Featured Post

Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Wednesday, April 15, 2026

Kurumulaku Manametturangunna Farovamar by Muzafer Ahammad

 ഉറങ്ങുന്ന ഫറോവമാരും ഉണരുന്ന ചരിത്രവും




യാത്രകൾ കേവലം ഭൂപടത്തിലൂടെയുള്ള സഞ്ചാരങ്ങളല്ല, മറിച്ച് അവ കാലത്തിനും സംസ്കാരങ്ങൾക്കും മുകളിലൂടെയുള്ള പര്യവേഷണങ്ങളാണ്. മുസഫർ അഹമ്മദിന്റെ കൃതികള്‍ അത്തരം പര്യവേഷണങ്ങളുടെ മികച്ച മാതൃകകളാണ്. 'കുരുമുളകു മണമേറ്റുറങ്ങുന്ന ഫറോവമാർ' എന്ന പുതിയ കൃതി, തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, ഈജിപ്ഷ്യൻ ഫറോവമാരുടെ മമ്മികൾക്കുള്ളിൽ കണ്ടെത്തിയ കേരളത്തിന്റെ കുരുമുളകുതരികളെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ട്രാൻസ് നാഷണൽ ബന്ധത്തിന്റെ സുഗന്ധമുള്ള ഓർമ്മപ്പെടുത്തലായി കണ്ടെടുക്കുന്നു. കേവലം സ്മാരകങ്ങളെയും ചരിത്ര ശേഷിപ്പുകളെയും വർണിക്കുന്ന ഒരു ടൂറിസ്റ്റ് വിവരണത്തിനപ്പുറം, ഈ കൃതി ഒരു പ്രതി-ആഖ്യാനം (Counter-narrative) ആയി മാറുന്നുണ്ട്. ഔദ്യോഗിക ചരിത്രരേഖകൾ മറച്ചുപിടിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെയും, ഭരണകൂടങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രതാപങ്ങൾക്കിടയിലെ പട്ടിണിയെയും പുസ്തകം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. നാഗിബ് മെഹ്ഫൂസിനെപ്പോലെയുള്ള സാഹിത്യ പ്രതിഭകളിലൂടെയും, മുസിരിസ് പാപ്പിറസ്സിലൂടെയും, സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്രാവിവരണം, കേരളത്തെയും ഈജിപ്തിനെയും ഒരു ട്രാൻസ് കൾച്ചറൽ സംവാദത്തിൽ വിളക്കിച്ചേർക്കുന്നു. ചരിത്രം, രാഷ്ട്രീയം, ലിംഗപദവി, സാഹിത്യം തുടങ്ങി ബഹുമുഖ മാനങ്ങളിലൂടെ ഈജിപ്തിനെ പുനർവായിക്കുന്ന ഒരു സാംസ്കാരിക ഭൂപടമായി പ്രസ്തുത കൃതിയെ പരിഗണിക്കുകയാണ് ഇവിടെ.

മുസഫറിന്റെ ഈജിപ്ഷ്യൻ യാത്ര ആരംഭിക്കുന്നത് പൂർത്തിയാകാത്ത ഒരു സാംസ്കാരിക നിയോഗത്തിന്റെ വേദനയിൽ നിന്നാണ്. വിഖ്യാത അറബ്-ഇംഗ്ലീഷ് വിവർത്തകൻ ഡെനിസ് ജോൺസൺ ഡേവിസ്, നാഗിബ് മെഹ്ഫൂസിനെ നേരിൽ കാണാൻ അവസരമൊരുക്കിയിട്ടും അത് സാധിക്കാതെ പോയതിന്റെ നഷ്ടബോധം കാൽ നൂറ്റാണ്ടിനിപ്പുറം ഈ സഞ്ചാരമായി പരിണമിക്കുന്നു. 2006 -ല്‍ മെഹ് ഫൂസിന്റെയും, 2017-ല്‍ ഡെനിസിന്റെയും വിയോഗങ്ങള്‍ അതൊരു തീരാനഷ്ടമായി അവശേഷിപ്പിച്ചു. എന്നാൽ വ്യക്തിപരമായ ഈ വേദനയ്ക്കൊപ്പം, ഡെനിസ് ജോൺസന്റെ രാഷ്ട്രീയമായ ദീർഘവീക്ഷണവും ഗ്രന്ഥകാരനെ സ്വാധീനിക്കുന്നു. അറബ് വസന്ത വേളയിൽ ലോകം ആവേശഭരിതമായിരുന്നപ്പോൾ, മുസ്‍ലിം ബ്രദർഹുഡിന്റെ ഇടപെടൽ ആ വിപ്ലവത്തെ എങ്ങനെ വഴിതെറ്റിക്കുമെന്നും അത് ഒടുവിൽ ഒരു പട്ടാള ഭരണകൂടത്തിൽ ചെന്നുനിൽക്കുമെന്നും ഡെനിസ് മുൻകൂട്ടി കണ്ടിരുന്നു. തഹ്‌രീർ സ്ക്വയറിൽ നിൽക്കുമ്പോൾ ഡെനിസിന്റെ ഈ വാക്കുകൾ യാഥാർത്ഥ്യമായത് ഗ്രന്ഥകാരൻ കാണുന്നു. ഈ സാംസ്കാരിക രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ടാണ് പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, കുരുമുളകു മണക്കുന്ന ആ പുരാതനമായ കേരള-ഈജിപ്ത് ബന്ധങ്ങളിലേക്ക് ഗ്രന്ഥകാരൻ തന്റെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുന്നത്.

