Featured Post

Tuesday, July 8, 2025

The Handsome Jew by Ali Al-Muqri/ Mbarek Sryfi

 സ്നേഹസാമ്രാജ്യങ്ങളുടെ സാധ്യതകള്‍




(യമനി സാഹിത്യത്തിലെ അതികായനായ അലി അല്‍ മുക്രിയുടെ The Handsome Jew എന്ന നോവലിനെ കുറിച്ച്. അറബ് ബുക്കര്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട നോവല്‍മുസ്ലിം – ജൂത സഹജീവന സാധ്യത എന്ന വര്‍ത്തമാന മിഡില്‍ ഈസ്റ്റ് ഭൗമ-രാഷ്ട്രീയ സാഹചര്യത്തിലെ ഏറ്റവും പൊള്ളുന്ന വിഷയത്തെ ചരിത്രനോവല്‍ ഘടനയെ മറയാക്കി അവതരിപ്പിക്കുന്നു.)

മുല്ലപ്പൂ വിപ്ലവാനന്തര അറബ് സാഹിത്യത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് യമനി സാഹിത്യം. വിവാദങ്ങളുടെ കളിത്തോഴനായ യമനി എഴുത്തുകാരന്‍ അലി അല്‍ മുക്രി പാശ്ചാത്യ ലോകത്ത് വലിയ തോതില്‍ അവതരിപ്പിക്കപ്പെട്ടത് മതംലൈംഗികതയുദ്ധം തുടങ്ങിയ വിഷയങ്ങളിലെ വിലക്കപ്പെട്ട അതിരുകള്‍ ഭേദിക്കുകയും സമൂഹത്തിന്റെ പുരുഷാധിപത്യ/ സ്ത്രീവിരുദ്ധ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ മതമൌലിക വാദത്തിന്റെ പങ്ക് പ്രകോപന പരമാം വിധം തുറന്നു കാണിക്കുകയും ചെയ്യുന്നതിലൂടെ അറബ് ലോകത്തെ/ മിഡില്‍ ഈസ്റ്റിനെ കുറിച്ചുള്ള പാശ്ചാത്യ ആഖ്യാനങ്ങള്‍ക്ക് അനുരോധമായ നിലപാട് ജനകീയമാക്കുന്നു എന്നത് കൊണ്ടാണെന്ന് ഒരു വശത്ത്‌ നിരീക്ഷിക്കപ്പെടുന്നു *(1) . എന്നാല്‍ പ്രകോപനപരമായ സത്യസന്ധതയോടെ “അതിരുകള്‍ ഭേദിക്കുകയും വിലക്കപ്പെട്ടത് വാരിപ്പുണരുകയും ചെയ്യുന്നുദുസ്സാധ്യമായ പ്രമേയങ്ങള്‍ അങ്ങേയറ്റത്തെ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നു” *(2) എന്നതാണ് അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് എന്ന നിരീക്ഷണവും ശക്തമാണ്. തന്റെ എഴുത്തുജീവിതത്തില്‍ ഉടനീളം അറബ് ലോകത്തെങ്ങും വിവാദങ്ങള്‍ക്കു തിരികൊളുത്തിയ എഴുത്തുകാരനാണ്‌ അലി അല്‍ മുക്രി. Black Taste, Black Smell എന്ന ആദ്യനോവല്‍ യമനിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതം ആവിഷ്കരിച്ചപ്പോള്‍, The Handsome Jew അതേ നിലയില്‍ ജൂത സമൂഹത്തെ ചിത്രീകരിച്ചു. ഈ രണ്ടു കൃതികളും അറബ് നോവലിനുള്ള അന്താരാഷ്‌ട്രപുരസ്കാരത്തിന് (IPAF) ലിസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ അദ്ദേഹത്തിന്റെ ആദ്യകൃതിയായ Hurma, സ്ത്രൈണ ലൈംഗിക ചോദനയെന്ന വിലക്കപ്പെട്ട വിഷയത്തെ ഒളിവും മറയും കൂടാതെ സമീപിച്ചതാണ്മറ്റെന്തിലുമേറെഎഴുത്തുകാരന് ഏറ്റവും കൂടുതല്‍ ശത്രുക്കളെ നേടിക്കൊടുത്തതുംആവര്‍ത്തിച്ചുള്ള വധഭീഷണികളെ തുടര്‍ന്ന് കുടുംബം പാരീസിലേക്ക്‌ കുടിയേറുന്നതില്‍ എത്തിച്ചതും. അല്‍മുക്രിയുടെ The Handsome Jew ആകട്ടെമുസ്ലിം – ജൂത സഹജീവന സാധ്യത എന്ന വര്‍ത്തമാന മിഡില്‍ ഈസ്റ്റ് ഭൌമ-രാഷ്ട്രീയ സാഹചര്യത്തിലെ ഏറ്റവും പൊള്ളുന്ന വിഷയമാണ്‌ ചരിത്രനോവല്‍ ഘടനയെ മറയാക്കി അവതരിപ്പിക്കുന്നത്‌.

