മൂന്നു കവിതകള്‍ - ടാന്യ സ്റ്റുപാര്‍ - ട്രിഫുനോവിച് / Tatjana Bijelić (English)
(മലയാള വിവര്‍ത്തനം - ഫസല്‍ റഹ്മാന്‍)
ടാന്യ
സ്റ്റുപാര്‍ ട്രിഫുനോവിച്ച് - ക്രോയേഷ്യന്‍ കവയിത്രി, യൂറോപ്പ്യന്‍
യൂണിയന്‍ പുരസ്ക്കാരം നേടിയ Clocks in My
Mother's Room എന്ന നോവലിന്‍റെ രചയിതാവ്.. 1977 -ല്‍ ക്രോയേഷ്യയിലെ സദറി (Zadar)ല്‍
ജനനം. ബന്യ ലൂകായില്‍ ഫാക്കല്‍റ്റി ഓഫ് ഫിലോളജിയില്‍ പഠനം. നാല് കവിതാ സമാഹാരങ്ങളും ഒരു ചെറുകഥാ സമാഹാരവും ഒരു നോവലും
പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം
ചെയ്യപ്പെട്ടിട്ടുണ്ട്. Clocks in
My Mother's Room എന്ന നോവലിന് യൂറോപ്യന്‍ യൂനിയന്‍ പുരസ്കാരം ഉള്‍പ്പടെ
വിവിധ പുരസ്ക്കാരങ്ങള്‍ നേടിയ ടാന്യ , Putevi എന്ന കലാ സാഹിത്യ സാംസ്ക്കാരിക ജേണലിന്റെ എഡിറ്ററാണ്
തതാന്യ ബിയേലിക് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ അവരുടെ കവിതകളില്‍
മൂന്നെണ്ണം എന്‍റെ വിവര്‍ത്തനത്തില്‍.
ഒരു extreme form of verse
libre ഉപയോഗിക്കുന്ന ടാന്യയുടെ കവിതകള്‍
വിവര്‍ത്തനത്തിന് ഇത്തിരി കഠിനം തന്നെ.
(അകം മാസികക്കുവേണ്ടി വിവര്‍ത്തനം ചെയ്തത്)
ആഡംബര യാത്ര
കപ്പലുകള്‍ ക്ഷയിച്ച വയോധികര്‍
അറ്റ്‌ലാന്റിക് ദേശാന്തര യാനങ്ങളുടെ തിരകള്‍
ഭാവസംഗീതം തീര്‍ക്കുന്ന കച്ചേരികളില്‍
ഇടത്തരം പ്രകടനങ്ങള്‍ക്ക് ചേരാത്ത ദീര്‍ഘമാം വിളംബര സംഗീതം
എല്ലാമരങ്ങേറുന്ന വിരിമാറുള്ള കപ്പലുകള്‍
അമ്പതാണ്ട് തൊഴിലെടുത്ത് സമ്പാദിക്കണം
പിന്നെ ഒരു വമ്പന്‍ കപ്പലില്‍ കടലിലിറങ്ങണം
ഹൃദയാലുക്കളായ പരിചാരികമാര്‍ നിന്റെ
ശിരസ്സിനുമേല്‍ വട്ടമിടും
വെളിച്ചം വിറച്ചു നില്‍ക്കും
ആഡംബരക്കപ്പലിന്റെ ഉദരത്തിലെ
അനന്തമായ ചക്രവാളത്തില്‍ അത് ഊയലാടും
പഴയനിയമത്തിലെ യോനാ പ്രവാചകനെപ്പോലെ വിഴുങ്ങപ്പെട്ട്
ദൗത്യവും പൊരുളും അന്യമായി
ഇരുമ്പ് മൃഗം ഒന്നു തുപ്പിക്കിട്ടാനായി നീയൊന്നു ചിണുങ്ങുന്നുപോലുമില്ല
പകരം നീയൊരു പരിചാരികയോട് ടി. വി. നിശ്ശബ്ദമാക്കാന്‍ പറയുന്നു
നിനക്കൊരു ഇയര്‍ പ്ലഗ്ഗ് ആവശ്യപ്പെടുന്നു
പ്രകൃതി ഭംഗി, അകലെയുള്ള ദ്വീപുകള്‍ , വിദൂര നഗരങ്ങളുടെ ഗന്ധം.