മുസിരിസ് പാപ്പിറസ് മുതൽ നൈൽ ജലതർക്കങ്ങൾ വരെ

https://www.fazalrahman.com/essays/article/kurumulaku-manametturangunna-farovamar


Saturday, April 11, 2026

Rahasya Bhookhandangal (Novella) by Sajini S

 ട്രോമകളുടെ ആര്‍ക്കൈവ്



പിതൃസ്വരൂപത്തെ തേടുന്ന അന്വേഷണം ലോകജ്ഞാനത്തിന്റെയും ആത്മജ്ഞാനത്തിന്റെയും പുതിയ ഭൂഖണ്ഡങ്ങളിലേക്കുള്ള യാനമായി മാറുക എന്നത് ഇതിഹാസകാലം മുതലുള്ള സാഹിതീയ മാര്‍ഗ്ഗമാണ്. പ്രായേണ വമ്പന്‍ ആഖ്യാനങ്ങളുടെ ഭൂമികയാകുന്ന ഈ രൂപത്തെ ഒരു നോവെല്ലയിലേക്ക് പരുവപ്പെടുത്തുമ്പോള്‍, ആഖ്യാന ധാരകളെ ഒന്നിനെയും വേണ്ടുംവിധം പിന്തുടരാന്‍ കഴിയാത്ത, ധ്വനിസാന്ദ്രതയുടെ അമിത പ്രയോഗത്തില്‍ ഊന്നേണ്ടുന്ന  വിപര്യയം വന്നുപെട്ടേക്കാം. വൈയക്തികവും ചരിത്രപരവുമായ ട്രോമകളുടെ അതീവ ന്യൂനോക്തിയിലുള്ള സാന്ദ്രീകരണത്തില്‍ വ്യാഖ്യാന സാധ്യത വര്‍ദ്ധിച്ചേക്കാമെങ്കിലും പാത്രസൃഷ്ടിയുടെയും ഇതര ഫിക് ഷനല്‍ ആനന്ദങ്ങളുടെയും ഇടം ബലികഴിക്കപ്പെടാം. ഇതൊരു അപകട മേഖലയാണ് – സര്‍ഗ്ഗസിദ്ധിയുടെ ധാരാളിത്തം കൊണ്ടുമാത്രം തെന്നിവീഴാതെ രക്ഷപെടാനാകുന്ന ഇടം. അരനൂറ്റാണ്ടു നീളുന്ന കഥാകാലത്തിന്റെയും അതിനപ്പുറവും നീളുന്ന സ്മൃതികാലത്തിന്റെയും അനുഭവലോകം ഒന്നെത്തിനോക്കാന്‍ പോലും വേണ്ടത്ര വ്യാപ്തിയല്ല എസ്. സജിനി എഴുതിയ തൊണ്ണൂറു പേജില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ‘രഹസ്യ ഭൂഖണ്ഡങ്ങള്‍’ എന്ന നോവെല്ലയില്‍ ഉള്ളത്. എങ്കിലും ഭാവതീവ്രമായ ഭാഷയുടെ കരുത്തില്‍ എഴുത്തുകാരി വലിയൊരളവ് ഈ പരിമിതി മറികടക്കുന്നുണ്ട്.

ജാതിയും മതവും നിറവും ചുറ്റിവരിയുന്ന മനുഷ്യജീവിതത്തിന്റെ കുരുക്കുകളെ കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആമുഖത്തില്‍ത്തന്നെ എഴുത്തുകാരി വായനക്കാരെ നേരിടുന്നത്. ഈ അരികുവല്‍ക്കരണ ശക്തികളുടെ വിളയാട്ടം പിതൃദായമായിത്തന്നെ കിട്ടിയവളാണ് ആഖ്യാതാവ്. കവിയും കമ്യൂണിസ്റ്റും ചിലരുടെയൊക്കെ ഭാഷ്യങ്ങളില്‍ നക്സലൈറ്റും ആയിരുന്ന പിതാവിനെ കുറിച്ചുള്ള അന്വേഷണം, നോവലിന്റെ ഉള്ളടക്കത്തില്‍ നിറയുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലേക്കും അവര്‍ കടന്നുപോകുന്ന വൈയക്തികവും ചരിത്രപരവുമായ ട്രോമകളിലേക്കും ഒന്നിന് പിറകെ ഒന്നായി നീങ്ങുന്നു. കവികള്‍, ശില്‍പ്പികള്‍, ശില്‍പ്പിയുടെ മോഡല്‍, ചിത്രകാരന്മാര്‍, ചിത്രവേല ചെയ്യുന്നവര്‍, ഒറ്റപ്പെട്ടവര്‍, തെറ്റിദ്ധരിക്കപ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, മനസ്സിന്റെ പിടി വിട്ടുപോയവര്‍, അഗമ്യഗമനത്തിന്റെ നാനാമുഖങ്ങള്‍, പിതൃത്വം അടിച്ചേല്‍പ്പിക്കപ്പെട്ടവന്‍, പെടുപിറവിയുടെ പരാജയ ബോധം വേട്ടയാടുന്നവന്‍, ചരിത്രം കൊണ്ട് മുറിവേറ്റവര്‍, സ്വയം പ്രഖ്യാപിത അഭയാര്‍ഥികള്‍, ലിംഗസ്വത്വത്തിന്റെ തടവില്‍ പെട്ടുപോയ പെണ്‍ജന്മങ്ങള്‍, മത- ജാതി വിഭാഗീയതകള്‍ കൊണ്ട് ഭ്രാന്തെടുത്തവര്‍, അതേ ഭ്രാന്തിന്റെ ഇരകളായി ഒടുങ്ങുകയോ തകര്‍ന്നുപോകുകയോ ചെയ്യുന്നവര്‍ ... അന്വേഷണത്തില്‍ കണ്ടുമുട്ടുന്ന/ അറിയാനിടവരുന്ന മുഖങ്ങള്‍ ഒട്ടേറെയാണ്. ഒരു ചെറുനോവലിനു താങ്ങാനാവുന്നതില്‍ കൂടുതലുള്ള ഈ പാത്രവ്യാപ്തിക്കിടയിലും ചില മുഖങ്ങള്‍ വായനക്കാരെ പിടികൂടുക തന്നെ ചെയ്യും. പാപ പുണ്യങ്ങളില്‍ വിശ്വസിക്കായ്ക കൊണ്ട് മുന്‍ജന്മത്തിലെ പാപഫലം എന്ന വിവേചന ന്യായീകരണത്തെ അക്ഷരങ്ങള്‍ കൊണ്ട് എതിര്‍ക്കാന്‍ മുതിരുന്ന, കാലത്തിനു മുമ്പേ നടന്ന അച്ഛന്‍ കഥാപാത്രം, ‘കവി സഖാവ്, യുദ്ധവാര്‍ത്തകള്‍ നാട്ടിലെത്തിച്ച പഴയ റേഡിയോയിലൂടെ ‘യോദ്ധാവായി തിളങ്ങി. അച്ഛന്റെ ഡയറിയാണ് ആഖ്യാതാവിന്റെ അന്വേഷണങ്ങളുടെ തൊടുത്തുവിടല്‍ ആവുന്നതും. കലയുടെ ഉന്മാദത്തിനും ബുദ്ധിഭ്രമത്തിന്റെ നിലയില്ലായ്മക്കും ഇടയില്‍ നഷ്ടപ്പെടുന്ന ജോസ്, അയാള്‍ക്ക് മോഡല്‍ ആയും അന്യമതക്കാരന്‍ തങ്ങളുടെ ദൈവങ്ങളുടെ രൂപം കൊത്തുന്നതില്‍ വിറളി പൂണ്ട വേട്ടക്കാര്‍ക്ക് അവരുടെ ഉന്മാദം തീര്‍ക്കാനുള്ള പെണ്ണുടല്‍ ആയും ഒടുങ്ങുന്ന ആനി, വല്യപ്പന്റെ മകനും അപ്പന്റെ സഹോദരനുമെന്ന വിചിത്ര വിധിയില്‍ വീര്‍പ്പുമുട്ടുന്ന സെബാന്‍ തുടങ്ങിയര്‍ അക്കൂട്ടത്തില്‍ പെടും.

