6.
സ്വാതന്ത്ര്യ
കാമനയുടെ പെണ്‍രൂപങ്ങള്‍
ഫെസ് ഹരീമിലെ സ്ത്രീകളില്‍ സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതീകങ്ങളായി ഉള്ള മുഖ്യ
കഥാപാത്രങ്ങള്‍ അമ്മയും ഹബീബ അമ്മായിയും കസിന്‍ ശമായും തന്നെയാണ്. ഉമ്മ ഇപ്പോഴും
ഹാരം തടവില്‍ അസംതൃപ്തയാണ്. ഭക്ഷണം എപ്പോഴും ഒരുമിച്ചു കഴിക്കുന്നതു പോലുള്ള
ചടങ്ങുകളെ അവര്‍ തുറന്നു വിമര്‍ശിക്കുന്നുമുണ്ട്. കാര്‍ക്കശ്യങ്ങളോടുള്ള എതിര്‍പ്പ്
കാണിക്കാന്‍ തന്റെതായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിലും അവര്‍ സമര്‍ത്ഥയാണ്.
എന്നിരിക്കിലും അവര്‍ ഹാരം ജീവിതത്തിന്റെ അതിരുകള്‍ ലംഘിക്കുന്നില്ല എന്നതില്‍, പ്രതിഷേധിക്കുമ്പോഴും ഒരു ബദല്‍ മാര്‍ഗ്ഗം കണ്ടെത്തുന്നത് വരെയെത്താത്ത
മെര്‍നിസിയുടെ തന്നെ പരിണാമത്തിന്റെ ആദ്യഘട്ട പ്രതിനിധാനം കാണാം. ഹാരം സമ്പ്രദായത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ വിമോചക
ഭാവത്തില്‍ ചിത്രീകരിക്കുമ്പോഴും അമ്മയുടെ
പാത്രസൃഷ്ടിയിലെ മറ്റൊരു തലം അത്യപൂര്‍വ്വമായി ലഭിക്കുന്ന സിനിമക്ക് പോകാനുള്ള
അവസരം പോലുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍
പ്രകടിപ്പിക്കുന്ന ലാസ്യഭാവമാണ്. ശമായോടൊപ്പം
മണിക്കൂറുകള്‍ നീളുന്ന മെയ്ക്കപ്പും കേശാലങ്കാരവും പുറം ലോകത്തു തന്റെ
സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ആവിഷ്കരിക്കാനുള്ള അദമ്യമായ അഭിലാഷത്തിന്റെ
വിചിത്രമായ പ്രകടനമാണ്. പുറത്തിറങ്ങും മുമ്പ് അവര്‍ക്കിരുവര്‍ക്കും ഹിജാബ്
ധരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യമോഹം കര്‍തൃത്വത്തിനും പുരുഷനോട്ടം കൊതിക്കുന്ന
വസ്തുവല്‍ക്കരണത്തിനും ഇടയില്‍ എന്ന മട്ടില്‍ ഋണാത്മകമാവുകയാണ് ഇവിടെ. വിവാഹ
മോചിതയായ വിഷാദവതിയും ഏകാകിനിയുമായ ഹബീബ അമ്മായി
സഹോദരനോടൊപ്പം കഴിയേണ്ടി വരുന്നത് ഹാരം സമ്പ്രദായത്തില്‍ സ്വാഭാവികമാണ്. അവര്‍
തുന്നിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണ ചിറകുകള്‍ ഉള്ള പക്ഷിയുടെ ചിത്രം
സ്വാതന്ത്ര്യമോഹത്തിന്റെ എന്നത് പോലെ പ്രതിഷേധത്തിന്റെയും ചിഹ്നമാണ്. ലല്ല
മാനിയെങ്ങാന്‍ കണ്ടാല്‍ അത് പറന്നുപോകാനും രക്ഷപ്പെടാനുമുള്ള വിലക്കപ്പെട്ട
ആഗ്രഹത്തിന്റെ പ്രതിഫലനം ആയി വ്യാഖ്യാനിച്ചേനെ എന്ന് ആഖ്യാതാവ് കരുതുന്നു. ഹാരം
ജീവിതത്തിലും ശാക്തീകരണ സാധ്യതയിലേക്ക് അത് വിരല്‍ ചൂണ്ടുന്നു എന്നാണു ആഖ്യാതാവ്
പറയുക: “(ഹബീബ അമ്മായി) ഭാവിയെ കുറിച്ച് ശുഭാപ്തി നല്‍കി: ഒരു സ്ത്രീ തീര്‍ത്തും
അബലയായിരിക്കാം, എന്നാല്‍ അപ്പോഴും പറന്നുപോകുന്നതിനെ
കുറിച്ചു സ്വപ്നം കാണുന്നതിലൂടെ ജീവിതത്തിനു അര്‍ഥം നല്കാന്‍ അവള്‍ക്കാകും.”