നീയൊന്നും ശ്രദ്ധിക്കുന്നേയില്ല.
നിനക്കൊരു പ്രശാന്ത സ്വപ്നവും ശബ്ദ രഹിതലോകവും മതി.
ആഡംബരക്കപ്പലുകള്‍
എണ്ണം പെരുകിയ സമകാലീന കാരോണുകളെപ്പോലെ
വയോധികരെ സൌമ്യമായി അക്കരെയെത്തിക്കുന്നു
ചാഞ്ചാടുന്ന തിരകളില്‍ പ്രതിഫലിക്കുമ്പോഴും
പിടിതരാത്ത സ്വത്വമുള്ള തീരങ്ങള്‍
ആളുകള്‍ ഏറെ ചെറിയവരും നേര്‍ത്തതും ദൈവത്തോടടുത്തവരുമാവുന്ന
വിദൂര ചക്രവാളങ്ങളിലും
ഭൂമിയിലെ നിയമങ്ങള്‍ കപ്പല്‍തട്ടുകളിലും
വയോധികരുടെ അസ്ഥികളിലും വ്യാപിക്കുമിടങ്ങളിലും
മൃത്യുവോടൊപ്പം അവ തീരങ്ങളെ സന്ദര്‍ശിക്കും
മരണം അവസാനത്തെ അഴിമുഖത്ത് നങ്കൂരമിടുംവരെ
അകലത്തില്‍ നിന്ന് അവരൊക്കെ ഒരു പോലെ കാണപ്പെടുന്നു
വക്കുകള്‍ അവിഗ്ദമായി കൂട്ടിത്തുന്നി ജലത്തില്‍ കെട്ടിയിട്ടപോലെ
ആ വിദൂര വിദേശ തീരങ്ങള്‍
തിരിച്ചറിയപ്പെടുന്നതിന്റെയും സൌകര്യത്തിന്റെയും മീമാംസയില്‍
നീയൊരു ഹാര്‍ബറില്‍ നങ്കൂരമിടും വരെ
നാടുപോലുണ്ട് നീ പറയുന്നു
നാടുപോലുണ്ട് അവരും പറയുന്നു
നിന്റെ ശരീരം മറ്റൊരു നാടിന്റെ തീരത്ത് മണ്ണിലും മണലിലും ഉപേക്ഷിച്ചതിന്ന്
കാരണമായ്
അവിടം വീടുപോലെ തോന്നും
ഈ ആഡംബരയാത്ര തിരിക്കാനായി തനിക്കുള്ളതെല്ലാത്തിനുമൊപ്പം
അയാള്‍ വിറ്റുകളഞ്ഞ വീടുപോലെ
അയാള്‍ക്കുള്ളതെല്ലാം തീരങ്ങളോടൊപ്പം പങ്ക് വെക്കുന്നതിനു വേണ്ടി
അയാളുടെ രോഗം ദുഃഖം അസ്ഥികളിലെ വാതം ഒടുവിലയാളുടെ അസ്ഥികള്‍ തന്നെയും
കഷ്ടപ്പെട്ട് അവധിയായ് നേടിയ ഈ
ആഡംബരയാത്രയില്‍ വിജയിയായ അസ്ഥികള്‍ .
അമ്മ അത്താഴത്തിനു വിളിക്കുമ്പോള്‍
നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍
പൈന്‍ മുള്ളുകള്‍ കാലില്‍ കൊള്ളുന്നു എന്റേത് സൂര്യനാണ്
ഞാനതിനെ ശക്തിയായി ആശ്ലേഷിക്കുന്നു
എന്റേത് സൂര്യനാണ് ഞാന്‍ പനിച്ചു
പൊള്ളുന്നു
എന്റെ കടലോര ശൈശവം ഞാന്‍ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങുന്ന മത്തുപിടിച്ച കടല്‍
കൊഞ്ചിന്റെ ഉപ്പുരുചിക്കുന്ന ചുണ്ടുകള്‍
നനുത്ത പേശി കഴിയുമെങ്കില്‍ എന്റെ ഹൃദയം നിനക്കാവും
അകത്തുള്ള ഈ ദ്രവം സ്പര്‍ശത്തില്‍ വിറക്കുന്നു
പക്ഷെ അതേറെ കടുത്തുപോയി
അതിന്റെ കഥ
സൂര്യന്‍ ഏറെ കഠിനമാണ്
അത് കണ്ണുകളില്‍ തുടിക്കുന്നത് നോക്കൂ
നമ്മള്‍ കണ്ണിറുക്കുന്നു ഒരു സ്വര്‍ണ്ണത്തലമുടിക്കാരന്‍ പയ്യനും ഞാനും
തീരത്തിന്റെ വക്കില്‍
നമ്മുടെ വിരലുകള്‍ വെള്ളത്തില്‍ തൊട്ട് ഏറെ വെയിലേറ്റതിന്റെ നിറംമാറ്റത്തോടെ
മത്സ്യം അപ്പോഴും കൊത്തുന്നില്ല
കൂര്‍മ്പന്‍ കല്ലുകള്‍ നമ്മുടെ നഗ്ന പാദങ്ങളില്‍ അവയുടെ പാടുകള്‍
പതിപ്പിക്കുന്നു
വേദന അവഗണിച്ചു നമ്മള്‍ ഓടുന്നു
കാരണം അപ്പോഴും അത് നമ്മളെ ഒടുക്കുന്നില്ല
നമ്മള്‍ വേദനയെ ഒടുക്കുന്നു
തീരത്ത് നമ്മുടെ ഓര്‍മ്മള്‍ ഇടതൂര്‍ന്നു വളരുന്നു
നമ്മള്‍ പോകുന്നയിടത്തില്‍
മത്സ്യങ്ങള്‍ അപ്പോഴും കൊത്തുന്നില്ല
നിന്റെ മഞ്ഞത്തലമുടിയാണ് ആകാശത്തിനു ചുവട്ടിലെ സ്വര്‍ണ്ണനാണയം
അമ്മ നമ്മളെ അത്താഴത്തിനു വിളിക്കുന്നു
നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍
നമ്മള്‍ ലക്‌ഷ്യസ്ഥാനം
നമ്മള്‍ സൂര്യനെ കൂടാതെ വളര്‍ന്നു
നിന്റെ മഞ്ഞത്തലമുടി എവിടെ
കാറ്റ് അതിനെ പറത്തിക്കളഞ്ഞു
നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍
മത്സ്യം അപ്പോഴും കൊത്തുന്നില്ല
അമ്മ മൂകയുമാണ്
ഇവിടെ ഹാര്‍ബറുകള്‍ വ്യത്യസ്തമാണ് തീരങ്ങള്‍ ചെങ്കുത്താണ്
ചെങ്കുത്താണ് നമ്മിലെ തുറമുഖം
കടലില്ലാത്ത കപ്പലിലെ യാത്രികരാണ് നമ്മള്‍
