Featured Post

Friday, May 9, 2025

The Fortune Men by Nadifa Mohamed

 വിധിവിളയാട്ടത്തിലെ മനുഷ്യക്കരുക്കള്‍





(ബ്രിട്ടീഷ്-സോമാലി നോവലിസ്റ്റ് നദീഫാ മുഹമ്മദ്‌ രചിച്ച, ബുക്കര്‍ പുരസ്കാരത്തിന് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച നോവലാണ്‌ The Fortune Men. ഒരു യവന ദുരന്ത നാടകത്തിന്റെ പുതുകാല പതിപ്പുപോലെ, സ്വയമറിയാതെ കൈമോശം വരുന്ന ജീവിതങ്ങള്‍ ആവിഷ്കരിക്കുന്ന നോവല്‍, വംശവെറി, നീതി നടത്തിപ്പിനെ അസംബന്ധമാക്കുന്ന മുന്‍വിധികള്‍ തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നു.)


ക്ലാസിക്കല്‍ യവന നാടക സങ്കല്‍പ്പത്തില്‍, ദുരന്തത്തിന് ഒരു മുഖ്യ ഘടമായി പറയപ്പെടുന്ന ഒന്നാണ് ‘peripeteia’ എന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്ന, തന്റെതല്ലാത്ത കാരണത്താല്‍ മനുഷ്യന്റെ ഭാഗധേയത്തില്‍ സംഭവിക്കുന്ന ‘പൊടുന്നനെയുണ്ടാവുന്ന തകിടം മറിയല്‍’, അഥവാ വിധിവിളയാട്ടം. ദുരന്ത നാടകങ്ങളില്‍, കഥാപാത്രത്തിന്റെ ഭാഗധേയം ആ പ്രത്യേക തകിടം മറിച്ചിലോടെ അതിന്റെ എല്ലാ ശുഭസാധ്യതകളില്‍ നിന്നും തെന്നിപ്പോവുകയും ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു; ഏറ്റവും സങ്കടകരം, അതില്‍ ആ കഥാപാത്രത്തിന് ഒന്നും ചെയ്യാനില്ല എന്നതുമായിരിക്കും. ഈ അര്‍ത്ഥത്തില്‍ ഒരു ക്ലാസിക്കല്‍ യവന ദുരന്ത നാടകത്തിന്റെ പുതുകാല പതിപ്പ് എന്ന് പറയാവുന്ന ഒന്നാണ് സോമാലി - ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫ മുഹമ്മദിന്റെ മൂന്നാമത് നോവല്‍ ‘ഭാധേയം കാത്തിരിക്കുന്നവര്‍, (The Fortune Men.’)

