Featured Post

Saturday, July 26, 2025

Dreams of Trespass by Fatima Mernissi

 

5.

ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിനും ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും അകത്താണ് മൊറോക്കോയിലെ ഫെമിനിസ്റ്റ് ചിന്തകള്‍ വളര്‍ന്നുവന്നത്. കൊളോണിയല്‍ അധീശത്വത്തില്‍ ആയിരുന്ന ഇതര മിഡില്‍ ഈസ്റ്റ്മാഗ്രെബ് ദേശങ്ങളില്‍ വീശിയടിച്ച അറബ് വല്‍ക്കരണം, ദേശസാല്‍ക്കരണം, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപനം തുടങ്ങിയ വികാസങ്ങള്‍ മൊറോക്കൊയിലും ശക്തമായി. Dreams of Trespass-ല്‍ കാണാവുന്നതുപോലെബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനു കീഴില്‍ ഈജിപ്തില്‍ ശക്തമായ ദേശീയവാദവും ഫെമിനിസ്റ്റ് പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പ് മൊറോക്കോക്കും ഇതര അറബ് ദേശങ്ങള്‍ക്കും ഒരാദ്യകാല മാതൃക ആവുകയായിരുന്നു. 1946ല്‍ നഗരകേന്ദ്രിത ഉപരിവര്‍ഗ്ഗ വനിതകളുടെ മുന്‍കൈയ്യില്‍ സ്ഥാപിതമായ “Akhawat Al-Safaa” ആദ്യ മൊറോക്കന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം ആയിരുന്നു. ഈ സാംസ്കാരിക കാലാവസ്ഥയിലാണ് ഫാതിമ മെര്‍നിസി കടന്നുവരുന്നത്‌. ആദ്യകാല ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളില്‍ തുടങ്ങി ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിലും (1980-s ‘’90’s) മൂന്നാം തരംഗത്തിലും (2000 മുതല്‍) അവരുടെ സംഭാവനകള്‍ അതിപ്രധാനമാണ്.

            കൊളോണിയല്‍ ഇജിപ്തിലെ നഗരകേന്ദ്രിത ഉപരി/ മധ്യവര്‍ഗ്ഗ വനിതകള്‍ക്കിടയിലെ സര്‍ഗ്ഗാത്മക ശ്രമങ്ങളില്‍ 1880കളില്‍ തന്നെ ഫെമിനിസ്റ്റ് ഉണര്‍വ്വുകള്‍ പ്രകടമായിരുന്നു. ഹാരംഹിജാബ് സമ്പ്രദായങ്ങളോടുള്ള കലഹം അതിന്റെ തുടക്കമായിരുന്നു. 1923ല്‍ ഹുദാ ശഅറാവി ആരംഭിച്ച ഈജിപ്ത്യന്‍ സ്ത്രീപക്ഷ കൂട്ടായ്മ al Ittihad al-Nisa’I al Misri (The Egyptian Feminist Union) ദേശീയ പ്രസ്ഥാനത്തില്‍ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനോടൊപ്പം പൊതു ഇടത്തിലെ സ്ത്രീ എന്നൊരു പരികല്‍പ്പന തന്നെ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. “ഈജിപ്ത്യന്‍ വനിതകളുടെ ഫെമിനിസവും ദേശീയവാദവും ഈജിപ്ത്യന്‍ പുരുഷന്റെ ലിബറല്‍ ദേശീയവാദവും ചേര്‍ന്ന് സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒരു സംയോജിത ദേശീയ മുന്നേറ്റത്തിനു നാന്ദി കുറിച്ചു” *(6). മൊറോക്കന്‍ സ്ത്രീത്വം ഹാരം ജീവിതം നേരിട്ട നാല്‍പ്പതുകളില്‍ ഈജിപ്ത്യന്‍ വനിതകള്‍ തെരുവില്‍ പ്രകടനം നടത്തുകയായിരുന്നു എന്നതില്‍ ഈജിപ്ത്യന്‍ ഫെമിനിസം എത്ര കാലം മുന്നിലായിരുന്നു എന്ന് വ്യക്തമാണ്‌.

