Featured Post

Showing posts with label Lagos Novel. Show all posts
Showing posts with label Lagos Novel. Show all posts

Wednesday, July 23, 2025

Blackass by A. Igoni Barrett

ഗ്രിഗോര്‍ സാംസ തെരുവിലിറങ്ങുന്നില്ല


ആ നിര്‍ണ്ണായകമായ പ്രഭാതത്തില്‍ ഗ്രിഗോര്‍ സാംസയില്‍ (‘മെറ്റമോര്‍ഫോസിസ്’) സംഭവിക്കുന്ന രൂപാന്തരത്തെ കുറിച്ച് വളച്ചുകെട്ടില്ലാതെ ആദ്യ വാചകത്തില്‍ തന്നെ  പറഞ്ഞു വെക്കുമ്പോള്‍ ഫ്രാന്‍സ് കാഫ്ക വായനക്കാരോട് ആവശ്യപ്പെടുന്നത് അറിഞ്ഞു കൊണ്ട് തന്നെ അവിശ്വാസത്തിന്‍റെ വ്യാവഹാരിക യുക്തിബോധം മാറ്റിവെക്കാനാണ് – willing suspension of disbelief. പൊടുന്നനെ സംഭവിക്കുന്ന സ്വത്വ വ്യതിയാനത്തിന്‍റെയും പരിണാമത്തിന്‍റെയും തടവില്‍ നിന്ന് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത വിധം ഗ്രിഗോര്‍ സാംസ മനുഷ്യ കുലത്തിന് അന്യനായിത്തീരുന്നു. ‘ഇനിയെന്ത്?’ എന്ന ഗ്രിഗോര്‍ സാംസയുടെ ചോദ്യം മുന്‍ കുറിപ്പായി രേഖപ്പെടുത്തിയാണ് ഇഗോനി ബെരെറ്റ് എന്ന യുവ നൈജീരിയന്‍ നോവലിസ്റ്റ് മറ്റൊരു ‘രായ്ക്കു രാമാനം’ രൂപാന്തരത്തിന്റെ കഥയായ തന്റെ പ്രഥമ നോവല്‍ ‘Blackass’ (കറുത്ത പൃഷ്ടം) ആരംഭിക്കുന്നത് എന്നത് യാദൃശ്ചികമല്ല. എന്നാല്‍ സാംസയെ പോലെ ജന്തുതയുടെ അതിര്‍വരമ്പുകള്‍ മുറിച്ചു കടന്നു പ്രാണി ജന്മത്തിലേക്കു കൂട് മാറുകയല്ല ഫ്യൂറോ വാരിബോകോ. അയാള്‍ മുറിച്ചു കടക്കുക കറുത്തവന്റെയും വെളുത്തവന്റെയും ഇടയിലെ വര്‍ണ്ണ നിയമങ്ങളുടെ അതിരുകളാണ്. ആദ്യത്തേതിനെ അപേക്ഷിച്ച് ഇത് ഒരടഞ്ഞ അറ്റമല്ലാത്തതു (dead end) കൊണ്ടും സാംസയെ പോലെ മാനവ കുലത്തില്‍ നിന്ന് തന്നെ ബഹിഷ്കൃതനല്ലാത്തത് കൊണ്ടും അയാള്‍ക്ക് മുന്നില്‍ സാധ്യതകള്‍/ പരിമിതികള്‍ വേറെയാണ്. പരിചിത ലോകവുമായി പുനര്‍ സ്വമന്വയത്തിന്റെ (reintegration) സാധ്യതകള്‍ തേടേണ്ടതുണ്ട് അയാള്‍ക്ക്.

 

രൂപാന്തരണമെന്ന സ്വത്വപ്രതിസന്ധി

ലാഗോസിലെ സാധാരണ അഭ്യസ്ത വിദ്യനും തൊഴിലന്വേഷിയുമായ ഫ്യൂറോ വാരിബോകോ എന്ന മുപ്പത്തിമൂന്നുകാരന്റെ നിനച്ചിരിക്കാത്ത രൂപാന്തരണം ഒരു സുപ്രഭാതത്തില്‍ അയാളെ തീര്‍ത്തുമൊരു വെളുത്തവന്‍ ആക്കുന്നതോടെയാണ് ഇതിവൃത്തം വികസിച്ചു തുടങ്ങുന്നത്. “ഇന്ന് പ്രഭാതത്തില്‍ ഫ്യൂറോ വാരിബോകോ ഉണര്‍ന്നത് സ്വപ്നങ്ങള്‍ക്ക് അവയുടെ വഴിതെറ്റാമെന്നും ഒരു ഉറക്കത്തിന്റെ തെറ്റായ വശത്ത്‌ എത്തിച്ചേരാമെന്നുമുള്ള കണ്ടെത്തലിലാണ്.” എന്ന് ആദ്യ വാചകം. നീലക്കണ്ണുകളും നീല ഞരമ്പുകള്‍ പിടച്ചു നില്‍ക്കുന്ന ചോര തൊട്ടെടുക്കാവുന്ന വെള്ളക്കാരന്റെ ഉടലും അയാളെ അങ്കലാപ്പിലാക്കുന്നത് തന്റെ രൂപാന്തരം വീട്ടുകാരില്‍ എന്ത് പ്രതികരണമാനുണ്ടാക്കുക എന്ന ഭയം കൊണ്ട് മാത്രമല്ല; അന്നേ ദിവസം താന്‍ ഏറെ നാളായി കാത്തിരുന്ന ഒരു ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതും ഉണ്ടായള്‍ക്ക് എന്നത് കൊണ്ടുമാണ്. ഏഴാം വയസ്സില്‍ ചിക്കന്‍ പോക്സ് പിടിപെട്ടപ്പോള്‍ കൂട്ടിരുന്ന മമ്മയെ ഇപ്പോള്‍ അയാള്‍ക്ക് ആശ്രയിക്കാനാവില്ല. അന്ന് പുരട്ടിയ കാലമൈന്‍ ലോഷന്‍ കഴുകിക്കളയാമായിരുന്നു. കാന്‍സര്‍ ആയിരുന്നെങ്കില്‍ ലോകത്ത് താന്‍ തനിച്ചല്ല. സ്കിസോഫ്രീനിയ ആണെങ്കില്‍ മനസ്സിന്റെ ‘ഭാന്തമായ മൂടല്‍മഞ്ഞ്’ ഇടയ്ക്കിടെ തെളിയുന്ന വേളയില്‍ ആളെ തിരികെ കിട്ടും. ഇപ്പോള്‍ അറിയാവുന്നവരെയും വേണ്ടപ്പെട്ടവരെയും കാണാതെ വിട്ടുപോവുക എന്നത് മാത്രമാണ് അയാളുടെ മുന്നിലുള്ള വഴി. ഈ തീരുമാനത്തില്‍ വീട്ടുകാരെ കാണാതെ ‘മുങ്ങി’ അയാള്‍ പുറത്തു കടക്കുന്നുണ്ടെങ്കിലും ഈ നിമിഷം മുതല്‍ അയാള്‍ സ്വത്വ പ്രതിസന്ധി അനുഭവിച്ചു തുടങ്ങും. “ആരും ജനനം സ്വയം ആവശ്യപ്പെടുന്നില്ല, കറുത്തവനാവാനോ വെളുത്തവനാവാനോ ഇടയിലേതെങ്കിലും നിറമോ ആവശ്യപ്പെടുന്നില്ല, എന്നിരിക്കിലും ഒരാള്‍ ജനിച്ചുവീഴുന്ന വ്യക്തിത്വം ഈ ലോകത്ത് വിശദീകരിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യമായിരിക്കും.” സിംബാബ്‌വേയെ പോലെ ഒരു ‘സെറ്റ്ലര്‍ കോളനി’ അല്ലാതിരുന്നത് കൊണ്ട് സ്വാതന്ത്ര്യാനന്തരം നൈജീരിയയില്‍  വെളുത്ത വര്‍ഗ്ഗക്കാര്‍ അപൂര്‍വ്വ കാഴ്ചയായിരുന്നു. ലാഗോസ് തെരുവില്‍ ഒരു ‘ഒയീബോ’ (വെള്ളക്കാരന്‍) നടന്നു പോകുന്നത് തൊട്ടു നോക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയാണ്, റിക്ഷ വണ്ടിക്കാര്‍ക്ക്‌ നാലിരട്ടി പിടുങ്ങാനുള്ള കറവപ്പശു, കറുത്തവരുടെ കടലില്‍ ഒരു ഒറ്റയാന്‍. തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ നിസ്സംഗതയും നഗ്നമായ ജിജ്ഞാസക്കെതിരെ അവഗണനയും ആവശ്യമില്ലാത്തിടത്തെക്ക് നോക്കാതിരിക്കലും വേഗം അയാള്‍ പഠിച്ചെടുക്കേണ്ട പാഠങ്ങളാണ്. അയാളുടെ നൈജീരിയന്‍ പേരും ഉച്ഛാരണവും അസാധാരണമായി തോന്നുന്നവരോട് “ഞാന്‍ ഒരു നൈജീരിയക്കാരന്‍ ആണ്” എന്ന് അയാള്‍ക്ക് പറയേണ്ടി വരുന്നു. എന്നാല്‍ രൂപാന്തരണത്തിനു മറ്റൊരു നല്ല വശവും ഉണ്ടെന്നു അയാള്‍ വേഗം കണ്ടെത്തുന്നു. ................

https://www.fazalrahman.com/essays/article/blackass-by-a-igoni-barrett

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 151-158)

To purchase, contact ph.no:  8086126024


Sunday, April 27, 2025

The Joys of Motherhood by Buchi Emecheta

 

പെണ്‍ ജീവിതത്തിന്റെ കുരുക്കുകള്‍




മരിയാമാ ബാ, ബെസ്സി ഹെഡ്റ്റ്സിറ്റ്സി ദംഗരേംബ, അമാ അതാ ഐദൂ, ലോരെറ്റ ങ് കോബോ, നവാല്‍ അല്‍ സഅദാവി തുടങ്ങി  സ്വദേശത്തും പുറത്തുമുള്ള സ്ത്രീജീവിതത്തിന്റെ പരിതോവസ്ഥകളെ കുറിച്ച് തീക്ഷണമായി നിരീക്ഷിക്കുന്ന ആഫ്രിക്കന്‍ എഴുത്തുകാരികളുടെ മുന്‍ പന്തിയിലാണ് ബുചി എമാചേത എന്ന നൈജീരിയന്‍ നോവലിസ്റ്റ്. ഇരുപതിലേറെ നോവലുകളിലായി പാരമ്പര്യവുമായി നിരന്തരം ഏറ്റുമുട്ടുന്ന, അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഒരു സ്ത്രീയും അമ്മയുമൊക്കെ ആയിരിക്കുക എന്നാല്‍ എന്താണെന്ന് അവര്‍ പരിശോധിക്കുന്നു. ചില കൃതികളില്‍ ലണ്ടനില്‍ കഴിയുന്ന പ്രവാസിയെന്ന നിലയിലുള്ള തന്റെ തന്നെ അനുഭവങ്ങള്‍ അവര്‍ വിഷയമാക്കിയപ്പോള്‍, അവയില്‍ ഏറ്റവും ശ്രദ്ധേയമായ ദി ജോയ്സ് ഓഫ് മദര്‍ഹുഡ് എന്ന നോവല്‍ ഉള്‍പ്പടെ മിക്കതും നൈജീരിയന്‍ ജീവിതത്തില്‍ തന്നെയാണ് നിലയുറപ്പിക്കുന്നത്.

ഇതിവൃത്ത സങ്കീര്‍ണ്ണത

കൊളോണിയലിസം, പാരമ്പര്യം, മുതലാളിത്തം തുടങ്ങിയ പ്രമേയങ്ങള്‍ ന്നു ഇഗോ എന്ന കഥാ പാത്രത്തിന്റെയും അവരുടെ കുടുംബത്തിന്റെയും വിധിവിഹിതങ്ങളിലൂടെ നോവല്‍ ആവിഷ്കരിക്കുന്നു. ന്നായിഫെയെ വിവാഹം ചെയ്യും മുമ്പ് അമതോക് വുവുമായുള്ള ദാമ്പത്യം പ്രസവിക്കാത്തതിനെതുടര്‍ന്നും സഹാഭാര്യക്കൊപ്പം കഴിയുന്നതിനിടെ മാതൃത്വത്തിന്റെ തള്ളിച്ചയില്‍ അതിക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നും അലസിപ്പോയ പശ്ചാത്തലമുണ്ടായിരുന്നു ന്നു ഇഗോയ്ക്ക്. യാബായില്‍ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുമ്പോള്‍ ങ്ഗോസിയുടെ വരവോടെ അമ്മയാവുക എന്ന ‘സ്ത്രീത്വ സമ്പൂര്‍ണ്ണത’ കൂടി വന്നു ചേരുന്നുവെങ്കിലുംഒരു പ്രഭാതത്തില്‍ മരിച്ചു കിടക്കുന്ന കുഞ്ഞിനെ കാണുന്നതോടെ തകര്‍ന്നു പോകുന്നതാണ്നോവല്‍ ആരംഭത്തില്‍ നാം കാണുന്ന രീതിയില്‍,  കാര്‍ട്ടര്‍ പാലത്തിനു മുകളില്‍ നിന്ന് സ്വയം അവസാനിപ്പിക്കാനുള്ള ആ ഭ്രാന്തമായ കുതിപ്പിലേക്ക് ന്നു ഇഗോയെ നയിക്കുന്നത്. സാവധാനത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തുന്ന ന്നു ഇഗോയ്ക്ക് വലുതായി വരുന്ന കുടുംബഭാരവും ന്നായിഫെയുടെ ആശ്രയിക്കാനാവാത്ത വരുമാനത്തിലെ ഏറ്റിറക്കങ്ങളും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍തന്റെ സ്വന്തം വരുമാന സ്രോതസ്സു തേടാന്‍ പ്രേരണയാകുന്നുണ്ട്. സഹോദരന്റെ മരണ ശേഷം അയാളുടെ ഭാര്യമാരെ കൂടി അനന്തരാവകാശമായി ലഭിക്കുന്ന ന്നായിഫെഅദാകുവിനെയും മകളെയും ലാഗോസിലേക്ക്‌ കൂട്ടുന്നത്‌ വീണ്ടുമൊരിക്കല്‍ കൂടി സഹാഭാര്യയോടൊത്തുള്ള ജീവിതത്തിലെ പ്രയാസങ്ങളിലേക്ക് ന്നു ഇഗോയെ എത്തിക്കുന്നു. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-joys-of-motherhood-by-buchi-emecheta

