ആ നിര്‍ണ്ണായകമായ പ്രഭാതത്തില്‍ ഗ്രിഗോര്‍ സാംസയില്‍ (‘മെറ്റമോര്‍ഫോസിസ്’)
സംഭവിക്കുന്ന രൂപാന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ആദ്യ വാചകത്തില്‍ തന്നെ
പറഞ്ഞു വെക്കുമ്പോള്‍ ഫ്രാന്‍സ് കാഫ്ക വായനക്കാരോട് ആവശ്യപ്പെടുന്നത്
അറിഞ്ഞു കൊണ്ട് തന്നെ അവിശ്വാസത്തിന്‍റെ വ്യാവഹാരിക യുക്തിബോധം മാറ്റിവെക്കാനാണ് – willing suspension of disbelief. പൊടുന്നനെ
സംഭവിക്കുന്ന സ്വത്വ വ്യതിയാനത്തിന്‍റെയും പരിണാമത്തിന്‍റെയും തടവില്‍ നിന്ന്
ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത വിധം ഗ്രിഗോര്‍ സാംസ മനുഷ്യ കുലത്തിന്
അന്യനായിത്തീരുന്നു. ‘ഇനിയെന്ത്?’
എന്ന
ഗ്രിഗോര്‍ സാംസയുടെ ചോദ്യം മുന്‍ കുറിപ്പായി രേഖപ്പെടുത്തിയാണ് ഇഗോനി ബെരെറ്റ്
എന്ന യുവ നൈജീരിയന്‍ നോവലിസ്റ്റ് മറ്റൊരു ‘രായ്ക്കു രാമാനം’ രൂപാന്തരത്തിന്റെ
കഥയായ തന്റെ പ്രഥമ നോവല്‍ ‘Blackass’ (കറുത്ത
പൃഷ്ടം) ആരംഭിക്കുന്നത് എന്നത് യാദൃശ്ചികമല്ല. എന്നാല്‍ സാംസയെ പോലെ ജന്തുതയുടെ
അതിര്‍വരമ്പുകള്‍ മുറിച്ചു കടന്നു പ്രാണി ജന്മത്തിലേക്കു കൂട് മാറുകയല്ല ഫ്യൂറോ
വാരിബോകോ. അയാള്‍ മുറിച്ചു കടക്കുക കറുത്തവന്റെയും വെളുത്തവന്റെയും ഇടയിലെ വര്‍ണ്ണ
നിയമങ്ങളുടെ അതിരുകളാണ്. ആദ്യത്തേതിനെ അപേക്ഷിച്ച് ഇത് ഒരടഞ്ഞ അറ്റമല്ലാത്തതു (dead end) കൊണ്ടും സാംസയെ പോലെ
മാനവ കുലത്തില്‍ നിന്ന് തന്നെ ബഹിഷ്കൃതനല്ലാത്തത് കൊണ്ടും അയാള്‍ക്ക് മുന്നില്‍
സാധ്യതകള്‍/ പരിമിതികള്‍ വേറെയാണ്. പരിചിത ലോകവുമായി പുനര്‍ സ്വമന്വയത്തിന്റെ (reintegration) സാധ്യതകള്‍ തേടേണ്ടതുണ്ട് അയാള്‍ക്ക്.
രൂപാന്തരണമെന്ന സ്വത്വപ്രതിസന്ധി
ലാഗോസിലെ സാധാരണ അഭ്യസ്ത വിദ്യനും തൊഴിലന്വേഷിയുമായ ഫ്യൂറോ വാരിബോകോ എന്ന
മുപ്പത്തിമൂന്നുകാരന്റെ നിനച്ചിരിക്കാത്ത രൂപാന്തരണം ഒരു സുപ്രഭാതത്തില്‍ അയാളെ
തീര്‍ത്തുമൊരു വെളുത്തവന്‍ ആക്കുന്നതോടെയാണ് ഇതിവൃത്തം വികസിച്ചു തുടങ്ങുന്നത്.
“ഇന്ന് പ്രഭാതത്തില്‍ ഫ്യൂറോ വാരിബോകോ ഉണര്‍ന്നത് സ്വപ്നങ്ങള്‍ക്ക് അവയുടെ
വഴിതെറ്റാമെന്നും ഒരു
ഉറക്കത്തിന്റെ തെറ്റായ വശത്ത് എത്തിച്ചേരാമെന്നുമുള്ള കണ്ടെത്തലിലാണ്.” എന്ന്
ആദ്യ വാചകം. നീലക്കണ്ണുകളും
നീല ഞരമ്പുകള്‍ പിടച്ചു നില്‍ക്കുന്ന ചോര തൊട്ടെടുക്കാവുന്ന വെള്ളക്കാരന്റെ ഉടലും
അയാളെ അങ്കലാപ്പിലാക്കുന്നത് തന്റെ രൂപാന്തരം വീട്ടുകാരില്‍ എന്ത്
പ്രതികരണമാനുണ്ടാക്കുക എന്ന ഭയം കൊണ്ട് മാത്രമല്ല; അന്നേ ദിവസം താന്‍ ഏറെ നാളായി കാത്തിരുന്ന ഒരു ഇന്റര്‍വ്യൂവിനു
ഹാജരാകേണ്ടതും ഉണ്ടായള്‍ക്ക് എന്നത് കൊണ്ടുമാണ്. ഏഴാം വയസ്സില്‍ ചിക്കന്‍ പോക്സ്
പിടിപെട്ടപ്പോള്‍ കൂട്ടിരുന്ന മമ്മയെ ഇപ്പോള്‍ അയാള്‍ക്ക് ആശ്രയിക്കാനാവില്ല.
