വിണ്ടുകീറുന്ന മാരിവില്ല്: സുകിസ് വാ വോനര്‍ അടയാളപ്പെടുത്തുന്നത്
ആഫ്രിക്കന്‍ സാഹിത്യത്തില്‍, കൊളോണിയല്‍
കാലത്തെ പശ്ചാത്തലമാക്കി നടത്തപ്പെട്ട രചനകളില്‍ വംശീയാനുഭവങ്ങള്‍ക്ക്
ലഭിച്ചിരുന്ന ഏകപക്ഷീയ പ്രാധാന്യം പോസ്റ്റ് കൊളോണിയല്‍, നിയോ കൊളോണിയല്‍ കാലഘട്ടങ്ങളിലെത്തുമ്പോള്‍
ചിതറിപ്പോവുകയും വംശീയാനുഭവങ്ങളോളം തന്നെയോ അവയോടു അനുബന്ധമോ അനുപൂരകമോ
അതുമല്ലെങ്കില്‍ വേറിട്ടോ നില്‍ക്കും വിധം കുടുംബ/ വൈയക്തിക കഥകള്‍ക്ക് പ്രാധാന്യം
വന്നു ചേരുകയും ചെയ്യുന്നു. സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍, അപാര്‍ത്തീഡ് കാലം പിന്നിട്ട് ജനാധിപത്യ
പ്രക്രിയയിലേക്ക് രാജ്യം തിരിച്ചെത്തിയ 1994 ഒരു
നാഴികക്കല്ലായി രാഷ്ട്രീയ ഭൂപടത്തില്‍ ഇടം പിടിച്ചപ്പോള്‍, ‘മഴവില്‍ ദേശ’പ്പിറവിക്കുള്ളിലും അടിയൊഴുക്കായി നിലനിന്ന വംശീയ സംഘര്‍ഷങ്ങളുടെ
ഉണങ്ങാത്ത മുറിവുകള്‍ സാമൂഹിക വിനിമയങ്ങളില്‍ നിര്‍ണ്ണായകമായിത്തന്നെ തുടര്‍ന്നു.
ലോരെറ്റ ങ് കോബോ, യിവോണ്ടേ ഒമോതോസോ
തുടങ്ങിയ മുതിര്‍ന്ന തലമുറയിലെ എഴുത്തുകാര്‍ ഈ തുടര്‍ച്ചയെ നേരിട്ടപ്പോള്‍, വംശീയ സംഘര്‍ഷങ്ങളില്‍ വിധികര്‍ത്താക്കളായി
നിലയുറപ്പിക്കുന്നതിനു പകരം അത്തരം സങ്കീര്‍ണ്ണതകള്‍ പ്രശ്നവല്‍ക്കരിക്കുന്ന രീതി
കൈക്കൊള്ളുന്നതിന് ഉദാഹരണമാണ് ഫസ് വാനെ എംപേ, കെ. സെല്ലോ
ഡൂയികര്, മതല്വാ കൊപാനോ, സുകിസ് വാ വോനര്‍ തുടങ്ങിയ പുതു തലമുറ
എഴുത്തുകാര്‍. സാകെസ് എംദായെയും
ടോണി മോറിസനെയും പോലെ സുദീര്‍ഘവും സമ്പന്നവുമായ എഴുത്തുജീവിതത്തിനുടമയായ
നോവലിസ്റ്റുകള്‍ ഇരു ഘട്ടങ്ങളിലും തങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ടുമുണ്ട്.
സൗത്ത് ആഫ്രിക്കന്‍ പിതാവിന്റെയും സിംബാബ്‌വേയന്‍ മാതാവിന്റെയും മകളായി ലുസാക
(സാംബിയ)യില്‍ ജനിച്ച (1976) സുകിസ് വാ വോനര്‍ ജേണലിസ്റ്റ്, എഡിറ്റര്‍, നോവലിസ്റ്റ്, കോളമിസ്റ്റ്, സാമൂഹ്യ നിരീക്ഷക, ആക്റ്റിവിസ്റ്റ് എന്നീ നിലകളില്‍
വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വോനറുടെ പ്രഥമ നോവല്‍ The Madams (2006) ഒരു ‘കോമഡി ഓഫ്
മാനേഴ്സ്’ ഘടനയിലൂടെ സൗത്ത്
ആഫ്രിക്കന്‍ ബൂര്‍ഷ്വാ കുടുംബ ഘടനയില്‍ പ്രവര്‍ത്തിക്കുന്ന ‘റിവേഴ്സ് റേസിസം’ എന്ന
പ്രതിഭാസത്തെ അവതരിപ്പിക്കുന്നു. പരമ്പരാഗത മൂല്യങ്ങളില്‍ മുറുകെ പിടിക്കുന്ന
ഭാര്യയും മാതാവും തൊഴിലെടുക്കുന്ന സ്ത്രീയുമെന്ന മൂന്നു സ്വത്വങ്ങളെ ശ്ലാഘനീയമായ
രീതിയില്‍ സമന്വയിപ്പിച്ചു മുന്നോട്ടു പോകുക ദുഃസ്സാധ്യമാണ് എന്ന് തികച്ചും
ബോധ്യമാകുന്നതോടെ താന്‍ദിയെന്ന മുഖ്യ കഥാപാത്രം അതേ ആര്‍ഭാടത്തിലേക്ക് തിരിയുന്നു:
ഒരു വീട്ടുവേലക്കാരിയെ നിയമിക്കുക. എന്നാല്‍, ഒരു സഹോദരിയുടെ
