അന്യന്‍ ഇപ്പോഴും ഇവിടെയുണ്ട്.
(അല്‍ബേര്‍
കാമുവിന്‍റെ അസംബന്ധ ദര്‍ശനത്തിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായി വിവരിക്കപ്പെട്ട The Stranger (The Outsider), ചരിത്ര നിരപേക്ഷവും ദാര്‍ശനികമാത്രവുമായി
സമീപിച്ച പ്രമേയത്തെ, പോസ്റ്റ്‌കൊളോണിയല്‍ അല്‍ജീരിയയുടെ സമൂര്‍ത്ത
സാമൂഹിക പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുകയും പൊളിച്ചെഴുതുകയും പൂരിപ്പിക്കുകയും
ചെയ്യുന്ന രണ്ടു സമകാലിക നോവലുകളുമായി ചേര്‍ത്തു വായിക്കുന്നു. മൂന്നു കൃതികളും
ചേര്‍ന്ന് അപൂര്‍വ്വമായ ഒരു ‘അള്‍ജീരിയന്‍ ത്രയം’
രൂപപ്പെടുത്തുന്നു എന്നു നിരീക്ഷിക്കുന്നു.)
‘Mother
died today. Or, may be, yesterday; I can’t be sure’
-
(Opening lines, The Stranger (1942), Albert Camus (Algeria), translated by Stuart
Gilbert)
‘Mama’s
still alive today’
-
(Opening lines, The Meursault Investigation (2013), Kamel Daoud (Algeria),
translated by John Cullen)
‘I HAVE
A KNIFE IN my kitchen. I’ve never been an aggressive person, but if this
disgusting old man goes on jabbering away I’m seriously thinking of finding a
new use for that knife.’
-
(Opening lines, The Disappearance of Mr. Nobody (2019), Ahmed Taibaoui
(Algeria), translated by Jonthan Wright (2023))
എഴുത്തുകാരനെ/കാരിയെ
ദേശത്തിന്റെ പുരാവൃത്തകരന്‍/കാരിയായി മനസ്സിലാക്കുന്നത് സാഹിത്യ സംവാദങ്ങളില്‍
സാധാരണമാണ്. എന്നാല്‍, ഭൗതികഭൂമിക എന്ന
നിലയിലാണോ അതോ, ബന്ധപ്പെട്ട ദേശത്തിലെ ജനതയുടെ
ജീവിതാനുഭവങ്ങളുടെ ആഖ്യാനം എന്ന നിലയിലാണോ അത് നിര്‍ണ്ണയിക്കപ്പെടെണ്ടത് എന്നതാണ്
യഥാര്‍ത്ഥ ചോദ്യം. ആല്‍ബേര്‍ കാമുവെന്ന വലിയ എഴുത്തുകാരന്‍ ആധുനികതയില്‍ നിന്ന്
ഉത്തരാധുനികതയിലേക്കുള്ള ലോകസാഹിത്യത്തിന്റെ പരിണാമത്തില്‍ അതിപ്രധാനമായ ഒരു
കണ്ണിയായി നിലക്കൊള്ളുന്നു. എന്നാല്‍, ഫ്രഞ്ച് അള്‍ജീരിയന്‍ (pied-noir) കുടുംബാംഗം എന്ന നിലയില്‍ കൊളോണിയല്‍ പ്രിവിലെജുകള്‍ ഉണ്ടായിരുന്ന
അദ്ദേഹത്തിന് ബൗദ്ധികതലത്തില്‍ അനീതികളോട് അമൂര്‍ത്തമായി
പ്രതികരിക്കാനാവുമായിരുന്നു എന്നിരിക്കിലും, കൊളോണിയല്‍
നുകത്തില്‍ അടിഞ്ഞുപോയ നിസ്സാരരായ നാട്ടുകാര്‍ ആ വലിയ ദാര്‍ശനിക ദര്‍പ്പണങ്ങള്‍ക്കു
വിഷയമായിരുന്നില്ല. അദ്ദേഹം പെരുമാറിയ ‘അസംബന്ധം,
അസ്തിത്വവാദം, മനുഷ്യാന്തസ്സ് (the absurd,
existentialism, and human dignity)’ തുടങ്ങിയ പരിപ്രേക്ഷ്യങ്ങള്‍, കൊളോണിയല്‍ അടിച്ചമര്‍ത്തലിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുമായി നേരിട്ട്
ഇടപെടുന്ന തരത്തിലള്ളതും ആയിരുന്നില്ല.
1.
അന്യന്റെ ഇടം:
അസ്ഥിത്വപരമായ
അസംബന്ധം (existential absurdity) എന്ന
സംജ്ഞയിലൂടെ കാമു മുന്നോട്ടുവെച്ച ദാര്‍ശനിക നിലപാട്,
നിഹിലിസവും സമ്പൂര്‍ണ്ണനിഷേധാത്മകതയുമായി മനസ്സിലാക്കപ്പെട്ടത്തിന്റെ ദുരന്തം
തലമുറകളെ വേട്ടയാടിയിട്ടുണ്ട്. എന്നാല്‍ അത്, കാമുവിന്‍റെ
നിരീക്ഷണങ്ങളെ തെറ്റായോ ഭാഗികമായോ മനസ്സിലാക്കിയതിന്റെ ഫലമായിരുന്നു എന്ന താത്വിക
പ്രതിരോധം സാധ്യംതന്നെയാണ്. അദ്ദേഹത്തെ സംബന്ധിച്ച് പ്രസ്തുത ആശയം, അർത്ഥത്തിനായുള്ള മനുഷ്യരുടെ ആഴത്തിലുള്ള അന്വേഷണവും
പ്രപഞ്ചത്തിന്റെ നിസ്സംഗവും അരാജകവും അർത്ഥശൂന്യവുമായ പ്രകൃതവും തമ്മിലുള്ള ഇടപഴകലില്‍
അന്തർലീനമായ സംഘർഷത്തെ സൂചിപ്പിക്കുന്നു. കാമുവിനെ സംബന്ധിച്ചിടത്തോളം, ജീവിതം ആത്യന്തികമായ ലക്ഷ്യമൊന്നും നൽകുന്നില്ല എന്ന
തിരിച്ചറിവിൽ നിന്നാണ് ഈ അസംബന്ധം ഉടലെടുക്കുന്നത്, അത്തരം ലക്ഷ്യം കണ്ടെത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടും.
ഇതൊക്കെയാണെങ്കിലും, തെറ്റായ
പ്രതീക്ഷകളോ ഒളിച്ചോട്ടമോ അവലംബിക്കാതെ, അസംബന്ധത്തിന് മുന്നിൽ ആധികാരികമായും തീക്ഷ്ണമായും ജീവിക്കുന്നതിന്റെ
പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു. കാമുവിന്റെ തത്ത്വചിന്തയിലെ പ്രധാന ഘടകം നമ്മൾ
അസംബന്ധങ്ങളെ നേരിട്ട് അഭിമുഖീകരിക്കുകയും ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും
അനിശ്ചിതത്വങ്ങളും ഉൾക്കൊണ്ട് മിഥ്യാധാരണകളില്ലാത്ത ജീവിതം തിരഞ്ഞെടുക്കുകയും വേണം
എന്നതാണ്. സിസിഫസിനെപ്പോലെ, ഈ ധിക്കാരം ഉൾക്കൊള്ളുന്ന, ആത്യന്തിക
ലക്ഷ്യത്തിന്റെ അഭാവത്തിൽ പൂർണ്ണമായും ആധികാരികമായും ജീവിക്കുകയെന്ന
പ്രവർത്തനത്തിൽ മൂല്യം കണ്ടെത്തുന്ന മനുഷ്യനാണ് അദ്ദേഹത്തിന്‍റെ നായകന്‍ (“One must imagine Sisyphus happy”
-The Myth of Sisyphus).. തിരിഞ്ഞു
നോക്കുമ്പോള്‍, എത്രമാത്രം സമഗ്രമായിരുന്നു
ദാര്‍ശനിക അമൂര്‍ത്തത മുന്നിട്ടുനിന്ന കാമുവിന്‍റെ നിലപാടും അതിന്റെ ബൗദ്ധിക സത്യസന്ധതയും എന്ന ചോദ്യം
പ്രസക്തമാണ്. താന്‍ ജീവിക്കുകയും എഴുതുകയും ചെയ്ത അള്‍ജീരിയയില്‍, കൊളോണിയല്‍
ഹെജിമണിയുടെ പന്‍ബലമുണ്ടായിരുന്നു ഫ്രഞ്ചുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്
എന്നത് വസ്തുതയാണ്. ആ നിലക്ക് അദ്ദേഹത്തിനു ലഭ്യമായിരുന്ന ബൗദ്ധികജീവിതത്തിന്റെ
ആര്‍ഭാടങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ കൃതികള്‍ രൂപപ്പെടുത്തിയത്. അത്തരം
പ്രിവിലെജുകള്‍ നിഷേധിക്കപ്പെട്ട കൊളോണിയല്‍ ജനത, പ്രസ്തുതചോദ്യത്തെ
എങ്ങനെയാകും നേരിട്ടിരിക്കുക എന്നത് ചിന്തനീയമാണ്. പോസ്റ്റ്‌കൊളോണിയല്‍ / സബാള്‍ടേണ്‍
സമീപനങ്ങള്‍, ചരിത്രബദ്ധമായ വായനകളെ മുന്നോട്ടുവെക്കുകയും
ചരിത്ര നിരപേക്ഷവും ദാര്‍ശനികമാത്രവുമായ പാഠങ്ങളെ ഭേദ്യംചെയ്യുകയും ചെയ്യുന്നു.