അന്ന് പുരട്ടിയ കാലമൈന്‍ ലോഷന്‍ കഴുകിക്കളയാമായിരുന്നു. കാന്‍സര്‍ ആയിരുന്നെങ്കില്‍
ലോകത്ത് താന്‍ തനിച്ചല്ല. സ്കിസോഫ്രീനിയ ആണെങ്കില്‍ മനസ്സിന്റെ ‘ഭാന്തമായ മൂടല്‍മഞ്ഞ്’
ഇടയ്ക്കിടെ തെളിയുന്ന വേളയില്‍ ആളെ തിരികെ കിട്ടും. ഇപ്പോള്‍ അറിയാവുന്നവരെയും
വേണ്ടപ്പെട്ടവരെയും കാണാതെ വിട്ടുപോവുക എന്നത് മാത്രമാണ് അയാളുടെ മുന്നിലുള്ള വഴി.
ഈ തീരുമാനത്തില്‍ വീട്ടുകാരെ കാണാതെ ‘മുങ്ങി’ അയാള്‍ പുറത്തു
കടക്കുന്നുണ്ടെങ്കിലും ഈ നിമിഷം മുതല്‍ അയാള്‍ സ്വത്വ പ്രതിസന്ധി അനുഭവിച്ചു
തുടങ്ങും. “ആരും ജനനം സ്വയം ആവശ്യപ്പെടുന്നില്ല, കറുത്തവനാവാനോ വെളുത്തവനാവാനോ ഇടയിലേതെങ്കിലും നിറമോ
ആവശ്യപ്പെടുന്നില്ല, എന്നിരിക്കിലും
ഒരാള്‍ ജനിച്ചുവീഴുന്ന വ്യക്തിത്വം ഈ ലോകത്ത്
വിശദീകരിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമായിരിക്കും.” സിംബാബ്‌വേയെ പോലെ ഒരു ‘സെറ്റ്ലര്‍ കോളനി’
അല്ലാതിരുന്നത് കൊണ്ട് സ്വാതന്ത്ര്യാനന്തരം നൈജീരിയയില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ അപൂര്‍വ്വ
കാഴ്ചയായിരുന്നു. ലാഗോസ് തെരുവില്‍ ഒരു ‘ഒയീബോ’ (വെള്ളക്കാരന്‍) നടന്നു പോകുന്നത്
തൊട്ടു നോക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയാണ്, റിക്ഷ വണ്ടിക്കാര്‍ക്ക് നാലിരട്ടി
പിടുങ്ങാനുള്ള കറവപ്പശു, കറുത്തവരുടെ
കടലില്‍ ഒരു ഒറ്റയാന്‍. തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ നിസ്സംഗതയും നഗ്നമായ
ജിജ്ഞാസക്കെതിരെ അവഗണനയും ആവശ്യമില്ലാത്തിടത്തെക്ക് നോക്കാതിരിക്കലും വേഗം അയാള്‍
പഠിച്ചെടുക്കേണ്ട പാഠങ്ങളാണ്. അയാളുടെ നൈജീരിയന്‍ പേരും ഉച്ഛാരണവും അസാധാരണമായി
തോന്നുന്നവരോട് “ഞാന്‍ ഒരു നൈജീരിയക്കാരന്‍ ആണ്” എന്ന് അയാള്‍ക്ക് പറയേണ്ടി
വരുന്നു. എന്നാല്‍ രൂപാന്തരണത്തിനു മറ്റൊരു നല്ല വശവും ഉണ്ടെന്നു അയാള്‍ വേഗം
കണ്ടെത്തുന്നു. ഒരു സാധ്യതയും ഇല്ലാതിരുന്ന ‘ഹബാ! നൈജീരിയ’യിലെ ജോലി പറഞ്ഞതിലും
ഉയര്‍ന്ന പോസ്റ്റില്‍ അയാള്‍ക്ക് കിട്ടുന്നു. “നിങ്ങളായിരിക്കും എന്റെ പ്രധാന
പ്രതിനിധി, എന്റെ വന്‍ തോക്ക്, പ്രധാന കക്ഷികളെ ആകര്‍ഷിക്കാന്‍ ഞാന്‍
അയക്കുന്ന വ്യക്തി”എന്നാണു ഒരു വെള്ളക്കാരനെ സെയില്‍സ് റപ്രസെന്റെറ്റീവ് ആയി
കിട്ടുന്നതിലുള്ള മുന്‍തൂക്കം ഓര്‍ത്ത് ഡയരക്റ്റര്‍ പറയുക. ലാഗോസിലെ ഇര
തേടിയിറങ്ങുന്ന സ്ത്രീകളില്‍ അയാള്‍ താല്‍പര്യം ജനിപ്പിക്കുന്നതും ഒരു വേള അയാള്‍ക്ക്
തുണയാവുന്ന സൈരീറ്റയെ അയാള്‍ കണ്ടുമുട്ടുന്നതും അങ്ങനെയാണ്. അതിസമ്പന്നനായ ഒരു
‘ഷുഗര്‍ ഡാഡി’യുടെ ഇഷ്ടക്കാരിയായ സൈരീറ്റ അയാള്‍ക്ക് അഭയവും സംരക്ഷണവും പ്രണയവും
ആവുന്നുണ്ട്. പ്രണയത്തിന്റെ ഒരു രാവ് പുലരുന്ന വെട്ടത്തിലാണ് അയാളുടെ
രൂപാന്തരത്തിലെ വിചിത്രമായ പ്രത്യേകത,
മുന്‍
വ്യക്തിത്വത്തിന്റെ/ ജീവിത കാണ്ഡത്തിന്റെ ബാക്കിപത്രമായ അത്യസാധാരണത്വം (oddity) സൈരീറ്റ കണ്ടെത്തുന്നത്. നോവലിന്റെ
തലക്കെട്ട് ആ വൈചിത്ര്യത്തെ സൂചിപ്പിക്കുന്നു. അയാളുടെ ഉടലില്‍ ഇപ്പോഴും ഭൂതകാല
മുദ്രയായി അയാളുടെ പൃഷ്ടം കറുത്തു മിനുത്തിരിക്കുന്നു. എന്നാല്‍ ഫ്യൂറോ പതിയെ
കണ്ടെത്തുന്നത് പോലെ സൈരീറ്റ ആവശ്യത്തില്‍ കൂടുതല്‍ ആവശ്യപ്പെടുന്നവളല്ല. അവളുടെ
സഹായത്തോടെ അയാള്‍ വസ്ത്രവും മറ്റും വാങ്ങുകയും ജോലിയില്‍ ചേരേണ്ട ദിവസം വരെ
താമസിക്കാന്‍ ഇടം കണ്ടെത്തുകയെന്ന പ്രശനം പരിഹരിക്കുകയും ചെയ്യും. അടിമുടി അഴിമതി
നിറഞ്ഞതും കൈക്കൂലി ഒരു നിയാമക ശക്തി തന്നെയായി തീര്‍ന്നതുമായ ലാഗോസില്‍ അതെ
വഴിയില്‍ ഭീമമായ കൈക്കൂലി കൊണ്ട് അയാള്‍ക്ക് അതി ശീഘ്രം പാസ്പോര്‍ട്ട്
നേടിക്കൊടുക്കുന്നതും അവള്‍ തന്നെ.
