Featured Post

Sunday, August 25, 2024

I, Tituba, Black Witch of Salem by Maryse Condé / Richard Philcox

 തിതൂബയുടെ കഥ: ആണ്‍കോയ്മയുടെ മതഭ്രാന്ത്‌

 


ദൌര്‍ഭാഗ്യകരമായ എന്തോ ലൈംഗികാരോപണത്തെ തുടര്‍ന്ന് റദ്ദു ചെയ്യപ്പെട്ട 2018-ലെ സാഹിത്യ നോബേലിന് പകരമായി സംഘടിപ്പിക്കപ്പെട്ട പുരസ്കാരം (New Academy Prize in Literature or the Alternative Nobel Prize) ഒടുവില്‍ നേടിയത് പേരില്‍ കരീബിയന്‍ സാഹിത്യത്തിലെ അഭിവന്ദ്യ സാന്നിധ്യമായ മറീസ് കൊണ്ടെ (1934-2024) ആണ്. മറീസ് കൊണ്ടെക്ക് പുരസ്‌കാരം നല്‍കുമ്പോള്‍ ‘ന്യു അക്കാദമി’ നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്:

“മരീസ് കൊണ്ടെ ഒരു പ്രതാപിയായ കഥാകാരിയാണ്. അവരുടെ രചനാ ലോകം വിശ്വസാഹിത്യത്തിന്റെതാണ്. അവരുടെ കൃതികളില്‍, ഒരേ സമയം കൃത്യതയാര്‍ന്നതും നിമഗ്നമാക്കുന്നതുമായ ഭാഷയില്‍ കൊളോണിയലിസത്തിന്റെയും പോസ്റ്റ്‌കൊളോണിയലിസത്തിന്റെയും കെടുതികള്‍ അവര്‍ ആവിഷ്കരിക്കുന്നു. മാന്ത്രികതയും, സ്വപ്നവും, ഭീകരതയും, പ്രണയം പോലെത്തന്നെ, എപ്പോഴും അതില്‍ സന്നിതമാണ്. ഫിക് ഷനും യാഥാര്‍ത്ഥ്യവും പരസ്പരം ഭേദിക്കുന്നു; ആളുകള്‍ നിലനില്‍ക്കുന്ന വര്‍ത്തമാനത്തില്‍ എന്ന അളവില്‍ത്തന്നെ, സങ്കീര്‍ണ്ണമായ പാരമ്പര്യമുള്ള സാങ്കല്‍പ്പിക ലോകങ്ങളിലും അധിവസിക്കുന്നു. ഹാസ്യാത്മകമായ ബഹുമാനത്തോടെ, ഒപ്പം മാനുഷിക സൗഭ്രാത്രത്തോടെയും ഊഷ്മളതയോടെയും, അവര്‍ പോസ്റ്റ്‌കൊളോണിയല്‍ ഭ്രാന്തിനെയും വിഘടനത്തെയും ദുരാചാരത്തെയും ആഖ്യാനം ചെയ്യുന്നു. അവരുടെ കഥകളില്‍ വര്‍ഗ്ഗവും വംശീയതയും ലിംഗ ഭേദവും നിരന്തരം പുതിയ ലോകക്രമങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ വൈവിധ്യത്തിന്റെ ലോകത്ത് മരിച്ചു പോയവര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് തൊട്ടരികില്‍ ജീവിക്കുന്നു.”

പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ (1962) മസാചുസെറ്റ്സിലെ സേലം പ്രവിശ്യയില്‍ ഇരുനൂറോളം സ്ത്രീകള്‍ ദുര്‍മ്മന്ത്രവാദിനീ വേട്ടക്കു വിധേയരാക്കപ്പെടുകയും അതില്‍ പത്തൊമ്പതു പേര്‍ തൂക്കിലേറ്റപ്പെടുകയും ചെയ്ത സംഭവത്തില്‍ (Salem Witch Trials) ഉള്‍പെട്ട കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയുടെ കഥ ആ ചരിത്രത്തില്‍ പോലും വലിയ തോതില്‍ തമസ്കരിക്കപ്പെട്ട ഒന്നാണ്. നാതനീല്‍ ഹോതോണിന്റെ The Scarlet Letter ഹെസ്റ്റര്‍ പ്രിന്‍ എന്ന ഇരയുടെ വീക്ഷണത്തിലൂടെ പെണ്‍പക്ഷം പിടിച്ചെങ്കിലും വംശീയപ്രശ്നമൊന്നും ഹോതോണിന്റെ വിഷയമായിരുന്നില്ല. ആര്‍തര്‍ മില്ലറുടെ The Crucible വെള്ളക്കാരനായ പുരുഷന്റെ സൃഷ്ടിയെന്ന പരിമിതി മുറിച്ചു കടന്നുമില്ല. മറീസ് കൊണ്ടെയുടെ I, Tituba, Black Witch of Salem എന്ന നോവല്‍ ചരിത്ര നോവലിന്റെ ബാധ്യതകള്‍ ഏറെയൊന്നും ഇല്ലാതെത്തന്നെ ചരിത്രത്തിന്റെ ഈ തമോഗര്‍ത്തത്തെയാണ് അനാവരണം ചെയ്യുന്നത്. വെളുത്തവരുടെ പുരുഷാധിപത്യ, ക്രിസ്ത്യന്‍ മതാധികാര ഘടനയില്‍ മുച്ചൂടും പൂണ്ടുകിടന്ന പ്യൂരിറ്റാനിക്കല്‍ പശ്ചാത്തലത്തില്‍ നടത്തപ്പെട്ട വിചാരണയില്‍ വംശീയവും ലിംഗ പരവുമായ വിവേചനങ്ങള്‍ കൂടി അധികം നേരിടേണ്ടി വന്ന തിതൂബയെന്ന കഥാപാത്രത്തിന്റെ ആത്മീയവും വംശീയവും ലിംഗസ്വത്വപരവുമായ അസ്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും പരിണാമങ്ങളും അവതരിപ്പിക്കുന്നതിലൂടെ കറുത്ത വര്‍ഗ്ഗക്കാര്‍, സ്ത്രീകള്‍, ഇതര മത വിശ്വാസികള്‍ എന്നിങ്ങനെ നിശ്ശബ്ദരാക്കപ്പെട്ട ന്യൂന പക്ഷങ്ങള്‍ക്ക് ശബ്ദം നല്‍കുകയാണ് മറീസ് കൊണ്ടെ ചെയ്യുന്നത് എന്ന് നോവലിന്റെ ആമുഖത്തില്‍ അമേരിക്കന്‍ ആക്റ്റിവിസ്റ്റ് ഏഞ്ചലാ ഡേവിസ് നിരീക്ഷിക്കുന്നു.