അള്‍ജീരിയയുമായി ആഴത്തില്‍ ബന്ധമുണ്ടായിരുന്നെങ്കിലും,
കൊളോണിയലിസം ആ നാട്ടില്‍ നടമാടിയ കൊടിയ അനീതികള്‍ അദ്ദേഹത്തിന്റെ കൃതികളില്‍
കാര്യമായി പ്രതിഫലിച്ചിട്ടില്ല. ദേശത്തിന്റെ യഥാര്‍ത്ഥ ജനത നേരിട്ട കൊളോണിയല്‍
അനുഭവങ്ങളെ ഫലത്തില്‍ മായ്ച്ചു കളയുന്ന (erasure of colonial experience) ഈ ആന്ധ്യത്തെ (Colonial Blind
Spots) ഭേദ്യംചെയ്യുകയും പൊളിച്ചെഴുതുകയും തമസ്കരിക്കപ്പെട്ട
അനുഭവകാണ്ഡങ്ങള്‍ മുന്നോട്ടു കൊണ്ടുവരികയും ചെയ്ത എഴുത്തുകാരുടെതാണ് പോയ നൂറ്റാണ്ടിന്റെ
ഉത്തരാര്‍ദ്ധം മുതലുള്ള സാഹിത്യചരിത്രം. അക്കൂട്ടത്തിലാണ് ഈ ലേഖനത്തിന്റെ പരിഗണനയായ
അല്‍ജീരിയയുടെ തന്നെ കെമാല്‍ ദാവൂദും അഹ്മദ് തയ്ബാവിയും ഇടം പിടിക്കുന്നത്.
രണ്ടാം
ലോകയുദ്ധസാഹചര്യത്തിലെ യൂറോപ്യന്‍ ബുദ്ധിജീവിതത്തിന്‍റെ അസ്തിത്വ
പ്രതിസന്ധിയുടെയും ശൂന്യതാവാദത്തോളമെത്തുന്ന വ്യര്‍ത്ഥബോധത്തിന്‍റെയും ശക്തമായ
ചിത്രീകരണമായാണ് 1942-ല്‍
പുറത്തിറങ്ങിയ കാമുവിന്‍റെ എക്സിസ്റ്റന്‍ഷ്യലിസ്റ്റ് മാസ്റ്റര്‍പീസ് 'ദി ഔട്ട്സൈഡര്‍’ മനസ്സിലാക്കപ്പെട്ടത്. 'അമ്മ ഇന്നു മരിച്ചു, അതോ ഇന്നലെയോ? എനിക്കുറപ്പില്ല!' എന്ന പ്രസിദ്ധമായ ആദ്യവാചകത്തോടെ ആരംഭിച്ച നോവലില്‍, ഒന്നിനോടും ആസക്തി കാണിക്കാനാവാത്ത, അമ്മയുടെ മരണത്തില്‍പ്പോലും നിര്‍വ്വികാരതയുടെ ഉറഞ്ഞുപോയ
ഭാവം ഭേദിക്കാനോ ഇത്തിരി ദുഃഖം
പ്രകടിപ്പിക്കാനോ ആവാത്ത മെര്‍സോള്‍ എന്ന ആന്‍റി ഹീറോയെ ആണ് ആധുനികതാ കാല/
യുദ്ധകാല യൂറോപ്യന്‍ സംത്രാസത്തെ അവതരിപ്പിക്കാനായി നോവലിസ്റ്റ് കണ്ടെടുത്തത്. അതേ
നിര്‍വ്വികാരതയോടെ പ്രകടമായ കാരണമേതുമില്ലാതെയാണ് അയാള്‍ കടപ്പുറത്തുവെച്ചു അജ്ഞാതനായ
അറബിയെ വെടിവെച്ചു കൊല്ലുന്നത്. നോവലിന്‍റെ രണ്ടാം പകുതിയില്‍ കൊലക്കുറ്റത്തിനു
വിചാരണ ചെയ്യപ്പെടുന്ന മെര്‍സോളിനെതിരില്‍ നിയമപ്രകാരമുള്ള കുറ്റകൃത്യത്തെക്കാളെറെ
ശക്തമായി ഉന്നയിക്കപ്പെടുന്ന ആരോപണം അമ്മയുടെ മരണത്തോടുള്ള അയാളുടെ നിര്‍വ്വികാര
നിലപാടാണ്. കൊളോണിയലിസ്റ്റ് കാലഘട്ടമായത് കൊണ്ട് 'അറബി'യുടെ കൊല ഒരു പ്രശ്നമാവാതെ പോവുമായിരുന്നു, അല്ലെങ്കില്‍ താരതമ്യേന ചെറിയ ശിക്ഷമാത്രം ലഭിക്കേണ്ട
കയ്യബദ്ധം മാത്രമായി അവഗണിക്കപ്പെടുമായിരുന്നു, അയാളൊരു സ്വാഭാവിക പ്രതികരണം കാണിച്ചിരുന്നെങ്കില്‍. തനിക്കനുഭവപ്പെടാത്ത
വികാരം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാവുന്നതിന്റെ അസംബന്ധമാണ് മെര്‍സോളിനെ
മഥിക്കുന്നതും. 'അസംബന്ധവുമായി
മുഖാമുഖത്തിലെത്തുന്ന മനുഷ്യന്‍റെ നഗ്നത' എന്ന് കാമു ഈ അവസ്ഥയെ വിശദീകരിച്ചിട്ടുണ്ട്. മെര്‍സോള്‍ തൂക്കുകയര്‍ ശിക്ഷ ഏല്‍ക്കുന്നത്
ഊരും പേരുമില്ലാത്ത ഒരറബിയെ കൊന്നതിന് എന്നതിലേറെ, ഇക്കാരണത്താലാണ് എന്ന് നോവല്‍ വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്.
2. കൊളോണിയല്‍ നരേറ്റിവിന്റെ പൊളിച്ചെഴുത്ത്:
അസ്ഥിത്വപരമായ
പ്രതിസന്ധികള്‍ ഉണ്ടായിരുന്നില്ല എന്നതല്ല, മറിച്ച് അവ കാമു മനസ്സിലാക്കിയ രീതിയില്‍ അമൂര്‍ത്ത ദാര്‍ശനിക സമസ്യകള്‍
ആയിരുന്നില്ല എന്നതായിരുന്നു പോസ്റ്റ്‌കൊളോണിയല്‍ പാര്‍ശ്വവല്‍കൃത ജീവിതങ്ങളുടെ
യാഥാര്‍ത്ഥ്യം. ഈ വസ്തുതയിലാണ്, അഥവാ,
സമൂര്‍ത്ത ജീവിതാനുഭവ സാഹചര്യങ്ങളില്‍ ഈ മനുഷ്യര്‍ നേരിട്ട അസ്തിത്വസമസ്യകളിലാണ്
‘അന്യന്‍’ എന്ന പരിപ്രേക്ഷ്യം പോസ്റ്റ്‌കൊളോണിയല്‍
വിചാരണക്ക് വിധേയമാകുന്നത്. അത്തരത്തില്‍ പ്രസക്തമായ രണ്ടു അള്‍ജീരിയന്‍ കൃതികളാണ്
കെമാല്‍ ദാവൂദിന്‍റെ The Meursault Investigation (2013), അഹ്മദ്
തയ്ബാവിയുടെ The Disappearance of Mr. Nobody (2021) എന്നിവ. കാമുവിന്‍റെ നോവലുമായി ചേര്‍ത്തുവെച്ചു വിശകലനം
ചെയ്യേണ്ട കൃതികള്‍ തന്നെയാണ് ഇവ രണ്ടും.
മെര്‍സോള്‍
എന്ത് കൊണ്ട് അമ്മയുടെ മരണത്തില്‍ വികാരവിക്ഷോഭം കാണിക്കുന്നില്ല, പാതിരിയെ നിഷേധിക്കുന്ന അയാളുടെ മതസമീപനങ്ങളിലെ ദാര്‍ശനിക
പ്രതിസന്ധികള്‍ എന്തെല്ലാം തുടങ്ങിയ വിഷയങ്ങള്‍ ഗഹനമായ ചര്‍ച്ചകള്‍ക്ക് പില്‍ക്കാലം
വിധേയമായിട്ടുണ്ടെങ്കിലും 'എന്താണ് ആ
അറബിയുടെ കഥ?' എന്നത് ഒരിക്കലും
ഉന്നയിക്കപ്പെട്ടില്ല എന്ന പ്രകോപനത്തില്‍ നിന്നാണ് 'മെര്‍സോള്‍ കേസന്വേഷണം' (വിവ: ജോണ്‍ കളന്‍) പിറവിയെടുക്കുന്നത്. ‘അന്യന്‍ (outsider)’ എന്ന ദാര്‍ശനിക ആര്‍ഭാടത്തിനു പിന്നില്‍ യഥാര്‍ഥത്തില്‍
കൊളോണിയല്‍ ഹെജിമണിയുടെ പ്രിവിലെജുകള്‍ തന്നെയാണ് നിസ്വനായ അറബിയെ നിസ്സാരമായി
കൊന്നുകളയാനും അയാളുടെ തുച്ഛമായ അസ്തിത്വത്തെ ഉന്മൂലനംചെയ്യാനും വേണ്ട അപായമില്ലായ്മ (impunity) മെര്‍സോളിനു
നല്‍കുന്നത് എന്ന ദാവൂദിന്റെ നിലപാട്, ഫലത്തില്‍, ചരിത്രബദ്ധവും കൊളോണിയല്‍ വിരുദ്ധവുമായ കാഴ്ചപ്പാടില്‍, കാമുവിന്‍റെ ഭാഷ്യത്തെ കൊളോണിയല്‍ നരേറ്റിവ് എന്നു വിലയിരുത്തുകയാണ്.