നദീഫ മുഹമ്മദിന്റെ രചനാലോകം

റിപ്പബ്ലിക് ഓഫ് സോമാലിലാന്‍ഡിലെ ഹാര്‍ഗേസിയയില്‍ 1981ല്‍ ജനിച്ച നദീഫക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ്, നാട്ടില്‍ കൊടുമ്പിരിക്കൊള്ളാന്‍ തുടങ്ങുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. നാവികനായിരുന്ന പിതാവിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട Black Mamba Boy (2010) ആയിരുന്നു അവരുടെ ആദ്യകൃതി. ബെറ്റി ട്രാസ്ക് പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ നേടിയ പ്രസ്തുത നോവല്‍, സോമാലിയക്കു മേല്‍ മുസോളിനിയുടെ ഇറ്റാലിയന്‍ അധിനിവേശം മുതല്‍ക്കുള്ള ദുരന്തകാലങ്ങള്‍ ഒരു പികാറസ്ക് ഘടനയില്‍ അവലംബിച്ചു. എണ്‍പതുകളിലെ ആഭ്യന്തര കലാപങ്ങളെ പശ്ചാത്തലമാക്കി രചിച്ച രണ്ടാമത് നോവല്‍ The Orchard of Lost Souls (2013), യുവ എഴുത്തുകാര്‍ക്കുള്ള സോമര്‍സെറ്റ് അവാര്‍ഡ് നേടുകയുണ്ടായി. ആഭ്യന്തര യുദ്ധത്തില്‍ അതിജീവിക്കാന്‍ ശ്രമിക്കുന്ന മൂന്നു സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് പ്രധാനമായും നോവല്‍ വികസിച്ചത്. ധ്വനിസാന്ദ്രമായ ഭാഷയും വൈയക്തികാനുഭാവങ്ങളെ ചരിത്രത്തിന്റെയും ദേശത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളുടെയും കൂടുതല്‍ വിശാലമായ കാന്‍വാസില്‍ സാര്‍വ്വലൌകിക പ്രമേയങ്ങളാക്കി അവതരിപ്പിക്കുന്നതിലും അതുവഴി പറയപ്പെടാതെ പോയ കഥകളെ ആഖ്യാന വല്ക്കരിക്കുന്നതിലും കാണിക്കുന്ന കയ്യടക്കവുമാണ് യുവ ആഫ്രിക്കന്‍ ഡയസ്‌പോറ എഴുത്തുകാരില്‍ തലയെടുപ്പുള്ള എഴുത്തുകാരിയാക്കി നദീഫ മുഹമ്മദിനെ ഉയര്‍ത്തുന്നത്. അവരുടെ മൂന്നാമത് നോവല്‍ The Fortune Men എന്ന കൃതിയുടെ കാര്യത്തിലും ഈ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്‌. ആദ്യനോവലിനെ സംബന്ധിച്ച്, തന്റെ വേരുകളെ കുറിച്ച് കൂടുതല്‍ അറിയാനും സോമാലി ചരിത്രത്തെ വിശദമാക്കാനുമുള്ള ആഗ്രഹത്തിന്റെ സൃഷ്ടി എന്ന് നോവലിസ്റ്റ് വിശദീകരിച്ചിരുന്നു. ഇപ്പറഞ്ഞത്‌ അവര്‍ തുടര്‍ന്നെഴുതിയ കൃതികള്‍ക്കും തീര്‍ത്തും ബാധകമാണ് എന്നുപറയാം.

‘മനുഷ്യക്കരുക്കള്‍’

മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടത്‌ കറുത്ത വര്‍ഗ്ഗക്കാരാണോ, ജൂതരാണോ എന്നത് ഒരിക്കലും കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിരിക്കാനിടയില്ല. ഈ രണ്ടു വിഭാഗങ്ങളുടെയും പ്രതിനിധാനം കൂടിയായ രണ്ടു കഥാപാത്രങ്ങളുടെ വിധിയെ കൊരുത്തുവെക്കുകയും ഇരുവരെയും കൂടുതല്‍ വലിയ ചൂതാട്ടത്തില്‍ കരുക്കള്‍ തന്നെയാക്കി തീര്‍ക്കുകയും ചെയ്യുകയാണ് വിധികല്‍പ്പനാ മനോഭാവമേതും കൂടാതെ നോവലിസ്റ്റ് അവരുടെ പുതിയ കൃതിയില്‍. ചരിത്രത്തില്‍ നിന്നുതന്നെയാണ് അവരാ ഏട് കണ്ടെത്തുന്നതും.

