യോസ: അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍
(The Time of the Hero,
Conversation in the Cathedral, The
Feast of the Goat എന്നീ
നോവലുകളിലൂടെ അധികാരവും ചെറുത്തു നില്‍പ്പുമെന്ന ദ്വന്ദ്വത്തെ യോസ എങ്ങനെയെല്ലാം
സമീപിക്കുന്നു എന്ന് അന്വേഷിക്കുന്നു.)
മാരിയോ വാര്‍ഗാസ് യോസയുടെ ജീവിതകലത്തിനിടെ എകാധിപത്യത്തിനും
ജനാധിപത്യത്തിനുമിടയില്‍ അദ്ദേഹത്തിന്‍റെ ജന്മദേശമായ പെറു മാറിമാറി കൊണ്ടിരുന്നത്
ഇതരദേശങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലക്ക് അധികാര
കൈമാറ്റം നടന്ന അതേ വേഗതയിലാണ്*1. ഏകാധിപത്യം/ സര്‍വ്വാധിപത്യം എന്നിവയുടെ
ബദലായിത്തന്നെയാണ് യോസ എഴുത്തിനെ, വിശേഷിച്ചും ഫിക്
ഷനെ ഉയര്‍ത്തിപ്പിടിച്ചത്. നോബല്‍ സ്വീകാര പ്രസംഗത്തില്‍, ജീവിതത്തെ ജീവിതാര്‍ഹാമാക്കുന്നതിന് അനിവാര്യമായ സ്വാതന്ത്ര്യത്തെ ഓര്‍മ്മിപ്പിക്കുക
ഫിക് ഷനും വായനയും ആണെന്ന് എടുത്തുപറഞ്ഞ
യോസ, അതിന്റെ അഭാവത്തില്‍ ലോകം
ഏകാധിപത്യം, തത്വശാസ്ത്രങ്ങള്‍, മതം തുടങ്ങിയവ കൊണ്ട് വീര്‍പ്പുമുട്ടും എന്നും ഓര്‍മ്മിപ്പിച്ചു.
തനിക്കൊരു ഒരു ചുരുക്കെഴുത്ത് (epigraph) ആയി
എന്താണ് താല്‍പര്യപ്പെടുക എന്ന ചോദ്യത്തിന് യോസ നല്‍കിയ ഉത്തരം ഇതായിരുന്നു:
“അയാള്‍ ജീവിതം അതിന്റെ പാരമ്യതയില്‍ ജീവിച്ചു, സാഹിത്യത്തെ മറ്റെന്തിനെക്കാളും സ്നേഹിക്കുകയും ചെയ്തു.”*2
പെറുവിലെ അരെകിപ നഗരത്തില്‍ 1936ല്‍ ജനിച്ച യോസ, സന്തുഷ്ടമായ കുട്ടിക്കാലം അദ്ദേഹത്തിന്‍റെ ഓര്‍മ്മ
പുസ്തകത്തില്‍ (A
Fish in the Water, 1993) ഓര്‍ത്തെടുക്കുന്നുണ്ട്. അച്ഛന്‍ ഏനെസ്റ്റോ വാര്‍ഗാസ് പിണങ്ങിപ്പോയ ശേഷം
അദ്ദേഹം മരിച്ചുപോയി എന്ന വിശ്വാസത്തോടെ അമ്മയോടും കുടുംബത്തോടുമൊപ്പം ബൊളീവിയയില്‍
കഴിഞ്ഞ നാളുകള്‍. യോസക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ അമ്മ, ഭര്‍ത്താവുമായി വീണ്ടും ഐക്യപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ
പേടിസ്വപ്ന നാളുകള്‍ ആരംഭിച്ചു. തികച്ചും പീഡനസ്വഭാവിയായ ചൂരല്‍ പ്രേമിയായിരുന്നു അച്ഛന്‍.
അമ്മയുടെ കുലീന കുടുംബപശ്ചാത്തലം ‘സാമൂഹിക അപകഷബോധ’മായി അച്ഛനെ
വെട്ടയാടിയിരുന്നുവെന്നും ഇത് ഒരു ‘ദേശീയ അസുഖം’ തന്നെയായിരുന്നു എന്നും യോസ
എഴുതുന്നു. പതിനാലു വയസ്സുള്ളപ്പോള്‍ ലിമയിലെ മിലിട്ടറി അക്കാദമിയില്‍ ചേര്‍ക്കപ്പെട്ടതാണ്
അദ്ദേഹത്തിന്‍റെ ആദ്യനോവലിന്റെ (The Time of the Hero, 1962) പ്രചോദനവും പശ്ചാത്തലവും ആയിത്തീര്‍ന്നത്. പതിനാറു വയസ്സുള്ളപ്പോള്‍ ക്രൈം
റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങിയ യോസ, പത്തൊമ്പതതാം വയസ്സില്‍ തന്നെക്കാള്‍ ഏറെ മുതിര്‍ന്ന ബന്ധുവിനെ വിവാഹം ചെയ്തു
ഒളിച്ചോടി. ഹൂലിയ ഓര്‍കീദിയാണ് ‘Aunt Julia and the Scriptwriter’ എന്ന നോവലിന് പ്രചോദനമായതും.
