Featured Post

Saturday, October 25, 2025

Ngũgĩ wa Thiong'o - A Tribute

 

ങ്ഗൂഗി വാ തിയോങ്ഗോ: കലയും കാലവും കലാപവും.’- ഫസല്‍ റഹ്മാന്‍

https://www.youtube.com/watch?v=v8H167Dc8M0


1938ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ കെനിയയിലെ ലിമൂറുവില്‍ കികുയു വംശീയ വിഭാഗത്തില്‍ ‘ജയിംസ് ങ്ഗൂഗി’ എന്ന മാമോദീസ പേരോടെ ജനിച്ച ങ്ഗൂഗി വാ തിയോങ്ഓസ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്ന മോ മോ കലാപത്തില്‍ പങ്കെടുത്തു കൊടിയ പീഡനങ്ങളും രക്തസാക്ഷിത്തവും വരെ സഹിച്ച കുടുംബ പാരമ്പര്യത്തിന്റെ അവകാശിയായിരുന്നു. ഉഗാണ്ടയിലെ മകരേരെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന നാളുകളികലാണ് അദ്ദേഹം എഴുത്തിന്റെ വഴിയിലേക്ക് തിരിയുന്നത്. 1962ല്‍ മകരേരെയില്‍ സംഘടിപ്പിക്കപ്പെട്ട ആഫ്രിക്കന്‍ എഴുത്തുകാരുടെ സമ്മേളനത്തില്‍ അദ്ദേഹം എഴുതിയ ആദ്യ നാടകംThe Black Hermit അവതരിപ്പിച്ചതും അവിടെവെച്ചുതന്നെ ആദ്യ കാല നോവലുകളുടെ കയ്യെഴുത്തുപ്രതി സാക്ഷാല്‍ ചിനുവ അച്ചബെക്ക് കൈമാറാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരവായി. അച്ചബെയുടെ മുഖവുരയോടെ 1962-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഹെയ്ന്‍മാന്‍ ആഫ്രിക്കന്‍ സിരീസിലെ ആദ്യ കൃതികളുടെ കൂട്ടത്തില്‍ അവ ഇടം പിടിച്ചു. എണ്‍പത്തിയേഴാം വയസ്സില്‍ ഇക്കഴിഞ്ഞ മേയ് 28നു അദ്ദേഹം അന്തരിക്കുമ്പോള്‍, കെനിയ പോലൊരു കൊളോണിയല്‍/ പോസ്റ്റ്‌കൊളോണിയല്‍ ദേശത്തെ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ ഉത്തുംഗത്തില്‍ എത്തിക്കുകയും ലോകസാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തുകയും ചെയ്ത ഏറ്റവും വലിയ പ്രതിഭയാണ് കടന്നു പോകുന്നത്.

