Featured Post

Friday, March 28, 2025

The Last White Man by Mohsin Hamid

ഉപജാപങ്ങളും കോമാളിത്തങ്ങളും



(വിഖ്യാത പാകിസ്താനി-ബ്രിട്ടീഷ് നോവലിസ്റ്റ് മൊഹ്സിന്‍ ഹമീദ് രചിച്ച The Last White Man എന്ന നോവല്‍, സമകാലിക ഭൌമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ കോമാളിത്തവും ഹിംസാത്മകതയും നിറഞ്ഞ അസംബന്ധം നിരീക്ഷണവിധേയമാക്കുന്നു. വംശീയതയുടെ വിനാശകത, ഒന്നാംലോകത്തിന്റെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ഒരു ഡിസ്റ്റോപ്പിയന്‍ പാരബിള്‍ ആയി നോവലിനെ വായിക്കാവുന്നതാണ്.)


‘As Gregor Samsa awoke one morning from uneasy dreams, he found himself transformed in his bed into a gigantic insect.’ The Metamorphosis by Franz Kafka

‘One morning Anders, a white man, woke up to find he had turned a deep and undeniable brown.’           - The Last White Man by Mohsin Hamid

 

ഒരു പ്രത്യേക സംഭവത്തിനോ സാഹചര്യത്തിനോ പിന്നില്‍ ഏതൊക്കെയോ കൂട്ടങ്ങളുടെയോ സംഘടനകളുടെയോ (മിക്കപ്പോഴും) ദുരുപദിഷ്ടമായ പദ്ധതികളാണ് എന്ന മട്ടിലുള്ള, ശുദ്ധ അസംബന്ധം മുതല്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍വരെ അടിത്തട്ടിലുള്ള വിചിത്രമായ ഉപജാപക സിദ്ധാന്തങ്ങള്‍ എല്ലാകാലത്തും ജനപ്രിയമാണ്. ഔദ്യോഗിക തലത്തിലും പൊതുവേ അംഗീകരിക്കപ്പെടുന്ന സാമാന്യ യുക്തിയുടെ തലത്തിലും ഒരിക്കലും ചേര്‍ന്നുപോകാത്ത ഈ സിദ്ധാന്തങ്ങള്‍, അത്തരം സംഭവങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുംപിന്നില്‍ രഹസ്യ അജണ്ടകളും നിഗൂഡപദ്ധതികളും ഉള്ളതായി ആരോപിക്കും. വിശ്വസനീയമായ തെളിവുകളിലല്ല, മനുഷ്യ മന:ശാസ്ത്രം, ചരിത്രപരമായ സംഘര്‍ഷ/ സന്ദിഗ്ധ ഘട്ടങ്ങളില്‍ സ്വാഭാവികമായ പരസ്പര വിശ്വാസമില്ലായ്മ, ബൗദ്ധിക/ ദുരൂഹ സൈദ്ധാന്തിക/ വൈകാരിക/ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടങ്ങിയവയിലൂടെയാണ്‌ അവ ജനപ്രിയത നേടുക. നിര്‍മ്മിതവും അയഥാര്‍ത്ഥവും വസ്തുതാപരമായി ഉറപ്പുവര്‍ത്തുക അസാധ്യവുമായ സ്ഥിതിവിവരക്കണക്കുകള്‍ അതിലൊരു സുപ്രധാന ഇനമായിരിക്കുകയും ചെയ്യും. മനുഷ്യകുലത്തെത്തന്നെ ഭീകരാനുഭവങ്ങളിലേക്ക്‌ നയിച്ച വംശവെറികള്‍, ഹോളോകാസ്റ്റ് പോലുള്ള ചരിത്രദുരന്തങ്ങള്‍  തുടങ്ങിയവയ്ക്കു