സ്വാതന്ത്ര്യത്തിന്റെ
കെനിയന്‍ കനല്‍ച്ചിത്രങ്ങള്‍
ആഫ്രിക്കന്‍
സാഹിത്യത്തിന്‍റെ ഊര്‍ജ്ജ
പ്രഭവമായി മൂന്നു ഘടകങ്ങളെ
ബെന്‍ ഒക്രി ചൂണ്ടിക്കാണിക്കുന്നു:
അഗോചരം
അഥവാ മിത്തുകള്‍ ,
ഗോചരം
അഥവാ യാഥാര്‍ത്ഥ്യം,
വാമൊഴി
പാരമ്പര്യം എന്നിവയാണവ.
ഇതില്‍ത്തന്നെ
മിത്തിക്കല്‍ സ്വാധീനത്തെ
ഏറ്റവും പ്രധാനപ്രഭവമായി
അദ്ദേഹം വേര്‍തിരിക്കുന്നു.
ആഫ്രിക്കന്‍
സാഹിത്യത്തിലെ ക്ലാസിക്കുകള്‍
ആയ ആമോസ് ടുടുവോലായുടെ 'ദി
പാം വൈന്‍ ഡ്രിങ്കാര്‍ഡ്',
ചിനുവ
അച്ചബെയുടെ 'തിംഗ്സ്
ഫാള്‍ അപ്പാര്‍ട്ട്'
, കമാറ
ലായെയുടെ 'ദി
ആഫ്രിക്കന്‍ ചൈല്‍ഡ്'
തുടങ്ങിയവയെ
അദ്ദേഹം ഈ ഗണത്തില്‍ അഗ്രഗാമികളായി
വിലയിരുത്തുന്നു.
ബെന്‍
ഒക്രിയുടെ തന്നെ 'ദി
ഫാമിഷ്ഡ് റോഡ്'
തീര്‍ച്ചയായും
ഈ ഗണത്തില്‍ വരുന്നതാണെന്നും
നമുക്ക് പറയാം.
അമ്പതുകളുടെ
കൊളോണിയല്‍ വിരുദ്ധ ഉണര്‍വ്വുകളുടെ
കാലത്ത് പാരമ്പര്യത്തിനും
ഒപ്പം തന്നെ കലുഷമായ സമകാലിക
യാഥാര്‍ത്ഥ്യങ്ങള്‍ക്കും
ചെവികൊടുത്ത് എഴുതിയ
എഴുത്തുകാരെ നിരീക്ഷിക്കുമ്പോള്‍
വ്യക്തമാവുന്ന കാര്യം ബെന്‍
ഒക്രി എടുത്തുപറയുന്നു:
ആധുനിക
ആഫ്രിക്കന്‍ സാഹിത്യം
കൊളോണിയലിസത്തിനെതിരായ
ചെറുത്തുനില്‍പ്പായല്ല
തുടങ്ങിയത്,
മറിച്ച്
കൊളോണിയളിസം ഒരു ആവിഷ്കാര
രീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള
സ്വാഭാവിക പുരോഗതിയുടെ
രൂപത്തില്‍ അതിനു ഒരു പുതിയ
മാനം, ഒരു
പുതിയ ഊന്നല്‍ നല്‍കുകയായിരുന്നു.
മോശം
കാലത്ത് ആളുകള്‍ മോശം കാലത്തെ
കുറിച്ച് പാടുക സ്വാഭാവികം.
എന്നാല്‍
അത് പ്രാതിനിധ്യ സ്വഭാവമുള്ളതല്ല,
കാരണം
മോശം കാലത്തെ കുറിച്ചുള്ള
പാട്ടുകളില്‍ നല്ല കാലങ്ങളെ
കുറിച്ചുള്ള സൂചകമായി
ആത്മാവിന്റെ ചൈതന്യം
പ്രഘോഷിക്കപ്പെടുന്നു.