നോവലിലേക്ക്

വടക്കു പടിഞ്ഞാറന്‍ യമനില്‍ സന്‍ആയ്ക്കടുത്ത് റൈദ എന്ന പട്ടണത്തില്‍ പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന പ്രണയകഥയായാണ്‌ അലി അല്‍ മുക്രിയുടെ The Handsome Jew അവതരിപ്പിക്കപ്പെടുന്നത്. ഇസ്ലാമിനു മുമ്പ് ജൂദായിസം മാത്രമാണ് യമനില്‍ പ്രമുഖമായി ഉണ്ടായിരുന്ന മതം. യമനിലെ ജൂതര്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വിഭാഗങ്ങളില്‍ ഒന്നായിരുന്നു എന്നും ജറൂസലെമിലെ ആദ്യ പള്ളി നശീകരണത്തിനും മുമ്പ് (BC 586) അവരുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നു എന്നും ചരിത്രം. എന്നാല്‍ ഇസ്ലാമിക കാലത്ത് അവര്‍ അരികുവല്‍ക്കരിക്കപ്പെട്ടു. ഇസ്ലാമിക ഭരണകൂടത്തോടുള്ള സാമ്പത്തിക വിധേയത്തം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി. മുസ്ലിം വീടുകളെക്കാള്‍ ഉയരമുള്ള വീടുകള്‍ പണിയാന്‍ ജൂതര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.  “ഞങ്ങള്‍ ജൂതന്മാര്‍ക്ക് കുതിര സവാരി അനുവദനീയമല്ലഎന്നാല്‍ ഇരിക്കുന്ന ഒരു മുസ്ലിമിന്റെ മുന്നിലൂടെ കടന്നുപോകില്ല എന്ന നിബന്ധനയോടെ കഴുതപ്പുറത്തു സവാരി ചെയ്യാം” എന്നു നോവലില്‍ ഒരു ജൂത കഥാപാത്രം പറയുന്നത് അക്കാലത്ത് നിലനിന്ന അവമതിപ്പുണ്ടാക്കുന്ന വിവേചനത്തിന്റെ ചിത്രമാണ്‌. ജൂത ഐഡന്റിറ്റിസ്വകാര്യത തുടങ്ങിയവയുടെ നഷ്ടവും ഭൂരിപക്ഷ സംസ്കാരത്തിനു മുന്നില്‍ തങ്ങളുടെ സംസ്കൃതിക്കു വന്നുചേരുന്ന അപചയവും പോലുള്ള  സങ്കീര്‍ണ്ണതകളോടുള്ള പ്രതിഷേധം ജൂതര്‍ക്കിടയില്‍ ഇസ്ലാമിക ചിഹ്നങ്ങള്‍വിശുദ്ധ ഗ്രന്ഥംവചനങ്ങള്‍ തുടങ്ങിയവയോടുള്ള ഫോബിയയായി വളര്‍ന്നു. അല്‍ മുക്രിയെ സംബന്ധിച്ച് യമനിലെ ജൂതന്‍ ദേശീയമോ മതാധിഷ്ടിതമോ മറ്റു മാനുഷികമോ ആയ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷത്തിന്റെ പ്രതിനിധാനമാണ് എന്നത്അത്തരം വിഭജനങ്ങളില്‍ അധിഷ്ടിതമായ നിലപാടുകളെ നിരാകരിക്കുന്ന അദ്ദേഹത്തിന്‍റെ ധാര്‍മ്മിക ഔന്നത്യത്തെ പ്രകാശിപ്പിക്കുന്നു. പൌരത്വം എന്ന ആശയത്തില്‍ ഊന്നിയുള്ള മാനുഷിക വീക്ഷണത്തിലാണ് തന്‍റെ എഴുത്തില്‍ ഉടനീളം അല്‍ മുക്രി നിലയുറപ്പിച്ചിട്ടുള്ളത് *(3).