പോലും ഇത്തരം ഉപജാപക സിദ്ധാന്തങ്ങള്‍ നിമിത്തമായിട്ടുണ്ട് എന്നോര്‍ക്കുമ്പോഴാണ്‌ സംസ്കാരങ്ങള്‍ക്കും നാഗരീകതകള്‍ക്കും കുറുകെ അവ ചെയ്തുവെച്ച വിനാശകതയുടെ ആഴം നമുക്ക് ബോധ്യപ്പെടുക. ദുര്‍ബ്ബലരും ആശ്രയരഹിതരുമായ ചെറുന്യൂനപക്ഷങ്ങളെ കുറിച്ചു തീവ്ര വലതുപക്ഷം കാലാകാലങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന സിദ്ധാന്തങ്ങളില്‍ പലതും അത്തരത്തിലുള്ളവയായിരിക്കും: അവര്‍ പെറ്റുപെരുകും, ഭൂരിപക്ഷമായ, നാടിന്റെ ‘യഥാര്‍ത്ഥ ഉടമകളെ തുരത്തും, ഇപ്പറഞ്ഞ യഥാര്‍ത്ഥ ഉടമകള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു തുടങ്ങി ഈ സിദ്ധാന്തം (Imagined Minority Theory) അതിനുപോല്‍ബലകമായ സൈദ്ധാന്തിക ആശയ രൂപീകരണങ്ങളിലൂടെ വംശഹത്യകള്‍ക്കു വേണ്ടിയുള്ള ഒരുക്കമാണ് നടത്തിയെടുക്കുക. ഇസ്ലാമോഫോബിയ പോലുള്ള ആഗോളപ്രതിഭാസങ്ങളില്‍പ്പോലും പ്രകടമായ ഇത്തരം പ്രവണതകളുടെ മറ്റൊരു വകഭേദമാണ് ‘വെള്ളക്കാരെ നീക്കംചെയ്യല്‍ സിദ്ധാന്തം (The Great Replacement Theory). ഫ്രഞ്ച് നോവലിസ്റ്റും ഉപജാപക സൈദ്ധാന്തികനുമായ (conspiracy theorist) റെനോ കാമുവിന്റെ (Renaud Camus) അഭിപ്രായത്തില്‍, ‘ആഗോള സമുന്നതര്‍ ("global elite") നടത്തുന്ന ഗൂഡാലോചനയുടെ ഫലമായി യൂറോപ്പിലെ വെള്ളക്കാര്‍ ഉന്മൂലനം ചെയ്യപ്പെടുകയും അവരുടെ സ്ഥാനം യൂറോപ്പുകാരും വെള്ളക്കാരുമല്ലാത്ത ജനത (‘Black, Hispanic, Asian, or Arab’ എന്ന് Encyclopedia Britannica)*1 പിടിച്ചെടുക്കുകയും ചെയ്യും. മുസ്ലിം ഭൂരിപക്ഷ ദേശങ്ങളില്‍ നിന്നുള്ള കൂട്ടക്കുടിയേറ്റം, ഭൗമരാഷ്ട്രീയ വ്യതിയാനങ്ങള്‍, വെള്ളക്കാരുടെ ജനസംഖ്യാ വ്യതിയാനം, തുടങ്ങി ഒട്ടേറെ ‘ഭയാനക അടയാളങ്ങള്‍ ഉപോല്‍ബലക തെളിവുകളായി ഉന്നയിക്കപ്പെടുന്ന പ്രസ്തുത സിദ്ധാന്തം, ഫ്രാന്‍സില്‍ നിന്ന് വിവിധയിടങ്ങളിലേക്ക്, വിശേഷിച്ചും ഐക്യ നാടുകളിലേക്ക് വ്യാപിക്കുന്നു. ശുദ്ധ അസംബന്ധമെന്നു പൊതുവെ മനസ്സിലാക്കപ്പെടുമ്പോഴും, വിനാശകരവും ഹിംസാത്മകവുമായ ആശയങ്ങള്‍ക്ക് എന്നും സമൂഹത്തിന്റെ ഒരു വിഭാഗത്തില്‍ സ്വീകാര്യതയുണ്ട്.  തീവ്ര വലതുപക്ഷം വെള്ളക്കാരുടെ ‘ഉന്മൂലന ഗൂഡാലോചന സിദ്ധാന്തം (white genocide conspiracy theory) എന്നുതന്നെ ഈ വീക്ഷണത്തെ വിളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