അമ്പതുകളുടെ മധ്യത്തില്‍ യൂണിവേഴ്സിറ്റി കാലത്ത് യോസ
കമ്യൂണിസ്റ്റ് സെല്ലുകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെട്ടു. എന്നാല്‍, കാസ്ട്രോ വിപ്ലവത്തോടുള്ള സമീപനത്തില്‍ യോസ പതിയെ
തണുത്തു പോയപ്പോള്‍ അടുത്ത സുഹൃത്ത് മാര്‍ക്കേസ് ജീവിതകാലം മുഴുവന്‍
കാസ്ട്രോയോടുള്ള ഊഷ്മള സൗഹൃദം തുടര്‍ന്നു. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം അധ്യാപകനും
വിവര്‍ത്തകനും നോവലിസ്റ്റും എല്ലാമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞതാണ്
യൂറോപ്യന്‍, അമേരിക്കന്‍ സാഹിത്യത്തോടുള്ള
യോസയുടെ താല്പര്യം വളരാന്‍ ഇടവരുത്തിയത്. രാഷ്ട്രീയമായി ഇടതുപക്ഷ ഗ്രൂപ്പുകളില്‍
നിന്നുള്ള വേറിട്ടുപോക്ക് അദ്ദേഹത്തെ ഒരു ഒറ്റയാനാക്കി. എണ്‍പതുകളില്‍ ഡ്രഗ്
ട്രാഫിക്കിംഗ്, അഴിമതി, ഭീകരാക്രമണങ്ങള്‍ തുടങ്ങിയവ കൊണ്ട് നില തെറ്റിയ പെറൂവിയന്‍ ജീവിതത്തെ കുറിച്ച്
അദ്ദേഹം എഴുതി: “എന്താണ് ശരിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കല്‍
ശരിക്കും അസാധ്യമായതുകൊണ്ട് നമ്മള്‍ പെറു ജനത, നുണ പറയുകയും, കണ്ടുപിടിക്കുകയും സ്വപ്നം കാണുകയും മിഥ്യയില്‍ അഭയം തേടുകയും
ചെയ്യുന്നു.” (The
Real Life of Alejandro Mayta, Mario Vargas Llosa 1984). എന്നാല്‍ ഇതെഴുതിയ സന്ദര്‍ഭത്തില്‍ തന്നെയാണ്
പ്രായോഗിക രാഷ്ട്രീയത്തിന്റെ ‘രോഗം’ബാധിക്കാന്‍ യോസ സ്വയം വിട്ടുകൊടുത്തു പ്രസിഡന്‍റ്
സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് എന്നതില്‍ വൈചിത്ര്യമുണ്ട്. തെരഞ്ഞെടുപ്പില്‍
ഒന്നാം ഘട്ടത്തില്‍ ജയിച്ചു കയറിയ യോസ രണ്ടാം ഘട്ടത്തില്‍ ആല്‍ബെര്‍ട്ടോ
ഫുജിമോറിയോട് അടിയറവു പറഞ്ഞു. നാടിനെ സംബന്ധിച്ച് പിന്നീടു കണ്ടത്, പട്ടാള രഹിത ഏകാധിപത്യത്തിന്റെ ഊഴമായിരുന്നു. യോസ
രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. ഈ നൈരാശ്യത്തിന്റെ ആഴം Death in the Andes (1993) കാണാം.
‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’
1960 കളിലും 1970
കളിലുമായി ലാറ്റിന്‍ അമേരിക്കന്‍ ദേശങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു കൂട്ടം യുവ
എഴുത്തുകാര്‍, പുതിയ തരം രചനാശൈലികളും പ്രമേയപരിചരണങ്ങളും കൊണ്ട്
ലോകസാഹിത്യത്തിന്റെ നെറുകെയിലെത്തി. യോസയോടൊപ്പം മാര്‍ക്കേസ്
(കൊളംബിയ), ഹൂലിയോ കോര്‍ത്തസാര്‍ (അര്‍ജന്റിന), കാര്‍ലോസ് ഫ്യൂയെന്തസ് (മെക്സിക്കോ) എന്നീ നാലുപേരുകളാണ് പൊതുവേ ബൂമിന്റെ അമരത്തുകാര്‍
എന്ന് കണക്കാക്കപ്പെടുന്നത്. ശീതയുദ്ധ രാഷ്ട്രീയം, വിപ്ലവപ്രസ്ഥാനങ്ങള്‍, സര്‍വ്വാധിപത്യ
ഭരണകൂടങ്ങള്‍, തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അവരുടെ
കൃതികള്‍,
അവയുടെ അടിയന്തിര രാഷ്ട്രീയപ്രാധാന്യം കൊണ്ടും, പരീക്ഷണാത്മക രൂപങ്ങള്‍ കൊണ്ടും
ആഗോളതലത്തില്‍ പ്രതിധ്വനികള്‍ സൃഷ്ടിച്ചു. ജെയിംസ് ജോയ്സ്, ഫോക്നര്‍, കാഫ്ക
തുടങ്ങിയ യൂറോപ്യന്‍ ആധുനികതയിലെ വമ്പന്മാരുടെയും, പ്രാദേശിക ചരിത്രത്തെ അവാങ്
ഗാര്‍ഡ് സാങ്കേതങ്ങളുമായി സമന്വയിപ്പിച്ച ബോര്‍ഹെസ്, അലെഹോ കാര്‍പന്റിയര്‍ തുടങ്ങിയ
ലാറ്റിന്‍ അമേരിക്കന്‍ പൂര്‍വ്വികരുടെയും സ്വാധീനങ്ങള്‍ ‘ബൂം’ എഴുത്തുകാരില്‍
ആഴത്തില്‍ പതിഞ്ഞിരുന്നു. അവരുടെ ആഖ്യാനങ്ങളില്‍ വിച്ഛിഹ്നസമയഘടന, ഭിന്നവീക്ഷണകോണുകള്‍, ‘ആധികാരിക’
ചരിത്രത്തോടുള്ള കടുത്ത സന്ദേഹബുദ്ധി എന്നിവ പ്രകടമാണ്.
മാജിക്കല്‍ റിയലിസം എന്ന രചനാരീതിയുമായി പലപ്പോഴും ചേര്‍ത്തുപറയാറുണ്ടെങ്കിലും, ‘ബൂം’ എഴുത്തുകാരുടെ
രചനാരീതികള്‍ ഏകാശിലാത്മകമല്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന്, യോസയെ സംബന്ധിച്ച് മാന്ത്രിക
ഘടകങ്ങളില്ല, ആഖ്യാനത്തിന്റെ തന്നെ ശില്‍പ്പഭദ്രതയിലാണ്
സാഹിത്യവിപ്ലവം. സമകാലികര്‍ക്കിടയില്‍ അദ്ദേഹം
വേറിട്ടുനില്‍ക്കുന്നത് സര്‍വ്വാധിപത്യ അധികാരം, വൈയക്തിക ചെറുത്തു നില്‍പ്പുകളില്‍
ലീനമായ വൈരുധ്യങ്ങള്‍ എന്നിവയെ നിരന്തര അന്വേഷണങ്ങള്‍ക്കു വിധേയമാക്കുന്നു
എന്നതിലാണ്. The Time of the Hero യിലെ സൈനിക സ്കൂള്‍ മുതല്‍, Conversation in the Cathedral എന്ന നോവലിലെ അടിച്ചമര്‍ത്തല്‍ രീതിയുള്ള
ബ്യൂറോക്രസിയിലൂടെ The Feast of the Goat ലെ പേടിസ്വപ്നാന്തരീക്ഷമുള്ള ഏകാധിപത്യത്തിന്റെ ആവിഷ്കാരം വരെ യോസ
അന്വേഷിക്കുന്നത് അടിച്ചമര്‍ത്തലിന്റെ സംവിധാനങ്ങള്‍ മാത്രമല്ല, ചെറുത്തുനില്‍ക്കുകയോ സന്ധി ചെയ്യുകയോ ചെയ്യുന്നവരുടെ മനോവ്യാപാരങ്ങള്‍
കൂടിയാണ്.