തിതൂബയുടെ പ്രഥമ വ്യക്തിക (first person) ആഖ്യാനത്തിലൂടെ പറയപ്പെടുന്ന കഥ ആരംഭിക്കുന്നത്, ബാര്‍ബഡോസിലേക്കുള്ള ആഫ്രിക്കന്‍ അടിമക്കപ്പലില്‍ വെച്ചു ഇംഗ്ലീഷുകാരനായ നാവികന്റെ ബലാല്‍ക്കാരത്തിനു ഇരയയാകുന്ന അഷാന്റി (Ashanti: ethnic, natives of the Ashanti Region of British Gold Coast which is modern-day Ghana) യുവതി അബീനയെ കുറിച്ചും അങ്ങനെ തന്റെ ജന്മത്തെ കുറിച്ചും പറഞ്ഞുകൊണ്ടാണ്. ബാര്‍ബഡോസിലെത്തുമ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന ഉടമ  അവളെ യാവോ എന്ന അടിമക്കു നല്‍കുന്നു. സ്നേഹ ധനനായ യാവോയോടൊത്തുള്ള ജീവിതം പക്ഷെ യജമാനന അയാളെ മറ്റൊരു പ്ലാന്റര്‍ക്ക് വിറ്റു കളയുന്നതോടെ അവസാനിക്കുന്നു. യാവോയാകട്ടെ, അബീനയുടെ വധത്തിനു ശേഷം സ്വയം അവസാനിപ്പിക്കുകയും ചെയ്യും. തിതൂബയുടെ കുട്ടിക്കാലത്തെ മറ്റൊരു പൊള്ളുന്ന അനുഭവം എഴാം വയസ്സില്‍ സാക്ഷിയാകെണ്ടിവന്ന സ്വന്തം അമ്മയുടെ തൂക്കിക്കൊലയാണ്. വെള്ളക്കാരനായ ഉടമയുടെ ലൈംഗിക അതിക്രമത്തെ ചെറുത്തതിനുള്ള ശിക്ഷ. തുടര്‍ന്ന് പ്രദേശത്തെ പേരുകേട്ട മന്ത്രവാദ ചികിത്സകയും മരിച്ചവരുമായി സംസാരിക്കുന്ന സിദ്ധികള്‍ ഉള്ളവളുമായ മുതിര്‍ന്ന സ്ത്രീ മാമാ യായായുടെ സംരക്ഷണയില്‍ എത്തിച്ചേരുന്ന തിതൂബ അവരില്‍ ആ സിദ്ധികള്‍ സ്വായത്തമാക്കിക്കൊണ്ടാണ് വളരുന്നത്‌. തിതൂബയുടെ പതിനാലാം വയസ്സില്‍ സംഭവിക്കുന്ന മാമാ യായായുടെ മരണ ശേഷം തനിച്ചൊരു ഫാമില്‍ താമസമാക്കുന്ന തിതൂബക്ക് അമ്മയുടെയും യാവോയുടെയും വളര്‍ത്തമ്മയുടെയും ആത്മാക്കളാണ് കൂട്ടും സംരക്ഷണവും. എന്നാല്‍ ഈ ആത്മ സാന്നിധ്യങ്ങളുടെ മുന്നറിയിപ്പു വക വെക്കാതെ സുമുഖനും കൊതിപ്പിക്കുന്നവനുമായ ജോണ്‍ ഇന്ത്യന്‍ എന്ന അടിമ യുവാവുമായി തിതൂബ പ്രണയത്തിലാകുന്നു. അയാളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹമാണ് ആരുടേയും അടിമയല്ലാത്ത തിതൂബയെ ഫലത്തില്‍ അയാളുടെ ഉടമയായ സുസാന എന്‍ഡിക്കോട്ടിനു വിധേയയാക്കുന്നത്. തന്റെ സ്വാതന്ത്യത്തിന്റെ അന്ത്യം ദുസ്സഹമാകുന്ന ഒരു ഘട്ടത്തില്‍ തന്റെ സിദ്ധികള്‍ ഉപയോഗിച്ച് തനി മാടമ്പി സ്വഭാവമുള്ള സുസാനയെ അപായപ്പെടുത്താന്‍ പോലും ശ്രമിക്കുന്ന തിതൂബക്ക് പക്ഷെ വലിയ തിരിച്ചടി നേരിടേണ്ടി വരുന്നു. ജോണിനെ കടുത്ത മത മൗലികവാദിയായ പാസ്റ്റര്‍ സാമുവേല്‍ പാരീസിനു സുസാന വിറ്റുകളയുന്നതാണ് ഇരുവരെയും മാസച്ചുസെറ്റ്സില്‍ എത്തിക്കുക. മന്ത്രവാദത്തിനും ചികിത്സക്കും തിതൂബയെ ആശ്രയിക്കുമ്പോള്‍ തന്നെ കടുത്ത പ്യൂരിറ്റാനിക്കല്‍ വിശ്വാസികളും അതിലേറെ അന്ധവിശ്വാസികളുമായ നാട്ടുകാര്‍, അവളുടെ ‘ദുര്‍മ്മന്ത്രവാദിനീ പരിവേഷത്തില്‍ അങ്ങേയറ്റം ചകിതരുമാണ്. സാമുവേല്‍ പാരീസിന്റെ അനന്തിരവള്‍ അബിഗേലിന്റെ ഇടപെടല്‍ എന്ന് തിതൂബ ശങ്കിക്കുന്ന കാരണങ്ങളാല്‍ സാത്താന്റെ അനുചരരായ ദുര്‍മ്മന്ത്രവാദിനികളുടെ കൂട്ടത്തില്‍ പെട്ടവള്‍ എന്ന കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെടുന്നതാണ് സേലം വേട്ടയില്‍ അവളെ ഉള്‍പ്പെടുത്തുക. കുറ്റമേല്‍ക്കുന്നതിലൂടെ മാപ്പു ലഭിച്ചേക്കാം എന്ന ജോണിന്റെ ഉപദേശം ചെവിക്കൊള്ളുന്ന തിതൂബയെ കാത്തിരിക്കുന്നത്, സ്വന്തം തടി രക്ഷിക്കാനുള്ള ബദ്ധപ്പാടില്‍ തന്നെ കയ്യൊഴിയുന്ന ഭര്‍ത്താവിന്റെ കൊടുംചതിയാണ്. തടവറയില്‍ വെച്ചു തിതൂബ ഹോതോണിന്റെ ക്ലാസിക്കിലെ വിവാഹേതര ബന്ധത്തില്‍ ഗര്‍ഭിണിയായ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന ഹെസ്റ്റര്‍ പ്രിന്നിനെ കണ്ടു മുട്ടുന്നുണ്ട്. സ്ത്രീപക്ഷ ചിന്തകളുടെ പ്രാഗ് രൂപമായ സംഭാഷണത്തില്‍ ഹെസ്റ്റര്‍ തന്റെ തെറ്റില്‍ പുരുഷന്റെ പങ്കാളിത്തം അവഗണിച്ചു തനിക്ക് നല്‍കപ്പെട്ട ശിക്ഷയുടെ ഏകപക്ഷീയതക്കെതിരെ രോഷം കൊള്ളുന്നു. വ്യഭിചാരിണി എന്ന നിലയില്‍ ‘A’ എന്ന മുദ്ര ധരിക്കണമെന്ന ശിക്ഷ വിധിക്കപ്പെടുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന ഹെസ്റ്റര്‍, ഹോതോണിന്റെതല്ല; അവള്‍ മറീസ് കൊണ്ടെയുടെ മാനസ പുത്രി തന്നെയാണ്.

