(പ്രശസ്ത അംഗോളന്‍ നോവലിസ്റ്റ് ഹോസെ
എദുവാര്‍ദോ അഗുവാലൂസയുടെ പുതിയ നോവല്‍ The Society of Reluctant
Dreamers, പ്രസിഡന്റ് ഹോസെ എടുവാര്‍ദോ ഡോസ് സാന്റോസ് രണ്ടു വര്ഷം
കഴിഞ്ഞു നടത്താന്‍ പോകുന്ന തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച കാലത്തെ
പശ്ചാത്തലമാക്കി സ്വപ്നാനുഭാവങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഇടറി നീങ്ങുന്ന
കഥാപാത്രങ്ങളെ പിന്തുടരുന്നു.)
അങ്കോള, മൊസാംബിക്
തുടങ്ങിയ ആഫ്രിക്കന്‍ - പോര്‍ച്ചുഗീസ് കോളനികളില്‍ (Lusophone Africa) 1926 -ലെ സൈനിക എകാധിപത്യത്തോടെ ആരംഭിച്ച് അന്റോണിയോ ഡി സലാസറുടെ കീഴില്‍ (1932 - 1968) ശക്തിപ്രാപിച്ച് അര നൂറ്റാണ്ടോളം നീണ്ടു നിന്ന രണ്ടാം
പോര്‍ച്ചുഗീസ് റിപ്പബ്ലിക്, 1974 ഏപ്രില്‍ 25-ന് പോര്‍ച്ചുഗലില്‍ സായുധ സൈനിക
കലാപമായിത്തുടങ്ങി അതിവേഗം സിവില്‍ പോരാട്ടമായിത്തീര്‍ന്ന 'കാര്‍നേഷന്‍ റവലൂഷ'നെ *(1). തുടര്‍ന്ന് ശിഥിലമാവുകയും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിന്റെയും
തുടര്‍ന്നുണ്ടായ ദശകങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും
തീച്ചൂളകളിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. ആഫ്രിക്കയിലെ ഫ്രഞ്ച്, ബ്രിട്ടീഷ് കോളനികള്‍ ഒട്ടുമുക്കാലും സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞും
തങ്ങളുടെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ പോര്‍ച്ചുഗീസ് സാമ്രാജ്യത്വം
കടിച്ചു നില്‍ക്കുകയായിരുന്നു. 1973ല്‍ ഗിനി-ബിസോ ആണ് ആദ്യം വിട്ടുപോയത്. 1992ല്‍
മൊസാംബിക്ക് സ്വതന്ത്രമായപ്പോള്‍ അംഗോളയുടെ സ്വാതന്ത്ര്യം 2002 വരെയും, ഫലത്തില്‍, വൈകിപ്പോയി. ഈ സാഹചര്യത്തില്‍
സാഹിത്യ പ്രവര്‍ത്തനവും അതിന്റെ പ്രചാരവും രാജ്യത്ത് നാമമാത്രമായത്
സ്വാഭാവികമായിരുന്നു. ലൂസോഫോണ്‍ സാഹിത്യം ഇംഗ്ലീഷ് ഭാഷയില്‍ വിവര്‍ത്തനം
ചെയ്യപ്പെടുന്നതും അത്യപൂര്‍വ്വമാണ്. ഹോസെ ലുവാന്റിനോ വിയേര (José Luandino Vieira), പെപെറ്റീല (Artur
Carlos Maurício Pestana dos Santos a.k.a. Pepetela), ഓണ്ട് യാകി (Ndalu de Almeida a.k.a. Ondjaki) തുടങ്ങി വളരെ കുറച്ചു അംഗോളന്‍
എഴുത്തുകാര്‍ മാത്രമേ പുറംലോകത്ത് അറിയപ്പെടുന്നുള്ളൂ.
കൊളോണിയല്‍ അനന്തരകാലത്തെ അങ്കോളന്‍ സാഹിത്യത്തില്‍ ഏറ്റവും പ്രമുഖനാണ് ഹോസെ
എദുവാര്‍ദോ അഗുവാലൂസ. നോവലിസ്റ്റ്, ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍
ബ്രസീല്‍, അങ്കോള, പോര്‍ച്ചുഗല്‍
എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഗുവാലൂസ പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന
നോവലിസ്റ്റാണ്. 2016-ല്‍ മാന്‍ ബുക്കര്‍
പുരസ്ക്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട " A General Theory of Oblivion’ , Independent Foreign Fiction പുരസ്കാരം നേടിയ The Book of Chameleons എന്നിവ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ കൃതികളാണ്. അഗുവാലൂസയുടെ രചനകള്‍, ചരിത്രവും ഫിക്
ഷനും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചു ഉത്കണ്ഠപ്പെടുന്നുവെന്നു
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഗുവാലൂസ "ചരിത്രം സാഹിത്യമായി മാറുന്ന നിമിഷം ആവിഷ്കരിക്കുന്നു, ഭ്രാമാത്മകതയെയും സ്വപ്നാനുഭവ ദര്‍ശനങ്ങളെയും ഉപയോഗിച്ച് സാഹിത്യ ഭാവന
എങ്ങനെയാണ് ചരിത്രപരതയെ മറികടക്കുന്നതെന്ന്" പരിശോധിക്കുന്നു *(2).
