രണ്ടു
ഫെമിനിസ്റ്റ് ധാരകള്‍:
1994ല്‍, മെര്‍നിസിയുടെ കരിയറില്‍
നിര്‍ണ്ണായകമായ ഒരു പരിണാമ ഘട്ടത്തിലാണ് Dreams of
Trespass രചിക്കപ്പെടുന്നത്. ഒരു സെക്കുലര്‍ ഫെമിനിസ്റ്റ്
വിശകലന രീതിയില്‍ നിന്ന് ഇസ്ലാമിക് ഫെമിനിസത്തിന്റെ നിലപാടുകളിലേക്കുള്ള അവരുടെ
പരിവര്‍ത്തനത്തിന്റെ ഘട്ടമായിരുന്നു അത്. കര്‍ക്കശ
നിലപാടുകളുള്ള ഫെസ്സിന്റെ പശ്ചാത്തലത്തില്‍ ഹാരം
ജീവിതത്തില്‍ ഇതര സ്ത്രീകളോടുള്ള സഹാവാസത്തിലൂടെ പെണ്‍കുട്ടിയായി വളരുന്നതിന്റെ
കഥയായാണ് സ്വന്തം കഥ അവര്‍ പറയുന്നത്. സ്വന്തം വ്യക്തിത്വം കണ്ടെത്തുന്നതിന്റെയും
വികസിപ്പിക്കുന്നതിന്റെയും പടവുകളില്‍ സുപ്രധാനമെന്നു അവര്‍ കരുതുന്ന
പ്രമേയങ്ങളെയും അനുഭവങ്ങളെയും ആവിഷ്കരിക്കുന്ന രീതിയിലാണ് അധ്യായങ്ങള്‍
ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹാരമിനകത്തെ സ്ത്രീകളുടെ പാത്ര സൃഷ്ടികളിലൂടെ
വികസിക്കുന്ന ഈ പ്രമേയങ്ങള്‍ വ്യത്യസ്ത രീതികളിലുള്ള കഥപറച്ചില്‍, ഇജിപ്ത്യന്‍ ഫെമിനിസ്റ്റുകളുടെയും പ്രശസ്ത സ്ത്രീകളുടെയും സ്വാധീനം, ഹാരം ജീവിതത്തിന്റെ ഭിന്ന മുഖങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്നു. മുഖ്യ
കഥാപാത്രങ്ങള്‍ ഫെസ് ഹാരമിലെ വിവാഹമോചിതയായ ഹബീബ അമ്മായി, കസിന് ശമ, മെര്‍നിസിയുടെ ഉമ്മ, അടിമസ്ത്രീയായിരുന്ന ഭൂതകലമുള്ള മിനാ മുത്തശ്ശി, തുടങ്ങിയവരും യാസ്മിന മുത്തശ്ശിയുടെ നാട്ടുമ്പുറത്തെ കാര്‍ഷിക
സംസ്കാരത്തിലെ അയഞ്ഞ അതിരുകളുള്ള ഹാരമിലെ അവരുടെ സഹാഭാര്യമാര്‍ താമു മുത്തശ്ശി, യായാ മുത്തശ്ശി തുടങ്ങിയവരും ആണ്. ഒമ്പതാം വയസ്സുവരെയുള്ള ഹാരം ജീവിതമാണ്
നേരിട്ട് ആവിഷ്കരിക്കപ്പെടുന്നതെങ്കിലും പുസ്തകത്തിന്റെ ഘടനയെ നിര്‍ണ്ണയിച്ച വിഷയ/
കഥാപാത്ര തെരഞ്ഞെടുപ്പുകള്‍ ഫാത്തിമ മെര്‍നിസിയെന്ന ലോകാരാധ്യയായ മുതിര്‍ന്ന
എഴുത്തുകാരിയുടെ പിന്‍നോട്ടത്തിലാണ് സംഭവിക്കുന്നത് എന്നത് വ്യക്തമാണ്: “നമ്മുടെ വിമോചനമെന്നത് നമ്മുടെ ഭൂതകാലത്തിന്റെ പുനര്‍വായനയിലൂടെയും
സംസ്കാരത്തെ രൂപപ്പെടുത്തിയ എല്ലാത്തിനെയും ദിശാബോധത്തോടെ
പുനരുപയോഗിക്കുന്നതിലൂടെയും (reappropriation) ആണ്
സംഭവിക്കുക” *(1) എന്ന നിരീക്ഷണം ഇവിടെ തികച്ചും സംഗതമാണ്.