പ്രദേശത്തെ മുഫ്തിയുടെ മകളും വിദ്യാസമ്പന്നയുമായ ഫാതിമയുടെ കഥയാണ് നോവല്‍ പറയുന്നത്. ജൂതനായ സലീമിനോട് പ്രണയത്തില്‍ അകപ്പെടുകയും കത്തുകള്‍പുസ്തകങ്ങള്‍ തുടങ്ങിയവയുടെ കൈമാറ്റത്തിലൂടെയും മറ്റും മനസ്സുതുറന്നും സംവദിച്ചും നീണ്ട എഴുവര്‍ഷക്കാലത്തെ സംഘര്‍ഷ പൂര്‍ണ്ണമായ കാത്തിരിപ്പിനൊടുവില്‍ അയാളെ വിവാഹം കഴിക്കുകയും ചെയ്യുന്നു അവള്‍. അവളാണ് അയാളെ അറബി എഴുതാനും പഠിപ്പിക്കാനും മുന്‍കൈ എടുക്കുന്നതും അപരന്‍റെ സംസ്കാരത്തിലേക്ക് അയാളുടെ മനസ്സും ഹൃദയവും തുറപ്പിക്കുന്നതും. എന്നാല്‍ അതൊരു ഏകപക്ഷീയ വിനിമയമായി ഒടുങ്ങുന്നുമില്ല. സലിം തിരിച്ചു അവളെ ഹീബ്രുവും ജൂതമതവും നിയമങ്ങളും പഠിപ്പിക്കുന്നു. മകന്‍ ഖുറാന്‍ വായിക്കുന്നതുകേട്ടു പ്രകോപിതനകുന്ന സലീമിന്‍റെ പിതാവ് അയാളെ ഫാതിമയുടെ അരികില്‍ പോകുന്നത് വിലക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ഫാതിമ അയാളുടെ വീടു സന്ദര്‍ശിക്കുകയും സലീമിന്‍റെ പിതാവിനെ വലിയ സത്യം മനസ്സിലാക്കിക്കുകയും ചെയ്യുന്നു: “ഞാവനെ പഠിപ്പിച്ചത് അറബ് വ്യവഹാരങ്ങളിലെ ശാസ്ത്രമാണ്അപ്പോള്‍ അവനു എഴുതാനും വായിക്കാനും കഴിയുമല്ലോ. അവന്‍ ജൂതനാണ് എന്ന് എനിക്കറിയാംനിങ്ങള്‍ക്കു നിങ്ങളുടെ വിശ്വാസംഞങ്ങള്‍ക്ക് ഞങ്ങളുടേതും... നമ്മളൊക്കെ ആദമിന്‍റെ സന്തതികളാണ്ആദമാകട്ടെ മണ്ണില്‍ നിന്നും ഉരുവായവനും. വ്യവഹാരങ്ങള്‍ മതം മാത്രമല്ലഅവയില്‍ ചരിത്രമുണ്ട്കവിതയും സയന്‍സുമുണ്ട്. ദൈവനാമത്തില്‍ ഞാന്‍ താങ്കളോട് പറയുന്നതെന്തെന്നാല്‍ഞങ്ങളുടെ വീട്ടിലെ ഷെല്‍ഫില്‍ ഒട്ടേറെ പുസ്തകങ്ങളുണ്ട്അവ മുസ്ലിംകള്‍ വായിച്ചാല്‍അവര്‍ ജൂതരെ സ്നേഹിക്കാന്‍ തുടങ്ങുംജൂതന്മാര്‍ വായിച്ചാല്‍അവര്‍ മുസ്ലിംകളെ സ്നേഹിക്കാന്‍ തുടങ്ങും.” സലീമിന്‍റെ പിതാവിനോട് അന്നുവരെ ആരും അങ്ങനെ സംസാരിച്ചിട്ടില്ല. ഫതിമയോട് അളവറ്റ സ്നേഹ ബഹുമാനം തോന്നുന്ന അയാള്‍ മകനു നേരെ വെച്ച വിലക്കു നീക്കുകയും പഠനം തുടരാന്‍ അവനെ സര്‍വ്വാത്മനാ അനുവദിക്കുകയും ചെയ്യുന്നു: “നിന്റെ വാക്കുകള്‍ എത്രയും യുക്തിസഹവും മധുരവുമാണ്അവ ഹൃദയത്തില്‍ കടക്കുന്നുനിന്നെപോലെ ആയിരങ്ങളില്ല. നിനക്ക് എന്തുവേണമെങ്കിലും അവനെ കൊണ്ട് ചെയ്തോളൂനിന്റെ ഹൃദയം പറയുന്നതെന്തും അവനെ പഠിപ്പിച്ചോളൂനീയാണ് ഞങ്ങളുടെ യജമാനത്തിയും റാണിയും.” ഫാതിമയാകട്ടെതന്നെക്കാള്‍ അഞ്ചുവയസ്സിനു ഇളപ്പമായ സലീമിനെ കുലീനവും ആത്മീയവുമായ ഒരു ബാന്ധവം എന്ന നിലയില്‍ക്കൂടിയാണ് സ്വയം വരിക്കുന്നത്. എന്നാല്‍സലീമിന്‍റെ പിതാവോ സമൂഹമോ നല്‍കുന്നഅഥവാ അവര്‍ക്കു നല്‍കാന്‍ കഴിയുന്ന സ്വാതന്ത്ര്യങ്ങള്‍ക്കു പരിധിയുണ്ട്. ‘അവിശ്വാസിയും ‘ഗ്രന്ഥത്തിന്‍റെ ആളുകളും’ (‘അഹലു കിതാബ്) ആയ ജൂതനുമായുള്ള വിവാഹം അതിനു പുറത്താണ്. സന്‍ആയിലേക്ക് ഒളിച്ചോടുന്ന ദമ്പതികള്‍ ഒരു ഘട്ടത്തിലും വിശ്വാസകാര്യങ്ങളില്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ല. ഒളിവിലും സ്വകാര്യമായി തന്‍റെ മതാനുഷ്ടാനങ്ങള്‍ ഫാതിമ തുടരുന്നു. വിവാഹിതരാകുകയും ഒരുമിച്ചു കഴിയുകയും ചെയ്യുമ്പോഴും വിശ്വാസപരമായ സ്വാതന്ത്ര്യം നിലനിര്‍ത്താനും സ്വന്തം വിശ്വാസത്തില്‍ തുടരാനുമുള്ള തീരുമാനംസാംസ്കാരിക സങ്കലനം (hybridity) എന്നതിലേറെ വൈവിധ്യങ്ങള്‍ നിലനിര്‍ത്താനുള്ള അവകാശത്തെയാണ് സ്ഥാപിക്കുന്നത്.