ജൂതന്‍ എന്ന നിലയില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ തന്നെയാവാം ബെഞ്ചമിന്‍ കോഹന്‍ ഡാസവേദോ എന്ന വ്യാപാരിയെ തിതൂബയുടെ മോചനം സാധ്യമാക്കാന്‍ പ്രേരിപ്പിക്കുന്നത്. തുടര്‍ന്ന് വിഭാര്യനായ ബെഞ്ചമിന്‍ തന്റെ ഒമ്പത് മക്കളുടെ സംരക്ഷണം കൂടി മുന്നില്‍ കണ്ടു തിതൂബയെ സ്വന്തമാക്കുന്നു. പ്യൂരിറ്റന്‍ സമൂഹത്തില്‍ മതപരവും സാംസ്കാരികവുമായി ഇരുവരും അനുഭവിക്കുന്ന ഒറ്റപ്പെടല്‍ തന്നെയാണ് അവരെ അടുപ്പിക്കുന്നത്. ഇരുവര്‍ക്കും ഇടയില്‍ തീവ്രമായൊരു ലൈംഗിക ബന്ധം ആരംഭിക്കുന്നത് കടുത്ത ജൂതവിരുദ്ധരുടെ ആക്രമണത്തില്‍ അയാളുടെ ബിസിനസ്സ് തകരുകയും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ്‌ അവസാനിക്കുക. കൂടുതല്‍ സഹിഷ്ണുതയുള്ള ദേശമെന്നു കരുതപ്പെടുന്ന റോഡ്‌ ദ്വീപിലേക്ക് പോകും മുമ്പ് കോഹന്‍ തിതൂബയെ സ്വതന്ത്രയാക്കുകയും അവളുടെ നാടായ ബാര്‍ബഡോസിലേക്ക് തിരികെ അയക്കുകായും ചെയ്യുന്നു. അവിടെ മുന്‍ ആഫ്രിക്കന്‍ അടിമകളുടെ പിന്‍ മുറക്കാരായ മരൂണുകള്‍ക്കും റിബലുകള്‍ക്കും ഇടയില്‍ താനൊരു ഇതിഹാസമായി മാറിയിര്‍ക്കുന്നുവെന്നു തിതൂബ കണ്ടെത്തുന്നു. ആദ്യം അവള്‍ സ്വാഗതം ചെയ്യപ്പെടുന്നു. എന്നാല്‍ അവരുടെ അനിയന്ത്രിതമായ അക്രമ വാസനയുമായി പൊരുത്തപ്പെടാനാവാതെ തിതൂബ തന്റെ ഫാമിലേക്ക് തിരിച്ചു പോകുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ കേടുപാടുകള്‍ കൂടാതെ ഫാം അവിടെയുണ്ടായിരുന്നു എന്നത് അവള്‍ക്ക് ആശ്വാസകരമായി അനുഭവപ്പെടുന്നുണ്ട്. ലൈംഗികാഭിനിവേശം വേണ്ടുവോളം ഉള്ളവളായിത്തന്നെയാണ് തിതൂബയെ നോവലിസ്റ്റ് ചിത്രീകരിക്കുന്നത് എന്നത് ഇതു ഘട്ടത്തിലും അത്തരം ബന്ധങ്ങളില്‍ ചെന്ന് പെടുന്ന അവളുടെ പ്രകൃതത്തില്‍ വ്യക്തമാണ്. ബാര്‍ബഡോസില്‍ ആദ്യം ക്രിസ്റ്റഫര്‍ എന്ന മരൂണ്‍ വിപ്ലവ നായകനോടുണ്ടാകുന്ന ബന്ധം അതീവ ഹ്രസ്വമായിരിക്കുമെങ്കിലും വൈകാതെ അവള്‍ മറ്റൊരു ബന്ധത്തിലും എത്തിപ്പെടുന്നു. ക്രിസ്റ്റഫറില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന തിതൂബ, അയാളുടെ ഒറ്റില്‍തന്നെയാണ് കൊലക്കയറിലേക്ക് എത്തുന്നതും. റിബലുകള്‍ തിതൂബയുടെ അരികിലെത്തിക്കുന്ന മുറിവേറ്റ നവയുവാവ് ഇഫിജീനെയെന്ന ചെറുപ്പക്കാരനുമായുണ്ടാകുന്ന സൗഹൃദം ഒരേസമയം അവള്‍ക്കൊരു മകനെയും കാമുകനെയുമാണ്‌ നല്‍കുന്നത്. അതെ സൗഹൃദം തന്നെയാണ് അവളെ വെള്ളക്കാര്‍ക്കെതിരായ കലാപത്തിന്റെ സഹാകാരിയാക്കുന്നതും. ഇഫിജീനെയുടെയും കൂട്ടരുടെയും പദ്ധതി ഏതാണ്ട് വിജയപ്രതീക്ഷ നല്കിത്തുടങ്ങുന്ന ഘട്ടത്തില്‍ പക്ഷെ, തിതൂബക്ക് അപശകുന സൂചനകള്‍ ലഭിക്കുന്നുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്ക് തിതൂബയും ഇഫിജീനെയും എത്തിപ്പെടുന്നത് അവളുടെ ഭയപ്പാടുകളുടെ പൂര്‍ത്തീകരണമാണ്..   

