Featured Post

Saturday, July 26, 2025

Dreams of Trespass by Fatima Mernissi

                                    ഫാതിമ മെര്‍നിസി: സ്ത്രീപക്ഷത്തിന്റെ ഇസ്ലാമികത

1.

വടക്കുകിഴക്കന്‍ മൊറോക്കൊയുടെ സാംസ്‌കാരിക തലസ്ഥനമായിരുന്ന ഫെസ് (Fez) നഗരത്തില്‍രണ്ടാം ലോകയുദ്ധ കാലഘട്ടത്തില്‍ഉപരി-മധ്യവര്‍ഗ്ഗ കുടുംബത്തില്‍ വളര്‍ന്നുവന്ന കൌമാര കാല അനുഭവങ്ങളുടെ ഊഷ്മളവും പ്രസന്നവുമായ ഓര്‍ത്തെടുക്കലാണ് ‘മുതിര്‍ന്നു വരവിന്റെ കഥയായി (coming of age story)അവതരിപ്പിക്കപ്പെടുന്ന ഫാതിമ മെര്‍നിസിയുടെ നോവല്‍ രൂപത്തിലുള്ള ആത്മകഥാവിഷ്കാരമായ (fictionalized autobiography) Dreams of Trespass: Tales of a Harem Girlhood. അറബിക്കഥകളിലോ അവയെ കുറിച്ചുള്ള ഒറിയന്റലിസ്റ്റ് പെയിന്റിങ്ങുകളിലോ കാണുന്ന നപുംസകങ്ങള്‍ കാവല്‍ നില്‍ക്കുന്ന മാദകമായ ഫാന്റസി ലോകവുമായി സ്ത്രീകളുടെ സ്വപ്നങ്ങളെ മുഴുവന്‍ കൂട്ടിലടച്ച ഈ ഹാരം ജീവിതത്തിനു ബന്ധമൊന്നുമില്ല. ദേശീയവാദിയും സ്ത്രീ സ്വാതന്ത്ര്യത്തില്‍ വിശ്വസിച്ചവളും ആയിരുന്നു മെര്‍നീസിയുടെ ഉമ്മ. അവരാണ് പില്‍ക്കാലം അറിയപ്പെട്ട അക്കാദമിക്കും ഇസ്ലാമിക് ഫെമിനിസ്റ്റും ആയി ഉയര്‍ന്നുവന്ന മകള്‍ക്ക് ചിറകുകള്‍ നല്‍കുന്നതില്‍ മുഖ്യചാലക ശക്തിയാകുന്നതും. പാരമ്പര്യത്തില്‍ നിന്ന് ആധുനികതയിലേക്കുള്ള മാറ്റം ത്വരിതമായ 1940കളിലെ മൊറോക്കോയില്‍ ജനിച്ച ഫാത്തിമ മെര്‍നീസി ഫ്രഞ്ച് അധിനിവേശത്തിനും യുദ്ധത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹാരം എന്ന പദം ഒരു പുരുഷന്‍ തന്റെ കുടുംബത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന ഇടവും ഒപ്പം അവിടെയുള്ള ആളുകളെയും ഉള്‍കൊള്ളുന്നു. സ്ത്രീയെ സംബന്ധിച്ച് അത് ഒരേ സമയം തങ്ങളുടെ അതിരും (‘ഹുദൂദ്’) ഒപ്പം സ്വാതന്ത്ര്യാന്വേഷണത്തില്‍ മറികടക്കേണ്ട തടസ്സവുമാണ്. ഫെമിനിസം എന്ന വാക്കുപോലും കേട്ടിട്ടില്ലാത്ത വലയിത സംസ്കാരത്തില്‍ എങ്ങനെയാവും സ്ത്രീയുടെ സ്വത്വാന്വേഷണം പ്രായോഗികമാകുക എന്നതാണ് നോവലിന്റെ കൌതുകം. തലമുറകളെ കോര്‍ത്തിണക്കുന്ന കഥ പറയല്‍ അതിനുള്ള മുഖ്യ ഉപാധിയായി മാറുന്ന ഇടത്തില്‍ ഷഹറെസാദ് പ്രധാന സാഹിതീയ പ്രതീകം ആവുന്നത് ഇതുകൊണ്ടാണ്.

“എന്തായാലുംവാക്കുകളെ സര്‍ഗ്ഗാത്മകമായി കോര്‍ത്തിണക്കാന്‍ കഴിയുന്ന വ്യക്തിയെ അവ രക്ഷിക്കും. അതാണ്‌ ആയിരത്തൊന്നു രാവുകളുടെ രചയിതാവ് ഷഹറെസാദിനു സംഭവിച്ചത്. രാജാവ് അവളുടെ തല കൊയ്യാന്‍ പോവുകയായിരുന്നുഎന്നാല്‍ വാക്കുകള്‍ ഉപയോഗിക്കുക മാത്രം ചെയ്തുകൊണ്ട് അന്ത്യനിമിഷത്തില്‍ അദ്ദേഹത്തെ തടയാന്‍ അവള്‍ക്കായി. അതെങ്ങനെയാണ്‌ അവര്‍ സാധിച്ചത് എന്നറിയാന്‍ ഞാന്‍ ജിജ്ഞാസുവായിരുന്നു.”

ആത്മകഥയായിരിക്കുമ്പോള്‍ത്തന്നെ മൊറോക്കൊയുടെ മേലുള്ള ഫ്രഞ്ച് അധിനിവേശത്തിനെതിരില്‍ ഉണര്‍ന്നു തുടങ്ങുന്ന ചെറുത്തുനില്‍പ്പു ബോധത്തിന്റെ സൂക്ഷ്മ നിരീക്ഷണങ്ങളും നോവല്‍ അടയാളപ്പെടുത്തുന്നു. “അള്ളാഹു അവര്‍ക്ക് തിരക്കേറിയ നഗരങ്ങളും നിബിഡ വനങ്ങളും ശബളമായ ഹരിത വയലുകളും ഞങ്ങളുടെതിനേക്കാള്‍ ഏറെ വലിയതും നാലിരട്ടി പാല്‍ ചുരത്തുന്നതുമായ പശുക്കളും നിറഞ്ഞ സുന്ദരമായ ഒരു ദേശം നല്‍കിയെങ്കിലും ഫ്രഞ്ചുകാര്‍ ആര്‍ത്തിക്കാര്‍ ആയിരുന്നെന്നും ഏറെ ദൂരം പിന്നിട്ടു ഞങ്ങളെ കീഴടക്കാന്‍ വന്നിരിക്കുന്നു എന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. എങ്കിലും എന്തുകൊണ്ടോ ഫ്രഞ്ചുകാര്‍ നാടെത്താന്‍ കൊതിച്ചു.”


തുടര്‍ വായനയ്ക്ക്:

Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html

Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html

Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html

Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 6. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html


No comments:

Post a Comment