Featured Post

Monday, May 12, 2025

Fever Dream by Samanta Schweblin / Megan McDowell, Ruth Sepp

 പാരിസ്തിതിക ഭീകരതയുടെ 'ജ്വരസ്വപ്നം'

 ജീവിതത്തിനും മരണത്തിനും ഇടയിലെ അതിര്‍വരമ്പ് നേര്‍ത്തുപോവുകയൊ ഇല്ലാതാവുകയോ പരസ്പരം വെച്ചു മാറുകയോ ചെയ്യുന്ന ഘട്ടങ്ങളെ മുന്‍ നിര്‍ത്തി ജീവിതത്തിന്റെ പൊരുള്‍ തേടുന്ന ആഖ്യാനങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട് വിശ്വസാഹിത്യത്തില്‍. മരണം മുന്നിലെത്തുന്ന യാഥാര്‍ത്ഥ്യമായി മനസ്സിനെ അധിനിവേശിക്കുമ്പോഴാണ്‌ ഇവാന്‍ ഇല്ലിച്ച്‌ (ടോള്‍സ്റ്റോയ്‌) സ്വന്തം ജീവിതത്തെ പുനര്‍ വായിക്കുന്നത്. കഴുത്തില്‍ മുറുകുന്ന കുരുക്കിനും മറയുന്ന അവസാന ശ്വാസത്തിനും ഇടക്കുള്ള അനന്തതയുടെ ഇടവേളയിലാണ് ഔള്‍ ക്രീക്ക് ബ്രിഡ്‌ജിലെ (അംബ്രോസ് ബിയേഴ്സ്) ഓടിപ്പോകുന്ന സൈനികന്‍ സങ്കല്‍പ്പത്തിലെ ഏറ്റവും മോഹനമായ സ്വപ്നം മുഴുവന്‍ ജീവിച്ചു തീര്‍ക്കുന്നത്. കുരിശേറ്റപ്പെട്ടു ബോധാബോധങ്ങള്‍ കലങ്ങിമറിയുന്ന നിമിഷങ്ങളിലാണ് കസാന്‍ദ്‌സാക്കിസിന്റെ ക്രിസ്തു ലൌകികമായ ഒരപര ജീവിതം അനുഭവിച്ചു തീര്‍ത്ത്‌ കുരിശിന്റെ പൊരുള്‍ തിരിച്ചറിയുന്നത്. ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌറിയുടെ ഇതിഹാസമാനമുള്ള ഗേറ്റ് ഓഫ് ദി സണ്‍ എന്ന നോവലില്‍ കോമയില്‍ കിടക്കുന്ന പോരാട്ട നായകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള ഉപായമായാണ് പാലസ്തീനിന്റെ അതിജീവന ചരിത്രം കൂടിയായ അയാളുടെ കഥ യുവ ഡോക്റ്റര്‍ ആഖ്യാനം ചെയ്യുന്നത്. കാവ്യാത്മകതയും ഭീകരതയും ചേരുന്ന വിചിത്ര സൗന്ദര്യം നിറഞ്ഞ ഭാഷയില്‍ വിമത സൈനികര്‍ക്ക് വേണ്ടി കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ബാല യോദ്ധാക്കളില്‍ ഒരാളായ കൗമാരക്കാരന്റെ മൃത്യുമുനമ്പിലെ ഭ്രമാത്മക അനുഭവമായാണ് മലയാളി വായനക്കാര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്ത നൈജീരിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ക്രിസ് അബാനിയുടെ സോംഗ് ഫോര്‍ നൈറ്റ് എന്ന അതീവഹൃദ്യമായ നോവെല്ല ചുരുള്‍ നിവരുന്നത്‌. ഈ ഗണത്തിലേക്കുള്ള ഒരു അതിശക്തമായ സംഭാവനയാണ് അര്‍ജന്റീനിയന്‍ എഴുത്തുകാരി സമാന്ത ഷ്വെബ് ലിന്‍ രചിച്ച ഫീവര്‍ ഡ്രീം എന്ന നോവെല്ല.

ഗുരുതരമായതെന്തോ സംഭവിച്ചു ആശുപത്രിയില്‍ കിടക്കുന്ന അമാന്‍ഡ എന്ന യുവമാതാവും രോഗാവസ്ഥയും ദുരൂഹപ്രകൃതവുമുള്ള ഡേവിഡ് എന്ന ബാലനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് നോവല്‍ വികസിക്കുന്നത്. അമാന്‍ഡാക്ക് ഈ സന്ദര്‍ഭത്തില്‍ കാഴ്ച്ചയില്ലെന്ന്/ കാണാന്‍ കഴിയുന്നില്ലെന്ന് സൂചനയുണ്ട്. ഡേവിഡ് അപ്പോള്‍ ഒരു ശബ്ദ സാന്നിധ്യം മാത്രമാണോ എന്ന് അവള്‍ സംശയിച്ചു പോകുന്നത് നോവലില്‍ ഉടനീളമുള്ള ഭീഷണാവസ്ഥയെ (menace) ശക്തിപ്പെടുത്തുന്നു. കൂടെക്കൂടെ എടുത്ത് പറയുന്ന “പ്രധാന കാര്യം” ചുഴിഞ്ഞന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അമാന്‍ഡായുടെ പശ്ചാത്തലവും ഇതിവൃത്തത്തിന്റെ പുരോഭാഗവും ചുരുള്‍ നിവരുക. എന്നാലോ, മരണാസന്നയായ അമാന്‍ഡായുടെ വിവരണങ്ങളില്‍ ‘നമുക്ക് സമയമില്ല’ എന്ന ഓര്‍മ്മപ്പെടുത്തലുമായി അവന്‍, പ്രായത്തിനു ചേരാത്ത ഗൗരവത്തോടെ കൂടെക്കൂടെ ഇടപെടുകയും ചെയ്യും, “അതില്‍ കാര്യമല്ല” എന്ന വായ്ത്താരിയോടെ.........

