‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍’: ചരിത്രനീതിയെന്ന പ്രഹേളിക
ലബനീസ് നോവലിസ്റ്റ് റബീ ജാബെറിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പ്രകാരം
(IPAF- 2012) നേടിക്കൊടുത്ത നോവലാണ് ബെല്‍ ഗ്രേഡിലെ ദുറൂസികള്‍’ (The Druze of Belgrade). ചരിത്രത്തിന്റെ നിരങ്കുശവും ഏകപക്ഷീയവും നീതിരഹിതവുമായ ഇടപെടലില്‍
കുരുങ്ങിപ്പോകുന്ന മനുഷ്യരുടെ ദുരന്തപൂര്‍ണ്ണവും ദുരിതപൂര്‍ണ്ണവുമായ ജീവിതകഥയാണ്
നോവല്‍ ആവിഷ്കരിക്കുന്നത്. സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും വിഭാഗീയ
അക്രമങ്ങളുടെയും രാഷ്ട്രീയ ഗൂഢാലോചനകളുടെയും വേലിയേറ്റത്തിൽ കുടുങ്ങിപ്പോകുന്ന
നിരപരാധിയായ, വെറുമൊരു മുട്ടക്കച്ചവടക്കാരനായ ഹന്ന യാക്കൂബ് എന്ന പാവം യുവാവിന്റെ
കഥയാണ് അതിന്റെ കാതൽ. ചരിത്രത്തിനു കേവലം വ്യക്തികളെ രൂപപ്പെടുത്തുക മാത്രമല്ല,
അവരെ അകാരണമായും ദയാരഹിതമായും മുഴുവനായും ദഹിപ്പിച്ചു കളയാനും കഴിയും എന്നതിന്റെ മരവിപ്പിക്കുന്ന
ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ നോവൽ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ലെബനനില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളില്‍
ഒരു ഭാഗത്ത് മാരോനൈറ്റ് ക്രിസ്ത്യാനികളും മറുഭാഗത്ത് ദുറൂസി മുസ്ലിംങ്ങളും
ഏറ്റുമുട്ടി. ഭാഗധേയങ്ങള്‍ മാറിമറിഞ്ഞ സംഘര്‍ഷം, ഒടുവില്‍
ക്രിസ്ത്യന്‍ കൂട്ടക്കൊലയിലേക്ക് നയിച്ചു. അക്കാലമാകുമ്പോഴേക്കും
അപചയപ്പെട്ടുകൊണ്ടിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്, ക്രിസ്ത്യന്‍ സംരക്ഷകരായി
ഇടപെടാന്‍ തുടങ്ങിയേക്കാമായിരുന്ന ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍
അക്രമകാരികള്‍ക്കെതിരില്‍ നടപടിഎടുക്കല്‍ അനിവാര്യമായി. തുടര്‍ന്ന് ഒട്ടേറെപ്പേര്‍
നാടുകടത്തലിനും മറ്റും വിധേയരായി. അക്കൂട്ടത്തില്‍, ബെല്‍
ഗ്രേഡിലെ തടവറയിലേക്ക് കൊണ്ടുപോകപ്പെട്ട ‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍’
എന്നുവിളിക്കപ്പെട്ട ഒരു കൂട്ടം തടവുപുള്ളികളുടെ കൂട്ടത്തിലാണ് ഹന്നാ യാക്കോബ്
എത്തിപ്പെടുന്നത്. വംശീയ അടിയൊഴുക്കുള്ള ഒരു ആള്‍മാറാട്ടത്തില്‍ ഇരയായിപ്പോകുന്ന
അയാള്‍, വാസ്തവത്തില്‍ ഒരു ക്രിസ്ത്യാനിയാണ്; വീട്ടില്‍ അയാളെ കാത്തു പതിനേഴു വയാസുമാത്രമുള്ള ഭാര്യയും പതിനൊന്നു മാസം
