4.
ഇസ്ലാമിക
ഫെമിനിസം:
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ മുസ്ലിം ഫെമിനിസ്റ്റുകള്‍ക്കിടയിലെ
ഭിന്നസ്വരങ്ങള്‍ പ്രകടമായിത്തുടങ്ങുകയും സെക്കുലര്‍ ഫെമിനിസം അംഗീകാരം
നേടിയെടുക്കുകയും ചെയ്തുവെങ്കിലും, പോസ്റ്റ്‌കൊളോണിയല്‍ മുസ്ലിം ദേശങ്ങളില്‍ ഉയര്‍ന്നുവന്ന
പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന പ്രശ്നത്തെ നേരിടാന്‍
മുസ്ലിം സ്ത്രീകള്‍ക്ക് ആവശ്യം വേണ്ടിയിരുന്ന ഇസ്ലാമിക ഭാഷയും ചട്ടക്കൂടും നല്‍കാന്‍
അതിനായില്ല. സ്ത്രീയുടെ കര്‍തൃത്വത്തെയും വ്യക്തിത്വ സ്ഥാപനത്തെയും പ്രാദേശിക
മൊഴിയിലുള്ളതും ദേശീയവും ഇസ്ലാമികവുമായ ഒരു മാര്‍ഗ്ഗത്തിലൂടെ, സാമൂഹികവും സാംസ്കാരികവും മതപരവുമായ നവീകരണത്തിന്റെ രീതിയില്‍
ആവിഷ്കരിക്കുക എന്നതാണ് ഇസ്ലാമിക ഫെമിനിസത്തിന്റെ ലക്ഷ്യമെന്ന് ലൈല അഹ്മെദ് *(4) നിരീക്ഷിച്ചപ്പോള്‍, ഇസ്ലാമിക ഫെമിനിസമെന്ന പദം തന്നെ വൈരുധ്യപൂര്‍ണ്ണമാണ് എന്ന് മിരിയാം
കുക്ക് കരുതുന്നു. (Miriam Cooke, Women Claim Islam: Creating
Islamic Feminism through Literature, (New York: Routledge, 2001), 57-58. Qtd by
Abigail Lee Grace). ഖുറാനും ഹദീസും ലിംഗ
സമത്വത്തെ പിന്തുണയ്ക്കുന്നില്ല എന്നും ഖുറാന്‍ നീതിക്കുവേണ്ടിയുള്ള അന്വേഷണത്തെ
പ്രചോദിപ്പിക്കുമ്പോഴും ഫെമിനിസ്റ്റുകള്‍ക്ക് സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി
വാദിക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന നിയമങ്ങള്‍ സംഭരിച്ച ഒരു ഗ്രന്ഥമല്ല
എന്നും റജാ റൂണി വിലയിരുത്തുന്നു. എന്നാല്‍, സമൂഹത്തിലെ പുരുഷാധിപത്യ ഹെജിമണിയുടെ സ്റ്റാറ്റസ്കോയെ നിലനിര്‍ത്തുന്ന
സമീപനത്തിനെതിരെ സ്ത്രീപക്ഷത്തെ കൂടി ഉള്‍ക്കൊള്ളുകയും പരിഷ്കരാണോന്മുഖം
ആയിരിക്കുകയും ചെയ്യുന്നയെന്ന സ്ത്രീപക്ഷ വികാസ ദശയെ പ്രതിനിധാനം ചെയ്യുന്നതിലൂടെ
മെര്‍നിസിയുടെ കൃതികള്‍ ഇസ്ലാമിക് ഫെമിനിസത്തിന്റെയും സെക്കുലര്‍
ഫെമിനിസത്തിന്റെയും ധാരകളെ ഒരുമിപ്പിക്കുന്നു. ‘Fatna Aid Sabbah’ എന്ന തൂലികാനാമത്തില്‍ എഴുതിയ Woman