The Time of the Hero (1963)
യോസയുടെ
പ്രഥമ നോവല്‍ ലിമായിലെ ലിയോന്‍സിയോ പ്രാദോ മിലിട്ടറി അക്കാദമിയുടെ പശ്ചാത്തലത്തില്‍
ഒരു കൂട്ടം കേഡറ്റുകളെ പിന്തുടരുന്നു. സഹകേഡറ്റിന്റെ മരണത്തെ സംബന്ധിച്ച്
എല്ലാവരും പുലര്‍ത്തുന്ന മൗനത്തെ ഒരു ഘട്ടത്തില്‍ ഭേദിക്കാന്‍ തയ്യാറാകുന്ന ആല്‍ബര്‍ട്ടോ
എന്ന ഹൃദയാലുവായ യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് നോവലിലെ ഒരു പ്രധാന
ശ്രദ്ധാകേന്ദ്രം. അങ്ങനെ ചെയ്യുന്നതിലൂടെ
ആല്‍ബര്‍ട്ടോയെ കാത്തിരിക്കുന്നത് വലിയ നൈതികവിജയമല്ല, മറിച്ച് ആഴത്തില്‍ വേരോടിയ അധികാര ഘടനയ്ക്കു മുന്നില്‍
അയാളുടെ വൈയക്തിക ചെറുത്തുനില്‍പ്പ് പഴാവുന്നതിന്റെയും ഉടമ്പടികളുടെ
പൊള്ളജീവിതത്തിലേക്ക് അയാളും പരുവപ്പെടുന്നതിന്റെയും ശൂന്യതയാണ്.
പെറൂവിയന്‍
സമൂഹത്തിന്റെ എത് നിക്, വംശീയ ഘടനയും
മുന്‍ വിധികളും ശ്രേണീബദ്ധ അധികാര ഘടനയും ഭരിക്കുന്ന ലിയോന്‍സിയോ പ്രാദോ,
പെറൂവിയന്‍ സമൂഹത്തിന്റെ ഒരു മൈക്രോകോസം തന്നെയാണ്. അവിടെ ഹിംസാത്മകത
പൗരുഷത്തിലേക്കുള്ള പ്രവേശനമാണ്. കേഡറ്റുകളുടെ ലോകം നീതിയില്ല, മറിച്ച് മൗനവും അധീശത്തവും അടയാളപ്പെടുത്തുന്ന ഒരു
അഭേദ്യതയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ‘The Cirlce’ എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘം നടത്തുന്ന ഇടപെടലുകളില്‍
നൈതികതയൊന്നും വിഷയമേയല്ല. അവരുടെ കഴിവോ നേട്ടമോ അല്ല, ആണത്ത
പ്രഘോഷണവും വരേണ്യതയും മറ്റുള്ളവരില്‍ നിന്ന് സൂക്ഷിക്കുന്ന അകലവും
രഹസ്യാത്മകതയുമാണ് (machismo, elitism,
exclusionary behavior, and code of secrecy) അവരുടെ ശക്തി. ടെസ്റ്റു പേപ്പര്‍ മോഷണം എന്ന
‘കുട്ടിക്കളി’, ‘അടിമ’ എന്നു വിളിപ്പേരുള്ള റിക്കാര്‍ഡോ അരാനോ എന്ന കേഡറ്റിന്റെ കൊലയിലേക്കും അതെ
കുറിച്ച് പാലിക്കേണ്ട മൌനദീക്ഷയുടെ പരീക്ഷണത്തിലേക്കും, ഒടുവില്‍ കൂട്ടത്തില്‍ ഹൃദയാലുവും ‘കവി’യുമായ ആല്‍ബര്‍ട്ടോയുടെ
വെളിപ്പെടുത്തലിലേക്കും നയിക്കുന്നത്,
മുഖ്യ പ്രമേയത്തിലേക്കുള്ള കളമൊരുക്കമാണ്. യോസയുടെ പില്‍ക്കാല കൃതികളില്‍, വിശേഷിച്ചും ‘ആടിന്റെ വിരുന്നി’ല്‍ തികഞ്ഞ
ഏകാധിപതിയായി വികസിക്കാനുള്ള പാത്രസൃഷ്ടിയുടെ പൂര്‍വ്വസൂരിയായ ഹാഗുവാറുമായി ആല്‍ബര്‍ട്ടോയ്ക്ക്
ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍, അധികാര ഘടനയ്ക്ക്
പ്രത്യക്ഷങ്ങളില്‍ മാത്രമാണ് താല്പര്യം. എല്ലാം വെറും നാട്യവും പുറംപൂച്ചു കാവലും
ആയിമാറുന്ന അധികാര ജീര്‍ണ്ണത, യോസയെ സംബന്ധിച്ച്, ചെറുത്തു
നില്‍പ്പ്/ വിപ്ലവ ശ്രമങ്ങളെ അസംബന്ധമാക്കി മാറ്റുന്ന ലാറ്റിന്‍ അമേരിക്കന്‍
യാഥാര്‍ത്ഥ്യങ്ങളുടെ ഒരാദ്യകാല ആവിഷ്കാരമാണ്. എന്നാല്‍, ഏറ്റവും വലിയ അസംബന്ധം, അതെ ചെറുത്തുനില്‍പ്പ്
ആശയവാദിക്കുതന്നെ സംഭവിക്കുന്ന അപചയമാണ്. കവിയകാനൊക്കെ മോഹിച്ചയാല്‍ പള്‍പ്പ്/
പോണ്‍ കഥകള്‍ എഴുതുന്ന വിപര്യയത്തില്‍ എത്തുന്നതും അതേ കാരണം കൊണ്ട്
ബ്ലാക്ക്മെയില്‍ ചെയ്യപ്പെട്ടു ഒത്തുതീര്‍പ്പുകളുടെ അതിസാധാരണത്വത്തിലേക്കും
മൗനത്തിലേക്കും പിന്‍വാങ്ങുന്നതും അതിന്റെ നിദര്‍ശനമാണ്. അര്‍ത്ഥപൂര്‍ണ്ണമായ
ഇടപെടലുകളെ സംബന്ധിച്ച് തികച്ചുമൊരു നിഹിലിസ്റ്റ് വീക്ഷണമാണ് നോവല്‍
അവതരിപ്പിക്കുന്നത് എന്നുതന്നെ പറയാം.