വെല്ലുവിളികള്‍ വീണ്ടും..

മരണത്തെമൌലികവാദ ആന്ധ്യം അടിച്ചേല്‍പ്പിക്കാനുള്ള സന്ദര്‍ഭമായി ഉപയോഗിക്കുന്ന രീതി എക്കാലത്തും ഉണ്ടായിട്ടുണ്ടല്ലോ. പ്രസവത്തെത്തുടര്‍ന്നു ഫാതിമ മരിക്കുന്നതോടെ സലീമിന്‍റെ മുന്നില്‍ വേറെയും വെല്ലുവിളികള്‍ ഉയരുന്നു. ഫാതിമ ജൂതയല്ല എന്നറിയുന്നതോടെ അവളുടെ മൃദദേഹം മറവു ചെയ്യല്‍ ഖബറിസ്താനിലും സെമിത്തേരിയിലും ഒരുപോലെ പ്രശ്നമാകുന്നു. കുഞ്ഞുമകന്‍ സഈദിന്‍റെ സംരക്ഷണ വിഷയത്തിലും മത വംശീയ പ്രശ്നങ്ങള്‍ കീറാമുട്ടിയായിത്തീരുന്നു. മാതൃദായക്രമം സ്വീകരിച്ച ജൂതമതം മുസ്ലിമായ ഫാതിമയുടെ മകനെ അന്യനാക്കിയപ്പോള്‍മുസ്ലിംവിഭാഗം പിതൃദായമേധാവിത്തം പുലര്‍ത്തിയത്‌ജൂതനായ സലീമിന്‍റെ മകനെ ഫാതിമയുടെ  സഹോദരിക്കു സ്വീകരിക്കാനാവാത്തവിധം അകറ്റിനിര്‍ത്തി. ഇതേതുടര്‍ന്നു സലിം ഇസ്ലാം മതം സ്വീകരിച്ചു. എന്നാല്‍ആ സന്ദര്‍ഭത്തില്‍ മതാധ്യക്ഷന്മാരും സമൂഹവും പുലര്‍ത്തുന്ന നൃശംസതഅയാളെ രണ്ടാമതും ചേലാകര്‍മ്മം ചെയ്യിക്കാന്‍ ശ്രമിക്കുന്നതുപോലുള്ള അസംബന്ധങ്ങളിലൂടെ നോവലിസ്റ്റ് തുറന്നുകാണിക്കുന്നു. സലിം മരിക്കുമ്പോള്‍ അയാളുടെ ഭൗതികാവശിഷ്ടം ഒരൊറ്റ ദിവസത്തിനു ശേഷം ഇരുട്ടിന്‍റെ മറവില്‍ വീണ്ടും പുറത്തെടുക്കപ്പെടുകയും മുസ്ലിം ശ്മശാനത്തില്‍ നിന്നു ഏറെയകലെ വിജനമായ കുഴിമാടത്തില്‍ മറവു ചെയ്യപ്പെടുകയും ചെയ്യുന്നു. ഒരു അവിശ്വാസിയുടെ മൃദദേഹം മുസ്ലിംകളോടൊപ്പം അടക്കുന്നത് നിഷിദ്ധമാണ് എന്നതാണ് അവരുടെ നിലപാട്. ഒടുവില്‍ഫലത്തില്‍ഫാതിമയും സലീമും സെമിത്തേരിയില്‍ പോലും ഒരുമിക്കുന്നില്ല എന്നു മാത്രമല്ലഇരുവരുടെയും കുഴിമാടങ്ങള്‍ ശൂന്യവും തുറന്നതുമായി അവശേഷിക്കുകയും ചെയ്യുന്നു.