സ്വത്വ പ്രതിസന്ധിയുടെ അടുത്ത പരീക്ഷണ ഘട്ടം പത്രങ്ങളിലൂടെയും ട്വിറ്റര്‍
പോലുള്ള നവ മാധ്യമങ്ങളിലും മമ്മയും സഹോദരിയും അയാളുടെ തിരോധാനത്തെ കുറിച്ച് നല്‍കുന്ന
പരസ്യങ്ങളാണ്. എന്നാല്‍ അതോടൊപ്പം അയാള്‍ തിരിച്ചറിയുന്നുണ്ട് കുടുംബത്തില്‍
നിന്നുള്ള ഒളിച്ചോട്ടത്തിന്റെ ആവശ്യം. “പക്ഷെ എന്ത്കൊണ്ട് – എന്തുകൊണ്ടാണ് ഓട്ടം
ഒരിക്കലും അവസാനിക്കാത്തത്? കാരണം അയാള്‍ക്ക്
അയാളുടെ കടങ്ങള്‍ വീട്ടേണ്ടിയിരുന്നു,
അതുകൊണ്ടാണ്.
അവരുടേത് രേതസ്സിന്റെയും മുലപ്പാലിന്റെയും കടമായിരുന്നു, ചോരയുടെയും വിയര്‍പ്പിന്റെയും
കണ്ണീരിന്റെയും. അയാള്‍ക്ക് വീട്ടിത്തീര്‍ക്കാനോ രക്ഷപ്പെടാനോ കഴിയാത്തത്. പക്ഷെ
അയാള്‍ ശ്രമിക്കും.
അപ്പോള്‍ ഇനി അയാള്‍ക്ക് തന്റെ പേര് മാറ്റെണ്ടിയിരുന്നു.”
ഒടുവില്‍ അയാള്‍ മറ്റൊരു പേര് അയാള്‍ തേടിപ്പിടിക്കുന്നു: ഫ്രാങ്ക് വൈറ്റ്. ഹബ! നൈജീരിയയില്‍ അടുപ്പം തോന്നുന്ന ടോസിന്‍
എന്ന യുവതി ഒരു ഘട്ടത്തില്‍ രേഖയിലെ പേരും ഇതുമായുള്ള വൈരുധ്യം കണ്ടെത്തുമ്പോള്‍
തിരിച്ചിട്ട ഒരു കഥയിലൂടെ ഫ്യൂറോ അയാള്‍ വിദഗ്ധമായി സ്വയം മറച്ചു വെക്കുന്നു:
ലാഗോസിലെ വേട്ടക്കാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയ നൈജീരിയന്‍ പേരാണ്
ഫ്യൂറോ വാരികോബോ.
ഭൂതകാലത്തിന്റെ പൊക്കിള്‍കൊടി
ഫ്രാങ്ക് വൈറ്റ് എന്ന പേരില്‍ തനിക്കൊരു പുതിയ പാസ്പോര്‍ട്ട് സംഘടിപ്പിച്ചേ
ഒക്കൂ എന്ന സാഹചര്യത്തിലും സൈരീറ്റ അയാളുടെ രക്ഷക്കെത്തുന്നു. എന്നാല്‍ അയാളുടെ
വിരലടയാളങ്ങള്‍ ലാഗോസ് പാസ്പോര്‍ട്ട് ഓഫീസിലെ കമ്പ്യൂട്ടരില്‍ ഉള്ളത് കൊണ്ട്
അബൂജയിലെ അത് സാധ്യമാവൂ എന്ന് അയാള്‍ കണ്ടെത്തുന്നു. മികച്ച ജോലി വാഗ്ദാനവും
അതോടൊത്തു അയാള്‍ക്ക് അവിടെ ലഭിക്കുന്നുണ്ട്. ലാഗോസ് വിട്ടു പോകാന്‍ അയാള്‍
തയ്യാറെടുക്കുമ്പോഴാണ് സൈരീറ്റ തന്റെ സന്തോഷവാര്‍ത്ത അറിയിക്കുന്നത്: അവള്‍ ഗര്‍ഭിണിയാണ്.