in the Muslim Unconscious എന്ന കൃതിയില്‍ മൊറോക്കന്‍ ചരിത്ര
രചനയില്‍ തമസ്കരിക്കപ്പെട്ട ‘കീഴാള മൊറോക്കന്‍ സ്ത്രീത്വ’ത്തിന്റെ
വീക്ഷണത്തില്‍ ചരിത്രം തിരുത്തിയെഴുതുന്നതോടൊപ്പം കൊളോണിയല്‍- പോസ്റ്റ്‌കൊളോണിയല്‍,
ദേശീയവാദ - മാര്‍ക്സിസ്റ്റ് സമീപനങ്ങളെയും കടന്നാക്രമിക്കുന്നതിലൂടെ
സെക്കുലര്‍ ഫെമിനിസ്റ്റ് സമീപനത്തിലേക്കാണ് അവര്‍ ചേര്‍ന്നു നിന്നത്. എന്നാല്‍
തുടര്‍ന്നിറങ്ങിയ The Veil and the Male Elite, Islam and
Democracy തുടങ്ങിയ കൃതികളില്‍ ഇരു ഫെമിനിസ്റ്റ് സമീപനങ്ങളെയും
ഒരുമിപ്പിക്കുന്ന ഒരു “പുതിയ സൈദ്ധാന്തിക മാര്‍ഗ്ഗം” തുടങ്ങിവെച്ചു. എങ്കിലും, മിക്ക അറബ്/ മാഗ്രെബ്/ മുസ്ലിം നിരീക്ഷകരും അവരെ ആദ്യത്തെയും ഏറ്റവും
പ്രധാനിയുമായ ഇസ്ലാമിക് ഫെമിനിസ്റ്റ് ആയി വിലയിരുത്തുന്നു; വിശേഷിച്ചും Beyond
the Veil: Male-Female Dynamics in a Muslim Society(1975) എന്ന കൃതിയുടെ പശ്ചാത്തലത്തില്‍. Le Harem Politique (The Veil and the Male Elite: A Feminist Interpretation of
Islam -1987) ഇസ്ലാമിക് ഫെമിനിസത്തെ
അടയാളപ്പെടുത്തുന്ന ആദ്യ ടെക്സ്റ്റ് ആണെന്ന് അബ്ദുല്ല ലബ്ദാവി (Abdellah
Labdaoui) കരുതുന്നു. മെര്‍നിസിയുടെ
രണ്ടാം ഘട്ടം (ഇസ്ലാമിക് ഫെമിനിസം) സെക്കുലര്‍ ഫെമിനിസ്റ്റ് സമീപന ഘട്ടത്തിലെ
റാഡിക്കല്‍ രീതിയില്‍ നിന്ന് വ്യതസ്തമായ മിതസമീപനത്തില്‍ അധിഷ്ടിതമാണ് എന്നും
ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവാത്ത അവരുടെ വ്യതിരിക്തത Dreams
of Trespass -ലും സഹജമാണ് എന്നും നിരീക്ഷിക്കപ്പെടുന്നു.
മെര്‍നിസിയുടെ നിലപാടുകളിലെ മാറ്റം കൃത്യമായും പ്രകടമായ കൃതിയാണ് 1994ല്‍ പ്രസിദ്ധീകരിക്കപ്പെട്ട Dreams
of Trespass, Tales of a Harem Girlhood. ഹാരം ജീവിതത്തെ കുറിച്ചുള്ള പാശ്ചാത്യ ധാരണകളെ പൊളിച്ചെഴുതുകയും പുനര്‍നിര്‍വ്വചിക്കുകയും
ചെയ്യുന്നുണ്ട് ഈ കൃതി. പാശ്ചാത്യ ധാരണകളില്‍ മുസ്ലിം ശീലമായി കരുതപ്പെട്ട
പ്രസ്തുത സ്ഥാപനത്തിന് യഥാര്‍ഥത്തില്‍ ഇസ്ലാമിക പൂര്‍വ്വ ഉത്പത്തിയുണ്ട്.
