പറുദീസയില്‍ സാത്താന്‍ സുരക്ഷിതനാണ്
(സൗദി അറേബ്യന്‍ നോവലിസ്റ്റ് അബ്ദു ഖാല്‍ രചിച്ച ത്രോവിംഗ് സ്പാര്‍ക്ക്സ് എന്ന നോവലിനെ കുറിച്ച്. 2010-ലെ അന്താരാഷ്‌ട്ര അറബിക് ഫിക് ഷന്‍ പുരസ്കാരം നേടിയ കൃതി.)
നിരൂപണസമീപനങ്ങള്‍ സ്ഥാപനവല്‍കൃത
പദ്ധതിയാണെന്നും അത് ആസ്വാദനത്തിലും അപഗ്രഥനത്തിലും പരിമിതി സൃഷ്ടിക്കുന്ന മുന്‍
നിശ്ചിത ധാരണകളിലേക്ക് വായനക്കാരേ എത്തിക്കുന്നുവെന്നും അമേരിക്കന്‍ സാഹിത്യ
സൈദ്ധാന്തികന്‍ സ്റ്റാന്‍ലി ഫിഷ് നിരീക്ഷിക്കുന്നു. ഒരു കൃതിയുടെ പാഠം
വായിച്ചെടുക്കുന്നതില്‍ അതിന്റെ സാമൂഹിക സാംസ്കാരിക സന്ദര്‍ഭങ്ങള്‍ക്ക്
അപ്രമാദിത്തം കല്‍പ്പിക്കുമ്പോള്‍ , കൃതി പലപ്പോഴും
യാഥാസ്ഥികതക്കെതിരെയുള്ള കലാപമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇട വരികയും എഴുത്തുകാരന്‍/ എഴുത്തുകാരി വേട്ടയാടപ്പെടുകയും കൃതി
നിരോധിക്കപ്പെടുകയും ചെയ്യുന്നു. ഫിഷ് "വ്യാഖ്യാനോന്മുഖ സമൂഹങ്ങള്‍ " (“interpretive communities”) എന്ന്
വിളിക്കുന്ന ഈ പ്രതിഭാസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സമകാലിക സൗദി
നോവലിസ്റ്റുകളും കൃതികളും തങ്ങളുടെ സമൂഹവുമായുള്ള വിനിമയങ്ങളില്‍ സങ്കീര്‍ണ്ണതകള്‍
ഉണ്ടാക്കിയിട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ അല്‍ ഗൊസൈബി, അബ്ദുറഹിമാന് മുനിഫ്, അബ്ദു ഖാല്‍, തുര്‍കി അല്‍ ഹമാദ്, യൂസുഫ് അല്‍
മുഹൈമിദ്, റജാ അല്‍ സനീഅ, ലൈല അല്‍ ജുഹാനി തുടങ്ങിയ എഴുത്തുകാരുടെ
കൃതികള്‍ , നിലവിലുള്ള
മതാത്മക പുരുഷാധിപത്യ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവയെന്ന നിലയില്‍
നിരോധിക്കപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നും നൂറ അല്‍ ഗഹ്താനി
ചൂണ്ടിക്കാണിക്കുന്നു. (The
Impact of Socio-Cultural Contexts on the Reception of Contemporary Saudi
Novels- Npura Algahtani, University of Leeds, UK.) മത മേലധ്യക്ഷന്മാരുടെ
നിലപാടുകളില്‍ ഉണ്ടായിട്ടുള്ള കാലിക മാറ്റങ്ങള്‍ , എണ്ണയില്‍ നിന്നുള്ള സമ്പന്നത, ഗള്‍ഫ് യുദ്ധം, 9/11 സംഭവ വികാസങ്ങള്‍ എന്നിവയെല്ലാം സൗദി സമൂഹത്തിലെ
പരിണാമങ്ങള്‍ മുമ്പില്ലാത്ത വിധം ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്. സാംസ്കാരിക മണ്ഡലത്തിലാവട്ടെ, ആധുനിക വിദ്യാഭ്യാസം, മീഡിയയുടെ സ്വാധീനം, സെന്‍സര്‍ഷിപ്പ്, എന്നിവയും പ്രാധാനമായിരുന്നു. പരമ്പരാഗത ജീവിത രീതികള്‍ ദേശാന്തര
സമ്മിശ്രണം സാധ്യമാവുന്ന നഗര ജീവിത രീതികളിലേക്ക് മാറിത്തുടങ്ങിയതും മതാത്മക കാര്‍കശ്യങ്ങള്‍
താരതമ്യേന സഹിഷ്ണുതാ മനോഭാവത്തിലേക്ക് പരിവര്‍ത്തനപ്പെട്ടതും സമൂഹത്തിന്റെ ദ്രുത
ഗതിയിലുള്ള ആധുനിക വല്‍ക്കരണത്തിനു വഴിതെളിയിച്ചു. ഇവയൊക്കെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്വാഭാവിക സാഹിത്യ രൂപമെന്ന
നിലയിലാണ് നോവല്‍ മുമ്പില്ലാത്ത വിധം സൗദി സാഹിത്യത്തിന്റെ കേന്ദ്ര രൂപമായിത്തീര്‍ന്നത്. സെന്‍സര്‍ഷിപ്പിന്റെ പ്രശ്നങ്ങള്‍
മറികടക്കാന്‍ കയ്റോയും ബെയ്റൂത്തും എഴുത്തുകാരെ സഹായിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും
ലഭ്യമല്ലായിരുന്ന സാധ്യതകള്‍ ഇന്റര്‍നെറ്റിന്റെയും സാറ്റലൈറ്റ് ടെലിവിഷന്റെയും
ലോകം തുറന്നിട്ടു. “സൗദി നോവല്‍ ഒരു സാഹിത്യവിഭാഗം എന്ന നിലയില്‍ പുതുതായി
കൈവരിച്ച പക്വത സൗദി എഴുത്തുകാര്‍ , ആണും പെണ്ണും, അറബ് ലോകത്തും പുപാശ്ചാത്യ ലോകത്തും ബെസ്റ്റ്
സെല്ലര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നതില്‍ വ്യക്തമാണ്.”(Ibid)
പുതുനിര്‍മ്മിതികളും ബഹിഷ്കൃതരാവുന്ന ദേശവാസികളും
പോയ
നൂറ്റാണ്ടിന്റെ അവസാന ദശകത്തിലെ ജിദ്ദയുടെ പശ്ചാത്തലത്തിലാണ് അറബ് ലോകത്ത്
പ്രസിദ്ധനായ എഴുത്തുകാരന്‍ അബ്ദു ഖാലിന്റെ 'ത്രോവിംഗ് ദി
സ്പാര്‍ക്സ്' എന്ന നോവലിന്റെ
ഇതിവൃത്തം വികസിക്കുന്നത്. വിശുദ്ധ