‘വിഭജനം എന്ന പ്രമേയം ഇന്ത്യാ-പാക് വിഭജനത്തിന്റെയും ബംഗ്ലാദേശ് വിമോചനത്തിന്റെയും ഇന്ത്യ-പാക്‌ യുദ്ധത്തിന്റെയും ചരിത്ര ഭാരങ്ങളിലൂടെ മാത്രമല്ല, പാക്കിസ്ഥാനി അമ്മയുടെയും ഇന്ത്യന്‍ അച്ഛന്റെയും ഉപേക്ഷിക്കപ്പെട്ട മകളായ, ‘രണ്ടു രാജ്യങ്ങളിലും എകയാക്കപ്പെട്ട കൃതികയുടെ വേരന്വേഷണത്തിലൂടെയും നോവലില്‍ ഇടം പിടിക്കുന്നു. ഇതേ ചരിത്ര ബദ്ധത, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പായി കവി സഖാവിനെ വേട്ടയാടുന്നു. ‘ദളിതനും ക്രിസ്ത്യാനിയും ഈഴവനും മാറുമറയ്ക്കാത്ത സ്ത്രീകളും ചെളിപുരണ്ട പൂണൂല്‍ധാരികളും’ കാവല്‍ നില്‍ക്കുന്ന ചരിത്രത്തിന്റെ താണ്ഡവം, വിവേചനങ്ങളായും സ്ത്രീവിരുദ്ധതയായും തുടരുന്നത് നോവല്‍ നിരീക്ഷിക്കുന്നു. ‘അറിയപ്പെടാത്ത ചിത്രകാരി’ ആയിരുന്ന റാഹേലമ്മായി, രക്ഷകരാരും വരാനില്ലാതെ ‘കുത്തിയിരിക്കുന്ന അര ഡസന്‍ പെണ്ണുങ്ങള്‍ മാത്രമുള്ള ഒറ്റപ്പെട്ട വീട്, എല്ലാ വിഭാഗീയ ഉന്മാദങ്ങളുടെയും ഒടുവിലത്തെ യുദ്ധഭൂമി പെണ്ണുടലാണ് എന്ന ന്യായേണ ‘ദൈവം നട്ട പെരുവിരലില്‍ നിന്ന് മുലഞെട്ടുകള്‍ വരെ രൂപം പ്രാപിച്ച നഗ്നശരീരം മാത്രമായിരുന്ന ആനി തുടങ്ങി ചുരുങ്ങിയ സൂചനകളിലൂടെ നോവലില്‍ കോറിയിടുന്ന ലോകം ഫലത്തില്‍ ഏറെ വിശാലമാണ്.

ഭഷാപ്രയോഗത്തിലെ ഭാവഗീതസാന്ദ്രത ഏറെ പ്രകടമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. സൂചികളും ട്യൂബുകളും ഉടലില്‍ കൊരുക്കപ്പെടുന്ന രോഗിയുടെ അബോധത്തില്‍ ‘പച്ചപ്പുല്‍ച്ചാടിയുടെ കൂത്താടലിന്റെ ആഹ്ളാദപ്പെരുമയും ‘നറുനീണ്ടിക്കിഴങ്ങിന്റെ കിണറാഴത്തണു’പ്പും മേളിക്കുന്നു. കുടുംബത്തകര്‍ച്ച ‘പലപല ഏടുകളിലായി ഒരേ വീട്ടില്‍ ചിതറിക്കിടന്ന കഥാപാത്രങ്ങളാകുന്നു. നോവെല്ല രൂപത്തിന്റെ ശില്‍പ്പ ഭാവമായ ജമ്പ്-കട്ട്‌ രീതിയിലുള്ള ചെറു ഖണ്ഡങ്ങള്‍ക്ക് നല്‍കിയ ഉപശീര്‍ഷകങ്ങള്‍ മറ്റൊരു ഉദാഹരണമാണ്: ‘ഓര്‍മ്മകളുടെ വിഭജനം, ‘തലച്ചോറിനുള്ളിലെ റൂട്ട്മാപ്പ്, ‘ഏകാകിയായ ഒരാളുടെ മീന്‍പിടിത്തം, ‘കുത്തിയിരിക്കുന്ന പെണ്ണുങ്ങളും മധുരക്കള്ളും, ‘ദൈവപ്പുരയിലെ നഗ്നശില്‍പ്പം തുടങ്ങിയ ദീപ്തവും ശക്തവുമായ പ്രയോഗങ്ങള്‍ പുസ്തകത്തില്‍ ഉടനീളം നാം വായിക്കുന്നു.