കൊല്ലപ്പെട്ട അറബിയുടെ സഹോദര കഥാപാത്രത്തിലൂടെ അയാള്‍ക്ക് ഒരു പുരാവൃത്തം നല്‍കുന്നതിലൂടെ,
ഒന്നുമല്ലാത്തവന്‍ (non-entity) ആയ 'അറബി', കൊളോണിയല്‍
അദൃശ്യവല്‍ക്കരണം (invisibilisation)
മറികടക്കുകയും അയാള്‍ക്ക് നിഷേധിക്കപ്പെട്ട സ്വത്വവും വ്യക്തിത്വവും
നേടിയെടുക്കുകയുമാണ്. പ്രഥമവാക്യത്തില്‍ത്തന്നെ കാമുവിന്‍റെ പ്രതിനായകന്റെ നേര്‍വിപരീതമായ
അവസ്ഥയാണ് ദാവൂദിന്റെ ആഖ്യാതാവ് വിവരിക്കുന്നത്. ‘മമ്മ മരിച്ചു, ഇന്നോ ഇന്നലെയോ’ എന്ന കോമാളിത്തത്തെ തീര്‍ച്ചയുള്ള സ്വരത്തില്‍
അയാള്‍ ഖണ്ഡിക്കുന്നു: “മമ്മ ഇന്നും ജീവിച്ചിരിപ്പുണ്ട്.” അവിടം കൊണ്ടു നിര്‍ത്താതെ
അവരുടെ സാന്നിധ്യത്തിന്റെ സാധ്യതകളെ കുറിച്ചും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:
‘അവരിപ്പോള്‍ ഒന്നും പറയുന്നില്ല, പക്ഷെ അവര്‍ക്ക്
പറയാനാവുന്ന ഒട്ടേറെ കഥകളുണ്ട്.” വാസ്തവത്തില്‍, കൊളോണിയല്‍
ആഖ്യാനങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ഭാഗധേയമായി മൗനം നിര്‍വ്വചിക്കപ്പെട്ടത്
ചിനുവ അച്ചബെയെ പോലുള്ള എഴുത്തുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്: മൌനം കൊണ്ടോ അഥവാ
മൂളലും ഞരക്കവുമായോ ഏകാക്ഷര സ്വരങ്ങളിലോ പ്രതികരിക്കുന്നവരായി ചിത്രീകരിക്കപ്പെട്ട
കൊളോണിയല്‍ മനുഷ്യന്‍ എന്ന ആഖ്യാനത്തെ പൊളിച്ചെഴുതിക്കൊണ്ടുതന്നെയാണ് അച്ചബെയെ
പോലുള്ളവര്‍ രംഗത്തുവന്നത്. ആ അര്‍ഥത്തില്‍, ‘മമ്മയ്ക്ക് ഏറെ
പറയാനാകും’ എന്ന മൂസയുടെ വാക്കുകള്‍ ഒരു
തിരിച്ചുപിടിക്കലാണ്: അടിച്ചേല്‍പ്പിക്കപ്പെട്ട മൌനങ്ങളെ കുടഞ്ഞുകളയലും reclamation of forced erasures).
ഈ
പോസ്റ്റ്‌കൊളോണിയല്‍ പൊളിച്ചെഴുത്ത്, സാഹിത്യ ചരിത്രത്തില്‍ വലിയൊരു
പാരമ്പര്യംതന്നെ സൃഷ്ടിച്ചിട്ടുള്ളതിന് ഒട്ടേറെ ഉദാഹരണങ്ങള്‍
ചൂണ്ടിക്കാണിക്കാനാകും. അക്കൂട്ടത്തില്‍, കോണ്‍റാഡിന്റെ ‘Heart of Darkness’ എന്ന മോഡേണിസ്റ്റ്
മാസ്റ്റര്‍പീസിന് സുഡാനീസ് നോവലിസ്റ്റ് തയ്യിബ് സാലിഹ് നടത്തിയ പൊളിച്ചെഴുത്തായ ‘Season of Migration to the North’ എന്ന നോവല്‍ ഇവിടെ പ്രത്യേകം
പ്രസ്താവ്യമാണ്. കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ നിന്ദ്യമായ കയ്യേറ്റങ്ങളും കൊടിയ
ചൂഷണവും അരങ്ങേറുന്നതിന് കോണ്‍റാഡിന്റെ കഥാപാത്രം ഉപയോഗിക്കുന്ന സ്റ്റീരിയോടൈപ്പുകള്‍
തന്നെ തിരിച്ചിട്ട് വെള്ളക്കാരോട് തലതിരിഞ്ഞ പ്രതികാരം ചെയ്യുന്ന കഥാപാത്രത്തെ
സാലിഹിന്റെ നോവലില്‍ കാണാം. അറബ് ഭാഷയില്‍ രചിക്കപ്പെട്ട സാലിഹിന്റെ നോവലിനെപ്പോലെത്തന്നെ, അറബ് ലിപി ആവശ്യപ്പെടുന്ന രീതിയില്‍, ‘വലത്തുനിന്ന് ഇടത്തോട്ടായി’, കാമുവിന്‍റെ ആഖ്യാനത്തെ തിരിച്ചെഴുതണമെന്നുപോലും
കെമാല്‍ ദാവൂദിന്റെ ആഖ്യാതാവ് ചിന്തിക്കുന്നുണ്ട്. (സാന്ദര്‍ഭികമായി, അള്‍ജീരിയ ഉള്‍പ്പെടുന്ന
മഗ്രബ് ദേശങ്ങളില്‍ നിന്നുള്ള പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യം നേരിട്ട ഒരു സുപ്രധാന
വെല്ലുവിളി കൂടി ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്: കൊളോണിയല്‍ അധിനിവേശം സൃഷ്ടിച്ച
ഫ്രഞ്ച് ഭാഷാ വിധേയത്വം, പോസ്റ്റ്‌കൊളോണിയല്‍ കാലത്തും
വലിയൊരു സമസ്യയായിരുന്നു ഈ ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്ക്. ഫ്രഞ്ച്
ഭാഷയില്‍ എഴുതുന്നത് ഒട്ടേറെ പ്രിവിലെജുകള്‍ നല്‍കിയിരുന്നെങ്കിലും തങ്ങളുടെ
ഹൃദയത്തിന്റെ ഭാഷ തങ്ങളുടെ ജനതയുടെ ഭാഷയായ അറബിക് ആണ് എന്നു തിരിച്ചറിഞ്ഞ
എഴുത്തുകാരില്‍ പലരും ആ വഴിക്ക് പ്രതിബദ്ധതയോടെ തിരിഞ്ഞു. എന്നാല്‍ പലര്‍ക്കും
ചരിത്രപരമായ കാരണങ്ങളാല്‍ അത് എളുപ്പമായിരുന്നില്ല, പലര്‍ക്കും
സാധ്യവുമായിരുന്നില്ല. അഥവാ, ഇരു ഭാഷകള്‍ക്കും ഇടയിലെ സമ്മര്‍ദ്ദത്തിനു
വലിയ വില കൊടുക്കേണ്ടിവന്നു ഈ ദേശങ്ങളില്‍ നിന്നുള്ള സാഹിത്യത്തിന്. ഈ
ലേഖനത്തിന്റെ വിഷയമായ എഴുത്തുകാരില്‍ കെമാല്‍ ദാവൂദ് ഫ്രഞ്ചില്‍ എഴുതിയപ്പോള്‍, തയ്ബാവി, അറബ് ഭാഷയില്‍ തന്നെയാണ് എഴുതിയത്.)