അഗുവാലൂസയുടെ
ഏറ്റവും പുതിയ കൃതിയാണ് 2019ല്‍ അദ്ദേഹത്തിന്‍റെ സ്ഥിരം വിവര്‍ത്തകന്‍ ഡാനിയേല്‍ ഹാന്‍ (Daniel Hahn) ഇംഗ്ലീഷില്‍ എത്തിച്ച The
Society of Reluctant Dreamers. മുന്‍ കൃതിയായ A
General Theory of Oblivion എന്ന നോവലിലെ കഥാപാത്രമായ ഡാനിയേല്‍ ബെഞ്ചിമോള്‍ തിരികെയെത്തുന്ന കൃതിയാണ്
ഇതെങ്കിലും, ആ സാമ്യം അവിടെ അവസാനിക്കുന്നതുകൊണ്ട്
നോവല്‍ ആസ്വാദനത്തിനു മുന്‍നോവലിന്റെ വായന ഒരാവശ്യമേയല്ല. ഇവിടെയും പേരിനു അയാള്‍
കാണാതായ വസ്തുക്കള്‍ അന്വേഷിക്കുന്നവനാണ്, ഇത്തവണ അത്
കാണാതായ ഒരു ബോയിംഗ് 727 വിമാനമാണ് എന്നതിനും പ്രമേയ ഗാത്രത്തില്‍ ഒരു
പ്രസക്തിയുമില്ല, അക്കാര്യം നോവല്‍ പിന്തുടരുന്നുമില്ല.
സ്വപ്നം എന്ന അതീത
യാഥാര്‍ത്ഥ്യം
നോവലിന്റെ കാലം, അംഗോളന്‍ പ്രസിഡന്റ് ഹോസെ എടുവാര്‍ദോ ഡോസ് സാന്റോസ് രണ്ടു വര്‍ഷത്തിനു
ശേഷം 2018ല്‍ താന്‍ സ്ഥാനമൊഴിയും എന്ന് പ്രഖ്യാപിച്ച
ഇടവേളയാണ്: 2016. ഏകാധിപത്യ വിരുദ്ധ, ജനാധിപത്യ വാദിയായ അംഗോളന്‍
ജേണലിസ്റ്റ് ഡാനിയേല്‍ ബെഞ്ചിമോള്‍, ബൂര്‍ഷ്വാ കുടുംബാംഗവും
ഭരണകൂട പക്ഷപാതിയുമായ എന്നോ പിണങ്ങിപ്പിരിഞ്ഞ ഭാര്യ ലുക്രെസിയയുമായുള്ള തന്റെ
വിവാഹമോചന ദിനത്തിന് പിറ്റേന്ന്, അയാള്‍ പലപ്പോഴും
ചെയ്യാറുള്ള പോലെ, ദുരൂഹ വ്യക്തിത്വമുള്ള ഹോസി കാലിയുടെ
ഉടമസ്ഥതയിലുള്ള റെയിന്‍ബോ ഹോട്ടലില്‍ രാത്രി കഴിയുന്നതോടെയാണ് നോവല്‍
ആരംഭിക്കുന്നത്. പിറ്റേന്നു പ്രഭാതത്തിലെ നീന്തലിന്നിടെ ഒരു വാട്ടര്‍ പ്രൂഫ്
ക്യാമറ കണ്ടെത്താന്‍ ഇടയാകുന്നതാണ് വിചിത്രമായ സംഭവ വികാസങ്ങളിലേക്ക്
നയിക്കുന്നത്. മെമറി കാര്‍ഡ് പരിശോധിക്കുമ്പോള്‍, സ്വപ്നങ്ങളുടെ
ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ പ്രസിദ്ധയായ മോസാംബിക്കന്‍ കലാകാരി മോയിറ ഫെര്‍ണാണ്ടസിന്റെ
ഫോട്ടോഗ്രാഫുകള്‍ കണ്ടെത്താന്‍ ഇടയാകുന്നത് അയാളില്‍ ആശ്ചര്യം നിറക്കുന്നത്, അവരുടെ അസ്തിത്വത്തെ കുറിച്ച് ഒരറിവും ഇല്ലാതിരിന്നിട്ടും താനവരെ പലവുരു
സ്വപ്നത്തില്‍ കണ്ടിട്ടുണ്ടല്ലോ എന്നു ഓര്‍ക്കുമ്പോഴാണ്. ഒതുക്കിവെക്കാനാകാത്ത
തലമുടിയുള്ള അവരെ അയാള്‍ Cotton-Candy-Hair-Woman എന്നു വിളിച്ചു. വിവാഹ
മോചനത്തലേന്നു രാത്രി സ്വപ്നത്തില്‍ അവര്‍ ഓര്‍മ്മിപ്പിച്ചിരുന്നു:
“എല്ലാം
കടന്നു പോകും, എന്റെ സുഹൃത്തെ. കാലം ലോകത്തെ
തുരുമ്പില്‍ മൂടും. തിളങ്ങിക്കാണുന്നതെല്ലാം, വെളിച്ചമുള്ളതെല്ലാം, അതിവേഗം ചാരമാകും, ശൂന്യമാകും.”
തുടര്‍ന്ന് നോവലില്‍
സുദീര്‍ഘമായി വിവരിക്കപ്പെടുന്ന അനുഭവങ്ങളിലൂടെ, നേരില്‍ കണ്ടിട്ടില്ലാത്ത ആളുകളെ സ്വപ്നത്തില്‍ കാണുന്നതും
ഇനിയും നേരിട്ടിട്ടില്ലാത്ത, പിന്നീടു സംഭവിക്കുകയും
ചെയ്യുന്ന സാഹചര്യങ്ങള്‍, പ്രസിദ്ധരുമായുള്ള അഭിമുഖങ്ങള്‍
വരെ, സ്വപ്നങ്ങളില്‍ സാധിക്കുകയും ചെയ്യുന്ന പതിവുണ്ട്
അയാള്‍ക്കെന്നു വായനക്കാര്‍ മനസ്സിലാക്കുന്നു.
