ലിംഗ നീതിയുടെ ചകിത സ്ഥലികള്‍
പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളുടെ ആധാര ഗ്രന്ഥങ്ങളില്‍
ഒന്നായ ഫ്രാന്‍സ് ഫാനന്റെ The Wretched of the Earth എന്ന
പുസ്തകത്തിനു എഴുതിയ ആമുഖത്തില്‍ സാര്‍ത്ര് നടത്തുന്ന നിരീക്ഷണമാണ് "'ആദിമ നിവാസികളുടെ' അവസ്ഥ എന്നത് കൊളണീകൃത ജനതയില്‍ അവരുടെ സമ്മതപ്രകാരം കുടിയേറ്റക്കാര്‍
കൊണ്ടുവരികയും നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു ചകിതാവസ്ഥ (nervous condition) ആണ്"എന്നത്.
കൊളോണിയല്‍ ഭരണകൂടങ്ങളുടെ കീഴില്‍ ആഫ്രിക്കന്‍ ജനത എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെട്ടത്
എന്നതിനെ കുറിച്ച് ഫ്രാന്‍സ് ഫാനന്‍ നടത്തുന്ന അന്വേഷണങ്ങളെ അതിനോട് കറുത്ത വര്‍ഗ്ഗ
സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ലിംഗ പരമായ ചൂഷണത്തിന്റെ കൂടി ഇരട്ട പ്രഹരത്തെ
ചേര്‍ത്തു വെച്ച് ഈ 'ചകിതാവസ്ഥ'യെ
നിരീക്ഷിക്കുകയാണ് സിറ്റ്സി ദംഗരംബ Nervous Conditions എന്ന തന്റെ
വിഖ്യാത നോവലില്‍. സിംബാബ് വേ (അന്ന് റൊഡേഷ്യ) സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി
വന്ന അടിച്ചമര്‍ത്തലിനെ കുറിച്ച് നോവലിലെ കേന്ദ്ര കഥാപാത്രമായ റ്റംബുവിന് അവളുടെ
മുത്തശ്ശി പകര്‍ന്നു നല്‍കുന്ന 'ചരിത്ര പാഠങ്ങള്‍ ' തന്നെയാണ് അവളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നതും നോവലിന്റെ കേന്ദ്ര
പ്രമേയമായി വികസിക്കുന്നതും. 1980 -ല്‍ റോബര്‍ട്ട്
മുഗാബെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അമ്പത് ശതമാനത്തിലേറെ വോട്ടു ചെയ്തത് സ്ത്രീകള്‍
ആയിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അധികാരങ്ങള്‍ ഒന്നുമില്ലാത്ത
വെറും ആലങ്കാരിക സ്ഥാനക്കാര്‍ ആയാണ് അവര്‍ ഭരണകൂട ഇടങ്ങളില്‍ അവരോധിക്കപ്പെട്ടത്.
അതുകൊണ്ട് തന്നെ ദംഗരംബയുടെ കൃതി ഏറ്റവും പ്രസക്തമായ
ഒന്നായി ആലിസ് വാക്കറെയും ഡോറിസ് ലെസ്സിങ്ങിനെയും പോലുള്ള പ്രതിഭകള്‍ അന്ന് തന്നെ
തിരിച്ചറിഞ്ഞു.
മുതിര്‍ന്നു
വരവിന്റെ കഥ
അറുപതുകളുടെ
കൊളോണിയല്‍ റൊഡേഷ്യയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്നു വരവിന്റെ കഥയായി (buildungsroman) വികസിക്കുന്ന ഇതിവൃത്തത്തില്‍ ടീനേജുകാരിയായ റ്റംബുദ് സായ് എന്ന റ്റംബു കഥ
പറഞ്ഞു തുടങ്ങുന്നത് തന്നെ ഒരു കുറ്റസമ്മതത്തോടെയാണ്:
“എന്റെ സഹോദരന്‍ മരിച്ചപ്പോള്‍
ഞാന്‍ ദുഃഖിതയായിരുന്നില്ല.”
