Featured Post

Showing posts with label Autobiography. Show all posts
Showing posts with label Autobiography. Show all posts

Friday, April 25, 2025

The Measure of a Man: A Spiritual Autobiography by Sidney Poitier

 മനുഷ്യന്റെ മാനദണ്ഡം – സിഡ്നി പോറ്റിയെരുടെ ആത്മകഥ


1929-ല്‍ ആരംഭിച്ച ഓസ്കാര്‍ പുരസ്കാരത്തിന്റെ ചരിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ എഴുപത്തിയൊന്ന് വര്‍ഷക്കാലത്തിനിടെ മികച്ച നടനുള്ള പുരസ്കാരം നേടാനായ ഏക ആഫ്രിക്കന്‍ അമേരിക്കന്‍ താരമായിരുന്നു സിഡ്നി പോറ്റിയെര്‍. നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ അഭിനേതാവും ഒമ്പത് ചിത്രങ്ങളുടെ സംവിധായകനും നാല് ചിത്രങ്ങളുടെ രചയിതാവുമാണ് അദ്ദേഹം. The Defiant Ones, A Patch of Blue, Guess Who's Coming to Dinner,  To Sir, With Love തുടങ്ങിയ ചിത്രങ്ങള്‍ ഹോളിവുഡിലെ നാഴികക്കല്ലുകളാണ്. ബാഫ്റ്റ ലൈഫ് ടൈം അച്ചീഫ്മെന്റ്റ് അവാര്‍ഡ്‌ ഉള്‍പ്പടെ ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുള്ള സിഡ്നി പോറ്റിയെര്‍, വ്യക്തി എന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും ഒപ്പം ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ എന്ന നിലയിലുമുള്ള അനുഭവങ്ങളെയും ആത്മീയ വികാസങ്ങ പരിണാമാങ്ങളെയും ഹൃദ്യവും ഋജുവുമായി അവതരിപ്പിക്കുന്ന ആത്മകഥാ പുസ്തകമാണ് രണ്ടായിരാമാണ്ടില്‍ പുറത്തിറങ്ങിയ The Measure of a Man: A Spiritual Autobiography.സിഡ്നി പോറ്റിയെര്‍ ഒരു പാട് ജീവിതം ജീവിച്ചിട്ടുണ്ടെന്നും രണ്ടു ആത്മകഥകള്‍ എഴുതിയത് കൂടുതലല്ലെന്നും അദ്ദേഹത്തിന്റെ 1980-ല്‍ പുറത്തിറങ്ങിയ This Life എന്ന പുസ്തകത്തെ കൂടി സൂചിപ്പിച്ചു കൊണ്ട് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടും ഏതാണ്ട് വിസ്മരിക്കപ്പെട്ടിരുന്നെങ്കിലും 2007 തുടക്കത്തില്‍ ഒപ്രാ വിന്‍ഫ്രെ തന്റെ ടി. വി. ബുക്ക് ക്ലബ്ബില്‍ ‘മെഷര്‍ ഓഫ് എ മാന്‍’ ഉള്‍പ്പെടുത്തിയതോടെ പോറ്റിയെര്‍ ആത്മകഥ വീണ്ടും വായനാലോകത്ത് സജീവമായി. ഹോളിവുഡില്‍ നിലനിന്ന വര്‍ണ്ണ വിവേചനത്തിനു പുതിയ നൂറ്റാണ്ടില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങിയപ്പോള്‍ 2002-ല്‍ സമഗ്ര സംഭാവനക്കുള്ള ഓണററി ഓസ്കാര്‍ ലഭിച്ചതും പോറ്റിയെര്‍ക്കായിരുന്നു എന്നതും അതേ വര്‍ഷം ഡെന്‍സല്‍ വാഷിങ്ങ്ടന്‍, ഹാലിബെറി എന്നിവര്‍ മികച്ച നടനും നടിക്കുമുള്ള ഓസ്കാര്‍ നേടി എന്നതും ഇതോടു ചേര്‍ത്തു വായിക്കേണ്ടത് തന്നെയാണ്.

കുട്ടിക്കാലം, മുതിര്‍ന്നു വരവ്

ബഹമാസിലെ കാറ്റ് ഐലന്‍ഡില്‍ ഒരു സാധാരണ കറുത്ത വര്‍ഗ്ഗ കുടുംബത്തില്‍ 1927 ഫെബ്രുവരി 20- നു ജനിച്ച സിഡ്നി പോറ്റിയെര്‍ ദാരിദ്രമെങ്കിലും ഇണക്കവും പിണക്കവും നിറഞ്ഞ സന്തുഷ്ടമായ കുടുംബാന്തരീക്ഷത്തിലാണ് കുട്ടിക്കാലം ചെലവഴിക്കുന്നത്. ഏഴു മക്കളുള്ള കുടുംബത്തില്‍, അച്ഛനമ്മമാരായ റജിനാള്‍ഡ്- ഈവ് ലിന്‍ ദമ്പദികള്‍ തക്കാളിയും മറ്റും കൃഷി ചെയ്തു വന്നു. തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കാനായി മയാമിയിലേക്ക് പതിവായി യാത്ര ചെയ്തിരുന്ന റജിനാള്‍ഡ് നാസോ നഗരത്തില്‍ കാബ് ഡ്രൈവര്‍ ആയും പ്രവര്‍ത്തിച്ചു. സിഡ്നിയുടെ കാര്യത്തില്‍, എട്ടാം മാസത്തില്‍ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മയാമിയിലെ ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു ഈവ് ലിന്. അങ്ങനെ സിഡ്നി ഒരു അമേരിക്കന്‍ പൌരന്‍ ആയാണ് ജനിക്കാനിടയായത്.

ടെലിവിഷനോ റേഡിയോയോ ഇതര സാങ്കേതിക വിനോദോപാധികളോ ഇല്ലാതെ, വൈദ്യുതിയും പൈപ്പു വെള്ളവും ഫ്രിഡ്ജും അന്യമായ, സിനിമ പോലുമില്ലാത്ത സാഹചര്യത്തില്‍ മരം കയറിയും മീന്‍ പിടിച്ചും ചെറുതും വലുതുമായ കൌമാര സാഹസങ്ങളില്‍ രസിച്ചും കഴിഞ്ഞ കുട്ടിക്കാലത്ത് റോമന്‍ കത്തോലിക്കാ ചര്‍ച്ചിലൊക്കെ പോയി വളര്‍ന്ന അനുഭവം പോറ്റിയെര്‍ വിവരിക്കുന്നുണ്ട്. പില്‍ക്കാലം മതവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ചേച്ഛദിച്ച് ഒരു അജ്ഞേയവാദിയായി അദ്ദേഹം സ്വയം വെളിപ്പെടുത്തിയിരുന്നു. അച്ഛനമ്മമാര്‍ പഠിപ്പിച്ച സത്യസന്ധതയുടെയും അര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ജീവിത കാലം മുഴുവന്‍ അദ്ദേഹത്തെ വഴി നടത്തുന്നുമുണ്ട്. അക്കാലത്ത് ഒരിക്കലും  തൊലിയുടെ നിറം ഒരു വിവേചന ചിഹ്നമാണ് എന്ന് ആ ബാലന് ചിന്തിക്കേണ്ടി വന്നിരുന്നില്ല. കാറ്റ് ഐലന്‍ഡിലെ ശാലീനതയില്‍ കണ്ണാടി കണ്ട അനുഭവമില്ലായിരുന്നെന്നു പില്‍ക്കാലം വംശീയാനുഭവത്തിന്റെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നുണ്ട്. പത്താം വയസ്സില്‍ നാസോയില്‍ എത്തുമ്പോള്‍ കുരുത്തംകെട്ട പിള്ളാര്‍ സെറ്റില്‍ പെട്ട് മോഷണക്കുറ്റത്തിന് ജയില്‍ വാസത്തിന്റെ തൊട്ടടുത്തു വരെ കൊച്ചു സിഡ്നി എത്തുന്നുണ്ട്. ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, സിഡ്നിയെ പോലെ ബുദ്ധിമാനായ ഒരു നവയുവവിന് യു. എസ്സില്‍ അവസരങ്ങള്‍ ഏറെയായിരിക്കും എന്ന ധാരണയില്‍ മാതാപിതാക്കള്‍ അമേരിക്കയിലുള്ള സഹോദരന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ അയക്കുന്നതാണ് അദ്ദേഹംത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അവിടെ ഒരു വര്‍ഷത്തിനു ശേഷം സ്വന്തം തീരുമാനത്തില്‍ അവസരങ്ങളുടെ കേന്ദ്രമായ ന്യു യോര്‍ക്കിലേക്ക് സിഡ്നി ചുവടു മാറി. വായിക്കാന്‍ അറിയാത്തത് കൊണ്ട് പാത്രം കഴിക്കുന്ന ജോലിയില്‍ തുടങ്ങുന്ന സിഡ്നി ഒരു ജൂത സുഹൃത്തിന്റെ സഹായത്തോടെ സ്വയം വിദ്യാഭ്യാസം തുടങ്ങി. 1943-ല്‍ പതിനാറുകാരനായ സിഡ്നി നുണ പറഞ്ഞു പട്ടാളത്തില്‍ ചേരുകയും പിന്നീട് ഭ്രാന്ത് അഭിനയിച്ച് സൈന്യത്തില്‍ നിന്ന് വിടുതല്‍ നേടുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ആദ്യത്തെ വിജയിച്ച അഭിനയ പ്രകടനം അതായിരുന്നു എന്ന് പറയാം.

അഭിനയ ജീവിതത്തിലേക്ക്

ന്യു യോര്‍ക്കില്‍ തിരിച്ചെത്തിയ സിഡ്നി, ഹാര്‍ലം കേന്ദ്രമായി പ്രവര്‍ത്തിച്ച അമേരിക്കന്‍ നീഗ്രോ തിയേറ്ററില്‍ ചേര്‍ന്ന് അഭിനയ പഠനം തുടങ്ങുകയും പിന്നീട് നോര്‍ത്ത് അമേരിക്കന്‍ നീഗ്രോ തിയേറ്ററില്‍ എത്തുകയും ചെയ്തു. എന്നാല്‍, ആഫ്രിക്കന്‍ അമേരിക്കന്‍ അഭിനേതാക്കള്‍ പാടുകയും നൃത്തം ചെയ്യുകയും വേണമെന്ന പ്രേക്ഷക പ്രതീക്ഷ അദ്ദേഹത്തെ പ്രതികൂലമായി ബാധിച്ചു. കുടുംബത്തില്‍ നിന്ന് പഠിച്ച ആത്മ ധൈര്യത്തിന്റെയും സത്യസന്ധതയുടെയും പാഠങ്ങള്‍ ഇപ്പോള്‍ സിഡ്നിക്ക് സ്വയം ഒരു പുതിയ തരം കറുത്ത വര്‍ഗ്ഗക്കാരനായ അഭിനേതാവിനെ സ്ഥാപിച്ചെടുക്കുകയെന്ന ദൌത്യത്തിന് തുണയായിത്തീര്‍ന്നു. പാടാനുള്ള കഴിവില്ലാത്തത് സാധാരണ ഗതിയില്‍ വെളുത്ത വര്‍ഗ്ഗക്കാരായ അഭിനേതാക്കള്‍ക്ക് നീക്കിവെക്കുന്ന തരം വേഷങ്ങള്‍ ചെയ്യാന്‍ കഴിയും വിധം തന്റെ ക്രാഫ്റ്റ് മെച്ചപ്പെടുത്താന്‍ അദ്ദേഹത്തെ നിരന്തരം പ്രേരിപ്പിച്ചു. ബ്രോഡ് വെയില്‍ കുറഞ്ഞൊരു കാലം ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും തന്റെ ഇടം അതല്ലെന്ന തിരിച്ചറിവില്‍ അക്കാലത്ത് ഫോക്സ് (20th Century Fox) മേധാവിയായിരുന്ന ഡാരില്‍. എഫ്. സനൂകിന്റെ പ്രേരണയില്‍ അദ്ദേഹം ഹോളിവുഡിലേക്ക് നീങ്ങി. ‘നോ വേ ഔട്ട്‌ (1950) എന്ന പ്രഥമ ചിത്രത്തിന് ശേഷം മുമ്പ് കറുത്ത വര്‍ഗ്ഗക്കാരായ അഭിനേതാക്കള്‍ ചെയ്തിട്ടില്ലാത്ത തരം വേഷങ്ങള്‍ അദ്ദേഹം കൂടുതലായി ചെയ്തു തുടങ്ങി. 1955-ആവുമ്പോഴേക്കും The Blackboard Jungle എന്ന ചിത്രത്തിലെ നായക തുല്യ വേഷത്തില്‍ നിരൂപകരുടെയും പ്രേക്ഷകരുടെയും അംഗീകാരം ഒരുപോലെ നേടിയെടുത്ത അഭിനേതാവായി പോറ്റിയെര്‍ വളര്‍ന്നിരുന്നു. 1958-ല്‍ The Defiant Ones എന്ന ചിത്രത്തിലൂടെ മികച്ച നായക നടനുള്ള ഓസ്കാര്‍ നാമനിര്‍ദ്ദേശം കരസ്ഥമാക്കുന്നതിലൂടെ അത് സാധിക്കുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ താരം എന്ന ചരിത്രത്തിനു അദ്ദേഹം ഉടമയായി. അഞ്ചുവര്‍ഷത്തിനു ശേഷം, 1963-ല്‍ Liles of the Field എന്ന ചിത്രത്തിലൂടെ അതേ പുരസ്കാരം നേടിക്കൊണ്ട് അത് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. 1967-ല്‍ വന്‍ ഹിറ്റുകളായ മൂന്നു ചിത്രങ്ങളില്‍ (Guess Who’s Coming to Dinner, To Sir With Love,  In the Heat of the Night) അഭിനയിച്ചുകൊണ്ടു വെളുത്തവരോ കരുത്തവരോ ആയ എല്ലാ താരങ്ങളിലും വെച്ച് ഏറ്റവും താരമൂല്യമുള്ള അഭിനേതാവായി അദ്ദേഹം സ്വയം തെളിയിച്ചു. ഇവ കൂടാതെ, A Patch of Blue, In the Heat of the Night, A Raisin in the Sun, No Way Out, Edge of the City, Paris Blues, Buck and the Preacher തുടങ്ങിയ ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളും പോയിറ്റിയര്‍ സ്പര്‍ശത്തിന്റെ മികച്ച നീക്കിവെപ്പുകള്‍ ആയി ചലച്ചിത്ര ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.  