1942 ല്‍ ബ്രിട്ടീഷ് സോമാലിലാന്‍ഡില്‍ ഒരു കൊല്ലപ്പണിക്കാരനായി ജോലി ചെയ്തു, വെളുത്ത വര്‍ഗ്ഗക്കാരിയായ ഭാര്യ ലോറയും മൂന്ന് കുഞ്ഞു ആണ്‍മക്കളുമായി ജീവിച്ചു വന്ന മഹ്മൂദ് ഹുസൈന്‍ മത്താന്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍, ജീവിതത്തില്‍ ഉടനീളം നേരിടേണ്ടി വന്ന വംശീയ വിദ്വേഷത്തിന്റെ തുടര്‍ച്ച എന്ന മട്ടില്‍ തന്നെയാണ് മനസ്സറിയാത്ത കൊലക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ അടക്കപ്പെട്ടത്‌. 1952 മാര്‍ച്ച് ആറിനു കാര്‍ഡിഫ് തുറമുഖത്തിനടുത്തുള്ള സെക്കണ്ട്സ് സെയില്‍ വസ്ത്രക്കടയില്‍ വെച്ച് കടയുടമ ലിലി വോള്‍പെര്‍ട്ട് എന്ന സ്ത്രീ (നോവലില്‍ വയലെറ്റ് വോലാക്കി) കൊലചെയ്യപ്പെടുകയും അവരുടെ നൂറു പൌണ്ട് മോഷ്ടിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം മെഹ്മൂദ് അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസും വംശവെറി മൂത്ത ചില പോലീസ് സാക്ഷികളും ഒഴികെ വളരെ ദുര്‍ബ്ബലമായ സാഹചര്യത്തെളിവുകള്‍ മാത്രമാണ് അയാള്‍ക്കെതിരെ പ്രോസിക്യൂഷനു പോലും ഉന്നയിക്കാനായത്. സാക്ഷിമൊഴിക്കു പ്രഖ്യാപിക്കപ്പെട്ടിരുന്ന പ്രതിഫലത്തില്‍ കണ്ണുനട്ടു സാക്ഷി പറഞ്ഞ ഹാരോള്‍ഡ്‌ കോവര്‍ എന്ന ജമൈക്കന്‍ ഗുണ്ടയുടെതയിരുന്നു അതിലൊന്ന്. അയാളുടെ തന്നെ മുമ്പത്തെ ഒരു മൊഴിയില്‍ താഹര്‍ ഗ്രാസ് എന്നൊരാളെ സംഭവസ്ഥലത്ത് സംഭവസമയത്ത് കണ്ടതായി പറഞ്ഞിരുന്നതിലെ വൈരുധ്യം അവഗണിക്കപ്പെട്ടു. കാഴ്ച്ചവൈകല്യം ഉണ്ടായിരുന്ന മറ്റൊരു സാക്ഷിയുടെ മൊഴിയുടെ വിശ്വസനീയതയും പരിശോധിക്കപ്പെട്ടില്ല. പന്ത്രണ്ടു വയസ്സുണ്ടായിരുന്ന ഒരു കുട്ടി സംഭവസമയത്ത് പ്രസ്തുത സ്ഥലത്ത് ഒരാളെ കണ്ടിരുന്നുവെന്നും അത് മത്താന്‍ ആയിരുന്നില്ലെന്നും തറപ്പിച്ചു പറഞ്ഞതും അവഗണിക്കപ്പെട്ടു. മോഷ്ടിക്കപ്പെട്ടു എന്ന് പറയപ്പെട്ട പണമോ മറ്റെന്തെങ്കിലും തൊണ്ടി സാധനമോ മത്താനില്‍ നിന്ന് കണ്ടെടുക്കാനായില്ല എന്നിരിക്കിലും, ചരിത്രം നൂറ്റൊന്നാവര്‍ത്തിച്ച, വംശീയ മുന്‍വിധികളുടെ ബലിക്കല്ലില്‍ ആരൊക്കെയോ ചേര്‍ന്നു രചിച്ച തിരക്കഥ പോലെ 1952 ജൂലൈ 24 നു മത്താന്‍ കുറ്റവാളിയെന്നു വിധിക്കപ്പെട്ടു. അപ്പീല്‍ നിഷേധിക്കപ്പെട്ടു അതേ വര്‍ഷം സെപ്തംബര്‍ മൂന്നിന് , കാര്‍ഡിഫില്‍ തൂക്കൊക്കൊല്ലപ്പെട്ട അവസാനത്തെ ആളായി, അയാള്‍ തൂക്കിലേറ്റപ്പെട്ടു. മറ്റൊരു കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട താഹര്‍ ഗ്രാസ് കടുത്ത സ്കിസോഫ്രീനിയയുടെ ഇരയാണെന്ന കണ്ടെത്തലില്‍ നാടുകടത്തപ്പെട്ടതും, ഹാരോള്‍ഡ്‌ കോവര്‍ സ്വന്തം മകളെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ചതിനു ആജീവനാന്ത തടവിനു ശിക്ഷിക്കപ്പെട്ടതും പില്‍ക്കാല ചരിത്രം. എന്നാല്‍, മത്താന്‍ കേസ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു 1969 മുതല്‍ നിരന്തരം കുടുംബം നടത്തിവന്ന ശ്രമങ്ങള്‍ 1996-ലാണ് വിജയം കണ്ടത്. ജയില്‍ വളപ്പില്‍ സംസ്കരിച്ചിരുന്ന ഭൌതികാവശിഷ്ടം കാര്‍ഡിഫ് സെമിത്തേരിയിലേക്ക് ആചാര പൂര്‍വ്വം മാറ്റപ്പെട്ടു. ശിലാഫലകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടു: “നീതിരാഹിത്യത്തില്‍ വധിക്കപ്പെട്ടു ("KILLED BY INJUSTICE"). 1998 ഫെബ്രുവരി 24 ലോര്‍ഡ്‌ ജസ്റ്റിസ് റോസ് നടത്തിയ നിരീക്ഷണത്തില്‍ ആദ്യ വിചാരണയെ “പ്രകടമായും തെറ്റുകള്‍ നിറഞ്ഞത്‌ ("demonstrably flawed") എന്ന് വിവരിച്ചു. മാത്തന്റെ ഭാര്യക്കും മക്കള്‍ക്കുമിടയില്‍ തുല്യമായി വീതിക്കാന്‍ £725,000 നഷ്ടപരിഹാരം വിധിക്കപ്പെട്ട വിധിപ്രസ്താവം, തെറ്റായി തൂക്കിക്കൊല്ലപ്പെട്ടതിനു നഷ്ടപരിഹാരം നല്‍കിയ ആദ്യത്തെ കേസ് എന്ന നിലയിലും ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. *(1).