Sunday, December 7, 2025

KALAMKAVAL (2025)/ Jithin K. Jose

 

മമ്മൂട്ടിക്കമ്പനി നിര്‍മ്മിച്ച ‘കളംകാവല്‍’ കാലം തിയെറ്റരുകളില്‍ നിറഞ്ഞാടുകയാണല്ലോ. സാധാരണ പ്രേക്ഷകരും റിവ്യൂവര്‍മാറും ഒരുപോലെ ചിത്രത്തെ കൊണ്ടാടുന്നുമുണ്ട്. അത് തികച്ചും ന്യായമാണ് എന്നാണു എന്റെ പക്ഷ. ചിത്രത്തിന്‍റെ അരങ്ങിലും അണിയറയിലും ശരിക്കും ക്ലാസ് എന്ന് പറയാവുന്ന പ്രതിഭാസംഗമങ്ങള്‍ വ്യക്തമാണ്‌. സംവിധായകന്‍ ജിതിന്‍ കെ. ജോസ് ജിഷ്ണു ശ്രീകുമാറിനോടൊപ്പം ചേര്‍ന്നെഴുതിയ തിരക്കഥ, സാങ്കേതിക ഡിപ്പാര്‍ട്ട്മെന്റ്, ഫൈസല്‍ അലിയുടെ ക്യാമറ, ബി.ജി.എം, ഈണങ്ങള്‍, .. എല്ലാത്തിലുമുപരി എല്ലാ അഭിനേതാക്കളും നല്‍കിയ മികച്ച പ്രകടനങ്ങള്‍, പ്രത്യേകിച്ചും മുഖ്യ കഥാപാത്ര ദ്വയങ്ങളായി വന്ന മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ പ്രകടനം... ചിത്രം ശരിക്കും മലയാള സിനിമാ ചരിത്രത്തില്‍ സ്വയമൊരു ഇടം നേടുക തന്നെ ചെയ്യും എന്നുറപ്പിക്കാം.

സ്ക്രിപ്റ്റ് രചനക്ക് മുമ്പില്‍ ഒരു വമ്പന്‍ വെല്ലുവിളി ഉണ്ടായിരുന്നിരിക്കും എന്നത് തീര്‍ച്ചയാണ്: പബ്ലിക് ഡോമെയ്നില്‍ മുഴുവന്‍ വിവരങ്ങളും ലഭ്യമായ ഒരു തുടര്‍ ഭീകര സംഭവത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുക, അതേസമയം സൂക്ഷ്മതലങ്ങളില്‍ പാത്രസൃഷ്ടിയുടെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുക, ഒപ്പം പ്രേക്ഷകരുടെ രസച്ചരട് മുറിയാതെ കാക്കുക .. ഇതിനൊക്കെയപ്പുറം തങ്ങളുടെ ദൌത്യത്തെ അങ്ങേയറ്റം സങ്കീര്‍ണ്ണമാക്കിയ മറ്റൊരു കാര്യം സിനിമാസ്വാദനത്തിന്റെ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ടതാണ്: മലയാളം കണ്ട എക്കാലത്തെയും ഏറ്റവും മഹാനായ നടനെ പൈശാചികതയുടെ ആള്‍രൂപമായി അവതരിപ്പിക്കുക, അതും അയാളെ/ പൈശാചത്തെ ഒരു ഘട്ടത്തിലും മഹത്വവല്‍ക്കരിക്കാതെ ചെയ്യുക എന്നത്.. അതൊരു ചെറിയ വെല്ലുവിളി ആയിരുന്നില്ല. സ്ക്രിപ്റ്റും സംവിധാനവും ആ വെല്ലുവിളിയില്‍ തീര്‍ച്ചയായും വിജയിക്കുന്നുണ്ട്. ചെകുത്താന്റെ പാത്രസൃഷ്ടിയില്‍ അനാവശ്യമായ പൂര്‍വ്വകാല കഥ സൃഷ്ടിച്ചെടുക്കാനോ, അയാളുടെ ധാര്‍മ്മിക ശൈഥില്യത്തിന് ഏതെങ്കിലും വിധത്തിലുള്ള ന്യായീകരണം ചമക്കാനോ ഇവിടെ ശ്രമിക്കുന്നില്ല എന്നത് ചിത്ര ശില്‍പ്പികളുടെ മികവായി കാണണം. എം.ടി.യെ പോലുള്ള അതികായന്മാര്‍ പോലും ധൈര്യപ്പെട്ടിട്ടില്ലാത്ത കാര്യമാണ് അത് : ഉദാഹരണത്തിന് ‘ഉയരങ്ങളില്‍ (1984)’ (സംവിധാനം ഐ.വി.ശശി) ഓര്‍ക്കുക.