ആഫ്രിക്കന്‍ അമേരിക്കന്‍ പ്രതിഭകള്‍ ഹോളിവുഡില്‍ നേരിട്ട വിവേചനത്തിന്റെ  വ്യാപ്തി നിരീക്ഷിക്കാന്‍ ഓസ്കാര്‍ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതിയെന്ന് കാണാം. പ്രതിഭാവിലാസം വേണ്ടുവോളമുള്ള ആഫ്രിക്കന്‍ വംശജരുടെ വന്‍ സാന്നിധ്യം ഹോളിവുഡില്‍ എല്ലാ മേഖലയിലും എല്ലാ കാലത്തും വളരെയേറെ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതില്‍ അക്ഷന്തവ്യമായ അമാന്തമാണ് അക്കാദമി കാണിച്ചത് എന്നത്, അമേരിക്കന്‍ സമൂഹത്തില്‍ നിലനിന്ന വംശീയ മുന്‍വിധികളുടെ പ്രകടമായ തെളിവ് തന്നെയാണ്. എന്നാല്‍ ഈ നിലക്ക് മാറ്റം വരികതന്നെ ചെയ്യുമെന്ന് പോറ്റിയെര്‍ ഉറച്ചു വിശ്വസിച്ചു. കാലം അത് തെളിയിക്കുകയും ചെയ്തു. 

‘ആത്മീയ ആത്മകഥ

“1945-ല്‍ പതിനെട്ടാം വയസ്സില്‍ ആര്‍മിയില്‍ നിന്ന് പുറത്തു പോരുമ്പോള്‍ ഞാന്‍ (പല കാര്യങ്ങളിലും) അജ്ഞനായിരുന്നു, ഉദാഹരണത്തിന്, ഒരു ‘ഡെമോക്രാറ്റ്, ‘റിപ്പബ്ലിക്കന്‍’, ‘പുരോഗമനവാദി’, ‘സോഷ്യലിസ്റ്റ്, ‘കമ്മ്യൂണിസ്റ്റ്, ‘അനാര്‍ക്കിസ്റ്റ്, ‘വടക്കന്‍ ലിബറല്‍, തെക്കന്‍ യാഥാസ്ഥിതികന്‍ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയില്ലായിരുന്നു.” പുസ്തകത്തില്‍ ഒരിടത്ത് പോയിറ്റിയര്‍ ഏറ്റുപറയുന്നതാണ്. എന്നാല്‍, പില്‍ക്കാലവും ആത്മകഥാ പുസ്തകവും ഒരുപോലെ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് നിലപാടുകളുടെ ആര്‍ജ്ജവത്തിന്റെയും ചലച്ചിത്രകാരനും അഭിനേതാവും എന്ന നിലയില്‍ അതിലൂടെ നേടിയെടുത്ത ആദരങ്ങളുടെയും പേരില്‍ ഒരു യഥാര്‍ത്ഥ അമേരിക്കന്‍ ഐക്കണ്‍ എന്ന നിലയിലാണ്. ഈ പരിണാമത്തിലേക്ക് അദ്ദേഹത്തെ നയിച്ചതില്‍ ഹോളിവുഡിന്റെ ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും ധാര്‍മ്മിക പ്രസക്തിയുള്ള തെരഞ്ഞെടുപ്പുകള്‍ക്കും കഠിനാധ്വാനത്തിനുമാണ് മുഖ്യപങ്കുള്ളത്. ആദ്യ ചിത്രങ്ങളില്‍ മികച്ച പ്രതികരണമുണ്ടാക്കിയ Cry, the Beloved Country (1951) എന്ന ക്ലാസിക്കിനു ശേഷം കുറേക്കാലം അവസരങ്ങള്‍ ഒന്നുമില്ലാതെ കഴിയുന്ന കാലത്ത് ഒരു സുഹൃത്തിനോടൊപ്പം ഒരു റെസ്റ്റൊരെന്റ് തുടങ്ങി അതില്‍ ജോലി ചെയ്തു കഴിയുന്നുണ്ട് പോയിറ്റിയര്‍. ഇക്കാലത്ത് ടാലെന്റ് എജന്റ് ആയിരുന്ന മാര്‍ട്ടി ബോം മികച്ചൊരു അവസരവുമായി അദ്ദേഹത്തെ സമീപിക്കുന്നുണ്ട്. റേസിസ്റ്റ് അന്തര്‍ധാരയോ മറ്റെന്തെങ്കിലും പ്രകടമായ പ്രശ്നങ്ങളോ ഇല്ലാത്ത മികച്ച പ്രതിഫല സാധ്യതയുള്ള ആ വേഷം തേടിയെത്തുമ്പോള്‍ സിഡ്നി- ജുവാനിറ്റ ദമ്പതികള്‍ രണ്ടാമത് മകള്‍ ബെവര്‍ലിയുടെ ജനനം അടുത്തെത്തി, പണത്തിനു വലിയ ഞെരുക്കമുള്ള സന്ദര്‍ഭമായിരുന്നു. എങ്കിലും തുറന്നു പറയാന്‍ ഒരു കാരണം പോലുമില്ലാതെ സിഡ്നി ആ വേഷം ചെയ്യാനാവില്ല എന്ന നിലപാടെടുക്കുകയായിരുന്നു. അതിനു കാരണം അദ്ദേഹം പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്: ആ വേഷത്തില്‍ പോസിറ്റീവ് ആയി ഒന്നുമുണ്ടായിരുന്നില്ല. ഒന്നും ചെയ്യുന്നില്ലാത്ത ഒരു കഥാപാത്രം അദ്ദേഹത്തെ ഒട്ടും ആവേശം കൊള്ളിച്ചില്ല. ഈ നിലപാട് ഉടനീളം പുലര്‍ത്തിയതിന്റെ ഫലമായിരുന്നു ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ പ്രസക്തമായ നാല്‍പ്പതിലേറെ ചിത്രങ്ങള്‍ അടങ്ങിയ ആ ചലച്ചിത്ര സപര്യ. അച്ഛനമ്മാര്‍ തന്നെ വളര്‍ത്തിയ രീതിയോടും അവര്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങളോടും കൂറുപുലര്‍ത്തണം എന്ന കാര്യത്തില്‍ ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടില്ല. ജീവിക്കാന്‍ വേണ്ടി ഒരാള്‍ എന്ത് ചെയ്യുന്നു എന്നത് അയാള്‍ ആരാണ് എന്നും എന്താണ് എന്നും പ്രകാശിപ്പിക്കുന്നു എന്നത് അദ്ദേഹത്തിന്റെ നിലപാടാണ്. ആത്മകഥാ പുസ്തകത്തിന് ‘ആത്മീയ ആത്മകഥയെന്ന് ഉപശീര്‍ഷകം നല്‍കിയത് തികച്ചും ചിന്താപൂര്‍ണ്ണമാണ്. “മനുഷ്യ ജീവിതം വളരെയേറെ അപൂര്‍ണ്ണമായ ഒരു വ്യവസ്ഥയാണ്‌, വഴിയിലെല്ലാം അനുബന്ധ അപൂര്‍ണ്ണതകളിലൂടെ മുന്നോട്ടു നീങ്ങുന്ന ഒന്ന്. നമുക്ക് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു കാര്യം അടുത്ത ഒരു എട്ടു ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കകം ഇതെല്ലാം ഒടുങ്ങും എന്നതു മാത്രമാണ്. നമ്മുടെ സൂര്യന്‍ അതിനകം എരിഞ്ഞടങ്ങും, അതോടെ ദിവസം തീരും, തകര്‍ച്ച ഈ സൗരയൂഥത്തിലാകെ പടരുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാറാവും, കാരണം അപ്പോള്‍ എല്ലാം പരിപൂര്‍ണ്ണ ശൂന്യതയിലേക്ക് മടങ്ങും.” ദാര്‍ശനിക മാനങ്ങളുള്ള ഈ ഡിസ്റ്റോപ്പിയന്‍ ദര്‍ശനത്തോടെയാണ് പുസ്തകം അതിന്റെ അവസാനത്തോടടുക്കുന്നത് എന്നത്, നാം പിന്തുടര്‍ന്ന് വന്ന മനസ്സിന്റെ ഉടമക്ക് ജീവിതത്തെ കുറിച്ച് ചെറുതല്ലാത്ത ഉത്കണ്ഠകളുണ്ട് എന്ന് തന്നെയാണ് നമ്മോടു പറയുന്നത്.

തന്റെ ജീവിതവും അഭിനയ സപര്യയും സ്വന്തം ആത്മ പരിശോധനയുടെ കണ്ണാടിയിലൂടെ പോറ്റിയെര്‍ പ്രതിഫലിപ്പിക്കുന്ന പുസ്തകമാണ് മെഷര്‍ ഓഫ് എ മാന്‍. കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം എത്തിപ്പിടിച്ച ഉയരങ്ങളിലേക്കുള്ള പ്രയാണത്തില്‍ നല്‍കേണ്ടി വന്ന വില, നടത്തേണ്ടിവന്ന സമര്‍പ്പണം, അമര്‍ഷങ്ങള്‍, വിട്ടുവീഴ്ച്ചകള്‍,  അഹംബോധ നിഗ്രഹം,  തുടങ്ങിയ സ്തോഭ-വൈകാരിക സമ്മര്‍ദ്ദങ്ങളെല്ലാം പുസ്തകത്തില്‍ ഇടം പിടിക്കുന്നുണ്ട്. പുറം ചട്ട സൂചിപ്പിക്കുന്നത് പോലെ, ഈ പുസ്തകത്തിന്റെ വായന ആദരണീയനായ ഒരു മുതിര്‍ന്ന ബന്ധുവിനോടുള്ള സംഭാഷണത്തിന്റെ അനുഭവം വായനക്കാരന് നല്‍കിയേക്കാം. എന്നാല്‍, ചിലപ്പോഴെങ്കിലും ‘ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത്...’ എന്ന മട്ടിലുള്ള പഴയ കാല സ്തുതിയുടെ സ്വഭാവം നിരീക്ഷണങ്ങള്‍ക്ക് വന്നു ചേരുന്നുണ്ട് എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ടെക്നോളജിയുടെയും ടി. വി. പോലുള്ള വിനോദോപാധികളുടെയും ഇടപെടലില്ലാതെ, മണ്ണും ജലവും പ്രകൃതിയുമറിഞ്ഞു മുതിര്‍ന്നുവന്ന ഒരാള്‍ക്ക് അതെല്ലാം അന്യമായ ഹോളിവുഡ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ അവയോടു ഗൃഹാതുരത്വം അനുഭവപ്പെട്ടുവെങ്കില്‍ അതും ആ മനസ്സിന്റെ നന്മയായേ കാണേണ്ടതുള്ളൂ. യഥാര്‍ത്ഥത്തില്‍ പുസ്തകത്തെ കുറിച്ച് നടത്താവുന്ന കാമ്പുള്ള വിമര്‍ശനം മറ്റൊന്നാണ്: പുസ്തകത്തില്‍ പോറ്റിയെറുടെ ശൈലി അത്രയേറെ വായനാ പ്രചോദകമാണ് എന്ന് പറയാനാവില്ല എന്നതാണ് അത്. പലപ്പോഴും ആശയങ്ങളുടെയും നിരീക്ഷണങ്ങളുടെയും ആവര്‍ത്തനം ഒട്ടൊരു വിരസത തീര്‍ക്കുന്നുമുണ്ട്.   

My Word is My Bond by Roger Moore

റോജര്‍ മൂറിന്റെ ആത്മകഥ



കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ലോക സിനിമയില്‍ ഏറ്റവും തിളക്കമുള്ള പേരുകാരില്‍ ഒരാളായി സ്വയം ഇടം നേടിയ നടനാണ്‌ റോജര്‍ മൂര്‍. ഏറ്റവും മികച്ച അഭിനേതാക്കളുടെ ലിസ്റ്റില്‍ അദ്ദേഹം ഉണ്ടാവുമോ എന്ന കാര്യം തര്‍ക്ക വിഷയമാകാം; എന്നാല്‍ ഏറ്റവും വലിയ വിനോദ ദായകരില്‍ ആദ്യപേരുകാരില്‍ അദ്ദേഹത്തിന്റെ ഇടത്തിന് തര്‍ക്കമുണ്ടാവില്ല. ലണ്ടനിലെ ഒരു സാധാരണ പോലീസുകാരനായ ജോര്‍ജ്ജ് ആല്‍ഫ്രഡ്‌ മൂറിന്റെയും ബ്രിട്ടീഷ് ഇന്ത്യയിലെ കല്‍ക്കത്തയില്‍ ഇംഗ്ലീഷ് കുടുംബാംഗമായി ജനിച്ച അമ്മയുടെയും മകനായി 1927 ഒക്റ്റോബര്‍ പതിനാലിന് ദക്ഷിണ ലണ്ടനിലെ സ്റ്റോക്ക് വെല്ലില്‍ പിറന്ന റോജര്‍ 2017 മേയ് ഇരുപത്തിമൂന്നിന്  തൊണ്ണൂറാം വയസ്സില്‍ മരിക്കുമ്പോള്‍ ഒരു വലിയ ജീവിതത്തിന്റെ ബാക്കിപത്രത്തില്‍ എന്തൊക്കെയുണ്ട് എന്ന് സ്വന്തം വാക്കുകളില്‍ പിന്തലമുറക്കായി കുറിച്ച് വെച്ചതാണ് 'മൈ വേര്‍ഡ്‌ ഈദ് മി ബോണ്ട്‌'. 