രാജാക്കന്മാരുടെ ഭാര്യമാരും, എണ്ണമറ്റ വെപ്പാട്ടികളും, നപുംസകങ്ങളും സ്ത്രീകളും അടങ്ങുന്ന അവരുടെ സൂക്ഷിപ്പുകാരും നിറഞ്ഞ
ഇസ്ലാമിക പൂര്‍വ്വ/ അബ്ബാസിദ്/ ഓട്ടോമന്‍ സാമ്രാട്ടുകളുടെ ഹാരം യാഥാര്‍ത്ഥ്യം അവയെ
കുറിച്ചുള്ള ഇറോട്ടിക്, എക്സോട്ടിക് ‘ഒറിയന്റലിസ്റ്റ്’ പാശ്ചാത്യ ചിത്രീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ചരിത്രപരമായ
മുസ്ലിം പശ്ചാത്തലത്തില്‍ അതെങ്ങനെയാണെന്ന് ലൈലാ അഹ്മെദ് നിര്‍വ്വചിക്കുന്നു:
“പുരുഷന് ഒന്നിലേറെ സ്ത്രീകളിലേക്ക് ലൈംഗിക പ്രവേശനം അനുവദിക്കുന്ന ഒരു വ്യവസ്ഥ
എന്ന് ഹാരമിനെ നിര്‍വ്വചിക്കാം... (അല്ലെങ്കില്‍) ഒരുപുരുഷന്റെ സ്ത്രീകളായ
ബന്ധുക്കള്‍ - ഭാര്യമാര്‍, സഹോദരിമാര്‍, അമ്മ, അമ്മായിമാര്, പെണ്മക്കള്- അവരുടെ സമയവും ജിവിത ഇടങ്ങളും അധികവും പങ്കുവെക്കുന്ന ഇടം” *(5). ഈ നിര്‍വ്വചനമാണ്
മെര്‍നിസിയുടെ കുട്ടിക്കാലം ചെലവഴിച്ച ഹാരമിന് ചേരുക. അവരുടെ പിതാവിന്റെയും
സഹോദരന്റെയും കുടുംബങ്ങളും ബന്ധുക്കളും അടങ്ങുന്നതാണ് ഫെസ്സിലെ ഹാരം. 1956ല്‍ ഫ്രഞ്ച് ‘പ്രോട്ടെക്റ്ററേറ്റ്’ കൊളോണിയലിസത്തില്‍ നിന്ന്
സ്വതന്ത്രമാകും വരെ മൊറോക്കന്‍ ഉപരി-മധ്യവര്‍ഗ്ഗത്തില്‍ ഇത്തരം ഹാരമുകള്‍
സാധാരണമായിരുന്നു. ഇജിപ്തില്‍, ബ്രിട്ടീഷ് വിരുദ്ധ
ദേശീയതയോടൊപ്പം ശക്തിപ്പെട്ട സ്ത്രീ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദ ഫലമായി ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെ ഹാരം സമ്പ്രദായം അപ്രത്യക്ഷമായിരുന്നു
എന്നുതും സ്മരണീയമാണ്. പാശ്ചാത്യര്‍ അല്ലാത്ത പഠിതാക്കള്‍ ഹാരം സംസകാരത്തിന്റെ
സ്ത്രീ ശാക്തീകരണ വശങ്ങളിലേക്ക് വെളിച്ചം വീശിയത് ഇതോടു ചേര്‍ത്തു കാണാം. മൂന്നാം
ലോക സ്ത്രീയെ കുറിച്ചുള്ള ഏകാശിലാരൂപിയായ പാശ്ചാത്യ ധാരണകളില്‍ മുസ്ലിം സ്ത്രീ
ആഭ്യന്തര കൊളോണിയലിസത്തിന്റെ ഇര മാത്രമായിരുന്നു. അവളുടെ മോചനം പാശ്ചാത്യമായ
ലിബറല്‍, റാഡിക്കല്‍ ഫെമിനിസ്റ്റ് സമീപനങ്ങളിലൂടെ
മാത്രമേ സാധ്യമാകൂ എന്ന നിലപാട് ഫലത്തില്‍ ഇതരലോക സ്ത്രീയെ അവരുടെ സഹാനുഭൂതിയുടെ
സ്വീകര്‍ത്താക്കള്‍ മാത്രമായി സാംസ്കാരികമായി അന്യവല്‍ക്കരിച്ചു. ഹാരം
സമ്പ്രദായത്തെ കുറിച്ചുള്ള പാശ്ചാത്യ വാര്‍പ്പു മാതൃകാ സങ്കല്പങ്ങള്‍ക്കു കാണാന്‍
കഴിയാതെ പോയ ഇടങ്ങളാണ് മെര്‍നിസി ചിത്രീകരിക്കുന്നത്: “ഇവിടെ സ്ത്രീകള്‍ ജീവിത
ഇടവും സമയവും പങ്കുവെക്കുന്നു, അനുഭവങ്ങളും അറിവുകളും
കൈമാറുന്നു, പുരുഷ ലോകത്തെ വിശകലനം ചെയ്യുന്നു –
പലപ്പോഴും തമാശകള്‍, കഥകള്‍, അല്ലെങ്കില്‍ നാടകങ്ങള്‍ എന്നിവയിലൂടെ” (Leila Ahmed).
