ദ ടൂറിൻ ഹോഴ്സ് (2011) ദൈവാനന്തര ശൈഥില്യത്തിന്റെ സാക്ഷ്യവൃത്തി
"1889 ജനുവരി 3-ന് ടൂറിനിൽ, ഫ്രെഡറിക് നീച്ചേ, വിയ കാർലോ ആൽബെർട്ടോയിലെ ആറാം നമ്പർ വീട്ടില്‍ നിന്ന് പുറത്തേക്ക് വന്നു... ഒരുപക്ഷേ ഒരു നടത്തത്തിന് വേണ്ടി, അഥവാ, പോസ്റ്റ് ഓഫീസിലൂടെ പോയി തന്റെ മെയിൽ ശേഖരിക്കാൻ വേണ്ടി... വളരെ അകലെയല്ലാതെ, അല്ലെങ്കിൽ കുറച്ചേറെ ദൂരെ, ഒരു കുതിരവണ്ടിക്കാരന്‍ തന്റെ വാശിക്കാരന്‍ കുതിരയുമായി ഇടയുകയായിരുന്നു. അയാള്‍ എങ്ങനെയൊക്കെ നിര്‍ബന്ധിച്ചിട്ടും, കുതിര അനങ്ങാൻ വിസമ്മതിക്കുന്നു, തുടർന്ന് ക്യാബ്മാൻ - ഗ്യൂസെപ്പെ? കാർലോ? എറ്റോർ? - ക്ഷമ നഷ്ടപ്പെട്ട് ചാട്ടവാറടി തുടങ്ങുന്നു. നീച്ചേ ജനക്കൂട്ടത്തിലേക്ക് വരുന്നു, കോപത്താൽ നുരയുകയായിരുന്ന ക്യാബ്മാന്റെ ക്രൂരമായ രംഗത്തിന് അറുതി വരുത്തുന്നു. ഉറച്ച ശരീരവും കനത്ത മീശയുമുള്ള നീച്ചേ പെട്ടെന്ന് ക്യാബിലേക്ക് ചാടി കുതിരയുടെ കഴുത്തിൽ കൈകൾ ചുറ്റി കരയുന്നു. അയൽക്കാരൻ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നു, അവിടെ അദ്ദേഹം നിശ്ചലനും നിശബ്ദനുമായി രണ്ട് ദിവസം ഒരു ദിവാനിൽ കിടക്കുന്നു. ഒടുവില്‍ ആ അനിവാര്യമായ അവസാന വാക്കുകൾ മന്ത്രിക്കുന്നു: "മുത്തേര്‍, ഇച്ച് ബിൻ ഡമ്മ്." ("അമ്മേ, ഞാൻ വിഡ്ഢിയാണ്.") അമ്മയുടെയും സഹോദരിമാരുടെയും സംരക്ഷണയിൽ, സൗമ്യനും സ്ഥിരബുദ്ധി നഷ്ടപ്പെട്ടവനുമായി പത്ത് വർഷം കൂടി ജീവിച്ചിരിക്കുന്നു.
ആ കുതിരയെക്കുറിച്ച്... ഞങ്ങൾക്ക് ഒന്നും അറിയില്ല.” (ആമുഖം: ദ ടൂറിന്‍ ഹോഴ്സ്)
ലാസ്ലോ ക്രാസ്നഹോർകൈയുമായി ചേര്‍ന്നെഴുതി ബേല ടാര്‍ സംവിധാനം ചെയ്ത ദി ടൂറിൻ
ഹോഴ്സ്, പരമ്പരാഗത അർത്ഥത്തിലുള്ള
ഒരു സിനിമയല്ല - ഇതൊരു മെറ്റാഫിസിക്കൽ അനുഷ്ടാനമാണ്, ഒരു ചലച്ചിത്ര വിലാപഗാനം. ഒരു കുതിരയെ ചാട്ടവാറടിക്കുന്നത്
കണ്ടതിനുശേഷം ടൂറിനിൽ ഫ്രെഡറിക് നീചേക്ക് സംഭവിച്ചതെന്നു കരുതപ്പെടുന്ന മാനസിക തകർച്ചയുടെ
കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കപ്പെട്ട ഈ സിനിമ സംഭവത്തെയല്ല, മറിച്ച് അതിന്റെ അനന്തരഫലത്തെയാണ്
അവതരിപ്പിക്കുന്നത്: ദൈവമരണം സംഭവിച്ച, തല്‍സ്ഥാനത്ത് പുതിയ മൂല്യങ്ങളൊന്നും
ഉയർന്നുവന്നിട്ടില്ലാത്ത ഒരു ലോകത്തില്‍ അർത്ഥത്തിന്റെയും ചൈതന്യത്തിന്റെയും
ഘടനയുടെയും സാവധാനത്തിലുള്ള അപചയമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രേക്ഷകന് വിനോദമോ
കഥാര്‍സിസോ വാഗ്ദാനം ചെയ്യുന്ന ചിത്രമല്ല ഇത് – ‘തകർച്ച’യുടെ ഘടന, എൻട്രോപ്പിയുടെ താളം, പ്രവചനനാന്തര നിശബ്ദത എന്നിവയ്ക്ക് സാക്ഷ്യം
വഹിക്കുകകയാണ് അയാള്‍.
നീഷിയന്‍ ചട്ടക്കൂട്: തകർച്ച,
പ്രവചന
വിരുദ്ധത, ദൈവാനന്തര ലോകം
സിനിമയിലെ നീഷിയന്‍ പ്രതിധ്വനികൾ സുവ്യക്തമാണ്: കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത’
ചിത്രത്തില്‍ വയോധികനായ പിതാവും മകളും സര്‍വ്വനാശത്തെ പ്രതിഫലിപ്പിക്കുന്ന (post-apocalyptic), കടുത്ത മഞ്ഞുകാറ്റ് അടിച്ചു
വീശിക്കൊണ്ടേയിരിക്കുന്ന കുന്നിന്‍ മുകളില്‍ ‘ലോകത്തിന്റെ അറ്റത്ത്’ എന്നോണം അര്‍ത്ഥ ശൂന്യതയെ നിസ്സാരമായ പതിവുകള്‍
കൊണ്ട്, നിരര്‍ത്ഥകമായ ഒരു ആചാരത്തിലെന്നോണം, മറികടക്കാന്‍ ശ്രമിക്കുന്നു: ഒന്നും ചെയ്യാനില്ല, ആരും വരാനില്ല, എങ്ങോട്ടും പോകാനില്ല എന്നൊരു ‘ബെക്കറ്റിയന്‍’ ശൂന്യത
തൊട്ടറിയാനാവും വിധം ശക്തമാണ്. ഈ ശൂന്യതയിലെ ആദ്യത്തെ അപര സ്പര്‍ശമായ, മദ്യം
വാങ്ങാനെത്തുന്ന അയല്‍ക്കാരന്റെ വരവിന്റെ ദാര്‍ശനിക മാനങ്ങള്‍ അതിപ്രധാനമാണ്: അയാളുടെ
ദീര്‍ഘ ഭാഷണം- വ്യക്തതയോടെയും നിരാശയോടെയും അവതരിപ്പിക്കുന്നത് - ഒരുതരം വിപരീത പ്രവചനമായി
(Anti-Prophecy), മെറ്റാഫിസിക്കൽ
നാശത്തിന്റെ രോഗനിർണയമായി വര്‍ത്തിക്കുന്നു, എന്നാല്‍ ഒരുതരം മൂല്യസംസ്ഥാപനത്തിന്റെയും ധൈര്യം
അയാളുടെ വാക്കുകളില്‍ ഇല്ല. അയാൾ ഒരു പരാജയപ്പെട്ട ‘ഉബർമെൻഷ്’ ആണ് – നീഷിയന്‍ ദൈവമരണാനന്തര
ലോകത്ത്, കാര്യങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിമാനവന്റെ
വാദമുഖങ്ങള്‍ അതിന്റെ സക്രിയ, സംസ്ഥാപക വശം കൂടാതെ അവതരിപ്പിക്കുന്നവന്‍: അയാള്‍ക്ക്
മിഥ്യകള്‍ക്കപ്പുറം കാണാനാകും, എന്നാൽ പുതിയ അർത്ഥം
സൃഷ്ടിക്കാൻ കഴിയുന്നുമില്ല. നിരന്തരം അടിച്ചുവീശുന്ന അചഞ്ചലമായ കാറ്റ് ഒരു ഡയനീഷിയൻ
ശക്തിയായി മാറുന്നു - കുഴപ്പം നിറഞ്ഞത്, ആക്രമണാത്മകം,
നിസ്സംഗം.
അതിനെതിരെ, വീട് ഒരു ദുർബലമായ അപ്പലോനിയൻ
ചിഹ്നമായി നിലകൊള്ളുന്നു: മടുപ്പന്‍ പതിവുകള്‍, വേവിച്ച ഉരുളക്കിഴങ്ങ്, നിശബ്ദ സഹിഷ്ണുത. എന്നാൽ വ്യവസ്ഥയുടെ/ ക്രമത്തിന്റെ ഈ പ്രതീതി
അതീവ ദുര്‍ബ്ബലമാണ്. അത് പിടിച്ചുനിൽക്കുന്നില്ല. കുതിര നീങ്ങാൻ
വിസമ്മതിക്കുന്നു. കിണർ വറ്റുന്നു. വെളിച്ചം മങ്ങുന്നു. അവശേഷിക്കുന്നത് അതീതാവസ്ഥയല്ല, മറിച്ച് ദൈവികതാനന്തര നിശബ്ദതയാണ്.
വ്യാജ പ്രവാചകന്മാരും രക്ഷാവിരുദ്ധരും: ഒരു ക്രാസ്നഹോർകൈ ഗാലക്സി
അയൽക്കാരൻ ക്രാസ്നഹോർകൈയുടെ– ‘സെയ്റ്റന്‍ടാംഗോ’യിലെ ഇരിമിയാസ്, ‘മെലങ്കളി ഓഫ് റെസിസ്റ്റൻസി’ലെ രാജകുമാരൻ, ‘ബാരൺ വെൻകഹൈമി’ലെ വിനാശകാരിയായ ഗൂഡകഥാപാത്രം
തുടങ്ങിയ ‘പടിവാതില്‍ വ്യക്തികളുടെ’ (threshold figures) ഒരു പരമ്പരയിൽ
പെടുന്നു. ഇവർ നേതാക്കളോ വീണ്ടെടുപ്പുകാരോ (redeemers) അല്ല. അവർ രക്ഷക വിപരീതങ്ങളാണ് (anti-saviours), അവരുടെ സംസാരം ശൈഥില്യത്തിനു
കാരണമാകുന്നു, പക്ഷേ
സുഖപ്പെടുത്തുന്നില്ല. അവർ ഒരിക്കൽ സംസാരിക്കുന്നു, തുടർന്ന് നിശബ്ദതയിലേക്ക് പിൻവാങ്ങുന്നു. അവരുടെ
കേന്ദ്രബിന്ദു പ്രവൃത്തിയിലല്ല, പരാജയത്തിലാണ് -
അവ വെളിപ്പെടുത്തുന്ന ശൂന്യതയിലാണ്. അയൽക്കാരന്‍ വരുന്നത് ബ്രാണ്ടി ചോദിച്ചു
കൊണ്ടാണ് എന്നത് പ്രതീകാത്മകമാണ്:
ചൈതന്യത്തിന്റെയല്ല, മറിച്ച്
മരവിപ്പിക്കുന്ന ഉൾക്കാഴ്ചയുടെ സൂചന. അയാള്‍ക്ക് തെളിഞ്ഞ ബുദ്ധിയുണ്ട്, പക്ഷേ അത് നിഷ്ഫലമാണ്. അയാള്‍ നീചേയുടെ
സ്വപ്നത്തിന്റെ അവശിഷ്ടമാണ്, അതിന്റെ
പൂർത്തീകരണമല്ല.
ജിപ്‌സികളും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും
ജിപ്‌സികൾ കിണറിനടുത്ത് എത്തുന്നത് സംഗീതം, ചലനം, സമൂഹം എന്നിങ്ങനെ
ചൈതന്യത്തിന്റെ ഒരു നിമിഷത്തെ അവതരിപ്പിക്കുന്നുണ്ട്, പക്ഷേ അത് ശത്രുതയോടെയാണ് സ്വീകരിക്കപ്പെടുന്നത്.
വൃദ്ധന്റെ പ്രതികരണം വംശീയ അവജ്ഞയിൽ മുങ്ങിയിരിക്കുന്നു, അപരനോടുള്ള ഭയം (fear of the Other), അത് ക്രമക്കേടിനെക്കുറിച്ചുള്ള അയാളുടെ
ഭയത്തെ (fear
of disorder) പ്രതിഫലിപ്പിക്കുന്നു. അവരെ പുറത്താക്കാനുള്ള അയാളുടെ ശ്രമം നീതിയല്ല - അത്
അപ്പലോനിയൻ നിയന്ത്രണത്തിന്റെ അവസാനത്തെ കുതറലാണ്. എന്നാൽ ആവാസവ്യവസ്ഥ ഇതിനകം
പരാജയപ്പെടുകയാണ്. കിണർ വറ്റുന്നു. ഭക്ഷണം കുറയുന്നു. കുതിര ചലിക്കാന്‍ വിസമ്മതിക്കുന്നു.
ജിപ്‌സികൾ ലോകത്തെ നശിപ്പിക്കുയാണ് എന്ന് പറയാനാകില്ല, മറിച്ച് അവര്‍
അതിന്റെ ദുർബലത വെളിപ്പെടുത്തുകയാണ്. ബെലാ ടാറിന്റെ പ്രപഞ്ചത്തിൽ, സമൂഹം അസാധ്യമാണ്, ജലം പോലും സംഘർഷത്തിന്റെ ഒരു ഇടമായി
മാറുന്നു.
വിപരീതവും ആവർത്തനവും: ബെക്കറ്റിയൻ സമാന്തരങ്ങൾ
തീര്‍ത്തും നിസ്സഹകരിക്കുന്ന കുതിരയെ കൊണ്ട് വണ്ടി വലിപ്പിക്കുന്നതിനു പകരം അച്ഛനും
മകളും വണ്ടി വലിക്കുകയും കുതിരയെ പിറകില്‍ വലിക്കുകയും ചെയ്യുന്നതില്‍ ലക്കി- പോസോ
ദ്വന്ദ്വത്തിന്റെ ആ ബെക്കറ്റിയൻ വിപരീതം കാണാനാകും: ‘വെയ്റ്റിംഗ് ഫോര്‍ ഗോദോ’ യിലെ
രണ്ടാം ഖണ്ഡത്തിൽ ഇരുവരും അടിമ-ഉടമ വേഷങ്ങള്‍ പരസ്പരം വെച്ചുമാറുന്ന പോലെ. ഈ ചലനവും മുന്നോട്ടുപോക്കിനെയല്ല, എൻട്രോപ്പിയെയാണ് സൂചിപ്പിക്കുന്നത്. അവർ
എത്തുന്ന പുതിയ വീട് ആദ്യത്തേതിന്റെ പതിപ്പുതന്നെയാണ്. "ആരും വരുന്നില്ല, ആരും പോകുന്നില്ല" എന്ന നിശ്ചലാവസ്ഥ.
അഥവാ, ചലനം ആവർത്തനമായി മാറുന്നു. വിപരീതം വെളിപ്പെടുത്തലായി മാറുന്നു. ലോകം
പരിണമിക്കുന്നില്ല - അത് ക്ഷയിക്കുന്നു. ബെക്കറ്റിന്റെ നാടകവേദി പോലെ, ടാറിന്റെ സിനിമയും ഘടനയുടെ അപചയം, ആഖ്യാനത്തിന്റെ തകർച്ച, ചെയ്തിയുടെ നിരർത്ഥകത
എന്നിവയെ ഘട്ടം ഘട്ടമായി അവതരിപ്പിക്കുന്നു.
സമാപന ചിന്തകള്‍: ചുരുങ്ങലിന് സാക്ഷിയാകൽ
ദ ടൂറിൻ ഹോഴ്സ് മനസ്സിലാക്കേണ്ട ഒരു സിനിമയല്ല - അത് സഹിക്കേണ്ട ഒരു സിനിമയാണ്. നീചേ
കുതിരയെ കെട്ടിപ്പിടിക്കുന്നതു പോലെ,
അത്
ഒരു വിഛേദത്തിന്റെ നിമിഷത്തെ അവതരിപ്പിക്കുന്നു: പ്രത്യയശാസ്ത്രത്തെ അനാവരണം
ചെയ്യുന്ന ദുരിതങ്ങളുമായുള്ള ഒരു ഏറ്റുമുട്ടൽ. വ്യാഖ്യാനിക്കാനല്ല, സാക്ഷ്യം വഹിക്കാനാണ് അത് നമ്മോട്
ആവശ്യപ്പെടുന്നത്. നിശബ്ദതയോടെ ഇരിക്കാൻ. അർത്ഥത്തിന്റെ ക്ഷയം അനുഭവിക്കാൻ. അങ്ങനെ
ചെയ്യുമ്പോൾ, അത് ഒരു കഥയല്ല, മറിച്ച് ഒരു ചെയ്തിയായി മാറുന്നു - ഇനിയും മോചനത്തിൽ
വിശ്വസിക്കുന്നില്ലാത്ത ഒരു ലോകത്തിനായുള്ള വിലാപത്തിന്റെ ഒരു ചലചിത്ര വൃത്തി.
No comments:
Post a Comment