ഉത്പത്തി പുരാണം ഹവ്വയുടെ ദൃഷ്ടിയില്‍
ബിബ്ലിക്കല്‍
ഉത്പത്തി പുരാണം ഒരു ഗുണപാഠകഥയാണ്: നന്മ തിന്മയുടെ, ദൈവീക നിയോഗത്തെ ചോദ്യം ചെയ്യാതെ അനുസരിക്കേണ്ടതിന്റെ, അറിയരുത് എന്ന് നിഷ്കര്‍ഷിച്ച ഇടത്തേക്ക് ജിജ്ഞാസക്കണ്ണു
പായിക്കരുത് എന്നതിന്റെ, സര്‍വ്വോപരി പറുദീസ നിരുപാധികമല്ല എന്ന ഓര്‍മ്മപ്പെടുത്തലിന്റെ. എന്നാല്‍, നന്മ തിന്മാ ദ്വന്ദ്വം തന്നെയും ദൈവസൃഷ്ടമാണ് എന്ന
യുക്തിചിന്ത വന്നുകൂടുന്നതോടെ അത് സങ്കീര്‍ണ്ണമാകും. രണ്ടും ഇരട്ടകളാണ് എന്നും
ചിന്തിച്ചു പോകും. ആദമും ഈവും പ്രണയികള്‍ ആയിരുന്നെങ്കില്‍, ഒരാള്‍ മറ്റേയാളെ പ്രേരിപ്പിക്കുകയോ, പ്രലോഭിപ്പിക്കുകയോ ചെയ്തു പറുദീസാ നഷ്ടത്തിന്
കാരണമാകുന്ന വിലക്കപ്പെട്ട കനി തിന്നു എന്നാണെങ്കില്‍, അയാളെ അതിനു പ്രേരിപ്പിച്ച സര്‍പ്പവും ദൈവവും
തമ്മിലെന്ത് എന്ന് ചോദിച്ചുപോകാം. ആരാണ് ഈ സൃഷ്ടാവ്? അഥവാ ആദമും ഹവ്വയും
തമ്മിലുള്ള ബന്ധം തന്നെയോ സൃഷ്ടാവും ആ അപര പ്രലോഭകനും തമ്മില്‍? അത് ദൈവത്തിന്റെ ‘ഹവ്വ’ ആണോ? ദര്‍ശനങ്ങളുടെ കാളിമയില്ലാത്ത നഗ്നദൃഷ്ടിയില്‍ നല്ലതെന്ന് അനുഭവപ്പെടുന്നതിനെ
അങ്ങനെയും അല്ലാത്തതിനെ അങ്ങനെയും വിളിക്കുന്ന ഈവിന്, പഴി താന്‍ കേള്‍ക്കേണ്ടതാണോ
എന്ന് തോന്നലുണ്ടാകാം. തൊട്ടുകൂടായിരുന്നെങ്കില്‍, തിന്നുകൂടായിരുന്നെങ്കില്‍
അറിഞ്ഞുകൂടായിരുന്നെങ്കില്‍, വിലക്കപ്പെട്ട കനിയുണ്ടാകുന്നതോ, ജ്ഞാനത്തിന്റെയോ ആയ വൃക്ഷം അവിടെ സ്ഥാപിക്കേണ്ടതില്ലയിരുന്നു പിതാവായ
ദൈവത്തിന് എന്ന് ഹവ്വയ്ക്ക് തോന്നാം.
