Featured Post

Sunday, March 16, 2025

An Island by Karen Jennings

 ഒറ്റപ്പെടുന്നവന്‍ എന്ന ദ്വീപ്‌



“അനേകം സംസ്കാരങ്ങളും ഭാഷകളുമുള്ള ഒരു വലിയ വന്‍കരയാണ് ആഫ്രിക്ക. ആഫ്രിക്ക ലളിതമല്ല. പലപ്പോഴും ആളുകള്‍ക്ക് അതിനെ ലളിതവല്‍ക്കരിക്കണം, സാമാന്യവല്‍ക്കരിക്കണം, അതിന്റെ ജനങ്ങളെ വാര്‍പ്പുമാതൃകകളില്‍ ഒതുക്കണം, എന്നാല്‍ ആഫ്രിക്ക സങ്കീര്‍ണ്ണമാണ്..” *(1). 1962ല്‍ പ്രസിദ്ധീകരണം ആരംഭിച്ച Heinemann African Writers Seriesനു വേണ്ടി ചിനുവ അച്ചബെ എഴുതിയ ആമുഖത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി. അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും, 2021ല്‍, ബുക്കര്‍ പുരസ്കാര പട്ടികയില്‍ തികച്ചും ഒരു ‘കറുത്ത കുതിരയായി’ ഇടം പിടിച്ച തന്റെ നോവല്‍ An Island നേരിട്ട തിരസ്കാരങ്ങളെ കുറിച്ചു സംസാരിക്കവേ കാരെന്‍ ജെന്നിങ്സ് എന്ന യുവ സൗത്ത് ആഫ്രിക്കന്‍ നോവലിസ്റ്റ് ഇതേ വിഷമാവസ്ഥയെ കുറിച്ച് പറയുന്നു:  ബാഹ്യലോകം ആഫ്രിക്കയെ നോക്കിക്കാണുന്ന രീതിയില്‍ ഒരു വലിയ പ്രശ്നമുണ്ട്. എനിക്ക് തോന്നുന്നു, അവര്‍ക്ക് ആഫ്രിക്കയില്‍ നിന്ന് ചില പ്രത്യേക കഥകള്‍ വേണം, എന്നാലോ അവര്‍ക്കാ കഥകള്‍ മടുക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അതൊരു വിഷമ നൃത്തമാണ് (difficult dance). വ്യക്തമായും, ഒരൊറ്റ തരം കഥയും ഒരൊറ്റ തരം ആഫ്രിക്കക്കാരും മാത്രമല്ല ഉള്ളത്. അത് ബാലയോദ്ധാക്കളും അക്കേഷ്യ മരങ്ങളും മാത്രവുമല്ല. ഒരുപാടു തരം മനുഷ്യരും സംസ്കാരങ്ങളുടെ കഥകളുമുണ്ട്.” *(2). ഇതേ അഭിമുഖത്തില്‍, സാംസ്കാരിക ചിഹ്നങ്ങളുടെ ദുരുപയോഗം (cultural appropriation ) എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാന സാഹിത്യ അന്തരീക്ഷത്തില്‍, വെള്ളക്കാരി എന്ന നിലയില്‍ ആഫ്രിക്കയെ കുറിച്ച് എഴുതുന്നതിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു: “ഞാന്‍ വെള്ളക്കാരിയാണ്‌ എന്നത് രഹസ്യമല്ല, ഒപ്പം ഞാന്‍ ആഫ്രിക്കക്കാരിയെന്നു അവകാശപ്പെടുന്നു എന്നതും. ഒരുപാട് ആളുകള്‍ക്ക് അതിലൊരു പ്രശ്നമുണ്ടാവും എന്നും ഞാന്‍ കരുതുന്നു. ഒരു വെള്ളക്കാരിയെന്ന നിലയില്‍ ഏതൊക്കെ കഥകള്‍ പറയാനാണ് എനിക്ക് അനുവാദമുള്ളത്? വെള്ളക്കാരി സ്ത്രീയുടെത് അല്ലാത്ത ഒരു കഥ ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ എങ്ങനെയാകും അതിനോട് പ്രതികരിക്കുക? ഞാനും സാംസ്കാരിക അനുരൂപണത്തെ (appropriation) കുറിച്ചു വ്യാകുലപ്പെടുന്നുണ്ട്. ഞാനെന്റെ എഴുത്തില്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ആര്‍ക്കാണ് ഞാന്‍ ശബ്ദം നല്‍കുന്നത് എന്നതിനെ കുറിച്ച് വളരെ ജാഗരൂകയാകുക എന്നതാണ്. എനിക്കതിനു ശരിക്കും ഒരുത്തരമില്ല, ആകെ പറയാവുന്നത് ആരുടേയും സ്വരത്തെ അപഹരിക്കുക എന്റെ ഉദ്ദേശമല്ല എന്നാണ്. ഞാന്‍ ദക്ഷിണാഫ്രിക്കയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്, ആഫ്രിക്കയെ മനസ്സിലാക്കാന്‍, അതില്‍ എന്റെ ഇടം എവിടെയാണ് എന്ന് മനസ്സിലാക്കാന്‍.” (Rhiannon Lucy Cosslett).


