Featured Post

Thursday, May 8, 2025

The Orchard of Lost Souls by Nadifa Mohamed

കലാപ ഭൂമിയിലെ പെണ്ണിടങ്ങള്‍


"അവളുടെ തോട്ടത്തില്‍ മരങ്ങള്‍ മൃതിയില്‍ നിന്നുയിര്‍ക്കൊണ്ടവ. അവളിലൂടെ കടന്നുപോയ കുഞ്ഞുങ്ങളെ അടയാളപ്പെടുത്തി അവ അവരുടെ അസ്ഥികളില്‍ നിന്ന് വളര്‍ന്നു വന്നു. അവയില്‍ നിന്ന് വീണ പഴങ്ങള്‍ അവള്‍ എടുത്തതേയില്ല, അതൊരുതരം നരഭോജനമാണെന്നു അവള്‍ കരുതി, എന്നാല്‍ ഈ പേലവമായ, ആകൃതിയില്ലാത്ത രൂപങ്ങളില്‍ നിന്ന് നീണ്ടു കരുത്തുറ്റ പരുക്കന്‍ കാതലുള്ള മരങ്ങള്‍ വളര്‍ന്നു. അവ പുഷ്പിക്കുകയും കിളികളെ അവയുടെ ശിഖരങ്ങളിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. തോട്ടത്തിന്റെ മതിലിനപ്പുറം പുറം ലോകത്തേക്ക് അവ പന്തലിച്ചു. തോട്ടത്തിലെ ഓരോ കുഞ്ഞിനും പേരുകള്‍ ഉണ്ടായിരുന്നു. ലിംഗ ഭേദങ്ങള്‍ ചിലപ്പോള്‍ വ്യക്തവും ചിലപ്പോള്‍ അവ്യക്തവും സാങ്കല്‍പ്പികവും. അതിലേറ്റവും വലുത് ഇബ്രാഹിം ആയിരുന്നു, ഏതാണ്ട് പൂര്‍ണ്ണനായ ആണ്‍കുട്ടി, തന്റെ ആകൃതിയൊത്ത ഇലാസ്തിക അവയവങ്ങളില്‍ വിളറിയ മുടിയുണ്ടായിരുന്നവന്‍. ഏഴുമാസം തന്റെ കഠിനഗര്‍ഭത്തില്‍ അവന്‍ കഴിഞ്ഞിരുന്നു. (നഷ്ടാത്മാക്കളുടെ ഉദ്യാനം, പേജ്: 167)

1930-കളുടെ പശ്ചാത്തലത്തില്‍ കൊളോണിയല്‍ ഈസ്റ്റ് ആഫ്രിക്കയിലെ മുസോളിനിയുടെ പടയോട്ടക്കാലത്തെ ജീവിതം തന്റെ പിതാവിന്റെ തന്നെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ പകരുത്തുന്ന "ബ്ലാക്ക് മാംബാ ബോയ്‌" (2009) എന്ന വിഖ്യാത നോവലുമായാണ് സോമാലിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫാ മുഹമ്മദ്‌ സാഹിത്യ ലോകത്തേക്കുള്ള വരവറിയിച്ചത്. തന്റെ രണ്ടാമത് നോവല്‍ The Orchard of Lost Souls ആവട്ടെ, ഒന്നിന് പകരം മൂന്നു കഥാപാത്രങ്ങളെ പിന്‍തുടരുന്നു. അതും മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ . പിക്കാറസ്ക് സ്വഭാവമുള്ള 'കറുത്ത മാംബാ പയ്യന്‍', അതിജീവനത്തിന്റെ പരുക്കന്‍ തലങ്ങളിലൂടെ പ്രകടിപ്പിക്കുന്ന ജീവിതോന്മുഖതയെ അപേക്ഷിച്ച് 'നഷ്ടാത്മാക്കളുടെ ഉദ്യാനം' കൂടുതല്‍ ഇരുണ്ടു പോയതിനു ഒരു കാരണവും ഇതാവാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: സോമാലിയയുടെ ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണവും ദുരന്തപൂര്‍ണ്ണവുമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1987-88 കാലഘട്ടത്തെ പശ്ചാത്തലമാക്കുന്നതോടൊപ്പം, സമൂഹത്തില്‍ ലിംഗ വിവേചനാടിസ്ഥാനത്തിലുള്ള ദുരിതങ്ങള്‍ കൂടി പേറേണ്ടി വരുന്നവരാണ് മുഖ്യ കഥാപാത്രങ്ങള്‍ . പെണ്‍കുട്ടികളെ സംബന്ധിച്ച്, 'നാണക്കേട്‌ അവരുടെ മുലകളോടും നിതംബങ്ങളോടും ഒപ്പം വളരുകയും ഒരു ആവശ്യമില്ലാത്ത സുഹൃത്തിനെ പോലെ പിന്തുടരുകയും ചെയ്യും' എന്ന്, ഓര്‍മ്മകളിലെ ആദ്യവാക്കായി 'നാണക്കേട്‌' എന്നതിനെ തിരിച്ചറിയുന്ന, നോവലിലെ ഏറ്റവും ഇളയ നായികാ കഥാപാത്രം ഒമ്പത് വയസ്സുകാരി ഡെക്കോ മനസ്സിലാക്കുന്നുണ്ട്. തന്റെ ശരീരത്തിലെ പേലവമാംസം എങ്ങനെയാണ് ഒരു ബാധ്യതയാവുന്നതെന്ന് ഡെക്കോ വളരെ മുമ്പേ അറിഞ്ഞിരുന്നു. മാതാപിതാക്കള്‍ ആരെന്നറിയാതെ വളര്‍ന്നു വന്ന അഭയാര്‍ഥി ക്യാമ്പിലെ സ്ത്രീകളില്‍ നിന്ന് അവള്‍ക്കാകെ കിട്ടിയ പാഠം ഈ നാണക്കേടിനെ എങ്ങനെ അകറ്റിനിര്‍ത്താം എന്നതായിരുന്നു: കാലുകള്‍ അകറ്റിവെച്ച് ഇരിക്കരുത്, സ്വന്തം രഹസ്യ ഭാഗങ്ങളില്‍ തൊടരുത്, ആണ്‍കുട്ടികളുമായി കളിക്കരുത് 'ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ എല്ലാത്തിന്റെയും കാതല്‍ ഈ നാണക്കേടിനെ ഒഴിവാക്കലാണ് എന്ന് തോന്നി' എന്ന് അവള്‍ ഏറ്റു പറയുന്നുണ്ട്. യുദ്ധം പിടിച്ചുലക്കുന്ന ഒരു നാട്ടില്‍ തെരഞ്ഞെടുക്കാന്‍ അധികമൊന്നുമില്ലാത്ത സ്ത്രീത്വം സ്വയം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഉണ്ടാക്കുന്ന പ്രതിസന്ധികളാണ് പ്രധാന കഥാപാത്രങ്ങളെ ഭരിക്കുന്നത്‌. മറ്റൊരു കേന്ദ്ര കഥാപാത്രമായ കൌസറിന്റെ ഓര്‍മ്മകളെ വേട്ടയാടുന്ന കുഞ്ഞു മകളുടെ അന്ത്യവും സ്ത്രീത്വത്തിന്റെ മറ്റൊരു ബലിയാണ്.

'നഷ്ടാത്മാക്കളുടെ ഉദ്യാനം'

'എമ്പത്തിയേഴ് വരള്‍ച്ചയുടെ വര്‍ഷമായിരുന്നു, പുലരിയിലെ ആകാശം ഒരിക്കല്‍ കൂടി മേഘരഹിതമായ ദാക്ഷീണ്യമില്ലാത്ത ഒന്നായിക്കിടന്നു'. ഏകാധിപതിയുടെ അധികാരാരോഹണത്തിന്റെ പതിനെട്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹാര്‍ഗെയ്സായിലെ വീടുകള്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടായ്മയായ 'ഗുഡ്ഢി'യില്‍ നിന്ന് അമ്മമാര്‍ സമ്മേളന മൈതാനത്തേക്ക്‌ വിളിച്ചു കൂട്ടപ്പെടുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. “വിപ്ലവത്തിന്റെ മാതാക്കളെ അവരുടെ അടുക്കളകളില്‍ നിന്ന് വിളിച്ചു വരുത്തിയതാണ്, അവരുടെ ജോലിത്തിരക്കുകളില്‍ നിന്ന്, ഭരണം എത്രമാത്രം ആളുകള്‍ക്ക് പ്രിയങ്കരമാണ്, തങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന പാലും സമാധാനവും അവരെ എത്ര കൃജ്ഞരാക്കിയിരിക്കുന്നെന്നു എന്ന് വിദേശപ്രമുഖരെ കാണിക്കുന്നതിന് വേണ്ടി. സ്ത്രീകളുണ്ടെങ്കിലേ അതിനു മാനവികത കൈവരൂ.” അങ്ങനെയാണ് മുപ്പതോടടുത്തു പ്രായമുള്ള മറിയാം ഇംഗ്ലീഷ്, നാല്‍പ്പതു കടന്ന സഹ്റ, അറുപതിനടുത്തെത്തിയ കൌസര്‍ , എഴുതപത് കഴിഞ്ഞു കൂനിപ്പോയ പാവം ഫദൂമ- 'അവര്‍ ഒരു സ്കൂള്‍ ടെക്സ്റ്റ് ബുക്കിലെ രേഖാചിത്രങ്ങള്‍ പോലിരുന്നു'- ഇവരൊരുമിച്ചു അങ്ങോട്ടെത്തുന്നത്. നോവലിലെങ്ങും നല്ല നാളുകളുടെകൂടി ഓര്‍മ്മസാന്നിധ്യമായ കൌസര്‍ സ്വാതന്ത്ര്യപ്പുലരിയെ ഓര്‍മ്മിക്കുന്നുണ്ട്: "ഒക്റ്റോബര്‍ ഇരുപത്തിയൊന്നിന്റെ ആഘോഷങ്ങള്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ദുര്‍ബ്ബലമായ അനുകരണങ്ങള്‍ മാത്രമായിരുന്നു, കൌസര്‍ വിചാരിച്ചു...... 1960- ജൂണ്‍ 26-നു ബ്രിട്ടന്‍ വിടവാങ്ങിയപ്പോള്‍ ആളുകളെല്ലാം അവരുടെ ഈദ് വസ്ത്രങ്ങളില്‍ , നാഷണല്‍ പാര്‍ക്കിനും ജയിലിനും ഇടയിലെ മുനിസിപ്പല്‍ മൈതാനത്തേക്ക്‌ ഒഴുകി. എല്ലാരും മദോന്മത്തരെ പോലെയായിരുന്നു. പെണ്‍കുട്ടികള്‍ ആ രാത്രി ഗര്‍ഭിണികളായി, അവരുടെ കുഞ്ഞിന്റെ അച്ഛനാര് എന്ന് ചോദിക്കുമ്പോള്‍ അവര്‍ പറഞ്ഞു: ''പതാകയോട് ചോദിക്കുക.” അന്ന് രാത്രി സോമാലി പതാക ആദ്യമായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ആള്‍കൂട്ടത്തില്‍ ഞെരുങ്ങിപ്പോയ കൌസറിനു തന്റെ സ്ത്രീധനത്തിന്റെ ഭാഗമായിരുന്ന ഒരു നീണ്ട കമ്മല്‍ നഷ്ടമായിരുന്നു, എന്നാല്‍ ഫാറാ അത് കാര്യമാക്കിയില്ല - അയാള്‍ പറഞ്ഞു, അത് പുതു രാഷ്ട്രത്തിനുള്ള സമ്മാനമാവട്ടെ... ആളുകള്‍ പിന്നീടെന്നും പാതി തമാശയായി പറയുമായിരുന്നു: ആ ദിനം ഹാര്‍ഗെയ്സായിലെ സ്ത്രീകളെ മുച്ചൂടും മാറ്റിക്കളഞ്ഞെന്ന്; ആ മദോന്മത്ത