വംശവെറി, നീതി നിര്‍വ്വഹണത്തിലെ കേളികേട്ട ഇംഗ്ലീഷ് മാതൃകയുടെ പൊള്ളത്തരം, അത്തരം വലിയ മൂല്യങ്ങളില്‍ കണ്ണടച്ചു വിശ്വസിക്കുന്ന സാധാരണ മനുഷ്യരെ കാത്തിരിക്കുന്ന ഞെട്ടലും അതുളവാക്കുന്ന മനോവിക്ഷോഭങ്ങള്‍ വരുത്തിവെക്കുന്ന സ്വയംകൃതാനര്‍ത്ഥങ്ങളും, തലമുറകിലൂടെ വേട്ടയാടുന്ന ട്രോമകളും, എന്നതെല്ലാം നോവലിസ്റ്റ് വിഷയമാക്കുന്നു.  അവയെല്ലാം രേഖപ്പെടുത്തുന്നതിലൂടെ തമസ്കരിക്കുന്ന ചരിത്രം സ്വയം വെളിപ്പെടുന്നതിന്റെയും എഴുത്തുകാരന്റെ/ കാരിയുടെ നിയോഗ സമാനമായ ദൌത്യത്തിന്റെയും പ്രേരണ തുടങ്ങിയ ഒട്ടേറെ ഉപപാഠങ്ങള്‍ വായിച്ചെടുക്കാവുന്ന ഹൃദയഭേദകമായ ഒരാഖ്യാനമായി നോവല്‍ മാറുന്നു. ഇതിനായി, പ്രസ്തുത സംഭവത്തെ അതിന്റെ സാമൂഹിക സാംസ്കാരിക ഭൂമികയില്‍ പുനസൃഷ്ടിക്കുകയാണ് നോവലിസ്റ്റ്. പുസ്തകം,  2021 ലെ ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചു.