സൌത്ത് ആഫ്രിക്കയിലെ കേയ്പ്പ് ടൌണില്‍ ആഫ്രിക്കാനര്‍ മാതാവിന്റെയും ഇംഗ്ലീഷുകാരനായ പിതാവിന്റെയും മകളായി ജനിച്ച (1982) കാരെന്‍ ജെന്നിങ്സ് സാഹിത്യവും സര്‍ഗ്ഗ രചനയും വിഷയത്തില്‍ ഉന്നത പഠനം നടത്തി. പ്രഥമ നോവല്‍ Finding Soutbek ആഫ്രിക്കന്‍ ഫിക് ഷനുള്ള എറ്റിസലാത് പുരസ്‌കാരത്തിന്റെ അന്തിമ ലിസ്റ്റിലെത്തിയപ്പോള്‍ (2014) ചെറുകഥാ സമാഹാരം Away from the Dead ഫ്രാങ്ക് ഒകോണര്‍ പുരസ്കാര പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചു. കൊളോണിയലിസവും ആഫ്രിക്കയുടെ മേല്‍ അത് പതിപ്പിച്ച ചരിത്രപരവും വിട്ടുപോകാത്തതുമായ കാല്‍പ്പാടുകളുമാണ് അവരുടെ പ്രഥമ പരിഗണനാ വിഷയങ്ങള്‍. വിശേഷിച്ചും, രാഷ്ട്രീയക്കാരും വമ്പന്‍ മൂലധന ശക്തികളും, ബാഹ്യലോകം തന്നെയും, വിസ്മരിക്കുന്ന നിസ്വരായ മനുഷ്യരുടെ ആരുമറിയാത്ത ജീവിതങ്ങളെയാണ്‌ അവര്‍ ആവിഷ്കരിക്കുന്നത്. 2015ലെ ഒരു സാഹിത്യക്കൂട്ടായ്മയുടെ ഇടവേളയില്‍ ഒരു സ്വപ്ന പ്രത്യക്ഷമായി, തന്റെ ദ്വീപിനെ അധിനിവേശത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഒരു വയോധികന്റെ ദൃശ്യം എഴുത്തുകാരിയെ തേടിയെത്തിയതാണ് An Island എന്ന നോവലിന്റെ രചനയിലേക്ക് നയിച്ചത്: “ആ സമയത്ത് വാര്‍ത്തകളില്‍ യൂറോപ്പിലെ സിറിയന്‍ അഭയാര്‍ഥി പ്രതിസന്ധി, അവിശ്വസനീയമായ പരജന വിദ്വേഷം, എന്നിവയെ കുറിച്ച് ഏറെയുണ്ടായിരുന്നു. എന്നാല്‍ ജലോപരിതലത്തില്‍ കഷ്ടിച്ചു പൊങ്ങിക്കിടക്കാന്‍ പോലും പറ്റാത്ത ബോട്ടുകളില്‍ (രക്ഷപെടാന്‍ ശ്രമിക്കുന്ന) നൂറുകണക്കിനു ആഫ്രിക്കക്കാരുടെ  മുങ്ങിമരണത്തിന്റെ  ഭീകര സംഭവങ്ങള്‍ ഉണ്ടായിരുന്നു” എന്നും ആ കഥ “തന്റെ ഇടത്തിലേക്ക് ആരും കടന്നുവരാന്‍ ഇഷ്ടപ്പെടാത്ത, ആ ഇടത്തെ തന്റേതു മാത്രമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെട്ട ഒരാളുടെ വീക്ഷണകോണില്‍ നിന്ന്” എഴുതാനാണ് താന്‍ ശ്രമിച്ചത്‌ എന്നും നോവലിസ്റ്റ് വ്യക്തമാക്കി. പ്രതിരോധിക്കുന്ന ഒറ്റയാന്റെ വീക്ഷണ കോണിലാണ്, അഭയം തേടുന്ന കുടിയേറ്റക്കാരന്റെ വീക്ഷണത്തില്‍ അല്ല ആഖ്യാനം നടത്തപ്പെടുന്നത് എന്നതും ഓര്‍മ്മിക്കേണ്ടത് നോവലിന്റെ വായനയില്‍ പ്രധാനമാണ്. വാസ്തവത്തില്‍ പരസ്പരം വെച്ചുമാറാന്‍ കഴിയും വിധം ഇരുവരുടെയും സ്വത്വങ്ങള്‍ സമാന്തരതയും ഭിന്നതയും പ്രകടിപ്പിക്കുന്നുമുണ്ട് എന്നും കണ്ടെത്താനുമാവും. ഐലാന്‍ കുര്‍ദിയെ ഓര്‍മ്മിക്കാതെ നോവലിന്റെ ആദ്യ ഖണ്ഡിക വായിക്കാനാവില്ല എന്ന നിരീക്ഷണവും *(3) ഇതോടു ചേര്‍ത്തു പറയണം.    

‘ഒരു മനുഷ്യനും ഒറ്റക്കൊരു ദ്വീപല്ല’ എന്ന വിഖ്യാത വാക്യം പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവിയും ലണ്ടനിലെ സെയ്ന്റ് പോള്‍ കത്തീഡ്രല്‍ പുരോഹിതനുമായിരുന്ന ജോണ്‍ ഡണ്‍ (John Donne) ആണ് പറഞ്ഞുവെച്ചത്‌. സാമൂഹിക പാരസ്പര്യം ആണിക്കല്ലായ മാനുഷികത എന്ന ഉണ്മയെ കുറിച്ച് ഇതിലും സൂക്ഷ്മമായ ഒരു പ്രസ്താവമില്ല. എന്നാല്‍, ഏകാന്തതയെ സംബന്ധിച്ച കാല്‍പ്പനിക മുഴക്കങ്ങള്‍ ഒന്നുമേയില്ലാത്ത കുടിയേറ്റ/ അഭയാര്‍ഥി പ്രതിസന്ധിയുടെ നാളുകളില്‍ എങ്ങനെയാവും ഒരാള്‍ തന്റെ സ്വദേശത്തെയും സാമൂഹിക ബന്ധങ്ങളെയും തീര്‍ത്തും വിഛേദിച്ചു സ്വയമൊരു ദ്വീപായി മാറുക?. ഈ അന്വേഷണം വിചിത്രവും വന്യവുമായ പോസ്റ്റ്‌കൊളോണിയല്‍ അനുഭവങ്ങളുടെ പിന്‍ നോട്ടങ്ങളിലൂടെ ആവിഷ്കരിക്കുന്നതിലൂടെ ‘അഭയാര്‍ഥി സാഹിത്യ’ത്തിലേക്ക് (Refugee Literature) ഒരു മുതല്‍ക്കൂട്ട് ആവുകയാണ് 2021ലെ ബുക്കര്‍ പരിഗണനാ പട്ടികയില്‍ ‘കറുത്ത കുതിര’ *(4) ആയിത്തീര്‍ന്ന An Island.