കാമുവിന്‍റെ
എല്ലാമറിയുന്ന ആഖ്യാതാവിന്റെ സുഘടിതമായ ആഖ്യാനത്തില്‍നിന്ന് ഏറെ ദൂരെയാണ്, ദാവൂദിന്റെ നോവലിലെ നമ്പാന്‍ കൊള്ളാത്ത, എല്ലായിപ്പോഴും ഒരു
ശ്രോതാവിനെ തേടുന്ന കുടിയനായ ഹാറൂനും മൂസയുടെ സഹോദരനായ അയാള്‍ ഒരു ബാറിലിരുന്ന് നടത്തുന്ന
ആഖ്യാനവും. സുഘടിതമായ ഒരു കഥ ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത ഇടമാണ് അത്. എന്നാല്‍
കെമാല്‍ ദാവൂദ് ശരിയായി നിരീക്ഷിക്കുന്ന പോലെ, എപ്പോഴും
നിങ്ങള്‍ക്കവിടെ ഒരു ശ്രോതാവിനെ ലഭിച്ചേക്കാം. അയാള്‍ക്കും കഥയ്ക്കും തമ്മിലെന്ത്
എന്നത് പ്രസക്തമല്ല എന്നേയുള്ളൂ. “എനിക്ക് താങ്കളോട് മൂസാക്ക് ഒരിക്കലും പറയാന്‍
കഴിയുമായിരുന്നില്ലാത്ത ആ കഥ പറയണം . ഈ ബാറിലെ ആ വാതില്‍ തുറന്നപ്പോള്‍ നിങ്ങള്‍
ഒരു കല്ലറ തുറക്കുകയായിരുന്നു, എന്‍റെ യുവ സുഹൃത്തെ” എന്ന്, മൊഹ്സിന്‍
ഹമീദിന്റെ ‘വിമുഖ മൗലികവാദി’ (The Reluctant
Fundamentalist) യിലെപ്പോലെ ഒരു ചട്ടക്കൂട് ആഖ്യാനത്തില്‍ (frame structure), ഹാറൂന്‍ ഒരൊറ്റ ഞൊടിയില്‍ ഒരു സൗഭ്രാത്രവും ബന്ധുതയും
സ്ഥാപിക്കുകയാണ്. അതേസമയം, കാമുവിന്‍റെ നോവലില്‍, സംവാദങ്ങള്‍ സംഭവിക്കുന്നത് തികച്ചും വരേണ്യമായ ഒരിടത്തില്‍, വൈകാരിക ബന്ധുത നിരോധിക്കപ്പെട്ട ഒരു കോടതിമുറിയിലാണ് എന്നത് അതോടു ചേര്‍ത്തു
കാണണം. കാമുവിന്‍റെ ചിന്തിച്ചുറപ്പിച്ച ദാര്‍ശനികനിലപാടുതറയുടെ ഉറപ്പാണ്,
ആഖ്യാനത്തിലെ ഘടനാഭദ്രതയായി പരിണമിക്കുന്നത്. (ഒന്നാം തലമുറ അസംബന്ധ ദര്‍ശന
എഴുത്തുകാര്‍ (first-generation absurdists) എന്ന് വിളിക്കക്കപ്പെടുന്ന
കാമു, സാര്‍ത്ര്, കാഫ്‌ക, സിമോങ് ദേ
ബുവ്വേ തുടങ്ങിയവര്‍, പ്രമേയപരമായി ശ്ലഥമായ ലോകത്തെയും
മനുഷ്യാവസ്ഥയെയും അവതരിപ്പിച്ചപ്പോഴും പരമ്പരാഗതമായ,
ഘടനാഭദ്രതയുള്ള ആഖ്യാന രൂപങ്ങളാണ് അവലംബിച്ചത്. പോസ്റ്റ്‌മോഡേണിസ്റ്റുകളാണ്
പ്രമേയപരമായ ശൈഥില്യം പരിചരണത്തിലേക്കും സംക്രമിപ്പിക്കുന്നത് എന്ന് സാഹിത്യ
ചരിത്രം.) എന്നാല്‍ മുഴുക്കുടിയനും, അസ്തിത്വത്തിന്
ഒരുറപ്പുമില്ലാത്തവനുമായ, 'മരിച്ചവന്‍റെ സ്ഥാനത്തു’ സംസാരിക്കുകയും 'അയാള്‍ക്ക് വേണ്ടി അയാളുടെ
വാചകങ്ങള്‍ മുഴുമിക്കുക’യും ചെയ്യുന്ന കൊളോണിയല്‍ ‘കീഴാള’ന്റെ ഇടറിനീങ്ങുന്ന ആഖ്യാനം ഇതില്‍നിന്ന് ഏറെ ദൂരെയാണ്. ഹാറൂനെ
സംബന്ധിച്ച് ജ്യേഷ്ടന്റെ അസ്തിത്വവും സ്വത്വവും വീണ്ടെടുക്കുന്നത്, ദുരൂഹമായ ‘അതിജീവിച്ചവന്റെ കുറ്റബോധം’
ഒഴിവാക്കുന്നതിനും എല്ലായിപ്പോഴും മൂത്ത മകന്റെ നിഴലായിമാത്രം അയാളെ കാണുന്ന മമ്മയുടെ
മുന്നില്‍ സഹോദരന്റെ നിഴലില്‍ നിന്ന് മുക്തനാകുന്നതിനുമുള്ള, അഥവാ സ്വന്തം
അസ്തിത്വവും സ്വത്വവും സ്ഥാപിക്കുന്നതിനുമുള്ള ഏകസന്ദര്‍ഭം കൂടിയാണ്. 'നിങ്ങള്‍ക്ക് ഒരു പ്രേതത്തെയാണ് വേണ്ടത്, എനിക്കാവട്ടെ,
ഒരെണ്ണത്തെ ഒന്നൊഴിവാക്കി കിട്ടുകയും വേണം' എന്ന്
ഹാറൂന്‍ മമ്മയോട് പറയുന്നുണ്ട്. കാമുവിന്‍റെ ആഖ്യാന മികവിലൂടെ ഹീറോ പരിവേഷം
കിട്ടിയ കൊലയാളിയുടെ ചെയ്തിയുടെ പേരില്‍ ജീവിതകാലം മുഴുവന്‍ കുറ്റബോധം പേറേണ്ടിവരുന്നതും
അലഞ്ഞുതിരിയാന്‍ ശപിക്കപ്പെടുന്നതും താനാണ് എന്നതും അയാളെ മഥിക്കുന്നു.
മൂസ, ഹാറൂന്‍ എന്നീ പേരുകളിലെ ബിബ്ലിക്കല്‍ ധ്വനികള്‍ ദാവൂദിന്റെ
ആഖ്യാനത്തില്‍ നിര്‍ണ്ണായകമാണ് – ഇരുവരും ബൈബിള്‍ ഭാഷ്യത്തിലും സഹോദരങ്ങള്‍
തന്നെയായിരുന്നു. നോവലില്‍ ഉടനീളം മൂസ പഴയ നിയമത്തിലെയും ഖുറാനിലെയും മോസസ്/ മൂസാ
നബിയുമായി കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്. ഏതു ഫറവോന്‍റെ പരിചാരകന്‍റെയും കഴുത്തു
ഞെരിക്കാന്‍ കഴിയുന്നവന്‍, കുറഞ്ഞ വാക്കുകളുടെ തമ്പുരാന്‍.
സംസാര വൈകല്യമുണ്ടായിരുന്ന മൂസാ നബി, ദൈവം തനിക്ക് പ്രാവാചക ദൗത്യമേല്‍പ്പിക്കുമ്പോള്‍
'നീ എന്‍റെ നാവിലെ കുരുക്കഴിച്ചു തരൂ, അപ്പോള്‍
അവര്‍ക്കെന്‍റെ സംസാരം മനസ്സിലാവു'മെന്ന് പ്രാര്‍ഥിച്ചതായി
ഖുറാനിലുണ്ട്. തനിയെ വെളിവായി സംവദിക്കാനാകാത്ത ദൈവിക വെളിപാടുകള്‍ കൃത്യമായി
പറയാന്‍ സഹോദരനെ തന്റെ നാവായി ലഭിക്കണമെന്ന പ്രാര്‍ത്ഥന ദൈവം അനുവദിച്ചു. ദാവൂദിന്റെ കൃതിയില്‍ ഈ
സമാന്തരം (parody), കൊളോണിയല്‍ അദൃശ്യവല്‍ക്കരണത്തിനു എതിരായ സ്വത്വപുനര്‍സൃഷ്ടി (reclamation of identity)യുടെ ആയുധമായി പരിണമിക്കുന്നു. കൊലയാളി സത്യത്തില്‍ 'വെയിലിനെ കുറിച്ചും കടലിനെ
കുറിച്ചും ഒഴികെ' മറ്റൊന്നിനെ കുറിച്ചും ഒരഭിപ്രായവും ഇല്ലാത്ത
വെറുമൊരു ശവമായിരുന്നു എന്ന് മെര്‍സോളിന്‍റെ പ്രശസ്തമായ വ്യര്‍ത്ഥബോധത്തെ ഹാറൂന്‍
പരിഹസിക്കുന്നു. വെറുമൊരു അലസമായ പ്രവര്‍ത്തിയിലൂടെ ഒരു കൊലപാതകത്തിന്‍റെ ഗൗരവം
പോലും അയാള്‍ തന്‍റെ സഹോദരന് നിഷേധിക്കുകയായിരുന്നു. 'അതൊരു
കുറ്റകൃത്യമായിരുന്നില്ല, കാരണം, ഉച്ചക്കും ഉച്ചതിരിഞ്ഞ് രണ്ടു
മണിക്കുമിടയില്‍, .. മെര്‍സോളിനും മൂസക്കുമിടയില്‍ നിയമങ്ങളില്ല.' കാമുവിന്‍റെ
നിരീക്ഷണത്തെ പൊളിച്ചെഴുതുന്ന കാഴ്ചപ്പാടിലേക്ക് ഹാറൂന്‍ എത്തുന്നത് ജ്യേഷ്ഠന്‍റെ
ദുര്‍വ്വിധിയില്‍ നിന്നാണ്. അസംബന്ധത്തെ കുറിച്ചുള്ള കൊളോണിയല്‍ ദാര്‍ശനിക നിലപാട്
വെറും നാട്യമാണ് എന്നും യഥാര്‍ഥത്തില്‍, തൊട്ടറിയാവുന്ന നിലയില്‍, അതൊരു പോസ്റ്റ്‌കൊളോണിയല്‍ അവസ്ഥയാണ് എന്നുമാണ്
ദാവൂദ് മുന്നോട്ടുവെക്കുന്നത്. ഹാറൂന്‍ നിരീക്ഷിക്കുന്നു: ‘ഞാനും എന്‍റെ ചേട്ടനും
ഞങ്ങളുടെ മുതുകില്‍ അല്ലെങ്കില്‍ ഞങ്ങളുടെ നാടിന്‍റെ ഉള്‍ത്തടങ്ങളില്‍
ചുമക്കുന്നതെന്തോ അതാണ് അസംബന്ധം (the absurd). അല്ലാതെ മറ്റെയാള്‍
എന്തായിരുന്നു എന്നതോ, അല്ലെങ്കില്‍ അയാള്‍ എന്ത് ചെയ്തു എന്നതോ
ആയിരുന്നില്ല.’