‘ദൈവകൃപയില്‍ നിന്ന് എരിയും വെയിലിലേക്ക്’
കൌതുകകരമായ
ഇത്തരമൊരു ചോദ്യത്തിലാണ് നിക്കരാഗ്വന്‍ നോവലിസ്റ്റ് ഗിയോകോണ്ടോ ബെല്ലിയുടെ ‘അവളുടെ
കൈവെള്ളയിലെ അനന്തത (‘Infinity in the Palm of Her Hand’) പിറവിയെടുക്കുന്നത്. പറുദീസാ നഷ്ടത്തിന് ശേഷം അതേ അവസ്ഥ (status quo) നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന
ആദം പിതൃതുല്യനായിക്കണ്ടിരുന്ന ദൈവമായ ‘എലോകി’മിന്റെ സദാനോട്ടം (gaze/ surveillance) ഗൃഹാതുരതയോടെ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു. ഹവ്വയാകട്ടെ, ഭ്രാഷ്ടാനന്തര ജീവിതത്തെ നേരിടുകയല്ലാതെ മാര്‍ഗ്ഗമില്ല
എന്ന തിരിച്ചറിവിലേക്ക് പതിയെയെങ്കിലും നീങ്ങുന്നു: പ്രകൃതിയില്‍ നിന്ന് ഓരോന്നും
പഠിച്ചെടുക്കുന്നതില്‍- പറുദീസയില്‍ നിന്ന് ഭിന്നമായി കഠിന ജീവിതത്തിന്റെ (hostile world), നിത്യജീവിത സന്ധാരണത്തിന്റെ, തന്റെയുള്ളില്‍ മുള പൊട്ടുന്നതെന്ത് എന്നതിനെ
കുറിച്ചും അജ്ഞതയില്‍ നിന്ന് തിരിച്ചറിവേലേക്ക് ഉയരുന്നതിന്റെ, മുലയൂട്ടലിന്റെ... – എല്ലാം പുതിയ അറിവുകള്‍, പുതിയ പാഠങ്ങള്‍. എല്ലാം നിയതമായിരുന്ന പറുദീസയുടെ
നഷ്ടത്തെ ഇനി നേരിട്ടേ പറ്റൂ എന്നും അനിയതമായ ഇടത്തില്‍ തങ്ങള്‍ സ്വയം നിയതാവസ്ഥ സൃഷ്ടിച്ചേ
പറ്റൂ എന്നുമൊക്കെ ഇരുവരും തിരിച്ചറിഞ്ഞു തുടങ്ങുകയാണ്. നേരിടുന്ന ദുരിതങ്ങളൊക്കെയും
ദൈവീക ശിക്ഷയായി അംഗീകരിച്ചേ പറ്റൂ.
സംഭവഗതികളില്‍,
ഇതിവൃത്ത ഘടനയെന്ന നിലയില്‍ ബിബ്ലിക്കല്‍ പാഠത്തെ തന്നെയാണ് നോവല്‍
പിന്തുടരുന്നത്. ആബേല്‍, കായേന്‍ ദുരന്തം ലുലുവായുടെ സൗന്ദര്യം കൊണ്ടോ, അക് ലിയയുടെ ആകര്‍ഷണീയത കുറഞ്ഞുപോയതുകൊണ്ടോ എന്ന
ചോദ്യവും, നേരത്തെ അറിവിന്റെ വൃക്ഷത്തിന്റെ കാര്യത്തിലെന്ന പോലെ നിയതമല്ല (preordained) എന്നെങ്ങനെ പറയാനാകും? കായേനിലൂടെ നടക്കുന്ന ആദ്യത്തെ കൊലപാതകം, എല്ലാവരുടെയും ജീവിതത്തെ ഹവ്വയും ആദമും മാത്രം
ബാധിക്കപ്പെട്ട ആദ്യത്തെ പറുദീസാ നഷ്ടത്തെക്കാള്‍ രൂക്ഷമായാണ് ബാധിക്കുന്നതും.