മൊഹ്സിന്‍ ഹമീദിന്റെ രചനാലോകം

റിയലിസത്തിന്റെയും ആലിഗറിയുടെയും അതിരുകള്‍ നേര്‍ത്തുപോകുന്ന ആവിഷ്കാരങ്ങളിലൂടെ സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിലെ ഏറ്റവും നിര്‍ണ്ണായകമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് മൊഹ്സിന്‍ ഹമീദിന്റെ രീതി. പുതുതായി ന്യുക്ളിയര്‍ ആണവ ശക്തിയായി മാറുന്ന ഒരു സമൂഹത്തിന്റെ അടക്കിപ്പിടിച്ച അക്രമാസക്തിയുടെ പ്രതീകമായിത്തീരുകയാണ് Moth Smoke (2000) ലെ മുഖ്യകഥാപാത്രത്തില്‍ പ്രകടമാകുന്ന ഹിംസാത്മകതയുടെ വിസ്ഫോടനങ്ങള്‍. ലാഹോറിലെ ഒരു കഫെയില്‍ വെച്ച് ഒരൊറ്റ സായാഹ്നത്തില്‍ ഒരപരിചിതനോട് നടത്തുന്ന തുറന്നുപറച്ചിലിന്റെ രൂപത്തില്‍, 9/11 അനന്തര സാഹചര്യത്തില്‍ സമത്വത്തിന്റെ പറുദീസയായ അമേരിക്കയില്‍പ്പോലും ഭീകരതാവിരുദ്ധയുദ്ധത്തിന്റെ പേരില്‍ അപരവല്‍ക്കരിക്കപ്പെടുന്ന മുസ്ലിമിന്റെ അനുഭവങ്ങളാണ് The Reluctant Fundamentalist (2007) ആവിഷ്കരിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും പ്രശസ്ത അന്താരാഷ്‌ട്ര സ്ഥാപനത്തില്‍ ഉന്നത ഉദ്യോഗവുമായി അമേരിക്കയില്‍ കഴിഞ്ഞ പാകിസ്താന്‍ പൗരനാണ് അപ്പോള്‍ പരിചയപ്പെട്ട അമേരിക്കക്കാരനോട്‌ സ്വാനുഭവങ്ങള്‍ വിവരിക്കുന്നത്. അഭയാര്‍ഥി പ്രതിസന്ധിയെന്ന ഏറ്റവും സങ്കീര്‍ണ്ണമായ സമകാലിക പ്രശ്നം ഉന്നയിക്കുന്ന Exit West (2017), ആഭ്യന്തര യുദ്ധത്തില്‍ വീര്‍പ്പുമുട്ടുന്ന, പേരുപറയുന്നില്ലാത്ത നാട്ടില്‍നിന്നു ഏതോ മാന്ത്രിക വാതിലുകളിലൂടെ പുറത്തു കടക്കുന്ന ദമ്പതികളെ പിന്തുടരുന്നു. ‘അവസാനത്തെ വെള്ളക്കാര’നെപ്പോലെ മാജിക്കല്‍ റിയലിസം ഉടനീളം പ്രയോഗിക്കപ്പെടുന്നു എന്നതും, ‘പടിഞ്ഞാറോട്ടുള്ള/ പടിഞ്ഞാറില്‍ നിന്നുള്ള വാതില്‍ സംബന്ധിച്ച പ്രത്യേകതയാണ്.  വിവിധദേശങ്ങളിലേക്ക് തുറക്കുന്ന വാതില്‍ എന്ന രൂപകം, നിരന്തര പാലായനത്തിനു നിര്‍ബന്ധിതനാകുന്ന അഭയാര്‍ഥിയുടെ അസ്ഥിരതയുടെയും ശാരീരിക, മാനസിക അന്യവല്‍ക്കരണത്തിന്റെയും, ഒപ്പം, അയഥാര്‍ത്ഥമെങ്കിലും വിട്ടുകളയരുതാത്ത പ്രതീക്ഷകളുടെയും പ്രതീകമായിത്തീരുന്നു. 2022ല്‍ പുറത്തിറങ്ങിയ The Last White Man എന്ന പുതിയ കൃതിയിലെത്തുമ്പോള്‍, രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ സ്വത്വത്തെ രൂപപ്പെടുത്തുകയും പരിണമിപ്പിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന അന്വേഷണത്തിന് പ്രത്യക്ഷ ശാരീരികപരിണാമങ്ങള്‍ എന്ന രൂപകത്തെ ഉപയോഗിക്കുകയാണ് നോവലിസ്റ്റ്.