കൃത്യമായ ലക്ഷ്യസ്ഥാനം ഇല്ലാത്തവര്‍
വേലിയേറ്റവും ഇറക്കവും ജലമയമല്ല, നമുക്കുള്ളിലെ സങ്കടങ്ങള്‍ കൊണ്ടാണ്
നമ്മളെ അവിടെയുമിവിടെയും കൊണ്ടുപോകുന്ന സങ്കടങ്ങള്‍
മറ്റാരുടെയോ തീരങ്ങളിലൂടെ
നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍
വിദൂര ലോകമാകെ മോഹങ്ങളുടെ ചിലന്തിവലകളാണ്
ക്ഷീണിച്ച കണ്ണുകള്‍ ദുര്‍ബ്ബലാമായിപ്പോയ കണ്‍ പോളകളിലൂടെ കാഴ്ചകളെ
ഊറ്റിയെടുക്കുന്നു
ദുഷ്ടമായ പ്രകൃതിദൃശ്യങ്ങള്‍ അവയുടെ ദൈവിക സൗന്ദര്യം കൊണ്ട് അലട്ടിക്കൊണ്ടേയിരിക്കുന്നു
ഒരൊറ്റക്കണ്ണിനും ലോകത്തെ വേണ്ടത്ര കാണാനാവില്ല
എന്നെ പ്രാപിക്കൂ എന്നെ കുടിക്കൂ എന്നെക്കൊണ്ട് മത്തനാവൂ ഞാന്‍ നിന്റെ
നിതാന്തവിശപ്പാവാം
നിനക്ക് എടുക്കാന്‍ എന്നില്‍ ഒന്നുമില്ല
എനിക്ക് തരാന്‍ നിന്റെ കയ്യില്‍ ഒന്നുമില്ല
മത്സ്യം അപ്പോഴും കൊത്തുന്നില്ല
വീട്ടില്‍ നിന്ന് ഏറെ ദൂരെ
മറ്റാരുടെയോ സമയം നമ്മളില്‍ മിടിക്കുന്നു
നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍
പൈനുകള്‍ മൂകമാണ് സൈപ്രസ്സുകള്‍
മൂകമാണ് ശിലകളും ശിലകള്‍ക്ക് ചുവടെ സര്‍പ്പങ്ങളുമതെ
ചെളിയില്‍ പുതഞ്ഞ് കൂനുകളിലെയും നിഴലുകളിലും കൊടിയ വിഷവുമായി
അപ്പോള്‍ അപരിചിത യാത്രികര്‍ ഒരു പിടി ഓര്‍മ്മകളുമായി അപരിചിത
പാതകളിലേക്കിറങ്ങുന്നു
നമ്മുടെ വീട് ഉച്ചസൂര്യനില്‍ തിളങ്ങുന്നു
രാവില്‍ ഉന്മാദത്തിലെരിയുന്നു
ചില കൈകള്‍ ദുര്‍ന്നടത്തക്കാരിയുടെ ആവേശത്തോടെ അതിനെ തടവുന്നു
നമ്മള്‍ മറ്റാളുകളായി വേഷം മാറാന്‍ ഇടയാവുന്നു അഭയാര്‍ഥികള്‍
നമ്മുടെ വീട് ശേഷം കുറേക്കാലം കരിപിടിച്ചു കിടന്നു പിന്നെ മുഖം കഴുകും വരെ
അതിന്റെ നാണക്കേടില്‍ നിന്ന്
അതിന്റെ കറുപ്പില്‍ നിന്ന്
അതിന്റെ അവമതി മറ്റുള്ളവരുടെ തീ കൊണ്ട് ഇത്രവേഗം കത്തിപ്പോവാന്‍ എന്തൊരു
വീടാണത്
രാവില്‍ അതിന്റെ ശൂന്യമായ ഓടകളിലൂടെ അതിപ്പോഴും അതിനെ നിര്‍മ്മിച്ച കൈകളെ
വിളിക്കുന്നു
നാണമില്ലാതെ ദുഖത്തോടെ അത് നമ്മെ
