Featured Post

Showing posts with label African Fiction. Show all posts
Showing posts with label African Fiction. Show all posts

Wednesday, September 17, 2025

Coming to Birth by Marjorie Oludhe Macgoye

 പിറവിയായി വിമോചനവും സ്വാതന്ത്ര്യവും




ജനം കൊണ്ട് ബ്രിട്ടീഷുകാരിയായ മാര്‍ജോറി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ മെഷിനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെനിയയില്‍ എത്തിയതെങ്കിലും മനസ്സുകൊണ്ട് കെനിയക്കാരിയായി മാറുകയായിരുന്നു. ലുവോ മെഡിക്കല്‍ ഓഫീസര്‍ ഡാനിയല്‍ ഒലൂദേ മക്‌ഗോയെയെ വിവാഹം കഴിച്ച മാര്‍ജോറി, 1963ല്‍ കെനിയ സ്വതന്ത്ര റിപ്പബ്ലിക് ആയതോടെ അവിടത്തെ പൌരത്വം നേടി. ജന്മം കൊണ്ടല്ലാതെ സ്വന്തം തെരഞ്ഞെടുപ്പിലൂടെ കെനിയക്കാരിയായിത്തീര്‍ന്ന എഴുത്തുകാരിയെന്ന നിലയില്‍ ആഫ്രിക്കന്‍ സാഹിത്യത്തിലെ നിയാമക കള്ളികളില്‍ അവരുടെ അംഗത്വം പ്രശ്നമുള്ളതാണ്. പൊതുവേ കികുയു ആധിപത്യമുള്ള കെനിയന്‍ സാഹിത്യത്തില്‍ ലുവോ സമൂഹവുമായുള്ള ആത്മൈക്യം അവരെ വേറിട്ടൊരു പാന്ഥാവിന്റെ അഗ്രഗാമിയായി കണക്കാക്കാന്‍ പര്യാപ്തമാക്കി. ങ്ഗൂഗി വാ തിയോങ്ഗോഗ്രേസ് ഒഗോട്ട്ഒകൊറ്റ് പിബിറ്റെക് തുടങ്ങിയ കെനിയന്‍ സാഹിത്യത്തിലെ അതികായന്മാരുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കാനും ‘കെനിയന്‍ സാഹിത്യത്തിന്റെ ‘മാതൃ സ്വരൂപവും മഹദ് സാന്നിധ്യവും’ ‘ദേശീയ സമ്പത്തും’ (‘the mother or grandmother figure—even the “doyenne”—of the country’s literature’.. national treasure”   qtd by J. Roger Kurtz in ‘Afterword’ ) ആയി അംഗീകാരം നേടാനും അവര്‍ക്കു കഴിഞ്ഞു. കെനിയന്‍ സമൂഹത്തിലെ ഒരു ഗണ്യവിഭാഗം തന്നെയായ വെള്ളക്കാരന്റെ പ്രിവിലേജ് ഉപയോഗിച്ച് കാരെന്‍ ബ്ലിക്സനെയോ (Karen Blixen- ‘Out of Africa’), എല്‍സ്പെത് ഹക്സ് ലി (Elspeth Huxley- ‘The Flame Trees of Thika’ etc.)യെയോ പോലെ കൊളോണിയല്‍ ഡയസ്‌പോറ മനോനിലയുടെ സാഹിത്യം രചിക്കാന്‍ ശ്രമിക്കുന്നില്ലമക്‌ഗോയെ. പരിവര്‍ത്തനപ്പെടുന്ന നാട്ടിലെ മനുഷ്യര്‍വിശേഷിച്ചും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ആവിഷ്കരിക്കുകയെന്നതാണ് കൊളോണിയല്‍ - പോസ്റ്റ്‌കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ അവരെ പ്രചോദിപ്പിക്കുന്ന അന്വേഷണം. ചലനംപലായനംസാമൂഹിക പരിവര്‍ത്തനം എന്നിവ മനുഷ്യ സംസ്കാരത്തിന്റെ നിതാന്ത സ്വഭാവമാണ് എന്ന് അവര്‍ കരുതുന്നു. ജനിച്ചുവളര്‍ന്ന തൊഴിലാളി വര്‍ഗ്ഗ പാരമ്പര്യം, വിദ്യാഭ്യാസത്തിന്റെ വിമോചക ശക്തിയെ കുറിച്ചുള്ള സ്വാനുഭവ ബോധ്യംസാമൂഹികപ്രതിബദ്ധമായ കൃസ്തീയ സങ്കല്പം എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു എന്ന് റോജര്‍ കുര്‍ട്ട്സ് നിരീക്ഷിക്കുന്നു.

കൊളോണിയല്‍ ഭരണത്തില്‍ നിന്ന് പുറത്തു കടക്കുന്ന ദേശത്തിന്റെ ചരിത്രവും പുരുഷാധിപത്യത്തില്‍ നിന്നു പുറത്തുകടക്കുകയും കര്‍തൃത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ചുവടു വെക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മുതിര്‍ന്നു വരവും ഒരേ സമയത്തു പരസ്പരം ഇഴകോര്‍ക്കുന്ന ‘പിറവിയായി സങ്കല്‍പ്പിക്കപ്പെട്ടു രചിക്കപ്പെട്ട നോവലാണ്‌ മക്ഗോയെയുടെ ‘Coming to Birth.’ പുസ്തകത്തിന്റെ ടെക്സ്റ്റില്‍ അനുബന്ധങ്ങളായി ചേര്‍ത്തിട്ടുള്ള റോജര്‍ കുര്‍ട്ട്സ് (Afterword by J. Roger Kurtz) എഴുതിയ മുന്‍ സൂചിത ലേഖനവുംഴാങ് ഹേയുടെ ചരിത്ര പശ്ചാത്തല ലേഖനവും (Historical Context by Jean Hay) അനിവാര്യ വായനകള്‍ ആയിത്തീരുന്നത് ദേശ ചരിത്രവും ഫിക് ഷനും അതീവ ഇഴയടുപ്പത്തോടെ ബന്ധിതമായിരിക്കുന്ന നോവലിന്റെ പ്രകൃതം കൊണ്ടാണ്. പതിനാറുകാരിയായ പോളിന പശ്ചിമ കെനിയയിലെ തന്റെ ഗ്രാമം വിട്ടു ട്രെയിന്‍ മാര്‍ഗ്ഗം നൈറോബിയിലേക്ക് പോകുന്നത് അവിടെ വ്യവസായിക തൊഴിലാളിയും തന്റെ ഭര്‍ത്താവുമായ ഇരുപത്തിമൂന്നുകാരന്‍ മാര്‍ട്ടിനോടു ചേരാന്‍ വേണ്ടിയാണ്. കാലം 1956. മോമോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഏര്‍പ്പെടുത്തിയ എമര്‍ജന്‍സിയുടെയും കിരാതമായ അടിച്ചമര്‍ത്തലിന്റെയും നാളുകള്‍. ഗര്‍ഭിണിയായ കൌമാരക്കാരി തനിക്കൊരു പിടിപാടുമില്ലാത്ത മഹാനഗരത്തിലെത്തുമ്പോള്‍ തീര്‍ത്തും പകച്ചു പോകുന്നുണ്ട്. നഗരജീവിതത്തെ കുറിച്ചോതീരെ കുറഞ്ഞ കാലം കൂടെയുണ്ടായിരുന്ന ഭര്‍ത്താവുമൊത്ത്‌ കഴിഞ്ഞ അനുഭവം മാത്രമുള്ളത് കൊണ്ട് വൈവാഹിക/ കുടുംബ ജീവിതത്തെ കുറിച്ചോ ഭര്‍ത്താവിന്റെ പ്രകൃതത്തെ കുറിച്ചോ ..................

https://www.fazalrahman.com/essays/article/coming-to-birth-by-marjorie-oludhe-macgoye

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – വോള്യം -1

പേജ് 231 – 238

To purchase: contact ph.no:  8086126024)

 

 

Thursday, August 14, 2025

Theft by Abdulrazak Gurnah

 ഗുര്‍നാ കൃതികളിലെ ദിശാമാറ്റം




(നോബല്‍ പുരസ്കാര ലബ്ധിക്കു ശേഷം അബ്ദുല്‍ റസാഖ് ഗുര്‍നായുടെതായി പുറത്തിറങ്ങിയ ആദ്യനോവല്‍ ‘Theft’ എന്ന കൃതിയെ കുറിച്ച്. ഗുര്‍നാ കൃതികളിലെ പ്രമേയ പരവും ശൈലീപരവുമായ ദിശാമാറ്റത്തെ അടയാളപ്പെടുത്തുന്ന നോവല്‍, പോസ്റ്റ്‌കൊളോണിയല്‍, ഹിസ്റ്റോറിക്കല്‍ ഫിക് ഷന്‍ പരിമിതികള്‍ക്കപ്പുറം ആഫ്രിക്കന്‍ സാഹിത്യത്തിലെ തന്നെ പുതിയ കാലത്തിന്റെ നാന്ദിയാണ്.)


2021ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ടാന്‍സാനിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍നക്ക് നല്‍കുമ്പോള്‍ പുരസ്കാര സമിതി എടുത്തു പറഞ്ഞത് “കൊളോണിയലിസത്തിന്റെ ആഘാതങ്ങളെയും സംസ്കാരങ്ങള്‍ക്കും വന്‍കരകള്‍ക്കും ഇടയില്‍ പെട്ടുപോകുന്ന അഭയാര്‍ഥിയുടെ വിധിയെയും അനുതാപപൂര്‍ണ്ണവും വിട്ടുവീഴ്ചയില്ലാതെയും നിരീക്ഷിക്കുന്നതില്‍” അദ്ദേഹത്തിനുള്ള പാടവമായിരുന്നു. ഗുര്‍നായുടെ അന്നുവരെയുള്ള പത്തു നോവലുകളും ഇതര രചനകളും ഈ വിശാലമായ നിര്‍വ്വചനത്തോട് ചേര്‍ന്നു പോകുന്നവ തന്നെയായിരുന്നു എന്നത് വ്യക്തവുമാണ്. എന്നാല്‍, നോബല്‍ പുരസ്കാരത്തെ തുടര്‍ന്നുണ്ടായ സാഹിതീയ, സാംസ്കാരിക സമ്പര്‍ക്കങ്ങളുടെ തിരക്ക് തനിക്കേറെ പ്രിയപ്പെട്ട ഫിക് ഷന്‍ രചനയില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തിയതിനെ കുറിച്ച് പില്‍ക്കാലം പലപ്പോഴും അദ്ദേഹം പറയുകയുണ്ടായി. നാലുവര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന പുതിയ നോവല്‍ ‘Theft’ പക്ഷെ, ആ ഇടവേള വലിയൊരു കുതിച്ചു ചാട്ടത്തിലേക്ക്, അഥവാ വികാസത്തിലെക്കു തന്നെ, വഴിതെളിയിച്ചു എന്ന് കരുതാന്‍ ന്യായം നല്‍കുന്നതാണ്.

നോബേല്‍ പുരസ്കാര ലബ്ധിക്കു ശേഷം നല്‍കിയ ഒരഭിമുഖത്തില്‍, പതിമൂന്നാം വയസ്സില്‍ ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിന’ വായിച്ചതിന്റെ വൈകാരികാനുഭാവത്തെ കുറിച്ച് അബ്ദുല്‍ റസാഖ് ഗുര്‍ന എടുത്തു പറയുകയുണ്ടായി. ഈ ഓര്‍മ്മയെ നേരിട്ടു ബന്ധപ്പെടുത്താവുന്ന പാത്രസൃഷ്ടിയാണ് പോയ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലെ ടാന്‍സാനിയ പശ്ചാത്തലമാക്കി ഗുര്‍ന എഴുതിയ പുതിയ  Theft (2025) എന്ന നോവലിലെ മുഖ്യ കഥാപാത്രമായ റയായുടെ പാത്രസൃഷ്ടി.