ആഖ്യാന ചാരുത

നദീഫ മുഹമ്മദിന്റെ മുന്‍ നോവലുകളുടെ അതീവഹൃദ്യമായ പാരായണക്ഷമതയുടെ മുഖ്യ കാരണം, രണ്ടു കൃതികളും സോമാലിയന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളില്‍ ആണ് നിലയുറപ്പിക്കുന്നത് എന്നിരിക്കിലും, അവയുടെ കാവ്യാത്മകവും വികാരസാന്ദ്രവുമായ ഭാഷയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ത്തന്നെ ഭിന്ന സംസ്കാരങ്ങള്‍ തഴച്ചുവളര്‍ന്ന ‘ടൈഗര്‍ ബേ’ (തുറമുഖം) യില്‍ സോമാലിയന്‍ നാവികനായ മഹ്മൂദ് ജീവിച്ചുവന്നത് ലോകമെമ്പാടുനിന്നും, വിശേഷിച്ചും വെസ്റ്റ്‌ ഇന്‍ഡീസില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള, മനുഷ്യര്‍ക്കൊപ്പമാണ്. നോവലിസ്റ്റ് ആ നഗരസങ്കരത്തെ വിവരിക്കുന്നു:

“ഒരു പുരാതന, ഫോസിലീകൃത മൃഗം ജലത്തില്‍ നിന്ന് പുറത്തേക്ക് ചുവടും വെക്കുംപോലെ വ്യാവസായിക പുകയില്‍ നിന്നും കടലില്‍ നിന്നുള്ള മൂടല്‍മഞ്ഞില്‍ നിന്നും തുറമുഖം പുറത്തുവരുന്നു. ഡോക്കിലൂടെ നടക്കുമ്പോള്‍, സുവനീറുകളായി സൂക്ഷിച്ചുവെക്കാനോ, അല്ലെങ്കില്‍ വില്‍ക്കാനോ ആയി, കൂട്ടിക്കെട്ടി ഉണ്ടാക്കിയ ജാക്കറ്റുകള്‍ക്കുള്ളില്‍ പനന്തത്തകളെയോ ചെറു കരങ്ങുകളെയോ കൊണ്ട് നടക്കുന്ന നാവികരെ കണ്ടെന്നു വരാം, നിങ്ങള്‍ക്ക് ലഞ്ചിന് ചോപ്സിയും അത്താഴത്തിനു യമനി വിഭവങ്ങളും ഇവിടെ കിട്ടും, ലണ്ടനില്‍ പോലും ഭിന്ന വന്‍കരകളില്‍ നിന്നുള്ള മുത്തച്ചനും മുത്തശ്ശിയുമുള്ള സുന്ദരിമാരെ ടൈഗര്‍ ബെയിലോളം നിങ്ങള്‍ കണ്ടുമുട്ടിയെന്നു വരില്ല.”

വെയില്‍സ് കാരിയായ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകലെ  നാവികരുടെ താമസസ്ഥലത്താണ് മഹ്മൂദ്. കുട്ടികളെയും കുടുംബത്തെയും സ്നേഹിക്കുന്ന കുടുംബസ്തനും, കൊളോണിയല്‍ വിരുദ്ധ തീപ്പന്തവും സ്വാതന്ത്ര്യത്തിനു വേണ്ടി ഉറക്കെ സംസാരിക്കുന്നവനും എല്ലാമാണ് അയാള്‍. ഒപ്പം, ഇടയ്ക്കിത്തിരി മോഷണവും ചൂതാട്ടവും ഒക്കെയുള്ള വേഷംകെട്ടുകാരനുമായ ഒരു ‘ആന്റി ഹീറോ’യും. മിശ്ര സംസ്കാരമുള്ള ടൈഗര്‍ ബേയില്‍ കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന വിവേചനം നേരിടുന്ന അയാളുടെ അവസ്ഥ, നാട്ടുകാരിയായ വെള്ളക്കാരിയെ വിവാഹം ചെയ്തത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുമുണ്ട്.