ഒറ്റനോട്ടത്തില്‍
ക്രൂരമെന്നു തോന്നാവുന്ന ഈ പ്രതികരണത്തിലേക്ക് അവളെ എത്തിക്കുന്ന സാമൂഹികവും
ലിംഗനീതി സംബന്ധവുമായ ദാരുണ യാഥാര്‍ത്ഥ്യങ്ങളാണ് നോവലിന്റെ കാതല്‍. തുടര്‍ന്ന്
നടത്തുന്ന എഴുത്ത് വേറൊരു ഇടത്തില്‍ മറ്റൊരു രീതിയില്‍ ജീവിതത്തെ
മനസ്സിലാക്കിക്കൊണ്ടാണ് എന്ന് അവള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ആ
സംഭവമായിരുന്നു ഈ കഥ പറയല്‍ സാധ്യമാക്കിയത് എന്ന് അവള്‍ ഏറ്റുപറയുന്നു. ദരിദ്ര ചുറ്റുപാടുകളില്‍ വലിയ മോഹങ്ങളില്ലാതെ കഴിയുന്ന കുടുംബത്തില്‍
കുട്ടികളുടെ വിദ്യാഭ്യാസം പ്രാഥമിക തലത്തിനപ്പുറം സ്വപ്നം പോലുമല്ലായിരുന്നു. പിതാവ് ജറെമിയായുടെ സഹോദരന്‍ ബാബാമുകുറുവിന്റെത് പക്ഷെ മിഷനറി
വിദ്യാഭ്യാസവും തുടര്‍ന്ന് സൌത്ത് ആഫ്രിക്കയിലും അതിനു ശേഷം ഇംഗ്ലണ്ടിലും നടത്തിയ
യൂണിവേഴ്സിറ്റി പഠനവും ചേര്‍ന്നുള്ള വിജയ കഥയായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, 1965-ല്‍, തിരികെയെത്തുന്ന
ബാബാമുകുറുവിന്റെ സഹായമാണ് റ്റംബുവിന്റെ ജ്യേഷ്ടന്‍ ങ്ഹാമോയെ തുടര്‍പ്പഠനത്തിനായി
അദ്ദേഹം തന്നെ ഹെഡ് മാസ്റ്റര്‍ ആയ മിഷനറി സ്കൂളില്‍ എത്തിച്ചത്. ആണ്‍കുട്ടിയായതാണ് ആ അവസരം അവനു നല്‍കുന്നതും. എട്ടാം
വയസ്സില്‍ തന്നെ അതിശക്തമായ ഒരു സ്ത്രീ അവബോധം റ്റംബുവില്‍ ഉരുവാകുന്നത്
കാണാനാകും. അവള്‍ക്കാകെ വേണ്ടിയിരുന്നത് തന്റെ
അസ്ഥിത്വം സ്ഥാപിക്കുക എന്നതായിരുന്നു; ഒരു
വ്യക്തിയായിത്തീരുകയും തന്റെ ആഗ്രഹങ്ങളെയും സഹോദരന്റെ ആഗ്രഹങ്ങള്‍ക്ക് നല്‍കുന്ന
അതെ ഗൌരവത്തില്‍ പരിഗണിക്കപ്പെടുകയും ചെയ്യുക എന്നതുമായിരുന്നു; തുല്യയായിരിക്കുക അഥവാ, ലിംഗസ്വത്വത്തിന്റെ
പേരില്‍ പരിഗണിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യാതിരിക്കുക എന്നതായിരുന്നു.
“ഫെമിനിസ്റ്റ്. ലിംഗ സ്വത്വങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സമത്വത്തില്‍
വിശ്വസിക്കുന്നയാള്‍" എന്ന ചിമമാന്‍ഡാ അദീചിയുടെ
നിര്‍വ്വചനത്തിന്റെ പരിധിയില്‍ അവള്‍ അന്നേ അടയാളപ്പെടുന്നുണ്ട്.