3. അസംബന്ധത്തിന്റെ സമകാലിക മുഖം:
അസംബന്ധത്തെ
സംബന്ധിക്കുന്ന ഈ പോസ്റ്റ്‌കൊളോണിയല്‍ ആഖ്യാന ഇടത്തില്‍ തുടര്‍ച്ച കണ്ടെത്താവുന്ന
പുതിയ നോവലാണ് The Disappearance of Mr. Nobody (വിവ: ജോനതാന്‍ റൈറ്റ്). അള്‍ജീരിയയില്‍ യൂണിവേഴ്സിറ്റി അധ്യാപകനും
പ്രശസ്ത നോവലിസ്റ്റുമായ തയ്ബാവി, പ്രഥമ നോവലിനു (Death of a Sleeper- 2014) തന്നെ വിഖ്യാതമായ തയിബ് സാലിഹ് പുരസ്കാരം നേടിയ എഴുത്തുകാരനാണ്.
അദ്ദേഹത്തിന്‍റെ നാലാമത് നോവലായ ‘നിസ്വന്റെ തോരിധാനം’, അറബ് നോവലിനുള്ള വിഖ്യാതമായ നഗീബ് മഹ്ഫൂസ് പുരസ്കാരവും
(2021) നേടുകയുണ്ടായി.
രണ്ടുഭാഗങ്ങളായി
ആവിഷ്കരിക്കപ്പെടുന്ന ദൈര്‍ഘ്യം കുറഞ്ഞ നോവലാണ് ‘മി. നിസ്വന്റെ തിരോധാനം.’ ഒരു
നോയര്‍ ഫിക് ഷന്റെ ഇതിവൃത്തപ്രകൃതങ്ങള്‍ വലിയൊരളവു പ്രകടമാക്കുന്നുണ്ട് നോവല്‍: ‘എന്റെ
അടുക്കളയില്‍ ഒരു കത്തിയുണ്ട്. ഞാനൊരിക്കലും ഒരു അക്രാമക പ്രകൃതനായിരുന്നില്ല, എന്നാല്‍ ഈ വഷളന്‍ കിഴവന്‍ ഇനിയും ചിലച്ചുകൊണ്ടിരുന്നാല്‍ ആ
കത്തിക്കൊരു പുതിയ പ്രയോജനം കണ്ടെത്തുന്നതിനെ കുറിച്ച് ഞാന്‍ ഗൌരവമായി ആലോചിക്കും’ എന്ന ആദ്യവാക്യം, മരണത്തിനു മുന്നിലെ കാമുവിന്‍റെ
നായകന്‍റെ നിസ്സംഗതയോടും അതിനെതിരെ ദാവൂദിന്റെ കഥാപാത്രത്തിന്റെ ജീവിത
പ്രഖ്യാപനത്തോടും എതിര്‍ ദിശയിലുള്ള, സ്വതേ
സമാധാനപ്രിയനെങ്കിലും ഇത്തിരിയൊന്നു പ്രകോപിതനാകാന്‍ സാധ്യതയുള്ള കഥാപാത്രത്തെ
പരിചയപ്പെടുത്തുന്നു. മൃത്യു, മരിച്ചിട്ടില്ലെന്ന ഉറപ്പ്, കൊല്ലാനുള്ള പ്രവണത – അങ്ങനെയെല്ലാം ഈ പ്രതികരണ വൈവിധ്യം
വിലയിരുത്താമെങ്കിലും അതിനപ്പുറം മൂന്നാം പ്രതികരണത്തില്‍ കുറ്റകൃത്യസൂചനയുണ്ട്
എന്നത്, പ്രസ്തുത ‘നോയര്‍’ സന്ദര്‍ഭത്തോടും
ബന്ധപ്പെട്ടിരിക്കുന്നു. ഏകാന്തതയും ദാരിദ്ര്യവും ബാഹ്യലോകത്തോടുള്ള അകല്‍ച്ചയും
അടയാളപ്പെടുത്തുന്ന മുഖ്യകഥാപാത്രത്തിന്റെ ജീവിതം, പരമ്പരാഗത
ധാര്‍മ്മിക മൂല്യങ്ങള്‍ക്കോ നായകന്‍ / വില്ലന്‍ ദ്വന്ദ്വങ്ങള്‍ക്കോ ഇടമില്ലാത്ത,
മൂല്യങ്ങളുടെ വഴുതുന്ന ഇടമാണ്. നഗരജീവിതത്തിന്റെ ജീര്‍ണ്ണതയും, അന്യവല്‍ക്കരണവും
കഥാപാത്രങ്ങളുടെ ആന്തരശൈഥില്യങ്ങളുമായി കൂടിക്കുഴയുന്ന പശ്ചാത്തലം, അത് സൃഷ്ടിക്കുന്ന വ്യക്തിത്വശൈഥില്യം, നായകഗുണങ്ങളില്ലാത്ത
മുഖ്യ കഥാപാത്രം/ പാത്രങ്ങള്‍, വിധിവാദത്തിന്റെയും അസ്തിത്വ
പ്രമേയങ്ങളുടെയും സാന്നിധ്യം, കുറ്റകൃത്യങ്ങളും
ഹിംസാത്മകതയും ആഖ്യാനത്തിന്റെ രാസത്വരകങ്ങളാകുന്ന സാഹചര്യം,
കിറുകൃത്യമായ, വൈകാരിക അതിവാദങ്ങളില്ലാത്ത ഗദ്യം – ഇതൊക്കെ നോയര്‍ ഫിക് ഷനില്‍
കാണാവുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതൊക്കെയുണ്ടെങ്കിലും ഇവിടെ,
കുറ്റകൃത്യം ചെയ്തുവെന്ന് കരുതാവുന്ന സാഹചര്യത്തില്‍ ഒരാളുടെ തിരോധാനവും പിന്തുടരുന്ന
കുറ്റാന്വേഷകനും എന്ന സമവാക്യം തികച്ചും പുരോഭാഗത്തു മാത്രമാണ് പ്രകടമാകുന്നത്.
അതിനപ്പുറം, അള്‍ജീരിയന്‍ ചരിത്രത്തില്‍ ‘ഇരുണ്ട ദശകം’ എന്നറിയപ്പെട്ട ആഭ്യന്തര യുദ്ധ കാലത്തെ (1992 – 2002)
പശ്ചാത്തലത്തില്‍ നിര്‍ത്തി, പോസ്റ്റ്‌കൊളോണിയല്‍ അപചയങ്ങളുടെ സാമൂഹിക രാഷ്ട്രീയ
സാഹചര്യങ്ങളില്‍ നടത്തപ്പെടുന്ന സാമൂഹിക വിശകലന/ സ്വത്വാന്വേഷണങ്ങളുടെ അതീവ
സൂക്ഷ്മമായ ആവിഷ്കാരമാണ് നോവല്‍.
ആദ്യഭാഗം
ടൈറ്റില്‍ കഥാപാത്രത്തിന്റെ ആഖ്യാനത്തിലൂടെ അയാളെക്കുറിച്ച് വെളിപ്പെടുന്നിടത്തോളം
കഥ പിന്തുടരുന്നു. ദരിദ്രനും അനാഥനുമായ അയാള്‍ അള്‍ജിയെഴ്സിന്റെ പ്രാന്തപ്രദേശമായ
റൂയിബയിലെത്തുന്നത് ഒട്ടേറെ ജീവിതാനുഭവങ്ങള്‍ക്കു ശേഷമാണ്. ആര് ആരുടെ മേലാണ്
അധീശത്തം സ്ഥാപിച്ചത് എന്നത് പ്രധാനമായിരുന്നില്ലാത്ത സംഘര്‍ഷങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍,
മാനവികത നിസ്സഹായമായിപ്പോകുന്ന അവസ്ഥകളെ സൂചിപ്പിക്കുന്നു: “അഗ്നിയുടെയും
കണ്ണീരിന്റെയും ആ ദശകത്തില്‍, ഒരോ
വിഭാഗങ്ങളും തങ്ങളുടെ രക്തദാഹികളായ ദൈവങ്ങളുടെ പ്രീതിക്കുവേണ്ടി നിരപരാധരെയും
കുറ്റവാളികളെയും ഒരു വ്യത്യസവുമില്ലാതെ കൊന്നു, അത് തങ്ങളുടെ
ഇരുണ്ട വിശ്വാസവുമായി കഴിഞ്ഞ മലനിരകളിലെ റിബല്‍ സൈനിക കമാണ്ടാര്‍മാരോ മൃതദേഹങ്ങള്‍
ചവിട്ടിമെതിച്ച് ഉദ്യോഗക്കയറ്റം തേടിയ സര്‍ക്കാര്‍ സൈനികരോ ആരായാലും.” ഇത്തരം
ദേശാനുഭവങ്ങളാണ് അയാളുടെയും കുട്ടിക്കാലത്തെ നിര്‍ണ്ണയിച്ചത്. ഭൂതകാലത്തിനും വര്‍ത്തമാനത്തിനുമിടയില്‍
ചലിക്കുന്ന ഏറ്റുപറച്ചില്‍ (confessional) ആഖ്യാനത്തിലൂടെ വടക്കന്‍
സെത്തിഫില്‍ സെര്‍ജ് അല്‍ ഗൂല്‍ എന്ന ഗ്രാമത്തില്‍ രക്ഷിതാക്കളുടെ ഒന്നൊന്നായുള്ള
മരണങ്ങള്‍, അനാഥത്വം, ബാലസൈനികനാക്കാനുള്ള തട്ടിക്കൊണ്ടു
പോകപ്പെടല്‍, എന്നിവയില്‍ തുടങ്ങി, അപരിചിതനായ
ഒരാളുടെ കാരുണ്യത്തില്‍ കഷ്ടിച്ചു രക്ഷപ്പെടല്‍ തുടങ്ങിയ ട്രോമകള്‍ അയാള്‍
നേരിട്ടിട്ടുണ്ട് എന്ന് നാമറിയുന്നു. സ്നേഹമയിയായ അമ്മായി ജീവിച്ചിരുന്ന കാലത്ത്
അവരുടെ സഹായത്തോടെ നേടിയ യൂണിവേഴ്സിറ്റി ബിരുദം അയാളുടെ രക്ഷക്കെത്തുന്നില്ല. ഗാര്‍ബേജ്
നീക്കം ചെയ്യുന്ന കരാറുകാരന്റെ കൂലിക്കാരനായും വമ്പന്‍മാരുടെ ഇടമായ ഹോട്ടലുകള്‍ക്കു
പിന്നിലെ എച്ചിലില്‍ അതിജീവിക്കുന്നവനായും അയാളുടെ വ്യക്തിശൈഥില്യം പൂര്‍ണ്ണമാകുന്നു.
