Featured Post

Sunday, July 6, 2025

Pamparam by Damu Nair (Malayalam Novel)

 വിനാശകതയിലേക്കുള്ള ഒറ്റയാള്‍ വഴി


    ആസക്തിയുടേത് ഒരു വിചിത്രവഴിയാണ്. ഏകാന്തതയുടെ/ മടുപ്പിന്റെ/ ആവേശാന്വേഷണത്തിന്റെ പ്രായേണ നിരുപദ്രവമായ രീതികളില്‍ തുടങ്ങി സാഹചര്യങ്ങളിലും സൗഹൃദങ്ങളിലും വളര്‍ന്നു സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെ/ അടിമത്തത്തിന്റെ ഊരാകുടുക്കിലൂടെ മുന്നോട്ടു പോയിഇനിയൊരു ഘട്ടത്തില്‍ തിരികെ സൗഹൃദ നഷ്ടങ്ങളുടെ പിന്‍ നടത്തത്തിലൂടെ വീണ്ടും ഒറ്റപ്പെടലിലേക്കും ഏകാന്തതയിലേക്കും ഒടുവില്‍ സ്വയം നശീകരണത്തിന്റെ ഗതികേടിലേക്കും അത് സഞ്ചരിക്കുന്നു. വ്യക്തികളുടെ പടിപടിയായുള്ള ഈ തകര്‍ച്ച സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഒട്ടേറെ കൃതികള്‍ ലോക സാഹിത്യത്തിന്റെ ഭാഗമാണ്. ഫ്ലോബേറിന്റെ മദാം ബോവേറി (Madame Bovary ), എമിലി സോലയുടെ നാനാ (Nana), ടോള്‍സ്റ്റോയിയുടെ അന്ന ( Anna Karenina തുടങ്ങിയ കഥാപാത്രങ്ങള്‍തങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാനാകാത്ത സ്വയം നശീകരണ പ്രവണതയില്‍ ആണ്ടു മുങ്ങുകയും തങ്ങളെയും ചുറ്റുമുള്ളവരെയും സര്‍വ്വനാശത്തിന്റെ നിലയില്ലാക്കയത്തില്‍ മുക്കിക്കൊല്ലുകയും ചെയ്യുന്നവരാണ്. ആംഗലേയ സാഹിത്യത്തിലെ അപൂര്‍വ്വ പ്രതിഭാസമായിരുന്ന ബ്രോണ്ടി സഹോദരിമാരില്‍ ഏറ്റവും കുറച്ചു അറിയപ്പെട്ടവരായിരുന്ന ആന്‍ ബ്രോണ്ടിയുടെ മാസ്റ്റര്‍പീസ്‌ ‘The Tenant of Wildfell Hall’, വിവാദങ്ങള്‍ക്കു തിരികൊളുത്തിയതും ‘പെണ്‍കുട്ടികളുടെ കയ്യില്‍ ഒരിക്കലും എത്തിപ്പെട്ടു കൂടാത്തത് എന്ന വിമര്‍ശനത്തോടെ *1എന്ന ലേബലോടെ ദീര്‍ഘകാലം ഔട്ട്‌ ഓഫ് പ്രിന്റില്‍ തുടര്‍ന്നതിനും പിന്നില്‍ ഗാര്‍ഹിക പീഡന രംഗങ്ങളുടെയും അമിത മദ്യപാന ചിത്രീകരണത്തിന്റെയും പേരിലായിരുന്നു. ഇന്ന് ഫെമിനിസ്റ്റ് സാഹിത്യത്തിന്റെ ശക്തമായ ഒരാദ്യകാലകാല ഈടുവെപ്പായി നോവല്‍ അംഗീകരിക്കപ്പെടുന്നു. മദ്യത്തിലും മറ്റു ലഹരികളിലും മുങ്ങിത്താഴുകയും തന്നെയും ചുറ്റുമുള്ളവരെയും അതിന്റെ കെടുതികളില്‍ ആഹൂതി ചെയ്യിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ സമകാലിക നോവലുകളില്‍ - വിശേഷിച്ചും അസംതൃപ്തവും അതിദയനീയവുമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അധസ്ഥിതര്‍, സാമൂഹികമായി പാര്‍ശ്വവല്കരിക്കപ്പെട്ടവര്‍ തുടങ്ങിയ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന ഏഷ്യന്‍ - ആഫ്രിക്കന്‍, ആഫ്രിക്കന്‍ അമേരിക്കന്‍, ഗോത്ര/ ആദിമ വിഭാഗങ്ങള്‍ തുടങ്ങിയവരുടെ കഥകളില്‍ - എത്രയും കാണാം. ടോണി മോറിസന്റെ നോവലുകള്‍ (Beloved, The Bluest Eye …) മുതല്‍, ജെസ്മിന്‍ വാര്‍ഡിന്റെ Salvage the Bones ലൂടെ ആ പട്ടിക നീളുന്നു.

