ഒമാനി
നോവലിസ്റ്റ് ജോഖ അല്‍ ഹാരിദിയുടെ നോവല്‍ ‘സെലെസ്റ്റിയല്‍ ബോഡീസ്’, ദേശത്തിന്‍റെ ഇരുണ്ട ചരിത്രവഴികളെ പിന്തുടരുകയും ഒപ്പം അടഞ്ഞ സമൂഹത്തിലെ
സ്ത്രീജീവിതത്തിന്‍റെ വീര്‍പ്പുമുട്ടലുകള്‍ കാല്‍പ്പനികവല്‍ക്കരണം കൂടാതെ
ആവിഷ്കരിക്കുകയും ചെയ്യുന്ന,പാത്രവൈവിധ്യത്തില്‍ ടോള്‍സ്റ്റോയിയന്‍
മാനങ്ങളുള്ള, അറബ് ലോകത്തേക്ക് ബുക്കര്‍ പുരസ്കാരം
ആദ്യമായി എത്തിച്ച കൃതിയാണ്.
വന്‍തോതിലുള്ള
എണ്ണശേഖരത്തിന്‍റെ കണ്ടെത്തലോടെ അതിദ്രുതം സാമ്പത്തിക വളര്‍ച്ചയിലേക്കും നഗരവല്‍ക്കരണത്തിലേക്കും
കുതിച്ച ചരിത്രമാണ് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സൗദി അറേബ്യയും ഇറാനും യമനും
അതിരിടുന്ന, ആറു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒമാനെന്ന മരുഭൂ ദേശത്തിന്റേത്. ഒപ്പം
അടിമക്കച്ചവടത്തിന്‍റെ അത്യന്തം നിന്ദ്യമായ ചരിത്രവും, ലോകത്ത്
ഏറ്റവും ഒടുവില്‍, 1962-ല്‍ മാത്രം, ആ നീച വിനിമയം നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ ഒമാനിനുണ്ട്.
ഇസ്ലാമികമായ പുരുഷ മേധാവിത്ത കാര്‍ക്കശ്യങ്ങളില്‍ ജീവിതത്തില്‍ തന്നെ
അടക്കപ്പെടുന്ന പെണ്‍സഹനത്തിന്‍റെ അനുഭവവും, മിഡില്‍
ഈസ്റ്റ്, ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളിലെ മറ്റു പല
ദേശങ്ങളിലും എന്ന പോലെ ഒമാനിന്‍റെയും ഭാഗധേയമാണ്. ആധുനിക കാലത്ത് പാശ്ചാത്യ
വിദ്യാഭ്യാസത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ ഭാഗ്യമുണ്ടായ തലമുറയില്‍ സംഭവിക്കുന്ന
മാറ്റങ്ങള്‍ സ്ത്രീ ജീവിതത്ത സംബന്ധിക്കുന്ന മൌലികവാദ കാഴ്ചപ്പാടുകളില്‍ വിള്ളല്‍
വീഴ്ത്തിത്തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പല ദേശങ്ങളില്‍
നിന്നും എന്ന പോലെ ഒമാനില്‍ നിന്നും കണ്ടുതുടങ്ങുന്നുണ്ട്.