കഥാപാത്രങ്ങളും പ്രമേയ ധ്വനികളും

........................

https://www.fazalrahman.com/essays/article/theft-by-abdulrazak-gurnah

Monday, July 28, 2025

The Promise by Damon Galgut

 ചരിത്ര ഭാരം കുടുംബ ഭാരമാകുമ്പോള്‍



( ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമന്‍ ഗാല്‍ഗറ്റിന്റെ ബുക്കര്‍ പുരസ്കാരം നേടിയ  നോവല്‍ The Promise (2021) സമകാലിക സൗത്ത് ആഫ്രിക്കന്‍ ചരിത്രത്തിന്റെ സംഘര്‍ഷങ്ങള്‍ കുടുംബ ശാപമായി ഏറ്റുവാങ്ങുന്ന ആഫ്രിക്കാനര്‍ കുടുംബത്തിന്റെ ശൈഥില്യത്തിന്റെ കഥ പറയുന്നു. ശസ്ത്രക്രിയാ കത്തിയുടെ മൂര്‍ച്ചയും കൃത്യതയുമുള്ളതെന്നു വിവരിക്കപ്പെട്ട ശൈലിയുടെ ഉടമയാണ് നോവലിസ്റ്റ്.)


ആധുനിക സൌത്ത് ആഫ്രിക്കന്‍ സാഹിത്യം വ്യത്യസ്തമായ മൂന്നു കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയാണ് വികസിച്ചത്. 1948 മുതല്‍ 1994 വരെ ഔദ്യോഗികമായിത്തന്നെ നിലനിന്ന വര്‍ണ്ണവിവേചന കാലം (Apartheid), 1994ലെ മണ്ടേല സര്‍ക്കാരിന്റെ ഉദയത്തോടെ സംഭവിച്ച/ സംഭവിക്കുമെന്നു എല്ലാവരും സ്വപ്നം കണ്ട ‘വര്‍ണ്ണവിവേചാനന്തര മഴവില്‍ ദേശപ്പിറവി’ (post-Apartheid Rainbow Nation), മഴവില്ല് അതിവേഗം വിണ്ടു കീറുകയും പുതിയ സംഘര്‍ഷങ്ങള്‍ പഴയ ഹിംസാത്മകതയേക്കാള്‍ രൂക്ഷമായിത്തീരുകയും ചെയ്ത ‘വര്‍ണ്ണ വിവേചനാനന്തരത്തിനും ശേഷം’ (beyond post-Apartheid) എന്നിങ്ങനെയാണ് ഈ കാലഗണന. ഗോത്ര സംസ്കൃതികളുടെ കാവലാളുകളായ തദ്ദേശീയ കറുത്ത വര്‍ഗ്ഗക്കാര്‍, ബ്രിട്ടനില്‍ നിന്നു കുടിയേറിയ ഇംഗ്ലീഷുകാര്‍, ഡച്ച് വേരുകളുള്ള ബോയറുകള്‍ എന്നിങ്ങനെ മുഖ്യമായും മൂന്നു ജനവിഭാഗങ്ങളാണ് സംഘര്‍ഷ ഭരിതമായ ദേശത്തു കൊമ്പുകോര്‍ത്തത്. പതിനൊന്നു ഔദ്യോഗിക ഭാഷകള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സൗത്ത് ആഫ്രിക്കയില്‍ 2011ലെ കണക്കു പ്രകാരം *(1) തദ്ദേശീയമായ സുലു-ഹോസാ ഭാഷകള്‍ ഏതാണ്ട് നാല്‍പ്പതു ശതമാനം പേരും ഉപയോഗിക്കുമ്പോള്‍ പതിനാലു ശതമാനത്തോളം വരുന്ന ബോയറുകള്‍ ആഫ്രിക്കാനര്‍ ഭാഷയും നാലാമത് ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് പത്തുശതമാനം ആളുകളും ഉപയോഗിക്കുന്നു. ഇംഗ്ലീഷ്-ആഫ്രിക്കാനര്‍ ഭാഷകളില്‍ എഴുതപ്പെടുന്ന സാഹിത്യം ‘സൗത്ത് ആഫ്രിക്കന്‍ സാഹിത്യം എന്നു പരിഗണിക്കപ്പെടുമ്പോള്‍ ഇതര തദ്ദേശീയ ഭാഷാ സാഹിത്യങ്ങള്‍ ‘ആഫ്രിക്കന്‍ സാഹിത്യം എന്നാണ് വിളിക്കപ്പെടുന്നത് *(2).

ഗാല്‍ഗറ്റിന്റെ രചനാലോകം

യൂറോപ്പ്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി 1963ല്‍ പ്രിട്ടോറിയയില്‍ ജനിച്ച ഡാമന്‍ ഗാല്‍ഗറ്റ് അപ്പാര്‍ത്തീഡ് കാലത്തും തുടര്‍ന്നും ദേശം കടന്നു വന്ന ചരിത്ര സംഘര്‍ഷങ്ങളെ നേരില്‍ കാണുകയും തന്റെ കൃതികളില്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ടീനേജു കടക്കും മുമ്പേ എഴുതിയ A Sinless Season, “കൃതൃമ ഗൗരവം നിറഞ്ഞ നവയുവാവിന്റെ രചന (‘Portentous juvenilia’) – ചിന്താമൂകമെങ്കിലും അവിടവിടെ മികവു കാണിക്കുന്ന, എന്നാല്‍ കൗമാരസഹജമായ പ്രമേയക്കൂട്ടുകളാല്‍ (സെക്സ്, തിന്മ, മൃത്യു) കുഴഞ്ഞുമറിഞ്ഞ, ഇടയ്ക്കിടെ പക്വമായിട്ടില്ലാത്ത ഗദ്യം മൂലം അങ്കലാപ്പുണ്ടാക്കുന്ന..”കൃതി എന്നു വിവരിക്കപ്പെടുന്നു. *(3) പ്രസ്തുത നോവല്‍ പില്‍ക്കാലം ഗാല്‍ഗറ്റ് തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. Small Circle of Beings (1988) എന്ന സമാഹാരത്തിലെ മുഖ്യ ഭാഗമായ അതേ പേരിലുള്ള നോവെല്ല .....................

https://www.fazalrahman.com/essays/article/the-promise-by-damon-galgut


Wednesday, July 23, 2025

Blackass by A. Igoni Barrett

ഗ്രിഗോര്‍ സാംസ തെരുവിലിറങ്ങുന്നില്ല


ആ നിര്‍ണ്ണായകമായ പ്രഭാതത്തില്‍ ഗ്രിഗോര്‍ സാംസയില്‍ (‘മെറ്റമോര്‍ഫോസിസ്’) സംഭവിക്കുന്ന രൂപാന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ആദ്യ വാചകത്തില്‍ തന്നെ  പറഞ്ഞു വെക്കുമ്പോള്‍ ഫ്രാന്‍സ് കാഫ്ക വായനക്കാരോട് ആവശ്യപ്പെടുന്നത് അറിഞ്ഞു കൊണ്ട് തന്നെ അവിശ്വാസത്തിന്‍റെ വ്യാവഹാരിക യുക്തിബോധം മാറ്റിവെക്കാനാണ് – willing suspension of disbelief. പൊടുന്നനെ സംഭവിക്കുന്ന സ്വത്വ വ്യതിയാനത്തിന്‍റെയും പരിണാമത്തിന്‍റെയും തടവില്‍ നിന്ന് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത വിധം ഗ്രിഗോര്‍ സാംസ മനുഷ്യ കുലത്തിന് അന്യനായിത്തീരുന്നു. ‘ഇനിയെന്ത്?’ എന്ന ഗ്രിഗോര്‍ സാംസയുടെ ചോദ്യം മുന്‍ കുറിപ്പായി രേഖപ്പെടുത്തിയാണ് ഇഗോനി ബെരെറ്റ് എന്ന യുവ നൈജീരിയന്‍ നോവലിസ്റ്റ് മറ്റൊരു ‘രായ്ക്കു രാമാനം’ രൂപാന്തരത്തിന്റെ കഥയായ തന്റെ പ്രഥമ നോവല്‍ ‘Blackass’ (കറുത്ത പൃഷ്ടം) ആരംഭിക്കുന്നത് എന്നത് യാദൃശ്ചികമല്ല. എന്നാല്‍ സാംസയെ പോലെ ജന്തുതയുടെ അതിര്‍വരമ്പുകള്‍ മുറിച്ചു കടന്നു പ്രാണി ജന്മത്തിലേക്കു കൂട് മാറുകയല്ല ഫ്യൂറോ വാരിബോകോ. അയാള്‍ മുറിച്ചു കടക്കുക കറുത്തവന്റെയും വെളുത്തവന്റെയും ഇടയിലെ വര്‍ണ്ണ നിയമങ്ങളുടെ അതിരുകളാണ്. ആദ്യത്തേതിനെ അപേക്ഷിച്ച് ഇത് ഒരടഞ്ഞ അറ്റമല്ലാത്തതു (dead end) കൊണ്ടും സാംസയെ പോലെ മാനവ കുലത്തില്‍ നിന്ന് തന്നെ ബഹിഷ്കൃതനല്ലാത്തത് കൊണ്ടും അയാള്‍ക്ക് മുന്നില്‍ സാധ്യതകള്‍/ പരിമിതികള്‍ വേറെയാണ്. പരിചിത ലോകവുമായി പുനര്‍ സ്വമന്വയത്തിന്റെ (reintegration) സാധ്യതകള്‍ തേടേണ്ടതുണ്ട് അയാള്‍ക്ക്.

 

രൂപാന്തരണമെന്ന സ്വത്വപ്രതിസന്ധി

ലാഗോസിലെ സാധാരണ അഭ്യസ്ത വിദ്യനും തൊഴിലന്വേഷിയുമായ ഫ്യൂറോ വാരിബോകോ എന്ന മുപ്പത്തിമൂന്നുകാരന്റെ നിനച്ചിരിക്കാത്ത രൂപാന്തരണം ഒരു സുപ്രഭാതത്തില്‍ അയാളെ തീര്‍ത്തുമൊരു വെളുത്തവന്‍ ആക്കുന്നതോടെയാണ് ഇതിവൃത്തം വികസിച്ചു തുടങ്ങുന്നത്. “ഇന്ന് പ്രഭാതത്തില്‍ ഫ്യൂറോ വാരിബോകോ ഉണര്‍ന്നത് സ്വപ്നങ്ങള്‍ക്ക് അവയുടെ വഴിതെറ്റാമെന്നും ഒരു ഉറക്കത്തിന്റെ തെറ്റായ വശത്ത്‌ എത്തിച്ചേരാമെന്നുമുള്ള കണ്ടെത്തലിലാണ്.” എന്ന് ആദ്യ വാചകം. നീലക്കണ്ണുകളും നീല ഞരമ്പുകള്‍ പിടച്ചു നില്‍ക്കുന്ന ചോര തൊട്ടെടുക്കാവുന്ന വെള്ളക്കാരന്റെ ഉടലും അയാളെ അങ്കലാപ്പിലാക്കുന്നത് തന്റെ രൂപാന്തരം വീട്ടുകാരില്‍ എന്ത് പ്രതികരണമാനുണ്ടാക്കുക എന്ന ഭയം കൊണ്ട് മാത്രമല്ല; അന്നേ ദിവസം താന്‍ ഏറെ നാളായി കാത്തിരുന്ന ഒരു ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതും ഉണ്ടായള്‍ക്ക് എന്നത് കൊണ്ടുമാണ്. ഏഴാം വയസ്സില്‍ ചിക്കന്‍ പോക്സ് പിടിപെട്ടപ്പോള്‍ കൂട്ടിരുന്ന മമ്മയെ ഇപ്പോള്‍ അയാള്‍ക്ക് ആശ്രയിക്കാനാവില്ല. അന്ന് പുരട്ടിയ കാലമൈന്‍ ലോഷന്‍ കഴുകിക്കളയാമായിരുന്നു. കാന്‍സര്‍ ആയിരുന്നെങ്കില്‍ ലോകത്ത് താന്‍ തനിച്ചല്ല. സ്കിസോഫ്രീനിയ ആണെങ്കില്‍ മനസ്സിന്റെ ‘ഭാന്തമായ മൂടല്‍മഞ്ഞ്’ ഇടയ്ക്കിടെ തെളിയുന്ന വേളയില്‍ ആളെ തിരികെ കിട്ടും. ഇപ്പോള്‍ അറിയാവുന്നവരെയും വേണ്ടപ്പെട്ടവരെയും കാണാതെ വിട്ടുപോവുക എന്നത് മാത്രമാണ് അയാളുടെ മുന്നിലുള്ള വഴി. ഈ തീരുമാനത്തില്‍ വീട്ടുകാരെ കാണാതെ ‘മുങ്ങി’ അയാള്‍ പുറത്തു കടക്കുന്നുണ്ടെങ്കിലും ഈ നിമിഷം മുതല്‍ അയാള്‍ സ്വത്വ പ്രതിസന്ധി അനുഭവിച്ചു തുടങ്ങും. “ആരും ജനനം സ്വയം ആവശ്യപ്പെടുന്നില്ല, കറുത്തവനാവാനോ വെളുത്തവനാവാനോ ഇടയിലേതെങ്കിലും നിറമോ ആവശ്യപ്പെടുന്നില്ല, എന്നിരിക്കിലും ഒരാള്‍ ജനിച്ചുവീഴുന്ന വ്യക്തിത്വം ഈ ലോകത്ത് വിശദീകരിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമായിരിക്കും.” സിംബാബ്‌വേയെ പോലെ ഒരു ‘സെറ്റ്ലര്‍ കോളനി’ അല്ലാതിരുന്നത് കൊണ്ട് സ്വാതന്ത്ര്യാനന്തരം നൈജീരിയയില്‍  വെളുത്ത വര്‍ഗ്ഗക്കാര്‍ അപൂര്‍വ്വ കാഴ്ചയായിരുന്നു. ലാഗോസ് തെരുവില്‍ ഒരു ‘ഒയീബോ’ (വെള്ളക്കാരന്‍) നടന്നു പോകുന്നത് തൊട്ടു നോക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയാണ്, റിക്ഷ വണ്ടിക്കാര്‍ക്ക്‌ നാലിരട്ടി പിടുങ്ങാനുള്ള കറവപ്പശു, കറുത്തവരുടെ കടലില്‍ ഒരു ഒറ്റയാന്‍. തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ നിസ്സംഗതയും നഗ്നമായ ജിജ്ഞാസക്കെതിരെ അവഗണനയും ആവശ്യമില്ലാത്തിടത്തെക്ക് നോക്കാതിരിക്കലും വേഗം അയാള്‍ പഠിച്ചെടുക്കേണ്ട പാഠങ്ങളാണ്. അയാളുടെ നൈജീരിയന്‍ പേരും ഉച്ഛാരണവും അസാധാരണമായി തോന്നുന്നവരോട് “ഞാന്‍ ഒരു നൈജീരിയക്കാരന്‍ ആണ്” എന്ന് അയാള്‍ക്ക് പറയേണ്ടി വരുന്നു. എന്നാല്‍ രൂപാന്തരണത്തിനു മറ്റൊരു നല്ല വശവും ഉണ്ടെന്നു അയാള്‍ വേഗം കണ്ടെത്തുന്നു. ................