പ്രമുള്ള മകളുമുണ്ട്. തടവറയിലേക്ക് പോകുന്ന അഞ്ചു സഹോദരങ്ങളില്‍ ഒരാളെയെങ്കിലും
വിട്ടുകിട്ടാന്‍, വേണ്ടെന്നു വെക്കാനാകാത്ത കൈക്കൂലിയുമായെത്തുന്ന ഗഫാര്‍
എസെദ്ദീന്‍ എന്ന വയോധികനെ നിഷേധിക്കാനാകാത്ത ഇസ്മയില്‍ പാഷ,
ഒരു സാഹചര്യം സൃഷ്ടിക്കുന്നു. അഞ്ഞൂറ് പേരടങ്ങുന്ന തടവുപുള്ളികളെ എണ്ണി
കണക്കാക്കാനെത്തുന്ന ഫ്രഞ്ച് ഉദ്യോഗസ്തുനു മുന്നില്‍ എണ്ണം തികക്കാന്‍ ഒരാളെ
കണ്ടെത്താന്‍ ശ്രമിക്കുന്ന ഫ്രഞ്ച് കോണ്‍സല്‍, അന്നേരം പോര്‍ട്ടിലുള്ള ഹതഭാഗ്യനെ
വശീകരിക്കുന്നു. അല്‍പ്പനേരം ഒരു ആള്‍മാറാട്ടം നടത്തുക. അടുത്ത പോര്‍ട്ടില്‍
നിന്ന് തിരികെ വരാം. മികച്ചൊരു പ്രതിഫലവും ലഭിക്കും. കഥയേതുമറിയാത്ത യുവാവ്
പിന്നെയങ്ങോട്ട് തന്റെ ജീവിതത്തിനു മേല്‍ ഒരു നിയന്ത്രണവുമില്ലാത്ത കുരുക്കില്‍
പെട്ടുപോകുന്നു. ‘തെറ്റായ സമയത്ത് തെറ്റായ ഇടത്തില്‍ ഉണ്ടായിപ്പോയി എന്നതിന്
വിധിയുടെ ശിക്ഷ’ എന്ന് നോവലിസ്റ്റ് എഴുതുന്നു.
പിന്നീടുണ്ടാവുന്നത് വര്‍ഷങ്ങള്‍ നീളുന്ന, വന്‍കരകള്‍ പിന്നിടുന്ന തടവറ, പീഡനം, അപമാനവീകരണം (dehumanization) തുടങ്ങിയവയുടെ അവസാനമില്ലാത്ത നൈരന്തര്യമാണ്. ഒരു സുപ്രഭാതത്തില്‍ അതേ
പകലറുതിയില്‍ തിരികെയത്താനായി വീടുവിട്ടിറങ്ങിയ അയാള്‍ തിരികെയത്തുക, അയാള്‍ എന്തായിരുന്നോ അതല്ലാത്ത രീതിയില്‍, ഉടലിലും
മനസ്സിലും ഏറ്റ മുറിവുകളുടെ വടുക്കളുമായി, പ്രായവുമായി ഒരു ബന്ധവുമില്ലാത്ത തകര്‍ന്നുപോയ
ഒരു വൃദ്ധനായാണ്.
വീറില്ലാത്ത കഷ്ടപ്പാടുകളുടെ ഒരു ആഖ്യാനം
ചരിത്രത്തിന്റെ വേലിയേറ്റങ്ങൾ വ്യക്തികളെ അവരുടെ നിയന്ത്രണത്തിനപ്പുറമുള്ള സംഘര്‍ഷങ്ങളിലേക്ക്
തള്ളിവിടുന്ന ഒരു ലോകത്തെയാണ് ജാബർ നിർമ്മിക്കുന്നത്. അവിടെ അരങ്ങേറുന്ന വിഭാഗീയ
അക്രമത്തിൽ ഹന്ന പങ്കാളിയോ കുറ്റവാളിയോ അല്ല. അയാളുടെ അവസ്ഥയുടെ ഐറണി ദയനീയമാണ്:
അയാളുടെ തന്നെ സമൂഹത്തെ ഉന്മൂലനം ചെയ്തവര്‍ക്കുള്ള ശിക്ഷയിലാണ് അയാള്‍
വിധേയനായിപ്പോകുന്നത്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ വിഭാഗീയ നയങ്ങൾ മുതൽ ബാൽക്കണിലെ
ഓസ്‌ട്രോ-ഹംഗേറിയൻ ഇടപെടലുകൾ വരെ യുദ്ധത്തിന്റെയും സാമ്രാജ്യത്വ സംഘട്ടനങ്ങളുടെയും
വേലിയേറ്റങ്ങളിൽ അകപ്പെട്ട എണ്ണമറ്റ നിരപരാധികളുടെ വിധിയുടെ കണ്ണാടിയാണ് അയാളുടെ അനുഭവങ്ങൾ.
