Featured Post

Showing posts with label Refugee Literature. Show all posts
Showing posts with label Refugee Literature. Show all posts

Sunday, March 16, 2025

An Island by Karen Jennings

 ഒറ്റപ്പെടുന്നവന്‍ എന്ന ദ്വീപ്‌



“അനേകം സംസ്കാരങ്ങളും ഭാഷകളുമുള്ള ഒരു വലിയ വന്‍കരയാണ് ആഫ്രിക്ക. ആഫ്രിക്ക ലളിതമല്ല. പലപ്പോഴും ആളുകള്‍ക്ക് അതിനെ ലളിതവല്‍ക്കരിക്കണം, സാമാന്യവല്‍ക്കരിക്കണം, അതിന്റെ ജനങ്ങളെ വാര്‍പ്പുമാതൃകകളില്‍ ഒതുക്കണം, എന്നാല്‍ ആഫ്രിക്ക സങ്കീര്‍ണ്ണമാണ്..” *(1). 1962ല്‍ പ്രസിദ്ധീകരണം ആരംഭിച്ച Heinemann African Writers Seriesനു വേണ്ടി ചിനുവ അച്ചബെ എഴുതിയ ആമുഖത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി. അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും, 2021ല്‍, ബുക്കര്‍ പുരസ്കാര പട്ടികയില്‍ തികച്ചും ഒരു ‘കറുത്ത കുതിരയായി’ ഇടം പിടിച്ച തന്റെ നോവല്‍ An Island നേരിട്ട തിരസ്കാരങ്ങളെ കുറിച്ചു സംസാരിക്കവേ കാരെന്‍ ജെന്നിങ്സ് എന്ന യുവ സൗത്ത് ആഫ്രിക്കന്‍ നോവലിസ്റ്റ് ഇതേ വിഷമാവസ്ഥയെ കുറിച്ച് പറയുന്നു:  ബാഹ്യലോകം ആഫ്രിക്കയെ നോക്കിക്കാണുന്ന രീതിയില്‍ ഒരു വലിയ പ്രശ്നമുണ്ട്. എനിക്ക് തോന്നുന്നു, അവര്‍ക്ക് ആഫ്രിക്കയില്‍ നിന്ന് ചില പ്രത്യേക കഥകള്‍ വേണം, എന്നാലോ അവര്‍ക്കാ കഥകള്‍ മടുക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അതൊരു വിഷമ നൃത്തമാണ് (difficult dance). വ്യക്തമായും, ഒരൊറ്റ തരം കഥയും ഒരൊറ്റ തരം ആഫ്രിക്കക്കാരും മാത്രമല്ല ഉള്ളത്. അത് ബാലയോദ്ധാക്കളും അക്കേഷ്യ മരങ്ങളും മാത്രവുമല്ല. ഒരുപാടു തരം മനുഷ്യരും സംസ്കാരങ്ങളുടെ കഥകളുമുണ്ട്.” *(2). ഇതേ അഭിമുഖത്തില്‍, സാംസ്കാരിക ചിഹ്നങ്ങളുടെ ദുരുപയോഗം (cultural appropriation ) എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാന സാഹിത്യ അന്തരീക്ഷത്തില്‍, വെള്ളക്കാരി എന്ന നിലയില്‍ ആഫ്രിക്കയെ കുറിച്ച് എഴുതുന്നതിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു: “ഞാന്‍ വെള്ളക്കാരിയാണ്‌ എന്നത് രഹസ്യമല്ല, ഒപ്പം ഞാന്‍ ആഫ്രിക്കക്കാരിയെന്നു അവകാശപ്പെടുന്നു എന്നതും. ഒരുപാട് ആളുകള്‍ക്ക് അതിലൊരു പ്രശ്നമുണ്ടാവും എന്നും ഞാന്‍ കരുതുന്നു. ഒരു വെള്ളക്കാരിയെന്ന നിലയില്‍ ഏതൊക്കെ കഥകള്‍ പറയാനാണ് എനിക്ക് അനുവാദമുള്ളത്? വെള്ളക്കാരി സ്ത്രീയുടെത് അല്ലാത്ത ഒരു കഥ ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ എങ്ങനെയാകും അതിനോട് പ്രതികരിക്കുക? ഞാനും സാംസ്കാരിക അനുരൂപണത്തെ (appropriation) കുറിച്ചു വ്യാകുലപ്പെടുന്നുണ്ട്. ഞാനെന്റെ എഴുത്തില്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ആര്‍ക്കാണ് ഞാന്‍ ശബ്ദം നല്‍കുന്നത് എന്നതിനെ കുറിച്ച് വളരെ ജാഗരൂകയാകുക എന്നതാണ്. എനിക്കതിനു ശരിക്കും ഒരുത്തരമില്ല, ആകെ പറയാവുന്നത് ആരുടേയും സ്വരത്തെ അപഹരിക്കുക എന്റെ ഉദ്ദേശമല്ല എന്നാണ്. ഞാന്‍ ദക്ഷിണാഫ്രിക്കയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്, ആഫ്രിക്കയെ മനസ്സിലാക്കാന്‍, അതില്‍ എന്റെ ഇടം എവിടെയാണ് എന്ന് മനസ്സിലാക്കാന്‍.” (Rhiannon Lucy Cosslett).


.....................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/an-island-by-karen-jennings

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് , ഭാഗം -2,

ലോഗോസ് ബുക്സ്, പേജ്: 84-96)

To purchase, contact ph.no:  8086126024

Friday, October 4, 2024

These Are the Names by Tommy Wieringa

 

പുല്‍മേടുകളിലെ തീക്കാലങ്ങള്‍




സമകാലിക ലോക സാഹിത്യത്തില്‍ ഏറ്റവും നിശിതമായി കൈകാര്യം ചെയ്യപ്പെടുന്ന വിഷയം ഒരു പക്ഷെ അഭയാര്‍ഥിജീവിതത്തിന്റെ പ്രതിസന്ധികള്‍ എന്നതാവാം. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയായ പ്രവാസത്തിലേക്ക് സ്വയം എടുത്തെറിയപ്പെട്ട എഴുത്തുകാരുടെ തന്നെ അനുഭവമായോ അവര്‍ സാക്ഷ്യം വഹിക്കാന്‍ ഇടയാകുന്ന ആഗോള മാനങ്ങളുള്ള സഹന പര്‍വ്വങ്ങളായോ അഭയാര്‍ഥിജീവിതത്തിന്റെ അസ്തിത്വ പ്രതിസന്ധികള്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഇത്തരം ആവിഷ്കാരങ്ങളില്‍ എഴുത്തുകാരന്‍/കാരി സാമാന്യസംവാദങ്ങളില്‍ ഇടപെടുകയും നൈതിക നിലപാട് പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യാവഹാരിക ബുദ്ധിജീവിയായി (public intellectual) സ്വയം നിലയുറപ്പിക്കാം. അയാള്‍ക്ക് “നിര്‍ണ്ണായകമായ അറിവും ആശയങ്ങളുമുണ്ട്, അയാള്‍ക്ക് ചര്‍ച്ചകളെ ഉദ്ദീപിപിക്കാനാകുംരാഷ്ട്രീയവും സാമൂഹികവുംനൈതികവുമായ മാനങ്ങളുള്ള വിഷയങ്ങളില്‍ ഇതര സാധ്യതകള്‍ ഉന്നയിക്കുന്നതിലൂടെ പൊതു താല്പര്യമുള്ള കാര്യങ്ങളില്‍ അശിക്ഷിതരായ ശ്രോതാക്കളെ അഭിമുഖീകരിക്കാനാവും.” (The Figure of the Migrant in Tommy Wieringa’s Intellectual Intervention- Oldie Heynders- Tillburg University).  

ജീര്‍ണ്ണലോകങ്ങളിലെ ആത്മാന്വേഷണം

ജോ സ്പീഡ്ബോട്ട്, സീസേറിയന്‍ തുടങ്ങിയ കൃതികളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്ന ഡച്ച് നോവലിസ്റ്റ് ടോമി വെയ്റിങ്കക്ക്ഡച്ച് ബുക്കര്‍ എന്നറിയപ്പെടുന്ന ലിബ്രിസ് പ്രൈസ് നേടിക്കൊടുത്ത നോവലാണ്‌ “These Are the Names.” 2004-ല്‍ നോവലിസ്റ്റ് സാക്ഷ്യം വഹിക്കാന്‍ ഇടയായ ഒരു കോടതി കേസിനെ ആസ്പദമാക്കി രചിക്കപ്പെട്ട കൃതിയില്‍,  പോസ്റ്റ്‌ സോവിയറ്റ് റഷ്യന്‍ ചിഹ്നങ്ങള്‍ നിറഞ്ഞ മിഖൈലോപോള്‍ എന്ന സാങ്കല്‍പ്പിക യൂറേഷ്യന്‍ പട്ടണത്തെ പശ്ചാത്തലമാക്കി വികസിക്കുന്ന രണ്ടു സമാന്തര കഥാധാരകള്‍ സന്ധിക്കുന്നു. പോണ്ടസ് ബേഗ് എന്ന പോലീസ് കമ്മിഷണര്‍ തന്റെ ഓര്‍മ്മകളില്‍ എന്നും പ്രായമാകുകയെന്ന സ്വപ്നം താലോലിച്ചു വന്നവനായിരുന്നു. “മൂക്കിന്റെ പാലത്തില്‍ ഒരു ജോഡി സേഫ്റ്റി ഗ്ലാസ്സുകള്‍ വെച്ചും കൈകള്‍ പിറകില്‍ കെട്ടിയും ... മറ്റെന്തിലുമേറെ വയസ്സനാകാന്‍ മോഹിച്ച്. സാവധാനത്തില്‍അവധാനതയോടെകൊടുങ്കാറ്റിനെ ശാന്തനായി നേരിടുന്ന ക്യാപ്റ്റന്‍.” ഗ്ലാസ്സുകള്‍ മൂക്കില്‍ പാട് വീഴ്ത്തുന്നു എന്നറിയുന്നത് വരെ അത് തുടര്‍ന്നുവന്നു. കാലം കടന്ന് ഇന്നയാള്‍ ഒരമ്പത്തി മൂന്നുകാരനാണ്. ജീവിതം ഏറെ പഠിപ്പിച്ചിട്ടുണ്ട് അയാളെഒപ്പം മരണത്തിന്റെ തുടക്കമെന്നോണം ‘പടിപടിയായി അയാളും ഉടലും വേര്‍പെട്ടു തുടങ്ങുന്ന’തിന്റെ ലക്ഷണമായി ഇടതുകാല്‍ മറ്റാരുടേതോ എന്ന മട്ടില്‍ വാത സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. പട്ടണത്തിന്റെ അറ്റത്ത്‌ അയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമ സിറ്റയുമായി മാസത്തില്‍ ഒരു ദിവസം മാത്രംഅതും അവളുടെ സുരക്ഷിത ദിനത്തില്‍ ഒന്നില്‍, അനുവദിക്കപ്പെടുന്ന ബന്ധം കൂടുതല്‍ വളര്‍ത്തണമെന്നും അവള്‍ കൊതിച്ചിരിക്കുന്ന വിധം ഒരു കുഞ്ഞിനെ നല്‍കണം എന്നുമുണ്ട് അയാള്‍ക്ക്. പക്ഷെ സിറ്റ കാത്തിരിപ്പാണ് – തന്നെക്കാള്‍ പത്തുവയസ്സ് കുറഞ്ഞ തന്റെ കാമുകനും അയാളില്‍ നിന്നുള്ള ഗര്‍ഭധാരണത്തിനും വേണ്ടി. സിറ്റയുമായുള്ള സമാഗമം ബേഗിനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്- ഓരോ രാവിലും എന്നോ മരിച്ചു പോയ അമ്മയുമായി അവള്‍ നടത്തുന്ന സുദീര്‍ഘ സംഭാഷണങ്ങളുടെ അലോസരം ഒഴികെ. അടിമുടി അഴിമതിയില്‍ മുങ്ങിയ പോലീസ് സമ്പ്രദായത്തില്‍ അത്ര നിഷ്കളങ്കമൊന്നുമല്ല ബേഗിന്റെയും നിലപാടുകള്‍ എന്ന് വ്യക്തമാണ്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ തുടങ്ങുന്ന യാത്രികന്‍ അയാളെ പ്രകോപിപ്പിക്കുന്നത് പോസ്റ്റ്‌ സോവിയറ്റ് തലമുറയുടെ സ്വാതന്ത്ര്യ ബോധത്തോടുള്ള കലശലായ അസൂയയായിത്തീരുന്നു:

“അയാള്‍ മുപ്പതോടടുത്തവനായിരുന്നുജീന്‍സും സ്നീകെഴ്സും ധരിച്ച്. പുതു തലമുറ: ആരോഗ്യമുള്ളകൂസലില്ലാത്തഅധികൃതരോട് പ്രകടമായ പുച്ഛമുള്ള. കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്ന് അവര്‍ക്കറിയില്ല. അവര്‍ക്ക് ഒരിക്കലും ഒന്നും കുറവുണ്ടായിരുന്നില്ലഅവര്‍ക്ക് അവരുടെ ബ്രെഡ്‌ എപ്പോഴും ഇരുവശത്തും ബട്ടര്‍ പുരട്ടിയ രീതിയില്‍ കിട്ടിയിരുന്നു.”

