മനോഭാവത്തോടെ അയാള്‍ നടത്തുന്ന മറ്റൊരു കരുനീക്കത്തിന്‍റെ ഭാഗമായാണ് വിമുക്ത ഭടനായിട്ടും ജലാലിനും അതേ ഗതി വരുന്നത്. സാകിയയുടെ മാനോവിഭ്രാന്തിയുടെ കാരണവും സ്ത്രീ ജീവിതം നേരിടുന്ന അറ്റമില്ലാത്ത ദുരന്തങ്ങളില്‍ പെട്ട് പോകുന്നത് തന്നെയാണ്. എന്നാല്‍ നഫീസയുടെ കുഞ്ഞിന്‍റെ പിതാവ് എല്‍വായാണെന്നും അതുകൊണ്ടാണ് അഭിമാനക്കൊലയായി കുഫ്രാവി അയാളെ കൊന്നു കളഞ്ഞതെന്നുമുള്ള മേയറുടെ തിരക്കഥയുടെ അപ്പുറം സാകിയ മുത്തശ്ശി ഉന്മാദത്തിന്‍റെ അകക്കണ്ണിലൂടെ അറിയുന്നുണ്ട്. സൈനബിനു സംഭവിക്കുന്ന ദുരന്തത്തിനും അയാള്‍ തന്നെയാണ് കാരണമെന്നും അവര്‍ തിരിച്ചറിയുന്നു. മുമ്പ് തന്‍റെ അസുഖം ഭേദമാക്കാനായി പുണ്യ നഗരി സിയാറത്തിനു അയച്ച ഘട്ടത്തില്‍ ദൈവ ശബ്ദമായി തന്നില്‍ എത്തിയ മേയറുടെ നാടകങ്ങള്‍ ഇനിയും തുടര്‍ന്ന് കൂടാ എന്ന ഘട്ടത്തിലാണ്, തെളിഞ്ഞ മനസ്സോടെ, ഉന്മാദ ലേശമില്ലാതെ സാകിയ ആ അടക്കം സാധിച്ചെടുക്കുന്നത്.


നഫീസയുടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തുകയും 'അപശകുനങ്ങളുടെ നിമിത്തമായ ഹറാംപിറപ്പിനെ' സംരക്ഷിക്കുന്നതിലൂടെ നാടിനു ദുര്യോഗങ്ങള്‍ വരുത്തി വെക്കുകയും ചെയ്തതിനു രതിമൂര്‍ച്ചയോടെ ആണ്‍ കൂട്ടം വേട്ടയാടുകയും കുഞ്ഞിനോടൊപ്പം കൊല്ലപ്പെടുകയും നൈല്‍ തീരത്ത് അടക്കപ്പെടുകയും ചെയ്യുന്ന ഫതഹിയ, മനസ്സറിയാത്ത ആരോപണത്തില്‍ ജയിലിലായ ഭര്‍ത്താവ് ജലാലിനെ തേടി പട്ടണത്തിലെത്തുകയും ചതിവില്‍ പെട്ട് അജ്ഞാത വിധിയിലേക്ക് പോവുകയും ചെയ്യുന്ന സൈനബ്, തന്‍റെ നാണക്കേടിന്‍റെ ഓര്‍മ്മകളുമായി നൈലിന്‍റെ അഗാധതകളില്‍ മറയുന്ന നഫീസ എന്ന് തുടങ്ങി എല്ലാ സ്ത്രീകഥാപാത്രങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആണ്‍ ലോകത്തിന്‍റെ വേട്ടയാടലിന്‍റെ ദുരന്ത പാത്രങ്ങള്‍ തന്നെ. യഥാര്‍ഥത്തില്‍ നോവലിലെങ്ങും ലിംഗ പരമായ അസമത്വത്തിന്‍റെ പ്രശ്നം ഏതാണ്ട് ഏകപക്ഷീയമാം വിധം കറുപ്പിലും വെളുപ്പിലുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെല്ലാം ദുഷിച്ചു പോയ മത നേതൃത്വത്തിന്‍റെയും അധികാര സ്ഥാനീയരുടെയും കുടിലതകളുടെ ഇരകളാണ്. വ്യത്യസ്ത വീക്ഷണങ്ങളിലൂടെയുള്ള ആഖ്യാനത്തില്‍ പുരുഷ വീക്ഷണത്തില്‍ സ്ത്രീകളെ പ്രകടമായും ഭോഗവസ്തുവെന്ന നിലയിലുള്ള ഭാഷാപ്രയോഗങ്ങളില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. എല്ലായിപ്പോഴും മത വിലക്കുകളാണ് അവരുടെ വേഷത്തെയും സമൂഹത്തിലെ സ്ഥാനത്തെയും അടയാളപ്പെടുത്തുന്നതെങ്കിലും ഒളിഞ്ഞു നോട്ടത്തിന്‍റെ സുഖത്തോടെയാണ് പുരുഷ ലോകം അവരുടെ ഉടലളവുകളെ അവസരത്തിലും അനവസരത്തിലും വിവരിക്കുന്നത്. ഇരപിടിയന്മാരുടെ മുഖമാണ് ഒട്ടുമിക്ക പുരുഷ കഥാപാത്രങ്ങള്‍ക്കുമുള്ളത്. സദാചാരം പുലരേണ്ടത് സ്ത്രീകളിലാണെന്ന കാപട്യം അടയാളപ്പെടുത്തുന്നതാണ് അവരുടെ പെണ്‍ സമീപനങ്ങള്‍. "ആണുങ്ങള്‍ എപ്പോഴും വഴിതെറ്റി നടക്കുന്നവരാണ്. പക്ഷെ ഇപ്പോള്‍ സ്ത്രീകളും ചാരിത്ര്യം കളഞ്ഞു കുളിക്കുകയാണ്." സാഹിത്യപരമായ മൂല്യ വിചാരത്തില്‍ അത്ര മികച്ചതായി കണക്കാക്കാനാവാത്ത ഈ ദ്വിമാന നിലപാട് പുസ്തകം എഴുതപ്പെട്ട കാലത്തിന്‍റെ സ്ത്രീ വിമോചക സങ്കല്‍പ്പങ്ങളുമായി ഒത്തുപോവുന്നതാണ്. സഅദാവിയുടെ 'വിമിന്‍ ആന്‍ഡ് സെക്സ്' രണ്ടാം തലമുറ ഫെമിനിസ്റ്റ് കാഴ്ചപ്പാടിന് ഏറെ ഊര്‍ജ്ജം പകര്‍ന്നതായിരുന്നു എന്നത് ഇതോടു ചേര്‍ത്തു വെക്കാം. ബോധപൂര്‍വ്വമായ സ്ത്രീ പക്ഷ നിലപാടുകളുടെ ആഘോഷം ഈ ഘട്ടത്തിന്‍റെ പ്രത്യേകതയായിരുന്നു. 'കുപിതയായ ഫെമിനിസ്റ്റ്' എന്ന പ്രയോഗം ആ കാലവുമായി ചേര്‍ത്തു ഉപയോഗിക്കപ്പെട്ടു.


