Featured Post

Saturday, July 26, 2025

Dreams of Trespass by Fatima Mernissi

 

7.

ഭിന്ന പ്രകൃതികളായ വ്യത്യസ്ത സ്ത്രീകഥാപാത്രങ്ങളിലൂടെ സാമൂഹിക വൈരുദ്ധ്യങ്ങളുടെ വൈവിധ്യം മെര്‍നിസി വ്യക്തമാക്കുന്നു. മുഹമ്മദ് അഞ്ചാമന്‍ രാജാവിന്റെ മകള്‍ പ്രിന്‍സസ് ആയിശഅറബിക്കിലും ഫ്രഞ്ചിലും പ്രഭാഷണങ്ങള്‍ നടത്തുകയും പരമ്പരാഗതമായ നീണ്ട കഫ്റ്റാനും ഇറക്കം കുറഞ്ഞ ഫ്രഞ്ച് വേഷങ്ങളും മാറി മാറി ധരിക്കുകയും ചെയ്യുന്നു. രണ്ടു ഭാഷകളെയും രണ്ടു സംസ്കാരങ്ങളെയും രണ്ടു വ്യക്തിത്വ പ്രകാശനത്തെയും വരിക്കുന്ന അവരുടെ ജീവിതം ഏതെങ്കിലും ഒന്നില്‍ മാത്രം കഴിയുന്നവരുടെതിനേക്കാള്‍ ഏറെ ആകര്‍ഷണീയമായി നോവല്‍ എടുത്തുകാണിക്കുന്നു. യാസ്മിനയെ പോലുള്ള ഒട്ടേറെ സ്ത്രീകള്‍ അവരെ ആരാധിക്കുമ്പോള്‍  ഫാതിമയുടെ പിതാവിനെ പോലെ പുരുഷ ലോകം പൊതുവേ അതിനെ അപകടകരമായ വേലിചാടലായാണ് വിലയിരുത്തുന്നത്. മൊറോക്കന്‍ പുരുഷന്മാര്‍ തങ്ങളുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബാഹ്യസങ്കലനങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുന്നതിന് ‘ഹുദൂദ്’ പവിത്രമായി നിലനിര്‍ത്തുക എന്നത് അനിവാര്യമാണ് എന്നും തങ്ങളുടെ സ്ത്രീകള്‍ യൂറോപ്യന്‍ സംസ്കാരത്തെ അനുകരിക്കാന്‍ തുടങ്ങുന്നത് ആത്മഹത്യാപരമായിരിക്കും എന്നും കരുതുന്നു. എന്നാല്‍ ആണുങ്ങള്‍ മുടിയിലും വേഷത്തിലും ഫ്രഞ്ച് സൈനികരെ അനുകരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ക്ക് ഉത്തരം മുട്ടുന്നു. നാട്ടറിവുകളും വശീകരണ മന്ത്രങ്ങളും സമാഹരിക്കപ്പെട്ട രഹസ്യ പുസ്തകം സ്വന്തമായുള്ള ശമ എന്ന പതിനേഴുകാരി സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതീകവും പ്രചാരകയുമായ കഥാപാത്രമാണ്. പിടിവാശിക്കാരിയും ഇടയ്ക്കിടെ വിഷാദ രോഗത്തിന് അടിപ്പെടുന്നവളും ആണെങ്കിലും ഹാരമിലെ സ്ത്രീകളുടെ ഉല്ലാസവേളയായ ടെറസ്സിലെ ഒത്തുകൂടലില്‍ സ്ത്രീവിമോചന സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന നാടകങ്ങള്‍ അവതരിപ്പിക്കുന്നതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് അവള്‍. സ്ത്രീകളെ സംബന്ധിച്ച് ടെറസ്സിലെ ഒത്തുകൂടല്‍ മാറ്റിനിര്‍ത്തിയാല്‍ പിന്നെയുള്ള ഏക ഉല്ലാസവേള ‘ഹമ്മാം’ (കുളിമുറി) സമയമാണ്. യാസ്മിന മുത്തശ്ശിക്ക് നാട്ടുമ്പുറത്തുള്ള തന്റെ കുടുംബ ഹാരമിന്റെ അയഞ്ഞ അതിരുകള്‍ കുറേകൂടി കാറ്റും വെളിച്ചവും നല്‍കുന്നുണ്ട്.