നോവലിന്റെ തലക്കെട്ടില്‍ സംഭവിച്ച പരിണാമവും ശ്രദ്ധേയമാണ് –
‘നഗരവും നായ്ക്കളും’ എന്നര്‍ത്ഥം വരുന്ന ‘La ciudad y los perros’ എന്ന സ്പാനിഷ് മൂലത്തിന് ഇംഗ്ലീഷ്
പരിഭാഷയിലാണ് ‘നായകന്റെ സമയം’ (The Time of the Hero) എന്ന മാറ്റം സംഭവിച്ചത്. സ്പാനിഷ് മൂലത്തിലെ പരുക്കന്‍, കുറ്റപ്പെടുത്തല്‍ സ്വരം കൂടുതല്‍ അമൂര്‍ത്തവും ഐറണി നിറഞ്ഞ ഗാംഭീര്യം
മുറ്റിയതുമായി വിവര്‍ത്തനത്തില്‍ മാറുന്നു. സ്പാനിഷ് മൂലത്തില്‍ ഇല്ലാത്ത, പബ്ലിഷര്‍
ആവശ്യപ്പെട്ട മയപ്പെടുത്തലിനു എന്തുകൊണ്ടാകും യോസ വഴങ്ങിയിരിക്കുക?*3. ഒരുവളേ, നാട്ടില്‍ താമസ്കരിക്കപ്പെടുന്നു എന്ന
ചിന്ത പാശ്ചാത്യലോകത്തിന്റെ താരതമ്യേനെ അലക്കിവെളുപ്പിച്ച (sanitized) സംവേദനത്വത്തിനു പാകപ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നുവരാം.
പുസ്തകം ഇറങ്ങിയ കാലത്ത് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ആഗോള ശ്രദ്ധയില്‍
പിച്ചവെക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതും ഓര്‍മ്മിക്കാവുന്നതാണ്.
ചിക്കാഗോ
യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോട് പ്രതികരിക്കവേ, നോവലില്‍ സമയദീക്ഷയില്‍ നടത്തുന്ന
അട്ടിമറിയുടെ പ്രസക്തിയെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി തന്റെ മേല്‍
‘ലോസ്റ്റ് ജനറേഷന്‍’*4 അമേരിക്കന്‍
എഴുത്തുകാരുടെ സ്വാധീനം വിശേഷിച്ചും ജോണ്‍ ഡോസ് പോസോസിന്റെ ഘടനാപരവും ശ്ലഥവും
രേഖീയ സമയ ബന്ധിതത്വത്തെ നിരാകരിക്കുന്നതുമായ ശൈലിയുടെ സ്വാധീനം അദ്ദേഹം
എടുത്തുപറഞ്ഞു. സ്ഥലകാലങ്ങളുടെ ഏകാധിപത്യത്തെ അവഗണിച്ചുകൊണ്ട്’ എന്ന് പറയാവുന്ന വിധത്തില്‍, രേഖീയ സമയ-സ്ഥല നിഷ്ടക്കപ്പുറം ‘കഥയെ
സമഗ്രതയോടെ അവതരിപ്പിക്കുകയായിരുന്നു (to present the story in a
totalising way) അദ്ദേഹം*5.
(Read more on The Time of the Hero here:
https://alittlesomethings.blogspot.com/2025/04/the-time-of-hero-by-mario-vargas-llosa.html )
Conversation in the Cathedral (1969)
‘നായകന്റെ സമയം’ മുന്നോട്ടുവെക്കുന്ന നൈരാശ്യഭാവത്തിന്റെയും
നിഷ്ഫലതയുടെയും മൂല്യ ധാരണകളുടെ തുടര്‍ച്ച തന്നെയാണ് ‘കത്തീഡ്രലിലെ സംഭാഷണങ്ങള്‍’ നല്‍കുന്നത്. സര്‍വ്വാധിപത്യ വിമര്‍ശനം ഒരു
സ്ഥാപനത്തിന്റെയും ചുരുക്കം ചില കഥാപാത്രങ്ങളുടെയും പരിമിതികള്‍ക്കപ്പുറം ദേശീയ
തലത്തിലേക്കുതന്നെ യോസ ഇവിടെ വികസിപ്പിക്കുന്നു.
‘കത്തീഡ്രല്‍’ എന്ന വൈരുധ്യപൂര്‍ണ്ണമായ പേരുള്ള ഒരു
വൃത്തികെട്ട മദ്യശാലയില്‍ വെച്ച് നടത്തുന്ന ദീര്‍ഘവും ഒരിക്കലും
എങ്ങുമെത്താത്തവിധം ദിശതെറ്റി കറങ്ങുന്നതുമായ (labyrinthine) സംഭാഷണത്തിലൂടെ ജേണലിസ്റ്റായ സാന്റിയാഗോ സവാല തന്റെ
പിതാവിന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്ന അംബ്രോസിയോ പാര്‍ദോയുമായി ഒരു സമസ്യാപൂരണ
ശ്രമത്തിലാണ്: ഓഡ്രിയാ (മാനുവേല്‍ എ. ഓഡ്രിയ) ഭരണത്തിന്റെ
(1948-1956) ഏകാധിപത്യ ഭീകരതയുടെ ചരിത്രം
ഇഴചേര്‍ത്തു വിവരിക്കുക. മുപ്പതിലേറെ കഥാപാത്രങ്ങളും അവരുടെ കഥകളും ആദിമധ്യാന്ത
പൊരുത്തമോ, സ്ഥല – കാല നിര്‍ണ്ണിതാവസ്ഥയോ കൂടാതെ കടന്നുവരുന്ന നാലു മണിക്കൂറിലേറെ
നീളുന്ന സുദീര്‍ഘ സംഭാഷണം എന്ന സങ്കേതം ആ നിലക്ക് കഥ പറയാനുള്ള ചട്ടക്കൂട് (frame story) മാത്രം. ശ്ലഥമായ ആഖ്യാനത്തില്‍, അധികാരം എങ്ങനെയെല്ലാം സ്വകാര്യ ജീവിതങ്ങളില്‍
അരിച്ചിറങ്ങുന്നു എന്നും വൈയക്തിക, സാമൂഹിക ഓര്‍മ്മകളെ ഉഴുതുമറിക്കുന്നുവെന്നും അര്‍ത്ഥപൂര്‍ണ്ണമായ
വിപ്ലവശ്രമങ്ങളെ സംശയത്തിന്റെ നിഴലില്‍ പെടുത്തുന്നുവെന്നും നോവലിസ്റ്റ്
പരിശോധിക്കുന്നു.