ടൈഗര്‍ ബേയിലെ വലിയ ജൂത സമൂഹത്തിലെ മുതിര്‍ന്ന അംഗമായ വയലറ്റ് വോലാക്കി, യൂറോപ്പിലെ നാസി ഭീകരതയില്‍ നിന്ന് അഭയം തേടി വന്നവളാണ്. വിധവയായ സഹോദരി ഡയാനയോടും അനന്തിരവള്‍ ഗ്രെയ്സിനോടുമൊപ്പം തന്റെ കടയുടെ മുകളിലെ മുറിയില്‍ താമസിക്കുന്നു. ഒരു മാര്‍ച്ച് ദിനാന്ത്യത്തില്‍, കടയടച്ചു മുറിയില്‍ പോയ ശേഷം, ആരോ മണിയടിക്കുന്നത് കേട്ട് അത്യാവശ്യക്കാരാകാം എന്ന ധാരണയില്‍ താഴേക്കു ചെല്ലുന്നതാണ് അവരുടെ ദുരന്തത്തില്‍ കലാശിക്കുന്നത്. കിളരം കൂടിയ ഒരു കറുത്ത വര്‍ഗ്ഗക്കാരനെ താഴെ കടയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നത് ഒരു നോക്ക് ഡയാനയും ഗ്രെയ്സും കണ്ടിരുന്നു. പിന്നെ സംഭവിക്കുന്നതെല്ലാം മഹമൂദിന്റെ വിധിവൈപരീത്യമായാണ് ഭവിക്കുന്നത്. മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന മഹ്മൂദിന്റെ ദുരന്തം ആരംഭിക്കുന്നത്, വയലറ്റ് വോലാക്കിയെ കുറിച്ചും അയാള്‍ അവരുടെ കടയില്‍ ആയിടെ പോയിരുന്നോ എന്നും മറ്റും പോലീസ് ചോദിച്ചു തുടങ്ങുന്നതോടെയാണ്. തന്റെ നിരപരാധിത്തത്തിലും ബ്രിട്ടീഷ് നീതി വ്യവസ്ഥയിലും തികഞ്ഞ ബോധ്യമുള്ള, അഭിമാനിയായ മഹ്മൂദ്, അത്തരം വങ്കന്‍ ചോദ്യങ്ങളില്‍ പ്രകോപിതനാകുന്നത് സ്വാഭാവികമായിരുന്നു. റിമാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ പോലും അയാളുടെ വിശ്വാസങ്ങള്‍ അചഞ്ചലമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പൊതുദൃഷ്ടിയില്‍നിന്ന് അദൃശ്യനാകാന്‍ മിടുക്കുള്ള മഹ്മൂദ്, ജയിലിലെ അന്തേവാസികള്‍ക്കിടയില്‍ ‘ഭൂതം (ghost) എന്നുപോലും വിളിക്കപ്പെടുന്നു. ലോറ അയാളെ ജയിലില്‍ സന്ദര്‍ശിക്കുകയും പിണക്കം മാറ്റിവെച്ചു തങ്ങളുടെ ദാമ്പത്യത്തിനു ഒരവസരം കൂടി നല്കാന്‍ തയാറാകുകയും ചെയ്യുന്നു. ടൈഗര്‍ ബേയില്‍ മില്‍ക്ക് ബാര്‍ നടത്തുന്ന സുഹൃത്ത് ബെര്‍ലിന്‍, അയാളുടെ കേസ് നടത്തിപ്പിനു വേണ്ടി പണം സ്വരൂപിക്കുന്നതും, അത്യന്തം ദുബ്ബലമായ സാഹചര്യത്തെളിവുകള്‍ മാത്രമുള്ള നിലക്ക് അയാളുടെ മോചനം എളുപ്പമാകും എന്ന വിശ്വാസത്തിലാണ്. എന്നാല്‍, ഹാര്‍പ്പര്‍ ലീയുടെ ടിമ്മിനെ പോലെ (To Kill a Mockingbird-1962), ‘ന്യൂറംബര്‍ഗ് വിചാരണ’ (Judgment at Nuremberg (1961)) യിലെ ജൂതന്‍ ഫെലിക്സ് ഹാളിനെ പോലെ, അയാളുടെ വിധി നേരത്തെ കുറിക്കപ്പെട്ടതാണ്: പോലീസിനു സൌകര്യപൂര്‍ണ്ണമായ ഒരു ബാലിയാടിനെ ആവശ്യമുണ്ടായിരുന്നു.