ഇനിയും അവിടെ നില്‍ക്കാനാകാത്ത കുറ്റബോധത്തോടെ കായേനും, അവന്റെ ജീവന്റെ ഭാഗം തന്നെയായ ലുലുവയും
വിട്ടുപോകുന്നു. അക് ലിയ മൌനത്തിലേക്ക് പിന്‍വാങ്ങുന്നു. ഒടുവില്‍, വൃക്ഷങ്ങളുടെയും കുരങ്ങുകളുടെയും ലോകത്തേക്ക്
ഒതുങ്ങുന്നു. ഒരുവളേ, സനാതനമായ മൃഗപ്രകൃതിയിലേക്കുള്ള ഈ തിരിച്ചുപോക്കിലാണ് മനുഷ്യകുലത്തിന്റെ
മോക്ഷം എന്നൊരു ചിന്ത ഈവിനെ ബാധിച്ചു തുടങ്ങുന്നുണ്ട് എന്ന് നോവലന്ത്യം
സാക്ഷ്യപ്പെടുത്തുന്നു. അകലെ കാണാവുന്ന, എന്നാല്‍ തങ്ങള്‍ക്കെതിരില്‍
കൊട്ടിയടക്കപ്പെട്ട (fortified) പറുദീസയുടെ ദിശയിലേക്ക് മകളെ യാത്രയാക്കുന്നത് അതാണ് സൂചിപ്പിക്കുന്നത്.
ബെല്ലി
ചിത്രീകരിക്കുന്ന ദൈവം സൃഷ്ടിയുടെ മാത്രമല്ല, മറവിയുടെയും തമ്പുരാനാണ്. സൃഷ്ടി കഴിഞ്ഞു കാര്യമായ
ഉത്തരവാദിത്തം ഒന്നും ഏറ്റെടുക്കാത്ത അപരന്‍. എന്നാല്‍, ആ സര്‍പ്പസാന്നിധ്യം കുറേക്കൂടി സജീവമാണ്: ‘തിന്മ, നന്മ, എല്ലാമുണ്ട്, ഉണ്ടായിരിക്കും’ എന്ന് മാത്രമല്ല, അതെങ്ങനെ തുടരും എന്നും സര്‍പ്പസാന്നിധ്യത്തിനറിയാം: എല്ലാം
“ഇവിടെ ഉത്ഭവിക്കുന്നു: നിങ്ങളില്‍, നിങ്ങളുടെ മക്കളില്‍, വരാനിരിക്കുന്ന തലമുറകളില്‍. ജ്ഞാനവും സ്വാതന്ത്ര്യവും, ഈവ്, നിനക്കാണ് ആദ്യം കിട്ടിയത്, നിന്റെ പിന്‍ഗാമികള്‍ അത് സ്വയം പഠിച്ചു
നേടേണ്ടിവരും.”
ഉത്പത്തി
പുരാണത്തിന്റെ ഫെമിനിസ്റ്റ്, ഇക്കോഫെമിനിസ്റ്റ്
പുനരെഴുത്ത്.
ഉല്പത്തി കഥയുടെ പരമ്പരാഗത പുരുഷാധിപത്യ
വ്യാഖ്യാനങ്ങളെ വെല്ലുവിളിക്കുകയും ഈവിനെ മനുഷ്യരാശിയുടെ ഉത്ഭവത്തിന്റെ കേന്ദ്രകഥാപാത്രമായി
തിരിച്ചെടുക്കുകയും ചെയ്യുന്ന, ധീരവും ഭാവനാത്മകവുമായ പുനരാഖ്യാനമായി
നോവലിനെ കാണാം. ഉല്പത്തി പുസ്തകത്തിന്റെ അടിസ്ഥാന ഇതിവൃത്ത ഘടനയോട്
ചേർന്നുനിൽക്കുമ്പോഴും നോവലിന്റെ ഊന്നൽ പൂർണ്ണമായും വ്യത്യസ്തമാണ്: ആദമിനേക്കാൾ ജ്ഞാനത്തിന്റെയും
പരിവർത്തനത്തിന്റെയും സജീവ അന്വേഷക എന്ന നിലയില്‍ ഹവ്വ കേന്ദ്രബിന്ദുവായി
മാറുന്നു. കാതലായ ഈ മാറ്റത്തിലൂടെ, ബിബ്ലിക്കല്‍ ആഖ്യാനത്തിന്റെ
ഫെമിനിസ്റ്റ്, ഇക്കോഫെമിനിസ്റ്റ് വീക്ഷണങ്ങളിലുള്ള പുനരെഴുത്ത് നടത്തുകയാണ്
നോവലിസ്റ്റ്; ഒപ്പം, ഹവ്വയെ ആദ്യത്തെ അസ്തിത്വവാദി (existential hero) ആയി പ്രതിഷ്ഠിക്കുകയുമാണ് - പറുദീസാനഷ്ടത്തെ ശിക്ഷ
എന്നതിലേറെ,
യഥാർത്ഥ മനുഷ്യാനുഭവത്തിലേക്കുള്ള ഒരു തുടക്കമായി (initiation), സത്താന്വേഷണമായി അവര്‍ കണ്ടെത്തുന്നു.