ഈ അർത്ഥത്തിൽ, ചരിത്രത്തെ തങ്ങള്‍ക്കു നിയന്ത്രിക്കാനോ രൂപപ്പെടുത്താനോ
കഴിയുന്ന ഒന്ന് എന്ന നിലക്കല്ല, മറിച്ചു വ്യക്തികളില്‍
സംഭവിക്കുന്ന ബാഹ്യശക്തി എന്ന നിലക്കാണ് നോവല്‍ അവതരിപ്പിക്കുന്നത് എന്നുപറയാം.
പീഡാനുഭവങ്ങളുടെ നൈരന്തര്യവും ഭയാനകതയും ഇതോടു ചേര്‍ത്തു കാണണം: നോവൽ ചിത്രീകരിക്കുന്ന
അത്രയും ഇടവേളകള്‍ ഇല്ലാത്ത പീഡാനുഭവങ്ങള്‍ നേരിടുകയെന്നത്,
മനുഷ്യസാധ്യമാണോ എന്ന ചോദ്യം പ്രസക്തമാണ്. ഏതെങ്കിലും രൂപത്തിലുള്ള ദൈവിക നീതിയോ
പ്രത്യയശാസ്ത്രപരമായ ബോധ്യങ്ങളോ ചരിത്രത്തിന്റെ ഇരകള്‍ക്ക് ആശ്വാസം കണ്ടെത്താനില്ല
– അയാള്‍ അതിജീവിക്കുന്നു, കാരണം അയാള്‍ക്ക് മറ്റൊന്നും
ചെയ്യാനില്ല.
ഐഡന്റിറ്റി, ഓര്‍മ്മ, ആലിഗറി
അതുപോലെത്തന്നെ, ഇരകളെ കണ്ടെടുക്കുന്നതിലുള്ള അപ്രവചനീയതയും പ്രസക്തമാണ്:
ക്രിസ്ത്യാനിയായ ഹന്നാ, കൃസ്ത്യാനികളെ പീഡിപ്പിച്ചവരെ
വേട്ടയാടുന്നതില്‍ ഇരയയിപ്പോകുക എന്നതില്‍, ബലിയാടുകളിലൂടെയുള്ള
ശിക്ഷാവിധി നടപ്പിലാക്കലിന്റെ ഐറണിയാണുള്ളത്. ഇരയുടെയും അക്രമിയുടെയും ഐഡന്റിറ്റി
പരസ്പരം മാറിപ്പോകാവുന്നത്രയും അനിയതമാണ് (fluid) എന്നതും, അത് നീതിവ്യവസ്ഥ എന്നതിനേക്കാള്‍ സാഹചര്യങ്ങളെ ആശ്രയിക്കുന്നു
എന്നിരിക്കെ, അതിജീവനം വെറും ഭാഗ്യത്തിന്റെ സൃഷ്ടിയാണ്
എന്നതും ലബനീസ് ആഭ്യന്തര സംഘര്‍ഷത്തിന്റെ ഒരു ആലിഗറി ആയി നോവലിനെ മാറ്റുന്നുണ്ട്.
അബ്രഹാമിന്റെ ബലിയുടെ സമാന്തരം ഒന്നിലേറെ തവണ നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ട്.
എന്നാല്‍, ഹന്നയുടെ പീഡാനുഭവത്തിന്റെ അസംബന്ധം, ഒരു ദൈവിക
ന്യായീകരണവും കൊണ്ടുവരുന്നില്ല. അയാളൊരു പകരംവെപ്പാണ്. അയാള്‍ക്കു പകരം ഒരു
ബലിയാടും അവതരിക്കാനില്ല. ആ അര്‍ഥത്തില്‍, നോവലിസ്റ്റ്
ഉന്നയിക്കുന്നത് ഒരു ദൈവരഹിതമായ ലോകം തന്നെയാണ് എന്നുപറയാം. ഏകാന്തതടവിലിട്ട
കിണറിലും മറ്റുമായി കടന്നുപോകുന്ന വര്‍ഷങ്ങളില്‍ ഹന്നയുടെ ഓര്‍മ്മകളും
ബുദ്ധിസ്ഥിരതയും ബാധിക്കപ്പെട്ടു തുടങ്ങുന്നത്, സ്വന്തം
ഐഡന്റിറ്റി അയാള്‍ക്ക് കൈമോശം വരാന്‍ ഇടവരുത്തുന്നുണ്ട്. സുലൈമാന്‍ ഇസെദ്ദീന്‍
എന്ന് അയാള്‍ സ്വയം വിളിച്ചു തുടങ്ങുന്ന സന്ദര്‍ഭമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട സരയേവോ
തടവും പീഡനങ്ങളും കഴിഞ്ഞ് രാഷ്ട്രീയ ഗതിമാറ്റങ്ങളെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ടു
എന്ന സന്ദര്‍ഭത്തില്‍, മോണ്ടിനെഗ്രോ മലയോരങ്ങളില്‍ വെച്ചുണ്ടാകുന്ന ഏറ്റുമുട്ടലില്‍
നിന്ന് ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉസ്മാന്‍ പാഷയുടെ തടവറയില്‍ അഞ്ചുവര്‍ഷം
കൂടി കഴിയേണ്ടി വരുന്ന ഘട്ടത്തിലാണ് ഓര്‍മ്മകള്‍ അയാളെ തനിച്ചാക്കി
വിട്ടുപോകുന്നതും അങ്ങനെ ഭൂതകാലത്തെപ്പോലും നിഷേധിക്കുന്നതും. ഭൂതകാലം
നിഷേധിക്കപ്പെടുമ്പോള്‍ ഒരാള്‍ക്ക് വ്യക്തിസത്തയുടെ അനുസ്യൂതി നഷ്ടപ്പെടുന്നു.