അയാള്‍ തന്റെ ഇരയെ ഏതാണ്ട് മൃതപ്രായനാക്കുന്നു. അപ്പോള്‍ അയാളില്‍ പ്രവര്‍ത്തിക്കുന്നത് ചിന്താശീലനും പുസ്തക പ്രേമിയുമായ അയാളുടെ സ്വത്വമല്ല; മറിച്ച്കാടിന്റെ നിയമമാണ് എന്നത് ആര്‍ജ്ജിത മനുഷ്യ സംസ്കൃതിയില്‍ നിന്ന് പിറകോട്ടു പോകുന്നഅതിജീവനത്തിന്റെ മൃഗചോദനകള്‍  നിയാമകമാകുന്ന സാഹചര്യങ്ങള്‍ പരിശോധിക്കുന്ന പുസ്തകത്തില്‍ ഏറെ പ്രസക്തമാണ്. ഗതികേടു കൊണ്ട് മൃഗസമാനരാകുന്ന അഭയാര്‍ഥികളില്‍ നിന്ന് അത്രക്കൊന്നും വ്യത്യസ്തരല്ല സുരക്ഷിത ജിവിതം നയിക്കുന്നവരും. ബേഗ് തന്റെ തന്നെ പ്രകൃതത്തെയും പാരമ്പര്യത്തിന്റെ വേരുകളെയും അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരാളാണ്. എന്നാല്‍നോവലിസ്റ്റ് പല സന്ദര്‍ഭങ്ങളിലും അയാളോട് കുസൃതി കലര്‍ന്ന അനുതാപഭാവം നിലനിര്‍ത്തുന്നുണ്ട് എന്ന് കാണാം: തത്വദീക്ഷയില്ലാത്ത ഇടപാടുകള്‍ക്കിടയിലും മാനുഷികമായ മസൃണ ഭാവങ്ങള്‍ അയാളെ മഥിക്കുന്നുണ്ട്: അഴുകിത്തുടങ്ങിയ രീതിയില്‍ മോര്‍ച്ചറിയില്‍ കിടക്കുന്ന അജ്ഞാത സ്ത്രീയെ സംബന്ധിക്കുന്ന നിഗൂഡത പോലെ. പുഷ്കിനെയും ടര്‍ജിനെവിനെയും വായിക്കാന്‍ പ്രേരിപ്പിച്ചിരുന്ന മുന്‍ കാല പ്രണയിനിയെ കുറിച്ചുള്ള ഓര്‍മ്മകളും ഇടയ്ക്കിടെ തന്നോട് തന്നെ മൂളുന്ന, അമ്മ പഠിപ്പിച്ച പാട്ടിന്റെ ഓര്‍മ്മയും അത്തരം മൃദുല ഭാവങ്ങളുടെ അടയാളങ്ങളാണ്.

ബേഗിന്റെ ഉള്ളിലും സ്വന്തം അസ്ഥിത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന ഒരു മനസ്സുണ്ടെന്നു വയോധികനായ റബ്ബിയുടെ അടക്കത്തിനു വേണ്ടി അത്തരം കാര്യങ്ങള്‍ അറിയാവുന്ന മറ്റൊരു ജൂതനെ തേടുന്ന ഘട്ടത്തിലാണ് വ്യക്തമാകുക. അയാള്‍ സമീപിക്കുന്ന വയോധിക റബ്ബി തന്റെ ദേശത്തെ അവസാനത്തെ ജൂതനാണ് എന്നത് ഒരു വേള തന്റെ ശ്രമങ്ങള്‍ തുടങ്ങാന്‍ ഇത്തിരി വൈകിപ്പോയില്ലേ എന്ന് തോന്നിക്കുന്നുണ്ട്. തന്റെ ചുണ്ടുകളില്‍ മാറാതെ പിന്തുടരുന്ന പാട്ടിന്റെ വരികള്‍ ഒരു യിദ്ദിഷ് പ്രേമ ഗാനമായിരുന്നു എന്നറിയുന്നത്, അമ്മ ജൂത വംശജയായിരുന്നോ എന്ന സന്ദേഹത്തിലേക്ക് നയിക്കുന്നു. അത് തീര്‍ച്ചപ്പെടും മുമ്പേ അയാള്‍ക്കൊരു ആഹ്ലാദകരമായ തിരിച്ചറിവായിത്തീരുക “അയാള്‍ക്കും ചില ഉറവിടങ്ങളുണ്ട്അതാണ്‌ ഏറ്റവും തീക്ഷ്ണമായ കാര്യം” എന്നതാണ്. നോവലിന്റെ കേന്ദ്ര പ്രമേയമായ പാലായനത്തിന്റെ സന്ദിഗ്ദതയെന്ന മാനുഷികാനുഭവത്തിന്റെ ചരിത്ര പരവും വര്‍ത്തമാനകാല പതിപ്പുകളും തമ്മിലുള്ള വിനിമയങ്ങള്‍ ഇതോടു കൂടി ബേഗിന്റെ കാര്യത്തില്‍ ഇനി തീര്‍ത്തും മറ്റൊരിടത്തെ/ മറ്റാളുകളുടെ അനുഭവമല്ല എന്ന് വന്നുകൂടുകയാണ്. അയാളുടെ പതിവ് ദോഷൈക ദൃഷ്ടിയും ജീവിത നൈരാശ്യ ഭാവവും  മാറ്റിവെച്ച് അഭയാര്‍ത്ഥികളെ കുറേക്കൂടി സഹാനുഭൂതിയോടെ കാണാന്‍ അതയാളെ പ്രാപ്തനാക്കുന്നുണ്ട്.

പുറപ്പാടിന്റെ പുത്തന്‍ വംശാവലികള്‍ 

പാലായനമെന്ന ജൂതാനുഭവത്തിന് പുറപ്പാടിന്റെ പുസ്തകത്തിലെ മോശെയുടെ അനുയായികളുടെ നാലപ്പതു വര്‍ഷം നീണ്ടു നിന്ന വാഗ്ദത്ത ഭൂമി തേടല്‍ മുതല്‍ ചരിത്രമുണ്ട്. നോവലിന്റെ തലക്കെട്ട്‌ പുറപ്പാട് പുസ്തകത്തിലെ ആദ്യവാക്യമായത് ഈ അര്‍ഥത്തില്‍ കൂടിയാണ്. ഇതിവൃത്ത ധാരയിലെ രണ്ടാം യാനമെന്നത് പുതിയ കാലത്തിന്റെ അഭയാര്‍ഥി പ്രതിസന്ധിയുടെ നേര്‍ച്ചിത്രമായ ആവിഷ്കാരമാണ്. പുറപ്പാടിന്റെ പുത്തന്‍ വംശാവലികളുടെ ‘പോസ്റ്റ്‌ അപ്പോകലിപ്റ്റിക് വിഷന്‍’ (സമ്പൂര്‍ണ്ണ നാശം അടയാളപ്പെടുത്തുന്ന ഭീഷണാവസ്ഥയുടെ സര്‍ റിയല്‍ ആവിഷ്കാരങ്ങള്‍) ഈ ഭാഗങ്ങളെ കൊര്‍മാക് മക്കാര്‍ത്തിയുടെ ദി റോഡ്‌, ജെ. എം. കൂറ്റ്സിയുടെ ‘വെയ്റ്റിംഗ് ഫോര്‍ ദി ബാര്‍ബേറിയന്‍സ്’ തുടങ്ങിയ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നോവല്‍ ആരംഭത്തില്‍പോണ്ടസ് ബേഗ് പുല്‍മേടുകളില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് നോക്കിനില്‍ക്കുമ്പോള്‍മഴയില്‍ കുതിര്‍ന്നും കിതച്ചും ‘ഭൂമിയിലെ ആദ്യത്തെ മനുഷ്യരെ പോലെ’ അതേ പട്ടണത്തിലേക്ക് എത്തിപ്പെട്ട ഒരു ചെറു അഭയാര്‍ത്ഥിക്കൂട്ടം പുലര്‍ന്നു കിട്ടാന്‍ കാത്തിരിക്കുകയാണ്. അതിര്‍ത്തികടത്താമെന്നു വാക്ക് കൊടുത്ത മനുഷ്യക്കടത്തുകാര്‍ അവരെ ചതിക്കുകയായിരുന്നു. വിശപ്പും ദാഹവും മറ്റു രോഗപീഡകളും ചേര്‍ന്നു കൂട്ടത്തില്‍ പലരും മരിച്ചു വീഴുന്നുണ്ട്‌. ഉടലും മനസ്സും തകര്‍ന്ന ഇവര്‍ ബേഗിന്റെ പട്ടണത്തിലെത്തുമ്പോള്‍ കൂട്ടത്തില്‍ ഒരാളുടെ പൊക്കണത്തില്‍ അറുത്തെടുത്ത ഒരു മനുഷ്യ ശിരസ്സുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബേഗിനെ അവരിലേക്കെത്തിക്കുക. അവരുടെ വരവ് ബേഗിന്റെ ആത്മാന്വേഷണങ്ങളെ അമൂര്‍ത്തമായ തലത്തില്‍ നിന്ന് കുറേക്കൂടി യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കാന്‍ ഇടയാക്കും.

 “അയാളുടെ ജീവിതം അഭയാര്‍ത്ഥികളുമായി ബന്ധിതമായിരുന്നുഅവര്‍ സഞ്ചരിച്ച പാതയുമായി. അവര്‍ ആരണ്യകത്തിലൂടെ ജൂതരെ പോലെ അലഞ്ഞിരുന്നുജൂതരെ പോലെ അവരും അവരില്‍ ഒരാളുടെ ഭൌതികാവശിഷ്ടങ്ങള്‍ തങ്ങള്‍ക്കൊപ്പം ചുമന്നിരുന്നു.”

അതില്‍ ഉള്‍പ്പെട്ട കുറ്റകൃത്യം എന്ന ഘടകം മാത്രമല്ല ബേഗിനെ ആകര്‍ഷിക്കുന്നത് എന്നര്‍ത്ഥം. അയാള്‍ക്ക് കണാതിരിക്കാനാവാത്ത സമാന്തരം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും തിട്ടമേതുമില്ലാത്ത അഭിയാനത്തില്‍ ആളുകള്‍ സ്വരുക്കൂട്ടുന്ന അതീത ഭയങ്ങളുടെയും മാനങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്. പട്ടണവാസികള്‍ക്ക് അഭയാര്‍ത്ഥികള്‍ ‘കഴിഞ്ഞ നൂറ്റാണ്ടുകളുടെ ഇരുട്ടില്‍ നിന്നെത്തിയ’ ‘മൂവന്തിയുടെ ജീവിക’ളാണ്. ബേഗിനാവട്ടെ അവര്‍ വാഗ്ദത്ത ഭൂമിയിലേക്ക്‌ പോകുന്ന ഇജിപ്തുകാരെ പോലെയും. എന്നാല്‍ഇസ്രയേല്യരില്‍ നിന്ന് വ്യത്യസ്തമായി പ്രജാവത്സലനായ ദൈവമല്ല, ആര്‍ത്തിയുടെയും വഞ്ചനയുടെയും മൂര്‍ത്തികളായ മനുഷ്യക്കടത്തുകാരാണ് പുതിയ പ്രവാസികളെ നയിക്കുന്നത്.

മിത്തും ചരിത്രവും സമകാലികവും

പലായനമെന്ന പ്രമേയത്തിന്റെ പുരാതനവും നവീനവുമായ സൂചകങ്ങള്‍ ഇവിടെ സന്ധിക്കുകയാണ്. ‘കൂട്ടമായി യാത്ര ചെയ്യുന്ന മൃഗങ്ങള്‍’, ‘അജ്ഞാതമായ വഴികളില്‍ നീങ്ങുന്ന’ ജിപ്സികള്‍ഒരിടത്തും കൂടുവെക്കാത്തവര്‍ഹിച്ച്ഹൈക്കര്‍മാര്‍, തെണ്ടികളും കടന്നു പോകുന്നവരും; ‘അങ്ങുമിങ്ങും’ അടിച്ചു പറത്തപ്പെടുന്ന ആളുകള്‍, എന്നിങ്ങനെ പാലായനത്തിന്റെ രൂപകങ്ങള്‍ നോവലില്‍ നിറയുന്നുണ്ട്. യാത്രകൊണ്ടു മുറിഞ്ഞും ഉരുവപ്പെട്ടും അവര്‍ക്ക് സ്വന്തമായുള്ളതെല്ലാംഭൂതകാലവും സ്വത്വവും പലപ്പോഴും ജീവനും തന്നെഅവര്‍ക്ക് നഷ്ടമാവുന്നു. ദാക്ഷീണ്യമില്ലാത്ത കൊടുങ്കാറ്റില്‍ പെട്ട ലിയറിനെ പോലെ‘റിട്ടേണ്‍ ഓഫ് ദി നാറ്റീ’വിലെ എഗ്ഡന്‍ ഹീത്തിനെയും, വുതറിംഗ് ഹൈറ്റ്സിലെ ചതുപ്പുകളെയും പോലെ ആദിമപ്രകൃതിയുമായി ഏറ്റുമുട്ടുന്ന അവസ്ഥപ്രസ്തുത കൃതികളിലെ സ്ഥല ബോധമില്ലാതെ തന്നെഈ അഭയാര്‍ത്ഥികള്‍ നേരിടുന്നുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (Phoebe Taplin: theguardian.com)അവര്‍ കടന്നു പോകുന്ന ‘ഭീകരതകളുടെ കാട്’ ഡാന്റെയുടെ ഇന്‍ഫെര്‍നോയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും. ഇവയില്‍ നിന്ന് വ്യത്യസ്തമായിമനുഷ്യവാസമുള്ള ഇടങ്ങള്‍ കുറേക്കൂടി മൂര്‍ത്തമായ രീതിയില്‍ അടയാളപ്പെടുത്തുന്നുണ്ട്‌ നോവലില്‍. കാടുപിടിച്ച സെമിത്തേരിതിളക്കം പൊയ്പ്പോയ വിജന ഗ്രാമം‘ഇയോനിയന്‍ സ്തൂപങ്ങള്‍ക്ക് മേല്‍ സ്ഥാപിച്ച സമര്‍ക്കണ്ടിന്റെ താഴികക്കുടങ്ങള്‍’ നിറഞ്ഞ പുതുപണക്കാരുടെ ആര്‍ഭാട ഭവനങ്ങള്‍തീന്‍പണ്ടങ്ങള്‍ നിറഞ്ഞ ബസാറുകള്‍ എന്നിവ ഒരു വശത്ത്‌പോസ്റ്റ്‌ സോവിയറ്റ് അപചയങ്ങളുടെ നേര്‍പതിപ്പായ മിഖൈലോപോള്‍ പ്രകടമാക്കുന്ന അവിഹിത വിഹിതങ്ങളിലും കൈക്കൂലിനഗ്നമായ പിടിച്ചുപറിവ്യക്തികളില്‍ നിന്നുള്ള മോഷണം എന്നിവയിലും ആറാടുന്ന വ്യവസ്ഥിതിയുടെ ചിഹ്നങ്ങള്‍. തുര്‍ക്ക്‌മെനിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ ‘അശ്ഖ്ബാദില്‍ നിന്നുള്ളയാള്‍’ തന്റെ പൂര്‍വ്വ ദേശത്തെ കുറിച്ച് പറയുന്നത് ഓര്‍വെല്ലിന്റെ മാസ്റ്റര്‍പീസിനെയും സ്റ്റാലിനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്: അവിടെ “വല്യേട്ടന്‍ വീണുഇളയസഹോദരന്‍ അദ്ദേഹത്തിന്റെ സര്‍വ്വ ചീത്ത ശീലങ്ങളും പകര്‍ത്തുകയും സ്വന്തമായി കുറച്ചു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.”

നോവലിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്നത് പോലെപേരുകളും പേരിടലും അഥവാ പേരുകള്‍ ഇല്ലായ്മയും നോവലിലെ പ്രധാന വിഷയങ്ങളില്‍ ഒന്നാണ് എന്ന് പറയാം. അമ്മയുടെ ആദ്യനാമം മെദ് വദേവ് എന്നാണ് എന്നതാണ് ബേഗിനു തന്റെ ഭൂതകാലത്തെ കുറിച്ചുള്ള ആദ്യ സൂചകമാകുന്നതെങ്കില്‍, അഭയാര്‍ഥികളില്‍ മയക്കുമരുന്ന് കടത്തുകാരനായ മുന്‍കുറ്റവാളി വിറ്റാലിയെ മാറ്റിനിര്‍ത്തിയാല്‍ ആര്‍ക്കും ഏതാണ്ട് ഒടുവില്‍ വരെയും പേരുകളില്ല. ഭേദ്യമുറക്കിടയില്‍ പറയപ്പെടുന്ന പേരുകള്‍ക്ക് കാര്യമായ സാംഗത്യവുമില്ല. പയ്യന്‍പോച്ചര്‍ (ഒളിവേട്ടക്കാരന്‍), അഡിക്റ്റ്, ദീര്‍ഘകായന്‍, എത്യോപ്യക്കാരന്‍, സ്ത്രീ എന്നൊക്കെയാണ് അവര്‍ വിവരിക്കപ്പെടുന്നത്. അതിജീവനത്തിന്റെ ബാദ്ധപ്പാടുകള്‍ക്കിടയില്‍ കരുണ വറ്റിപ്പോകുന്ന സാഹചര്യങ്ങളാണ് അവരുടേത്. എന്നാല്‍‘കറുത്ത മനുഷ്യന്‍’ എന്ന് വിളിക്കുന്ന എത്യോപ്യക്കാരനോട് അരങ്ങേറുന്ന ക്രൂരതയും അയാളുടെ അറുത്തെടുത്ത ശിരസ്സിനെ കുറിച്ചുള്ള അന്വേഷണം വ്യക്തമാക്കുന്ന വിചിത്ര വസ്തുതകളും ഈ കരുണാരാഹിത്യം കൊണ്ടു മാത്രം വിശദീകരിക്കാനാകുന്നതല്ല. നോവലില്‍ ഉടനീളമുള്ള ബിബ്ലിക്കല്‍ സമാന്തരത്തിന്റെയും അവ്യാഖ്യേയമായ ആത്മീയ മൂല്യാന്വേഷണത്തിന്റെയും പാഠങ്ങളുമായി അതിനു ബന്ധമുണ്ട്. നാല്‍പ്പതാണ്ടു നീണ്ട ഇസ്രയേല്യരുടെ പാലായനത്തില്‍ വാഗ്ദത്ത ഭൂമിയില്‍ എത്തും വരെ ദൈവ സഹായത്തിന്റെ പ്രതീക്ഷയുടെ ചിഹ്നമായി കൂടെ കരുതുന്ന ജോസഫിന്റെ ഭൌതികാവശിഷ്ടത്തെ കുറിച്ചു പറയുന്നുണ്ട് (Exodus 13:19). അതുപോലെ തങ്ങളെ വഴിനടത്താന്‍ എത്യോപ്യക്കാരന്റെ സാന്നിധ്യം വേണമെന്ന് അയാളെ വധിച്ചു കളഞ്ഞവര്‍ തന്നെ തീരുമാനിക്കുന്നത്മരിച്ചു കഴിഞ്ഞും അയാള്‍ തങ്ങളുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നു എന്ന ബോധത്തിലാണ്. തന്റെ ഉള്ളിലിരുന്ന് അയാളാണ് സ്വപ്‌നങ്ങള്‍ കാണുന്നത് എന്ന് സ്ത്രീ പറയുന്നുണ്ട്. എന്നാല്‍ജോസഫിനോടുള്ള ആരാധനയില്‍ നിന്ന് ഭിന്നമായി കറുത്തവനോടുള്ള വംശീയ വിരോധമാണ് ആ കൊലപാതകം വരെയെത്തുന്ന ആദ്യ പ്രതികരണത്തിലേക്ക് പുതിയ പലായനക്കാരെ എത്തിക്കുന്നത് എന്നത് നോവലില്‍ ഉടനീളമുള്ള വൈരുദ്ധ്യങ്ങളുടെ തുടര്‍ച്ചയാണ്. പ്രാകൃതമായ അതിജീവനത്വരയാല്‍ പ്രചോദിതമായ ഹിംസയുടെയും പിടിച്ചുപറിയുടെയും ഉദാഹരണങ്ങള്‍ പശ്ചാത്ഗമന (atavistic) പ്രവണതകളായി വേറെയും ഒട്ടേറെ ഉണ്ടെന്നതും ശ്രദ്ധേയമാണ്. സെക്കുലറിസവുംമതമൌലികവാദവും കൊമ്പുകോര്‍ക്കുന്ന പുതിയ കാലത്ത് കൃത്യതയില്ലാത്തതെങ്കിലും ആശ്വാസം പകരുന്ന വിശ്വാസത്തിന്റെ ഗുണങ്ങള്‍ പല കഥാപാത്രങ്ങളെയും സ്വാധീനിക്കുന്നുണ്ട് എന്നത് നോവലിനെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്. ഒരു കുഞ്ഞിനു വേണ്ടി പ്രാര്‍ഥികുന്ന സിറ്റയെ പോലെ‘ഈ ശരീരം ഭക്ഷിക്കുക, ഇങ്ങനെയാണ് ഞാന്‍ എന്റെ അപ്പം സമ്പാദിക്കുന്നത്’ എന്ന് അവസാനത്തെ അത്താഴത്തെ അനുകരിക്കുന്ന അഭിസാരികയെ പോലെബേഗിനെയും മത സൂചകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജൂതന്‍ എന്ന ‘പദം പീഡാനുഭവത്തിന്റെ ഒരു ലോകത്തെ തന്നെ പിറകില്‍ ആനയിക്കുന്നുണ്ട്’ എന്ന് അയാള്‍ നിരീക്ഷിക്കുന്നു. ഒരു പുതുജീവിതത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹം എന്ന പ്രമേയം ഒരു രീതിയലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാ കഥാപാത്രങ്ങളെയും ഒരുമിപ്പിക്കുന്നുണ്ട്. സിനഗോഗിലെ ആചാരനിഷ്ടമായ ജലസംഭരണി ആദ്യമായി കാണുന്ന ബേഗ്, സായാഹ്ന സൂര്യന്റെ കിരണങ്ങള്‍ അതില്‍ തീര്‍ക്കുന്ന വര്‍ണ്ണരാജികളില്‍ ലയിച്ചു ചിന്തിക്കുന്നു:

“ആത്മാവിനെ ഉരിഞ്ഞു കളയാന്‍ആ കീറിപ്പറിഞ്ഞ വസ്തുഎന്നിട്ട് പകരം ഒന്ന് സ്വീകരിക്കാന്‍. അതാര്‍ക്കാണ് ആഗ്രഹമില്ലാത്തത്?.” 

പാലായനത്തിന്റെ അതീത സ്മരണകള്‍ ഉള്ള ഒരു വംശത്തിലെ അംഗമാണ് താനും എന്ന ബോധ്യം ബേഗിനെ അഭയാര്‍ത്ഥികളില്‍ തുടര്‍ച്ച കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതാവാം നോവലന്ത്യത്തില്‍ കുട്ടിയുമായുള്ള അയാളുടെ പുതു ബാന്ധവത്തിനു നിദാനം. വൃദ്ധറബ്ബിയുടെ വാക്കുകള്‍ അയാള്‍ ഓര്‍ക്കുന്നുണ്ടാവണം:

“നാം മെടഞ്ഞ കയറാണ്ഓരോ ഇഴയും ഒരൊറ്റ കയര്‍ ഉണ്ടാക്കാനായി ഇഴകോര്‍ക്കപ്പെട്ടത്‌. നമ്മുടെ സ്മൃതികള്‍ നാലായിരം കൊല്ലം പിറകോട്ടു പോകുന്നു”

അഭയാര്‍ഥിത്തത്തിന്റെ രാഷ്ട്രീയവും നോവല്‍ ശില്‍പ്പവും 

നോവലിലെ സമകാലിക രാഷ്ട്രീയ ഉള്ളടക്കം അഭയാര്‍ഥികള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന നിരീക്ഷണത്തിലേക്ക് നയിക്കുന്നുണ്ട്‌. ആദ്യ അധ്യായങ്ങളില്‍ വിവരിക്കപ്പെടുന്ന വ്യതിരിക്ത കഥകളിലൂടെ ഓരോരുത്തരുടെയും വ്യക്തിത്വം സ്ഥാപിക്കപ്പെടുന്നുണ്ടെങ്കിലും അതിര്‍ത്തികടക്കാനും മറ്റൊരിടത്തുണ്ടെന്നു കരുതപ്പെടുന്ന ജീവിതം വെട്ടിപ്പിടിക്കാനുമുള്ള അദമ്യമായ ത്വര അവരില്‍ പൊതുവായുള്ള ഘടകമാണ്.

“ഒരിക്കല്‍ രാജ്യങ്ങളും വന്‍കരകളും അവരുടെ ഭാഗധേയം തേടുന്നവര്‍ക്കായി തുറന്നു വെച്ചിരുന്നു, അതിരുകള്‍ മസൃണവും അകത്തു കടക്കാവുന്നതും ആയിരുന്നു, എന്നാലിപ്പോള്‍ അവ കോണ്‍ക്രീറ്റില്‍ വാര്‍ക്കപ്പെട്ടതും മുള്‍വേലികളാല്‍ വലയിതവും ആയിരുന്നു. അന്ധരെ പോലെ ആയിരക്കണക്കിന് യാത്രികര്‍ ഒരു ദുര്‍ബ്ബല ഭാഗത്തിനായി മതിലുകളില്‍ പഴുതു തേടിഒരു വിടവ്അവര്‍ക്ക് നുഴഞ്ഞു കയറാവുന്ന ദ്വാരം. മനുഷ്യരുടെ ഒരു തിര ആ മതിലുകള്‍ക്ക് നേരെ ആര്‍ത്തലച്ചു: അവരെ മുഴുവന്‍  പിറകോട്ടടിപ്പിക്കുക അസാധ്യമായിരുന്നു. എണ്ണമറ്റ സംഖ്യയായി അവര്‍ വന്നു, അങ്ങേ പുറത്തേക്ക് എത്താന്‍ കഴിയുന്ന ഭാഗ്യവാന്മാരില്‍ പെടുന്നവര്‍ തങ്ങളായിരിക്കും എന്ന ആഗ്രഹത്തിലും പ്രതീക്ഷയിലും അവരിലോരോരുത്തരും കഴിഞ്ഞു.”

സരമാഗുവിന്റെ ‘ആദിമവും പരുക്കനുമായ ആദിരൂപ വീക്ഷണ’ത്തോട് കോര്‍മാക് മക് കാര്‍ത്തിയുടെ ‘പ്രചണ്ഡമായ അപ്പൊകലിപ്റ്റിക് ദര്‍ശന’ത്തെ സംയോജിപ്പിക്കുന്നതിലൂടെ തനതായൊരു വീക്ഷണമാണ് വെയ്റിങ്ങ സൃഷ്ടിക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാം ഗാരെറ്റ് മനോഹരമായി നടത്തിയ വിവര്‍ത്തനം സാക്ഷ്യപ്പെടുത്തുന്നത് പോലെ‘അദ്ദേഹത്തിന്റെ ഗദ്യം മുറിച്ചെടുത്ത ഗ്ലാസ് പോലെ സ്പഷ്ടവും ബിംബങ്ങള്‍ തീക്ഷ്ണവുമാണ്ആ ഭൂമികകള്‍ വിജനവും മറ്റൊരു ലോകത്തിന്റെതും ആയിരിക്കുമ്പോഴും അത് സമകാലികവുമാണ്. അദ്ദേഹം നടത്തുന്ന കുടിയേറ്റത്തിന്റെ മായം ചേര്‍ത്തിട്ടില്ലാത്ത അവതരണം നാടുകടത്തപ്പെട്ടവര്‍, കുടിയിറക്കപ്പെട്ടവര്‍യുദ്ധഭൂമികളില്‍ നിന്ന് ഓടിപ്പോന്നവര്‍ എന്നിങ്ങനെ അനവരതം വര്‍ദ്ധിച്ചു വരുന്നവരുടെ പ്രശ്നം നേരിടുന്ന യൂറോപ്പില്‍ മൂര്‍ച്ചയോടെ പ്രതിധ്വനിക്കും. അതുപോലെ സ്വന്തം അതിര്‍ത്തി പോളിസികളുടെ കാലുഷ്യം അനുഭവിക്കുന്ന യു. എസ്സിലും അത് പ്രതിധ്വനിക്കും. വാതിലുകള്‍ തുറക്കണോ അതോ അടച്ചിടണോവന്നുവന്ന്, അതിപ്പോള്‍ ചോദ്യങ്ങളില്‍ ഒന്നു മാത്രമാണ്.’ (KIRKUS REVIEW).  അധികം ദൈര്‍ഘ്യമില്ലാത്ത ഇടവിട്ട അധ്യായങ്ങളിലായി നിയമപാലകനെയും അഭയാര്‍ത്ഥികളെയും പിന്തുടരുന്ന നോവല്‍ എളുപ്പവായന എന്ന പ്രതീതി സൃഷ്ടിക്കുന്ന ഗഹന വായനയാണ് കാത്തുവെക്കുന്നത്. ‘ടോമി വെയ് രിങ്കക്ക് കവിതയെഴുതാനാവും... എന്നാല്‍ .. വെയ് രിങ്ക ഏറ്റവും നന്നായി എഴുതുന്നത് ആളുകളെയാണ്; സൂക്ഷ്മമായി തെരഞ്ഞെടുത്ത ഏതാനും വാക്കുകളിലൂടെ അദ്ദേഹം ഒരു പട്ടണം നിറയെ തികച്ചും വിശ്വസനീയമായ സഹാനുഭൂതിയുണര്‍ത്തുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു, ഓരോരുത്തരും അതിസൂക്ഷ്മമായി തങ്ങളുടെ ഭൂതകാലം പുറത്തെടുക്കുന്നുഅങ്ങനെ ഏതാനും പേജുകള്‍ക്കുള്ളില്‍ വായനക്കാരന്‍ ശബ്ദങ്ങളാല്‍ ചുറ്റപ്പെടുന്നുഅവ മാറിമാറി ഹാസ്യാത്മകവും, വേദനയിയന്നതുംപ്രതീക്ഷാ നിര്‍ഭരവും വിഷാദമൂകവുംആഹ്ലാദപൂര്‍വ്വം കഴുത്തറപ്പനും, അതിലോലം ഊഷ്മളവും ആയിരിക്കുന്നു.. അഗാധവുംചിന്തോദ്ധീപകവും,  സത്യസന്ധവുമായ പുസ്തകം..” എന്ന ജെയ്ന്‍ ഗ്രഹാമിന്റെ നിരീക്ഷണം (scribepublications.com.au) നോവലിനെ മനോഹരമായി സംഗ്രഹിക്കുന്നു.   

