Featured Post

Saturday, March 8, 2025

Fantasia: An Algerian Cavalcade by Assia Djebar

 ആസിയ ജബ്ബാര്‍: അള്‍ജീരിയന്‍ സാഹിത്യത്തിന്റെ സ്ത്രൈണ ദീപ്തി.


അള്‍ജിയേഴ്സ് തീരത്തെ കൊച്ചു തീരദേശ പട്ടണമായ ഷെര്‍ഷെലില്‍ സ്കൂള്‍ അധ്യാപകന്റെ മകളായി 1936-ല്‍ ജനിച്ച ഫാത്തിമ സുഹറ ഇമാലയാന്‍ എന്ന പെണ്‍കുട്ടിക്ക് സാധാരണ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കിട്ടാത്ത ഭാഗ്യമായിരുന്നു തുടര്‍ പഠനത്തിനുള്ള അവസരം. അള്‍ജീരിയയില്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പാരീസില്‍ യൂണിവേഴ്സിറ്റി പഠനത്തിനെത്തുമ്പോള്‍ വിഖ്യാതമായ ‘ഇകോലെ നോര്‍മെയ്ല്‍ സുപെരിയോറെ ഡിസെവ് റെസി’ല്‍ പ്രവേശനം ലഭിച്ച ആദ്യ അള്‍ജീരിയന്‍ പെണ്‍കുട്ടിയായിരുന്നു അവര്‍. 1956-ല്‍ പഠനം ഇടയ്ക്കു വെച്ച് മുടക്കി സ്വാതന്ത്ര്യ സമരത്തോട് ഐക്യപ്പെട്ട് വിദ്യാര്‍ഥി പ്രസ്ഥാനത്തിലേക്ക് അവര്‍ എടുത്തു ചാടുകയായിരുന്നു. ഫൈനല്‍ പരീക്ഷ എഴുതുന്നതിനു പകരം ആദ്യ നോവല്‍ La Soif (1957), തൊട്ടടുത്ത വര്‍ഷം Les Impatients എന്നിവയാണ് അവര്‍ എഴുതിയത്. രണ്ടു കൃതികളും കൊളോണിയല്‍ അള്‍ജീരിയയില്‍ വളര്‍ന്നു മുതിര്‍ന്നു വരുന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു പ്രമേയമാക്കിയത്‌. തുടര്‍ന്നുള്ള കൃതികളില്‍ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് ഉണരുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ ആവിഷ്കരിച്ചു. 1985-ല്‍ ഫ്രഞ്ച് മൂലം പ്രസിദ്ധീകരിക്കപ്പെട്ട Fantasia: An Algerian Cavalcade ചരിത്രവും ആത്മ കഥാംശങ്ങളും പ്രമേയങ്ങളാകുന്ന ഒരു ചതുര്‍ നോവല്‍ സംരഭത്തിലെ ആദ്യ കൃതിയായിരുന്നു.


ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ വിദൂര പ്രതിനിധി (Dey) ഭരണത്തില്‍ കീഴിലായിരുന്ന അള്‍ജീരിയ 1830 ജൂലൈ അഞ്ചിന് സുല്‍ത്താന്‍ ഖലാസി കോട്ടയുടെ പതനത്തോടെ ഫ്രഞ്ച് സൈന്യത്തിന് കീഴടങ്ങിയതോടെ ആരംഭിച്ച ഭീകരതയുടെ നാളുകള്‍ അതോടൊപ്പം ചെറുത്തു നില്‍പ്പിന്റെ ചരിത്രത്തിനും തുടക്കമിട്ടു. പടിഞ്ഞാറന്‍ അള്‍ജീരിയയേയും മധ്യ ദേശങ്ങളെയും അമീര്‍ അബ്ദല്‍ ഖാദര്‍ ഒരുമിച്ചു നിര്‍ത്തിയപ്പോള്‍ പൌരസ്ത്യ ദേശത്തെ ഫ്രഞ്ച് വ്യാപനത്തെ അഹ്മദ് ബേയുടെ പോരാളികള്‍ ചെറുത്തു നിന്നു. എന്നാല്‍ ഈ രണ്ടു ദേശീയ നായകരും ആശയപരമായും വ്യക്തി താല്‍പര്യങ്ങളിലും ഭിന്നുച്ചുനിന്നു. അഹ്മദ് ബേ പ്രഭു വംശ ഭരണത്തിനു വേണ്ടി നിലക്കൊണ്ടപ്പോള്‍ അമീര്‍ അബ്ദെല്‍ ഖാദര്‍ കൂടുതല്‍ സമത്വ ചിന്തകള്‍ ഉള്ള നിലപടുകാരനായിരുന്നു. ഇരുവരും അന്തിമമായി പരാജിതരായതോട് ഫ്രാന്‍സിനെതിരിലുള്ള  കൊളോണിയല്‍ വിരുദ്ധ ചെറുത്തു നില്‍പ്പ് നഗരങ്ങളില്‍ എന്ന പോലെ ഗ്രാമാന്തരങ്ങളിലേക്കും വിദൂരസ്ഥമായ ഗിരി നിരകളിലെക്കും മറു പ്രദേശങ്ങളിലേക്കും വികേന്ദ്രിതമായി. അള്‍ജീരിയയുടെ ഫലഭൂയിഷ്ഠ മേഖലകളില്‍ ഫ്രഞ്ച് കുടിയേറ്റം ത്വരിതപ്പെട്ടപ്പോള്‍ തദ്ദേശീയര്‍ ഊഷരമായ ഉള്‍പ്രദേശങ്ങളിലേക്ക് പിന്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. 1971-ല്‍ ഒരു വലിയ വിപ്ലവ മുന്നേറ്റം ഫ്രഞ്ച് സൈന്യം തകര്‍ത്ത് കളഞ്ഞത് അള്‍ജീരിയന്‍ ദുരിതം സമ്പൂര്‍ണ്ണമാക്കുകയും അതുവരെ വലിയ പരിക്ക് പറ്റാതെ കഴിഞ്ഞിരുന്ന ഉന്നത തുര്‍ക്കി വംശജര്‍ കൂടി നിശ്ശബ്ദ്ദരാകുകയും ചെയ്തു. എന്തായാലും, ഇരുപതാം നൂറ്റാണ്ടോടു കൂടി യൂറോപ്യന്‍ വിദ്യാഭ്യാസത്തിന്റെ സ്വാധീനത്തോടെ ദേശീയ പ്രസ്ഥാനം ഒരു പുതിയ വഴിത്തിരിവിലെത്തി. ഫ്രഞ്ച് അധിനിവേശം തുടരുമെന്ന് ബോധ്യമായ നാട്ടുകാര്‍ പതിയെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. 1882-ല്‍ രണ്ടു ശതമാനം മാത്രമായിരുന്നു അള്‍ജീരിയന്‍ സാക്ഷരതയെങ്കില്‍ 1914-ല്‍ അത് അഞ്ചു ശതമാനമായി ഉയര്‍ന്നു. പുതുതായി ഉണ്ടായ രാഷ്ട്രീയ ബോധം യംഗ് അല്‍ജീരിയന്‍സ്’ എന്ന ഗ്രൂപ്പ് ഉയര്‍ന്നു വരുന്നതിനും പത്രങ്ങളുടെ പ്രസിദ്ധീകരനത്തിലെക്കും നയിച്ചു. സൈനിക സേവനം പൂര്‍ത്തിയാക്കിയ അള്‍ജീരിയക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു സംഘം 1908-ല്‍ പാരീസിലേക്ക്‌ പോയത് ഇതിന്റെ ഭാഗമായിരുന്നു. ഇതേ സമയം, ‘ഇസ്ലാമാണ് എന്താ മതം, അറബിക് ആണ് എന്റെ ഭാഷ, അള്‍ജീരിയയാണ് എന്റെ ദേശം’ എന്ന മുദ്രാവാക്യ ത്രയവുമായി ഷെയ്ഖ് ബിന്‍ ബാദിസിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പുനരുഥാന പ്രക്രിയയും ശക്തമായി. ഒരേ സമയം ഫ്രഞ്ച് മൂല്യങ്ങളിലേക്കു പരിവര്‍ത്തിച്ച അള്‍ജീരിയന്‍ പ്രവണതയെയും മൗലിക വാദ, വിജ്ഞാന വിരോധ വാദ നിലപാടുകളുള്ള ബ്രദര്‍ഹുഡിനെയും ഒരു പോലെ എതിര്‍ത്തു മുന്നോട്ടുവന്ന ഇക്കൂട്ടര്‍ക്ക് വന്‍ ജന പിന്തുണ ലഭിച്ചു. ഫെര്‍ഹാത് അബ്ബാസിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിനോട് മൃദു സമീപനമുള്ള ഒരു വിഭാഗവും ഉയര്‍ന്നു വന്നു. 1926-ല്‍ മെസ്സാലി ഹാദിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഐക്യപ്പെട്ട തൊഴിലാളി- ഇടതു പക്ഷ പാര്‍ട്ടി (Étoile Nord-Africaine) സ്വാതന്ത്ര്യ സമരം ശക്തിപ്പെടുത്തെണ്ടാതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഈ പ്രസ്ഥാനങ്ങളെല്ലാം ഉണ്ടെങ്കിലും രണ്ടാം ലോക യുദ്ധം വരെയുള്ള കാലഘട്ടത്തില്‍ അവയെല്ലാം വേണ്ടത്ര സുസംഘടിതമോ ഫലപ്രദമോ ആയിരുന്നില്ല. 1942-ല്‍ സഖ്യ ശക്തികള്‍ വടക്കന്‍ ആഫ്രിക്കയില്‍ ഇറങ്ങിയപ്പോള്‍, സ്വതേ ദുര്‍ബ്ബലമായിരുന്ന ഫ്രാന്‍സില്‍ നിന്ന് യുദ്ധാനന്തരം സ്വാതന്ത്ര്യലബ്ധി യാഥാര്‍ത്ഥ്യമാകും എന്ന് ദേശീയ പ്രസ്ഥാനങ്ങള്‍ കരുതി.