തന്റെ പിതാവില്‍ നിന്നും നിലവിലുള്ള അങ്ങേയറ്റത്തെ
അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ള രാഷ്ട്രീയ വ്യവസ്ഥയില്‍നിന്നും പുറത്തു കടക്കാനുള്ള
സാന്റിയാഗോ സവാലയുടെ കുതറലിനു അസ്ഥിത്വപരമായ ആഴത്തിലുള്ള മാനങ്ങളുണ്ട്. അത്
ഭരണത്തിനെതിരെ മാത്രമല്ല, കുടുംബപരവും
ആന്തരികവുമായ വിധേയത്വത്തിനും എതിരെയാണ്. ഇവിടെ സത്യം പിടികിട്ടാത്തതും, ചെറുത്തുനില്‍പ്പ്, പരാജയം വിധിക്കപ്പെട്ടതുമാണ്. The Time of the Hero യിലെ ആല്‍ബര്‍ട്ടോയുമായുള്ള സാന്റിയാഗോയുടെ സമാന്തരം
വ്യക്തമാണ്. ചെറുത്തുനില്‍പ്പിനെ ഒരനിവാര്യതയായി കാണുമ്പോഴും യോസയുടെ
പരിചരണത്തില്‍ അതൊരു സിസിഫിയന്‍ പ്രവര്‍ത്തിയായിത്തീരുകയാണ്: വ്യവസ്ഥിതിയെ ഘടനാപരമായിത്തന്നെ അടിമുടി ബാധിച്ച ജീര്‍ണ്ണതയുടെ
പശ്ചാത്തലത്തില്‍ ലിബറല്‍ ആദര്‍ശപരതയുടെ സാധ്യത എത്രമാത്രം പരിമിതമാണ് എന്ന് അത്
വ്യക്തമാക്കുന്നു.
കുടുംബത്തിന്റെ
പ്രതീക്ഷകള്‍ ധിക്കരിച്ചു സാന്‍ മാര്‍കോസ് യൂണിവേഴ്സിറ്റിയില്‍ ചേരുന്ന നാള്‍
തൊട്ട് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്ന സാന്റിയാഗോയുടെ അസ്ഥിത്വാന്വേഷണം, വിപ്ലവത്തിലൂടെയുള്ള സ്വാതന്ത്ര്യപ്രാപ്തിയില്‍
വിശ്വസിക്കുന്നു. അയാളുടെ കൂട്ടാളികളെ പീഡിപ്പിക്കുന്ന രഹസ്യവകുപ്പു തലവന്‍ ബെര്‍മൂഡെസുമായുള്ള
പിതാവിന്റെ ബന്ധമാണ് തന്നെ മോചിപ്പിക്കുന്നതില്‍ കലാശിച്ചത് എന്നത് ഒരു ഒറ്റായി (betrayal) അയാള്‍ക്ക് അനുഭവപ്പെടുന്നു. ഓഡ്രിയാ ഭരണത്തെ സാമ്പത്തികമയി
പിന്തുണക്കുന്നവനും ബെര്‍മൂഡെസിന്റെ സുഹൃത്തുമാണ് ഡോണ്‍ ഫെര്‍മിന്‍. The Time of the Hero യിലെ ആല്‍ബര്‍ട്ടോയെപ്പോലെ, നിരവധി തിരിച്ചടികളുടെ
നൈരാശ്യത്തില്‍ സാന്റിയാഗോ ഉടമ്പടികളുടെ ജീവിതപ്പാത തെരഞ്ഞെടുക്കുകയും നേഴ്സ് ആയ
അനായെ വിവാഹം കഴിക്കുകയും ജേണലിസ്റ്റ് ആയി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു.
സാന്റിയഗോയുടെതില്‍ നിന്നു വ്യത്യസ്തമായി ഇരുണ്ട ജീവിത പശ്ചാത്തലത്തില്‍ നിന്നാണ് അംബ്രോസിയോ
എത്തുന്നത്. പ്രണയവും ലൈംഗികാപവാദ ഭീഷണിയും അകമ്പടി സേവിക്കുന്ന ഒരു കൊലപാതകം ഉള്‍പ്പടെ
ഇതിവൃത്ത ഘടകങ്ങള്‍ ആദ്യനോവലിന്റെ തുടര്‍ച്ചപോലെ അനുഭവപ്പെടാം.
പണവും
സ്വാധീനവും കൊണ്ട് രാഷ്ട്രീയത്തില്‍ കിംഗ് മേയ്ക്കര്‍ ആയിത്തീരുന്ന ഉപരിവര്‍ഗ്ഗ,
കാപിറ്റലിസ്റ്റ് പ്രതിനിധാനമാണ് ഡോണ്‍ ഫെര്‍മിന്‍ സവാല. ഓഡ്രിയയുടെ പതനം
സന്ദിഗ്ദമാകുന്നത് മനസ്സിലാക്കുന്നതോടെ കളംമാറ്റി ചവിട്ടുകയും പ്രതിപക്ഷത്തോടൊപ്പം
ചേരുകയും ചെയ്യുന്നു അയാള്‍. ഓഡ്രിയ സര്‍ക്കാറിലെ രഹസ്യ വകുപ്പില്‍ പ്രവര്‍ത്തിച്ച
ഒരു യഥാര്‍ത്ഥവ്യക്തിയുടെ ( Alejandro
Esparza Zañartu) ഫിക്ഷണല്‍ ആവിഷ്കാരം കൂടിയാണ് കായോ ബെര്‍മൂഡെസ്.
യോസ ഒരു ഘട്ടത്തില്‍ തടവിലാക്കപ്പെട്ട സഹപാഠികളെ സഹായിക്കുന്നതിന്റെ ഭാഗമായി
അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിച്ചിരുന്നു. നിര്‍ണ്ണായക നിമിഷത്തില്‍, പണപ്പെട്ടികളുമായി നാടുവിടെണ്ട അവസ്ഥയിലേക്ക് ബെര്‍മൂഡെസും എത്തിപ്പെടുന്നു എന്നത്, ഏകാധിപത്യക്രമങ്ങളില്‍ ആരും, വലംകൈ സഹകാരികള്‍ പോലും, സുരക്ഷിതരല്ല
എന്ന് കാണിക്കുന്നു.
നോവലില്‍
ഉടനീളം നിഴല്‍വിരിക്കുന്നുണ്ടെങ്കിലും മാനുവേല്‍ ഓഡ്രിയയുടെ നേരിട്ടുള്ള
സാന്നിധ്യം ഒരിക്കലുമില്ല എന്നത് പ്രധാനമാണ്. ഏകാധിപതിയെ മുഖാമുഖം നിര്‍ത്തുന്ന
യോസാ ആഖ്യാനത്തിന് നാം ‘ആടിന്റെ വിരുന്ന്’ വരെ കാത്തിരിക്കണം. എതിര്‍ശബ്ദങ്ങള്‍ മുഴുവന്‍ കിരാത നടപടികളിലൂടെ അമര്‍ച്ച
ചെയ്യുകയും ചെയ്യുന്ന അയാള്‍ ഒരു തുറന്ന ജയില്‍ തന്നെയായി നാടിനെ പരിവര്‍ത്തിപ്പിക്കുന്നു.