യൂറോപ്പല്ല ലോകത്തിന്റെ കേന്ദ്രമെന്ന് കാണിച്ചു കൊടുക്കുക എന്നത് കൂടി ലക്ഷ്യമാക്കിയിരുന്ന ഒരാള്‍ എന്ന നിലയില്‍ കെനിയ കറുത്തവന്റെതാണ് എന്നും കൊളോണിയലിസം ആഫ്രിക്കയുടെ സ്വയംഭോഗമല്ലമറിച്ച് ബലാല്‍ക്കാരവും ഒരു കുറ്റകൃത്യവും ആണെന്നും തദ്ദേശീയമായ സംസ്കൃതികളെ തകര്‍ത്തുകൊണ്ടാണ് കൊളോണിയല്‍ സംസ്കൃതിയും നിര്‍മ്മിത ചരിത്രവും സ്ഥാപിതമായത് എന്നുമുള്ള തിരിച്ചറിവായിരുന്നു ങ്ഗൂഗിയുടെ കരുത്ത്. ആഫ്രിക്കയും ഏഷ്യയും ലാറ്റിന്‍ അമേരിക്കയും സാംസ്കാരിക ലോകത്തിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നു വന്ന പുതിയ കാലത്തിന്റെ പ്രവാചകനായി ഫ്രാന്‍സ് ഫാനന്‍ നിലക്കൊണ്ടു. എന്നാല്‍ ഇംഗ്ലീഷ് വിധേയത്വത്തിന്റെ കാര്യത്തില്‍ ഈ മാറ്റങ്ങളൊന്നും അക്കാദമിക് ലോകത്ത് ഒരു അനുരണനവും സൃഷ്ടിച്ചില്ല എന്ന് നെയ്റോബി യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നുണ്ടായ അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം മനസ്സിലാക്കി. എഴുത്തിന്റെ ഭാഷ ഏതാവണം എന്ന കാര്യത്തില്‍ ഒരു പുതിയ തിരിച്ചറിവിലേക്ക് അദ്ദേഹം നീങ്ങുന്നത്‌ അങ്ങനെയാണ്. ആദ്യമൊക്കെ ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയ അദ്ദേഹം, കൊളോണിയല്‍ ഭാരം കയ്യൊഴിയാന്‍ മനസ്സുകളെ കൂടി കോളണിമുക്തമാക്കേണ്ടതുണ്ട് എന്നും അതിനു ഭാഷാപരമായ കൊളോണിയല്‍ പാരമ്പര്യത്തെ കൂടി കയ്യൊഴിക്കേണ്ടതുണ്ട് എന്നുമുള്ള നിലപാടില്‍ പില്‍ക്കാലത്ത് ഗികുയു ഭാഷയില്‍ എഴുതിയശേഷം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക എന്ന രീതി സ്വീകരിച്ചു. അതുവരെ സ്റ്റാറ്റസ് സിംബല്‍ പോലെ അന്താരാഷ്‌ട്ര വേദികളില്‍ എടുത്തുകാട്ടിയിരുന്ന എഴുത്തുകാരന്‍ അതോടെ അധികൃതര്‍ക്ക് അനഭിമതനായി.  ഇത് ഭാഷയുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ങ്ഗൂഗിയുടെ നിലപാടിന് കൃത്യമായ സാധൂകരണവുമായിരുന്നു. കൊള്ളേണ്ടിടത്തു കൊള്ളും വരെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഭരണകൂടങ്ങള്‍ക്ക് പ്രിയങ്കരരാണ്.

Weep Not, Child (1964), The River Between (1965), A Grain of Wheat (1967) എന്നീ മൂന്നു നോവലുകളെയും ചേര്‍ത്ത് ങ്ഗൂഗിയുടെ ആദ്യ നോവല്‍ ത്രയം എന്ന് വിളിക്കുന്നു. യൗവ്വനസജമായ കാല്‍പ്പനികതയും ആദര്‍ശാത്മകതയും നിറഞ്ഞു നില്‍ക്കുമ്പോഴും പാരമ്പര്യവും കൊളോണിയലിസവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തീക്ഷ്ണമായി പ്രതിഫലിപ്പിക്കുന്നവയാണ് അവ. സംഘര്‍ഷങ്ങളില്‍ തകിടം മറിഞ്ഞു കൊണ്ടിരിക്കുന്ന ദേശത്തിന്റെ വേദനയും പ്രതീക്ഷകളും, വിപ്ലവത്തിന്റെ നീറിപ്പിടിക്കുന്ന പൊള്ളലുകള്‍, സ്വാതന്ത്യ്ര പോരാട്ടപ്രസ്ഥാനത്തിന്റെ തന്നെ ആന്തര സങ്കീര്‍ണ്ണതകള്‍, സ്വാതന്ത്ര്യാനന്തരവും വിങ്ങിനില്‍ക്കുന്ന മുറിവുകള്‍ എന്നതൊക്കെ ഈ കൃതികള്‍ പരിശോധിക്കുന്നു. നിഷ്കളങ്കതയുടെ അന്ത്യം കുറിച്ചുകൊണ്ട് ചരിത്രം അധിനിവേശിക്കുന്നു എന്നിടത്താണ് മുതിര്‍ന്നു വരവിന്റെ കഥ ദേശത്തിന്റെ ജാതകമായിത്തീരുന്നത്. ഈ നോവലുകള്‍, കൊളോണിയല്‍ ഛിദ്രങ്ങള്‍, ദേശീയബോധത്തിലേക്കുള്ള ഉണര്‍വ്വിന്റെ വില എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഒരു എഴുത്തുകാരന്റെയോ എഴുത്തുകാരിയുടെ പ്രഥമകൃതി ആ രചനാലോകത്തിന്റെ മൊത്തം സൂചകമായിത്തീരും എന്ന് നിരീക്ഷണം സാധൂകരിക്കുന്നതാണ്  'കുഞ്ഞേ, കരയരുത് '. അക്കാലത്തെ  പതിവനുസരിച്ച്  തന്റെ മാമോദീസാ പേരിലാണ് അന്നത് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും വൈകാതെ ആ കൊളോണിയല്‍ ഭാരം നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു. പുറമേക്ക് ഏറെ ലളിതമെന്നു തോന്നാവുന്ന ആഖ്യാനസ്വരത്തിനു പിന്നില്‍, കൊളോണിയല്‍ നുകത്തില്‍ അമര്‍ന്നുപോയ ഒരു ജനതയുടെ നോവുകളാണ് ‘കുഞ്ഞേ, കരയരുത്’ അവതരിപ്പിക്കുന്നത്‌. ഒരു കാലത്ത് തങ്ങളുടെ സ്വന്തമായിരുന്ന ഭൂമിയില്‍ ബ്രിട്ടിഷ് ഭൂവുടമക്കു വേണ്ടി കര്‍ഷകത്തൊഴില്‍ ചെയ്യുന്ന മനുഷ്യരുടെ കഥ  ങ്ഗൂഗിയുടെയും, കെനിയന്‍ സാഹിത്യത്തിന്റെ തന്നെയും നിതാന്തമായ ഒരു കേന്ദ്ര പ്രമേയത്തിലേക്കു നോവലിനെ നയിക്കുന്നു- ഭൂമിയുടെ മേലുള്ള അവകാശം/ അവകാശ നിഷേധം എന്നതാണ് അത്. ആര്‍ദ്രവും ദുരന്താത്മകവും അടക്കിപ്പിടിച്ച ഹൃദ്യവും നിയന്ത്രിതവുമായ വൈകാരികത നിറഞ്ഞതുമായ ആഖ്യാനത്തോടൊപ്പം കൊളോണിയല്‍ കാലത്തിന്റെ അനുഭവങ്ങള്‍ ആവിഷ്കരിക്കാന്‍ ആവശ്യമായ നൈതികവും വൈകാരികവുമായ സ്വരം സൃഷ്ടിച്ചുവെക്കുകയായിരുന്നു ങ്ഗൂഗി.