പതിറ്റാണ്ടുകളായി ഒറ്റപ്പെട്ട ദ്വീപില്‍ തനിയെ കഴിയുന്ന വിളക്കുമാട കാവല്‍ക്കാരന്‍ സാമുവേലെന്ന എഴുപതു പിന്നിട്ട വയോധികനാണ് നാലു ദിവസത്തിന്റെ സമയ ദൈര്‍ഘ്യത്തില്‍ ചുരുളഴിയുന്ന ഇതിവൃത്തമുള്ള നോവലിന്റെ കേന്ദ്രത്തില്‍. സ്വന്തമായി ഏതാനും കോഴികളും ഒരു കൊച്ചു തോട്ടവും പരിപാലിച്ചു കഴിയുന്ന അയാള്‍ക്ക് പുറം ലോകവുമായുള്ള ബന്ധം രണ്ടേരണ്ടു കാര്യങ്ങളിലാണ്: വല്ലപ്പോഴും എത്തുന്ന അവശ്യ വസ്തുക്കള്‍; ഇടയ്ക്കിടെ തീരത്തടിയുന്ന അഭയാര്‍ഥി മൃതദേഹങ്ങള്‍. സാമുവേലിന്റെ അനുഭവത്തിലെ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടെ 32 അജ്ഞാത ജഡങ്ങള്‍ അപ്രകാരം അവിടെ കരക്കടിഞ്ഞിട്ടുണ്ട്: “ഈ സ്ഥലം ആളുകളെ മരിക്കാന്‍ അയക്കുന്ന ഇടമല്ലേ?” എന്ന് സാമുവേല്‍ നിരീക്ഷിക്കുന്നു. ആദ്യമൊക്കെ അത്തരം റിപ്പോര്‍ട്ടുകള്‍ താല്‍പ്പര്യപൂര്‍വ്വം തേടുമയിരുന്ന അധികൃതര്‍:”നാം വാഗ്ദാനം ചെയ്തിട്ടുണ്ട്. എകാധിപതിക്ക് കീഴെ ദുരിതം പേര്യ മുഴുവന്‍ ആളുകളെയും കണ്ടെത്തേണ്ടതുണ്ട് നമുക്ക്, അപ്പോള്‍ നമുക്ക് ദേശീയമായി മുന്നോട്ടു പോകാനാകും..”

പിന്നീട് അവര്‍ വിശദാംശങ്ങള്‍ അന്വേഷിച്ചു തുടങ്ങുന്നു: നിറം എന്താണ്? എത്രമാത്രം കറുത്തിട്ടാണ്? “മറ്റേതോ രാജ്യത്തിന്റെ അഭയാര്‍ഥികള്‍ ഓടിപ്പോവുകയും മുങ്ങിമരിക്കുകയും ചെയ്യുന്നതിന് ഓരോ തവണയും ദ്വീപിലേക്ക് വരാന്‍ ഞങ്ങള്‍ക്കാവില്ല. അത് ഞങ്ങളുടെ പ്രശ്നമല്ല” എന്ന അധികൃത നിലപാടില്‍ ദേശസ്വത്വത്തെ കുറിച്ചും വംശീയതയെ കുറിച്ചുമുള്ള സമകാലിക സൂചനകള്‍ സുവ്യക്തമാണ്. ബോട്ടുജീവനക്കാരന്‍ ചിമേലുവും അതെ ചോദ്യം ചോദിക്കുന്നു: “അവരത് അര്‍ഹിക്കുന്നു, ഇല്ലേ?.. അത് പോലെ അഴുകിത്തുടങ്ങിയ ഒരു ബോട്ടില്‍ എല്ലാം പെറുക്കിക്കെട്ടി നിയമവിരുദ്ധമായി മറ്റൊരു നാട്ടില്‍ കടന്നു കൂടാന്‍ ശ്രമിക്കുന്നവര്‍ മരണം ചോദിച്ചു വാങ്ങുകയാണ്.” അങ്ങ് ജന്മനാട്ടില്‍, കൊളോണിയല്‍ അധിനിവേശക്കാര്‍ തങ്ങളെ കീഴ്പ്പെടുത്തിയ ഘട്ടത്തില്‍ നാട്ടുകാരോട് പറഞ്ഞിരുന്നതില്‍ നിന്നു ഇത് ഗുണപരമായി വ്യത്യസ്തമല്ല: “സര്‍ക്കാര്‍ ഉത്തരവു  പ്രകാരം നിങ്ങള്‍ മലകളിലേക്ക് തിരിച്ചു പോകണം, അവിടമാണ് കുരങ്ങന്മാരുടെ സ്വന്തം ഇടം. നാട് ഇനിയങ്ങോട്ട് നിങ്ങളുടേതല്ല, രാജാവിന് സ്തുതി, സാമ്രാജ്യത്തിനു സ്തുതി.” തീരത്തടിയുന്ന ജഡങ്ങള്‍ സാമുവേല്‍ അയാളുടെ തോട്ടത്തില്‍ മറവു ചെയ്യും. ഒരുനാള്‍ തീരത്തടിയുന്ന അത്തരം ഒരാള്‍ ബോധരഹിതനായിരുന്നു എന്നേയുള്ളൂ. കറുത്തവര്‍ഗ്ഗക്കാരനായ യുവാവിനെ സാമുവേല്‍ പരിചരിക്കുന്നത് ഉടന്‍ മരിച്ചുപോയ്ക്കൊള്ളും എന്ന ചിന്തയിലാണ്. എന്നാല്‍ അയാള്‍ സുഖം പ്രാപിക്കുന്നു. ഭിന്ന ഭാഷക്കാര്‍ക്കിടയിലെ അവശ്യ പാരസ്പര്യം ആംഗ്യഭാഷയില്‍ സാധ്യമാകുന്നു. അസുഖകരമായ ഈ കടന്നു കയറ്റം, ഭൂതകാലത്തിലേക്കുള്ള പ്രവേശകം ആയിത്തീരുന്നു. അഭയാര്‍ഥിയോടൊപ്പം കഴിക്കുന്ന പുകഞ്ഞ ബ്രെഡിന്റെ മണം കൊളോണിയല്‍ അധിനിവേശകര്‍ കുടിയൊഴിപ്പിക്കുന്ന ഘട്ടത്തില്‍ ഓടിപ്പോകുന്നവര്‍ക്കിടയില്‍ വീണു മരിക്കുന്ന വയോധികയെയും മരണത്തെയും ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ന്നുള്ള പിന്‍നോട്ടങ്ങളാണ് സാമുവേലിന്റെ സമ്മിശ്ര വ്യക്തിത്വത്തെ അനാവരണം ചെയ്തു തുടങ്ങുന്നതും ദേശത്തിന്റെ കൂടി കഥയിലേക്ക്‌ വികസിക്കുന്നതും.