(Read more on The Conversations in the Cathedral here:
https://alittlesomethings.blogspot.com/2025/04/conversation-in-cathedral-by-mario.html )
The Feast of the Goat (2000)
“സ്വരുക്കൂട്ടിയ അധികാരത്തിന്റെയും, ചെറുത്തുനില്‍പ്പ്, വിമര്‍ശനം എന്നിവയുടെ അഭാവത്തിന്റെയും കാരണത്താല്‍
ഭീകര ജന്തുവായി മാറുന്ന ഒരു മനുഷ്യനെ കുറിച്ചുള്ള ഒരു യഥാതഥ ആഖ്യാനം നടത്താന്‍
ഞാന്‍ ആഗ്രഹിച്ചു... ദൈവമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ചെകുത്താനാകും”
The Feast of the
Goat (2000) എഴുതിയതിനെ
കുറിച്ച് യോസ നിരീക്ഷിച്ചു (Nick Caistor).
The Time of the Hero, Conversation
in the Cathedral എന്നിവയില്‍ കണ്ട അസ്തിത്വ
സംത്രാസങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുകയും വേറിട്ടൊരു പരിണതിയിലേക്ക്
പ്രസ്തുത അന്വേഷണത്തെ വ്യാപിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് ലാറ്റിന്‍ അമേരിക്കന്‍
സാഹിത്യത്തിലെ അതിശക്തമായ ‘ഏകാധിപതി നോവല്‍’ (Dictator Novel) വിഭാഗത്തോട് ചേര്‍ന്നു പോകുകയും
ഒപ്പം, അനന്യമായ ഒരു ജെന്‍ഡര്‍ അവബോധം പങ്കുവെക്കുകയും
ചെയ്യുന്ന The Feast of the Goat. മുന്‍ നോവലുകളില്‍ നിന്ന്
വ്യത്യസ്തമായി ചെറുത്തുനില്‍പ്പിന്റെ വില നിഷ്ഫലതയല്ല ഇവിടെ. മറിച്ച്, ട്രോമയും പാപങ്ങളിലെ പങ്കാളിത്തവും കുറ്റബോധവും എന്ന തലങ്ങളിലേക്കാണ് അത്
വികസിക്കുന്നത്.
ഡൊമിനിക്കന്‍
റിപ്പബ്ലിക്കിലെ സ്വേച്ഛാധിപതിയും ലാറ്റിന്‍ അമേരിക്കന്‍ ഏകാധിപതികളില്‍ ഏറെ
വിചിത്ര ഗാംഭീര്യത്തിന്റെയും പ്രകടനപരതയുടെയും ഒപ്പം അനന്യമായ ക്രൂരതയുടെയും
ഉടമയും ആയ റഫായേല്‍ ട്രുഹിയോയുടെ (Rafael
Leónidas Trujillo) നീണ്ട ഭരണത്തിന്റെ (1930-1961) അന്ത്യനാളുകള്‍
ആവിഷ്കരിക്കുന്ന നോവല്‍, മൂന്നു ആഖ്യാന ധാരകളെ പിന്തുടരുന്നു: 1961ല്‍, ജനറലിനെ
വധിക്കുന്ന കൊലയാളികളുടെ വീക്ഷണത്തില്‍, പ്രസ്തുത
ദൌത്യത്തിനായി തക്കം പാര്‍ക്കാന്‍ തുടങ്ങുന്ന ഘട്ടം മുതല്‍ തങ്ങളുടെ അന്ത്യം വരെ;
തന്റെ അന്ത്യദിനത്തിലെ പ്രഭാതം മുതല്‍ സായഹ്നം വരെ ജനറലിന്റെ വീക്ഷണത്തില്‍ ;
കൂടാതെ, സങ്കല്‍പ്പിക കഥാപാത്രമായ, എന്നാല്‍ നോവലിന്റെ നൈതിക
ദര്‍ശനത്തിന്റെ കേന്ദ്രമായ, ഉറാനിയ കബ്രാള്‍ എന്ന കഥാപാത്രത്തിന്റെയും.
അതില്‍ ആദ്യത്തേത് ഉറാനിയ കബ്രാളിന്റെതാണ്. പിതാവുമായും ബന്ധുക്കളുമായുള്ള ഉറാനിയയുടെ സംഭാഷണങ്ങള്‍ നോവലിസ്റ്റിനെ
സംബന്ധിച്ച് വര്‍ത്തമാന കാലത്തുനിന്നു അറുപതുകളുടെ തുടക്കത്തില്‍, ട്രുഹിയോ ഭരണം അതിന്റെ കരാളതയുടെ ഉത്തുംഗത്തില്‍ ആയിരുന്ന
നാളുകളിലേക്കുള്ള കാലിക മാറ്റത്തിനു വേണ്ട ഉപാധിയായിത്തീരുന്നു. ഉറാനിയയുടെ
വാക്കുകളില്‍ തെളിയുന്ന ചെറുപ്രായത്തിലെ അനുഭവങ്ങള്‍, പിതാവ്
അഗസ്റ്റിന്‍ കബ്രാള്‍, ജനറല്‍ ട്രുഹിയോ, 1961ലെ ട്രുഹിയോ വിരുദ്ധ കലാപത്തിനു ചുക്കാന്‍ പിടിക്കുകയും ജനറലിനെ
വധിക്കുകയും ചെയ്ത കൊലയാളികള്‍ എന്നിവരിലേക്കുള്ള നോവലിസ്റ്റിന്റെ
പാലമായിത്തീരുന്നു. ഉറാനിയ കബ്രാള്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്നു പറയുമ്പോഴും, നോവല്‍ പുറത്തിറങ്ങിയ ഘട്ടത്തില്‍ തന്നെത്തേടിയെത്തിയ ഒരു കത്തിനെ
കുറിച്ച് യോസ തന്റെ ചിക്കാഗോ പ്രഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഉറാനിയയുടെ
അനുഭവം തന്റെ അനിയത്തിക്കുണ്ടായ നേരനുഭവത്തിന്റെ കൃത്യമായ ആവിഷ്കാരമാണ് എന്ന്
കത്തെഴുതിയ ആള്‍ സാക്ഷ്യപ്പെടുത്തി. ട്രുഹിയോ കാലത്ത് അത് സാധാരണമായിരുന്നു.
ഇടവിട്ട
അധ്യായങ്ങളിലായി ആഖ്യാനം എഴുപതുകാരനായ ‘ആട്’ എന്ന ഇരട്ടപ്പേരുള്ള ജനറലിലേക്ക് തിരിയുന്നു. സ്വകാര്യമായി അവഗണിക്കാന്‍
ശ്രമിക്കുന്ന പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റെ രൂപത്തില്‍ പൌരുഷ നഷ്ടവും അയാളെ
അലട്ടുന്നു. ആണത്തഘോഷണം (machismo) കൂടെപ്പിറപ്പായ ലാറ്റിന്‍
അമേരിക്കന്‍ എകാധിപതിക്ക് സ്വയം തെളിയിക്കാന്‍ ആടു ചമഞ്ഞേ പറ്റൂ എന്നതും കൂടിയാണ്
നോവലിന്റെ തലക്കെട്ടിന്റെ പ്രസക്തിയും. ട്രുഹിയോയുടെ രോഗാതുരതയും ആണത്തനഷ്ടവും
അയാളുടെ ധാര്‍മിക പാപ്പരത്തത്തിന്റെയും അധികാര ദുഷ്ടിന്റെയും രൂപകമായിത്തീരുന്നു. കാബിനറ്റ്
അംഗങ്ങള്‍, ഇതര ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരില്‍നിന്ന്
സമ്പൂര്‍ണ്ണ വിധേയത്വം ആവശ്യപ്പെട്ട ട്രുഹിയോയില്‍, എല്ലാ
ഏകാധിപതികളെയും പോലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭയം ഒരു പാരനോയ ആയി വര്‍ത്തിക്കുന്നു.