കൊളോണിയല്‍ അധിനിവേശത്തോടെ എത്തിച്ചേര്‍ന്ന ക്രിസ്തീയ, മിഷനറി സാന്നിധ്യങ്ങളും സ്വാധീനങ്ങളും ഗികുയു സമൂഹത്തിനകത്തു തന്നെ സൃഷ്ടിച്ച സംഘര്‍ഷങ്ങളാണ് ‘The River Between’ പ്രശ്നവല്‍ക്കരിച്ചത്. ഗ്രാമീണ പശ്ചാത്തലത്തില്‍ 'രോഗമുക്തി, അഥവാ, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരല്‍ ' എന്നര്‍ത്ഥമുള്ള ഹോനിയ നദി, കമേനോക്കും മകുയുവിനും ഇടയില്‍ ഇരുകരകളെ പരസ്പരം ബന്ധിപ്പിച്ചു ഒഴുകി. എന്നാല്‍, ഒരു വശത്ത്‌ ക്രിസ്ത്യന്‍ മിഷനറിമാര്‍ അംഗീകരിക്കപ്പെടുകയും മറുവശത്ത്‌ പരമ്പരാഗത മൂല്യക്രമം അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നതോടെ അത് ഇരു കരകരകളെയും ഭിന്നിപ്പിച്ചു നിര്‍ത്തുന്ന ഘടകമായിത്തീരുന്നു. ധര്‍മ്മസങ്കടങ്ങളുടെ നിലയില്ലാകയത്തില്‍ പെട്ടുപോകുന്ന കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ ങ്ഗൂഗി കരസ്പര്‍ശം ഏറ്റവും തിളങ്ങിനില്‍ക്കുന്ന നോവലുകളില്‍ ഒന്ന് കൂടിയാണ് ‘ഇരുതടങ്ങള്‍ക്കിടയിലെ നദി’.