“ഞാനെന്റെ
സ്വപങ്ങളില്‍ നടത്തിയ അഭിമുഖങ്ങളില്‍, അഭിമുഖം
ചെയ്യപ്പെടുന്നവര്‍ ജാഗ്രത്തില്‍ നടത്തുന്നതിനേക്കാള്‍ കൂടുതല്‍ ആധികാരികതയും
കൂടുതല്‍ സുതാര്യതയും ഉള്ളവരായിരുന്നു”
എന്നു ഡാനിയേല്‍
നിരീക്ഷിക്കുന്നു. അംഗോളന്‍ വിപ്ലവ സൈനികന്‍ ജോനാസ് സവിംബിയെയും മുഅമ്മര്‍
ഗദ്ദാഫിയെയും പോലുള്ളവരെ അപ്രകാരം അയാള്‍ സ്വപ്നത്തില്‍ ഇന്റര്‍വ്യു
ചെയ്തിട്ടുണ്ട്. താന്‍ അടുത്തുള്ളപ്പോഴും ആളുകള്‍ തന്നെ സ്വപ്നത്തില്‍
കാണുന്നുവെന്ന് ഡാനിയേല്‍ പറയുന്നു. മോയിറയാകട്ടെ, തന്റെ സ്വപ്‌നങ്ങള്‍ പരസ്യമായി പങ്കുവെക്കുകയും
ചെയ്തുവന്നു. ഡാനിയേല്‍ ഇടയ്ക്കിടെ താമസിക്കുന്ന, ആഡംബര
ഹോട്ടലിന്റെ ഉടമയും മുന്‍ UNITA ഗറില്ലയുമായിരുന്ന ഹോസിയും അയാളെ
അറിയാത്തവരും എന്നാല്‍ നേരില്‍ കാണുമ്പോള്‍ തങ്ങളുടെ സ്വപ്നങ്ങളില്‍ കൂടെക്കൂടെ
കടന്നുവന്നയാള്‍ എന്നു ആളുകള്‍ തിരിച്ചറിയുകയും ചെയ്യുംവിധം, പലരുടെയും സ്വപ്നങ്ങളില്‍ ആവേശിക്കുന്ന മറ്റൊരു പ്രമുഖ കഥാപാത്രമാണ്.
ആഭ്യന്തര യുദ്ധകാലത്ത് ക്യൂബന്‍ സൈനികര്‍ ഹോസിയെ പിടികൂടുകയും ക്യൂബക്കാരുടെ
സ്വപ്നങ്ങളില്‍ കടും ചുവപ്പു വേഷമണിഞ്ഞു നിരന്തരം ആവേശിച്ച അയാളെ ദുര്‍മ്മന്ത്രവാദത്തിന്റെ
(witchcraft) പേരില്‍ ആളുകള്‍ ഭയപ്പെടുകയും ചെയ്തുവന്നതിനെ കുറിച്ച്
സ്വപ്നത്തില്‍ തന്നെയാണ് അയാള്‍ ഡാനിയേലിനോട് പറയുന്നത്. ക്യൂബന്‍ രഹസ്യാന്വേഷണ
വകുപ്പ് അതിലൊരു സാധ്യത കണ്ടെത്തുന്നുവെങ്കിലും അതു പിന്തുടരുകയുണ്ടായില്ല.
യുദ്ധത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പോരാട്ടത്തെ കുറിച്ചല്ല, വിചിത്ര അനുഭവങ്ങള്‍, മരിച്ചവര്‍ കാണുന്ന സ്വപ്‌നങ്ങള്‍, എന്നിവയെ
കുറിച്ചും ചിലപ്പോഴൊക്കെ താന്‍ തന്നെ കൊന്നു കളഞ്ഞവര്‍ കാണുന്ന സ്വപനങ്ങളെ
കുറിച്ചുമാണ് അയാള്‍ പറയുക. അത്തരമൊന്നില്‍, ഒരു
കുഴിബോംമ്പു സ്ഫോടനത്തില്‍ മരിക്കുന്ന സൗത്ത് ആഫ്രിക്കന്‍ സൈനികന്‍ അയാളോട്
പറയുന്നു:
“കൂട്ടുകാരാ.., നാം ഒരു കാരണവുമില്ലാതെയാണ് കൊല്ലുന്നത്, നമ്മെ
മരണത്തിലേക്കയക്കുന്ന ആളുകള്‍ ഇപ്പോഴേ ചേരിമാറാന്‍ തയ്യാറെടുക്കുകയാണ്.”
ഹിംസാത്മക
യുദ്ധങ്ങളുടെ അസംബന്ധത്തെ കുറിച്ചുള്ള നോവലിന്റെ ഉത്കണ്ഠ ഇവിടെ
സൂചിപ്പിക്കപ്പെടുന്നുണ്ട്.
തന്റെ മനസ്സിനെ വിടാതെ പിടികൂടുന്ന മോയിറ, മൊസാംബിക്കുകാരിയാണെന്നും ഇപ്പോള്‍ കേയ്പ്പ് ടൌണില്‍ താമസമാനെന്നും
മനസ്സിലാക്കുന്ന ഡാനിയേല്‍, അവരുമായി ആശയവിനിമയം നടത്തുന്നു.
സ്വപ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മോയിറ തന്റെ കലാസൃഷ്ടി നടത്തുന്നത്. ക്യാമറ
തിരിച്ചേല്‍പ്പിക്കാനായി ഡാനിയേലും മോയിറയും കണ്ടുമുട്ടുന്നത് ഇരുവരെയും
അടുപ്പിക്കുന്നു. എന്നാല്‍ അവരുടെ പ്രണയ സംഗമം പൂര്‍ണ്ണമാകുന്നത് സ്വപ്നത്തിലാണ്.