ഇതൊക്കെയാണെങ്കിലും സഅദാവിയുടെ രചനകളെ പൊതുവിലും 'ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു' എന്ന കൃതിയെ വിശേഷിച്ചും വെറും ഫെമിനിസ്റ്റ് രചന എന്ന കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് സാഹിത്യപരമായ വിവേചനമില്ലായ്മയായിരിക്കും. അത് തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ രചനയാണ്, എന്നാല്‍ അതിനപ്പുറം അധികാരവും മൗലിക വാദവും ദാരിദ്ര്യം ഉത്പാദിപ്പിക്കുന്ന വിശ്വാസ ദൗര്‍ബല്യങ്ങളും വേട്ടയാടുന്ന നിസ്സഹായാരായ മനുഷ്യരുടെയും കഥ കൂടിയാണ്. സഅദാവിയുടെ ആഖ്യാന മികവു വിളിച്ചോതുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. ഏറ്റവും സങ്കീര്‍ണ്ണവും സംഘര്‍ഷ ഭരിതവുമായ ഘട്ടങ്ങളില്‍ പൊടുന്നനെ ഭ്രമാത്മകതയുടെയും സ്വപ്നാനുഭവ സദൃശമായ ഭാവപ്പകര്‍ച്ചകളുടെയും തലങ്ങളിലേക്ക് അനായാസം കൂട് മാറുന്നത് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അത്തരം മുഹൂര്‍ത്തങ്ങള്‍ അതി തീക്ഷണമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നു. പുതിയ കാലത്ത് ഏകാ കുര്‍നിയാവനെ പോലുള്ള ഇളംമുറക്കാരില്‍ കാണാവുന്ന ഈ ചടുലത അറബ് സാഹിത്യത്തിലെ ഈ ആചാര്യ സ്ഥാനീയയുടെ കൃതിയെ സമ്പന്നമാക്കുന്നു. നോവലിന്‍റെ അന്ത്യം വിശേഷിച്ചും ഏകാ കുര്‍നിയാവന്‍റെ 'മാന്‍ ടൈഗര്‍' എന്ന കൃതിയെ മനസ്സില്‍ കൊണ്ട് വരുന്നുണ്ട്.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 181-185)

To purchase, contact ph.no:  8086126024

read more :