പാരമ്പര്യത്തിന്റെ
അഗാധതകളില്‍ നിന്നും ഒപ്പം
കലുഷമായ വര്‍ത്തമാനത്തിന്റെ
പ്രവചന സ്വരങ്ങളില്‍നിന്നും
ഉരുവം കൊണ്ട ഒരു മഹത്തായ സൂചക
കൃതിയായി അദ്ദേഹം ങ്ഗൂഗി വാ തിയോംഗോ യുടെ ആദ്യ പ്രസിദ്ധീകൃത
നോവലായ 'കുഞ്ഞേ,
കരയരുത്
' എന്ന
പുസ്തകത്തെ അടയാളപ്പെടുത്തുന്നു.
(പെന്‍ഗ്വിന്‍
ക്ലാസിക് പതിപ്പിന്റെ ആമുഖം:
ബെന്‍
ഒക്രി).
ഒരു
എഴുത്തുകാരന്റെ/കാരിയുടെ
പ്രഥമകൃതി അദ്ദേഹത്തിന്റെ/അവരുടെ
രചനാലോകത്തിന്റെ മൊത്തം
സൂചകമായിത്തീരുന്ന തരത്തില്‍
ആ പ്രമേയപരമായ ഉത്കണ്ഠകള്‍
ഉള്‍കൊള്ളുന്നതാവാം എന്ന്
നിരീക്ഷണം സാധൂകരിക്കും
വിധം, കുറെയേറെ
കഥകള്‍ക്കും,
'ദി റിവര്‍
ബിറ്റ് വീന്‍'
എന്ന
പിന്നീട് മാത്രം പ്രസിദ്ധീകരിക്കപ്പെട്ട
നോവലിനും ശേഷം ഇരുപത്തിയെട്ടാം
വയസ്സില്‍ എന്‍ഗൂഗി എഴുതിയ
'കുഞ്ഞേ,
കരയരുത്
' അദ്ദേഹത്തിന്റെ
രചനാ ലോകത്തേക്കുള്ള തുറവുതന്നെ
ആകുന്നുണ്ട്.
അക്കാലത്ത്
ആഫ്രിക്കന്‍ എഴുത്തുകാരില്‍
പതിവായിരുന്ന രീതിയില്‍
തന്റെ മാമോദീസാ പേരായ ജെയിംസ്
എന്‍ഗൂഗി എന്ന പേരിലാണ് അന്നത്
പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും
വൈകാതെ ആ കൊളോണിയല്‍ ഭാരം
നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു
. പില്‍ക്കാലം,
ആഫ്രിക്കന്‍
സ്വത്വത്തെ കുറിച്ചും ഭാഷാപരമായ
തനിമയെ കുറിച്ചുമുള്ള
തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ
രചനാരീതികളെയും മാറ്റിമറിച്ചു.
'കുഞ്ഞേ,
കരയരുത്
' ആദ്യം
ഇംഗ്ലീഷില്‍ എഴുതിയ നോവലിസ്റ്റ്,
പില്‍ക്കാലം
ഗികുയു, സ്വാഹിലി
ഭാഷകളില്‍ എഴുതിയ ശേഷം
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം
ചെയ്യുന്ന രീതിയിലേക്ക്
മാറി. ഒരു
ഘട്ടത്തില്‍ ഇനി മുതല്‍
ഗികുയുവില്‍ മാത്രമേ എഴുതുകയുള്ളൂ
എന്നും അദ്ദേഹം തീരുമാനിച്ചു.
1987-ല്‍
പുറത്തിറങ്ങിയ 'മാതിഗാരി'
എന്ന
നോവലിന് ശേഷം 2006-ല്‍
'വിസാര്‍ഡ്
ഓഫ് ദി ക്രോ'
എന്ന
ബൃഹദ് നോവല്‍ വരെയുള്ള ഏകദേശം
രണ്ടു പതിറ്റാണ്ടോളം
അദ്ദേഹത്തിന്റെ രചനകളെല്ലാം
ഗികുയു ഭാഷയില്‍ ആയിരുന്നു.