https://www.fazalrahman.com/essays/article/blackass-by-a-igoni-barrett

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 151-158)

To purchase, contact ph.no:  8086126024


Monday, June 16, 2025

Behold the Dreamers by Imbolo Mbue

ഉത്തുംഗങ്ങളില്‍ എല്ലാവരും സമന്മാരാണ്.




"ഡോനാള്‍ഡ് ട്രംപ് ഇപ്പോള്‍ വായിക്കേണ്ട ഒരൊറ്റ പുസ്തകം " എന്ന് വിവരിക്കപ്പെട്ട (റോണ്‍ ചാള്‍സ്ദി വാഷിങ്ങ്ടന്‍ പോസ്റ്റ്‌ആഗസ്റ്റ്‌, 17, 2016) നോവലാണ്‌ യുവ കാമറൂണിയന്‍ - അമേരിക്കന്‍ എഴുത്തുകാരി ഇംബോലോ എംബൂയെയുടെ പ്രഥമ നോവല്‍ 'ബിഹോള്‍ഡ്‌ ദി ഡ്രീമേഴ്സ് '. 1930-കളിലെ 'മഹാ മാന്ദ്യ'ത്തിനു (the Great Depression) ശേഷം ലോകം കണ്ട ഏറ്റവും വലിയപുതു നൂറ്റാണ്ടാദ്യം സംഭവിച്ചസാമ്പത്തിക പ്രതിസന്ധി ഘട്ടവും (the Recession of 2008- 2010) തുടര്‍ന്നുണ്ടാവുന്ന ആ 'മഹത്തായ അമേരിക്കന്‍ സ്വപ്ന'ത്തിന്റെ (the Great American Dream) തകര്‍ച്ചയുമാണ് നോവലിന്റെ പശ്ചാത്തലംനോവലിസ്റ്റിന്റെ തന്നെ ജന്മ ദേശമായ കാമറൂണിലെ തെക്കു പടിഞ്ഞാറന്‍ കടലോര നഗരമായ ലിംബേയില്‍ നിന്ന് ജീവിത സാഹചര്യങ്ങളുടെ പാരുഷ്യത്തില്‍ ഒരു സന്ദര്‍ശക വിസയുടെ ആനുകൂല്യത്തില്‍ അമേരിക്കയിലെത്തുന്ന ജെന്റെ ജോംഗ മറ്റനേകം പ്രവാസികളെപ്പോലെ 'അഭയംനേടലും ഗ്രീന്‍ കാര്‍ഡും തന്നെയാണ് സ്വപ്നം കണ്ടത്രണ്ടു കൊല്ലത്തിനുള്ളില്‍ സ്റ്റുഡെന്റ് വിസയില്‍ ഭാര്യ നേനിയെയുംഅച്ഛനെ ആരാധിക്കുന്ന ആറു വയസ്സുകാരനായ മകന്‍ ലിയോമിയെയും അമേരിക്കയിലെത്തിച്ച് ഹാര്‍ലെമില്‍ താമസമാക്കുന്ന ദമ്പതിമാരുടെ ജീവിതങ്ങള്‍ മാന്ദ്യത്തിന്റെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും സ്വപ്നങ്ങളുടെ ഭാണ്ഡം അഴിച്ചു കെട്ടേണ്ടി വരുന്നതുമാണ് തലക്കെട്ടിന്‍റെ ഉറവിടം.

 

മാന്ദ്യം അകത്തളങ്ങളിലേക്ക്

 

കുറ്റമറ്റ ഔദ്യോഗിക മേല്‍വിലാസ രേഖകളുടെ അഭാവമെന്ന കുടിയേറ്റക്കാരുടെ ജീവിതാവസ്ഥയുടെ പൊതുസ്വഭാവത്തെ മൂടിവെച്ച്നേനിയോടൊപ്പം മണിക്കൂറുകളോളം ഗൂഗിളില്‍ ചെലവഴിച്ചു നടത്തിയ ഇന്റെര്‍വ്യൂ തയ്യാറെടുപ്പിന്റെയും ലൈബ്രറിയില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സഹായത്തോടെ തയ്യാറാക്കിയ റെസ്യൂമെയുടെയും പിന്‍ ബലത്തില്‍ നടത്തിയ അപേക്ഷയെ തുടര്‍ന്ന് , 2007-ന്‍റെ ശരത് കാലത്ത് വാള്‍ സ്ട്രീറ്റ് ഭീമന്‍ ലെഹ്മാന്‍ ബ്രദേഴ്സിന്റെ സീനിയര്‍ എക്സീക്യൂട്ടീവായ ക്ലാര്‍ക്ക് എഡ്വാര്‍ഡ് സ്വപ്ന തുല്യമായ പ്രതിഫലത്തില്‍ തന്നെ ഡ്രൈവര്‍ ആയി നിയമിക്കുമ്പോള്‍ ജെന്റെ ജോംഗക്ക് തന്റെ ഭാഗ്യം വിശ്വസിക്കാന്‍ പ്രയാസമുണ്ട്

തുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/behold-the-dreamers-by-imbolo-mbue

Thursday, May 29, 2025

Early Trilogy - Ngũgĩ wa Thiong'o

സ്വാതന്ത്ര്യത്തിന്‍റ കെനിയന്‍ കനല്‍ച്ചിത്രങ്ങള്‍


ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ ഊര്‍ജ്ജ പ്രഭവമായി മൂന്നു ഘടകങ്ങളെ ബെന്‍ ഒക്രിചൂണ്ടിക്കാണിക്കുന്നു: അഗോചരം അഥവാ മിത്തുകള്‍ , ഗോചരം അഥവാ യാഥാര്‍ത്ഥ്യം, വാമൊഴി പാരമ്പര്യം എന്നിവയാണവ. ഇതില്‍ത്തന്നെ മിത്തിക്കല്‍ സ്വാധീനത്തെ ഏറ്റവും പ്രധാനപ്രഭവമായി അദ്ദേഹം വേര്‍തിരിക്കുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലെ ക്ലാസിക്കുകള്‍ ആയ ആമോസ് ടുടുവോലായുടെ 'ദി പാം വൈന്‍ ഡ്രിങ്കാര്‍ഡ്', ചിനുവ അച്ചബെയുടെ 'തിംഗ്സ് ഫാള്‍ അപ്പാര്‍ട്ട്' , കമാറ ലായെയുടെ 'ദി ആഫ്രിക്കന്‍ ചൈല്‍ഡ്' തുടങ്ങിയവയെ അദ്ദേഹം ഈ ഗണത്തില്‍ അഗ്രഗാമികളായി വിലയിരുത്തുന്നു. ബെന്‍ ഒക്രിയുടെ തന്നെ 'ദി ഫാമിഷ്ഡ് റോഡ്‌' തീര്‍ച്ചയായും ഈ ഗണത്തില്‍ വരുന്നതാണെന്നും നമുക്ക് പറയാം. അമ്പതുകളുടെ കൊളോണിയല്‍ വിരുദ്ധ ഉണര്‍വ്വുകളുടെ കാലത്ത് പാരമ്പര്യത്തിനും ഒപ്പം തന്നെ കലുഷമായ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ചെവികൊടുത്ത്‌ എഴുതിയ എഴുത്തുകാരെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ബെന്‍ ഒക്രി എടുത്തുപറയുന്നു: ആധുനിക ആഫ്രിക്കന്‍ സാഹിത്യം കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പായല്ല തുടങ്ങിയത്, മറിച്ച് കൊളോണിയളിസം ഒരു ആവിഷ്കാര രീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സ്വാഭാവിക പുരോഗതിയുടെ രൂപത്തില്‍ അതിനു ഒരു പുതിയ മാനം, ഒരു പുതിയ ഊന്നല്‍ നല്‍കുകയായിരുന്നു. മോശം കാലത്ത് ആളുകള്‍ മോശം കാലത്തെ കുറിച്ച് പാടുക സ്വാഭാവികം. എന്നാല്‍ അത് പ്രാതിനിധ്യ സ്വഭാവമുള്ളതല്ല, കാരണം മോശം കാലത്തെ കുറിച്ചുള്ള പാട്ടുകളില്‍ നല്ല കാലങ്ങളെ കുറിച്ചുള്ള സൂചകമായി ആത്മാവിന്റെ ചൈതന്യം പ്രഘോഷിക്കപ്പെടുന്നു. പാരമ്പര്യത്തിന്റെ അഗാധതകളില്‍ നിന്നും ഒപ്പം കലുഷമായ വര്‍ത്തമാനത്തിന്റെ പ്രവചന സ്വരങ്ങളില്‍നിന്നും ഉരുവം കൊണ്ട ഒരു മഹത്തായ സൂചക കൃതിയായി അദ്ദേഹം എന്‍ഗൂഗി വാ തിയോംഗോ യുടെ ആദ്യ പ്രസിദ്ധീകൃത നോവലായ 'കുഞ്ഞേ, കരയരുത് ' എന്ന പുസ്തകത്തെ അടയാളപ്പെടുത്തുന്നു. (പെന്‍ഗ്വിന്‍ ക്ലാസിക് പതിപ്പിന്റെ ആമുഖം: ബെന്‍ ഒക്രി).
ഒരു എഴുത്തുകാരന്റെ/കാരിയുടെ പ്രഥമകൃതി അദ്ദേഹത്തിന്റെ/അവരുടെ രചനാലോകത്തിന്റെ മൊത്തം സൂചകമായിത്തീരുന്ന തരത്തില്‍ ആ പ്രമേയപരമായ ഉത്കണ്ഠകള്‍ ഉള്‍കൊള്ളുന്നതാവാം എന്ന് നിരീക്ഷണം സാധൂകരിക്കും വിധം, കുറെയേറെ കഥകള്‍ക്കും, 'ദി റിവര്‍ ബിറ്റ് വീന്‍' എന്ന പിന്നീട് മാത്രം പ്രസിദ്ധീകരിക്കപ്പെട്ട നോവലിനും ശേഷം ഇരുപത്തിയെട്ടാം വയസ്സില്‍ എന്‍ഗൂഗി എഴുതിയ 'കുഞ്ഞേ, കരയരുത് ' അദ്ദേഹത്തിന്റെ രചനാ ലോകത്തേക്കുള്ള തുറവുതന്നെ ആകുന്നുണ്ട്. അക്കാലത്ത് ആഫ്രിക്കന്‍ എഴുത്തുകാരില്‍ പതിവായിരുന്ന രീതിയില്‍ തന്റെ മാമോദീസാ പേരായ ജെയിംസ്‌ എന്‍ഗൂഗി എന്ന പേരിലാണ് അന്നത് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും വൈകാതെ ആ കൊളോണിയല്‍ ഭാരം നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു . പില്‍ക്കാലം, ആഫ്രിക്കന്‍ സ്വത്വത്തെ കുറിച്ചും ഭാഷാപരമായ തനിമയെ കുറിച്ചുമുള്ള തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ രചനാരീതികളെയും മാറ്റിമറിച്ചു. 'കുഞ്ഞേ, കരയരുത് ' ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവലിസ്റ്റ്, പില്‍ക്കാലം ഗികുയു, സ്വാഹിലി ഭാഷകളില്‍ എഴുതിയ ശേഷം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന രീതിയിലേക്ക് മാറി. ഒരു ഘട്ടത്തില്‍ ഇനി മുതല്‍ ഗികുയുവില്‍ മാത്രമേ എഴുതുകയുള്ളൂ എന്നും അദ്ദേഹം തീരുമാനിച്ചു. 1987-ല്‍ പുറത്തിറങ്ങിയ 'മാതിഗാരി' എന്ന നോവലിന് ശേഷം 2006-ല്‍ 'വിസാര്‍ഡ് ഓഫ് ദി ക്രോ' എന്ന ബൃഹദ് നോവല്‍ വരെയുള്ള ഏകദേശം രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ രചനകളെല്ലാം ഗികുയു ഭാഷയില്‍ ആയിരുന്നു.