ബോസ് ചമയുക വയ്യെന്ന നിലയില്‍ അതൊരു വെള്ളക്കാരിയെ മതിയെന്ന തീരുമാനത്തിലേക്ക്
അവള്‍ നീങ്ങുന്നു. മറീറ്റയുടെ കടന്നു വരവ് പക്ഷെ നിലവിലുള്ള അന്തരീക്ഷത്തില്‍ ഏറെ
പ്രശ്നങ്ങള്‍ക്ക് കാരണമാകും. താന്‍ദിയുടെ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഖോസ ഗോത്രജയായ നോസിസ്
വേയുടെയും വെളുത്ത വര്‍ഗ്ഗക്കാരി ലോറെന്റെയും രഹസ്യങ്ങളിലേക്കും തങ്ങളുടെ തന്നെ
ചരിത്രങ്ങളിലേക്കും ബന്ധങ്ങളിലേക്കും അതൊരു ചുഴിഞ്ഞിറങ്ങല്‍ ആയിത്തീരുകയും
ചെയ്യും. സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം, സ്ത്രീകള്‍ക്കിടയിലെ
ബന്ധങ്ങള്‍, കുടുംബം, മുതിര്‍ന്നു വരവ്, കരിയര്‍, വിവാഹം, സൗഹൃദം, രാഗ-ദ്വേഷ ബന്ധങ്ങള്‍, അതിസൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന വംശീയ
സംഘര്‍ഷങ്ങള്‍, പ്രഭ്വിമാരും
ഭ്രുത്യരും തുടങ്ങി വോനറുടെ കൃതികളില്‍ വീണ്ടും വീണ്ടും പരിശോധിക്കപ്പെടുന്ന
പ്രമേയങ്ങള്‍ പ്രഥമ കൃതിയില്‍ തന്നെ ഇടം പിടിക്കുന്നുണ്ട് എന്ന് കാണാം. Behind Every Successful Man
(2008) എന്ന നോവലിലെ നോബാതു തന്റെ മുപ്പത്തിയഞ്ചാം പിറന്നാളില്‍ സര്‍വ്വ സൗഭാഗ്യങ്ങള്‍ക്കുമിടയില്‍
ഒരു പ്രധാന തിരിച്ചറിവിലേക്ക് നീങ്ങുകയാണ്. തനിക്കെല്ലാമുണ്ട്: മികച്ച ബിസിനസ്മാന്‍
ആയ ഭര്‍ത്താവ്, തങ്കക്കുടങ്ങളായ
രണ്ടു മക്കള്‍, ഏതൊരു പെണ്‍കുട്ടിയും
ആഗ്രഹിക്കുന്ന നല്ല രണ്ടു സുഹൃത്തുക്കള്‍. പക്ഷെ തന്റെ സ്വപ്നങ്ങള്‍? തന്റെ കരിയര്‍? സ്വതന്ത്ര ബുദ്ധിയും ഉറച്ച തീരുമാനങ്ങളുമുള്ള
സ്ത്രീയുമായുണ്ടാവുന്ന ഏറ്റുമുട്ടലില്‍ പിടിച്ചു നില്‍ക്കുക പുരുഷ ധാര്‍ഷ്ട്യത്തിനും
അത്ര എളുപ്പമാവില്ല എന്ന നിരീക്ഷണം ഒട്ടേറെ ഹാസ്യാത്മകവും ബഹളമയവുമായ മുഹൂര്‍ത്തങ്ങള്‍
ഈ നോവലിലും സൃഷ്ടിക്കുന്നുണ്ട്. Men
of South (2010) അടുത്ത സുഹൃത്തുക്കളായ മൂന്നു പേരുടെയും അവര്‍ക്കിടയിലേക്കെത്തുന്ന
സിംബാബ്‌വേയന്‍ അഭയാര്‍ഥിയുടെയും ഇഴകോര്‍ക്കുന്ന കഥകളിലൂടെ, സൗഹൃദങ്ങളുടെ അടിയൊഴുക്കുകള്‍, പ്രണയം, വഞ്ചന, പണത്തിന്റെ ശക്തി തുടങ്ങി വോനറുടെ പതിവു
പ്രമേയങ്ങളോടൊപ്പം ലൈംഗിക സ്വത്വം, സൗത്ത്
ആഫ്രിക്കന്‍ സമൂഹത്തില്‍ അതുമായി ബന്ധപ്പെട്ടുള്ള മുന്‍വിധികള്‍, അവയെ മറി കടക്കാനും സമൂഹത്തില്‍ അംഗീകാരം
കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളും പരിശോധിക്കുന്നു. മുന്‍
നോവലുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്നു പുരുഷ കഥാപാത്രങ്ങളുടെ
ആഖ്യാനങ്ങളിലൂടെയാണ് ഇവിടെ കഥ പറയുന്നത്;
മൂവരുടെയും
ജീവിതങ്ങളില്‍ നിര്‍ണ്ണായകമായിത്തീരുക ഒരേ യുവതിയുമായുള്ള വ്യത്യസ്ത മാനങ്ങളുള്ള
ബന്ധമാണ് എന്നിരിക്കിലും.