അക്കാലവും കഴിഞ്ഞു തുറസ്സുകളിലേക്ക് സ്വതന്ത്രനാക്കപ്പെടുന്ന ഘട്ടത്തിലാണ് അവ
പതിയെ തിരികെയെത്തുന്നത്. പുനസമാഗമം സംഭവിക്കുമ്പോഴാകട്ടെ,
അതൊരു ശ്വാസമെടുപ്പാണ് : “ഹന്നാ യാക്കോബ് നിലത്തിരുന്നു. “ഇത് ഹെലെനയാണ്. ഞാന്‍
വീടെത്തി”. അയാള്‍ വിരലുകള്‍ കൊണ്ട് സ്വന്തം ഉടലിനെ തൊട്ടുനോക്കി, താനൊരു പ്രേതമല്ല എന്നുറപ്പുവരുത്തി. അയാള്‍ തന്റെ ഭാര്യയെയും മകളെയും
ആലിംഗനം ചെയ്തു, കരഞ്ഞു. ഒരു തേങ്ങലോടെ, അയാള്‍ തന്റെ ശ്വാസകോശം വായുകൊണ്ട് നിറച്ചു.” എല്ലാം എന്തിനു
വേണ്ടിയായിരുന്നു എന്നൊരു ചോദ്യം ചോദിക്കാന്‍ പോലും കഴിയാത്തത്ര അയാള്‍ തകര്‍ന്നുപോയിരുന്നെങ്കില്‍
ആ ചോദ്യം വായനക്കാരില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്ന ഒരന്ത്യം.
ചരിത്രപരമായ ശൈഥില്യത്തിന്റെ സ്ഥലകാലചിത്രം:
ആഖ്യാനങ്ങളില്‍ സ്ഥലകാല ബന്ധത്തെ കുറിച്ചുള്ള മിഖയില്‍ ബഖ്തിന്റെ സിദ്ധാന്തം (chronotope),
നോവലിന്റെ വായനയില്‍ ഏറെ പ്രസക്തമാണ്. ചരിത്രത്തെ ഘടനാ ഭദ്രതയുള്ള സമഗ്ര
ശക്തിയായല്ല, മറിച്ചു കലുഷവും അസ്ഥിരപ്പെടുത്തുന്നതുമായ
ഒന്നായാണ് നോവല്‍ നിരീക്ഷിക്കുന്നത്. ബൈറൂത്തില്‍ നിന്ന് ബെല്‍ഗ്രേഡിലേക്ക്
കൊണ്ടുപോകപ്പെടുന്നതോടെ മാറിമറിയുന്ന ശാക്തിക വിധേയത്തങ്ങളിലൂടെയും സാമ്രാജ്യ
കൈമാറ്റങ്ങളിലൂടെയും ഹന്നയെ സംബന്ധിച്ച് സ്ഥലകാല ബന്ധങ്ങള്‍ അറ്റുപോകുന്നു. കാലം
നേര്‍രേഖയില്‍ അല്ലാതാകുന്നു (non-linear), ഇടം
അസ്ഥിരമാകുന്നു (unstable), അയാളുടെ ഭാഗധേയത്തിനു ഒരവസാനവും
കാണപ്പെടാതാകുന്നു (no resolution). ചരിത്രത്തിന്റെ
പ്രകൃതമായി കണക്കാക്കപ്പെടുന്ന കാര്യകാരണ ബന്ധങ്ങളെ ഹിംസയില്‍ അധിഷ്ടിതമായ വെറും
മിഥ്യയായി തുറന്നുകാണിക്കുന്ന കഥ പറയുന്ന ഇതര കൃതികളുമായി ഇത് നോവലിനെ കണ്ണി ചേര്‍ക്കുന്നു.