കനലില്‍ പിച്ചവെക്കുന്നവര്‍

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കൊളോണിയല്‍ യുദ്ധത്തെ കികുയു കാഴ്ചപ്പാടില്‍ ഫിക് ഷനില്‍ ആവാഹിച്ച ആദ്യ ആഫ്രിക്കന്‍ എഴുത്തുകാരനാണ് എന്‍ഗൂഗി. 1952 - '60 -കാലഘട്ടത്തിലെ 'കെനിയന്‍ അടിയന്തരാവസ്ഥ' എന്നും 'മോ മോ' കലാപം എന്നും അറിയപ്പെട്ട കെനിയന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് കൗമാരം പിന്നിടുന്ന ന്യൊറോഗി എന്ന ബാലന്റെ മുതിര്‍ന്നു വരവിന്റെ കഥയാണ് 'കുഞ്ഞേ, കരയരുത്' എന്ന ആദ്യ നോവലില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കൊളോണിയല്‍ ആധിപത്യത്തിനെതിരായ തീക്ഷ്ണ പ്രതികരണമായി ഗറില്ലാ പോരാട്ടം നാടെങ്ങും പടരുന്ന കാലം..................



Saturday, May 24, 2025

The Promised Land by Grace Ogot

        വാഗ്ദത്ത ഭൂമിയിലെ സര്‍പ്പസാന്നിധ്യം.




കെനിയന്‍ സാഹിത്യത്തിന്റെ മാതാവ് എന്ന അപരനാമമുള്ള ഗ്രേസ് ഒഗോട്ട്, ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള അതികായരുടെ സമകാലികയും കെനിയയില്‍ നിന്ന് മികച്ച സാഹിത്യമുണ്ടാകുമെന്നു ലോകത്തെ കാണിച്ചു കൊടുത്തവരില്‍ മുന്‍നിരക്കാരിയുമാണ്. 1962ല്‍ സംഘടിപ്പിക്കപ്പെട്ട ആഫ്രിക്കന്‍ സാഹിത്യ സംഗമത്തില്‍ ഈസ്റ്റ് ആഫ്രിക്കയെ പ്രതിനിധാനം ചെയ്ത ഏകവ്യക്തി താനായിരുന്നു എന്നതാണ് തന്റെ തന്റെ പാരമ്പര്യത്തിന്റെ കഥകള്‍ പറഞ്ഞുതുടങ്ങാന്‍ അവര്‍ക്ക് പ്രചോദനമായത്. തൊട്ടടുത്ത വര്‍ഷം ബ്ലാക്ക് ഓര്‍ഫിയൂസ് ജേണലില്‍ ‘A Year of Sacrifice’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ച ഒഗോട്ടിന്റെ വിഖ്യാത നോവല്‍ The Promised Land 1966-ല്‍ പുറത്തിറങ്ങിയപ്പോള്‍, അതേ ദശകത്തില്‍ തന്നെ അവരുടെ ‘Land Without Thunder’ (1968)  എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. 1964-ല്‍ ആണ് കെനിയന്‍ സാഹിത്യത്തിലെ ആദ്യ സുപ്രധാന നോവല്‍ Weep Not, Child (ങ്ഗൂഗി വാ തിയോങ്ഗോ) പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് പ്രസക്തമാണ്. ഒഗോട്ടിന്റെ രചനകളുടെ പ്രധാന ശ്രദ്ധാകേന്ദ്രം സ്വന്തം ജീവിത സാഹചര്യങ്ങളുടെ കൂടി ഭൂമികയായ ലുവോ സമൂഹമാണ്. കെനിയ, ടാന്‍സാനിയ സംഗമ പ്രദേശങ്ങളിലായി അധിവസിക്കുന്ന ക്രിസ്തീയ - പാഗന്‍ വിശ്വാസ ക്രമങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഈ സമൂഹം ആധുനികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിക്കുന്ന, ഒപ്പം അവയുടെ സംഘര്‍ഷങ്ങള്‍ നേരിടുന്ന ജീവിത രീതി പിന്തുടര്‍ന്നു. ആധുനിക വൈദ്യ ശാസ്ത്രത്തെ അനിവാര്യ ഘട്ടങ്ങളില്‍ ആശ്രയിക്കുമ്പോഴും പഴയ മാന്ത്രിക – നാട്ടു ചികിത്സാ രീതികള്‍ മുറുകെ പിടിക്കുന്ന രീതി ഇതിന്റെ ഭാഗമാണ്. ലിംഗ നീതിയിലും പരമ്പരാഗത മൂല്യങ്ങള്‍ പിന്തുടരുന്ന രീതിയിലും കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണം സ്ത്രീയുടെ ബാധ്യതയായി കണക്കാക്കുന്ന പുരുഷാധിപത്യ ക്രമത്തെ അവര്‍ ക്രിസ്തീയ ക്രമവുമായി കണ്ണി ചേര്‍ത്തു. ഇതേ മൂല്യ വ്യവസ്ഥയെ പിന്‍പറ്റുന്ന ഒഗോട്ടിന്റെ സമീപനം സ്ത്രീപക്ഷ വിമര്‍ശകരില്‍ അവരെ കുറിച്ചു ഭിന്ന സ്വരങ്ങള്‍ക്കു കാരണമായതും സ്വാഭാവികം. ലുവോ നാടോടി കഥാ സമ്പ്രദായവും പുരാണങ്ങളും വാമൊഴി പാരമ്പര്യവും വേണ്ടുവോളം ഉപയോഗപ്പെടുത്തന്ന ഒഗോട്ടിന്റെ രചനകളില്‍ കോളനി പൂര്‍വ്വ ഈസ്റ്റ് ആഫ്രിക്കന്‍ സാമൂഹികാവസ്ഥയുടെ ശക്തമായ പ്രതിഫലനത്തോടൊപ്പം ഗോത്ര വിദ്വേഷങ്ങള്‍, ഭൌതിക നേട്ടങ്ങള്‍ക്കായുള്ള മദമാത്സര്യങ്ങള്‍, ഭാര്യയുടെ കടമകള്‍ പോലുള്ള പരമ്പരാഗത സ്ത്രീ സങ്കല്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളും സാമാന്യ പ്രമേയങ്ങള്‍ ആയിത്തീരുന്നു.

 

ഒഗോട്ടിന്റെ ആദ്യ നോവല്‍ ‘വാഗ്ദത്ത ഭൂമി’, കെനിയയിലെ തങ്ങളുടെ പൂര്‍വ്വിക ഗ്രാമമായ ന്‍യാന്‍സാ പ്രദേശത്തു നിന്ന് ഫലഭൂയിഷ്ടമായ ഭൂമിയും സാമ്പത്തും തേടി ടാങ്കനിക്ക തടാകം കടന്ന് വടക്കന്‍ ടാന്‍സാനിയയിലെത്തുന്ന ലുവോ പ്രവാസി കുടുംബം നേരിടുന്ന ജീവിത സംഘര്‍ഷങ്ങളില്‍ കേന്ദ്രീകരിക്കുന്നു. അക്കാലത്ത് പതിവായിരുന്ന കുടിയേറ്റത്തിന്റെ ഭാഗമായി, കന്നി മണ്ണില്‍ നൂറുമേനി കാത്തു സ്ഥലത്തെത്തുന്ന ലുവോ ഗോത്രജരുടെ എല്ലാവരുടെയും സംരക്ഷകനും പിതൃ തുല്യനുമായ ഒകേച്ചിന്റെയും മാതൃ നിര്‍വ്വിശേഷമായ സ്നേഹത്തോടെ കൂടെയെത്തുന്ന അദ്ദേഹത്തിന്റെ ഭാര്യ  സൌന്ദര്യ ലക്ഷണമായ നീണ്ട കഴുത്തിന്റെ പേരില്‍ അതിഗ (‘ജിറാഫിനെ പോലെ നീണ്ട കഴുത്തുള്ളവള്‍’) എന്ന് വിളിപ്പേരുള്ള ന്‍യാബോറോയും ഉള്ളഴിഞ്ഞ സഹായത്തോടെ ഒചോലയും ഭാര്യ ന്‍യാപോളും അതില്‍ വിജയിക്കുന്നുമുണ്ട്. രണ്ടാം പ്രസവത്തിലെ ഇരട്ടകള്‍ ഉള്‍പ്പടെ മൂന്നു മക്കളും അളവറ്റ ധന-ധാന്യ-കാലി സമ്പത്തും ആര്‍ജ്ജിച്ച, കഠിനാധ്വാനവും ഉത്സാഹവും അടയാളപ്പെടുത്തിയ ഏതാനും വര്‍ഷങ്ങളുടെ സ്വപ്ന തുല്യമായ നേട്ടങ്ങള്‍ക്കു ശേഷം അശാനിപാതങ്ങള്‍ ഒന്നൊന്നായി ആരംഭിക്കുന്നത് പ്രദേശത്തെ ആദിമ ഗോത്രജനും കുടിയേറ്റക്കാരോട് കടുത്ത അസഹിഷ്ണുത ഉള്ളവനും നിഗൂഡതകള്‍ നിറഞ്ഞ പ്രകൃതക്കാരനും സര്‍പ്പങ്ങളുടെയും ദുരത്മാക്കളുടെ സഹാവാസിയും ദുര്മ്മുഖനുമായ വൃദ്ധന്‍ അയല്‍ക്കാരന്റെ ക്രോധത്തിന് ഒചോല ഇരയാകുന്നതോടെയാണ്. ഒചോല ഒരു നിഗൂഡമായ ത്വക് രോഗത്തിന് അടിപ്പെടുകയും ഒട്ടേറെ പാരമ്പര്യ/ മാന്ത്രിക വൈദ്യന്മാര്‍ പരാജയപ്പെടുകയും ചെയ്യുന്നതോടെ വെള്ളക്കാരന്റെ വൈദ്യം പോലും പരീക്ഷിക്കാന്‍ കുടുംബം തയ്യാറാകുന്നു. എന്നാല്‍, കൊടിയ ശാപത്തിനു മുന്നില്‍ അതും പരാജയപ്പെടുന്നത്, കടുത്ത നൈരാശ്യത്തിലേക്ക്‌ ഒചോലയെ എടുത്തെറിയുമ്പോഴാണ്‌ ഒരു രണ്ടാമൂഴം പരീക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പോടെ മുമ്പ് വിജയിക്കാന്‍ കഴിയാതെ പോയതുകൊണ്ട് പ്രതിഫലം പോലും വാങ്ങാതെ തിരികെ പോയിരുന്ന മഗുംഗു എന്ന അത്ഭുത സിദ്ധികളുള്ള പാരമ്പര്യ വൈദ്യന്‍ വീണ്ടുമെത്തുക. മരണ വക്ത്രത്തില്‍ നിന്ന് ഒചോലയെ രക്ഷിക്കുന്ന മഗുംഗു അന്ത്യശാസനം നല്‍കുന്നു: ഇനിയൊരു രാത്രി പോലും ഒചോല ശപിക്കപ്പെട്ട ഈ നാട്ടില്‍ ഉറങ്ങരുത്, ഉടന്‍ തന്റെ പൂര്‍വ്വികരുടെ മണ്ണിലേക്ക് തിരികെ പോകണം, എല്ലാം ഉപേക്ഷിച്ച്, ഒരു നിമിഷം പാഴാക്കാതെ. ഒട്ടും സ്വാഗതാര്‍ഹാമല്ലാത്ത ഈ അന്ത്യശാസനം നിറവേറ്റപ്പെടുക അതീവ ദുഃഖത്തോടെയും നിരാശതയോടെയുമാണ്. കുടുംബത്തില്‍ കുട്ടികളും ഒരംഗത്തെ പോലെത്തന്നെയായിരുന്ന കാവല്‍നായയും ഉള്‍പ്പടെ നേരിടേണ്ടി വന്ന മരണത്തിന്റെ വക്കോളം എത്തിയ ശാപത്തിന്റെ ദുരന്തങ്ങളില്‍ മനം മടുത്തു തിരിച്ചു പോകാന്‍ എപ്പോഴും ഒചോലയെ നിര്‍ബന്ധിക്കുമായിരുന്ന ന്‍യാപോളിനു പോലും നിറഞ്ഞ പത്തായങ്ങളും ധാന്യം നിറഞ്ഞ വയലുകളും സമൃദ്ധമായ കാലിസമ്പത്തും സമ്പന്ന ഗൃഹവും ഒരൊറ്റ ഞൊടികൊണ്ട് ഉപേക്ഷിച്ചു പോകുക എളുപ്പമായിരുന്നില്ല: “ഒചോലയുടെ ഉടല്‍ തീര്‍ച്ചയായും സീമിലേക്ക് തിരികെ പോവുകയായിരുന്നു. എന്നാല്‍ അയാളുടെ ആത്മാവ് എന്നുമെന്നും ടാങ്കനിക്കയിലെ വസതിയില്‍ നിലനില്‍ക്കും.” ജനിച്ചു വളര്‍ന്ന വീട് വിട്ടു പോകുന്ന ‘പൂര്‍വ്വികരുടെ നാട്’ എന്ന ആശയം കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്നതും ആയിരുന്നില്ല. നോവലന്ത്യത്തില്‍ രായ്ക്കുരാമാനം എല്ലാം പിറകില്‍ വിട്ടു പടിയിറങ്ങുമ്പോള്‍, എങ്കില്‍ പിന്നെ വൃദ്ധ പിതാവിന്റെ കേണുപറച്ചിലും കുടുംബാംഗങ്ങളുടെ എതിര്‍പ്പുമെല്ലാം അവഗണിച്ചു എന്തിനു വേണ്ടിയായിരുന്നു തന്റെ പലായനം തന്നെ എന്ന വ്യര്‍ത്ഥബോധം സ്വാഭാവികമായും ഒചോലയെയും ന്‍യാപോളിനെയും വേട്ടയാടുന്നുണ്ട്