ഒരു വ്യക്തിക്ക് തനിക്കുമൊരു ഇടമുണ്ട് എന്ന തോന്നല്‍ നല്കാന്‍ പര്യാപ്തമായ
ഘടകങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന ഇത്തരം അനുഭവങ്ങളാണ് അയാളുടെ വേരറ്റ അവസ്ഥക്കും
അദൃശ്യതയ്ക്കും അന്യതയ്ക്കും നിദാനമാകുന്നത്. അവിടെ അയാളുടെ അജ്ഞാതത്വം (anonymity) ആരംഭിക്കുന്നു. ഒപ്പം, ആധുനികതയുടെയും
സ്വാതന്ത്ര്യത്തിന്റെയും വാഗ്ദാനങ്ങളില്‍ പരാജയപ്പെട്ട പോസ്റ്റ്‌കൊളോണിയല്‍ അള്‍ജീരിയയില്‍, വഞ്ചിക്കപ്പെട്ടവരായി അനുഭവപ്പെട്ട അനേകരുടെ വേരറ്റ അവസ്ഥയുടെ ഒരു
പ്രതീകമായി അത് മാറുന്നു. വിപ്ലവ മുദ്രാവാക്യങ്ങളുടെ അന്തസ്സത്തയെല്ലാം കൈമോശം വന്ന്, അപചയങ്ങളില്‍ ആണ്ടുമുങ്ങി സ്വയം അനാഥമായ ദേശത്തിന്റെതന്നെ നൈരാശ്യങ്ങളുടെ
കണ്ണാടിയായി അയാള്‍ അഭിമുഖീകരിക്കുന്ന
ശൂന്യത മാറുന്നു എന്നിടത്താണ്, നേരത്തെ സൂചിപ്പിച്ച കാമു- ദാവൂദ് കൃതികളുടെ ഒരു
അനുപൂരക കൃതിയായി നോവല്‍ പരിണമിക്കുന്നത്.
ഇതരകഥാപാത്രങ്ങളുമായുള്ള
ടൈറ്റില്‍ കഥാപാത്രത്തിന്റെ അസുഖകരമായ ബന്ധങ്ങളിലൂടെയാണ് അസ്തിത്വ പ്രതിസന്ധികളുടെ
പ്രമേയങ്ങള്‍ ആഴത്തില്‍ പരിശോധിക്കപ്പെടുന്നത്. മറവിരോഗം ബാധിച്ച, ഒറ്റപ്പെട്ട ഒരു വയോധികന്റെ സംരക്ഷണ ചുമതലയുമായി കഴിയുന്ന
ഒന്നായാണ് അയാളുടെ വര്‍ത്തമാന കാലം നോവലില്‍ അടയാളപ്പെടുന്നത്. ഇടക്കൊക്കെ തന്നെ
ഉപേക്ഷിച്ചുപോയ മകന്റെ സ്ഥാനത്ത് അയാളെ കാണുകയും അതേപേരില്‍ വിളിക്കുകയും
ചെയ്യുന്ന വഴക്കാളിയും മുരടനുമായ വയോധികനോട് വിചിത്രബന്ധമാണ് അയാള്‍ക്കുള്ളത്.
ചിലപ്പോഴൊക്കെ അയാളില്‍ തനിക്കു ലഭിക്കാതെപോയ പിതൃസ്വരൂപത്തെവരെ അയാള്‍ കാണുന്നു. അപ്പോഴൊക്കെ
അനുതാപത്തോടെയും അല്ലാത്തപ്പോള്‍ എങ്ങനെയും തീര്‍ന്നുകിട്ടേണ്ട ഭാരമായും അത്
മാറിമറിയുന്നു. അയാള്‍ ബന്ധപ്പെടുന്ന മനുഷ്യരിലൂടെ പോസ്റ്റ്‌കൊളോണിയല്‍ അല്‍ജീരിയയുടെ
സര്‍വ്വവ്യാപിയായ അഴിമതി, സാമൂഹിക അപചയങ്ങള്‍ തുടങ്ങിയ
യാഥാര്‍ത്ഥ്യങ്ങള്‍ നോവലിസ്റ്റ് അതിസൂക്ഷ്മമായി വരച്ചിടുകയാണ്. വയോധികന്റെ അപ്പര്‍ട്ട്മെന്റില്‍
ദയാവായ്പ്പോടെയും സ്നേഹപൂര്‍ണ്ണമായും ഇടപെട്ടിരുന്ന പരിചാരികയെ കുറിച്ച്
‘അവരെപ്പോലുള്ള സ്ത്രീകള്‍ ഏതാനും കൊല്ലങ്ങള്‍ക്കകം കുറ്റിയറ്റുപോകും’ എന്ന് അയാള്‍ ചിന്തിക്കുന്നത്, ദേശത്തിന്റെ
പോക്കിനെ കുറിച്ചുള്ള തികഞ്ഞ അശുഭനിരീക്ഷണം കൂടിയാണ്. തയ്ബാവി വരച്ചുകാട്ടുന്ന
അപചയങ്ങള്‍ നോവലിന്റെ പശ്ചാത്തലം എന്നതിനപ്പുറം,
ഭരണതലത്തിലും സ്ഥാപനങ്ങളിലും എന്നല്ല; മാനുഷികബന്ധങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള ഏതു ശ്രമത്തെയും അസംബന്ധമാക്കുംവിധം, വ്യക്തിബന്ധങ്ങളില്‍ത്തന്നെ
ആഴ്ന്നിറങ്ങികയും പരസ്പര വിശ്വാസമില്ലായ്മ, വിശ്വാസവഞ്ചന
തുടങ്ങിയ ധാര്‍മ്മിക അധപ്പതന മൂലകമായി വര്‍ത്തിക്കുകയും ചെയ്യുന്നതാണ്. പോലീസ്
ചാരന്മാര്‍, മോഷ്ടാക്കള്‍,
ലൈംഗികത്തൊഴിലാളികള്‍, ബാധയൊഴിപ്പിക്കലിന്റെ മറവില്‍
ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന ‘ദൈവമെന്നത് തന്റെ സ്വകാര്യ ഏര്‍പ്പാടാണ്’ എന്ന് കരുതുന്ന ഇമാമുമാര്‍ തുടങ്ങി വിശ്വാസ/ ഭൗതിക കാര്യങ്ങളിലെല്ലാം രോഗാതുരമായ
സമൂഹത്തിന്റെ പരിഛേദം നോവലിസ്റ്റ് അവതരിപ്പിക്കുന്നു. അയല്‍പക്കത്തുള്ള ടീനേജുകാരി
നടത്തുന്ന പ്രണയസൂചനകള്‍ ‘ഒരു നിഴലിനോടുള്ള പ്രണയം’ എന്ന്
അയാള്‍ക്ക് തോന്നുന്നത്, തന്നെക്കുറിച്ചുതന്നെയുള്ള അയാളുടെ
വിലയില്ലായ്മയുടെ ഒട്ടേറെ സൂചനകളില്‍ ഒന്നാണ്. ഒരിക്കലും സാക്ഷാത്കരിക്കാനാകാത്ത
കാമനയുടെ വിളി, അയാളെ മഥിക്കായ്കയല്ല: “ഞാന്‍ മിക്കപ്പോഴും
ഒരു രാത്രിജീവിയാണ്, രാത്രിയാകട്ടെ,
കാമനയുടെ കേളീതടവും, ദാഹാര്‍ത്ത ഭാവനയ്ക്കൊരു ഊഷര മേച്ചില്‍പ്പുറവുമാണ്.” ആരുമായും
അര്‍ത്ഥവത്തായ മാനുഷിക ബന്ധങ്ങള്‍ ഉണ്ടാക്കാനാകാത്ത അയാളുടെ അവസ്ഥ ഏറ്റവും
പ്രകടമാകുന്നതും അയാള്‍ക്ക്
കുറ്റബോധമുണ്ടാക്കുന്ന ഏകസന്ദര്‍ഭം സൃഷ്ടിക്കുന്നതും തടിച്ചിയായ നെഴ്സിനോടുള്ള
ബന്ധത്തിലാണ്. താനവരുടെ പ്രണയവും സൗമനസ്യവും ഉപയോഗിക്കുക മാത്രമായിരുന്നു എന്ന്
അയാള്‍ കുമ്പസരിക്കുന്നു. വയോധികനുമായുള്ള ബന്ധമാകട്ടെ,
ഒട്ടേറെ സൂചനകള്‍ നിറഞ്ഞതാണ്. സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ വീറോടെ പങ്കെടുത്ത
അയാള്‍ ഇന്ന് ഭൂതകാലത്തിന്റെ അവശിഷ്ടമായ ഒരു പാഴ് വസ്തു മാത്രമാണ്, കാലം കടന്നുപോകുന്നതിന്റെയും അപചയപ്പെടുന്ന ലോകത്തില്‍ അനശ്വരത
തേടുന്നതിന്റെ വ്യര്‍ത്ഥതയുടെയും പ്രതീകം. സ്വന്തം മകന്‍പോലും ഉപേക്ഷിച്ച അയാളുടെ
അനാഥത്വം, തന്നെപ്പോലുള്ളവരെയും കാത്തിരിക്കുന്ന
അസ്തിത്വഭീഷണിയായി ‘സംരക്ഷക’നു തോന്നുന്നു. പരാജയപ്പെട്ടുപോയ
പഴയ തലമുറയും അവരുടെ നിഴലില്‍ നിലനില്‍പ്പിനു അര്‍ഥം ചികയുന്ന പുതിയ തലമുറയും
തമ്മിലുള്ള ബലാബലത്തില്‍ ലീനമായ ദുരന്തം കൂടിയാണ് അത്. അടിമുടി അപചയപ്പെട്ട
സമൂഹത്തില്‍ ഒറ്റിന്റെയും വഞ്ചനയുടെയും പ്രയോഗങ്ങള്‍, ധാര്‍മ്മിക
അധപ്പതനം എന്നതിനപ്പുറം, അതിജീവന തന്ത്രം തന്നെയായി മാറുന്നു
എന്നതാണ് പോസ്റ്റ്‌കൊളോണിയല്‍ അസംബന്ധ ദര്‍ശനം. മുഖ്യകഥാപാത്രത്തെപ്പോലുള്ള എങ്ങും
നങ്കൂരമില്ലാത്ത മനുഷ്യര്‍ക്ക് നിലനിര്‍ത്താനാകാത്ത ആര്‍ഭാടങ്ങളാണ് ഇവിടെ കൂറ്, സത്യസന്ധത തുടങ്ങിയ മൂല്യങ്ങള്‍. അഴിമതിയുടെ യുക്തിയുടെ
ആന്തരവല്‍ക്കരണം എന്നത് നോവല്‍ കണ്ടെത്തുന്ന ഏറ്റവും ഇരുണ്ട ഉള്‍ക്കാഴ്ചയാണ്:
വ്യവസ്ഥയുടെ അപചയം എന്നത്, അതുമായുള്ള ഉടമ്പടികളുടെ
ചാക്രികതയില്‍, അതിനെ ശാശ്വതീകരിക്കുന്ന വ്യക്തികളെ
സൃഷ്ടിക്കുന്നു.