ആത്മാവലോകനത്തിലെ തിരിച്ചറിവുകള്‍




മഹമൂദിന്റെ തടവറക്കാലത്താണ് അയാളുടെ വ്യക്തിത്വത്തിലെ ഭിന്നതലങ്ങള്‍ വ്യക്തമാക്കപ്പെടുന്നത്. ബ്രിട്ടീഷ് സോമാലിലാന്‍ഡിലെ കുട്ടിക്കാലത്തു നടത്തിയ, ആഫ്രിക്കയിലെങ്ങുമുള്ള അലച്ചിലുകളെ കുറിച്ചും മര്‍ച്ചന്റ് നേവിയിലെ അപകടം പിടിച്ച ജീവിതത്തെ കുറിച്ചുമുള്ള അയാളുടെ ഓര്‍മ്മകളിലൂടെ അത് അവതരിപ്പിക്കപ്പെടുന്നു. മറ്റുള്ളവര്‍ കുഴപ്പക്കാരനെന്നും വീണ്ടുവിചാരമില്ലാത്തവനെന്നും മുദ്ര കുത്തുന്ന മഹ്മൂദിനെ മാനുഷിക ഭാവങ്ങളുടെ മുഷിപ്പും നിറവും ഉള്ള ഒരാളായാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌. തടവറയില്‍ കഴിയുന്ന ഘട്ടത്തിലാണ്, അയാളുടെ ആത്മീയമായ തിരിച്ചറിവിന്റെ പൂര്‍ത്തീകരണവും സംഭവിക്കുന്നത്‌. ‘പ്രസിദ്ധമായ ബ്രിട്ടീഷ് നീതിവ്യവസ്ഥയില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്ന മഹ്മൂദ്, സ്വാനുഭവത്തിലൂടെ മനസ്സിലാക്കിത്തുടങ്ങുകയാണ് അതൊരു ഏട്ടിലെ പശു മാത്രമാണെന്ന്. അയാള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നു അയാളുടെ ഏറ്റവും വലിയ കുറ്റം അയാളുടെ കറുപ്പു നിറമാണെന്ന്.