“ഓര്‍മ്മകള്‍ അവിടെയും ഉണ്ടായിരുന്നു, ആ പ്രഭാതത്തില്‍ അവ തകൃതിയായി വന്നു – മറന്നു കളയുകയാണ് നല്ലതെന്ന തരത്തിലുള്ള കാര്യങ്ങള്‍ തീരത്ത്‌ തിരകള്‍ അടുക്കുന്ന കൃത്യതയോടെ ഇപ്പോള്‍ അടുക്കുകയായിരുന്നു.”

ശ്ലഥമായ ചിത്രങ്ങളിലൂടെ സാമുവേലിന്റെ ദരിദ്ര ഭൂതകാലവും അതോടു കെട്ടുപിണയുന്ന ആഫ്രിക്കന്‍ ദേശവും തെളിഞ്ഞുവരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടന്ന കലാപങ്ങളുടെ നാളുകളില്‍ ദേശത്തിന് വിമോചന സ്വപ്‌നങ്ങള്‍ വിറ്റ രാഷ്ട്രീയ നേതൃത്വം പിന്നീട് എന്തായിത്തീര്‍ന്നു എന്ന അന്വേഷണം പോസ്റ്റ്‌കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ കാതലാണ്. ഒരു ഉടോപിയയും യാഥാര്‍ത്ഥ്യമായില്ല. പകരം പോരാട്ട നാളുകളില്‍ വീരോചിതം കൂടെ നിന്ന അനുയായികകളെ കൊളോണിയല്‍ മേധാവികളെ അതിശയിക്കും വിധം തടവറകളിലേക്കും കൊടുംപീഡനങ്ങളിലേക്കും വലിച്ചിഴക്കുന്ന സൈനിക ഏകാധിപത്യം സ്ഥാപിക്കപ്പെട്ടു.

ജന്മദേശത്തിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ക്കും ദേശനിര്‍മ്മാണ സങ്കല്‍പ്പങ്ങള്‍ക്കും എന്തുസംഭവിച്ചു എന്ന് സാമുവേലിന്റെ പിതാവും ചേരിയില്‍ കുടിയേറിയ അഭയാര്‍ഥി ദമ്പതികളും തമ്മില്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു ദുരന്തപ്രവചനത്തിന്റെ വിരുദ്ധോക്തി നിറഞ്ഞ ഈ സംഭാഷണ ഭാഗം കൃത്യമായും വ്യക്തമാക്കുന്നു:

“ഒരു പ്രഭാതത്തില്‍ അദ്ദേഹം തെരുവിനപ്പുറത്തെ ദമ്പതികളെ വിളിച്ചു, അദ്ദേഹത്തിന്റെ കൊടി അവരുടെ നേരെ വീശിക്കൊണ്ട് പറഞ്ഞു: “നിങ്ങളുടെ കഥ ഞങ്ങള്‍ക്ക് ഈ നാട്ടിലുള്ള കഥപോലെ സന്തുഷ്ടമല്ല എന്നതില്‍ വിഷമമുണ്ട്, എന്നാല്‍ നിങ്ങള്‍ക്കിവിടെ കൂടുതല്‍ മെച്ചപ്പെട്ട ഒരു പുതുജീവിതം നല്‍കാനാവുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.”

സ്ത്രീ പുഞ്ചിരിച്ചു, എന്നാല്‍ പുരുഷന്‍ പറഞ്ഞു, “ഞങ്ങള്‍ക്കും അതങ്ങനെയയിരുന്നു, അമ്മാവാ. അത് പറയാന്‍ എനിക്ക് വിഷമമുണ്ട്. ഞങ്ങള്‍ തികച്ചും നിങ്ങളെ പോലെയായിരുന്നു.”

സാമുവേലിന്റെ പിതാവ് ചിരിച്ചു, “അല്ല, എന്റെ സുഹൃത്തെ, അത് സാധ്യമല്ല. ഇതൊരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. ഞങ്ങള്‍ സ്വതന്ത്രരാണ്, ഇപ്പോള്‍ അതുമുഴുവന്‍ ഞങ്ങളുടെതാണ്. ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. നിങ്ങളുടെ രാജ്യം അത് തെറ്റായ രീതിയിലാണ് ചെയ്തത്, നിങ്ങള്‍ തെറ്റുകള്‍ വരുത്തി.”

“ക്ഷമിക്കൂ, അമ്മാവാ. നിങ്ങള്‍ക്ക് കാണാം.”

“കാണാന്‍ ഒന്നുമില്ല. നിങ്ങള്‍ക്ക് തെറ്റി, അയല്‍ക്കാരാ, വളരെയേറെ തെറ്റി.”