ഗ്രന്ഥത്തിലെ എഴുപത്തിയേഴാം അധ്യായത്തിലെ നരകശിക്ഷാ വര്‍ണ്ണനയില്‍ നിന്നാണ് ഒരു
പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ ആവും മുമ്പ് മത പ്രഭാഷകന്‍ ആയിരുന്ന അബ്ദു ഖാല്‍
തലക്കെട്ടിലെ 'തീനാളങ്ങള്‍
എറിയല്‍ ' എന്ന രൂപകം
കൈക്കൊണ്ടിട്ടുള്ളത്. 'തീക്കുണ്ഡം' (The Firepit) എന്ന് വിളിക്കുന്ന
ചേരിയിലെ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ അമ്പതുകള്‍ തൊട്ടുള്ള
പ്രദേശത്തിന്റെ സാമൂഹികാവസ്ഥ നോവലില്‍ കടന്നു വരുന്നു. കൊടിയ ദാരിദ്ര്യം, എല്ലാതരത്തിലുമുള്ള ബാല പീഠനം, അതിനെയൊക്കെ അനുകരിച്ചും അതിശയിച്ചും വളര്‍ന്നു
വരുന്ന കുത്തഴിഞ്ഞ ജീവിതം - ഇതൊക്കെയാണ് താരിക് ഫഹദിനും ഇസാ റാദിനി, ഒസാമ എന്നീ കൂട്ടുകാര്‍ക്കും പൊതുവായുള്ളത്. സ്വവര്‍ഗ്ഗ രതിയും ആണ്‍കുട്ടികളെ വേട്ടയാടലും
ഏതാണ്ടൊരു നിയാമക രീതി തന്നെയായ ചുറ്റുപാടില്‍ ഇരകളായും വേട്ടക്കാരായും ആണത്തം
തെളിയിക്കുന്ന പതിവ് രീതി മൂവരും ആഘോഷിക്കുന്നുണ്ട്. “ലൈംഗിക ശേഷി എല്ലാ
പുരുഷന്മാരുടെയും ഒരു ബഹുമതി ചിഹ്നമായിരുന്നു.” താരികിന്റെ ജീവിതത്തിലെ ആദ്യ ഇരുള്‍ സാന്നിധ്യമായ ഖൈരിയ്യ
അമ്മായി "ഒരു
കൊറ്റനാടിനെ പോലെ കൂറ്റനാവണം " എന്ന് പഠിപ്പിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍
തന്നെ അവന്‍ പ്രയോഗിക്കുന്നുമുണ്ട്. 'മൂന്നാം
കാലുള്ളവന്‍' എന്ന ലൈംഗിക
പ്രശസ്തിയിലേക്ക് പെട്ടെന്നാണ് അവന്‍ ഉയരുക. താരിക് അത് ജീവിത
മാര്‍ഗ്ഗം തന്നെയാവുന്ന വിപര്യയത്തിലേക്ക് എത്തിപ്പെടുന്നതാണ് ഇതിവൃത്തത്തിലെ
കേന്ദ്രധാര.
ദേശവാസികളുടെ
മുഴുവന്‍ ആരാധനയും അസൂയയും ഏറ്റുവാങ്ങി, എന്നാല്‍ ആര്‍ക്കും
അടുക്കാനാവാതെ ഉയര്‍ന്നു പൊങ്ങുന്ന ദുരൂഹമായ പടുകൂറ്റന്‍ 'കൊട്ടാരം ' (the Palace) തങ്ങള്‍ക്ക് സ്വപ്നം കാണാനാവാത്ത
സമ്പന്നതയുടെ മിന്നായം കാട്ടി ദേശവാസികളെ മോഹിപ്പിക്കുന്നു. വന്‍കിട
നിര്‍മ്മാണത്തിന്റെ സ്വാഭാവിക പ്രതികരണമായി കടലോരവും പ്രാന്ത പ്രദേശങ്ങളും
സാധാരണക്കാര്‍ക്ക് അന്യമാവുകയും വിലക്കപ്പെടുകയും ചെയ്യുന്നതോടെ ഒരു ജനതയുടെ
ജീവിതം വഴിമുട്ടുന്നു. ജീവിത
പരിസരങ്ങളില്‍ അതുണ്ടാക്കാന്‍ പോകുന്ന പരിണിതികളെ കുറിച്ച് വ്യാകുലപ്പെടുന്ന
മുക്കുവ കവി ഹമീദിനെ പോലുള്ളവരുടെ ശബ്ദം യന്ത്രങ്ങളുടെ മുരള്‍ച്ചയില്‍
ഒടുങ്ങിപ്പോവുന്നു. ഒരു നിഷ്ഠ പോലെ
തന്റെ കുലത്തൊഴിലായ വല നെയ്ത്ത് തുടരുന്ന മുക്കുവന്‍ കൂടിയായ സലിം ബയ്ഗീനി ഒടുവില്‍
വല വാങ്ങാന്‍ ആരുമില്ലാതെ തോറ്റുപോകുന്നു. ബുള്‍ഡോസറിനടിയില്‍
പെട്ട് മരിക്കുന്ന ഹമീദില്‍ നിന്ന് വ്യത്യസ്തമായി, കൊട്ടാരകാവല്ക്കാര് തിരിച്ചറിയാതിരിക്കാന്‍
കറുപ്പടിച്ച ബോട്ടില്‍ രാത്രിയുടെ മറ പറ്റി മുമ്പ് മീന്‍ പിടിക്കുമായിരുന്ന
സ്ഥലത്ത് പോയി കടലില്‍ ചാടി സലിം മരിക്കുന്നു. ആഡ്യത്തമുള്ള പ്രധാന മുക്കുവന്‍ പദവിയില്‍
കഴിഞ്ഞ ഷെയ്ക്ക് ഉമറിനെ പോലുള്ളവര്‍ വിലകെട്ട തരം താഴ്ന്ന ജോലികളില്‍ വീര്‍പ്പു
മുട്ടുന്നു.
സ്ഥലത്തെ ഏറ്റവും മികച്ച കെട്ടിടം പണിക്കാരന്‍ ആയിരുന്ന താരികിന്റെ
പിതാവിന്റെ മരണവും പുതിയ സമ്പ്രദായങ്ങളുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍
സംഭവിക്കുന്നതാണ്. പ്രദേശത്തെ നായകളുടെ എണ്ണം ക്രമാതീതമായി
കുറയുന്നതിന്റെ കാരണം ഒടുവില്‍ വ്യക്തമാകുന്നു, കൊട്ടാരം പണിക്കായി വന്ന കൊറിയക്കാര്‍ അവയെ
ഭക്ഷണമാക്കുകയാണ്. നഗരത്തിലേക്ക് കുടിയേറുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള
ആളുകളെ കുറിച്ച് മറ്റൊരിടത്ത് വിവരിക്കുന്നുണ്ട്: യെമന്‍, ഈജിപ്ത്, സുഡാന്, സൊമാലിയ, എറിത്രിയ, ഇന്ത്യ, അഫ്ഘാന്‍, ഇന്തോനേഷ്യ, ചാഡ് , ചൈന, കുര്‍ദിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, തുര്‍ക് മനിസ്താന്‍, കിര്‍ഗിസ്ഥാന്‍, പിന്നെ 'നരകക്കുഴി വിട്ടു
ഓടിപ്പോന്ന സോവിയറ്റ് യൂണിയന്‍കാര്‍ .'