രണ്ടു ഭാഗങ്ങളായി ആഖ്യാനം ചെയ്യപ്പെടുന്ന നോവലില്‍ ആദ്യഭാഗം തിതൂബയുടെ ജനനം മുതല്‍ അവള്‍ സേലത്ത് എത്തുന്നതു വരെയുള്ള കഥയും രണ്ടാം ഭാഗത്ത് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ബാര്‍ബഡോസില്‍ വെച്ച് അവള്‍ തൂക്കിലേറ്റപ്പെടുന്നത് വരെയുള്ള കഥയുമാണ് ആവിഷ്കരിക്കുന്നത്. നോവലിന്റെ ഹ്രസ്വമായ പരിസമാപ്തി അധ്യായത്തില്‍ തിതൂബ മരണാന്തരം നടത്തുന്ന ആഖ്യാനത്തില്‍ ആത്മാവെന്ന നിലയില്‍ തന്റെ നിലനില്‍പ്പ്‌ സംതൃപ്തമാണെന്നു പ്രഖ്യാപിക്കുന്നതോടൊപ്പം കറുത്ത വഗ്ഗക്കാര്‍ക്ക് ശുഭകരമായ ഒരു ഭാവിയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ തിതൂബയുടെ ചരിത്രത്തെ കുറിച്ചുള്ള ഒരൊറ്റപ്പേജ് വിവരണവും നോവലിസ്റ്റ് നല്‍കുന്നു.