ഒരു വ്യക്തിയെ പറ്റി എനിക്ക് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയുകയേ ഇല്ല എന്നതാവും എന്റെ രീതി" എന്ന് തുടക്കത്തിലെ സൂചിപ്പിച്ചു കൊണ്ടാണ് റോജര്‍ മൂര്‍ തന്റെ ആത്മകഥാഖ്യാനത്തിലേക്ക് കടക്കുന്നത്‌. സ്വതേ പ്രസന്ന പ്രകൃതിയും മാന്യനുമായ, കുലീനതയെന്നത് ഒരു വലിയ മൂല്യമായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമായിരുന്ന ഒരാളുടെ കാര്യത്തില്‍ തികച്ചും നൈസര്‍ഗ്ഗികമായ ഒരു നിലപാട് തന്നെയാണത്. തന്നെ കുറിച്ച് വലിയ മതിപ്പൊന്നും ഇല്ലാത്ത മട്ടില്‍ ഒട്ടും താന്‍പോരിമ കലരാത്ത വ്യക്തിത്വമാണ് റോജറിന്റെതെങ്കിലും രസികത്തവും അനായാസമായ കോമിക് വൈഭവവും അദ്ദേഹത്തിന്റെ സഹജ ഭാവമാണെന്നു കാണാം. ഒന്നാം ലോക യുദ്ധം കഴിഞ്ഞു ഒരു ശതകത്തിനുള്ളില്‍ (1927)  ജനിച്ച റോജര്‍, ദക്ഷിണ ലണ്ടനിലെ സ്റ്റോക്ക് വെല്ലിലെ കുട്ടിക്കാലത്തെ കുറിച്ച് സാമാന്യം വിശദമായ സൂചനകള്‍ നല്‍കുന്നുണ്ട്. മൂന്നു തവണയെങ്കിലും ശസ്ത്രക്രിയാ മേശയില്‍ എത്തേണ്ടിവന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നു: ആദ്യം ടോന്‍സിലൈറ്റിസ് സര്‍ജ്ജറിക്ക്, പിന്നീട് മൂത്ര നാളിയില്‍ വിടാതെ പിടികൂടിയ ഫംഗസ് ബാധക്ക് പ്രതിവിധിയായി ചേലാകര്‍മ്മത്തിന്, പിന്നീട് അബദ്ധത്തില്‍ കാല്‍മുട്ടില്‍ തറച്ച എയര്‍ പിസ്റ്റല്‍ പെലെറ്റ് നീക്കം ചെയ്യുന്നതിന്. ഇതൊക്കെ വിവരിക്കുന്നതിനിടയില്‍ തന്നെ കുടുംബം ഒരു കുരങ്ങിനെ ദത്തെടുത്ത കാര്യവും ഒടുവിലതിനെ മേക്കാനാവാതെ ചെസ്സിങ്ങ്ടന്‍ കാഴ്ച്ചബംഗ്ലാവിനു കൈമാറിയതും റോജര്‍ ഓര്‍ക്കുന്നു. ഏകമകന്‍ എന്ന നിലയില്‍ സമ്പന്നമല്ലെങ്കിലും സ്നേഹപൂര്‍ണ്ണമായ കുടുംബാന്തരീക്ഷത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍, ദുരിത ജീവിത സ്മൃതികള്‍ പങ്കുവെക്കുന്ന പതിവ് ഓര്‍മ്മപ്പുസ്തക രീതികളില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് പറയാം.............

 തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/my-word-is-my-bond-by-roger-moore



Thursday, April 24, 2025

Memory In The Age of Amnesia: A personal history of our times by Saeed Akhtar Mirza

 ഓര്‍മ്മകളുടെ ചരിത്രദൗത്യം


(മുതിര്‍ന്ന തലമുറയ്ക്ക് തങ്ങള്‍ മറന്നു തുടങ്ങിയ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലും പുതിയ തലമുറയ്ക്ക് അവര്‍ അറിഞ്ഞിരിക്കേണ്ട ചരിത്ര ഖണ്ഡങ്ങളുടെ സൂചകവുമാണ് സഈദ് അഖ്തര്‍ മിര്‍സയുടെ ‘സ്മൃതിനാശക്കാലത്തെ ഓര്‍മ്മ – നമ്മുടെ കാലത്തിന്റെ ഒരു വൈയക്തിക ചരിത്രം.’)

 

ക്ഷുഭിത യൗവ്വനം, വിശ്രമത്തിന്റെ വാര്‍ദ്ധക്യം എന്ന സമവാക്യം ഏതാണ്ടൊരു വാര്‍പ്പ് മാതൃകയാണ്. എന്നാല്‍, ചരിത്രത്തിന്റെ അസംബന്ധ വൈരുദ്ധ്യങ്ങളിലേക്ക് ഉണര്‍ന്നിരിക്കുന്ന ചേതനയുള്ളവര്‍ക്ക് ആയുസ്സിന്റെ ഋതുഭേദങ്ങള്‍ക്കപ്പുറവും അനീതികളുടെയും അസമത്വങ്ങളുടെയും വീര്‍പ്പുമുട്ടലും പൊള്ളലും അനുഭവപ്പെടുക തന്നെ ചെയ്യും. “എനിക്ക് പ്രായമേറി വരികയാണ്, ഇപ്പോള്‍ ഞാനെന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നെയെപ്പോഴാണ് ഞാനത് ചെയ്യുക?” എന്ന ഒരു എഴുപത്തിയഞ്ചുകാരന്റെ ചോദ്യം, ഈ അര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന കാലത്തോടുള്ള കടം വീട്ടലും നീക്കിവെപ്പും ആയിത്തീരുന്നു. ഓര്‍മ്മപ്പുസ്തകത്തിന്റെ വൈയക്തികതള്‍ക്കപ്പുറം പോകുന്ന ചരിത്രാവലോകനമായും ചരിത്ര പുസ്തകത്തിന്റെ വസ്തുനിഷ്ടത മാത്രമാകാത്ത ആത്മാന്വേഷണമായും ഒരേ സമയം വായനക്കാരെ നേരിടുന്ന പുസ്തകമായി മാറുകയാണ് വിഖ്യാത ചലച്ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനും, ഒപ്പം ഈ പുസ്തകം കൃത്യമായും തെളിയിക്കുന്നത് പോലെ, നല്ലൊരു സാമൂഹ്യ നിരീക്ഷകനുമായ സഈദ് അഖ്തര്‍ മിര്‍സയുടെ ‘സ്മൃതിനാശക്കാലത്തെ ഓര്‍മ്മ – നമ്മുടെ കാലത്തിന്റെ ഒരു വൈയക്തിക ചരിത്രം.’

 

ഏതാനും മാസങ്ങള്‍ക്കുമുമ്പ് (2018) പ്രസിദ്ധീകരിച്ച പുസ്തകമെന്ന നിലയില്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍ വര്‍ത്തമാന കാലം വരെ നീളുന്ന ചരിത്ര ഘട്ടങ്ങളുടെ സംഗ്രഹവും വിശകലനവും ആയിത്തീരുന്നുണ്ട്, ഓര്‍മ്മക്കുറിപ്പുകളും ചെറു ലേഖനങ്ങളും അഭിമുഖ ഭാഗങ്ങളും കഥകളും ചേര്‍ന്ന് സാഹിതീയ ഇനം കൃത്യമായി നിര്‍വ്വചിക്കാനാവാത്ത ഉള്ളടക്കം. സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ടുമുമ്പ്, 1943-ല്‍ ബോംബെയില്‍ ജനിച്ച മിര്‍സ, രാജ്യം കടന്നു പോന്ന കലുഷ കാലങ്ങളുടെ തീക്ഷ്ണത കുഞ്ഞുന്നാള്‍ മുതല്‍ നേരില്‍ കണ്ടതാണ്. ഇന്ത്യ-പാക്‌ വിഭജനം, ബംഗാള്‍ വിഭജനം, വര്‍ഗ്ഗീയ കലാപങ്ങള്‍, ഇന്തോ-പാക്‌, ഇന്തോ-ചൈന യുദ്ധങ്ങള്‍, അടിയന്തരാവസ്ഥ, മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ഉയര്‍ച്ചയും ബാല്‍ താക്കറെയുടെ കീഴില്‍ അപ്രമാദിത്വത്തിലേക്കുള്ള ശിവസേനയുടെ വളര്‍ച്ചയും, മുംബൈ സ്ഫോടന പരമ്പര, ബാബറി മസ്ജിദ് നശീകരണം, എന്‍.ഡി.എ. അധികാരാവരോഹണം, ഗുജറാത്ത് വംശഹത്യ, ഇന്ത്യന്‍ ഫാസിസത്തിന്റെ പുത്തന്‍ അവതാരങ്ങള്‍ തുടങ്ങി ഇന്ത്യാ ചരിത്രത്തിന്റെ ഗതിവിഗതികള്‍ പോയ  നൂറ്റാണ്ടിലും തുടര്‍ന്നും നിര്‍ണ്ണയിച്ച ഘട്ടങ്ങളൊന്നും ഗ്രന്ഥകാരന്റെ ധിഷണയില്‍ മുദ്രപതിപ്പിക്കാതെ പോയിട്ടില്ല. എന്നാല്‍ ഒരു മനുഷ്യനും ഒരു ദ്വീപല്ല എന്നിരിക്കെ, ദേശചരിത്രം ലോക ചരിത്രത്തിന്റെ ഭാഗമാണ്, ദേശജീവിതം വിശാലമായ അര്‍ത്ഥത്തില്‍ ലോകോന്മുഖവും. അതുകൊണ്ട് വിയറ്റ്നാം യുദ്ധവും ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവും അഫ്ഘാനിലെ സോവിയറ്റ് അധിനിവേശവും തുടര്‍ന്ന് ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ നടന്ന അമേരിക്കന്‍ നിയന്ത്രിത അത്യാചാരങ്ങളും, താലിബാന്റെയും ബഹുരൂപിയായ മൌലിക വാദ ശക്തികളുടെയും ഉയര്‍ച്ചയും മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും ഇറാഖ് അധിനിവേശവും സമകാലിക സിറിയന്‍ നെരിപ്പോടിന്റെയും ഐസിസിന്റെയും ഭീകരതയുമെല്ലാം ഏറെ ഹൃദയാലുവായ ഈ എഴുത്തുകാരന്റെ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.

 

ചരിത്ര സംഭവങ്ങളുടെ നാള്‍വഴി വിവരണ രീതിക്ക് പകരം പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക്, മുഖ്യധാരാ/ ഔദ്യോഗിക ഭാഷ്യങ്ങളില്‍ തെളിഞ്ഞു കിട്ടാത്ത ആ ‘മറു പാഠ’ത്തിലേക്ക് നിരന്തരം കടന്നു ചെല്ലുന്ന രീതിയാണ് പുസ്തകത്തിലുള്ളത്. ഇറാഖ് യുദ്ധത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പാശ്ചാത്യ ‘എംബെഡെഡ്’ ജേണലിസ്റ്റുകള്‍ നല്‍കിയ അപസര്‍പ്പക കഥകളില്‍ നിന്നുള്ള ഉദ്ധരണികളല്ല, സഈദ് മിര്‍സയ്ക്ക്. ഗദ്ദാഫിയുടെ ഉന്മൂലനത്തിനു പിന്നില്‍ എകാധിപതിയോടുള്ള ജനാധിപത്യ പ്രതിഷേധത്തിന്റെ പര്യവസാനമെന്ന പാശ്ചാത്യ വാഗ്ധോരണിക്കപ്പുറം ആദിമ ബെര്‍ബര്‍ ഗോത്രജനായ സാമ്രാജ്യത്വ വിരുദ്ധനോടുള്ള അമേരിക്കന്‍ പക മുഖ്യചാലകമായിരുന്നു എന്നും എതിരാളിയെ ആദ്യം ഭീകരനാക്കി ചിത്രീകരിക്കുക, പിന്നീട് ഉന്മൂലനം ചെയ്യുക എന്ന സാമ്രാജ്യത്വ രീതിയുടെ നടത്തിപ്പായിരുന്നു അതെന്നും ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. രണ്ടാം ലോക യുദ്ധത്തിന്റെയും ഹോളോകാസ്റ്റിന്റെയും പശ്ചാത്തലത്തില്‍ യൂറോപ്പ്യന്‍ ശക്തികള്‍ തങ്ങളുടെ കുറ്റബോധം തീര്‍ക്കാനുള്ള ബലിയാടുകള്‍ ആയി പലസ്തീന്‍ പ്രദേശത്തെ കണ്ടെടുത്തതായിരുന്നു ആ ജനതയുടെ ദുരന്തം തുടങ്ങിവെച്ചതെന്നും വിയറ്റ്നാം യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണം പ്രസിഡണ്ട്‌ ഐസന്‍ഹോവറുടെ ഉറക്കം കെടുത്തിയ ഡോമിനോ സിദ്ധാന്തമെന്ന മണ്ടന്‍ കാഴ്ച്ചപ്പാടായിരുന്നു എന്നുമുള്ള നിരീക്ഷണങ്ങളും പുസ്തകം പങ്കിടുന്നു. വിയറ്റ്നാം ജനതയുടെ അന്തിമ വിജയം ലോകമെമ്പാടുമുള്ള ജനകീയ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതിനെ കുറിച്ച് ഏറെ പരാമര്‍ശങ്ങളുണ്ട്: അള്‍ജീറിയ, മണ്ടേലയുടെ സൌത്ത് ആഫ്രിക്ക, പാട്രിസ് ലുമുംബയുടെ കോംഗോ, അങ്കോല, മൊസാംബിക്, കെനിയ, ടാന്‍സാനിയ, നൈജീരിയ, സിംബാബ്‌വേ തുടങ്ങി ആഫ്രിക്കന്‍- ഏഷ്യന്‍- ലാറ്റിന്‍ അമേരിക്കന്‍ ദേശങ്ങളില്‍ എങ്ങും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി.