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 257-263)

 read more:

Talking to Ourselves by Andrés Neuman/ Nick Caistor, Lorenza Garcia

https://alittlesomethings.blogspot.com/2024/09/talking-to-ourselves-by-andres-neuman.html

Night Boat to Tangier by Kevin Barry

https://alittlesomethings.blogspot.com/2024/09/night-boat-to-tangier-by-kevin-barry.html

The Dinner Guest by Gabriela Ybarra/ Natasha Wimmer

https://alittlesomethings.blogspot.com/2024/09/the-dinner-guest-by-gabriela-ybarra.html

Drive Your Plow Over the Bones of the Dead by Olga Tokarczuk

https://alittlesomethings.blogspot.com/2024/08/drive-your-plow-oolga-tokarczukver.html


Sunday, January 7, 2018

Hope and Other Dangerous Pursuits by Laila Lalami (revised)

കാറ്റുപിടിച്ച ചങ്ങാടങ്ങള്‍



    മൊറോക്കന്‍ - അമേരിക്കന്‍ നോവലിസ്റ്റായ ലൈലാ ലലാമിജേണലിസ്റ്റ്സാമൂഹ്യ നിരീക്ഷകനോവലിസ്റ്റ് എന്നീ നിലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പുതുതലമുറ എഴുത്തുകാരിയാണ്. പുലിറ്റ്സര്‍ പുരസ്ക്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും അമേരിക്കന്‍ ബുക്ക് അവാര്‍ഡ്അറബ് അമേരിക്കന്‍ ബുക്ക് അവാര്‍ഡ്ഹേസ്റ്റന്‍ റൈറ്റ് ലഗസി അവാര്‍ഡ്തുടങ്ങിയവ നേടുകയും ചെയ്ത ദി മൂര്‍സ് അക്കൌണ്ട് (2015) ഉള്‍പ്പടെ ഇതിനോടകം മൂന്ന് നോവലുകള്‍ അവരുടേതായി പുറത്തു വന്നിട്ടുണ്ട്. മൊറോക്കോയിലെ റബാത്തില്‍ ജനിച്ചു വളര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിബ്രിട്ടീഷ് കൌണ്‍സില്‍ ഫെലോഷിപ്പോടെ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ലിംഗ്വിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് അവര്‍ മൊറോക്കോയില്‍ ജേണലിസ്റ്റ് ആയി ജോലി തുടങ്ങിയത്. ഇക്കാലം മുതല്‍ കൂടുതല്‍ തീവ്രമായി തൊട്ടറിഞ്ഞ മൊറോക്കന്‍ സമൂഹത്തിലെ ദാരിദ്ര്യവും മത തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികളും പ്രവാസ ദുരന്തങ്ങളുമാണ് പ്രവാസ എഴുത്തുകാരില്‍ പലപ്പോഴും കാണാവുന്ന ഉദാര മഹാമാനസ്കതയുടെയും കനം കുറഞ്ഞ ഗൃഹാതുരതയുടെയും ഭാരങ്ങളില്ലാതെ തീക്ഷ്ണമായ സത്യ സന്ധതയോടെ അവര്‍ തന്റെ നോവലുകള്‍ക്ക് വിഷയമാക്കിയത്. ലൈലാ ലലാമിയുടെ പ്രഥമ ഫിക് ഷനല്‍ കൃതിയായ Hope and Other Dangerous Pursuits (2005) അവരുടെ ഉത്കണ്ഠകളെ ആഗോള വായനാ സമൂഹത്തിനു മുന്നില്‍ ആവിഷ്കരിച്ച ആദ്യ രചനയെന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

 Also by Laila Lalami: The Moor's Account by Laila Lalami

https://alittlesomethings.blogspot.com/2016/09/blog-post_27.html

പരസ്പരം ബന്ധിതമായ കഥാസമാഹാരമായും അയഞ്ഞ ഘടനയുള്ള നോവല്‍ ആയും വായിക്കാവുന്ന കൃതിയാണ് ‘പ്രതീക്ഷയും മറ്റു അപകടകരമായ അന്വേഷണങ്ങളും’. സമാകാലിക സാമൂഹ്യ ദുരന്തങ്ങളില്‍ ഏറ്റവും വലിയതെന്നു പറയാവുന്ന ഒന്നായ ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്ന് യൂറോപ്പിലേക്കുള്ള കൂട്ടപ്പാലായനങ്ങള്‍ വിഷയമാക്കുന്ന നോവല്‍ സുരക്ഷിതത്വത്തിന്റെ മാനദണ്ഡങ്ങള്‍ ഒന്നുമേ പാലിക്കാത്ത കാറ്റ് നിറച്ച ലൈഫ് ബോട്ട് ഉപയോഗിച്ച് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് മുറിച്ചു കടന്ന് മാഡ്രിഡിലേക്ക് പോകുന്ന നാലു മൊറോക്കന്‍ അഭയാര്‍ഥികളെ പിന്‍ തുടരുന്നു. സ്പെയിന്‍ ഈ വ്യക്തികള്‍ക്ക് അവരുടെ സ്വന്തം ഇരുണ്ട വിധികളെ മാറ്റിയെഴുതാനുള്ള അവസരമാണ്. ആറുപേര്‍ക്ക് അനുവദനീയമായ ബോട്ടില്‍ ഭീമന്‍ തുക നല്‍കി മുപ്പതിലേറെ പേരാണ് തള്ളിക്കയറിയിട്ടുള്ളത്. റോന്തു ചുറ്റുന്ന തീരദേശ ഗാര്‍ഡുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ തീരത്തെത്തുന്നതിനും ഇരുനൂറ്റിയമ്പത് മീറ്റര്‍ അകലെ ഇറക്കി വിടുന്ന അഭയാര്‍ഥികളില്‍ നീന്താന്‍ വശമില്ലാത്തവരും രോഗികളും കുഞ്ഞുങ്ങളും ദുര്‍ബ്ബലരും പലപ്പോഴും മരണപ്പെടുന്നു. കടലിലെ ഒഴുക്കിനനുസരിച്ച് സുരക്ഷിത ഇടങ്ങളില്‍ എത്തിപ്പെടുക എന്നത് പലപ്പോഴും ദുസ്സാധ്യമാവുകയും പിടികൂടപ്പെടുന്നവര്‍ തിരികെ അയക്കപ്പെടുകയോ തടവറകളില്‍ ഒടുങ്ങുകയോ ചെയ്യുന്നതും സാധാരണം. തിരികെ അയക്കപ്പെടുന്നവര്‍ ഇനിയും വിറ്റുപെറുക്കിയും മരീചികയാവുന്ന സുഭിക്ഷതയുടെ ജാമ്യത്തില്‍ കടമെടുത്തും വീണ്ടും സ്വപ്നങ്ങളുടെ ഭാണ്ഡം മുറുക്കുന്നു. നോവലില്‍നാലു മുഖ്യ കഥാപാത്രങ്ങളുടെ യാത്രാരംഭം ആവിഷ്കരിക്കുന്ന ‘ദി ട്രിപ്പ്‌’ എന്ന് പേരായാ ആദ്യ ഭാഗം മുറാദിന്റെ വീക്ഷണത്തിലാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. തുടര്‍ന്ന് വരുന്ന ‘മുമ്പ്’, ‘പിന്നീട്’ എന്നീ രണ്ടു ഭാഗങ്ങള്‍ ഓരോന്നും നാലുവീതം കഥകളായി നാല് കഥാപാത്രങ്ങളുടെ ജീവിതങ്ങളുടെ പുരോഭാഗങ്ങളും യാത്രാനന്തര ജീവിതങ്ങളും ആവിഷ്കരിക്കുന്നു. താരതമ്യേന ഋജുവായ ഈ ഘടന ആദ്യ രചനയുടെ പരിമിതികള്‍ ഒട്ടൊക്കെ മറികടന്ന് കഥാപാത്രങ്ങളെ അടുത്തറിയാന്‍ മാത്രമല്ല അവര്‍ നേരിടുന്ന ജീവിത യുദ്ധത്തിന്റെ തീക്ഷ്ണത ആവിഷ്കരിക്കാനും നോവലിസ്റ്റിനെ സഹായിക്കുന്നുണ്ട്.

    ഇരുപതു കടക്കുക മാത്രം ചെയ്ത മുറാദ് ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന നിലയില്‍ നില നില്‍ക്കാനുള്ള ബദ്ധപ്പാടില്‍ തോറ്റുപോകുന്നതോടെയാണ് പ്രവാസവഴി തെരഞ്ഞെടുക്കുന്നത്. കാര്‍വീട്ഫാന്‍സി വാച്ച് തുടങ്ങിയ യൂറോപ്പ്യന്‍ സ്വപ്നങ്ങളാണ് അവനെ നയിക്കുന്നത്. പിതാവിന്റെ മരണശേഷം കുടുംബ കാര്യങ്ങള്‍ നോക്കാന്‍ താന്‍ പ്രാപ്തനല്ല എന്ന ചിന്തയില്‍ നീറുമ്പോഴാണ് തട്ടിപ്പും കള്ളക്കടത്തും തൊഴിലാക്കിയ റഹാലിന്റെ കെണിയില്‍ അയാള്‍ വീഴുന്നത്. ഉമ്മയുടെ ആഭരണങ്ങള്‍ വിറ്റുകിട്ടുന്ന ഇരുപതിനായിരം ദിര്‍ഹം നല്‍കിയാണ്‌ മറ്റുള്ളവരുടെ കൂടെ അയാളും ചങ്ങാടത്തില്‍ ഇടം കണ്ടെത്തുന്നത്. കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത് കാരണം തിരികെയെത്തുമ്പോള്‍ അയാള്‍ ജീവിതത്തെ പുനര്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റൊരു മുഖ്യ കഥാപാത്രമായ, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ തീവ്രസമീപനങ്ങളില്‍ ആകൃഷ്ടയായ ഫാതെന്‍ കോളേജില്‍ പരീക്ഷയില്‍ കോപ്പിയടിച്ചു പിടിക്കപ്പെടുകയും നൂറിനെ പോലുള്ള മറ്റു പെണ്‍കുട്ടികള്‍ക്കു മേല്‍ അപകടകരമായ സ്വാധീനമായിതീരുന്നത് കാരണം പഴയ സുഹൃദ് വലയങ്ങളിലും അനഭിമതയാവുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ്‌ നാടുവിടുന്നത്. മെക്കാനിക്കായി ജീവിതം പരാജയപ്പെടുന്ന അസീസ്‌ അമോര്‍ കൂടുതല്‍ സാമ്പത്തിക വിജയം നേടി ഭാര്യാ വീട്ടുകാരുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു. ഇതയാളുടെ രണ്ടാമത് ശ്രമമാണ്. അഞ്ചുവര്‍ഷം പെടാപ്പാടുപെട്ടാണ് അയാള്‍ പിടിച്ചു നില്‍ക്കാനാവുന്ന ഒരു ജോലി കണ്ടെത്തുന്നതും നാട്ടില്‍ ഭാര്യ സൊഹറാക്കും ഉമ്മക്കും പണമയക്കാന്‍ പ്രാപ്തനാകുന്നതും. എന്നാല്‍ ഒടുവില്‍ ഭാര്യയേയുംകൂട്ടി തിരികെ പോകാനായി നാട്ടില്‍ തിരിച്ചെത്തുന്ന അസീസ്‌, കാസബ്ലാങ്കയെ ഒരു മടുപ്പിക്കുന്ന നഗരമായി തിരിച്ചറിയുന്നു. സൊഹറായുടെ ചെറിയ ലോകം മാഡ്രിഡിലെ ജീവിതവുമായി ഇണങ്ങിപ്പോവില്ലെന്ന ചിന്തയോടെ അയാള്‍ തനിയെ തിരിച്ചു പോകുന്നു. ‘വെറും ശാരീരികം’ മാത്രമായിരുന്ന തന്റെ ഇതര ബന്ധങ്ങള്‍ സംശയപ്രകൃതമില്ലാത്ത സൊഹറയില്‍ നിന്ന് മറച്ചു വെക്കാന്‍ അയാള്‍ക്കൊട്ടും പ്രയാസമുണ്ടായിരുന്നതുമില്ല. ഹലീമാ ബൂഹംസയാകട്ടെ തന്റെ രണ്ടു മൂന്ന് മക്കളോടൊപ്പം നാടുവിടുന്നത് ഭര്‍ത്താവിന്റെ പീഡനത്തില്‍നിന്ന് രക്ഷതേടിയും വിവാഹ മോചനം കിട്ടിയാലും കുട്ടികളുടെ സംരക്ഷണാവകാശം നിലനിര്‍ത്താനും വേണ്ടിയുമാണ്. 