ട്രുഹിയോയെ വധിക്കാനുള്ള ഗൂഡപദ്ധതി പ്രധാനമായും ഏഴു പേരാണ് ആസൂത്രണം ചെയ്യുന്നത്.
കൊലയാളികളുടെ വിധി, ചരിത്രത്തില്‍ ഇടപെടുന്നതിന്റെയും കര്‍തൃത്വത്തിന്റെയും
വില അടയാളപ്പെടുത്തുന്നു – പ്രതികാര നടപടി, പീഡനം, പ്രസ്തുത ശ്രമങ്ങള്‍ നടത്തുന്ന ആദര്‍ശവാദികളെ വലിച്ചെടുക്കാനും ഉന്മൂലനം
ചെയ്യാനുമുള്ള വ്യവസ്ഥിതിയുടെ പ്രാപ്തി എന്നതാണ് അത്.
നോവലിന്റെ
അവസാനഭാഗം ഒരിക്കല്‍ക്കൂടി കൂടി ഉറാനിയയിലേക്ക് തിരയുമ്പോഴാണ് നേരത്തെ സൂചിതമായ
ചോദ്യങ്ങളുടെ വിശദാംശങ്ങളിലേക്ക് നാം എത്തിച്ചേരുന്നത്. പതിനാലുകാരിയെ
‘ആടി’ന് കൂട്ടിക്കൊടുത്ത് നഷ്ടപ്രതാപവും
പദവിയും തരിച്ചു പിടിക്കാന്‍ ശ്രമിച്ച പിതാവും, അവള്‍ കടന്നുപോയ ട്രോമയും ലാറ്റിന്‍ അമേരിക്കന്‍ നോവലുകളില്‍, വിശേഷിച്ചും ‘ഏകാധിപതി നോവല്‍’ പാരമ്പര്യത്തില്‍
അത്യപൂര്‍വ്വമായ ഒരു ജെന്‍ഡര്‍ സംവേദനത്വ വ്യതിയാനം അടയാളപ്പെടുത്തുന്നു.
പെണ്ണുടല്‍ തന്നെയും യുദ്ധഭൂമിയും ട്രോമകളുടെ വാഹക ഇടവുമായിത്തീരുക എന്ന
ആണധികാരവും അധികാരവും ഒന്നായിത്തീരുന്ന ആഖ്യാനങ്ങളില്‍ അവള്‍ കര്‍തൃത്വം
തിരിച്ചുപിടിക്കുകയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നത് പ്രസ്തുത
പാരമ്പര്യത്തില്‍ തികച്ചുമൊരു വേറിട്ടുപോക്ക് തന്നെയാണ്. ഉറാനിയയുടെ സംഭാഷണങ്ങള്‍ ഫലത്തില്‍
പിതാവിന്റെയും അതുപോലെ മൌനം കൊണ്ടോ, പിന്തുണ കൊണ്ടോ, സര്‍വ്വാധിപത്യ പാപങ്ങളിലെ സഹകുറ്റവാളിത്തത്തിന്റെയും (complicity) ധാര്‍മ്മിക വിചാരണ തന്നെ ആയിത്തീരുകയാണ്.
ഏകാധിപതിയും
പങ്കാളികളും, ചെറുത്തുനില്‍പ്പുകാരും കര്‍തൃത്വത്തോടെ ഇടപെടുന്നവരും, ഇരകളും
ട്രോമകള്‍ നേരിടുന്നവരും എന്ന ത്രിതല ഘടനയിലൂടെ ഏകാധിപത്യത്തിന്റെ സമ്പൂര്‍ണ്ണ
അനാട്ടമിയാണ് യോസ ചിത്രീകരിക്കുന്നത്
എന്നു പറയാം - ‘അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍ വരക്കുന്നതിലും വ്യക്തികളുടെ
ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും പരാജയങ്ങളെയും രേഖപ്പെടുത്തുന്ന തീക്ഷ്ണ
രൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലുമുള്ള മികവ്’ എന്ന് നോബല്‍ അക്കാദമി അതിനെ വിവരിച്ചു. ആദ്യ കൃതികളില്‍ ലിബറല്‍ ആദര്‍ശപരതയുടെ
അസ്തിത്വ പരമായ, ദാര്‍ശനിക തലത്തിലുള്ള പരാജയങ്ങളായി ആവിഷ്കരിക്കപ്പെട്ട (‘Sisyphean
act’ - Kristal, 1998) ചെറുത്തുനില്‍പ്പു
ശ്രമങ്ങള്‍, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ട്രോമ, എങ്ങുമെത്താതെ പാഴായിപ്പോകുന്ന ധീരാതാ പ്രകടനം,
എകാധിപതിയോ, പങ്കാളികളോ നടത്തുന്ന പൈശാചിക ന്യായീകരണങ്ങള്‍
എന്നിങ്ങനെ മൂന്നാമതു കൃതിയില്‍ പരിവര്‍ത്തിക്കപ്പെടുന്നു. ഇവിടെ കര്‍തൃത്വം
സാധ്യമാണ്, പക്ഷെ ചരിത്രം/ പരിണിത
ഫലങ്ങള്‍ അതിനെ വിഴുങ്ങിക്കളയും. അസംബന്ധം എന്നതില്‍ നിന്ന് ഒരാഗധ ഗര്‍ത്തത്തിലേക്ക്
അറിഞ്ഞുകൊണ്ടുതന്നെയുള്ള പതനം എന്ന ഊന്നല്‍ മാറ്റം, അസ്തിത്വപരമായ
ദാര്‍ശനിക ആകുലതയുടെ ആവിഷ്കാരം എന്നതില്‍ നിന്ന് നോവലിനെ ഉടലോടെ അറിയുന്ന ദുരന്തത്തിന്റെ
ആവിഷ്കാരമാക്കി മാറ്റുന്നു: അത് ജെന്‍ഡര്‍ മാനങ്ങളുള്ള ഹിംസയെ കുറിച്ചാണ്, ചരിത്രപമായ ഓര്‍മ്മകളെയും ഏകാധിപത്യവും അതിനു പരവതാനി വിരിക്കുന്ന
പങ്കാളിത്തവും സംബന്ധിച്ചാണ്. വ്യര്‍ത്ഥതാബോധത്തിലേക്കാണ് ആല്‍ബെര്‍ട്ടോയുടെയും,
സാന്റിയാഗോ സവാലയുടെയും പ്രതിഷേധങ്ങള്‍ പരിവര്‍ത്തിക്കപ്പെട്ടതെങ്കില്‍, ജീവിതം മുഴുവന്‍ അനുഭവിക്കേണ്ട ട്രോമയാണ് ഉറാനിയയുടെ വിധിവിഹിതം.