ആഘോഷത്തിന് ശേഷം പിന്നീടൊരിക്കലും അവര്‍ അവരുടെ പഴയ ശാന്തവും അടക്കമൊതുക്കമുള്ളതുമായ ജീവിതത്തിലേക്ക് തിരിച്ചു പോയില്ല., "ഒരു തരം സ്വാതന്ത്ര്യം രുചിച്ചത് മറ്റെല്ലാ തരം സ്വാതന്ത്ര്യങ്ങള്‍ക്കുമുള്ള തീരാത്ത ദാഹം സൃഷ്ടിച്ചു.” അവളുടെ നോട്ടത്തില്‍ സോമാലിയന്‍ പതാകയിലെ അഞ്ചു മുനയുള്ള നക്ഷത്രമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായത്‌. "അതിന്റെ ഓരോ മുനയും സോമാലിയന്‍ മാതൃഭൂമിയുടെ ഓരോ ഭാഗത്തെ പ്രതിനിധീകരിച്ചു, അത് പണ്ടെന്നോ നഷ്ടമായ ഭൂവിഭാഗങ്ങള്‍ തിരിച്ചു പിടിക്കാനുള്ള അഭിനിവേശത്തെ ഊട്ടിവളര്‍ത്തി. ഒടുവിലത്തെ പരാജയം എല്ലാം മാറ്റിമറിച്ചു. എഴുപത്തി ഒമ്പതിനു ശേഷം, അന്ന് വരെ പുറത്തേക്ക് തിരിച്ചു വെച്ചിരുന്ന തോക്കുകള്‍ ദിശ മാറ്റുകയും പകരം സോമാലികളുടെ നേരെ തിരിക്കപ്പെടുകയും ചെയ്തു, അപമാനിതരായ ആളുകളുടെ രോഷം ഹോദ് മരുഭൂമിക്ക് മേല്‍ അടിച്ചു വീശാന്‍ തുടങ്ങി.” ഓര്‍വെല്ലിന്റെ 'വല്യേട്ട'നെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ പ്രസിഡന്‍റ് ഊദ് വെയ്നിന്റെ വലിയ ചിത്രം വലിച്ചു പൊക്കി സ്ഥാപിക്കുമ്പോള്‍ അതിന്റെ ഭീഷണഭാവവും ഒപ്പം അതിനു പിറകിലെ അസംബന്ധവും അവളെ മഥിക്കുന്നുണ്ട്: "പ്രസിഡന്‍റ് ഒരു ഭീമാകാരനാണ്, എല്ലാവരെയും കാണുന്നവന്‍, അവരുടെ ചെയ്തികളെ മുഴുവന്‍ കാണുന്നവന്‍, അവരെ മുഴുവന്‍ തരിപ്പണമാക്കാന്‍ കഴിയുന്നവന്‍. ഒട്ടകത്തെ നടത്തിക്കാനും ഒരു ആടിന്റെ ശരീരത്തില്‍ തറച്ച മുള്ള് എടുത്തു കളയാനും അറിയാമായിരുന്ന നാടോടിപ്പയ്യന്‍ ഒരു അവതാരമായിരിക്കുന്നു. ഒരു ദൈവ നിഷേധി, അവളുടെ നേരെ വായുവില്‍ പൊങ്ങിവന്ന അയാളുടെ മുഖം നോക്കി കൌസര്‍ വിചാരിച്ചു." തന്റെ മകള്‍ ഹോദാനിന്റെ ദുരന്തത്തിനു കാരണം ഏകാധിപതിയുടെ പോലീസാണെന്നത് അവളെ ഒരേ സമയം കഠിന മനസ്ഥിതിക്കാരിയും ആരെയും കൂസാത്ത പ്രകൃതിക്കാരിയുമാക്കുന്നു. ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തതിന്റെ ധൈര്യം. "സൈനികരെ ധീരരാക്കുന്നത് ഭയമാണ്, മോഗാദിഷുവിലെ ആ കിഴവന് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മോഷ്ടിക്കാന്‍ പോലീസുകാരെ ധൈര്യപ്പെടുത്തുന്നതും". അകാല പ്രസവത്തിന്റെയും അലസലിന്റെയും രൂപത്തില്‍ തന്റെ ജീവിതത്തിലുണ്ടായ കുറെയേറെ സന്താന നഷ്ടങ്ങളുടെയും അവരുടെ ഓര്‍മ്മകള്‍ക്കായി പരിപാലിച്ചു വരുന്ന തോട്ടത്തിലെ മരങ്ങളുടെയും കീഴെ, കിരാതമായ സൈനിക വാഴ്ചയുടെ രക്തസാക്ഷിയായി കട്ടിലില്‍ കഴിയുന്ന കൌസര്‍ തന്നെയാണ് ഒരര്‍ഥത്തില്‍ നോവലിന്റെ പ്രമേയം. അവളുടെ തോട്ടം നോവലിന്റെ തലക്കെട്ടും കേന്ദ്ര ബിംബവുമായത് സ്വാഭാവികവും.