അറബ്
ലോകത്തെ രണ്ടു ഫെമിനിസ്റ്റ് ധാരകള്‍ മെര്‍നിസിയെ പഠിക്കുന്നതില്‍ പ്രധാനമാണ്. ഫോര്‍ദാം യൂണിവേഴ്സിറ്റി സ്കോളര്‍
അബിഗെയ്ല്‍ ഗ്രേസിന്റെ പഠനം ഇക്കാര്യത്തില്‍ ഏറെ സംക്ഷിപ്തവും സമഗ്രവുമാണ് എന്ന്
പറയാം *(2).
സെക്കുലര്‍
ഫെമിനിസം: മുസ്ലിം ലോകത്തെ ഫെമിനിസം ഏകശിലാരൂപിയല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ
ദശകങ്ങളില്‍ കൊളോണിയല്‍ വിരുദ്ധ ദേശീയ ബോധത്തിന്റെ പ്രതിഫലനമായാണ്, ഭാഗികമായെങ്കിലും, മിഡില്‍ ഈസ്റ്റിലും വടക്കന്‍
ആഫ്രിക്കയിലും സ്ത്രീപക്ഷ ഉണര്‍വ്വുകള്‍ ഉത്ഭവിക്കുന്നത്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍
ഉണ്ടായിരുന്ന ഇജിപ്തിനെ സംബന്ധിച്ച് സ്ത്രീ മുന്നേറ്റം അടയാളപ്പെടുത്തുന്നതില്‍
ദേശീയ പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തോടൊപ്പം തന്നെ വേറെയും രണ്ടു സംഭവങ്ങള്‍ നിര്‍ണ്ണായകമായി. 1907-1912 കാലത്ത് സമൂഹത്തിന്റെ സെക്സിറ്റ് നിലപാടുകളെ മുഴുവന്‍ നേരിട്ട് സെക്കണ്ടറി
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നബവിയ്യ മൂസയുടെ (Nabawiyya
Musa) നേട്ടമായിരുന്നു ആദ്യത്തേത്. ലിബറല്‍ സെക്കുലറിസ്റ്റുകള്‍
ആയിരുന്ന ഉമ്മ പാര്‍ട്ടിയുടെ (Umma Party) അല്‍ഗരീദ (Al-jarida) പത്രത്തില്‍ സ്ത്രീവിരുദ്ധ അനീതികള്‍ക്കെതിരെ മലാക് ഹിഫ്നി നസ്സെഫ് (Malak
Hifni Nassef) ‘ബാഹിതത് അല്‍ ബദിയ്യ’ (Bahithat Al-Badiyya – Seeker in the Desert) എന്ന തൂലികാ നാമത്തില്‍ എഴുതിയ ലേഖനങ്ങള്‍ രണ്ടാമത്തേതും. ഇജിപ്തിലെ
സ്ത്രീകളില്‍ വിദ്യാഭ്യാസ രംഗത്തും മീഡിയയിലും എത്തിപ്പെട്ട ആദ്യ വനിതകള്‍ എന്ന
നിലയില്‍ അവരുടെ ചെയ്തികള്‍ സെക്കുലര്‍ ഫെമിനിസത്തിന്റെ ലക്ഷ്യങ്ങളെ നിര്‍വ്വചിച്ചു.
ഹുമ അഹ്മെദ് ഘോഷിന്റെ (Huma Ahmed-Ghosh) വാക്കുകളില്‍:
“സെക്കുലര്‍ ഫെമിനിസ്റ്റുകള്‍ .. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള
തങ്ങളുടെ യുക്തികളെ മനുഷ്യാവകാശ വാദങ്ങളില്‍ അടിസ്ഥാനപ്പെടുത്തുന്നു, അതുവഴി ഒരു സെക്കുലര്‍ ജനാധിപത്യത്തിലെ വ്യക്തികളുടെ ശാക്തീകരണത്തിലൂടെ
സിവില്‍ സമൂഹത്തെ സൃഷ്ടിക്കുന്നതും ലക്ഷ്യം വെക്കുന്നു.” (Qtd by Lee,
Abigail Grace).