ചരിത്ര നോവല്‍ എന്ന ബാധ്യത അത്രയൊന്നും പേറുന്നില്ലാത്ത നോവലില്‍ പക്ഷെ തിതൂബയെ കൂടാതെ തന്നെ ചില കഥാപാത്രങ്ങള്‍ക്ക് തികഞ്ഞ ചരിത്ര വേരുകളുണ്ട്. ഉദാഹരണത്തിന് സേലം ദുര്‍മ്മന്ത്രവാദിനീ വേട്ടയില്‍ പ്രധാന പ്രതിനായകന്‍ ആയിരുന്ന പ്യൂരിറ്റന്‍ പാസ്റ്റര്‍ സാമുവേല്‍ പാരീസ് അതെ പേരില്‍ നോവലില്‍ കടന്നു വരുന്നുണ്ട്. സേലത്ത് എത്തുന്ന ആദ്യ നാളുകളില്‍ അമിത ആത്മവിശ്വാസത്തോടെ പാസ്റ്ററുടെ ഭാര്യയേയും മകളെയും ചികിത്സിക്കാനും മറ്റും തയ്യാറാകുന്ന തിതൂബയുടെ ചെയ്തികള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് തന്നെയാണ്. വിചാരണ വേലയുടെ ആവിഷ്കാരത്തിലും നോവലിസ്റ്റ് ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഏറെ കൃത്യമായി പിന്തുടരുന്നുണ്ട്. യഥാര്‍ത്ഥ  തിതൂബയുടെ സത്യ വാങ്മൂലത്തെ അപ്പടി ഉപയോഗിക്കുകയാണ് ഈ ഭാഗത്ത്. എന്നാല്‍ ജയില്‍ മുറിയില്‍ ഹെസ്റ്റര്‍ പ്രിന്‍ എന്ന ഫിക് ഷനല്‍ കഥാപാത്രത്തോടൊപ്പമാണ് തിതൂബ കഴിയുന്നത്‌. ചരിത്രത്തിന്റെ ഒരു ചട്ടക്കൂട് ഉപയോഗികുന്നതിനപ്പുറം ബാക്കിയെല്ലാം കൃതഹസ്തയായ എഴുത്തുകാരിയുടെ സൃഷ്ടിയാണ് എന്ന് കാണാം. സ്ത്രീയുടെ അടിമത്ത  അനുഭവത്തിന്റെയും സ്വന്തം ലൈംഗികതയും ഔഷധസിദ്ധിയും ഉപയോഗിച്ചു ആരാധനയുടെയും ഒപ്പം ഭയപ്പാടിന്റെയും നിഗൂഡ പാത്രമായിത്തീരുന്നതിന്റെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കാന്‍ തിതൂബയുടെ കഥ നോവലിസ്റ്റിനു ഒരു കാന്‍വാസ് ആയി മാറുകയാണ്. ആന്‍ പെട്രിയുടെ Tituba of Salem Village, ആര്‍തര്‍ മില്ലറുടെ The Crucible എന്നീ കൃതികളൊക്കെ തന്നെ നിരാശപ്പെടുത്തിയതിനെ കുറിച്ച് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആന്‍ ആംസ്ട്രോങ്ങ്‌ സ്കാര്‍ബോറോയുമായുള്ള അഭിമുഖത്തില്‍ നോവലിസ്റ്റ് തുറന്നു പറയുന്നുണ്ട്: മില്ലറുടെ വീക്ഷണം വെള്ളക്കാരനായ പുരുഷന് കറുത്ത വര്‍ഗ്ഗസ്ത്രീയെ ശ്രദ്ധിക്കാനാവില്ല എന്ന നിലയില്‍ അവര്‍ വിലയിരുത്തുമ്പോള്‍, ആന്‍ പെട്രിയുടെ കൃതി മടുപ്പിക്കും വിധം പ്രത്യാശാഭാരിതമായിരുന്നു എന്ന്‍ അവര്‍ക്ക് അനുഭവപ്പെട്ടു. “യുവ ജനങ്ങള്‍ക്ക് റോള്‍ മോഡലുകളെ നല്‍കുന്നതില്‍ എനിക്കു താല്പര്യമില്ല.” പകരം തിതൂബക്ക് അവളുടെ ഭൂതകാലവും ഭാവിയും മാത്രമല്ല, കര്‍തൃത്വം തന്നെ തിരികെ നല്‍കുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ‘ക്രൈസ്റ്റ്, ദി കിംഗ്‌ എന്ന് വിരുദ്ധോക്തിയില്‍ നാമകരണം ചെയ്ത അടിമക്കപ്പലിന്റെ ഡക്കില്‍ വെറുപ്പിന്റെയും കയ്യേറ്റത്തിന്റെയും പ്രവര്‍ത്തിയില്‍ നിന്നാണ് താന്‍ പിറവിയെടുത്തത് എന്ന് നോവലില്‍ ആദ്യമേ തിതൂബ പറഞ്ഞുവെക്കുന്നുണ്ട്. ഒരു മന്ത്രവാദിനി ചികിത്സക ആകുന്നതില്‍ എന്താണ് തെറ്റെന്നു കൊട്ടിഘോഷിക്കപ്പെടുന്ന വേട്ടയെ തിതൂബ ചോദ്യം ചെയ്യുന്നു. “എന്താണ് ഒരു മന്ത്രവാദിനി? .. അദൃശ്യ ലോകത്തോട്‌ ആശയ വിനിമയം സാധിക്കുന്നത്, മരിച്ചവരോട് നിരന്തരം ബന്ധം പുലര്‍ത്തുന്നത്, മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതും സുഖപ്പെടുത്തുന്നതും, അതൊക്കെ ബഹുമാനവും ആരാധനയും കൃതജ്ഞതയും പ്രചോദിപ്പിക്കുന്ന മഹത്തായ സിദ്ധിയല്ലേ? അതുകൊണ്ടുതന്നെ, മന്ത്രവാദിനി .. ഭയപ്പെടെണ്ടവള്‍ എന്നതിലേറെ മാനിക്കപ്പെടെണ്ടവളല്ലേ?” ബാര്‍ബഡോസില്‍ തിരിച്ചെത്തുമ്പോള്‍ തിതൂബയുടെ സിദ്ധികളെ ഒരു വിമോചന മാര്‍ഗ്ഗമായി കാണുന്ന ഘട്ടത്തെ കുറിച്ച് അഭിമുഖത്തില്‍ അവര്‍ നിരീക്ഷിക്കുന്നത് ഇത്തിരി വൈരുധ്യം നിറഞ്ഞ രീതിയിലാണ്: തിതൂബയെ വല്ലാതങ്ങ് ഗൌരവത്തില്‍ എടുക്കല്ലേ.. തിതൂബയെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാരഡിയുടെ ഘടകം വളരെ പ്രധാനമാണ്.” 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 103-109) 

Also read:

The Memory of Love by Aminatta Forna

https://alittlesomethings.blogspot.com/2016/10/blog-post_45.html

 

Ummath: A Novel of Community and Conflict  by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html

No comments:

Post a Comment