ഇതിവൃത്ത ഘടനയിലെ ഏറ്റവും പ്രമുഖവും സ്നേഹിക്കപ്പെടുന്നവനു/വളുമായ, മറ്റു പ്രമുഖ കഥാപാത്രങ്ങളുടെ നിലനില്‍പ്പിനെത്തന്നെ
നിര്‍വ്വചിക്കാന്‍ പ്രാപ്തനാ/യായാ ഒരാളുടെ ദുരൂഹ മരണത്തില്‍ ആരംഭിക്കുക, സര്‍വ്വ നിരാസത്തോളമെത്തുന്ന വേദനയുടെയും
ജീവിതാസക്തിയുടെയും വിരുദ്ധ അറ്റങ്ങള്‍ക്കിടയില്‍ വലിഞ്ഞു മുറുകുന്ന
അന്വേഷണങ്ങളിലൂടെ ആ ദുരന്തത്തിന്റെ പുരാവൃത്തം ചികയുക, ആ പ്രക്രിയക്കിടയില്‍ ഫിക് ഷനില്‍
വൈയക്തികവും സാമൂഹികവുമായ ചരിത്ര ഘടകങ്ങള്‍ അന്തര്‍ദ്ധാരയും നിര്‍ണ്ണായകവും
ആയിത്തീരുക – കൃതഹസ്തരായ എഴുത്തുകാരെ ഏറെ ത്രസിപ്പിച്ച ഒരു നോവല്‍ ഘടനാരീതിയാണ്
ഇത്. സംഘര്‍ഷ ഭരിതമായ സാമൂഹികാവസ്ഥകള്‍ വ്യക്തി/ കുടുംബ ജീവിതങ്ങളിലേക്ക്
അതിതീവ്രമായി അധിനിവേശം നടത്തുന്ന പശ്ചാത്തലങ്ങളില്‍ ഈ രീതി
പ്രയോഗിക്കപ്പെടുന്നതിന്റെ മികച്ച ഉദാഹരണങ്ങള്‍ സമകാലിക ആഫ്രിക്കന്‍ സാഹിത്യത്തില്‍
ഏറെയുണ്ട്. ‘വ്യക്തിപരമായത് രാഷ്ട്രീയവുമാണ് (The personal is political) എന്ന അര്‍ത്ഥത്തിലാണ് ഈ
കൃതികള്‍ സാമൂഹിക, വംശീയാനുഭവങ്ങളെ
സമീപിക്കുന്നത്. Hiding in
Pain Sight (നൂറുദ്ദീന്‍ ഫറാ), Dust (യിവോനെ അദിയാംബോ
ഒവൂര്‍), Ghana Must Go (തായേ സലാസി)
തുടങ്ങിയ കൃതികള്‍ പെട്ടെന്ന് ഓര്‍ത്തെടുക്കാനാവും. യുവ സൗത്ത് ആഫ്രിക്കന്‍
നോവലിസ്റ്റ് സുകിസ് വാ വോനറുടെ (Zukiswa
Wanner) London Cape Town Joburg (2015) എന്ന നോവല്‍ ഈ ഘടന പിന്തുടരുന്ന മറ്റൊരു മികച്ച
രചനയാണ്.
തന്റെ പതിനാലാം ജന്മദിനത്തിനു തൊട്ടു തലേന്ന് കൈഞ്ഞരമ്പു മുറിച്ചു ആത്മഹത്യ
ചെയ്യുന്ന സൂകോ സ്പെന്‍സര്‍ ഒമാലിയെന്ന സൂകോയുടെ മരണം ഉണ്ടാക്കുന്ന ഞെട്ടലോടെയാണ്
നോവല്‍ ആരംഭിക്കുന്നത്. ജീവിതകാലം മുഴുവന്‍ തുണയായിരുന്ന സ്നേഹമയിയും ഇടക്കിത്തിരി
കര്‍ക്കശക്കാരിയുമായിരുന്ന മമ്മ ജെര്‍മെയ്ന്‍ ഇരട്ട വേദനയിലാണ്: മകന്റെ ദുരൂഹമായ
അന്ത്യം ജീവിതത്തില്‍ സൃഷ്ടിക്കുന്ന ശൂന്യത; ഒപ്പം, ഒരു പക്ഷെ അതിലേറെ, അവനു തന്നോടൊന്നും പറയാനുണ്ടായിരുന്നില്ല
എന്നും പപ്പയോടു മാത്രമേ എന്തെങ്കിലും പങ്കുവെക്കാനുണ്ടായിരുന്നുള്ളൂ എന്നും
തെളിയിക്കുന്ന, മാര്‍ട്ടിന്‍
അഭിസംബോധന ചെയ്തിട്ടുള്ള ആത്മഹത്യാ കുറിപ്പ് നല്‍കുന്ന നിരാസത്തിന്റെ പൊള്ളല്‍.
നോവലിന്റെ ആമുഖ അധ്യായത്തില്‍ ഈ ദുരൂഹതകളാണ് ആവിഷ്കരിക്കപ്പെടുന്നത്. തുടര്‍ന്ന്
വരുന്ന ഭാഗങ്ങളില്‍ ജെര്‍മെയ്ന്‍, മാര്‍ട്ടിന്‍
എന്നിവരുടെ ഒന്നിടവിട്ട അധ്യായങ്ങളിലുള്ള ആഖ്യാനങ്ങളിലും സൂകൊയുടെ
ഡയറിക്കുറിപ്പുകള്‍ രേഖപ്പെടുത്തുന്ന ഏതാനും ഭാഗങ്ങളിലുമായി ഒമാലി കുടുംബത്തിന്റെ
കഥ ആവിഷകരിക്കപ്പെടുന്നു. അത് സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള സാംസ്കാരിക
സങ്കലനങ്ങളുടെയും അതിസൂക്ഷ്മമായി ആഖ്യാനം ചെയ്യപ്പെടുന്ന വംശീയ സംഘര്‍ഷങ്ങളുടെയും
കഥയായി പരിണമിക്കുന്നു.
ലണ്ടനില്‍ വെച്ച് പ്രഥമ ദൃഷ്ട്യാ അനുരാഗബദ്ധരായ മാര്‍ട്ടിന്‍ ഒമാലിയും ജെര്‍മെയ്ന്‍
സ്പെന്സറും തമ്മിലുള്ള ബന്ധം പ്രണയത്തിന്റെ എല്ലാ മാന്ത്രികതയും വികാര
വിസ്ഫോടനങ്ങളും കൊണ്ട് കഴിഞ്ഞ പതിനെട്ടു വര്‍ഷക്കാലവും ആകര്‍ഷണീയമായിരുന്നു.
ബ്രിട്ടനില്‍ ജനിച്ച, കറുത്ത വര്‍ഗ്ഗക്കാരനായ, രസികനും ബുദ്ധിമാനും സുഖനുമായ ഇന്‍വെസ്റ്റ്‌മെന്റ്
ബാങ്കര്‍, ഐറിഷ് പിതാവിന്റെ ദത്തു
പുത്രന്‍ - അതായിരുന്നു മാര്‍ട്ടിന്‍. വെള്ളക്കാരി, മിടുക്കിയും ആത്മവിശ്വാസവും കലാ വാസനയുമുള്ള ഇംഗ്ലീഷ് യുവതി
- ജെര്‍മെയ്ന്‍. അവര്‍ പൂര്‍ണ്ണതയോടടുത്ത ജോടിയായിരുന്നു. പരസ്പരം കണ്ടുമുട്ടിയ
നാളുകളില്‍ മാര്‍ട്ടിന്‍ തന്റെ യൂണിവേഴ്സിറ്റി കാല പ്രണയ ഭാജനമായിരുന്ന ഇറാനിയന്‍
സുന്ദരി സൊരായ തങ്ങളുടെ പൊതു സുഹൃത്ത് സുഫിയാന്റെ പിതാവിനെ വിവാഹം കഴിക്കാനായി
കന്യാ ചര്‍മ്മ പുനസൃഷ്ടി നടത്തി തിരിച്ചു പോയതിന്റെ ഒറ്റപ്പെടലിലായിരുന്നു; ജെര്‍മെയ്ന്‍ തന്റെ ഏറ്റവും അടുത്ത
കൂട്ടുകാരിയും ഇന്ത്യന്‍ വംശജയുമായ പ്രിയ ഉഭയ ലൈംഗിക വാസനയുള്ള കൂട്ടുകാരന്‍
അനിലുമായി ജീവിക്കാന്‍ പോകുന്നതിന്റെ ആഘാതത്തിലും. ഫെമിനിസ്റ്റ് നിലപാടുകളുള്ള
ജെര്‍മെയ്നിന് ഉള്‍കൊള്ളാന്‍ വിഷമമുള്ള ഒന്നായിരുന്നു വിവാഹിതനായ അനിലുമായി പ്രിയ
തുടര്‍ന്ന ബന്ധം. ജെര്‍മെയ്ന്‍ ഗര്‍ഭിണിയാകുന്നതോടെ ദമ്പദികളുടെ അങ്കലാപ്പുകള്‍
അവസാനിക്കുന്നു. അവര്‍ സ്വസ്ഥജീവിതത്തിന്റെ കണക്കുകൂട്ടലുകളിലേക്ക് കടക്കുന്നു.
കേപ് ടൗണില്‍ സ്വീകരിക്കാനെത്തുന്ന ഭര്‍തൃ സഹോദരന്‍ “എന്റെ ഭാര്യ” എന്ന് അഭിസംബോധന
ചെയ്യുന്നതും ചുണ്ടില്‍ ചുംബിക്കുന്നതും ജെര്‍മെയ്നു അരോചകമായി
അനുഭവപ്പെടുന്നുണ്ട്. സഹോദരന്‍ മരിച്ചാല്‍ അയാളുടെ ഭാര്യ ജീവിച്ചിരിക്കുന്ന
സഹോദരന് ഉടമപ്പെടുമെന്ന സൗത്ത് ആഫ്രിക്കന്‍ സാധ്യതയാണ് അയാളുടെ ഒഴികഴിവെന്നത് ജെര്‍മെയ്നു
പ്രാകൃതമായി അനുഭവപ്പെടുന്നു. ആരോടും തനിക്കു പറയാനുള്ളത് പറയുന്ന ശീലമുള്ള ജെര്‍മെയ്ന്‍
ഒരു മറുചോദ്യം ഉന്നയിക്കുന്നു: ഭര്‍തൃ സഹോദരന്റെ ഭാര്യ മരിച്ചാല്‍ അയാള്‍ ഇതര
സഹോദരന്റെ ഭാര്യയുടെ സ്വന്തമാകുമോ?