ഇഴകോര്‍ക്കുന്ന പ്രായഭേദങ്ങള്‍

കഠിന പരിശീലനത്തിനു ശേഷം അഭയാര്‍ഥി ക്യാമ്പിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തത്തില്‍ ചുവടുകള്‍ പിഴച്ചു പോവുന്ന കൊച്ചു പെണ്‍കുട്ടിയെ സൈനികര്‍ ഭീകര മര്‍ദ്ദനത്തിനു ഇരയാക്കുന്നതില്‍ ഇടപെടുന്നതോടെയാണ് ഡെക്കോയുടെയും കൌസറിന്റെയും, പില്‍ക്കാലം ഫില്‍സാന്റെയും, ജീവിതങ്ങള്‍ ആദ്യമായി ഇഴകോര്‍ക്കുക. അതവള്‍ക്ക് സൈനികയായ ഫില്‍സാന്റെ കൈ കൊണ്ട് മാരകമായി മുറിവേറ്റു ചലന ശേഷി നഷ്ടപ്പെടുന്നതിനും ജയില്‍ വാസത്തിനും ഇടയാക്കും. ഫദൂമ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന യുവപരിചാരിക നൂര്‍ത്തയുടെ സ്വാതന്ത്ര്യ ബോധവുമായി ആദ്യമൊന്നും ഒട്ടും പൊരുത്തപ്പെടാനാവുന്നില്ല കൌസറിന്. അവളുടെ അതിര് കവിഞ്ഞ ശുഭാപ്തി വിശ്വാസവും ഉല്‍ക്കര്‍ഷേച്ചയും അസ്ഥാനത്താണെന്ന് കൌസര്‍ നിരുരുത്സാഹപ്പെടുത്തുന്നു. നൂര്‍ത്തോ തിരിച്ചടിക്കുന്നു: "അത് അസ്ഥാനത്തല്ല. ഞാന്‍ വായിക്കാന്‍ പഠിക്കും, ഞാന്‍ എന്റെ ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരും, നിങ്ങള്‍ കിഴവികള്‍ നിങ്ങളുടെ അറിവുകേടില്‍ അഭിമാനിക്കുന്നു - അതാണ് എന്റെ അഭിപ്രായത്തില്‍ അസ്ഥാനത്തായ കാര്യം.” അവള്‍ക്കു തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ ഇങ്ങനെ പൊരുതാന്‍ കഴിയുന്നതില്‍ കൌസറിനു അസൂയ തോന്നുന്നു. കലാപം പടരുന്ന നാട്ടില്‍ നിന്ന് ജിദ്ദയിലേക്ക് കുടിയേറാമെന്നു നിര്‍ദ്ദേശിക്കുന്ന ഫദൂമയോട് ആ തീരുമാനം ഉപേക്ഷിക്കാനും തന്നോടൊപ്പം കഴിയാനും ആവശ്യപ്പെട്ടതോര്‍ത്ത് പിന്നീട് കൌസരിനു സ്വയം ലജ്ജ തോന്നുന്നുണ്ട്: അങ്ങനെ പറയുമ്പോള്‍ താനെന്താണ് ചിന്തിച്ചത്? .. രണ്ടു കിഴവികള്‍ നരച്ച മുടിനാരുകള്‍ എണ്ണിയിരിക്കുക?!
സൈനിക സേവനത്തെ കുറിച്ച് ഏറെ അഭിമാനമുള്ളവളാണ് ഫില്‍സാന്‍. "താന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈന്യത്തിന്റെ ഭാഗമാണ്, 1978-ല്‍ റഷ്യക്കാരും ക്യൂബയും കാലുമാറിയില്ലായിരുന്നെങ്കില്‍ ഒഗാദെന്‍ മാത്രമല്ല എത്യോപ്യയെ മുഴുവനും കീഴ്പ്പെടുത്താന്‍ കഴിയുമായിരുന്ന ഒന്ന്". എന്നാല്‍ ഒന്നാമത്തെ ഇരയായിത്തീരുമ്പോഴും ഏറ്റുമുട്ടലുകളുടെയോ പ്രതിരോധത്തിന്റെയോ സാംഗത്യമേതുമറിയാത്ത ഡെക്കോക്ക് സൈനികരും സ്കൂള്‍ കുട്ടികളും എന്തിനാണ് യുദ്ധം തുടരുന്നതെന്ന് മനസ്സിലാവുന്നില്ല. "അവര്‍ക്കൊക്കെ ഭക്ഷണമുണ്ട്, വീടുകളും രക്ഷിതാക്കളും ഉണ്ട്, പിന്നെ എന്തിന്റെ പേരിലാണ് അവര്‍ കലഹിക്കുന്നത്? അവര്‍ അഭയാര്‍ഥി ക്യാമ്പില്‍ പോകണം , എന്നിട്ട് അവിടത്തെ ജീവിതം എന്താണെന്നു ഒന്ന് കാണണം.” അവള്‍ക്കു യഥാര്‍ത്ഥ ലോകം എന്താണെന്ന് ഒരു പിടിയുമില്ലാതെ പോരടിക്കുന്ന ശുദ്ധ വിഡ്ഢികളും സംരക്ഷിതരുമായ പെണ്‍കുട്ടികളുടെ മുന്നില്‍ സ്വയം ഉല്‍ക്കര്‍ഷബോധം തോന്നുന്നുണ്ട് .
അഴുക്കു ചാലുകളിലെ അതിജീവനങ്ങള്‍

