Featured Post

Friday, July 18, 2025

Louise Glück : Three Poems Translation

 

നോബേല്‍ സമ്മാനം നേടിയ കവിയുടെ മൂന്നു കവിതകള്‍ -

മൊഴിമാറ്റം: ഫസല്‍ റഹ്മാന്‍







മുങ്ങി മരിച്ച കുഞ്ഞുങ്ങള്‍

-ലൂയിസ് ഗ്ലക്ക്

നോക്കൂ, വിവേക ചിന്തയില്ലവര്‍ക്ക്.

അതിനാലവര്‍ മുങ്ങിത്താഴ്കയെന്നതും ന്യായം.

ആദ്യമാ മഞ്ഞുപാളികള്‍ ചേര്‍ത്തണക്കുമവരെ

ശൈത്യം മുഴുവനാ കമ്പിളി സ്കാര്‍ഫുകള്‍

പൊങ്ങിനില്‍ക്കും, താഴ്ന്നുപോണോര്‍ക്കു പിമ്പേ,

പിന്നീയെല്ലാം ശാന്തം.

പൊയ്ക,യതിന്നിരുണ്ടതാം ബഹുഭുജങ്ങളില്‍ താങ്ങിയെടുക്കു,മവരെയപ്പോള്‍.

 

എങ്കിലും മൃത്യു വെവ്വേറെയായ് വരേണ,മവരിലേക്ക്,

ആദിയോടത്രക്കടുത്ത്.

അവരെന്നു,മന്ധരും ഭാര

രഹിതരുമെന്ന പോല്‍. ആകയാ-

ലെല്ലാം കനവായ് കണ്ടത്, ചെരാത്, 

മേശവിരിയാം തൂവെള്ള വസ്ത്രം,

അവര്‍ തന്നുടല്‍.

 

എന്നിട്ടുമവര്‍ കേള്‍പ്പൂ പതിവാം പേരുകള്‍

പൊയ്കത്തടത്തില്‍,ത്തെന്നും ചൂണ്ട പോല്‍:

എന്തേ കാത്തുനില്‍പ്പൂ നീ,

വരിക, വരിക, വീട്ടിലേക്ക്, വഴിതെറ്റി

ജലരാശിയില്‍, നീലയാം, നിതാന്തമായ്. 

 

(Descending Figure (1980) എന്ന സമാഹാരം കുഞ്ഞുങ്ങളുടെ മരണം എന്ന പ്രമേയത്തെ സവിശേഷമായി സമീപിക്കുന്നു. ഒരു യുവ മാതാവെന്ന നിലയില്‍ ഇതെഴുതിയ കാലത്ത് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുകയെന്ന ഭയം കവിയെ മഥിച്ചിരുന്നു. “The Drowned Children” എന്ന ഈ കവിതയില്‍ മാതൃത്വത്തിന്റെ സംരക്ഷക വലയമില്ലാത്ത അജ്ഞാതരായ കുഞ്ഞുങ്ങളുടെ മുങ്ങിമരണത്തെ സ്വാഭാവികമായികാണുന്നുണ്ടോ? ഇരുണ്ട, അനുതാപമില്ലാത്ത പൊയ്ക അവരെ അവഗണിക്കുന്ന മാതൃത്വം തന്നെയോ? അതോ, അവസാന വരികളില്‍ സൂചിതമാകും പോലെ, അപ്പോഴും അവര്‍ തിരികെയെത്തുമെന്ന പ്രതീക്ഷയാണോ, മാതൃ സാന്നിധ്യം?)

 

 

  പര്‍വ്വതം

-ലൂയിസ് ഗ്ലക്ക്

എന്‍ പഠിതാക്കള്‍ നോക്കുന്നുവെന്നെ, പ്രതീക്ഷാനിര്‍ഭരം.