ങ്ഗൂഗിയുടെ ആദ്യകാല കൃതികളില്‍ ഏറ്റവും പക്വമായ രചനയായി കണക്കാക്കപ്പെടുന്നത് ‘A Grain of Wheat’ എന്ന നോവല്‍, മോ മോ കലാപത്തിന്റെ പില്‍ക്കാല പരിണതികളില്‍ ശ്രദ്ധയൂന്നുന്നു. ‘ഉഹൂറു’ (സ്വാതന്ത്ര്യം) ദിനത്തലേന്ന് പശ്ചാത്തലമാക്കുന്ന നോവല്‍കുറ്റബോധംഒറ്റിക്കൊടുക്കല്‍ആത്മത്യാഗം എന്നിങ്ങനെ എതിരറ്റങ്ങള്‍ക്കിടയില്‍ വൈയക്തികവും രാഷ്ട്രീയവും സന്ധിക്കുന്ന അനുഭവലോകം ആവിഷ്കരിക്കുന്നു. 1952-ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥനാലുവര്‍ഷത്തെ കിരാതനടപടികള്‍ കൊണ്ടുതന്നെ കലാപത്തെ ഒതുക്കിയിരുന്നെങ്കിലും,1960 വരെയും തുടര്‍ന്നു. കലാപനാളുകളിലെ പീഡനങ്ങളുടെയും സ്പര്‍ദ്ധകളുടെയും ഒറ്റുകളുടെയും അനുഭവങ്ങള്‍ എഴാണ്ടുകള്‍ക്കിപ്പുറവും മനസ്സുകളില്‍ വടുകെട്ടി നിന്നു. ഗികുയു ജനതയെ കുടിയൊഴിപ്പിച്ചും സ്വന്തം മണ്ണില്‍ കുടിയാന്മാരാക്കിയും 1930 -കള്‍ മുതല്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ സ്ഥാപിച്ചു തുടങ്ങിയ കുടിയേറ്റ മേഖലകള്‍ ങ്ഗൂഗിയുടെ മാര്‍ക്സിസ്റ്റ്‌ വായനകളുടെ തിരിച്ചറിവുകളെ ഏറെ ഉദ്ദീപിപ്പിച്ചു. മോ മോ കലാപകാരികളോട് ചേര്‍ന്ന ഒരു സഹോദരനും മൂകനും ബധിരനുമായ കാരണം സൈനികരുടെ ആജ്ഞ മനസ്സിലാക്കാനാവാതെ വെടിയേറ്റു മരിച്ച മറ്റൊരു സഹോദരനും ങ്ഗൂഗിക്ക് ഉണ്ടായിരുന്നു. ഈ രണ്ടാമന്റെ പ്രതിരൂപം നോവലിലുണ്ട്. 'ഇരുതടങ്ങള്‍ക്കിടയിലെ നദി’ യുടെ ഒടുവിലായി എത്തുന്ന തിരിച്ചറിവിന്റെ ആ സൂചനയില്‍നിന്നാണ് 'എ ഗ്രെയ്ന്‍ ഓഫ് വീറ്റ്‌" ആരംഭിക്കുന്നത് എന്ന് പറയാം.

സ്വാതന്ത്ര്യാനന്തര കാല വഞ്ചനകളുടെ ആവിഷ്കാരത്തിലേക്ക് ങ്ഗൂഗി തിരിയുന്നതാണ് ‘Petals of Blood’ മുതല്‍ സംഭവിക്കുന്നത്. ആഫ്രിക്കന്‍ ഉപരിവര്‍ഗ്ഗവും നിയോ കൊളോണിയല്‍ ശക്തികളും കൈകോര്‍ക്കുന്നതും തൊഴിലാളികളുംസ്ത്രീകളും ഉള്‍പ്പടെ സാധാരണ മനുഷ്യര്‍ ചെറുത്തുനില്‍പ്പുകളിലേക്ക്‌ നീങ്ങുന്നതും ഇവിടെ കാണാം. ആദ്യ നോവല്‍ ത്രയത്തിനു ശേഷം പത്തു വര്‍ഷം കഴിഞ്ഞാണ് ഈ നോവല്‍ പുറത്തു വന്നത്. അപ്പോഴേക്കും സ്വാതന്ത്ര്യ സമരകാലത്തിന്റെ പ്രചോദിത ആദര്‍ശാത്മകത, ഹിംസാത്മകതക്കും കൊളോണിയല്‍ യജമാനന്മാര്‍ക്കുപകരം അധികാരത്തിലേറിയ സ്വാതന്ത്ര്യാനന്തര സ്വദേശി ഭരണകര്‍ത്താക്കളുടെ മുച്ചൂടും മലീമസമായ അഴിമതി ഭരണത്തിനും വഴിമാറിക്കൊടുത്തിരുന്നു. സ്വാഭാവികമായും നോവലിന്റെ അന്വേഷണം വിമോചിത കെനിയ കൊളോണിയല്‍ കാലത്തെ അതേ അടിച്ചമര്‍ത്തല്‍ സ്വഭാവവും ജന വിരുദ്ധതയും ആവര്‍ത്തിക്കുന്നതിലും രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും പാശ്ചാത്യ വല്‍ക്കരണവും മുതലാളിത്ത രീതികളും വരുത്തിവെക്കുന്ന ഇച്ഛാഭംഗത്തിലും കേന്ദ്രീകരിച്ചു.