കോണ്ടം ഉപയോഗിക്കുന്നതിനെതിരില്‍ എപ്പോഴും എതിര്‍ത്തു നിന്നത് ഫ്യൂറോ
തന്നെയായിരുന്നെങ്കിലും ഇത് സൈരീറ്റ ബോധപൂര്‍വ്വം സൃഷ്ടിച്ച കെണി ആണെന്ന് അയാള്‍
കരുതുന്നു.: “ഒരു കുഞ്ഞ് അയാള്‍ക്ക് വരുത്താനാവാത്ത തെറ്റായിരുന്നു. പല കാരണങ്ങള്‍
കൊണ്ടും, എന്നാല്‍ ഏറ്റവും പ്രധാനം
താന്‍ വീട് വിടേണ്ടി വന്നതിന്റെ പിന്നിലെ അതെ കാര്യം തന്നെ. തനിയെ സഹിക്കുക, തനിയെ മരിക്കുക. നിന്റെ അന്ധമായ പ്രഹരങ്ങള്‍ക്ക്
മുന്നില്‍ ആരാണെന്ന് നോക്കാതെ ജീവിതത്തില്‍ വഴി കണ്ടെത്തുക. അസ്തിത്വത്തിന്റെ ഈ
ദ്വീപില്‍ താന്‍ കെണിയില്‍ പെട്ടവനാണെന്ന് തിരിച്ചരിയുന്നവനാണ് അതിജീവിക്കുന്നവന്‍.
സൈരീറ്റ, അവളെക്കൊണ്ടുണ്ടായ എല്ലാ
ഉപയോഗങ്ങളും ഇരിക്കിലും, മറ്റൊരു
കെണിയായിരുന്നു.” തന്റെത് സൈരീറ്റ പ്രതീക്ഷിക്കും പോലെ ഒരു വെളുത്ത കുഞ്ഞാവില്ല
എന്നും ഒരു കറുത്ത കുഞ്ഞിനെ ഭൂമിയിലേക്ക് ആനയിക്കെണ്ടതില്ല എന്നും അയാള്‍
തീരുമാനിക്കുന്നു. സൈരീറ്റയുടെത് അത്തരം കനം കുറഞ്ഞ സ്വാര്‍ത്ഥതയാണോ എന്ന ചോദ്യം
അയാളെ അലട്ടുന്നില്ല. “തന്റെ കറുത്ത പൃഷ്ടം തന്നെ ജീവിതത്തില്‍ ആവശ്യത്തില്‍
കൂടുതല്‍ കുഴപ്പമായിരുന്നു, ഒഴിവാക്കാന്‍
ഒരിക്കലും കഴിയാത്തത്, എന്നാല്‍ ഒരു
കറുത്ത കുഞ്ഞ് ഒരു പുതിയ ജീവിതത്തിനുള്ള എല്ലാ സാധ്യതയും നശിപ്പിക്കും.” കുട്ടിയെ
മോഹിച്ചു തുടങ്ങിയ സൈരീറ്റയെ പിന്‍ തിരിപ്പിക്കാന്‍ രണ്ടു വഴികളുണ്ടായിരുന്നു.
ഒന്ന് തന്നെകുറിച്ചുള്ള സത്യം പറയുക,
തെളിവായി
തന്റെ പൃഷ്ടം കാണിക്കുക. ഇത് പക്ഷെ ഭാഗ്യാന്വേഷണത്തില്‍ തനിക്കു ഗുണകരമായ വഴിയല്ല
എന്ന് അയാള്‍ക്കറിയാം. രണ്ടാം മാര്‍ഗ്ഗം ഇതാണ്: സൈരീറ്റ തന്നോടൊപ്പം അബൂജയിലേക്ക്
വരിക. സാമാന്യം സമ്പാദിച്ചു കഴിഞ്ഞു കുടുംബത്തെ ഉണ്ടാക്കുക. ഭൂതകാലം, ഈ കുഞ്ഞുള്‍പ്പടെ, മറന്നു കളയുക. എന്നാല്‍ ഇങ്ങനെയൊരു വഴി
മുന്നോട്ടു വെക്കുമ്പോള്‍ ഫ്യൂറോ യഥാര്‍ത്ഥത്തില്‍ അത് നടപ്പാക്കാന്‍
കൌതുകമുള്ളവനല്ല. പിറ്റേന്ന് പ്രഭാതത്തില്‍ ക്ലിനിക്കിലേക്ക് പോകുന്ന സൈരീറ്റയെ
കാത്തു നില്‍ക്കാതെ “തരാനുള്ളതൊക്കെ ഞാന്‍ വീട്ടും” എന്നൊരു കുറിപ്പെഴുതിവെച്ചു
അയാള്‍ പോകുന്നു. ഒരു ഉപചാപകന്റെ കുറ്റബോധമില്ലായ്മ അടയാളപ്പെടുത്തുന്ന ഫ്യൂറോയുടെ
വ്യക്തിത്വം ഏറ്റവും ഹീനമായി ഇടപെടുന്നത് തന്നോട് ഏറ്റവും സ്നേഹവും സഹായ
മനസ്ഥിതിയും പ്രകടിപ്പിച്ച സൈരീറ്റയോട് തന്നെയാണ്. ഏതെങ്കിലും നിലയില്‍
പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളൊന്നും നോവലില്‍ പ്രകടമായ പരിഹാസ സ്വരത്തിലുള്ള
നിരീക്ഷണങ്ങള്‍ അര്‍ഹിക്കുന്നവരല്ല എന്നത് ശ്രദ്ധേയമാണ്. കാണാതായ മകന്റെ തിരിച്ചു
വരവിനു തയ്യാറെടുത്തു ഓരോ ദിനവും അവന്റെ മുറി വൃത്തിയാക്കിയും ഒരുക്കിയും
കാത്തിരിക്കുന്ന മമ്മയും സ്നേഹത്തോടെ തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കുന്ന സഹോദരി
തകേനയും തൊട്ട് ഹബാ! നൈജീരിയയില്‍ സൌഹൃദവും പ്രണയവുമായി കൂട്ടിനു വരുന്ന ടോസിന്‍, എല്ലാറ്റിനുമുപരി സൈരീറ്റ എന്നിവരൊക്കെ
ഉദാഹരണം.