പരിണാമവും പരിണതികളും

തുടക്കത്തില്‍ സൂചിപ്പിച്ച ഉപജാപങ്ങളുടെ ആഗോള സന്ദര്‍ഭത്തില്‍, ഒരു സുപ്രഭാതത്തില്‍ വെള്ളക്കാരായ മനുഷ്യര്‍ നിഗൂഡമാംവിധം ബ്രൌണ്‍ നിറത്തിലേക്ക് പരിണമിക്കാന്‍ തുടങ്ങിയാല്‍ എന്തുണ്ടാകും? ഗ്രിഗോര്‍ സാംസയുടെ കഥയെയും ആ കാഫ്കിയന്‍ തുടക്കത്തെയും  അനിവാര്യമായും ഓര്‍മ്മിപ്പിച്ചുകൊണ്ട്‌, മൊഹ്സിന്‍ ഹമീദ് അത്തരമൊരു ഡിസ്റ്റോപ്പിയന്‍ ചോദ്യമാണ് ഉന്നയിക്കുന്നത്. ‘അസ്ഥിരതകളുടെ പുരാവൃത്തകാരന്‍ (chronicler of instability) എന്ന് വിവരിക്കപ്പെട്ടിട്ടുള്ള *2 ഹമീദ്, മുന്‍കൃതികളില്‍ എന്നപോലെത്തന്നെ, അസ്തിത്വ സമസ്യയുടെ ഒരു സന്ദിഗ്ദ്ധ ഘട്ടവുമായാണ് ഇവിടെയും തുടങ്ങുന്നതെങ്കിലും, ‘നോവലിന്റെ അസ്തിത്വ അസംബന്ധം, വംശീയ വിലാപമെന്നു പറയാവുന്ന ഒരു പാരബിളിലേക്ക് അതിവേഗം വഴിമാറുന്നു *3. പേരുപറയുന്നില്ലാത്ത ഒരു അമേരിക്കന്‍ നഗരം പൊടുന്നനെ ഒരു പകര്‍ച്ചവ്യാധിയുടെ പിടിയിലാകുന്നു. ജിം പരിശീലകനായ ആന്ദ്രേസ് ആണ് ആദ്യം ബ്രൌണ്‍ നിറവ്യാധിയുടെ ഇരയാകുന്നത്. ആദ്യമൊക്കെ അതൊരു താല്‍ക്കാലിക പ്രതിഭാസമാകാം എന്ന ധാരണയില്‍ ലീവെടുത്തു വീട്ടിലിരിക്കുന്ന അയാള്‍ പിന്നീടു ജോലിക്ക് പോയിത്തുടങ്ങുന്നു. തന്നോട് മറ്റുള്ളവര്‍ക്കുണ്ടായിരുന്ന സമീപനത്തില്‍ പ്രകടമായ വ്യത്യാസം അയാള്‍ അനുഭവിച്ചു തുടങ്ങുന്നു. നേരെത്തെ കിട്ടിയ പ്രിവിലേജുകള്‍ ലഭ്യമല്ലാതാകുന്നു. തള്ളിപ്പറയുന്നില്ലെങ്കിലും അയാളോടുള്ള സ്വന്തം പിതാവിന്റെപോലും സമീപനത്തില്‍ തണുപ്പന്‍ മട്ടു പടരുന്നത്‌, തൊലിയുടെ നിറത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹിക മുന്‍വിധികള്‍ എത്രമാത്രം ആഴത്തില്‍ പിടിമുറുക്കിയിട്ടുണ്ട് എന്നുവ്യക്തമാക്കുന്നതാണ്. ജോലിക്കെത്തുമ്പോള്‍, അന്ദ്രെസിനു ചെയ്യാനാകുന്ന ബുദ്ധിപൂര്‍വ്വമായ കാര്യം ആത്മഹത്യയാണ്‌ എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നുണ്ട് അയാളുടെ ബോസ്. എന്നാല്‍ തുടര്‍ദിനങ്ങളില്‍ കൂടുതല്‍ വെള്ളക്കാര്‍ നിറം മാറിത്തുടങ്ങുന്നതോടെ അന്തരീക്ഷം കലുഷമാകുകയും തെരുവുകളില്‍ കലാപങ്ങള്‍ പടരുകയും ചെയ്യുന്നു. ഇനിയും ബാധിക്കപ്പെട്ടിട്ടില്ലാത്തവര്‍ ആവശ്യപ്പെടുന്നത് വര്‍ണ്ണമാറ്റം സംഭവിച്ചവരെ പുറത്താക്കി അമേരിക്കയെ വീണ്ടെടുക്കണം എന്നത് തന്നെയാണ്. അഥവാ, അപ്പാര്‍ത്തീഡിന്റെയും താമസസ്ഥലങ്ങളുടെ വേര്‍തിരിവിന്റെയും (segregationist policy)യുടെയും വര്‍ണ്ണവിവേചന കാല മുദ്രാവാക്യങ്ങളിലേക്ക് സമൂഹം അധോഗമനം (atavism) നടത്തുന്ന സൂചനകള്‍ മറനീക്കി പുറത്തുവരികയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ (വെള്ളം, വൈദ്യുതി, ടെലെഫോണ്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍) ലഭ്യതപോലും ബാധിക്കപ്പെടുന്നു. ഉടന്‍ സ്ഥലംവിട്ടില്ലെങ്കില്‍ കൊല്ലപ്പെടുമെന്ന് ലഹളക്കാര്‍ നേരിട്ടെത്തി ആന്ദ്രേസിനെ ഭീഷണിപ്പെടുത്തുന്നു. പിതാവിന്റെ വീട്ടില്‍ അഭയം തേടുന്ന ആന്ദ്രേസ്, ജനാലകള്‍ വിരിയിട്ട മുറിയില്‍ തടവിലെന്നോണം കഴിയുകയും പിതാവിന്റെ മന്ദതാളത്തിലുള്ള ജീവിതത്തിലേയ്ക്ക് പരുവപ്പെടുകയും ചെയ്യുന്നു. എന്തായാലും നഗരത്തില്‍ വെള്ളക്കാര്‍ ആരും ശേഷിക്കാതാകുന്നതോടെ ലഹളകള്‍ പതിയെ ഇല്ലാതാകുന്നു.