മൂന്നു കൊല്ലത്തെ
നിര്‍മ്മാണത്തിന് ശേഷം പണി പൂര്‍ത്തിയാവുമ്പോള്‍ കൊട്ടാരത്തില്‍ കയറിപ്പറ്റാനുള്ള
ബദ്ധപ്പാടില്‍ കുതിരാലയം പരിപാലനം പോലുള്ള പലതരം ജോലികളില്‍ പ്രാവീണ്യം നേടാന്‍
ശ്രമിക്കുകയും എന്നാല്‍ അവിടെയുള്ള തസ്തികകള്‍ എല്ലാം പുറത്തു നിന്നും ഇറക്കുമതി
ചെയ്യുന്ന പ്രോഫഷനലുകള്‍ക്ക് മാത്രമുള്ളതാണെന്ന് തിരിച്ചറിഞ്ഞു, പ്രധാന ഗേറ്റിനു സമീപം പോലും ചെല്ലാന്‍
കഴിയാതെ നിരാശരാവുകയും ചെയ്യുന്ന നാട്ടുകാര്‍ ഗള്‍ഫ് യാഥാര്‍ത്ഥ്യത്തിന്റെ
അധികമൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ചിത്രങ്ങളാണ്; ഇന്ന് സൗദി വല്‍ക്കരണ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു
തുടങ്ങുന്ന പശ്ചാത്തലത്തില്‍ അതിനു ഏറെ പ്രസക്തിയുണ്ട്. ഒരുനാള്‍
വിധിവിളയാട്ടത്തിന്റെ ഓര്‍മ്മത്തെറ്റ് പോലെ 'പറുദീസാ'ക്കകത്തെക്ക്
പ്രവേശനം കിട്ടുന്ന ഇസ്സായിലൂടെയാണ് ഒസാമയും ഇതിനോടകം ലൈംഗിക ശേഷിയുടെ ഉന്മാദം
കൊണ്ടാടി 'ഹാമര്‍’ എന്ന് പേരെടുത്ത
താരികും അങ്ങോട്ടെത്തുക.
ഇസായും ഒസാമയും
നോവന്ത്യം വരെയും ശക്തമായ സാന്നിധ്യങ്ങള്‍ തന്നെയാണെങ്കിലും താരികിന്റെ
ആഖ്യാനത്തിലൂടെ ഏതാണ്ടൊരു ഏറ്റുപറച്ചില്‍ (confessional) രീതിയിലാണ്
കലാനുഗതികത്വത്തോടെ നോവല്‍ മുന്നോട്ടു പോകുന്നത്. കൊട്ടാരത്തിലെത്തുന്ന താരിക് യജമാനന്റെ (the
Master) ശിക്ഷാമുറ നടപ്പാക്കുന്നവന്‍ ആയാണ് നിയമിക്കപ്പെടുന്നത്. ഒരു പ്രൊഫഷനല്‍ റേപ്പിസ്റ്റ് - യജമാനന്റെ
ശത്രുക്കളെ/ എതിരാളികളെ/ അപ്രിയത്തിനു പാത്രമാവുന്നവരെ അതിക്രൂരമായി
ലൈംഗിക കടന്നു കയറ്റം നടത്തി തകര്‍ക്കുക - sodomise- എന്നതാണ് അയാളുടെ ജോലി. സ്ത്രീകളെ കാണുന്നതും വനിതാ മാഗസിനുകള്‍
നോക്കുന്നതും മുതല്‍ മുഷ്ടി മിഥുനം വരെയുള്ള സ്വന്തം രീതികള്‍ എല്ലാം നിഷിദ്ധമാണ്
അയാള്‍ക്ക് സേവന കാലത്ത്. "ആണാടുകളെ സര്‍വ്വീസ് ചെയ്യുന്നതില്‍ എന്റെ പ്രകടനം
ഇടര്‍ച്ചയില്ലാത്തതാവാന്‍ പെണ്ണാടുകളുടെ അടുത്തേക്ക് എനിക്ക് പ്രവേശനം
നിഷേധിക്കപ്പെട്ടു." പത്തൊമ്പതാം
വയസ്സുമുതല്‍ അമ്പത് പിന്നിടും വരെയും തുടരേണ്ടി വരുന്ന നിന്ദ്യമായ ഈ ജോലിയുടെ
ആത്മ നിന്ദയിലും ഒരു തരം ധാര്‍മ്മികതയും പുലര്‍ത്താതെ ജീവിച്ച തന്റെ സ്വന്തം ജീര്‍ണ്ണതകളുടെ
മടുപ്പിലുമാണ് താരിക് കഥ പറയുന്നത്. "ജോലി എന്തായാലും അവിടെ ജോലി ചെയ്യുന്നു
എന്ന ഒരൊറ്റ കാര്യം തന്നെ ഏതു തരം ധാര്‍മ്മിക ചിന്തയും ഒഴിവാക്കേണ്ടത് ആവശ്യമാക്കി.... എന്റെ വിധി ഒരൊറ്റ ദിശയിലായിരുന്നു, നരകത്തിന്റെ.” ജീവിതത്തിന്റെ ആകത്തുകയില്‍ താന്‍ ജീവിക്കുകയെ
അല്ലായിരുന്നു എന്ന തോന്നലാണ് അയാള്‍ക്ക്. “ഇപ്പോള്‍ അര നൂറ്റാണ്ടായി ഞാന്‍
എന്റെയീ വൃദ്ധ ജഡം പേറി നടക്കാന്‍ തുടങ്ങിയിട്ട്. എന്റെ അമ്പതാണ്ടുകളില്‍ മുപ്പത്തിയൊന്നെണ്ണം യജമാനന്‍
തട്ടിപ്പറിച്ചു - താന്‍ ഒരു ശവത്തിലാണ് പല്ല് താഴ്ത്തുന്നത്
എന്ന് തിരിച്ചറിയാതെ.” കൊട്ടാരം
തന്നെയും അതിന്റെ പരപീഠനാസക്തിയിലും രതിവൈകൃത ആസക്തിയിലും ഉടനീളം ഒരു മധ്യകാല മാര്‍ക്വിസ്
ഡി സാദെ നോവലിന്റെയും പസോളിനിയുടെ 'സാലോ'യുടെയും (വിശേഷിച്ചും ചിത്രത്തിലെ ആസക്തികളുടെ വലയം (Circle
of Manias), രക്തത്തിന്റെ വലയം (Circle of Blood) എന്നീ ഭാഗങ്ങളുടെ) അന്തരീക്ഷം നില നിര്‍ത്തുന്നുണ്ട്. ജോലിക്കാര്യത്തില്‍
യജമാനന്റെ പ്രതീക്ഷക്കൊത്തുയരുന്ന താരികിനോട് റേപ്പിസ്റ്റുകളുടെ ഒരു 'ശിക്ഷകര്‍ കൂട്ടം' ഉണ്ടാക്കിയെടുക്കാന്‍ യജമാനന്‍ ഏല്‍പ്പിക്കുന്നുണ്ടെങ്കിലും
അത് വിജയിക്കുന്നില്ല, വിട്ടുപോകാന്‍
മോഹമുണ്ടെങ്കിലും അത് കഴിയാത്ത വിധം താരിക് കുരുങ്ങിപ്പോവുകയും ചെയ്യുന്നു.