‘പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് നല്ല ചുറ്റുപാടുകള്‍ ഉള്ള
അവിവാഹിതനായ ഒരു ചെറുപ്പക്കാരന്‍ ഒരു ഭാര്യയെ തിരയുകയാവുമെന്നത്’ എന്ന ജെയ്ന്‍ ഓസ്റ്റിന്‍റെ വിഖ്യാത നോവല്‍ത്തുടക്കം (Pride and
Prejudice) വിക്റ്റോറിയന്‍ അലസ, സമ്പന്ന
ജീവിതത്തിന്‍റെ ഗാര്‍ഹിക ഉത്കണ്ഠകളുടെ ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചുവെന്ന്
പറയാറുണ്ട്. മാറുന്ന കാലത്തിനും സാമൂഹ്യ ഗതിവിഗതികള്‍ക്കും സാക്ഷിയും ഇടപെടല്‍
ശക്തിയും ആയിത്തീരുന്ന സമ്പന്നവും സമൂഹത്തില്‍ പ്രമുഖ സ്ഥാനമുള്ളതുമായ തറവാട്ടിലെ
മൂന്നു സഹോദരിമാര്‍ അടങ്ങുന്ന പെണ്‍ ലോകത്തെയാണ് അല്‍ഹാരിദിയുടെ നോവല്‍ കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ജീവിതം അക്ഷരാര്‍ത്ഥത്തില്‍
തുന്നിക്കൊണ്ടിരിക്കുന്ന മയ്യ, പുസ്തകപ്പുഴുവായ
അനിയത്തി അസ്മ, സുന്ദരിയായ ഖൌല എന്നിവര്‍ക്ക് ഭര്‍ത്താക്കന്മാരെ
കണ്ടെത്തുക ഉമ്മ സലീമക്കും പിതാവ് അസാനിനും പ്രയാസമാകേണ്ടതല്ല. എന്നാല്‍, ഒരു വിക്റ്റോറിയന്‍ ‘ഹാര്‍ഹിക നാടകത്തില്‍ (domestic comedy) നിന്ന് ഭിന്നമായി കല്യാണാലോചനയൊന്നും ഇവിടെ നോവലിന്‍റെ പ്രധാന വിഷയമല്ല.
മറിച്ച് മൂന്നു സഹോദരിമാര്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥകള്‍, കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രമേയങ്ങളിലേക്ക് കടക്കാനുള്ള തൊടുത്തുവിടല്‍
ബിന്ദുക്കള്‍ മാത്രമാണ്. അത് തലമുറകളിലൂടെ, മരുഭൂമിയും
കടന്ന്, തീരദേശത്തെക്കും മസ്കറ്റ് എന്ന
തലസ്ഥാനത്തേക്കും വ്യാപിക്കുന്ന ദേശകഥയായി പരിണമിക്കുകയും ഒപ്പം
കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതസന്ധികളെ വിടാതെ പിന്തുടരുകയുംചെയ്യുന്നു. ഒമാനിലെ
അല്‍ അവാഫി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ തങ്ങളുടെ അടഞ്ഞ ഗാര്‍ഹികലോകത്തില്‍
കഴിയുന്ന സഹോദരിമാരില്‍ മൂത്തവളായ മയ്യ, ഒരു ബന്ധത്തിന്‍റെ
തകര്‍ച്ചക്ക് ശേഷം അബ്ദുല്ലയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്കതില്‍ പ്രണയത്തിന്‍റെ
അതീതസങ്കല്പങ്ങള്‍ ഒന്നുമില്ല. അസ്മയാകട്ടെ, കുടുംബത്തോടുള്ള
കടമ എന്നേ ഖാലിദുമായുള്ള വിവാഹത്തെ കാണുന്നുള്ളൂ. കുറേകൂടി സ്വതന്ത്രബുദ്ധിയായ ഖൌല, കാനഡയിലേക്കുപോയ നസീറിനെ കാത്തിരിക്കുകയും വരുന്ന ആലോചനകളൊക്കെ കൊടിയ
പീഡനം സഹിച്ചും നിരാകരിക്കുകയും ചെയ്യുന്നു.