ജനപ്രിയതയുടെ മധുവിധു കഴിഞ്ഞു ഉരുക്കുമുഷ്ടിക്കാരുടെ ഭരണത്തിലെത്തുന്ന ഏതു രാജ്യത്തിന്റെയും പരിണാമം ഇതുതന്നെയാകും എന്നുതന്നെയാണ് നോവല്‍ പറഞ്ഞുവെക്കുന്നത്. *(5). സാമുവേലിന്റെ പിതാവിന് മാന്യമായ അടക്കം പോലും നിഷേധിക്കപ്പെടുന്നത് മകന്‍ വിമതരോടൊപ്പം ചേര്‍ന്നതിന്റെ പേരില്‍ അധികൃതര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നിഷേധിക്കുന്നത് മൂലമാണ്. സാമുവേലിനെപ്പോലെ വിമതരും പ്രതിഷേധക്കാരും തടവറകളില്‍ തുരുമ്പു തിന്നു. ഇരുപത്തിയഞ്ചു വര്‍ഷക്കാലത്തെ കാരാഗൃഹവാസത്തിനു ശേഷം പുതിയ സര്‍ക്കാര്‍ അധികാരമെട്ടതിനെ തുടര്‍ന്നുള്ള പൊതുമാപ്പിന്റെ സാഹചര്യത്തിലാണ് സാമുവേല്‍ മോചിതനാകുന്നത്. എന്നാല്‍ സഹോദരി മേരി മാര്‍ത്തക്ക് തന്റെ ദരിദ്ര സാഹചര്യത്തില്‍ അയാള്‍ ഒരു ഭാരമാണ്. അനന്തിരവള്‍ അമ്മാവന്റെ ബലാല്‍ക്കാരം ഭയക്കുന്നു. ഒരു ജോലി കിട്ടാന്‍ സഹായിക്കാന്‍, പിന്നീടൊരിക്കലും തമ്മില്‍ കാണാന്‍ ഇടവരരുത് എന്നതാണ് സഹോദരിയുടെ നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ് അയാള്‍ ദ്വീപില്‍ എത്തിപ്പെടുന്നത് എന്ന് സൂചനയുണ്ട്. ദുരിതപൂര്‍ണ്ണമെങ്കിലും സ്വയം പൊരുത്തപ്പെട്ടു കഴിഞ്ഞ ആ ഏകതാനതയിലേക്കാണ് മറ്റൊരാള്‍ എന്ന അലോസരമെത്തുന്നത്. അരവയറിനു തികയാത്ത തന്റെ വിഭവങ്ങള്‍ മറ്റൊരാളുമായി പങ്കുവേക്കേണ്ടി വരുന്നതും താന്‍ സ്വന്തമെന്നു കരുതിയ കുടിലിനും മറ്റും മറ്റൊരു അവകാശി കൂടിയുണ്ടാകുന്നതും അയാള്‍ക്കു സന്തോഷകരമല്ല. അടുക്കളയിലെ പാത്രത്തിന്റെ അവകാശത്തിനു വേണ്ടി തര്‍ക്കിക്കേണ്ടി വരുന്നതാണ് അയാളുടെ സ്ഥിതി. ചുറ്റുമുള്ളതോ, മൃതിയും നടുക്കുന്ന ഓര്‍മ്മകളും മാത്രവും. തൊട്ടടുത്ത ദിവസം അധികൃതര്‍ക്ക് കൈമാറാം എന്ന ചിന്തയോടെയാണ് സാമുവേല്‍ പുതിയ അതിഥിയെ പരിപാലിക്കുന്നത്. അത് ചെയ്യരുതെന്നും ഒളിച്ചു കഴിയാന്‍ തന്നെ അനുവദിക്കണമെന്നും കേണപേക്ഷിക്കുന്നതിനു പിന്നില്‍ ഒളിച്ചുവെക്കാനുള്ള ഒരു ഭൂതകാലമുണ്ട് അയാള്‍ക്കും. ആ അര്‍ഥത്തില്‍ തന്റെ തന്നെ ഭൂതകാലത്തിന്റെ പ്രതിഫലനം സാമുവേല്‍ അയാളില്‍ കാണുന്നുണ്ടാവണം. നോവലില്‍ സൂചിപ്പിക്കപ്പെടുന്ന സാമുവേലിന്റെ പരിതാപകരമായ ജീവിതാവസ്ഥകള്‍ അയാളുടെ ഭയപ്പാടിന്റെ സാധൂകരിക്കുന്നുണ്ട്‌. സെക്സ് പോലുള്ള നേരമ്പോക്കുകള്‍ ഒന്നും അയാളുടെ കഥയില്‍ കാര്യമായി ഇടം പിടിക്കുന്നില്ല. പോരാട്ട കാലത്തെ സഖാവായിരുന്ന മേരിയ എന്ന കാമിനി അയാള്‍ക്കൊട്ടും സുഖമുള്ള ഓര്‍മ്മയുമല്ല. സാമുവേലിന്റെ ഭീരുത്വത്തെയും ആദര്‍ശ പാപ്പരത്തത്തെയും അവയില്‍ നിന്നുരുവായ ഹിംസാവിരുദ്ധതയേയും നേര്‍ വിരുദ്ധ പ്രകൃതം കൊണ്ട് പൊലിപ്പിക്കുന്ന മേരിയ, പില്‍ക്കാലം ഒരു ലൈംഗികത്തൊഴിലാളിയായി വീണ്ടും അയാളുടെ മുന്നില്‍ എത്തുന്നുണ്ട്. അവളില്‍ അയാള്‍ക്കുണ്ടായ കുഞ്ഞുമകാന്‍ ലേസി മരിച്ചു പോയെന്നു അയാളറിയുന്നു. ഒരു ഘട്ടത്തില്‍ ഒരു സ്വപ്നപ്രത്യക്ഷമായി ലേസി അയാളുടെ മുന്നില്‍ എത്തുന്നുമുണ്ട്. 

അനുഭവിച്ചുതീര്‍ത്ത ഈ ട്രോമകളുടെ പശ്ചാത്തലത്തില്‍ മാത്രമാണ് സാമുവേലിന്റെ ചാഞ്ചാട്ടമുള്ള മനോനിലയും മനസ്സിലാക്കാനാകുക. ഓര്‍വെല്ലിയന്‍ മാതൃകയില്‍ ഒരു കഥാപാത്രം നിരീക്ഷിക്കുന്നു:

“പുറത്ത് കാര്യങ്ങള്‍ തീര്‍ത്തും മോശമാണ്. ആരും സുരക്ഷിതരല്ല. ഏകാധിപതി വിഭ്രാന്തിയില്‍ (paranoid) ആണ്. അയാള്‍ എല്ലാവരെയും ഭയക്കുന്നു. ഞാനെന്റെ കുട്ടികളെ കൈകള്‍ കൊണ്ടു വായമൂടി ഉറങ്ങാന്‍ പഠിപ്പിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ ഉറക്കത്തില്‍ എന്തൊക്കെ പറഞ്ഞേക്കുമെന്നും, ആരൊക്കെ അത് കേള്‍ക്കുന്നുണ്ടാവും എന്നും ആര്‍ക്കറിയാം?”