 

കുടിയേറ്റക്കാരന്റെ മനശാസ്ത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് നോവലിസ്റ്റ്. കെനിയന്‍ സമൂഹത്തില്‍ ഭൂമിയുടെ മേലുള്ള അവകാശമെന്ന ശക്തമായ ആശയം ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള എഴുത്തുകാരും ഏറെ കൈകാര്യം ചെയ്തിട്ടുള്ളതാണ്‌. ഒചോലയെ പറഞ്ഞുകേട്ട സമ്പന്നതയുടെ കുടിയേറ്റത്തിന് വാഗ്ദത്ത ഭൂമിയിലേക്ക്‌ പ്രലോഭിപ്പിക്കുന്നത് അയല്‍വാസി ഒക്വോന്യോയുടെ വീട്ടില്‍ വിരുന്നിനെത്തുന്ന ടാങ്കനിക്കന്‍ കുടിയേറ്റക്കാരായ സ്വന്തം ഗോത്രക്കാരാണ്. “നിനക്ക് കൃഷിചെയ്യാനാവുന്നത്രയും ഏക്കറുകള്‍ നിനക്കെടുക്കാം. ന്‍യാന്‍സായിലെ ജീവിതത്തില്‍ അയാള്‍ മടുത്തു തുടങ്ങിയിരുന്നു, അവിടത്തെ തത്വദീക്ഷയില്ലാത്ത നികുതി പിരിവുകാര്‍, അല്‍പ്പന്മാരായ ഏകാധിപതികള്‍, അവിടത്തെ കലഹങ്ങള്‍. ഒരാള്‍ക്ക് നേടാനാവുന്ന പണം മുഴുവന്‍ സ്കൂള്‍ ഫീസ്‌, ഹോസ്പിറ്റല്‍ ഫീസ്‌, എന്നൊക്കെ ചിലവാകും. ഉപമൂപ്പന്മാര്‍ പതിവായി നിര്‍ബന്ധിത വേലയ്ക്കു ആളുകളെ പൊതു പദ്ധതികളില്‍ റിക്രൂട്ട് ചെയ്യും.” മറ്റൊരിടത്തെ വാഗ്ദത്ത ഭൂമിയെ പ്രണയിക്കാന്‍ ഏതൊരു കുടിയേറ്റക്കാരനും ഇതൊക്കെത്തന്നെ പതിവ് കാരണങ്ങള്‍. പിതാവ് വൃദ്ധനാണ് എന്നതോ സഹോദരന്‍ അബീറോ കൂടെക്കൂടെ നാട്ടില്‍ വരാനാവാത്ത വിധം പട്ടണത്തില്‍ ജോലി ചെയ്യുന്നവനാണ് എന്നതോ, ഇളംപ്രായക്കാരിയായ നവവധു ഭാര്യക്ക് കൂട്ടരേ ഉപേക്ഷിച്ചു പോകാന്‍ വയ്യ എന്നതോ ഒന്നും അയാളുടെ ആണ്‍പോരിമയെ പിന്തിരിപ്പിക്കുന്നില്ല. “ഈ നാടുവിട്ടുപോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? നമ്മുടെ പൂര്‍വ്വികര്‍ ഈ നാടിനു വേണ്ടി പൊരുതി മരിച്ചവരാണ്‌. നന്ദി (സുലു രാജമാതാവ്) ഈ താഴ്വരകളിലും മലകളിലും  ആണ് ജീവിച്ചത്, അവര്‍ താഴെയുള്ള നദികളില്‍ നിന്നാണ് ദാഹം തീര്‍ത്തത്.” അവള്‍ ഓര്‍മ്മിപ്പിക്കുന്നു: “എനിക്ക് അപരിചിതര്‍ക്കിടയില്‍ ജീവിക്കണ്ട.” എന്നാല്‍ ഒചോല പ്രഖ്യാപിക്കുന്നു: അത് തീരുമാനിച്ചു കഴിഞ്ഞു.” നോവലില്‍ ഉടനീളം കാണാവുന്ന പുരുഷാധിപത്യ മൂല്യക്രമവുമായി ഇതിനെ ചേര്‍ത്തുവെക്കാം. എന്നാല്‍ അമ്മയെ അടക്കിയ മണ്ണുവിട്ടുപോകുക അയാള്‍ക്കും എളുപ്പമല്ല. വാസ്തവത്തില്‍, പരമ്പരാഗത മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസമുണ്ട്‌ അയാള്‍ക്ക്. ആഴ്ചകളോളം ഒകേചിന്റെ അതിഥിയായി കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍, പരമ്പരാഗത രീതിയില്‍, പുല്ലുകൊണ്ട് മോതിരവളയമുണ്ടാക്കി അതിരിട്ടു സ്വന്തമാക്കുന്ന പുതിയ പുരയിടത്തില്‍ സ്വന്തമായി വീട് വെച്ച് മാറുമ്പോള്‍ ആദ്യ ദിനത്തില്‍ ഭര്‍ത്താവിന്റെ കൂടെ അന്തിയുറങ്ങാമെന്ന അതിഗയുടെ നിര്‍ദ്ദേശം ഭാര്യ മുന്നോട്ടു വെക്കുന്നത് അയാളെ ഞെട്ടിക്കുന്നത് അതുകൊണ്ടാണ്: “നാളെ രാത്രി, ശരി. പക്ഷെ ഇന്നില്ല... മറ്റൊരിടത്തേക്ക് പോയാല്‍ ആളുകള്‍ തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കണം എന്ന് ചിന്തിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നത് എന്താണ്? .. നമ്മുടെ പൂര്‍വ്വികരുടെ കണ്ണുകള്‍ നമ്മെ എല്ലായിടത്തും പിന്തുടരുന്നുണ്ട്.. ഗോത്രത്തിന്റെ വിധിവിലക്കുകള്‍ മറികടന്നാല്‍ ഒടുവില്‍ നീ ശിക്ഷിക്കപ്പെടും” സമൂഹത്തിന്റെ വിലക്കുകള്‍ മറികടക്കുന്നവരെ ശിക്ഷിക്കുന്നതില്‍ പൂര്‍വ്വികരുടെ കൈകള്‍ ഫാദര്‍ എല്ലിസിന്റെ ദൈവത്തിന്റെത് പോലെ കര്‍ക്കശക്കാരാണ് എന്ന് ന്‍യാപോളും കണ്ടെത്തുന്നു. പുരുഷാധിഷ്ടിത മൂല്യവിചാരത്തെ കുറിച്ച് നോവലിസ്റ്റിന്റെ സമീപനം മറ്റിടങ്ങളിലും അത്ര ഋജുവല്ല എന്ന് കാണാം. പലപ്പോഴും പ്രതിഷേധ മുദ്രകള്‍ കണ്ടെടുക്കാനാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. ‘വയലില്‍ കാര്യക്ഷമതയുള്ള, കള പറിച്ചു മാറ്റാന്‍ വേഗതയുള്ള, ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ വേണ്ട ഊഷരതയുള്ള, നന്നായി ബിയര്‍ വാറ്റാന്‍ കഴിയുന്ന’ എന്നൊക്കെ ന്‍യാപോളിന്റെ ഭാര്യാസഹജമായ ഗുണങ്ങള്‍ കണ്ടെത്തുന്ന ഒചോല പ്രതിനിധാനം ചെയ്യുന്ന മൂല്യ വിചാരം നാട്ടിലെ മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ ഇതര പുരുഷന്മാര്‍ക്ക് മുന്നില്‍ മുഖം മറക്കുകയും ഭര്‍ത്താവിനു സമ്പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്ന രീതിയിലും പ്രകടമാണ്. കൂടോത്രക്കാരന്‍ അയല്‍വാസിയുടെ ഭാര്യ അയാളെ പേടിച്ചു കഴിയുന്ന, ഹൃദയം തുറക്കാന്‍ ഒരു പെണ്‍സൗഹൃദം ആശിച്ചു കഴിയുന്ന നിസ്സഹായയാണ്: “അയാളെ കല്യാണം കഴിച്ച നാള്‍ മുതല്‍ ഒരു പേടിസ്വപ്നമാണ്, സര്‍പ്പങ്ങളും ദുരാത്മാക്കളും ആവേശിച്ച ഒരു വീട്ടില്‍ കഴിയേണ്ടി വരിക. വിവാഹം എന്നത് ഒരു ചൂതാട്ടമാണ്.”