ടേബിള്‍ മൌണ്ടനിലേക്കുള്ള യാത്രക്കിടെ, ബ്രസീലിലെ ‘ഡ്രീം
ലാബി’ല്‍ പ്രവര്‍ത്തിക്കുന്ന ഹീലിയോയുമായി ഇരുവരും പരിചയത്തിലാകുന്നു. അയാള്‍, ചലച്ചിത്ര സമാനമായ രൂപത്തില്‍ സ്വപ്നങ്ങളെ രേഖപ്പെടുത്താന്‍ ഒരു യന്ത്രം
വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
സ്വപ്നവും യാഥാര്‍ത്ഥ്യവും ഈ വിധം കെട്ടുപിണയുന്ന ഇതിവൃത്തത്തില്‍
കഥാപാത്രങ്ങളുടെ വിനിമയങ്ങള്‍ മുഴുവനും ജാഗ്രത്തിലാവുക വയ്യ. സ്ഥലരാശിയിലും
ഇതേപോലുള്ള ഇടംമാറ്റങ്ങള്‍ നോവലില്‍ സംഭവിക്കുന്നു. പ്രധാന ഇതിവൃത്ത കേന്ദ്രം
അംഗോള തന്നെയെങ്കിലും, സൗത്ത് ആഫ്രിക്ക, മൊസാംബിക്ക്, ക്യൂബ, ബ്രസീല്‍ തുടങ്ങിയ ഇടങ്ങളിലൂടെയും
നോവലിന്റെ ഗതി മുന്നോട്ടു പോകുന്നു. എന്നാല്‍, സ്വപ്നാനുഭവം
പോലെത്തന്നെ, ഭൌതിക ഭൂമികകളിലൂടെയുള്ള യാത്രയൊന്നും
വിവരിക്കപ്പെടുന്നേയില്ല: ഒരിടത്തേക്കു പോകാന്‍ തീരുമാനിക്കപ്പെട്ടാല്‍ അടുത്ത
ഖണ്ഡികയില്‍ കഥാപാത്രങ്ങള്‍ പിന്നെ അവിടെയാണ്.
ദന്ത ഗോപുരങ്ങള്‍
ഡാനിയേലിന്റെ ഭാര്യാ പിതാവ് ഹോമെരോ ഡാക്രൂസ്, ഹോസെ എടുവാര്‍ദോ ഡോസ് സാന്റോസിന്റെ കീഴില്‍ “ഏകപാര്‍ടി
സമ്പ്രദായവും കേന്ദ്രീകൃത സമ്പദ്ഘടനയും നിലനിന്ന” കാലത്താണ് നിഗൂഡമായ രീതിയില്‍
പെട്ടെന്ന് പണക്കാരന്‍ ആയിത്തീര്‍ന്നത്. 1979ല്‍ People's Movement for the Liberation of Angola (MPLA)യുടെ സ്ഥാനാര്‍ഥി എന്ന നിലയില്‍ പ്രസിഡന്റ് ആയി
ഡോസ് സാന്റോസ് അധികാരം ഏറ്റ ശേഷം 1991വരെയും ഏകപാര്‍ടി സമ്പ്രദായം തുടര്‍ന്നു
എന്നതാണ് അംഗോളന്‍ ചരിത്രം. ഡാനിയേല്‍, ഭരണകൂട വിമര്‍ശന ലേഖനങ്ങള്‍ എഴുതി വന്നത് ഭാര്യാ പിതാവിനെ ചൊടിപ്പിച്ചു.
ഭാര്യ ലുക്രേസിയ പിതാവിനോടൊപ്പം ചേര്‍ന്നു. വര്‍ഷങ്ങളുടെ അകന്നു കഴിയലിനു ശേഷവും
വിവാഹ മോചനത്തിനു വേണ്ടി ഒരാവശ്യവുമില്ലാതെ
കേസുകൊടുത്ത ലുക്രേസിയ ഇപ്പോള്‍ മറ്റൊരു വിവാഹം ചെയ്യുന്നതിനു വേണ്ടിയാണ് ഡിവോഴ്സ്
നടപടികള്‍ ത്വരിതപ്പെടുത്തിയത്. വിവാഹ മോചനം നല്‍കാന്‍ എന്നേ
തയ്യാറായിരുന്നെങ്കിലും ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ അനുഭവപ്പെടുന്ന
നീറ്റലാണ് അയാളെ റെയിന്‍ബോ ഹോട്ടലിലെ താല്‍ക്കാലിക ഒളിച്ചോട്ടത്തിലേക്ക്
എത്തിച്ചത്. പറഞ്ഞു വരുമ്പോഴാണ് ഡാനിയേലും ഹോസിയും അയാളുടെ ഇരട്ട സഹോദരന്‍ ജാംബയും
ഒരുമിച്ചു സ്കൂളില്‍ പഠിച്ചവരാണ് എന്നറിയുക.
ഡാനിയേല്‍ യഥാര്‍ത്ഥ ജേണലിസം ചെയ്യുന്നില്ല എന്നുറപ്പ് വരുത്തുന്നത് വലിയ
സ്വാധീന ശക്തിയുള്ള ഹോമെരോ ഡാക്രൂസാണ്. കുറേക്കാലം സ്റ്റേജ് നാടകങ്ങളും സാങ്കേതിക
വിഷയങ്ങളുടെ വിവര്‍ത്തനങ്ങളും മാത്രം അയാള്‍ ചെയ്തുവന്നു. ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍
ന്യൂസ് പേപ്പറിന് വേണ്ടി ജേണലിസത്തിലേക്ക് തിരിച്ചെത്തിയെങ്കിലും രാഷ്ട്രീയ
വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. ഒരു സുഹൃത്ത് നിരീക്ഷിക്കുന്നതുപോലെ ഒരു
അരാഷ്ട്രീയ കുമിളാ ജീവിതം എന്നു വിവരിക്കാവുന്ന ജീവിതമാണ് ഇപ്പോള്‍ അയാളുടേത്.
“നീയും
നിന്നെ പോലെ ഒരുപാട് ആളുകളും ഇവിടെ ലുവാണ്ടയില്‍ ആയിരിക്കാം, എന്നാല്‍ നിങ്ങള്‍ ഇവിടെ ഞങ്ങളോടൊപ്പം ജീവിക്കുന്നില്ല, ഞങ്ങളോടൊപ്പം ദുരിതമനുഭവിക്കുന്നില്ല. നിങ്ങള്‍
വീട്ടിനകത്ത് വാതിലടച്ചു പുസ്തകവായനയില്‍ മുഴുകുന്നു. വളരെ കുറച്ചേ
പുറത്തിറങ്ങുന്നുള്ളൂ. മുമ്പൊക്കെ, നിങ്ങള്‍ യഥാര്‍ത്ഥ
അംഗോളയില്‍ ആണ്ടു മുഴുകുമായിരുന്നു, ഇടക്കിടെയെങ്കിലും, ഏതെങ്കിലും പാവപ്പെട്ട ദൌര്‍ഭാഗ്യവനെ അഭിമുഖം നടത്താനെങ്കിലും. ഇപ്പോള്‍
നിങ്ങള്‍ അതുപോലും ചെയ്യുന്നില്ല.”