രൂപാന്തരത്തിന്റെ രണ്ടാമൂഴം, മെറ്റാ നരേറ്റീവ്
നോവലിസ്റ്റിന്റെ അപരസ്വത്വമായോ പ്രതിരൂപമായോ കടന്നു വരുന്ന ഇഗോര്‍നി, ഫ്യൂറോയുടെ പാലായനത്തിന്റെ ആദ്യ ദിനത്തില്‍
തന്നെ ഒരു റസ്റ്റോറന്റില്‍ വെച്ച് അയാളെ കാണുന്നുണ്ട്. എഴുത്തുകാരനാണ് എന്ന
അറിവിലാണ് കുറച്ചു ദിവസം തന്നെ കൂടെ പാര്‍പ്പിക്കാമോ എന്ന ആവശ്യം ഫ്യൂറോ അയാളുടെ
മുന്നില്‍ ഉന്നയിക്കുന്നത്. എന്നാല്‍ അയാള്‍ കൈ മലര്ത്തുകയായിരുന്നു. പകരം സഹായം
നല്‍കിയതാവട്ടെ സൈരീറ്റയും. രൂപാന്തരക്കഥയിലെ പിടിതരാത്ത അറ്റങ്ങളില്‍ ഒന്ന് ഇഗോര്‍നിയുടെ
കാര്യത്തിലേതാണ്. ഫ്യൂറോയുടെ സഹോദരിയുടെ ട്വിറ്റര്‍ കുറിപ്പുകളും മുമ്പ്
കണ്ടപ്പോള്‍ അയാള്‍ പറഞ്ഞ പേരും വിവരങ്ങളും ചേര്‍ത്തുവെച്ച് അയാള്‍ ഫ്യൂറോയുടെ
യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കുന്നു. അത് സാധിക്കുന്ന ഒരേയൊരാള്‍. അതിനയാളെ
സഹായിക്കുന്നത് ഇപ്പോള്‍ അയാളിലും സംഭവിച്ച മാറ്റങ്ങളാണ്. നോവലില്‍ വിശദീകരണം
ഏതുമില്ലെങ്കിലും രണ്ടാം തവണ ഈ കഥാപാത്രത്തെ നാം കാണുമ്പോള്‍ അയാള്‍ സ്വയം മോര്‍ഫിയൂസ്
എന്ന് പരിചയപ്പെടുത്തുന്ന ഒരു സ്ത്രീയായിരിക്കുന്നു. അയാള്‍ തകേനയുമായി സൗഹൃദം
സ്ഥാപിക്കുമ്പോള്‍ അവര്‍ക്കിടയില്‍ പൊതുവായി പലതും നിരീക്ഷിക്കുന്നുണ്ട്.
നൈജീരിയന്‍ മധ്യ വര്‍ഗ്ഗത്തിന്റെ തകര്‍ച്ചയില്‍ നിന്നുയിര്‍ക്കൊണ്ട ഒരേ
വിഭാഗത്തില്‍ പെട്ടവര്‍, എമ്പതുകളിലെയും
തൊണ്ണൂറുകളിലെയും എകാധിപത്യങ്ങളിലേക്ക് പിറന്നു വീണവര്‍, ഒരു ഗുണ നിലവാരവുമില്ലാത്ത പ്രൈവറ്റ്
സ്കൂളുകളില്‍,അല്ലെങ്കില്‍
ഒട്ടും മെച്ചമല്ലാത്ത പബ്ലിക് സ്കൂളുകളില്‍ പഠിച്ചവര്‍, സര്‍ക്കാര്‍ ശമ്പളക്കാരായ വിദ്യാസമ്പന്നരായ
മാതാപിതാക്കള്‍ ഉണ്ടാവാന്‍ ഭാഗ്യം ചെയ്തവര്‍,
നന്നായി
ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാവുന്നവര്‍ - അങ്ങനെ. “ഞങ്ങളുടെ എക്കാലത്തെയും
അധ്യാപകര്‍ നൈജീരിയയുടെ പരാജയങ്ങളെ കുറിച്ചുള്ള അവരുടെ രൂഡമായ അവമതി ഞങ്ങളിലേക്ക്
പകര്‍ന്നു, ഒപ്പം കൊളോണിയല്‍ ഭരണത്തെ
കുറിച്ചുള്ള കടുത്ത ഗൃഹാതുരത്വവും. തകേനയുടെ കാര്യത്തില്‍ .. എന്നെ
ഉരുവപ്പെടുത്തിയ അതേ വൈരുധ്യങ്ങളാണ് ഞാന്‍ കണ്ടത്. നാണക്കേടും ധിക്കാരവും, പ്രായോഗികതാ വാദവും ലോല ചിന്തകളും, ചിന്താശൂന്യമായ ഹിംസാത്മകതയും മറ്റെല്ലാം
മറന്നുള്ള ത്യാഗ ബുദ്ധിയും, ചുവന്നു