മൗലികതക്കെതിരെ സൗഭ്രാത്രം

സലീമിന്റെ പാത്രസൃഷ്ടിയിലൂടെ സ്നേഹത്തിനും സമാധാനത്തിനും വേണ്ടി വാദിക്കുന്ന മതങ്ങളുടെ സത്തയെ അട്ടിമറിക്കുന്നവരെ നോവലിസ്റ്റ് തുറന്നു കാണിക്കുകയാണ്. കുഞ്ഞുമകന്‍ സഈദിനെ ഇസ്ലാമും ജൂതമതവും പിടിച്ചു ആണയിടുന്നവര്‍ ഒരുപോലെ നിരസിക്കുമ്പോള്‍ അയാള്‍ വിലപിക്കുന്നു: “ഓദൈവമേഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാരുണ്യമില്ലാതെ മരിക്കാന്‍ വിട്ടേക്കുക എന്നത് നിന്‍റെ മതത്തിലും ആചാരത്തിലും അനുവദനീയമാണോ?.” ഈ ചോദ്യത്തിന്‍റെ നേര്‍വിപരീതമായ ഉദാത്ത മാനവികതയുടെ ചിഹ്നങ്ങള്‍ എമ്പാടും കാണാവുന്നത്‌ ഫാതിമയുടെ മൂല്യക്രമത്തിലാണ്. ഉദാഹരണത്തിനുമൃഗബലിയുടെ കാര്യത്തില്‍ അവള്‍ നിലനിര്‍ത്തുന്ന സൂഫിഇസ്ലാമിക സമാധാന പാരമ്പര്യം വ്യക്തമാകുന്ന രംഗം ഓര്‍മ്മിക്കാം. നായപൂച്ച പോലുള്ള മൃഗങ്ങളെമിസ്റ്റിക്കല്‍ സൗഭ്രാത്രത്തോടെയാണ് (mystical camaraderie) അവള്‍ കാണുന്നത്. തന്‍റെ പ്രിയപ്പെട്ട ആടിനെ ബലിപെരുന്നാള്‍ ബലിയില്‍നിന്നു രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ അവള്‍ വിലപിക്കുന്നു: “അവരെന്‍റെ സഹോദരനെ നിര്‍ദ്ദയം കൊന്നുകളഞ്ഞു... അവരെന്‍റെ സഹോദരനെ കൊന്നു എന്നെ തനിച്ചാക്കി.” വീട്ടിലെ ഓഫീസ് റൂമിലെ ചിത്രവേല ശരിപ്പെടുത്താന്‍ സലീമിനെ വിളിക്കുമ്പോള്‍ അവിടെ കൂടുകൂട്ടിയ ഉറുമ്പുകളെയോ കൂടിനെയോ നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് അവള്‍ അയാളോട് പറയുന്നുണ്ട്. ‘ജറൂസലേം നിങ്ങളുടെ നാടാണെങ്കില്‍ അങ്ങോട്ടോ, ഇല്ലെങ്കില്‍ മറ്റേതെങ്കിലും നരകത്തിലേക്കോ പോകൂ’ എന്നു അയല്‍ക്കാരായ ജൂതരോടു കയര്‍ക്കുന്ന മുഅസ്സിന്‍ സാലിഹിനെ പോലുള്ള സ്വയംപ്രഖ്യാപിത ഇസ്ലാംകാവലാളുകളും രക്ഷകന്‍റെ വാഗ്ദത്ത വരവോടെ ജൂതന്മാര്‍ ജറൂസലേമില്‍ മാത്രമല്ലലോകമെങ്ങും വ്യാപിക്കുകയും എല്ലാവരെയും കീഴടക്കുകയും ചെയ്യും എന്നു കാത്തിരിക്കുന്ന ജൂതതീവ്രവാദികളും അടയാളപ്പെടുത്തുന്ന മൗലികവാദ സമീപനങ്ങളില്‍ നിന്നു ഫാതിമ എത്ര വ്യത്യസ്തയാണ് എന്നിടത്താണ് നോവല്‍ മുന്നോട്ടു വെക്കുന്ന നൈതിക വീക്ഷണത്തിന്‍റെ പ്രതീകമായി അവള്‍ മാറുന്നത്. “എല്ലാ മുസ്ലിംകള്‍ക്കും മേല്‍ ഞാന്‍ പ്രതികാരം ചെയ്യുംഎന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലാത്തവരോടു പോലും” എന്നു പോലും ഹസ്സ എന്ന കഥാപാത്രം പ്രഖ്യാപിക്കുന്നത് ഭീകരവാദ മാനസികാവസ്ഥയുടെ ഒരു അങ്ങേയറ്റത്തെ പ്രകടനമാണ്. അതുകൊണ്ടുതന്നെ, സ്ഥിതപ്രജ്ഞതയുടെ പ്രതീകമായ ഫാതിമ ഒരു കഥാപാത്രം എന്നതിനപ്പുറം പോകുകയും ‘ഫാതിമയുടെ തത്വം’ എന്നുതന്നെ നോവലിന്‍റെ വീക്ഷണത്തെ നോവലിസ്റ്റ് വിവരിക്കുകയും ചെയ്യുന്നു. മൗലികവാദ സമീപനത്തിനെതിരില്‍ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എഴുത്ത്വായന എന്നിവയിലൂടെയുള്ള അറിവ്ജ്ഞാനംഎന്നതാണെന്നത്, ഫലത്തില്‍ഫാതിമയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ തന്നെ പ്രതിനിധിയാക്കുന്നു. ‘ഇഖ്റ’ (‘വായിക്കുക) എന്ന പദത്തിന് ഇസ്ലാമിക ചരിത്രത്തിലുള്ള ഐതിഹാസിക സ്ഥാനംനോവല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്: ഫാതിമ, സലിം ബന്ധത്തിന്‍റെയും താക്കോല്‍ അതുതന്നെയാണല്ലോ. അറിവിലൂടെയാണ് അസഹിഷ്ണുതക്കെതിരായ ഐക്യത്തിന്‍റെയും സഹജീവനത്വരയുടെയും പാഠങ്ങള്‍ അവള്‍ സലീമിനും അയാളുടെ പിതാവിനും പകര്‍ന്നു നല്‍കുന്നതും. വിമോചക സ്വഭാവമുള്ള ഫത് വകള്‍ കണ്ടെത്താനും പ്രയോഗികമാക്കാനും ഫാതിമക്ക് കഴിയുന്നതും അറിവിന്‍റെ ആയുധം അണിഞ്ഞതുകൊണ്ടു തന്നെയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് രക്ഷിതാവിന്‍റെ സഹായം കൂടാതെ വിവാഹിതയാകാന്‍ അനുവദിക്കുന്ന അബി അബു ഹനീഫയുടെ ഫത് വയുംഒരു മുസ്ലിം സ്ത്രീക്ക് ജൂതനെയോ ക്രിസ്ത്യനെയോ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്ന അബു അല്‍ മആരിഫ് ബഹാവുദ്ദീന്‍ അല്‍ ഹസന്‍ ഇബ്ന്‍ അബ്ദുല്ലയുടെ പ്രഖ്യാപനവുമാണ് അവള്‍ സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കുന്നത്. അഥവാഇസ്ലാമിന്‍റെതന്നെ വിമോചക തലങ്ങളെ കൂട്ടുപിടിച്ചുകൊണ്ടാണ്മതനിരാസത്തിലൂടെയല്ല അവള്‍ തന്‍റെ സ്വത്വവും സ്വാതന്ത്ര്യവും സ്ഥാപിക്കുന്നത്. സഹജീവനംവൈവിധ്യങ്ങളെ അംഗീകരിക്കല്‍സ്നേഹംസമാധാനംപൊറുത്തുകൊടുക്കല്‍ - ഫാത്തിമാ തത്വങ്ങള്‍ അവയാണ്. അതാണ് അവള്‍ അടുത്ത തലമുറക്കും പകര്‍ന്നുനല്‍കുന്ന മൂല്യവവസ്ഥ. സഈദ് ഒരു ജൂത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത്‌ ഏറെക്കുറെ ഉമ്മയെ ആവര്‍ത്തിച്ചുകൊണ്ടാണ്: “ഞങ്ങള്‍ എന്‍റെ ഉമ്മ ഫാതിമയെ അങ്ങ് വിവാഹം ചെയ്ത അതേ രീതിയില്‍ വിവാഹിതരായി. അവള്‍ എന്നോട് പറഞ്ഞു‘ഞാന്‍ നിന്നെ വിവാഹം ചെയ്യുന്നു’, അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഞാനത് സ്വീകരിക്കുന്നു.” പഴയ തലമുറ, സലീമിനെയും ഫാതിമയെയും ഭയപ്പാടോടെയാണ് അംഗീകരിച്ചതെങ്കില്‍പുതിയ തലമുറ ആര്‍ജ്ജവത്തോടെ അത് ചെയ്യുന്നു എന്നിടത്താണ് നോവലിന്‍റെ സമകാലികത തെളിഞ്ഞു കാണാനാകുക. മുമ്പ്, ഒരുമിക്കാനുള്ള വഴികള്‍ അടഞ്ഞുപോയതിനെ തുടര്‍ന്ന് സ്വയം അവസാനിപ്പിച്ച മുസ്ലിം യുവാവ് കാസിമിന്‍റെയും ജൂതയുവതി നഷവായുടെയും സ്ഥാനത്തു ഇപ്പോള്‍ സഈദും അവന്‍റെ പ്രണയിനിയും കേറിനില്‍ക്കുന്നു.