ഈ പശ്ചാത്തലത്തിനു
നേര്‍വിപരീതമാണ് ഡാനിയേലിന്റെ മകളെ പോലുള്ളവര്‍ നയിക്കുന്ന പ്രചോദിത ജീവിതം.
പുതിയ തലമുറയില്‍ എത്തുമ്പോള്‍ മറ്റൊരു തരം സ്വപ്നയാനമാണ് ഡാനിയേലിന്റെ മകളെ
പോലുള്ളവരുടെത്: അവര്‍ മറ്റൊരു അംഗോള സ്വപ്നം കാണുന്നു. ജനാധിപത്യത്തിനു വേണ്ടി
സുരക്ഷിത ശബ്ദത്തില്‍ മാത്രം വാദിക്കുന്ന പിതാവിനെ പോലുള്ളവരില്‍ നിന്നും, മൂടിവെക്കേണ്ട ഭൂതകാലത്തെ കുറിച്ച് മൌനം
പാലിക്കുന്ന ഹോസിയെ പോലുള്ളവരില്‍ നിന്നും വ്യത്യസ്തമായി, ഏകാധിപതിയുടെ തടവറയില്‍ ഒടുങ്ങിയേക്കാം എന്നറിഞ്ഞുകൊണ്ടുതന്നെ, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് യുവതിയുടെതും അവളോടോപ്പമുള്ള വേറെയും അരഡസന്‍
ചെറുപ്പക്കാരുടെതും. പേലവമായ ഉടലിന്റെ പരിമിതി മറികടന്നും തന്റെ കൂട്ടരേ വീറോടെ
സംരക്ഷിക്കുന്ന കുരുവിയുടെ വിളിപ്പേരില്‍ – കാരിന്‍ഗുയിരി- മാത്രം അവള്‍
വിവരിക്കപ്പെടുന്നത് അന്വര്‍ത്ഥമാണ്. അവളുടെ യഥാര്‍ത്ഥ പേര്, ലൂസിയ, അത്യപൂര്‍വ്വമായെ നോവലില്‍
സൂചിപ്പിക്കപ്പെടുന്നുള്ളൂ. അറസ്റ്റ് ചെയ്യപ്പെടുമ്പോഴും അഹിംസാത്മക
പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറില്ലാത്ത അവര്‍, ജയിലില്‍ നിരാഹാരം ആരംഭിക്കുന്നതും അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ഭരണകൂടത്തെ
അങ്കലാപ്പിലാക്കുന്നതും നോവലിന്റെ ശുഭസൂചനകളില്‍ പെടുന്നു. മകളുടെ സ്ഥൈര്യത്തില്‍
എന്നും അഭിമാനം തോന്നുന്ന ഡാനിയേല്‍, പിണങ്ങിപ്പിരിഞ്ഞ
മുന്‍ ഭാര്യയുടെ പ്രതിഷേധം അവഗണിച്ചും തന്റെ സ്വരം തിരിച്ചു പിടിക്കുകയും
ഏകാധിപത്യത്തെ തുറന്നെതിര്‍ത്തു വാര്‍ത്തകളില്‍ നിറയുകയും ചെയ്യുന്നു.
ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ഒരാള്‍ ഹോസിയുടെ അനന്തിരവനാണ്. അതുകൊണ്ട് ഹോസി
തന്നെയും മകളെ പിന്തിരിപ്പിക്കാന്‍ ഡാനിയേലിനോടു അഭ്യര്‍ഥിക്കുന്നുണ്ട്, എന്നാല്‍ അയാള്‍ക്ക് തികച്ചും അഹിംസാത്മകമല്ലാത്ത ഒരു പ്ലാന്‍ ബി ഉണ്ട്:
“സമാധാനവാദം
(Pacifism), എന്റെ പ്രിയസുഹൃത്തെ, ഒരു മത്സ്യ കന്യകയെ പോലെയാണ്: അതിനു ഭാവനയുടെ കടലിലേ ശ്വസിക്കാനാകൂ, യാഥാര്‍ത്ഥ്യം അതിനു ചേരില്ല. നമ്മുടെ സമകാലിക യാഥാര്‍ത്ഥ്യത്തിന്റെ
കാര്യം പറയുകയേ വേണ്ട, അതത്രക്കു ക്രൂരമാണ്.”
കീഴടങ്ങാന്‍
കൂട്ടാക്കാത്ത പോരാളികളോടൊപ്പം പ്രസിഡന്റിനെ നേരില്‍ കാണുന്ന ഹോസി, ഇളമുറക്കാരുടെ മോചനം
സാധ്യമാക്കുന്നതില്‍ വിജയിക്കുന്നു. ആ അര്‍ഥത്തില്‍ ഇത്തിരി അമിത ആദര്‍ശവല്‍ക്കരണം
ഉള്ളതാണ് നവലന്ത്യം എന്ന് പറയാം.