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html 

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html

Woman at Point Zero by Nawal El Saadawi / Sherif Hetata

നഷ്ടപ്പെടാനില്ലാത്തവള്‍ കരയുന്നില്ല



കൈറോക്ക് വടക്ക് കഫര്‍ തഹല ഗ്രാമത്തില്‍ ദരിദ്ര കര്‍ഷക കുടുംബാംഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന പിതാവിന്റെയും ഫ്രഞ്ച് സ്കൂളില്‍ പഠിച്ച ബൂര്‍ഷ്വാ കുടുംബാംഗമായിരുന്നകുതിരയോടിക്കാനും പിയാനോ വായിക്കാനും ആഗ്രഹിച്ച ഉമ്മയുടെയും ഒമ്പത് മക്കളില്‍ രണ്ടാമത്തവള്‍ ആയി ജനിച്ച നവാല്‍ അല്‍ സഅദാവി, പെണ്‍കുട്ടിയെന്ന ‘പരിമിതി’യാണ് തന്നെ മുന്നോട്ടു കുതിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. ആണ്‍കുട്ടിയെന്ന നിലയില്‍ ചേട്ടനെ പഠിപ്പിക്കാനായിരുന്നു മാതാപിതാക്കള്‍ക്ക് താല്‍പ്പര്യമെങ്കിലും പുന്നാരിച്ചു വഷളാക്കിയ സഹോദരന്‍ പഠനത്തില്‍ പരാജയമായിരുന്നു. പത്താം വയസ്സില്‍ വിവാഹം ചെയ്തയക്കാനുള്ള പിതാവിന്റെ തീരുമാനത്തിനെതിരെ പൊരുതിത്തുടങ്ങുമ്പോള്‍ ഉമ്മയുടെ ഉറച്ച പിന്തുണ കിട്ടാനുള്ള അപൂര്‍വ്വ ഭാഗ്യമുണ്ടായതാണ് പഠനത്തില്‍ മിടുക്കിയായിരുന്ന നവാലിന് ജീവിതത്തില്‍ വഴിത്തിരിവായത്‌. നര്‍ത്തകിയാകാനാഗ്രഹിച്ച, സംഗീതം ഇഷ്ടപ്പെട്ട സുന്ദരിയായ പെണ്‍കുട്ടിക്ക് ആ സ്വപ്നം കയ്യൊഴിയെണ്ടിവന്നത് പിയാനോ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി പിതാവിന് ഇല്ലാതിരുന്നത് കൊണ്ടാണ്. ഡോക്റ്റര്‍ ആകാനോ തീരെ താല്പര്യം ഇല്ലായിരുന്നെങ്കിലും, സ്കോളര്‍ഷിപ്പോടെ മെഡിക്കല്‍ പ്രവേശനം കിട്ടിയ സമര്‍ത്ഥയായ വിദ്യാര്‍ഥിനിക്ക് അത് ഒഴിവാക്കാനും കഴിയുമായിരുന്നില്ല. കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് 1955 -ല്‍ സൈക്കയാട്രിയില്‍ ബിരുദം നേടി കഫര്‍ തഹലയില്‍ തിരിച്ചെത്തിയ നവാല്‍, 1963-ല്‍ പബ്ലിക്ക് ഹെല്‍ത്ത് എജുക്കേഷന്‍ ജനറല്‍ ഡയറക്റ്റര്‍ ആയി നിയമിതയായി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവരുടെ ജീവിതത്തില്‍ തിരിച്ചടികള്‍ ആരംഭിച്ചിരുന്നു ഇക്കാലത്ത്. 1972-ല്‍ ‘സ്ത്രീകളും ലൈംഗികതയും’ എന്ന പുസ്തക പരമ്പരയില്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച് പെണ്‍ചേലാകര്‍മ്മം പോലുള്ള ഹീനമായ സ്ത്രീവിരുദ്ധതക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ആ എതിര്‍പ്പുകള്‍ ശക്തമായി. വൈകാതെ ജോലി നഷ്ടമായ അവര്‍ക്ക് മൂന്നു വര്‍ഷമായി നടത്തിവന്ന ‘അല്‍ സിഹ്ഹ’ മാസിക നിര്‍ത്തേണ്ടിയും വന്നു. പിതാവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി നടത്തിയ ആദ്യവിവാഹത്തില്‍ മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന ആദ്യഭര്‍ത്താവ് ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്ത ഒളിപ്പോരാളിയായിരുന്നെങ്കിലും യുദ്ധാനന്തരം മയക്കുമരുന്നിനു അടിമയാകുകയും ഗാര്‍ഹിക പീഡനം പതിവാക്കുകയും ചെയ്തതോടെ നവാലിനു അയാളെ ഉപേക്ഷിക്കേണ്ടി വന്നു. ആ ബന്ധത്തിലാണ് മകള്‍ മോനാ ഹെല്‍മി പിറന്നത്‌. ഒരു നിയമജ്ഞനുമായുള്ള രണ്ടാം വിവാഹം അലസിപ്പോയതിനെ കുറിച്ച് “ഞാന്‍ ശരിക്കും ഒരു ഭാര്യയുടെ വേഷത്തിന് പറ്റിയ ആളല്ല” എന്നു അല്‍ സഅദാവി പറഞ്ഞിട്ടുണ്ട്. ശരീഫ് ഹതാതയുമായുള്ള മൂന്നാം വിവാഹത്തിലാണ് ഏക മകന്‍ ആതെഫ് ഹതാത പിറന്നത്‌. ലോകത്തിലെ ഏക ‘ഫെമിനിസ്റ്റ് പുരുഷന്‍’ എന്ന് പോലും അല്‍ സഅദാവി വിശ്വസിച്ച, നാല്‍പ്പത്തിമൂന്നു വര്‍ഷക്കാലത്തെ ജീവിത പങ്കാളിയും ഇതര ബന്ധങ്ങളിലൂടെ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന ബോധ്യമാണ് ആ ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ക്ക് കാരണമായത്‌. “ഓ, പുരുഷ ദായക്രമത്തിന്റെ സങ്കീര്‍ണ്ണത. അദ്ദേഹം ലിംഗ സമത്വത്തെ കുറിച്ച് പുസ്തകങ്ങള്‍ എഴുതി, എന്നിട്ട് സ്വന്തം ഭാര്യയെ വഞ്ചിച്ചു. തൊണ്ണൂറ്റിയഞ്ചു ശതമാനം പുരുഷന്മാരും അങ്ങനെയാണ്, എനിക്കുറപ്പുണ്ട്.” ഇജിപ്തില്‍ ഒരു വിവാഹമോചിതയായിക്കഴിയുക ഒരു സാധാരണ സ്ത്രീക്ക് വളരെ പ്രയാസകരമാണെങ്കിലും “പക്ഷെ ഞാന്‍ വളരെ അസാധാരണക്കാരിയാണ്” എന്ന് അവര്‍ കളി പറഞ്ഞിട്ടുണ്ട്.