കൊളോണിയല്‍ അനന്തര കെനിയയിലെ സാമൂഹിക അസമത്വങ്ങളെയും അഴിമതി ഭരണത്തെയും നിയോ കൊളോണിയല്‍ ചൂഷണത്തെയും ചോദ്യം ചെയ്തുകൊണ്ട് ഗികുയു ഭാഷയില്‍ ഒരു നാടകം എഴുതിയതിനെ തുടര്‍ന്ന് 1977ല്‍ ഡിസംബറില്‍, കൊളോണിയല്‍ വിരുദ്ധ ചെറുത്തുനില്പ്പിലെ ങ്ഗൂഗിയുടെ ഹീറോ ആയിരുന്ന ജോമോ കെനിയാറ്റ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇക്കാലത്ത് ടോയ് ലെറ്റ്‌ പേപ്പറില്‍ ഗികുയുവില്‍ ആദ്യം എഴുതിയ കൃതിയാണ് തലക്കെട്ടു കൊണ്ടുതന്നെ വിഗ്രഹഭഞ്ജക ഭാവവും ങ്ഗൂഗിയുടെ റാഡിക്കല്‍ മനോനിലയും വ്യക്തമാക്കുന്ന Devil on the Cross. കുരിശേറ്റം എന്ന ത്യാഗംവിമോചനംമാലോകരുടെ മോക്ഷത്തിനു വേണ്ടിയുള്ള ആത്യന്തിക സമര്‍പ്പണം എന്നതെല്ലാം സൂചിപ്പിക്കുന്ന വിശുദ്ധ സങ്കല്‍പ്പത്തെ ക്രിസ്തുവിനു പകരം സാത്താനുമായി ചേര്‍ത്തു വെക്കുന്നതില്‍ അതിനിശിതമായ ഒരു അട്ടിമറിയുണ്ട്. അത് ധാര്‍മ്മികമായി തലകീഴ് മറിഞ്ഞ, തിന്മയും അഴിമതിയും കൊണ്ടാടപ്പെടുന്നഅഥവാ അവക്കെല്ലാം വന്‍സ്വീകാര്യത വന്നുചേരുന്ന പരിതോവസ്തയുടെ രൂപകമായി തീരുകയാണ് – മോക്ഷത്തിന്റെ മലീമസമായ ഒരു പാരഡി. ചൂഷകഭാവങ്ങളെല്ലാം ഉള്ളിലൊളിപ്പിച്ചു കെനിയന്‍ സാമൂഹികാവസ്ഥയില്‍ പിടിമുറുക്കുന്ന ദല്ലാള്‍ ബൂര്‍ഷ്വാസിയും നിയോ കൊളോണിയലിസവും തമ്മിലുള്ള അവിശുദ്ധ ബാന്ധവമാണ് ഇവിടെ അരങ്ങു പിടിച്ചടക്കുന്ന വിശുദ്ധ ചെകുത്താന്‍.

ഗികുയു ഭാഷയില്‍ ആദ്യം രചിക്കപ്പെട്ട  ‘മാറ്റിഗാരി’ (Matigari), യൂറോപ്യന്‍ നോവല്‍ പാരമ്പര്യത്തില്‍ നിന്ന് വേറിട്ട്‌ ആഫ്രിക്കന്‍ കഥാഖ്യന പാരമ്പര്യത്തിലെ വാമൊഴി രീതി, അന്യാപദേശ കഥാപാരമ്പര്യം, രാഷ്ട്രീയത്തെ മിത്തുവല്‍ക്കരിക്കുന്ന രീതി, തുടങ്ങിയവയിലേക്ക് തിരികെ പോകുന്നു. ങ്ഗൂഗി മുന്നോട്ടുവെച്ച ‘മനസ്സുകളെ കോളനി മുക്തമാക്കല്‍’ പ്രക്രിയ അതിന്റെ പാരമ്യത്തില്‍ എത്തുകയാണ് ഇവിടെ.