15+2 movement എന്ന യഥാര്‍ത്ഥ
പ്രസ്ഥാനത്തിന്റെ *(3) അനുരണനങ്ങളാണ് യുവ
സംഘത്തിന്റെ മാതൃക. നോവലില്‍ പ്രസിഡന്റിന്റെ മേല്‍ blood money എന്ന, ഏകാധിപത്യത്തിന്റെ ക്രൂരതയോട് പ്രതിഷേധ
സൂചകമായി എറിയപ്പെട്ട ചോരപുരണ്ട കറന്‍സികള്‍ ആണ് അവരെ ജയിലില്‍
എത്തിക്കുന്നതെങ്കില്‍ യഥാര്‍ത്ഥ ചരിത്രത്തില്‍ 15+2 അംഗങ്ങള്‍ അറസ്റ്റ്
ചെയ്യപ്പെടുന്നത് പുത്തന്‍ ഗാന്ധിസത്തിന്റെ ലെനിന്‍ എന്നറിയപ്പെട്ട അമേരിക്കന്‍
അക്കാടമീഷ്യന്‍ Gene Sharp ന്റെ ‘From Dictatorship to Democracy’ പോലുള്ള ‘അട്ടിമറി സാഹിത്യം’ പ്രചരിപ്പിച്ചതിന്റെ പേരിലായിരുന്നു.
കാരിന്‍ഗുയിരിയാണ് നോവലിന്റെ യഥാര്‍ത്ഥ നൈതിക കേന്ദ്രം എന്ന് കാണാന്‍
വിഷമമില്ല. ബൂര്‍ഷ്വാ വരേണ്യതയുടെ പ്രതീകമായ അമ്മയ്ക്കും ജനാധിപത്യ ബോധ്യങ്ങളെ
സുരക്ഷിതത്വത്തിനു കീഴ്പ്പെടുത്തുന്ന പിതാവിനും ഇടയില്‍ ഗാര്‍ഹികാന്തരീക്ഷത്തിലും, കൂടുതല്‍ വലിയ തലത്തില്‍ ഏകാധിപത്യത്തിന്റെ
ദേശീയ സാഹചര്യത്തിലും പൊരുത്തപ്പെടാന്‍ കഴിയാത്ത തന്റെ സ്വത്വം സ്ഥാപിച്ചെടുക്കാന്‍
വേണ്ടി പൊരുതേണ്ടി വന്നവള്‍. ആര്‍ജ്ജവമുള്ള ഒരു പോരാളി എങ്ങനെ പിറക്കുന്നു
എന്നതിന്റെ മാനിഫെസ്റ്റോ തന്നെയായ വാക്കുകളില്‍ പെണ്‍കൊടി തന്റെ തെരഞ്ഞെടുപ്പിനെ
വിശദീകരിക്കുന്നുണ്ട്:
“ഞാനും ഭിന്ന
ലോകങ്ങള്‍ക്കിടയിലാണ് വളര്‍ന്നു വന്നത്. അതിലും മോശം, ഞാന്‍ എന്റെ തന്നെ നാട്ടില്‍ ഒരന്യയായാണ് വളര്‍ന്നത്.
ആദ്യം ഞാന്‍
കരുതി, അംഗോള എന്നത് മമ്മ, എന്റെ അമ്മായിമാരും അമ്മാവന്മാരും മുത്തച്ചനും മുത്തശ്ശിയും, അവരുടെ സുഹൃത്തുക്കളും എല്ലാം വസിക്കുന്ന വമ്പന്‍ ഭവന സമുച്ചയങ്ങളുടെ ഒരു
വലിയ ശൃംഖലയാണെന്ന്. .. ആഫ്രിക്ക എന്ന തരിശുഭൂമിയുടെ കഷണങ്ങള്‍ കൊണ്ട് പരസ്പരം വേര്‍തിരിക്കപ്പെട്ട ഈ വമ്പന്‍ ഭവന സമുച്ചയങ്ങളുടെ വലിയ
ശൃംഖല. ഞങ്ങളുടെ ജോലിക്കാരും രോഷ പിന്റോ, കസേംഗ, ഗോള്‍ഫ്, കറ്റംബോര്, എന്നൊക്കെ പേരുകള്‍ ഉള്ള ഇത്തരം
സമുച്ചയങ്ങളില്‍ കഴിയുന്നു എന്ന് ഞാന്‍ കരുതി. ഒരിക്കല്‍ ഞാന്‍ തരെസയോടു (എന്റെ
നാനി, നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും എന്ന് കരുതട്ടെ),
ഞാന്‍ ചോദിച്ചു, അവരുടെ ഭാവന
സമുച്ചയത്തിലെ നീന്തല്‍ക്കുളം ഞങ്ങളുടെതിനേക്കാള്‍ വലിയതാണോ എന്ന്. തെരേസ എന്നോട്
പറഞ്ഞു അവര്‍ താമസിക്കുന്നിടത്ത് മഴവെള്ളം കെട്ടി നില്‍ക്കുന്ന ഒരു കുഴിയേയും
അവര്‍ നീന്തല്‍ക്കുളം എന്നു വിളിച്ചു, ഓരോ വ്യക്തിക്കും
സ്വന്തമായി ഓരോന്ന് ഉണ്ട് എന്നും. എന്നാല്‍ അന്ന് എനിക്കതിന്റെ ഐറണി
മനസ്സിലായില്ല. പിന്നീട്, ഞാന്‍
കരുതി, അങ്കോള എന്നത് പ്രധാനമായും ബൊഹീമിയന്‍
കലാകരന്മാരുടെതാണ്; അവര്‍ ശനിയാഴ്ചകളില്‍ ഓരോരുത്തരുടെ
വീടുകളില്‍ ഒത്തുകൂടുകയും ബിയര്‍ കുടിക്കുകയും ഡോപ്പ് പുകക്കുകയും ചെയ്തുകൊണ്ട്
അവരൊരിക്കലും നടപ്പിലാക്കാന്‍ പോകുന്നില്ലാത്ത വമ്പന്‍ പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
അവരോരുത്തരും പണത്തോടു പുച്ഛം പ്രകടിപ്പിച്ചു, എന്റെ
അമ്മയും കുടുംബവും കഴിഞ്ഞുവന്ന ലക്ഷുറി ഭവന സമുച്ചയങ്ങളെ കളിയാക്കി.