 

അതെ, ഇതാണെന്റെ കാനാന്‍, ഇതാണെന്റെ ‘വാഗ്ദത്ത ഭൂമി’. ഇത് പോലെ മറ്റൊരിടം എനിക്കിനി ഉണ്ടാവില്ല” എന്ന് അത്യാഹ്ലാദത്തോടെ കണ്ണഞ്ചിക്കുന്ന ഭൂപകൃതിയുള്ള പുതുദേശത്തെ വരവേല്‍ക്കുന്ന  കുടിയേറ്റക്കാരന്റെ വീക്ഷണകോണ്‍ ഒചോലയിലൂടെ ആവിഷ്കരിക്കുമ്പോള്‍, സര്‍പ്പധാരിയായ ശത്രു കേവലം ഒരു സാത്താനിക സാന്നിധ്യം മാത്രമല്ല. കുടിയേറ്റത്തിന്റെ മറുവശം ഹ്രസ്വമെങ്കിലും അതിതീക്ഷ്ണമായിത്തന്നെ അയാളിലൂടെ നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്: “നിങ്ങള്‍ യജമാനമാരായി വന്നു ഞങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്നു, ഞങ്ങളെ നിങ്ങളുടെ ജോലിക്കാരാക്കുന്നു, എന്നാല്‍ നിങ്ങളുടെ കുട്ടികളെ ഞങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യിക്കില്ല നിങ്ങള്‍. നിങ്ങള്‍ സ്വയം മൂപ്പന്മാരായി നിയോഗിക്കുന്നു, നിങ്ങളുമായി ഒരു തര്‍ക്കവും ഇല്ലാത്തവരെ അടിച്ചമര്‍ത്തുന്നു..” വലിയ സൗഹൃദം നടിക്കുമ്പോഴും നാട്ടുകാര്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷം ലുവോ ഗോത്രക്കാരുടെ സൗഹൃദം അവസാനിക്കുന്നു എന്ന് അയാള്‍ നിരീക്ഷിക്കുന്നു. അങ്ങനെ സ്വത്വം നഷ്ടപ്പെട്ടവരുടെ ഉദാഹരണമായി സന്‍ഗാസി ഗോത്രത്തെ അയാള്‍ ചൂണ്ടിക്കാട്ടുന്നു. ലുവോ സ്ത്രീകളെ വിവാഹം ചെയ്യാനായി മതം മാറുകയും ചേലാകര്‍മ്മം ചെയ്യുന്നത് നിര്‍ത്തുകയും ചെയ്ത  സന്‍ഗാസി പുരുഷന്മാര്‍ അവരുടേതായി തീര്‍ന്നു. കുട്ടികള്‍ ലുവോ ഗോത്രജര്‍ ആയി മാറി.

 

കൊളോണിയല്‍ ശക്തി സംസ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ചിഹ്നങ്ങള്‍ നോവലില്‍ പരന്നു കിടപ്പുണ്ട്. ന്‍യാപോളിന്റെ ഓര്‍മ്മകളില്‍ സഹോദരി ആപ്പിയോയെ ലൈംഗിക കയ്യേറ്റത്തിന് മുതിര്‍ന്ന ഫാദര്‍ എല്ലിസിനെ കുറിച്ചും തുടര്‍ന്ന് അയാളുടെ ദൈവത്തെ അതിന്റെ പാട്ടിനു വിട്ടേക്കാന്‍ അവളെ ഉപദേശിച്ചതും എന്നും തെളിഞ്ഞു നില്‍ക്കും. മറുവശത്ത്‌ എല്ലാവരും കയ്യൊഴിഞ്ഞ ഒചോലയുടെ അറപ്പുളവാക്കുന്ന രോഗാവസ്ഥയില്‍ നിരുപാധികം ചികിത്സിക്കാന്‍ തയ്യാറായ ഇവാന്‍ജലിസ്റ്റ് ഡോക്റ്റര്‍ തോംസനും മറ്റെല്ലാ ആശുപത്രി നേഴ്സുമാരും പിന്മാറിയ ഘട്ടത്തില്‍ സഹായിയായി എത്തിയ ഡോക്റ്ററുടെ ഭാര്യ ആനബേലും ഉണ്ട്. തീര്‍ത്തും ഹതാശമായ ഒരു നിമാഷത്തില്‍ നടത്തപ്പെടുന്ന “അയാളെ സുഖപ്പെടുത്തുന്നത്‌ ദൈവത്തിനു ഇഷ്ടമല്ല!” എന്ന ഒകേചിന്റെ നിരീക്ഷണത്തിലെ മനുഷ്യവിരുദ്ധനായ ദൈവം എന്ന ചിന്ത പോലും ഉറച്ച ദൈവ വിശ്വാസിയായ ഡോക്റ്ററെ വേദനിപ്പിക്കുന്നു. ആഫ്രിക്കക്കാര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴും അവരുടെ പരമ്പരാഗത വിശ്വാസങ്ങളും ഭയങ്ങളും ഉപേക്ഷിക്കാറില്ല എന്ന വസ്തുത നിഗൂഡ രോഗത്തോടുള്ള അവരുടെ ഭയപ്പാടിന്റെ കാരണമാകുന്നു. ‘രോഗമുണ്ടാക്കുന്ന ദുരാത്മാക്കളും മരണകാരണമായ ദൃഷ്ടിദോഷവും’ പോലുള്ള ക്രിസ്തീയ വിരുദ്ധമായ വിശ്വാസങ്ങള്‍ അവര്‍ നിലനിര്‍ത്തുന്നുണ്ട്. ഈ സമീപന രീതിയെ കുറിച്ച് ഒഗോട്ട് നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്: “ഞാന്‍ പറഞ്ഞ കഥകളില്‍ അധികവും നിത്യജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്.. അന്തിമ വിശകലനത്തില്‍ ചര്‍ച്ചും ആശുപത്രിയും പരാജയപ്പെടുമ്പോള്‍ ആളുകള്‍ എപ്പോഴും അവര്‍ക്ക് വിശ്വാസമുള്ള എന്തിലെക്കെങ്കിലും തെന്നിപ്പോകും, അവരുടെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലുള്ള എന്തിലെക്കെങ്കിലും. നമുക്കവ വെറും അന്ധവിശ്വാസമായി തോന്നാം, എന്നാല്‍ അവയില്‍ വിശ്വസിക്കുന്നവര്‍ക്ക് അതുകൊണ്ട് ശമനം കിട്ടും. കനിയയിലെ ചില സമൂഹങ്ങളില്‍ നിത്യ ജീവിത സാഹചര്യങ്ങളില്‍ ആധുനിക ചികിത്സയും പാരമ്പര്യ വൈദ്യവും ഒരുമിച്ചു നിലനില്‍ക്കുന്നു.” (Quoted from Bernth Lindfors "Interview with Grace Ogot", 1979, in World Literature Written in English 18(1), pp. 60–62.)

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ഭാഗം ഒന്ന്

പേജ് 238-244)


Thursday, May 22, 2025

The River Between by Ngũgĩ wa Thiong'o

 ചേര്‍ത്തണച്ചും പകുത്തകറ്റിയും



എന്‍ഗൂഗി വാ തിയോങ്ഓയുടെ ആദ്യം പ്രസിദ്ധീകരിച്ച നോവല്‍ 'കുഞ്ഞേ, കരയരുത്' ആയിരുന്നെങ്കിലും അതിനും മുമ്പേ എഴുതപ്പെട്ടതും കൂടുതല്‍ മുമ്പുള്ള ഒരു കാലഗണനയുള്ളതുമായ നോവലാണ്‌ 'ഇരു തടങ്ങള്‍ക്കിടയിലെ നദി'. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ , കൊളോണിയല്‍ ആധിപത്യം ബൈബിള്‍ ആയുധമാക്കിയിരുന്ന കാലമാണ് നോവലിന്റെ പശ്ചാത്തലം. ഗ്രാമീണ പശ്ചാത്തലത്തില്‍ 'രോഗമുക്തി, അഥവാ, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരല്‍ ' എന്നര്‍ത്ഥമുള്ള ഹോനിയ നദി, കമേനോയെയും മകുയുവിനെയും വേര്‍തിരിച്ചു ഒഴുകുന്നു. കികുയു സങ്കല്‍പ്പത്തിലെ പുരാണപ്രോക്തമായ ഉല്പത്തി ദേശമായ ഇവിടെയാണ്‌ മുറുംഗോ ദേവന്‍ ആദിപുരുഷനും സ്ത്രീയുമായ കികുയുവിനെയും മുംബിയെയും സൃഷ്ടിച്ചത്. തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്യരെ അറിയിക്കാതെ ഗോത്രം കൈകാര്യം ചെയ്തുവന്ന ഇവിടം കമേനോയുടെ പാരമ്പര്യനിലപാടുകളും പുതുതായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട മകുയു ഗോത്രവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതോടെ അസ്വസ്ഥമാകുന്നു. ആദ്യകാല ഇംഗ്ലീഷ് പര്യവേഷകന്‍റെ പേരുള്ള റവ: ലിവിംഗ്സ്റ്റന്‍റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ സിറിയാനി മിഷന്‍ സ്കൂള്‍ സ്ഥാപിക്കുകയും മതഭ്രാന്തനായ പുത്തന്‍കൂറ്റുകാരന്‍ ജോഷ്വയേ ഉപയോഗിച്ച് ക്രിസ്ത്യന്‍ മേധാവിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരാണ നായകനായ മുഗോയുടെ പാരമ്പര്യത്തില്‍ നിന്നുള്ള ഗ്രാമത്തലവന്‍ ചിഗെ, വെള്ളക്കാരുടെ അധിനിവേശത്തെ കുറിച്ചുള്ള പിതാമഹന്റെ പ്രവചനത്തെ ഗോത്രജനത അവഗണിക്കുന്നതില്‍ ഖിന്നനാണ്‌. കികുയു ഐക്യം നിലനിര്‍ത്തേണ്ട ബാധ്യത തനിക്കുണ്ടെന്ന് വിശ്വസിക്കുന്ന ചിഗെ, തനിക്കു ശേഷം ആ ദൌത്യം മകന്‍ വയാകി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഒരു സ്വാഭാവിക നായകന്‍റെ ഗുണഗണങ്ങള്‍ ഉള്ള വയാകിയെ അയാള്‍ കൊച്ചിലേ അതിനു പാകപ്പെടുത്തുന്നുണ്ട്. പാരമ്പര്യത്തെയെന്നപോലെ വെളുത്തവര്‍ഗ്ഗക്കാരന്റെ രീതികളും അറിയുന്ന, മലകളില്‍ നിന്നുള്ള ഒരു വീരനാണ് തന്റെ ജനതയുടെ മോചകനാകുക എന്ന പ്രവചനം ഓര്‍ത്തുകൊണ്ട്‌ കുഞ്ഞായ വയാകിയെ അയാള്‍ പര്‍വ്വതത്തില്‍ മുറുംഗോയുടെ വിശുദ്ധ വൃക്ഷം കാണിച്ചു കൊടുക്കുകയും മുഗോയുമായുള്ള പാരമ്പര്യ ബന്ധം ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം, പുതിയ കാലത്തിന്റെ വെല്ലുവിളികളും ഏറ്റെടുക്കാന്‍ മകനെ സിറിയാനി സ്കൂളിലെ വിദ്യാഭ്യാസത്തിനും അയക്കുന്നത്, ഒരു വേള, ഗോത്രാംഗങ്ങളുടെ വിമര്‍ശത്തിനും ഇടയാക്കുന്നുണ്ട്. പ്രവചനത്തെ കുറിച്ചറിയാവുന്ന മറ്റൊരാളായ കബോന്‍യി, ജോഷ്വായെപ്പോലെ മതം മാറിയവനാണ്. ഗോത്രത്തില്‍ ചിഗേക്ക് പിറകെ രണ്ടാമനായിപ്പോയ പോലെ പുതിയ സമൂഹത്തില്‍ ജോഷ്വാക്ക് പിറകില്‍ രണ്ടാമനാവാനേ അത്രതന്നെ വാചാലനല്ലാത്ത കബോന്‍യിക്ക് കഴിയുന്നുള്ളൂ. അധിനിവിഷ്ട വിശ്വാസവും പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭൂമിക ഈ വിധം സമഗ്രമായി സ്ഥാപിച്ചതിനു ശേഷമാണ് നോവല്‍ ഇതിവൃത്തത്തിന്റെ പിരിമുറുക്കത്തിലേക്ക് നീങ്ങുന്നത്‌.