പിന്‍നിരയിലാവുന്ന സ്ത്രീത്വം
ഫ്ലാഷ്
ബാക്കുകളുടെ രൂപത്തില്‍ ഫയര്‍ പിറ്റിലെ ചെറുപ്പകാലത്തെ അനുഭവങ്ങളും ജീവിതസന്ദര്‍ഭങ്ങളില്‍
ഇടപെട്ടവരുടെ കഥകളും ആവിഷ്കരിക്കപ്പെടുന്നു. നോവലിലെ
സ്ത്രീകഥാപാത്രങ്ങള്‍ മിക്കവാറും അങ്ങനെയാണ് ആവിഷ്കരിക്കപ്പെടുന്നത്. താരിഖിന്റെ ഉമ്മയുടെ ജീവിതം ദുരന്തപൂര്‍ണ്ണമാക്കിയ
വിഷം വമിക്കുന്ന നാക്കിനുടമയായ, പുരാണങ്ങളിലെ
ആയുസ്സോടുങ്ങാത്ത ദുര്‍ മന്ത്രവാദിനികളെ പോലുള്ള അവിവാഹിതയായ ഖൈരിയ്യ അമ്മായി
അറപ്പുളവാക്കുമ്പോഴും ദയനീയമായ വിധിയിലേക്ക് പോകുന്നു. ഉമ്മയോട് അവര്‍ ചെയ്തതിന്റെ തനിയാവര്‍ത്തനമായി
താരിക് ആ നാക്ക് മുറിച്ചു കളയുന്നത് പോലുള്ള ബീഭത്സ രംഗങ്ങള്‍ നോവലില്‍ അപൂര്‍വ്വവുമല്ല. താരികിന്റെയും ഒസാമയുടെയും ജീവിതങ്ങളില്‍
ആദ്യപ്രണയ സാന്നിധ്യമായി വരുന്ന തഹാനിയെന്ന കൌമാര സൗന്ദര്യം, ഉള്ളുലക്കുന്ന ദുരന്ത പാത്രമാണ്. മെരുങ്ങാപ്രകൃതത്തില്‍
താരിക് തന്റെ ബലം കന്യകയില്‍ പ്രയോഗിച്ചതിന്റെ ദുസ്സഹ വേദനയില്‍ കരഞ്ഞുപോയ പെണ്‍കുട്ടി, അനിവാര്യമായ ഒരു ദുരഭിമാനക്കൊലയില്‍
ഒടുങ്ങുകയായിരുന്നു എന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വ്യക്തമാവുക. താരികിന്റെ പങ്ക് ആര്‍ക്കുമറിയാതെ അവള്‍
കാത്തത് അവളുടെ പ്രണയ സാക്ഷ്യം. "തഹാനി മൃദു മനസ്കയായിരുന്നു, അവള്‍ എപ്പോഴും എന്നോടൊപ്പം നിന്നു. എന്റെ പേര് അഴുകിയപ്പോഴും മറ്റു
കുട്ടികളൊന്നും എന്നെ കൂട്ടാതായപ്പോഴും അവള്‍ എന്നെ ഒപ്പം കൂട്ടാന്‍ മാര്‍ഗ്ഗം
കണ്ടെത്തി. ഞങ്ങള്‍ക്ക്
ഒരുമിച്ചിരിക്കാന്‍ എന്തെങ്കിലും ന്യായീകരണം കണ്ടെത്തുന്നതില്‍ എപ്പോഴും അവള്‍
വിജയിച്ചു.” താരിക് വിശ്വാസ
വഴികള്‍ ഉപേക്ഷിക്കുന്നതില്‍ അവള്‍ക്കും അയാളുടെ അര്‍ധസഹോദരന്‍ ഇബ്രാഹീമിനും
മാത്രമാണ് വിഷമം തോന്നുന്നതും. എന്നാല്‍ , ഒസാമയെ അവളുടെ
ഓര്‍മ്മ വേട്ടയാടുക തിരിച്ചു കിട്ടാത്ത പ്രണയത്തിന്റെ തീക്ഷ്ണ വേദനയായാണ്. അമ്പതു പിന്നിട്ടുവെന്നതൊന്നും അയാളുടെ
പ്രണയത്തെ ദുര്‍ബ്ബലപ്പെടുത്തുന്നില്ല, എന്നെങ്കിലും
അവളുടെ മരണത്തിനു കാരണക്കാരനായവനെ
കണ്ടെത്തി പ്രതികാരം ചെയ്യണമെന്ന് അയാള്‍ ദൃഡ നിശ്ചയം ചെയ്തിട്ടുണ്ട്. സാലിഹ് ഖയ്ബരിയുടെ വീട്ടില്‍ അന്ന്
അതിക്രമിച്ചു കയറിയ 'കള്ളന്' നീയായിരുന്നോ എന്ന് അയാള്‍ പലവുരു താരികിനോട്
ചോദിക്കുന്നുമുണ്ട്. തരിശിലെങ്ങോ
ഉപേക്ഷിക്കപ്പെട്ട തഹാനിയുടെ കുഴിമാടം പരിപാലിച്ച് ശിഷ്ടകാലം ജീവിക്കുന്നതിനെ
കുറിച്ച് അയാള്‍ ചിന്തിക്കുന്നുണ്ട്. അവള്‍ അവന്റെ
സ്വപ്നങ്ങളില്‍ നിസ്സഹായയായി വിളിച്ചു തുടങ്ങുമ്പോഴാണ് അവന്‍ ആലോചിക്കുന്നത്.