അല്‍ സഅദാവി രചനാലോകത്തേക്ക്

1973-ലാണ് ‘വുമന്‍ അറ്റ്‌ പോയിന്റ് സീറോ പ്രസിദ്ധീകരിക്കുന്നത്. 1977-ല്‍ ദി ഹിഡന്‍ ഫെയ്സ് ഓഫ് ഈവ്: വുമിന്‍ ഇന്‍ ദി അറബ് വേള്‍ഡ് എന്ന ആദ്യ നോണ്‍ ഫിക്ഷ ന്‍ കൃതിയും. 1973 മുതല്‍ ’76 വരെ ഐന്‍ ഷംസ് യൂണിവേഴ്സിറ്റി മെഡിസിന്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്കിടയിലെ മനോരോഗത്തെ കുറിച്ച് റിസേര്‍ച്ച് നടത്തിയതും ’79- ’80 കാലത്ത് യു. എന്‍. ഉപദേശകയെന്ന നിലയില്‍ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തിച്ചതും ഈ പ്രദേശങ്ങളിലെ സ്ത്രീജീവിതങ്ങളുടെ സവിശേഷമായ പീഡിതാവസ്ഥകള്‍ നേരിട്ടറിയാന്‍ അല്‍ സഅദാവിയെ സഹായിച്ച അനുഭവങ്ങളാണ്. 1980-ല്‍ ഇജിപ്ത്യന്‍ സ്ത്രീകളുടെ സാമൂഹികവും ബൌദ്ധികവുമായ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിവന്ന പോരാട്ടങ്ങളുടെ തിക്തഫലമായി സാദാത് ഭരണം അവരെ തടവിലാക്കി. തടവറയില്‍, സാദാത് തങ്ങളെ കൊന്നുകളഞ്ഞേക്കുമെന്ന ഭീതിപൂണ്ടു വിലപിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ക്കിടയില്‍, സഹതടവുകാരിയായ ഒരു ലൈംഗികത്തൊഴിലാളി രഹസ്യമായി നല്‍കിയ ഐ പെന്‍സില്‍ ഉപയോഗിച്ചു ടോയിലെറ്റ് പേപ്പറില്‍ തന്റെ ആത്മകഥ രചിച്ചു തുടങ്ങുകയായിരുന്നു പോരാളിയായ അല്‍ സഅദാവി. 1981 ഒക്റ്റോബര്‍ ആറിന് സാദത്ത്‌ കൊല്ലപ്പെടുമ്പോള്‍ അതത്ര അപ്രതീക്ഷിതമായിരുന്നില്ല, തടവറയിലേക്ക് ഒളിപ്പിച്ചു കടത്തിയ ട്രാന്‍സിസ്റ്ററിലൂടെ വാര്‍ത്തകള്‍ അറിഞ്ഞു കൊണ്ടിരുന്ന അല്‍ സഅദാവിക്കും കൂട്ടര്‍ക്കും. പുതിയ പ്രസിഡന്‍റ് ഹൊസ്നി മുബാറക് ഔദാര്യപൂര്‍വ്വം വിട്ടയക്കുമ്പോള്‍ അകാരണമായി തടവിലാക്കിയത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നടത്തുകയും അത് വിജയിക്കുകയും ചെയ്ത അനുഭവവും അവര്‍ക്കുണ്ട്; വിധിയായ ദശലക്ഷക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം ഒരിക്കലും ലഭിക്കുകയുണ്ടായില്ലെങ്കിലും. തുടര്‍ന്നുള്ള അവരുടെ ജീവിതം അറബ് സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച പ്രസ്ഥാനത്തിലും (അറബ് വിമിന്‍സ് സോളിഡാരിറ്റി അസോസിയേഷന്‍) എഴുത്തുകാരി, ജേണലിസ്റ്റ്, ആഗോള തലത്തില്‍ സ്ത്രീപക്ഷ പ്രഭാഷക എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയുമാണ് മുന്നോട്ടു പോയത്. മുബാറകിന്റെ കാലത്ത് പ്രഖ്യാപിത തടങ്കല്‍ ഉണ്ടായില്ലെങ്കിലും കനത്ത സെന്‍സര്‍ഷിപ്പും വധഭീഷണിയും നേരിടേണ്ടി വന്ന അല്‍ സഅദാവി ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം നാടുവിടുകയായിരുന്നു. യു. എസ്സിലും യൂറോപ്പിലും യൂണിവേഴ്സിറ്റികളില്‍ അധ്യാപനം നടത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം, 1996-ല്‍ തിരികെയെത്തിയ അല്‍ സഅദാവി, മുബാറക് ഭരണത്തിനു നേരെയും പോരാട്ടം തുടര്‍ന്നു.