തുടുക്കലും കറുത്ത തൊലിയും..” തന്നില്‍ സംഭവിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍
കൂടിയാവാം സ്ത്രീത്വത്തെ കുറിച്ച് ദീപ്തമായ നിലപാടുകള്‍ ഇഗോര്‍നി/ മോര്‍ഫിയൂസില്‍
ഉരുത്തിരിയുന്നത്. “അവരുടെ (ഫ്യൂറോയുടെ മമ്മ) വിരലുകള്‍ എന്റെ തലമുടിയിലൂടെ
നീങ്ങിയപ്പോള്‍ അവരില്‍ നിന്നും മറച്ചുവെക്കുന്ന കാര്യത്തെ കുറിച്ചോര്‍ത്ത്
എന്റെയുള്ളില്‍ കുറ്റബോധത്തിന്റെ കഠാരയിറങ്ങി. നോവല്‍ പോയിത്തുലയട്ടെ, ഒരു കഥയും അത് ആസ്വാദ്യകരമാക്കുന്ന
മനുഷ്യദുഃഖത്തോളം പോന്നതല്ല... ഫ്യൂറോയുടെ കഥയില്‍ നിന്ന് ഞാന്‍ കുഴിച്ചെടുക്കാന്‍
ആഗ്രഹിച്ച നിക്ഷേപങ്ങള്‍ - ആത്മസ്വത്വത്തിന്റെയും, ആത്മ വഞ്ചനയുടെയും,
ഭൂഖണ്ഡപരമായ
അപകര്‍ഷ ബോധവും, ഞങ്ങളുടെ
മാതാപിതാക്കളുടെ കൊളോണിയല്‍ മാനസിക ഭാരങ്ങളുടെ വികസിക്കുന്ന വലയങ്ങളെയും (widening gyres) , അവയോടൊപ്പം എന്റെ
കാപട്യത്തെയും - ഏതാനും ശാന്തമായ വാക്കുകളിലൂടെ തുറന്നു കാട്ടിയ ഒരമ്മയിലൂടെ
നശിപ്പിക്കപ്പെട്ടു.” മമ്മ തന്നില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മോര്‍ഫിയൂസ്
വീണ്ടും വാചാലനാകുന്നു. “ഒരു സ്ത്രീ ഞാനെന്തായിരുന്നോ അതില്‍ നിന്ന് ഭിന്നമായി
എന്നെ നിര്‍വ്വചിച്ചു” എന്ന് അയാള്‍/ അവള്‍ പറയുന്നു. “സ്ത്രീത്വം എന്നത്
സവിശേഷമായ ബാധ്യതകളോടെയാണ് സംഭവിക്കുന്നത്,
അതില്‍
പെട്ടതാണ് ഒരു രണ്ടാം കിട സ്ഥാനം എന്ന കാര്യം എപ്പോഴും ഓര്‍മ്മിക്കുക എന്നത്, അതിന്റെ പ്രധാന അടയാളം പുരുഷന്മാരില്‍
നിന്നുള്ള ക്ഷണിക്കപ്പെടാത്ത ലൈംഗിക ശ്രദ്ധയാണ്. എന്റെ പുതിയ വ്യക്തിത്വത്തിന്റെ ഈ
വസ്തുത ഞാന്‍ കണ്ടിരുന്നില്ല.. ഒരു സ്ത്രീ സമാധാനത്തോടെ തനിയെ കഴിയുന്നതോ
തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കപ്പെടുന്നില്ല. താന്‍ ആഗ്രഹിച്ച
സ്ത്രീയാവാന്‍ ഒരിക്കലും കഴിയാത്ത പുരുഷന്റെ കാര്യം കഷ്ടം.” രണ്ടു സ്വത്വങ്ങള്‍ക്കിടയിലുള്ള
യുദ്ധത്തില്‍ താന്‍ വശം മാറിയിരുന്നു എന്ന് മോര്‍ഫിയൂസ് തുറന്നു പറയുന്നു. “എന്നെ
എന്റെ ഭൂതകാലത്തോട് കെട്ടിയിട്ട ഭ്രാന്തിന്റെ സര്‍പ്പം ഉണ്ടായിരുന്നെങ്കിലും ഞാന്‍
പുരുഷനില നിന്ന് വ്യതിരിക്തയായിരുന്നു,
ഭേദിക്കപ്പെട്ടിരുന്നു.
ഞാന്‍ ഞാനാരാവണമോ അതായിരുന്നു.” ഇത്തരം മാറ്റങ്ങള്‍ “എല്ലായിപ്പോഴും ഏതെങ്കിലും
നിലയില്‍ എവിടെയൊക്കെയോ ആരിലെങ്കിലുമൊക്കെ സംഭവിക്കുന്നുണ്ട്” എന്ന് മറ്റൊരിക്കല്‍
അവള്‍ നിരീക്ഷിക്കുന്നു.