ചോദ്യം
ലയാമിനെ കുഴക്കുന്നുണ്ട്: “അപ്പോള്‍ ഒരു ഫെമിനിസ്റ്റ് വളര്‍ത്തി എന്നതും പോരാഞ്ഞു
അങ്ങനെ ഒരുത്തിയെ വിവാഹം ചെയ്യുകയും വേണമായിരുന്നോ നിനക്ക്?” എന്ന് അയാള്‍ മാര്‍ട്ടിനോട് ചോദിക്കുന്നത്
മുഴുവന്‍ തമാശയല്ല. “നിന്നെപ്പോലുള്ള പുരുഷന്മാര്‍ ഉള്ളിടത്തോളം, എന്റെ കുഞ്ഞു ലിയാം, ലോകത്തൊരിക്കലും എത്ര ഫെമിനിസ്റ്റുകള്‍
ഉണ്ടായാലും മതിയാകില്ലെന്നു എനിക്ക് തോന്നുന്നു” എന്ന് മമ്മ സിന്‍ഡിവെ മറുപടി നല്‍കുന്നു.
നോവലില്‍ സൂചിതമാകുന്ന ഗാര്‍ഹിക പീഡന കഥകള്‍ പോലുള്ള സ്ത്രീവിരുദ്ധതയുടെ
ഉദാഹരണങ്ങള്‍ മമ്മയുടെ സ്വന്തം അനുഭവം കൂടിയാണെന്ന് പിന്നീട് വ്യക്തമാകുന്നുണ്ട്.
“പണം കുറെ കാര്യങ്ങളില്‍ കവചമാകുമെങ്കിലും, ജീവിതത്തിലെ ഒരു ഘട്ടത്തില്‍, താനൊരു കറുത്തവനായ ചെറുപ്പക്കാരന്‍ ആണെന്നും കൂടുതലും
തന്നെപ്പോലുള്ളവര്‍ക്കിടയിലാണ് താന്‍ വളര്‍ന്നു വരേണ്ടത് എന്നും സൂകോ
തിരിച്ചറിയാന്‍ പോവുകയായിരുന്നു” മാര്‍ട്ടിന്‍- ജെര്‍മെയ്ന്‍ ദമ്പദികളുടെ മകന്റെ
അനുഭവം നോവലില്‍
വിവരിക്കുന്നുണ്ട്. ഭിന്ന സംസ്കാരങ്ങള്‍ പങ്കുവെക്കുന്ന ദമ്പദികളുടെ കുഞ്ഞുങ്ങള്‍
അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കയില്‍ നേരിടേണ്ടി വന്നേക്കാവുന്ന
അനുഭവങ്ങളാണ് സൂകൊയെ കാത്തിരിക്കുന്നത്. ലണ്ടനെ അപേക്ഷിച്ച് കുട്ടികളെ നോക്കാനുള്ള
ചിലവു കുറവായിരിക്കും, അവനു
അമ്മാവന്റെയും മുത്തശ്ശിയുടെയും കൂടെ കഴിയാം എന്നൊക്കെയാണ് മാര്‍ട്ടിന്‍ കണക്കു
കൂട്ടുന്നത്. ഇംഗ്ലീഷ് – സൗത്ത് ആഫ്രിക്കന്‍ ഇരട്ട പൗരത്വം ഉള്ള, ഇന്റര്‍നാഷണല്‍ ബാങ്കിംഗ് രംഗത്ത് കഴിവ്
തെളിയിച്ച, ലണ്ടന്‍ സ്കൂള്‍ ഓഫ്
ഇകനോമിക്സ് ബിരുദ ധാരി സാധ്യതകളുടെ മധ്യത്തിലേക്കാവും താന്‍ നാട്ടിലെത്തുക എന്ന്
പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ വിചിത്രമായ ഒരു തിരിച്ചിടലായി ലണ്ടനില്‍
ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒന്നാണ് അയാളുടെ അനുഭവം: “എനിക്ക് വംശീയത
അനുഭവപ്പെട്ട ഏക സ്ഥലം ബഹുഭൂരിപക്ഷം ജനങ്ങളും എന്നെപ്പോലുള്ളവര്‍ ആയ ഇടത്തിലാണ്.”
