2.
രണ്ടു
ഹാരമുകള്‍
ഹാരം ജീവിതത്തെ അതിന്റെ എകാന്തതക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും ഇടയിലും പരസ്പര
സഹകരണത്തിന്റെയും ശാക്തീകരണത്തിന്റെയും ഇടമെന്ന പ്രസന്ന മൂല്യങ്ങളിലാണ് മെര്‍നിസി
ചിത്രീകരിക്കുന്നത്. ആഖ്യാതാവായ ഒമ്പതു വയസ്സുകാരി ഫാതിമയെ സംബന്ധിച്ച് അടഞ്ഞ
അന്തരീക്ഷത്തില്‍ പെണ്‍കുട്ടിയായി മുതിരുന്നതിന്റെ ആന്‍ ഫ്രാങ്ക് സാമ്യം
പരിമിതമാണ്: ആന്‍ ഫ്രാങ്കിന്റെ പ്രതീക്ഷകളില്ലാത്ത ലോകമേയല്ല ഫാതിമയുടെത്.
ഊഷ്മളമായ ശൈശവ സ്മൃതികളാല്‍ സമ്പന്നമാണ് ഹാരം ജീവിതം. പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയും
ചുറുചുറുക്കുമുള്ള ഒമ്പതുവയസ്സുകാരിയുടെ കണ്ണിലൂടെ പിതൃവഴിയിലെ മുത്തശ്ശി ലല്ല
അടക്കിഭരിക്കുന്ന നഗര പശ്ചാത്തലമായ ഫെസ്സിലെ ഹാരം ജീവിതത്തിന്റെ കര്‍ക്കശ സാഹചര്യം
ഒരു വശത്ത്. മാതൃ വഴിയിലെ യാസ്മിന മുത്തശ്ശിയുടെ നാട്ടുമ്പുറത്തെ കാര്‍ഷിക
സംസ്കാരത്തിലെ അയഞ്ഞ അതിരുകളുള്ള ഹാരം ജീവിതത്തിന്റെ ആപേക്ഷിക സ്വാതന്ത്ര്യം
മറ്റൊന്ന്. ഇവ രണ്ടും ഉടനീളം താരതമ്യം ചെയ്യപ്പെടുന്നു. ഫെസ്സില്‍, ഉമ്മയും അമ്മാവിമാരും പുറം ലോകത്തെ കുറിച്ച് കേള്‍ക്കുന്നത് പോലും
ആണുങ്ങള്‍ അറിയാതെ രഹസ്യമായി റേഡിയോ കേള്‍ക്കുന്നതിലൂടെ മാത്രമാണ്. ഇജിപ്തിലും
തുര്‍ക്കിയിലും നടക്കുന്ന സംഘര്‍ഷങ്ങള്‍, ക്രിസ്ത്യന്‍
ലോകം മുസ്ലിം ലോകത്തെ കീഴ്പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍, രണ്ടാം ലോകയുദ്ധ സാഹചര്യം എന്നതൊക്കെ അവ്യക്തമായി അവരിലേക്ക് എത്തുന്നത്
അങ്ങനെയാണ്. അതിവേഗം പരിണമിച്ചു കൊണ്ടിരുന്ന സാമൂഹികാന്തരീക്ഷത്തില്‍ പരമ്പരാഗത
മൂല്യങ്ങളുടെ തകര്‍ച്ച അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍, അതിരുകളുടെ കൃതൃമത്വത്തെ കുറിച്ച് അതിനപ്പുറം പോകേണ്ടതിനെ കുറിച്ച് കൊച്ചു
മെര്‍നിസിയെ ഉമ്മയും ഹബീബ അമ്മായിയും കസിന്‍ ശമായും പോലുള്ളവര്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.
“ഉമ്മമാര്‍ സ്വപ്നങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും
പറയണം, ഹബീബ അമ്മായി പറഞ്ഞു, ‘അവ
അവര്‍ക്ക് ദിശാബോധം നല്‍കും. ഈ അങ്കണം വിട്ടുപോയാല്‍ എല്ലാമായില്ല .. പകരം
വെക്കാന്‍ പോകുന്ന സമതലങ്ങളെ കുറിച്ച് നിനക്കൊരു ദര്‍ശനം വേണം.’ ഞാന്‍ ചോദിച്ചു:
‘പക്ഷെ എല്ലാ അഭിലാഷങ്ങള്‍ക്കും കീഴ്പ്പെടുത്തുന്ന ആഗ്രഹങ്ങള്‍ക്കും ഇടയില്‍
വിവേചിച്ചറിയുകയും എന്നിട്ട് ശരിക്കും ശ്രദ്ധയൂന്നേണ്ടതിനെ, ആ ദര്‍ശനം നല്‍കിയ സുപ്രധാന സ്വപ്നത്തെ കണ്ടെത്തുകയും ചെയ്യുക എങ്ങനെയാണ്? അവര്‍ പറഞ്ഞു കൊച്ചുകുട്ടികള്‍ക്ക് ക്ഷമ വേണം, അപ്പോള്‍
അതിപ്രധാന സ്വപ്നം പ്രകടമാകുകയും ഉള്ളില്‍ വിടരുകയും ചെയ്യും, അപ്പോള്‍ അതുനല്കിയ അദമ്യ ആനന്ദത്തില്‍ നിന്ന്, നിനക്ക് അറിയാനാകും അതാണ് നിനക്ക് ദിശയും വെളിച്ചവും നല്‍കാന്‍ പോകുന്ന
തീര്‍ത്തും സ്വകീയമായ കൊച്ചു നിധിയെന്ന്.”