"ഞാനും അങ്ങോട്ട് പോവുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്, അപ്പോള്‍ എനിക്ക് അവളുടെ അടുത്തിരുന്നു
അവളുടെ ഏകാന്തത പങ്കു വെക്കാം. അവിടെ വല്ലാത്ത
ശൂന്യതയാണ്.... ഏറ്റവും
ചുരുങ്ങിയത് അവിടെയെനിക്ക് അമ്മായി കുഴിച്ചിട്ട വിത്തുകള്‍ക്ക് നനക്കാം. ഈ ശപിക്കപ്പെട്ട കൊട്ടാരത്തിലെ നിന്ദ്യമായ
ജോലിയേക്കാള്‍ നല്ലത് അതായിരിക്കില്ലേ?” താരികിന്റെ ഫയര്‍പിറ്റ്
നാളുകളിലെ മറ്റൊരു അഗമ്യഗമനത്തില്‍ കണ്ടുമുട്ടുന്ന സുവാദ് എന്ന കുട്ടികളെ
പോലിരുന്ന വേശ്യയും മറ്റൊരു ദുരന്ത പെണ്‍ജീവിത സാക്ഷ്യമാണ്. പില്‍ക്കാലം കൊട്ടാരത്തില്‍ പിമ്പ്, ഒടുവില്‍ കൊട്ടാര വാതിക്കലെത്തുന്ന യാചകി. 'അവളും ഞാനും പതിതരാണ് എന്ന കാര്യത്തില്‍
സമന്മാരായിരുന്നു.' സ്വാഭാവിക
ലൈംഗിക ശേഷിയറ്റ അബു മുഷറഫ് എന്ന അറുപതുകാരന്റെ ഭാര്യയാവേണ്ടി വരുന്ന സമീറ എന്ന
കൌമാരക്കാരി സമൂഹത്തില്‍ തന്റെ ആണത്തം തെളിയിക്കാനുള്ള അയാളുടെ ബദ്ധപ്പാടില്‍
കുഷ്ടം ബാധിച്ച വിരല്‍ പ്രയോഗം കൊണ്ട് പഴുപ്പ് ബാധിച്ചു മരിക്കുന്നത് മറ്റൊരു
ദയനീയ ചിത്രമാണ്.
കൊട്ടാരത്തിലെ
മദോന്മത്ത രാവുകളിലേക്കു പ്രതിഫലത്തിനെടുത്തും മോഹിപ്പിച്ചും ഭീഷണിപ്പെടുത്തിയും
അക്കാര്യത്തിനായി നിയോഗിക്കപ്പെട്ട യുവകോമളന്മാരുടെ കരുനീക്കങ്ങളില്‍ വശീകരിക്കപ്പെട്ടും
കൊണ്ടുവരുന്ന യുവതികളില്‍ യജമാനനെ മത്തു പിടിപ്പിക്കുന്ന സൗന്ദര്യമായി
പിന്നീടങ്ങോട്ട് ഏതാണ്ടൊരു റാണിയാവുന്ന മാറാം തന്നെയും പുരാവൃത്തത്തില്‍ ഫയര്‍പിറ്റ്
ദിനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടവളും വലിയൊരു കണക്കു തീര്‍ക്കാനുള്ളവളുമാണ്. അധികാരത്തിന്റെ
സര്‍വ്വ വ്യാപിയായ 'വല്യേട്ടന്' കണ്ണുകളിലൂടെ എല്ലാവരെയും നിരീക്ഷിക്കുകയും
വീഡിയോയില്‍ പകര്‍ത്തി വേണ്ടും വിധം ഉപയോഗിക്കുകയും ചെയ്യുന്ന യജമാനന്റെ കണ്ണു
വെട്ടിച്ച് താരികുമായി പഴകുമ്പോള്‍ പുരുഷ കാമനയെ സ്വാഭാവികമായി ആസ്വദിക്കുന്ന ഒരു
സ്ത്രീയെന്ന നിലയില്‍ തന്റെ സ്വത്വം തിരിച്ചു പിടിക്കുകയാണ് താനെന്നു മാറാം
പറയുന്നുണ്ട്. ക്ഷിപ്ര കോപിയായ
യജമാനന്റെ അഹിതം ഭയന്ന് ആരും ആ
സൌന്ദര്യത്തെ ഒന്ന് ഒളികണ്ണിടാന്‍ പോലും ധൈര്യപ്പെടുമായിരുന്നില്ലല്ലോ. "നീയൊരാള്‍
മാത്രമാണ് ഞാനിപ്പോഴും ആഗ്രഹിക്കപ്പെടുന്നവളാണ് എന്ന് എന്നെ തോന്നിക്കുന്നത്.. നിന്റെ കനല്‍ പോലുള്ള നോട്ടങ്ങള്‍ എന്റെ
ഹൃദയത്തെ കുതിപ്പിക്കുന്നു.” അധികനേരം
ഇറങ്ങിയിരുന്നാല്‍ നിങ്ങളെ മുക്കിക്കൊല്ലാന്‍ കഴിയുന്ന അലകളിലകുന്ന വിശാലമായ കടല്‍
പോലെയായിരുന്നു മാറാം എന്ന് താരികും കണ്ടെത്തുന്നു. അതേ സമയം താരിക് - മാറാം ബന്ധം നോവലിലെ മഹാപാപങ്ങളുടെ -വിലക്കപ്പെട്ട രതിയുടെ (incest)
- മറ്റൊരു വലയം കൂടി അടയാളപ്പെടുത്തുന്നുവെന്നു നോവലിന്റെ അവസാന പുറമാണ്
വായനക്കാരോട് പറയുക. എന്നാല്‍ , ഇസ്ലാമിക കാഴ്ചപ്പാടില്‍
മുലകുടി ബന്ധമുള്ളവര്‍ സഹോദരീ സഹോദരന്മാര്‍ ആണെന്നിരിക്കെ, വേറെയും വിലക്കപ്പെട്ട ബന്ധങ്ങള്‍
നോവലിലുണ്ട്.
മാറാമിനെ പോലെ
ഇതിവൃത്തത്തിന്റെ വ്യത്യസ്ത ധാരകളെ
ആദ്യാവസാനം കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന മറ്റൊരു കഥാപാത്രം
യജമാനന്റെ സഹോദരിയും ഇസായുടെ പ്രണയവുമായ മാദിയാണ്. കുട്ടിക്കാലത്ത് ജലമരണം സംഭാവിച്ചേക്കാമായിരുന്ന ഇപ്പോഴത്തെ
യജമാനനെ മറ്റെല്ലാവരും നിഷ് പ്രയോജകമായി അലമുറയിട്ട് നില്‍ക്കേ, തിരകളിലേക്ക് എടുത്തു ചാടി രക്ഷിച്ച തെരുവു
ബാലനെ ജീവിതമെന്നും സ്നേഹിച്ചവള്‍ . ഹൃദയാലുവായ
പിതാവ്, പഴയ യജമാനന്‍
സയ്യിദ് അല്‍ കബീര്‍ , ഇസായെ സഹോദരനായി
കാണണം എന്ന് മകനെ ശട്ടം കെട്ടിയിരുന്നു. എന്നാല്‍ മകന്റെ
കാലമായപ്പോള്‍ മറ്റെന്തിലും പ്രധാനം വര്‍ഗ്ഗവും പണവുമായി, ഇസാ മറ്റേതൊരു ചേരി നിവാസിയേയും പോലെ തൊട്ടുകൂടാത്തവനുമായി.