വയോധികന്റെ
മരണത്തെ തുടര്‍ന്ന്/ അതിനോടനുബന്ധിച്ചു പൊടുന്നനെ കാണാതാകുന്ന മി. നോബഡിയെ
തേടിയുള്ള ഡിറ്റക്റ്റിവ് റഫീഖിന്റെ അന്വേഷണമാണ് നോവലിന്റെ രണ്ടാം ഭാഗത്തെ
രൂപപ്പെടുത്തുന്നത്. അന്വേഷകന്‍ അഭിമുഖം നടത്തുന്ന ആളുകളുടെ സാക്ഷ്യങ്ങളിലൂടെയും
ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തില്‍ ഒരു ധാരണ ഉണ്ടാക്കിയെടുക്കാന്‍ അയാള്‍
ശ്രമിക്കുകയാണ്. എന്നാല്‍, ആദ്യഭാഗത്ത്
വായനക്കാര്‍ക്ക് വെളിപ്പെട്ടുകിട്ടുന്നതില്‍ കൂടുതലൊന്നും അതിവിദഗ്ദ അന്വേഷകന്
കണ്ടെത്താനാകുന്നില്ല. ഒരാള്‍ക്ക് ജീവിച്ചിരിക്കുകയും എന്നാല്‍ തന്നെക്കുറിച്ച്
ഒരു തെളിവും ബാക്കിവെക്കാതെ മറഞ്ഞിരിക്കുകയും ചെയ്യുക എങ്ങനെ സാധിക്കുമെന്ന
ചോദ്യം, സ്വന്തം അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ അന്വേഷകനെ പ്രേരിപ്പിക്കുന്നു. കൌതുകകരമായ
ഒരു സാമ്യം ഇവിടെ കെമാല്‍ ദാവൂദിന്റെ നോവലുമായി കാണാനാകും. (ഒരാളെ കൊല്ലുകയും
എന്നിട്ട് അയാളുടെ അസ്തിത്വംതന്നെ മോഷ്ടിക്കുകയും ചെയ്യുക എന്നത് എങ്ങനെയാണു
ചെയ്യാനാകുക എന്ന്, ജ്യേഷ്ടനെ ‘അജ്ഞാതനായ അറബി’ എന്ന പേരില്‍
എഴുതിത്തള്ളിയതിനെ കുറിച്ച് ഹാറൂന്‍ അത്ഭുതപ്പെടുന്നുണ്ട്: അയാളുടെ ദേഹം ഒരിക്കലും
കണ്ടുകിട്ടുകയുണ്ടായില്ല. പില്‍ക്കാലം മമ്മക്ക്, ഏതമ്മയും
ചെയ്യുന്നതുപോലെ മകന്റെ വൈശിഷ്ട്യങ്ങളെ കുറിച്ച് ആയിരത്തൊന്നു കഥകള്‍ പറയാന്‍
പാകത്തില്‍, മതാചാര പ്രകാരം നാല്‍പ്പതു ദിവസം കഴിഞ്ഞു അയാള്‍ മരിച്ചതായി
ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതോടെ, 'ശൂന്യമായ ഒരു കുഴിമാടത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന'യോടെ ഒരടക്കം അഭിനയിക്കപ്പെടുക മാത്രമായിരുന്നു.)
അന്വേഷകനും
കുറെയേറെ കണക്കെടുപ്പ് നടത്താനുണ്ട്: സ്വന്തം അസ്തിത്വ പ്രതിസന്ധികളില്‍
മുങ്ങിത്താഴുന്നതിന്റെ, സ്വതന്ത്ര
അന്വേഷണപ്രക്രിയയൊക്കെ ദുരൂഹമായ വിധത്തില്‍ അട്ടിമറിക്കപ്പെടുകയും നിരര്‍ത്ഥമാകുകയും
ചെയ്യുന്ന അഴിമതി നിറഞ്ഞ സാഹചര്യങ്ങള്‍, വ്യക്തിജീവിതത്തില്‍
അനപത്യ ഭീഷണി, പരാജയപ്പെടുന്ന ബന്ധങ്ങള്‍ തുടങ്ങിയ
തിരിച്ചടികള്‍ തുടങ്ങി പലതിന്റെയും. തയ്ബാവിയുടെ ആഖ്യാനത്തിലെ സമര്‍ത്ഥമായ
ധ്വനികളില്‍ അയാളെപ്പോലെ വായനക്കാരും അസ്തിത്വ സമസ്യകള്‍ക്ക് മുഖാമുഖം നില്‍ക്കുകയാണ്.