ജ്ഞാനാന്വേഷത്തിന്റെയും സ്വാതന്ത്ര്യാന്വേഷണത്തിന്റെയും
കര്‍തൃത്വത്തിലേക്ക് ഈവിനെ ഉയര്‍ത്തുന്നതിലൂടെ അതൊരു ഫെമിനിസ്റ്റ്
പാഠമായിത്തീരുന്നത് നോവലില്‍ വ്യക്തമാണ്. മതചരിത്രങ്ങളിലുടനീളം, അടിസ്ഥാനപരമായ
മിത്തുകൾ പലപ്പോഴും സ്ത്രീകളെ രണ്ടാം നിരയിലേക്ക് തരംതാഴ്ത്തുകയും, പുരുഷ വ്യക്തിത്വങ്ങളുടെ അനുബന്ധങ്ങളായി ചിത്രീകരിക്കുകയും ചെയ്തു.
ഉല്പത്തി വിവരണത്തിൽ ഇത് പ്രത്യേകിച്ചും പ്രകടമാണ്. അവിടെ ഹവ്വയുടെ പ്രാഥമിക ദൌത്യം
ആദാമിന്റെ കൂട്ടായിരിക്കുക എന്നതാണ്, അവൾ വിലക്കപ്പെട്ട ഫലം
ഭക്ഷിക്കുന്നത് അതിലംഘന/ നിഷേധപ്രവര്‍ത്തിയും. ബെല്ലി ഈ പരമ്പരാഗത ആഖ്യാനത്തെ
അട്ടിമറിക്കുകയും, ഹവ്വയെ പരിവർത്തനത്തിന്റെ കര്‍തൃത്വത്തിലേക്ക്
കൊണ്ടുവരികയും ചെയ്യുന്നു. നോവലില്‍, പറുദീസയ്ക്കു
പുറത്തുള്ള ലോകത്തെ മനസ്സിലാക്കുന്നതിനും അഭിമുഖീകരിക്കുന്നതിനും
പൊരുത്തപ്പെടുത്തുന്നതിനും ഈവ് കൂടുതൽ ബദ്ധശ്രദ്ധയാണ്. എലോക്കിമിന്റെ പിതൃഅധികാര
നോട്ടത്തിനും (patriarchal gaze) ഏദനിലെ നിലനില്‍ക്കുന്ന
അവസ്ഥയ്ക്കും (status quo) വേണ്ടി ആദം
കൊതിക്കുമ്പോൾ, ഈവ് അജ്ഞാതമായതിനെ നേരിടുന്നു. അവളോടാണ് സര്‍പ്പം നന്മ-തിന്മ
ദ്വന്ദ്വത്തിന്റെ രഹസ്യം വെളിപ്പെടുത്തുക എന്നതില്‍, ജ്ഞാനത്തിലേക്കും ആത്മബോധത്തിലേക്കുമുള്ള
മനുഷ്യകുലത്തിന്റെ ഊന്നല്‍ ആരിലാണ് നോവലിസ്റ്റ് കണ്ടെത്തുന്നത് എന്നത് വ്യക്തമാണ് :
"... നിങ്ങളിൽ, നിങ്ങളുടെ കുട്ടികളിൽ, വരും തലമുറകളിൽ:
അറിവും സ്വാതന്ത്ര്യവും, ഹവ്വാ, നിങ്ങൾ
ആദ്യമേ നേടിയതും, നിങ്ങളുടെ സന്തതികൾ സ്വയം പഠിക്കേണ്ടതുമായ സമ്മാനങ്ങളാണ്."