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം – ഒന്ന്

ലോഗോസ് ബുക്സ്, പേജ്: 80-90)

To purchase, contact ph.no:  8086126024



Wednesday, April 23, 2025

Americanah by Chimamanda Ngozi Adichie

 

അമേരിക്കാനാഹ് – ഫെമിനിസത്തിന്റെ പക്ഷാന്തരങ്ങളും രാഷ്ട്രാന്തരങ്ങളും 



(നൈജീരിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ചിമമാന്‍ഡാ അദീചിയുടെ Americanah’ എന്ന നോവല്‍ പ്രണയ കഥയുടെ ചട്ടക്കൂട് നിലനിര്‍ത്തുമ്പോഴും ട്രാന്‍സ്നാഷണല്‍ പഠനങ്ങളുടെ കാലത്തെ സ്ത്രീപക്ഷ നിലപാടിലൂന്നി സാമൂഹികസാംസ്കാരിക സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുന്നു)

 

പ്രവാസി എഴുത്തുകാര്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന് രക്ഷാധികാരി ചമയുകയോ രാഷ്ട്രീയ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെത്തന്നെ നിശിതമായ സാമൂഹിക വിമര്‍ശനം സാധ്യമാവുമോ എന്നതാണ്; അഥവാഉന്നതമായ സാഹിത്യ മൂല്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്പഷ്ടമായ സാമൂഹിക നിരീക്ഷണങ്ങള്‍ നടത്തുക എന്നതാണ്. ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ് നൈജീരിയന്‍ അമേരിക്കന്‍ എഴുത്തുകാരി ചിമമാന്‍ഡാ അദീചി. അദീചിയുടെ ഏറെ പ്രശസ്തമായ ആദ്യ നോവലുകള്‍ Purple Hibiscus, Half of a Yellow Sun എന്നിവ നൈജീരിയന്‍ പശ്ചാത്തലത്തില്‍ തന്നെയാണ് കഥകള്‍ പറഞ്ഞതെങ്കില്‍അവരുടെ മൂന്നാമതു നോവല്‍ ‘Americanah’ , മുഖ്യ കഥാപാത്രങ്ങളായ ഇഫെമേലുവിന്റെയും ഒബിന്‍ജെയുടെയും ജന്മദേശമായ നൈജീരിയയുടെയും അമേരിക്കന്‍ബ്രിട്ടീഷ് പ്രവാസത്തിന്റെയും പശ്ചാത്തലങ്ങളില്‍ സാമൂഹികസാംസ്കാരിക സങ്കലനങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുന്നു. കറുപ്പിന്റെ സ്വത്വം നൈജീരിയയിലും അമേരിക്കയിലും ബ്രിട്ടനിലും എങ്ങനെയാവും നിരീക്ഷിക്കപ്പെടുക എന്നു പരിശോധിക്കുന്നതിനോടൊപ്പം സാര്‍വ്വ ജനീനമായ മനുഷ്യാവസ്ഥയെ സംബന്ധിച്ച പതിവു പല്ലവികളെയും സ്വത സിദ്ധമായ കൃത്യതയോടെ പൊളിച്ചടുക്കുന്നുണ്ട് അദീചി തന്റെ നോവലില്‍.

അദീചിയുടെ രചനകള്‍

ആദ്യ നോവല്‍ Purple Hibiscus (2003), തുടര്‍ന്നിറങ്ങിയ Half of a Yellow Sun (2006) എന്നിവയില്‍ രണ്ടിലും പ്രണയം ഒരു മുഖ്യ പ്രമേയമായിരുന്നെങ്കിലും അവ പ്രധാനമായും യുദ്ധത്തെ കുറിച്ചായിരുന്നു. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ Americanah, രണ്ടു പതിറ്റാണ്ടുകളിലൂടെമൂന്നു വന്‍കരകള്‍ പശ്ചാത്തലമാക്കുന്ന ഒരു പ്രണയ കഥയാണ്‌. ഒപ്പം ദേശീയതവംശീയതസാംസ്കാരിക സംഘര്‍ഷങ്ങള്‍സമൂഹത്തില്‍ ഉയരാന്‍ ശ്രമിക്കുന്നവരുടെ അഭിലാഷങ്ങള്‍ഭിന്ന സംസ്കൃതികളോട് ഇഴുകിച്ചേരാനുള്ള സ്വമന്വയ ശ്രമങ്ങളുടെ പ്രശ്നങ്ങള്‍, അധികാര സ്വരൂപങ്ങളുമായുള്ള വിനിമയങ്ങള്‍ തുടങ്ങിയ പോസ്റ്റ്കൊളോണിയല്‍ സാഹിത്യത്തിന്റെ തനതു പ്രമേയങ്ങള്‍ തുല്യ പ്രാധാന്യത്തോടെ നോവല്‍ ആവിഷ്കരിക്കുന്നു. പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിലെ മൂന്നാം തരംഗത്തില്‍ (Third-Wave Postcolonial Fiction) പെടുന്ന നോവലിസ്റ്റ് ആണെങ്കിലും മുന്‍ തലമുറകള്‍ കൈകാര്യം ചെയ്ത വംശീയതഡയസ്പോറ അനുഭവങ്ങള്‍ എന്നിവയൊക്കെ അദീചിയുടെയും പ്രമേയങ്ങളാണ്. ഭിന്ന രൂപങ്ങളില്‍ പ്രതിഫലിക്കുന്ന സാംസ്കാരിക സങ്കലനമായി (hybridity) ഈ സങ്കീര്‍ണ്ണതകള്‍ പ്രകടമാണ്: സ്വദേശീയവും വിദേശീയവുമായ രണ്ടു സംസ്കാരങ്ങള്‍ ഒന്നിനെയും ഉപേക്ഷിക്കാതെ ഇടകലരുന്നു; വെള്ളക്കാരന്റെ വീക്ഷണത്തിലൂടെ നിരീക്ഷിക്കപ്പെടുന്ന കറുത്തവന്റെ ആത്മ പരിശോധന തീര്‍ക്കുന്ന ഇരട്ട ബോധം (‘double-consciusness, this sense of looking at one’s self through the eyes of others’ – W.E.B. Du Bois, The Souls of the Black People (1903)); വെള്ളക്കാരായ യൂറോപ്പുകാര്‍ ഇതര മനുഷ്യരെ ഒന്നുകില്‍ ചെകുത്തന്മാരോ അല്ലെങ്കില്‍ നിഗൂഡത നിറഞ്ഞവരോ അതുമല്ലെങ്കില്‍ അതിനിഷ്കളങ്കരായ പ്രാകൃതാരോ ആയിക്കാണുന്ന അപരവല്‍ക്കരണങ്ങളാണ് ഈ പ്രകട രൂപങ്ങള്‍.............

തുടര്‍ വായനയ്ക്ക്: 

 https://www.fazalrahman.com/essays/article/americanah-by-chimamanda-ngozi-adichie


Tuesday, April 22, 2025

Half of a Yellow Sun by Chimamanda Ngozi Adichie

മഞ്ഞസൂര്യന്‍ എരിഞ്ഞ കാലം



"പട്ടിണി ഒരു നൈജീരിയന്‍ യുദ്ധ ആയുധമായിരുന്നു. പട്ടിണി ബിയാഫ്രയെ തകര്‍ത്ത്, ബിയാഫ്രക്ക് പ്രശസ്തി നേടിക്കൊടുത്തു, നിലനിന്നിടത്തോളം കാലം ബിയാഫ്രയെ നിലനിര്‍ത്തി. പട്ടിണി ലാഗോസിലും ലണ്ടനിലും മോസ്ക്കൊയിലും ചെക്കൊസ്ലോവാക്യയിലും (അതിലേക്കു) ജനശ്രദ്ധ കൊണ്ടുവരികയും പ്രകടനങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സാംബിയായെയും ടാന്‍സാനിയായെയും ഐവറി കോസ്റ്റിനെയും ഗാബോണിനെയും കൊണ്ട് ബിയാഫ്രായെ അംഗീകരിപ്പിച്ചു, പട്ടിണി ആഫ്രിക്കയെ നിക്സന്റെ അമേരിക്കന്‍ ക്യാമ്പെയ്നിലെക്ക് കൊണ്ടുവരികയും ലോകമെങ്ങുമുള്ള മാതാപിതാക്കളെ കൊണ്ട് അവരുടെ കുട്ടികളോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സന്നദ്ധ സംഘടനകളെ കൊണ്ട് ഇരുട്ടിന്റെ മറപറ്റി വായുമാര്‍ഗ്ഗം ബിയാഫ്രായിലേക്ക് ഭക്ഷണം ഒളിച്ചു കടത്താന്‍ പ്രേരിപ്പിച്ചു, കാരണം ഇരുവശങ്ങള്‍ക്കും യാത്രാമാര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല. പട്ടിണി ഫോട്ടോ ഗ്രാഫര്‍മാരുടെ തൊഴിലിനെ സഹായിച്ചു. പട്ടിണി അന്താരാഷ്‌ട്ര റെഡ് ക്രോസിനെ കൊണ്ട് ബിയാഫ്രായെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ സന്നിഗ്ധാവസ്ഥ എന്ന് വിളിപ്പിച്ചു.”
(ഹാഫ് ഓഫ് എ യെല്ലോ സണ്‍ : അധ്യായം - 21)




കര്‍ക്കശമായ കത്തോലിക്കാ വിശ്വാസിയായ മതഭ്രാന്തനും സാഡിസ്റ്റ് പ്രവണതകളുള്ള കുടുംബനാധനുമായ പിതാവിന്റെ നിഴലില്‍ നിന്ന് ജീവിതത്തിന്‍റെ തുറസ്സുകളിലേക്ക് യാതനാപൂര്‍വ്വം മുതിരാന്‍ തുടങ്ങുന്ന കൂടപ്പിറപ്പുകളുടെയും ഗാര്‍ഹസ്ഥ്യത്തിന്റെ അച്ചടക്കത്തില്‍ എല്ലാം നിശ്ശബ്ദം സഹിക്കുകയും ഒടുവിലൊരു ദുര്‍ബ്ബല നിമിഷത്തില്‍ പൊട്ടിത്തെറിക്കുകയും അതിനു വിലയായി ഉന്മാദത്തിന്റെ കാണാക്കയങ്ങളില്‍ സ്വയം മുങ്ങിത്താഴുകയും ചെയ്യുന്ന ഒരമ്മയുടെയും, ജീവിതം എല്ലാ ദുരിതപര്‍വ്വങ്ങള്‍ക്കിടയിലും ജീവിച്ചു വിജയിക്കാനുള്ളതാണ് എന്ന് അവരെ പഠിപ്പിക്കുന്ന അടുത്ത ബന്ധുക്കളായ മറ്റൊരു കുടുംബത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥ, നാടിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പരിതോവസ്ഥകളുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന പര്‍പ്പിള്‍ ഹൈബിസ്ക്കസ് എന്ന പ്രഥമ കൃതിയിലൂടെ സാഹിത്യലോകത്തേക്ക് തന്റെ വരവ് മുഴക്കത്തോടെ അറിയിച്ചു കൊണ്ടാണ് ചിമമാന്‍ഡാ എന്‍ഗോസി അദീചി എന്ന യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി 2003-ല്‍ രംഗപ്രവേശനം ചെയ്തത്. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുതു തലമുറ ആഫ്രിക്കന്‍ പ്രവാസി എഴുത്തുകാരുടെ സംഭാവനകളില്‍ , അന്താരാഷ്ട്രതലത്തില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള മൂന്നു നോവലുകള്‍ ഉള്‍പ്പടെ അദീചിയുടെ കൃതികള്‍ ഏറെ ശ്രദ്ധേയമായ മുതല്‍ക്കൂട്ടാണ്. അദീചിയുടെ രണ്ടാമത് നോവലാണ്‌ 2007-ല്‍ പുറത്തിറങ്ങിയ ഹാഫ് ഓഫ് അ യെല്ലോ സണ്‍ . 'ചോരച്ചെമ്പരത്തി'യിലെ പോലെത്തന്നെ, വികാര സാന്ദ്രവും തീക്ഷ്ണവുമായ വൈയക്തിക/കുടുംബ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോഴും ചരിത്രവും നാടും സജീവ സാന്നിധ്യമാണ് 'മഞ്ഞ സൂര്യന്റെ പാതി'യിലും.


ദാരുണ ചരിത്രത്തിന്റെ ശ്രാദ്ധം

നൈജീരിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ തൊട്ടുമുമ്പും യുദ്ധകാലത്തുമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. 'അറുപതുകളുടെ ആദ്യകാലം', 'അറുപതുകളുടെ അവസാന കാലം' എന്നിങ്ങനെ ഈരണ്ടു തവണ ഇടവിട്ട്‌ നോവലിന്റെ കാലഗണന അവതരിപ്പിക്കുന്നു. അറുപത്തി ഏഴ് ജൂലായില്‍ തുടങ്ങി 1970 ജനുവരി മധ്യം വരെ നീണ്ടു നിന്ന ബിയാഫ്രന്‍ സംഘര്‍ഷം സ്വതന്ത്ര നൈജീരിയ കണ്ട ഏറ്റവും രക്തരൂക്ഷിതമായ അനുഭവമായിരുന്നു. ..............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 135-143)

To purchase, contact ph.no:  8086126024


Sunday, March 30, 2025

by Sarah Ladipo Manyika

 ഓര്‍മ്മപ്പെയ്ത്തിലെ ജീവിതം.