The Bridge on the Drina (ഈവോ ആന്റ്രിച്ച്) The Last
of the Angels (ഫാദില്‍ അല്‍ അസ്സാവി) തുടങ്ങിയ മാസ്റ്റര്‍പീസുകള്‍
ഇക്കാര്യത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. ഈ കൃതികളില്‍ ഒന്നിലും, ‘ബെല്‍ഗ്രേഡിലെ ദുറൂസികള്‍’ ഉള്‍പ്പടെ, ചരിത്രം എന്നത്, സ്ഥിരതയോടെ ഒഴുകുന്ന ശക്തിയല്ല, മറിച്ച് ജീവിതങ്ങളെ തകിടം മറിക്കുകയും തുടച്ചു നീക്കുകയും ചെയ്യുന്ന
കൊടുങ്കാറ്റുകളാണ്. ഇവയിലൊന്നും ചരിത്രമെന്നത് പുരോഗതിയും നീതിയും
ഉറപ്പുവരുത്തുകയും വ്യക്തിത്വങ്ങളെ അനശ്വരമാക്കുകയും ചെയ്യുന്ന ബൃഹദാഖ്യാനങ്ങളല്ല,
മറിച്ച് അവയെ തുടച്ചുനീക്കുന്ന ശ്ലഥവും നിസ്സംഗവുമായ ശക്തിയാണ് (not a
grand narrative of progress or justice, but a chaotic, indifferent force that
erases individuals rather than immortalizing them).
ഡാന്റെയസ്ക് അധോലോകവും പ്രതീക്ഷയുടെ ഇടവും
സൂക്ഷ്മ നിരീക്ഷണത്തില്‍ ഹന്നയുടെ യാത്ര, അധോലോത്തെക്കുള്ള ഡാന്റെയുടെ യാത്ര (descent)
യുമായി താരതമ്യം ആവശ്യപ്പെടുന്നുണ്ട്. അയാളുടെ പീഡാനുഭവവും ചാക്രികമാണ്. ഓരോ
ഘട്ടത്തിലും കൂടുതല്‍ വലിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു,
തിരികെയെത്തുമ്പോഴേക്കും ശാരീരികമായും വൈകാരികമായും തിരിച്ചറിയാനാകാത്ത വിധം അയാള്‍
മാറിപ്പോയിരിക്കുന്നു. എന്നിരിക്കിലും, ഡാന്റെയുടെ ഇന്‍ഫെര്‍നോയില്‍
അന്തിമ മോക്ഷത്തിലേക്ക് നയിക്കുന്ന വിര്‍ജിലിനെപോലെ
ഹന്നയ്ക്ക് ഒരു വഴികാട്ടിയില്ല. അയാള്‍ക്ക് തനിച്ചു വേണം തന്റെ പീഡനങ്ങളിലൂടെ
അതിജീവിക്കാന്‍. അയാളുടേത്, മോക്ഷത്തിലേക്ക് എന്നല്ല, കൊടിയ നിരാശയുടെ അനുഭവമാണ്.
എന്നിരിക്കിലും, ഈ സമാനതയില്‍, മറ്റെല്ലാം - വ്യക്തിത്വവും ഭാഗികമായി ഓര്‍മ്മപോലും -അപഹരിക്കപ്പെടുമ്പോഴും, അയാളെ നിരന്തരം മുന്നോട്ടു നടത്തുന്ന ഒരു വികാരമുണ്ട് എന്നത് കാണാനാകും – ഹെലെനയോടും ബാര്‍ബറയോടും വീണ്ടും സന്ധിക്കാനുള്ള മോഹം. കുടുംബവുമായുള്ള കൂടിച്ചേരല്‍ ഇനിയും പഴയപടിയകുമോ എന്നുറപ്പില്ലെങ്കിലും, ആ പ്രതീക്ഷ ഒരു ഘട്ടത്തിലും അയാള്‍ തീര്‍ത്തും കൈവിടുന്നില്ല എന്നത്, സമ്പൂര്‍ണ്ണ വ്യര്‍ത്ഥബോധത്തിന് അയാള്‍ കീഴടങ്ങിയിട്ടില്ല എന്ന് കാണിക്കുന്നു. ആ അര്‍ഥത്തില്‍ ഹെലെന ഏതാണ്ട് ബിയാട്രിസിനെ പോലെയാണ് – അഭിലാഷത്തിന്റെയും വിദൂരമായ മോക്ഷത്തിന്റെയും പ്രത്യക്ഷം. അതേസമയം കുഞ്ഞു ബാര്‍ബറ ഒരു പുനര്‍ജ്ജനിയാണ് – വിനാശകതകളുടെ മധ്യത്തിലെ പ്രതീക്ഷയുടെ പ്രതീകം.