    വ്യത്യസ്ത കഥാപാത്രങ്ങളുടെ കാഴ്ച്ചപ്പാടുകളിലൂടെ പറയപ്പെടുന്ന കഥകളിലൂടെയാണ് മുഖ്യകഥാപാത്രങ്ങളെ നാം അടുത്തറിയുന്നത്. ഫാതെനിനെ കുറിച്ച് ആദ്യം നിരീക്ഷിക്കപ്പെടുന്നത് അവളുടെ അടുത്ത സുഹൃത്ത് നൂറിന്റെ പിതാവും മൊറോക്കന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനും പുരോഗമന നിലപാടുകാരനുമായ ലാര്‍ബി അമ്രാനിയിലൂടെയാണ്. മതതീവ്ര നിലപാടുകളുടെ കാറ്റും വെളിച്ചവുമില്ലാത്ത കാര്‍ക്കശ്യങ്ങളില്ലാതെ സ്വതന്ത്രയായി ജീവിക്കാന്‍ കഴിയും വിധം ഓമനിച്ചു വളര്‍ത്തിയ മകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അയാളെ അങ്കലാപ്പിലാക്കുന്നു. ക്ലാസിക്കല്‍ അറബിക് പരിജ്ഞാനമില്ലാത്ത മകള്‍ സയ്യിദ് ഖുതുബിന്റെ ഇസ്ലാമിസ്റ്റ് ഗ്രന്ഥങ്ങള്‍ വായിക്കുന്നതും തിയേറ്റര്‍ പോലുള്ള ഉല്ലാസങ്ങളോട് വിമുഖയാവുന്നതും അയാളെ വിഷമിപ്പിക്കുന്നു. മികച്ച വിദ്യാര്‍ഥിനിയായതുകൊണ്ട് ന്യൂ യോര്‍ക്ക്‌ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാന്‍ ലഭിക്കുന്ന സ്വപ്നതുല്യമായ അവസരം പാശ്ചാത്യ വിദ്യാഭ്യാസ വിരോധവും ഇസ്ലാമിക സംസ്കാരത്തോടുള്ള അഭിനിവേശവും കാരണം നൂറ തള്ളിക്കളയുന്നു. ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങുന്ന മകളോട് യുക്തിബോധത്തോടെ തര്‍ക്കിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതോടെ ഫാതെനിനെ ഇനി മുതല്‍ കാണരുതെന്ന് അയാള്‍ വിലക്കുന്നു. പരീക്ഷാ ഹാളില്‍ ഫാതെനിനെ കോപ്പിയടിക്കാന്‍ സഹായിച്ചു പിടിക്കപ്പെടുന്ന മകളോട് ഇതെങ്ങനെയാണ് നിന്റെ കര്‍ക്കശ നീതിബോധവുമായി ഒത്തുപോകുന്നത് എന്ന് അയാള്‍ ചോദിക്കുന്നുണ്ട്. ഫാതെനിനെ സ്കൂളില്‍നിന്ന് പുറത്താക്കുന്നതിനു പിന്നില്‍ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള ലാര്‍ബിയുടെ ഇടപെടലുണ്ട്‌. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഹലീമ തന്റെ ഉമ്മയുടെ വീട്ടില്‍ അഭയം തേടുമ്പോള്‍ മടുപ്പും വിരക്തിയും സ്നേഹനിരാസവും മുഖമുദ്രയായ കിഴവി ഇങ്ങനെയാണ് പ്രതികരിക്കുക: “വീണ്ടും?.”  എക്സ്റ്റന്‍ഷന്‍ കോഡ് കൊണ്ടുള്ള അടിയേറ്റു മുറിപ്പാടുകളുമായി വേദനിക്കുന്ന ഹലീമയുടെ അവസ്ഥ തനിയാവര്‍ത്തനമാണെന്നും ഒരു നിശ്ചയവുമില്ലാത്ത പലായനത്തിലേക്കുപോലും അവര്‍ ഇറങ്ങിത്തിരിക്കുന്നത്‌ ഒട്ടും അസ്വാഭാവികമല്ലെന്നും ഇങ്ങനെയാണ് വായനക്കാരന്‍ തിരിച്ചറിയുക. ചങ്ങാടത്തില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ മുങ്ങിമരിക്കാന്‍ പോയ തന്നെയും ഇളയ രണ്ടു സഹോദരങ്ങളെയും സാഹസികമായി രക്ഷപ്പെടുത്തുന്ന കൌമാരക്കാരനായ മൂത്ത മകന്‍ ഒരു അത്ഭുതപ്രവര്‍ത്തകന്‍ വിശുദ്ധന്‍ ആയി തെറ്റിദ്ധരിക്കപ്പെടുന്നതും നിരക്ഷരരായ സ്ത്രീകള്‍ അവനെ അനുഗ്രഹത്തിനായി ശല്യം ചെയ്യുന്നതുമൊക്കെ ഇത്തിരിയൊരു നേരമ്പോക്കായാണ് ഹലീമ ഉള്‍കൊള്ളുക. ഒട്ടേറെ അപമാനത്തിനു ശേഷമെങ്കിലും ഭര്‍ത്താവ് വിവാഹമോചനം നല്‍കുന്നതോടെ ഹലീമ വീണ്ടും ഭാവിയെ കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങുന്നു. 

    പാലായനാനന്തര ഘട്ടത്തില്‍ ഓരോരുത്തരും ആയിത്തീരുന്നതെന്തോ അത് അവര്‍ സ്വപ്നം കണ്ടിരുന്ന ജീവിതത്തില്‍ നിന്ന് എത്രമാത്രം വിരുദ്ധമാണ് എന്നത് അഭയാര്‍ഥി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നു കാട്ടുന്നുണ്ട്. ഇസ്ലാമിസ്റ്റ് കാര്‍ക്കശ്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും മറ്റുള്ളവരെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വഴിയിലേക്ക് ആകര്‍ഷിക്കാനും ശ്രമിച്ചിരുന്ന ഫാതെന്‍ മാഡ്രിഡിലെ ഒരു ലൈംഗികത്തൊഴിലാളി ആയിത്തീരുന്നത് ഉള്ളുലക്കുന്ന അനുഭവമാണ്. സുന്ദരിയായ യുവതിയെ തേടിയെത്തുന്നവരില്‍ പതിവുകാരുണ്ട്. അക്കൂട്ടത്തില്‍ മാര്‍ട്ടിന്‍ എന്ന ഇളം യുവാവുമായി അവള്‍ക്കുണ്ടാവുന്ന ബന്ധം നോവലിലെ കൂടുതല്‍ സൂക്ഷ്മമായ ചില പ്രമേയങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ജനറല്‍ ഫ്രാങ്കോയുടെ സൈന്യത്തില്‍ പ്രവര്‍ത്തിച്ച മുത്തച്ഛനെയും അച്ഛനെയും ‘ഫാഷിസ്റ്റ് പന്നികള്‍’ എന്നൊക്കെ വിളിക്കുന്ന പുരോഗമന നിലപാടുകാരന്‍ പക്ഷെഅറബ് സ്ത്രീകളുടെ ‘ലൈംഗിക വശീകരണ മിടുക്ക്’ സംബന്ധിച്ച വാര്‍പ്പു നിലപാടുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഫാതെന്‍ അയാളുടെ രക്ഷപ്പെടുത്തല്‍ വാഗ്ദാനത്തിന്റെയെല്ലാം അപ്പുറം തിരിച്ചറിയുന്നു: “അടുത്ത തവണ നീ വേറെ ആളെ കണ്ടെത്തണം” എന്ന് അവള്‍ ആ ബന്ധം അവസാനിപ്പിക്കുന്നു. ഫാതെന്‍ തന്റെയുള്ളിലെ പോരാളിലെ ഇനിയും കൊന്നു കളഞ്ഞിട്ടില്ല. തന്നെ സഹായിക്കാന്‍ മറ്റാരുമില്ലെന്നും താന്‍ തന്നെ അത് ചെയ്യണമെന്നും ഉള്ള പുതിയ തിരിച്ചറിവിലാണ് അവള്‍ ഈദ് വിഭവങ്ങള്‍ ഒരുക്കി പിണക്കത്തിലായിരുന്ന മുറിയുടെ പങ്കുകാരിക്കു വിളമ്പുന്നത്.     

    കൂട്ടപ്പാലായനങ്ങളുടെ കഥകള്‍ അക്കങ്ങളായി ഇത്രയിത്ര ‘തീരത്തടിഞ്ഞ ജഡങ്ങ’ളും ‘കപ്പലില്‍ കണ്ടെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാ’രും ‘രേഖകളില്ലാത്ത വീട്ടുവേലക്കാ’രും എന്നുമാത്രം പറയപ്പെടുന്ന കാലത്ത് അവര്‍ക്ക് പേരുകള്‍ നല്‍കുകയും അവര്‍ക്കോരോ കഥകള്‍ നല്‍കുകയും ചെയ്തു അവരെ വ്യക്തിവല്‍ക്കരിക്കുകയാണ് നോവലിസ്റ്റ്. അവര്‍ക്കും പ്രതീക്ഷകള്‍ ഉണ്ടെന്നും അവര്‍ അപകടകരമായ രീതിയിലും അവയെ പിന്തുടരുകയാണെന്നുമാണ് നോവലിന്റെ തലക്കെട്ടു തന്നെയും പറഞ്ഞു വെക്കുന്നത്. നോവലിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങള്‍ സ്പെയിനില്‍ എത്തിച്ചേരുന്നതില്‍ വിജയിക്കുന്നുണ്ടെങ്കിലും അവരുടെ ജീവിതവും അത് സാധിക്കാതെ പോയവരുടെതില്‍ നിന്ന് ഗുണപരമായി ഏറെയൊന്നും വ്യത്യസ്തമല്ല എന്ന് സൂചിപ്പിക്കപ്പെടുന്നുണ്ട്. ഫാതെന്‍ മാഡ്രിഡില്‍ എത്തുന്നുവെങ്കിലും അവള്‍ക്കുപോലും അപമാനം തോന്നുന്ന ജീവിതമാണ് നയിക്കേണ്ടി വരുന്നത്. അസീസ്‌ ആവട്ടെസ്വപ്നഭൂമിയില്‍ തന്നെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സമൂഹത്തില്‍ ഏകാകിയായി കഴിയേണ്ടി വരുന്നു. തിരികെ നാട്ടിലെത്തുന്ന ഹലീമയും മുറാദും പതിയെയെങ്കിലും ജീവിതവുമായി സന്ധിയാവുന്നുമുണ്ട്. മൊറോക്കന്‍ സമൂഹത്തിന്റെ സമഗ്രമായ ഒരു പരിഛേദം സൃഷ്ടിക്കാന്‍ നോവലിസ്റ്റ് ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട് എന്ന് കാണാം: വിവാഹിതരും അവിവാഹിതരും, വിദ്യാസമ്പന്നരും നിരക്ഷരരുംസെക്കുലര്‍ ചിന്താഗതിക്കാരും മതനിഷ്ഠ ഉള്ളവരും, പുരുഷന്മാരും സ്ത്രീകളും എന്നിങ്ങനെ മുഖ്യ കഥാപാത്രങ്ങളില്‍ ദ്വന്ദ്വങ്ങള്‍ പ്രകടമാണ്. പാശ്ചാത്യ സ്വാധീനങ്ങള്‍ക്കും പരമ്പരാഗത മൂല്യങ്ങള്‍ക്കുമിടയില്‍ ഇടറി നില്‍ക്കുന്ന പോസ്റ്റ്‌ കൊളോണിയല്‍ മോറോക്കൊയുടെ ആവിഷ്കാരത്തിലാണ് ലലാമിയുടെ കൈത്തഴക്കം പ്രകടമാകുന്നത്. ഒരേ സമയം അറേബ്യനും ഒപ്പം പാശ്ചാത്യവും ആഫ്രിക്കനുമായ ഒരു ലോകത്തെയാണ് ഇത്തിരി പ്രകടനപരമാം വിധം എന്നുതന്നെ പറയാവുന്ന രീതിയില്‍ നോവല്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ എല്ലായിപ്പോഴും അവര്‍ അവതരിപ്പിക്കുന്ന സംഘര്‍ഷങ്ങള്‍ അഭയാര്‍ഥിത്വത്തിന്റെ സാര്‍വ്വലൗകിക മാനങ്ങള്‍ ഉള്ളതാണ്. 

 

    രാഷ്ട്രീയ ദര്‍ശനങ്ങളിലെ സംഘര്‍ഷങ്ങളില്‍ അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന ലോകത്ത് സ്വത്വത്തിന്റെയും പദവിയുടെയും സാംഗത്യം അന്വേഷിക്കുന്ന, 2009-ലെ ഓറഞ്ച് പ്രൈസിന് പരിഗണിക്കപ്പെട്ട Secret Son എന്ന നോവലിലേക്കും കൊളോണിയല്‍ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണ്ണമായ അധിനിവേശ പര്യടനങ്ങളില്‍ ഒന്നായ ‘നാര്‍ വെയ്സ് പര്യവേക്ഷണ’ത്തിന്റെ തമസ്കരിക്കപ്പെട്ട പിന്നാമ്പുറം ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ എസ്റ്റെവാനിക്കോ എന്ന മൂറിഷ് പര്യവേഷകന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന The Moor’s Account എന്ന കൃതിയിലേക്കുമുള്ള ലൈലാ ലലാമിയുടെ മുന്നേറ്റം തികച്ചും സ്വാഭാവികമാണ് എന്ന് കാണാം. ആദ്യകൃതിയില്‍ പ്രമേയത്തിന്റെ വൈപുല്യത്തോട് നീതിപുലര്‍ത്തുന്നതില്‍ ഇടര്‍ച്ച കാണിച്ച ക്രാഫ്റ്റിന്റെ മേല്‍ നോവലിസ്റ്റ് പിന്നീട് നേടിയ കയ്യടക്കം ‘മൂറിന്റെ ഭാഷ്യ’ത്തില്‍ വെന്നിക്കൊടി പാറിക്കുന്നതും കാണാം. 

(ഞായര്‍ പ്രഭാതം 2018 ജനുവരി 17) 

(നോവല്‍ ലോകങ്ങള്‍ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 229-235)

 

To purchase, contact ph.no:  8086126024

 More reading:

The Moor's Account by Laila Lalami

https://alittlesomethings.blogspot.com/2016/09/blog-post_27.html

The Kindness of Enemies by Leila Aboulela

https://alittlesomethings.blogspot.com/2018/08/blog-post_6.html

Aano by G. R. Indugopan (Malayalam)

https://alittlesomethings.blogspot.com/2024/06/aano-by-g-r-indugopan-malayalam.html

Exit West by Mohsin Hamid

https://alittlesomethings.blogspot.com/2017/10/blog-post_24.html

Tuesday, October 24, 2017

Exit West by Mohsin Hamid

അതിരുകള്‍ മായ്ക്കുന്ന അഭയാര്‍ഥിക്കാലം


അന്താരാഷ്‌ട്ര പ്രശസ്തനാണ് പ്രഥമ കൃതി മുതലേ രാജ്യാന്തര പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന പാകിസ്ഥാനി നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ മൊഹ്സിന്‍ ഹമീദ്പാകിസ്ഥാനിലെ തീവ്രവാദമത മൌലിക ചുറ്റുപാടിലെ ജീവിതാവസ്ഥ പകര്‍ത്തുന്നു 'Moth Smoke', 9/11 അനന്തര മുസ്ലിം പരിതോവസ്തയുടെ സംത്രാസം പാകിസ്താന്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ വിഷയമാക്കുന്ന 'The Reluctant Fundamentalist', മൂലധന ശക്തികളും ആര്‍ത്തിയും പ്രതിവര്‍ത്തിക്കന്നതിന്റെ കഥ പേര് സൂചിപ്പിക്കും പോലെ ഏതോ ഏഷ്യന്‍ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ ആവിഷ്ജ്കരിക്കുന്ന 'How to Get Filthy Rich in Rising Asia' എന്നീ ശ്രദ്ധേയ രചനകള്‍ക്ക് ശേഷം മൊഹ്സിന്‍ ഹമീദിന്റെതായി പുറത്തു വരുന്ന നാലാമത് നോവലാണ്‌ 2017 ലെ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചപുരസ്കാരത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന 'Exit West'.

അസ്വാസ്ഥ്യങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍

"അഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞഎങ്കിലും ഏറിയ കൂറും സമാധാനത്തിലായിരുന്നചുരുങ്ങിയ പക്ഷം ഇപ്പോഴും തുറന്ന യുദ്ധത്തിലെത്തിച്ചേര്‍ന്നിരുന്നില്ലാത്തഒരു നഗരത്തില്‍ ഒരു ക്ലാസ് മുറിയില്‍ വെച്ച് ഒരു ചെറുപ്പക്കാരന്‍ ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടിഎന്നാല്‍ ദിവസങ്ങളോളം അയാള്‍ അവളോട്‌ സംസാരിച്ചില്ലഅവന്റെ പേര് സഈദ് എന്നായിരുന്നുഅവളുടെ പേര് നാദിയ എന്നും..” നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്അഭയാര്‍ഥിത്വംയുദ്ധംപ്രണയം നോവലില്‍ന്റെ കേന്ദ്ര പ്രമേയങ്ങള്‍ ആദ്യ വാചകത്തില്‍ തന്നെ സൂചിതമാണ്നാദിയയുടെയും സഈദിന്റെയും നഗരത്തിനും പേര് പറയുന്നില്ലഅതൊരു സൌത്ത് ഏഷ്യന്‍ നഗരമാകാന്‍ സാധ്യതയേറുംഎങ്കിലും അത് അഫ്ഘാനിസ്ഥാനോ ലിബിയയോ സിറിയയോ പോലെ മൊസൂളോ അലെപ്പോയോ പോലെ മതതീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും യുദ്ധാന്തരീക്ഷത്തിന്റെയും സാഹചര്യമുള്ള ലോകത്തെ ഏതു ദേശവുമാകാംഇസ്ലാമിക തീവ്രവാദത്തിന്റെയും അഭയാര്‍ഥി പ്രശ്നത്തിന്റെയും ലോകസന്ദിഗ്ധാവസ്ഥ വായനക്കാരന് പരിചിതമാണ് എന്ന നിലപാടില്‍ തന്നെയാണ് ആഖ്യാനം നടത്തപ്പെടുന്നത്. 'കൊര്‍പ്പോരെറ്റ് സ്വത്വവും ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് നിര്‍ണ്ണയവുംഎന്ന വിഷയത്തില്‍ ഒരു രാത്രികാല ക്ലാസ് മുറിയില്‍ വെച്ചു സഈദ്നാദിയയെ കണ്ടുമുട്ടുന്നുയൂണിവേഴ്സിറ്റി അധ്യാപക ദമ്പതികളുടെ മകനും പരസ്യക്കമ്പനി ഉദ്യോഗസ്ഥനുമായ പൊതുവേ ഒതുങ്ങിയ പ്രകൃതമുള്ള സഈദില്‍ നിന്ന് വ്യത്യസ്തമായി ഇന്ഷുറന്സ് കമ്പനി ജീവനക്കാരിയായവിശ്വാസിയല്ലാത്തസഈദിനോടൊപ്പം മരിജുവാന പുകക്കാന്‍ ഇഷ്ടപ്പെടുന്ന ഇടയ്ക്ക് ഇന്റെര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്തു വരുത്തുന്ന ഇത്തിരി 'സൈക്കെഡലിക് മഷ് റൂംആസ്വദിക്കുന്ന സ്വതന്ത്ര ബുദ്ധിയായതനിച്ചു കഴിയാന്‍ ഇഷ്ടപ്പെടുന്നബൈക്കില്‍ യാത്ര ചെയ്യുന്ന നാദിയ ദേശം അടയാളപ്പെടുത്തുന്ന സ്ത്രീ വിരുദ്ധതയുടെ വിധേയ വ്യക്തിത്വമല്ലെന്നു വ്യക്തംഅടിമുതല്‍ മുടി വരെ മൂടുന്ന കറുത്ത വസ്ത്രം ധരിക്കുന്നത് 'ആണുങ്ങള്‍ എനിക്കിട്ടു പണിയാതിരിക്കാനാണ്!' എന്നാണു നാദിയ വിശദീകരിക്കുകപ്രണയത്തില്‍ രതിയുടെ അതിരുകളിലേക്ക് ധൈര്യപ്പെടുക നാദിയയാണ്അവരുടെ പ്രണയത്തിന്റെ ഒട്ടും പുതുമയില്ലാത്ത മടുപ്പന്‍ രീതി ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ദേശത്തിന്റെ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷവുമായി വൈരുധ്യത്തിലാണ്അഭയാര്‍ഥി പ്രാവാഹമുണ്ടെങ്കിലും ആദ്യമൊക്കെ നഗരം പഴയ ജീവിതക്രമത്തിന്റെ മാതൃകകള്‍ ഏറെക്കുറെ നില നിര്‍ത്തുന്നുണ്ട്എങ്കിലും സഈദിന്റെ മാതാപിതാക്കള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടു മുട്ടിയ സിനിമാ ശാലകള്‍ അടഞ്ഞു കിടക്കുന്നുസംഘര്‍ഷങ്ങള്‍ പുകഞ്ഞു തുടങ്ങുന്നുണ്ടെങ്കിലും സഈദിനും നാദിയക്കും ഇപ്പോഴും അവരുടെ ജോലികള്‍ നില നിര്‍ത്താനാവുന്നുണ്ട്എന്നാല്‍ സംഘര്‍ഷം യുദ്ധസമാനമാകുന്നതോടെ കമ്പനികളൊന്നും ഔദ്യോഗികമായി ബിസിനസ്സ് അവസാനിപ്പിക്കാതെത്തന്നെ എല്ലാവരും തൊഴില്‍ രഹിതരാവുന്നുകഴിവും സാധ്യതകളും അവശ്യം വേണ്ട ബന്ധങ്ങളും ഉള്ളവര്‍ നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി കണ്ടെത്തുന്നുമുടങ്ങിപ്പോയ ശമ്പളത്തിന് പകരമായി ഓഫീസ് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു പോകുന്ന ജീവനക്കാര്‍ക്കിടയില്‍ നാദിയ രണ്ടു ലാപ്ടോപ്പുകള്‍ സ്വന്തമാക്കുന്നുതനിച്ചു കഴിയാനുള്ള തീരുമാനം മാറ്റിവെച്ച് നാദിയസഈദിന്‍റെ ഫ്ലാറ്റിലേക്ക് താമസം മാറുന്നു. “അവളുടെ റെക്കോര്‍ഡ് പ്ലേയറും റെക്കോര്‍ഡുകളും വസ്ത്രങ്ങളും ഭക്ഷണവും ഉണങ്ങിത്തുടങ്ങിയതെങ്കിലും ഇനിയും തളിര്‍ക്കാന്‍ ഇടയുള്ള നാരക മരവും അതിന്റെ മണ്‍ചട്ടിയില്‍ മണ്ണില്‍ പൂഴ്ത്തി വെച്ച കുറച്ചു പണവും ഏതാനും സ്വര്‍ണ്ണ നാണയങ്ങളുംഅവള്‍ കൂടെ കൊണ്ട് പോരുന്നുണ്ട്.

 

സഈദിന്റെയും നാദിയയുടെയും ബന്ധം വളരുന്നതിനു സമാന്തരമായി നഗരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ഒറ്റക്കൊറ്റക്ക്‌ രൂക്ഷമായിത്തോന്നില്ലെങ്കിലും അവയുടെ സാകല്യത്തില്‍ ഭീകര ഫലങ്ങളിലേക്കാണ് ഈ മാറ്റങ്ങള്‍ എത്തിച്ചേരുകഒരു രാത്രിബാല്‍ക്കണിയില്‍ നിന്ന് ടെലിസ്കോപ്പിലൂടെ നോക്കുന്ന സഈദിന്റെ കുടുംബം അകലെ വെടിയൊച്ച മുഴങ്ങുന്നത് കേള്‍ക്കുന്നുപിന്നീട് ആകാശത്തു ഹെലികോപ്റ്ററുകളും ഡ്രോണുകളും നിറയുന്നുസ്റ്റോക്ക് എക്സ്ചെയ്ഞ്ച് കയ്യേറുന്ന ഭീകരരെ സൈന്യം കീഴടക്കുന്നുണ്ടെങ്കിലും അത് ഇരുവശത്തും ഏറെ ആള്‍ നാശത്തിന് ഇടവരുത്തി വെക്കുന്നുപിന്നീട് ഭീകരര്‍ നഗരത്തിലേക്ക് കൂടിയ തോതില്‍ വന്നു തുടങ്ങുന്നതോടെ നഗരം അവരുടെ കൈപ്പിടിയിലാകുന്നുവൈദ്യുതിയും ജലവിതരണവും മുടങ്ങുന്ന നഗരത്തില്‍ ജനജീവിതം ദുസ്സഹമാകുന്നുസെല്‍ ഫോണുകളും ഇന്റര്‍നെറ്റും മുടങ്ങിപ്പോവുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന നഗരത്തില്‍ തെരഞ്ഞുപിടിച്ചുള്ള ഉന്‍മൂലനങ്ങളും കുരുതികളും പതിവാകുന്നുഒരു നാള്‍ ചെറുപ്പക്കാര്‍ മൈതാനത്ത് പന്തുകളിക്കുന്നത് ഗൃഹാതുരതയോടെ കണ്ടുനില്‍ക്കുന്ന സഈദിന്റെ പിതാവ് ആ കളിപ്പന്തു എന്താണെന്നറിയുന്നതോടെ ഞെട്ടിപ്പോകുന്നുഅതൊരു അറുത്തെടുക്കപ്പെട്ട മനുഷ്യ ശിരസ്സായിരുന്നുഭീകരതക്ക് അതിന്റെ സഹജമായ ബീഭത്സകാരിയെന്ന ഭാവം കൈമോശം വരികയും വികാര രഹിതരായ മനുഷ്യരെ അത് സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥസിവില്‍ സമൂഹത്തിന്റെ പരമമായ അപചയത്തെ സൂചിപ്പിക്കുന്നുഈ വിധം മൃത്യു ഭൂമിയായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ദേശത്ത്‌ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായാണ് 'വാതായനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്.

വാതായനങ്ങള്‍ പ്രവാസ വഴികള്‍

മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകളുള്ള 'വാതായനങ്ങള്‍ എന്ന രക്ഷാമാര്‍ഗ്ഗം നോവലില്‍ പക്ഷെ ഒരു ശൈലീപരമായ മാധ്യമം മാത്രമല്ലഅഭയാര്‍ഥി ജീവിതത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണവും അനിശ്ചിതത്വം നിറഞ്ഞതുമായ ഘട്ടം 'കടന്നു പോവുകഎന്നത് തന്നെയാണെന്നിരിക്കെഇത്തരം ആഖ്യാനങ്ങളുടെ സിംഹഭാഗമോ കേന്ദ്ര സ്ഥാനീയമോ ആയി ആ ഘട്ടം മാറാനുള്ള സാധ്യതയെ മറികടക്കുകയും നോവലിന്റെ ഫോക്കസ് അത്ര സാധാരണമല്ലാത്ത ചില ചോദ്യങ്ങളിലേക്കു എത്തിക്കുകയുമാണ് നോവലിസ്റ്റ്ലോറികളുടെ പുറകിലോ ഏതു നിമിഷവും മുങ്ങിപ്പോകാവുന്ന ബോട്ടുകളിലോ ഉള്ള ജീവന്മരണ യാത്രകള്‍ വിവരിക്കപ്പെടുന്നില്ലഇടത്താവളങ്ങളിലെ പട്ടിണിയും രോഗങ്ങളും മൃതിയും ചിത്രീകരിക്കപ്പെടുന്നില്ലപകരം അജ്ഞാത വിധി കാത്തിരിക്കുന്ന പുതിയ ഇടങ്ങളില്‍ ഉണ്ടായേക്കാവുന്ന അനുഭവങ്ങളെ കുറിച്ചുള്ള ഞെട്ടല്‍ മാത്രം. “ചില അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിമരണക്കെണിയായ നാട്ടില്‍ നിന്നകലെഅങ്ങ് ദൂരെ ഇടങ്ങളിലേക്ക് നിങ്ങളെ കൊണ്ട് പോകുന്ന വാതിലുകളെ കുറിച്ച്.. അത്തരം വാതിലുകളിലൂടെ പുറത്തു കടന്ന ആളുകളെ കുറിച്ച് അറിയാവുന്ന ആളുകളെ കുറിച്ച് അറിയാമെന്നു ചിലര്‍ അവകാശപ്പെട്ടുഅവരുടെ അഭിപ്രായത്തില്‍ ഒരു സാധാരണ വാതിലിന് ഒരു വിശിഷ്ട വാതില്‍ ആവാന്‍ കഴിയുംഏതൊരു വാതിലിന്റെയും കാര്യത്തില്‍ഒരു മുന്നറിയിപ്പും കൂടാതെ അത് സംഭവിക്കുകയും ചെയ്യാംമിക്കയാളുകളും ഇത്തരം അഭ്യൂഹങ്ങള്‍ വെറും ഭോഷ്കായി കരുതിദുര്‍ബ്ബല മനസ്കരുടെ അന്ധ വിശ്വാസങ്ങള്‍ എന്നിരുന്നാലും മിക്കയാളുകളും അവരുടെ സ്വന്തം വാതിലുകള്‍ക്ക് നേരെ വ്യത്യസ്തമായ രീതിയില്‍ നോക്കിത്തുടങ്ങി.” 'തീര്‍ച്ചയായും ഒരു വില നില്കിയാല്‍ തുറക്കപ്പെടുന്ന ഈ 'രഹസ്യ വാതിലുകള്‍ സൃഷ്ടിക്കുന്ന കാഫ്കെയസ്ക് അന്തരീക്ഷം കോള്‍സണ്‍ വൈറ്റ്ഹെഡിന്റെ 'അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്‌', മുറകാമിയുടെ 'വൈന്റ് അപ് ബേര്‍ഡ് ക്രോണിക്കിള്‍ തുടങ്ങിയ കൃതികളെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നങ്കൂരമില്ലാത്തവന് അതിരുകളുമില്ല

നഗരം അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ എത്തുമ്പോഴാണ് പിറുപിറുത്തു സംസാരിക്കുന്ന "കവിയോ അതോ സൈക്കോപാത്തോഎന്ന് പറയാനാവാത്ത ഒരു ഒരു എജന്റ് നിഗൂഡമായ വാതിലിന്റെ വാഗ്ദാനവുമായി സഈദിനെയും നാദിയയെയും സമീപിക്കുക. “അതവരുടെ ജീവിതത്തിലെ അവസാന സായാഹ്നമാവാനുള്ള ഒരു സാധ്യതയുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു.” ഇരുണ്ട ശ്വാസം മുട്ടിക്കുന്ന തുരങ്കം നൂണ്ടു കടന്നാണ് ഒരു മധ്യകാല റൊമാന്‍സിലെ മിത്തിക്കല്‍ യാനം പോലുള്ള സ്വപ്നയാഥാര്‍ത്ഥ്യ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ധനികരായ ടൂറിസ്റ്റുകള്‍ക്കൊപ്പം ചേക്കയിടം പങ്കിടുന്ന ഗ്രീക്ക് ദ്വീപായ മികോനോസില്‍ അവര്‍ ആദ്യം എത്തിച്ചേരുക. 'വാതിലുകള്‍ വരവിനും പോക്കിനുമുള്ള ഒരു സാര്‍വ്വ ദേശീയ മാര്‍ഗ്ഗമായിക്കഴിഞ്ഞതായി അവര്‍ മനസ്സിലാക്കുന്നുസമ്പന്ന ദേശങ്ങളിലെക്കുള്ള പ്രവേശന കവാടങ്ങളില്‍ കനത്ത കാവലുള്ളപ്പോള്‍ ദരിദ്ര രാജ്യങ്ങളുടെത് മിക്കവാറും നാഥനില്ലാതെ കിടന്നുഇനിയൊരു ഘട്ടത്തില്‍ മറ്റൊരു 'വാതില്‍ അവരെ ലണ്ടനിലെത്തിക്കുംഅഭയാര്‍ഥികള്‍ക്ക് താല്‍ക്കാലികമായെങ്കിലും ചേക്കേറാന്‍ പാകത്തില്‍ സമ്പന്ന വിദേശികള്‍ വാങ്ങിയിട്ട വന്‍ മന്ദിരങ്ങളുണ്ട് അവിടെ. “വെസ്റ്റ്‌ മിന്‍സ്റ്ററിനും ഹാമര്‍സ്മിത്തിനും ഇടയില്‍ നിയമപ്രകാരമുള്ള താമസക്കാര്‍ ന്യൂനപക്ഷമാണെന്നും സ്വദേശ ജാതര്‍ വംശ നാശം വരും വിധം കുറവാണെന്നും പറഞ്ഞു വന്നുപ്രാദേശിക പത്രങ്ങളുടെ അഭിപ്രായത്തില്‍ പ്രദേശം ദേശഗാത്രത്തിലെ ഏറ്റവും മോശമായ തമോഗര്‍ത്തങ്ങളില്‍ പെട്ടതായിരുന്നു.” ലണ്ടനില്‍ വെച്ചാണ് പ്രാവാസാനുഭവത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങള്‍ സഈദും നാദിയയും മനസ്സിലാക്കുകനഗരമധ്യത്തില്‍ ഒരു പ്രവാസി സമൂഹം അതിന്റെ എല്ലാ അനിശ്ചിതത്വങ്ങളോടും അരാജകത്വത്തോടും ഒപ്പം വികസിക്കുന്നു. “ലണ്ടനില്‍ എല്ലായിടത്തും അത്തരം വീടുകളും പാര്‍ക്കുകളും ഉപയോഗ ശൂന്യമായ ലോട്ടുകളും ജന നിബിഡമായിഒരു മില്യണ്‍ അഭയാര്‍ഥികളെന്നു ചിലര്‍ പറഞ്ഞുവേറെ ചിലരാവട്ടെ അതിന്റെ ഇരട്ടിയെന്നുംനഗരത്തില്‍ എത്ര ഒഴിഞ്ഞ ഇടങ്ങളുണ്ടോഅത്രയും കുടില്‍ കെട്ടിത്താമാസക്കാരെ അത് ആകര്‍ഷിച്ചുചെല്‍സിയിലെയും കെന്‍സിംഗ് ടണിലെയും ആളില്ലാത്ത മന്ദിരങ്ങള്‍ പ്രത്യേകിച്ചും കയ്യടക്കപ്പെട്ടു.” അഭയാര്‍ഥികള്‍ നാട്ടുകാരുടെ ബോംബ്‌ ആക്രമണത്തിനിരയായി. 'ബ്രിട്ടനെ ബ്രിട്ടന് തിരികെ കിട്ടാനുള്ളപ്രസ്ഥാനങ്ങള്‍ ഉണ്ടായിഅധികാരികള്‍ വൈദ്യുതിയും പൈപ്പുവെള്ളവും പോലുള്ള പൊതു സൌകര്യങ്ങള്‍ ബോധപൂര്‍വ്വം തടസ്സപ്പെടുത്തിവെളിച്ചമുള്ള ലണ്ടനും ഇരുട്ട് മൂടിയ ലണ്ടനും ഉണ്ടായിഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമായിരുന്നപ്പോള്‍ പുതുതലമുറ ഡിജിറ്റല്‍ ഉപകരങ്ങളുടെ വിധേയത്വം വളര്‍ത്തിയെടുത്തിരുന്ന സഈദും നാദിയയും ലോകാവസ്ഥ അപ്പപ്പോള്‍ അറിഞ്ഞുവന്ന ലോകാഭിമുഖതയുംഇപ്പോള്‍ നഷ്ടമാവുന്നുബ്രോഡ് ബാന്‍ഡ് നല്‍കിയ സ്വാതന്ത്ര്യം ഇപ്പോള്‍ റോഡ്‌ ബ്ലോക്കുകള്‍ക്കും ക്യാമ്പുകളിലെ പിരിമുറുക്കത്തിനും കമ്പി വേലികള്‍ക്കും വഴിമാറുന്നുനക്ഷത്ര തിളക്കം നോക്കിയിരിക്കുമായിരുന്ന ആകാശമിപ്പോള്‍ യുദ്ധ വിമാനങ്ങളുടെയും ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും ഇരമ്പിയാര്‍ക്കലിന്റെ കലുഷാവസ്ഥയിലാണ്പുതിയ ഇടങ്ങളിലേക്ക് പുറപ്പാടവേണ്ട സാഹചര്യം ഉരുത്തിരിയിക്കുന്നു എന്നത് മാത്രമല്ലഅഭയാര്‍ഥിത്വത്തിന്റെ ആഗോള പ്രതിസന്ധിയില്‍ ആരും സുരക്ഷിതരില്ല എന്ന ദുരന്ത പ്രവചന സ്വഭാവമുള്ള ചകിതാവസ്ഥ കൂടിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്പുതിയ അന്തരീക്ഷം പഴയതിന്റെ തനിയാവര്‍ത്തനം ആയിത്തീരുന്നതെങ്ങനെ എന്നത് ദുരന്ത സാധ്യത രക്ഷപ്പെടാനാവാത്ത വിപര്യയമായിത്തീരുന്ന ഒരു വിപത് ഭാവിയെ സൂചിപ്പിക്കുന്നുവാതിലുകള്‍ ഇരുവശത്തേക്കും തുറക്കുന്നവയാണ് എന്നിരിക്കെഇത്തരം പ്രദേശങ്ങളില്‍ നിന്ന് തീവ്ര വാദികളും ഭീകരരും നാദിയയും സഈദും ഉപേക്ഷിച്ചു പോന്ന നാട്ടിലേക്ക് കുടിയേറുന്ന അവസ്ഥയുണ്ടെന്നും നോവലിസ്റ്റ് സൂചിപ്പിക്കുന്നുനിരന്തര ചലനം എന്നത് നോവലിന്റെ കേന്ദ്ര പ്രമേയവുമായി ബന്ധപ്പെട്ടത് തന്നെയാണ്വന്‍ തോതിലുള്ള പ്രവാസമെന്ന വസ്തുത വേണ്ട വിധം തിരിച്ചറിയാനാവാത്തതാണ് യൂറോപ്പും അമേരിക്കയും നേരിടുന്ന രാഷ്ട്രീയ നിശ്ചലാവസ്ഥക്ക് പ്രധാന കാരണമെന്ന് ഒരഭിമുഖത്തില്‍ നോവലിസ്റ്റ് അഭിപ്രായപ്പെടുന്നുണ്ട്സാമ്പത്തികമായി മരവിച്ചു പോയഅപകടാവസ്ഥയിലുള്ള ദേശങ്ങളില്‍ നിന്ന് സാമ്പത്തികമായി ഇളം ചൂടുള്ള സുരക്ഷിത ഇടങ്ങളിലേക്ക് പോകാനുള്ള പ്രവാസ മനസ്സിനെ ദുരന്തമായിക്കാണാതെ മനുഷ്യത്വ പരമായും പ്രചോദകമായും കാണേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിക്കുന്നുഅഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞ ലോകം ഇപ്പോള്‍ പുതിയ തരം ക്രമത്തെ ഉറ്റുനോക്കുന്നുഅവിടെ പ്രസക്തമായ ഒരേയൊരു വിഭജനം കടന്നു പോകാനുള്ള അവകാശം തേടുന്നവരും അത് തടയുന്നവരും തമ്മിലുള്ളത് മാത്രമാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുആ അര്‍ത്ഥത്തില്‍ നോവലിന് അതി തീവ്രമായ പ്രബോധക ഭാവമുണ്ട് എന്ന് പറയാംജീവിത സൌകര്യങ്ങള്‍ മറ്റുള്ളവരുടെ ദുരിതങ്ങളില്‍ നിന്ന് മുഖം തിരിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കുമെന്നു നാദിയ കണ്ടെത്തുന്ന സന്ദര്‍ഭമുണ്ട്‌. 'ഒരു രാജകുമാരിയെ പോലെഅല്ലെങ്കില്‍ തനിക്കു ലഭിച്ച സൗകര്യങ്ങളില്‍ ഒരു ഏകാധിപതിയുടെ സുഖലോലുപരായ മക്കളെ പോലെ അഭിരമിച്ചു പോകുന്ന അവസ്ഥഹമീദ് ആരോടും വിട്ടുവീഴ്ച ചെയ്യുന്നില്ലതന്റെ മുഖ്യ കഥാപാത്രങ്ങളോട് പോലും. “പ്രവാസികളാവുമ്പോള്‍ പിന്നില്‍ വിട്ടേച്ചു പോന്നവരെ നമ്മുടെ ജീവിതങ്ങളില്‍ നിന്ന് നാം കൊന്നു കളയുന്നു.” അറുപത്തിയഞ്ചു ദശലക്ഷം പേര്‍ അഭയാര്‍ഥികളായ ലോകത്ത് ഇതാണ് യഥാര്‍ത്ഥ ഭീകരാനുഭവമെന്നു എക്സിറ്റ് വെസ്റ്റ്‌ സൂചിപ്പിക്കുന്നു.