സ്വപ്നത്തില്‍ വിളിക്കുന്നു
നമ്മുടെ വീടിന്റെ ഭ്രാന്തുപിടിച്ച തല മറ്റാരുടെയോ ആലിംഗനത്തില്‍ നമ്മെ
ഒറ്റിക്കൊടുക്കുന്നു
നമ്മുടെ തലകള്‍ സഞ്ചികളില്‍ സഞ്ചികള്‍ കൈകള്‍ക്കുള്ളില്‍
വേണ്ടിവന്നാല്‍ ഒരു കഷണം റൊട്ടിയും
കാത്തുനില്‍ക്കവേ കടല്‍പ്പാലത്തില്‍ നിനക്ക് വിശപ്പ് തോന്നിയാലോ
(മത്സ്യം അപ്പോഴും കൊത്തുന്നില്ല)
കൂട്ടുണ്ടെങ്കില്‍ ഇരട്ടി രസകരം
നമ്മള്‍ ചില സാധാരണ കാര്യങ്ങള്‍ സംസാരിക്കുന്നു
ഒന്നുമറിയാതെ യാത്രകളെ സ്വപ്നം കാണുന്നു
നമ്മുടെ അഴിമുഖത്തെ ഇളം ചൂട് വെള്ളത്തെ അപഹസിച്ചുകൊണ്ട്
നമ്മുടെ കണ്ണുകള്‍ ഭാവനയുടെ റാന്തലുകള്‍
നമ്മുടെ ചിന്തകള്‍ സമുദ്രയാനത്തിനു സന്നദ്ധം
അമ്മ അത്താഴത്തിനു വിളിക്കുന്നുമുണ്ട്
ഇടത്തിന്റെ തത്വശാസ്ത്രം
കുന്നുകള്‍ താഴ് വരകള്‍ ജംഗമങ്ങള്‍
കൊച്ചു ചക്രങ്ങളിലെ ഇരിപ്പിടങ്ങള്‍
എല്ലാം ലഭ്യമായവ തന്നെ ഇവിടെ ഈ
അവസ്ഥയില്‍നിന്നു
നന്നായി ബന്ധവസ്സാക്കിയവയുമാണ്
കാഴ്ച്ചപ്പുറത്തുണ്ട്
ഒപ്പം പ്രായോഗികവും
പ്രകൃതിയുടെ ഹരിത വര്‍ണ്ണം ആരാലും
ശ്രദ്ധിക്കപ്പെടാതെയും ജനാലയിലൂടെ കാണാവുന്നതും
പിരിമുറുക്കം കളയുന്നതും ആശ്വസിപ്പിക്കുന്നതും ഒപ്പം കൊച്ചു ചക്രങ്ങള്‍
അപ്പാര്‍ട്ട്മെന്റില്‍ എല്ലാം അടുക്കിവെക്കാന്‍ നിന്നെ സഹായിക്കുന്നു പൊടി തട്ടിക്കളയുന്നു
അത് ഈ ഗംഭീര ഫ്ലാറ്റിലെ ആര്‍ക്കും വേണ്ടാത്ത രണ്ടാം വടകക്കാരനേ മൂടിയതാണ്
അസുഖകരമായ പൊടി നിന്നെ പ്രകൃതിയുടെ മ്ലാനത ഓര്‍മ്മിപ്പിക്കുന്നു
ഫലത്തില്‍ ശൂന്യമായതില്‍ നിന്നു എന്തെങ്കിലും സംഭാവിച്ചേക്കാനുള്ള സാധ്യതയേയും
കുട്ടികള്‍ കരുതുന്നു ദൈവം ആകാശത്തിലാണ്
അവനവിടെ സുഖമാണെന്നും
കുട്ടികള്‍ കരുതുന്നു നമ്മള്‍ ഭൂമിയിലാണ്
നമുക്കിവിടെ സുഖമാണെന്നും
കുട്ടികള്‍ക്ക് ഇടത്തിന്റെ ലളിതമായ തത്വശാസ്ത്രമുണ്ട്
അവര്‍ക്ക് ആശ്വാസംപകരുന്നത്
മേഘങ്ങള്‍ ഇരു ലോകങ്ങള്‍ക്കിടയിലെ ജംഗമ തടസ്സങ്ങള്‍
സൂര്യന്‍ നമുക്ക് അമ്മിഞ്ഞ പോലെ ഊഷ്മളതയും ജീവനും നല്‍കുന്നു അതും ഉരുണ്ടും ഇളം ചൂടോടെയും