“എന്റെ കുടുംബത്തിലെ സ്ത്രീകളുടെ
ആവശ്യങ്ങളും മനോവ്യാപാരങ്ങളും ഒരു മുനഗണനയായിരുന്നില്ല, അത് വിഹിതം പോലുമായിരുന്നില്ല.”
എല്ലാ
ചോദ്യങ്ങളും ഇപ്പോഴും ഇക്കാര്യത്തില്‍ വന്നുമുട്ടുന്നത് ചെറുപ്പം തൊട്ടേ റ്റംബു
തിരിച്ചറിഞ്ഞിരുന്നു:
"പക്ഷെ എനിക്കിഷ്ടമാകാതിരുന്ന
കാര്യം പെണ്ണായിരിക്കുക എന്ന ഈ പ്രശ്നത്തിലേക്ക് എല്ലാ സംഘര്‍ഷങ്ങളും
തിരിച്ചെത്തിയ രീതിയായിരുന്നു. പെണ്ണായിരിക്കുക
എന്നത് ആണായിരിക്കുക എന്നതിന്റെ വിപരീതവും അതിനേക്കാള്‍ വിലകുറഞ്ഞതും ആയിരിക്കുക.”
റ്റംബുവിനാകട്ടെ, സ്വന്തം
സ്കൂള്‍ ചിലവിനു പണം കണ്ടെത്താന്‍ ചോളക്കച്ചവടം ചെയ്യേണ്ടി വരുന്നു. അത് പെണ്‍കുട്ടികള്‍ എന്ത് ചെയ്യണം, ചെയ്യരുത്
എന്നതിനെ കുറിച്ചുള്ള പിതാവിന്റെ വിധിവിലക്കുകള്‍ക്ക് എതിരെയുള്ള അവളുടെ ആദ്യ
പ്രതിഷേധവുമായി കാണാം. ഒട്ടുമിക്കപ്പോഴും അവളാ
പ്രതിഷേധത്തില്‍ തനിയെയാണ്. അമ്മയുടെ കാര്യമാകട്ടെ,
"ജീവിതത്തിന്റെ അധിക
ഭാഗവും അവരുടെ പിതാവിനും പിന്നീട് ഭര്‍ത്താവിനും ഉടമപ്പെട്ടതായിരുന്ന എന്റെ
അമ്മയുടെ മനസ്സ് സ്വയം തീരുമാനമെടുക്കാന്‍ പറ്റും വിധം അവരുടെതായിരുന്നില്ല.”
കറുത്തവള്‍
എന്ന സ്വത്വം, ദാരിദ്ര്യം, സ്ത്രീത്വം എന്നിവ കൂടിക്കലരുന്ന
ജീവിതാവസ്ഥയില്‍ അവ മൂന്നും തന്നെയാണ് അവളുടെ വിമോചക ശ്രമങ്ങള്‍ക്ക് വിഘാതമാകുക. എന്നാല്‍ സഹോദരന് ഇവയില്‍ രണ്ടു ഘടകങ്ങളെ നേരിട്ടാല്‍ മതി- ദാരിദ്ര്യത്തിന്റെയും കറുത്തവന്റെ സ്വത്വത്തിന്റെയും. ആണാണ് എന്ന വസ്തുത വിദ്യാഭ്യാസത്തിനും അതുവഴി ദാരിദ്ര്യത്തെ
നേരിടുന്നതിനും അവനൊരു അവസരം ഒരുക്കുകയും ചെയ്യുന്നു. നോവലില്‍
ഉടനീളം തന്റെ കുടുംബം മുങ്ങിക്കിടക്കുന്ന പുരുഷാധിപത്യ ക്രമത്തിന്റെ പാഠങ്ങളെ
തീക്ഷണമായി നിരാകരിക്കുക എന്നത് റ്റംബുവിന്റെ ജീവിത സര്‍വ്വസ്വമായിത്തീരുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസവും സമ്പന്ന കുടുംബപശ്ചാത്തലവും ഉണ്ടായിട്ടും മായ് ഗുരു
അമ്മായിയുടെ ജീവിതം പീഡിതമാകുന്നതെങ്ങനെ എന്ന കണ്മുന്നിലെ അനുഭവം, മുന്‍ സൂചിതമായ മൂന്നു അടിച്ചമര്‍ത്തല്‍ ഘടങ്ങളും ഒരൊറ്റ വസ്തുതയിലേക്ക്
ചുരുങ്ങുന്നത് അവള്‍ അറിയുന്നുണ്ട്- സ്ത്രീയെന്ന ലിംഗ
വിവേചനം.