The Druze of Belgrade ഒരു മനുഷ്യന്റെ ദുരന്ത
ചിത്രം മാത്രമല്ല. ചരിത്രത്തിന്റെ കൊമാളിത്തത്തെയും അതിന്റെ ഭാരത്താല്‍
ചതഞ്ഞുപോകുന്ന മനുഷ്യരുടെയും ഒരു ആലിഗറിയാണ്. ഹന്നാ യാക്കോബ് വെറുമൊരു അതിജീവിതന്‍
(survivor) മാത്രമല്ല; അയാള്‍ നിരപാരാധര്‍ ബലിയര്‍പ്പിക്കപ്പെടുന്ന
ലോകക്രമത്തിന്റെ സാക്ഷി കൂടിയാണ്- അവിടം ചരിത്രം ആളുകളാല്‍
രൂപപ്പെടുത്തപ്പെടുകയല്ല, മറിച്ച് അവരില്‍ സംഭവിക്കുകയാണ്.
എന്നിരിക്കിലും അയാളുടെ യാത്ര തീര്‍ത്തും നിരാശാപൂര്‍ണ്ണമല്ല. തിരിച്ചറിയാനാകാത്ത
വിധം മരവിച്ചു പോയിരിക്കുന്നെങ്കിലും, പുനസമാഗമം അസംഭവ്യമല്ല
എന്ന് ഉറപ്പുവരുത്തുന്നതിലൂടെ, ചരിത്രത്തിന്, അതെത്രമാത്രം,
ദയാരഹിതമാണെന്നിരിക്കിലും, പ്രതീക്ഷ വെച്ച് പുലര്‍ത്താനുള്ള മനുഷ്യന്റെ സിദ്ധിയെ
തീര്‍ത്തും ഇല്ലാതാക്കാനാകില്ല എന്ന് ഹന്നയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
ഒടുവില്‍, അയാളുടെ കഥ, ചരിത്രത്തിന്റെ
നിരങ്കുശമായ ഹിംസാത്മകതയുടെ സാക്ഷ്യപത്രമാണ്; വായനക്കാരില്‍
അത് വീറില്ലാത്ത ഒരു ചോദ്യം അപ്പോഴും അവശേഷിപ്പിക്കുന്നു: എന്തിന്? ആ ഉത്തരമില്ലായ്മയിലാണ് ചരിത്രനീതിയുടെ പ്രഹേളികാപ്രകൃതം
സ്ഥിതിചെയ്യുന്നതും.
ഈ ലേഖകനു പതിവില്ലാത്ത വ്യക്തിപരമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഈ ലേഖനത്തോടു കൂടി വെക്കാനുണ്ട്: പതിറ്റാണ്ടാലേറെ കാലം കാത്തിരുന്നിട്ടും ഇംഗ്ലീഷ് പരിഭാഷ ഇനിയും ലഭ്യമായിട്ടില്ലാത്ത പുസ്തകം, ഫ്രഞ്ച് മൂലത്തില്‍ നിന്ന് ഗൂഗിള്‍ പരിഭാഷയുടെ സഹായത്തോടെ വായിച്ചെടുത്തതാണ്. എങ്കിലും ‘Confessions’, ‘The Mehlis Report’ എന്നീ മികച്ച നോവലുകളിലൂടെ മുമ്പേ പരിചയിച്ചിട്ടുള്ള നോവലിസ്റ്റ് തുറന്നുതന്ന ലോകം അതിന്റെ മുഴുവന്‍ ദുരന്ത ഗാംഭീര്യത്തിലും പിടികൂടിയത് കൊണ്ടാണ് ഈ ലേഖനം എഴുതപ്പെട്ടത്.
References:
RODRÍGUEZ SIERRA, Francisco
(2015), “The Chronotope of Trauma: RabīʿJābir’s novel The Druze of Belgrade as
example”, REIM 18, pp. 187- 209
No comments:
Post a Comment