അതാണവര്‍ കണ്ണുകള്‍ വിടര്‍ത്തുകയും സൂര്യ മുഖത്തേക്ക് പുഞ്ചിരിക്കുകയും
ചെയ്യുന്നത്
സൂര്യന്‍ കുറെ കഴിഞ്ഞേ പൊള്ളിച്ചുതുടങ്ങൂ
നീ വളര്‍ന്നു വരികയും നിന്റെ ശിരസ്സ് അതിനോട് കൂടുതല്‍ അടുക്കുകയും
ചെയ്യുമ്പോള്‍
സൂര്യന് അതിന്റെ പുഞ്ചിരി നഷ്ടമാകുന്നു ഒരു വലിയ തിളങ്ങുന്ന പന്ത്
ആയിത്തീരുന്നു
നീ മേഘങ്ങളുടെ വിരി നീക്കുന്നതോടെ ദൈവം ആകാശത്തു നിന്ന് താഴെവീഴുന്നു
പിന്നെ കുറെ നേരത്തേക്ക് അവനെ എവിടെ ഇരുത്തണമെന്നു നിനക്കറിയാനാവില്ല
ഫെംഗ് ഷൂയിയുടെ അഭിപ്രായത്തില്‍ അവന്‍ ഒരു ഫ്ലാറ്റിനു താങ്ങാനാവാത്തത്ര
വലിയതാണ് സ്ഥലത്തിന്റെ ഊര്‍ജ്ജത്തെ
ഭേദിക്കാനാവും
തൊട്ടടുത്ത സമതലത്തില്‍ അവനെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് നമ്മള്‍
ആലോചിച്ചു പക്ഷെ അത് പാര്‍ക്കിങ്ങിനു മാറ്റിവെച്ചതാണ്
ഇപ്പോഴവര്‍ കുട്ടികളെപ്പോലും പുതിയ നിര്‍മ്മാണ സ്ഥലത്തേക്ക് അനുവദിക്കുന്നില്ല
എങ്കിലും മൃദുലമായ കോണ്‍ക്രീറ്റില്‍ ആരും കാണാതെ ഗേറ്റ് കടന്ന് അതിലെ
വരാനിടയായ ഒരു പൂച്ച അതിന്റെ പത്തികള്‍പതിപ്പിച്ചു
അതോ അത് അവന്‍ തന്നെയായിരുന്നോ
അതൊരു നാണക്കേട് നാം അവനോടു പറയുന്നു
നീയാ ഭവനരഹിതര്‍ക്ക് ചുറ്റും കറങ്ങുന്നു
ഏതു രൂപത്തില്‍ എപ്പോള്‍ നിന്നെ പ്രതീക്ഷിക്കണമെന്നു ഒരിക്കലും ഞങ്ങള്‍ക്കറിയില്ല
ഭൂമി ഒരു തീര്‍ച്ചയുമില്ലാതെ അതിന്റെ അച്ചു തണ്ടില്‍
കറങ്ങിക്കൊണ്ടിരിക്കെ ഈ മഹാ വിശാലതയില്‍
തീര്‍ച്ചയായും അത് ഞങ്ങളെ ഭയപ്പെടുത്തുന്നു
ഏറ്റവും നന്നാവുക
ലോകത്തെ വീണ്ടും ആമയുടെ പുറത്തേക്ക് വലിച്ചു കയറ്റുന്നതാവും
നീ ഞങ്ങളെ സഹായിക്കുന്നതും
നാലുകാലില്‍ നില്‍ക്കാന്‍
സുരക്ഷിതത്വം അനുഭവിക്കാന്‍
നീ ആമയുടെ നട്ടെല്ലില്‍ നിവസിച്ച് ഞങ്ങള്‍ ശാന്തമായി ചുമക്കുന്നേരം
(ഇംഗ്ലീഷ് ഭാഷാന്തരം : താത്യാനാ ബിയേലിക് )
(മലയാള വിവര്‍ത്തനം - ഫസല്‍ റഹ്മാന്‍)
No comments:
Post a Comment