നാലാം തലമുറയില്‍ എത്തുമ്പോള്‍ കൊച്ചുമകന്‍ ഇബ്രാഹിമിനെ ഒരു ചോദ്യം നിരന്തരം വേട്ടയാടി: “ഞാനൊരു ജൂതനായിരുന്നോ അതോ മുസ്ലിമോ?.. എനിക്കറിയില്ലായിരുന്നു ഞാനേതു പ്രഭവങ്ങളില്‍ നിന്ന്അഥവാ സംസ്കാരങ്ങളില്‍ നിന്നാണ് വന്നത് എന്ന്.

“അഞ്ചുവര്‍ഷക്കാലം ചോദ്യം എന്നോടൊപ്പം വിടാതെ കൂടിഒടുവില്‍ എനിക്കതിനു ഉത്തരം കിട്ടി. അഞ്ചുവര്‍ഷക്കാലം ഞാനെന്‍റെ മുത്തച്ചനോടൊപ്പം കഴിഞ്ഞുഹിബ്രുവും അറബിക്കും ആയി രണ്ടു ഭാഷകളും പഠിച്ചുപിന്നെ ജൂതമതംഇസ്ലാംക്രിസ്തുമതംകൂടാതെ കുറച്ചു ബുദ്ധിസംതാവോയിസംകണ്‍ഫ്യൂഷ്യനിസം. ഞാന്‍ ബാബിലോണിയന്‍ പുരാണങ്ങങ്ങള്‍, ഗ്രീക്ക് പുരാണങ്ങള്‍ എന്നിവയും പഠിച്ചുഅറബിക്പേര്‍ഷ്യന്‍ഇന്ത്യന്‍ സാഹിത്യങ്ങളും.

“പതിനാലാം വയസ്സില്‍ ഞാന്‍ വന്ന സംസ്കാരങ്ങളെ, പ്രഭവങ്ങളെ കണ്ടെത്തിയപ്പോള്‍ ഞാനാരാണെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങി. അതെല്ലാം എനിക്ക് രണ്ടു വാക്കുകളില്‍ സംഗ്രഹിക്കാനാകുംഅല്ലെങ്കില്‍ രണ്ടു പേരുകളില്‍. ഞാന്‍ ഫാതിമയുടെയും സുമുഖന്‍ ജൂതന്റെയും താവഴിയാണ്അവരിലേക്ക്‌ തന്നെ മടങ്ങും. അവരാണ് എന്‍റെ ഭൂതകാല പ്രഭവംഎന്‍റെ അടുത്ത താവഴി.”