നോവലില്‍ മറ്റൊരു സുപ്രധാന സാന്നിധ്യം ആന്ദ്രേസിന്റെ കാമുകി ഊനയാണ്‌. യോഗ പരിശീലകയായ അവള്‍, ആന്ദ്രേസിന്റെ പിതാവിനെ അപേക്ഷിച്ച് താരതമ്യേനെ എളുപ്പത്തില്‍ അയാളുടെ അവസ്ഥയോട്‌ പൊരുത്തപ്പെടുന്നുണ്ടെങ്കിലും ഇരുവര്‍ക്കുമിടയില്‍ നേരത്തെ ഉണ്ടായിരുന്ന ഊഷ്മളതയില്‍ കുറെയൊക്കെ മരവിപ്പു പടരുന്നുണ്ട്. വേഴ്ചകളുടെ ഘട്ടങ്ങളില്‍പ്പോലും അത് പ്രകടമാകുന്നു. ലോക്ക്ഡൌണ്‍ ഘട്ടത്തില്‍ ഒയിന്മെന്റുകളുടെ സഹായത്തോടെ അന്ദ്രേസിനെ ‘സുഖപ്പെടുത്താന്‍ കഴിയുമോ എന്ന് അവള്‍ പരീക്ഷിക്കുന്നുണ്ട്. ഊനയുടെ അമ്മയാണ് തികഞ്ഞ വംശീയതയുടെ പ്രതീകമായി നോവലിലുള്ളത്. ‘വെള്ളക്കാരുടെ പകരം വെപ്പു സിദ്ധാന്ത’ക്കാരെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍, പകര്‍ച്ചയെ ഏതൊക്കെയോ ഗൂഡാലോചനയായി വ്യാഖ്യാനിക്കുക അവരാണ്: അവരുടെ നിരീക്ഷണത്തില്‍ ‘വര്‍ഷങ്ങളായി, പതിറ്റാണ്ടുകളായി, അഥവാ നൂറ്റാണ്ടുകള്‍ ആയിരിക്കാം, തങ്ങളുടെ വര്‍ഗ്ഗത്തിനെതിരെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു പദ്ധതി’യില്‍ക്കുറഞ്ഞ ഒന്നുമല്ല അത്. ആഴ്ചകള്‍ക്കുള്ളില്‍ ഊനയും മാറിത്തുടങ്ങുന്നതോടെ അവര്‍ ഓക്കാനിച്ചു പോകുന്നുമുണ്ട്. എങ്കിലും അവരെയും കാത്തിരിക്കുന്നത് അതേ വര്‍ണ്ണവ്യാധിയുടെ വിധി തന്നെയാണ്.

നോവലിന്റെ തലക്കെട്ടിലെ ആ ‘അവസാനത്തെ വെള്ളക്കാരന്‍ ആന്ദ്രേസിന്റെ പിതാവാണ്. വെള്ളക്കാരന്‍ തന്നെയായി മരിക്കുന്ന അവസാനത്തെ ആള്‍. മരണത്തോടടുത്ത് അയാള്‍ മകനോട്‌ സന്ധിചെയ്യുകയും മകന്റെയും കൂട്ടുകാരിയുടെയും ബന്ധം വിവാഹത്തിലൂടെ ഉറപ്പിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ വെള്ളക്കാരന്റെ അടക്കത്തോടെ ഇനിയും മേധാചിന്തയ്ക്ക് പ്രസക്തിയില്ലെന്ന ബോധ്യത്തിലാകണം, ഊനയുടെ മാതാവ് ആ വിവാഹത്തെ അനുഗ്രഹിക്കുന്നത്. ഭാവിയില്‍ ഉറ്റുനോക്കുകയും തങ്ങളുടെ ടീനേജുകാരിയായ കൊച്ചുമകള്‍ക്ക് ഒരു കാലത്ത് തങ്ങള്‍ വെള്ളക്കരായിരുന്നു എന്ന കഥ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നിടത്താണ് നോവലന്ത്യം. പ്രസ്തുത കഥ കൊച്ചു മകള്‍ക്കുവേണ്ടി പറയിക്കുന്നത്, നോവലിലെ ഏറ്റവും തികഞ്ഞ വംശീയവാദിയായിരുന്ന മുത്തശ്ശിയിലൂടെയാണ് എന്നതില്‍ നോവലിസ്റ്റിന്റെ പരിഹാസം പ്രകടമാണ്.

