Featured Post

Tuesday, March 25, 2025

Beauty Is a Wound by Eka Kurniawan/ Annie Tucker

 

ഉടലധിനിവേശം, ദേശാധിനിവേശം




ഇന്തോനേഷ്യയുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും തനിമയുള്ള എഴുത്തുകാരന്‍’ എന്നും ‘അപ്രതീക്ഷിത താരോദയം’ എന്നും വിളിക്കപ്പെട്ട എകാ കുര്‍നിയാവാന്‍ ജനിക്കുന്നത് പോര്‍ച്ചുഗീസ് കോളനിയായിരുന്ന ചെറുരാജ്യമായ ഈസ്റ്റ് തിമൂര്‍ സ്വതന്ത്രമായ അതേ ദിവസം (ഡിസംബര്‍ ഏഴ്1975) ആയിരുന്നു എന്നതിലും തുടര്‍ന്നു പുതിയ യജമാനന്‍ ആയിത്തീര്‍ന്ന ജക്കാര്‍ത്തയുടെ ആധിപത്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇരുപത്തിരണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനു തുടക്കം കുറിച്ചതും അന്നേ ദിവസമായിരുന്നു എന്നതിലും അദ്ദേഹം ഏറെ അഭിമാനിക്കുന്നു (1)  ഗ്രാമീണ സ്ത്രീകളുടെയും വിദ്യാസമ്പന്നയായിരുന്ന മുത്തശ്ശിയുടെയും കഥാമാലികകള്‍ കേട്ടുവളര്‍ന്ന എകാപുരാണങ്ങളിലും നാടോടിക്കഥാ പാരമ്പര്യങ്ങളിലും ആകൃഷ്ടനായത്‌ സ്വാഭാവികമായിരുന്നു. ജക്കാര്‍ത്താ യൂണിവേഴ്സിറ്റി പഠന കാലത്ത് പഴയ പുസ്തകങ്ങളുടെ തെരുവുകളില്‍ നിത്യസന്ദര്‍ശകന്‍ ആയിത്തീര്‍ന്ന എകഫാക്കല്‍റ്റി ലൈബ്രറിയിലെ ശേഖരത്തില്‍ നിന്ന് ലോകസാഹിത്യത്തിലെ വമ്പന്‍ എഴുത്തുകാരുടെ കൃതികളില്‍ ആണ്ടു മുഴുകുന്നതും അക്കാലത്താണ്. ഇന്തോനേഷ്യന്‍ സാഹിത്യത്തിലെ കുലപതിയായ പ്രമോദ്യ അനന്ത തോയറെ (Pramoedya Ananta Toer) തന്റെ തീസിസിന് വിഷയമാക്കിയ എക പക്ഷെ തന്റെ എഴുത്തിനു ആ മാര്‍ഗ്ഗമല്ല സ്വീകരിച്ചത്: “ഏകാ കുനിയാവാന്‍ (Pangandaran, West Java Indonesia, 1975) ഇന്തോനേഷ്യയുടെ സങ്കീര്‍ണ്ണമായ സമീപകാല ചരിത്രം ഫിക് ഷനിലൂടെ നിരീക്ഷിക്കുന്ന ഒരെഴുത്തുകാരനാണ്. കുര്‍നിയാവാന്‍ മഹാനായ ഇന്തോനേഷ്യന്‍ എഴുത്തുകാരന്‍ പ്രമോദ്യ അനന്ത തോയറെ  കുറിച്ച് പഠനം നടത്തിയെങ്കിലും(അദ്ദേഹത്തിന്‍റെ) സോഷ്യല്‍ റിയലിസത്തില്‍ നിന്നു മുഖം തിരിക്കുകയും സ്വന്തം നൂതന ശൈലി വികസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കൃതികള്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനോടും ഹരൂകി മുറകാമിയോടും താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആദ്യത്തെ വലിയ നോവല്‍ Beauty Is a Wound (2002) ഒരേ സമയം ബഹളമയമായ ഒരു സറ്റയറുംഇതിഹാസമാനമുള്ള ഒരു കുടുംബ ട്രാജഡിയുമാണ്അത് അപൂര്‍വ്വമായി മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു: ഇന്തോനേഷ്യയുടെ നേരെയുണ്ടായ ഡച്ച് കൊളോണിയല്‍ ചരിത്രത്തിന്റെ ഭൌതികവും ലൈംഗികവുമായ വയലന്‍സ്ജപ്പാന്‍ അധിനിവേശംസുഹാര്‍ത്തോയുടെ കീഴിലുണ്ടായ ഏകാധിപത്യവും വംശീയോന്മൂലനവും. അദ്ദേഹത്തിന്‍റെ എഴുത്ത് ഫോക്ക് ലോര്‍ പാരമ്പര്യത്തിന്റെ ഘടകങ്ങള്‍വാമൊഴി ചരിത്രങ്ങള്‍മാജിക്കല്‍ റിയലിസംഇന്തോനേഷ്യന്‍ ആയോധന കല (martial arts), ഹൊറര്‍ കോമിക്കുകള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ജനങ്ങളുടെ ബഹുതല സ്പര്‍ശിയായ അനുഭവങ്ങള്‍ ആവിഷ്കരിക്കുന്നു. അദ്ദേഹത്തിന്‍റെ നോവലുകള്‍ചെറുകഥകള്‍ലേഖനങ്ങള്‍,   സിനിമാ തിരക്കഥകള്‍ഗ്രാഫിക് നോവലുകള്‍ എന്നിവ സാമൂഹിക വിലക്കുകളെ ഭേദിക്കുന്നു,   ഭീകരമായ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ അനാവരണം ചെയ്യുന്ന പ്രാദേശിക കഥകളെ രസകരമായി വ്യത്യസ്ത അനുവാചകരില്‍ എത്തിക്കുകയും ചെയ്യുന്നു.” (2) ബഹുമുഖ പ്രതിഭയായ എകാ കുര്‍നിയാവാനെ സംബന്ധിച്ച ഏറ്റവും സംക്ഷിപ്തമായ വിവരണം ഡച്ച് വിദേശ മന്ത്രാലയത്തിനു കീഴിലുള്ള Prince Claus Fundന്റെ വെബ്‌ സൈറ്റില്‍ നിന്നുള്ള ഈ ഖണ്ഡിക ആണെന്നു പറയാം.