ഇന്നെനിക്കറിയാം, അവര്‍ പണത്തെ പുച്ചിച്ചത് അവര്‍ക്ക്
അതെക്കുറിച്ച് ചിന്തിക്കേണ്ടതില്ലാത്ത വിധത്തില്‍ അത് വേണ്ടുവോളം ഉള്ളതുകൊണ്ടാണ്.
പാവപ്പെട്ട മനുഷ്യര്‍ പണത്തെ പുചിക്കുകയില്ല. പാവപ്പെട്ടവരുടെ അങ്കോളയെ - യഥാര്‍ത്ഥ
അങ്കോള എന്ന് ഞാന്‍ പറയില്ല, എന്നാല്‍ അങ്കോളയുടെ
മഹാഭൂരിപക്ഷത്തെയും പ്രതിനിധാനം ചെയ്യുന്നത് – ഏതാനും കൊല്ലങ്ങള്‍ക്കു മുമ്പുമാത്രമാണ്
ഞാന്‍ അറിഞ്ഞത്. വിചിത്രമായി തോന്നിയേക്കാം, ഞാന്‍
എന്നെ സ്വയം കണ്ടെത്തുന്നത് അവിടെയാണ്. ഞാനീ ജയിലില്‍ എത്തിപ്പെട്ടതിനു കാരണം, ഞാന്‍ അങ്കോളക്കരിയാകാന്‍ തീരുമാനിച്ചതാണ്. ഞാന്‍ എന്റെ പൌരത്വത്തിന്
വേണ്ടിയാണു പൊരുതുന്നത്. ഭയം ആളുകളെ നശിപ്പിക്കുന്നു. അത് പണത്തേക്കാള്‍
ദുഷിപ്പിക്കുന്നു. മമ്മയുടെ അങ്കോള ഭവന സമുച്ചയത്തില്‍ ഞാനത് കണ്ടിട്ടുണ്ട്.
നിങ്ങളുടെ ആര്‍ടിസ്റ്റ് റിപ്പബ്ലിക്കിലും ഞാനത് കണ്ടിട്ടുണ്ട്. മിക്കവാറും എല്ലാ
അംഗോളക്കാരും കഴിയുന്ന അംഗോളയിലും ഞാനത് കണ്ടിട്ടുണ്ട്. ഭയം ഒരു തെരഞ്ഞെടുപ്പല്ല.
ഭയം
അനുഭവപ്പെടുന്നത് ഒഴിവാക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല. എങ്കിലും നമുക്ക് അതിനു
കീഴടങ്ങാതിരിക്കുക എന്നത് തെരഞ്ഞെടുക്കാം. ഞാനും എന്റെ കൂട്ടുകാരും ഭയത്തിനെതിരില്‍
പൊരുതാന്‍ തീരുമാനിച്ചിരിക്കുന്നു.”
ശുഭാന്ത്യത്തിന്റെ
ഐറണി
സ്വപ്നങ്ങളുടെ
പ്രസക്തിയും യാഥാര്‍ത്ഥ്യത്തിലേക്ക് അവയുടെ സംക്രമണവും അമിത ഫാന്റസി വല്‍ക്കരണം
കൂടാതെ സാധ്യമാകുന്നു എന്നതാണ് അഗുവാലൂസ പ്രതിഭയുടെ ശക്തി. നോവന്ത്യത്തിലെ
പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയും ലൂസിയ വ്യക്തമാക്കുന്ന ആ ഭയം ഭരിക്കുന്ന അധികാര
സ്വരൂപത്തെ പ്രതീകവല്‍ക്കരിക്കുന്നതും പോലുള്ള രംഗങ്ങള്‍ തികച്ചും സര്‍റിയല്‍
സ്വഭാവമുള്ളതാണ്. ഒരു ക്ലബ്ബ് പ്രസിഡന്റിനെ പോലും സ്ഥാനത്തു നിന്നും ഇളക്കാന്‍
കഴിയാത്ത ആറോ ഏഴോ ചെറുപ്പക്കാരെ ഭയന്നു തടവിലിടുന്ന ഭീരുവിനെ ഒരു നാട് മുഴുവന്‍
ഭയക്കുന്നതിലെ അസംബന്ധമാണ് അവള്‍ ചൂണ്ടിക്കാണിക്കുക. ചെറുപ്പക്കാരുടെ കീഴടങ്ങാത്ത
വീര്യത്തിനു മുന്നില്‍ ഏച്ചുകെട്ടിയ അധികാരഗര്‍വ്വ് പത്തിമടക്കുന്നതും പ്രസിഡന്റ്
തികച്ചും ചെറുതായിപ്പോകുന്നതും ആ പ്രത്യക്ഷങ്ങളെ ഓരോന്നായി ഹോസി നശിപ്പിക്കുന്നതും
നീതിയുടെ വിജയമാണ്. ഓരോ തവണയും മുമ്പത്തെതിനേക്കാള്‍ ചെറിയ ഒരുടല്‍ രൂപം
കൊല്ലപ്പെടുന്ന പ്രസിഡന്റിന്റെ വയറില്‍ നിന്നും പുറത്തുവരികയും അയാളുടെ അധികാരം
പ്രഘോഷിക്കുകയും ചെയ്യുന്നു. ഒടുവില്‍ എത്തുന്നത് തീരെ ചെറിയ ഒരു കുഞ്ഞന്‍
പ്രസിഡന്റ് ആണ്. അയാളെ ഹോസി ചവിട്ടിയരച്ചു കളയുന്നു. ഓരോ തവണയും പ്രസിഡന്റ്
വിപ്ലവകാരികളെ വിവരിക്കുന്നതില്‍ പ്രകടമായ കീഴടങ്ങലുണ്ട്: “അവര്‍ ഭീകരവാദികളാണ്”, “അവര്‍ അപകടകാരികളാണ്”, “അവര്‍ ഭയപ്പെടുന്നില്ല”. എന്നാല്‍, ഹോസി മുമ്പേ
മരിച്ചു പോയവനാണ് എന്നിരിക്കെ, തന്നോട് സംസാരിച്ചത്
അയാളുടെ ഇരട്ട ജാംബ ആയിരിക്കാം എന്നും ഇക്കാര്യം താന്‍ പുറത്തു പറയുന്നതോടെ ആളുകള്‍
അവരെ വെറുക്കുമെന്നും ആശ്വസിക്കുന്ന പ്രസിഡന്റിനെ ഡാനിയേല്‍ നേരിടുക, അയാളുടെ സഹകാരികളും കൊട്ടാരവാസികളും വരെ അയാളെ കയ്യൊഴിഞ്ഞിരിക്കുന്നു എന്ന
ഓര്‍മ്മപ്പെടുത്തലോടെയാണ്. അതാണ്, ഒടുവില്‍, പോരാളികളുടെ മോചനത്തില്‍ കലാശിക്കുക.