 

ചുറ്റുപാടിലെ പെണ്‍ ലോക സാക്ഷ്യങ്ങള്‍

നവാല്‍ അല്‍ സഅദാവിയുടെ വ്യതിരിക്ത ശബ്ദം ഇജിപ്ത്യന്‍ സാഹിത്യത്തില്‍ ശക്തമായി പ്രഘോഷണം ചെയ്ത ആദ്യ കൃതിയായിരുന്നു വുമന്‍ അറ്റ്‌ പോയിന്റ് സീറോ. കൈറോയിലെ തടവറകളില്‍ കഴിയുന്ന സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളില്‍ ഇടപെടുന്ന മനോരോഗ വിദഗ്ദയെന്ന നിലയില്‍ ഖനാതിര്‍ പെണ്‍തടവറയില്‍ പരിചയപ്പെടാനിടയായ വിചിത്ര സ്വഭാവിയായ ഫിര്‍ദൌസിന്റെ കഥയുടെ ആവിഷ്കാരമാണ് ഈ നോവല്‍. ബാഹ്യതലത്തില്‍ ശാന്തപ്രകൃതിയും ക്ഷമാ ശീലയുമായ ഫിര്‍ദൌസ് ഒരു കൊലപാതകിയാവുക എന്നത് ജയില്‍ ഡോക്റ്റര്‍ക്ക് അചിന്ത്യമായി തോന്നുന്നുണ്ട്. തന്റെ പിമ്പിനെ കൊന്നുകളഞ്ഞതിനു മരണ ദണ്ഡന കാത്തു കഴിയുന്ന മുന്‍ ലൈംഗികത്തൊഴിലാളിക്ക് പക്ഷെ തന്റെ പ്രവര്‍ത്തിയില്‍ ലജ്ജാലേശമില്ല. അവരുടെ കഥ തുറന്നു പറയിക്കാനുള്ള നവാലിന്റെ ശ്രമങ്ങള്‍ ആദ്യമൊക്കെ തുടര്‍ച്ചയായി പരാജയപ്പെടുകയാണെങ്കിലും, വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തൊട്ടു തലേദിവസം അവര്‍ മനോരോഗ ച്കിത്സക/ എഴുത്തുകാരിയെ കാണാനും ഉള്ളു തുറക്കാനും തയ്യാറാകുന്നു. തന്റെ കുറ്റം ഏറ്റു പറയാന്‍ ഒരു മടിയുമില്ലാത്ത ഫിര്‍ദൌസ്, തുടര്‍ന്ന് പറയുന്ന കഥയില്‍ ഇജിപ്ത്യന്‍ സ്ത്രീത്വത്തിന്റെ ദുരനുഭവങ്ങള്‍ ഒന്നൊന്നായി ചുരുള്‍ നിവരുന്നു. പിറന്നു വീഴുന്ന അന്ന് മുതല്‍ കുടുംബം, ചുറ്റുപാടുകള്‍, പാരമ്പര്യം, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ബാല്യം, കൌമാരം, യൌവ്വനം, വാര്‍ദ്ധക്യം എന്നീ ഇടങ്ങളിലും സന്ദര്‍ഭങ്ങളിലും എല്ലാം അവള്‍ നേരിടേണ്ടി വരുന്ന അവഗണന, അവമതി, പീഡനം, ഉപേക്ഷ, നാനാ വിധത്തിലുള്ള ചൂഷണം, അപമാനവീകരണം എന്നതൊക്കെ തീക്ഷ്ണമായ ജീവിതാനുഭാവങ്ങളായി ഫിര്‍ദൌസിന്റെ കഥയില്‍ ആവിഷ്കരിക്കപ്പെടുന്നു. വ്യക്തി എന്ന നിലയില്‍ സ്വയം സ്ഥാപിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് പോരാട്ടത്തിലേക്കും ഒരു വേള സ്വയം നശീകരനത്തിലേക്കും കൊലയിലേക്ക് തന്നെയും നയിക്കുന്ന വിപര്യയമാണ് നോവലിന്റെ ഇതിവൃത്തം.