യൂണിവേഴ്സിറ്റി ഡിഗ്രിയും ഡോക്റ്ററേറ്റും തന്റെ പരിമിതി മറികടന്നു മാദിയെ
സ്വന്തമാക്കാന്‍ സഹായിച്ചേക്കും എന്ന് അവന്‍ സ്വപ്നം കണ്ടു. പക്ഷെ, യജമാനന്റെ
പീഠനമുറിയില്‍ കളിക്കൂട്ടുകാരന്റെ ഒടുവിലത്തെ 'ഇര'യാവാനും ഒടുവില്‍
താന്‍ ദാനം നല്‍കിയ ജീവന്‍ കൊണ്ട് വലുതായ യജമാനന്റെ വെടിയുണ്ടയില്‍
അവസാനിക്കാനുമായിരുന്നു, ഉന്മാദത്തിന്റെ
പിടിയില്‍ പൂര്‍ണ്ണനഗ്നനായി യജമാനനെ കൊല്ലും എന്ന നിശ്ചയവുമായി നടന്ന തെണ്ടിയുടെ
വിധി. രഹസ്യമായി നടത്തിയ
വിവാഹത്തിനോ, മാദിയുടെയും
യജമാനന്റെയും ഉമ്മയായ ശഹല അമ്മായിയുടെ ആശീര്‍വാദത്തിനോ ഒന്നും ചെയ്യാനായില്ല. പ്രണയമെന്നത് കാലഭേദങ്ങള്‍ക്കപ്പുറം
ഹൃദയത്തില്‍ നിലനില്‍ക്കുന്ന സാന്നിധ്യമാണെന്ന് സ്വാനുഭവത്തില്‍
സാക്ഷ്യപ്പെടുത്തുന്ന വയോധിക "മാദിയെ
സ്നേഹിക്കുന്നത് തുടരണം എങ്കില്‍ , അവളുടെ ഒരേയൊരു
പ്രണയം ആയിര്‍ക്കണം എന്നുമുണ്ടെങ്കില്‍ അത് ദൂരെ നിന്ന് ചെയ്യുക.'' എന്ന് ഉപദേശിച്ചത്തിന്റെ
പൊരുള്‍ തിരിച്ചറിയാന്‍ കഴിയാതെ പോയതിന്റെ ശിക്ഷ കൂടിയാണ് ഇസായുടെ അന്ത്യം.
നോവലിലെങ്ങും
പുരുഷ കഥാപാത്രങ്ങള്‍ ഒന്നുകില്‍ തരുണന്മാരില്‍ സ്വവര്‍ഗ്ഗ രതി വേട്ട (pederasty) നടത്തുന്നവരോ ഉഭയ
ലൈംഗിക സ്വഭാവികളോ ആണെങ്കില്‍ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷ മേധാവിത്ത സമൂഹത്തിന്റെ
എല്ലാ ദുഷ്ടുകളും ഏറ്റുവാങ്ങുന്നവരാണ്. സൗദി സമൂഹത്തില്‍
രണ്ടാം തരക്കാരി തന്നെയായ സ്ത്രീയെ അവരുടെ ദൈന്യത്തില്‍ അടയാളപ്പെടുത്തുമ്പോഴും താരികുമായുള്ള
ബന്ധം തന്റെ സ്ത്രീത്വത്തിന്റെ പ്രകാശനത്തിനുള്ള ഉപാധിയാണെന്നു അവകാശപ്പെടുന്ന
മാറാമിനെ പോലെ അപൂര്‍വ്വ ഘട്ടങ്ങളില്‍ ഒഴിച്ച് ഒരു സ്ത്രീപക്ഷ രചന എന്ന് നോവലിനെ
വിളിക്കാനാവില്ല. മനസ്സിന്റെ
നിയന്ത്രണം വിട്ടു തുടങ്ങുന്ന ഒരു പുരുഷന്റെ, അതും എല്ലാതരം
വൈകൃതങ്ങളിലും സ്വയമറിഞ്ഞോ നിര്‍ബന്ധിക്കപ്പെട്ടോ ആറാടുന്ന ഒരാളുടെ
ഏറ്റുപറച്ചിലാണ് ആഖ്യാനത്തെ രൂപപ്പെടുത്തുന്നത് എന്നതാവാം ഇതിനു കാരണം. മാറാം
ഇസയുടെ രഹസ്യം വെളിപ്പെടുത്തുന്നത് താരികിന്റെ സ്ത്രീകളോടുള്ള നിലപാടിനെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.
“സ്ത്രീകളുടെ ഹൃദയത്തില്‍ രഹസ്യങ്ങള്‍ സുരക്ഷിതമല്ല, കാരണം, അവരുടെ ഹൃദയങ്ങള്‍ , ഗര്‍ഭ പാത്രങ്ങള്‍ പോലെ, ഫലവത്താകാന് വിത്ത് വിതക്കപ്പെടനം. ഒരു വന്ധ്യഹൃദയം ഒരു സ്ത്രീക്ക് ചേര്‍ന്നതതല്ല. കാരണം സ്ത്രീയുടെ ഹൃദയം മൊഴിയുടെ ഉറവിടമാണ്. ആദാമിന്റെ
വാരിയെല്ല് പേരുകളാലും കഥകളാലും നിബിഡമായിരുന്നതിനാല്‍ മനുഷ്യ ഗാഥകള്‍ കൈ മാറാനും
കഥകള്‍ പരമ്പരകള്‍ക്ക് നല്‍കാനും സ്ത്രീകള്‍ ഏല്‍പ്പിക്കപ്പെട്ടു.”സ്ത്രീകള്‍
അതിജീവിക്കുന്നവരാണ് എന്നും നഷ്ടം എന്തായാലും അവര്‍ സ്വയം വീണ്ടെടുക്കാന്‍
കഴിയുന്നവരാണ് എന്നും അയാള്‍ കരുതുന്നു. മാറാം ഒരു
മതാത്മക, പുരുഷ കേന്ദ്രിത
സമൂഹത്തില്‍ അപൂര്‍വ്വമായ ഒരു പ്രതിഷേധസ്വരം എന്ന നിലയില്‍ തികച്ചും
വ്യത്യസ്തതയുള്ള കഥാപാത്രമാണ്. “സമ്പന്നര്‍ക്ക് കല്യാണം തുടര്‍ച്ചയുള്ള വ്യഭിചാരം
മാത്രമാണ്. അവര്‍ക്ക്
വേണ്ടപ്പോഴെല്ലാം വിവാഹം കഴിക്കുകയും മൊഴി ചൊല്ലുകയും ചെയ്യാം.”എന്ന് സ്വന്തം
അനുഭവത്തിന്റെ വെളിച്ചത്തിലാണ് അവള്‍ പറയുന്നത്. ബഹുഭാര്യത്വവും വയലന്‍സും മിക്കപ്പോഴും ഒന്നിച്ചു പോവുന്ന
സ്ത്രീവിരുദ്ധതകളാണ്. സെക്സ് ആവട്ടെ
പ്രണയ രഹിതമായ കീഴടക്കലുമാണ് ഇത്തരം ലോകത്ത്. പ്രണയം രതി നിരപേക്ഷമായ ഹൃദയ സാന്നിധ്യമാവുന്നതിന്റെ മികച്ച
മാതൃകകള്‍ നോവലിലുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒസാമക്ക് തഹാനിയുടെ ഓര്‍മ്മകള്‍ എന്നപോലെ, മാദിയുടെ മനസ്സില്‍ ഇസ്സായെ കുറിച്ചുള്ള
വിങ്ങല്‍ പോലെ മറ്റൊരു അപൂര്‍വ്വ പ്രണയ മാതൃകയാണ് വൃദ്ധയായ ശഹല അമ്മായിയുടെ നിഗൂഡ
ഹൃദയ ബന്ധം. ഒരു നാള്‍
ആശുപത്രിയില്‍ വെച്ച് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരുമിക്കാന്‍ കഴിയാതെ പോയ
വയോധികനെ അവര്‍ കണ്ടു മുട്ടുന്നുണ്ട്, മരണ നിമിഷത്തില്‍
അയാള്‍ തന്റെ പേര് മന്ത്രിച്ചിട്ടുണ്ടാവും എന്ന് അവര്‍ക്ക് ഉറപ്പുമുണ്ട്.