ഇവിടെ അറിവും സ്വാതന്ത്ര്യവും ഭാരമായിട്ടല്ല മാനവികതയെ നിർവചിക്കുന്ന
സവിശേഷതകളായാണ് വിലയിരുത്തപ്പെടുന്നത്. ഹവ്വാ ദൈവകൃപയിൽ നിന്ന് വീണുപോകുന്ന
നിർഭാഗ്യവതി എന്നല്ല; അവൾ ഭാവി തലമുറകൾക്ക് വഴിയൊരുക്കുന്ന പയനിയര്‍ എന്ന നിലയിലാണ്
അടയാളപ്പെടുന്നത്. അങ്ങനെ, നോവല്‍ തന്നെയും ഒരു
മുന്നറിയിപ്പ് കഥ എന്നതിലുപരി ഒരു ശാക്തീകരണ ആഖ്യാനമായി മാറുകയാണ്.
ഇക്കോഫെമിനിസവും അക് ലിയയുടെ
പങ്കും
ബെല്ലിയുടെ ഫെമിനിസ്റ്റ് വീക്ഷണം ഒരു
ഇക്കോഫെമിനിസ്റ്റ് വീക്ഷണത്തിലേക്കും കടക്കുന്നുണ്ട്, പ്രത്യേകിച്ച് ഹവ്വായുടെ
മകളായ അക് ലിയയുടെ പാത്രസൃഷ്ടിയില്‍. അക് ലിയയുടെ സാന്നിധ്യം മനുഷ്യനും,
പ്രകൃതിയും തമ്മിലുള്ള ഒരു ബദൽ ബന്ധസാധ്യത സൂചിപ്പിക്കുന്നു, അത്, എല്ലാത്തിനെയും കീഴടക്കി പെരുകി വ്യാപിക്കുകയെന്നും
സൃഷ്ടിക്കപ്പെട്ടതെല്ലാം മനുഷ്യന്റെ ഉപഭോഗത്തിനുള്ളതാണ് എന്നുമുള്ള ഉല്പത്തി കഥയിലെ
പരമ്പരാഗത അധീശത്ത സങ്കല്‍പ്പത്തെ അട്ടിമറിക്കുന്നു. ആദവും മറ്റുള്ളവരും പറുദീസയെയും
ദൈവിക അധികാരത്തെയും ഓര്‍ത്തുകഴിയുമ്പോള്‍, അക് ലിയ
പ്രകൃതിയുമായുള്ള നിരന്തരബന്ധം വളര്‍ത്തിയെടുക്കുന്നു, മരങ്ങളിലും
മൃഗങ്ങളിലും ഭൂമിയുടെ താളങ്ങളിലും ആശ്വാസം കണ്ടെത്തുന്നു.
അക് ലിയയെ, തങ്ങള്‍ക്കെതിരെ
കൊട്ടിയടക്കപ്പെട്ട പറുദീസയുടെ കവാടത്തിലേക്ക് അയക്കുന്നത് ഈവ് ആണെന്നത്
ശ്രദ്ധേയമാണ്. പ്രകൃതി ലോകത്തോടുള്ള അവളുടെ അടുപ്പം, എലോക്കിം, പറുദീസാ എന്നിവയുമായി ബന്ധപ്പെട്ട അധികാരത്തിന്റെ ശ്രേണീകൃത ഘടനയിൽ
നിന്നുള്ള വ്യതിചലനത്തിന്റെ പ്രതീകമാണ്. ആദം പ്രതിനിധാനം ചെയ്യുന്ന, നഷ്‌ടമായ
ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരതയില്‍നിന്ന്, നോവലിന്റെ
ഇക്കോഫെമിനിസ്റ്റ് ആശയങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് പ്രകൃതിയുമായി ഒരു സംയോജിത
അസ്തിത്വത്തിലേക്ക് നീങ്ങുക എന്ന ഈവിന്റെ തിരിച്ചറിവിന്റെ പ്രത്യക്ഷവല്ക്കരണമായി
അക് ലിയ മാറുന്നു.