(പേജ്: 162). കൂട്ടിലകപ്പെട്ട പക്ഷിയെന്ന കാല്‍പ്പനിക
ബിംബത്തില്‍ ചിത്രീകരിക്കപ്പെടുന്ന ഹബീബ അമ്മായി സ്വന്തം വിധി അംഗീകരിക്കുമ്പോഴും തുന്നല്‍ ചിത്രങ്ങള്‍ അവരുടെ കീഴടങ്ങാത്ത സ്വാതന്ത്ര്യ സ്വപ്നമാണ്. ശമായും ഹബീബ അമ്മായിയും സാങ്കല്‍പ്പിക
കഥാപാത്രങ്ങളാണ് എന്ന് പുസ്തകത്തിന്റെ ചൈനീസ് പതിപ്പിന് എഴുതിയ ആമുഖത്തില്‍ മെര്‍നിസി
തുറന്നുപറഞ്ഞത് ഇതോടു ചേര്‍ത്തു കാണാം.
ഫാം ഹാരമിലെ ജീവിതം സഹഭാര്യമാര്‍ക്കിടയിലെ വഴക്കുകളും കുന്നായ്മകളും കൊണ്ട്
മുഖരിതമാണ്. സ്വതേ കിറുക്കിയെന്നു കണക്കാക്കപ്പെടുന്ന, മരം കേറിയായ, സുന്ദരിയല്ലാത്ത യാസ്മിന മുത്തശ്ശിയുടെ രക്ഷ അവര്‍ക്ക് ഇപ്പോഴും
മുത്തച്ചനെ ചിരിപ്പിക്കാന്‍ കഴിയും എന്നതാണ്. ആ അര്‍ഥത്തില്‍ അവരുടെ പ്രകൃതം
‘അല്ലാഹുവിന്റെ ഭൂമിയുടെ ഒറിജിനല്‍ പതിപ്പായ, അതിരുകളില്ലാത്ത’ ഫാം ഹരീമിലെ ആയാസരഹിതമായ ജീവിതത്തിന്റെ പ്രതീകം തന്നെ; ഒപ്പം ആഹരിക്കുന്നതില്‍ പോലും പട്ടാളച്ചിട്ടയുള്ള ഫെസ് ഹരീമിന്റെ നേര്‍
വിപരീതവും. എന്നാല്‍ എട്ടു സഹാഭാര്യമാര്‍ ഉള്ള യാസ്മിന മുത്തശ്ശിക്ക് എട്ടു ദിവസം
തനിയെ ഉറങ്ങണം എന്നതില്‍ ഹാരം ജീവിതത്തില്‍ അതിരുകള്‍ എന്നത് ഭൌമികം മാത്രമല്ല
എന്ന് സൂചിപ്പിക്കുന്നു. ഹരീമിലെ സ്ത്രീകളില്‍ തീര്‍ത്തും ഭിന്നയാണ്
ഫ്രഞ്ചുകാരുമായി നിരന്തരം ഏറ്റുമുട്ടുന്ന റീഫ് പര്‍വ്വത ദേശത്തുനിന്നുള്ള ഗോത്രവര്‍ഗ്ഗ
സ്ത്രീയായ താമു. ബെര്‍ബെര്‍ ഗോത്രപ്പോരാളിയുടെ സഹജമായ വാളും റൈഫിളും കൊണ്ടുനടക്കുന്ന
രൌദ്രഭാവങ്ങളുള്ള താമുവിനും പക്ഷെ ഹരീമില്‍ അഭയം ലഭിക്കാന്‍ മുത്തച്ഛന്റെ മറ്റൊരു
ഭാര്യയായി തീരേണ്ടതുണ്ട്.
1840 നും 1940 നുമിടയില്‍
ജീവിച്ചിരുന്ന പ്രസിദ്ധരായ ഈജിപ്ത്യന്‍ സ്ത്രീകളില്‍ ചിലരെ
സ്വാതന്ത്ര്യബോധത്തിന്റെ പ്രതീകങ്ങളായി പുസ്തകം വിവരിക്കുന്നുണ്ട്. മുഖ്യമായും
ശമായുടെ ടെറസിലെ പ്രകടനങ്ങളില്‍ അവര്‍ കടന്നു വരുന്നു. ‘പാടും രാജകുമാരി അസ്മഹാന്‍’(“Asmahan, the Singing Princess”), ‘നാടിന്റെ പ്രതീകമായ’ (“symbol of the nation”)
ഉമ്മുകുല്‍സൂം, ആയ്ഷാ തയ്മൂര്‍, സൈനബ്
ഫവ്വാസ്, ഹുദ ഷഅറൂയി തുടങ്ങിയ ഫെമിനിസ്റ്റ്
ആക്റ്റിവിസ്റ്റുകള്‍, ഈജിപ്ത്യന്‍ ചലച്ചിത്ര
അഭിനേത്രികള്‍ തുടങ്ങിയവര്‍ ഫെസ് ഹാരമില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഹാരമിന്റെ
ചുവരുകള്‍ക്കകത്തും ഈ സ്വാതന്ത്ര്യ പ്രതിനിധാനങ്ങള്‍ കടന്നെത്തുന്നതില്‍ ശമായുടെ
പങ്കു നിര്‍ണ്ണായകമാണ്. ഇവരുടെ ജീവിതവും
പൊരാട്ടങ്ങളുമെല്ലാം വിശദമായിത്തന്നെ വിവരിക്കപ്പെടുന്നത് ആഖ്യാതാവിന്റെ പില്‍ക്കാല
വികാസത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.