സാത്താനിക സാന്നിധ്യങ്ങളിലെ നെടുനായകന്‍
'യജമാനന്‍' എന്ന കഥാപാത്രം പ്രതിനിധാനം ചെയ്യുന്ന അധികാര
പ്രമത്തതയുടെ രാഷ്ട്രീയ, സാമൂഹിക
ശ്രേണീബദ്ധതയിലാണ് നോവലില്‍ അന്തര്‍ലീനമായ 'സര്‍വ്വവ്യാപിയായ
ദൂഷിതവലയങ്ങള്‍'
(all-encompassing corruptions) എന്ന പ്രമേയം സ്ഥിതപ്പെടുന്നത്. നോവലില്‍
പ്രധാന കഥാപാത്രങ്ങളെല്ലാം അയാളോട് പ്രതികാര ബുദ്ധിയുള്ളവരാണ്. ഇസായും താരികും അയാളെ കൊല്ലാന്‍ ദൃഡ നിശ്ചയം
ചെയ്തിട്ടുണ്ട്. ആര്‍ക്കും, അയാളുടെ അഭിനിവേശമായ മാറാമിന് ഉള്‍പ്പടെ
അയാളില്‍ നിന്ന് നല്ല അനുഭവങ്ങളില്ല. ആരെയും
ഭയക്കേണ്ടതില്ലാത്തവന്‍, നിയമത്തെയും
നിയമ പാലകരേയും സ്വന്തം വിരല്‍ തുമ്പില്‍ നിയന്ത്രിക്കാന്‍ കഴിയുന്നവന്‍. ഷെയര്‍
മാര്‍ക്കറ്റിനെ വിദഗ്ദമായി ഉരുവപ്പെടുത്തി എതിരാളികളെ പാപ്പരാക്കാന്‍ വേണ്ട
പിണിയാളുകളെ അണിനിരത്തിയാണ് അയാള്‍ പലരെയും കുത്തുപാളയെടുപ്പിക്കുന്നത്. ഇസായും വലീദും അങ്ങനെ ഒടുങ്ങിപ്പോവുന്നവരാണ്. സ്വന്തം സഹോദരിയുടെ ജീവിതം പോലും ചോദ്യം
ചെയ്യപ്പെടാത്ത തന്റെ അധികാര പ്രയോഗത്തിന്റെ കരുനീക്കം മാത്രമാണ് അയാള്‍ക്ക്. കൊട്ടാരത്തിലെ
ഓരോ ചലനവും പീഠനമുറിയിലെ 'നടപടി'കളും സുവ്യക്തമായി വീഡിയോയില്‍ പകര്‍ത്താന്‍
പ്രൊഫഷനലുകളെ നിയമിച്ച സര്‍വ്വാധിപതി. എന്നാല്‍ , താരികിന്റെയോ ഇസായുടെയോ
ജീവിത പരിസരങ്ങളില്‍ 'ഫയര്‍പിറ്റ്' തന്നെയും പ്രതിനിധാനം ചെയ്യുന്നത് എല്ലാതരം
വൈകൃതങ്ങളുടെയും പരിശീലനയിടം തന്നെയാണ്. കൊട്ടാരത്തിലെ
പില്‍ക്കാല ജീവിതത്തില്‍ അവര്‍ ചെയ്യുന്നതോ സാക്ഷിയാവുന്നതോ ആയതൊന്നും അവര്‍ക്ക്
മുമ്പേ അന്യമായ കാര്യങ്ങളായിരുന്നു എന്ന് പറയാനാവില്ല. "ഞങ്ങളുടെ വൈകൃതങ്ങള്‍
ഞങ്ങളെ ജയില്‍വാസത്തിലേക്ക് എറിഞ്ഞു കൊടുത്തു, അല്ലെങ്കില്‍ നാടുകടത്തല്‍ , ഏറ്റവും ചുരുങ്ങിയത് ചമ്മട്ടിയടി. അതൊരു റെഡ് ലൈറ്റ് പോലെയായിരുന്നു. കൊട്ടാരത്തിലെ സത്യം നേരെ മറിച്ചായിരുന്നു, അവിടെ ആ കോട്ടമതിലിനുള്ളില്‍ നടക്കുന്ന ദുഷ്ട
പ്രവര്‍ത്തികള്‍ ഒന്നും തന്നെ ഒരിക്കലും വെളിയില്‍ വരില്ല.”