വിവരിക്കുന്നു ഞാന്‍, കലാജീവിതമെന്നാല്‍

നിതാന്ത ശ്രമത്തിന്‍ ജീവിതം. ഭാവമാറ്റ

മൊട്ടുമില്ലവരില്‍; അറിയണമവര്‍-

ക്കിത്തിരിക്കൂടിയാ നിതാന്ത ശ്രമത്തെ.

ചൊല്ലുന്നൂ ഞാ,നതിനാല്‍ സിസിഫസിന്‍ കഥ,

എങ്ങനാണയാള്‍ ശപ്തനായീ, യുരുട്ടിക്കയറ്റാ-

നൊരു ശില, മലയിലേക്ക്, നേടില്ലൊന്നുമി-

പ്പണികൊണ്ടെന്നു,മെങ്കിലും

തുടരുമിതു താനെന്നയറിവോടെ,

യതനന്തമായ്. പറയുന്നു ഞാന്‍

ഉണ്ടിതിലാനന്ദം, കലാ ജീവിതത്തില്‍,

അതൊന്നേ പിടിതരില്ലൊരു

വിധികല്‍പ്പനക്കും, മൊഴി തുടര്‍കിലും ഞാന്‍

തള്ളുകയാ,ണൊരു ശില, രഹസ്യമായ്,

ഗോപ്യമായ് തള്ളുന്നു, ചെങ്കുത്താം

മലയിലേക്ക്. എന്തിനെന്റെയീ കള്ള-

മീ കുട്ടികളോട്? കേള്‍ക്കുകയല്ലവര്‍,

വഞ്ചിതരല്ലവര്‍, വിരലാല്‍

താളമിട്ടിരിപ്പാണവര്‍ മരമേശമേല-

തിനാല്‍ ഞാന്‍ ചുരുക്കുന്നൂ

പുരാണം; പറയുന്നൂ ഞാനതു

സംഭവിപ്പതാത്മ ലോകത്തല്ലോ,

കവിയസത്യമല്ലോ പറയുന്ന,തെന്തെന്നാല്‍

അവിടെയാ പര്‍വ്വതാഗ്രത്തില്‍ കണ്ടെത്തും

നേട്ടത്തിലല്ലോ കണ്ണയാള്‍ക്ക,

വിടയാള്‍ക്കുണ്ടനശ്വര വാസ മോഹം,

തന്‍ ഭാരത്താല്‍ മറ്റൊന്നാവു-

മൊരിടം: ഓരോ ശാസ്വവു-

മെത്തിക്കുന്നെന്നെയാ പര്‍വ്വതാഗ്രത്തില്‍.

എന്നിരുകൈകളും സ്വതന്ത്രം. ശിലയോ പെരുക്കുന്നു

മലതന്നുയരത്തെ.

 

(The Triumph of Achilles (1985), എന്ന സമാഹാരത്തില്‍ നിന്നുള്ള കവിതയാണ് The Moutain. പ്രണയം പോലുള്ള ഭാവഗീത വിഷയങ്ങള്‍ സ്വീകരിക്കുമ്പോഴും ബിബ്ലിക്കല്‍, ക്ലാസിക്കല്‍ ബിംബ കല്‍പ്പനയും മിത്തുകളും സ്വീകരിക്കുന്ന രീതി ഈ സമാഹാരത്തിലെ കവിതകളിലൂടെയാണ് കവി തുടങ്ങിവെക്കുന്നത്. ആത്മകഥാംശമുള്ള അനുഭവങ്ങള്‍ക്ക് സാര്‍വ്വ ജനീനത നല്കാന്‍ മിത്തുവല്‍ക്കരണം കവി ഉപയോഗിക്കുകയാണ്. സിസിഫസ് പുരാണത്തിന്റെ ചുവടുപിടിച്ച് ഒരേ സമയം അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിലെ പരസ്പരം മനസ്സിലാക്കലിന്റെ സങ്കീര്‍ണ്ണതകളും എഴുത്തുകാരിയുടെ സര്‍ഗ്ഗസംതൃപ്തിയുടെ അന്വേഷണവും കവി ആവിഷ്കരിക്കുന്നു.)