അസംബന്ധ ദര്‍ശനം

ദൈര്‍ഘ്യം കുറഞ്ഞ നോവലുകളോടുള്ള പ്രതിപത്തി തുറന്നു പറഞ്ഞിട്ടുണ്ട് മുഹ്സിന്‍ ഹമീദ്. ഇത്തവണ, സമകാലിക നോവലുകളില്‍ അത്ര സാധാരണമല്ലാത്ത പ്രത്യേകതയുണ്ട് അദ്ദേഹത്തിന്‍റെ കൃതിയ്ക്ക്. മുകളില്‍ നല്കിയപോലെ ‘നീറ്റ് ആയ ഒരു സക്ഷിപ്തപ്പെടുത്തലിനു വഴങ്ങുന്നതാണ് നോവലിന്റെ താരതമ്യേന രേഖീയവും പ്രത്യക്ഷത്തില്‍ ലളിതവുമായ ഘടന. കാമുവിന്‍റെ ‘Plague’, സാരമാഗുവിന്റെ ‘Blindness’തുടങ്ങിയ മാസ്റ്റര്‍പീസുകളെ ഓര്‍മ്മിപ്പിക്കുമ്പോഴും അവയൊന്നും അത്തരം ചുരുക്കെഴുത്തിനു വഴങ്ങുന്നവയല്ല. എന്നാല്‍ ഘടനയിലെ ലാളിത്യം, ആഴത്തിലുള്ള പ്രമേയങ്ങള്‍ ഇഴചേര്‍ക്കുന്നതില്‍ നോവലിസ്റ്റിനു ബാധ്യതയായിട്ടില്ല എന്നുകാണാം.

നോവലിനെ അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് പൂര്‍ണ്ണമായും എത്തിച്ചേരുന്നതില്‍നിന്നു പ്രധാനമായും രണ്ടു ഘടകങ്ങള്‍ തടസ്സപ്പെടുത്തുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *4. അതിലൊന്ന് അതിദൈര്‍ഘ്യമുള്ള വാചകഘടനയാണ്. ഒരുവളേ സാരമാഗുവിനെ ഓര്‍മ്മിപ്പിക്കുന്ന ഈ ദൈര്‍ഘ്യം, പോകെപ്പോകെ ആവര്‍ത്തനസ്വഭവം കൈവരിക്കുന്നു. എന്നാല്‍, ഇതിലേറെ വലിയ പ്രശ്നം രണ്ടു മുഖ്യ കഥാപാത്രങ്ങളുടെ നിഷ്ക്രിയഭാവമാണ്. നോവല്‍ ആരംഭത്തില്‍ ആന്ദ്രെസില്‍ സംഭവിക്കുന്ന മാറ്റം സ്വാഭാവികമായി സൃഷ്ടിച്ചേക്കാമായിരുന്ന നാടകീയ പ്രതികരണങ്ങള്‍ ഒന്നും സംഭവിക്കുന്നതേയില്ല. പ്രകോപനപരമായ തിരിച്ചടികളോടുള്ള അയാളുടെ തണുപ്പന്‍മട്ട്, അയാളുടെ വ്യവഹാരങ്ങളിലെല്ലാം പ്രകടമാണ്. ഊനയും ഇതേ വികാരരാഹിത്യം പ്രകടമാക്കുന്നുണ്ട്. ഇടക്കൊരു ജോയിന്റ്, അതേ തണുപ്പന്‍ മട്ടില്‍ ഒരു വേഴ്ച. മുറകാമിയുടെ ‘കാട്ടാടു വേട്ട’യിലെ (A Wild Sheep Chase) വേരറ്റ ഉത്തരാധുനിക നായകനെപ്പോലെ, ‘മുറിയില്‍ വന്നു, ഭക്ഷിച്ചു, പുകവലിച്ചു, സംഭോഗം നടത്തി, കിടന്നുറങ്ങി എന്ന മട്ടിലുള്ള ഈ പൊങ്ങുതടി ജീവിതം, പുറത്ത്, ബാഹ്യലോകത്ത് സര്‍വ്വം ശിഥിലമായിക്കൊണ്ടിരിക്കുമ്പോഴും ആന്ദ്രേസും ഊനയും തുടരുന്നത് വിചിത്രമാണ്. എന്നാല്‍, ഒരുവളേ അതാവാം നോവലിന്റെ സന്ദേശവും: ‘പരിപൂര്‍ണ്ണമായും കൃതൃമമായ  വര്‍ണ്ണം എന്ന വര്‍ഗ്ഗീകരണത്തിനു നാം ഒരുപാട് പ്രാധാന്യം കല്‍പ്പിച്ചു നല്‍കിയിട്ടുണ്ടെങ്കിലും വാസ്തവത്തില്‍ അതത്ര വലിയ കാര്യമേയല്ല. ‘ഗ്രേറ്റ് ദിസ്പ്ലേസ്മെന്റ്’ ഭീതിഭ്രാന്തര്‍ എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടവരാണ് എന്നു കാണിക്കുകയുമാവാം അദ്ദേഹം:  വെള്ളക്കാരുടെ വംശം ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷരായാലും അതത്രക്കൊരു വലിയ പ്രശ്നമാകില്ല’ (Andrew Blackman). ഈ സാധാരണീകരണത്തിന്റെ (normalization) പ്രതികരണം പുസ്തകത്തിലെ ഏറ്റവും വലിയ വംശീയവാദിയിലൂടെത്തന്നെ നോവലിസ്റ്റ് വ്യക്തമാക്കുന്നു: ‘ഊനയുടെ മാതാവ് ഒരു കണക്കുതീര്‍ക്കല്‍ പ്രതീക്ഷിച്ചിരുന്നു. അതുവരാതായപ്പോള്‍, വെള്ളക്കരായിരുന്നവരാരും വേട്ടയാടപ്പെടുകയോ കൂട്ടിലടച്ചു ചമ്മട്ടിയടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ഉണ്ടായില്ലെന്നു കണ്ടപ്പോള്‍.. അവര്‍ ആശ്വസിക്കാന്‍ തുടങ്ങി..’ വേറിട്ടു നില്‍ക്കുന്നുവെന്ന മിഥ്യയിലാണ് വര്‍ണ്ണ/ ജാതി ഹെജിമണി നിലനില്‍ക്കുന്നത് എന്നത്, അത്തരം ഔദ്ധത്യ ബോധങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നു. അമേരിക്കയില്‍ എത്തുംവരെ താനൊരു കറുത്തവര്‍ഗ്ഗക്കാരിയാണെന്ന ചിന്തയില്ലാതിരുന്നതിനെ കുറിച്ച് ചിമമാന്‍ഡാ അദീചിയുടെ ഇഫെമേലു (Americanah (2013)) ബോധവതിയായിരുന്നില്ല എന്ന വസ്തുത, ഇതോടു ചേര്‍ത്തുവെച്ചു നിരീക്ഷിക്കുന്നുണ്ട് ഒരു നിരൂപക *5.