ഫെസ്സില്‍ ഏകപത്നീ വ്രതക്കാരായ ആണുങ്ങള്‍ ആണെങ്കിലും അവിടത്തെക്കാള്‍
സ്വതന്ത്രരും സന്തുഷ്ടരുമാണ് താമു മുത്തശ്ശിയോടും യായാ മുത്തശ്ശിയോടും സഹഭാര്യാ
പദവി പങ്കിടുമ്പോഴും യാസ്മിന മുത്തശ്ശി. കൊച്ചു ഫാതിമ ചോദ്യം ചെയ്യുന്ന ‘ഹുദൂദ്’
ആദ്യം ഹാരമിലെ ആണ്‍-പെണ്‍ വിഭജനത്തിന്റെത് ആണെങ്കിലും വൈകാതെ അത് ഹലാല്‍-ഹറാം, ക്രിസ്ത്യന്‍-മുസ്ലിം, ഫ്രഞ്ച്-മൊറോക്കന്‍ അതിരുകളെ കൂടി ഉള്‍ക്കൊണ്ടു തുടങ്ങുന്നു. ഹാരം എന്ന
പദം തന്നെ എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടെണ്ടത് എന്ന അര്‍ഥത്തില്‍ ‘ഹറാം’ എന്ന
പദത്തില്‍ നിന്നുതന്നെയാണ് ഉത്ഭവിച്ചത്. ഫാതിമയുടെ ഭാവനയും കളികളും, മുന്‍കാല അടിമയായിരുന്ന മിന മുത്തശ്ശിയുടെ കഥകള്‍ പോലെ, ഷഹരെസാദിനെ പോലെ, പരിമിതികളുമായി നേരിടാനുള്ള
അവളുടെ മാര്‍ഗ്ഗങ്ങള്‍ കൂടിയാണ്. സ്വാതന്ത്ര്യ ബോധമുള്ള ആധുനിക സ്ത്രീയിലേക്ക്
വളരുന്നതോടൊപ്പം കുടുംബ വേരുകളോടും പാരമ്പര്യത്തോടും കൂറു പുലര്‍ത്തുകയും
ചെയ്യുന്ന ഇസ്ലാമിക് ഫെമിനിസ്റ്റ് എന്ന നിലയിലേക്കുള്ള പില്‍ക്കാല വളര്‍ച്ചക്ക്
അവയാണ് ഊര്‍ജ്ജമാകുക. “ഒരിക്കല്‍ ഞാന്‍ മിനായോടു ചോദിച്ചു, എന്തുകൊണ്ടാണ് മറ്റു സ്ത്രീകള്‍ മിക്കവാറും വികലവും ചിട്ടയില്ലാത്തതുമായ
ചലനങ്ങള്‍ നടത്തിയപ്പോള്‍ അവര്‍ക്ക് ഇത്ര ആയാസരഹിതമായി നൃത്തം ചെയ്യാന്‍ കഴിഞ്ഞത്
എന്ന്, അവര്‍ പറഞ്ഞു മിക്ക സ്ത്രീകളും വിമോചനത്തെ
കലാപമായി തെറ്റിദ്ധരിച്ചു. ‘ചില സ്ത്രീകള്‍ അവരുടെ ജീവിതത്തെ കുറിച്ച് രോഷാകുലരാണ്,’ അവര്‍ പറഞ്ഞു, അതുകൊണ്ട് അവരുടെ നൃത്തം പോലും
അതിന്റെ ഒരാവിഷ്കാരം ആയിത്തീരുന്നു.’ രോഷാകുലരായ സ്ത്രീകള്‍ അവരുടെ രോഷത്തിന്റെ
ബന്ദികള്‍ ആണ്. അവര്‍ക്കതില്‍ നിന്ന് രക്ഷപ്പെടാനോ, സ്വയം
സ്വതന്ത്രരാക്കാനോ കഴിയില്ല, അത് തീര്‍ച്ചയായും
സങ്കടകരമായ ഒരവസ്ഥയാണ്. ഏറ്റവും മോശം ജയില്‍ സ്വയം സൃഷ്ടിക്കുന്നതാണ്.”
Part 1:
Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html
To read further:
Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html
Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html
Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html
Part 6. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html
Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html
No comments:
Post a Comment