1948 മെയ് എട്ടിന് ഫെര്‍ഹാത് അബ്ബാസിന്റെ മിതവാദി പ്രസ്ഥാനം (AML) ദയനീയമായ സാമ്പത്തികാവസ്ഥകള്‍ക്കെതിരെ നടത്തിയ സമാധാന പരമായ പ്രതിഷേധങ്ങളെ ഫ്രഞ്ച് സര്‍ക്കാര്‍ ചോരയില്‍ മുക്കി കൊന്നു. വിലക്കപ്പെട്ട അള്‍ജീരിയന്‍ പതാകയാണ് അവര്‍ക്കതിനു പ്രകോപനമായത്‌. 1500 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രഞ്ച് ഭരണകൂടവും 45000 പേരാണ് കുരുതി കഴിക്കപ്പെട്ടതെന്നു സമരക്കാരും പറഞ്ഞു. സെതിഫ്, ഗൂല്‍മാ കലാപങ്ങള്‍ എന്ന് വിളിക്കപ്പെട്ട ഈ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് AML നിരോധിക്കപ്പെട്ടു. അതുവരെ ഭിന്നിച്ചു നിന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ അള്‍ജീരിയന്‍ സ്വാതന്ത്ര്യം എന്ന ഏക മുദ്രാവാക്യം അതിന്റെ ശക്തമായ സ്വാധീനം ചെലുത്തിയതോടെ എട്ടു വര്ഷം നീണ്ടു നിന്ന സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഏറ്റവും രൂഖമായ ഘട്ടം (1954-1962) ആരംഭിച്ചു. 1954 നവംബര്‍ ഒന്നിന് FLN (Front de Libération Nationale)സായുധ കലാപം ആരംഭിച്ചു. ഗിലോ പോണ്ടികോര്‍ വോയുടെ ‘ഡി ബാറ്റില്‍ ഓഫ് അള്‍ജിയേഴ്സ്’ (1968) എന്ന ചിത്രം ഈ ചരിത്രം ശക്തമായി അടയാളപ്പെടുത്തുന്നുണ്ട്‌. നീണ്ട എട്ടു വര്‍ഷത്തെ പോരാട്ടത്തിനു ശേഷം 1962 ജൂലായ്‌ അഞ്ചിന്, 132 വര്‍ഷം നീണ്ടു നിന്ന ഫ്രഞ്ച് കൊളോണിയല്‍ ഭരണം അവസാനിപ്പിച്ചു കൊണ്ട് അല്ജീര്യ സ്വതന്ത്രമായി.