എന്തുകൊണ്ട് വികസിതലോകം?

രാഷ്ട്രീയ/ വംശീയ സംഘര്‍ഷങ്ങള്‍, പാരിസ്തിതിക ദുരന്തങ്ങള്‍, അഭയാര്‍ഥി പ്രതിസന്ധി പോലുള്ള ഇതര ഭൗമരാഷ്ട്രീയ സന്ദിഗ്ദദ്ധതകള്‍ തുടങ്ങിയ ഡിസ്റ്റോപ്പിയന്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിന്, അത്തരം സംഘര്‍ഷങ്ങള്‍ക്കെതിരെ താരതമ്യേനെ സുരക്ഷിതം എന്ന് കരുതപ്പെടുന്ന ഒന്നാംലോകത്തെത്തന്നെ വേദിയാക്കുന്ന കൃതികള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നുണ്ട്‌ സമകാലിക സാഹിത്യത്തില്‍. കാലാവസ്ഥാ വ്യതിയാനം ഭീകര യുദ്ധം തന്നെയായി അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു (1861-1865) രണ്ടാം പതിപ്പുതീര്‍ക്കുന്ന ഒമര്‍ എല്‍ അക്കാദിന്റെ The American War (2017), ഐറിഷ് റിപ്പബ്ലിക് സര്‍വ്വാധിപത്യത്തിലേക്ക് കൂപ്പുകുത്തുന്നത് വിഭാവനം ചെയ്യുന്ന പോള്‍ ലിഞ്ചിന്റെ Prophet Song (2023) തുടങ്ങിയവ ഉദാഹരണം. ഈ എഴുത്തുകാരുടെ ഭാഗത്ത്, ഒരുവളേ, അതുതന്നെയും ഒരു ശക്തമായ പ്രസ്താവമാണ്: കാണേണ്ടവര്‍, ആഗോള സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ പ്രാപ്തിയുള്ളവര്‍ തന്നെയാണ് കാണേണ്ടത്; അതും സുരക്ഷിത ഇടങ്ങളിലിരുന്ന് അലസമായി ‘കണ്ടാല്‍ പോര, അതെല്ലാം അവരുടെ തന്നെ അനുഭവങ്ങളായി അറിയേണ്ടതുണ്ട്, പ്രതികരിക്കേണ്ടതുണ്ട്: നിസ്സഹായനായ സിറിയന്‍ അഭയാര്‍ഥിക്കല്ല, ശക്തനായ അമേരിക്കന്‍ പൗരനു (Citizen of the Empire) തന്നെയാണ് കൂടുതല്‍ ഉത്തരവാദിത്തമുള്ളത്.