നൈജീരിയയില്‍ ജനനം, കെനിയ, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി വളര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ താമസം – യൂണിവേഴ്സിറ്റി സാഹിത്യാധ്യപികയും എഴുത്തുകാരിയുമായ സാറ ലദീപോ മാന്‍യികയുടെ കൃതികളില്‍ സംസ്കാരാന്തരങ്ങളും ദേശാന്തരങ്ങളും കടന്നു വരുന്നതിനു ഈ വൈയക്തിക ഭൂമിശാസ്ത്രത്തിനും പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു (1). In Dependence (2008) എന്ന പ്രഥമ നോവല്‍, സ്കോളര്‍ഷിപ്പോടു കൂടി ഇംഗ്ലണ്ടില്‍ ഓക്സ്ഫോര്‍ഡില്‍ ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്ന തായോ അജായിയെന്ന നൈജീരിയന്‍ യുവാവിനെ പിന്തുടരുന്നു. ‘പ്രതി സംസ്കാര മുന്നേറ്റങ്ങള്‍’ (COUNTERCULTURE MOVEMENT) (2) ശക്തമായ അറുപതുകളുടെ പ്രചണ്ഡമായ ആദര്‍ശ പ്രോചോദിത യുവതയുടെ തലമുറയില്‍ സ്വയം കണ്ടെത്തുന്ന തായോ, ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ കാണുന്നുണ്ട്: ജന്മദേശം സ്വാതന്ത്ര്യം നേടുന്നു, അമേരിക്കന്‍ പൌരാവകാശ പ്രസ്ഥാനം, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ലൈംഗിക സ്വത്വ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയും കുതിപ്പ് – ഈ ഊര്‍ജ്ജസ്വലമായ കാലത്താണ് അയാള്‍ ഒരു മുന്‍ കൊളോണിയല്‍ ഉദ്യോഗസ്ഥന്റെ മകളായ വനേസ്സ റിച്ചാര്‍ഡ്സണ്‍ എന്ന സുന്ദരിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. നൈജീരിയന്‍ ചരിത്രവും രണ്ടു സംസ്കാരങ്ങളും വംശീയതകളും കൂടിക്കലരുന്ന അന്തരീക്ഷവും പ്രണയ ജീവിതത്തെ കലുഷമാക്കുന്ന ഘടകങ്ങളാണ്. “മൂന്നു വന്‍കരകളും കലുഷമായ നാല് ദശകങ്ങളും കടന്ന് പരസ്പരം കണ്ടെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന രണ്ടുപേരുടെ കഥയാണത് – തീക്ഷ്ണ വികാരങ്ങളുടെയും ആദര്‍ശപരതയുടെയും കഥ, ധീരതയുടെയും ഒറ്റിന്റെയും, ഭ്രാന്തമായി തീവ്രമായി പ്രണയത്തില്‍ അകപ്പെടാനുള്ള സാര്‍വ്വത്രിക ത്വരയുടെ” എന്ന് പുസ്തകത്തിന്റെ (In Dependence) പുറംചട്ട (blurb) വിവരിക്കുന്നു. മാന്‍യികയുടെ അതിസുന്ദരമായി പേരുനല്‍കപ്പെട്ട രണ്ടാമത് കൃതി Like a Mule Bringing Ice Cream to the Sun എന്ന നോവെല്ലയെ, ഒരര്‍ത്ഥത്തില്‍ ആദ്യ നോവലിന്റെ തുടര്‍ച്ചയായി കാണാമെന്നും തായോ, തെരുവില്‍ വെച്ചു പില്‍ക്കാല കൃതിയിലെ മുഖ്യ കഥാപാത്രമായ മൊറായോയിലേക്ക് ഓടിക്കയറിയാല്‍ അത് വളരെ സ്വാഭാവികമായിരിക്കുമെന്നുമുള്ള മുന്‍ സൂചനയിലെ അഭിമുഖകാരിയുടെ (JENNY D. WILLIAMS,) നിരീക്ഷണം സന്തോഷകരമായ കണ്ടെത്തലായി നോവലിസ്റ്റ് സ്വീകരിച്ചു. ഇരുപുസ്തകങ്ങള്‍ക്കുമിടയില്‍ പ്രമേയ സാമ്യങ്ങള്‍ മാത്രമല്ല, പോയ നൂറ്റാണ്ടിന്റെ അറുപതുകളുടെ പശ്ചാത്തലത്തില്‍ നിന്ന് കഥാപാത്രത്തിന്റെ എഴുപതുകളിലേക്കുള്ള സ്വാഭാവിക വികാസത്തിന്റെയും തുടര്‍ച്ച കണ്ടെത്താനാവും എന്നു എഴുത്തുകാരി തന്നെയും തിരിച്ചറിയുകയായിരുന്നു......

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/like-a-mule-bringing-ice-cream-to-the-sun-by-sarah-ladipo-manyika


Saturday, August 17, 2024

Stay with Me by Ayọ̀bámi Adébáyọ̀

വന്ധ്യതയുടെ നാനാര്‍ത്ഥങ്ങള്‍ - മാതൃത്വത്തിന്റെയും







കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ സംസ്കൃതിയില്‍ സമൂഹത്തിലെ എല്ലാ പൊതു സ്ഥാനങ്ങളിലും സ്ത്രീ മികച്ച സാന്നിധ്യമായിരുന്നെങ്കില്‍കൊളോണിയലിസത്തിന്റെ വരവോടെ വിക്റ്റോറിയന്‍ മൂല്യങ്ങള്‍ ആഫ്രിക്കന്‍ സംസ്കൃതിയില്‍ പിടി മുറുക്കുകയും വിവാഹവും ഗര്‍ഭ ധാരണവുമാണ് പെണ്ണിടങ്ങള്‍ എന്ന രീതിയിലേക്ക് സ്ത്രീയുടെ സാമൂഹിക സ്ഥാനം പുനര്‍ നിര്‍വ്വചിക്കപ്പെടുകയും ചെയ്തു. വിവാഹവും ഒട്ടും വൈകാതെ അമ്മയാവലും ഏറെ മക്കളെ പ്രസവിക്കലും സ്ത്രീയുടെ അന്തസ്സിനുള്ള ഏകാമാര്‍ഗ്ഗമായി പരിഗണിക്കപ്പെട്ടു. ആഫ്രിക്കന്‍ കുടുംബജീവിതത്തിലെ ശ്രേണീവ്യവസ്ഥയില്‍ ‘അമ്മയില്ലാ കുഞ്ഞ്’ എന്നതിനേക്കാള്‍ താഴ്ന്ന ഒരേയൊരു കാര്യം കുഞ്ഞില്ലാത്ത അമ്മ’ എന്നതായി കണക്കാക്കപ്പെടുന്ന സാഹചര്യം തായേ സലാസിയുടെ ‘ദി സെക്സ് ലൈവ്സ് ഓഫ് ആഫ്രിക്കന്‍ ഗേള്‍സ്‌’ എന്ന കഥയില്‍ വിവരിക്കുന്നുണ്ട്. ഒരഭിമുഖത്തില്‍ അയോബാമി അദേബായോ വിവരിക്കുന്നത് പോലെ, ‘നിങ്ങള്‍ തനിച്ചല്ല നിലനില്‍ക്കേണ്ടത് (You don’t stand alone) എന്ന ആപ്തവാക്യം ഏറെ മക്കളുണ്ടാവുക എന്നതാണ് അന്തസ്സിന്റെ ലക്ഷണം എന്ന രീതിയില്‍ മനസ്സിലാക്കപ്പെട്ടഇസ്ലാമിക-ക്രൈസ്തവ- പാഗന്‍ വിശ്വാസങ്ങളുടെയും ജീവിത രീതിയുടെയും സങ്കലനം വ്യക്തമായി കാണാവുന്ന യൊറൂബ സംസ്കൃതിയില്‍ ബഹുഭാര്യത്വവും വലിയപടര്‍ന്നു പന്തലിച്ച കുടുംബത്തിന്റെ ഗംഭീരനായ പിതൃ സ്വരൂപസ്ഥന്‍ എന്ന പദവിയും പുരുഷന്റെ അന്തസ്സിന്റെ ചിഹ്നമായിത്തീര്‍ന്നു. ആദ്യത്തെ കുഞ്ഞിന്റെ ജനനത്തോടെ മാതാവിന്റെയും പിതാവിന്റെയും പേര് തന്നെ അവന്റെ/ അവളുടെ പേരുമായി ചേര്‍ത്ത് പുനര്‍ നിര്‍വ്വചിക്കപ്പെടുന്ന സമൂഹത്തില്‍ (‘ഇയാ ----‘, ‘ബാബാ ----‘) സ്വന്തം പേരില്‍ തുടരേണ്ടി വരുന്നവര്‍ വന്ധ്യതയുടെ പേരില്‍ അപമാനിതരായി. അതെ സമയംആഫ്രിക്കന്‍ സാഹിത്യത്തില്‍ വിലക്കപ്പെട്ട വിഷയങ്ങളില്‍ ഒന്നായാണ് വന്ധ്യതയുടെ പ്രശ്നം പരിഗണിക്കപ്പെടുന്നത്. അഥവാ അത് ആവിഷ്കരിക്കപ്പെടുമ്പോള്‍ തന്നെ ഏറ്റവും പതിഞ്ഞ ശബ്ദത്തിലും പ്രതിസ്ഥാനത്തു എപ്പോഴും സ്ത്രീയാണെന്നുമുള്ള രീതിയിലും പുരുഷ മേധാവിത്തപരമായ മൂല്യങ്ങള്‍ തീര്‍ത്തും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തിയും മാത്രമാണ് അത് ചെയ്യുക. സ്ത്രീകഥാപാത്രങ്ങള്‍ തന്നെയും തങ്ങളുടെ പുരുഷന്മാരുടെ ‘കഴിവുകേടിനെ’ മൂടിവെക്കും വിധം വേണ്ട വിധത്തിലുള്ള നീക്കുപോക്കുകള്‍ നടത്തുകയും വന്ധ്യത സ്ത്രീ സ്വയം വരുത്തിവെച്ചതാണ് എന്ന മട്ടില്‍ കുറ്റമേറ്റെടുക്കുകയും ചെയ്യുന്നു. ലോല ഷോണെയിന്‍ രചിച്ച The Secret Lives of Baba Segi's Wives ഈ അവസ്ഥയെ നിശിതമായി സമീപിക്കുന്ന ഒരു മികച്ച സമകാലിക മാതൃകയാണ്. പെണ്ണെഴുത്തിന് നല്‍കപ്പെടുന്ന വിഖ്യാതമായ ബെയ്‌ലി സാഹിത്യ പുരസ്കാരത്തിന്റെ (2017) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച Stay with Me എന്ന തന്റെ പ്രഥമ നോവലിലൂടെ യുവ നൈജീരിയന്‍ നോവലിസ്റ്റ് അയോബാമി അദേബായോ ഈ ‘പൊള്ളുന്ന’ വിഷയത്തെയാണ് വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ നേടിയെടുക്കുന്ന വിധത്തില്‍ ആവിഷ്കരിക്കുന്നത്.

 

വന്ധ്യതയെന്നാല്‍ പെണ്ണെന്ന നാട്ടു നടപ്പ്                           

പ്രഥമ ദൃഷ്ട്യാ അനുരാഗത്തിന്റെ ക്ലാസ്സിക് മാതൃകയായാണ് അകിന്‍ - യജീദെ വിവാഹ ജീവിതം ആരംഭിക്കുന്നത്. വിദ്യാസമ്പന്നരും ആധുനിക വീക്ഷണങ്ങള്‍ ഉള്ളവരുമായ ദമ്പദികളുടെ ജീവിതം കലുഷമാകുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞും യെജീദേയുടെ ഗര്‍ഭപാത്രം തരിശു കിടക്കുന്നത് അവരിലേറെ അകിനിന്റെ മാതാവ് ‘മൂമി’യെ അസ്വസ്ഥയാക്കിത്തുടങ്ങുന്നതോടെയാണ്. യൊറൂബ സമൂഹത്തില്‍ പതിവുള്ള ബഹുഭാര്യത്വം തങ്ങളുടെ കാര്യത്തില്‍ ഒരിക്കലും ഉണ്ടാവില്ലെന്ന ദമ്പദികളുടെ തീരുമാനം തിരുത്തേണ്ടി വരുന്നത് അവരുടെ നിര്‍ബന്ധം മൂലമാണ്.

“സ്ത്രീകള്‍ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്നുനിനക്കതിനു കഴിയുന്നില്ലെങ്കില്‍ നീയൊരു പുരുഷന്‍ മാത്രമാണ്നിന്നെയാരും ഒരു സ്ത്രീയെന്നു വിളിക്കരുത്”

എന്ന് ഓര്‍മ്മിപ്പിക്കുന്ന മൂമി ബഹുഭാര്യത്വത്തെ പഴഞ്ചന്‍ ആയിക്കാണുന്ന യൂണിവേഴ്സിറ്റി ഗ്രാജുവെറ്റിനോട് കൂട്ടിച്ചേര്‍ക്കുന്നു,

ഈ ജീവിതം പ്രയാസകരമല്ലയജീദെ. നിനക്ക് കുട്ടികള്‍ ഉണ്ടാവില്ലെങ്കില്‍ എന്റെ മകന് ഫുന്‍മിയില്‍ കുറച്ച് ഉണ്ടാവാന്‍ അനുവദിക്കുക. നോക്ക്നിന്നോട് അവന്റെ ജീവിതത്തില്‍ നിനക്കുള്ള ഇടത്തില്‍ നിന്ന് മാറിനില്‍ക്കാനല്ല ഞങ്ങള്‍ പറയുന്നത്. നീയവിടെ നിന്ന് ഒന്നിളകി മറ്റൊരാള്‍ക്ക് ഇരിക്കാന്‍ ഇടം നല്‍കുകയെ വേണ്ടൂ.”

എന്നാല്‍ഫുന്‍മിയും ഗര്‍ഭിണിയാകാതെ വരുന്നതോടെ അതിനും അവള്‍ തന്നെയാനുത്തരവാടിയെന്നു ശഠിക്കുന്ന മൂമി യജീദേയോടുള്ള വാത്സല്യം മാറ്റിവെച്ചും അഭ്യര്‍ത്ഥനയുമായെത്തുന്നു:

“എന്റെ മകനെ രണ്ടുമാസം കൂടി നിന്റെ കാലുകള്‍ക്കിടയില്‍ കിട്ടിയിട്ടും നിന്റെ വയര്‍ കാലിയായിത്തന്നെ കിടക്കുന്നു.”

എന്നു പരാതിപ്പെടുന്ന മൂമി,

നിന്റെ തുടകള്‍ അവന്റെ മുന്നില്‍ അടക്കുകഞാന്‍ യാചിക്കുന്നു... ഇല്ലെങ്കില്‍ അവന്‍ കുട്ടികളില്ലാതെ മരിക്കും. .. എന്റെ ജീവിതം തകര്‍ക്കരുത്. അവനെന്റെ ആദ്യ മകനാണ്യജീദെ.”

യജീദെയുടെ പിതാവിന്റെ ആദ്യഭാര്യ ഇയാ മാര്‍ത്തയും അകിനിന്റെ അമ്മാവന്‍ ബാബാ ലോലയും അവളെ ഉപദേശിക്കുക ഫുന്‍മിയെ അനിയത്തിസുഹൃത്ത്മകള്‍ എന്ന നിലയില്‍ കാണണമെന്നും ‘നീ അവളുടെ ‘ഇയാലെ’ (ആദ്യഭാര്യ) ആണെന്നുമാണ്. ഫുന്‍മി പ്രസവിക്കുന്നതോടെ യജീദെയും ഉര്‍വ്വരയാകുമെന്നു മൂമി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു:

“കുഞ്ഞുങ്ങള്‍ക്ക് മറ്റു കുഞ്ഞുങ്ങളെ ഈ ലോകത്തേക്ക് വിളിച്ചു വരുത്താന്‍ ഒരു മാര്‍ഗ്ഗമുണ്ട്.”