സ്വാതന്ത്ര്യാനന്തരവും കൊളോണിയല്‍ ലോജിക്കിലൂടെ ഭരിക്കപ്പെടുന്ന സമൂഹത്തില്‍ തോക്കിനുപകരം സമാധാനമാര്‍ഗ്ഗം ഉപയോഗിച്ചു നീതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന, വനത്തില്‍ നിന്നെത്തുന്ന ഒരു പുതുകാല ഫോക് ഹീറോയെ സൃഷ്ടിക്കുകയാണ് ‘മാറ്റിഗാരിയില്‍ നോവലിസ്റ്റ്. ‘മാറ്റിഗാരി’ എന്ന ഗികുയുപദം ‘ബുള്ളറ്റുകള്‍ അതിജീവിച്ചവന്‍’  എന്നാണ് അര്‍ത്ഥമാക്കുന്നത്. അയാള്‍ പഴയ സ്വാതന്ത്ര്യ പോരാളിയാണ് – ആയുധങ്ങള്‍ കുഴിച്ചിട്ടവന്‍. വര്‍ഷങ്ങള്‍ നീണ്ട തിരോധാനത്തിനുശേഷം തങ്ങള്‍ പൊരുതിയ സ്വാതന്ത്ര്യം കൈവന്ന ദേശത്തേക്ക് തിരികെ എത്തുമ്പോള്‍ പക്ഷെ കാര്യങ്ങള്‍ അയാള്‍ കരുതിയ പോലെയേ അല്ല. ആഫ്രിക്കന്‍ കഥാഖ്യാന പാരമ്പര്യത്തിലെ മായാരൂപിയും തന്ത്രശാലിയും പുരാണ പാത്രവുമായ ‘trickster’ ആവിഷ്കാരമാണ് അയാള്‍. പുരാണപാത്രം, യഥാര്‍ത്ഥ കഥാപാത്രം എന്നിങ്ങനെ അതിരുകള്‍ ഭേദിക്കുന്ന അയാള്‍ ഭരണകൂടത്തിനു ഭീഷണിയാകുന്നത്‌ പുതിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നു. നോവലില്‍ ഉടനീളം കാണാനാവുന്ന അതിരൂക്ഷമായ ആക്ഷേപഹാസ്യം തീക്ഷ്ണ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള നോവലിസ്റ്റിന്റെ ആയുധമാണ്: മന്ത്രിമാര്‍ സത്യം കലവറയില്‍ സൂക്ഷിക്കുന്നു, വിപ്ലവത്തെ ഭ്രാന്ത് എന്ന് പരിഭാഷപ്പെടുത്തുന്നു. അസംബന്ധം അതിരുകള്‍ ഭേദിക്കുന്ന പ്രവചന സ്വരമായിത്തീരുന്നു. ദേശം മുഴുവന്‍ ഈ അസംബന്ധത്തിന്റെ കാര്‍ണിവല്‍ ആയിത്തീരുന്ന വിപര്യയം, കൂടുതല്‍ ആഴത്തിലും പരപ്പിലും രാഷ്ട്രീയ ധ്വനികളോടെയും ആവിഷകരിക്കപ്പെടുന്ന ങ്ഗൂഗിയുടെ മാസ്റ്റര്‍പീസിലേക്ക് - The Wizard of the Crow- സ്വാഭാവികമായി നമ്മെ കൊണ്ടുപോകുന്നു. ആ അര്‍ത്ഥത്തില്‍ ങ്ഗൂഗി വാ തിയോങ്ഗോ എന്ന മഹാപ്രതിഭ ഒരനന്വയമാണ്: ലോകസാഹിത്യത്തിലെ പല പ്രമുഖരുടെയും ഏറ്റവും മികച്ച കൃതികള്‍ അവരുടെ അവസാന കൃതികള്‍ ആയിരുന്നില്ല എന്നു മാത്രമല്ല, ആദ്യകാല പ്രതിഭാതിളക്കം മൂര്‍ച്ചകുറയുകയും പഴയ പ്രതീതിയുടെ പിന്‍ബലത്തില്‍ മാത്രം പില്‍ക്കാല കൃതികള്‍ കൊണ്ടാടപ്പയൂകയും ചെയ്തിട്ടുണ്ട് എന്നത് ഓര്‍ക്കാവുന്നതാണ്.      

