Featured Post

Monday, May 5, 2025

The Dinner Guest by Gabriela Ybarra/ Natasha Wimmer

 മൃതിയുടെ കുടുംബ വഴികള്‍



(സ്പാനിഷ് നോവലിസ്റ്റ് ഗബ്രിയേല യിബാറയുടെ ‘ദി ഡിന്നര്‍ ഗസ്റ്റ്’ എന്ന നോവലിനെ കുറിച്ച്. രാഷ്ട്രീയക്കൊലയുടെയും രോഗത്തിന്റെയും രൂപത്തില്‍ കുടുംബത്തെ വേട്ടയാടിയ മൃതിയുടെ ചിത്രങ്ങളാണ് മാന്‍ ബുക്കര്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട നോവലില്‍ യുവ നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്.)

 ‘വ്യക്തിപരമായത് രാഷ്ട്രീയമാണ്’ (the personal is political) എന്നത് അറുപതുകളിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും സ്ത്രീപക്ഷ ചിന്തയുടെയും പ്രതിബദ്ധ നിലപാടുകളുടെ സാധൂകരണമായി ഉപയോഗിക്കപ്പെട്ട ആശയമാണ്. വൈയക്തിക ജീവിതത്തിലേക്കും രാഷ്ട്രീയം അധിനിവേശിക്കുന്ന പൊതു പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ ആശയം അക്ഷരാര്‍ത്ഥത്തില്‍ തന്നെയും പ്രസക്തമായേക്കും; അതിന്റെ പൊലിമയിലും ദുരന്തത്തിലും. സ്പെയിനില്‍ ഇടതു വിഘടനവാദ ഗ്രൂപ്പുകള്‍ ശക്തമായിരുന്ന എഴുപതുകളില്‍ ബാസ്ക് പ്രവിശ്യയില്‍ രാഷ്ട്രീയമായി പ്രബലമായിരുന്ന കുടുംബത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോകപ്പെടുകയും തുടര്‍ന്ന് കൊലചെയ്യപ്പെട്ട രീതിയില്‍ കണ്ടെത്തപ്പെടുകയും ചെയ്ത മുത്തച്ഛന്റെയും കാന്‍സര്‍ ബാധിതയായി മരണമടഞ്ഞ അമ്മയുടെയും കഥകളിലൂടെ താന്‍ ജനിക്കും മുമ്പേ സംഭവിച്ച പൊതു സാമൂഹിക പ്രസക്തിയുള്ള ഒരു ദുരന്തത്തെയും തീര്‍ത്തും വ്യക്തിപരമായ മറ്റൊരു ദുരന്തത്തെയും ചേര്‍ത്തുവെക്കുകയും അതിലൂടെ ‘ഓട്ടോഫിക് ഷന്‍ എന്ന പുതിയ രൂപത്തിന് മികച്ചൊരു സംഭാവന നല്‍കുകയുമാണ് യുവ സ്പാനിഷ് നോവലിസ്റ്റ് ഗബ്രിയേല യിബാറ The Dinner Guest എന്ന തന്റെ പ്രഥമ കൃതിയില്‍.

സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ നാഷനലിസ്റ്റ് സൈന്യത്തോടൊപ്പം നേതൃത്വ പരമായ രീതിയില്‍ പൊരുതിയ വ്യക്തിയായിരുന്നു വിസ്കായ പ്രവിശ്യയിലെ ഉന്നത സ്ഥാനങ്ങളില്‍ നിറഞ്ഞു നിന്ന ഒരു ഡസനോളം കുടുംബങ്ങളില്‍ പ്രമുഖമായിരുന്ന യിബാറ കുടുംബാംഗമായ ഡോണ്‍ ഹാവിയര്‍. ഗബ്രിയേല ജനിക്കുന്നതിനും ആറു വര്‍ഷം മുമ്പ്, സ്പെയിനിലെ നാല്‍പ്പതു വര്‍ഷത്തെ ഏകാധിപത്യത്തിനു അന്ത്യം കുറിച്ച ജനാധിപത്യപരമായ തെരഞ്ഞെടുപ്പു കഴിഞ്ഞു നാല് ദിവസം മാത്രം പിന്നിട്ട 1977 മെയ് ഇരുപതിന് രാവിലെ, ഇ.ടി.എ.യുടെ ഒരു ചെറു വിഘടിത വിഭാഗത്തില്‍ പെട്ട ഭീകരര്‍ മുത്തച്ഛന്റെ വീട്ടിലേക്ക് ഇരച്ചു കയറുമ്പോള്‍ അദ്ദേഹം കുളിമുറിയിലായിരുന്നു. കുടുംബാംഗങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി തിരിച്ചു പോകുമ്പോള്‍ അവര്‍ അദ്ദേഹത്തെയും കൊണ്ട് പോയി. പിന്നീടൊരിക്കലും ആരും അദ്ദേഹത്തെ കണ്ടില്ല. കുടുംബത്തില്‍ അങ്ങനെയൊരു കഥ പാരമ്പര്യമായി: ‘ഒരോ നേരവും ഒരു അധിക ഡിന്നര്‍ അതിഥി കൂടിയുണ്ടാവും, അദൃശ്യനെങ്കിലും അയാള്‍ ഇപ്പോഴും അവിടെയുണ്ട്. അയാള്‍ക്ക് ഒരു പ്ലേറ്റും ഗ്ലാസും കത്തിയും ഫോര്‍ക്കും കരുതിവെച്ചിരിക്കും. ഇടക്കൊരിക്കല്‍ അയാള്‍ ഗോചരനാകും, മേശക്കു മേല്‍ അയാളുടെ നിഴല്‍ പതിയും, അതോടെ കൂട്ടത്തില്‍ ഒരാള്‍ മായിക്കപ്പെടും.’ മരണത്തെ കുറിച്ച് ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന അതിഥി എന്ന സങ്കല്‍പ്പം മനുഷ്യവിധിയെ കുറിച്ചുള്ള സാമാന്യ പ്രസ്താവം എന്ന നിലയില്‍ ഒരു ക്ലീഷേ ആയിരിക്കാം; എന്നാല്‍ യിബാറയുടെ കുടുംബത്തില്‍ അതങ്ങനെയയിരുന്നില്ല. നട്ടെല്ലിലൂടെ ഭീതിയുടെ തണുപ്പ് അരിച്ചിറങ്ങും വിധം അതൊരു യാഥാര്‍ത്ഥ്യം തന്നെയായിരുന്നു. Author’s Note എന്ന ആമുഖക്കുറിപ്പില്‍ നോവലിലെ സംഭവങ്ങള്‍ കുടുംബ ചരിത്രത്തിലെ അനുഭവങ്ങള്‍ തന്നെയായി നോവലിസ്റ്റ് സമീകരിക്കുന്നുണ്ട്.

കോളിളക്കമുണ്ടാക്കിയ സംഭവം പത്രങ്ങളിലും ഇതര മീഡിയയിലും നിറഞ്ഞു നിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുമകള്‍ ആ തിരോധാനത്തെ ഫിക് ഷനിലേക്ക് ആവാഹിക്കുമ്പോള്‍ ഈ സ്രോതസ്സുകള്‍ എല്ലാം സൂക്ഷ്മമായി ഉപയോഗിക്കപ്പെടും: റിപ്പോര്‍ട്ടുകള്‍, പറഞ്ഞും കേട്ടും അറിഞ്ഞ വസ്തുതകള്‍, ഗൂഗിള്‍ കാലത്തെ സാധ്യതകള്‍, ഇ.ടി.എ. തന്നെ പുറത്തുവിട്ട രേഖകള്‍ എന്നിവയെ കൂടാതെ അവയെ കൂട്ടിയിണക്കാനുള്ള കണ്ണിയായി തന്റെ സര്‍ഗ്ഗ ചേതനയും എഴുത്തുകാരി ഉപയോഗിക്കും. എന്നാല്‍, എട്ടാം വയസ്സുമുതല്‍ കേട്ട് തുടങ്ങിയ കഥ വേറൊരു രീതിയില്‍, കൂടുതല്‍ തീക്ഷ്ണമായി, ഒരു സര്‍ഗ്ഗപരമായ പുനര്‍സൃഷ്ടി ആവശ്യപ്പെടും പ്രകാരം ഗബ്രിയേലയെ മഥിക്കാന്‍ തുടങ്ങുന്നത് 2011ല്‍ സംഭവിക്കുന്ന അമ്മയുടെ മരണത്തോടെയാണ്:

“എന്റെ അമ്മയുടെ മരണം മുത്തച്ഛന്റെ മരണത്തെ തിരികെ കൊണ്ടുവന്നു. അതിനു മുമ്പ് ആ വധം എന്റെ മാതാപിതാക്കള്‍ പെറുവില്‍ നിന്ന് കൊണ്ടുവന്ന പിച്ചള ലാമമാര്‍ക്കരികിലുള്ള ഗ്ലാസ് കൂട്ടിലെ ഒരു ജോഡി കൈവിലങ്ങുകള്‍ മാത്രമായിരുന്നു. രോഗത്തിന്റെ പരിക്ഷീണാവസ്ഥ തട്ടിക്കൊണ്ടു പോകലിനെ തുടര്‍ന്നുണ്ടായ കാത്തിരിപ്പിന്റെ പരിക്ഷീണാവസ്ഥയെ ഓര്‍മ്മിപ്പിച്ചു. എന്റെ പിതാവ് രക്തം പുരണ്ട കൊന്തയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇനിയും മാസങ്ങള്‍ കഴിഞ്ഞാണ് എനിക്ക് അദ്ദേഹത്തിന്റെ വേദന മനസ്സിലാകുക.”

കല, രാഷ്ട്രീയം, സ്വകാര്യജീവിതം എന്നിവയുടെ കുറ്റമറ്റ മിശ്രണം” എന്ന് വിവരിക്കപ്പെട്ട ശൈലിയില്‍ യിബാറ തന്റെ ഭാവനയെ ഭൂതകാലത്തിന്റെ വാതില്‍ അടിച്ചു തകര്‍ക്കാനുള്ള ഒരു അതിശക്തമായ കൂടം പോലെ ഉപയോഗിക്കുന്നു .............

തുടര്‍ വായനയ്ക്ക്:


 https://www.fazalrahman.com/essays/article/the-dinner-guest-by-gabriela-ybarra-natasha-wimmer

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 266-271)

To purchase, contact ph.no:  8086126024


No comments:

Post a Comment