ഡെക്കോക്ക് അഭയം നല്‍കുന്ന നസ്രയുടെ സങ്കേതത്തില്‍, മറ്റു ലൈംഗികത്തൊഴിലാളികളുടെ ജീവിതം വലിയ ജീവിത പാഠമാണ് അവള്‍ക്ക് നല്‍കുക. നസ്രക്ക് ഒഴിച്ച് മറ്റെല്ലാവര്‍ക്കും ഇരട്ടപ്പേരുകള്‍ ഉണ്ട്: "ഞാന്‍ ഇനിയൊന്നും പകുത്തുനല്കാന്‍ ബാക്കിയില്ലാതാവും വരെ പകുത്തുനല്‍കി, പകുത്തു നല്‍കി, പകുത്തു നല്‍കി" എന്ന് സ്വന്തം ജീവ ചരിത്രം ചുരുട്ടിക്കെട്ടുന്ന 'കാള്‍ മാര്‍ക്സ്', മൃഗീയ ക്രൂരതയുടെ പ്രകൃതമുള്ള 'സ്റ്റാലിന്‍', ദരിദ്രരുടെയും കൂലികളുടെയും പ്രിയങ്കരിയായ 'ചൈന', എന്നിവരെല്ലാം തങ്ങളുടെ ജീവിതം അഴുകിപ്പോവുന്നത് നിസ്സഹായതയോടെ കണ്ടു നില്‍ക്കുന്നവരാണ്. നസ്ര തന്നെയാണ് ആ ദൈന്യത്തെ കൃത്യമായി അവള്‍ക്കു വിവരിച്ചു കൊടുക്കുക: “ഒരിക്കല്‍ ഇത് തുടങ്ങിയാല്‍ പിന്നെ വിട്ടുപോക്കില്ല. മറ്റൊന്നും ആവാനാവില്ല. ഞാന്‍ പുറത്തുപോവുമ്പോള്‍ ആളുകള്‍ എന്നെ നോക്കുന്നത് പകല്‍വെളിച്ചത്തില്‍ പുറത്തിറങ്ങുന്ന ഏതോ നടക്കും ഭൂതത്തെയെന്ന പോലെയാണ്... എനിക്ക് ഞാനൊരു യഥാര്‍ത്ഥ വ്യക്തിയാണെന്ന തോന്നലില്ല. എനിക്ക് കുടുംബമില്ല, കൂട്ടുകാരില്ല, ഭര്‍ത്താവും കുഞ്ഞുങ്ങളും ഇല്ല. ഓരോ ദിവസവും കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ചിന്തിക്കും ഞാനെന്തിനാണ് എണീക്കാന്‍ തുനിയുന്നതെന്ന്, ഭക്ഷിക്കുകയോ, ഒരു ചില്ലി സമ്പാദിക്കുകയോ ചെയ്യുന്നതെന്ന് . ഞാനില്ലാതായാല്‍ ആരും വിഷമിക്കില്ല, ഞാന്‍ മരിച്ചു കിട്ടിയല്ലോ എന്ന് സത്യത്തില്‍ എന്റെ അമ്മ ആശ്വസിക്കുകയാവും. തന്റെ നാണക്കേട്‌ തീര്‍ന്നുകിട്ടിയെന്നു അവള്‍ കയ്യടിക്കും” നസ്രയുടെ വാക്കുകള്‍ ഓര്‍ക്കുമ്പോഴൊക്കെ ഡെക്കോക്ക് കുടല്‍ മറിയും. 'തനിക്കു മറ്റൊരു പകല്‍സമയ ഭൂതമാകണ്ട'. തന്റെ മുന്നിലിരിക്കുന്ന അനാഥപ്പെണ്‍കുട്ടിക്ക് സ്നേഹപൂര്‍വ്വം ഒരു പുരാവൃത്തം നിര്‍മ്മിച്ച്‌ നല്‍കുന്നുമുണ്ട് നസ്ര: നിന്റെ അച്ഛന്‍ ഒരു പാവം നാടോടിയായിരുന്നു, നിന്റെ അമ്മ പുഴക്കരഗ്രാമത്തിലെ സുല്‍ത്താന്റെ നീണ്ട മുടിയുള്ള രാജകുമാരി. അവര്‍ കണ്ടുമുട്ടി, പ്രണയത്തിനു വേണ്ടി ഒളിച്ചോടി, നീ പിറന്നു.' സങ്കേതത്തില്‍ എത്തുന്ന ഉപഭോക്താക്കളെക്കുറിച്ച് അവള്‍ നിരീക്ഷിക്കുന്നു: “നന്നായി വസ്ത്രധാരണം നടത്തിയ ചെറുപ്പക്കാര്‍ നസ്രയുടെ അടുത്തു പോകും. തങ്ങളുടെ മുഖങ്ങള്‍ സണ്‍ ഗ്ലാസ്സുകള്‍ കൊണ്ട് മറക്കുന്ന മധ്യവയസ്ക്കരായ ഭര്‍ത്താക്കന്മാര്‍ സ്റ്റാലിന്റെ അടുത്ത്. കുടിയന്മാരും ഗുണ്ടാസംഘക്കാരില്‍ പെട്ടവരെപ്പോലുള്ളവരും ചൈനയുടെ അടുത്ത്, ദരിദ്രര്‍ കാള്‍ മാര്‍ക്സിനെ തേടി.” സ്വയം നശിച്ചു കൊണ്ടിരിക്കുമ്പോഴും നാടിന്റെ ദുര്‍വ്വിധിയില്‍ അവര്‍ ഖിന്നരാണ്‌ കുട്ടികളെ നിര്‍ബന്ധിത സൈനിക സേവനത്തിനു തട്ടിയെടുക്കുന്നതിനെ കുറിച്ച് കാള്‍ മാര്‍ക്സ് രോഷം കൊള്ളുന്നുണ്ട്: “നരഭോജികള്‍ , നമ്മുടെ ഗര്‍ഭപാത്രങ്ങളുടെ ഫലങ്ങളെ അവര്‍ തിന്നു കളയുന്നു.”