അകിനിന്റെ പ്രണയം തന്നില്‍ മാത്രം ഒതുക്കാനും ഇത്തരം സമ്മര്‍ദ്ദങ്ങളും കുഞ്ഞുണ്ടായിക്കാണാനുമുള്ള അത്യാഗ്രഹവും തന്നെയാണ് തന്റെ തന്നെ തിരിച്ചറിവുകള്‍ക്കെതിരായിട്ടും ആള്‍ദൈവം യോസയ്യായുടെ പ്രവചന കേന്ദ്രമായ ‘വാപിളര്‍ന്നു പോകുന്ന അത്ഭുതങ്ങളുടെ പര്‍വ്വത’ത്തിലേക്കുള്ള ആ തീര്‍ത്ഥയാത്രയിലേക്കും ആടിനെ മുലയൂട്ടുന്ന, ‘ഞാന്‍ വിശ്വസിച്ചു പോയി’ എന്ന അതീതാവസ്ഥ (trans-like state)യുടെ ഒരേസമയം ദയനീയവും ഹാസ്യാത്മകവുമായ അസംബന്ധത്തിലേക്കും തുടര്‍ന്ന് ഗര്‍ഭിണിയാണ് എന്ന ഭ്രമ ചിന്തയിലേക്കും യജീദിയെ എത്തിക്കുക. ഗതികേടിന്റെയും അപാരമായ നഷ്ടങ്ങളുടെയും മുഖാമുഖത്തില്‍ മനുഷ്യര്‍ എന്തിലും വിശ്വസിച്ചു പോകും എന്ന അവസ്ഥ ചിമാമാന്‍ഡാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ എന്ന നോവലിലും കാണാം. സംഘര്‍ഷ കാലത്ത് കാണാതാവുന്ന പ്രിയപ്പെട്ട കൂടെപ്പിറപ്പിനെ തിരിച്ചു കിട്ടാന്‍ വഴിപാടും മറ്റും നടത്താന്‍ തയ്യാറാകുന്ന ഉന്നത ബിരുദ ധാരിണി അങ്ങനെയാണ് അതിനെ ന്യായീകരിക്കുക: “ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എല്ലാത്തിലും വിശ്വസിക്കുന്നു. എന്റെ സഹോദരിയെ തിരിയെ കൊണ്ടുവരുന്ന എന്തിലും ഞാന്‍ വിശ്വസിക്കുന്നു....” (Half of a Yellow Sun)

ശാരീരികമായിപ്പോലും ഒരു ഗര്‍ഭിണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും താല്‍പര്യങ്ങളും ചൊരുക്കുകളും അനുഭവപ്പെട്ടു തുടങ്ങുന്ന യജീദിയുടെ അവസ്ഥ ഏതാണ്ടൊരു മാജിക്കല്‍ റിയലിസ്റ്റിക് ഭാവം പ്രാപിക്കുന്നുണ്ട്‌. പാളിപ്പോവുന്ന ആ ഭ്രമ ചിന്തയില്‍ നിന്ന് ഏറെ ചികിത്സകള്‍ക്കും കൌണ്‍സിലിംഗിനും അതിലേറെ ഹൃദയ വ്യഥകള്‍ക്കും ശേഷമാണ് അവള്‍ മോചിതയാവുക. എന്നാല്‍ ഇതിവൃത്ത കേന്ദ്രത്തിലെ മലീമസ രഹസ്യങ്ങളില്‍ പ്രമുഖമായ ചില വികാസങ്ങള്‍ക്ക് ശേഷം ശരിക്കും ഗര്‍ഭിണിയാകുന്നതോടെ മുമ്പില്ലാത്ത മാറ്റങ്ങള്‍ യജീദേയില്‍ സംഭവിക്കുന്നു: ഫുന്‍മിയോടുള്ള സന്‍മനോഭാവമാണ് അതില്‍ മുഖ്യം.

“ഒരു പുരുഷന്‍ എന്നത് പൂഴ്ത്തിവെക്കാനുള്ള എന്തെങ്കിലുമല്ലഅയാള്‍ക്ക് പല ഭാര്യമാര്‍ ആവാം. എന്നാല്‍ ഒരു കുഞ്ഞിനു ഒരേയൊരു യഥാര്‍ത്ഥ അമ്മയെ ഉണ്ടാവൂ.”

നോവലിന്റെ സാകല്യത്തില്‍ യജീദേയുടെ പുതിയ തിരിച്ചറിവിന് ഒരു സ്വയം ന്യായീകരണത്തിന്റെ സ്വരവുമും കല്‍പ്പിക്കാവുന്നതാണ്. ഒപ്പംമാതാവ് എന്ന അനിഷേധ്യവും സ്ഥായിയുമായ സ്ഥാനലബ്ധി നല്‍കുന്ന അപാരമായ അവകാശ, സുരക്ഷിതത്വ ബോധവുമാണ് യജീദെയെ അത്രക്കങ്ങു ഉദാരവതിയാക്കുന്നത്. ഇതേ അവകാശ ബോധത്തിന്റെ മറ്റൊരു തലത്തില്‍ നിന്ന് രോഗ പീഡയില്‍ തന്റെ കയ്യില്‍ അമര്‍ത്തിപ്പിടിക്കുന്ന സെസാനിന്റെ വേദന പകര്‍ന്നെടുക്കാന്‍ ഒരു ഘട്ടത്തില്‍ യജീദെ ആഗ്രഹിക്കും,

അവന്റെ കൈകള്‍ വേദനയില്‍ പിറന്ന ഒരു തരം കരുത്തോടെ കൈക്കുഴയെ ഞെരിക്കും വിധം എന്റെ കൈകളില്‍ പിടിച്ചു. അത് അവന്‍ അനുഭവിച്ചു കൊണ്ടിരുന്നതിന്റെ ചെറിയൊരംശം മാത്രമായിരുന്നു എന്ന ബോധ്യത്തോടെ ഞാനെന്റെ കൈകളിലെ വേദനയെ സ്വാഗതം ചെയ്തു. എന്നെ പിടിക്കുന്നതിലൂടെ അവന്റെ ദുസ്സഹ വേദന എന്റെ ഉടലിലേക്ക് സന്നിവേശിപ്പിക്കാനും അത് വഴി അതില്‍ നിന്ന് മോചനം നേടാനും അവനു കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു.”

നോവലിലുടനീളം ഇത്തരം കരുത്തു പ്രകടിപ്പിക്കുന്നത് സ്ത്രീകളാണെങ്കില്‍ അകിന്‍ എല്ലാം കുഴച്ചു മറിക്കുകയും കൊടിയ ദുരന്തങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നതേയുള്ളൂ; അയാളുടെ ലൈംഗിക ദുര്‍ബ്ബലത ഒരര്‍ത്ഥത്തില്‍ ആ കഴിവുകേടിന്റെയും പുരുഷ മേധാവിത്ത സമൂഹത്തിന്റെ രോഗാതുര കാപട്യത്തിന്റെയും രൂപകം തന്നെയാണ് താനും. ദോതൂന്‍ ആകട്ടെഒരു സ്ത്രീലമ്പടന്‍ ആയിരിക്കുമ്പോള്‍ തന്നെ അകിനിന്റെ പദ്ധതിയിലെ കരുവെന്ന നിലയില്‍ സ്വയം നിര്‍വ്വചിക്കാന്‍ പോലും കഴിയാത്തവനുമാണ്.

 

ദുര്യോഗങ്ങളുടെ തുടര്‍ച്ചകള്‍

ഒളിഞ്ഞും തെളിഞ്ഞുമുള്ള ലൈംഗികച്ചുവ മുറ്റി നില്‍ക്കുന്ന മൂമിയുടെ ഭാഷണ രീതിയിലും കുടുംബ കാരണവത്തിയുടെ അധികാര ഭാവങ്ങളിലും യൊറൂബ സമൂഹത്തിന്റെ പരമ്പരാഗത മൂല്യവ്യവസ്ഥയാണ് അടയാളപ്പെടുത്തപ്പെടുന്നത്. പിറവിയിലേ അമ്മയെ ഒടുക്കിയവള്‍ എന്ന ശാപം ഉള്ളിലൊളിപ്പിച്ചുള്ള യജീദേയുടെ ഇതര പിതൃ ഭാര്യമാരുടെ അവഗണന ഉണ്ടാക്കുന്ന അനാഥത്വബോധത്തെ മറികടക്കാന്‍ മൂമിയുടെയും അകിനിന്റെയും സ്നേഹം യജീദെക്ക് തുണയാവുന്നുണ്ടെങ്കിലും സ്നേഹം കൊണ്ട് മാത്രം എല്ലാമാവില്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിത ഇതിവൃത്ത വികാസങ്ങളിലെക്കും ഒന്നിന് പിറകെ ഒന്നായി സംഭവിക്കുന്ന ദുരന്തങ്ങളിലെക്കും നയിക്കുന്ന നിഗൂഡ തീരുമാനങ്ങളിലേക്ക് അകിന്‍ എത്തിച്ചേരുന്നത്. എന്നാല്‍, കണക്കുകൂട്ടലുകളുടെ ചതുരവടിവുകളില്‍ ഒതുങ്ങാന്‍ വിസമ്മതിക്കുന്ന ജീവിതസന്ധികള്‍ അയാളുടെയും യജീദേയുടെയും മാത്രമല്ലമുറിവേറ്റ മനസ്സോടെ ആസ്ത്രേലിയയിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന അകിനിന്റെ സഹോദരന്‍ ദോതൂന്‍, ‘സീക്രട്ട് ലൈവ്സ് ഓഫ് ബാബ സെഗിസ് വൈവ്സ്’ എന്ന നോവലിലെ സെഗിയെന്ന പെണ്‍കുട്ടിയെ പോലെഒന്നിനുമല്ലാതെ ജീവന്‍ പൊലിയുന്ന ബലിയാടായി ഫുന്‍മി, പുതുതലമുറയുടെ ജീവിതപ്പൊടിപ്പായിത്തീരുന്ന റൊതിമി (ടിമി) എന്നിവരുടെയൊക്കെ ജീവിതം ഉഴുതുമറിക്കും. ജനിതക വൈകല്യത്തോടെ പിറന്നു വീണ് കുരുന്നിലേ ഒടുങ്ങുന്ന ഒലാമിദേയും സെസാനും അതേ ദുരന്തത്തോട് ഏറെ മല്ലിടെണ്ടി വരുന്ന റൊതിമിയും അകിന്‍ - യജീദെ - ദോതൂന്‍ ജീവിത ചൂതാട്ടത്തിന് വിലയൊടുക്കുന്നവര്‍ തന്നെ. സന്തുഷ്ടമായ കുടുംബജീവിതത്തിന്റെ ചെറിയ ഇടവേള കുറഞ്ഞൊരു കാലം അനുഭവിക്കാനാവുന്നുണ്ട് യജീദെക്കും അകിനിനും. മൂന്നു മാസം മാത്രം പ്രായമുള്ള ഒലാമിദേക്ക് പത്രവും ജേണലുകളും വായിച്ചു കൊടുക്കുന്ന അകിനിനെ നോക്കി നില്‍ക്കുമ്പോള്‍ യജീദേക്ക് തോന്നുന്നു: 

അതേറ്റവും മനോഹരമായ ദൃശ്യമായിരുന്നുഎന്റെ ഭര്‍ത്താവ് എന്റെ മകളോട് അവള്‍ക്ക് മനസ്സിലാവാത്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. അതത്രക്ക്‌ പരിപൂര്‍ണ്ണമായിരുന്നു, അത്രയ്ക്ക് അതിയഥാര്‍ത്ഥംഎനിക്കപ്പോള്‍ ആ നിമിഷങ്ങളില്‍ ജീവിതത്തില്‍ പോസ് ബട്ടന്‍ അമര്‍ത്താന്‍ തോന്നി.

ജനിതക വൈകല്യമായ സിക്കിള്‍ സെല്‍ അസുഖത്തെ തുടര്‍ന്ന് ഒലാമിദേ മരിക്കുമ്പോള്‍ഇളം പ്രായത്തില്‍ തന്നെ മരിക്കാന്‍ വേണ്ടി ജനിക്കുന്ന ‘അബികു’ (spirit child) ദുഷ്ടാത്മാവാണെന്ന് ചിന്തിക്കുന്ന മൂമിയോട് ഒരു വേള യജീദെക്ക് വെറുപ്പ് തോന്നുന്നുണ്ട്. ആ മരണം അവരുടെ കാല്‍ക്കീഴില്‍ നിന്ന് ഭൂമിയെ അപഹരിച്ചതായി ദമ്പതികള്‍ക്ക് തോന്നുന്നു. ‘ബാബാ സെഗി’യില്‍ ഇയാ സെഗി നിരീക്ഷിക്കുന്നത് പോലെ മാതാപിതാക്കള്‍ കാണരുതാത്ത ഏറ്റവും മോശപ്പെട്ട കാര്യമെന്ന നിലയില്‍ കുഞ്ഞുമകളുടെ കുഴിമാട സ്ഥലം യജീദേയും അകിനും കാണുന്നില്ല. എന്നാല്‍ ഇനിയൊരു ഘട്ടത്തില്‍ ആ പരമ്പരാഗത ക്രമത്തെ യജീദെ ബോധപൂര്‍വ്വം വെല്ലു വിളിക്കും- ദുരന്തങ്ങളുടെ തനിയാവര്‍ത്തനത്തിനു ശേഷം ഇനിയൊന്നും നഷ്ടപ്പെടാനില്ല എന്ന ഘട്ടത്തില്‍. സെസാന്‍ ജനിക്കുമ്പോഴും അവനെ ഒമാനിക്കുമ്പോഴും അത്തരമൊരു വിധി അവര്‍ക്കറിയില്ല. കാലത്തുണരുമ്പോള്‍ അവന്റെ ശബ്ദമല്ലഓലാമിദേയുടെ ശബ്ദം തന്നെയാണ് തന്നെ തേടിയെത്തുന്നത് എന്ന് യജീദെ കണ്ടെത്തുന്നു. പക്ഷെസെസാനും മൂമിയുടെ വാക്കുകളില്‍ കഴിയും വേഗം മരിക്കാനായി ഭൂമിയില്‍ വന്ന ‘അബികു’ ആണെന്ന നിലപാട് പതിയെ യജീദെയെ സ്വാധീനിക്കുന്നുണ്ട്. ആശുപത്രിയെന്നാല്‍ വെള്ളക്കാരന്റെ കണ്‍കെട്ടാണെന്നും പരമ്പരാഗത മാര്‍ഗ്ഗങ്ങളിലുള്ള ചികിത്സയാണ് ‘അബികു’വിനു ആവശ്യമെന്നും ശഠിക്കുന്ന മൂമിയെ മറികടന്നു കിട്ടാവുന്ന ചികിത്സയെല്ലാം നല്‍കിയിട്ടും ഒലാമിദേയുടെ വഴി സെസാനും പിന്തുടരുന്നതോടെയാണ് ഒരു തരം വൈരാഗ്യബുദ്ധി യജീദെയില്‍ ഉണ്ടാവുന്നത്. സെസാന്റെ ജഡത്തില്‍ ചാട്ടവാറടിച്ചു മുറിവേല്‍പ്പിക്കണമെന്നും അപ്പോള്‍ ഇനിയും പിറക്കാനിരിക്കുന്ന കുഞ്ഞ് ആ അബികുവിന്റെ പുനര്‍ജ്ജനിയാണോ എന്ന് തിരിച്ചറിയാനാവും എന്നുമുള്ള മൂമിയുടെ ആവശ്യം യജീദെ അംഗീകരിക്കുന്നത് അകിനിനെപോലും അമ്പരപ്പിക്കുന്നുണ്ട്. എന്നാല്‍കുറ്റമറ്റപാടുകള്‍ ഒന്നുമില്ലാത്ത എല്ലാം തികഞ്ഞ കുഞ്ഞായാണ് മൂന്നാം നമ്പരുകാരി പിറക്കുക. കുഞ്ഞിനെ ഓരോ ഇഞ്ചും പരിശോധിക്കുന്ന യജീദേയില്‍ മനോവ്യാപാരങ്ങളുടെ പിരിമുറുക്കം പ്രകടമാണ്:

“ഞാന്‍ തോമസ്‌ ആണ്സന്തോഷിക്കാനുള്ളതായി ഒരു കാര്യത്തെ തിരിച്ചറിയും മുമ്പ് എന്റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞ കാര്യത്തിന് തൊട്ടറിയാവുന്ന തെളിവ് തേടുന്നയാള്‍.”

കഴിയും വേഗം തിരിച്ചു പോകാനായി വന്ന അബികുവിന്റെ പുനരവതാരം എന്നയര്‍ത്ഥത്തില്‍ റോതിമി എന്ന് അവള്‍ക്ക് പേരിടുക മൂമിയാണ്. പുതിയ ലോകത്തെ അഭിമുഖീകരിക്കാനായി പില്‍ക്കാലം അവള്‍ സ്വയം ടിമി എന്ന് സ്വന്തം പേരിനെ പുനര്‍ വിന്യസിക്കും.

 

രഹസ്യങ്ങളുടെ തിരിച്ചടികള്‍

എന്നാല്‍രഹസ്യങ്ങളുടെ പടിപടിയായുള്ള വെളിപ്പെടലും അകിന്‍ തന്നില്‍ നിന്ന് പലതും ഒളിക്കുകയായിരുന്നു എന്ന തിരിച്ചറിവും കുഞ്ഞുങ്ങളുടെ ജനനങ്ങള്‍ക്ക് പിറകിലെ അവിശുദ്ധ ബാന്ധവങ്ങള്‍ ഉണ്ടാക്കുന്ന കുറ്റബോധവും ആത്മനിന്ദയും അസഹ്യമാവുന്നതും അതൊക്കെ സഹിച്ചിട്ടും പിറക്കുന്ന കുഞ്ഞുങ്ങള്‍ ഓരോന്നായി കൊടുംവേദനയുടെ പിടിയില്‍ ഒടുങ്ങുന്നതു കാണേണ്ടി വരുന്ന നിസ്സഹായതയും അതെ വിധിയിലേക്ക് പോകുമെന്നുറപ്പുള്ള റൊതീമിയെ സ്നേഹിച്ചു പോവാതിരിക്കാനുള്ള മുന്‍കരുതലുമാണ് കടുത്ത തീരുമാനത്തില്‍ യജീദെ എത്തിക്കുന്നത്. ഇഫെയിലെ യൂണിവേഴ്സിറ്റി പഠന കാലം മുതല്‍ നല്ലൊരു കേശാലങ്കാര വിദഗ്ദയായിരുന്ന യജീദെക്കു സ്വന്തമായി ഒരു സലൂണ്‍ തന്നെ ഉണ്ടായിരുന്നത് അവളുടെ സ്വാശ്രയത്വ ബോധത്തെ ബലപ്പെടുത്തിയ ഘടകവുമാണ്. അകിനിനു നല്‍കാനുള്ള ശിക്ഷ കൂടിയായാണ് രോഗപീഡയുള്ള കുഞ്ഞുമകളെ അയാളെ ഏല്‍പ്പിച്ച് അവള്‍ വീട് വിട്ടു പോകുന്നതും. അന്തര്‍ നാടകങ്ങളെ കുറിച്ചു ഒന്നുമറിയാത്ത മൂമി പക്ഷെ അവള്‍ പോയതില്‍ വേദനിക്കുന്നുണ്ട്‌.

“ഒരു സ്ത്രീക്ക് ഒരു ചീത്ത ഭാര്യയാവാന്‍ കഴിയുംപക്ഷെ അവളൊരിക്കലും ഒരു ചീത്ത അമ്മയായിക്കൂടാ.”

യജീദെ തന്റെ മനസ്സില്‍ റോതിമിയെ കൊന്നുകളയാന്‍ പാടില്ല എന്ന് ഇയാ ബോലുവും കരുതുന്നു. അകിനിനെ വിട്ടു പോകുമ്പോള്‍ യജീദെ ഓര്‍ക്കുന്നുണ്ട്: തന്റെ പിതാവിന്റെ മരണ സമയത്ത് തനിക്കുപോലും തോന്നാത്ത വിഷമത്തോടെ വിതുമ്പിനിന്ന അകിനിന്റെ കൈ പിടിച്ചാശ്വസിപ്പിച്ച സന്ദര്‍ഭം:

“അകിന്‍ഇന്ന് നീ നിശ്ശബ്ദമായി കരയുമ്പോള്‍ ആരാണ് നിന്റെ കൈ പിടിക്കുക?” 

അതേ സമയം താന്‍ ചലിപ്പിച്ചു വിട്ടതെന്തോ അത് തടഞ്ഞു നിര്‍ത്താന്‍ ഇനി ഏറെ വൈകിപ്പോയി എന്ന് അകിന്‍ സ്വയം പഴിക്കുന്നു. ഒലാമിദേയുടെയും സെസാനിന്റെയും മരണം ഫുന്‍മിയെ മരണത്തിലേക്ക് തള്ളിവീഴ്ത്തിയത്തിനു തനിക്കുള്ള ശിക്ഷയാണെന്നും അയാള്‍ കരുതുന്നു. അകിന്‍ - ദോതൂന്‍ രഹസ്യങ്ങളില്‍ രണ്ടുപേരെയും ഒരേ വ്യക്തിഭിന്നങ്ങളായി – ഞാന്‍ ജെകിലും അവന്‍ ഹൈഡും” – യെജീദെ കരുതുന്നുണ്ടാവും എന്ന് അയാള്‍ അനുമാനിക്കുന്നു. ദോതൂനിനെയും യജീദെയെയും പിടികൂടുന്ന സന്ദര്‍ഭത്തില്‍ അയാള്‍ പ്രകടിപ്പിക്കുന്ന വന്യമായ കോപം ഒരു നാട്യമായിരുന്നെന്നു യജീദെ കണ്ടെത്തുന്നുണ്ട്. “കോപം നാണക്കേടിനെക്കാള്‍ സഹനീയമാണ്.” നോവലിന്റെ പ്രധാന പരിമിതികളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള യജീദേയുടെ പാത്ര സൃഷ്ടിയില്‍ കടന്നു വരുന്ന അടിസ്ഥാന പരമായ ഒരു ദൗര്‍ബല്യം ഇതിനോട് ചേര്‍ത്തു കാണാം: വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധങ്ങള്‍ ഉണ്ടാവരുതെന്നും താന്‍ കന്യകയാണെന്ന കാര്യം അകിനിന്റെ മാതാവ് അറിയണമെന്നും അഭിമാനിച്ചിരുന്ന ‘നിഷ്കളങ്കത’യുടെ തലത്തില്‍ പോലും അകിനിന്റെ കഴിവുകേടും ദോതൂനിന്റെ കാര്യത്തില്‍ അയാളുടെ പങ്കാളിത്തവും അവള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നില്ല എന്നത് വിശ്വസനീയതയുടെ അതിരുകള്‍ വല്ലാതെ വലിച്ചു നീട്ടുന്നുണ്ട്. എന്നാല്‍ ഒന്നൊന്നായി ചുരുളഴിയുന്ന സംഭവങ്ങളും സങ്കടങ്ങളുടെ കുത്തൊഴുക്കും വായനക്കാരന്റെ ഫോക്കസില്‍ നിന്ന് ഈ പരിമിതികളെ മാറ്റിനിര്‍ത്തുന്നുണ്ട്.

 

തുളുമ്പുന്ന ചരിത്രവും ആഖ്യാന ധാരയും

യജീദേയുടെയും അകിനിന്റെയും മാറിമാറി വരുന്ന ആഖ്യാന സ്വരത്തിലുള്ള അധ്യായങ്ങളിലായി ആഖ്യാനം ചെയ്യപ്പെടുന്ന നോവലിന്റെ കഥാലോകം തെക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ ഒസൂന്‍ സ്റ്റേറ്റിലെ ഇയേസയിലാണ്. എണ്‍പതുകളുടെ സംഘര്‍ഷ കാലത്ത് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും സൈനിക ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ക്ക്  അനുസരിച്ച് തെരഞ്ഞെടുപ്പുഫലങ്ങള്‍ തമസ്കരിക്കപ്പെടുകയും ചെയ്യുന്ന കാലം. നടത്താന്‍ പോകുന്ന പിടിച്ചുപറിക്കും പകല്‍ കൊള്ളക്കും സൌകര്യമൊരുക്കി തയ്യാറായിരിക്കാന്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംഘങ്ങളും അവര്‍ക്ക് വേണ്ടി സൌകര്യപൂര്‍വ്വം ലീവ് എടുത്തു മാറിനില്‍ക്കുന്ന നിയമ പാലകരുടെയും കാലം. തേജു കോലിന്റെ Every Day Is for the Thiefഅദാവോബി ട്രിഷിയ നോബാനിയുടെ I Do Not Come to You by Chance തുടങ്ങിയ കൃതികള്‍ കൂടുതല്‍ വിശദമായി പരിശോധിക്കുന്ന ഈ തസ്ക്കര സംസ്കൃതിയുടെ സൂക്ഷ്മമായ തുടക്കങ്ങളാണ് ഇവിടെ സൂചിതമാകുന്നത്. എണ്‍പതുകളിലെ രാഷ്ട്രീയ കാലുഷ്യങ്ങളുടെ കാലം മുതല്‍ 2008 വരെയുള്ള ഇരുപതു വര്‍ഷക്കാലമാണ് നോവലിന്റെ കാലഘട്ടം എന്നത് കൊണ്ട് തന്നെ ദേശ ചരിത്രവും കഥാഗതിയുടെ അന്തര്‍ധാരയായി വരുന്നുണ്ട്. ബിയാഫ്രന്‍ യുദ്ധം കുട്ടിക്കാലത്ത് കേട്ട കഥകളിലൂടെ ഓര്‍ക്കുന്ന യജീദെ പുതിയ കാലത്തെ സംഘര്‍ഷങ്ങള്‍ ഏറെ ഉത്കണ്ഠയോടെ ശ്രദ്ധിക്കുന്നുണ്ട്. ജനറല്‍ ബുഹാരിയെ സ്ഥാന ഭ്രഷ്ടനാക്കിയ അട്ടിമറിയും ഇബ്രാഹിം ബാബാന്‍ഗിഡ പുതിയ സൈനിക മേധാവിയാവുന്നതും (1985) സ്വയം പ്രസിഡന്‍റ് ആയി അവരോധിക്കാനുള്ള ശ്രമവും നാഷണല്‍ കൗണ്‍സില്‍ രൂപീകരണവും ബാബാന്‍ഗിഡക്കെതിരെ അരങ്ങേറിയ മേജര്‍ ഓര്‍ക്കാറിന്റെ പരാജയപ്പെട്ട അട്ടിമറിയും (1990) നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പ്രസിഡന്‍റ് ആയി സ്വയം അവരോധിക്കാനുള്ള ബാബാന്‍ഗിഡയുടെ ശ്രമത്തെ കുറിച്ച് “നൈജീരിയായില്‍ സാധ്യമല്ല.. ഇതൊരു ബനാനാ റിപ്പബ്ലിക്ക് അല്ല” എന്ന് അകിന്‍ അഭിപ്രായപ്പെടുമ്പോള്‍ സോകോതോബോര്‍നോകാനോ തുടങ്ങി അഞ്ച് വടക്കന്‍ പ്രവിശ്യകളെ ഫെഡറേഷനില്‍ നിന്ന് പുറത്താക്കാനുള്ള റേഡിയോയില്‍ കേള്‍ക്കുന്ന നിര്‍ദ്ദേശം യജീദെയെ ചകിതയാക്കുന്നു. ദോതൂനിന്റെ ഭാര്യ അജോകി കുഴപ്പങ്ങള്‍ പടരാതിരിക്കുമെങ്കില്‍ ബാബാന്‍ഗിഡ തുടര്‍ന്നാലും മതിയായിരുന്നു എന്ന് കരുതുന്നു. കലാപകാരികളെ തുരത്തിയതായി കേണല്‍ സിദോനിന്റെ ഉറപ്പൊന്നും ആരെയും ആശ്വസിപ്പിക്കുന്നില്ല. ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആരെയും വെറുതെ വിടുന്നില്ല. നോവലില്‍ അതേറ്റവും ശക്തമായ ഭീഷണ സാന്നിധ്യമാകുന്നത്‌ പരമ്പരയിലെ ജനിത വൈകല്യത്തിന്റെ അവസാന വേട്ടയായ റോതിമിയുടെ രോഗം മൂര്‍ചിക്കുന്ന ഘട്ടത്തില്‍ കലാപം പടരുന്ന തെരുവുകളിലൂടെ അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ പാടുപെടുന്ന അകിനിനാണ് അനുഭവപ്പെടുക.