ഇജിപ്ത്യന്‍ ഫെമിനിസ്റ്റുകള്‍ പെണ്‍കൂട്ടായ്മകളും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ
ശ്രമങ്ങളും ലേഖനങ്ങള്‍ പോലുള്ള മാധ്യമങ്ങളും ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്നുള്ള
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി തങ്ങളുടെ സെക്കുലറിസ്റ്റ് സമീപനങ്ങള്‍
വ്യക്തമാക്കിയപ്പോള്‍, ഇതര മുസ്ലിം/ മാഗ്രെബ്
ദേശങ്ങളില്‍ അത്തരം മുന്നേറ്റങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടാദ്യം തന്നെ സംഭവിച്ചു
തുടങ്ങിയിരുന്നു. ടുണീഷ്യ, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ബഹുഭാര്യത്വവും ഏകപക്ഷീയ പുരുഷാഭീഷ്ട വിവാഹ
മോചനവും നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നേരത്തേ ആരാഞ്ഞുതുടങ്ങി. ഇക്കാര്യത്തില്‍ 1927ല്‍ മാത്രമാണ് അത്തരം പരിഷ്കാരശ്രമങ്ങള്‍ ഇജിപ്തില്‍ ഉണ്ടാവുന്നത്.
അതുകൊണ്ട് സെക്കുലര്‍ ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ ഒരേ തീവ്രതയോടെയല്ല അറബ്/
മുസ്ലിം ലോകത്തുണ്ടായത് എന്ന് കാണാം.
വിപ്ലവാഭിമുഖ്യമുണ്ടെങ്കിലും
സെക്കുലര്‍ ഫെമിനിസത്തിന് ചില പരിമിതികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുയര്‍ത്തിപ്പിടിക്കുന്ന
മധ്യവര്‍ഗ്ഗ പ്രവണതകള്‍ പാശ്ചാത്യവല്‍ക്കരണ ത്വരയില്‍ അധിഷ്ടിതമായതു കൊണ്ട് അത്തരം
മാതൃകയെയാണ് അത് ആദര്‍ശവല്‍ക്കരിക്കുന്നത്. റജാ റൂണി *(3) യുടെ കാഴ്ചപ്പാടില്‍
സെക്കുലര്‍ ഫെമിനിസം പൊതുമണ്ഡലത്തില്‍ ലിംഗ സമത്വത്തിനു വേണ്ടി വാദിക്കുമ്പോള്‍
തന്നെ സ്വകാര്യ ഇടങ്ങളില്‍ ലിംഗ പദവിയിലെ അനുപൂരകത്വത്തെ (gender complementarity) പിന്തുണക്കുകയും
അതുവഴി കുടുംബ വ്യവസ്ഥയില്‍ രൂഡമായ ആണധികാരത്തെ അഭിമുഖീകരിക്കുന്നതില്‍
പരാജയപ്പെടുകയും ചെയ്യുന്നു.
*(1). (Fatima Mernissi, Islam and
Democracy: Fear of the Modern World, (Perseus Publishing, 2002). 160.qtd by Lee, Abigail Grace)
*(2). (Lee, Abigail Grace,
"Dreaming of New Realities in Fatima Mernissi's Dreams of Trespass, A
Harem Girlhood" (2020). Senior
Theses. 37. https://research.library.fordham.edu/international_senior/37. P.6).
*(3) (Raja
Rhouni, ‘Secular and Islamic feminist
critiques in the work of Fatima Mernissi’, https://www.academia.edu/9113307/Secular_and_Islamic_Feminist_Critiques_in_the_Work_of_Fatima_Mernissi)
Part 1, 2...
Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html
Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html
to read further:
Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html
Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html
Part 6. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html
Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html
No comments:
Post a Comment