“ഞാന്‍ കണ്ട ഇരയാക്കപ്പെടല്‍ സാര്‍വ്വ
ലൌകികമായിരുന്നു. അത് ദാരിദ്യത്തെയോ വിദ്യാഭ്യാസമില്ലായ്മയെയോ, പാരംപര്യത്തെയോ ആശ്രയിച്ചായിരുന്നില്ല. അതെന്തിനെ
ആശ്രയിച്ചിരിക്കുന്നു എന്ന് ഞാന്‍ കരുതിയിരുന്നുവോ ആശ്രയിച്ചയിരുന്നില്ല അത്. പുരുഷന്മാര്‍ എല്ലായിടത്തും അതവരുടെ കൂടെ കൊണ്ടുപോയി.”
വിദ്യാഭ്യാസം
തുറക്കുന്ന വാതില്‍
മുന്നോട്ടു
പോകാനും സ്വയം ആവിഷ്കരിക്കാനുമുള്ള റ്റംബുവിന്റെ ആദ്യപടിയായ വിദ്യാഭ്യാസം നേടല്‍
കുടുംബത്തിന്റെ സഹായത്തോടെയല്ല അവള്‍ക്ക് സാധ്യമാകുന്നത്. ഒരു ഘട്ടത്തില്‍പഠിക്കേണ്ട
പ്രായമുള്ള കൊച്ചു പെണ്‍കുട്ടിയില്‍ നിന്ന് ചോളം വാങ്ങാന്‍ വിസമ്മതിച്ച
വെള്ളക്കാരായ ദമ്പതികള്‍ നല്‍കുന്ന പത്തു പൌണ്ടിന്റെ സഹായം അതിനു വേണ്ടി അവകാശവാദം
ഉന്നയിക്കുന്ന പിതാവിനെ മറികടന്നു അവളുടെ തുടര്‍പഠന ചിലവുകള്‍ക്കായി സ്കൂള്‍ ഹെഡ്
മാസ്റ്ററെ ഏല്‍പ്പിക്കുന്നത് അവളുടെ അധ്യാപകനായ മി. മതിംബയാണ്. അതാണ് അവള്‍ക്ക് പ്രാഥമിക തലത്തിലെങ്കിലും തുടര്‍പഠന അവസരം നല്‍കുന്നതും. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ദുരൂഹമായ രീതിയില്‍ അസുഖ ബാധിതനായി സഹോദരന്‍
മരിക്കുമ്പോള്‍ മിഷനറി വിദ്യാഭ്യാസത്തിനുള്ള അവസരം തനിക്കു ലഭിക്കുമെന്നതാണ് നോവല്‍
ആരംഭത്തില്‍ പറയുന്ന വിധത്തില്‍ റ്റംബുവിനെ സന്തോഷിപ്പിക്കുന്നത്. ആഗ്രഹങ്ങളില്ലാത്ത ജറെമിയയിലൂടെ കുടുംബത്തിനു കൈവരാനിടയില്ലാത്ത വിജയങ്ങള്‍
അടുത്ത തലമുറയിലൂടെയെങ്കിലും കൈവരിക്കാന്‍ സഹായിക്കുക എന്ന ബാബാമുകുറുവിന്റെ
ചിന്തയാണ്, പെണ്‍കുട്ടികള്‍ വിവാഹം ചെയ്തു
പോകാനുള്ളതാണ് എന്നിരിക്കിലും ങ്ഹാമോയുടെ മരണ ശേഷം റ്റംബുവിനുള്ള അവസരമാകുന്നത്. പെണ്‍മകള്‍ വീടുവിട്ടു പോകുന്നത് ഉള്‍കൊള്ളാനാകാതെ ഭക്ഷണം പോലും കഴിക്കാന്‍