...................

https://www.fazalrahman.com/movies/article/kalamkaval-2025-jithin-k-jose

 


Tuesday, November 4, 2025

മീസാന്‍ കല്ലിലെ അരണ

 




    നെരിപ്പോടായ  ഒരു ദീര്‍ഘ ജന്മത്തിന്‍റെ സങ്കടക്കടല്‍ കടന്നു പോയ മാതൃതുല്യയായ ഒരു ബന്ധുവിന്‍റെ ഖബറടക്കത്തിനു വേണ്ടിയാണ്  ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിക്കാട്ടിലേക്ക്  കഴിഞ്ഞ ദിവസം പോയത്. പടയോട്ടങ്ങളും വെള്ളപ്പൊക്കവും വറുതിയും വസൂരിയും കടന്നെത്തിയ തലമുറകള്‍ക്ക് കന്മഷമേതുമില്ലാതെ ആതിഥ്യമൊരുക്കിയ ശ്മശാനഭൂമി. പൂര്‍വ്വസൂരികളായ പിതാമാഹന്മാരും  മുത്തശ്ശിമാരും പ്രമാണിമാരും നിസ്വരും ഉച്ചനീചത്വമേതും കൂടാതെ കഴിയുന്ന വിശ്രാന്തി. പുരുഷമേധാവിത്തത്തിന്‍റെ സീല്‍ക്കാരങ്ങളോ  സഹന പര്‍വ്വങ്ങളുടെ പെണ്‍ ഗദ്ഗദങ്ങളോ അകാലത്തില്‍ മൂകമായിപ്പോയ ബാല കുതൂഹലങ്ങളുടെ ചിണുങ്ങലോ പ്രണയ ഭംഗങ്ങളുടെ നെഞ്ചുരുക്കങ്ങളോ ഇവിടെയിപ്പോള്‍ കലമ്പുന്നില്ലഅഥവാ ഉണ്ടെങ്കില്‍ത്തന്നെ,  വ്യാവഹാരിക കര്‍ണ്ണപുടങ്ങളുടെ തുച്ഛമണ്ഡലത്തിലേക്ക് ആ അതീതസങ്കടങ്ങള്‍ സ്വരസാന്നിധ്യങ്ങളാവുന്നില്ല. ഉമ്മ പറഞ്ഞുകേട്ട കഥകളില്‍ കലാപ നാളുകളിലെ വീര പരിവേഷത്തോടെ തിളങ്ങിയ കാരണവന്മാരും കലുഷ കാലങ്ങളെ മറയാക്കി നാടു വിറപ്പിച്ചു നടന്ന തെമ്മാടികളും പള്ളിക്കാടിന്‍റെ ഏറെ പിന്‍ഭാഗങ്ങളില്‍ കാടുമൂടിയ ഇടങ്ങളില്‍ മൃഗയാ വിനോദങ്ങളുടെ പടം മടക്കി വെച്ച് വിശ്രമിക്കുന്നു. ഏറെ പഴയതല്ലാത്ത കാടിന് ചുവടെ ഉമ്മയും തൊട്ടടുത്ത് ബാപ്പയുമുണ്ട്;  ഇത്തിരിക്കൂടി ഉള്ളോട്ടു നീങ്ങി ഏറെ ദൂരെയല്ലാതെ കാര്‍ക്കശ്യക്കാരനായിരുന്ന അമ്മാവനും. ഈ അമ്മാവന്‍ തന്നെയാണ് 'പത്തായപ്പുരയുടെ നിഴലില്‍ വിരുന്നുകാരിയോടു കുസൃതി കാട്ടിയ കുറുമ്പന്‍ പ്രണയത്തെചൂരല്‍ക്കഷായം കൊണ്ട് ചികിത്സിച്ചത്. ('വീട് വിട്ടു പോവുകയാണ്') കാട് നീക്കി ഉമ്മയോടും ബാപ്പയോടും ഒന്ന് അടുത്തുപോയി   മിണ്ടേണ്ടതുണ്ടോ?  വേണ്ടെന്നു വെച്ചു,  ഇടനെഞ്ചിലാണല്ലോ അവരെ അടക്കേണ്ടത്,  അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ സന്ദര്‍ശനത്തിനു എന്ത് പ്രസക്തി?


    ഖബറിടങ്ങള്‍ക്കിടയിലൂടെ കഷ്ടിച്ച് കാലടിവെക്കാന്‍ മാത്രം ഇടമുള്ള ചവിട്ടു വഴിയിലൂടെ പുതിയ ഖബര്‍ സ്ഥാനത്തേക്ക് നീങ്ങുമ്പോള്‍ പഴക്കമില്ലാത്തൊരു മീസാന്‍ കല്ലിനു മുകളിലാണ് വിചിത്രമായ ആ ധ്യാനം കണ്ടത്: പള്ളിക്കാടിന്‍റെ വന്യസമ്പന്നതയില്‍ തടിച്ചു കൊഴുത്ത അവന്‍ പ്രാചീനമായ ശിരസ്സുയര്‍ത്തി എന്തോ ചെവിയോര്‍ത്തെന്നോണം മൂകനായി നിശ്ചലം നില്‍ക്കുന്നു. മീസാന്‍ കല്ലില്‍ അടയാളപ്പെടുത്തിയത് അപ്പോഴാണ്‌ ശ്രദ്ധിച്ചത്. നാലുമാസമേ കഴിഞ്ഞിട്ടുള്ളൂ അടക്കിയിട്ട്. ഒരു അഞ്ചുവയസ്സുകാരിയെന്നു തീയതികള്‍ കാണിച്ചു. ശിശുമരണങ്ങള്‍ അത്ര പതിവല്ലാത്ത ഇക്കാലത്ത് എന്താവാം അവളെ കുരുന്നിലേ കൊണ്ടുപോയത്?  അടക്കത്തിന്‍റെ കര്‍മ്മങ്ങള്‍ നടക്കുന്ന സമയത്തിന്‍റെ നല്ലൊരു പങ്ക് ഞാന്‍ അവനെ നോക്കിക്കൊണ്ടിരുന്നു. അവന്‍ ചെവിടോര്‍ക്കുക തന്നെയാണ്. പറക്കമുറ്റാത്ത സങ്കടങ്ങള്‍ അവള്‍ പറഞ്ഞുതീര്‍ക്കുകയാണോ?  ആര്‍ക്കറിയാം. പിന്നെ,  മൂന്നുപിടി മണ്ണ് എന്ന എന്‍റെ വിഹിതം കഴിഞ്ഞു കുനിഞ്ഞു നിവര്‍ന്നു വീണ്ടും ഞാനാ അപൂര്‍വ്വമായ വെളിപ്പെടുത്തലിന്‍റെ  അരങ്ങിലേക്ക് നോക്കി. ആ നിമിഷങ്ങളിലെപ്പോഴോ ഒരിക്കല്‍,  ഇളം മുറക്കാരിയുടെ സങ്കടങ്ങളൊക്കെയും ഏറ്റുവാങ്ങി ഉരഗ പിതാമഹന്‍ തന്‍റെ തട്ടകത്തിലേക്ക് പിന്‍ വാങ്ങിയിരുന്നു. യാതനകളുടെ   ജീവിതകാണ്ഡം മുഴുവന്‍ കടന്നെത്തിയ പുതിയ അതിഥിയോട് ഏറെ കേള്‍ക്കാനുണ്ടാവുമല്ലോ അവന്.