..................

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലാവട്ടെ, ഭീതിതവും ചകിതാന്തരീക്ഷമുള്ളതുമായ ചെറു നോവലുകള്‍ ഏറെയുണ്ട്. റോബര്‍ട്ടോ ബൊലാനോഹോസെ ഡോനോസോവലേറിയ ലൂയിസെല്ലികാര്‍മെന്‍ ബൂലോസ തുടങ്ങിയ അതികായന്മാര്‍ ഇത്തരം രചനകള്‍ നടത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുള്ള പെഡ്രോ പരാമോയുമായി സുപ്രധാനമായ താരതമ്യത്തിന് ഇടം നല്‍കുന്നുണ്ട് ഫീവര്‍ ഡ്രീം. ഹുവാന്‍ റുള്‍ഫോയുടെ കൃതിയില്‍ മരണത്തിനപ്പുറവും ഇപ്പുറവുമുള്ള ജീവിതങ്ങള്‍ കൂടിക്കലരുന്ന കൊമാല ഒരു കാര്‍ഷിക ദുരന്തഭൂമി കൂടിയാണ്. പ്രദേശത്തെ ഏക ഭൂവുടമയായ പെഡ്രോ പരാമോ, തന്റെ കുടിയാന്മാരെ അതിക്രൂരമായി പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊന്നൊടുക്കിയതിന്റെ പ്രേതഭൂമി. ഷ്വെബ് ലിനിന്റെ ‘ജ്വരസ്വപ്ന’ത്തിന്റെ ഭൂമിയും ഒരു പ്രേതഭൂമി തന്നെയാണ്. വന്‍കിട ഭൂവുടമകള്‍ ഇന്ന് മരണം വിതക്കുക ചമ്മട്ടികൊണ്ടും ഇരട്ടക്കുഴല്‍ തോക്കുകൊണ്ടും അല്ലായിരിക്കാം, എന്നാല്‍ കാലങ്ങളിലേക്ക് നീളുന്ന വിഷപ്രയോഗത്തിലൂടെ അവരെന്താണ് വരും തലമുറയോട് ചെയ്യുന്നത് എന്ന് ചൂണ്ടിക്കാണിക്കാന്‍ സാഹിത്യത്തിലെ എക്കാലത്തെയും തീക്ഷ്ണമായ ഒരു ബിംബത്തെയാണ് നോവലിസ്റ്റ് ഇവിടെ കണ്ടെടുക്കുന്നത്: അമ്മമാരുടെ മനസ്സുകളെ ആവേശിക്കുന്ന, കുഞ്ഞുങ്ങളെയോര്‍ത്ത് നിങ്ങളുടെ ‘സംരക്ഷണ അകല’ത്തിനു അനുനിമിഷം കാവലിരിക്കുക എന്നോര്‍മ്മിപ്പിക്കുന്ന ഒരു ‘ബാധ കേറിയ’ കുഞ്ഞ് (the possessed child). ഒരേ സമയം ഇരയും ഭീകരതയുടെ ഉടല്‍ സാന്നിധ്യവും. മരണവും ശപിക്കപ്പെട്ട മരണരാഹിത്യവും. കൊമാല പുറത്തെന്നപോലെ അവന്റെ ഉള്ളിലുമാണ്; ആന്തര വല്‍ക്കരിക്കപ്പെട്ട ഒരു പ്രേതലോക സാന്നിധ്യംആ അര്‍ത്ഥത്തില്‍, ജനിതകമാറ്റ വിത്തുകളുടെയും കീടനാശിനിക്കുത്തകകളുടെയും കാലത്ത് പെഡ്രോ പരാമോക്ക് ഒരു പുനരെഴുത്തുണ്ടാവുകയാണ് ‘ജ്വര സ്വപ്നത്തില്‍ - പാരിസ്തിതിക ഭീകരതയുടെ ഒരു ആലിഗറി (Ecohorror Allegory). 

 

കൂടുതല്‍ വായനക്ക്:

https://alittlesomethings.blogspot.com/2017/10/blog-post.html

No comments:

Post a Comment