സ്ഥായിയായ ഏതെങ്കിലും ആശയാദര്‍ശങ്ങള്‍ എന്നതിലേറെ, സമൂഹത്തില്‍ അപ്പപ്പോള്‍ സ്വാധീനം ചെലുത്തിയ രാഷ്ട്രീയ ചിന്തകളാണ് സാമുവേലിനെ സ്വാധീനിച്ചത്. പുരോഗമനേച്ഛു എന്ന് ചിലപ്പോള്‍ തോന്നിക്കുമ്പോള്‍, സമൂഹത്തിലെ മുന്‍വിധികള്‍ മറ്റു ചിലപ്പോള്‍ അയാളുടെ പ്രകൃതത്തെ നിയന്ത്രിക്കുന്നു. കാരാഗൃഹത്തില്‍ എത്തുമ്പോള്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ത് വിട്ടുവീഴ്ചക്കും, തന്റെ പ്രണയിനി ഉള്‍പ്പടെ സമര സഖാക്കളെ ഒന്നൊന്നായി ഒറ്റിക്കൊടുക്കാന്‍ വരെ, അയാള്‍ തയ്യാറാണ്: “ആര്‍ക്കാണ്‌ തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ ആഗ്രഹമില്ലാത്തത്, തങ്ങള്‍ അകപ്പെട്ട ചെളിയില്‍ നിന്ന് ഇത്തിരി ഉയര്‍ന്നു പോകാനും എന്തെങ്കിലുമൊക്കെ ആയിത്തീരാനും ആരാണ് ആഗ്രഹിക്കാത്തത്?” എന്ന് നോവല്‍ സമുവേലിനോട് സഹതപിക്കുന്നുണ്ട്. അധികൃതര്‍ ആവശ്യപ്പെടുന്നതെന്തും സമ്മതിച്ചാല്‍ രക്ഷപ്പെടാമെന്നും പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ അങ്ങനെ അവസരം കിട്ടുമെന്നും അയാളെ ഉപദേശിക്കുന്ന റോലാന്റിന്റെ ദുരൂഹ വിധി എകാധിപത്യത്തോട് സന്ധിചെയ്യാന്‍ ശ്രമിക്കുന്നവരെ കാത്തിരിക്കുന്ന ദുര്‍വ്വിധിയുടെ കണ്ണാടിയാണ്. ഒറ്റുകാരനെ മറ്റു തടവുപുള്ളികള്‍ ഒരു രോഗം പോലെ നിതാന്ത ക്വാരന്റിനില്‍ അകറ്റിനിര്‍ത്തി എന്ന് നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു. സാമുവേലിന് ഒരു തരം സായുധപ്രവര്‍ത്തിയിലും ഹിംസയിലും ഏര്‍പ്പെടാനാകാത്തത് ആദര്‍ശബദ്ധത കൊണ്ടാണോ, അതോ സാമുവേലിന്റെ സ്വതേയുള്ള സാധുപ്രകൃതം കൊണ്ടാണോ എന്ന ചോദ്യം നോവലില്‍ ലീനമാണ്.

വിദേശികള്‍ക്കെതിരെ കേയ്പ്പ്ടൌണില്‍ അരങ്ങേറിയ ഒഴിപ്പിക്കല്‍ അത്യാചാരങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍ നോവലിലുണ്ട്. കൊളോണിയലിസത്തിന്റെ വ്യാപനത്തെ തുടര്‍ന്നുണ്ടായ നഗരവല്‍ക്കരണത്തിന്റെ ഭാഗമായ ഇത്തരം കുടിയൊഴിപ്പിക്കല്‍, അതിന്റെ ഉപോല്‍പ്പന്നമായ ചേരിവല്‍ക്കരണം, അഴിമതി വ്യാപനം, ഒടുവില്‍ എകാധിപതിക്കെതിരെ തന്റെ യൌവ്വന കാലത്ത് സാമുവേല്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പോരാട്ടങ്ങള്‍, അതെ തുടര്‍ന്നുണ്ടായ ജയില്‍വാസം, പീഡനങ്ങള്‍ എന്നിവയൊക്കെ ദേശീയ ചരിത്രത്തിന്റെ ഘട്ടങ്ങളായി സാമുവേലിന്റെ പിന്‍ നോട്ടങ്ങളില്‍  ഇടംപിടിക്കുന്നു. ഏകാധിപതിയുടെ പതന ശേഷം നിലവില്‍ വന്ന സര്‍ക്കാര്‍ തടവുപുള്ളികളെ മോചിപ്പിക്കാനും ഒരു പാര്‍ ലമെന്റ് സ്ഥാപിക്കാനും മാത്രം ലിബറല്‍ സ്വഭാവം തുടക്കത്തില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ കഥയുടെ വര്‍ത്തമാനത്തിലെത്തുമ്പോള്‍ അത് അധപ്പതിച്ചു കഴിഞ്ഞിരുന്നു. ബോട്ടു ജീവനക്കാരന്‍ ചിമേലു നിരീക്ഷിക്കുന്നതു പോലെ:

പാര്‍ ലമെന്റിലെ കുഴപ്പങ്ങളെ കുറിച്ച് നീ കേട്ടോ? തികച്ചും ബഹളമയം. എല്ലായിടത്തും അഴിമതിയാരോപണങ്ങള്‍, തട്ടിപ്പുകള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ ലമെന്റില്‍ പ്രതിഷേധിക്കുന്നു. ഒടുവില്‍ അവര്‍ക്ക് സൈന്യത്തെ നിയോഗിക്കേണ്ടി വന്നു. എകാധിപതിക്കെതിരെ നിലക്കൊണ്ടു നിങ്ങള്‍ ജയിലില്‍ കഴിച്ചു കൂട്ടിയ അത്രയും കൊല്ലങ്ങള്‍, എന്നിട്ടിപ്പോള്‍ നമ്മള്‍ വീണ്ടും സൈന്യത്തെ വിളിക്കുന്നു. ഇതിങ്ങനെ പറയാന്‍ എനിക്ക് വിഷമമുണ്ട്, പക്ഷെ, സത്യം പറഞ്ഞാല്‍, അവിടെ നാട്ടില്‍, ഒട്ടേറെ പേര്‍, ഒട്ടേറെ പേര്‍ ആ ദിനങ്ങള്‍ മിസ്സ്‌ ചെയ്യുന്നുണ്ട്. ഉവ്വ്, നമ്മള്‍ ചകിതരായിരുന്നു, പക്ഷെ കാര്യമെന്തെന്നാല്‍, ചുരുങ്ങിയ പക്ഷം, വ്യവസ്ഥയുണ്ടായിരുന്നു, ഇത്രയും കുറ്റകൃത്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലാം ആകെ കലങ്ങിമറിഞ്ഞതാണ്.”

ഇവിടെ വിവരിക്കപ്പെടുന്ന രാഷ്ട്രീയ കാളരാത്രി ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെത് തന്നെയാണ്. 1994ലെ മണ്ടേലാ സര്‍ക്കാര്‍ സ്ഥാപന കാലത്തെ അപ്പാര്‍ത്തീഡ് അനന്തര മഴവില്‍ ദേശപ്പിറവിയുടെ (rainbow nation) സ്വപ്നങ്ങള്‍ക്ക് എന്തുപറ്റി എന്ന ചോദ്യത്തിനു ലഭിക്കാവുന്ന ഉത്തരമായും ഇതിനെ വായിച്ചെടുക്കാം. (Charlotte Mbali).