    ഇന്ന്,  ഏറെ നാളായി അടുത്തതാവട്ടെ,  അടുത്തതാവട്ടെ എന്ന് ഞാന്‍ മാറ്റിവെച്ച ഒരു പുസ്തകം വായിക്കാനെടുത്തപ്പോള്‍  വിചിത്രമായ ഒരാകസ്മികത എന്നെ അത്ഭുതപ്പെടുത്തുന്നു. ഹോസെ എദുവാര്‍ദോ അഗുവാലൂസയുടെ 'ദി ബുക്ക് ഓഫ് കമേലിയന്‍സ്എന്ന നോവലില്‍ കഥ പറയുന്നത് ഒരു ഉരഗമാണ് -  ഫെലിക്സ് വെഞ്ചൂറായുടെ വീട്ടിലെ ചുമരില്‍ കഴിയുന്നതലമുറകളിലേക്ക് പരകായ പ്രവേശം സാധ്യമാകുന്ന,  അംഗോളയുടെ സംഘര്‍ഷ ഭരിതമായ പോസ്റ്റ്‌ കൊളോണിയല്‍ കാലത്തെ ആഖ്യാനത്തിലേക്ക് ആവാഹിക്കുന്ന ഒരു ഉരഗ പിതാമഹന്‍.  സാക്ഷാല്‍ ബോര്‍ഹെസിന്റെ പുനരവതാരം.


    എന്‍റെ ആ പഴയ പള്ളിക്കാടിന്‍റെ സങ്കടങ്ങള്‍ എല്ലാം കേട്ട ആ സാക്ഷിയോട് ഒന്ന് രേഖപ്പെടുത്താന്‍ കഴിയുന്ന ഒരാള്‍ എന്‍റെ ഗ്രാമത്തില്‍ നിന്ന് എന്നെങ്കിലും വരുമായിരിക്കുംഞാനും എന്‍റെ ഔത്സുക്യങ്ങളും അന്ന് അവിടെ,  അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരിടത്ത് പഞ്ചഭൂതങ്ങളില്‍ ലയിച്ചു കാതോര്‍ത്തിരിക്കുമ്പോഴെങ്കിലും….

 

(ഓഗസ്റ്റ്‌ 03, 2013)

 


Tuesday, October 28, 2025

The Turin Horse (2011) László Krasznahorkai/ Béla Tarr (Hungarian)

 



ദ ടൂറിൻ ഹോഴ്സ്  (2011) ദൈവാനന്തര ശൈഥില്യത്തിന്റെ സാക്ഷ്യവൃത്തി

"1889 ജനുവരി 3-ന് ടൂറിനിൽ, ഫ്രെഡറിക് നീച്ചേ, വിയ കാർലോ ആൽബെർട്ടോയിലെ ആറാം നമ്പർ വീട്ടില്‍ നിന്ന് പുറത്തേക്ക് വന്നു... ഒരുപക്ഷേ ഒരു നടത്തത്തിന് വേണ്ടി, അഥവാ, പോസ്റ്റ് ഓഫീസിലൂടെ പോയി തന്റെ മെയിൽ ശേഖരിക്കാൻ വേണ്ടി... വളരെ അകലെയല്ലാതെ, അല്ലെങ്കിൽ കുറച്ചേറെ ദൂരെ, ഒരു കുതിരവണ്ടിക്കാരന്‍ തന്റെ വാശിക്കാരന്‍ കുതിരയുമായി ഇടയുകയായിരുന്നു. അയാള്‍ എങ്ങനെയൊക്കെ നിര്‍ബന്ധിച്ചിട്ടും, കുതിര അനങ്ങാൻ വിസമ്മതിക്കുന്നു, തുടർന്ന് ക്യാബ്മാൻ - ഗ്യൂസെപ്പെ? കാർലോ? എറ്റോർ? - ക്ഷമ നഷ്ടപ്പെട്ട് ചാട്ടവാറടി തുടങ്ങുന്നു. നീച്ചേ ജനക്കൂട്ടത്തിലേക്ക് വരുന്നു, കോപത്താൽ നുരയുകയായിരുന്ന ക്യാബ്മാന്റെ ക്രൂരമായ രംഗത്തിന് അറുതി വരുത്തുന്നു. ഉറച്ച ശരീരവും കനത്ത മീശയുമുള്ള നീച്ചേ പെട്ടെന്ന് ക്യാബിലേക്ക് ചാടി കുതിരയുടെ കഴുത്തിൽ കൈകൾ ചുറ്റി കരയുന്നു. അയൽക്കാരൻ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നു, അവിടെ അദ്ദേഹം നിശ്ചലനും നിശബ്ദനുമായി രണ്ട് ദിവസം ഒരു ദിവാനിൽ കിടക്കുന്നു. ഒടുവില്‍ ആ അനിവാര്യമായ അവസാന വാക്കുകൾ മന്ത്രിക്കുന്നു: "മുത്തേര്‍, ഇച്ച് ബിൻ ഡമ്മ്." ("അമ്മേ, ഞാൻ വിഡ്ഢിയാണ്.") അമ്മയുടെയും സഹോദരിമാരുടെയും സംരക്ഷണയിൽ, സൗമ്യനും സ്ഥിരബുദ്ധി നഷ്ടപ്പെട്ടവനുമായി പത്ത് വർഷം കൂടി ജീവിച്ചിരിക്കുന്നു.