നോവലില്‍ ഉടനീളം കാണാവുന്ന ചിറകുകളുടെയും പറക്കലിന്റെയും ബിംബങ്ങള്‍ നിരക്ഷരയെങ്കിലും യാസ്മിനയുടെ പ്രിയങ്കരിയായ ഹബീബ അമ്മായിയുടെ പത്രസൃഷ്ടിയിലാണ് കൂടുതല്‍ ശക്തമായി അവതരിപ്പിക്കപ്പെടുന്നത്. അവരെപ്പോഴും ചിറകുവിടര്‍ത്തി പറക്കുന്നത് സ്വപ്നം കാണുകയും അനന്തിരവള്‍ക്ക് അത്തരം ഒരു ഭാവി ആശംസിക്കുകയും ചെയ്യുന്നു. ഹാരമില്‍ തടവിലായിരിക്കുമ്പോഴും അതിരുകളില്ലാത്ത ചക്രവാളങ്ങള്‍ സ്വപ്നം കാണുന്ന സ്ത്രീകളുണ്ട്. സ്വയം ആധുനികതയുടെ വക്താക്കളായി കാണുന്ന ഈ സ്ത്രീകള്‍ തുന്നുന്ന ചിറകുകളുടെ ചിത്രപ്പണി പാരമ്പര്യത്തിന്റെ വക്താക്കളായ സ്ത്രീകളെ ചൊടിപ്പിക്കുന്നു. ഹബീബ അമ്മായിയുടെ വാക്കുകളില്‍: “പിന്‍ വാതിലടഞ്ഞ ഒരു ഹാരമിന്റെ ചുവരുകള്‍ക്ക് പിറകില്‍ നിസ്സഹായയായി കെണിയിലകപ്പെടാനിടയായാല്‍ നീ രക്ഷപ്പെടുന്നത് സ്വപ്നം കാണും. നീയാ സ്വപ്നത്തെ വാക്കുകളിലേക്കു കൊണ്ടുവരുകയും അതിരുകളെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്നതോടെ മാന്ത്രികമായത് സംഭവിക്കും. സ്വപ്നങ്ങള്‍ക്ക് നിന്റെ ജീവിതം മാറ്റിമറിക്കാനാകുംഒടുവില്‍ ലോകത്തെയും. വിമോചനം ആരംഭിക്കുക നിന്റെ കൊച്ചു തലയില്‍ ബിംബങ്ങള്‍ നൃത്തം തുടങ്ങുകയും നീയാ ബിംബങ്ങളെ വാക്കുകളിലേക്കു പരാവര്‍ത്തനം ചെയ്തു തുടങ്ങുകയും ചെയ്യുന്നതോടെയാണ്. വക്കുകള്‍ക്കാകട്ടെ നീയൊന്നും വിലയായി നല്‍കേണ്ടതുമില്ല!” സാഹചര്യം എന്തുതന്നെയായാലും സ്വപ്നങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ പ്രചോദക സന്ദേശത്തിലാണ് മര്‍നീസിയുടെ നോവലിന്റെ സൌന്ദര്യം കുടികൊള്ളുന്നത്.

ആഗോളവല്‍ക്കരണത്തില്‍ ആരാണ് നേടിയത്നാവികനായ സിന്‍ബാദോ അതോ കൌബോയിയോ? 2004ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഫാത്തിമ മെര്‍നിസി ചോദിച്ചു. പ്രസ്തുത സൂചനയോടെ മെര്‍നിസിയുടെ ചരമത്തോടനുബന്ധിച്ചു (നവംബര്‍ 30, 2015) ബനിപാല്‍ മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ഖാലിദ്‌ ഹരൂബ് ഉദ്ധരിക്കുന്നു. “ഫാതിമ മെര്‍നിസി സിന്‍ബാദ് എന്ന തന്റെ തന്നെ രൂപകത്തിന്റെ സത്യസന്ധമായ ഒരു സമകാലിക മാതൃകയാണ്. കരയിലാകട്ടെകടലിലാകട്ടെഒരിക്കലും വിശ്രമിക്കാത്ത നാവികന്‍അയാള്‍ തന്റെ ആത്മാവിനെ ഫാതിമയുടെ ചേതനയിലേക്കും ജീവിത രീതിയിലേക്കും കടത്തി പ്രകാശിപ്പിച്ചു (‘trans-illuminated his soul in Fatima’s spirit and way of life’). അതിര്‍ത്തി ഭേദകയായ ഒരു നിരന്തര യാത്രിക എന്ന് നിലയില്‍ ഫാതിമയുടെ ചേതന സമ്പൂര്‍ണ്ണ മൃത്യുവെ ധിക്കരിച്ചുകൊണ്ട് നമുക്ക് ചുറ്റും തുഴഞ്ഞുകൊണ്ടേയിരിക്കുന്നു.” വിട്ടുപോകാന്‍ വിസമ്മതിക്കുന്ന ‘സിന്‍ബാദിയന്‍ ചേതന’ എന്ന് മെര്‍നിസിയുടെ സ്വാധീനത്തെ ഹരൂബ് വിലയിരുത്തുന്നു. *(8). 

*(8). (Khaled Hroub, ‘Mernissi: The Sinbad of Fes Travels against the Cowboy’, Banipal 55, 2016, No 1, pp212-217). 

To read previous parts:

Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html

Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html

Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html

Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html

Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html


No comments:

Post a Comment