വിസമ്മതിക്കുന്ന അമ്മ മാ ഷിംഗായി പരമ്പരാഗത മൂല്യങ്ങളിലെ സ്ത്രീ വിരുദ്ധതയുടെ
ആന്തരവല്‍ക്കരണത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. ബാബാമുകുറുവിന്റെ ഭാര്യയും
റ്റംബുവിന്റെ അമ്മായിയുമായ മായ് ഗുരു ഫിലോസഫിയില്‍ മാസ്റ്റര്‍
ബിരുദധാരിണിയെങ്കിലും, അമ്മയും ഭാര്യയുമെന്ന വേഷങ്ങളില്‍
അവരുടെ ആഗ്രഹങ്ങള്‍ മൂടിവെക്കാന്‍ നിര്‍ബന്ധിതയാണ്. തള്ളക്കോഴി കുഞ്ഞുങ്ങളെയെന്ന
പോലെ മക്കളെയും റ്റംബുവിനെയും സംരക്ഷിക്കുമ്പോഴും വെച്ചുവിളമ്പലിലേക്കും അതിഥി
സല്ക്കാരത്തിലെക്കും മാത്രമായി ജീവിതം ചുരുങ്ങിപ്പോവുന്നതില്‍ അവര്‍ക്ക് ഏറെ
പ്രതിഷേധമുണ്ട്. ബാബാമുകുറുവുമായുള്ള ന്യാഷയുടെ സംഘര്‍ഷങ്ങള്‍ക്ക് ആക്കം
കൂട്ടുന്നത് ആന്‍ഡി എന്ന പയ്യനുമായി അവള്‍ അടുത്തിടപഴകുന്നത് കാണുന്നതാണ്.
ചിദോയും മായ് ഗുരുവും പിടിച്ചു മാറ്റിയില്ലായിരുന്നെങ്കില്‍ അതൊരു
കൊലപാതകത്തിലേക്ക് പോലും നയിക്കുമായിരുന്നു. അച്ഛനും മകള്‍ക്കുമിടയിലെ വഴക്കുകള്‍
തന്നെ തളര്‍ത്തിക്കളയുന്നതായി മായ് ഗുരു റ്റംബുവിനോട് പറയുന്നുണ്ട്. എന്നാല്‍, ആചാര മര്യാദകളും മൂത്തവര്‍ക്കും കുടുംബമുഖ്യന്മാര്‍ക്കും നല്‍കേണ്ട
ബഹുമാനത്തെ കുറിച്ചുള്ള പാരമ്പര്യ മൂല്യങ്ങളും അതേപടി വെച്ച് പുലര്‍ത്തുന്ന
തന്നില്‍ നിന്ന് വ്യത്യസ്തയായി അഞ്ചു വര്‍ഷം ഇംഗ്ലണ്ടില്‍ കഴിഞ്ഞ ന്യാഷ പാശ്ചാത്യ
സ്വാതന്ത്ര്യ ബോധത്തിന്റെ കൂടി ഒരു മിശ്രിതമാണ് എന്ന് ഒരു തരം ആരാധനയോടെ
റ്റംബുവിനു തോന്നുന്നുണ്ട്. പരാതികളില്ലാതെ പാരമ്പര്യ മൂല്യങ്ങളെ
അംഗീകരിക്കുമ്പോഴും അത് തന്റെ ആഗ്രഹങ്ങളെ തടവിലാക്കുന്നുവെന്ന് അവളറിയുന്നു.