എകാ കുര്‍നിയാവന്റെ കൂടുതല്‍ മുറുക്കവും ആഖ്യാന ഏകാഗ്രതയുമുള്ള Man Tiger (2004) ലെ കടുവക്ക് കൂടുതല്‍ അടുപ്പം ഭാരതീയ പുരാണേതിഹാസങ്ങളിലെ നരസിംഹ രൂപിയെ പോലുള്ള പൌരാണിക സങ്കല്‍പ്പങ്ങളോടാണ് എന്നും ആയിരക്കണക്കിനു കൊല്ലങ്ങള്‍ക്ക് മുമ്പേ ഇത്തരം സങ്കല്പങ്ങള്‍ പരിചിതമായിരുന്ന പാരമ്പര്യങ്ങളെ മാജിക്കല്‍ റിയലിസത്തിന്റെ തൊഴുത്തില്‍ കെട്ടുന്നത് ഇന്തോനേഷ്യന്‍ സാഹിത്യത്തിന്റെ തനിമയെ  അംഗീകരിക്കാനുള്ള യൂറോകേന്ദ്രിത (Eurocentric) വിമുഖതയാണ്‌ എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (3).  എന്നാല്‍ Man Tigerല്‍ നിന്ന് വ്യത്യസ്തമായി ‘മാജിക്കല്‍ റിയലിസം’ എന്ന സാഹിതീയ ശൈലിയോട് ചേര്‍ത്തു തന്നെയാണ് Beauty Is a Wound എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത്.

 

ക്യൂബന്‍ നോവലിസ്റ്റ് അലെയോ കാര്‍പ്പെന്റിയറുടെ (Alejo Carpentier) രചനാ രീതിയെ വിവരിക്കാന്‍ വേണ്ടി 1940കളില്‍ ആദ്യമായി സാഹിത്യത്തില്‍ ഉപയോഗിക്കപ്പെട്ട മാജിക്കല്‍ റിയലിസം എന്ന പദംഗ്വാട്ടിമാലയുടെ മിഹെല്‍ ആംഗല്‍ അസ്തൂറിയസ് (Miguel Angel Asturias), കൊളംബിയയുടെ മാര്‍ക്കേസ്ബ്രസീലിന്റെ ഹോര്‍ഹെ അമാദു (Jorge Amado), അര്‍ജന്റിനയുടെ ബോര്‍ഹെസ് (Jorge Luis Borges), ഹൂലിയോ കോര്‍ത്തസര്‍ (Julio Cortazar), ചിലിയുടെ ഇസബെല്‍ അയന്‍ഡേ (Isabel Allende) തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ കൃതികളുടെ പഠനങ്ങളിലൂടെയാണ് സാഹിത്യ നിരൂപണത്തിലെ ഏറ്റവും പ്രിയങ്കരമായ ഒരു ‘നാണയം’ ആയി മാറിയത്. ഈ എഴുത്തുകാരുടെ കൃതികള്‍ ലാറ്റിന്‍ അമേരിക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍അവയുടെ ദുരൂഹതകള്‍/ അവ്യക്തതകള്‍, സങ്കീര്‍ണ്ണതകള്‍, എന്നിവയെ ആവിഷ്കരിക്കാനും മനസ്സിലാക്കാനും കഴിയുന്ന വിപ്ലവകരമായ ഒരു മാറ്റത്തിന് നാന്ദി കുറിച്ചു. ഒപ്പംപോസ്റ്റ്‌കൊളോണിയല്‍ ചരിത്ര പ്രക്രിയകളുടെയും ദേശനിര്‍മ്മിതിയുടെയും നിശിത നിരീക്ഷണവും അവയുടെ ചരിത്രപരമായ ദൌത്യം തന്നെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ആഗോള വായനാ സമൂഹത്തിന്റെ ഇഷ്ട വിഹാര മേഖലയായി മാറുന്നതില്‍ മാജിക്കല്‍ റിയലിസം വഹിച്ച പങ്ക് അദ്വിതീയമാണ്. ലാറ്റിന്‍ അമേരിക്കന്‍ ദേശങ്ങളില്‍ നിന്ന് അതിരുകള്‍ക്കപ്പുറത്തെക്ക് വ്യാപിച്ച ആദ്യ ആഖ്യാന രീതി എന്ന പദവി സാഹിത്യ പഠിതാക്കള്‍ ഈ ആവിഷ്കാര രീതിക്ക് നല്‍കുകയും ചെയ്യുന്നു. “റിയലിസത്തിന്റെ ഉപാധികളെ വൈചിത്ര്യത്തിന്റെ ഘടകങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നതില്‍, ചരിത്രത്തോടും ചരിത്രബാഹ്യമായും മിത്തുകളെയും പുരാണ ഇതിഹാസ കഥകളെയും തുന്നിച്ചേര്‍ക്കുന്നതില്‍ഒപ്പം പ്രാന്തവല്‍കൃതകീഴാള വീക്ഷണങ്ങളെ ഉള്‍കൊള്ളാനുള്ളാനകുന്നതില്‍ഈ ആഖ്യാന രീതിക്ക് ഒരു ആഗോള സാഹിതീയ വിനിമയോപാധിയകാനുള്ള കഴിവ് ലഭിച്ചുഅത് ഒട്ടേറെ ബാഹ്യ ഇടങ്ങളിലേക്ക് അതിനെ വ്യാപിപ്പിക്കുകയും ഒട്ടേറെ ചരിത്രപരവും പ്രത്യശാസ്ത്രപരവുമായ അജണ്ടകളെ സേവിക്കുകയും ചെയ്തു.” (4). ഇന്നുംദേശനിര്‍മ്മിതിയുടെ സങ്കീര്‍ണ്ണവും ചരിത്രപരവുമായ പോസ്റ്റ്‌കൊളോണിയല്‍ പ്രക്രിയകളെ ആവിഷ്കരിക്കാന്‍ എഴുത്തുകാര്‍ മാജിക്കല്‍ റിയലിസത്തെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.