 

വ്യഭിചാരംമിഥ്യാ ഗര്‍ഭംഉപേക്ഷിക്കപ്പെടുന്ന ശൈശവംമാരക കയ്യേറ്റങ്ങള്‍, നരഹത്യചരിത്രപരവും വൈയക്തികവുമായ ദുരന്തങ്ങള്‍മൂടിവെക്കപ്പെട്ട ഇരുണ്ട രഹസ്യങ്ങള്‍യാഥാര്‍ത്ഥ്യത്തിനും അതീത യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ നേര്‍ത്ത അതിര്‍ വരമ്പിലെ താളം പിഴക്കുന്നദുസ്വപ്ന സമാനമായ മനോ വ്യാപാരങ്ങള്‍ഭ്രാന്തു പിടിച്ചേക്കുമോ എന്ന ഭയപ്പാടില്‍ സ്വയം ഒളിച്ചോടാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന നിസ്സഹായതകള്‍ - ഒരു പ്രഥമ നോവലിന് താങ്ങാനാവുന്നതിലേറെ പ്രമേയ പരിസരങ്ങളിലൂടെയാണ് ഇനിയും മുപ്പതു തികഞ്ഞിട്ടില്ലാത്ത നോവലിസ്റ്റിന്റെ സഞ്ചാരം. ഇതിവൃത്തത്തില്‍ ഏറെ വേദനയും ദുരന്തങ്ങളും തിങ്ങി നിറയുന്നത് കൊണ്ടാവാം നോവലന്ത്യം ചില പുതിയ തുടക്കങ്ങള്‍ സൂചിതമാകുന്ന ഇത്തിരി ശുഭാപ്തിയുടെ ചെറുവെളിച്ചത്തിലേക്ക് ഉറ്റു നോക്കുന്നതും. ചിമമാന്‍ഡാ അദീചിയുടെയും മാര്‍ഗരെറ്റ് അറ്റ്‌വുഡിന്റെയും ശിഷ്യയായ നോവലിസ്റ്റ് തന്റെ സ്വന്തം ആഖ്യാന ശൈലി കാണ്ടെത്തിക്കഴിഞ്ഞുവെന്നു ഇതിനോടകം നിരൂപകരുടെ അംഗീകാരം നേടിക്കഴിഞ്ഞു. അതെ സമയംആഫ്രിക്കന്‍ കഥ പറച്ചില്‍ പാരമ്പര്യത്തിന്റെ ചുവടു പിടിച്ചു കുട്ടിക്കാലത്ത് തങ്ങള്‍ കേട്ടു പഠിച്ച മൃഗ കഥകളും മാന്ത്രിക കഥകളും പോലെ തങ്ങള്‍ക്കു പറയാനുള്ള കഥകള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ വ്യഗ്രതയുള്ളവരാണ് മുഖ്യ കഥാപാത്രങ്ങളായ യജീദെയും അകിനും. യജീദെ താന്‍ പറയുന്ന കഥകളില്‍ ദേശ ചരിത്രവും സ്വന്തം കഥകളും ചേര്‍ത്തു വിളക്കി പരിഷ്കരിക്കും. ഈ കഥകളിലേത് പോലെ വികാര വിക്ഷുബ്ദവും അപ്രതീക്ഷിത സംഭവ ഗതികള്‍ നിറഞ്ഞതുമായ ഒരു കഥയായാണ് നോവല്‍ വികസിക്കുന്നത്. “ഒരേ സമയം അഹന്തയേയും വഞ്ചനയേയും കുറിച്ചുള്ള ഒരു ഗോഥിക് ദൃഷ്ടാന്ത കഥയുംആഴത്തില്‍ മഥിക്കുന്ന ഒരു സമകാലിക വൈവാഹിക ചിത്രീകരണവുംചിനുവ അച്ചബെയുടെയും ചിമമാന്‍ഡാ എന്‍ഗോസി അദീചിയുടെയും മഹത്തായ രചനകളുടെ താവഴിയില്‍ പാരമ്പര്യത്തിനും ആധുനികതക്കും, പൌരുഷത്തെയും സ്ത്രീത്വത്തെയും കുറിച്ചുള്ള പഴയ നിര്‍വ്വചനങ്ങള്‍ക്കും സ്വയം നിര്‍വ്വചിക്കുന്നതിന്റെയും സ്വതത്തിന്റെയും പുതു മൂല്യസങ്കല്‍പ്പങ്ങള്‍ക്കും ഇടയിലെ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന നൈജീരിയെ കുറിച്ചുള്ള ഒരു നോവലുമാണ്.” (Michiko Kakutani, nytimes).

 Also read:

The Secret Lives of Baba Segi's Wives by Lola Shoneyin

https://alittlesomethings.blogspot.com/2017/02/blog-post_58.html

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html

Everything Good Will Come by Sefi Atta

പൊയ്ക്കാലുകളിലല്ല അവള്‍ നിവര്‍ന്നു നില്‍ക്കുക



(നൈജീരിയന്‍ നോവലിസ്റ്റ് സെഫി അത്തയുടെ എവരി തിംഗ് ഗുഡ് വില്‍ കം’ എന്ന നോവലിനെ കുറിച്ച്. പ്രഥമ വോലെ സോയിങ്ക അവാര്‍ഡ് നേടിയ നോവല്‍ ശക്തമായ ഒരു സ്ത്രീപക്ഷ രചനയാണ്.)


നൈജീരിയയില്‍ ജനിച്ച് നാട്ടിലും ബ്രിട്ടനിലും ഐക്യ നാടുകളിലുമായി പഠനം പൂര്‍ത്തിയാക്കിയ സെഫി അത്ത സമകാലിക ആഫ്രിക്കന്‍ സാഹിത്യത്തിലെ ശക്തമായ പുതു സാന്നിധ്യങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. കഥാ സാഹിത്യത്തിനും റേഡിയോ നാടകങ്ങള്‍ക്കും ഉള്‍പ്പടെ ഒട്ടേറെ സാഹിത്യ പുരസ്കാരങ്ങള്‍ ഇതിനോടകം നേടിയിട്ടുള്ള സെഫി അത്തയുടെ രചനകള്‍ ആഫ്രിക്കന്‍ സംസ്കൃതിയെ ശക്തമായി പ്രകാശിപ്പിക്കുന്നു. 2006-ല്‍ പ്രഥമ വോലെ സോയിങ്ക അവാര്‍ഡ്‌ കരസ്ഥമാക്കിയ കൃതിയാണ് അവരുടെ ആദ്യ നോവല്‍ ‘എവരി തിംഗ് ഗുഡ് വില്‍ കം.’ നൈജീരിയന്‍ ചരിത്രവും സംസ്കൃതിയും ഉണര്‍ന്നിരിക്കുന്ന നോവല്‍ ശക്തമായ സ്ത്രീപക്ഷ രചന എന്ന നിലയിലും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.

 

ആണ്‍ കോയ്മ, ദേശ ഭാരം, മുതിര്‍ന്നു വരവ്

 

പോസ്റ്റ്‌ കൊളോണിയല്‍ നൈജീരിയയിലും ഇംഗ്ലണ്ടിലുമായി വളര്‍ന്നു വരുന്ന എനിറ്റാന്‍ എന്ന പെണ്‍കുട്ടിയുടെ മുതിര്‍ന്നുവരവിന്റെ കഥയായി (bildungsroman) വികസിക്കുന്ന കൃതിയാണ് ‘എവെരിതിംഗ് ഗുഡ് വില്‍ കം.’ സ്വാതന്ത്ര്യാനതര നൈജീരിയന്‍ ചരിത്രത്തിലെ തീക്കാലമായിരുന്ന ബിയാഫ്രന്‍ യുദ്ധഘട്ടവും തൊട്ടു ശേഷവുമുള്ള കാലമാണ് നോവലിന് വിഷയമാകുന്നത്. ഇബോ- ഹോസാ- യൊറൂബാ വംശീയതകള്‍ കൊമ്പു കോര്‍ത്ത സംഘര്‍ഷ കാലവും ചോരയില്‍ മുക്കിക്കൊല്ലപ്പെട്ട ബിയാഫ്രാന്‍ സ്വാതന്ത്ര്യ മോഹങ്ങളും നൈജീരിയന്‍ സാഹിത്യത്തില്‍ ഏറെ തീക്ഷണമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചിനുവ അച്ചബെയും എലേച്ചി അമാദിയും കെന്‍ സാരോ വിവായും പോലുള്ള കുലപതികള്‍ മുതല്‍ പുതു തലമുറയിലെ ചിമമാന്‍ഡാ അദീചിയും ചിനെലോ ഒക്പരാന്റയും വരെ നീളുന്ന ഈ നിരയിലേക്ക് സെഫി അത്തയുടെ നീക്കിവെപ്പു കൂടിയാണ് ‘നല്ലതല്ലാം വരും.’ എന്നാല്‍ സംഘര്‍ഷ മേഖലകളില്‍ എന്നതിലേറെ അവയുടെ പശ്ചാത്തലത്തിലുള്ള എനിറ്റാനിന്റെ ജീവിത പരിസരങ്ങളിലാണ് നോവലിന്റെ ശ്രദ്ധയത്രയും.

വിക്റ്റോറിയന്‍ ധാര്‍മ്മികതയും പുരുഷമേധാവിത്ത സാമൂഹിക ക്രമവും ഉയര്‍ത്തുന്ന വെല്ലുവിളി കൂടി ജനാധിപത്യ ധ്വംസനങ്ങളും പട്ടാള അട്ടിമറികളും തുടര്‍ക്കഥയാവുന്ന കൊളോണിയല്‍ അനന്തര നൈജീരിയന്‍ യാഥാര്‍ത്ഥ്യങ്ങളോടൊപ്പം നേരിടേണ്ടി വരുന്നു എന്നതാണ് സ്ത്രീത്വം ഇവിടെ നേരിടുന്ന അധിക ഭാരം. അമ്മയുടെ മൌലികവാദ ക്രിസ്തീയ സമീപനവും അച്ഛന്റെ ഉപജാപക രാഷ്ട്രീയ ജീവിതവും തമ്മില്‍ പതിവായ ഗാര്‍ഹിക സംഘര്‍ഷങ്ങള്‍ക്കിടയില്‍, സഹോദരന്റെ മരണം കാരണം അമ്മ വരിഞ്ഞു മുറുക്കിയ അമിതമായ സംരക്ഷണ മതിലുകള്‍ക്കുള്ളില്‍ ഏകയായി കഴിയേണ്ടി വരുന്ന എനിറ്റാന് സ്വാഭാവിക രീതിയിലുള്ള കുട്ടിക്കാലം നിഷേധിക്കപ്പെടുന്നു. വിലക്കുകള്‍ ഭേദിക്കാനുള്ള അവളുടെ പ്രവണതയുടെ ആദ്യസൂചന, ഞായറാഴ്ചകളില്‍ അമ്മയുടെ കണ്ണു വെട്ടിച്ചു അയല്‍ വീട്ടിലെ പെണ്‍കുട്ടിയുമായി അവള്‍ ചങ്ങാത്തം കൂടുന്നതില്‍ ദൃശ്യമാണ്. മുസ്ലിം പിതാവിനും ഇംഗ്ലീഷുകാരി അമ്മയ്ക്കും ജനിച്ച ഷെറി ‘മഞ്ഞ’ യായി കണക്കാക്കപ്പെടുന്നു. തന്റേടിയായ ഷെറി ചുറ്റുപാടുകളോട് അതിവേഗം സമരസപ്പെടുന്ന, ആണ്‍ നോട്ടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന പ്രകൃതക്കാരിയുമാണ്. മികച്ച വക്കീലായ സണ്ണി തായ് വോ മകള്‍ തന്റെ പിന്‍ഗാമിയായി വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഉപരിപഠനത്തിനു വിദേശത്തേക്ക് പോവുന്നതോടെ ഷെറിയുമായുള്ള ബന്ധം കത്തുകളിലൂടെ മാത്രം തുടരേണ്ടി വരുന്നുവെങ്കിലും ഒഴിവുകാലങ്ങളില്‍ കൂട്ടുകാരികള്‍ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. അത്തരമൊരു ഘട്ടത്തില്‍, ഷെറിയുടെ നിര്‍ബന്ധപ്രകാരം പങ്കെടുക്കുന്ന ഒരു പാര്‍ട്ടിക്കിടെ അവള്‍ ക്രൂരമായി ബാലാക്കാരം ചെയ്യപ്പെടുന്നതും ഹീനമായി അപമാനിക്കപ്പെടുന്നതും നിസ്സഹായയായി കണ്ടുനില്‍ക്കേണ്ടി വരുന്നത് എനിറ്റാനിന്റെ മനസ്സില്‍ പുരുഷ ലോകത്തെ കുറിച്ചുള്ള വലിയ മുറിവുകളുണ്ടാക്കും. സംഭവത്തെ തുടര്‍ന്ന് ഗര്‍ഭിണിയാകുന്ന ഷെറി പ്രാകൃതമായ രീതിയില്‍ അത് അലസിപ്പിക്കുന്നത് അവളുടെ ഗര്‍ഭധാരണ ശേഷി ഇല്ലാതാക്കുകയും സ്ത്രീത്വത്തിന്റെ ചിഹ്നം തന്നെയും മാതാവാകാനുള്ള കഴിവായി കരുതപ്പെടുന്ന സമൂഹത്തില്‍ അവളെ എന്നെന്നേക്കുമായി അന്യയാക്കുകയും ചെയ്യും.