 

വിയറ്റ്നാം യുദ്ധത്തോട് തീക്ഷണമായി പ്രതികരിക്കുകയും തുടര്‍ന്ന് ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ പട്ടം നഷ്ടപ്പെടുകയും ചെയ്തിട്ടും ജീവിതകാലം മുഴുവന്‍ പോരാളിയായിത്തുടര്‍ന്ന മുഹമ്മദലി, ഇറാഖ് അധിനിവേശക്കാലത്ത് അവിടം സന്ദര്‍ശിച്ച ബുഷ്‌ ജൂനിയറിനെ ‘ഇത് ഇറാഖി ജനതയില്‍ നിന്ന് നിനക്കുള്ള വിടവാങ്ങല്‍ ചുംബനം, നായേ!’ എന്നാക്രോശിച്ചുകൊണ്ട്‌ ഷൂകള്‍ കൊണ്ട് എറിഞ്ഞ മുന്‍തദര്‍ അല്‍ സൈദിയെന്ന ഇറാഖി ജേണലിസ്റ്റ് തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ പോരാളികളെയും പുസ്തകം ഓര്‍മ്മിക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ വീറില്ലാതെ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുന്ന ഹര്‍ഷ് മന്ദര്‍, പി. സായിനാഥ, അരുന്ധതി റോയ്, റാണാ അയ്യൂബ് തുടങ്ങിയവരും ഓരോ അധ്യായങ്ങളില്‍ വിഷയമാകുന്നു. മാസ് ലീഡര്‍ എന്ന പ്രയോഗത്തിന്റെ രണ്ടറ്റങ്ങളായി വിലാപയാത്രയില്‍ നാല് ലക്ഷം പേരുടെ അകമ്പടി ലഭിച്ച, വര്‍ഗ്ഗീയ കലാപങ്ങളുടെ ആചാര്യന്‍ ബാല്‍ താക്കറെയെയും ഡല്‍ഹി ഭരണത്തിന്റെ അധികാര പരിമിതികളും കേന്ദ്രത്തിന്റെ നഗ്നമായ നിസ്സഹകരണവും ചേര്‍ന്ന ശ്വാസം മുട്ടലില്‍ അധികാരം വിട്ടൊഴിഞ്ഞു ജനങ്ങളെ സമീപിക്കുകയും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്ത അരവിന്ദ് കേജ്രിവാളിനെയും അവതരിപ്പിക്കുന്നു. മിത്തുകള്‍ രാഷ്ട്ര ജീവിതത്തിന്റെ ഭാവി നിര്‍ണ്ണയിക്കുകയും വിനാശകരമായി ഇടപെടുകയും ചെയ്യുന്ന വിപര്യയം ഇന്ത്യന്‍ വസ്തുത മാത്രമല്ലെന്ന് പാരീസില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടുന്ന വിവേചനം, അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരം, ജര്‍മ്മനിയെ ഭേദ്യം ചെയ്യുന്ന തിരക്കില്‍ ലോകം വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഇറ്റാലിയന്‍ ഫാസിസത്തിന്റെ നാള്‍വഴികള്‍, ഇസ്രയേല്‍ നിര്‍മ്മിതിക്ക് പിന്നിലെ പുരാണപ്രോക്തമായ വാഗ്ദത്ത ഭൂമി സങ്കല്പം, സോവിയറ്റ് യൂണിയന്‍ തകര്‍ച്ച, ഇസ്ലാമിക ലോകത്തെ സൌദി അറേബ്യന്‍ മേധാവിത്തവും വഹാബി, സലഫി പാരമ്പര്യങ്ങളുടെ ശാക്തീകരണവും തുടങ്ങിയ അനുഭവങ്ങളിലൂടെ ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.

 

ചരിത്രത്തിന്റെ ഭീകര വൈരുധ്യങ്ങള്‍ക്കെതിരെ കവിതയെ സ്ഥാപിക്കുന്ന സഹൃദയത്വത്തിനു പുസ്തകത്തില്‍ ഏറെ മാതൃകകള്‍ ഉണ്ട്. കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ്ഗ തെരുവുകളിലൂടെ യാത്ര ചെയ്യുവേ, വിജനമായ കുഴിമാടങ്ങളുടെ അരികിലേക്ക് വണ്ടി വീണ്ടും തിരിച്ചു വിടുന്നതില്‍ ജിഞാസുവാകുന്ന ഭാര്യ ജെന്നിഫറിനോട് ഗ്രന്ഥകാരന്‍ പ്രതിവചിക്കുന്നു: “ആ കുഴിമാടത്തിനു അവിശ്വസനീയമാം വിധം ഏകാന്തത തോന്നുന്നു.” ഡ്രൈവര്‍ അദ്ദേഹത്തോട് യോജിക്കുന്നു: “അത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിന് സമാധാനം അനുഭവപ്പെടും.” ബോംബെ കലാപ നാളുകളില്‍, സൈക്കിളില്‍ പോകുന്ന പ്രായമേറിയ പാല്‍ക്കാരനെ ആള്‍ക്കൂട്ടം വേട്ടയാടി തല്ലിക്കൊല്ലുന്നതിനു സാക്ഷ്യം വഹിക്കേണ്ടിവന്ന നടുക്കത്തില്‍ അദ്ദേഹം ചിന്തിക്കുന്നു: അവര്‍ക്ക് ലജ്ജ തോന്നിക്കാണില്ലേ? അന്ന് രാത്രി അവര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരിക്കുമോ? ഏതുതരം സ്വപ്നങ്ങളാവും അവര്‍ അന്ന് കണ്ടിരിക്കുക!. കലാപം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തില്‍, തങ്ങളുടെ ക്യാമ്പില്‍ കയ്യേറാന്‍ വന്ന കലാപകാരികളെ കൂട്ടത്തോടെ ചെറുത്തുനിന്നു ഓടിച്ച എല്ലാവിഭാഗത്തിലും പെട്ട മനുഷ്യക്കൂട്ടായ്മയെ പ്രതീക്ഷയുടെ വെട്ടമായി ഗ്രന്ഥകാരന്‍ ഓര്‍മ്മിക്കുന്നു. ‘ശത്രുക്ക’ളെ സംരക്ഷിക്കുന്നവര്‍ എന്ന് കുറ്റപ്പെടുത്തുന്ന കലാപകാരികളോട് അവര്‍ പൊട്ടിത്തെറിക്കുന്നു: ഈ നരകക്കുഴിയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് കഴിയുക.

 

പിറകെ വരുന്ന അധ്യായങ്ങളുടെ പ്രമേയം സൂചിപ്പിക്കുന്ന ചില തലക്കെട്ടുകള്‍/ ഉദ്ധരണികള്‍ കൊണ്ട് തുടങ്ങുന്ന ചെറുഭാഗങ്ങള്‍, അവക്കുള്ളില്‍ ചെറിയ ചെറിയ അദ്ധ്യായങ്ങള്‍ എന്നതാണ് പുസ്തകത്തിന്റെ ഘടന. ‘ആവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യമാകുമോ?” എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഭാഗങ്ങളാണ് ഇറാഖ് – എംബെഡെഡ് ജേണലിസത്തിന്റെ കഥ പറയുക. ‘കോളേജില്‍ നിന്ന് നീയൊരിക്കലും പഠിക്കാന്‍ ഇടയില്ലാത്തത്’ എന്ന ഭാഗം മുംബൈയില്‍ വലതുപക്ഷ രാഷ്ട്രീയ ഡോണ്‍ ആയി വളര്‍ന്നു വന്ന, മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ആചാര്യന്റെ പുറത്തറിയാത്ത കഥകള്‍ ആവിഷ്കരിക്കുന്ന അഭിമുഖമാണ്. മഹത്വത്തിന്റെ പിറവിയെ കുറിച്ചുള്ള ഷേക്സ്പിയര്‍ ഉദ്ധരണിയിലാണ് രണ്ടുതരം ‘ജനനായക’രെകുറിച്ചുള്ള അദ്ധ്യായങ്ങള്‍ തുടങ്ങുന്നത്. മുതിര്‍ന്ന തലമുറയ്ക്ക് തങ്ങള്‍ മറന്നു തുടങ്ങിയ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലും പുതിയ തലമുറയ്ക്ക് അവര്‍ അറിഞ്ഞിരിക്കേണ്ട ചരിത്ര ഖണ്ഡങ്ങളുടെ ചൂണ്ടു പലകയുമായി നിലയുറപ്പിക്കാന്‍ കഴിയും സഈദ് മിര്‍സയുടെ പുസ്തകത്തിന്. ഇന്ത്യന്‍ സമാന്തര സിനിമയുടെ കരുത്തുറ്റ മുഖമായ ചലച്ചിത്രകാരന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയെ കുറിച്ച് കാര്യമായി ഒന്നും പുസ്തകം പറയുന്നില്ല എന്നത് ഒരു പരിമിതിയായി തോന്നിയേക്കാം. അതുപോലെ, പറയപ്പെടെണ്ടിയിരുന്ന ചിലരെയെങ്കിലും ഒഴിവാക്കപ്പെട്ടിട്ടുമുണ്ട് എന്നും തോന്നാം: ഉദാഹരണത്തിന് ഗുജറാത്ത് വംശഹത്യയുടെയും അതുവഴി ഉയര്‍ന്നുവന്നു രാജ്യഭരണം കയ്യാളാന്‍ മാത്രം അപ്രമാദിത്തില്‍ എത്തുകയും ചെയ്ത ‘മുഖം’ (the face) എന്ന് പുസ്തകത്തില്‍ വിവരിക്കപ്പെടുന്ന നരേന്ദ്ര മോഡിയുടെയും വിവരണങ്ങളുള്ള, റാണാ അയ്യൂബിന്റെ ‘ഗുജറാത്ത് ഫയല്‍സ്’ ഏറെ അഭിനന്ദന പൂര്‍വ്വം വിവരിക്കപ്പെടുന്ന പുസ്തകത്തില്‍ ടീസ്റ്റ സെതല്‍വാദ് ഇടം പിടിക്കുന്നില്ല. ഷാര്‍ലി ഹെബ്ദോയെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍, വിയോജിച്ചുകൊണ്ട് തന്നെ താന്‍ അവരുടെ മനുഷ്യാവകാശത്തിനു വേണ്ടി നിലക്കൊള്ളുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ “എന്റെ പേര് അരവിന്ദ് ദേശായ് എന്നോ ആള്‍ബെര്‍ട്ട് പിന്റോ എന്നോ ശിവേന്ദ്ര സിംഗ് എന്നോ ടോണി ബെന്‍ എന്നോ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. എന്നാല്‍, എന്റെ പേര് സഈദ് അഖ്തര്‍ മിര്‍സ  എന്നാണ്, അങ്ങനെ ആയിരിക്കയും ചെയ്യും, എന്നെ ക്രിപ്റ്റോ മുസ്ലിം എന്ന് വിളിക്കുന്ന പലരുമുണ്ടാവും. ചിലര്‍ എന്നെ സലഫിസ്റ്റ് എന്നുപോലും വിളിച്ചേക്കും. എനിക്ക് അത്തരം വിമര്‍ശകരോട് ആകെ പറയാനുള്ളത് ഇത്രേയുള്ളൂ: എളുപ്പം തിരിക്കാവുന്ന ഇനങ്ങളില്‍ പെടാത്ത ഒരു സ്വതന്ത്ര മനുഷ്യനാണ് ഞാന്‍.” പുസ്തകത്തിന്റെ തലക്കെട്ട്‌ ഉള്‍ച്ചേര്‍ക്കുന്ന ദ്വിമുഖ സൂചകം (age of amnesia) അഭിമുഖീകരിക്കുന്ന സ്മൃതിഭ്രംശം വാര്‍ദ്ധക്യത്തിന്റെത് എന്നതിനൊപ്പം ഓര്‍മ്മകള്‍ക്ക് അല്‍പ്പായുസ്സാകുന്ന വിവര/ജ്ഞാനശകല പ്രളയ കാലത്തിന്റെ പ്രകൃതം കൂടിയാണ്.       

Thursday, April 17, 2025

Living to Tell the Tale by Gabriel García Márquez / Edith Grossman


മാര്‍ക്കേസ്: ഓര്‍മ്മകളുടെ പുസ്തകം



ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ ആത്മകഥയെന്നു വിശേഷിപ്പിക്കാവുന്ന പുസ്തകമായ 'കഥ പറയാനായ് ജീവിച്ചിരിക്കുക' (Living to Tell the Tale) എന്ന കൃതിയുടെ സ്പാനിഷ് മൂലം 2002-ല്‍ പുറത്തിറങ്ങി. തൊട്ടടുത്ത വര്‍ഷം എഡിത്ത് ഗ്രോസ്മന്‍ പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് പതിപ്പ് മറ്റേതൊരു മാര്‍ക്കേസ് കൃതിയും പോലെ സഹൃദയ ലോകം ഉടനടി ഏറ്റെടുക്കുകയായിരുന്നു. 1927-ല്‍ അദ്ദേഹം ജനിച്ച വര്‍ഷം മുതല്‍ 1950-ല്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രണയിനി തന്റെ വിവാഹാഭ്യര്‍ഥന അംഗീകരിക്കുന്നത് വരെയുള്ള കാലമാണ്, നമുക്ക് ലഭ്യമായിട്ടുള്ള ഈ ആത്മകഥാ ഈടുവെപ്പില്‍ കാണാനാവുകയെന്ന് സാമാന്യേന പറയാം.