“ഡച്ച് കൊളോനിയലിസത്തിന്റെ അന്ത്യ നാളുകള്‍ തൊട്ട്ജാപ്പനീസ് അധിനിവേശ ഘട്ടത്തിലൂടെ, 1945-49 കാലത്തെ വിപ്ലവംഅമ്പതുകളിലെ ഇസ്ലാമിക കലാപംഇന്തോനേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉയര്‍ച്ചയും ചോരയില്‍ കുളിച്ച തകര്‍ച്ചയും, സുഹാര്‍ത്തോ ഏകാധിപത്യത്തിന്റെ ആദ്യ നാളുകളും എന്നിങ്ങനെ ഒരു അര്‍ദ്ധ ചരിത്ര നോവലാണ്‌ Beauty Is a Wound. എന്നാല്‍ പശ്ചാത്തലം ദേശീയമോപ്രാദേശികം പോലുമോ അല്ലഅത് ഇന്ത്യന്‍ മഹാസമുദ്രത്തോടടുത്തുള്ള പേരു പറയുന്നില്ലാത്ത ഒരു ചെറു പട്ടണമാണ്. ഇവിടെ ഒന്നും രേഖപ്പെടുത്തപ്പെട്ടതല്ല, എല്ലാം മാജിക്ക്പരമ്പരാഗതവും കല്‍പ്പിതവുമായ പുരാണങ്ങള്‍കെട്ടുപിണഞ്ഞ വാമൊഴി ചരിത്രങ്ങള്‍ എന്നിവയാല്‍ നിബിഡമാണ്.” (Anderson, Benedict). കഥകള്‍ചരിത്രംപുരാണങ്ങള്‍ഇതിഹാസ പാത്രങ്ങള്‍പരേതാത്മാക്കള്‍ എന്നിവയെല്ലാം കൂടിക്കലരുന്ന, യാഥാര്‍ത്ഥ്യവും അതീതതലങ്ങളും ഒന്നാകുന്ന, എന്നാല്‍ എല്ലാത്തിനുമൊപ്പം ദേശത്തിന്റെ ദുര്‍വ്വിധികളുടെ ചരിത്രഭാരം പ്രതിവര്‍ത്തിക്കുന്ന ആഖ്യാനം സ്വയംപ്രകാശനത്തിനു സ്വാഭാവികമായും കണ്ടെത്തുന്ന രീതിയായി മാജിക്കല്‍ റിയലിസം മാറുകയാണ്‌ ഇവിടെ.

“മാര്‍ച്ചിലെ ഒരു അവധിദിന സായാഹ്നത്തില്‍ഇരുപത്തിയൊന്നു വര്‍ഷക്കാലം മരിച്ചുകിടന്ന ശേഷം ദേവി അയു അവളുടെ കുഴിമാടത്തില്‍ നിന്ന് എണീറ്റു. ജെണ്ടുമല്ലി മരത്തിനു ചുവടെ ഉച്ചമയക്കത്തില്‍ നിന്നുണര്‍ന്ന ഇടയ ബാലന്‍ തന്റെ ട്രൌസറില്‍ മുള്ളി അലറിക്കരഞ്ഞുഅവന്റെ നാല് ആടുകള്‍ അവക്കിടയിലേക്ക് ഒരു കടുവയെ എടുത്തെറിയപ്പെട്ട പോലെ കല്ലുകള്‍ക്കും മരക്കുഴിമാടങ്ങള്‍ക്കും ഇടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു.”

വിചിത്രമായ ഈ വിവരണത്തോടെയാണ് ആനീ ടക്കര്‍ മനോഹരമായി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത നോവല്‍ തുടങ്ങുന്നത്. പാതി ഡച്ച്പാതി ഇന്തോനേഷ്യന്‍ ജനിതകമുള്ള മുന്‍ അഭിസാരിക അത്രയും കാലത്തിനു ശേഷം ഹാലിമുണ്ട തെരുവിലൂടെ നടക്കുന്നു. കുടുംബത്തെ ശപിക്കുകയും തന്റെ പെണ്മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കും ഒടുങ്ങാത്ത ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ഒരു കൊളോണിയല്‍കാല പ്രേതാത്മാവിനോട്‌ പകരം ചോദിക്കുക എന്നതാണ് അവളുടെ പുനര്‍ജ്ജനിയുടെ ഉദ്ദേശം. ആദ്യപകപ്പിനപ്പുറം അവളോട്‌ ചങ്ങാത്തത്തിലാകുന്ന പട്ടണവാസികള്‍ അവളോട് ചോദിക്കുന്നുണ്ട്: “മരിക്കുക എന്നാല്‍ എന്താണ് അനുഭവം?” അവളുടെ ഉത്തരവും വിചിത്ര ഗാംഭീര്യം തികഞ്ഞതാണ്: “സത്യത്തില്‍ അത് നല്ല രസമാണ്. അതുകൊണ്ടാണ് മരിച്ചുപോകുന്നവരില്‍ ഒരാള്‍ പോലും തിരിച്ചുവരാന്‍ ശ്രമിക്കാത്തത്.” തുടര്‍ന്ന് കാലത്തില്‍ മുന്നോട്ടും പിറകോട്ടുമായി ചലിക്കുന്ന കഥദേവി അയുവിന്റെയും അലമാന്‍ഡാ, അദിന്‍ദാ, മായാ ദേവിബ്യൂട്ടി എന്നീ മക്കളുടെയും ഹാലിമുണ്ടയുടെയും ചരിത്രം ചികയാന്‍ തുടങ്ങുന്നു. ഫോക്നറുടെ യോക്നാപടോഫ കൌണ്ടിയെയും മാര്‍ക്കേസിന്റെ മക്കൊണ്ടോയെയും ഓര്‍മ്മിപ്പിക്കുന്നു ഹാലിമുണ്ട. ഇന്തോനേഷ്യയുടെ സ്ഥാപകനായി പുരാണങ്ങള്‍ വിവരിക്കുന്ന, ശുനകനെ വിവാഹം ചെയ്തു ഹാലിമുണ്ടയില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യന്‍ രാജകുമാരന്‍ റെംഗാനിസിന്റെ കഥമുതല്‍ ഇന്തോനേഷ്യന്‍ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ നോവല്‍ പിന്തുടരുന്നു: ഡച്ച് കൊളോണിയല്‍ അധികൃതരെ പുറത്താക്കുന്നത്ജാപ്പനീസ് പീഡന ക്യാമ്പുകള്‍, 1945ലെ സ്വാതന്ത്ര്യ പ്രഖ്യാപനം, 1965ലെ കമ്യൂണിസ്റ്റ് കൂട്ടക്കുരുതികള്‍എന്നിങ്ങനെ തൊണ്ണൂറുകളിലെ രാഷ്ട്രീയ കാലുഷ്യങ്ങള്‍ വരെ ചരിത്ര ഘട്ടങ്ങള്‍ ദേവി അയുവിന്റെയും സന്തതികളുടെയും ജീവിത പരമ്പരകളുമായി കെട്ടുപിണയുന്നു. ദേവി അയുവിന്റെ പെണ്മക്കളുടെ ഭര്‍ത്താക്കന്മാരില്‍ ജാവാനീസ് പുരാണങ്ങളുടെ ഛായകള്‍ സുവ്യക്തവുമാണ്.     