ഇവിടെയാണ് അയാള്‍ക്ക് വംശീയ കാര്‍ഡ് എപ്പോഴും കരുതിവെക്കേണ്ടി വരുന്നത്. അവസര
വാദത്തിന്റെയും സ്വന്തം നേട്ടങ്ങളില്‍ മാത്രം കണ്ണുവെക്കുന്നതിന്റെയും ആവശ്യകതയാണ്
സഹോദരന്‍ ലിയാം അയാളെ ഓര്‍മ്മിപ്പിക്കുക. “എപ്പോഴാണ് നീയൊരു പാര്‍ട്ടി കാര്‍ഡിന്
അപേക്ഷിക്കുക? അതില്‍
പണമുണ്ട്.” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “നിനക്കൊരു നശിച്ച പാര്‍ട്ടി കാര്‍ഡ്
ആവശ്യമാണ്, കാരണം ഒരു
ഘട്ടത്തില്‍ ആ വെള്ളക്കാരായ തമ്പ്രാക്കള്‍ക്ക് അറിയേണ്ടി വരും, നിന്റെ കറുപ്പിനപ്പുറം മറ്റെന്താണ് നീ അവര്‍ക്ക്
മുന്നില്‍ നിരത്താന്‍ പോകുന്നത് എന്ന്.” വര്‍ണ്ണ വിവേചനകാലത്തെ മറക്കണം എന്ന
ഉപദേശം കപടമാണ് എന്ന് അയാള്‍ കരുതുന്നു. ഹോളോകോസ്റ്റിനെ മറക്കണമെന്ന്, ആ അനുഭവങ്ങള്‍ക്ക് വമ്പിച്ച നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞും, ജൂതരോട് ആരും ആവശ്യപ്പെട്ടില്ലെന്ന് അയാള്‍
ഓര്‍മ്മിപ്പിക്കുന്നു. “അപ്പാര്‍ത്തീഡിനെ മറക്കണമെന്ന് നാലു വര്‍ഷങ്ങള്‍ക്കിപ്പുറം
എന്തുകൊണ്ട് നമ്മോടു പറയുന്നു? നമുക്ക്
നഷ്ടപരിഹാരം പോലും കിട്ടിയിട്ടുമില്ല. മാപ്പ് ചോദിച്ചിട്ടില്ലാത്ത ഒരാള്‍ക്ക്
നിങ്ങളെങ്ങനെയാണ് മാപ്പു നല്‍കുക? തെറ്റു ചെയ്തു
എന്ന് അംഗീകരിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് മാപ്പു നല്‍കുക?” ഈ രാഷ്ട്രീയ സാഹചര്യത്തില്‍ വെള്ളക്കാരിയായ
ജെര്‍മെയ്ന്‍ എങ്ങനെ ഇണങ്ങിച്ചേരുന്നു എന്നതും പ്രധാനമാണ്. രാജ്യാന്തര പ്രശസ്തയായ
സെറാമിസിസ്റ്റും പെയ്ന്ററും വനിതാ സഹകരണ സംഘം പ്രവര്‍ത്തകയും ഒപ്പം ഖോസാ ബാങ്കറുടെ
ഭാര്യയും ആയിരുന്നിട്ടും വംശീയ വാര്‍പ്പു ധാരണകള്‍ക്ക് അവരും ഇരയാകുന്നുണ്ട്. ഖോസ
സംസ്കാരം സ്വായത്തമാക്കുകയും സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരികളില്‍
സഹജമായ കൊച്ചമ്മ മനോഭാവം കൂടാതെ ഇടപഴകുകയും ചെയ്യാന്‍ അവള്‍ക്കു
കഴിയുന്നുണ്ടെങ്കിലും “വീട്ടു ജോലിക്കാരോട് പെരുമാറെണ്ടതെങ്ങനെ എന്നതിനെ കുറിച്ച്
ആരെങ്കിലും എനിക്കൊരു കൈപ്പുസ്തകം തന്നിരുന്നെങ്കില്‍..!” എന്ന് ജെര്‍മെയ്ന്‍
ആഗ്രഹിച്ചു പോവുന്ന സന്ദര്‍ഭങ്ങളുണ്ട്. അതേസമയം ‘മഴവില്‍ ദേശ’ത്തെ കുറിച്ച് അവള്‍ക്ക് വിമര്‍ശനമുണ്ട്:
ലണ്ടനില്‍ ആളുകള്‍ “ഒന്നുകില്‍ കൂള്‍ ആയിരുന്നു, തൊലിയുടെ നിറം അപ്രസക്തമായിരുന്നു... സൗത്ത് ആഫ്രിക്കയില്‍
വര്‍ണ്ണം എല്ലാമാണ്.” മാര്‍ട്ടിന്‍ തന്നെയും നിരീക്ഷിക്കുന്നുണ്ട്: “ലണ്ടനില്‍
നിന്നുള്ള SAA 370 വിമാനത്തില്‍
നിന്ന് കേപ്പ് ടൗണില്‍ ഇറങ്ങുമ്പോള്‍ നാം നേരിടാന്‍ പോകുന്നതെന്തെന്നു
അറിയാമായിരുന്നെങ്കില്‍, നമ്മള് ഒരു യു-
ടേണ്‍ എടുക്കുമായിരുന്നോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.” തന്റെ പുതിയ നാടിനെ
കുറിച്ച് ജെര്‍മെയ്ന്‍ വിലയിരുത്തുന്നതും അതെ രീതിയിലാണ്: “അതിനു ശേഷം ഞാന്‍
മനസ്സിലാക്കിയിരുന്നു, എന്റെ പുതിയ
രാജ്യത്ത് മിക്ക സംഭാഷണങ്ങളും, പത്രമാകട്ടെ, സ്വകാര്യ സംസാരമാകട്ടെ, മിക്കാവാറും എല്ലായിടത്തും വംശീയത ഉള്‍ച്ചേര്‍ന്നതാണെന്ന്.”