‘നായകന്റെ സമയം’ സ്ഥാപനവല്കൃത ജീര്‍ണ്ണതയുടെ ബ്ലു പ്രിന്റ്
ആയിരുന്നെങ്കില്‍, ‘കത്തീഡ്രലിലെ സംഭാഷണങ്ങള്‍’ അതിനെ
വികസിപ്പിക്കുകയും ചെയ്തുവെങ്കില്‍, ‘ആടിന്റെ വിരുന്ന്’ ആ ഘടനയുടെ നാശാവിശിഷ്ടങ്ങള്‍ക്കു മേല്‍ പണിതുയര്‍ത്തിയ ഒരു പ്രേതാവിഷ്ട
ഭവനമാണ് – അവിടെ വിപ്ലവം ആരെയും വെറുതെ വിടുന്നതേയില്ല; എന്നാലോ, മൗനം എല്ലാവരെയും കുറ്റവാളികള്‍ ആക്കുകയും ചെയ്യും. ഏകാധിപതി ഒരു ശാരീരിക ഉണ്മ
തന്നെയാണ് ‘ആടിന്റെ വിരുന്നി’ല്‍: സ്വയം ദൃശ്യ വസ്തുവും (theatre), രോഗവും, നിയന്ത്രകനും, നിയന്ത്രണവുമായി
അടയാളപ്പെടുത്തുന്നവന്‍, ആന്തരാ
അഴുകിക്കൊണ്ടിരിക്കുമ്പോഴും ഭയവും മുറിവുകളും അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവന്‍, അഗുസ്തോ റോവ ബാസ്തോസിന്റെ പരാഗ്വേയന്‍ ഏകാധിപതിയെ
പോലെ (I, the
Supreme), മാര്‍ക്കേസിന്റെ കരീബിയന്‍ ഏകാധിപതിയെ പോലെ (The Autumn of the Patriarch) ആത്മരതിയുടെയും പാരനോയയുടെയും
ആള്‍രൂപം.
ട്രുഹിയോ പ്രതിനിധാനം ചെയ്യുന്ന ആന്തരാ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന
ഹൈപര്‍ മാസ്കുലിന്‍, ഏകാധിപതി സ്വരൂപത്തിന്റെ
എതിരറ്റത്താണ് ഉറാനിയ നിലയുറപ്പിക്കുന്നത്. അവളുടെ ചെറുപ്പം, സ്ത്രീത്വ സ്വത്വബോധം, അതിലുപരി, അവള്‍
അതിജീവിക്കുന്നു, ശക്തമായി അതിജീവിക്കുന്നു എന്ന
യാഥാര്‍ത്ഥ്യവും – ഇവയെല്ലാം അവളെ ഭാവിയുടെ പ്രതീകമായി അടയാളപ്പെടുത്തുകയും
ചെയ്യുന്നു. നിരന്തരം അനുഭവിക്കാനുള്ള ട്രോമയുടെ അകമ്പടിയോടെയാണെങ്കിലും അവള്‍
പാട്രിയാര്‍ക്കല്‍ - ഏകാധിപത്യ പാരമ്പര്യത്തില്‍ നിന്നുള്ള വിച്ഛേദത്തിന്റെ
പ്രതീകമാണ്. പുരുഷ ഗര്‍വ്വാനന്തര കാലത്തിലേക്ക് (post-machismo era) ഉറ്റുനോക്കുന്ന ഒരു കഥാപാത്രത്തെ നോവലിന്റെ
നൈതികകേന്ദ്രമായി സ്ഥാപിക്കുന്നതിലൂടെ ജെന്‍ഡര്‍ ബോധ്യങ്ങളുടെ കാര്യത്തില്‍
ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ പ്രാമാണികമായി നിലനിന്ന ആഖ്യാന
പാരമ്പര്യത്തില്‍ വ്യതസ്തമായ ഒരു വഴി തുറക്കുകയും ചരിത്രപരമായ ഒരു തമസ്കരണത്തെ
അവസാനിപ്പിക്കുകയുമായിരുന്നു യോസ.
(Read more on The Feast of the Goat here:
https://alittlesomethings.blogspot.com/2025/07/the-feast-of-goat-by-mario-vargas-llosa.html )References:
1. Thomas Mallon.
‘Restless Realism, Mario Vargas Llosa’s Imagined Lives’ Ney York Times, March
16, 2015 pp 78-82
2. Nick Caistor.
‘Mario Vargas Llosa obituary’, the Guardian, 14.04.2025
3. Temptation of
the Word: The Novels of Mario Vargas Llosa By Efraín Kristal p.33
4. "Lost
Generation" എന്ന പ്രയോഗം, 1920-കളില്‍ സജീവമായിരുന്ന, ഒന്നാം ലോക യുദ്ധത്തിന്റെ കെടുതികളില്‍
നിരാശരായിരുന്ന ഹെമിംഗ് വെ, ഗെര്‍ട്രൂഡ് സ്റ്റെയ്ന്‍, ഫിറ്റ്സ്ജെറാല്‍ഡ്, എസ്രാ പൌണ്ട്, എലിയറ്റ്, ഡോസ് പോസോസ് തുടങ്ങിയ എഴുത്തുകാരെ സൂചിപ്പിക്കുന്നു. അവര്‍ തങ്ങളുടെ അന്യതാ
ബോധവും ലക്ഷ്യരാഹിത്യവും അവരുടെ കൃതികളുടെ വിഷയമാക്കി. നിരാശ, അസ്ഥിത്വപരമായ അനിശ്ചിതാവസ്ഥ, സാമ്പ്രദായിക മൂല്യങ്ങളുടെ തകര്‍ച്ച തുടങ്ങിയ
പ്രമേയങ്ങള്‍ കൈകാര്യം ചെയ്തു.
5. Vargas Llosa,
Mario. 2017. The Writer and His Doubles. Berlin Family Lectures, University of
Chicago, May 3. Video, 1:18:23.
https://www.youtube.com/watch?v=7g9cO_Qg70s&t=4703s.
No comments:
Post a Comment