പതിനാറാം വയസ്സിലാണ് അഭൗമ സൌന്ദര്യത്തിന്റെ ഉടമയായ ദേവി അയു സമൂഹത്തില്‍ നിന്നകന്നു കഴിയുന്ന മാ ഗെദിക് എന്ന പ്രായമായ വ്യക്തിയെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുന്നത്‌. ഇതിനെക്കാള്‍ വിചിത്രമായിരുന്നു അയാള്‍ അത് നിരസിക്കാനുള്ള കാരണം. ഇനിയൊരു വിവാഹം കഴിക്കില്ലെന്ന അയാളുടെ പ്രതിജ്ഞക്കു പിന്നില്‍ ആകാശത്തേക്ക് പറന്നുയര്‍ന്നു അപ്രത്യക്ഷയായ അയാളുടെ ജന്മാന്തര പ്രണയം മാ ഇയാങ്ങിന്റെ ദുരന്തമായിരുന്നു. നോവലില്‍ വിവരിക്കുന്ന, ആ പുരാവൃത്തം പട്ടണത്തിനു അതിരിട്ട രണ്ടു കുന്നുകളുടെ പേരുകളുമായും ഹാലിമുണ്ടയുടെ സ്ഥാപനവുമായും ബന്ധപ്പെട്ടതാണ്. ഒരുമിച്ചുവളര്‍ന്നു പ്രണയ പ്രതിഞ്ഞയെടുത്ത ഇണകളില്‍ സുന്ദരിയായ ഇളംതരുണി ഡച്ച് കൊളോണിയല്‍ യജമാനന്റെ കണ്ണില്‍പ്പെടാന്‍ ഇടയായതാണ് ദുരന്ത നിമിത്തമായത്. പ്രഭുവിന്റെ വെപ്പാട്ടിയായി അന്തപുരത്തിലേക്ക് കൊണ്ടുപോകപ്പെടുമ്പോള്‍ മാ ഇയാങ്ങ് നല്‍കുന്ന വാക്കാണ്‌പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ലമുകളില്‍ വെച്ചു മാ ഗെദിക്കുമായി സംഗമിക്കാം എന്ന്. പ്രഭുവിന്റെ കൈകള്‍ തങ്ങളുടെ പുനസമാഗമം തടയുമെന്നുറപ്പാകുന്ന ഘട്ടത്തില്‍ യുവതി പറക്കാന്‍ തീരുമാനിക്കുന്നു:

“മാ ഇയാങ്ങിനോട് പറഞ്ഞ വാക്കു പാലിക്കാന്‍ വേണ്ടി, സൂര്യ കിരണങ്ങള്‍ മുത്തുകള്‍ പോലെ തിളങ്ങുന്ന വിയര്‍പ്പു തുള്ളികളില്‍ കുളിച്ച നഗ്നമായ ഉടലോടെ മാ ഇയാങ്ങ് കുതിച്ചുതാഴെ താഴ് വാരത്തിലേക്ക് പറന്നുഇറങ്ങിവരുന്ന കോടമഞ്ഞില്‍ മറഞ്ഞു... എല്ലാവരും അവള്‍ക്കായി തിരഞ്ഞുഡച്ചുകാരനും വേട്ടനായ്ക്കളും ഉള്‍പ്പടെ.. മാ ഇയാങ്ങിനെ പിന്നെയൊരിക്കലും ജീവനോടെയോ അല്ലാതെയോ കണ്ടുകിട്ടിയില്ലഒടുവില്‍ എല്ലാവരും വിശ്വസിച്ചു സ്ത്രീ പറന്നേ പോയ്ക്കളഞ്ഞെന്നു. ഡച്ചുകാരന്‍ അത് വിശ്വസിച്ചുഅതുപോലെത്തന്നെ മാ ഗെദിക്കും. പിന്നീട് ബാക്കിയായത് പാറകള്‍ നിറഞ്ഞ ആ കുന്ന് മാത്രമായിരുന്നു, ആളുകള്‍ ആകാശത്തേക്ക് പറന്നുപോയ സ്ത്രീയുടെ പേര് അതിനിട്ടു. മാ ഇയാങ്ങ് കുന്ന്.” (P.39).