ഫെസ് ഹാരമിലെ കഥ പറച്ചില്‍ പ്രധാനമായും ഹബീബ അമ്മായിയുടെ വകയാണെങ്കില്‍ ഫാം
ഹാരമില്‍ അത് യായാ മുത്തശ്ശിയാണ്. ഹബീബ അമ്മായിയുടെ കഥ പറച്ചില്‍ “എനിക്ക് മുതിര്‍ന്നവള്‍
ആകാനും വിദഗ്ദ കഥാകാരി ആകാനുമുള്ള ആഗ്രഹം ജനിപ്പിച്ചു” എന്ന് ആഖ്യാതാവ് പറയുന്നു.
ഹബീബ അമ്മായി ഫെസ് ഹാരമിലെ ഏറ്റവും ഭാഗ്യഹീനയായ സ്ത്രീയായിരുന്നെങ്കില്‍, ഫാം ഹാരമിലെ ‘വിദേശിയായ കറുത്ത
സഹഭാര്യ’ യായാ മുത്തശ്ശിയും അങ്ങനെത്തന്നെ. സൗത്ത്
സുഡാനിലെ തന്റെ കുഗ്രാമ ജീവിതത്തെ കുറിച്ച് ഓരോ ആഴ്ചയിലും ഒരു കഥ പറയാം എന്ന
ഉപാധിയോടെയാണ് അവര്‍ ഹാരമില്‍ ഇടം ഉറപ്പിക്കുന്നത്. കഥപറച്ചിലില്‍ അവരുടെ
വൈദഗ്ദ്യം അവര്‍ക്കുവേണ്ടി അവരുടെ ദേശത്തു നിന്നുള്ള ഒരു വാഴത്തൈ കൊണ്ടുവന്നു
ഫാമില്‍ നടാനും അങ്ങനെ അവരെ തന്റെ ഓര്‍മ്മകളുടെ മധുരത്തില്‍ നിലനിര്‍ത്താനും
എല്ലാവരും സഹകരിക്കുന്നതില്‍ എത്തിക്കുന്നു. വാഴ കുലക്കുമ്പോള്‍ ജന്മദേശത്തെ
വേഷഭൂഷകള്‍ അണിഞ്ഞു സന്തോഷം കൊണ്ട് മത്തുപിടിച്ച് നൃത്തം ചെയ്യുന്ന യായായുടെ കാല്‍പ്പനിക
ചിത്രത്തിനപ്പുറം അവരുടെ മനസ്സില്‍ ഉണ്ടായിരിക്കാവുന്ന കൊടുംകാറ്റുകളൊന്നും
കുട്ടിയായ ആഖ്യാതാവ് കാണുന്നതേയില്ല.
മെര്‍നിസിയുടെ കൃതികളെ ‘അറബ് സ്ത്രീത്വത്തിന്റെ പ്രതിരോധവും പുനരുദാത്തവല്‍ക്കരണവും’
ആയി കാണാമെന്നു നിരീക്ഷിക്കപ്പെടുന്നു. മൂന്നാംലോക ഫെമിനിസ്റ്റുകള്‍ക്കെതിരെ പൊതുവേ ഉയര്‍ത്തപ്പെടുന്ന
പാശ്ചാത്യ വല്‍ക്കരണത്തിന്റെ ഇരകള്‍ എന്ന വിമര്‍ശനം അവരുടെ കാര്യത്തില്‍
സംഗതമല്ലെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള, അഭ്യസ്ത വിദ്യരും നിരക്ഷരരുമായ, സ്വദേശത്തുക്കാര്
തന്നെയായ സ്ത്രീകള്‍ തന്നെ വളര്‍ത്തിയെടുത്ത ‘അറബ് മുസ്ലിം ഫെമിനിസം’ തന്നെയാണ് അവരെ നയിക്കുന്നത് എന്നും കാരിന്‍ ബൂജെറ്റ് കൂട്ടിച്ചേര്‍ക്കുന്നു.
അതില്‍ ഹുദാ ശഹറാവി (ഇജിപ്ത്), സൈനബ് ഫവ്വാസ് (ലബനോന്‍)
തുടങ്ങിയ സ്ത്രീപക്ഷ നിരീക്ഷകരുടെ സ്വാധീനം, ശഹരെസാദിന്റെ
പാരമ്പര്യത്തോടൊപ്പം പ്രകടമാണ്. *(7).
*(7). (Carine
Bourget, Complicity with Orientalism in Third-World Women’s Writing: Fatima
Mernissi’s Fictive Memoirs Research in African Literature s, Vol. 44, No. 3 (Fall 2013). © 2013,P. 30, 31)
To read previous parts:
Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html
Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html
Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html
Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html
Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html
for further reading:
https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html
No comments:
Post a Comment