ആഖ്യാന സാന്ദ്രത

ഫാതിമയുടെയും സലീമിന്‍റെയും മാറിമാറിവരുന്ന ആഖ്യാന വീക്ഷണങ്ങള്‍ഭൂതകാലത്തിലേക്കും പതിനേഴാം നൂറ്റാണ്ടിന്‍റെ ചരിത്ര പശ്ചാത്തലത്തിലേക്കും കടക്കുന്ന ഫ്ലാഷ്ബാക്കുകള്‍തുടങ്ങിയ സങ്കേതങ്ങള്‍ വ്യക്തമാണെങ്കിലും നോവലിനെ സംബന്ധിച്ചു ചരിത്രം ഒരു മുഖാവരണം മാത്രമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. വര്‍ണ്ണവംശീയ വൈവിധ്യങ്ങള്‍ക്കിടയിലെ സഹജീവന സാധ്യത എന്ന സമകാലിക വിഷയത്തില്‍ തന്നെയാണ് നോവലിന്‍റെ ഊന്നല്‍. സന്ദേശ സങ്കേതം (epistolary technique) സലിംഫാതിമ ബന്ധത്തിന്‍റെ വിസ്ഫോടക സാധ്യത, അതിന്‍റെ മാനസിക പിരിമുറുക്കങ്ങള്‍വിഭാഗീയ സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണതകള്‍ എന്നിവയൊക്കെ സൂചിപ്പിക്കാന്‍ സഹായിക്കുന്നു. ഒപ്പംസന്ദേശങ്ങള്‍ ഇരുവര്‍ക്കും ഇടയിലെ പാലമായി വര്‍ത്തിക്കുകയും ചെയ്യുന്നു. പേരുകളുടെ പ്രതീകാത്മക സാധ്യതകള്‍ നോവലിസ്റ്റ് ഉപയോഗിക്കുന്ന വിധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്: ഫാതിമ എന്ന പേര് ഇസ്ലാമിക ചരിത്രത്തില്‍ സ്നേഹബഹുമാന പ്രതീകമാണ്‌: പ്രവാചകന്‍റെ പ്രിയപുത്രിയുടെ പേര്. ജൂത പുരാണത്തിലെ ‘ദൈവത്തിന്‍റെ കൈ’ (The Hamsa, or the Hand of Fatima) സങ്കല്‍പ്പത്തിലും ആ പേര് പ്രാധാന്യമുള്ളതാണ്. ഫലത്തില്‍ഇരുമതങ്ങളും തമ്മിലുള്ള പൗരാണികവും ഭാഷാശാസ്ത്ര പരവും സാംസ്കാരികവുമായ ബന്ധുത്വങ്ങളുടെ ആഴം സൂചിപ്പിക്കുന്ന വാക്കായി അതുമാറുന്നു. സലീമിന്‍റെ പേരാകട്ടെഇസ്ലാമില്‍ സമാധാനത്തിന്‍റെ പ്രതീകമാണെങ്കില്‍, യമനിലെ ജൂതന്മാര്‍ക്കും മുസ്ലിംകള്‍ക്കും ഒരുപോലെ ബഹുമാന്യനായ റബ്ബൈ ശാലോം അല്‍ ശബാസിയുടെ പേരുമായി അതു ബന്ധിതമാണ്. നാലാം തലമുറയിലെ കൊച്ചുമകന്‍ ഇബ്രാഹിം ആകട്ടെജൂതമതത്തിനും ഇസ്ലാമിനും ക്രുസ്തുമതത്തിനും ഒരുപോലെ പവിത്രമായ പൂര്‍വ്വിക പ്രവാചകന്‍റെ പേരാണ് (Rashed, R. Q. G. (2021).

അതീവ ഹ്രസ്വമായ ഒരു നോവല്‍ എന്നു വലിപ്പം കൊണ്ടു തോന്നാമെങ്കില്‍ വീണ്ടും വീണ്ടും വായന അര്‍ഹിക്കുന്ന സാന്ദ്രമായ അനുഭവതലങ്ങള്‍ തുടിച്ചു നില്‍ക്കുന്നനാലുതലമുറകളുടെ ജീവിത സാരസര്‍വ്വസ്വം കാച്ചിക്കുറുക്കിയെടുത്ത കൃതിയെ കുറിച്ച് ഹ്രസ്വം എന്ന പദത്തിന് വേറെ പ്രസക്തിയില്ല എന്നതാണ് സത്യം.

 

References:

(1)  Lisa Hill, ‘Hurma, by Ali AL-Muqri, translated by T.M. Aplin’, ANZ LitLovers LitBlog, https://anzlitlovers.com/2016/09/11/hurma-by-ali-al-muqri-translated-by-t-m-aplin/. Accessed 05.02.21

(2).  Abdulrahman Qaid, ‘Ali al-Muqri: The Novel and the Challenges of Subject’, Al-Madaniya – Culture, June 15, 2017, https://almadaniyamag.com/2017/06/15/2017-6-14-ali-al-muqri-the-novel-and-the-challenges-of-subject/.Accessed 05.02.21

(3). Rashed, R. Q. G. (2021). The Fictional World of Ali Al-Muqri as Seen in The Handsome Jew. Contemporary Review of the Middle East, 8(1), 36–55. https://doi.org/10.1177/2347798920976285).

 

 

No comments:

Post a Comment