ഫ്യൂറോയുടെ കാര്യത്തില്‍, ഒരു വേള, കൊളോണിയല്‍ ബാധ്യതകളും പാരമ്പര്യവും കറുത്ത
വര്‍ഗ്ഗക്കാരില്‍ സൃഷ്ടിക്കുന്ന അപകര്‍ഷം പ്രതിപ്രവര്‍ത്തിക്കുന്ന ഒരാഗ്രഹ
ചിന്തയുടെ ന്യായീകരണം കണ്ടേക്കാമെങ്കിലും ഇഗോര്‍നിയുടെ രൂപാന്തരത്തിനു അത്തരം
വിശദീകരണങ്ങള്‍ ഒന്നും ആദ്യഘട്ടത്തില്‍ നോവല്‍ മുന്നോട്ടു വെക്കുന്നില്ല എന്നത്
ഒരു പരിമിതിയായും തോന്നാം. ആദ്യ സന്ദര്‍ഭത്തില്‍ സ്ത്രീയാവാനുള്ള എന്തെങ്കിലും
ചോദന ആ കഥാപാത്രത്തില്‍ ഉള്ളതായി സൂചനയൊന്നുമില്ല. ടോസിനുമായുള്ള അടുപ്പം പോലും ആഗ്രഹിച്ച വിധം പൂര്‍ണ്ണതയിലേക്ക്
കൊണ്ടുപോകാന്‍ കഴിയാത്ത വിധം കറുത്ത പൃഷ്ടം എന്ന അസാധാരണ പ്രതിഭാസം ഫ്യൂറോയെ
മഥിക്കുന്നുവെങ്കില്‍ സമാനമായ ഒരു പ്രശ്നം മോര്‍ഫിയൂസിനും നേരിടാനുണ്ട്. നിറഞ്ഞ
മാറും സ്ത്രൈണ ശരീരവും എല്ലാമുള്ള മോര്‍ഫിയൂസിലും വലിയൊരു അത്യസാധാരണത്വമായി അയാളുടെ/ അവളുടെ ലിംഗം
മാത്രം ബാക്കിനില്‍ക്കുന്നു. അത് കണ്ടെത്തുക ഒരു രാവിന്റെ പ്രണയ പാശത്തില്‍
ഫ്യൂറോ/ ഫ്രാങ്ക് തന്നെയുമാണ്. നോവല്‍ ആഖ്യാനം മുഴുമിക്കുന്നതും ഇഗോര്‍നിയെന്ന
ഫിക് ഷന്‍ എഴുത്തുകാരന്‍ തന്നെയാണ് എന്നിടത്താണ് ആ മെറ്റാ നരേറ്റീവ് തലം
വ്യക്തമാകുന്നത്. ഫ്യൂറോ വീട് വിട്ടിറങ്ങിയത് മുതല്‍ ഇരുപത്തിയഞ്ച്
ദിവസങ്ങളിലായാണ് നോവലിന്റെ കഥാകാലമെന്നു നമ്മളറിയുന്നതും മോര്‍ഫിയൂസില്‍ നിന്നാണ്.
അയാളാണ് ഫ്യൂറോക്ക് മമ്മയും സഹോദരിയുമായുള്ള സമാഗമത്തിന് വഴിയൊരുക്കുന്നതും.
“ഫ്യൂറോ, നീയില്ലേ അവിടെ? വന്നു വാതില്‍ തുറക്ക്.” എന്ന മമ്മയുടെ
സ്നേഹപൂര്‍ണ്ണമായ വിളിയിലാണ് നോവല്‍ അവസാനിക്കുന്നത്.
സാമൂഹ്യ ചിത്രങ്ങള്‍
മുഖ്യ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന അതെ തീവ്രതയോടെ നടത്തുന്ന മറ്റു
നിരീക്ഷണങ്ങള്‍ സാമൂഹികാവസ്ഥയുടെ ശക്തമായ ആവിഷ്കാരം ആയി നോവലിലുണ്ട്. സങ്കര
നിറമുള്ള കുഞ്ഞുങ്ങളെ കിട്ടാനായി വെളുത്ത വര്‍ഗ്ഗക്കാരായ
ഇഷ്ടക്കാരെ വേട്ടയാടുന്ന ലാഗോസിലെ അഭ്യസ്ത വിദ്യരായ സ്ത്രീകളെ കുറിച്ച് നോവലിലെ
നിരീക്ഷണങ്ങള്‍ ഒരു ‘കോമഡി ഓഫ് മാനേഴ്സ്’ സ്വഭാവം ആര്‍ജ്ജിക്കുന്നുണ്ടെന്നു ഹെലന്‍
ഹബീല നിരീക്ഷിക്കുന്നുണ്ട്. കടുത്ത പരിഹാസമുള്ള ഇത്തരം സാമൂഹിക വിമര്‍ശനങ്ങളിലാണ്
നോവലിസ്റ്റിന്റെ ശക്തി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു (ബുക്ക് റിവ്യൂ: ദി
ഗാര്‍ഡിയന്‍). അവരുടെ വിദ്യാഭ്യാസ യോഗ്യത പോലും തമാശയാണെന്നും സൂചനയുണ്ട്. ലൈംഗിക
വിട്ടുവീഴ്ചകള്‍ ഗ്രേഡുകളും പ്രമോഷനും കിട്ടാനുള്ള എളുപ്പവഴികളായ യൂണിവേഴ്സിറ്റി
സാഹചര്യങ്ങള്‍ വേണ്ടുവോളം ഉപയോഗപ്പെടുത്തിയവാരാണ് അവരില്‍ പലരും. അമ്മമാരില്ലാത്ത
കുട്ടികള്‍ക്കായുള്ള എന്‍. ജി. ഒ. ഫ്യൂറോക്ക് ഡയറക്റ്റര്‍ പദവി വാഗ്ദാനം
ചെയ്യുന്നത് വെള്ളക്കാര്‍ തങ്ങളില്‍ പെട്ട ഒരാള്‍ ആവശ്യപ്പെട്ടാല്‍ ഏതു
കാര്യത്തിനും കയ്യയച്ചു സംഭാവന നല്‍കും എന്ന ന്യായത്തിലാണ്. ലാഗോസിനെയും അബൂജയെയും
താരതമ്യം ചെയ്തു അരിന്‍സെ നടത്തുന്ന നിരീക്ഷണം സാമൂഹത്തിലെ സാമ്പത്തികാവസ്ഥയിലുള്ള