പ്രകൃതിയുടെ മേലുള്ള ആധിപത്യത്തെ സ്ത്രീകളുടെ
മേലുള്ള പുരുഷ ആധിപത്യത്തിന്റെ പ്രതിഫലനമായി കാണുന്നതാണ് പാശ്ചാത്യ പുരുഷാധിപത്യ നിലപാടുകള്‍.
പ്രകൃതിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനുപകരം അതിനെ ഉൾക്കൊള്ളുന്ന ഒരു
വ്യക്തിയായി അക് ലിയയെ പ്രതിഷ്ഠിക്കുന്നതിലൂടെ, പരിസ്ഥിതിയുമായുള്ള
മനുഷ്യരാശിയുടെ ബന്ധത്തില്‍ ഒരു ബദൽ കാഴ്ചപ്പാട് നോവലിസ്റ്റ് മുന്നോട്ടു
വെക്കുകയാണ് - കീഴടക്കലിനു പകരം സഹവർത്തിത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒന്ന്.
അക് ലിയയും ലുലുവയും - ഒരു കീഴാള
വായന
ബെല്ലിയുടെ നോവൽ, പ്രത്യേകിച്ച്
അക് ലിയയും ലുലുവയും തമ്മിലുള്ള വൈരുദ്ധ്യത്തിൽ, ഒരു
സബാൾട്ടേൺ വായനയ്ക്ക് വഴങ്ങുന്നു. പരമ്പരാഗത ഉല്പത്തി കഥയിൽ, ഹവ്വയും അവളുടെ പിൻഗാമികളും പലപ്പോഴും ദൈവിക ശിക്ഷയുടെ ദുരന്ത ഇരകളാണ്. എന്നാല്‍,
ബെല്ലിയുടെ ആഖ്യാന ചട്ടക്കൂടിനുള്ളിൽ, ഹവ്വായുടെ
മക്കൾക്കിടയിലെ ശക്തി/ അധികാര ബാലബലങ്ങള്‍, അത്തരമൊരു നിരൂപകദൃഷ്ടിക്ക് ഇട നല്‍കുന്നുണ്ട്.
അതിസുന്ദരിയായ ലുലുവ പുരുഷ ആസക്തിയുടെ (object of male desire) കേന്ദ്രമായി മാറുന്നു. അവളുടെ
സൗന്ദര്യമാണ്, നോവലില്‍ സംഭവിക്കുന്ന ദുരന്തത്തിന്റെ ഏറ്റവും വലിയ കാരണമാകുന്ന ആ
സഹോദരങ്ങള്‍ക്കിടയിലെ വൈരത്തിലേക്ക് (sibling rivalry) നയിക്കുന്നതും. ചരിത്രകഥകളെ (historical narratives) എന്നുംനിയന്ത്രിച്ച
ആണ്‍നോട്ടത്തിന്റെ പ്രിവിലെജുകളില്‍, വ്യക്തികൾ -പ്രത്യേകിച്ച് സ്ത്രീകൾ- രൂപവും
അഭിലഷണീയതയും അടിസ്ഥാനമാക്കിയാണ് വിലമതിക്കപ്പെട്ടത്. ലുലുവ അവളുടെ
സൗന്ദര്യവിശേഷത്തിലൂടെ ഈ മൂശയിലേക്ക് കൃത്യമായി പാകപ്പെട്ടപ്പോള്‍, അക് ലിയ പുറംതള്ളപ്പെടുന്നു. അവഗണിക്കപ്പെട്ടവളും അധഃസ്ഥിതയുമായിത്തീരുന്ന
അവള്‍, പ്രകൃതിയോടും
വ്യക്തിപരമായ കണ്ടെത്തലുകളോടും കൂടുതൽ ഇണങ്ങിച്ചേർന്ന സ്വന്തം പാത തെരഞ്ഞെടുക്കുന്നു.