ആ കുതിരയെക്കുറിച്ച്... ഞങ്ങൾക്ക് ഒന്നും അറിയില്ല.” (ആമുഖം: ദ ടൂറിന്‍ ഹോഴ്സ്)


    ലാസ്ലോ ക്രാസ്നഹോർകൈയുമായി ചേര്‍ന്നെഴുതി ബേല ടാര്‍ സംവിധാനം ചെയ്ത ദി ടൂറിൻ ഹോഴ്സ്, പരമ്പരാഗത അർത്ഥത്തിലുള്ള ഒരു സിനിമയല്ല - ഇതൊരു മെറ്റാഫിസിക്കൽ അനുഷ്ടാനമാണ്, ഒരു ചലച്ചിത്ര വിലാപഗാനം. ഒരു കുതിരയെ ചാട്ടവാറടിക്കുന്നത് കണ്ടതിനുശേഷം ടൂറിനിൽ ഫ്രെഡറിക് നീചേക്ക് സംഭവിച്ചതെന്നു കരുതപ്പെടുന്ന മാനസിക തകർച്ചയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കപ്പെട്ട ഈ സിനിമ സംഭവത്തെയല്ല, മറിച്ച് അതിന്റെ അനന്തരഫലത്തെയാണ് അവതരിപ്പിക്കുന്നത്: ദൈവമരണം സംഭവിച്ച, തല്‍സ്ഥാനത്ത് പുതിയ മൂല്യങ്ങളൊന്നും ഉയർന്നുവന്നിട്ടില്ലാത്ത ഒരു ലോകത്തില്‍ അർത്ഥത്തിന്റെയും ചൈതന്യത്തിന്റെയും ഘടനയുടെയും സാവധാനത്തിലുള്ള അപചയമാണ് ചിത്രം അവതരിപ്പിക്കുന്നത്‌. പ്രേക്ഷകന് വിനോദമോ കഥാര്‍സിസോ വാഗ്ദാനം ചെയ്യുന്ന ചിത്രമല്ല ഇത് – ‘തകർച്ച’യുടെ ഘടന, എൻട്രോപ്പിയുടെ താളം, പ്രവചനനാന്തര നിശബ്ദത എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുകകയാണ് അയാള്‍.

നീഷിയന്‍ ചട്ടക്കൂട്: തകർച്ച, പ്രവചന വിരുദ്ധത, ദൈവാനന്തര ലോകം

    .....................


Thursday, June 20, 2024

Manja Nadikalude Sooryan by E.K. Sheeba (Malayalam Novel)

 

തീക്കാലത്തെ മഞ്ഞുപുതപ്പിക്കുമ്പോള്‍ 



അറുപതുകള്‍ മുതല്‍ കേരളീയ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് കെട്ടടങ്ങുകയും ചെയ്ത, പുതിയ കാലത്ത് വിസ്മരിക്കപ്പെടുകയും ഒരുവേള അപഹസിക്കപ്പെടുകയും ചെയ്ത നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന ചില ആദ്യകാല പ്രവര്‍ത്തകരെ കുറിച്ച് ഒരു നോവലെഴുതാന്‍ ഇറങ്ങിത്തിരിക്കുന്ന നിരുപമയെന്ന യുവതിയുടെ വ്യക്തിജീവിതത്തിലും സര്‍ഗ്ഗജീവിതത്തിലും ഉണ്ടാവുന്ന പ്രതിസന്ധികളാണ് ഇ. കെ. ഷീബയുടെ ‘മഞ്ഞ നദികളുടെ സൂര്യന്‍’ ചിത്രീകരിക്കുന്നത്. നോവലെഴുത്തിനെ കുറിച്ചുള്ള നോവല്‍ എന്ന എന്ന മെറ്റാ ഫിക്ഷന്‍ തലത്തില്‍ സര്‍ഗ്ഗപ്രക്രിയയും വ്യക്തിജീവിതവും രണ്ടല്ലാത്ത നിരുപമയുടെ അന്വേഷണത്തില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൂടെയാണ് അറുപതുകളുടെ നക്സല്‍ബാരി ബാരി കലാപം ആരംഭിക്കുന്ന കല്‍ക്കത്താ തെരുവുകള്‍ മുതല്‍ നിലമ്പൂര്‍ കാടുകളിലെ മാവോയിസ്റ്റ് വേട്ടയുടെ സമകാലിക ചിഹ്നങ്ങള്‍വരെ ആവിഷ്കരിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നത്. ഒരു ചെറുനോവലിന് താങ്ങാനാവുന്നതിലും വലിയ ചരിത്രഭാരവും കാലഭാരവും നോവലിനെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ട് എന്നാണ് ഈ ലേഖകന്റെ നിഗമനം. അതുമറികടക്കാന്‍ നോവലിസ്റ്റ് അവലംബിക്കുന്ന രീതികളാവട്ടെ ആവിഷ്കാരം (showing) എന്നതിനുപകരം പ്രസ്താവനകളുടെ (telling) കുറുക്കുവഴി തേടലായിപ്പോകുന്നുണ്ട് ഒട്ടുമിക്കപ്പോഴും. പത്മസേനന്‍ മാഷുടെ അനുഭവങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന കല്‍ക്കത്തന്‍ പശ്ചാത്തലത്തിലെ നക്സല്‍ബാരി കലാപത്തുടക്കത്തിന്റെയും പഴയ ഉന്മൂലന സമരങ്ങളുടെയും രഞ്ജന്‍ ഓര്‍ത്തെടുക്കുന്ന സാംസ്കാരിക വേദി മുന്നേറ്റങ്ങളുടെയും ചിത്രങ്ങള്‍ അവയെക്കുറിച്ച് അക്കാലത്തുതന്നെ കേട്ടുമറന്ന പതിവു ജേണലിസ്റ്റിക്ക് ‘സ്റ്റോറി’കള്‍ക്കപ്പുറം അത്രയൊന്നും മൗലികമല്ല. അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്തം, തലശ്ശേരി-പുല്‍പള്ളി ആക്രമണങ്ങള്‍, മഠത്തില്‍ മത്തായി വധം തുടങ്ങിയ നക്സലൈറ്റ് കാലഘട്ടത്തിലെ സംഭവങ്ങളുടെ ഫിക് ഷനല്‍ അവതരണങ്ങള്‍ പത്മസേനന്‍ മാഷെപ്പോലെ ആ തീക്കാലങ്ങളിലൂടെ നടന്നു പോവുകയും പില്‍ക്കാലം പലര്‍ക്കും സംഭവിച്ച അപചയങ്ങള്‍ക്ക് വശംവദനാകാതെ ഉറച്ചുനില്‍ക്കുകയും ചെയ്ത ഒരാളില്‍നിന്ന് കൂടുതല്‍ അവധാനതയോടെ, കൂടുതല്‍ മൗലികതയോടെ ചുരന്നെടുക്കുന്നതില്‍ എഴുത്തുകാരി കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരുന്നു എന്നുതോന്നി. അത് സംഭവിക്കാതെ പോയത്, നോവലിന്റെ ഫോക്കസിനെ കുറിച്ചുള്ള അടിസ്ഥാനപരമായ ഒരാശയക്കുഴപ്പം ആയിരുന്നോ എന്നും സന്ദേഹിക്കാം.