അപചയങ്ങളുടെ കണ്ണാടികള്‍
നാടിനു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സ്തോഭജനകമായ ചിത്രം നോവലില്‍ ആവിഷ്ക്കരിക്കുന്ന ഒരു പ്രധാന പശ്ചാത്തലം ഉമര്‍ ഫാരെയുടെ ഹോട്ടലാണ്. 1978-നും 1981-നുമിടയില്‍ വിവാഹങ്ങളുടെയും നഷ്ട സൌഹൃദങ്ങളുടെ ഒന്നിക്കലിന്റെയും ആഘോഷ വേദിയായി നിലക്കൊണ്ട ഇടം പിന്നീട് ആകെ മാറിത്തുടങ്ങുന്നു. ദിനം പ്രതി മോശമാകുന്ന അവസ്ഥകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് അവിടെ പിന്നീടുണ്ടാവുന്നത്. ആദ്യം ഹാര്‍ഗെയ്സായിലെ ഡോക്റ്റര്‍മാര്‍ രോഗികളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിച്ചതിനു അറസ്റ്റ് ചെയ്യപ്പെടുന്നു. തുടര്‍ന്ന് അവര്‍ക്ക് മരണ ദണ്ഡന വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഉണ്ടാവുന്നു, ഒടുവില്‍ ലണ്ടനില്‍ കഴിയുന്ന സോമാലികള്‍ നേതൃത്വം കൊടുക്കുന്ന നാഷണല്‍ ഫ്രീഡം മൂവ്മെന്റ് ഏകാധിപത്യത്തെ തുടച്ചു നീക്കാനായി സൈനിക നടപടി ആരംഭിക്കുന്നു. നോവലന്ത്യത്തില്‍, വെടിയുണ്ടകള്‍ ചിതറിച്ചു കളഞ്ഞ ജനാലകളും തുളഞ്ഞു പോയ ചുവരുകളും ചിതറിപ്പോയ കാസെറ്റുകളും ഒക്കെയായി ഉപേക്ഷിക്കപ്പെട്ട ഹോട്ടലിന്റെ ചിത്രം തകര്‍ന്നടിഞ്ഞ നാടിന്റെ പ്രതീകം തന്നെയാണ്. കിടപ്പിലായ കൌസര്‍ ബി. ബി. സിയുടെ സോമാലി സര്‍വീസിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ. പ്രോപ്പഗാണ്ടയെയും ഹിസ്റ്റീരിയായെയും മറികടക്കാന്‍ വേണ്ട അകലത്തിലാണ് അത് എന്നവള്‍ക്കറിയാം. നാട്ടിലെങ്ങും സ്ത്രീകളാണ് കുടുംബം നടത്തുന്നത്, കാരണം പുരുഷന്മാര്‍ ഒന്നുകില്‍ ജോലിതേടി അന്യദേശങ്ങളിലോ അല്ലെങ്കില്‍ തടവിലോ അതുമല്ലെങ്കില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായി വലിച്ചിഴക്കപ്പെട്ടവരോ ആണ്. കടകള്‍ കാലിയാണ്, സബ്സിഡി നിരക്കിലുള്ള അരിയും മാവുമെല്ലാം സര്‍ക്കാരിന് കൂടുതല്‍ വിദേശക്കടം കിട്ടാനായി അപ്രത്യക്ഷമായിരിക്കുന്നു; നാട്ടില്‍ ഉണ്ടാവുന്ന ചോളവും സോര്‍ഗമും ലഭ്യമല്ല, പകരം അഭയാര്‍ഥി ക്യാമ്പുകളിലേക്ക് വരുന്ന യു. എസ്. സഹായം കരിഞ്ചന്തയില്‍ മാര്‍ക്കറ്റിലെത്തി അന്തംവിട്ട വിലക്ക് വില്‍ക്കപ്പെടുന്നു. വയലന്‍സ് ഒരു ദൈനംദിന ജീവിതക്രമം ആവുകയും സൗമ്യമനസ്ക്കതയും ചിന്താശീലവും എടുക്കാത്ത നാണയം ആയിമാറുകയും ചെയ്യുന്ന അവസ്ഥയെ കുറിച്ച് കൌസര്‍ ചിന്തിക്കുന്നുണ്ട്. "കടുത്ത വരള്‍ച്ചയില്‍ നിന്ന് കടുത്ത വെള്ളപ്പൊക്കത്തിലേക്ക് - സോമാലിയക്ക്‌ ദുരന്തങ്ങളേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന് തോന്നും... ഇറ്റലിക്കാരും ബ്രിട്ടനും പോയ ശേഷം നാട് ദുരിതങ്ങളാല്‍ വളയപ്പെട്ടപോലെയായിരുന്നു. പ്രകൃതിയുടെ, സാമ്പത്തിക പ്രശ്നങ്ങളുടെ, അല്ലെങ്കില്‍ രാഷ്ട്രീയപ്രശ്നങ്ങളുടെ. അസ്ഥി തുളഞ്ഞിറങ്ങുന്ന എന്തോ ശാപം വിട്ടുവെച്ചാണ് യൂറോപ്പുകാര്‍ പോയത്, എല്ലാത്തിനെയും നശിപ്പിച്ചു മണലാക്കുന്ന ഊദ് വെയ്നെയെ പോലുള്ള എന്നോ മരിച്ച ജിന്നുകളെ ഉണര്‍ത്തി. … കാലം എന്തൊക്കെ തമാശകളാണ് കളിക്കുന്നത്! അത് കുള്ളന്മാരെ ഉയര്‍ത്തി ഭീമന്മാരാക്കുന്നു. അല്ലെങ്കില്‍ ഫാരാ മരിച്ചുപോയതും ഊദ് വെയ്നെ സിംഹാസനത്തിലെത്തിയതും എങ്ങനെയാണ്? തെരഞ്ഞെടുക്കപ്പെട്ട അവസാനത്തെ പ്രസിഡന്റിന്റെ വധത്തെ തുടര്‍ന്ന് ഏതാണ്ട് ആരുമറിയാതെ അയാള്‍ അധികാരത്തിലേറി . റേഡിയോയില്‍ അയാളുടെ ശബ്ദം കേട്ടപ്പോള്‍ അവള്‍ക്കത് അപശകുനം പിടിച്ചതായിത്തോന്നി. അത്, 1969-ല്‍, തന്റെ അംഗ രക്ഷകന്റെ കൈകൊണ്ടു തന്നെ പ്രസിഡന്റിന്റെ വധത്തെതുടര്‍ന്നുണ്ടായ ആ അഞ്ചു ദിവസങ്ങളിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി. റേഡിയോ ഹാര്‍ഗെയ്സാ നിര്‍ത്താതെ ഖുര്‍ ആന്‍ പാരായണം സംപ്രേഷണം ചെയ്തു കൊണ്ടിരുന്നു, ദുഃഖാചരണത്തിന്റെ ഭാഗമായി സ്കൂളുകളും ഓഫീസുകളും അടഞ്ഞു കിടന്നു. അവളപ്പോള്‍ മറ്റൊരു ഗര്‍ഭമലസലിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു" ആറാം ദിവസം ഒരു പട്ടാള അട്ടിമറി നടന്നതായി വാര്‍ത്ത വന്നു. നാടിനു ഒരു പുതിയ പേരും: സോമാലി ജനാധിപത്യ റിപ്പബ്ലിക് . പിന്നെ തുടര്‍ച്ചയായി വാര്‍ത്തകളെത്തി: പ്രധാനമന്ത്രിയെ ജയിലിലാക്കിയത്, പാര്‍ലമെന്റിന്റെ ഇരു സഭകളും ഭരണഘടനയും നീക്കം ചെയ്തത്, ഊദ് വെയ്നെ ചെയര്‍മാന്‍ ആയ സുപ്രീം റവലൂഷനറി കൗണ്‍സില്‍ നാടിന്റെ നിയന്ത്രണം ഏറ്റെടുത്തത്.” ജനാധിപത്യത്തിലെ കലുഷതക്ക് പകരം സൈനിക ഭരണത്തെ അനുകൂലിച്ചവരെ ഫാരാ ഭീരുക്കള്‍ എന്ന് വിളിച്ചു. വാഗ്ദാനങ്ങളുടെ ആദ്യപ്രലോഭനങ്ങള്‍ക്ക് ശേഷം തിരിച്ചടികളുടെ നാളുകളില്‍ ജൂണ്ട അതിന്റെ തനിനിറം വ്യക്തമാക്കിത്തുടങ്ങിയപ്പോള്‍ ഫാരാ ശരിയായിരുന്നെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടുതുടങ്ങി.