 

ജമീല ബുഹൈരിദ്, സൊഹ് റ ഇദ് രിഫ്, ജമില ബുപാസ, ഹസിബ ബിന്‍ ബൂഅലി തുടങ്ങിയവ ചുരുക്കം ചിലരെ മാറ്റി നിര്‍ത്തിയാല്‍, അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ നിന്നുള്ള സത്രീകള്‍ ഒട്ടുമുക്കാലും ചരിത്രത്തില്‍ അറിയപ്പെടാതെ പോയവരാണ്. സമരം പൊട്ടിപ്പുറപ്പെട്ട 1954 -ല്‍ ഗ്രാമീണരായിരുന്ന ഒട്ടുമുക്കാലും സ്ത്രീകള്‍ നിരക്ഷരരായിരുന്നു. പതിനോരായിരത്തോളം സ്ത്രീകള്‍ സജീവമായി പോരാട്ട മുഖത്തുണ്ടായിരുന്നപ്പോള്‍ രണ്ടായിരം പേര്‍ ‘മാകി’ (Maquis) എന്നറിയപ്പെട്ട സായുധ സൈനികരില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ പാതിയും ഇരുപതു വയസ്സില്‍ താഴെയുള്ളവരായിരുന്നു. ആണുങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് സമര മുഖത്തെക്കിറങ്ങിയതിലൂടെ പരമ്പരാഗത പെണ്‍ പൊതു മണ്ഡല വിലക്കുകള്‍ കൂടിയാണ് അവര്‍ മുറിച്ചു കടന്നത്‌. മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിലും ആയുധങ്ങളുടെയും മറ്റും കൈമാറ്റങ്ങളിലും ഗതാഗതത്തിലും ക്യാമ്പിലെ ജോലികളിലുമാണ് സ്ത്രീകള്‍ അധികവും പ്രവര്‍ത്തിച്ചു വന്നത്. സിവില്‍ സമൂഹങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ആവശ്യം വേണ്ട ബോധവല്‍ക്കരണ പ്രവര്‍ത്തികളിലും അവരാണ് നേതൃത്വം നല്‍കിയത്. നഗരപ്രദേശങ്ങളില്‍ ഫ്രഞ്ച് സൈനിക മേഖലകളില്‍ നുഴഞ്ഞു കയറാനും നിര്‍ണ്ണായകമായ ചില ബോംബാക്രമണങ്ങള്‍ പോലും നടത്താനും അവരുടെ സേവനം ഉപയോഗിക്കപ്പെട്ടു. അള്‍ജീരിയന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒളിപ്പോരിന്റെ സര്‍വ്വ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു എന്ന് അംറെയ്ന്‍ മിന്നെയെ പോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

 

മൂന്നു ആഖ്യാന ധാരകളാണ് നോവലില്‍ ഇഴ കോര്‍ക്കുന്നത്: ഫ്രഞ്ച് ജേണലിസ്റ്റുകളും സൈനികരും രേഖപ്പെടുത്തിയ 1830-ലെ അള്‍ജീരിയന്‍ പരാജയത്തിന്റെ കഥ, 1954 മുതല്‍ 1962 വരെയുള്ള സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചുള്ള ഗ്രാമീണ സ്ത്രീകളുടെ വാമൊഴിക്കഥകള്‍, ഒപ്പം കൊളോണിയല്‍ അള്‍ജീരിയയില്‍ വളര്‍ന്നു വന്നതിനെ കുറിച്ചുള്ള നോവലിസ്റ്റിന്റെ സ്വന്തം ആത്മകഥാ സ്മരണകളും എന്നിവയാണ് അവ. 