    കാല്‍പ്പനികതാ പ്രസ്ഥാനത്തിന്റെ ആത്മനിഷ്ട വൈകാരികതക്കെതിരായി കൂടുതല്‍ സത്യസന്ധവും യഥാതഥവുമായ വസ്തുനിഷ്ഠ സമീപനത്തിലൂടെ മനുഷ്യ ദുരന്തങ്ങളുടെ ആഴം തേടുകയെന്ന സമീപനം ( Naturalism ) സോലയെയും ഫ്ലോബേറിനെയും ടോള്‍സ്റ്റോയിയെയും ആകര്‍ഷിച്ചപ്പോള്‍,   ദുരന്തകാരണമായി നിലക്കൊണ്ടത് പാരമ്പര്യം (heredity), ചുറ്റുപാടുകള്‍ (environment ) എന്നീ ഘടകങ്ങളുടെ നിര്‍ണ്ണായകത്വം (deterministic view) എന്നതായിരുന്നു. ഹെമിംഗ് വെസ്റ്റീന്‍ബക്ക്ഫോക്നര്‍ തുടങ്ങിയ വലിയ പ്രതിഭകളിലൂടെ ആധുനിക സാഹിത്യത്തിലേക്കും വ്യാപിച്ച, അടിസ്ഥാനപരമായി അശുഭാപ്തിവിശ്വാസ (pessimistic) പ്രകൃതമുള്ള naturalism’   അതിന്റെ വകഭേദങ്ങളായി മലയാള സാഹിത്യത്തെയും സ്വാധീനിക്കാതെ വഴിയില്ല. എം.ടിമുകുന്ദന്‍ തുടങ്ങിയവരുടെ ആദ്യകാല കൃതികളിലെ വിഷാദാത്മക/ മൂല്യ നിരാസ (nihilistic ) മനോഭാവങ്ങളില്‍ അത്തരം സ്വാധീനം കണ്ടെത്താനായേക്കും. എന്നാല്‍ ഗൃഹാതുരതയുടെ കാല്‍പ്പനിക പരിവേഷം കുടഞ്ഞു കളയുന്നതില്‍ അവ ഒട്ടുമേ മുന്നോട്ടു പോവുകയുണ്ടായില്ല. ഖസാക്കിലെ രവിയിലെത്തുമ്പോള്‍ ഘനീഭവിച്ച ദാര്‍ശനികതയുടെ അമിതഭാരം നോവലിനെ കഥാപാത്രത്തിന്റെയും ഒരുവേള എഴുത്തുകാരന്റെ തന്നെയും ആത്മനിഷ്ഠ ഭൂമികയാക്കി മാറ്റുകയും ചെയ്യുന്നു.