കനലില്‍
പിച്ചവെക്കുന്നവര്‍
ഇംഗ്ലീഷ്
വിദ്യാഭ്യാസം നേടി കൊളോണിയല്‍
യുദ്ധത്തെ കികുയു കാഴ്ചപ്പാടില്‍
ഫിക് ഷനില്‍ ആവാഹിച്ച ആദ്യ
ആഫ്രിക്കന്‍ എഴുത്തുകാരനാണ് ങ്ഗൂഗി വാ തിയോംഗോ.
1952 - '60 -കാലഘട്ടത്തിലെ
'കെനിയന്‍
അടിയന്തരാവസ്ഥ'
എന്നും
'മോ
മോ' കലാപം
എന്നും അറിയപ്പെട്ട കെനിയന്‍
സ്വാതന്ത്ര്യ സമരം
കൊടുമ്പിരിക്കൊള്ളുന്ന
കാലത്ത് കൗമാരം പിന്നിടുന്ന
ന്യൊറോഗി എന്ന ബാലന്റെ
മുതിര്‍ന്നു വരവിന്റെ കഥയാണ്
'കുഞ്ഞേ,
കരയരുത്'
എന്ന
ആദ്യ നോവലില്‍ അദ്ദേഹം
അവതരിപ്പിക്കുന്നത്.
കൊളോണിയല്‍
ആധിപത്യത്തിനെതിരായ തീക്ഷ്ണ
പ്രതികരണമായി ഗറില്ലാ പോരാട്ടം
നാടെങ്ങും പടരുന്ന കാലം.
ദുരിതങ്ങളില്‍
തകര്‍ന്നു പോയിട്ടുണ്ടെങ്കിലും
വിട്ടുപോയിട്ടില്ലാത്ത
സൗന്ദര്യത്തിന്റെ ഉടമയായ
മമ്മ ന്യോകാബി,
മകനു
സ്കൂളില്‍ പോകാനുള്ള അപൂര്‍വ്വ
അവസരം വാഗ്ദാനം ചെയ്യുന്നത്,
അതീവ
സന്തോഷത്തോടെയാണ് അവന്‍
സ്വീകരിക്കുക.
ആശാരിപ്പണി
പഠിക്കുന്ന അര്‍ദ്ധ സഹോദരന്‍
കമാവു അനിയനെ അനുമോദിക്കുന്നു;
അവര്‍
മികച്ച ഭാവി സ്വപ്നം കാണുന്നു.
ഒരു
കാലത്ത് തങ്ങളുടെ സ്വന്തമായിരുന്ന
ഭൂമിയില്‍ ഇപ്പോള്‍ അതിന്റെ
ബ്രിട്ടിഷ് ഭൂവുടമ മി.
ഹോലാന്‍ഡ്സിന്
വേണ്ടി കര്‍ഷകത്തൊഴില്‍
ചെയ്യുന്ന പപ്പ എന്‍ഗോതോ,
കുടുംബത്തില്‍
ആദ്യം സ്കൂളില്‍ പോവുക തന്റെ
മകനായിരിക്കുമെന്ന അഭിമാനത്തിലാണ്.
സ്കൂളിലെ
കഠിനമായ ആദ്യ ദിനങ്ങളില്‍
അവനു കൂട്ടാവുക ധനികനായ ഗികുയു
കര്‍ഷകനും തങ്ങളുടെ കിടപ്പാടത്തിന്റെ
ഉടമയുമായ ജകൊബോയുടെ മകള്‍
മ്വിഹാകി ആയിരിക്കും.