വര്‍ഷങ്ങള്‍ക്കു ശേഷം, നിയമ പഠനം കഴിഞ്ഞു പിതാവിന്റെ ജൂനിയര്‍ ആയി പ്രാക്റ്റീസ് ചെയ്യാനെത്തുന്ന എനിറ്റാന്‍ സൗഹൃദം പുതുക്കാനെത്തുമ്പോള്‍ ലാഗോസിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ അതിജീവനമാര്‍ഗ്ഗമായി കണ്ടെത്തുന്ന അതേ വഴി ഷെറിയും പിന്തുടര്‍ന്നിട്ടുണ്ട്. ഒരു മുസ്ലിം ബ്രിഗേഡിയറില്‍ അവള്‍ ഒരു ‘ഷുഗര്‍ ഡാഡി’യെ കണ്ടെത്തിയിട്ടുണ്ട്. വിവാഹ ശേഷം തന്നെപ്പോലൊരുവള്‍ക്ക് സമൂഹത്തില്‍ ഒരു വിലയും ലഭിക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവുണ്ട് അവള്‍ക്ക്. നിലനില്‍ക്കാന്‍ പാടുപെടുന്ന ചിത്രകാരന്‍ മൈക്കുമായുണ്ടാവുന്ന എനിറ്റാനിന്റെ ഹ്രസ്വബന്ധം അയാളുടെ വഞ്ചനയുടെ നേര്‍ക്കാഴ്ചയില്‍ ഒടുങ്ങുകയും ചെയ്യും. മകളെ കുക്കിംഗ് പഠിക്കാതെയും ഈ തലമുറയില്‍ ഒരു പെണ്‍കുട്ടിക്ക് ജീവിക്കാനാകും എന്നൊക്കെ ഉപദേശിച്ചു വന്ന് കൊട്ടി ഘോഷിക്കുമായിരുന്ന സ്ത്രീപക്ഷ നിലപാടുകള്‍ മകള്‍ തന്നെ അനുസരിക്കും നാളുവരെ മാത്രമേയുള്ളൂ എന്ന് പിതാവും തെളിയിക്കുന്നതോടെ പുരുഷ ലോകത്തെ കുറിച്ച് മുമ്പുണ്ടായിരുന്ന ധാരണകള്‍ ഒരിക്കല്‍ കൂടി അവളില്‍ ശക്തമാകുന്നു. സമൂഹത്തിലെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ നിന്ന് സ്വതന്ത്രനാകുക എന്നത് എത്രമാത്രം ദുഷ്കരമാണെന്ന് സണ്ണി തായ് വോയുടെ പാത്ര സൃഷ്ടി സൂചിപ്പിക്കുന്നു. നോവല്‍ ആരംഭത്തില്‍ ഋണ സ്വഭാവിയായി അനുഭവപ്പെട്ടെക്കാവുന്ന അമ്മ യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ മുന്‍ വിധികളുടെ ഇര മാത്രമാണ് എന്ന് വ്യക്തമാകുന്നുണ്ട്. വിശ്വാസ പരമായ കടുംപിടുത്തങ്ങള്‍ അവരെ നിരന്തരം അപഹസിക്കാനുള്ള ഉപാധി മാത്രമായിരുന്നു ഭര്‍ത്താവിന്. മകനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നതോടെ തകര്‍ന്നു പോകുന്ന അവര്‍ക്ക് എനിറ്റാന്‍ ജീവിതത്തിലെ ഏക പ്രതീക്ഷയാണ്. തകരുന്ന വിവാഹ ബന്ധത്തിലും അമ്മയും മകളും ഒരേ വിധി പിന്തുടരുന്നു. വിശ്വാസം, രാഷ്ട്രീയം എന്നെ ഘടകങ്ങള്‍ക്കപ്പുറം പുരുഷ നിര്‍മ്മിത കുടുംബ സങ്കല്‍പ്പങ്ങളും ചേര്‍ന്ന് ശിഥിലമാകുന്ന ദാമ്പത്യം നോവലിലെ ഒരു പ്രധാന പ്രമേയം തന്നെയാണ് എന്ന് പറയാം.

പിതാവ് ജയിലിലായ ശേഷം മാത്രം എനിറ്റാന്‍ കണ്ടുമുട്ടുന്ന അര്‍ദ്ധ സഹോദരന്‍ ദെബായോ തായ് വോയും അതേ പുരുഷ കേന്ദ്രിത നിലപാടുകളോടെ തന്നെയാണ് അവളെ സ്വീകരിക്കുക. എങ്കിലും, ഏക മകനെയും തട്ടിയെടുത്തു ഉപേക്ഷിച്ചു പോയ ഭാര്യയെ കുറിച്ച് വേദനിക്കുന്ന നിയി ഫ്രാങ്കോയുമായുള്ള അവളുടെ അടുപ്പം വൈകാതെ വിവാഹത്തിലേക്ക് നീങ്ങുന്നു. ഗര്‍ഭിണിയാവുന്നതോടെ ദാമ്പത്യത്തില്‍ ഉരുത്തിരിയുന്ന പ്രശ്നങ്ങള്‍ ഒരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അതേ സാഹചര്യത്തിലാണ്, തുടര്‍ക്കഥയാകുന്ന പട്ടാള അട്ടിമറികളില്‍ മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ ബലിയാടായി സണ്ണി തായ് വോ അറസ്റ്റ് ചെയ്യപ്പെടുന്നത്. പിതാവിനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഒരു ആക്റ്റിവിസ്റ്റ് ജീവിതരീതിയിലേക്ക് പോകുന്ന എനിറ്റാന്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഒരു രാത്രി ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. ദേശത്തിന്റെ മുഴുവന്‍ രാഷ്ട്രീയ അത്യാചാരങ്ങളും ജീര്‍ണ്ണതകളും ജയില്‍ മുറിക്കു ഉള്‍കൊള്ളാന്‍ ആവുന്നതിലും എത്രയോ മടങ്ങ്‌ തടവുപുള്ളികളെ കുത്തിനിറച്ചരോഗവും വൃത്തികേടുകളും ദുര്‍ഗന്ധവും മലമൂത്ര സംഭരണിയായി അവിടെ തന്നെ സൂക്ഷിക്കുന്ന ബക്കറ്റിന്റെ സാന്നിധ്യവും ചേര്‍ന്ന് സൃഷ്ടിക്കുന്ന അസംതൃപ്തിയും കടന്നു കയറ്റങ്ങളുമായി പ്രതിനിധാനം ചെയ്യുന്ന ജയിലറയിലെ ഒരു രാവ് അവളെ പുതിയ ചില തീരുമാനങ്ങളില്‍ എത്തിക്കുന്നു. തൊഴിലിടത്തില്‍ പുരുഷന്മാരുടെ കടന്നു കയറ്റ ശ്രമങ്ങളെ ചെറുത്തുനില്‍ക്കാന്‍ പിന്തുണ കൊടുത്തുവന്ന നിയി, കുടുംബത്തിലെ പുരുഷാധികാര സമവാക്യത്തില്‍ തനിക്കു മുമ്പില്‍ ഭാര്യ നിവര്‍ന്നു നില്‍ക്കുന്നുവെന്ന തോന്നലുണ്ടാവുന്നതോടെ സണ്ണി തായ് വോ ചെയ്ത പോലെ “സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍” എന്ന പുച്ഛം കലര്‍ന്ന കുറിപ്പടിയിലേക്ക് മാറുന്നു. ‘ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിനു വേണ്ടി’ എനിറ്റാന്‍ ഒതുങ്ങിക്കഴിയണമെന്നും അച്ഛന്റെ കാര്യത്തില്‍ ഇടപെട്ടു സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്തരുതെന്നും അയാള്‍ നിഷ്കര്‍ഷിക്കുന്നു.

നിയിയുമായുള്ള ബന്ധം പിറകിലുപേക്ഷിച്ച് ഇറങ്ങിപ്പോകുമ്പോള്‍ തനിക്കു ശരിയെന്നു തോന്നുന്നതിന് വേണ്ടി നിലക്കൊള്ളുന്നതിനെ കുറിച്ചാണ് എനിറ്റാന്‍ ചിന്തിക്കുന്നത്. ‘ഒതുങ്ങിക്കഴിയുന്ന’തിന്റെ പാരമ്പര്യത്തെ മറികടന്ന് ഗ്രേസ് അമായോടൊപ്പം രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായി പോരാടുന്ന വനിതാ കൂട്ടായ്മയോടു ചേരുന്ന എനിറ്റാന്‍ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന വിദ്യാസമ്പന്നരായ പുതിയ നൈജീരിയന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായിത്തീരുന്നുണ്ട്. ബ്രിഗേഡിയറുടെ കയ്യില്‍ നിന്ന് ഗാര്‍ഹിക പീഡനം ഏല്‍ക്കുന്ന ഷെറിയെ ഭക്ഷണം ഉണ്ടാക്കുന്നതിലുള്ള അവളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അവളുടെ കുടുംബത്തിന്റെ കൂടി സഹായത്തോടെ ഒരു കാറ്ററിംഗ് സര്‍വ്വീസ് തുടങ്ങാനും സ്വയം പര്യാപ്തയാവാനും എനിറ്റാന്‍ സഹായിക്കുന്നു. മാതൃത്വത്തിന്റെ ആനന്ദം നിഷേധിക്കപ്പെട്ട ഷെറി സമൂഹത്തില്‍ തകരാതെ പിടിച്ചു നില്‍ക്കുന്നത് അവള്‍ ശരിക്കുമൊരു ശക്തയായ സ്ത്രീയായത് കൊണ്ടാണ് എന്ന് എനിറ്റാന്‍ നിരീക്ഷിക്കുന്നുണ്ട്.

 

രാഷ്ട്രീയവും മൌലിക വാദവും

 

നോവലിനെ കുറിച്ചുള്ള വികിപീഡിയ ലേഖനം അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രസക്തിയും പശ്ചാത്തലവും സമഗ്രമായി അവതരിപ്പിക്കുന്നുണ്ട്. ഇരുനൂറ്റി അമ്പതിലേറെ വംശീയ വിഭാഗങ്ങളും അമ്പതില്‍ കൂടുതല്‍ ഭാഷകളുമുള്ള നൈജീരിയയില്‍ മുസ്ലിം ഭൂരിപക്ഷമുള്ള ഹോസാ വിഭാഗം വടക്കന്‍ നൈജീരിയയിലും കത്തോലിക്കാ മേധാവിത്തമുള്ള ഇബോ വിഭാഗം തെക്കന്‍ മേഖലയിലും വ്യത്യസ്ത ക്രിസ്തീയ ക്രമങ്ങളോടൊപ്പം മുസ്ലിം സ്വാധീനവുമുള്ള യോറൂബ വിഭാഗം തെക്ക് പടിഞ്ഞാറന്‍ മേഖലയിലും പ്രബലമാണ്. കൊളോണിയല്‍ പൂര്‍വ്വ കാലഘട്ടത്തില്‍ പരസ്പര വിനിമയങ്ങളില്ലാതെ വേറിട്ട ദേശങ്ങളായി നിലക്കൊണ്ട വ്യത്യസ്ത വിഭാഗങ്ങള്‍ 1914-ലെ ബ്രിട്ടീഷ് അധിനിവേശത്തോടെ ഏകീകരിക്കപ്പെട്ടു. ബ്രിട്ടന്‍ പ്രതിനിധാനം ചെയ്ത അധികാര കേന്ദ്രത്തിനു കീഴില്‍ പ്രാദേശിക ഗോത്ര വംശീയതകള്‍ തങ്ങളുടെ മേഖലകളില്‍ സാമന്താരെ പോലെ ഭരിച്ചു. സൈനിക മിടുക്കില്‍ സ്വതേ മുന്നിട്ടു നിന്ന ഹോസ വിഭാഗം ബ്രിട്ടീഷ് നൈജീരിയന്‍ പട്ടാളത്തില്‍ മേല്‍ക്കൈ നേടിയത് സ്വാഭാവികമായിരുന്നു. അതേ സമയം, വ്യാവസായിക കേന്ദ്രമെന്ന നിലക്കും എണ്ണസമ്പന്നതയിലും മുന്നിട്ടു നിന്ന തെക്കന്‍ മേഖലയില്‍ വിദ്യാഭ്യാസ പരവും വാണിജ്യ പരവുമായ വളര്‍ച്ച നേടാന്‍ കഴിഞ്ഞത് ഇബോ, യൊറൂബ വിഭാഗങ്ങളെ സാംസ്കാരികമായി മുന്നിലെത്തിച്ചു. ബ്രിട്ടന് കീഴില്‍ സംഘര്‍ഷത്തിലേക്ക് പോകാതെ നിലനിന്നുവന്ന അധികാര സമവാക്യങ്ങള്‍, 1960- ലെ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം പതിയെ ശിഥിലമായിത്തുടങ്ങി. ദേശീയ പ്രശ്നങ്ങളെ തെരഞ്ഞെടുപ്പുകളിലൂടെ നേരിട്ടുവന്ന ജനാധിപത്യ രീതി അഴിമതിയില്‍ കുളിച്ച ഹോസാ സൈനിക അട്ടിമറികളുടെ നൈരന്തര്യത്തില്‍ ഇല്ലാതായി. ഒപ്പം വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്ന വൈരുധ്യങ്ങള്‍ ഹിംസാത്മകമായി വെളിപ്പെടാനും തുടങ്ങിയത് വംശീയ കലാപങ്ങള്‍ക്ക് വഴിമരുന്നിട്ടു. കൊളോണിയല്‍ കാലം മുതല്‍ മിഷനറി വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ ഇബോ വിഭാഗം, കലുഷമായ ദേശീയ സാഹചര്യങ്ങളില്‍ നിന്ന് സ്വതന്ത്രമാകാനും തങ്ങളുടെ സ്വതന്ത്ര അസ്തിത്വം സ്ഥാപിക്കാനുമായി ബിയാഫ്ര ദേശം പ്രഖ്യാപിച്ചു. തുടര്‍ന്ന് നൈജീരിയയും പുതു ദേശവും തമ്മിലുണ്ടായ സംഘര്‍ഷം രണ്ടര വര്‍ഷം കൊണ്ട് (6th July 1967 to 15 Jan 1970)  സൈനികരും സിവിലിയന്‍ പൌരന്മാരുമായി മൂന്ന് ദശലക്ഷം പേരുടെ മരണത്തിനിടയാക്കി. ഏറ്റവും നിന്ദ്യമായ ഒരു ഉപരോധത്തിലൂടെ എങ്ങനെയാണ് ബിയാഫ്രായെ പട്ടിണിയില്‍ മുക്കി കൊലപ്പെടുത്തിയത് എന്ന് ഏറ്റവും തീക്ഷണമായി അവതരിപ്പിച്ചത് ചിമമാന്‍ദാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ എന്ന നോവലില്‍ വായിക്കാം:

 

"പട്ടിണി ഒരു നൈജീരിയന്‍ യുദ്ധ ആയുധമായിരുന്നു. പട്ടിണി ബിയാഫ്രയെ തകര്‍ത്ത്ബിയാഫ്രക്ക് പ്രശസ്തി നേടിക്കൊടുത്തുനിലനിന്നിടത്തോളം കാലം ബിയാഫ്രയെ നിലനിര്‍ത്തി. പട്ടിണി ലാഗോസിലും ലണ്ടനിലും മോസ്ക്കൊയിലും ചെക്കൊസ്ലോവാക്യയിലും (അതിലേക്കു) ജനശ്രദ്ധ കൊണ്ടുവരികയും പ്രകടനങ്ങളും  പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സാംബിയായെയും ടാന്‍സാനിയായെയും ഐവറി കോസ്റ്റിനെയും ഗാബോണിനെയും     കൊണ്ട് ബിയാഫ്രായെ അംഗീകരിപ്പിച്ചുപട്ടിണി ആഫ്രിക്കയെ നിക്സന്റെ അമേരിക്കന്‍   ക്യാമ്പെയ്നിലെക്ക് കൊണ്ടുവരികയും ലോകമെങ്ങുമുള്ള മാതാപിതാക്കളെ കൊണ്ട് അവരുടെ കുട്ടികളോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടാന്‍ ഇടയാക്കുകയും ചെയ്തു.     പട്ടിണി സന്നദ്ധ  സംഘടനകളെ കൊണ്ട് ഇരുട്ടിന്റെ മറപറ്റി വായുമാര്‍ഗ്ഗം ബിയാഫ്രായിലേക്ക് ഭക്ഷണം ഒളിച്ചു കടത്താന്‍ പ്രേരിപ്പിച്ചുകാരണം ഇരുവശങ്ങള്‍ക്കും യാത്രാമാര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല. പട്ടിണി ഫോട്ടോ ഗ്രാഫര്‍മാരുടെ തൊഴിലിനെ സഹായിച്ചു. പട്ടിണി അന്താരാഷ്‌ട്ര റെഡ് ക്രോസിനെ കൊണ്ട് ബിയാഫ്രായെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ     സന്നിഗ്ധാവസ്ഥ എന്ന് വിളിപ്പിച്ചു.