ഫ്രഞ്ച് കൊളോണിയല്‍ സ്കൂള്‍ അധ്യാപകനായിരുന്ന പിതാവിന്റെ കൈ പിടിച്ച് “ആദ്യ ദിനം സ്കൂളിലേക്ക് പോകുന്ന ഒരു കൊച്ചു അറബ് പെണ്‍കുട്ടി, ഒരു ശരത്കാല പ്രഭാതത്തില്‍” നടത്തുന്ന യാത്ര ഒരു തൊടുത്തുവിടല്‍ ആവുകയാണ്: രണ്ടു ഭാഷകളറിയാവുന്ന, രണ്ടു സംസ്കാരങ്ങള്‍ പങ്കുവെക്കുന്ന ബുദ്ധിജീവിതത്തിലേക്ക്. സമൂഹത്തില്‍ തന്റെ തലമുറയിലെ ഇതര പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തയായി. “അവളുടെ കൂട്ടുകാരികളുടെ തടവറയില്‍ നിന്ന്, പുറം ലോകത്തേക്ക്”. നോവല്‍ തുടക്കത്തില്‍ കാണുന്ന ഈ രംഗം നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്ത്രീ ഓര്‍ത്തെടുക്കുന്നു: ആ സംഭവത്തിന്റെ പ്രാധാന്യത്തെ കുറിച്ച്, ആ ദിനം എങ്ങനെയാണ്‌ ഒരു പുതിയ ഭാഷയിലേക്കുള്ള, ഒരു പുതിയ ഇടത്തിലേക്കുള്ള തന്റെ ജീവിതത്തിന്റെ തുടക്കമായതെന്ന്. ഒറിയന്റലിസ്റ്റ് പെയ്ന്റര്‍ യൂജിന്‍ ഡെലാക്രോയുടെ വടക്കന്‍ ആഫ്രിക്കന്‍ ഹാരം ചിത്രത്തിലെ പെണ്‍തടവറ ജീവിതത്തില്‍ നിന്നുള്ള മോചനത്തിന് നല്‍കേണ്ടി വന്ന വില സമൂഹത്തില്‍ നിന്നുള്ള, വിശേഷിച്ചും മാതൃമണ്ഡലത്തില്‍ നിന്നുള്ള, പുറത്താക്കപ്പെടല്‍ ആയിരുന്നുവെന്ന് ഇപ്പോള്‍ അവര്‍ തിരിച്ചറിയുന്നു. കുട്ടിയായിരിക്കുമ്പോഴേ അവള്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു ഫ്രഞ്ച് വിദ്യാഭ്യാസവും പൊതു ഇടങ്ങളിലേക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യവും നിമിത്തം തന്റെ അമ്മായിമാരുടെയും ബന്ധുക്കളായ പെണ്‍കുട്ടികളുടെയും ലോകത്ത് നിന്ന് താന്‍ അകറ്റപ്പെടുന്നു എന്ന്. അന്ന് അറ്റുപോയ മാതൃ ലോകവുമായുള്ള ആ കണ്ണികള്‍, പുരുഷാധിപത്യവും കൊളോണിയലിസവും ചേര്‍ന്ന് നിശ്ശബ്ദരാക്കിയ അള്‍ജീരിയന്‍ സ്ത്രീത്വത്തിനു വേണ്ടി വിവര്‍ത്തകയുടെയും വ്യാഖ്യാതാവിന്റെയും എഴുത്തുകാരിയുടെയും ചരിത്രകാരിയുടെയും വ്യത്യസ്ത ഭാവങ്ങളിലൂടെ നോവലിസ്റ്റ് തിരിച്ചു പിടിക്കുകയാണ് ‘ഫന്റാസിയ’യില്‍. അന്ന് ആ കുഞ്ഞിക്കൈകളില്‍ വെച്ചുകൊടുക്കപ്പെട്ട പേന സര്‍ഗ്ഗാത്മകമായ ഒരു ഉപകരണമായും ഒപ്പം അള്‍ജീരിയന്‍ സ്ത്രീത്വത്തിന്റെ മോചനത്തിനുള്ള ഒരായുധമായും മാറിത്തീരുകയായിരുന്നു. ആസിയ ജബ്ബാറിനെ സംബന്ധിച്ചേടത്തോളം എഴുത്ത് എന്നത് തന്റെ വൈയക്തികവും സാമൂഹികവുമായ ഭൂതകാലത്തോടുള്ള കണ്ണികളെ തിരിച്ചെടുക്കാനും ഒപ്പം വര്‍ത്തമാനകാല അറബ് ലോകത്താകെയുമുള്ള നിശബ്ദമാക്കപ്പെടുന്ന സ്ത്രീത്വത്തിനു വേണ്ടിയുള്ള പോരാട്ടവുമാണ്. തന്റെ അനുഭവങ്ങള്‍ എഴുതിവെക്കുന്നതിലൂടെ അള്‍ജീരിയക്കാര്‍, വിശേഷിച്ചും മുസ്ലിം മൌലിക വാദികള്‍, മൂടുപടത്തിനുള്ളില്‍ ഒതുക്കേണ്ടതെന്നു കരുതുന്ന സ്ത്രീസ്വത്വത്തെ വെളിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.  