    ദാമു നായര്‍ രചിച്ച ‘പമ്പരം’ എന്ന നോവല്‍ മദ്യാസക്തിയെന്ന ദുരന്തകാരിയായ വിഷയത്തെ ഒരു നാച്ചുറലിസ്റ്റ് നോവലിസ്റ്റിന്റെ സൂക്ഷ്മതയോടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന കൃതിയാണ്. ഭേദപ്പെട്ട കുടുംബ ചുറ്റുപാടുകളും മാന്യമായ സര്‍ക്കാര്‍ ഉദ്യോഗവുമുള്ള കുടുംബസ്ഥനായ മുഖ്യ കഥാപാത്രം അവക്കപ്പുറം നല്ല വായനക്കാരനും എല്ലുറപ്പുള്ള സാമൂഹിക ബോധ്യങ്ങളുള്ള, കാലഘട്ടത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളെ ഉള്‍ക്കാഴ്ചയോടെ പിന്തുടരുന്ന എഴുത്തുകാരനുമാണ്. എഴുപതുകളുടെയും എമ്പതുകളുടെയും ഊര്‍ജ്ജസ്വലമായിരുന്ന കേരളീയ സാംസ്കാരിക ഭൂമികയോടും അക്കാലത്തെ ബൗദ്ധികാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ച എഴുത്തുകാരോടും സാംസ്കാരിക നായകരോടും വലിയൊരു ആരാധന നോവലിസ്റ്റ് പങ്കുവെക്കുന്നുണ്ട് എന്ന് വ്യക്തം. ലോക സാഹിത്യത്തിലെ അതികായന്മാരുടെ കൃതികള്‍ക്കുള്ള അര്‍ച്ചനയായി ഒട്ടേറെ സൂചനകളും നോവലില്‍ നിറയുന്നുണ്ട്. അയാളുടെ സൗഹൃദ വലയത്തില്‍ പെട്ടവരില്‍ സമാന ചിന്താഗതികള്‍ ഉള്ളവരും ദാര്‍ശനികവേദാന്ത വിഷയങ്ങളില്‍ തല്‍പ്പരരും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, ദസ്തയവ്സ്കിയുടെ ‘ചൂതാട്ടക്കാര’നെപ്പോലെ രാമചന്ദ്രന് സ്വയം തോറ്റുപോവുക അയാളുടെ മദ്യാസക്തിയുടെ മുമ്പിലാണ്. നഷ്ടങ്ങളുടെ നൈരന്തര്യം പതിയെ പതിയെ തുടങ്ങുകയും സുരതാവേഗത്തോടെ അയാളെ ആമഗ്നനാക്കുകയും ചെയ്യും. ആദ്യം ജോലി, പിന്നെ വീട്, പുരയിടം ഒടുവില്‍ അയാളുടെ ആത്മവത്ത തന്നെയും അയാള്‍ക്ക് കൈവിട്ടു പോകും. ഒരുകാലത്ത് എന്തിനും ഏതിനും കൂട്ടായി മദ്യമേശയില്‍ ചുറ്റിക്കൂടിയവര്‍ അറപ്പുളവാക്കുന്ന പകര്‍ച്ച വ്യാധിക്കാരനെ പോലെ തന്നില്‍ നിന്ന് അകന്നു പോകുന്നത് അയാള്‍ക്ക് കാണേണ്ടി വരും. മദ്യാസക്തിയുടെ നീരാളിപ്പിടുത്തത്തില്‍ കര്‍തൃത്വഗുണങ്ങളെല്ലാം നഷ്ടപ്പെട്ട്, സസ്പെന്‍ഷന്‍ കാലയളവിന്റെ ജീവനാംശം പോലും നേടിയെടുക്കാനാവാതെ മദ്യശാലകളില്‍ നിന്ന് മദ്യശാലകളിലേക്കും അതിനുള്ള വരുമാനം തേടി ഫലത്തില്‍ ഇരക്കുന്ന മനോ നിലയിലേക്കുമുള്ള രാമചന്ദ്രന്റെ പതനം ഏകാഗ്രതയോടെ നോവലിസ്റ്റ് പിന്തുടരുന്നു. കടം വാങ്ങി കടം വീട്ടുകയെന്ന ഉടന്തടി പരിഹാര രീതിയിലേക്കു വീണുപോകുന്ന ഒരാള്‍ വട്ടിപ്പലിശക്കാരുടെ ഇരയായിത്തീരുക എന്നതും വര്‍ത്തമാനകാല സാമൂഹിക അനിവാര്യത തന്നെയാണ്. നിത്യജീവിതം തള്ളിനീക്കുകയെന്ന വെല്ലുവിളികടബാധ്യതയില്‍ നിന്ന് കൂടുതല്‍ കടബാധ്യതയിലേക്ക് എന്ന ചതുപ്പില്‍ വീഴ്ത്തിക്കളയുന്ന ഒരാള്‍ക്ക് അയാളുടെ ധൈഷണിക, സര്‍ഗ്ഗാത്മക ജീവിതമൊക്കെ എരിഞ്ഞടങ്ങുന്നതിനും സാക്ഷിയാകാതെ വയ്യ. അങ്ങനെ നോക്കുമ്പോള്‍, രാമചന്ദ്രന്റെത് ആസക്തിയുടെ വിനാശകതയും സാമൂഹിക സാമ്പത്തിക നിര്‍ണ്ണായത്വത്തിന്റെ അപ്രമാദിത്തവും ചേരുന്ന ക്ലാസിക്കല്‍ ദുരന്ത സന്ധിയാണ്.