ഒരു
സായാഹ്നത്തില്‍ ,
എങ്ങനെയാണ്
ബ്രിട്ടീഷുകാര്‍ ഗികുയു ദേശം
സ്വന്തമാക്കിയതെന്ന കഥ പപ്പ
തന്റെ ഭാര്യമാരോടും കോറി,
ബോറോ,
കമാവു,
ന്യൊറോഗി
എന്നീ മക്കളോടും പറയുന്നത്
എല്ലാവരെയും അസ്വസ്ഥരാക്കുന്നുവെങ്കിലും,
രണ്ടാം
ലോക യുദ്ധത്തിനിടെ തന്റെ
സഹോദരനെ നഷ്ടമായ ബോറോയിലാണ്
അത് കൂടുതല്‍ രോഷം സൃഷ്ടിക്കുക.
ഇംഗ്ലീഷ്
പരിജ്ഞാനം നേടിയെടുക്കുന്ന
ന്യൊറോഗി തന്റെ ബൈബിള്‍
പഠനത്തിനിടെ,
ഗികുയു
പോരാട്ടങ്ങളും ഇസ്രയേല്യരുടെ
പീഡനവും തമ്മില്‍ സാമ്യം
കണ്ടെത്തുന്നു.
കമാവുവാകട്ടെ,
തന്റെ
ആശാന്‍ എന്‍ഗാനയുടെ
മെല്ലെപ്പോക്കില്‍
മടുത്തുപോയിരിക്കുന്നു.
ആഫ്രിക്കന്‍
ജനതക്ക് കൂടുതല്‍ അധികാരങ്ങള്‍
ആവശ്യപ്പെട്ടുകൊണ്ട് സമരം
ആരംഭിക്കുന്നതിനെ കുറിച്ച്
കേള്‍ക്കാനിടയാവുന്ന
എന്‍ഗോതോക്ക് അതില്‍ പങ്കെടുക്കണം
എന്നുണ്ടെങ്കിലും മി.
ഹോലാന്‍ഡ്സ്
തന്നെ ജോലിയില്‍ നിന്ന്
പറഞ്ഞുവിടുമെന്ന് അയാള്‍
ഭയപ്പെടുന്നു.
ഇതിനോടകം
പ്രസ്ഥാനത്തില്‍ ഒരു നേതാവായി
ഉയര്‍ന്നു വന്നിരിക്കുന്ന
ബോറോ, മറ്റു
ചിലരോടൊപ്പം യോഗത്തെ അഭിസംബോധന
ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കൊളോണിയല്‍
കാലത്ത് സ്വന്തമായി ഭൂമി
ഉടമസ്ഥതയില്‍ വെക്കാനും
കൃഷിനടത്താനും അവകാശമുള്ള
ചുരുക്കം തദ്ദേശീയരില്‍
ഒരാള്‍ എന്ന നിലയില്‍
നാട്ടുപ്രമാണിയായ ജകൊബോയെ
മുന്നില്‍ നിര്‍ത്തി സമരം
പൊളിക്കാന്‍ പോലീസ്
ശ്രമിക്കുന്നതില്‍ പ്രകോപിതനാവുന്ന
എന്‍ഗോതോ സ്റ്റേജില്‍ കയറി
അയാളെ ആക്രമിക്കാന്‍
ശ്രമിക്കുന്നു.
കലാപം
ഉടനടി അടിച്ചമര്‍ത്തപ്പെടുന്നെങ്കിലും,
ഭയപ്പെട്ടപോലെ,
എന്‍ഗോതോയും
കുടുംബവും അതിനു കനത്ത വില
നല്‍കേണ്ടി വരുന്നു.
മി.
ഹോലാന്‍ഡ്സ്
അയാളെ പിരിച്ചു വിടുകയും,
ജകൊബോ
അവരെ കുടിയിറക്കുകയും ചെയ്യുന്ന
സന്ദിഗ്ധ ഘട്ടത്തില്‍ എന്‍ഗാന
അവര്‍ക്ക് അഭയം നല്‍കുന്നു.
'മോമോ'
പ്രസ്ഥാനത്തിലെ
മിതസ്വരത്തിന്റെ പ്രതീകവും
ന്യൊറോഗിയുടെ നായകനുമായ ജോമോ
കെനിയാറ്റ അറസ്റ്റ്
ചെയ്യപ്പെടുന്നതോടെയാണ്
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു
ശേഷം ആഖ്യാനം പുരാരംഭിക്കുന്നത്.