ഫിര്‍ദൌസിന്റെ കഥ

നാട്ടുമ്പുറത്തു ദരിദ്ര കുടുംബത്തില്‍ ജനിച്ച ഫിര്‍ദൌസിന്റെ ഓര്‍മ്മകളില്‍ ഉമ്മയെയും മകളെയും കണ്ണില്‍ ചോരയില്ലാതെ ഗാര്‍ഹിക പീഡനത്തിനിരയാക്കുമായിരുന്ന ഉപ്പയും ലൈംഗിക ചോദനയുടെ ആദ്യാനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ മുഹമ്മദേയ്ന്‍ എന്ന കളിക്കൂട്ടുകാരനുമുണ്ട്. പെണ്‍ചേലാകര്‍മ്മമെന്ന കാടത്തത്തിന് വിധേയയായ ശേഷം ആസ്വാദ്യകരമായിരുന്ന ആ രതി ചോദനകള്‍ അനുഭവപ്പെടാതെ പോകുന്നത് അവളറിയുന്നു. മാതാപിതാക്കളുടെ മരണ ശേഷം കൈറോയില്‍ അമ്മാവന്റെ വീട്ടിലെത്തുന്ന ഫിര്‍ദൌസിനു സ്കൂളില്‍ പോകാന്‍ അവസരം ലഭിക്കുന്നത് അവള്‍ ആസ്വദിച്ചു. അമ്മാവനോടൊപ്പം ഒരേ കട്ടിലില്‍ ഉറങ്ങുമായിരുന്ന ഫിര്‍ദൌസിനു അയാള്‍ വിവാഹിതയാകുന്നതോടെ ബോര്‍ഡിംഗ് സ്കൂളില്‍ എത്തേണ്ടി വന്നു. പഠനത്തില്‍ ശ്രദ്ധയൂന്നിയ മിടുക്കിയായ വിദ്യാര്‍ഥിനി, മിസ്‌ ഇഖ്ബാല്‍ എന്ന അധ്യാപികയുമായി അടുത്ത ചങ്ങാത്തത്തില്‍ ആകുന്നതു കൂട്ടുകാരികള്‍ പ്രണയമായി വ്യാഖ്യാനിക്കുന്നുണ്ട്. മികച്ച വിജയത്തോടെ ബിരുദം നേടിയതിനു ശേഷം അമ്മാവന്റെ വീട്ടിലെത്തുന്ന ഫിര്‍ദൌസ്, അറുപതു പിന്നിട്ട, മുഖത്തു പഴുത്തൊലിക്കുന്ന വ്രണമുള്ള ഷെയ്ഖ് മഹമൂദിനു തന്നെ വിവാഹം ചെയ്തു കൊടുക്കാനുള്ള അമ്മാവന്റെയും അമ്മായിയുടെയും ആലോചനയെ കുറിച്ച് അറിയാന്‍ ഇടവരുന്നതോടെ തന്റെ ആദ്യത്തെ ഓടിപ്പോക്ക് നടത്തുന്നു. എന്നാല്‍ തെരുവില്‍ തന്നെ പിന്തുടരുന്ന കണ്ണുകളില്‍ നിന്ന് ഭയന്നോടി തിരികെ വീട്ടിലേക്കും വെറുക്കപ്പെട്ട വിവാഹത്തിലേക്കും അവള്‍ക്ക് മടങ്ങാതെ വയ്യ. നോവലില്‍ പെണ്‍ ജീവിതത്തെ വിടാതെ പിടികൂടുന്ന ദുരൂഹഭയത്തിന്റെ വേട്ടയാടലായി ഈ കണ്ണുകള്‍ പേര്‍ത്തും പേര്‍ത്തും അടയാളപ്പെടുത്തപ്പെടുന്നുണ്ട്. ഗാര്‍ഹിക പീഡനം അവിടെയും തുടര്‍ക്കഥയാകുന്നതോടെ ഫിര്‍ദൌസിന്റെ ജീവിതം പിന്നെയും പലായനത്തിന്റെയും അപരിചിതരില്‍ അഭയം തേടുന്നതിന്റെയും അനിശ്ചിതത്വത്തിലേക്ക് തെന്നി വീഴുന്നു. ബയൂമിയുടെ തടവറയില്‍ അയാള്‍ക്കും കൂട്ടുകാര്‍ക്കും ലൈംഗിക അടിമയാകേണ്ടി വരുന്നതിനെ തുടര്‍ന്ന് ഓടിപ്പോകുന്ന ഘട്ടത്തില്‍ നൈല്‍ നദിക്കരയില്‍ പരിചയപ്പെടുന്ന ശരീഫ എന്ന തഴക്കം ചെന്ന അഭിസാരിക സഹായത്തിനെത്തുന്നതുമാണ് ഫിര്‍ദൌസിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. കണ്ടവനൊക്കെ കേറി മേയാവുന്ന തുറസ്സാവുന്നതിനു പകരം തന്റെ ശരീരത്തിന് മികച്ച