'ദി വിസാർഡ് ഓഫ് ദി ക്രോഎന്ന വിചിത്രവും ശബളവുമായ തലക്കെട്ട്ങ്ഗൂഗി വാ തിയോങ്ഗോയുടെ സാഹിത്യ യാത്രയിലെ ഒരു വേറിട്ടുപോക്കും പരിസമാപ്തിയും സൂചിപ്പിക്കുന്നു. പെറ്റൽസ് ഓഫ് ബ്ലഡ്ഡെവിൾ ഓൺ ദി ക്രോസ്മാറ്റിഗാരി തുടങ്ങിയ മുൻ നോവലുകളില്‍ രോഷവുംഅന്യാപദേശ കഥാരീതിയുംആക്ഷേപഹാസ്യവും സ്വാതന്ത്ര്യാനന്തര കെനിയയുടെ  നിശിത വിമർശനത്തിന് ഉപയോഗിച്ചപ്പോള്‍,  ദി വിസാർഡ് ഓഫ് ദി ക്രോ ഒരു വിശാലമായ പാൻ-ആഫ്രിക്കൻ രാഷ്ട്രീയ ദൃഷ്ടാന്തകഥാ രൂപം കൈക്കൊള്ളുന്നു. അതേസമയംപ്രമേയപരമായി അത് മുന്‍കൃതികളുടെ വികാസവും കൂടുതല്‍ വ്യാപ്തിയുള്ള ആഖ്യാനവും അടയാളപ്പെടുത്തുന്നു – വിമോചന സ്വപ്‌നങ്ങള്‍ അട്ടിമറിക്കപ്പെട്ടതിന്റെയും നിയോകൊളോണിയലിസത്തിന്റെ നീരാളിപ്പിടിത്തത്തിന്റെയും കെടുതികള്‍ അവതരിപ്പിക്കുന്നതോടൊപ്പം നാടോടി ജ്ഞാനത്തിന്റെ, പാരമ്പര്യങ്ങളുടെ, പ്രതിരോധശേഷിയുടെ ആവിഷ്കാരവും ഇത്രയും തീക്ഷ്ണതയിലും വൈശദ്യത്തിലും മറ്റൊരു നോവലും നടത്തിയിട്ടില്ല. 

അതിരൂക്ഷമായ ആക്ഷേപഹാസ്യം ഉപയോഗിക്കുന്നതില്‍ ഐവോറിയന്‍ സാഹിത്യ കുലപതി അഹ്മദൂ കുറൂമയുടെ Waiting for the Wild Beast to Vote എന്ന ഉജ്ജ്വല കൃതിയെ ഓര്‍മ്മിപ്പിക്കുന്ന ‘വിസാര്‍ഡ് ഇന്ത്യന്‍ വായനക്കാരെ, വിശേഷിച്ചും മലയാളി വായനക്കാരെ മറ്റൊരു മഹദ് കൃതിയെ കൂടി ഓര്‍മ്മിപ്പിക്കും- ഒ.വി.വിജയന്‍റെ ‘ധര്‍മ്മപുരാണ’ത്തെ–  വിശേഷിച്ചും അധികാര മാലിന്യത്തെ വിസര്‍ജ്ജ്യമാലിന്യമായും പ്രകടനമായും അവതരിപ്പിക്കുന്ന രീതിയിലുംഒപ്പം എല്ലാത്തിനും അപ്പുറത്ത് പ്രതിരോധമെന്നോണം ആത്മീയമായ സാന്നിധ്യത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതിലും. ‘വിസാര്‍ഡി’ലെ കാമിതിയും ‘ധര്‍മ്മപുരാണ’ത്തിലെ സിദ്ധാര്‍ത്ഥനും പോസ്റ്റ്‌കൊളോണിയല്‍ സര്‍വ്വാധിപത്യത്തിന്റെ  അവലക്ഷണ ദൃശ്യതയെ പ്രതിരോധിക്കുകയും മറികടക്കുകയും ചെയ്യുന്നു.