പശ്ചാത്തലത്തിന്‍റെ
പ്രസക്തി
പത്തൊമ്പതാം
നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടിന്റ ആദ്യ വര്‍ഷങ്ങള്‍
വരെയുള്ള കാലഘട്ടത്തിലൂടെ ദ്രുതഗതിയില്‍ പരിണമിച്ചുവന്ന ഒമാനി സമൂഹത്തിന്‍റെ
പശ്ചാത്തലത്തില്‍ ചരിത്രനോവലിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പറയപ്പെടുന്ന
കുടുംബകഥയും സ്ത്രീജീവിതത്തിന്‍റെ അനുഭവാഖ്യാനവുമാണ് ‘അഭൗമ ഗാത്രങ്ങള്‍’. എന്നാല്‍, പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക്, പ്രാദേശികതയില്‍നിന്ന്
ആഗോളീയതയിലേക്ക് തുടങ്ങിയ കാല്‍പ്പനികവല്‍കൃത പോസ്റ്റ്കൊളോണിയല്‍ ചരിത്രാഖ്യായികാ
രീതിയിലേക്ക് നോവല്‍ ശ്രദ്ധയൂന്നുന്നില്ല. ലിങ്ക്സ് കേലി നിരീക്ഷിക്കുന്നത് പോലെ (Marcia
Lynx Qualey: www.thenational.ae), കാല്‍പ്പനികസമീപനങ്ങളോടും ശുഭാന്ത്യങ്ങളോടുമുള്ള നോവലിന്‍റെ സമീപനം
പരിഹാസപൂര്‍ണ്ണമാണ്. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ഭര്‍ത്താവിന്‍റെ പ്രണയാര്‍ദ്രമായ
ചോദ്യത്തെ ഇഷ്ടാനിഷ്ടങ്ങളുടെ തെരഞ്ഞെടുപ്പ് കേട്ടുകേള്‍വി പോലുമല്ലാത്ത സമൂഹത്തിലെ
സ്ത്രീയെന്ന നിലയില്‍ ‘ഇജിപ്ത്യന്‍ സിനിമകള്‍ കണ്ടമാനം കണ്ടതിന്‍റെ അസ്ക്യത’യായി ഭാര്യ മുഖം തിരിക്കുന്നത് അതുകൊണ്ടാണ്. പുസ്തകം ശുഭാന്ത്യങ്ങളിലേക്ക്
ഒരു ഘട്ടത്തിലും മുന്നേറുന്നതേയില്ല, പകരം അത്
ഭൂതകാലത്തെയും വര്‍ത്തമാനത്തെയും നിരന്തരം പുനര്‍ വിശകലനം ചെയ്യുകയും അനിവാര്യമായ
ദുരന്തങ്ങളെ ന്യൂനോക്തിയില്‍ സൂചിപ്പിച്ചു വെക്കുകയും മാത്രം ചെയ്യുന്നു.
വിവാഹം മൂലം
പരസ്പരം ബന്ധപ്പെടുന്ന രണ്ടു ഒമാനി കുടുംബങ്ങളുടെയും അവരുടെ ജീവിതങ്ങളില്‍
കെട്ടുപിണയുന്ന കുറെയേറെ കഥാപാത്രങ്ങളുടെയും കഥ, അവരുടെയും ഒപ്പം ദേശത്തിന്‍റെ തന്നെ
ചരിത്രത്തിന്‍റെയും ആധുനികവല്‍ക്കരണത്തിന്‍റെയും ഉള്ളറകളിലേക്ക് കടക്കുകയാണ്.
അറുപതു ചെറിയ അധ്യായങ്ങളിലായി നടത്തപ്പെടുന്ന ആഖ്യാനം കാലത്തിനു നെടുകെയും
കുറുകെയും മുന്നോട്ടും പിന്നോട്ടും പോവുന്നു. ഏതാനും പേജുകള്‍ക്കുള്ളില്‍ ജിന്നിനെ
പ്രീതിപ്പെടുത്തുന്ന പാരമ്പര്യക്രിയകള്‍ക്കും അല്‍ അവാഫിയിലെ ബദൂയിന്‍ കുടിലുകളിലെ
ജീവിതങ്ങള്‍ക്കും ആധുനിക മസ്കറ്റിലെ ലക്ഷുറി മാളുകളിലെ ‘ഫാഷനബിള്‍’ ജീവിതത്തിനും നാം സാക്ഷിയാകുന്നു. അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ആഖ്യാതാവിന്‍റെ തൃതീയവ്യക്തിക (third person) വീക്ഷണത്തിലും
ഇടയ്ക്കിടെ അബ്ദുല്ലയെന്ന കഥാപാത്രത്തിന്‍റെ പ്രഥമവ്യക്തിക (first
person) വീക്ഷണത്തിലും ആണ് ആവിഷ്കാരം നടത്തപ്പെടുന്നത്.
നോവലാരംഭത്തില്‍ നല്‍കിയിട്ടുള്ള വംശവൃക്ഷത്തിന്‍റെ സഹായം വായനക്ക് അനിവാര്യവുമാണ്....
ലേഖനം
മുഴുവന്‍ ഇവിടെ വായിക്കാം:
https://alittlesomethings.blogspot.com/2024/07/celestial-bodies-by-jokha-alharthi.html
No comments:
Post a Comment