ഫ്രഞ്ച് ആര്‍ക്കൈവ്സ് രേഖകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൊളോണിയല്‍ സൈന്യം അള്‍ജീരിയന്‍ സിവില്‍ സമൂഹത്തിനു നേരെ നടമാടിയ അത്യാചാരങ്ങളുടെ കഥ, വിശേഷിച്ചും രണ്ടു ഭീകര സംഭവങ്ങള്‍ ആസിയ ജബ്ബാര്‍ തുറന്നു കാണിക്കുന്നു. ഗുഹകളില്‍ അഭയം തേടിയ ഗോത്ര സമൂഹങ്ങളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ഫ്രഞ്ച് ഓഫീസര്‍മാരായ പെലിസിയറും സെയ്ന്റ് ആര്‍നോയും നടത്തിയ വന്‍ തീവെപ്പുകളാണ് അവ. ഒരു നൂറ്റാണ്ടിലേറെ കാലത്തിനിപ്പുറം നോവലിസ്റ്റ് ആ സംഭവം വികാര തീവ്രതയോടെ, ചരിത്രകാരന്റെ വസ്തുനിഷ്ഠ വേഷത്തിലേക്ക് മാറാന്‍ കൂട്ടാക്കാതെ, വിവരിക്കുന്നു: “എല്‍ കന്തരയില്‍, മരണമുഖത്തു ഇടതടവില്ലാതെ കരഞ്ഞു കൊണ്ടിരുന്ന അവരുടെ കാലികളോടൊപ്പം അടക്കപ്പെട്ട പതിനയ്യായിരം ജടങ്ങളെ കുറിച്ചു സംസാരിക്കവേ, പെലിസിയര്‍ അയാളുടെ റിപ്പോര്‍ട്ട് എനിക്ക് തരുന്നു, ഞാന്‍ അയാളുടെ കയ്യെഴുത്തു രേഖകള്‍ സ്വീകരിക്കുന്നു, അതിനു മേല്‍ ഇപ്പോള്‍ എന്റെ പൂര്‍വ്വികരുടെ കരിഞ്ഞുപോയ വികാര വിക്ഷോഭങ്ങള്‍ രേഖപ്പെടുത്തുന്നു.”