ബാബാമുകുറു അങ്കിള്‍ നേടിയ ജീവിത വിജയത്തോട് ബഹുമാനമുള്ളപ്പോഴും, ആ നിഴല്‍ ലോകത്തെ വീക്ഷിക്കുന്നതില്‍ തനിക്കു പരിമിതി സൃഷ്ടിക്കുന്നു
എന്ന് അവള്‍ക്കറിയാം. കറുത്തവരും വെള്ളക്കാരും, ആണും
പെണ്ണും എന്നിങ്ങനെ അവസരങ്ങളിലെ വിവേചനം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതില്‍ ഈ
പരിമിതി വ്യക്തമാണ്. ഇവക്കെതിരിലുള്ള ചിറകടിച്ചുയരലാണ് ന്യാഷയിലൂടെ
സൂചിതമാകുന്നത്. അതേ സമയം, മികച്ച വിദ്യാര്‍ഥിനി എന്ന
നിലയില്‍ പഠിക്കാനുള്ള ആവേശവും കയ്യില്‍ കിട്ടുന്ന പുസ്തകങ്ങളോടുള്ള താല്‍പര്യവുമാണ്
റ്റംബുവിന് പാരമ്പര്യത്തിന്റെ തോട് പൊട്ടിച്ചു പുറത്തു കടക്കാനുള്ള
നിമിത്തങ്ങളാകുക. സ്കോളര്‍ഷിപ്പോടെ കോണ്‍വെന്റ് സ്കൂളില്‍ പ്രവേശനം കിട്ടുമ്പോള്‍
ബാബാമുകുറുവിനു പോലും അത് ശരിയായ തീരുമാനമാണോ എന്ന് തീര്‍ച്ചയില്ലെങ്കിലും
റ്റംബുവിനു സംശയമേതുമില്ല.
കൊളോണിയല്‍
ശേഷിപ്പുകള്‍
കൊളോണിയല്‍
ബാധ്യതയായി നോവല്‍ സമീപിക്കുന്ന മറ്റൊരു പ്രധാന പ്രമേയം ഭാഷയുടെതാണ്. ചിദോയുടെയും
ന്യാഷയുടെയും ഇംഗ്ലീഷ് രീതികള്‍ നേരത്തെ തന്നെ അരോചകവും പൊങ്ങച്ചവും
ആയിത്തോന്നിയിരുന്ന റ്റംബുവിന് ന്യാഷയോടൊപ്പം മുറി പങ്കിടേണ്ടി വരുന്നതും
ആദ്യമൊക്കെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. അവരുടെ
ബന്ധത്തില്‍ ഇപ്പോഴും ഒരു സംഘര്‍ഷമുണ്ട്. അഞ്ചു വര്‍ഷം
അകന്നു കഴിഞ്ഞതിന്റെ, ജീവിതാനുഭാവങ്ങളിലെ വൈജാത്യത്തിന്റെ, ഒപ്പം ന്യാഷ തന്റെ ഷോണ ഭാഷ മിക്കവാറും മറന്നു കഴിഞ്ഞിരുന്നതിന്റെയും.
എങ്കിലും അതൊരു ഈടുറ്റ ബന്ധമായി വികസിക്കുന്നുമുണ്ട്:
“ന്യാഷയുമായുള്ള ബന്ധം എന്റെ ആദ്യ
പ്രണയ ബന്ധമായിരുന്നു എന്ന് പറയാം, ഞാന്‍ പൂര്‍ണ്ണ
മനസ്സോടെ അംഗീകരിക്കുന്നില്ലാത്ത ഒരാളുമായി ആദ്യമായി
ഞാന്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു.”
മിഷന്‍
സ്കൂളില്‍ പഠനത്തിനു പോയ ശേഷം നാട്ടിലെത്തുമ്പോള്‍ ങ്ഹാമോയും ഏറെ
മാറിപ്പോയിരുന്നതും അവന്‍ ഇംഗ്ലീഷുകാരന്റെ ശരീരഭാഷ പ്രകടിപ്പിച്ചിരുന്നതും ഷോണ ഭാഷ
മറന്നു പോയതായി അവകാശപ്പെട്ടിരുന്നതും റ്റംബു ഓര്‍ക്കുന്നുണ്ട്.