മാ ഗെദിക്കിന്റെ ദുരന്തത്തിനു നോവലില്‍ സൂചിതമാകുന്ന ഇന്തോനേഷ്യന്‍ ചരിത്രത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ട്. മാ ഇയാങ്ങിനെ നഷ്ടപ്പെടുന്നതിന്റെ വേദനയും രോഷവുമാണ് ദേവി അയുവിന്റെയും കുടുംബത്തിന്റെയും മേല്‍ പതിക്കുന്ന അയാളുടെ ശാപത്തിന് നിദാനം. ഒരു നൂറ്റാണ്ടിന്റെ ലൈംഗിക കടന്നു കയറ്റങ്ങളും വയലന്‍സും മരണങ്ങളുമാണ്തന്റെ ജീവിതം തുലച്ച ഡച്ച് കൊളോണിയലിസത്തിനുള്ള ശിക്ഷയെന്നോണം അയാള്‍ പാതി ഡച്ചുകാരിയായ അയുവിനും പിന്‍ഗാകള്‍ക്കും വിധിക്കുന്നത്. മാ ഗെദിക്കിന്റെ പ്രേതാത്മാവിനെ നേരിടാനും തന്റെ താവഴിയുടെ ശാപത്തിന് അന്ത്യം കുറിക്കാനുമാണ് ദേവി അയുവിന്റെ പുനരാഗമനം.

ഇതിവൃത്തം വികസിക്കുമ്പോള്‍ദേവി അയുവിന്റെ താവഴിയും ഇന്തോനേഷ്യയുടെ കലുഷിതമായ ചരിത്രവും തമ്മിലുള്ള സമാന്തരങ്ങള്‍ വായനക്കാര്‍ക്ക് വ്യക്തമയിത്തുടങ്ങും. ആദ്യമത് ദേവി അയുവിന്റെ നാലുമക്കളുടെ പിറവിയുടെ സാഹചര്യങ്ങള്‍ കേന്ദ്രീകരിക്കുന്നുപിന്നീട് അതേ മക്കളുടെ കഥകളിലേക്കും. അങ്ങനെ നോവല്‍ ഒരേസമയം തലമുറകളുടെ ഇതിഹാസവും ഒപ്പം കൊളോണിയല്‍പോസ്റ്റ്‌കൊളോണിയല്‍ ഇന്തോനേഷ്യന്‍ ഇതിഹാസവും ആയിത്തീരുന്നു.

ദേവി അയുവിന്റെ മക്കളില്‍ ആരുംതന്നെ പ്രണയത്തിന്റെ സന്തതികളായിരുന്നില്ല. കാമാര്‍ത്തികീഴടക്കല്‍പ്രതികാരം തുടങ്ങിയതെല്ലാമുണ്ടെങ്കിലും യഥാര്‍ത്ഥ ആകര്‍ഷണം ഒട്ടുമേയില്ല. അവരുടെ ജന്മ മുഹൂര്‍ത്തങ്ങള്‍ ഇന്തോനേഷ്യന്‍ ചരിത്രത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളുടെ പ്രതീകങ്ങളാണ്. ആദ്യ മകള്‍ അലമാന്‍ഡാ ജാപ്പനീസ് പീഡന ക്യാമ്പിലെ സൈനികന്റെ സന്തതിയെന്ന നിലയില്‍ ജാപ്പനീസ് അധിനിവേശത്തിന്റെ വയലന്‍സിന്റെയും ഇന്തോനേഷ്യന്‍ സ്ത്രീത്വത്തിനു നേരെ നടമാടിയ ലൈംഗിക അത്യാചാരങ്ങളുടെയും ബാക്കിപത്രമാണ്. അദിന്‍ദായാകട്ടെജാപ്പനീസ് അധിനിവേശം പിന്‍വാങ്ങിയ ഘട്ടത്തില്‍ ഇന്തോനേഷ്യന്‍ ഗറില്ലാ പോരാളിയുമായുണ്ടായ ബന്ധത്തില്‍ പിറന്നവള്‍. മായാ ദേവിയുടെ ജനനം മാമാ കലോങ്ങിലെ വേശ്യാലയത്തില്‍ പ്രദേശ വാസികളെയും സൈനികരേയും സ്വീകരിച്ചിരുന്ന ഘട്ടത്തിലാണ്. ദേവി അയുവിന്റെ സൗന്ദര്യവും ആകര്‍ഷണീയതയും വ്യത്യസ്ത ശക്തികള്‍ അധീനപ്പെടുത്തന്‍ ശ്രമിച്ച ദേശത്തിന്റെ സമ്പന്നതയുടെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമാണ്‌. ദേവി അയുവിന്റെ മക്കളുടെ കാല്‍പ്പനിക ബന്ധങ്ങളും അതിന്റെ തുടര്‍ച്ചയാണ് എന്നു കാണാം. “ദേവി അയു ദേശത്തിന്റെ പ്രതീകമാണെങ്കില്‍അവളുടെ താവഴി ഇന്തോനേഷ്യയെ ഒരു ആധുനിക സ്റ്റേറ്റ് ആക്കുന്നതിലേക്ക് നയിച്ച ചരിത്ര സംഭവങ്ങളുടെ രൂപകങ്ങള്‍ പോലെ കാണപ്പെടുന്നു.” (Ramírez, Marco). അലമാന്‍ഡാ – ക്ലിവോണ്‍ - ഷോദാന്‍ചോ ത്രികോണ പ്രേമം ഇതിനുദാഹരണമാണ്. തന്റെ സൗന്ദര്യത്തിന്റെ ശക്തിയില്‍ നല്ല വിശ്വാസമുണ്ടായിരുന്ന അലമാന്‍ഡാ ആണുങ്ങളെ എമ്പാടും കറക്കിയെടുക്കുന്നു. ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ മകനായ ക്ലിവോണ്‍ സുമുഖനും ബുദ്ധിമാനുമമായ ചെറുപ്പക്കാരനാണ്. അവരുടെ പ്രണയം സുന്ദരിയും വീരനായകനുമെന്ന പള്‍പ്പ് ഫിക് ഷന്‍ ചേരുവയില്‍ ഒട്ടു കുറഞ്ഞതല്ല. അമ്പതുകളില്‍, ‘ദേശീയതമതംകമ്യൂണിസം’ എന്ന ത്രിത്വം അടിസ്ഥാനമാക്കിയുള്ള സുകാര്‍ണോയുടെ നിയന്ത്രിത ഡെമോക്രസി (“Guided Democracy) സങ്കല്പം ഉറച്ചുവരുന്ന കാലത്ത്ദേശത്തിന്റെ വംശീയ സങ്കരത്തിന്റെ പ്രതീകമായ ‘പാതി ജാപ്പനീസ്പാതി ഡച്ച്, ഒരിത്തിരി ഇന്തോനേഷ്യന്‍’   ജനിതകമുള്ള സുന്ദരിയും പ്രത്യയശാസ്ത്ര പതാക വാഹകനാകാന്‍ കഴിയുന്ന കമ്യൂണിസ്റ്റ് ചെറുപ്പക്കാരനും തമ്മിലുള്ള ബാന്ധവം ഒരു സാധ്യതയായിരുന്നു. 1965ല കമ്യൂണിസ്റ്റുകള്‍ക്കെതിരെ അരങ്ങേറിയ കൂട്ടക്കുരുതികള്‍ക്കു മുമ്പ് സോവിയറ്റ് യൂണിയനും ചൈനക്കും പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്തോനേഷ്യയില്‍ ആയിരുന്നു എന്നത് പ്രധാനമാണ്. എന്നാല്‍ആ സാധ്യതയല്ല ഇന്തോനേഷ്യന്‍ ചരിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത് എന്നത്നോവലിലെ കഥാപാത്രങ്ങളുടെ വിധിവിഹിതങ്ങളെയും ബാധിക്കുന്നു. അഞ്ചുവര്‍ഷത്തിനകം തിരികെ വരാമെന്ന ഉറപ്പില്‍ ജക്കാര്‍ത്തയില്‍ ഉപരിപഠനത്തിനു പോകുന്ന കമിതാക്കള്‍ക്കിടയില്‍ മാ ഗെദിങ്ങ് – മാ ഇയാങ്ങ് ദുരന്തം മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുന്നു. പഴയ ജാപ്പനീസ് വിരുദ്ധ ഗറില്ല പോരാളികളുടെ നായകനായിരുന്ന ഷോദാന്‍ചോഅലമാന്‍ഡായില്‍ അനുരക്തനകുന്നതാണ് വിചിത്രമായ ഒരാവര്‍ത്തനത്തില്‍ മറ്റൊരു ബാലാല്‍ക്കാരത്തിലേക്കും തടഞ്ഞുവെക്കലിലേക്കും വിചിത്രമായ പെണ്‍പ്രതികാരത്തിലേക്കും നയിക്കുക. പഴയ മാ ഇയാങ്ങില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ആണുങ്ങളെ ഇത്തിരി വട്ടം കറക്കുന്ന അലമാന്‍ഡായുടെ പ്രകൃതം ഷോദാന്‍ചോയെ ഒരു പരിധി വരെ ന്യായീകരിക്കുന്നുണ്ട്‌ എന്നും തോന്നാം. അതെന്തായാലും, കന്യാകവചം ധരിച്ചു പ്രതികാരം ചെയ്യുന്ന അലമാന്‍ഡാകമ്യൂണിസ്റ്റ് വേട്ടയുടെ നാളുകളില്‍ ക്ലിവോണിനെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി അതഴിച്ചുവെച്ചു അയാള്‍ക്ക് കീഴടങ്ങാം എന്നാണ് ഭര്‍ത്താവിനെ ബ്ലാക്ക് മെയില്‍ ചെയ്യുക:

 “ഞാന്‍ (കന്യാകവചം അഴിയാനുള്ള) മന്ത്രം ചൊല്ലാംഎന്റെ സ്നേഹം നിനക്കു തരാംആ മനുഷ്യന്‍ ജീവിക്കുമെന്ന് നീയെനിക്ക് ഉറപ്പു തന്നാല്‍.”

ക്ലിവോണിനെ രക്ഷിക്കുന്നതിലൂടെ അലമാന്‍ഡാ രക്ഷിക്കുന്നത് ‘ഹാലിമുണ്ട തന്നെയയിരുന്ന മനുഷ്യനെ’ ആയിരുന്നു എന്ന് നോവലിസ്റ്റ് എഴുതുന്നു. സമൂഹത്തിന്റെ വലിയൊരു ഭാഗവും വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടതുമായിരുന്ന ഒരു വിഭാഗത്തിന്റെ പുനരേകീകരണ/ സമന്വയ ശ്രമമായി ഇതിനെ കാണാം. ദേവി അയു കുടുംബം ദേശത്തിന്റെ രൂപകം എന്ന പ്രകാരത്തില്‍ അത് മുഴുവനാകുകവൈകാതെകുട്ടിക്കാലം മുതലേ ക്ലിവോണിനെ മോഹിച്ചിരുന്ന അദിന്‍ദായെ അയാള്‍ വിവാഹം ചെയ്യുമ്പോഴാണ്.