വില വാങ്ങുന്ന ഒരു കുലീന വേശ്യയാവുകയെന്ന പുതിയ മന്ത്രം അവരാണ് ഫിര്‍ദൌസിനു ഉപദേശിക്കുക. എന്നാല്‍ ശരീഫയും തന്നെ വിറ്റു കാശാക്കുകയാണ് എന്ന തിരിച്ചറിവിലാണ് ഫിര്‍ദൌസ് അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക. ഒരു നാള്‍, തന്റെ കക്ഷിയായ ദിയാ, വലിയ വീടും കാറുമൊക്കെ സ്വന്തമാക്കുമ്പോഴും താനൊരു മാന്യസ്ത്രീ ആവുന്നില്ലെന്നു മുഖത്തടിച്ചു പറയുന്നത് വീണ്ടും അവളെ തകര്‍ത്ത് കളയുന്നുണ്ട്. എല്ലാമുപേക്ഷിച്ചു ഒരു ചാളയിലേക്ക് താമസം മാറുകയും, തന്റെ കൈവശം അപ്പോഴും ഉള്ള സെക്കണ്ടറി സര്‍ട്ടിഫിക്കേറ്റിന്റെ പിന്‍ബലത്തില്‍ ഒരു ഓഫീസ് അസിസ്റ്റന്‍റ് ജോലി നേടുകയും ചെയ്യുന്ന ഫിര്‍ദൌസ്, അത്തരം ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന ലൈംഗികം ഉള്‍പ്പടെയുള്ള അടിമത്തവും ദാസ്യവും തിരിച്ചറിയുമ്പോള്‍, ഭാര്യയുടെയും അംഗീകൃത സ്ത്രീത്വത്തിന്റെയും ഇടങ്ങളെക്കാളേറെ സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുന്നത് ലൈംഗികത്തൊഴില്‍ ആണെന്ന നിരീക്ഷണത്തിലേക്ക് നീങ്ങുന്നു. പ്രണയാഭ്യര്‍ത്ഥനയുമായി ഒരിക്കല്‍ കൂടി മോഹിപ്പിച്ച ഇബ്രാഹിം, ബോസിന്റെ മകളെ വിവാഹം കഴിക്കുമ്പോള്‍ പണം നല്‍കാതെ തന്നെ പ്രാപിക്കാനുള്ള തന്ത്രം മാത്രമായിരുന്നു അയാളുടെ നാട്യമെന്നു അവള്‍ തിരിച്ചറിയുന്നു. തുടര്‍ന്ന് കമ്പനി വിട്ടു ഒരു വിലകൂടിയ ലൈംഗികത്തൊഴിലാളിയാകുന്ന ഫിര്‍ദൌസ്, തന്നെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഫൌസിയെന്ന പിമ്പിനെ വകവരുത്തുന്നതും ഒരു അറബ് രാജകുമാരനെ അപമാനിക്കുന്നതുമാണ് അവളുടെ വിധി നിര്‍ണ്ണയിക്കുന്നത്. പുതിയ ഒരിടത്തേക്ക് പോകുന്നതിന്റെ ആവേശം മാത്രമാണ് തനിക്കുള്ളതെന്നു ഫിര്‍ദൌസ്, കഥാകാരിയോടു പറയുന്നു. തന്നെ കുറ്റം വിധിച്ച ആണുങ്ങള്‍ക്ക് തനിക്ക് പറയാന്‍ കഴിയുന്ന സത്യങ്ങളെ ഭയമാണെന്നും അതുകൊണ്ടാണ്, അതല്ലാതെ താനിനിയും കൊല്ലുമെന്ന ഭയം കൊണ്ടല്ല, തന്നെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചതെന്നും അവള്‍ പറയുന്നു. അധികൃതര്‍ അവളെ തൂക്കുമരച്ചുവട്ടിലേക്ക് കൊണ്ട് പോകുമ്പോള്‍ പുറത്തിറങ്ങി തന്റെ കാറില്‍ തെരുവിലൂടെ കുതിക്കവേ, നവാലിനു ആ ആളുകളെ കാറിടിപ്പിച്ചു കൊല്ലണം എന്നുണ്ട്. എന്നാല്‍ ഫിര്‍ദൌസിനുള്ള ധൈര്യം തനിക്കില്ലെന്ന തിരിച്ചറിവില്‍ ആക്സിലറേറ്ററില്‍ നിന്ന് അവള്‍ കാല്‍ പിന്‍വലിക്കുന്നു.  