വടക്കന്‍ കൊളംബിയയിലെ അരക്കാറ്റക്കയിലേക്ക് ഒരു പൊള്ളുന്ന വേനല്‍ക്കാലത്താണ് തന്റെ കുട്ടിക്കാലം ചെലവഴിച്ച അമ്മവീട് വില്‍ക്കാനായിഅമ്മയോടൊപ്പം ഇരുപത്തിമൂന്നുകാരനായ മാര്‍ക്കേസ് യാത്ര തിരിക്കുന്നത്. ആ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമാവുക യായിരുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് സ്ത്രീകളാണെന്ന് എപ്പോഴും ഏറ്റുപറഞ്ഞിട്ടുള്ള മാര്‍ക്കേസ് അതില്‍ രണ്ടുപേരെ പ്രഥമസ്ഥാനീയരായി എടുത്തു പറഞ്ഞിട്ടുണ്ട്. ഒന്ന് , 1927 മാര്‍ച്ച് ആറിന് ഒരു ഞായറാഴ്ച തന്നെ പ്രസവിച്ച അമ്മ, ലൂയിസ് സാന്റിയാഗ മാര്‍ക്കേസ്. മറ്റൊന്ന് മേഴ്സിഡിസ് ബാര്‍ച്ച. അവളുടെ പതിമൂന്നാംവയസ്സ് മുതല്‍ ഗബ്രിയേല്‍ അവളെ പിന്‍ തുടര്‍ന്നു, വിവാഹാഭ്യര്‍ത്ഥനയുമായി. തന്റെ അമ്മയെ കുറിച്ചു പറയുന്നിടത്ത് ഓര്‍മ്മപ്പുസ്തക സഞ്ചയത്തിന് വിഭാവനം ചെയ്ത നിമിഷമേതെന്നു മാര്‍ക്കേസ് വ്യക്തമാക്കുന്നുണ്ട്:
അവര്‍.... രോഗാതുരയായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ എപ്പോഴും പനിബാധിതമായ `ഒരു കുട്ടിക്കാലമായിരുന്നു അവരുടേത്. എന്നാല്‍ ഒടുവില്‍ നടത്തിയ ചികിത്സ അവരെ മുഴുവനായും സുഖപ്പെടുത്തി. പൂര്‍ണ്ണ ആരോഗ്യത്തോടെ തൊണ്ണൂറ്റി ഏഴാം ജന്മദിനം ആഘോഷിക്കുമ്പോള്‍ തന്റെ പതിനൊന്നു മക്കളും, ഭര്‍ത്താവിന്റെ വേറെ നാലു മക്കളും 65 പേരമക്കളും 88 മൂന്നാംതലമുറക്കാരും 14 നാലാംതലമുറക്കാരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 2003 ജൂണ്‍ ഒമ്പതിന് വൈകുന്നേരം 08.30 ന് സ്വാഭാവികമരണം സംഭവിക്കുമ്പോള്‍ ഞങ്ങള്‍ അവരുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന കാര്യം ആലോചിക്കുകയായിരുന്നു. അന്നേ ദിവസം ഏതാണ്ട് അതേ സമയത്താണ് ഞാന്‍ എന്റെ ഓര്‍മ്മപ്പുസ്തകത്തിനു കുറിച്ച സമയം.”
എന്നാല്‍, പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ സമയം ഇതായിരുന്നില്ല. ................
തുടര്‍ വായനയ്ക്ക്:

Friday, November 22, 2024

Always Being Born by Mrinal Sen

 

പുനരഭിജനനം – മൃണാള്‍ സെന്നിന്റെ ഓര്‍മ്മപ്പുസ്തകം



    ‘യാദൃശ്ചികമായി ഒരു ചലച്ചിത്രകാരന്‍, ഉള്‍വിളിപ്രകാരം ഒരെഴുത്തുകാരന്‍’ എന്ന് സ്വയം പരിചയപ്പെടുത്തിയ മൃണാള്‍ സെന്‍ തന്റെ സിനിമാതാല്‍പ്പര്യം ഗൌരവത്തോടെ കണ്ടെത്തുന്നത് നാല്‍പ്പതുകളുടെ തുടക്കത്തില്‍ അന്നത്തെ ഇമ്പീരിയല്‍ ലൈബ്രറിയില്‍ (ഇപ്പോള്‍ നാഷണല്‍ ലൈബ്രറി) വെച്ച് റുഡോള്‍ഫ് ആന്‍ഹൈമിന്റെ (Rudolf Arnheim) ‘Film’ എന്ന പുസ്തകം കണ്ണില്‍ പെട്ടത് മുതലാണ്‌. സിനിമയുടെ ദര്‍ശനവും സൌന്ദര്യ ശാസ്ത്രവും സാമൂഹിക രാഷ്ട്രീയ പ്രസക്തിയുമെല്ലാം ആര്‍ത്തിയോടെ അദ്ദേഹം പഠിച്ചു തുടങ്ങുകയായിരുന്നു ആ പുസ്തകത്തിലൂടെ. അക്കാദമികമോ ഗവേഷണ രീതിയിലുള്ളതോ അല്ല തന്റെ സമീപനമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും സിനിമയെ സംബന്ധിച്ച ഗഹന പഠനവും ആര്‍ക്കൈവുകളില്‍ നിരന്തര നിരീക്ഷണങ്ങള്‍ നടത്തുന്ന സ്വാഭാവവും ആ രചനകളെ വ്യതിരിക്തമാക്കുന്നുണ്ട്. ‘തൊട്ടടുത്തുള്ള വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നവന്‍ എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിട്ടുള്ളത് ഭാഗിഗമായി മാത്രം ശരിയോ അഥവാ തെട്ടിദ്ധരിപ്പിക്കുന്നതോ എന്ന് തന്നെ പറയേണ്ടിവരും. തങ്ങളുടെ കാലത്തോടും ചരിത്ര സന്ദര്‍ഭങ്ങളോടും ചലച്ചിത്ര മാധ്യമത്തിലൂടെ നിശിതമായി ഇടപെട്ടുവന്ന ലോക ചലച്ചിത്ര ചരിത്രത്തിലെ മഹാരഥന്മാരുമായി നിരന്തരം നടത്തിപ്പോന്ന സമ്പര്‍ക്കങ്ങളും സ്വന്തം ദേശത്തിന്റെ സ്തോഭജനകമായ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളോട് സജീവമായി പ്രതികരിച്ചു വന്ന സാമൂഹിക ബോധ്യങ്ങളും ചേര്‍ന്ന് മൃണാള്‍ സെന്‍ പ്രതിഭയുടെ നേട്ടങ്ങളെയും നീക്കിവെപ്പിനെയും കാലാതിവര്‍ത്തിയാക്കി മാറ്റുന്നുണ്ട്. ഇന്ത്യന്‍ നവസിനിമയിലെ ‘ഐക്കോണിക് ത്രയ’ത്തിലെ അവസാന അംഗം എന്ന നിലയില്‍ അമ്പതുകളിലും അറുപതുകളിലുമായി തുടക്കം കുറിച്ചെങ്കിലും പുതിയ നൂറ്റാണ്ടിലും ചലച്ചിത്ര സപര്യ തുടരാന്‍ കഴിഞ്ഞ അക്കൂട്ടത്തിലെ ഏക അംഗം മൃണാള്‍ സെന്‍ ആയിരുന്നു – 1955-ല്‍ രാത് ഭൊരെയില്‍ തുടങ്ങിയ ആ ചലച്ചിത്ര ജീവിതം  2002-ല്‍ പുറത്തിറങ്ങിയ അമാര്‍ ഭുവേനില്‍ ആണ് സമാപിക്കുന്നത്. ഏറെയും ‘ജനപ്രിയ പരാജയങ്ങള്‍(popular failures) എന്ന് അദ്ദേഹം തന്നെ വിവരിക്കുന്ന ചിത്രങ്ങള്‍ പക്ഷെ നൈരാശ്യത്തിന്റെ പിറകോട്ടുപോക്കിലേക്കൊന്നും അദ്ദേഹത്തെ എത്തിക്കാതിരുന്നതും എന്നും വിഗ്രഹ ഭജ്ഞക മനസ്സു നിലനിര്‍ത്തിയതിന്റെയും ഫലമായിരുന്നു ഇന്ത്യന്‍ നവസിനിമയുടെ ഈടുവെപ്പുകളായ ഇരുപത്തിയെട്ടു മികച്ച ചിത്രങ്ങളടങ്ങിയ ആ ചലച്ചിത്ര സപര്യ. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ സജീവമായി നിലയുറപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചതിനു പിന്നില്‍ തന്റെ സിനിമയെ മനസ്സിലാക്കുന്ന പ്രേക്ഷകര്‍ നാട്ടിലെന്ന പോലെ എവിടെയും ന്യൂനപക്ഷമാണെന്ന തിരിച്ചറിവും ലോകമെങ്ങുമുള്ള അത്തരം ന്യൂനപക്ഷങ്ങളില്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തോടൊപ്പം സിനിമയെന്ന വന്‍മുടക്കുമുതലിന് നിര്‍മ്മാതാവിന് ആവുന്നത്ര തിരികെ നല്‍കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നെന്ന് മൃണാള്‍ സെന്‍ തുറന്നു പറയുന്നുണ്ട്- പുസ്തകം: Always Being Born – A Memoir- Mrinal Sen

‘കല്‍കത്ത, എന്റെ എല്‍ദോരാദോ

    ഓര്‍മ്മപ്പുസ്തകത്തിന്റെ ജനിതകത്തെ കുറിച്ച് എഡിറ്റര്‍ ജ്യോതി സബര്‍വാള്‍ നല്‍കുന്ന കുറിപ്പില്‍ ആശയം മുന്നോട്ടു വെച്ചപ്പോള്‍ മൃണാള്‍ ദാ പ്രതികരിച്ചതിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്: “ഒരോ മൂന്നു വരികള്‍ക്കിടയിലും ഞാന്‍ സ്വയം ഖണ്ഡിച്ചു പോവുമ്പോള്‍ താങ്കള്‍ പൊറുക്കുമോ?” തുടര്‍ന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്: “ഞാന്‍ വാഗ്ദാനം ചെയ്യാന്‍ ഏറെ ഉദാരനും പാലിക്കാന്‍ വളരെ കുറവുമാണ്.” എന്നാല്‍ ‘പുനരഭിജനനത്തിന്റെ (Always Being Born – A Memoir) മുന്നൂറിലേറെ പുറങ്ങള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന/ എഴുതുന്ന ഒരു നിരുത്തരവാദിയെയല്ല; ആഴവും പരപ്പുമുള്ള വായനയും തികഞ്ഞ സാമൂഹ്യ ബോധവും ലോക സാഹചര്യങ്ങളെ കുറിച്ച് അങ്ങേയറ്റത്തെ സംവേദനത്വവുമുള്ള, പ്രതിബദ്ധനായ കലാകാരനെയും ഫിക് ഷന്റെ സാന്ദ്രതയോടെ ജീവിത സ്മരണകള്‍ അവതരിപ്പിക്കുന്ന എഴുത്തുകാരനെയുമാണ് നമുക്ക് കാണിച്ചു തരുന്നത്. മൃണാള്‍ ദാ എന്നും വിവാദങ്ങളുടെയും ആശയ സംഘട്ടനങ്ങളുടെയും കളിത്തോഴന്‍ ആയിരുന്നു: എന്നാലോ, സ്വയമൊരു ‘പഴഞ്ചന്‍ എന്നു ചിലപ്പോഴൊക്കെ അദ്ദേഹത്തിനു തോന്നുന്നുമുണ്ട്. കല്‍കത്തയെ കൊല്‍കത്തയാക്കിയതും ബോംബെ മുംബൈ ആയതും മദ്രാസും കാലിക്കറ്റും പേര് മാറിയതുമെല്ലാം ‘സംഘബോധ സാധാരണത്വത്തിന്റെ ഏകാധിപത്യം (the tyranny of collective mediocrity) ആയി അദ്ദേഹത്തിനു അനുഭവപ്പെടുന്നു. ഇക്കണക്കിനു ‘ഭാരത്‌ എന്നത് ‘ഹിന്ദുസ്ഥാന്‍ ആയി ഹിന്ദുക്കളുടെ നാടായിത്തീരുമോ എന്ന ഭയമായി പരിവര്‍ത്തിക്കുമ്പോഴാണ് പേരുമാറ്റങ്ങളെ കുറിച്ചുള്ള മൃണാള്‍ ദായുടെ ഭയത്തില്‍ അപശകുന സൂചകമായി ചിലതുണ്ട് എന്ന് വായനക്കാര്‍ക്കും തോന്നുക. കല്‍കത്ത ഒരു തീക്ഷ്ണ വികാരം തന്നെയായി അദ്ദേഹം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും അതും നിരുപാധികമല്ല:

“എന്റെ നഗരത്തെ ഒരു വിശുദ്ധപശുവായിക്കാണുന്ന ഒരാളൊന്നും അല്ല ഞാന്‍, എങ്കിലും അതിനെ എന്റെ എല്‍ദോരാദോ എന്ന് വിളിക്കാന്‍ എനിക്ക് മടിയില്ലെന്ന് സമ്മതിച്ചേ തീരൂ.”

തന്നെ പ്രചോദിപ്പിച്ചതും പ്രകോപിപ്പിച്ചതും ആവേശം കൊള്ളിച്ചതും ഏറെ മൃദുലവും ഒപ്പം കയ്പ്പുറ്റതുമായ വികാരങ്ങള്‍ തന്നിലുണര്‍ത്തിയതും തന്റെ നഗരമാണെന്ന് അദ്ദേഹം വാചാലനാകുന്നു.

“ഇതെന്റെ നഗരമാണ്, എന്നെ വെറുപ്പിക്കുന്നത്‌, ചിരിപ്പുക്കയും കരയിപ്പിക്കുകയും ചെയ്യുന്നത്, എന്നെയിട്ട് ഓടിക്കുന്നത്.”

കല്‍കത്തയെ കുറിച്ച് ദയാരഹിതമായോ അല്‍പ്പ ജ്ഞാനത്തോടെയോ നിലപാടെടുത്ത വമ്പന്മാരെ അദ്ദേഹം ഓര്‍ക്കുന്നു: നിരാദ് സി. ചൌധരി, ലോര്‍ഡ്‌ ക്ലൈവ്, റുഡ്യാഡ് കിപ്ലിംഗ്, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്ന് തൊട്ട് ഗുന്തര്‍ ഗ്രാസും പസോളിനിയും വരെ തന്റെ നഗരത്തിന്റെ വിചിത്ര ഗംഭീര സൗന്ദര്യം കാണുന്നതില്‍ പരാജയപ്പെട്ടു എന്ന് അദ്ദേഹം കരുതുന്നു. ഒരു വശത്ത്‌ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതക്കാനും ഒപ്പം ക്ലാസ്സിക് സിനിമകളെ കുറിച്ച് വാചാലനാകാനും കഴിയുന്ന പോലീസുകാരനെ കണ്ടെത്താന്‍ കഴിയുന്ന ലോകത്തിലെ ഏക നഗരമെന്ന ലൂയി മാലെയുടെ നിരീക്ഷണം ഇതിനെതിരറ്റമായി അദ്ദേഹം ഓര്‍ക്കുന്നു. ഓര്‍മ്മപ്പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം തന്നെ പ്രിയ നഗരത്തെ കുറിച്ചായത് സ്വാഭാവികം.