ക്രിസ്തു മതവിശ്വാസപ്രകാരം നിഷിദ്ധവും ഗോത്രാചാരത്തിന്റെ അടിസ്ഥാന ഘടകവുമായ ചേലാകര്‍മ്മം, അതും പെണ്‍ചേലാകര്‍മ്മം, എന്ന ആചാരം അച്ഛനോടുള്ള പ്രതിഷേധമായിത്തന്നെ മകള്‍ മുതോനി ഏറ്റെടുക്കുന്നത് ജോഷ്വാക്ക് വലിയ അപമാനമാകുകയും തുടര്‍ന്നു പഴുപ്പ് ബാധിച്ചു അവള്‍ മരിക്കാന്‍ ഇടയാകുന്നത് കികുയു ഗോത്രത്തില്‍ത്തന്നെ ആ വിഷയത്തില്‍ ഭിന്നത ഉടലെടുക്കുന്നതിന് കാരണമാകുകയും ചെയ്യുന്നത് ഒരു വേള ചിഗേയുടെ ശിക്ഷണം, ഒടുവില്‍ , ഒരു വൃദ്ധന്റെ ജല്‍പ്പനം മാത്രമോ എന്ന സംശയം വയാക്കിയില്‍ ഉണ്ടാക്കുന്നുണ്ട് . പ്രാകൃതരായ കികുയു വിഭാഗത്തിനുമേലുള്ള സാത്താനിക സ്വാധീനമാണ് എല്ലാത്തിനും കാരണം എന്ന് കമേനോ ഗോത്രം നിലപാടെടുക്കുകയും പെണ്‍ചേലാകര്‍മ്മം തള്ളിപ്പറയുന്നവര്‍ക്ക് മാത്രമേ മിഷനറി സ്കൂളില്‍ പ്രവേശനം നല്‍കൂ എന്ന് അധികൃതര്‍ തീരുമാനിക്കുകയും ചെയ്യുന്നത് അസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണം മകുയുവിനു മേല്‍ 'കുടില്‍ നികുതി' ഏര്‍പ്പെടുത്തുകയും ഭൂമി കണ്ടുകെട്ടുകയും തുടര്‍ന്നു വാസ്തുഹാരകളാവുന്ന ഗോത്രജരെ സ്വന്തം ഭൂമിയില്‍ കര്‍ഷകത്തൊഴിലാളികള്‍ എന്ന നിലയിലേക്ക് താഴ്ത്തുകയും ചെയ്യുന്നത് , 'കുഞ്ഞേ കരയരുത്' എന്ന കൃതിയിലേത് പോലെ, പില്‍ക്കാല കലാപ നാളുകള്‍ക്ക് വഴിമരുന്നിടും. സന്ദേഹങ്ങളില്‍ ഉഴലുന്ന വയാകി തന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമോ എന്ന ശങ്കയോടെയാണ് ചിഗെ മരിക്കുക. അവസരം മുതലെടുക്കുന്ന കബോന്‍യി ക്രിസ്തുമതം ഉപേക്ഷിക്കുകയും ഗോത്രത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹയായി തന്നെത്തന്നെ അവരോധിക്കുകയും, കികുയു സംസ്കൃതിയുടെ മൗലികതക്കും ഗോത്ര ഭൂമി തിരിച്ചു പിടിക്കുന്നതിനും വേണ്ടി 'കിയാമ' എന്ന രഹസ്യ സമൂഹം ഉണ്ടാക്കുകയും ചെയ്യുന്നു. ജോമോ കെനിയാറ്റയുടെ മുന്‍ കൈയ്യില്‍ 1925-ല്‍ നിലവില്‍ വന്ന കെനിയന്‍ സെന്‍ട്രല്‍ അസോസിയേഷന്റെ മാതൃകയായ കിയാമാക്ക് സമാന്തരമായി , 1920-കളില്‍ നിലവില്‍ വന്ന കികുയു സ്വതന്ത്ര സ്കൂള്‍ അസോസിയേഷനെ ഓര്‍മ്മിപ്പിക്കുന്ന 'മാരിയോഷോണി' എന്ന സ്കൂളുമായി ഗോത്രത്തിനു നിഷേധിക്കപ്പെട്ട വിദ്യാഭ്യാസ മേഖലയിലേക്ക് വയാക്കിയും സുഹൃത്തുക്കളും കടന്നു വരുന്നു. 'കിയാമ'യിലെ അംഗമായിരിക്കുമ്പോഴും രാഷ്ട്രീയ മാര്‍ഗ്ഗങ്ങളെക്കാള്‍ വിദ്യാഭ്യാസമാണ് ഇരുഗോത്രങ്ങളെയും യോജിപ്പിക്കുക എന്ന നിലപാടാണ് വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന വയാക്കിക്കുള്ളത്.


ജോഷ്വായുടെ രണ്ടാമത്തെ മകള്‍ നിയാംബുരുവുമായുള്ള വയാക്കിയുടെ പ്രണയം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്ത നിയാംബുരയെ സ്വന്തമാക്കാനായി ഗോത്രക്കാര്‍ക്കു മുന്നില്‍ നുണ പറഞ്ഞിട്ടും അയാളുടെ പ്രണയം സ്വീകരിക്കുമ്പോഴും അച്ഛനെയോര്‍ത്ത് അവള്‍ വിവാഹാഭ്യര്‍ഥന നിരസിക്കുന്നത്‌ അയാളുടെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അതേ സാഹചര്യത്തിലാണ് , കിയാമയുടെ വര്‍ദ്ധിച്ചു വരുന്ന ആക്രമണോത്സുകതയില്‍ മനം മടുത്തു പ്രസ്ഥാനത്തില്‍ നിന്ന് അയാള്‍ രാജിവെക്കുന്നതും. കബോന്‍യി നിരത്തുന്ന ആരോപണങ്ങളില്‍ വയാക്കി സ്വയം പ്രതിരോധിക്കാനാവാതെ പെട്ടുപോകുന്നു: തന്റെ സ്കൂളിലേക്ക് അധ്യാപകരെ കണ്ടെത്താന്‍ നടത്തിയ ശ്രമം മിഷനറിമാരുമായുള്ള ഗോത്ര വിരുദ്ധ സഹകരണമായി വ്യാഖ്യാനിക്കപ്പെടുന്നു; സ്ത്രീയുടെ മൃതദേഹം തൊടരുതെന്ന ഗോത്ര വിലക്ക് മിതോനിയുടെ മരണസമയത്ത് അയാള്‍ അവിടെ ഉണ്ടായിരുന്നോ എന്നത് പോലും സംശയാസ്പദമായിരിക്കെ, അയാള്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്നു, യഥാര്‍ഥത്തില്‍ അയാള്‍ നിയാംബുരയെ കാണാന്‍ പോയതായിരുന്നു എന്നിരിക്കെ, ജോഷ്വയുടെ പ്രാര്‍ഥനയില്‍ അയാള്‍ പങ്കെടുത്തായി ആരോപിക്കപ്പെടുന്നു. കബോന്‍യിയുടെ മകന്‍ കമാവുവിനു നിയാംബുരയോടു നിരസിക്കപ്പെട്ട പ്രണയത്തിന്റെ നീരസമുള്ളതും കാര്യങ്ങള്‍ വഷളാക്കുന്നു. ജോഷ്വായെയും കൂട്ടാളികളെയും അപായപ്പെടുത്താനുള്ള കിയാമയുടെ പദ്ധതി നിയാംബുരയെ ഓര്‍ത്ത്‌ വെളിപ്പെടുത്തുന്നത് അവിശ്വാസിയുടെ ജല്‍പ്പനമായി ജോഷ്വാ തള്ളിക്കളയുന്നുവെങ്കിലും അതും വയാക്കിയെ പ്രതിസ്ഥാനത്താക്കുന്നു. ഇതൊക്കെയാണെങ്കിലും നിയാംബുരയോടുള്ള പ്രണയം നിഗൂഡമാക്കിത്തന്നെ വെക്കേണ്ടതുള്ളത് കൊണ്ട് അയാള്‍ക്ക് ഒന്നിനെയും പ്രതിരോധിക്കാനാവുന്നുമില്ല. സന്ദര്‍ഭം മുതലെടുത്ത്‌ 'പ്രവചിക്കപ്പെട്ട' രക്ഷകനായി സ്വയം അവരോധിച്ച കബോന്‍യി വിചാരണക്കായി വയാക്കിയെ കിയാമക്ക് മുന്നില്‍ വിളിപ്പിക്കുന്നു. പാരമ്പര്യവാദികളും പുത്തന്‍കൂറ്റുകാരും ഉള്‍പ്പെടുന്ന ആളുകളോട് സംസാരിക്കാന്‍ അവസരം അഭ്യര്‍ഥിക്കുന്ന ബഹുമാന്യനായ 'ടീച്ചറു'ടെ ആവശ്യം കബോന്‍യിക്ക് നിരസിക്കാനാവുന്നില്ല.


ക്രിസ്മസ് ആഘോഷത്തിനോടൊപ്പം ചേര്‍ന്ന് വരുന്ന ചേലാകര്‍മ്മ ചടങ്ങിനു തൊട്ടു മുമ്പ്, ആളുകളെ അഭിസംബോധന ചെയ്യും മുമ്പായി, വിശുദ്ധ തോട്ടത്തിലേക്ക് ഒരു പ്രഭാത തീര്‍ത്ഥാടനം നടത്തുന്ന വയാക്കിക്ക് ഉണ്ടാവുന്ന അതീന്ത്രിയ അനുഭവമാണ് നോവലിന്റെ കാതലായ തിരിച്ചറിവിലേക്ക് അയാളെ എത്തിക്കുക. പുരാതന പ്രവചനത്തെയും ഗോത്രത്തിന്റെ ഐക്യത്തെയും കുറിച്ച് ധ്യാനത്തിലേര്‍പ്പെടുന്ന വയാക്കിക്ക് ആത്മീയവും രാഷ്ട്രീയവുമായ ഒരു വെളിപാടുണ്ടാവുന്നു. വിദ്യാഭ്യാസം മാത്രം മതിയാവില്ല തന്റെ ജനതയുടെ ഐക്യത്തിനെന്നും, ഐക്യം രാഷ്ട്രീയ പ്രക്രിയയിലേക്ക് വളരണം എന്നും അത് അവരെ ഗോത്രഭൂമിയുടെ നഷ്ടത്തില്‍ നിന്നും, അടിമ ജോലിയില്‍ നിന്നും, വിദേശ സര്‍ക്കാരിന് നല്‍കുന്ന അനാവശ്യ നികുതികളില്‍ നിന്നും മോചിപ്പിക്കണം എന്നും അയാള്‍ അറിയുന്നു. വിശുദ്ധ മലയില്‍ നിന്ന് ഇറങ്ങിവരുന്ന വയാക്കി വാചാലവും പ്രചോദിതവുമായ പ്രസംഗത്തിലൂടെ ആളുകളെ മുഗ്ദ്ധരാക്കവേ, തട്ടിക്കൊണ്ടുവന്ന നിയാംബുരയെ മുന്നില്‍ നിര്‍ത്തി അവളെ അവിശുദ്ധയായി പ്രഖ്യാപിക്കാന്‍ കബോന്‍യി അയാളെ വെല്ലുവിളിക്കുന്നു. പ്രണയത്തെ വിശുദ്ധിക്കുമേല്‍ സ്ഥാപിക്കുന്ന വയാക്കിയെയും നിയാംബുരയെയും വിധികല്‍പ്പിക്കാന്‍ കിയാമക്ക് വിട്ടുകൊടുത്തു ആളുകള്‍ പിരിയുന്നു. വൈകിമാത്രം സാധ്യമായ തിരിച്ചറിവിന് തന്റെയും നിയാംബുരയുടെയും വിധി മാറ്റാനാവില്ലെന്ന് വയാക്കി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം.