    എന്നാല്‍ വലിയൊരു പാരമ്പര്യത്തോട് കണ്ണിചേരാനുള്ള നോവലിന്റെ ഈ സാധ്യതയെ ഒമ്പതു പേജുകള്‍ മാത്രമുള്ള ആറാംഭാഗം അട്ടിമറിക്കുന്നു എന്നൊരു നിരീക്ഷണം സാധ്യമാണ്. ജീവിതോന്മുഖതയുടെ ഒരു വെളിച്ചത്തില്‍ വേണം തന്റെ ആഖ്യാനം അവസാനിപ്പിക്കാന്‍ എന്നു നോവലിസ്റ്റ് തീരുമാനിച്ചെങ്കില്‍ അതിനു അതിന്റേതായ സത്യമുണ്ടാവാം. പക്ഷെ, വിനാശകമായ ആസക്തിയെന്ന വിഷയത്തെ ഉടനീളം സത്യസന്ധമായി പിന്തുടരുകയും ആ വഴിയില്‍ പല കഥാപാത്രങ്ങളുടെയും ആത്മഹത്യകള്‍ ഉള്‍പ്പടെയുള്ള എരിഞ്ഞടങ്ങല്‍ സൂചിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയും കാണിക്കാതെ മുന്നോട്ടു പോവുന്ന നോവലിന് ഈ ഭാഗം ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ തുറവു ലഭിച്ചേനെ എന്ന തോന്നല്‍ അമിത വിമര്‍ശക ദൃഷ്ടിയും ആകാം. നോവലിലെ മറ്റൊരു പരിമിതിയായി അനുഭവപ്പെട്ടത് ഇതര കഥാപാത്രങ്ങളുടെ പതനങ്ങള്‍ ‘പറഞ്ഞു പോകുന്ന’ രീതിയാണ്. നോവലിലെ ദുരന്ത കഥാപാത്രങ്ങളില്‍ ദാര്‍ശനിക മാനങ്ങളുള്ള പരാജയങ്ങള്‍ മുതല്‍ ആതിഥേയ പ്രിയതയുടെ ധാരാളിത്തത്തില്‍ മുടിഞ്ഞു പോവുകയും കൂട്ടാളിയായി കൂടെക്കൂടുന്നവന്‍ ഭാര്യയുടെ ജാരനായിത്തീരുന്നതു കണ്ടു ആത്മനിന്ദയില്‍ ഒടുങ്ങിപ്പോവുകയും ചെയ്യുന്നവര്‍ വരെയുണ്ട്. എന്നാല്‍, ഇത്തരം നീറ്റലുകളെ അതാതു കഥാപാത്രങ്ങളിലോ അവരുടെ ജീവിതാവസ്ഥകളിലോ നോവലിസ്റ്റ് കാര്യമായി പിന്തുടരുന്നില്ല. മറിച്ചു, കഥാനായകന്റെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു സംഭവിക്കുന്ന പതനങ്ങളുടെ ചിത്രീകരണം സൃഷ്ടിക്കുന്ന ഏകാതാനത  പലപ്പോഴും അസ്വാരസ്യം സൃഷ്ടിക്കുന്നുമുണ്ട്‌. പാത്രദീക്ഷയിലെ ഊന്നല്‍പരിമിതി ഏറ്റവും തെളിഞ്ഞു കാണാനാകുക, ഒരു കുടുംബിനിയുടെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ ഏതാണ്ട് ഒറ്റയ്ക്കു പേറേണ്ടി വരുന്ന രാമചന്ദ്രന്റെ ഭാര്യയുടെ ചിത്രീകരണമാണ്. മദ്യത്തിന് അടിമയാകുന്ന ഒരാള്‍ കര്‍തൃത്വം തീര്‍ത്തും നഷ്ടപ്പെട്ടു എല്ലാം ‘സംഭവിക്കാന്‍’ കാത്തു നില്‍ക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ആ ഭാരം കൂടി സ്വയം ഏറ്റെടുക്കേണ്ടിവരുന്ന ഒരമ്മ/ ഭാര്യ അത്ര നിശബ്ദമായാവുമോ അതൊക്കെയും നേരിട്ടിട്ടുണ്ടാവുക എന്ന സന്ദേഹം അസ്ഥാനത്തല്ല. ആവിഷ്കാര രീതിയില്‍ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരുന്നില്ല എന്നതും മുകളില്‍ സൂചിപ്പിച്ച ഏകാതാനതയുടെ കാരണമാകാം. എന്നിരുന്നാലും, അനുഭവ വൈവിധ്യങ്ങളെ പിന്തുടരുന്നതില്‍ ഒരിക്കലും മടിച്ചു നിന്നിട്ടില്ലാത്ത മലയാള നോവല്‍ സാഹിത്യത്തില്‍ എന്തുകൊണ്ടോ വേണ്ടത്ര ആഴത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രമേയത്തെ കേന്ദ്ര സ്ഥാനത്തില്‍ നിര്‍ത്തി ആവിഷ്കരിക്കുന്ന കൃതി എന്ന നിലയില്‍ ‘പമ്പരം’ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.   

 *1. *1. (“…the fault of the book is coarseness—not merely that coarseness of subject which will be the stumbling‑block of most readers, and which makes it utterly unfit to be put into the hands of girls…”- "Mr. Newby Will Publish On The 24th, Mr. Acton Bell's Novel, The Tenant Of Wildfell Hall". The Morning Post. 23 June 1848. p. 8 – via British Newspaper Archive.- recovered with AI help

ഫസല്‍ റഹ്മാന്‍

 


2 comments:

  1. ഞങ്ങളുടെ ഫസലുക്കയുടെ വിമർശനങ്ങൾ വായിക്കുമ്പോൾ എത്രയോ മഹാ രഥന്മാരുടെപുസ്തകങ്ങളുടെ കഥാപാത്രങ്ങളും അവരുടെ സ്വഭാവങ്ങളും പഠിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കുന്നു. നന്ദി സുജകമായി ഒരു കമൻറ് എങ്കിലും ഇട്ടില്ലെങ്കിൽ അത് വലിയ ആത്മനിന്നക്ക് കാരണമാകും

    ReplyDelete
  2. നന്ദി... സന്തോഷം ....

    ReplyDelete