ഈ ദ്വിമുഖത്വം (dichotomy)
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന്റെ (recorded history) മുഴുവന്‍ ഘടനകളിലും കണ്ടെത്താനാകും: അവിടെ അധികാരവും
സൗന്ദര്യവും പദവിയും പ്രബലമായ ആഖ്യാനങ്ങളെ രൂപപ്പെടുത്തുമ്പോൾ
പാർശ്വവൽക്കരിക്കപ്പെട്ടവർ നിഴലുകളിൽ തുടരുന്നു. ചരിത്രത്തിൽനിന്ന് പരമ്പരാഗതമായി
മായ്ച്ചുകളഞ്ഞവർക്ക്- സ്ത്രീകളായാലും തദ്ദേശീയരായ ആളുകളായാലും മറ്റ് കീഴാള
വിഭാഗങ്ങളായാലും- അവരുടെ കഥകൾ ഇതര മാർഗങ്ങളിലൂടെ വീണ്ടെടുക്കാൻ കഴിയുമെന്ന് അക്
ലിയയുടെ പാത സൂചിപ്പിക്കുന്നു. അതിനാൽ, ബെല്ലിയുടെ നോവൽ ഒരു ഫെമിനിസ്റ്റ്, ഇക്കോഫെമിനിസ്റ്റ് പുനരാഖ്യാനം മാത്രമല്ല, ചരിത്രപരമായ
ആഖ്യാനങ്ങൾ നിർമ്മിക്കപ്പെട്ട രീതിയോടുള്ള വെല്ലുവിളി കൂടിയാണ്.
പ്രവാസം ഒരു ദീക്ഷയാണ്, ശിക്ഷയല്ല
‘അവളുടെ കൈവെള്ളയിലെ അനന്തത’യുടെ ഏറ്റവും ആഴത്തിലുള്ള
പൊളിച്ചെഴുത്ത്, ഒരുപക്ഷേ പറുദീസാ ഭ്രഷ്ടിന്റെ പുനർവിഭാവനമാണ്. പരമ്പരാഗത ഉല്പത്തി
കഥയിൽ, ആദമിന്റെയും ഹവ്വയുടെയും ഭ്രഷ്ട് ദൈവിക ശിക്ഷ തന്നെയാണ്; നേരത്തെ സൂചിപ്പിച്ച പോലെ പിതാവായ ദൈവത്തിന്റെ കൃപയിൽ നിന്നുള്ള വീഴ്ച. എന്നാല്‍,
യഥാർത്ഥ മനുഷ്യ അസ്തിത്വത്തിലേക്കുള്ള ഒരു തുടക്കം (initiation) എന്ന നിലക്കാന് നോവലിസ്റ്റ് ഈ
നിമിഷത്തെ അപനിര്‍മ്മിക്കുന്നത്.
ഭ്രാഷ്ടാനന്തര ഘട്ടത്തിലെ ആദ്യ നാളുകള്‍ക്കു ശേഷം, വിശേഷിച്ചും കുട്ടികള്‍ വരുന്നതോടെ, ലോകത്തെ ഒരു ശിക്ഷാ കേന്ദ്രം ( penal colony) ആയല്ല, മറിച്ച് അഭിമുഖീകരിക്കാനും നേരിടാനുമുള്ള ഇടമായാണ് ഹവ്വ അതിനെ കാണുന്നത്. ഭൂതകാലത്തോടു പറ്റിനിൽക്കുന്ന ആദത്തിൽനിന്നു വ്യത്യസ്തമായി, ഹവ്വ പുതിയ ലോകത്തിന്റെ വെല്ലുവിളികൾ സ്വീകരിക്കുകയും അവയുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ഈ വ്യാഖ്യാനം വലിയ സാഹിതീയ, ദാർശനിക പാരമ്പര്യങ്ങളുമായി ചേര്‍ന്നുപോകുന്നു; അവിടെ പ്രവാസം കേവലം കഷ്ടപ്പാടുകളല്ല, മറിച്ച് സ്വത്വാന്വേഷണവും, പ്രതിരോധശേഷിയും പരിവർത്തനവും പോഷിപ്പിക്കുന്ന അവസ്ഥയുമാണ്. സാഹിത്യത്തിലും ചരിത്രത്തിലും പ്രവാസം എന്ന അവസ്ഥയെ മനസ്സിലാക്കുന്നതില്‍ ഈ കാഴ്ചപ്പാടിന് വലിയ മാനങ്ങളുണ്ട്. കുടിയേറ്റത്തിന്റെയോ കോളനിവൽക്കരണത്തിന്റെയോ കുടിയൊഴിപ്പിക്കലിന്റെയോ പശ്ചാത്തലത്തിലായാലും, പ്രവാസം ഒരേസമയം ഒരു മുറിച്ചുമാറ്റലിന്റെയും ഒപ്പം സ്വയം കണ്ടെത്തലിന്റെ നിമിഷവും ആയി വർത്തിക്കും. ബെല്ലിയുടെ നോവലിലെ ഹവ്വയുടെ യാത്രയില്‍, പ്രവാസത്തെ ദൈവികമായ പ്രതികാരം എന്നതിനപ്പുറം, മനുഷ്യാനുഭവത്തിന്റെ അനിവാര്യ ഘട്ടമായി തിരിച്ചറിയപ്പെടുകയാണ്.