പ്രസ്ഥാനത്തിലെ
തീവ്ര വിഭാഗം കടുത്ത
മാര്‍ഗ്ഗങ്ങളിലേക്ക്
തിരിഞ്ഞതിന്റെ ഫലങ്ങള്‍
ഹിംസാത്മകമായ തിരിച്ചടികളായി
നാടെങ്ങും അനുഭവപ്പെട്ടു
തുടങ്ങുന്നു.
പോലീസിനെയും
കലാപകാരികളെയും ജനങ്ങള്‍
ഒരുപോലെ ഭയപ്പെടേണ്ട സാഹചര്യം.
ഒരു
വശത്ത് കൊറോയും ബോറിയും
പോലീസുമായി ഇടയ്ക്കിടെ കൊമ്പു
കോര്‍ക്കുന്നു.
അതേ സമയം,
മി.
ഹോലാന്‍ഡ്സും
ജകൊബോയും കൈകോര്‍ത്തു എന്‍ഗോതോയെ
അറസ്റ്റ് ചെയ്യിക്കാന്‍
ശ്രമിക്കുന്നു.
കോറിയും
എന്‍ഗോതോയുടെ ആദ്യ ഭാര്യ
എന്‍യേരിയും അറസ്റ്റിലാവുന്നു.
ഇത്തരം
കാലുഷ്യങ്ങള്‍ക്കെല്ലാം
ഇടയിലും കമാവുവിന്റെ ഉപദേശ
പ്രകാരം കലാപകാരികളുടെ ഭീഷണി
അവഗണിച്ചു ന്യൊറോഗി സ്കൂളില്‍
പോകുന്നത് തുടരുന്നു.
വര്‍ഷങ്ങളുടെ
ഇടവേളയ്ക്കു ശേഷം ഗ്രാമത്തില്‍
തിരിച്ചെത്തുന്ന മ്വിഹാകിയും
ന്യൊറോഗിയും സൗഹൃദം
പുതുക്കുന്നുവെങ്കിലും,
തങ്ങളുടെ
സാമൂഹ്യ നിലകളിലെ അന്തരം
മ്വിഹാകിയെ ഉലക്കുന്നു.
അതിനോടൊപ്പം,
ന്യൊറോഗിക്ക്
ഹൈ സ്കൂള്‍ പഠനത്തിനു അവസരം
ഒരുങ്ങുമ്പോള്‍ ഗ്രേഡുകള്‍
മോശമായ മ്വിഹാകിക്ക് ടീച്ചിംഗ്
കോളേജില്‍ പോകേണ്ടിയും
വരുന്നു.
സ്കൂളില്‍
വെച്ച് മി.
ഹോലാന്‍ഡ്സിന്റെ
മകന്‍ സ്റ്റീഫനുമായി അപൂര്‍വ്വമായ
ഒരു സൗഹൃദത്തിലേക്കു ന്യൊറോഗി
എത്തിച്ചേരുന്നു.
കുട്ടിക്കാലത്ത്
പരസ്പരം സംസാരിക്കാന്‍
ഭയമായിരുന്നെങ്കിലും
രണ്ടുപേര്‍ക്കും പൊതുവായി
പലതുമുണ്ടെന്ന് സുഹൃത്തുക്കള്‍
കണ്ടെത്തുന്നു.
പ്രതീക്ഷകളുടെ
നാളുകള്‍ക്ക് പക്ഷെ
അല്‍പ്പായുസ്സാണെന്ന്
തെളിയിച്ചുകൊണ്ട് ,
പത്തൊമ്പതാം
വയസ്സില്‍ ,
ജകൊബോയുടെ
വധവുമായി ബന്ധപ്പെട്ട്
കസ്റ്റഡിയില്‍ എടുക്കപ്പെടുന്ന
ന്യൊറോഗി ഭീകരമായി
പീഡിപ്പിക്കപ്പെടുന്നു.