കൊളോണിയലിസത്തിന്റെ ആദ്യനാളുകളില്‍ ഗികുയു സമൂഹം നേരിട്ട അനിവാര്യ ദുരന്തത്തെയാണ് ഇരുതടങ്ങള്‍ക്കിടയിലെ നദിയെന്ന രൂപകത്തിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌. ഒരു നദിയുടെ ഇരുകരകളില്‍ പാര്‍ത്തുവന്ന രണ്ടു സമൂഹങ്ങള്‍ക്കിടയില്‍ വെളുത്തവന്റെ വരവ് ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ ഒരു പുതിയ ലോക ക്രമത്തെ/ പ്രതിനിധാനത്തെ ഉള്‍ച്ചേര്‍ക്കണോ അതോ അതിന്റെ അസ്തിത്വത്തെ കണ്ടില്ലെന്നു വെക്കണോ എന്ന ചോദ്യത്തെ അന്ന് വരെ സഹകരിച്ചു നിന്ന രണ്ടു വിഭാഗങ്ങള്‍ സമീപിക്കുന്ന വ്യത്യസ്തമായ രീതിയെയാണ് നോവല്‍ പ്രശ്നവല്‍ക്കരിക്കുന്നത്. ഒരു കര തങ്ങളുടെ പഴയ ക്രമത്തെ നിരാകരിച്ച് വെളുത്തവന്റെ മതവും ക്രമവും സ്വീകരിച്ചപ്പോള്‍ , ഇതര വിഭാഗം പഴയ ഗോത്ര മൂല്യങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പില്‍ വിശ്വസിച്ചു. അങ്ങനെ ഒരിക്കല്‍ ഇരുകരകളെയും ബന്ധിപ്പിച്ച നദി ഇപ്പോള്‍ വിഭജനത്തിന്റെ നദിയായി - ഇരു തടങ്ങള്‍ക്കിടയിലെ നദി. പാരമ്പര്യത്തിന്റെയും പുതുവിശ്വാസത്തിന്റെയും സമ്മര്‍ദ്ദങ്ങളില്‍ ബലിയാടാവുന്ന നിസ്സഹായതയുടെ പ്രതീകമായി നോവലില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് മിതോനിയുടെ അന്ത്യമാണ്. ഗോത്രാചാരത്തിന്റെ നെടുംതൂണായ ചേലാകര്‍മ്മം അവളുടെ അന്ത്യത്തിന് കാരണമാകുന്നത് വ്യാഖ്യാനിക്കപ്പെടുന്നത് എങ്ങനെയാണ് എന്നത് പ്രധാനമാണ്. പുതുമതത്തിന്റെ വരവ് ഗോത്ര മൂര്‍ത്തികളെ അരിശം കൊള്ളിച്ചതിന്റെ പ്രത്യാഘാതമായി പാരമ്പര്യവാദികള്‍ വിലയിരുത്തുമ്പോള്‍, പാഗന്‍ സംസ്കാരത്തിന്റെ സാത്താനിക സ്വാധീനമായി പുതുമതക്കാര്‍ അതിനെ കാണുന്നു. ഒരു ലോകക്രമത്തെ നിരാകരിക്കാതെത്തന്നെ അപരക്രമത്തെ സ്വാംശീകരിക്കുക അസാധ്യമാണെന്ന, സൂചനയാണ് ഇത് നല്‍കുന്നത്.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് –79-83)

Monday, May 12, 2025

Paradise by Abdulrazak Gurnah

        



1994ലെ ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നതിലൂടെ അബ്ദുല്‍ റസാക് ഗുര്‍നായെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ നോവലാണ് Paradise. സമകാലിക പശ്ചാത്തലങ്ങളില്‍ രചിക്കപ്പെട്ട ഗുര്‍നായുടെ മുന്‍ കൃതികളില്‍ നിന്ന് വ്യത്യസ്തമായി  ഒന്നാം ലോക യുദ്ധത്തിനു മുമ്പ്, ഈസ്റ്റ് ആഫ്രിക്കയിലെ ജര്‍മ്മന്‍ കൊളോണിയല്‍ കാല പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഭാവഗീതാത്മക ഭാഷയില്‍ മിത്തുകളെ ഉപജീവിക്കുന്ന ശൈലിയില്‍ എഴുതപ്പെട്ട നോവല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ (ഖുറാന്‍) ആണ്‍സൗന്ദര്യത്തിന്റെ പ്രതീകമായി ചിത്രീകരിക്കപ്പെട്ട പ്രവാചകന്‍ യൂസുഫിന്റെ പേരുള്ള, അതേ പോലെ സുന്ദരനായ പന്ത്രണ്ടുകാരന്റെ കഥ പറയുന്നു. സമാന്തരങ്ങള്‍ യൂസുഫിന്റെ സൗന്ദര്യത്തില്‍ ഒതുങ്ങുന്നുമില്ല. അസൂയാലുക്കളായ അര്‍ദ്ധ സഹോദരങ്ങള്‍ കിണറ്റിലെറിയുന്ന യൂസുഫിനെ രക്ഷിക്കുന്നത് ഇജിപ്തില്‍ നിന്നുള്ള കാരവന്‍ സംഘമാണ്. അടിമച്ചന്തയില്‍ നിന്ന് ഏറ്റവും കൂടിയ തുകക്ക് അവനെ വിലക്ക് വാങ്ങുക അസീസ്‌ എന്നുപേരുള്ള ഇജിപ്തുകാരനാണ്. അതിസുന്ദരനും സംസ്കാരസമ്പന്നനുമായ കുട്ടിയെ ഭാര്യക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ അയാള്‍ പറയുന്നു: നമുക്ക് വേണമെങ്കില്‍ അവനെ അടിമയായി നിര്‍ത്താം, ഇല്ലെങ്കില്‍ മകനെപോലെ വളര്‍ത്താം. ഗുര്‍നായുടെ യൂസുഫിന്റെ കാര്യത്തിലും അവനെ കൊണ്ടുപോകുന്നത് അസീസ്‌ എന്ന് പേരായ കച്ചവടക്കാരനാണ്. അസീസിനെ അമ്മാവന്‍ എന്നുവിളിക്കുന്നതിലും അങ്ങനെ പൌരാണിക സമാന്തരം കണ്ടെത്താനാകും. അത് പിതാവിനെ അദ്ദേഹത്തിന്‍റെ കടബാധ്യതയുടെ ‘കിണറ്റില്‍ നിന്നു രക്ഷപ്പെടുത്താനാണ് എന്നു മാത്രം. വിട്ടുപോകുമ്പോള്‍, വാത്സല്യനിധിയായ പിതാവ് യാക്കൂബ് നബിയുടെ അടുത്തുനിന്നു ഉടന്‍ തിരികെയെത്താന്‍ വേണ്ടി സഹോദരങ്ങള്‍ക്കൊപ്പം പോകുന്ന പൂര്‍വ്വസൂരിയെ പോലെത്തന്നെ, യൂസുഫ് നിനച്ചതേ ആയിരുന്നില്ല ആ യാത്രയുടെ വിധിയെ കുറിച്ച്: “അവന് ഒരിക്കലും, ഒരു ചെറുനിമിഷം പോലും, തോന്നിയിരുന്നില്ല, തന്റെ മാതാപിതാക്കളില്‍ നിന്ന് ദീര്‍ഘമായ ഒരു കലത്തേക്കാണ് താന്‍ വിട്ടുപോകുന്നത് എന്ന്, അതുമല്ലെങ്കില്‍ അവന്‍ ഇനിയൊരിക്കലും അവരെ കണ്ടേക്കില്ല എന്ന്.” അതെന്തായാലും പറിച്ചെയപ്പെടുന്നതിന്റെയും പ്രവാസത്തിന്റെയും പൗരാണിക അനുഭവത്തിന്റെ കൂടി പ്രതീകമായി പ്രവാചകന്‍ യൂസുഫിനെ കാണാം എന്നിടത്തു ഗുര്‍നായുടെ ഇഷ്ട പ്രേമയത്തിലേക്ക് ആ മിത്ത് കണ്ണിചേര്‍ക്കപ്പെടുകയാണ്. യൂസുഫിന്റെ വിലോഭനീയ സൗന്ദര്യത്തില്‍ മയങ്ങിപ്പോയി അവനെ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനു നിര്‍ബന്ധിക്കുകയും അല്ലാഹുവിനെ ഭയപ്പെടുന്ന യുവാവ് വിലക്കപ്പെട്ട വഴക്കത്തിനു വിസമ്മതിക്കുകയും ചെയ്യുന്നതോടെ അവനെതിരില്‍ ‘കടന്നുകയറ്റ ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന യജമാനഭാര്യയുടെ പേരും രണ്ടിടത്തും ഒന്നു തന്നെ; ഒപ്പം സൂക്ഷ്മനിരീക്ഷണത്തില്‍ അവന്റെ നിരാരാധിത്വം തെളിയിക്കുന്ന പിറകുവശം കീറിയ കുപ്പായവും അതേപടി നോവലില്‍ കടന്നുവരുന്നു. അതുപോലെത്തന്നെ സ്വപ്നവ്യാഖ്യാന സിദ്ധിയിലും യൂസുഫ് തന്റെ പൗരാണികമാതൃകയുടെ സ്വഭാവം പങ്കുവെക്കുന്നുണ്ട്. ആമിനയുമായി ഉണ്ടാവുന്ന പ്രണയംപോലുള്ള ഘടകങ്ങളിലൂടെ പ്രവാചകകഥ ആവശ്യപ്പെടുന്ന തീക്ഷ്ണ ദൈവഭക്തിയുടെ കെട്ടുപാടുകള്‍ ഇല്ലാത്ത ‘സെക്കുലര്‍ ആയ ഒരു സമാന്തരമാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത് എന്നു പറയാം.

“ആദ്യം കുട്ടി. അവന്റെ പേര് യൂസുഫ് എന്നായിരുന്നു, അവന്‍ പൊടുന്നനെ തന്റെ പന്ത്രണ്ടാം വയസ്സില്‍ നാടുവിട്ടു. അത് വരള്‍ച്ചക്കാലമായിരുന്നു എന്ന് അവനോര്‍ത്തു... പ്രതീക്ഷിക്കാത്ത പൂക്കള്‍ വിരിയുകയും നശിക്കുകയും ചെയ്തു. പാറകള്‍ക്കിടിയില്‍ നിന്ന് വിചിത്ര പ്രാണികള്‍ ഏന്തി പുറത്തുവന്നു, എന്നിട്ട് പൊള്ളുന്ന വെയിലില്‍ പുളഞ്ഞുവീണു മരിച്ചു.”

        വിമോചനം എന്ന് കരുതുന്ന കൂടു/വീടു വിടല്‍ ദുരന്തകാരിയാകുന്നതിന്റെ ആലിഗറി ആയി ഈ ഭാവഗീതാത്മക നിരീക്ഷണത്തെ കാണാം.

നവയുവാവായ യൂസുഫിന്റെയും വ്യാപാരിയായ അസീസിന്റെയും ഇഴകോര്‍ക്കുന്ന കഥകളെ ചുറ്റിപ്പറ്റി ആറു ഭാഗങ്ങളായാണ് ഇതിവൃത്തം വികസിക്കുന്നത്...........

........................

        “Writing and Place” എന്ന ലേഖനത്തില്‍ തന്റെ കൃതികളുടെ ഊര്‍ജ്ജമായി “ഒരു ഇടത്തില്‍ നിന്ന് വരിക, മറ്റൊരിടത്ത് കഴിയുക എന്ന അവസ്ഥ”യെ ഗുര്‍നാ വിവരിക്കുന്നുണ്ട്. യൂസുഫിലൂടെയും അവന്റെ ഉടലിന്റെ വ്യത്യസ്ത വശങ്ങളുടെ (ലൈംഗികം, വാണിജ്യപരം, സൈനികം, രോഗ ശമനകം) കാര്യത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ നടത്തുന്ന മത്സരത്തിലൂടെയുമാണ് ഈ ‘അവസ്ഥയെ Paradise എന്ന നോവല്‍ പരിഗണിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു *(2). അവന്റെ ഉടല്‍ അവന്‍ സന്ദര്‍ശിക്കുന്ന/ എത്തിപ്പെടുന്ന വിവിധ ഇടങ്ങളില്‍ അവനു താല്‍ക്കാലിക വാസമോ അഭയമോ സംരക്ഷണമോ ഒക്കെ നല്‍കുന്നുണ്ടെങ്കിലും, ശത്രു ദേശങ്ങളില്‍ പോലും അവനെ പ്രിയങ്കരനാക്കുന്നുവെങ്കിലും മറുവശത്ത്‌, അതവനെ വലിയ കുഴപ്പങ്ങളില്‍ ചാടിക്കുന്നുമുണ്ട്. കൊളോണിയല്‍ ദുരയുടെ കടന്നുകയറ്റങ്ങള്‍ക്ക് വേണ്ടതിലേറെ പ്രലോഭനങ്ങള്‍ വിത്തമായും ഉടല്‍സാനിധ്യങ്ങള്‍ (അടിമകള്‍/ ലൈംഗിക അടിമകള്‍) ആയും വേറെയും നാനാ വിധങ്ങളിലും കാത്തുവെക്കുമ്പോഴും ഒരിക്കലും കര്‍തൃത്വമോ സ്വന്തം തെരഞ്ഞെടുപ്പോ ലഭ്യമല്ലാതെ ഓരത്തേക്കോ ആത്മാഹത്യാപരമായ തെരഞ്ഞെടുപ്പുകളിലേക്കോ എടുത്തു ചാടേണ്ടിവരുന്ന കൊളനീകൃത ജനതകളില്‍ ഗുര്‍നായുടെ യൂസുഫ് സാന്നിധ്യം ഒരതിവായന ആവുകയേയില്ല.

(അബ്ദുല്‍ റസാഖ് ഗുര്‍നായുടെ നോവലുകള്‍:  ലോഗോസ് ബുക്സ്

പേജ് 74-84)

പുസ്തകം വാങ്ങാന്‍: contact ph.no:  8086126024

(Also available at Amazon)