ഡിസ്റ്റോപ്പിയന്‍ ദുരന്ത ബോധത്തില്‍ അത്ര സാധാരണമല്ലാത്ത ഒരു ശുഭ സമാപ്തസൂചകം എഴുതിച്ചേര്‍ക്കുന്നതിലൂടെ, ഴോനറിനു ഒരു പുനര്‍നിര്‍വ്വചനം നടത്തുകയാണ് മോഹ്സിന്‍ ഹമീദ് എന്നു പറയാം: തങ്ങളുടെ പൂര്‍വ്വകാലത്തെ കുറിച്ച് പേരക്കിടാവിന് മുത്തശ്ശി പകര്‍ന്നു നല്‍കുന്ന അറിവുകള്‍, ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രസക്തി സൂചിപ്പിക്കുന്നു. തലമുറകളിലൂടെ കൈമാറുന്ന ഓര്‍മ്മകള്‍, സാമൂഹിക മറവിക്കെതിരെയുള്ള (collective oblivion) ചെറുത്തുനില്‍പ്പാണ് എന്നത് സുവിദിതമാണല്ലോ. ഗൃഹാതുരതയിലുള്ള ചടഞ്ഞിരിപ്പല്ല, പരിവര്‍ത്തനത്തെ തിരിച്ചറിയലും അംഗീകരിക്കലുമാണ് അത്; ഒരു പ്രസക്തിയുമില്ലാത്ത വര്‍ണ്ണവ്യത്യാസങ്ങളല്ല സമൂഹത്തിന്റെ ചാലക ശക്തിയാകേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തലും. ഒരു കാലത്ത് വംശീയത തലയ്ക്കു പിടിച്ച ഒരാളിലൂടെ ഈ പാഠങ്ങള്‍ പകര്‍ന്നുനല്‍കപ്പെടുന്നത്, വേദനിപ്പിക്കുന്ന, വിഭജനാധിഷ്ടിതമായ ഒരു  ഭൂതകാലത്തോടുള്ള വേറിട്ടുപോക്കും തലമുറകള്‍ക്കിടയിലുള്ള രഞ്ജിപ്പും അടയാളപ്പെടുത്തുന്നു. പങ്കുവെപ്പിലൂടെ, ഭീകരമായ ഒരനുഭവഘട്ടം, സഹാനുഭൂതിയുടെയും അന്യവല്‍കരണത്തിനുപകരം ഐക്യബോധത്തില്‍ ഊന്നുന്ന അതിജീവനത്തിന്റെയും  ആഖ്യാനമായി മാറുകയാണ്‌.      

നോവലിന്റെ സാഹചര്യം തിരിച്ചായിരുന്നെങ്കില്‍, അഥവാ ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ പൊടുന്നനെ വെള്ളക്കാരനായി പരിണമിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക എന്നു നിര്‍ദ്ധാരണം നടത്തുന്ന നൈജീരിയന്‍ നോവലിസ്റ്റ്‌ ഇഗോനി ബാരെയുടെ Blackass (A. Igoni Barrett - 2015) എന്ന നോവല്‍, ഹമീദിന്റെ കൃതിയോടു ചേര്‍ത്തു വായിക്കുന്നത് കൗതുകകരമായിരിക്കും.

 

References:

1.       (Duignan, Brian. "replacement theory". Encyclopedia Britannica, 1 Oct. 2024, https://www.britannica.com/topic/replacement-theory. Accessed 25 October 2024.)

2.       (Maureen Corrigan. ‘'The Last White Man' spins a deft, if narrow, fantasy about identity’, npr book reviews, August 9, 2022, https://www.npr.org/2022/08/09/1116137982/the-last-white-man-mohsin-hamid-review. Accessed 25 October 2024.)

3.       (Ron Charles. ‘What if White people woke up with dark skin? Mohsin Hamid’s novel wonders.’, The Washington Post, August 2, 2022, https://www.washingtonpost.com/books/2022/08/02/last-white-man-mohsin-hamid/. Accessed 25 October 2024.)

4.       (Andrew Blackman. Review, 3 September 2022, https://andrewblackman.net/2022/09/the-last-white-man-by-mohsin-hamid-book-review. Accessed 25 October 2024.) 

5.       (Fouad Mami. ‘Reversing the Reversal: Whiteness No More in “The Last White Man”, Chicago Review, August 4, 2022, https://chireviewofbooks.com/2022/08/04/reversing-the-reversal-whiteness-no-more-in-the-last-white-man/. Accessed 25 October 2024.)

 

No comments:

Post a Comment