ചരിത്ര വസ്തുതകള്‍ക്കും ജബ്ബാറിന്റെ സ്വന്തം സ്വത്വത്തിനും വേണ്ടിയുള്ള അന്വേഷണങ്ങള്‍ നോവലില്‍ ഒന്നായിത്തീരുകയാണ്. ഒരിക്കല്‍ ഫ്രഞ്ച് സൈനികര്‍ കരിഞ്ഞു പോയ ജഡങ്ങള്‍ വലിച്ചു പുറത്തിട്ടപോലെ കൊളോണിയല്‍, പുരുഷാധിപത്യ മിത്തുകള്‍ക്കുള്ളില്‍ അടക്കപ്പെട്ട സ്ത്രീസ്വത്വങ്ങളെ പുറത്തെടുക്കുകയാണ് നോവലിസ്റ്റ്. “എന്റെ ജനനത്തിയതി 1842 ആണ്, ജനറല്‍ സെന്റ്‌ ആര്‍നോ എന്റെ പൂര്‍വ്വിക ഗോത്രമായ ബനീ മേനാസറിന്റെ ഗ്രാമം ചുട്ടു നശിപ്പിക്കാന്‍ എത്തിയ അതേ വര്‍ഷം.” ഒരു കഥാപാത്രം പറയുന്നു. ഈ പ്രക്രിയയില്‍ ഫ്രഞ്ച് ഭാഷയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചുള്ള നിലപാടുകള്‍ പുന: പരിശോധിക്കേണ്ടി വരുന്നുണ്ട് നോവലിസ്റ്റിന്. അത് ഒരേ സമയം അവരെ തന്റെ പരമ്പരാഗത ‘ഹാരം’ വിധിയില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്, ഒപ്പം കൊളോണിയല്‍ അനീതിയുമായി മുഖാമുഖം കൊണ്ടുവരികയും ചെയ്തു. മാതൃ ലോകത്തെ പുനര്‍ സൃഷ്ടിക്കാനും കൊളോണിയല്‍ അധിനിവേശം അള്‍ജീരിയക്ക്‌ മേല്‍ നടമാടിയ അനീതിയെ തുറന്നു കാണിക്കാനും അവര്‍ അതേ ഫ്രഞ്ച് ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. “ഈ ഭാഷ മുമ്പ് എന്റെ ജനതയെ അടക്കം ചെയ്യാനാണ് ഉപയോഗിക്കപ്പെട്ടത്.” ഇന്നത് ക്രിയാത്മകമായി അള്‍ജീരിയന്‍ ബോധത്തിലൂടെ അതിന്റെ ചരിത്രം അവതരിപ്പിക്കാനും നിശബ്ദമാക്കപ്പെട്ട സ്ത്രീത്വത്തിന്റെ സ്വരമാകാനും അവര്‍ ഉപയോഗിക്കുന്നു.

അള്‍ജീരിയന്‍ വിപ്ലവത്തെ കുറിച്ചുള്ള ഫ്രഞ്ച്, പുരുഷ നിലപാടുകളെയും അള്‍ജീരിയന്‍ സ്ത്രീപക്ഷ ആഖ്യാനങ്ങളെയും നോവലിസ്റ്റ് മുഖാമുഖം നിര്‍ത്തുന്നുണ്ട്. വാമൊഴി ആഖ്യാനങ്ങളെ കൊളോണിയല്‍ സര്‍ക്കാര്‍, സൈനിക റിപ്പോര്‍ട്ടുകളും കത്തുകളുമായി ചേര്‍ത്തു വെച്ച് ഭാഷകൊണ്ടും (അറബ്/ ഫ്രഞ്ച്) ലിംഗ പദവികൊണ്ടും (കൊളോണിയല്‍ പുരുഷന്‍/ തദ്ദേശീയ അറബ് സ്ത്രീ) ഭിന്നമായ ആഖ്യാനാങ്ങളെ കൂട്ടി വിളക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. അതിനും പുറമേ ഭൂതകാലത്തെ രൂപപ്പെടുത്തിയ രണ്ടു ഭാഷാ സ്വാധീനങ്ങളെയും – പരിഷ്കൃത അറബ്/ ഗ്രാമീണ ബെര്‍ബെര്‍ - അവര്‍ കണ്ടെത്തുന്നു. അതോടൊപ്പം പരമ്പരാഗതമായി പുരുഷ മാധ്യമമായി കണക്കാക്കപ്പെടുന്ന എഴുത്തിനെ സ്ത്രീകളുടെ കഥ പറയാന്‍ അവര്‍ ഉപയോഗിക്കുകയുമാണ് ഇവിടെ.

കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കല്‍, പിടിക്കപ്പെടല്‍, ജയില്‍ വാസം, പീഡനം, ഭയാശങ്കകള്‍, വേദന എല്ലാം അനുഭവിക്കേണ്ടി വന്നതിനെ കുറിച്ചും  ഒപ്പം ഇവയൊക്കെ ഓര്‍ത്തെടുക്കുമ്പോള്‍ അനുഭവപ്പെടുന്ന അഭിമാനവും സ്ത്രീകളുടെ കഥകളിലുണ്ട്. സ്ത്രീകളുടെ ദുരിതങ്ങള്‍ എത്രകണ്ട് തീക്ഷ്ണമാണോ അത്രയും സംക്ഷിപ്തവും വരണ്ടതുമായിരുന്നു അതെ കുറിച്ചുള്ള അവരുടെ ആഖ്യാനങ്ങള്‍ എന്ന് ആസിയ ജബ്ബാര്‍ മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ആത്മാര്‍ഥത, നിഷ്കപടത എന്നതൊക്കെ പോലെത്തന്നെ അവരെ ആകര്‍ഷിച്ചതായിരുന്നു ഔദ്യോഗിക പുരുഷാഖ്യാനങ്ങളില്‍ നിന്ന് അവരുടെ ശൈലി എങ്ങനെ വ്യത്യസ്തമായിരുന്നു എന്നതും. ആണുങ്ങള്‍ വീര കഥകള്‍ ചമയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകള്‍ ദൈനംദിന ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്. അള്‍ജീരിയന്‍ പുരുഷ ശബ്ദങ്ങളും സ്ത്രീ ശബ്ദങ്ങളും തമ്മിലുള്ള അന്തരത്തെക്കാള്‍ പ്രകടമായിരുന്നു ഫ്രഞ്ച് കൊളോണിയല്‍ എഴുത്തും അള്‍ജീരിയന്‍ പെണ്‍സ്വരങ്ങളും തമ്മില്‍ ഉണ്ടായിരുന്നത്. അങ്ങേയറ്റം വര്‍ണ്ണ ശബളമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഫ്രഞ്ച് ഗദ്യത്തോട് തുലനം ചെയ്യുമ്പോള്‍ അറബ് സ്ത്രീയുടെ വാമൊഴി ആഖ്യാനങ്ങള്‍ ഏറെ കടുത്തതും സംക്ഷിപ്തവും ന്യൂനോക്തിയിലുള്ളതുമായിരുന്നു.

ഒരു സിംഫണിയുടെയും സംഗീത ശില്‍പ്പത്തെയും പോലുള്ള  പുസ്തകത്തിന്റെ ഘടന നോവലിസ്റ്റിന്റെ സ്വന്തം സ്വരം അള്‍ജീരിയന്‍ സ്ത്രീയുടെ പാരമ്പരാഗത സ്വരവുമായി ചേര്‍ന്ന് പോകുന്ന രീതിയില്‍ സമ്മിശ്രമാക്കുന്നു. തന്റെ സ്വരത്തെ അവരുടെതിനു മേല്‍ സ്ഥാപിക്കുന്നതിന് പകരം അതില്‍ ലയിപ്പിക്കുന്നതിലൂടെ തന്റെ ഭൂതകാലത്തിന്റെ മാതൃ ലോകത്തിനു അര്‍ച്ചന ചെയ്യുകയാണ് നോവലിസ്റ്റ്. അള്‍ജീരിയന്‍ സ്ത്രീകളുടെ ധീരോദാത്ത പ്രവര്‍ത്തികള്‍ക്ക് ആവിഷ്കാരം നല്‍കുന്ന വിവര്‍ത്തകയും എഴുത്തുകാരിയുമെന്ന നിലയില്‍ നോവലിസ്റ്റ് തന്റെ ഭൂതകാലത്തെ സ്ത്രീകളോടുള്ള ബന്ധം പുനസ്ഥാപിക്കുന്നത്തില്‍ വിജയിക്കുന്നു, ഒപ്പം പിതാവിന്റ കൈ പിടിച്ച് സ്കൂളില്‍ നടന്നു പോയ ആ ആദ്യ ദിനം വിട്ടുപോയ ലോകത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു.

 

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം രണ്ട് 

ലോഗോസ് ബുക്ക്സ് പേജ് 154 -161)


No comments:

Post a Comment