മൂന്നു ലോക നഗരങ്ങളിലായി ഒരു ലോക സഞ്ചാര സ്വഭാവമുണ്ട് കഥാ ഭാഗങ്ങള്‍ക്ക്. പല
തരക്കാരായ ആളുകളുടെ ബന്ധങ്ങളും അവരുടെ ജീവിതങ്ങളില്‍ കടന്നു വരുന്ന ഇതര മനുഷ്യരും
ചേര്‍ന്ന് പതിനെട്ടു വര്‍ഷക്കാലത്തെ സംഭവഗതികള്‍ -1994 മുതല്‍ 2011 വരെ – ഒരു ലണ്ടന്‍
സായാഹ്നത്തില്‍ രണ്ടു യുവ മിഥുനങ്ങള്‍ കണ്ടുമുട്ടുന്ന നിമിഷം മുതല്‍ ഒരു
കൗമാരക്കാരന്റെ ഞെട്ടിക്കുന്ന ആത്മഹത്യവരെയുള്ള കഥയായി നോവല്‍ ആവിഷ്കരിക്കുന്നു. ഈ
സമയ രേഖയില്‍ വ്യക്തികളുടെ ജീവിതങ്ങള്‍ക്ക് സമാന്തരമായി അവര്‍ ജീവിക്കുന്ന
നഗരങ്ങളുടെ സ്ഥലരാശികളും മാറിവരുന്നു. സ്വദേശം, ജനാധിപത്യം, സ്വാതന്ത്ര്യം
തുടങ്ങിയ സങ്കല്‍പ്പനങ്ങളുടെ അന്തസ്സത്തയെ കുറിച്ചുള്ള ചോദ്യം നോവലിസ്റ്റ്
ഉന്നയിക്കുകയാണ്; ഒപ്പം, ദരിദ്രര്‍ക്കും സമ്പന്നര്‍ക്കും ഇടയില്‍, പുറം നാട്ടുകാര്‍ക്കും നഗരവാസികള്‍ക്കും
ഇടയില്‍, അപ്പാര്‍ത്തീഡിന്റെ
പതനവും ശേഷമുള്ള സമൂഹത്തിന്റെ ജനാധിപത്യ വല്‍ക്കരണ പ്രക്രിയക്കുമിടയില്‍
ഉരുവാകുന്ന വിഭ്രാമകമായ ഭിന്നങ്ങള്‍ അടയാളപ്പെടുത്തുകയും.
1994 എന്ന നിര്‍ണ്ണായക
വര്‍ഷത്തിലാണ് ജെര്‍മെയ്നും മാര്‍ട്ടിനും ലണ്ടനില്‍ കണ്ടുമുട്ടുകയും പ്രണയം
പങ്കുവെക്കുകയും ചെയ്യുന്നത്. മണ്ടേലയുടെ നേതൃത്വത്തില്‍ ആദ്യത്തെ ജനാധിപത്യ സര്‍ക്കാര്‍
സൗത്ത് ആഫ്രിക്കന്‍ ചരിത്രം തിരുത്തിയെഴുതാന്‍ പോകുന്നു. ലോകമെമ്പാടുമുള്ള
ദക്ഷിണാഫ്രിക്കന്‍ പ്രവാസികള്‍ നാട്ടിലേക്കു തിരികെ വരുന്നതിനെ കുറിച്ച് സ്വപ്നം
കണ്ടു തുടങ്ങുന്നു. മാര്‍ട്ടിന്റെ കാര്യത്തില്‍ അയാള്‍ തന്റെ ജീവിത സഖിയെ കൂടിയാണ്
ഇതേ കാലഘട്ടത്തില്‍ കണ്ടെത്തുന്നത്. അവസരങ്ങളുടെ പറുദീസായാകാന്‍ പോകുന്നതെന്നു
പ്രതീക്ഷിക്കപ്പെടുന്ന ദേശത്തേക്ക് വരുമ്പോള്‍ പക്ഷെ ഐറിഷ് കുടുംബപ്പേരുള്ള അയാള്‍
ഈ നാടിനെ കുറിച്ച് തീര്‍ത്തും അജ്ഞനാണ്. മകന്‍ അവനെ പോലുള്ളവര്‍ക്കിടയില്‍
വളരണമെന്ന തിരിച്ചറിവിലാണ് അപ്പാര്‍ത്തീഡ് അനന്തര സൗത്ത് ആഫ്രിക്കന്‍ ജീവിതത്തില്‍
കേപ് ടൗണില്‍ അവര്‍ ചുവടുറപ്പിക്കുന്നത്. ലിയാമിന്റെ സഹായത്തോടെ ലഭിക്കുന്ന
ജോലിയുമായി ജോബര്‍ഗില്‍ എത്തുന്നതോടെയാണ് സര്‍വ്വം ശിഥിലമാകുന്നത്. ആദ്യമത്
സെക്രട്ടറി ഗുഗുവിന്റെ പ്രലോഭനത്തിന്റെ രീതിയില്‍ തുടങ്ങുന്നു. ജെര്‍മെയ്ന്റെ
സന്ദര്‍ഭോചിതമായ ഇടപെടലോടെ അത് പരിഹരിക്കപ്പെടുന്നുവെങ്കിലും കൂടുതല്‍ വലിയ
വെല്ലുവിളികള്‍ വേറെയുണ്ട്. മാര്‍ട്ടിന്റെ പിതൃത്വത്തെ കുറിച്ചുള്ള നിഗൂഡത
സൃഷ്ടിക്കുന്ന പുതിയ സങ്കീര്‍ണ്ണതകള്‍ അയാളെയും കുടുംബത്തെയും തകര്‍ത്തുകളയും.