‘ഞങ്ങള്‍ അഭയാര്‍ഥികളല്ല

തുടര്‍ന്ന് വരുന്ന അധ്യായങ്ങളില്‍ തന്റെ ധൈഷണിക വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട് മൃണാള്‍ സെന്‍. ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂര്‍ എന്ന ചെറു പട്ടണത്തില്‍ ജനിച്ച മൃണാള്‍ സെന്‍ ഏറെക്കുറെ ഒരു തനി നാട്ടുമ്പുറത്തുകാരനായി നാല്‍പ്പതുകളുടെ തീക്കാലത്തില്‍ കല്‍കത്ത നഗരത്തില്‍ എത്തുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്‌ വളരെ വേഗത്തിലായിരുന്നു. ജനകീയ നാടകവേദി (IPTA)യിലേക്ക് അദ്ദേഹം ആകൃഷ്ടനായതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നാടക പ്രസ്ഥാനം ക്ഷയിച്ചു പോയതിനു കാരണം സമാനചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കലയുടെ മണ്ഡലത്തിലേക്കും വ്യാപിച്ചതായിരുന്നു എന്ന് സെന്‍ നിരീക്ഷിക്കുന്നുണ്ട്. അതെന്തായാലും, ബംഗാള്‍ ക്ഷാമം, കല്‍കത്ത കലാപങ്ങള്‍, സ്പെയിനിലെ ഫാഷിസ്റ്റ്‌ വിരുദ്ധ കലാപങ്ങളും ഫാഷിസത്തിന്റെ പതനവും, ഹിരോഷിമ, നാഗസാക്കി, ഇന്ത്യ-പാക് വിഭജനം, തുടങ്ങിയ ചരിത്രത്തിലെ മുറിപ്പാടുകള്‍ അടയാളപ്പെടുത്തുന്ന നാല്‍പ്പതുകളെ ‘നരഭോജി കാലഘട്ടം എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്. പതിറ്റാണ്ടിന്റെ തുടക്കം ടാഗോറിന്റെ മരണത്തോടെ (1941) ആയിരുന്നെങ്കില്‍ ഒടുക്കം ഗാന്ധിവധത്തിന്റെ രൂപത്തിലും നാടിനു വന്‍നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ മൂന്നാമത് ചിത്രമായ ‘ബായിഷേ ശ്രാവന്‍’ ഒരുക്കുമ്പോള്‍ ഈ കാലഘട്ടത്തിന്റെ വേദനകള്‍ അദ്ദേഹം അതില്‍ ഉള്‍കൊള്ളിച്ചു. ജന്മ ഗ്രാമത്തെ കുറിച്ചുള്ള വിവരണങ്ങളില്‍ ഏറ്റവും ഹൃദ്യമായ സ്മരണകള്‍ അയവിറക്കുന്നുണ്ട് സെന്‍. അതിലേറ്റവും പ്രധാനം, ചെറുപ്പത്തില്‍ മരിച്ചുപോയ റീബ എന്ന അനിയത്തിയെ കുറിച്ചുള്ളതാണ്. രാഷ്ട്രീയ കാലുഷ്യങ്ങളുടെ അനിവാര്യതയില്‍ തുരുമ്പു വിലക്ക് എല്ലാം വിറ്റുപെറുക്കി മഹാ നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത ഒരു വാക്കു ചോദിച്ചിരുന്നു പുതിയ താമസക്കാരോട് മൃണാളിന്റെ പിതാവ്. ചെറുസ്മാരകമായി നിലനിര്‍ത്തിയ കുഞ്ഞുമകളുടെ കുഴിമാടം തകര്‍ക്കരുതെന്ന്. പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രസിദ്ധനായ സംവിധായകന്‍ ആയിക്കഴിഞ്ഞു ജന്മഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ തങ്ങളുടെ പഴയ തറവാട് രണ്ടാമതോരാള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നെങ്കിലും അവരും ആ സ്മാരകം ഏറെ പരിഗണനയോടെ സംരക്ഷിച്ചിരുന്നു എന്ന് അദ്ദേഹം കണ്ടെത്തുന്നു. കുടുംബത്തില്‍ അംഗം പോലെ തന്നെയായിരുന്ന, പില്‍ക്കാലം ടാഗോറിന്റെ പോലും സ്നേഹം പിടിച്ചു പറ്റിയ കവിയായിത്തീര്‍ന്ന ജാസിമുദ്ധീന്‍ ‘ദാദ’യെ കുറിച്ചുള്ള സ്നേഹ സ്മൃതികളും ഈ ഭാഗത്തെ ഹൃദ്യമായ വായനാനുഭവമാണ്. കല്‍കത്തയിലെ വീട്ടില്‍ നിത്യ സന്ദര്‍ശകര്‍ ആയിരുന്ന സലീല്‍ ചൌധരി, ഋത്വിക് ഘട്ടക്, തപന്‍ സെന്‍, കലിം സറാഫി, നൃപെന്‍ ഗാംഗുലി തുടങ്ങിയവരടങ്ങിയ സുഹൃദ് വലയത്തോട് പിതാവ് എന്നും ആവശ്യപ്പെട്ടിരുന്നത് തങ്ങളെ ഒരിക്കലും അഭയാര്‍ഥികള്‍ ആയിക്കാണരുത് എന്നായിരുന്നു.

“ഞാനൊരു ഇന്‍സൈഡര്‍ ആണ്, നിങ്ങളില്‍ ഒരാള്‍. ഞാനോ എന്റെ ഭാര്യയോ നിങ്ങള്‍ പയ്യന്മാര്‍ കരുതുന്നത് പോലെ വിഷമിക്കുന്നില്ല. ഇല്ല, ഞങ്ങള്‍ അഭയാര്‍ഥികള്‍ അല്ല.”

മേളകള്‍, സിനിമകള്‍, സമ്പര്‍ക്കങ്ങള്‍

1952 -ല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഇറ്റാലിയന്‍ സിനിമയുടെ ശക്തി തന്റെ തലമുറയെ ബോധ്യപ്പെടുത്തിയതായി മൃണാള്‍ സെന്‍ എഴുതുന്നു. യുദ്ധാന്തര നിയോ റിയലിസത്തിന്റെ പ്രണേതാക്കള്‍ ആയിരുന്ന ഡിസീക്ക, റോസെല്ലിനി, സവറ്റിനി (Cezare Zavattini), തുടങ്ങിയവരുടെ ചിത്രങ്ങള്‍ ‘ലാളിത്യവും സാമ്പത്തിക അച്ചടക്കവും വേര്‍പിരിക്കാനാവാത്ത വിധം പരസ്പരം ബന്ധിതമാണ്. നിയോ റിയലിസത്തിന്റെ ആകത്തുക!” എന്ന് മൃണാള്‍ സെന്നിനെ ബോധ്യപ്പെടുത്തി. തന്റെ ചലച്ചിത്ര സപര്യയിലുടനീളം ഈ പാഠങ്ങള്‍ മൃണാള്‍ സെന്നിനെ വഴിനടത്തിയിട്ടുണ്ട് എന്ന് കാണാം. ഭുവെന്‍ ഷോമിനെ കുറിച്ച് ആദ്ദേഹം വാചാലനാകുന്നത് ഈ പാഠങ്ങള്‍ ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിഞ്ഞതിന്റെ വിജയം തന്നെയായാണ്. രേഖീയമായ ഇതിവൃത്തം, സ്തോഭജനകമായ സംഭവങ്ങള്‍ എന്നിവയേക്കാള്‍ പ്രധാനമായി മാനുഷിക കഥ പറയുക എന്നതില്‍ എപ്പോഴും ഊന്നുന്ന നിലപാട് മൃണാള്‍ സെന്‍ ചിത്രങ്ങളുടെ മുഖമുദ്രയാകുന്നത് ഇവിടെ തുടങ്ങുന്നു. അവലംബിത കഥകളെ തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി പാകപ്പെടുത്തിയെടുക്കുന്നത്തില്‍ എടുക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് ‘മാതിര മനിഷ (1966)’യുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു അദ്ദേഹം പറയുന്നു:

“..ഒരു ചിത്രമെടുക്കുമ്പോള്‍ മൂന്നു കാമിനിമാരെ തൃപ്തിപ്പെടുത്തുക ഞാനെടുക്കുന്ന അവകാശമാണ്- പാഠം (വിഷയം), മാധ്യമം (സിനിമാ ഭാഷ), പിന്നെ എന്റെ സമയവും.”

സമകാലികതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടും ഇതോടു ചേര്‍ത്തു പറയാം. സത്യജിത് റേയുടെ ഏറ്റവും മികച്ച ചിത്രമെന്ന് താന്‍ കരുതുന്ന ‘അപരാജിതോ’യെ കുറിച്ചു പറയുന്നിടത്ത് അദ്ദേഹം എഴുതുന്നു:

“സമകാലികത തീരുമാനിക്കപ്പെടുക കാലഘട്ടം പരിഗണനയിലൂടെയല്ല, മറിച്ചു സമീപനത്തിലൂടെയാണെന്നു ‘അപരാജിതോ’യെ കുറിച്ച് നടത്തിയ പഠനത്തില്‍ എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് 1928-ല്‍ നിര്‍മ്മിച്ച കാള്‍ ഡ്രൈയറുടെ പാഷന്‍ ഓഫ് ജോവാന്‍ ഓഫ് ആര്‍ക്ക് അതിശയകരമാം വിധം സമകാലികമായിരിക്കുന്നത്.”

ഘട്ടക്, റേ -

    ഘട്ടക്കും സത്യജിത് റേയുമായുണ്ടായിരുന്ന ബന്ധങ്ങളും പുസ്തകത്തില്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഘട്ടക് ആത്മസുഹൃത്തും വീട്ടിലെ നിത്യ സന്ദര്‍ശകനും   സഖാവും ആയിരുന്നു മൃണാള്‍ സെന്നിന്. കൂട്ടുകാരന്റെ കുത്തഴിഞ്ഞ ജീവിതവും അനാഥമായ മരണവും ആദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു.

“ചിന്തകളിലും ആശയങ്ങളിലും അദ്ദേഹം ഇപ്പോഴും മഹാമേരുവായ അതേ ഘട്ടക് ആയിരുന്നു, നിയന്ത്രണങ്ങളില്ലാത്ത ഘട്ടക്, ഹൃദയശൂന്യനായ ഘട്ടക്, അച്ചടക്കമില്ലാത്ത ഘട്ടക്, അനനുകരണീയനായ ഘട്ടക്, പിന്നെ, എല്ലാത്തിനുമുപരി, സമാദരണീയനായ ഘട്ടക്.”

സത്യജിത് റേയുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഏറ്റവും ചുരുങ്ങിയതെങ്കിലും ശക്തമായ സൂചനകളിലൂടെ നല്‍കുന്ന മൃണാള്‍ സെന്‍, അതിനുപയോഗിക്കുന്നത് ഒട്ടുമുക്കാലും റേയുടെ തന്നെ വാക്കുകളാണ് എന്നത് ശ്രദ്ധേയമാണ്. ഏറ്റവും ആവേശത്തോടെ മൃണാള്‍ സെന്‍ വിവരിക്കുന്ന ഭുവെന്‍ ഷോമിന്റെ വിജയം ‘ഒരു ന്യൂനപക്ഷ പ്രേക്ഷകരുടെ കണക്കില്‍ ചേര്‍ത്തുകൊണ്ട് റേ നടത്തിയ പരാമര്‍ശം മുഴുവനായും ഉദ്ധരിക്കുന്നുണ്ട് ലേഖകന്‍. എന്നാല്‍, പുസ്തകത്തില്‍ ഒരിടത്തും തന്റെതായി റേയെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ ഇല്ല എന്ന് മാത്രമല്ല, റേ പ്രതിഭയെ എപ്പോഴും ആദരവോടെ ഓര്‍ക്കുന്നുമുണ്ട് മൃണാള്‍ സെന്‍. എന്തായാലും, അന്ത്യ നാളുകളില്‍ റേ വീണ്ടും നടത്തിയ ആ കഥ പറയാനറിയാത്തവന്‍ പരാമര്‍ശത്തെ കുറിച്ചോ, കുലീനമായി അത് അവഗണിച്ച തന്റെ പ്രതികരണത്തെ കുറിച്ചോ പുസ്തകത്തില്‍ പരാമര്‍ശമില്ല.


    ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളില്‍ ജൂറി അംഗവും ചെയര്‍മാനും ക്ഷണിതാവും പുരസ്കാര ജേതാവും ഒക്കെയായി നിരന്തരം നടത്തിവന്ന യാത്രകളും കണ്ടുമുട്ടിയ  ചലച്ചിത്ര പ്രതിഭകളും എഴുത്തുകാരുമായുള്ള സമ്പര്‍ക്കങ്ങളും തന്റെ ഓരോ ചിത്രത്തിനും വേണ്ടി നടത്തിയ പരിശ്രമങ്ങളും രചനകളുമെല്ലാം വിശദമായി ഓര്‍മ്മപ്പുസ്തകത്തില്‍ പ്രദിപാദിക്കുന്നുണ്ട്. ഫിക് ഷന്റെ നാടകീയതയും ചടുലതയും ഭാഷാഭംഗിയും തൊട്ടറിയാവുന്ന ഓര്‍മ്മപ്പുസ്തകത്തില്‍ മികച്ച വായനാ സംസ്കാരമുള്ള ഒരെഴുത്തുകാരനെയും നമുക്കു കണ്ടെത്താനാകും. ആനുഷങ്കികമായി പരാമര്‍ശിക്കുന്ന പുസ്തകങ്ങളുടെ അത്രയൊന്നും സാംഗത്യമില്ലാത്ത അതീവ സംഗ്രഹ ശ്രമത്തില്‍ ചിലപ്പോഴെങ്കിലും പിശകുകള്‍ കടന്നു കൂടുന്നുമുണ്ട്. ഉദാഹരണമായി, ഗ്രേപ്സ് ഓഫ് റാത്തിലെ ‘കോട്ടന്‍ പിക്കിങ്ങി’നെ മുന്തിരി വിളവെടുപ്പായി കുറിക്കുന്നത് ഓര്‍മ്മപ്പിശകോ പുസ്തകത്തിന്റെ തലക്കെട്ട്‌ വരുത്തിയ ആശയക്കുഴപ്പമോ ആകാം.