അന്തരം പ്രതിഫലിപ്പിക്കുന്നു, “ചോരയിലും വിയര്‍പ്പിലും
ഉത്കര്‍ഷേച്ചയിലും സൃഷ്ടിക്കപ്പെട്ടതാണ് ലാഗോസ്. അബൂജ ധനികര്‍ക്കുള്ള കളിസ്ഥലമായി
രൂപപ്പെടുത്തിയതാണ്... നൈജീരിയയിലെ ഏറ്റവും മോശപ്പെട്ട ചില ചേരികള്‍ അബൂജയുടെ
പ്രാന്ത പ്രദേശങ്ങളില്‍ കണ്ടെത്താം.” ഡ്രൈവര്‍ വിക്റ്റര്‍ എന്ന ‘ഹെഡ് സ്ട്രോങ്ങ്’
നിരീക്ഷിക്കുന്നു, “ഞാന്‍ പോര്‍ട്ട്
ഹാര്‍കോര്‍ട്ടിലും ലാഗോസിലും ടാക്സി ജോലി ചെയ്തിട്ടുണ്ട്, ഘാനയിലും ലൈബീരിയയിലും ഡ്രൈവര്‍
ആയിരുന്നിട്ടുണ്ട്, എന്നാല്‍ ഞാന്‍
കഴിഞ്ഞിട്ടുള്ള ഏറ്റവും മോശം സ്ഥലം ഡാകി ബിയു (അബൂജയില്‍) ആണ്.” വെളുത്തവര്‍ഗ്ഗക്കാര്‍
മനുഷ്യാവകാശങ്ങളെ കൂടുതല്‍ മാനിക്കുന്നവര്‍ ആണെന്നും രാഷ്ട്രീയ അഭയം തേടുന്നവരെ
സ്വീകരിക്കുമെന്നും കേട്ടിട്ടുള്ള അയാള്‍ ഒരു നാള്‍ ആരോടും പറയാതെ പോളണ്ടിലേക്ക്
പോകുന്നുമുണ്ട്. മറു വശത്ത് “നിങ്ങള്‍ മുന്നോട്ടു വെക്കുന്ന പുസ്തകങ്ങളെല്ലാം
വിദേശ മാതൃകകളെ അടിസ്ഥാനപ്പെടുത്തിയതാവുമ്പോള്‍ എങ്ങനെയാണ് എന്റെയാളുകള്‍ ഈ
നാട്ടില്‍ ബിസിനസ് നടത്തുക” എന്ന യുഗൂദയുടെ ചോദ്യവും ഉണ്ട്.
ഹാര്‍ലമിലെ ജീവിത സാഹചര്യങ്ങളില്‍, കേളികേട്ട അമേരിക്കന്‍ സഹിഷ്ണുതയുടെ ‘അനുഭവിക്കുന്നവരുടെ വശത്ത്’ (receiving end) നിന്ന് ഇനിയങ്ങോട്ട് പഴയ വിവേചനത്തിന്റെ അരക്ഷിതത്വം മതി എന്ന് വൈരുധ്യപൂര്‍ണ്ണമായ നയം നടപ്പിലാക്കാന്‍ (resegregation) ശ്രമിച്ചതിനു ശിക്ഷിക്കപ്പെടുന്ന പോല്‍ ബിയാറ്റിയുടെ (The Sellout) ‘മി’യുടെ അനുഭവങ്ങളുടെ ലഗോസിയന്‍ പാരഡി പോലെ പല സന്ദര്‍ഭങ്ങളും നോവലില്‍ അനുഭവപ്പെടുന്നുണ്ട്. ഹാസ്യ ഭാവനയും പ്രകോപനപരമാംവിധമുള്ള പരിഹാസ വാഞ്ചയും മുറ്റി നില്‍ക്കുന്ന ആവിഷ്കാര രീതിയാണ് ഇഗോര്‍ണി ബെരെറ്റ് അവലംബിക്കുന്നത്. . ദ്വന്ദ്വ വ്യക്തിത്വവും പ്രതിസന്ധികളും എന്ന വിഷയം തന്റെ മുന്‍ കഥകളിലും ബാരെറ്റ് കൈകാര്യം ചെയ്തിട്ടുണ്ട് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഇതിവൃത്ത കേന്ദ്രമായ രൂപാന്തരണം മുന്നോട്ടു വെക്കുന്ന സാധ്യതകള്‍ വേണ്ടത്ര ആഴത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല എന്നും ഒട്ടേറെ വാഗ്ദാനം ചെയ്ത ഒരു തുടക്കത്തിനു ശേഷം അത്രയൊന്നും അസാധാരണത്വമില്ലാത്ത പതിവ് ചാലുകളിലേക്ക് നോവല്‍ വീണു പോകുന്നു എന്നും ഭ്രമാത്മക, സര്‍റിയലിസ്റ്റിക് / മാജിക്കല്‍ റിയലിസ്റ്റിക് സാധ്യതകള്‍ ഒന്നും ശ്രദ്ധേയമാം വിധം ശ്രമിച്ചു നോക്കുന്നതേയില്ലെന്നും എല്ലായിടത്തും ഉണ്ടെങ്കിലും പ്രത്യേകിച്ച് മനസ്സുലക്കാനോ വായനക്കാരനെ പിടികൂടാനോ മുഖ്യ കഥാപാത്രത്തിന് കഴിയുന്നില്ല എന്നും വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കാഫ്കയെ ഓര്‍മ്മിപ്പിച്ചു തുടങ്ങുമ്പോഴും ‘കാഫ്ക്കെയസ്ക്’ എന്ന് പറയാവുന്ന ദുരൂഹവും ചങ്കിടിപ്പുണ്ടാക്കുന്നതുമായ അന്തരീക്ഷമോ പ്രമേയപരമായ ആഴമോ നോവലിനില്ല എന്നും ചില വായനക്കരെങ്കിലും നിരീക്ഷിക്കുന്നു.
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 151-158)
To purchase, contact
ph.no: 8086126024

No comments:
Post a Comment