കൊളോണിയല്‍
റൊഡേഷ്യയിലാണ് പശ്ചാത്തലമാക്കുന്നതെങ്കിലും രാഷ്ട്രീയം അത്രയേറെ സ്പഷ്ടമായി നോവല്‍
വിഷയമാക്കുന്നില്ല. വൈദേശിക സാന്നിധ്യമെന്നത് പ്രധാനമായും പ്രാദേശിക തലത്തില്‍ മാത്രം നിലനില്‍ക്കുന്ന
മിഷനറി സ്കൂളിന്റെതാണ്. ഏതാനും വെള്ളക്കാരുടെ സാന്നിധ്യമുണ്ടെങ്കിലും അതെപ്പോഴും
സംഘര്‍ഷ പൂര്‍ണ്ണവും അല്ല. ഉദാഹരണത്തിന് കൊച്ചു
റ്റംബുവിന്റെ ആദ്യകാല പഠനം സുഖകരമാക്കുന്ന ആ വെള്ളക്കാരായ ദമ്പതിതകളുടെ സഹായം. എന്നാല്‍ ബോര്‍ഡിംഗ് സ്കൂളില്‍ കറുത്ത വര്‍ഗ്ഗക്കാരോടുള്ള വിവേചനം
വ്യക്തമാക്കുന്ന താമസ സാഹചര്യങ്ങള്‍ അവള്‍ നേരിടുന്നുണ്ട്. നാലുപേര്‍ക്ക് കഴിയാവുന്ന മുറിയില്‍ ആറുപേരെ തള്ളിക്കയറ്റുന്നതിനു
സിസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് നല്‍കുന്ന വിശദീകരണം അതാണ്, “ഇക്കൊല്ലം
പതിവില്‍ കൂടുതല്‍ ആഫ്രിക്കാക്കാര്‍ ഉള്ളതുകൊണ്ട് അവരെ മുഴുവന്‍ ഇവിടെ ആക്കിയേ പറ്റൂ ഞങ്ങള്‍ക്ക്.” വെള്ളക്കാരായ കുട്ടികളുടെ ബോര്‍ഡിംഗ് ഏരിയയുടെ കണ്ണഞ്ചിക്കുന്ന വൃത്തി ഈ
ഭാഗത്തില്ല എന്നും അവള്‍ കണ്ടെത്തുന്നു.
ആഖ്യാന രീതി
കൃത്യമായി
നിര്വ്വചിചിട്ടില്ലാത്ത ഒരു ഭാവിയിലാണ് റ്റംബു തന്റെ കഥ പറയുന്നത് എന്നത് ആഖ്യാനത്തെ
വിഷിഷ്ടമാക്കുന്നുണ്ട്. ബാല കൌതുകത്തിന്റെ അമിത
ചായക്കൂടുകള്‍ ഇല്ലാതെ, അവശ്യം വേണ്ട വൈകാരിക അകലത്തില്‍
നിന്ന് കുറെ കൂടി ശാന്തവും നിര്‍മ്മമവും ആയ രീതിയില്‍ അനുഭവങ്ങള്‍ ആവിഷ്കരിക്കാന്‍
ഇത് സഹായിക്കുന്നുണ്ട്. ആദ്യമായി അങ്കിളിന്റെ വീട്ടില്‍
എത്തുമ്പോള്‍, തങ്ങളുടെ ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന്
വ്യത്യസ്തമായി അനുഭവപ്പെട്ട ഗാംഭീര്യത്തെ കുറിച്ച് വസ്തു നിഷ്ടമായി അവള്‍ ഓര്‍ക്കുന്നു:
“..അതൊക്കെ സംഭവിച്ച കാലത്താണ്
ഞാനിതൊക്കെ എഴുതിയിരുന്നതെങ്കില്‍, 'കൊട്ടാരം', 'മാളിക', 'കോട്ട' എന്നൊക്കെയുള്ള
ധാരാളം പ്രയോഗങ്ങള്‍ വന്നേനെ. അവയുടെ അഭാവം അതൊക്കെ എങ്ങനെയായിരുന്നു എന്ന് ഞാന്‍
മറന്നു പോയതുകൊണ്ടല്ല. ഗംഭീര്യത്തിന്റെ ആദ്യപ്രതികരണം
ഒരിക്കലും മങ്ങിപ്പോകാന്‍ കഴിയാത്തതിലും ശബളമായിരുന്നു, എന്നാല്‍ അതുകഴിഞ്ഞ് കടന്നുപോയ വര്‍ഷങ്ങളില്‍ അമിത പ്രയോഗങ്ങളേയും
ഭാവനയുടെ പറക്കലിനെയും തടയിടാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു. കാര്യം വ്യക്തമാക്കി കഴിഞ്ഞു: ഇനിയിപ്പോള്‍
എനിക്ക് അങ്കിളിന്റെ വീടിനെ കുറിച്ച് ഇതില്‍ കൂടുതല്‍ പറയേണ്ടതില്ലേ - ഒരു വീട് .”
കത്തിയും
മുള്ളും ഉപയോഗിക്കുന്നത് മുതല്‍ ടോയ്‌ലറ്റ് ഉപയോഗം വരെ പുത്തന്‍
അനുഭവമായിത്തോന്നിയ ബാലകൌതുകം കടന്ന് എല്ലാത്തിനെയും വസ്തിനിഷ്ടമായി വിവരിക്കുന്ന
തലത്തിലേക്ക്, തന്റെ തന്നെ ജീവിതത്തിലേക്ക് ആധുനികതയുടെയും ഇംഗ്ലീഷ്
വിദ്യഭ്യസത്തിന്റെയും കടന്നു വരവ് അവളെ വളര്‍ത്തിയിരിക്കുന്നു. ആ അര്‍ഥത്തില്‍ റ്റംബുവിന്റെ വളര്‍ന്നുവരലും സാംസ്കാരിക പരിണാമങ്ങളും
ആഫ്രിക്കന്‍ സമൂഹത്തിന്റെ പരിവര്‍ത്തനപ്പെടുന്ന സാഹചര്യങ്ങളുടെ കൂടി രൂപകമാണ്. ഇവിടെ ഗ്രാമീണാവസ്ഥയില്‍ നിന്ന് നഗരവല്‍ക്കരണത്തിന്റെ ആരംഭം
ആവിഷ്കൃതമാകുന്നുണ്ട്; കുടുംബാന്തരീക്ഷത്തില്‍
പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് ആധുനികതയുടെ വിളിയിലേക്കുള്ള ചുവടു
മാറ്റം വ്യക്തമാകുന്നുണ്ട്. റ്റംബുവിന്റെ
ഗ്രഹണശക്തിക്ക് മുഴുവനായും വഴങ്ങിയിട്ടില്ലാത്ത ഘടകങ്ങളും നോവലില്‍ ഉണ്ടെന്നു
നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും പ്രസക്തമാണ്. ഉദാഹരണത്തിന് ന്യാഷായുമായുള്ള അവളുടെ
ബന്ധം അവള്‍ക്ക് ഇനിയും മനസ്സിലാകാനുള്ള ഒരു ഭാവിയിലായിരിക്കാം കൂടുതല്‍
വ്യക്തമാകുക എന്ന് ന്യായമായും കരുതാം. ന്യാഷയുടെ കാണെക്കാണെ എല്ലും
തൊലിയുമായിത്തീരുന്ന ശാരീരികാവസ്ഥയും അനോറെക്സിയയുടെ അമിത ഭക്ഷണശീലവും നല്‍കുന്ന
സൂചനകള്‍ അത്തരത്തിലുള്ളതാണ്. ഒരു നോവല്‍ ത്രയമായി സങ്കല്‍പ്പിക്കപ്പെട്ട
കൃതിയിലെ ആദ്യഭാഗമാണ് Nervous Conditions എന്ന കാര്യവും
ഇതോടു ചേര്‍ത്തുവെക്കാം.
More African Feminist Classics:
Everything Good Will Come by Sefi Atta
https://alittlesomethings.blogspot.com/2018/01/blog-post_17.html
The Joys of Motherhood by Buchi Emecheta
https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html
Woman at Point Zero by Nawal El Saadawi
https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html
So Long a Letter by Mariama Bâ
https://alittlesomethings.blogspot.com/2024/08/so-long-letter-by-mariama-ba.html
No comments:
Post a Comment