 

Saturday, September 7, 2024

Romancing with Life by Dev Anand

 

 ദേവ് ആനന്ദ് : ജീവിതത്തിന്റെ നിത്യകാമുകന്‍




ബ്ലാക്ക് & വൈറ്റ് സിനിമയുടെയും ദൂരദര്‍ശന്‍ ചിത്രഹാറിന്റെയും കാലം ഗൃഹാതുരതയോടെ ഓര്‍ത്തുവെക്കുന്നവര്‍ക്ക് മറക്കാനാവാത്ത പേരാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ഷോമാന്‍മാരില്‍ ഒരാളായ ദേവ് ആനന്ദിന്റെത്. നടന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ഹിന്ദി സിനിമയുടെ സുവര്‍ണ്ണ കാലത്തില്‍ നിറഞ്ഞുനിന്ന ധരം ദേവ് പിഷോരിമാല്‍ ആനന്ദ് എന്ന ദേവ് ആനന്ദ് (1923- 2011) അറുപത്തിയഞ്ചു വര്‍ഷക്കാലത്തെ ചലച്ചിത്ര സപര്യയില്‍ 104 ചിത്രങ്ങളിലെ നായക വേഷങ്ങള്‍ ഉള്‍പ്പടെ 114 ചിത്രങ്ങളില്‍ അഭിനയിച്ചു, 35 ചിത്രങ്ങളുടെ നിര്‍മ്മാതാവായി, അവയില്‍ 13 ചിത്രങ്ങളുടെ രചന നടത്തി, 19 ചിത്രങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചു. ലാഹോര്‍ ഗവ: കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ദേവ് ഒരു അക്കൌണ്ടന്റ് ആയി ജോലി നോക്കുകയും സഹോദരന്‍ ചേതന്‍ ആനന്ദിന്റെ നാടക സംഘത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ശേഷമാണ് സിനിമാ മോഹവുമായി ബോംബെയില്‍ എത്തുന്നത്. അമ്പതുകളിലും അറുപതുകളിലും ഹിന്ദി സിനിമയില്‍ നിറഞ്ഞു നിന്ന ദിലീപ് കുമാര്‍- രാജ് കപൂര്‍- ദേവ് ആനന്ദ് ത്രിമൂര്‍ത്തികളില്‍ ദിലീപ് കുമാര്‍ മെത്തേഡ് ആക്റ്റിങ്ങിന്റെ പൂര്‍വ്വസൂരിയായി സ്വയം അടയാളപ്പെടുത്തിയപ്പോള്‍ രാജ് കപൂര്‍, ചാര്‍ളി ചാപ്ലിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു. ദേവ് ആനന്ദ് ആകട്ടെ, തന്റെ പ്രണയഭാജനമായിരുന്ന സുരയ്യയുടെ ഇഷ്ടതാരമായിരുന്ന ഹോളിവുഡ് ഇതിഹാസം ഗ്രിഗറി പെക്കിനെ മാതൃകയാക്കി. പ്രസിദ്ധമായ ആ ഗെറ്റപ്പാണ് അതിസുന്ദരനുമായിരുന്ന ദേവിന്റ റൊമാന്റിക് ഹീറോ പരിവേഷം സമ്പൂര്‍ണ്ണമാക്കിയത്. സിനിമകളുടെയും അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും നിറവില്‍ തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഒഴുകുമ്പോഴും ജീവിതത്തെ ആവേശപൂര്‍വ്വം പ്രണയിച്ച ഒരാളെയാണ് ജീവിത സായാഹ്നത്തില്‍ ദേവ് എഴുതിയ Romancing with Life എന്ന ആത്മകഥയില്‍ നാം കാണുക.

1946 മുതല്‍ തന്റെ മരണം വരെയും സജീവമായി ചലച്ചിത്ര രംഗത്ത് നിലയുറപ്പിച്ചയാള്‍ എന്ന നിലയില്‍ ദേവ് ആനന്ദിന്റെ ജീവിതം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ തന്നെ ചരിത്രമാണ്.  ജന്മസ്ഥലമായ ഗുര്‍ദാസ്പൂരില്‍ നിന്ന്  ബോംബെയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഓര്‍ത്തെടുക്കുന്ന കുടുംബ കഥയും ചുറ്റുപാടുകളും സംബന്ധിച്ച ഏതാനും ഭാഗങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഏറെക്കുറെ കാലാനുഗതികമായിട്ടു തന്നെയാണ് പുസ്തകത്തിലെ ആഖ്യാനം മുന്നോട്ടു പോകുന്നത്. തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പില്‍ക്കാല ചിത്രങ്ങളിലെ പോലെത്തന്നെ ഒരു തികഞ്ഞ സ്വപ്ന ജീവിയായിരിക്കുമ്പോഴും സ്വപ്നത്തില്‍ നിന്നുണരുക അവയുടെ സാഫല്യത്തിന് വേണ്ടിയുള്ള പരിശ്രമത്തിലേക്കായിരിക്കണം എന്ന കാര്യത്തില്‍ ദേവിന് സന്ദേഹമേതും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം എന്നത് തന്നെയും തന്റെ ചിത്രങ്ങളും അവയോടൊപ്പം സഞ്ചരിച്ചവരും, വിശേഷിച്ചും അദ്ദേഹത്തിന്റെ നായികമാര്‍, ആയിരുന്നു നിറഞ്ഞു നിന്നത്. പലപ്പോഴും തന്റെ ചിത്രങ്ങള്‍ക്കിടെയാണ് അദ്ദേഹം അവരെ കണ്ടുമുട്ടിയത്‌. പിന്നീടാവട്ടെ അവര്‍ക്ക് വേണ്ടി അദ്ദേഹം ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്തു. സിനിമയിലും പ്രണയത്തിലും അദ്ദേഹത്തിന്റെ നായികമാര്‍ എന്നും ഇരുപതു കടന്നിട്ടില്ലാത്തവരായിരുന്നു എന്നത് യൌവ്വനവുമായി പ്രണയത്തിലായിരുന്ന ഒരു നായകനായിരുന്നു ദേവ് ആനന്ദ് എക്കാലവും എന്ന് തെളിയിക്കുന്നു. തന്റെ നിത്യഹരിത പ്രതിച്ഛായ എപ്പോഴും നിലനിര്‍ത്തുന്നതിനെ ഭാഗമായാണോ കാലം കടന്നു പോകുന്നത് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത യൌവ്വന തീക്ഷണ മനസ്സിന്റെ പ്രത്യേകതയാണോ അദ്ദേഹം ഒരിക്കലും ആത്മകഥയിലെ ഖണ്ഡങ്ങള്‍ക്ക് വര്‍ഷങ്ങള്‍ എടുത്തുപറയുന്നില്ല; ചിത്രങ്ങളുടെ പേരുകളും സൂചിതമാകുന്ന ദേശീയ സംഭവ വികാസങ്ങളും അത് ഊഹിച്ചെടുക്കുക ഒട്ടും വിഷമകരം അല്ലാതാക്കുന്നുണ്ടെങ്കിലും. അസുഖങ്ങള്‍ എന്തെങ്കിലും ബാധിക്കുമ്പോള്‍ അത് തന്റെ ആരാധകരില്‍ നിന്ന് മറച്ചു വെക്കാനും നായക പരിവേഷം കോട്ടം തട്ടാതെ നിലനിര്‍ത്താനും ശ്രദ്ധിച്ചിരുന്നു അദ്ദേഹം. ആത്മകഥയിലാകട്ടെ, വര്‍ത്തമാനത്തില്‍ ജീവിക്കുകയും തന്നില്‍ തന്നെ മുഗ്ധനായിപ്പോവുകയും ചെയ്ത ഒരാള്‍ എന്ന നിലയില്‍ മറ്റുള്ളവരെല്ലാം ആനുഷംഗിക വിവരണങ്ങളില്‍ വന്നു പോകുന്നവര്‍ മാത്രമാണ്. പരാജയങ്ങളെ അതിവേഗം മറന്നു കളയാനും അടുത്ത സ്വപ്ന പദ്ധതിയിലേക്ക് ഒട്ടും അമാന്തം കൂടാതെ കടന്നു ചെല്ലാനുമുള്ള ദേവ് ആനന്ദിന്റെ ആത്മവിശ്വാസം അപാരമായിരുന്നു. സ്വയം നിര്‍മ്മിച്ച മുപ്പത്തിയഞ്ചു ചിത്രങ്ങളില്‍ പകുതിയോളം മാത്രമാണ് വലിയ വിജയങ്ങളായത് എന്നത് അദ്ദേഹത്തെ ഒരിക്കലും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ല. പണമിടപാടുകളുടെ കണക്കുകള്‍ ഒരിടത്തും വിവരിക്കപ്പെട്ടിട്ടില്ലെങ്കിലും ബന്ധങ്ങള്‍ സ്ഥാപിക്കാനും പ്രൊഫെഷണല്‍ ആയി നിലനിര്‍ത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വരികളിക്കിടയില്‍ വായിച്ചെടുക്കാം. 

ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുമ്പ് മിലിട്ടറി സെന്‍സര്‍ ഓഫീസില്‍ പ്രവര്‍ത്തിച്ച കാലത്ത് സൈനിക ഓഫീസര്‍മാരുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജോലി ചെയ്യ്തത് കാരണം ധാരാളം കാല്‍പ്പനിക ആശയങ്ങള്‍ ദേവ് ആനന്ദിന് കിട്ടിയിട്ടുണ്ട് എന്ന് സൂചനയുണ്ട്. ഉള്ളില്‍ ഒരു കാസനോവയെ എപ്പോഴും കൊണ്ട് നടക്കുമ്പോഴും അടിമുടി മാന്യനും പ്രണയത്തെ ഒരിക്കലും നേരമ്പോക്കായി കാണാത്ത ഹൃദയാലുവുമായിരുന്നു ദേവ് എന്നു സുരയ്യയുമായുണ്ടായിരുന്ന ബന്ധവും അത് സാക്ഷാത്കരിക്കാന്‍ വേണ്ടി അദ്ദേഹം നടത്തിയ സാഹസിക നീക്കങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കടും പിടുത്തക്കാരിയായ വല്യമ്മ വീട്ടു തടങ്കലിലാക്കിയ സുരയ്യയെ ഒളിവില്‍ രക്ഷിച്ചെടുക്കാന്‍ വേണ്ടി നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. അതൊരിക്കലും നടക്കാനിടയില്ലെന്നു തീര്‍ച്ചയായതിനു ശേഷം മാത്രമാണ് കല്‍പ്പനയുമായുള്ള വിവാഹ ജീവിതത്തിലേക്ക് അദ്ദേഹം കടന്നത്‌.  സുരയ്യയാകട്ടെ തുടര്‍ന്ന് സിനിമാജീവിതം അവസാനിപ്പിക്കുകയും പൊതു ഇടങ്ങളില്‍ നിന്ന് തീര്‍ത്തും പിന്‍ വാങ്ങി പിന്നീട് അര നൂറ്റാണ്ടു കാലം ഏകാന്ത ജീവിതം നയിക്കുകയും ചെയ്ത ശേഷമാണ് 2004 -ല്‍ തന്റെ ബോംബെ ഫ്ലാറ്റില്‍ അതെ രീതിയില്‍ എകാകിനിയായി മരിച്ചത്.  മരിക്കുംമുമ്പ് നല്‍കിയ അവസാന അഭിമുഖത്തില്‍ ജീവിതത്തില്‍ എന്നുമുണ്ടായിരുന്ന ഏക ദുഃഖം ദേവ് ആനന്ദിനെ വിവാഹം ചെയ്യാന്‍ കഴിയാതെ പോയതാണ് എന്ന് അവര്‍ ഏറ്റു പറഞ്ഞിരുന്നു എന്നതും ചരിത്രം. ആത്മകഥയില്‍ ഈ ഭാഗം ദേവിന്റെ പതിവ് പോസിറ്റിവ് സമീപനത്തിലേക്ക് എത്തിക്കുന്നത് സഹോദരന്‍ ചേതന്റെ വാക്കുകളാണ്: ഇത് നിനക്ക് മുന്നോട്ടുള്ള യുദ്ധങ്ങളില്‍ ശക്തി പകരും.

കാലാനുഗതികമായാണ് ആഖ്യാനമെങ്കിലും പുസ്തകം അങ്ങനെ വായിക്കണം എന്നില്ല. ഏതു ഭാഗം തുറന്നാലും ദേവ് ആനന്ദിന്റെ വര്‍ണ്ണ ശബളമായ വിവരണവും - ബ്രിട്ടീഷ് ഇന്ത്യയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ച ദേവ് ഭാഷാപ്രയോഗത്തില്‍ വേണ്ടതിലേറെ ആലങ്കാരികതയും വിസ്താര സ്വഭാവവും പുലര്‍ത്തുന്നുണ്ട്- വട്ടമിടുന്ന ആരാധികമാരുടെ പാരവശ്യവും തന്റെ ചിത്രങ്ങളില്‍ ഒളിപ്പിച്ചു വെച്ച വലിയ പ്രമേയങ്ങളെ കുറിച്ചുള്ള നിഷ്കളങ്കമായ പൊങ്ങച്ചങ്ങളും ചേര്‍ന്ന് ആഴം കുറവെങ്കിലും പ്രസന്നമായ വായനയാണ് അനുവാചകന് നല്‍കുക. അവ്വല്‍ നമ്പര്‍ എന്ന ചിത്രത്തിലെ പ്രമേയം രാജീവ്‌ ഗാന്ധി വധത്തിനും ഒരു കൊല്ലം മുമ്പേ എല്‍ ടി ടി ഇ ഭീകരതയെ ദീര്‍ഘ ദര്‍ശനം ചെയ്തിരുന്നു എന്നും അതിലെ ക്രിക്കറ്റ് പ്രമേയം ലഗാനിന്റെ മുന്നോടിയായിരുന്നു എന്നും ദേവ് അവകാശപ്പെടുന്നു. എന്നാല്‍, മറ്റു താര ആത്മകഥകളില്‍ നിന്ന് ഭിന്നമായി ഇവിടെ ഒരു 'ഘോസ്റ്റ് റൈറ്റര്‍ ഇല്ലെന്നു നമുക്ക് ബോധ്യമാവുന്നതും മുഖ്യമായും ഈ ശൈലിയില്‍ നിന്ന് തന്നെയാണ്. ദേവ് ആനന്ദിനെ അറിയാവുന്നവര്‍ക്ക് വളരെ വേഗം തിരിച്ചറിയാവുന്ന പ്രസന്നഭാവവും ഭാഷാ പുഷ്കലതയും പുസ്തകത്തില്‍ എമ്പാടുമുണ്ട്; ഒരു നല്ല എഡിറ്റര്‍ കാര്യമായി കത്തിവേച്ചെക്കാവുന്ന അത്രയും.