എന്താണ് നിലനില്‍പ്പിന്റെ അര്‍ഥം? മറ്റുള്ളവരെ അറിയുക
എന്നാല്‍ എന്താണ്? ഒരു വ്യക്തിയെ അറിയുക എന്നാല്‍ എന്താണ്? എന്താണ് അതിന്റെയൊക്കെ പ്രസക്തി? മി. നോബഡി
നേരിട്ടവരുടെ ഉദ്ദേശ്യങ്ങളും ദുരുദ്ദേശങ്ങളും മനസ്സിലാകുന്ന മുറയ്ക്ക് അവര്‍ നല്‍കുന്ന
ചിത്രങ്ങളുടെ വിശ്വസനീയതയും അന്വേഷകനെ സംബന്ധിച്ചു പ്രശ്നഭരിതമാകുകയാണ്. അന്വേഷകനും
അന്വേഷിക്കപ്പെടുന്നവനും ഒന്നായിത്തീരുന്ന വൈപരീത്യത്തെ കുറിച്ചുള്ള ചോദ്യത്തിന്
നോവലിസ്റ്റ് നല്‍കിയ ഉത്തരം ശ്രദ്ധേയമാണ്: മി. നോബഡിയെയും റഫീഖിനെയും
എടുത്തുപറഞ്ഞുകൊണ്ട്, നോവലിലെ ഓരോ കഥാപാത്രവും വ്യതസ്തതകള്‍ക്കിടയിലും ഒരേ കാലവും
ഇടവും പങ്കുവെക്കുന്നു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, ‘തകര്‍ന്ന സ്വപ്‌നങ്ങള്‍, പ്രതീക്ഷയുടെ വരള്‍ച്ച, എന്നിവയിലും തങ്ങളെല്ലാം ശരിക്കും തങ്ങള്‍ തന്നെയോ അതോ തങ്ങള്‍
അനുഭവിച്ചതെന്തോ അത് തങ്ങളുടെ മാനുഷികതയുടെ സുപ്രധനായ എന്തെങ്കിലുമൊക്കെ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നോ
എന്ന ചോദ്യത്തിലും അവര്‍ ഒരുമിച്ചാണ്’ എന്നും അദ്ദേഹം
നിരീക്ഷിച്ചു. ഇരു മുഖ്യ കഥാപാത്രങ്ങളെയും
സമന്വയിപ്പിക്കുന്ന ഒന്നിലേറെ സന്ദര്‍ഭങ്ങളുണ്ട്. ‘സ്ത്രീകളുമായുള്ള എന്റെ ചരിത്രം
സംഭ്രമിപ്പിക്കുന്നതാണ്’ എന്ന നോബഡിയുടെ സ്വയം വിലയിരുത്തല്‍
റഫീഖിലും പ്രതിധ്വനിക്കുന്നു: “അയാളുടെ മുന്നനുഭവങ്ങള്‍ അയാളെ പഠിപ്പിച്ചു പ്രണയം
കൊണ്ട് എല്ലാമാകില്ലെന്ന്”. “അപ്രത്യക്ഷനാകുക എന്നത് വികല ഭാവങ്ങളോടെയുള്ള കപടവും
വഞ്ചനാത്മകവുമായ ഒരു നിലനില്‍പ്പിനെക്കാള്‍ എന്തുകൊണ്ടും ഉദാരമാണ്” എന്ന്
കണ്ടെത്തുന്ന നോബഡിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ റഫീഖ് സ്വയം വിലയിരുത്തുന്നു:
“അവസാനമില്ലാത്ത കീഴ്പ്പെടല്‍ ഒരാളെ സ്വയം പരിഹാസപാത്രമാക്കും, അതുകൊണ്ട് ഒരു സ്വത്വമായി കുഴിച്ചുമൂടപ്പെടുന്നത് ഒഴിവാക്കാന്‍ അയാള്‍
മരിക്കാന്‍ തീരുമാനിച്ചു”. ടൈറ്റില്‍ കഥാപാത്രം ഉദ്ദേശപൂര്‍വ്വം തിരോഭവിച്ചോ എന്ന്
തീര്‍ച്ചയില്ലാത്തപോലെ, റഫീഖ്, തന്റെ തീരുമാനം
നടപ്പിലാക്കുമോ എന്നും നോവലിസ്റ്റ് നമ്മോടു പറയുന്നില്ല. മനുഷ്യന്റെ
അസ്തിത്വസമസ്യയോടൊപ്പം മനുഷ്യ മനസ്സ്, അതിന്റെ അപചയം
എന്നീ ദുരൂഹതകളെ വിചാരണ ചെയ്യുന്ന
കൃതിയായി നോവല്‍ പരിണമിക്കുന്നു എന്നും മനുഷ്യ വിമോചനം എന്ന ആശയത്തോട് ചേര്‍ത്തുവെച്ചല്ലാതെ
സാമൂഹിക രാക്ഷസീയതയെന്ന ആശയത്തെ സമീപിക്കുന്ന അപൂര്‍വ്വ രചനയായി നോവല്‍
മാറുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് പ്രസക്തമാണ്. ആ അര്‍ഥത്തില്‍, കാമുവിന്‍റെ അസംബന്ധ ദര്‍ശനത്തോടു ചേര്‍ന്നുനില്‍ക്കും വിധത്തില്‍, അപരിഹാര്യമായ അവസ്ഥയായി, ഏറെക്കുറെ നിഹിലിസ്റ്റ് എന്നുതന്നെ പറയാവുന്ന
ഒന്നായാണ് തയ്ബാവി പോസ്റ്റ്‌കൊളോണിയല്‍ അള്‍ജീരിയന്‍ സാഹചര്യത്തെ
വരച്ചുവെക്കുന്നത്.
കാമുവിന്‍റെ
ദാര്‍ശനികനിഷ്ടമായ അന്യാതാബോധത്തെയും അസംബന്ധ ദര്‍ശനത്തെയും ചരിത്രബദ്ധവും
അടിസ്ഥാനപരമായും അള്‍ജീരിയന്‍ തന്നെയുമായ വിധത്തില്‍ തിരിച്ചിടുകയും
പൊളിച്ചെഴുതുകയുമാണ് കെമാല്‍ ദാവൂദ് ചെയ്യുന്നത്. അതുവഴി, കാമുവിന്‍റെ ഭാഷ്യത്തില്‍
സ്ഥിരീകരിക്കപ്പെട്ട കൊളോണിയല്‍ മായ്ച്ചുകളലിനെ (erasure) ഭേദ്യം ചെയ്യുകയും അദൃശ്യവല്‍ക്കരിക്കപ്പെട്ട അറബിയുടെ ഐഡന്റിറ്റി
പുനസ്ഥാപിക്കുകയും ചെയ്യുന്നു. ഹാരൂന്റെ അസ്തിത്വ പ്രതിസന്ധിയെ, കൊളോണിയല്‍ അധീശത്തത്തിന്റെ ദേശീയ ട്രോമയുടെ ഭാഗമായി മനസ്സിലാക്കുന്ന
ദാവൂദിന്റെ സമീപനം, ഒരുവശത്ത് പോസ്റ്റ്‌കൊളോണിയല്‍
അപചയങ്ങള്‍ക്കും മറുവശത്ത് അതിനെതിരെ ഉയര്‍ന്നുവരുന്ന ഇസ്ലാമിസ്റ്റ് മൗലികതക്കും
എതിരെ സിനിസിസത്തെയും ചോദ്യം ചെയ്യലിനെയും സ്വാതന്ത്ര്യ പ്രഖ്യാപനമായി
കണ്ടെടുക്കുന്നു. ആ അര്‍ഥത്തില്‍ ഹാറൂന്റെ കഥപറച്ചില്‍ തന്നെയും ഒരു തരത്തില്‍ കര്‍തൃത്വസ്ഥാപനവും
ചരിത്രത്തിന്റെ അപമാനവീകരണ (dehumanizing)
ശക്തിക്കെതിരെയുള്ള ചെറുത്തുനില്‍പ്പുമാണ്. എന്നാല്‍,
തയ്ബാവിയുടെ നായകന്മാര്‍ ഇരുവരും അസംബന്ധത്തെ നേരിടാകാനാകില്ല എന്ന ബോധ്യത്തെ, പകരം
പിന്‍വാങ്ങല്‍, സ്വയമൊടുങ്ങല്‍ എന്നീ നിലപാടുകളിലേക്കും അസ്തിത്വ ശൂന്യതയിലേക്കും എത്തിക്കുകയും
മാനുഷിക അന്തസ്സ് എന്ന മൂല്യത്തെ കണ്ടെത്താന്‍ കഴിയാതെ പരാജയപ്പെടുകയും ചെയ്യുകയാണ്.
സമകാലിക അല്‍ജീരിയന്‍ രാഷ്ട്രീയ സാഹചര്യങ്ങളും പോസ്റ്റ്‌കൊളോണിയല്‍ നൈരാശ്യങ്ങളും
ശൂന്യതാവാദത്തോളം എത്തുന്ന ഇരുണ്ട ദര്‍ശനമായി പരിണമിക്കുയാണിവിടെ. ഈ പരിണാമം
തലമുറകള്‍ക്കിടയില്‍ രൂഡമായ നൈരാശ്യത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നു എന്നുവരാം. സ്വാതന്ത്ര്യാനന്തര
ശുഭാപ്തിവിശ്വാസം ദാവൂദിന്റെ കൃതിയിലെത്തുമ്പോള്‍ പോസ്റ്റ്‌കൊളോണിയല്‍ വിമര്‍ശനത്തിനു
വഴിമാറിയെങ്കില്‍, തയ്ബാവി ചിത്രീകരിക്കുന്ന ‘ഇരുണ്ട ദശക’മാവുമ്പോഴേയ്ക്കും വിമര്‍ശനത്തിനോ
മാറ്റത്തിനോ സാധ്യത പോലുമില്ലാത്ത ഇരുള്‍ച്ച
സര്‍വ്വവ്യാപിയായിരിക്കുന്നു എന്നതാകാം അതിന്റെ ഫലശ്രുതി. ഈ മൂന്നു കൃതികളും ചേര്‍ന്ന്
പ്രമേയപരമായ അര്‍ത്ഥത്തില്‍ അസ്ഥിത്വപരമായ അസംബന്ധത്തിന്റെ ഒരു അള്‍ജീരിയന്‍ നോവല്‍
ത്രയമായി (Algerian Trilogy of Existential Absurdity)
പരിണമിക്കുന്നു എന്നു പറയാം.
അവലംബങ്ങള്‍:
1.
The Stranger (1942), Albert Camus (Algeria), translated by Stuart Gilbert
2.
The Meursault
Investigation (2013), Kamel Daoud (Algeria), translated by
John Cullen
3.
The Disappearance of
Mr. Nobody (2019), Ahmed Taibaoui (Algeria), translated by
Jonthan Wright (2023))
4.
Elizabeth Meehan.
Review, litromagazine, 04.11.2023, https://www.litromagazine.com/usa/2023/05/book-review-the-disappearance-of-mr-nobody/, Accessed 10.01.2025
5.
Noshin Bokth.
‘Anonymous Algerian agony exposed in Ahmed Taibaoui's 'The Disappearance of Mr.
Nobody', newarab.com, 22.03.2023, Accessed 10.01.2025
6.
Ahmed Taibaoui
interview with Amelia Smith,
middleeastmonitor, 03.08.2023, https://www.middleeastmonitor.com/20230308-ahmed-taibaoui-i-tried-to-give-a-voice-to-those-who-live-on-the-margins-in-algeria/, Accessed 10.01.2025.
(അള്‍ജീരിയയില്‍ യൂണിവേഴ്സിറ്റി
അധ്യാപകനും പ്രശസ്ത നോവലിസ്റ്റുമായ തയ്ബാവി, പ്രഥമ നോവലിനു (Death of a Sleeper- 2014) തന്നെ
വിഖ്യാതമായ തയിബ് സാലിഹ് പുരസ്കാരം നേടിയ എഴുത്തുകാരനാണ്. അദ്ദേഹത്തിന്‍റെ
നാലാമത് നോവലായ ‘നിസ്വന്റെ തോരിധാനം’, അറബ് നോവലിനുള്ള
വിഖ്യാതമായ നഗീബ് മഹ്ഫൂസ് പുരസ്കാരവും (2021) നേടുകയുണ്ടായി.)
No comments:
Post a Comment