            നോവലില്‍ ചിത്രീകരിക്കുന്ന രണ്ടു ഹാരം ചുറ്റുപാടുകള്‍ സമാന്തരമായും പരസ്പര വിരുദ്ധമായും പ്രതിഫലിപ്പിക്കുന്ന സ്ത്രീജീവിത സാക്ഷ്യങ്ങള്‍ മെര്‍നിസിയുടെ വ്യക്തത്വവികാസത്തിലും ഫെമിനിസ്റ്റ് നിലപാടുകളില്‍ അവര്‍ വൈരുധ്യങ്ങളെ നേരിടുന്ന രീതിയിലും പ്രധാനമാണ്. ഫെസ് ഹാരം ആവിഷ്കരിക്കുന്ന പുസ്തകത്തിന്റെ ആദ്യ പേജുകളില്‍ത്തന്നെ ഹാരം ജീവിതം പ്രതിനിധാനം ചെയ്യുന്ന ഹലാല്‍/ ഹറാം വേര്‍തിരിവുകള്‍, ‘ഹുദൂദ്’ (അതിരുകള്‍) നിഷ്കര്‍ഷകള്‍ എന്നിവയുടെ വലിയ മാനങ്ങള്‍ സൂചിതമാകുന്നുണ്ട്. ഹാരം ‘അതിരുകള്‍’ സ്ത്രീകളെ വേലി ചാടുന്നതില്‍ നിന്നും പരിധികള്‍ ലംഘിക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്നു എന്നാണു പിതാവില്‍ നിന്ന് ഫാതിമ മനസ്സിലാക്കുക. “ഹുദൂദ് സാംസ്കാരിക സ്വത്വത്തെ പ്രതിരോധിക്കുന്നു,.. അറബ് സ്ത്രീകള്‍ യൂറോപ്യന്‍ സ്ത്രീകളെ അനുകരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഒരൊറ്റ സംസ്കാരമേ ശേഷിക്കൂ.” (പേജ്: 180). അതുപോലെത്തന്നെ വാരകള്‍ക്കപ്പുറത്തുള്ള ഫ്രഞ്ച് സിറ്റിയിലെ (New French City, the Ville Nouvelle) സൈനികരില്‍ നിന്നും അത് അന്തേവാസികളെ സംരക്ഷിക്കുന്നു. പുരുഷലോകം/ സ്ത്രീകള്‍ബാഹ്യലോകം/ അന്തപുരംഅപകടകരം/ സുരക്ഷിതം എന്നിങ്ങനെ ദ്വന്ദ്വങ്ങള്‍ ആയാണ് കുട്ടിയായ ആഖ്യാതാവ് ഹാരം ജീവിതത്തെ അവതരിപ്പിക്കുന്നത്‌. ഹരീമിനകത്തും ആകാശക്കാഴ്ചകള്‍ അവതരിപ്പിക്കുന്നത്‌ പുറം ലോകവുമായും കൂടുതല്‍ വലിയ സാമൂഹിക ഇടങ്ങളുമായും സമരസപ്പെടുന്ന എഴുത്തുകാരിയുടെ ഭാവികാലത്തേക്കുള്ള താക്കോല്‍ കൂടിയാണ്. ബഹുഭാര്യത്വമില്ലാത്തരണ്ടു പുരുഷന്മാരുടെ ബന്ധു - കുടുംബങ്ങള്‍ പാര്‍പ്പുറപ്പിച്ച ഫെസ് ഹരീമില്‍ നിന്നു വ്യത്യസ്തമായി ഒരു പുരുഷന്റെ ഒട്ടേറെ ഭാര്യമാരും വെപ്പാട്ടിമാരും പാര്‍ക്കുന്നഅയഞ്ഞ അതിരുകളുള്ള കാര്‍ഷിക സംസ്കൃതിയിലെ ഹാരം ജീവിതമാണ്‌ യാസ്മിന മുത്തശ്ശിയുടെത്. എന്നിരിക്കിലും ആണ്‍ - പെണ്‍ അതിരുകള്‍ നിര്‍ണ്ണയിക്കുന്ന മുളവേലിയും ഒരേ പോലുള്ള വീടുകളും അവിടെയുണ്ട്. അതേസമയം ഫാമില്‍ ഇഷ്ടപ്പെട്ട ചെടികള്‍ നടാനോകുതിരയോടിക്കാനോ സ്വതന്ത്രരായി ചുറ്റിയടിക്കാനോ അവര്‍ക്ക് വിലക്കുണ്ടായിരുന്നില്ല. 

*(6). (Margot Badran, Feminists, Islam and Nation: Gender and the Making of Modern Egypt, (Princeton, New Jersey: Princeton University Press, 1995)74).

To read part 1,2,3,4

Feminism,Maghreb Africa,Morocco,Memoir,Autobiography,History,

Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html

Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html

Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html

Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html

to read further:

Part 6. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html


No comments:

Post a Comment