സ്വാതന്ത്ര്യത്തിന്റെ പക്ഷികള്‍ മറയുമ്പോള്‍
മൊസാംബിക്കന്‍ മാര്‍ക്സിസ്റ്റ് കവി റയി നോഗര്‍ (Rui Nogar) വിപ്ലവത്തില്‍ പങ്കെടുക്കാത്തതിനും തന്റേതല്ലാത്ത വീക്ഷണകോണില്‍
എഴുതുന്നതിനും മിയാ കൂട്ടോയെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, പുതുതായി പിറവിയെടുക്കുന്ന ദേശത്തിന്റെ ആഖ്യാതാവ് എന്ന നിലയില്‍ മിയാ
കൂട്ടോയുടെ ശക്തിതന്നെയും ഏതെങ്കിലും തത്വസംഹിതയുടെ പ്രകടമായ വിധേയത്വം
അദ്ദേഹത്തിന്റെ രചനയില്‍ ഇല്ല എന്നത് തന്നെയാണ്. യുദ്ധവും
ക്ഷാമവും വറുതിയും കൊടിയ ദാരിദ്ര്യവും അടയാളപ്പെടുത്തുന്ന ദേശാവസ്ഥയിലും ഭരണ-ഉദ്യോഗസ്ഥ തലങ്ങളില്‍ ജുഗുപ്സാവഹമാംവിധം പിടിമുറുക്കുന്ന അഴിമതിയുടെ അസംബന്ധ
കഥകള്‍ പറയാന്‍ റിയലിസം അപര്യാപ്തമാകുന്നത് ആഫ്രിക്കന്‍ എഴുത്തുകാരെ ഫാന്റസിയും
മാജിക്കല്‍ റിയലിസത്തിന്റെ ആഫ്രിക്കന്‍ വകഭേദങ്ങളും ഉപയോഗിക്കാന്‍
പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മിയാ കൂട്ടോയെ പോലുള്ള
എഴുത്തുകാരില്‍ അത് ‘അനിമിസ്റ്റ് റിയലിസം’ എന്ന രീതിയില്‍
ആവിഷ്കൃതമാകുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: “അനിമിസ്റ്റുകള്‍
എന്നാല്‍ ലോകം മുഴുവനും വ്യക്തികള്‍ നിറഞ്ഞിരിക്കുന്നു, അതില്‍ ചിലര്‍ മാത്രം മനുഷ്യരാണ്, ജീവിതമെന്നത്
ഇപ്പോഴും മറ്റുള്ളവരുമായി ബന്ധിതമായാണ് നയിക്കപ്പെടുന്നത് എന്നു തിരിച്ചറിയുന്നവരാണ്” (Graham Harvey – Animism:
Respecting the Living World). കൂട്ടോയുടെ രണ്ടാമത് നോവലായ ‘ദി ലാസ്റ്റ് ഫ്ലൈറ്റ് ഓഫ് ദിഫ്ലമിംഗോ’ ടിസംഗാരയെന്ന സാങ്കല്‍പ്പിക
പട്ടണത്തിലാണ് പശ്ചാത്തലമാക്കുന്നത്. ഇവിടെ ‘അലൌകിക
കാര്യങ്ങള്‍ മാത്രമാണ് വസ്തുതകള്‍’ എന്ന് നോവല്‍ ആദ്യമേ
പറഞ്ഞുവെക്കുന്നു. വിചിത്രമായ ഒരു അംഗഛേദത്തെ കുറിച്ച്
പറഞ്ഞു തുടങ്ങുന്ന ആദ്യ ഖണ്ഡിക തന്നെ അതിവൈചിത്ര്യത്തെയും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളെയും
സമന്വയിപ്പിക്കുന്ന മിയാ കൂട്ടോ ശൈലിയുടെ മികച്ച മാതൃക സൃഷ്ടിക്കുന്നു.
“പരുക്കന്‍ ഭാഷയില്‍
ഒട്ടും മര്യാദയില്ലാതെ പറഞ്ഞാല്‍, സംഭവിച്ചത് ഇതാണ്: ഇവിടെ ഈ ട്രങ്ക് റോഡില്‍, ടിസംഗാരക്ക് തൊട്ടു
വെളിയില്‍, ഛേദിക്കപ്പെട്ട ഒരു ലിംഗം കാണപ്പെട്ടു. സ്വതന്ത്രമാക്കപ്പെട്ട ഒരു വലിയ അവയവം. ദേശവാസികള്‍
തങ്ങളുടെ കണ്ടെത്തലില്‍ സ്തബ്ധരായി നിന്നു. എല്ലായിടത്തുനിന്നും
ആളുകള്‍ കൂടി. വസ്തുവിന് ചുറ്റും ആളുകളുടെ ഒരു വലയം
സൃഷ്ടിക്കപ്പെട്ടു. ഞാനും അവിടെ ഉണ്ടായിരുന്നു, ആള്‍ക്കൂട്ടത്തിന്റെ പിന്‍ഭാഗത്തെ അറ്റത്ത്, മിക്കവാറും
പുറത്തായി നിലയുറപ്പിച്ച്. ഇതാണെന്റെ ഉപദേശം: പിറകിലാണ് ഏറ്റം നല്ല കാഴ്ച കിട്ടുക ഒപ്പം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ.
പഴമൊഴി ശരിയാണ്: ഒരു പിന്ന് കിണറ്റില്‍
വീണാല്‍, ഒരു പാടുപേര്‍ കാണാന്‍ വരും, എന്നാല്‍ വളരേ കുറച്ചു പേരെ അതെടുക്കാന്‍ കിണറ്റില്‍ ഇറങ്ങൂ.”
ആഭ്യന്തര യുദ്ധം അവസാനിച്ചിരിക്കുന്നുവെങ്കിലും
ആഖ്യാതാവിനെ പോലുള്ള സാധാരണക്കാരെ – ‘ടിസംഗാരയുടെ പരിഭാഷകന്‍’ - സംബന്ധിച്ചിടത്തോളം
‘ഞങ്ങള്‍ക്ക് യുദ്ധം
മനസ്സിലായിരുന്നില്ല, ഇപ്പോള്‍ സമാധാനവും ഞങ്ങള്‍ക്ക് മനസ്സിലായില്ല.’
ശ്ലഥമായ നിരീക്ഷണങ്ങള്‍, റിപ്പോര്‍ട്ടുകള്‍ അഭിമുഖഖണ്ഡങ്ങള്‍, കുറിപ്പുകള്‍, കത്തുകള്‍, ചൊല്ലുകള്‍ തുടങ്ങിയ ഉറവിടങ്ങളിലൂടെ ദേശത്തിന്റെ കലുഷാവസ്ഥ നോവലിസ്റ്റ് പുനര്‍ സൃഷ്ടിക്കുന്നു. .............
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/the-last-flight-of-the-flamingo-by-mia-couto
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 139-145)
ലോഗോസ് ബുക്സ് - To purchase, contact ph.no: 8086126024)
More from Mia Couto:
Confession of the Lioness by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post_76.html
Sleepwalking Land by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post_26.html
The Tuner of Silences by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post.html
👍
ReplyDelete