“എനിക്ക് അടുപ്പമുള്ളവര്‍, എന്നെയും തിരിച്ചു ഞാനും സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍, എന്നെ ദേവ് എന്ന് വിളിക്കുന്നു, ദേവ് എന്ന് മാത്രം, കുറുക്കി, മധുരമായി, എന്നെ സ്വന്തമാക്കി, ദൈവികവും മാദകവുവുമായി, അങ്ങേയറ്റം ചേര്‍ത്തുപിടിച്ചു, കിടപ്പുമുറിയില്‍, ഡ്രായിംഗ് റൂമില്‍, തെരുവുകളില്‍, പൊതു ചത്വരങ്ങളില്‍.”  

ഇവിടെ എഡിറ്റിംഗ് അപ്രസക്തമാകുക ഒരു കൂടുതല്‍ മികച്ച പുസ്തകത്തിന്റെ പിറവിയില്‍ അല്ല, മറിച്ച് ജീവിതത്തെയും ഭാഷണത്തെയും വാചാലമായി സ്നേഹിച്ച ദേവ് ആനന്ദ് എന്ന സെലിബ്രിറ്റിയുടെ ഏറ്റവും സ്വകാര്യമായ ഹൃദയമെഴുത്ത് എന്നതിലാണ്. കൂടുതല്‍ ചിന്തയും ചികഞ്ഞെടുക്കലും നടത്തിയിരുന്ന തന്റെ ആത്മസുഹൃത്തുക്കള്‍ രാജിനും ദിലീപിനും കിട്ടാതെ പോയ കാസനോവ ഇമേജ് ദേവിന്റെ കൂടെ എന്നും നിലനിന്നതും ഈ ശബള വ്യക്തിത്വവും പ്രകാശന ധാരാളിത്തവും കൊണ്ട് തന്നെയാണ് എന്ന് മനസ്സിലാക്കുമ്പോള്‍ സ്റ്റൈല്‍ തന്നെയാണ് വ്യക്തി എന്ന ആപ്തവാക്യത്തിന്റെ തെളിവ് കൂടിയാകും അത്. ഇതേ വ്യക്തിത്വത്തിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഒരിക്കലും വറ്റാത്ത ശുഭാപ്തിവിശ്വാസം. അഭിനന്ദനങ്ങളുടയും ആരാധാനയുടെയും നൈരന്തര്യം  മാത്രമായിരുന്നോ അദ്ദേഹത്തിന്റെ കരിയറും ജീവിതവും എന്ന് തോന്നിപ്പോകും പുസ്തകത്തിലൂടെയുള്ള ഒറ്റനോട്ടത്തില്‍ ആര്‍ക്കുമെങ്കിലും തന്റെ പരാജയങ്ങളെ കുറിച്ചും, വിശേഷിച്ചും പ്രണയ പരാജയങ്ങള്‍,   അദ്ദേഹം വളരെ ബോധവാനായിരുന്നു എന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ജീവിതത്തിലെ തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവമെന്ന നിലയില്‍ സുരയ്യയുമായുണ്ടായിരുന്ന ഹൃദയബന്ധത്തിന്റെ തകര്‍ച്ച നേരത്തെ സൂചിപ്പിച്ചു. വെറും നേരമ്പോക്കായിരുന്ന സംഭവങ്ങളിലും കുസൃതി നിറഞ്ഞ 'ചതി'വിവരണങ്ങള്‍ പുസ്തകത്തിലുണ്ട്. ടൈംസ് സ്ക്വയറില്‍ കണ്ടുമുട്ടാമെന്നേറ്റ സുന്ദരിയുടെ വാക്കുമാറല്‍ അതിലൊന്നാണ്. താന്‍ വശംവദനായിപ്പോയിരുന്ന സ്വന്തം കണ്ടെത്തല്‍ സീനത്ത് അമന്‍ 'സത്യം ശിവം സുന്ദര'ത്തിന് വേണ്ടി രാജ് കപൂറിന്റെ നിര്‍മ്മാണക്കമ്പനിയിലേക്ക് പോകുമ്പോള്‍ വഞ്ചിക്കപ്പെട്ടതായി ദേവിന് തോന്നുന്നുണ്ട്.

“സംശയത്തിന്റെ ഒരു ലാഞ്ചന എന്റെ മനസ്സിലുണ്ടായി. ഒന്ന് രണ്ടു ദിവസം മുമ്പ്, ചിത്രത്തിലെ മുഖ്യ വേഷത്തിനായി സ്ക്രീന്‍ ടെസ്റ്റ്‌ ചെയ്യുന്നതിന് വേണ്ടി സീനത്ത്, രാജിന്റെ സ്റ്റുഡിയോയില്‍ പോയിരുന്നുവെന്നു ഒരു അഭ്യൂഹം പരക്കുന്നുണ്ടായിരുന്നു. പറഞ്ഞു കേട്ടത് ഇപ്പോള്‍ ശരിയായിത്തീരുകയായിരുന്നു. എന്റെ ഹൃദയം ചോര വാര്‍ന്നു കൊണ്ടിരുന്നു.”

 

പുസ്തകത്തിന്റെ ആദ്യ ഇരുനൂറു പേജുകള്‍ അങ്ങേയറ്റം വായനാ ക്ഷമതയുള്ളതാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സുരയ്യയുമായുള്ള തീവ്രപ്രണയം മുതല്‍ ആത്മസുഹൃത്തും നവകേതന്‍ കൂട്ടാളിയുമായിരുന്ന ഗുരു ദത്തിനോടോപ്പം പൂനെ തെരുവുകളിലൂടെയുള്ള  സൈക്കിള്‍ സവാരികള്‍, ഗീതാ ബാലിക്ക് അപകടം പറ്റാനിടയായ തന്റെ സൂക്ഷ്മതയില്ലാത്ത ഡ്രൈവിംഗിനെ കുറിച്ചുള്ള കുറ്റബോധം, ചേതന്‍ ആനന്ദിനോടൊപ്പം ചേര്‍ന്ന് നവ സിനിമാ സംരഭത്തിലേക്കിറങ്ങുമ്പോള്‍ അനുഭവിച്ച ബാലസഹജമായ ആവേശം, എന്നിവയൊക്കെ സിനിമയുടെയും ജീവിതത്തിന്റെയും നിത്യ കാമുകനായ ഒരാളെ തന്നെയാണ് ആവിഷ്കരിക്കുന്നത്.  സുഹൃത്തും വഴികാട്ടിയും ഗുരുവുമായിരുന്ന ഗുരു ദത്തിനെ പോലെത്തന്നെ, അമ്പതുകളിലെയും അറുപതുകളിലെയും പുത്തന്‍ ഉണര്‍വ്വുകള്‍ക്ക് തികച്ചും യോജിച്ച വ്യക്തിത്വമായിരുന്നു ദേവിന്റെത്. തന്റെ കരിയറിലെ നാഴികക്കല്ലുകള്‍ ആയ ഓരോ ചിത്രങ്ങളും ഓരോ അധ്യാങ്ങളിലായി സവിസ്തരം വിവരിക്കപ്പെടുന്നുണ്ട്. അവയ്ക്ക് വേണ്ടി എന്ത് സാഹസത്തിനും തയ്യാറാകുന്ന സമര്‍പ്പണമനോഭാവം വെറുമൊരു റൊമാന്റിക് ഹീറോ എന്നതില്‍ നിന്ന് ദേവ് ആനന്ദിനെ ഒരു 'പയനിയര്‍' ആക്കുന്നുമുണ്ട്. ഏറെ അഭിമാനത്തോടെ അദ്ദേഹം അവയെ കുറിച്ച് പറയുന്നു.  ഒരു വന്‍ പരാജയമായിരിക്കും എന്ന് എല്ലാവരും പറഞ്ഞിട്ടും ഗൈഡ് എടുത്തതിനെ കുറിച്ചും അത് ഹിന്ദി സിനിമയില്‍ ചരിത്രമയതും വിവരിക്കുന്നു. ദേവ് ആനന്ദിന്റെ കരിയറില്‍ ഏറ്റവും നല്ല നാളുകളായിരുന്നു അവ. തുടര്‍ന്നുണ്ടായ കാലം അപചയത്തിന്റെത് ആയിരുന്നെങ്കിലും അതദ്ദേഹം ഉള്‍ക്കൊണ്ടിരുന്നുവോ എന്ന് ആത്മകഥാ വായന സംശയമുണര്‍ത്തും. സീനത് അമനെ കുറിച്ചും ടീന മുനീമിനെ കുറിച്ചുമൊക്കെ വിവരിക്കുമ്പോള്‍ തന്നിലും തന്റെ കരിയരിലും സംഭവിച്ചു കൊണ്ടിരുന്ന മാറ്റങ്ങള്‍ കാണാന്‍ കൂട്ടാക്കാതെ ആ കാസനോവ ഇമേജില്‍ തുടരുന്ന ദേവിനെയാണ് നാം കാണുക. അറുപതുകളിലെ ഹിപ്പി സംസ്കാരത്തെ ഉപജീവിച്ചു ഹരേ രാമാ ഹരേ കൃഷ്ണ എടുത്തതിനെ കുറിച്ച് പറയുമ്പോഴും ഇതേ ആവേശം കാണാം.  മറുവശത്ത്‌ ഗാംഗ്സ്റ്റര്‍, മേ സോല ഭരാസ് കി പോലുള്ള ഫ്ലോപ്പുകളെ കുറിച്ച് സിനിമയുടെ നിലവാരവും ബോക്സ് ഓഫീസ് വിജയവും തമ്മില്‍ ബന്ധമുണ്ടാവണമെന്നില്ലെന്ന സൌകര്യപൂര്‍ണ്ണമായ ഒഴികഴിവും അദ്ദേഹം പറയുന്നുണ്ട്. ഒരര്‍ഥത്തില്‍, കാര്യങ്ങളുടെ തിളക്കമുള്ള വശം കാണുക എന്ന സ്വഭാവത്തിന്റെ ഭാഗവുമാകാം ഇത്. തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി ലോകസഞ്ചാരി കൂടിയായിത്തീരുന്ന അനുഭവങ്ങളില്‍ വിവരിക്കുന്ന രംഗങ്ങളാണ് പുസ്തകത്തിന്റെ അവസാന ഭാഗങ്ങള്‍ തീര്‍ത്തും വിരസമാകാതെ കൊണ്ട് പോകുന്നത് എന്നും കൂട്ടിച്ചേര്‍ക്കാം. ഒരു ഘട്ടത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ച ദേവ് ആനന്ദ് പുസ്തകം അവസാനിപ്പിക്കുന്നത് 2007-ലെ യു. പി. എ സര്‍ക്കാര്‍ രാജ്യത്തിന്റെ അറുപത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള പുറപ്പാടിലുള്ള ഘട്ടത്തിലാണ്. ഭീകരവാദവും നിരപരാധാരുടെ കൊലയുമൊക്കെ ഉണ്ടെങ്കിലും കണ്ണ് തുറന്നു കാണാന്‍ ഇപ്പോഴും വെള്ളി വെളിച്ചങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് തന്റെ സിനിമകളിലെ ഏറ്റവും മധുരമായ ഒരു ഗാന ശകലത്തോടെ അവസാനിക്കുന്ന പുസ്തകം പറയുന്നത്: ഗാതാ രഹെ മേരാ ദില്‍...!

Romancing with Life തീര്‍ച്ചയായും വായിക്കാന്‍ ഉല്ലാസകരമായ അനുഭവമാണ്. എന്നാല്‍ അതിനപ്പുറം ദേവ് ആനന്ദ് എന്ന മനുഷ്യനെ, ഇതിഹാസത്തെ, നിത്യ കാമുകനെ അടുത്തറിയാന്‍ അത് നിങ്ങളെ സഹായിക്കും.  അദ്ദേഹം താര പദവിയിലേക്കുയര്‍ന്നത്‌,   അദ്ദേഹത്തിന്‍റെ ജീവിതത്തിലെ നാഴികക്കല്ലുകള്‍, ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ ആസക്തി, എല്ലാം ഓരോ വരിയിലും തുടിച്ചു നില്‍പ്പുണ്ട്. എന്നാല്‍ തന്റെ സമകാലീനരായ മറ്റു താരത്തിളക്കങ്ങളെ കുറിച്ച് പറയുന്നതില്‍, വിശേഷിച്ചും സഹതാരങ്ങളെ കുറിച്ച്,  വേണ്ടതില്‍ കൂടുതല്‍ പിശുക്ക് കാണിക്കുന്നതില്‍ വായനക്കാര്‍ക്ക് നിരാശ തോന്നും.  ഉദാഹരണത്തിന് തന്റെ എട്ടു ചിത്രങ്ങളില്‍ നായികയായിരുന്ന ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു മധുബാലയെ കുറിച്ച് ആത്മകഥാ പുസ്തകത്തില്‍ അരപ്പേജു മാത്രമാണ് നിങ്ങള്‍ക്ക് വായിക്കാനാകുക. അതാവട്ടെ കുറെ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് നിങ്ങളെ വല്ലാതെ കൊതിപ്പിക്കുകയും ചെയ്യും.

 (സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക)

 alsoread:

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman