Featured Post

Tuesday, October 28, 2025

Vertigo by Alfred Hitchcock (Cinema)

‘വെര്‍ട്ടിഗോ’യുടെ കഥാവശേഷം

ഭാഷണങ്ങള്‍ കൂടാതെ ദൃശ്യപരതയിലൂടെത്തന്നെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങള്‍ ആവിഷ്കരിക്കുന്നു എന്നതാണ് ഹിച്ചകോക്കിന്റെ സവിശേഷമായ റിയലിസത്തിന്റെ പ്രത്യേകതയെന്നു നിരീക്ഷിച്ചത് ഫാന്‍സ്വാ ത്രൂഫോയാണ്. സംശയം, അസൂയ, അഭിനിവേശം തുടങ്ങിയ വികാരങ്ങളൊക്കെ ‘വിശദമാക്കുന്ന’ സംഭാഷണങ്ങളുടെ സഹായമില്ലാതെത്തന്നെ ആവിഷ്കരിക്കുന്നതിനുള്ള കഴിവ് നിശ്ശബ്ദ സിനിമയുടെ കാലത്തെ അതികായരുടെ പ്രത്യേകതയായിരുന്നു. അക്കാലത്ത് തന്റെ ചലച്ചിത്ര സപര്യ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാവാം ദൃശ്യപരതയുടെ കലാകാരനായി ഹിച്ച്കോക്ക് എന്നും നിലനിന്നത്. 1908-നും  1930-നുമിടക്കാണ് ചലച്ചിത്ര സംവിധാന കലയില്‍ ഹോളിവുഡ് അതിന്റെ പാരമ്യത്തില്‍ എത്തിയതെന്നും ഡി. ഡബ്ല്യു. ഗ്രിഫിത്ത് ആണ് അതിന്റെ കേന്ദ്ര സ്ഥാനീയനെന്നും ത്രൂഫോ നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ഏറെ പ്രകടമായിരുന്ന എറിക് വോണ്‍സ്ട്രോഹൈം, ഐസന്‍സ്റ്റീന്‍, മുര്‍നോ, എനെസ്റ്റ് ലുബിഷ് തുടങ്ങിയ നിശബ്ദ കാലത്തെ അതികായര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ത്തന്നെ കാല യവനികയില്‍ മറഞ്ഞപ്പോള്‍ ഹിച്ച്കോക്ക് തന്റെ സര്‍ഗ്ഗാത്മകതയുടെ ഉത്തുംഗങ്ങളില്‍ എത്തിയത് അമ്പതുകളിലും അറുപതുകളിലും ആണ്. ഓര്‍സണ്‍ വെല്‍സിനെ മാറ്റി നിര്‍ത്തിയാല്‍ ഗ്രിഫിത്ത് തുടങ്ങിവെച്ച സര്‍ഗ്ഗാത്മകതയുടെ സ്ഫോടനം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിഞ്ഞ മറ്റാരും ശബ്ദ സിനിമയുടെ കാലത്ത് ഹോളിവുഡില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് ത്രൂഫോ പറയുന്നു. ഒരാകസ്മികതയില്‍ എങ്ങനെയെങ്കിലും സിനിമയില്‍ നിന്ന് ശബ്ദരേഖ അപ്രത്യക്ഷമാകുന്ന ഒരു സാഹചര്യമുണ്ടായാല്‍ രംഗത്തുള്ള ഒട്ടുമിക്ക സംവിധായകരും വേറെ തൊഴില്‍ അന്വേഷിക്കേണ്ടി വരുമെന്നും ഗ്രിഫിത്തിന്റെ രഹസ്യം അറിയാവുന്ന മൂന്നു ഹോളിവുഡ് സംവിധായകര്‍ ഹോവാര്‍ഡ് ഹോക്സ്, ജോണ്‍ ഫോര്‍ഡ്, ഹിച്ച്കോക്ക് എന്നിവര്‍ മാത്രമാണെന്നും ത്രൂഫോ കൂട്ടിച്ചേര്‍ക്കുന്നു. ബെര്‍ഗ് മാന്‍, ഫെല്ലിനി, ബുനുവെല്‍, ഗൊദാര്‍ദ്ദ് എന്നിവരെ പോലെ ഫിലിം രചയിതാക്കളുടെ (film authors) ഗണത്തിലാണ് ത്രൂഫോ ഹിച്ച്കോക്കിനെ ഉള്‍പ്പെടുത്തുന്നത്. ദൃശ്യപരതയുടെ ഗംഭീര സാധ്യതകള്‍ ആഘോഷിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ പക്ഷെ ഒട്ടേറെ ഉണ്ടായിട്ടുണ്ട് ഹോളിവുഡില്‍. ബിബ്ലിക്കല്‍ ഇതിഹാസ ഭൂമികകളും (Ten Commandments, Ben Hur ..) ചരിത്രത്തിന്റെ ഗതകാല ഗാംഭീര്യവും (Spartacus, Cleopatra..) തേടിപ്പോയ അത്തരം സംവിധായകര്‍ പക്ഷെ അടിസ്ഥാനപരമായി രചയിതാക്കള്‍ എന്നതിലേറെ ‘എല്ലാം തികഞ്ഞ ദൃശ്യപ്പൊലിമക്കാര്‍ (Showmen par-excellence)’ എന്ന രീതിയിലാണ് സിനിമാ ചരിത്രത്തിന്റെ ഭാഗമാകുന്നത്. ബാഹ്യമായ ദൃശ്യ ധവളിമക്കപ്പുറം മനോ വ്യാപാരങ്ങളുടെ നിഗൂഡ സ്ഥലികള്‍ തേടുന്ന നാടക/ ചലച്ചിത്രകാരന്മാര്‍ക്ക് വാക്കിന്റെ ശക്തിയില്‍ ഏറെ ഊന്നേണ്ടിവരുമെന്നത് കൊണ്ടാണ് ഷേക്ക്‌സ്പിയറുടെ മാഹാത്മ്യം അടിസ്ഥാനപരമായി ആ ആത്മഭാഷണങ്ങളുടെ (soliloquies) ധ്വനിസാന്ദ്രതയില്‍ കേന്ദ്രീകരിക്കുന്നത്. മനശാസ്ത്ര/ മനോ വിജ്ഞാനീയ വിശകലന സാധ്യതകള്‍ തുറന്നിടുന്നതില്‍ ലോകസിനിമ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരനായി ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സ്വയം അടയാളപ്പെടുത്തുന്നത്, ഈ വെല്ലുവിളിയെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ മറികടക്കുന്നത്‌ കൊണ്ടുകൂടിയാണ്. ത്രില്ലര്‍ ജോനറിന്റെ സാധ്യതകള്‍ ആവോളം ഉപയോഗപ്പെടുത്തുമ്പോഴും ‘ഇനിയെന്ത് സംഭവിക്കും/ അതാരാവും ചെയ്തിട്ടുണ്ടാവുക (whodunnit/ what next)’ സമവാക്യത്തിന്റെ പതിവ് കള്ളികളില്‍ പ്രേക്ഷക ശ്രദ്ധ കുരുങ്ങിപ്പോവാതെ, കുറ്റവാസനയുടെ/ കുറ്റകൃത്യപരിണതിയുടെ നിഗൂഡതകള്‍ ആവിഷ്കരിക്കുന്ന, സ്ഥല/ കാല പരിമിതികള്‍ക്കപ്പുറം അടയാളപ്പെടുന്ന രചനകള്‍ ആയി ഹിച്ച്കോക്ക് സിനിമ മാറിത്തീരുന്നു. ഫ്രോയ്ഡിയന്‍ ആശയങ്ങളുടെ സിനിമാറ്റിക് ആവിഷ്കാരമാണ് ഹിച്ച്കോക്ക് സിനിമ എന്നുപോലും വിമര്‍ശക മതം ഉണ്ടായത്, നിഗൂഡമായ മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന രോഗിയുടെ അവസ്ഥാന്തരങ്ങള്‍ അടരുകളായി തുറന്നുവെക്കുന്നതിന് സമാനമായ അനുഭവമായി അത് മാറുന്നത് കൊണ്ടാണ്.

ഫ്രോയ്ഡിനെ പോലെത്തന്നെ തികച്ചും സാധാരണവും പരിചിതവുമായ മനോവ്യാപാരങ്ങളില്‍ തുടങ്ങി പതിയെ പതിയെ എല്ലാറ്റിനും അന്തര്‍ധാരയായി വരുന്ന വക്രമാനസികാവസ്ഥകളുടെ ചിത്രങ്ങള്‍ ആവിഷ്കരിക്കുക എന്ന രീതി ഹിച്കോക്ക് വീണ്ടും വീണ്ടും അവലംബിക്കുന്നുണ്ട്. മഞ്ഞുമലയുടെ ഗോചരമായ മുകള്‍ ഭാഗത്തെക്കാള്‍ ശക്തവും നിര്‍ണ്ണായകവുമാകുക ഗോചരമല്ലാത്ത ഭാഗമാണ് എന്നത് പോലെ ബോധമനസ്സിന്റെ ഇത്തിരി വെട്ടത്തില്‍ എന്നതിലേറെ അബോധത്തിന്റെ ഇരുണ്ട അറകളിലാണ് മനോ വ്യാപാരങ്ങളുടെ രഹസ്യങ്ങളിലേക്കുള്ള താക്കോല്‍ എന്നതാണ് മനോ വിശകലനത്തിന്റെ ഭൂമിക. ഫ്രോയ്ഡിയന്‍ വിശകലനത്തിന്റെ ഇദ് – ഈഗോ- സൂപ്പര്‍ ഈഗോ ത്രിത്വം ഹിച്ച്കോക്ക് സിനിമയിലെ പാത്രവിശകലനത്തില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുള്ള രണ്ടു ചിത്രങ്ങള്‍ സൈക്കോയും വെര്‍ട്ടിഗോയുമാണ്. അടക്കിഭരിക്കുന്ന അമ്മയോടുള്ള ഈഡിപ്പല്‍ വിധേയത്വം സൃഷ്ടിക്കുന്ന അപകടകരമായ ദ്വന്ദ്വ വ്യക്തിത്വം ഒരേസമയം അതിഥിയോടു പ്രണയ ബദ്ധനാകുന്ന യുവാവായും യുവതിയോട് അസൂയാലുവാകുന്ന അമ്മയുടെ അപര വ്യക്തിത്വമായും കഥാനായകനെ മാറ്റുന്ന അവസ്ഥയിലാണ് നോര്‍മന്‍ ബേറ്റ്സ്, മാരിയോനിനെ ആ ജുഗുപ്സാവഹമായ രീതിയില്‍ കൊന്നുകളയുന്നത്. കുറ്റകൃത്യങ്ങളില്‍ ഏറ്റവും നീചമായ മാതൃഹത്യയുടെ അടിച്ചമര്‍ത്താനാവാത്ത കുറ്റബോധത്തിന്റെ കരിനിഴല്‍ വീണ മാനസികാവസ്ഥ സ്വയം രക്ഷപ്പെടാനാവാത്ത ഒരു കെണിയായി മാരിയോണിനു അനുഭവപ്പെടുന്നു: “നമ്മളൊക്കെയും നമ്മുടെ സ്വകാര്യ കെണികളിലാണെന്ന് ഞാന്‍ കരുതുന്നു, അവയില്‍ ആണിയടിക്കപ്പെട്ടവര്‍, നമ്മിലാര്‍ക്കും തന്നെ ഒരിക്കലും പുറത്തു കയറാനാവില്ല. നാം മാന്തുകയും നഖങ്ങളാഴ്ത്തുകയും ചെയ്യും... പക്ഷെ എല്ലാം വായുവില്‍, എല്ലാം പരസ്പരം മാത്രം, അതൊക്കെയായാലും നാം ഒരിഞ്ചു പോലും മാറുകയില്ല.. ഞാന്‍ എന്റെ (കെണി)യില്‍ ജനിച്ചതാണ്. എനിക്കിപ്പോള്‍ അതൊരു പ്രശ്നമല്ലാതായിരിക്കുന്നു.” മനോഘടനയുടെ ഈ നിര്‍ണ്ണായകത്വം (psychological determinism) ഏതാണ്ടൊരു വിധിവാദം (fatalism) പോലെ അയാളില്‍ പിടിമുറുക്കുന്നതോടെ തന്റെ പ്രാകൃത/ ജൈവ ചോദനകളെയും (id) മൂല്യബോധ മണ്ഡലത്തെയും (super ego) നിയന്ത്രിക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് അയാളുടെ വ്യക്തിബോധം (ego) തെന്നിമാറുന്നു/ പരാജയപ്പെട്ടുപോകുന്നു.

വെര്‍ട്ടിഗോയിലെ സ്കോട്ടി സ്വയം അനുഭവിക്കുന്ന പ്രശ്നം – ഉയരങ്ങളോടുള്ള ഭയവും ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ അതുണ്ടാക്കിയ ദുരന്തത്തെ തുടര്‍ന്ന് സ്വയം പെട്ടുപോകുന്ന ചകിതാവസ്ഥയും- അയാളുടെ മാനസിക നിലയെത്തന്നെ ബാധിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യത്തിന്റെ പേലവമായ അസ്ഥിത്വം ഏതു നിമിഷവും തകര്‍ന്നു പോയാക്കാമെന്നും താനെപ്പോഴും ഭയാനകമായ ഏതോ താഴ്ചയിലേക്ക് വീണു പോയേക്കാമെന്നുമുള്ള ഭയമാണ് തന്നെ ഇനി തന്റെ ജോലിക്ക് കൊള്ളില്ല എന്ന മാനസികാവസ്ഥയില്‍ അയാളെ എത്തിക്കുന്നത്. എന്നാല്‍ മേഡ്ലീനെ പിന്തുടരുക എന്ന ദൗത്യം അയാളെ തേടിയെത്തുന്നത് കൃത്യമായും ഇതേ പരാധീനത കാരണമാണെന്ന് വൈകിയാണ് അയാള്‍ക്ക് മനസ്സിലാകുക. മേഡ് ലീനെ അറിയാന്‍ തുടങ്ങുന്നതോടെ അവളുടെ / അവളില്‍ ആരോപിതമായ വിചിത്ര മാനസികാവസ്ഥയെ മനോ വിശ്ലേഷണം ചെയ്യുന്ന ഒരാളായി സ്കോട്ടി സ്വയം കണ്ടെത്തുന്നു. അവളുടെ ശ്ലഥവ്യക്തിത്വത്തിന്റെ തുണ്ടുകള്‍ കൂട്ടിയോജിപ്പിച്ച് ദുരന്തകാരിയായ മനോ വ്യാപാരങ്ങളുടെ ഇഴപിരിക്കുകയാണ് താനെന്ന് അയാള്‍ വിചാരിക്കുന്നു. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ കുറ്റവാളിയുടെ തിരക്കഥയിലെ മറ്റൊരു കഥാപാത്രം മാത്രമാണ്, മേഡ് ലീനെ പോലെത്തന്നെ, സ്കോട്ടിയും എന്നിടത്താണ് ചിത്രം ഒരേ സമയം സൈക്കോ അനലിറ്റിക്കല്‍ ഡ്രാമയുടെയും ഒരു ക്രൈം ത്രില്ലറിന്റെയും സങ്കരം ആയിത്തീരുന്നത്. മേഡ് ലീന്‍ പ്രകടിപ്പിക്കുന്ന. ഭിന്ന വ്യക്തിത്വ പ്രതിസന്ധി അവള്‍ വെറുമൊരു ‘പകരക്കാരി’യാണ് എന്ന വസ്തുത ആദ്യം പ്രേക്ഷകരും പിന്നീട് സ്കോട്ടിയും അറിയുന്നത് വരെ യഥാര്‍ത്ഥവും അത് കഴിയുമ്പോള്‍ കുറ്റവാസനയുടെ നിഗൂഡ വഴികള്‍ സൃഷ്ടിച്ചെടുക്കുന്ന ഫിക് ഷനും ആണ്. ആദ്യം വിശുദ്ധ ഭാവങ്ങളുള്ള, ജന്മാന്തരങ്ങളില്‍ മേവുന്ന, പ്രാപിക്കാനാവാത്ത സൌന്ദര്യ പൂര്‍ണ്ണിമയായി, ദേശ സ്മൃതിയിലെ വഞ്ചിതയായ ദുരന്ത പാത്രമായി – ‘സുന്ദരിയായ കാര്‍ ലോട്ട, ദുഃഖിതയായ കാര്‍ ലോട്ട, ഉന്മാദിനിയായ കാര്‍ ലോട്ട’ – ഇരുപത്തിയാറാം വയസ്സില്‍ ആത്മഹത്യ ചെയ്ത പൂര്‍വ്വികയോട് തന്മയീഭാവം കൈക്കൊള്ളുന്ന മേഡ് ലീന്‍ തന്റെ രണ്ടാമൂഴത്തില്‍ തികച്ചും വിരുദ്ധമായ മറ്റൊരു വ്യക്തിത്വമാണ്. ‘മുമ്പും പലരുമെന്നെ കൊണ്ടുപോയിട്ടുണ്ട്’ എന്ന് ഏറ്റുപറയുന്ന, വിശുദ്ധമാല്ലാത്ത പൂര്‍വ്വ ജീവിതത്തിന്റെ ഉടമ. ഇപ്പോള്‍ അപ്രാപ്യമായി ജൂഡിയില്‍  ഒന്നുമില്ല. മിജ് പ്രതിനിധാനം ചെയ്യുന്ന മാതൃ ഭാവമോ മേഡ് ലീന്‍റെ വിസ്മയിപ്പിക്കുന്ന അതീത ഭാവമോ ജൂഡിയിലില്ല. മേഡ് ലീനോട് അനുഭവപ്പെട്ട, ബോധമനസ്സുകൊണ്ട് അമര്‍ത്തിവെച്ച ലൈംഗിക ആകര്‍ഷണം തുറന്നു വിട്ട അവസ്ഥയാണ് ജൂഡിയോടുള്ള അടുപ്പത്തില്‍ സ്കോട്ടി അനുഭവിക്കുന്നത്. അവള്‍ മേഡ് ലീന്റെ അപരസ്വരൂപമാണ് എന്ന് കരുതുന്ന ഘട്ടത്തില്‍ അത് ശവരതിയുടെ മാനം ഉള്‍കൊളളുന്നുണ്ടെന്നു ഹിച്ച്കോക്ക് ത്രൂഫോയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിശുദ്ധയും വേശ്യയും ഒരുമിക്കുന്ന/ സംഘര്‍ഷത്തിലാകുന്ന (Madonna - whore complex’) പ്രതിനിധാനമാണ് മേഡ് ലീന്‍/ ജൂഡി പാത്രസൃഷ്ടി.

 

ഹിച്ച്കോക്ക് ചിത്രങ്ങളില്‍ വിചിത്രമായ വിധി നേരിട്ട സിനിമയാണ് വെര്‍ട്ടിഗോ. ഒരു വന്‍ വിജയമായിരുന്നില്ല ഇറങ്ങിയ കാലത്ത് ചിത്രം. നാല്‍പ്പതു പിന്നിട്ട ജെയിംസ്‌ സ്റ്റിവര്‍ട്ട് കഥാപാത്രത്തിന് വേണ്ട പ്രായം കടന്നിരുന്നുവെന്നു വിമര്‍ശകര്‍ കളിയാക്കി. നായികയായ കിം നൊവാക് കുഴപ്പക്കാരിയെന്നു സിനിമാവൃത്തങ്ങളില്‍ അടക്കം പറയുന്ന അഭിനേത്രിയായിരുന്നു. അതൊരു ‘മിസ്കാസ്റ്റിംഗ്’ ആയിരുന്നെന്നു സംവിധായകന്‍ തന്നെയും ഏറ്റുപറഞ്ഞിട്ടുണ്ട്. ചില പ്രത്യേക കാരണങ്ങളാല്‍ മൂന്നു പതിറ്റാണ്ടോളം പ്രേക്ഷകര്‍ക്ക്‌ ലഭ്യമല്ലാതിരുന്നു എന്ന വിശേഷവും മറ്റു ചില ഹിച്ച്കോക്ക് ചിത്രങ്ങളോടൊപ്പം വെര്‍ട്ടിഗോ പങ്കു വെക്കുന്നു. എന്നാല്‍ പിന്നീട് ഹിച്ച്കോക്ക് ചിത്രങ്ങളിലെ മാസ്റ്റര്‍പീസ്‌ എന്ന നിലയിലേക്ക് പ്രേക്ഷക- വിമര്‍ശക പ്രശംസ നേടിയെടുത്ത വെര്‍ട്ടിഗോ, മുന്നൊരുക്കം മുതല്‍ ചിത്രീകരണത്തിന്റെ ഓരോഘട്ടങ്ങളിലും പില്‍ക്കാലം ചരിത്രമായിത്തീര്‍ന്ന പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട ചിത്രമാണ്. 2012-ലെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ണ്ണയനത്തില്‍ സിറ്റിസന്‍ കെയ്നിനെ പിന്തള്ളി ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങളില്‍ അത് ഒന്നാം സ്ഥാനത്ത് എത്തിയതും ചരിത്രം. ഖണ്ഡനമായും മണ്ഡനമായും ഒട്ടേറെ എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഇത്രയും പ്രസിദ്ധമായ ഒരു ചിത്രത്തത്തിന്റെ അനുകല്‍പ്പന രൂപത്തിലുള്ള ആവിഷ്കാരവുമായി ഒരു പുസ്തകം അവതരിപ്പിക്കുമ്പോള്‍ അതൊരു ചെറിയ വെല്ലുവിളിയല്ല. അവധാനതയോടെയുള്ള പഠനവും സഹൃദയത്വം നിറഞ്ഞ ആഖ്യാനവും അടുക്കും ചിട്ടയുമുള്ള ക്രാഫ്റ്റും അതിനു ആവശ്യമുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന ഒരു കഥ വീണ്ടും എഴുതുമ്പോള്‍ അത് വീണ്ടും വായിപ്പിക്കാന്‍ തോന്നിക്കുന്ന വിധത്തിലുള്ള ആഖ്യാനം നിര്‍വ്വഹിക്കുക എന്നത് പ്രധാനമാണ്. നിഗൂഡത, ഭയം, വിചിത്ര മനാസിക വ്യാപാരങ്ങള്‍, വിശദീകരിക്കാനാവാത്ത പ്രകൃത്യതീത വിനിമയങ്ങള്‍ തുടങ്ങിയ ഭാവങ്ങളില്‍ അധിഷ്ഠിതമായ രചനകള്‍, മധ്യകാല ഗോഥിക് /ഹൊറര്‍ ജോനറുകള്‍ തുടങ്ങി യാഥാര്‍ത്ഥ്യത്തിനും അതീത തലങ്ങള്‍ക്കുമിടയിലെ അതിരുകള്‍ നേര്‍ത്തു പോകുന്നത് ആവിഷ്കരിക്കുന്ന സാഹിത്യ കൃതികളില്‍ ഒരു സാഹസിക യാത്രികന്റെ കൗതുകത്തോടെയും ഒരു ഗവേഷകന്റെ അന്വേഷണ ബുദ്ധിയോടെയും ഒരു കവിയുടെ വാങ്ങ്മയ കൈയ്യടക്കത്തോടെയും വ്യാപരിക്കുന്ന പുതു തലമുറ എഴുത്തുകാരനാണ്‌ മരിയ റോസ്. ‘ആല്‍ഫ്രെഡ് ഹിച്ച്കോക്ക് അവതരിപ്പിക്കുന്നു’ എന്ന പേരില്‍ ഹിച്ച്കോക്കിന്റെ പ്രസിദ്ധമായ ടി. വി. സീരിയല്‍ വിഷയമാക്കി അദ്ദേഹം എഴുതിയ പുസ്തകം ഏറെ ശ്രദ്ധേയമാണ്. വെര്‍ട്ടിഗോയുടെ അനുകല്‍പ്പനം നടത്തുമ്പോള്‍ സിനിമയില്‍ നിന്നും അതിനടിസ്ഥാനമായ നോവലിലേക്കും തിരിച്ചും ചില നീക്കുപോക്കുകള്‍ ഗ്രന്ഥകര്‍ത്താവ് നടത്തുന്നുണ്ട്. നോവലില്‍ നിന്ന് ഹിച്ച്കോക്ക് നടത്തിയ ഏറെ പ്രസിദ്ധമായ ആ വിട്ടുപോക്കിനെ തിരികെ കൊണ്ട് വരുന്നതാണ് അതില്‍ ഏറ്റവും പ്രധാനം. നോവലില്‍ ക്ലൈമാക്സ് ആയി വരുന്ന ജൂഡി-മേഡ് ലീന്‍ ദ്വന്ദ്വത്തെ സംബന്ധിച്ച നിഗൂഡത ചിത്രത്തിന്‍റെ പാതിയില്‍ വെച്ച് തന്നെ പ്രേക്ഷകര്‍ക്ക്‌ മാത്രമായി വെളിപ്പെടുത്തുന്നതിലൂടെ ഹിച്ച്കോക്ക് നടത്തുന്ന ആ സര്‍ഗ്ഗാത്മക ചൂതാട്ടത്തെ നോവലിന്റെ തന്നെ ഘടനയിലേക്ക് പുനസ്ഥാപിക്കുകയാണ് ഇവിടെ. ഒരേസമയം സിനിമയെ വായിക്കുന്ന അനുഭവവും മൂല കൃതിയെ അനുഭവിപ്പിക്കുന്ന ആഖ്യാനവും ആയി കൃതിയെ മാറ്റിയെടുക്കുകയാണ് ഗ്രന്ഥകാരന്‍. രചനയില്‍ അവലംബിച്ചിട്ടുള്ള സങ്കേതങ്ങളെ കുറിച്ചും വിഷയ ക്രമം ചിട്ടപ്പെടുത്തിയ രീതിയെ കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന മുഖവുര അദ്ദേഹം തന്നെ ചേര്‍ത്തു വെച്ചിട്ടുണ്ട്. സഹൃദയ സമക്ഷം ഈ പുസ്തകത്തെ അത്യാഹ്ലാദത്തോടെ സമര്‍പ്പിക്കുക എന്നതേ ഇവിടെ ചെയ്യാനുള്ളൂ.

ഫസല്‍ റഹ്മാന്‍

(21-11-2017)

No comments:

Post a Comment