ജീവിതത്തില്‍ ഒരിക്കലും സ്വന്തമായ തെരഞ്ഞെടുപ്പുകല്‍ക്കിടമില്ലാത്ത സ്ത്രീത്വത്തിന്റെ പ്രതീകമാണ് ഫിര്‍ദൌസ്. ചുറ്റുമുള്ള പുരുഷ ലോകം അവളുടെ മേല്‍ തങ്ങള്‍ സ്ഥാപിക്കുന്ന അധികാരത്തില്‍ ആഹ്ലാദിക്കുന്നവരാണ് എന്ന് ചെറുപ്പത്തില്‍ തന്നെ അവള്‍ തിരിച്ചറിയുന്നുണ്ട്. പുരുഷന്മാരുമായുള്ള ബന്ധത്തില്‍ സന്തോഷം കണ്ടെത്തുക എന്നത് അവള്‍ക്കു വിധിക്കപ്പെട്ടിട്ടുള്ളതല്ല. ശാരീരികമായി പെണ്‍ചേലാകര്‍മ്മത്തിന്റെ ഫലം കൂടിയായ ഈ നിരാസം, ലൈംഗിക സമത്വമില്ലായ്മയെന്ന പുരുഷ കേന്ദ്രിതാവസ്ഥയുടെ സൃഷ്ടിയുമാണ്. പണം നേടുന്നതിലൂടെ അന്തസ്സ് നേടാം എന്ന ധാരണയും പൊളിയുന്നതാണ് തന്റെ കര്‍തൃത്വം സ്ഥാപിക്കുന്നതിനുള്ള അന്തിമ ഉപായമായി ഒരു കൊലപാതകത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് അവളെ എത്തിക്കുന്നത്. ചെയ്തു കഴിയുമ്പോഴാവട്ടെ, അതൊട്ടും പ്രയാസകരമായിരുന്നില്ല എന്നും അവള്‍ കണ്ടെത്തുന്നു. എല്ലാ സ്ത്രീകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്നവരാണ് എന്നും വിവാഹം എന്നതിലും സ്വതന്ത്രമായ ജീവിതം ലൈംഗികത്തൊഴിലാളിയുടെതാണ് എന്നുമുള്ള ഫിര്‍ദൌസിന്റെ നിരീക്ഷണങ്ങള്‍, പവിത്രമെന്നു കരുതപ്പെടുന്ന സാമൂഹിക വ്യവഹാരങ്ങളിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്യുക മാത്രമല്ല അവയുടെ തായ് വേരില്‍ തന്നെ ചെന്ന് കൊള്ളുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അത് ഇജിപ്തിലെ മാത്രം കഥയല്ല, മറിച്ച് ലോകത്തെങ്ങുമുള്ളത് തന്നെയാണ്. നൈരാശ്യത്തിന്റെയും ദോഷദൃഷ്ടിയുടെയും സ്വരം അനിവാര്യമായും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അറബ് സ്ത്രീയുടെ അനുഭവം എന്നതിനപ്പുറം സ്ത്രീകളുടെ സാര്‍വ്വ ലൌകികമായ അനുഭവം എന്ന തലത്തിലേക്കുയരുന്നതും സമത്വത്തിനു വേണ്ടിയുള്ള അവളുടെ പോരാട്ടത്തെ നിശിതമായി അടയാളപ്പെടുത്തുന്നതും തന്നെയാണ് സ്ത്രീപക്ഷ രചനയുടെ ഒരു സമകാലിക ക്ലാസ്സിക് ആയി ‘ഗതിമുട്ടിയ സ്ത്രീയെ ’യെ മാറ്റിത്തീര്‍ക്കുന്നതും. 

read more:

   The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html