യഥാര്‍ഥത്തില്‍
ജക്കൊബോയുടെ വധം കുടുംബത്തിന്റെ
സമൂലമായ ദുരന്തത്തിനു
കാരണമായിത്തീരുമെങ്കിലും
ന്യോറോഗിയോ എന്‍ഗോതോയോ അല്ല
അതിനുത്തരവാദിയെന്നു
സുവ്യക്തമാണ്.
മി.
ഹോലാന്‍ഡ്സും
ജകൊബോയും ചേര്‍ന്ന് അച്ഛനെ
അറസ്റ്റ് ചെയ്യിക്കുന്നതിനെ
തുടര്‍ന്നു ബോറോയാണ് ജകൊബോയെ
കൊല്ലാന്‍ പദ്ധതിയിടുന്നത്
. തടവില്‍
എന്‍ഗോതോ കുറ്റ സമ്മതം
നടത്തിയിട്ടുണ്ടെന്നും അയാളെ
വന്ധ്യംകരിച്ചിരിക്കുന്നു
എന്നും പോലീസ് വ്യക്തമാക്കുന്നു.
വിശ്വസ്തനായ
കുടിയാനെ ഇത്തിരി വൈകിയാണെങ്കിലും
മനസ്സാക്ഷിയുടെ കുത്തല്‍
സഹിക്കാനാവാതെ മി.
ഹോലാന്‍ഡ്സ്
ജയില്‍ മോചിതനാക്കുന്നു.
കസ്റ്റഡിയില്‍
പെട്ടുപോയിരുന്ന കമാവുവിനെ
രക്ഷിക്കാന്‍ വേണ്ടി എന്‍ഗോതോ
കുറ്റം എല്‍ക്കുകയായിരുന്നു
എന്നും യഥാര്‍ഥത്തില്‍
സഹോദരന്റെ മരണത്തിനു
പ്രതികാരമെന്നോണം അത് ചെയ്തത്
ബോറോ ആയിരുന്നു എന്നും
വ്യക്തമാവുന്നു.
പീഡനത്തിന്റെ
ബാക്കിപത്രമായി എന്‍ഗോതോ
വൈകാതെ മരിക്കുന്നതോടെ,
അയാളുടെ
നിരപരാധിത്തം അറിഞ്ഞിട്ടും
അതിനു വിട്ടുകൊടുത്ത മി.
ഹോലാന്‍ഡ്സിനെ,
അയാളുടെ
വസതിയില്‍ വെച്ചുതന്നെ ബോറോ
വധിക്കുകയായിരുന്നു .
എന്‍ഗോതോയുടെ
മരണ ശേഷം കുടുംബഭാരം ഏല്‍ക്കേണ്ടി
വരുന്ന ന്യൊറോഗി പഠനം നിര്‍ത്തി
ഒരു ഡ്രസ്സ് ഷോപ്പില്‍ ജോലി
നോക്കാന്‍ നിര്‍ബന്ധിതനാവുന്നു.
തനിക്കുള്ള
ഒരേയൊരു ആശ്വാസമായ മ്വിഹാകിയെ
അയാള്‍ തേടിയെത്തുന്നുവെങ്കിലും,
ഇരുവരും
തങ്ങളുടെ പ്രണയം ഏറ്റുപറയുന്നെങ്കിലും,
പിതാക്കള്‍
നഷ്ടപ്പെട്ട കുടുംബങ്ങളുടെ
ഉത്തരവാദിത്തങ്ങള്‍ അവര്‍
ഒരുമിക്കുന്നത്
അസാധ്യമാക്കിയിരിക്കുന്നുവെന്നു
തിരിച്ചറിയുന്നു.
ആത്മഹത്യക്ക്
ശ്രമിക്കുന്ന ന്യൊറോഗിയേ
പിന്തിരിപ്പിച്ചു മമ്മ
ന്യോകാബി വീട്ടിലേക്കു
കൊണ്ടുവരുന്നു.