അലമാന്‍ഡായുടെയും അദിന്‍ദായുടെയും വൈവാഹിക ദുരന്തങ്ങള്‍ നല്‍കുന്ന പാഠം മായാദേവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ ദേവി അയുവിനെ സ്വാധീനിക്കുന്നു. അക്കാലത്തെ സ്വന്തം പാര്‍പ്പുകാരന്‍ ആയിരുന്ന മമാന്‍ ഗെന്‍ഡങ്ങിനെ കൊണ്ട് മായ ദേവിയെ വിവാഹം കഴിപ്പിക്കുന്നത് അങ്ങനെയാണ്. മനമില്ലാമാനസ്സോടെ പന്ത്രണ്ടുകാരിയെ വിവാഹം ചെയ്യാന്‍ അയാള്‍ നിബന്ധനവെക്കുന്നു: പതിനേഴു തികയും വരെ വിവാഹബന്ധം ശാരീരിക തലത്തില്‍ എത്തില്ല എന്നതാണ് അത്. വൈചിത്ര്യങ്ങളുടെ നൈരന്തര്യത്തില്‍ നോവലിലെ ഏറ്റവും പൊരുത്തമുള്ള ബന്ധമായിത്തീരുന്നത് ഇതാണ്. ജാപ്പനീസ് അധിനിവേശ കാലത്ത് ജനകീയ സൈന്യത്തില്‍ വീറോടെ പോരാടിയ മമാന്‍ ഗെന്‍ഡങ്ങ് ഇന്തോനേഷ്യയുടെ പരിണാമത്തിന്റെ പ്രതീകമാണ്‌. അലച്ചിലിന്റെയും അത്ഭുത പ്രവര്‍ത്തികളുടെയും പരിവേഷമുള്ള അയാള്‍ പുരാണത്തിലെ റെഗാനിസ് രാജകുമാരിയുടെ ഐതിഹാസിക സൗന്ദര്യം അന്വേഷിക്കുകയാണ് എന്ന് വിശ്വസിക്കപ്പെട്ടു. രാജകുമാരി നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയി എന്ന അറിവാണ് അയാളെ ആ സൌന്ദര്യത്തിന്റെ പുനരവതാരമായ ദേവി അയുവില്‍ എത്തിക്കുന്നത്. ആ നിലക്ക് അയാള്‍ ഇന്തോനേഷ്യയുടെ പുരാണപ്രോക്തമായ ഭൂതകാലവും ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രപരമായ പരിണാമങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നു. നോവലന്ത്യത്തില്‍,   തന്റെ കുഞ്ഞിന്റെ ദുരന്തപൂര്‍ണ്ണമായ മരണത്തെ തുടര്‍ന്നു തന്റെ ആത്മീയ ഏകാന്തതയിലേക്ക് പിന്‍വാങ്ങുന്ന മമാന്‍ ഗെന്‍ഡങ്ങ് ഭാരത കഥയിലെ അര്‍ജ്ജുനനെ ഓര്‍മ്മിപ്പിക്കുന്നു.

സ്ത്രീ കഥാപാത്രങ്ങളെ വ്യക്തമായി ചിത്രീകരിച്ചിട്ടുള്ള നോവലില്‍ അവരാണ് ഏറ്റവും കരുത്തുറ്റ ശക്തിയും. എന്നാല്‍ അവര്‍ക്ക് ലൈംഗിക കാമനയുടെ തടവിലായ, മിക്കവാറും അക്രമികളായ ഗുണ്ടകള്‍ മാത്രമായ പുരുഷന്റെ മൃഗീയതയോട് പൊരുതാനാകില്ല. ദേശത്തിന്റെ വിധിപോലെത്തന്നെ തോറ്റുപോകുന്ന പെണ്‍വിധിയുടെ വേദന, നോവലിന്റെ തലക്കെട്ടിന്റെ ഭാരിച്ച ഐറണിയുടെ ഉത്ഭവമായ ദേവി അയുവിന്റെ നാലാമത് മകളിലാണ് ക്രൂരമായി പൂര്‍ണ്ണമാകുന്നത്. ദേവി അയുവും താവഴിയും ലൈംഗിക ചൂഷണത്തിനും വേശ്യാവൃത്തിക്കും ശപിക്കപ്പെട്ടവരായിരിക്കെമൂത്ത മൂന്നു മക്കളും തന്റെ അതേ വിധിയില്‍ നിപതിക്കുന്നത് കണ്ടതാണ് വിചിത്രമായ ഒരു ശാപം തന്റെ തന്നെ ഗര്‍ഭസ്ഥ ശിശുവിന് നല്‍കാന്‍ ദേവി അയുവിനെ പ്രേരിപ്പിക്കുന്നത്: തന്റെ മരണത്തിന്റെ വെറും പന്ത്രണ്ടു ദിവസം മുമ്പ് ജനിക്കുന്ന അവള്‍ ഒരാളും തിരിഞ്ഞുനോക്കാനിടയില്ലാത്ത വിധം വിരൂപയായിരിക്കണം എന്ന ശാപം. അവള്‍ക്കാണ് ‘ബ്യൂട്ടി’ എന്ന് പേരു നല്‍കുന്നത്: “കൊടും ചൂടിലെ നായ്ക്കളെപ്പോലെ വൃത്തികെട്ട ആണുങ്ങളുടെ ലോകത്ത് സുന്ദരിയായ ഒരു പെണ്ണിനു ജന്മം നല്‍കുന്നതിലും ഭീകരമായ ഒരു ശാപവുമില്ല.” എന്നാല്‍ മൃതിയുടെ ലോകത്തു നിന്ന് തിരികെയെത്തുന്ന ദേവി അയു കാണുക ബ്യൂട്ടിക്ക് ഒരു നിഗൂഡ കാമുകനുണ്ട് എന്നതാണ്. എല്ലാവരെയും മോഹിപ്പിക്കാന്‍ കഴിയുക എന്നത് ദേശത്തിനു ശുഭകരമല്ല എന്നത് ഒരു പോസ്റ്റ്‌കൊളോണിയല്‍ തിരിച്ചറിവു കൂടിയാണ്. ‘വിഭവശാപം’ (resource curse/ paradox of plenty) (5). എന്ന ദുര്‍വ്വിധിയാണ് കൊളോണിയല്‍ ചൂഷണത്തിനും അധിനിവേശ ദുരന്തങ്ങള്‍ക്കും നിമിത്തമായത് എന്നത് സുവിദിതമാണല്ലോ. ഇന്തോനേഷ്യ പോലെഇതര ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളെ പോലെ ദുര്‍വ്വിധികളുടെ നേരിപ്പോടുകളായ ദേശങ്ങളിലേക്ക് എന്തുകൊണ്ട് വമ്പന്‍ സാമ്രാജ്യത്വങ്ങള്‍ മത്സരിച്ചു കടന്നുവന്നു എന്ന ചോദ്യത്തിന് ആദ്യത്തെയും അവസാനത്തെയും ഉത്തരം അതിലടങ്ങിയിരിക്കുന്നു. ‘പെണ്ണും മണ്ണും’ എന്ന അധിനിവേശ സമവാക്യത്തില്‍ മകള്‍ ജുഗുപ്സ ഉയര്‍ത്തുംവിധം വിരൂപയായിക്കിട്ടാന്‍ പ്രാര്‍ഥിക്കുന്ന അമ്മ ഒട്ടേറെ ഭൌമാരാഷ്ട്രീയ പരിഗണനകളുടെ പ്രതീകമാണ്.    