 

 

 

ഭത്സനം

-ലൂയിസ് ഗ്ലക്ക്

കാമനേ*, നീയെന്നെ ഒറ്റി.

എന്റെ യഥാര്‍ത്ഥ പ്രണയത്തെ

നീയെന്നിലെത്തിച്ചു.

 

ഒരുയര്‍ന്ന കുന്നില്‍ നീ തീര്‍ത്തു

അവന്റെ തെളിഞ്ഞ നോട്ടം;

നിന്റെ അസ്ത്രത്തോളം 

കഠിനമല്ലായിരുന്നെന്‍ ഹൃദയം.

 

 

സ്വപ്നങ്ങളില്ലെങ്കില്‍

എന്തിനുകൊള്ളാമൊരു കവിയെ?

ഞാനുണര്‍ന്നു കിടക്കുന്നു; അറിയുന്നു

ഉടല്‍സാന്നിധ്യമെന്റെ മേല്‍

എന്നെ നിശ്ശബ്ദമാക്കാനുറച്ച്-

പുറത്ത്, കൂരിരുട്ടില്‍

ഒലിവു മരങ്ങള്‍ക്കു മേല്‍

കുറച്ചു നക്ഷത്രങ്ങള്‍.

 

കടുത്തൊരവമതിയായ് തോന്നുന്നു:

എനിക്കിഷ്ടമാണ് നടക്കാന്‍

തോട്ടത്തിലെ ചുറ്റിവളഞ്ഞ വഴിയിലൂടെ

മെര്‍ക്കുറിത്തുള്ളികള്‍

മിന്നിത്തിളങ്ങുമീ നദിയോരത്തു

നടക്കാന്‍. കിടക്കാനിഷ്ടമാണെനിക്ക്

നദിയോരത്തെ നനഞ്ഞ പുല്ലില്‍,

ഓടിപ്പോകാന്‍, കാമനേ, 

ആരും കാണ്‍കേയല്ല, മറ്റാണുങ്ങള്‍ക്കൊപ്പം

ആരും കാണാതെ, അടക്കിപ്പിടിച്ച് –

 

ജീവിതം മുഴുവന്‍ ഞാന്‍

കപട ദൈവങ്ങളെ ധ്യാനിച്ചു.

മറുതീരത്തെ മരങ്ങളെ

നോക്കി നില്‍ക്കുമ്പോള്‍,

എന്റെ ഹൃദയത്തിലെ അസ്ത്രം

അവയിലൊന്നു പോലെയാണ്.

ആടിയുലഞ്ഞും വിറച്ചും.

 

(*ഫ്രോയ്ഡിയന്‍ മനോവിജ്ഞാനീയത്തിലെ അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ ഒന്നായ Eros. ജീവിതോന്മുഖമായ കാമനകള്‍ - പ്രണയം, സര്‍ഗ്ഗാത്മകത, ലൈംഗികത, ആത്മസംതൃപ്തി, തുടങ്ങിയവയെല്ലാം പ്രതിനിധാനം ചെയ്യുന്നു. എറോസിനെ അഭിസംബോധന ചെയ്യുന്ന കവിതയാണ് THE REPROACH. നേടുന്നതിലല്ല, തേടുന്നതിലാണ്; പൂരണത്തിലല്ല, കാമനയിലാണ് സര്‍ഗ്ഗാത്മകത എന്ന വൈരുധ്യം കവിതയില്‍ വായിച്ചെടുക്കാവുന്ന പ്രമേയങ്ങളില്‍ ഒന്നാണ്; ഒപ്പം സുവ്യക്തമായ ഒരു സ്ത്രീ വീക്ഷണവും. The Triumph of Achilles (1985),  എന്ന സമാഹാരത്തില്‍ നിന്നു തന്നെയാണ് ഈ കവിതയും.)

 

 

 

No comments:

Post a Comment