ഭീകരതയുടെ അറകള്‍

സൈനിക ജീവിതത്തിലേക്ക് കടക്കും മുമ്പേ കൊടിയ ക്രൂരതകള്‍ ചെയ്യാനുള്ള കരുത്ത് ഫില്‍സാന് പൈതൃകമായിക്കിട്ടിയതാണ് എന്ന് തോന്നിക്കും വിധം അനുഭവങ്ങളാണ് അവള്‍ക്കു തന്റെ പിതാവില്‍ നിന്ന് ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. അവളുടെ പിതാവ് വിവാഹമോചനം നല്‍കാന്‍ അമ്മയോടുള്ള കരാറായി വെച്ചത് മകളെ അയാള്‍ക്ക്‌, 'അയാള്‍ക്ക്‌ വേണ്ടി', വിട്ടുകൊടുക്കണം എന്നതായിരുന്നു. 'അവള്‍ നിബന്ധന അംഗീകരിച്ചു, എന്നാല്‍ പിന്നീട് കുട്ടി അവരുടെ ഒഗാദെന്‍ ആയിത്തീര്‍ന്നു, അവരുടെ കൊച്ചു തര്‍ക്ക സ്ഥലം.' സൈനിക മേധാവി ഹാരൂണ്‍ നടത്താന്‍ ശ്രമിച്ച കയ്യേറ്റങ്ങള്‍ ചെറുത്തത് മുതല്‍ ഔദ്യോഗികമായി സംഭവിച്ചു കൊണ്ടിരുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് 'കുഴപ്പക്കാരായ നാടോടികളെ വിദ്യ അഭ്യസിപ്പിക്കാന്‍' ഉള്ള ദൌത്യം ഏറ്റെടുത്തു അവള്‍ സലാലെയിലേക്ക് പോകുന്നത്. സലാലെയിലെ ജല സംഭരണി 'വിമതരെ സഹായിക്കുന്നു' എന്ന പേരില്‍ തകര്‍ക്കുകയും ഗ്രാമീണരെ വെടിവെച്ചു കൊല്ലുകയും ചെയ്തുപോയതിനെ കുറിച്ച് അവള്‍ക്കു സ്വയം തോന്നുന്നു അവളൊരു മൃഗമായിരിക്കുന്നു എന്ന് . ആ തിരിച്ചറിവ് അവളുടെ മുഖം കുനിപ്പിക്കുന്നു. എന്നാല്‍ പുറം ലോകത്തുനിന്നുള്ള കൂടുതല്‍ മോശമായ വാര്‍ത്തകള്‍ അവള്‍ക്കു ഒരു തരം ആശ്വാസം പകരുന്നു. ഇറാഖിലെ അന്‍ഫാല്‍ കൂട്ടാക്കൊല, അഫ്ഘാനില്‍ വിമതരുടെ സൈനിക മുന്നേറ്റങ്ങള്‍, ദക്ഷിണ ആഫ്രിക്കയിലെ അപ്പാര്‍ത്തീഡ് ഭരണകൂടം പോരാളികളെ വൈദ്യുതിക്കസേരകളില്‍ കൊന്നൊടുക്കുന്ന വിവരം - എല്ലാം കേള്‍ക്കുമ്പോള്‍ അവള്‍ ആശ്വസിക്കുന്നു, ഞങ്ങള്‍ അത്രക്കൊന്നും ഇല്ലല്ലോ. ''മനുഷ്യ കുലത്തിലെ അറിയപ്പെടുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കും മുന്‍ മാതൃകകള്‍ ഉണ്ട്, അതെത്ര പുരാതനമോ വിദൂരസ്ഥമോ ആകട്ടെ; ആധുനിക കമ്യൂണിസ്റ്റുകള്‍ ബൈബിള്‍ പ്രോക്തമായ പ്രതികാര നടപടികള്‍ ആവര്‍ത്തിക്കുക മാത്രമാണ്''

ആശുപത്രിയില്‍ വെച്ചുണ്ടാവുന്ന അനുഭവമാണ് ആത്യന്തികമായി കോര്‍പ്പൊരല്‍ ഫില്‍സാന്‍ അലിയുടെ കണ്ണ് തുറപ്പിക്കുക. നോവലിലെ ഏറ്റവും 'കാഫ്ക്കെയസ്ക്' ആയ ഈ ഭാഗം നിശിതമായ ഒരു 'ഡിസ്റ്റോപ്പ്യന്‍' ദര്‍ശനം പോലെ അനുഭവപ്പെടും. കാസുവോ ഇഷിഗുരോയുടെ 'നെവര്‍ ലെറ്റ്‌ മി ഗോ' എന്ന വിഖ്യാത കൃതിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ ഭാഗം. തന്റെ മുറിവ് പരിചരിക്കുന്നതിനു പച്ചയായി കൈക്കൂലി ആവശ്യപ്പെടുകയും അതുറപ്പ്‌ വരുത്തി മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്ന നേഴ്സ്, ഫില്‍സാനെ അത്ഭുതപ്പെടുത്തുന്നു. “ഇങ്ങനെയാണ് അവര്‍ ജീവനുള്ളവരെ കൈകാര്യം ചെയ്യുന്നതെങ്കില്‍ മോര്‍ച്ച്ചറിയിലുള്ള മരിച്ചവരുടെ കാര്യത്തില്‍ എങ്ങനെയായിരിക്കും?” അതവള്‍ക്ക്‌ നേര്‍ക്കുനേര്‍ ബോധ്യപ്പെടുന്നുമുണ്ട്, റോബ് ലേയുടെ ജഡം അന്വേഷിച്ചു മോര്‍ച്ചറിയില്‍ എത്തുമ്പോള്‍. അഴുകിത്തുടങ്ങിയ കുന്നുകൂട്ടിയ ജഡങ്ങള്‍ക്കിടയിലാണ് അവള്‍ തന്റെ ജീവിതത്തിലെ ആദ്യ പ്രണയ ചുംബനം 'ഉടലിനെയും ആത്മാവിനെയും മരവിപ്പിക്കുന്ന' രീതിയില്‍ നല്‍കുക. എന്നാല്‍, ഏറ്റവും ഭീകരമായ അനുഭവം മറ്റൊന്നാണ്: പത്തോളം സ്കൂള്‍ കുട്ടികളെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നത് എന്തിനെന്ന ദുരൂഹത മാറുന്നത് അങ്ങനെയാണ്:
അവരെ രക്തത്തിനായി ഊറ്റിയെടുക്കും. അവരെ ടാപ്പ് പോലെ ഉപയോഗിക്കാം എന്ന് സൈനികര്‍ പറഞ്ഞു.”
..
"ടാപ്പ് പോലെ? അപ്പോള്‍ അവര്‍ മരിക്കും?”
അതാണ്‌ പദ്ധതി”
അവസാനത്തെ കുട്ടിയുടെ ജഡം കൊണ്ട് പോകുന്നത് കാണുമ്പോള്‍, താന്‍ ആ പ്രായത്തില്‍ ഒരു പൈലറ്റ്‌ ആവുന്നതിനെ കുറിച്ച് സ്വപ്നം കാണുകയായിരുന്നു എന്ന് അവള്‍ ഓര്‍ക്കുന്നു. തന്റെ ജീവിതത്തിന്റെ ആകെത്തുക അവള്‍ സ്വയം വിലയിരുത്തുന്നു:
"കല്‍പ്പന അനുസരിക്കുക. കല്‍പ്പന അനുസരിക്കുക. കല്‍പ്പന അനുസരിക്കുക. അതാണ്‌ ശീലിപ്പിച്ചത്. കുറ്റബോധത്തിന്റെ ഭാരം നട്ടെല്ല് തകര്‍ക്കും വരെ അത് തുടരുകയും ചെയ്യും. യുദ്ധത്തിന്റെ ആവശ്യങ്ങളെന്നു തന്റെ അച്ഛന്‍ അതിനെ ന്യായീകരിച്ചേക്കാം. പക്ഷെ അവള്‍ക്കത് പഴയ കഥകളിലെ നരഭോജികളെ ഓര്‍മ്മിപ്പിച്ചു. തികച്ചും സ്വാഭാവികം, എന്നാല്‍ വീറില്ലാത്ത വിധം ഭ്രാന്തമായത്.”