മണ്ണിന്റെ
ഉടമസ്ഥത എന്നത് പവിത്രമായ
ഒരു അവകാശമായിക്കണ്ടിരുന്ന
ഗികുയു സംസ്കൃതിയില്‍ ബ്രിട്ടീഷ്
ഭൂസ്വത്ത് നിയമങ്ങള്‍ കനത്ത
ആഘാതമാണ് സൃഷ്ടിച്ചത്.
അക്രമകാരികളായ
കൊളോണിയലിസ്റ്റുകള്‍ വന്‍
തോതില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം
സ്വന്തമാക്കുന്നതിനും,
ചിരപുരാതനമായി
അന്തസ്സോടെ സ്വന്തം ഭൂമിയില്‍
കഴിഞ്ഞുവന്നവരെ അവിടെത്തെ
തന്നെ അടിയാന്മാരാക്കി
മാറ്റുന്നതിനും ഈ ഇടപെടലുകള്‍
നിമിത്തമായി.
എന്‍ഗോതോയുടെ
ജീവിതം ഈ പരിതോവസ്തയുടെ
പ്രതീകമാണ്.
രണ്ടാം
ലോക യുദ്ധത്തില്‍ ബ്രിട്ടന്
വേണ്ടി നിര്‍ബന്ധിത സൈനിക
വൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ട
യുവാക്കളുടെ ജീവത്യാഗങ്ങള്‍
വിലമതിക്കപ്പെടാതെ പോയതും
അമര്‍ഷം രൂക്ഷമാക്കിയ
ഘടകമായിരുന്നു.
നാല്‍പ്പതുകളില്‍
ആരംഭിച്ച 'കെനിയ
ആഫ്രിക്കന്‍ യൂണിയന്‍ '
, ജോമോ
കേനിയാറ്റയുടെ നേതൃത്വത്തില്‍
മിതവാദസമീപനങ്ങളിലൂടെ
സ്വാതന്ത്ര്യ സമര സന്ദേശം
ഏറ്റെടുത്തെങ്കിലും 1952-ല്‍
, ഗോത്ര
സംസ്കൃതിയില്‍ പവിത്രമായി
കണക്കാക്കപ്പെടുന്ന രഹസ്യസ്വഭാവവും
'പ്രതിജ്ഞ'യെടുക്കലും
അടിസ്ഥാനമാക്കി രൂപമെടുത്ത
മോ മോ പ്രസ്ഥാനം യൂറോപ്പ്യന്‍
വംശജര്‍ക്കും 'ഒറ്റുകാര്‍
' എന്ന്
മുദ്രചാര്‍ത്തപ്പെട്ട
തദ്ദേശീയര്‍ക്കുതന്നെയും
എതിരെ കടുത്ത ആക്രമണ സ്വഭാവങ്ങളുള്ള
കടന്നു കയറ്റങ്ങളിലൂടെ
സ്വാതന്ത്ര്യ സമരങ്ങളുടെ
നേതൃത്വം കയ്യടക്കി.
1956 ആവുമ്പോഴേക്കും
ഭീകര മര്‍ദ്ദനമുറകളിലൂടെ
കലാപം ഏതാണ്ട് പൂര്‍ണ്ണമായും
അടിച്ചമര്‍ത്തപ്പെട്ടിരുന്നെങ്കിലും1960വരെ
അടിയന്തിരാവസ്ഥ തുടര്‍ന്നു.
1960-ല്‍
തുടങ്ങിയ അധികാരക്കൈമാറ്റപ്രക്രിയ
1962-ലെ
സ്വാതന്ത്ര്യപ്രാപ്തിവരെ
തുടര്‍ന്നു.
അധികാരക്കൈമാറ്റ
പ്രക്രിയയുടെ കാലം 'കുഞ്ഞേ,
കരയരുത്'
പശ്ചാത്തലത്തിലേക്കെടുക്കുന്നില്ല.
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 73-78