ആമോസ് ടുടുവോലചിനുവ അച്ചബെസൈപ്രിയന്‍ എക് വെന്‍സിവോലെ സോയിങ്ക, അയി ക്വയി അര്‍മാമോംഗോ ബെറ്റിഡി.ഓ. ഫഗുന്‍ വാതുടങ്ങിയ ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിലെ അഗ്രഗാമികളില്‍  ഒരാളെന്ന നിലയില്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ ഗതിയും നിയതിയും നിര്‍ണ്ണയിച്ച ഒരാളായിരിക്കുമ്പോഴും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു ങ്ഗൂഗി വാതിയോങ്ഗോ. അച്ചബെയെ പോലെപരമ്പരാഗത ആഫ്രിക്കന്‍ സംസ്കൃതിയും കൊളോണിയല്‍ ആധുനികതയും തമ്മിലുള്ള സംഘര്‍ഷത്തെ യഥാതഥമായി ആവിഷ്കരിച്ച ങ്ഗൂഗിഅര്‍മായെയും മോംഗോ ബെറ്റിയെയും പോലെസ്വാതന്ത്ര്യാനന്തര ആഫ്രിക്കന്‍ നേതൃത്വങ്ങളുടെ പരാജയങ്ങളും അപചയങ്ങളും നിയോകൊളോണിയിലസത്തിന്റെ കെടുതികളും ആവിഷ്കരിച്ചു. ടുടുവോലയെയും ഫഗുന്‍വായെയും പോലെ വാമൊഴി പാരമ്പര്യത്തിന്റെയും ആഫ്രിക്കന്‍ കഥാഖ്യാന പാരമ്പര്യങ്ങളുടെയും ശക്തി കണ്ടറിഞ്ഞ ങ്ഗൂഗി,  ഗികുയു ഭാഷയെയും പുരാണങ്ങളെയും പ്രാമാണിക സാഹിത്യത്തിലേക്ക് ആവാഹിക്കുകയും ചെയ്തു. ഇത്തരം പരമ്പര്യങ്ങളോട് ചേര്‍ന്നു പോകുമ്പോള്‍ത്തന്നെ സ്വയമൊരു തനതുപാതയും അദ്ദേഹം സൃഷ്ടിച്ചു. ഗികുയു ഭാഷയില്‍ എഴുതാനുള്ള തീരുമാനം ഒരു ശൈലീപരമായ മാറ്റം മാത്രമായിരുന്നില്ല; അതൊരു നിശിതമായ രാഷ്ട്രീയ നിലപാട് തന്നെയായിരുന്നു - തന്റെ സമകാലികരില്‍ പലരും ഒരു പ്രായോഗിക അനിവാര്യതയായി കണ്ട കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്നുള്ള ബോധപൂര്‍വ്വമായ ഒരു വിട്ടുപോക്ക്. Petals of Blood, Devil on the Cross തുടങ്ങിയ നോവലുകളില്‍ മാര്‍ക്സിസ്റ്റ് ആശയഗതിയിലേക്കുള്ള ചുവടുമാറ്റം അദ്ദേഹത്തിന്‍റെ റാഡിക്കല്‍ മനസ്സിന്റെ പുതിയ ദിശാബോധത്തിന്റെ തുടര്‍ച്ചയായിരുന്നു.

തടവറക്കോ പ്രവാസത്തിനോ നിശബ്ദനാക്കാന്‍ കഴിയാത്ത പോരാളി, കൊളോണിയല്‍ ബാധ്യതകള്‍ ആനുകൂല്യങ്ങളായി കണ്ട അക്കാദമിക്കുകള്‍ക്കിടയില്‍ വേറിട്ട നിലപാടുമായി, പ്രിവിലെജുകള്‍ നഷ്ടമാകും എന്നറിഞ്ഞു കൊണ്ടുതന്നെ സ്വന്തം ഭാഷയുടെയും തദ്ദേശീയരുടെയും സ്വരമായി മാറാന്‍ തയ്യാറായ ആക്റ്റിവിസ്റ്റ്, ആഫ്രിക്കന്‍ കഥാഖ്യാന പാരമ്പര്യത്തിന്റെ കരുത്തു മുഴുവനും സമകാലിക സാഹിത്യ സാങ്കേതങ്ങളോടു സമന്വയിപ്പിച്ച ക്രാഫ്റ്റ്സ്മാന്‍ ജീനിയസ്, ആവര്‍ത്തിച്ചു കടന്നുവന്നിട്ടും വായനാസമൂഹത്തെ എപ്പോഴും അത്ഭുതപ്പെടുത്തി നോബല്‍ പുരസ്കാര പരിഗണനയില്‍ നിരന്തരം പുറംതള്ളപ്പെട്ടയാള്‍...  കഴിഞ്ഞ ആറു പതിറ്റാണ്ടു കാലം ഇതൊക്കെയായിരുന്നു ങ്ഗൂഗി വാ തിയോങ്ഗോ. ആഫ്രിക്കന്‍ സാഹിതീയ ആധുനികതയുടെ വഴികാട്ടിയും പോസ്റ്റ്‌കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യത്തിലെ പരിണാമങ്ങള്‍ക്ക് ഭാഷയുടെയും ദര്‍ശനങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും അതിരുകളെ വിശാലമാക്കി ഊര്‍ജ്ജം പകര്‍ന്ന പ്രതിഭയുമായി അദ്ദേഹം എന്നും സ്മരിക്കപ്പെടും.

No comments:

Post a Comment