മമ്മയുടെ മുന്നറിയിപ്പു വകവെക്കാതെ അയാളുണ്ടാക്കുന്ന പിതൃ സൗഹൃദം ദുരൂഹമായ
ഇടപാടുകളിലേക്കും സമ്പൂര്‍ണ്ണ സാമ്പത്തിക തകര്‍ച്ചയിലേക്കും ജെര്‍മെയ്നുമായി
ഒരിക്കലും സംഭവിക്കരുതായിരുന്ന സംഘര്‍ഷത്തിലേക്കും, അതിനു സാക്ഷിയാകുന്ന പതിമൂന്നുകാരനില്‍ വലിയ
ആഘാതത്തിലേക്കും നയിക്കും. അതിന്റെ പാരമ്യത്തിലാകാം ഇളയച്ഛനോടൊപ്പം സന്ദേഹമേതും
കൂടാതെ കൗമാരക്കാരന്‍ വിരുന്നു പാര്‍ക്കാന്‍ പോകുന്നതും ബാലപീഡനത്തിന്റെ
ദുസ്സഹാനുഭവത്തില്‍ അവന്‍ സ്വയം ഒടുങ്ങുകയെന്ന വഴി സ്വീകരിക്കുന്നതും. നീന്തല്‍
ചാമ്പ്യന്‍ ആയിരുന്ന ബാലന്‍ തന്റെ അന്ത്യത്തിനും അത്തരം ഒരിടം തെരഞ്ഞെടുക്കുന്നത്, പാര്‍ട്ടിയിലും ഉന്നത സ്ഥാനങ്ങളിലും
പിടിപാടുള്ള ഇളയച്ഛനെതിരെ ഡാഡിക്ക് ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവില്‍
തന്നെയാണ്. പാത്ര സൃഷ്ടിയില്‍ ഉടനീളം ജെര്‍മെയ്നെ അപേക്ഷിച്ച് മാര്‍ട്ടിന്‍ പതിഞ്ഞ
സ്വഭാവക്കാരനാണ് എന്നത് ഇതോടു ചേര്‍ത്തുവെക്കുമ്പോള്‍, ജെര്‍മെയ്നെ തന്റെ വെളിപ്പെടുത്തലുകളില്‍
നിന്ന് സൂകോ മാറ്റി നിര്‍ത്തുന്നതെന്തിനെന്ന ചോദ്യം കൂടുതല്‍ സങ്കീര്‍ണ്ണമായി
അനുഭവപ്പെടും. അവളായിരുന്നെങ്കില്‍ പ്രതികരണം എങ്ങനെയാകുമായിരുന്നു എന്ന ചോദ്യം
വായനക്കാരില്‍ ഉണരാം. ‘അഭിമാനത്തിന്റെ സന്തതി’ എന്നാണ് സൂകോ എന്ന പദത്തിനര്‍ത്ഥം എന്നത് നോവലിന്റെ
പരിപ്രേക്ഷ്യത്തില്‍ ദുരന്തപൂര്‍ണ്ണമായ ഒരു വൈരുധ്യമാണ്. തീക്ഷ്ണവും അങ്ങേയറ്റം
സ്വകാര്യവുമായ അവന്റെ ഡയറിക്കുറിപ്പുകള്‍ സമ്പന്ന ചുറ്റുപാടുകളില്‍ കഴിയുമ്പോഴും
തന്നെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന പലര്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന
അതീവ ഹൃദയ ലോലനായ ഒരു കൗമാര മനസ്സിനെ അടയാളപ്പെടുത്തുന്നു. ഒരു ‘മെറ്റാ ടെക്സ്റ്റ്’ തലത്തില്‍ സൂകൊയെ ഒരു ബലിയാടു ബിംബം
ആയിക്കാണാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: “പ്രതീക്ഷ, സഹനവും മോചനവും
എന്നിവയുടെ കൂടുതല്‍ വലിയ ആഖ്യാനത്തില്‍,
പുതുകാലത്തിന്റെ
വലിയ നായ്ക്കളെ ഇഷ്ടം പോലെ മദിക്കാന്‍ വിട്ടാല്‍ സംഭവിക്കാനിടയുള്ള അപകടങ്ങളെയും
സാധ്യതയുള്ള വലിയ വിലയൊടുക്കലിനെയും കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ബലിയാട്.”
(Jonathan Amid - www.litnet.co.za/). സമകാലിക സൗത്ത്
ആഫ്രിക്കന്‍ സാഹിത്യത്തിലെ തന്നെ ലക്ഷണമൊത്ത ഒരു ‘മാക്ക്യവെല്ലിയന്‍ വില്ലന്‍’ ആയ ലിയാമിനെ പോലെ ഒരാള്‍ നിര്‍ണ്ണയിക്കുന്ന
കളിനിയമങ്ങളില്‍ സൂകോ മാത്രമല്ല ഇരയാകുന്നത്. വ്യത്യസ്ത രീതിയില്‍ അത് മാര്‍ട്ടിനെയും
ജെര്‍മെയ്നെയും ബാധിക്കുന്നുണ്ട്. പ്രസിഡന്റ് ജേക്കബ് സുമക്ക് വേണ്ടി വാദിക്കുകയും
പാര്‍ട്ടി കാര്‍ഡ് എന്ന തുരുപ്പുശീട്ടില്‍ സ്വയം വളരുകയും ചെയ്യുന്ന അയാളെ
പോലുള്ളവരാണ് പുതിയ കാലത്തെ നിര്‍ണ്ണയിക്കാന്‍ പോകുന്നത് എന്നത്, സമീപകാല സൗത്ത് ആഫ്രിക്കന്‍ സാഹചര്യം
കൃത്യമായും സാക്ഷ്യപ്പെടുത്തിയ പോലെ, ഒട്ടും നല്ല
സൂചനയല്ല.
(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – രണ്ട്
ലോഗോസ് ബുക്സ്, പേജ്: 65-74)
To purchase, contact ph.no: 8086126024
No comments:
Post a Comment