 

നോവല്‍ ശില്‍പ്പത്തിനപ്പുറം പോകുന്ന ഉത്കണ്ഠകള്‍

ദി റലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ് പോലുള്ള ഹമീദിന്റെ മുന്‍ നോവലുകളില്‍ നിന്ന് ഭിന്നമായി 'എക്സിറ്റ് വെസ്റ്റ്‌ ഭദ്രമായ ഇതിവൃത്ത ഘടനയോ പാത്ര സൃഷ്ടിയിലെ ചടുലതയോ നിലനിര്‍ത്താത്തത് ബോധപൂര്‍വ്വമാണ് എന്ന് കാണാംനാദിയയോ സഈദോ ശക്തമായ വ്യക്തിത്വമോ അതുണ്ടാക്കുന്ന കര്‍തൃത്വമോ ഉള്ളവരല്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Sukhdev Sandhu, The Guardian). ഇത്തരം ഒരു കൃതിയില്‍ സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന സോഷ്യല്‍ റിയലിസത്തിന്റെ രീതിയോ ഭീകരാനുഭവങ്ങളുടെ ദൃക് സാക്ഷി വിവരണത്തിന്റെ കിടുകിടുപ്പിക്കുന്ന 'വാര്‍ /ഡിസാസ്റ്റര്‍ മൂവിരീതികളോ നോവലിസ്റ്റ് അവലംബിക്കുന്നില്ലസിറിയയുടെയും മ്യാന്മാറിന്റെയും കാലത്തെ അഭയാര്‍ഥി പ്രശ്നമെന്ന സമകാലിക സമസ്യയെ ആഖ്യാന രീതികളുടെ ഒരു സമ്മിശ്രത്തിലൂടെയാണ് നോവലിസ്റ്റ് സമീപിക്കുന്നത് എന്ന് സുഖ്ദേവ് സന്ധു ചൂണ്ടിക്കാണിക്കുന്നുഅത് ഒരേ സമയം ദേശാതിര്‍ത്തികള്‍ ഉല്ലംഘിക്കപ്പെട്ന്നതിന്റെയും സിവില്‍ സമൂഹത്തില്‍ പടരുന്ന അശാന്തികളെ കുറിച്ചുള്ള ന്യൂസ് റീല്‍ രൂപത്തിന്റെയും പുതുകാല നരക ഭൂപടം ചമക്കുന്നതിന്റെ ഭാവനാത്മക രചനയുടെയും സ്വഭാവം ഉള്‍കൊള്ളുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുസഈദും നാദിയയും ഉപേക്ഷിച്ചു പോകുന്ന ദേശത്തിന് പേര് പറയുന്നില്ലെങ്കിലും അവര്‍ ലക്ഷ്യമായി എത്തിച്ചേരുന്ന ഇടങ്ങള്‍ മികോനോസ്ലണ്ടന്‍ അമേരിക്ക കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട് എന്നത് പ്രധാനമാണ്ഒരിടവും സുരക്ഷിതമോ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പ്രതിരോധിക്കപ്പെട്ടതോ അല്ലതന്നെതന്റെ രചനകളിലെല്ലാം ഹമീദ് പങ്കുവെക്കുന്ന നിലപാടാണ് കൊളോനിയലിസത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും അനിവാര്യഫലമായി പാശ്ചാത്യ പൌരസ്ത്യ ലോകങ്ങള്‍ പരസ്പരം സന്ധി ചെയ്യേണ്ടി വരുന്നുവെന്നത്സഈദിന്റെയും നാദിയയുടെയും പോലുള്ള വൈയക്തിക പ്രണയ കഥകള്‍ക്ക് പോലും ചരിത്രത്തിന്റെ ഈ അനിവാര്യതയില്‍ നിന്ന് വിട്ടു നില്‍ക്കാനാവില്ലചരിത്രം ആവേശിക്കുമ്പോഴാവട്ടെമരണവും ഹിംസയും നിറഞ്ഞാടുന്നുഒരു ട്രക്ക് മരണം വിതച്ചു പൊട്ടിത്തെറിക്കുന്നുഅനിശ്ചിതത്വവും അരാജകത്വവും നുരയുന്ന സാഹചര്യങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നുഅറുത്തുമാറ്റപ്പെട്ട ഒരു മനുഷ്യന്റെ തല മൈതാനത്തിലെ കളിപ്പന്തായി മാറുന്നുഎന്നാല്‍ നാദിയയുടെ കസിന്‍ ബോംബ്‌ സ്ഫോടനത്തില്‍ തലയും ഒരു കയ്യിന്റെ ഏതാനും ഭാഗങ്ങളും മാത്രം ബാക്കിയാവും വിധം ചിതറിത്തെറിക്കുന്നത് പോലുള്ള അത്തരം രംഗങ്ങളില്‍ നോവല്‍ തറഞ്ഞു നില്‍ക്കുന്നേയില്ലഇതര രാജ്യങ്ങളിലുണ്ടാവുന്ന സമാന സംഭാവങ്ങളാവട്ടെ ഡിജിറ്റല്‍ അകലത്തിലിരുന്നാണ് നാദിയയും സഈദും മനസ്സിലാക്കുക.

മഹാസങ്കടങ്ങളിലും ഇണര്‍പ്പുകളുണ്ട്

ലണ്ടനിലെ വാഗ്ദത്ത നഗരത്തിലെത്തുമ്പോള്‍ കാണുന്ന ജീവിതാവസ്ഥകളാണ് നോവലിന്റെ രണ്ടാം പകുതിയെ നിര്‍ണ്ണയിക്കുന്നത്. “ഭൂഗോളം മുഴുവനും യാത്രയിലായിരുന്നുലോകത്തിന്റെ തെക്ക് ഗോളത്തിന്റെ വടക്കോട്ട്‌ മുന്നേറിഅതെ സമയം തെക്കുള്ളവര്‍ മറ്റു തെക്കന്‍ ദേശങ്ങളിലേക്കും വടക്കന്‍ ദേശക്കാര്‍ മറ്റു വടക്കന്‍ ദേശങ്ങളിലേക്കും.” ഈ നിരീക്ഷണത്തിലാണ് പ്രവാസം നിയാമകമാകാന്‍ പോകുന്ന ഒരു ഭാവികാലത്തിന്റെ ഫുചൂറിസ്റ്റിക്ക് ആഖ്യാനമായി നോവല്‍ മാറുന്നത്എല്ലാവരും സഞ്ചാരത്തിലാകുമ്പോള്‍ ചലനം അസ്വാസ്ഥ്യകരമെന്നതിലേറെ സ്വാഭാവികമായിത്തീരുംതദ്ദേശീയര്‍ എന്ന് സ്വയം കരുതുന്നവര്‍ക്ക് ഈ പാലായനം അസ്വാസ്ഥ്യകരമാവാമെങ്കിലും ആരും താല്‍ക്കാലിക താമസക്കാരിലപ്പുറം ഒരിടത്തിന്റെയും ഉടമകളല്ലെന്ന ആഗോളീകൃതപോസ്റ്റ്‌ കൊളോണിയല്‍ അനിവാര്യതയില്‍ നിന്നാണ് ഈ വിപര്യയത്തിലും ശുഭാപ്തിയുടെ കിരണങ്ങള്‍ മൊഹ്സിന്‍ ഹമീദ് കണ്ടെത്തുന്നത്തദ്ദേശീയര്‍ അന്യരെഅപരിചിതരെ കുറിച്ചുള്ള തങ്ങളുടെ ആദ്യ അങ്കലാപ്പ് മറികടക്കുന്നതോടെ ഇരു കൂട്ടരും സൂക്ഷ്മവും പരസ്പര മാനുഷിക സൗഹൃദത്തിന്റെ അടിത്തറയിലുള്ളതുമായ നീക്ക് പോക്കില്‍ ഒരുമിച്ചു പോകാനുള്ള വഴികള്‍ തെളിയാനാണ് കൂടുതല്‍ സാധ്യത എന്ന് നോവലിസ്റ്റ് പ്രതീക്ഷിക്കുന്നുയാത്രാ ക്ഷീണത്തിന്റെ

ഇനിയൊരറ്റത്തു നാളുകളോളം ചെമ്മണ്‍ പാതകള്‍ താണ്ടിയ യാത്രിക ഇളം ചൂടുവെള്ളമൊഴുകുന്ന പൈപ്പിന് ചുവടെ ഏതാണ്ട് അതീന്ദ്രിയമായ സ്വര്‍ഗ്ഗീയാനുഭൂതി നുകരുന്നു. 

നോവലിന്റെ ആത്യന്തിക ഭാവത്തില്‍ എവിടെയോ പ്രാര്‍ത്ഥനകളുടെയും പ്രതീക്ഷകളുടെയും ഇണര്‍പ്പുകളുണ്ട്ബ്രസീലുകാരനായ ഒരു വയോധികന്‍ ആംസ്റ്റര്‍ ഡാമില്‍ വെച്ച് മറ്റൊരു വയോധികനെ കണ്ടു മുട്ടുകയും വാക്കുകള്‍ ഒന്നുമില്ലാതെ പ്രണയത്തിലാവുകയും ചെയ്യുന്നുആത്മഹത്യയെ കുറിച്ച് ചിന്തിച്ചു തുടങ്ങവേഇംഗ്ലണ്ടുകാരനായ ഒരാള്‍ നമീബിയയിലേക്ക് ഒരു വഴി കണ്ടെത്തുകയും പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്നുനോവലിന്റെ അവസാന വരികളില്‍ അമ്പത് കൊല്ലങ്ങള്‍ക്കിപ്പുറംപഴയ നാളുകളിലേത് പോലെഒരു റസ്റ്ററെന്റില്‍ വെച്ച് വീണ്ടും കണ്ടുമുട്ടുമ്പോള്‍ "നാദിയ ചോദിച്ചു സഈദ് ചിലിയിലെ മരുഭൂമികളില്‍ പോയി നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടോ എന്നും അത് പ്രതീക്ഷിച്ച പോലെത്തന്നെയായിരുന്നുവോ എന്നുംഅയാള്‍ തലയാട്ടിക്കൊണ്ട് പറഞ്ഞുഅവള്‍ക്കൊരു സായാഹ്നം ഒഴിവുണ്ടെങ്കില്‍ അയാള്‍ അവളെ കൂട്ടിക്കൊണ്ടു പോകാമെന്ന്അത് ജീവിതത്തില്‍ കാണേണ്ട കാഴ്ച തന്നെയാണ്അവള്‍ കണ്ണുകളടച്ചു കൊണ്ട് പറഞ്ഞുഅവള്‍ക്കത് ഏറെ താല്പര്യമുണ്ട്അവര്‍ എണീറ്റുഎന്നിട്ട് ആലിംഗനം ചെയ്തുഎന്നിട്ട് രണ്ടു വഴി പോയിഅപ്പോള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയില്ലായിരുന്നുആ സായാഹ്നം എപ്പോഴെങ്കിലും വരുമോ എന്ന്.”

തീക്ഷ്ണ രാഷ്ട്രീയ സാംസ്കാരിക ധ്വനികള്‍ നിറഞ്ഞവയെങ്കിലും താരതമ്യേന നീളം കുറഞ്ഞ നോവലുകലോടുള്ള പ്രതിപത്തിയുണ്ട് മൊഹ്സിന്‍ ഹമീദിന്ദി റലക്റ്റന്റ് ഫണ്ടമമെന്റലിസ്റ്റിന്റെ ഹ്രസ്വതയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി പ്രസക്തമാണ്: “എന്റെ പുസ്തകം പാതി വായിക്കപ്പെടുന്നതിലേറെ രണ്ടു തവണ വായിക്കപ്പെടുന്നതാണ് എനിക്കിഷ്ടം.” എന്നാല്‍ എക്സിറ്റ് വെസ്റ്റ്‌ ഉള്‍പ്പടെയുള്ള കൃതികള്‍ ദൈര്‍ഘ്യത്തില്‍ വരുന്ന കുറവ് അവയുടെ ധ്വനി സാന്ദ്രത കൊണ്ട് പരിഹരിക്കുന്നുണ്ട് എന്ന് കാണാംഒരു ഡിസ്റ്റോപ്പിയന്‍ ആസന്ന ലോകാവസാന ചകിതാന്തരീക്ഷത്തിനിടയിലും മനുഷ്യാസ്തിത്വം പതിവ് ചാലുകളില്‍ ചലിക്കാന്‍ ശ്രമിക്കുന്നതിന്റെയും ഒപ്പം സമ്പന്നതയും രാഷ്ട്രീയ സൈനിക ആഭ്യന്തര സുരക്ഷിതത്വവും ഉള്ളതെന്ന് കരുതപ്പെടുന്ന പാശ്ചാത്യ ലോകവും അത്തരം ദുരന്ത നിമിഷത്തില്‍ യഥാര്‍ഥത്തില്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യത്തിന്റെയും ആവിഷ്കാരമാണ് 'എക്സിറ്റ് വെസ്റ്റ് '; അതുകൊണ്ട് തന്നെ 'ഇസ്ലാമിക് സ്റ്റേറ്റി'ന്റെയും 'ഭീകരതക്കെതിരായ യുദ്ധ'ത്തിന്റെയും മതാന്ധതയും സാമ്രാജ്യത്വ കടന്നു കയറ്റങ്ങളും ചേര്‍ന്നൊരുക്കുന്ന പശ്ചാത്ഗമനത്തിന്റെയും (atavism) സവിശേഷ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ നോവലും.

(മലയാളം വാരിക,  23 ഒക്ടോബര്‍ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 324-330)

also read:

The Kindness of Enemies by Leila Aboulela

https://alittlesomethings.blogspot.com/2018/08/blog-post_6.html

The Moor's Account by Laila Lalami

https://alittlesomethings.blogspot.com/2016/09/blog-post_27.html

Hope and Other Dangerous Pursuits by Laila Lalami (revised)

https://alittlesomethings.blogspot.com/2018/01/05.html

Exit West by Mohsin Hamid

https://alittlesomethings.blogspot.com/2017/10/blog-post_24.html

Burnt Shadows by Kamila Shamsie

https://alittlesomethings.blogspot.com/2015/11/blog-post.html