            (ഹാഫ് ഓഫ് എ യെല്ലോ സണ്‍ : അധ്യായം - 21)

എന്നാല്‍ ബിയാഫ്രായുടെ ഏറ്റവും കടുത്ത ഇരപക്ഷമായിരുന്ന ഇബോ വിഭാഗത്തില്‍ നിന്നുള്ള അദീചിയുടെ ആവിഷ്കാരത്തില്‍ കാണാവുന്ന അത്രതന്നെ അനുഭാവപൂര്‍ണ്ണമല്ല സംഘര്‍ഷത്തോടുള്ള സെഫി അത്തയുടെ നിലപാട് എന്നത് അവരുടെ യൊറൂബ പാരമ്പര്യവുമായി ചേര്‍ത്തു കാണേണ്ടതുണ്ടോ എന്നും ചിന്തിക്കാം. എന്തായാലും, ഇന്ന് ദേശരാഷ്ട്ര വ്യവസ്ഥക്കനുസൃതമായി വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ ഇടപഴകുന്നുണ്ടെങ്കിലും അന്തര്‍ധാരയായ ഭിന്നതകള്‍ വംശീയ അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാകും വിധം ഇടയ്ക്കിടെ സജീവമാണ്. ഇത്തരമൊരു സംഘര്‍ഷത്തിന്റെ ഭാഗമായാണ് എനിറ്റാനിന്‍റെ പിതാവ് ജയിലിലാകുന്നത്.

നോവലിലെ പ്രമേയ ഘടനയില്‍ പ്രകടമായ രാഷ്ട്രീയ അസ്വാസ്ത്യങ്ങള്‍ക്ക് നേരിട്ടല്ലെങ്കിലും ചാലക ശക്തിയായി നില്‍ക്കുന്നത് മതപരവും അധികാരവും സമ്പത്തും പങ്കുവെക്കുന്നതിന്റെ സങ്കീര്‍ണ്ണതകലുമാണ്. യൊറൂബ വിഭാഗക്കാരായ തായ് വോ കുടുംബം വ്യത്യസ്ത വിഭാഗങ്ങളോട് സഹിഷ്ണുതയുള്ളവരാണ്. കാംബ്രിഡ്‌ജിലെ പഠന കാലത്ത് അച്ഛന്റെ കൂട്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ ചേര്‍ത്തു ‘മൂന്ന് പോരാളികള്‍’ എന്ന് എനിറ്റാന്‍ വിവരിക്കുന്നത് അവരുടെ പൂര്‍വ്വകാല സൌഹൃദത്തിന്റെ ഇഴയടുപ്പം സൂചിപ്പിക്കുന്നു. എന്നാല്‍ ബിയ്ഫ്രാന്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതോടെ സുഹൃത്തുകള്‍ വ്യത്യസ്ത ചേരികളിലാകുന്നു. ഒരാള്‍ ബിയാഫ്രായോടൊപ്പം ചേരുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. മറ്റൊരാള്‍ യൊറൂബ പ്രസ്ഥാനത്തെ പ്രകടമായിത്തന്നെ പിന്തുണയ്ക്കുന്നുമ്പോള്‍ സണ്ണി നിശ്ശബ്ദ സഹകരണത്തിന്റെ വഴി തേടുന്ന ഉപജാപക രാഷ്ട്രീയക്കാരനാണ്. എഴുപതുകളില്‍, ബിയാഫ്ര ചരിത്രമായിക്കഴിഞ്ഞെങ്കിലും, ബ്രിട്ടനില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് എനിറ്റാന്‍ അറിയുന്നുണ്ട്. അകാരണമായ കസ്റ്റഡിയിലെടുക്കളും രാഷ്ട്രീയപ്രേരിത തിരോധാനങ്ങളും ഭരണഘടന സസ്പെന്‍ഡ് ചെയ്യലും പോലുള്ള സൈനിക ഇടപെടലുകള്‍ നിത്യ സംഭാവമാകുന്നത് എനിറ്റാന്‍ വിവരിക്കുന്നുണ്ട്. തിരിച്ചെത്തുന്ന എനിറ്റാന്‍ കാണുക അച്ഛന്‍ രാഷ്ട്രീയത്തില്‍ പിണഞ്ഞു പോകുന്നതും കസ്റ്റഡിയില്‍ എടുക്കപ്പെടുന്നതുമാണ്. രാഷ്ട്രീയമായ ഇത്തരം അടിയൊഴുക്കുകള്‍ക്കൊപ്പം  അമ്മയുടെ വിശ്വാസ വഴികള്‍ പ്രതിനിധാനം ചെയ്യുന്ന നൈജീരിയന്‍ കൃസ്തീയതയും നോവലിലെ പ്രധാന സംഘര്‍ഷ വിഷയമാണ്. കൊളോണിയല്‍ കാലം മുതലേ ഇബോ, യൊറൂബ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ശക്തമായ സ്വാധീനം ചെലുത്തിയ മിഷനറി പ്രവര്‍ത്തനത്തിന്റെ ഫലമായി ആംഗ്ലിക്കന്‍, കാത്തോലിക് ചര്‍ച്ചുകള്‍ വന്‍ ജനപിന്തുണ നേടിയെടുത്തിരുന്നു. പുരുഷ മേധാവിത്ത സമീപനം തന്റെ പുരോഗമന മുഖത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വെക്കുന്ന സണ്ണി ഭാര്യയുടെ ആംഗ്ലിക്കന്‍ വിധേയത്വത്തെ കളിയാക്കുകയും മകളുടെ മേല്‍ അതൊരു ചീത്ത സ്വാധീനമാകുമെന്നു ന്യായമായും പരാതിപ്പെടുകയും ചെയ്യുന്നുണ്ട്. ഗാര്‍ഹിക സംഘര്‍ഷങ്ങളുടെ പ്രധാന ഉറവിടമായും ഒടുവില്‍ ദാമ്പത്യ ശൈഥില്യത്തിനും ഇത് കാരണമാകുന്നുന്മുണ്ട്. കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ സമൂഹത്തില്‍ സ്ത്രീത്വത്തിനു ഉണ്ടായിരുന്ന കുലീനമായ സ്ഥാനം പരിഗണിക്കുമ്പോള്‍ കൊളോണിയല്‍ ശേഷിപ്പായ  സ്ത്രീവിരുദ്ധതക്കും പാരമ്പര്യത്തിനും മറുമരുന്നായി മാമാ എനിറ്റാനിന്‍റെ വിശ്വാസപരമായ കടുംപിടുത്തങ്ങള്‍ മാറുന്നത് സ്വാഭാവികമാണ് എന്ന് കാണാം.

 

നോവലിസ്റ്റിന്റെ അപര സ്വത്വം?

 

നോവലിന്റെ വീക്ഷണ കോണ്‍ നിലനിര്‍ത്തുന്ന ആധികാരികതയുടെ നിദാനം സെഫി അത്ത തന്റെ സമകാലികയായ മുഖ്യ കഥാപാത്രത്തിലൂടെയാണ് അത് ആവിഷ്കരിക്കുന്നത് എന്നതാണ്. 1971-ല്‍ നോവല്‍ ആരംഭത്തില്‍ ഏഴു വയസ്സുകാരിയായ എനിറ്റാന്‍ 1964-ല്‍ ജനിച്ച നോവലിസ്റ്റിന്റെ സമപ്രായക്കാരിയാണ്. ബിയാഫ്രം സംഘര്‍ഷ കാലത്ത് തീരെ ചെറുപ്പമായിരുന്ന എനിറ്റാന്‍/ സെഫി അത്തക്ക് ബാല്യസഹജമായ കാഴ്ചപ്പാട് നിലനിര്‍ത്താന്‍ കഴിയുന്നു. നോവലിലെ സംഭവ ഗതികളോടൊപ്പം വളരുന്ന മുഖ്യ കഥാപാത്രത്തിനു നൈജീരിയന്‍ ചരിത്രത്തെ തന്റെ ആഖ്യാനത്തില്‍ സജീവമാക്കി നിലനിര്‍ത്താന്‍ വേണ്ട വിദ്യാഭ്യാസവും സാംസ്കാരിക ഔന്നത്യവും ഉണ്ട്. അതുകൊണ്ട് എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെയുള്ള കഥാകാലം രാഷ്ട്രീയ സാംസ്കാരിക സനിധ്യമായിത്തന്നെ നോവലില്‍ ഇടം പിടിക്കുന്നു. അല്‍ ഹാജി ഷേഹു ഷാഗരിയുടെ കീഴിലെ രണ്ടാം റിപ്പബ്ലിക് (1979- ’83), ഇബ്രാഹിം ബബാന്‍ഗിഡയുടെ കീഴിലെ മൂന്നാം റിപ്പബ്ലിക്(1992- ’93) എന്നിവയും ഇടയിലെ പട്ടാള എകാധിപത്യങ്ങളുടെയും അട്ടിമറികളുടെയും കാലഘട്ടങ്ങലാണ് നോവലില്‍ പശ്ചാത്തലമാകുന്നത്. ബിയാഫ്രാന്‍ സംഘര്‍ഷ കാലം വിഷയമാക്കുന്ന മുതിര്‍ന്ന നോവലിസ്റ്റുളില്‍ നിന്ന് വ്യത്യസ്തമായി ഇളംമുറക്കാരിയുടെ രചന എന്ന നിലയില്‍ കൊളോണിയലിസത്തിന്റെ അനുഭവങ്ങള്‍ ഉള്ളവരുടെ വീക്ഷണ ഗതിയില്‍ നിന്ന് തലമുറയുടെ അന്തരമുണ്ട് സെഫി അത്തയുടെ സമീപനത്തില്‍. കൊളോണിയലിസം നേരിട്ടനുഭവിച്ച യാഥാര്‍ത്ഥ്യം എന്ന നിലക്കല്ല, അതിന്റെ ബാക്കിപത്രത്തെ സ്വാതന്ത്ര്യാനന്തര നൈജീരിയന്‍ ജീവിതത്തിന്റെ വൈയക്തിക കഥാഖ്യാന രൂപത്തില്‍ സമീപിക്കുന്ന തലമുറയുടെ പ്രതിനിധിയായാണ് സെഫി അത്ത സ്വയം പരിചയപ്പെടുത്തുന്നത്. നാടിനെ ഗ്രസിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പായി വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. സ്ത്രീ കഥാപാത്രങ്ങളില്‍ കേന്ദ്രിതമായ ആഖ്യാനം എന്ന നിലയില്‍ സമൂഹത്തില്‍ ശക്തമായിത്തുടരുന്ന പുരുഷ മേധാവിത്ത, സെക്സിസ്റ്റ് സമീപനങ്ങളും കൊളോണിയല്‍ പാരമ്പര്യത്തില്‍ തന്നെ ചെന്ന് മുട്ടുന്നത് നോവലിന്റെ തുല്യ പ്രധാനമായ നിലപാട് തന്നെയാണ്.

 

സെഫി അത്തയുടെ ഋജുവും അനാര്‍ഭാടവുമായ ശൈലി നോവലിന് രേഖീയവും അമിത സൂചക സാന്ദ്രതയില്ലാത്തതുമായ ഒരു ആത്മകഥാഖ്യാന സ്വഭാവം നല്‍കുന്നുണ്ട് എന്നും അനുഭവപ്പെടാം. എനിറ്റാന്‍ മുതിര്‍ന്നു വരവിന്റെ ഘട്ടങ്ങളില്‍ ദേശാനുഭവത്തെയും സ്ത്രീ എന്ന നിലയില്‍ സാമൂഹിക സാംസ്കാരികാനുഭവങ്ങളെയും നേരിടുന്നതിലെ പടിപടിയായുള്ള വികാസം സംഘര്‍ഷ മേഖലയിലെ ജീവിതം നല്‍കുന്ന പാഠമായി നൈജീരിയന്‍ യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ അവളെ പ്രാപ്തയാക്കുകയാണ്. മമ്മയുടെയും ഷെറിയുടെയും കാര്യത്തിലും ഇത് ഏറെക്കുറെ ശരി തന്നെയാണ്. സാമൂഹിക നീതിയുടെയും അതിനു വേണ്ടി നിലക്കൊള്ളെണ്ടതിന്റെയും പ്രശ്നം നോവലിന്റെ കാതലാണെങ്കിലും ഒരു ഘട്ടത്തിലും അതിന്റെ വൈയക്തിക തലത്തില്‍ നിന്നും ശ്രദ്ധ വ്യതിചലിക്കാതെ നിര്‍ത്താന്‍ നോവലിസ്റ്റിനു കഴിയുന്നത്‌ ഇതുകൊണ്ടാണ് എന്ന് പറയാം.

Read more:

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html

Americanah by Chimamanda Ngozi Adichie

https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html

Purple Hibiscus by Chimamanda Ngozi Adichie

https://alittlesomethings.blogspot.com/2016/06/blog-post_10.html

Half of a Yellow Sun by Chimamanda Ngozi Adichie

https://alittlesomethings.blogspot.com/2016/05/blog-post.html

 So Long a Letter by Mariama Bâ

https://alittlesomethings.blogspot.com/2024/08/so-long-letter-by-mariama-ba.html

Nervous Conditions by Tsitsi Dangarembga