യൂനിവേഴ്സിറ്റിയായി മാറിയ പഴയ കൊട്ടാരത്തില്‍ വിദ്യാര്‍ഥികള്‍ ലൂസിയയെ ഒരു പ്രവാചികയായി കാണുന്നതിനെ കുറിച്ചും, അധികാരം നഷ്ടപ്പെട്ട പ്രസിഡന്റ് തന്റെ ഭീമമായ സമ്പത്ത് സൂക്ഷിച്ചിരിക്കുന്ന വിദേശ ദേശങ്ങളില്‍ അഭയം പ്രാപിക്കുന്നതിനെ കുറിച്ചും സമാപന അധ്യായം സൂചന നല്‍കുന്നു. അധികാരം കയ്യാളുന്ന ജനറല്‍മാര്‍ ഓരോ ആറുമാസം വീതം പ്രഖ്യാപിത തെരഞ്ഞെടുപ്പു നീട്ടി വെക്കുന്നു. സുഖശീതളമായ മൊസാംബിക്ക് ദ്വീപു ഭവനത്തില്‍ ഇഷ്ടം പോലെ പുസ്തകങ്ങളും യൂണിവേഴ്സിറ്റി അധ്യാപനവുമായി കഴിയുന്ന ഡാനിയേല്‍, ഉടന്‍ തിരികെയത്തണമെന്നും നാം തുടങ്ങിവെച്ചതു മുഴുവനാക്കാനുണ്ട് എന്നും അറിയിച്ചുകൊണ്ടുള്ള അര്‍മാന്‍ഡോ കാര്‍ലോസിന്റെ കത്തിന് മറുപടി അയക്കേണ്ടതില്ല എന്ന് തീരുമാനിക്കന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത് എന്നിടത്ത്, മുമ്പ് കാരിന്‍ഗുയിരി സൂചിപ്പിച്ച ആ ദന്തഗോപുര വാസിയെ ഒരിക്കല്‍ക്കൂടി തെളിഞ്ഞു കാണാം. ആ അര്‍ഥത്തില്‍, നോവല്‍ മുന്നോട്ടുവെക്കുന്നതായി അനുഭവപ്പെട്ട സമാധാനവാദ പരിവര്‍ത്തന സാധ്യതയുടെ (pacifist revolution) പരിമിതി എന്ന യാഥാര്‍ത്ഥ്യബോധത്തിലാണ് നോവല്‍ അവസാനിക്കുന്നത് എന്ന് പറയാം. ഡോസ് സാന്റോസിന് ശേഷം അധികാരത്തിലെത്തിയ അഡാല്‍ബര്‍ടോ ഡാകോസ്റ്റാ ജൂനിയര്‍ (Adalberto Costa Júnior) “അസാമാന്യനും വളരെ ബുദ്ധിമാനും, വളരെ സംവേദനത്വമുള്ളവനും കൂടുതല്‍ ഊര്‍ജ്ജസ്വലവും ക്രിയാത്മകവുമായ പ്രതിപക്ഷത്തെ സൃഷ്ടിക്കാന്‍ കഴിയുന്നവനും” ആണെന്ന നോവലിസ്റ്റിന്റെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ *(4) എല്ലാം ഒരു സ്വപ്ന ദര്‍ശനം ആയിരുന്നു എന്നും വരാം. എന്നാല്‍ അഗുവാലൂസയുടെ സ്വപ്നദര്‍ശകര്‍ പാതിമനസ്കരാണ് (reluctant): അവരില്‍ ചിലര്‍ക്ക് പലതും ഒളിക്കാനുണ്ട്. വേറെ ചിലര്‍ക്ക് ശീതളഛായകള്‍ വിട്ടുപോയ്ക്കൂടാ.
References:
(1).
https://www.historyextra.com/period/20th-century/carnation-revolution-guide-facts-coup-portugal-estado-novo-regime/
(2). Leite, Ana
Mafalda. "Angola." The Postcolonial Literature of Lusophone Africa.
Ed. Patrick Chabal. Evanston: Northwestern University Press, 1996. p. 114.
Print. Qtd https://en.wikipedia.org/wiki/Jos%C3%A9_Eduardo_Agualusa
(3). https://beautifultrouble.org/toolbox/tool/angola-15-2/
(4).
interview with Agualusa dated. 03-07-2020, https://www.verangola.net/va/en/072020/Culture/20744/Agualusa's-new-novel-is-driven-by-the-biblical-phrase
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 348-357)
To purchase, contact
ph.no: 8086126024
More from Angolan Literature:
The Book of Chameleons by José Eduardo Agualusa
https://alittlesomethings.blogspot.com/2016/11/blog-post_6.html
A General Theory of Oblivion by José Eduardo Agualusa
https://alittlesomethings.blogspot.com/2017/01/blog-post_98.html
The Loves of João Vêncio by José Luandino Vieira
https://alittlesomethings.blogspot.com/2024/08/the-loves-of-joao-vencio-by-jose.html
ALSO READ:
Confession of the Lioness by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post_76.html
No comments:
Post a Comment