“അവരൊരു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു – അല്ല, ഒരു ഫ്രാങ്കന്‍സ്റ്റെയ്ന്‍ സത്വത്തെ – എന്നിട്ടതിനു അയാളുടെ പേര് നല്‍കി വിട്ടയച്ചിരിക്കുന്നു. അതവിടെ നില്‍ക്കുന്നു, ഒടിഞ്ഞ ചുമലുകളോടെ, നീതിന്യായ കോടതിയില്‍, കാര്‍ഡിഫില്‍, ബിലാദ് അല്‍ വെല്‍ശില്‍, അമ്പുകൊള്ളുന്ന ഒരാളെപ്പോലെ അവരുടെ നുണകളുടെ പ്രഹരങ്ങള്‍ അയാള്‍ അനുഭവിക്കുന്നു. അവര്‍ മഹ്മൂദ് ഹുസൈന്‍ മത്താന്റെയും അയാളുടെ യഥാര്‍ത്ഥ രൂപങ്ങളെയും സംബന്ധിച്ച് അന്ധരാണ്: അക്ഷീണനായ സ്റ്റോക്കര്‍ (കപ്പല്‍ ചൂളയില്‍ കല്‍ക്കരി കോരിയിടുന്നവന്‍), വിദഗ്ദ്ധ ചൂതാട്ടക്കാരന്‍, ഗംഭീര നാടോടി, സ്നേഹദാഹിയായ ഭര്‍ത്താവ്, ലോലഹൃദയനായ പിതാവ്.”

തുടര്‍ന്ന് മതാത്മകമായ വിശ്വാസത്തിലേക്ക് തിരിയുന്ന അയാള്‍ ജീവിതത്തെ പുതിയ വെളിച്ചത്തില്‍ കാണാന്‍ തുടങ്ങുന്നു. ദൈവം മനുഷ്യനെ അവന്റെ നിസ്സാരത തിരിച്ചറിയിക്കുന്നതിലൂടെ ദൈവനീതിയുടെ അനിഷേധ്യത ബോധ്യപ്പെടുത്തുകയാണ് എന്ന് അയാള്‍ കണ്ടെത്തുന്നു. വൈരുദ്ധ്യങ്ങളുടെ ദയനീയമായ വിളയാട്ടത്തെയാണ് നോവല്‍ അടയാളപ്പെടുത്തുന്നത്: ഇരക്കോ, കുറ്റാരോപിതനോ, അവരുടെ സമൂഹങ്ങള്‍ക്കോ ആര്‍ക്കും ഒരു നീതിയും ലഭ്യമാകുന്നില്ല. ഈ പ്രാതിനിധ്യ പ്രകൃതം കൂടിയായിരിക്കാം നോവലിന്റെ തലക്കെട്ടിലെ ബഹുവചനം സൂചിപ്പിക്കുന്നതും. ‘Fortune’ എന്ന പദം, സാമാന്യേന സൂചിപ്പിക്കുന്ന ഗുണാത്മകതയല്ല, ‘ഭാഗധേയം’ എന്ന നിര്‍ഗ്ഗുണ (neutral) ധ്വനിയാകാം ഇവിടെ കൂടുതല്‍ ചേരുക.  ഒരു വിചാരണാ കോടതി രേഖകളില്‍ നിന്ന് നേരിട്ട് പകര്‍ത്തിയത് എന്ന് തോന്നാവുന്ന വിചാരണാ അധ്യായം, മുഴുവന്‍ നടപടിക്രമങ്ങളുടെയും അര്‍ത്ഥശൂന്യതയും അസംബന്ധവും വെളിപ്പെടുത്തുന്നു. നാല്‍പ്പത്തിയാറു വര്‍ഷക്കാലം നീണ്ട പോരാട്ടത്തിനൊടുവില്‍, യഥാര്‍ത്ഥ ജീവിതത്തിലെ ലോറ, തന്റെ ജീവിതപങ്കാളിയെ കുറ്റവിമുക്തനാക്കുന്ന വിധി നേടിയെടുത്തെങ്കിലും, അത് ജീവിച്ചിരുന്ന മഹ്മൂദിനെ സംബന്ധിച്ച് ഒരു വ്യത്യാസത്തിനും പ്രാപ്തമല്ലായിരുന്നല്ലോ.

*(1). Stephanie Schoppert, ‘8 Innocent People Who Were Found Guilty and Executed’, History Collection, January 28, 2017, https://historycollection.com/eight-innocent-people-found-guilty-executed-youngest-14/).

read more:

No comments:

Post a Comment