Infinity in the Palm of her Hand, വെറുമൊരു
ഉല്പത്തികഥാ പുനരാഖ്യാനമല്ല; അത് പുരുഷാധിപത്യപരവും ചരിത്രവിരുദ്ധവും
പാരിസ്ഥിതിക വിമുഖവുമായ ആഖ്യാനങ്ങളുടെ ആഴത്തിലുള്ള വിമർശനമാണ്. പരിവർത്തനത്തിന്റെ
യഥാർത്ഥ കര്‍തൃസ്ഥാനീയത ഹവ്വയില്‍ കേന്ദ്രീകരിക്കുന്നതിലൂടെ, ഫെമിനിസ്റ്റ് വീക്ഷണകോണിൽ നോവലിസ്റ്റ് സൃഷ്ടിപുരാണത്തെ വീണ്ടെടുക്കുന്നു. അക്
ലിയയുടെ യാത്രയിലൂടെ, നോവല്‍ ഇക്കോഫെമിനിസ്റ്റ് പ്രമേയങ്ങള്‍
ആവിഷ്കരിക്കുന്നു, മനുഷ്യ കേന്ദ്രിതമായ (anthropocentric) ദൈവിക ശ്രേണിയിലെ ആധിപത്യ ദര്‍ശനത്തിനുപകരം പ്രകൃതിയുമായി
കൂടുതൽ ഇണങ്ങിച്ചേർന്ന മാനവികതയുടെ ഒരു ദർശനത്തിലേക്ക് നോവല്‍ മുന്നോട്ടു പോകുന്നു.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും അനുഭവങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്
പരമ്പരാഗത ചരിത്രങ്ങളെ വെല്ലുവിളിക്കുന്നു. അവസാനമായി, ശിക്ഷയെക്കാളും
മനുഷ്യന്റെ അസ്തിത്വ നിര്‍വ്വച്ചനത്തിലെ പ്രാരംഭ പ്രക്രിയയായി പറുദീസാനന്തര
ദുരിതങ്ങളെ പുനർനിർവചിക്കുന്നു.
മിത്തുകൾ നിശ്ചലമല്ല-അവ സംവാദാത്മകവും പുനർവ്യാഖ്യാനത്തിന് തുറന്നിട്ടവയുമാണെന്ന് നോവല്‍ കൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ വിധത്തിൽ ഉല്പത്തി കഥയെ പുനർനിർമ്മിക്കുന്നതിലൂടെ, അവര്‍ ഹവ്വയുടെ കഥ വീണ്ടെടുക്കുക മാത്രമല്ല, ആരുടെ ശബ്ദങ്ങളാണ് ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും മനുഷ്യത്വത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ നിർവചിക്കുന്ന ആഖ്യാനങ്ങളെ എങ്ങനെ പുനർവിചിന്തനം ചെയ്യാമെന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.
No comments:
Post a Comment