നൂറുല്‍ ഐനിറെന്‍ഗാനിസ് ദി ബ്യൂട്ടിഫുള്‍ക്രിസന്‍ എന്നിങ്ങനെ യഥാക്രമം അലമാന്‍ഡാ-ഷോദാന്‍ചോമായ ദേവി-മമാന്‍ ഗെന്‍ഡങ്ങ്അദിന്‍ദാ-കോമ്രേഡ് ക്ലിവോണ്‍ ജോടികള്‍ക്ക് ജനിക്കുന്ന മൂന്നാം തലമുറയില്‍ എത്തുമ്പോള്‍,  മുന്‍തലമുറ ഉണ്ടാക്കിയ മുറിവുകള്‍ ഉണക്കുക എന്ന ദൌത്യമുണ്ട്. നൂറുല്‍ ഐനി ജനിച്ചപ്പോള്‍ തങ്ങള്‍ക്കിടയിലെ ശത്രുത മറന്ന് ഷോദാന്‍ചോമമാന്‍ ഗെന്‍ഡങ്ങിനെ ആശീര്‍വ്വദിക്കുന്നു: “കസിനുകള്‍ നല്ല സുഹൃത്തുക്കള്‍ ആയിത്തീരുമെന്നു ഞാന്‍ ആശിക്കുന്നു.” റെന്‍ഗാനിസിനെയും നൂറുല്‍ ഐനിയെയും ഒരേ കിന്റര്‍ഗാര്‍ട്ടെനില്‍ ചേര്‍ക്കാമെന്നു ഷോദാന്‍ചോ സമ്മതിക്കുന്നു. പന്ത്രണ്ടു നാള്‍ക്കകംകോമ്രേഡ് ക്ലിവോണ്‍ പ്രവചിച്ചിരുന്ന പോലെ ക്രിസന്‍ ജനിക്കുമ്പോള്‍ ഇതേ സൌഭ്രാത്രത്തിന്റെ പ്രതീക്ഷ മമാന്‍ ഗെന്‍ഡങ്ങും പങ്കുവെക്കുന്നു:

“അഭിനന്ദനങ്ങള്‍കോമ്രേഡ്നമ്മളില്‍ നിന്നു വ്യത്യസ്തരായി നിന്റെ കുഞ്ഞിനും എന്റെ കുഞ്ഞിനും നല്ല കൂട്ടുകാരാവാന്‍ കഴിയും എന്ന് ഞാന്‍ ആശിക്കുന്നു – ഒരു പക്ഷെ പ്രണയ ജോഡികള്‍ പോലും.”

ഈ കുട്ടികളില്‍ എത്തുമ്പോള്‍ ദേശനിര്‍മ്മിതിയുടെയല്ലമറിച്ച് ജനതകളുടെ സമന്വയമാണ് ഉറ്റുനോക്കാനുള്ളത്. എന്നാല്‍ ദേശ ചരിത്രം പോലെത്തന്നെ നോവലിന്റെ ഇതിവൃത്തവും അത്ര ശുഭകരമായ ചാലുകളിലേക്കല്ല ഒഴുകുന്നത്‌. കമ്യൂണിസ്റ്റ് ‘ശുദ്ധീകരണത്തിനു (‘purge’) ശേഷമുള്ള എമ്പതുകളില്‍ കൌമാരത്തിലെത്തുന്ന കുട്ടികളില്‍ വിനാശകരമായ ത്രികോണ പ്രേമത്തിന്റെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തില്‍ റെന്‍ഗാനിസിന്റെയും നൂറുല്‍ ഐനിയുടെയും മരണങ്ങളില്‍ അത് കലാശിക്കുന്നു.     

ആനീ ടക്കറുടെ വിവര്‍ത്തനത്തില്‍ തെളിയുന്നതുപോലെ കുര്‍നിയാവാന്റെ ഗദ്യം ഋജുവും പലപ്പോഴും കവിതാത്മകവുമാണ്എന്നാല്‍ ഒരിക്കലും പ്രകടനപരമല്ല എന്ന് നിരീക്ഷിക്കപ്പെടുന്നുഭാഷയിലും ബിംബ ഘടനയിലും പരീക്ഷണങ്ങള്‍ക്കു മുതിരുന്നുണ്ടോ എന്ന ചോദ്യം എപ്പോഴും പ്രസക്തമാകേണ്ടതില്ല എന്നും സങ്കീര്‍ണ്ണ ഇതിവൃത്ത ഘടന രൂപപ്പെടുത്തുന്നത് തന്നെയും സാഹിത്യ പരീക്ഷണം തന്നെയാണ് എന്നും നോവലിന്റെ മികവായി ചൂണ്ടിക്കാണിക്കപ്പെടുന്നു (6). 

 References;

(1) Anderson, Benedict., ‘Introduction’ to Man Tiger, English-language edition published by Verso 2015.

(2) EKA KURNIAWAN, INDONESIA, C Fonds, https://princeclausfund.org/laureate/eka-kurniawan

(3). Eric Wilson, ‘Review: Man Tiger strikes!’, Inside Indonesia 123: Jan-Mar 2016.

(4). Ramírez, Marco, Beauty Is a Wound: Retelling Modern Indonesian History Through Magical Realism, November 2020, https://doi.org/10.1007/978-3-030-55773-7_8

(5). https://resourcegovernance.org/sites/default/files/nrgi_Resource-Curse.pdf

(6). Anthony Domestico, ‘Review of 'Beauty Is a Wound,' by Eka Kurniawan’, SFGATE, Sep. 11, 2015, https://www.sfgate.com/books/article/Beauty-Is-a-Wound-by-Eka-Kurniawan-6498776.php. 

 Read more:

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html


No comments:

Post a Comment