1940-’50 കാലത്ത് ഫ്രഞ്ച് കൊളോണിയലിസത്തിന്റെ കീഴില്‍ ഒരു പ്രോട്ടെക്റ്ററേറ്റ്
ആയിരുന്ന മൊറോക്കോ, ഇജിപ്ത്, ലബനോന്‍, അള്‍ജീരിയ എന്നിവിടങ്ങളിലെ പോലെ
ശക്തിപ്പെട്ടുകൊണ്ടിരുന്ന ദേശീയവാദത്തിനു സാക്ഷ്യം വഹിച്ചു. 1943ല്‍ ലബനോന്‍ ദേശീയവാദികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ അള്‍ജീരിയന്‍
ദേശീയവാദികള്‍ സ്വാതന്ത്ര്യ മാനിഫെസ്റ്റൊയും പരിഷകരണ പദ്ധതിയും (Reform Plan) പുറത്തിറക്കി. ഇതെല്ലാം മൊറോക്കന്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാര്‍
ആയിരുന്ന അഹ്മെദ് ബെലാഫ്രെജ്, ഒമര്‍ അബ്ദെല്‍ ജലീല്‍, മുഹമ്മദ് അല്‍ ഫസ്സി (Ahmed Belafrej, Omar Abdeljalil, Mohammed
El-Fassi) തുടങ്ങിയവരെ മൊറോക്കന്‍ സ്വാതന്ത്ര്യ പദ്ധതി
ആവിഷ്കരിക്കാന്‍ പ്രചോദിപ്പിച്ചു. 1944ല്‍ സ്ഥാപിതമായ
ഇസ്തിഖ്’ലാല്‍ പാര്‍ട്ടി (Istiqlal (Independence) party)യുടെ
മാനിഫെസ്റ്റോ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചു: സീദി മുഹമ്മദിന്റെ കീഴില്‍
ഒരു സ്വതന്ത്ര മൊറോക്കോ, അറ്റ്ലാന്റിക് ചാര്‍ട്ടര്‍
ഒപ്പുവെക്കുന്ന സമാധാന സമ്മേളനത്തില്‍ മൊറോക്കൊയുടെ പ്രാതിനിധ്യം, സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമനെ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍
അനുവദിക്കല്‍ എന്നിവയായിരുന്നു അവയില്‍ മുഖ്യമായവ. ദേശീയവാദികള്‍ക്കും ഫ്രഞ്ച്, സ്പാനിഷ് കൊളോണിയല്‍ അധികാരികള്‍ക്കും ഇടയില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ 1956 ഏപ്രിലില്‍ ഫ്രഞ്ച് ആധിപത്യത്തില്‍ നിന്ന് മൊറോക്കോ സ്വതന്ത്രമായി.
*(4) (Leila
Ahmed. “Front Matter.” Women and Gender in Islam: Historical Roots of a Modern
Debate, Yale University Press, 1992, pp. i–iv.
JSTOR, http://www.jstor.org/stable/j.ctt32bg61.1. Accessed 20 July 2025.)
*(5). (Leila
Ahmed, “Western Ethnocentrism and Perceptions of the Harem,” Feminist
Studies, 8, no. 3, (1982), 524).
Part 1,2,3
Feminism,Maghreb Africa,Morocco,Memoir,Autobiography,History,
Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html
Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html
Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html
Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html
Part 6. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html
Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html
No comments:
Post a Comment