എന്നാല്‍, നോവലിസ്റ്റ് സൌത്ത് ആഫ്രിക്കക്കാരിയാണെങ്കിലും നാടിനോ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കോ  എകാധിപതിക്ക് തന്നെയോ പേര് നല്‍കപ്പെടാത്തത്, അതെവിടെയും സംഭവിക്കാവുന്നതാണ് എന്ന സാര്‍വ്വജനീനത നല്‍കാന്‍ തന്നെയാവാം. രാഷ്ട്രീയ നേതൃത്വം വലിയ പ്രതീക്ഷകളുടെയും ജനകീയ മുഖത്തിന്റെയും പ്രതിഛായ സൃഷ്ടിക്കുമ്പോഴും എന്തുകൊണ്ട് പില്‍ക്കാല ചരിത്രം അത് സാക്ഷാത്കരിച്ചില്ല എന്ന ചോദ്യത്തിന് സാമുവേല്‍ മറുപടി കണ്ടെത്തുന്നുണ്ട്: “അധികാരം മനുഷ്യരെ വെറുപ്പുള്ളവര്‍ ആക്കി. അധികാരം ആളുകളെ തങ്ങളെയൊഴിച്ചു മറ്റെല്ലാവരെയും മറക്കാന്‍ പഠിപ്പിച്ചു.” ഈ നൈരാശ്യത്തിന്റെ ആഴമാണ് അയാളെ വീട്ടുകാരില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും അകറ്റുന്നതും അയാളുടെ വര്‍ത്തമാന സാഹചര്യം അനിവാര്യമാക്കുന്നതും. തീവ്രമായ പ്രണയമുണ്ടായിരുന്ന മുന്‍കൂട്ടുകാരിയെ കണ്ടുമുട്ടുന്നതുപോലും മസൃണമായ എന്തെങ്കിലും ചിന്ത ഉണര്‍ത്തുന്നതിനു പകരം തന്റെ ഗര്‍ഹണീയ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നതിലൂടെ ദുരന്തപൂര്‍ണ്ണമാവുകയാണ്. ഗുണപരമായ യാതൊന്നും കയ്യെത്തിപ്പിടിക്കാനാവാത്ത, അന്നാന്നത്തെ അന്നമായിരുന്ന കടല്‍ഞണ്ടുകളുടെ ലഭ്യത പോലും കുറഞ്ഞുവരുന്ന, ഏകാന്തതയും ദുരന്തബോധവും വേട്ടയാടുന്ന നോവലന്ത്യം അതോടു ചേര്‍ന്ന് പോകുന്നു.

വിളക്കുമരക്കാവലില്‍ സാമുവേലിന്റെ മുന്‍ഗാമിയായിരുന്ന വയോധികന്‍ ജോസഫ് അയാളോട് പറയുന്നുണ്ട്: “ദ്വീപിനെ നിന്റെ ഇഷ്ടത്തിനനുസരിച്ചു മെരുക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഗുണമില്ല. അത് അതിന്റെ പാട്ടിനു പോകും.” വര്‍ഷങ്ങളായി തീരത്തടിഞ്ഞ ജഡങ്ങള്‍ മറവുചെയ്ത തോട്ടവും ഓരോ ജഡത്തിന്റെ കാര്യത്തിലും അതീവ സൂക്ഷ്മതയോടെ സാമുവേല്‍ നടത്തുന്ന അടക്കവും തുടരെത്തുടരെയുള്ള വെളിപ്പെടുത്തലുകളും അപ്പോഴും അപരിഹൃതമായിത്തുടരുന്ന അവ്യക്തതകളും നിറഞ്ഞ നോവലില്‍ ഏറെ പ്രസക്തമാണ്‌ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് മുന്‍ ജഡങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവനോടെ എത്തുന്ന ശരീരം, ‘പ്രസിഡന്റിനെ അത്രയും തടിച്ച’ ഒരു ഓയില്‍ വീപ്പയില്‍ തൂങ്ങിയാണ് എത്തുന്നത് എന്ന് നോവലിസ്റ്റ് ആദ്യ ഖണ്ടികയില്‍ത്തന്നെ എഴുതുന്നത്, വെറുക്കപ്പെട്ട അധികാര സ്വരൂപത്തെ തുടക്കത്തില്‍ത്തന്നെ ആഖ്യാന വൃത്തത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. അയാള്‍ തടവുപുള്ളിയോ, അഭയാര്‍ഥിയോ; മിത്രമോ, അധിനിവേശകനോ എന്ന സാമുവേലിന്റെ സന്ദേഹങ്ങള്‍ സ്വന്തം ഗര്‍ഹണീയ ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മ്മകളോട് ചേരുന്നത് സ്വാഭാവികമാണ്; ഒപ്പം അഭയാര്‍ഥികളെ കുറിച്ചുള്ള വിഷലിപ്തമായ വര്‍ത്തമാനകാല മുന്‍വിധികളുടെ പ്രതിനിധാനവും. *(6). ദൃഷ്ടാന്തകഥാന്തരീക്ഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതീകവല്‍ക്കരണങ്ങളില്‍ ഒന്ന് തന്റെ പിടക്കോഴികളെ സാമുവേല്‍ പരിപാലിക്കുന്ന രീതിയാണ്. കൂട്ടത്തില്‍ ചെറുതായ ചുവന്ന പിടയെ അയാള്‍ പ്രത്യേകം ഗൌനിച്ചുവന്നു. നോവലന്ത്യത്തില്‍, നിര്‍ണ്ണായകമായ ഹിംസയിലേക്കുള്ള സാമുവേലിന്റെ പരിവര്‍ത്തനം സംഭവിക്കുന്നത്‌ അഭയാര്‍ഥിയുടെ കൈപ്പിഴയില്‍ കോഴിക്കൂട്ടത്തിന്റെ ആക്രമണത്തിനിടയാകുന്ന ചുവന്ന പിടയുടെ ദുര്യോഗവും മുറിവേറ്റ കോഴിയെ കഴുത്തു പിരിച്ചു കൊല്ലുന്ന അഭയാര്‍ഥിക്കു നേരെ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ വളര്‍ന്നു വന്ന അയാളുടെ സഹവര്‍ത്തിത്ത ഭാവം തകിടം മറിയുന്നതുമാണ്.

പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നേരിട്ട പ്രയാസങ്ങളെയും ആവര്‍ത്തിച്ചുള്ള തിരസ്കാരങ്ങളെയും സംബന്ധിച്ച കാരെന്‍ ജെന്നിങ്സിന്റെ തുറന്നു പറച്ചില്‍ സമാന്തര പ്രസാധകരും വന്‍കിട പ്രസാധക ഏജന്റുമാര്‍ ഇല്ലാത്ത എഴുത്തുകാരും നേരിടുന്ന പ്രതിസന്ധികളുടെ നേര്‍ചിത്രം പകരുന്നുണ്ട്. പാന്‍ഡെമിക് സാഹചര്യത്തില്‍ ബ്രസീലില്‍ ഭര്‍ത്താവിനൊപ്പം കുടുങ്ങിപ്പോയ എഴുത്തുകാരിക്ക് ഏറെ പണിപ്പെട്ടാണ് യു. കെ. യിലെയും സൗത്ത് ആഫ്രിക്കയിലെയും ചില ചെറുകിട പ്രസാധകരുമായി ബന്ധപ്പെടാനായത്. വന്‍ താരങ്ങളില്‍ നിന്നൊന്നും പ്രശംസാ വചനങ്ങളോ ബ്ലര്‍ബ് കുറിപ്പുകളോ ലഭ്യമാക്കാന്‍ കഴിയാതെ അഞ്ഞൂറു കോപ്പി മാത്രം പ്രിന്റ്‌ ചെയ്യപ്പെട്ട പുസ്തകം നിരസിക്കപ്പെടുന്നതിനു പല കാരണങ്ങള്‍ പലരും നിരത്തിയിരുന്നു: ‘തീരെ ചെറുത്‌, അമിതമായി പരീക്ഷണാത്മകം, തീര്‍ത്തും ആഫ്രിക്കന്‍, വേണ്ടത്ര ആഫ്രിക്കനല്ല – ഒടുവില്‍, അത് വെറും സാമ്പത്തികമായിരുന്നു.’ (Rhiannon Lucy Cosslett). ആ നിലക്ക് ബുക്കര്‍ പുരസ്കാര അധികൃതര്‍ അവരുടെ ജോലി മുന്‍വിധികള്‍ ഇല്ലാതെ ഭംഗിയായി ചെയ്യുന്നുണ്ട് എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് പുസ്തകം ലോങ്ങ്‌ലിസ്റ്റ് ചെയ്യപ്പെട്ടത് എന്ന് പറയാം. ജെന്നിങ്സിന്റെ ശൈലി അനാര്‍ഭാടവും സങ്കീര്‍ണ്ണതകളില്ലാത്തതുമാണെന്നും കഥയ്ക്ക് സാര്‍വ്വ ജനീനത കൈവരും വിധം ദൃഷ്ടന്തകഥാ ഭാവമുണ്ട് എന്നും നിരീക്ഷിക്കപ്പെടുന്നു. (Rhiannon Lucy Cosslett). ചെറിയ നോവലാണ്‌ തനിക്കിഷ്ടമെന്നും വലിയ പ്രകടനപരമായ വാക്കുകള്‍ ഇല്ലാത്ത ലളിതമായ എഴുത്താണ് തന്റെ ശൈലി എന്നും ജെന്നിങ്സ് പറയുന്നു. വലിയ ഫിക്ഷന്‍ വായനക്കാരിയല്ലാത്ത അവര്‍ക്കിഷ്ടം എമിലി സോള, ചാള്‍സ് ഡിക്കന്‍സ്, ജോണ്‍ സ്റ്റെയ്ന്‍ബക്ക് തുടങ്ങിയ സോഷ്യല്‍ റിയലിസ്റ്റ് എഴുത്തുകാരെയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ഒറ്റക്കഥയുടെ അപകടത്തെ കുറിച്ചുള്ള ചിമമാന്‍ഡാ അദീചിയുടെ നിലപാടുകളെ *(7) ഓര്‍മ്മിപ്പിക്കും വിധം ജെന്നിങ്സ് കൂട്ടിച്ചേര്‍ക്കുന്നു: “എനിക്കൊരു കാര്യം ശരിക്കും വ്യക്തമാക്കണം, അതായത്, ആഫ്രിക്കയെ ഒരൊറ്റ കഥയിലേക്ക്‌ ചുരുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഇപ്രാവശ്യം, ഒരു സങ്കീര്‍ണ്ണ വിഷയം പരിശോധിക്കാന്‍ ദൃഷ്ടാന്ത കഥാ മാര്‍ഗ്ഗം (allegorical means) ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത രൂപങ്ങളില്‍ ആഫ്രിക്കയോട് ചെയ്തതെന്ത് എന്നതിനെ പരിഗണിക്കുക, ഈ രണ്ടേരണ്ടു കഥാപാത്രങ്ങളിലൂടെ വളരെ ലളിതമായ രീതിയില്‍ അത് പരിശോധിക്കുക.” 

 

References:

1. (Chinua Achebe, ‘Message from Chinua Achebe’, Penguin Edition of Weep Not, Child, First published by Heinemann Education Publishers 1964, P.1)

2. (Rhiannon Lucy Cosslett, Interview with Karen Jennings, ‘‘I’ve been poor for a long time’: after many rejections, Karen Jennings is up for the Booker’, the guardian, 5 Aug 2021, https://www.theguardian.com/books/2021/aug/05/ive-been-poor-for-a-long-time-after-many-rejections-karen-jennings-is-up-for-the-booker).

3.   (Bongani Kona, ‘South Africa: Karen Jennings' Ship Comes Home At Last’, AllAfrica, 20 AUGUST 2021, https://allafrica.com/stories/202108200594.html)

4. (John Self, ‘An Island by Karen Jennings review — the dark horse of Booker 2021’, The Times, August 05 2021)

5. (Charlotte Mbali, ‘An island story that can be applied to many countries’, Kent Bylines, August 16, 2021, https://kentbylines.co.uk/island-story-by-karen-jennings/).

6. (Catherine Taylor, ‘An Island by Karen Jennings review – compact allegory of postcolonialism’, the guardian, 18 Aug 2021, https://www.theguardian.com/books/2021/aug/18/an-island-by-karen-jennings-review-compact-allegory-of-postcolonialism).    

7. (https://www.ted.com/talks/chimamanda_ngozi_adichie_the_danger_of_a_single_story#t-1101088)


(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് , ഭാഗം -2,

ലോഗോസ് ബുക്സ്, പേജ്: 84-96)

To purchase, contact ph.no:  8086126024

No comments:

Post a Comment