നോവലിന്റെ ഘടനയില്‍ ആദ്യവും അവസാനവും മുഴച്ചു നില്‍ക്കുന്ന കൃതൃമത്വമുണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടു ഘട്ടത്തിലും മുഖ്യ കഥാപാത്രങ്ങളെ ഒരുമിപ്പിക്കുന്നതിനു വേണ്ടിയാണ് അത് വേണ്ടിവരുന്നത്. മുഖ്യ കഥാപാത്രങ്ങളുടെ മൂന്നു പേരുടെയും പുരാവൃത്തങ്ങളിലേക്ക് കടക്കുന്നതോടെ കൃത്യമായ യാഥാര്‍ത്ഥ്യ ബോധത്തോടെ ആവിഷ്ക്കാരം ശക്തമാകുന്നുണ്ടെങ്കിലും നോവലിന്റെ അന്ത്യം ഏതാണ്ട് പ്രവചിതമായ ഒന്നായി അനുഭവപ്പെടും. ഡെക്കോയെയും തന്റെ കൈക്കുറ്റപ്പാടുകൊണ്ട് കിടപ്പിലായ കൌസറിനെയും അതിര്‍ത്തി കടന്നു സുരക്ഷിതത്വത്തിലേക്ക് പോകാന്‍ സഹായിക്കാനും സ്വയം രക്ഷപ്പെടാനും ഫില്‍സാന്‍ കൂട്ടിനെത്തുന്നു. എന്ത് കൊണ്ട് അവളെ സൈനികര്‍ വേട്ടയാടുന്നു എന്ന കൌസറിന്റെ ചോദ്യത്തിന് അവള്‍ മറുപടി പറയുന്നു:
കാരണം ഞാന്‍ അവരില്‍ ഒരാളായിരുന്നു,”
ഇപ്പോഴോ?”
"ഞാന്‍ നിങ്ങളില്‍ ഒരാളാണ്.”


ചിനുവ അച്ചബെയുടെ 'തിങ്ങ്സ്‌ ഫാള്‍ അപ്പാര്‍ട്ട്' ബയാഫ്രന്‍ സംഘര്‍ഷത്തെ നേരനുഭവസാക്ഷ്യം വഹിച്ച തലമുറയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചപ്പോള്‍, അതേ അനുഭവങ്ങളെ രണ്ടാം തലമുറയുടെ കാഴ്ചപ്പാടില്‍ അവതരിച്ച കൃതിയാണ് ചിമമാന്‍ഡാ എന്‍ഗോസി അദീചിയുടെ 'ഹാഫ് ഓഫ് എ യെല്ലോ സണ്‍'. നൈജീരിയന്‍ സാഹിത്യത്തില്‍ അച്ചബെ ചെയ്തതെന്തോ അതാണ്‌ നൂറുദ്ദീന്‍ ഫാറാ തന്റെ നോവല്‍ ത്രയങ്ങളിലൂടെ (Variations on the Theme of an African Dictatorship trilogy, Blood in the Sun trilogy , Return to Somalia trilogy) സോമാലിയന്‍ സാഹിത്യത്തില്‍ ചെയ്തത് എന്നതു സുവിദിതമാണ്. അദ്ദേഹത്തിന്റെ 'വേരിയേഷന്‍സ് ' ത്രയം (1979- 1983) പുറത്തിറങ്ങി മുപ്പതു വര്‍ഷത്തിനിപ്പുറം, അദീചിയെ പോലെ, അതേ പ്രമേയത്തെ പിന്‍ തലമുറ എഴുത്തുകാരി കൈകാര്യം ചെയ്യുന്നതാണ് 'നഷ്ടാത്മാക്കളുടെ ഉദ്യാനം.' ഇതിവൃത്തത്തിലെ സംഭവങ്ങള്‍ ആഴ്ചകള്‍ മാത്രം നീളുന്നവയാണെങ്കിലും പ്രധാന കഥാപാത്രങ്ങള്‍ക്ക് നാടിന്റെ വിധിയുമായി ഇഴകോര്‍ക്കുന്ന നീണ്ട കഥകളുടെ പുരാവൃത്തമുണ്ട് എന്നതാണ് നോവലിനെ സോമാലിയന്‍ സംഘര്‍ഷങ്ങളുടെ സമഗ്രതയോടടുപ്പിക്കുന്നത്.

(2016 മേയ് ലക്കം അകം മാസികയില്‍ 'നഷ്ടാത്മാക്കളുടെ ഉദ്യാനം' എന്ന പേരില്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം)
read more:

No comments:

Post a Comment