അരാഷ്ട്രീയതയുടെ പേക്കൂത്തുകള്‍
ഒട്ടേറെ
കീഴടക്കലുകളും ലൈംഗികവും അല്ലാത്തതുമായ ഹിംസാത്മകതയും ഉണ്ടെങ്കിലും നോവലില്‍
അതൊരിക്കലും സ്ഥൂലമായി വിവരിക്കപ്പെടുന്നതെയില്ല എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ്. ആ അര്‍ഥത്തില്‍ മാര്‍ക്വിസ് ഡി സാദേയുടെയും
പസോളിനിയുടെയും രീതി നോവലിസ്റ്റ് പിന്തുടരുന്നില്ല. നോവലില്‍ പലയിടത്തും വേദ ഗ്രന്ഥത്തില്‍ വിവരിക്കപ്പെട്ട
നരകത്തെയും സാത്താനിക
സാന്നിധ്യമായ സര്‍പ്പത്തെയും ഓര്‍മ്മിപ്പിക്കുന്നുണ്ട് കൊട്ടാരവും യജമാനനും. 'ഒരു നാരകീയ ജീവിതത്തിലേക്ക് ഞാന്‍
അടിമയാക്കപ്പെട്ടു' എന്ന്
കൊട്ടാരത്തിലെത്തിയ ഉടന്‍ താരിക് തിരിച്ചറിയുന്നുണ്ട്. ഒത്ത ശരീരങ്ങളുമായി എത്തുന്നവരെയൊക്കെ
വ്യവസ്ഥാപിതമായ കൃത്യതയോടെ അംഗ ഭംഗം വരുത്തുകയോ തകര്‍ത്തുകളയുകയോ ചെയ്യുന്ന ആ
ഇടത്തെ പുറമെയുള്ളവര്‍ 'പറുദീസാ' എന്ന് വിളിച്ചുവന്നു എന്ന് താരിക് പറയുന്നു. അത് ചരിത്രത്തിന്റെ തന്നെ വഴിയാണെന്ന് അയാള്‍
സാക്ഷ്യപ്പെടുത്തുന്നു. “കാമം, രക്തം, ഇരകള്‍ : എല്ലാ മത സാരങ്ങളെയും വിശുദ്ധ
പാരമ്പര്യങ്ങളെയും മുറിച്ചു കടക്കുന്ന അവിശുദ്ധ ത്രിത്വം. ഈ പകരം വെച്ച ത്രിത്വമാണ് മനുഷ്യ
പ്രയത്നങ്ങളുടെ മാനദണ്ഡം നിര്‍ണ്ണയിച്ചത്. അങ്ങനെയാണ്
ചരിത്രം നിര്‍മ്മിക്കപ്പെട്ടത്.” കൊട്ടാരത്തിനകത്തെ
കുത്തഴിഞ്ഞ ജീവിതം താരിക് വിവരിക്കുന്നു. “കൊട്ടാരത്തിനകത്ത് ജീര്‍ണ്ണതയുടെയും
അധാര്‍മ്മികതയുടെയും പ്രായോജകര്‍ ഈ അവിശുദ്ധ ത്രിത്വത്തിന്റെ പുനരാവിഷ്കരണത്തിനായി
രാത്രികളില്‍ ഒത്തുകൂടി: ഇരകള്‍
വിഴുങ്ങപ്പെട്ടു, രക്തം
ചിന്തപ്പെട്ടു, കാമം
ഉദ്ധീപിപ്പിക്കപ്പെട്ടു. നശിപ്പിക്കപ്പെടുന്നതിനെതിരെ പ്രിതിരോധ ശേഷിയുള്ള
ഇരട്ടിക്കുന്ന കാന്‍സര്‍ കോശങ്ങള്‍ പോലെ കാമം പുതുരക്തത്തിനായി ദാഹിച്ചു.” സാമൂഹികാന്തരീക്ഷത്തിലോ രാഷ്ട്രീയ
മണ്ഡലത്തിലോ നടക്കുന്ന സുപ്രധാന സംഭവങ്ങളോ മാറ്റങ്ങളോ കൊട്ടാരത്തില്‍ ചര്‍ച്ച
പോലും ചെയ്യുന്നതിന് വിലക്കുണ്ട്. വയോധികനായ
മുഹമ്മദ് അമ്മാവന്‍ എല്ലാവര്‍ക്കും മുന്നില്‍ വെച്ച് അപമാനിക്കപ്പെടുന്നത്
സദ്ദാമിന്റെ ആസന്നമായ പതനത്തെ കുറിച്ച് സംസാരിക്കുന്നതിനാണ്. “കൊട്ടാരത്തിന്റെ
കോട്ടമതിലുകള്‍ എല്ലാ ലോക, പ്രാദേശിക വാര്‍ത്തകളെയും
അകറ്റി നിര്‍ത്തി, ഇറാഖിലെയോ, ലബനാനിലെയോ, പലസ്തീനിലെയോ രക്തച്ചൊരിച്ചിലോ, രാജ്യത്തെ ഭീകരാക്രമാണങ്ങളോ, അതല്ലെങ്കില്‍ മുതവ്വ (മത പോലീസ്) യുടെ കറങ്ങിത്തിരിഞ്ഞുള്ള പെട്രോളിങ്ങോ എന്തുമാവട്ടെ.”പകരം
അവരുടെ വിനോദം മറ്റു ചിലതായിരുന്നു എന്ന് താരിക് പരിഹസിക്കുന്നു. "സത്യത്തില്‍
കന്യാചര്‍മ രക്തം ഒലിക്കുന്നതായിരുന്നു കൊട്ടാരത്തിലെ അന്തേവാസികളുടെ ഏറ്റവും
മുന്തിയ തരം സന്തോഷം... ലോകത്തുള്ള
രക്തച്ചൊരിച്ചിലൊന്നും ഒരു കാര്യമായിരുന്നില്ല.” കൊട്ടാരത്തിനകത്ത് സ്വയം വരിച്ച എകാന്തവാസത്തിലിരുന്നു
മുഹമ്മദ് അമ്മാവന്‍ നിരീക്ഷിക്കുന്നു,
"യുദ്ധ രംഗത്ത് മാത്രമല്ല നിനക്ക് മരണവും നശീകരണവും കാണാനാവുക.. പൂക്കളും പുഞ്ചിരിയും കൊണ്ട് പരവതാനി വിരിച്ച
സ്ഥലത്തും കുരുതിയിടങ്ങളാവാം. ആളുകള്‍ക്ക് ശാരീരിക ചലനമുണ്ടാവാം, ഒരു മോര്‍ച്ചറിയില്‍ നിന്ന് മറ്റൊന്നിലേക്കു
വെച്ച് വെച്ച് നടക്കുന്നത് പോലെ. .. എന്നെ പോലുള്ള
സോംബികള്‍ .”
പുതുകാല വികസന
മുദ്രകള്‍ പതിഞ്ഞു പരവശപ്പെടുന്ന പരമ്പരാഗത ജീവിതങ്ങള്‍ അന്തര്‍ധാരയായിരിക്കുമ്പോഴും
നോവല്‍ ശ്രദ്ധയൂന്നുന്നത് ദുസ്സഹമാം വിധം ഇരുണ്ട മാനുഷിക വിനിമയങ്ങളിലാണ് എന്നതും
വര്‍ഗ്ഗ വ്യത്യാസങ്ങളുടെ ഗോചര വൈരുധ്യങ്ങള്‍ക്കപ്പുറം തിന്മയുടെ സര്‍വ്വവ്യാപിയായ
സ്വാധീനങ്ങള്‍ക്ക് അത്തരം സ്ഥൂല വ്യത്യാസങ്ങള്‍ പ്രസക്തമല്ല എന്നതും നോവല്‍
അടിവരയിടുന്ന സത്യങ്ങളാണ്. വിഷയത്തിന്റെ
സ്ഫോടനാത്മക സ്വഭാവം കൊണ്ട് ഒരു യാഥാസ്ഥിതിക സമൂഹത്തിനു താങ്ങാനാവുന്നതല്ല അബ്ദു
ഖാല്‍ രചിച്ച കൃതി എന്നിരിക്കെ അത് മാതൃ രാജ്യത്തും മറ്റുപല അറബ് രാജ്യങ്ങളിലും
നിരോധിക്കപ്പെട്ടത് സ്വാഭാവികവുമാണ്.
No comments:
Post a Comment