നിരുപമയുടെ ജീവിതസംഘര്‍ഷങ്ങളിലേക്ക് പേര്‍ത്തും പേര്‍ത്തും നോവലിസ്റ്റ് തിരികെ പോകുന്നതും നോവലന്ത്യം അവതരിപ്പിക്കുന്ന അതികാല്‍പ്പനികവും പശ്ചാത്താപഭരിതവും ത്യാഗപൂര്‍ണ്ണവുമായ ശുഭാന്ത്യവും ആരെയാണ് അടിസ്ഥാനപരമായി നോവല്‍ പിന്തുടരാന്‍ ശ്രമിച്ചത് എന്ന അങ്കലാപ്പ് വായനക്കാരില്‍ ഉണ്ടാക്കുന്നുണ്ട്. പാത്രസൃഷ്ടിയിലെ പതിവു ചാലുകള്‍ ജീവിതത്തെ പിന്തുടരുക എന്നതിനപ്പുറം ഒരു പ്രവചിത പരിസമാപ്തിയിലേക്ക് കൊണ്ടെത്തിക്കുക എന്ന നോവലിസ്റ്റിന്റെ കടന്നുകയറ്റമായി അനുഭവപ്പെടും. ആദിയുടെ അരാജകജീവിതം കലാകാരനെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍ അപ്പടി പകര്‍ത്തിവെക്കുന്നു. അതിനു വിശദീകരണമായി സദാചാരനിയമങ്ങളുടെ അതിരുകളില്‍ അറംപറ്റിയ അയാളുടെ കുടുംബപശ്ചാത്തലവും ചിത്രകാരന്‍ എന്ന നിലയില്‍ ബൊഹീമിയന്‍ ചുറ്റുവട്ടങ്ങളില്‍ നിന്ന് മുക്തിനേടാനാവാത്ത നിസ്സഹായതയും നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. സീറോസിസിന്റെ അനിവാര്യദുരന്തം ഏറ്റുവാങ്ങുകയും പുതിയ ഇഷ്ടക്കാരി ഇനിയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോവുന്നതിനെ തുടര്‍ന്ന് അനാഥനാകുകയും ചെയ്യുന്ന ആദിക്കരികില്‍ കരള്‍ പകുത്തുനല്‍കാന്‍ തയ്യാറായി എത്തുന്ന നിരുപമ, നോവലിസ്റ്റിന്റെ നായികാസ്വരൂപത്തിലേക്ക് പതിവുചാലുകളിലൂടെ തന്നെയാണ് വളരുന്നത്‌.

നിരുപമക്കും രഞ്ജിത്തിനും ഇടയില്‍ ഉരുത്തിരിയുന്ന ബന്ധത്തിലും കനംകുറഞ്ഞ അതികാല്‍പ്പനികത തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. തകര്‍ന്ന ദാമ്പത്യത്തിന്റെ കയ്പ്പുനീര്‍ എന്ന പശ്ചാത്തലം അയാള്‍ക്കുമുണ്ട്. എഴുത്തില്‍ ഫെമിനിസ്റ്റ് ടാഗ് ഇഷ്ടമല്ല എന്നൊക്കെ ഇരുവരും പറയുന്നുണ്ടെങ്കിലും രഞ്ജന്‍ അടിസ്ഥാനപരമായി നിലയുറപ്പിക്കുന്ന സ്ത്രീവിരുദ്ധത പേര്‍ത്തും പേര്‍ത്തും നോവലില്‍ സൂചിതമാകുന്നുണ്ട്. ‘സ്ത്രീകളെല്ലാം’ എന്ന വര്‍ഗ്ഗീകരണം അയാളുടെ വ്യവഹാരങ്ങളില്‍ നിരന്തരം കടന്നുവരുന്നത് സ്ത്രീയെ വ്യക്തിയായി കാണാനുള്ള പുരുഷാധികാരവിമുഖത തന്നെയാണ്. തീര്‍ത്തും പാളിപ്പോയ മറ്റൊരു പാത്രസൃഷ്ടിയായി അനുഭവപ്പെട്ടത് കീര്‍ത്തിയുടെതാണ്. പരമ്പരാഗത പുരുഷാധികാര മൂല്യങ്ങളില്‍ വളര്‍ത്തപ്പെട്ട ഒരു കുട്ടിയുടെ ശരാശരി തന്റേടം പോലുമില്ലാതെ പത്തുലക്ഷം സ്ത്രീധനം നല്‍കിയാലേ വിവാഹം അനിവദിക്കൂ എന്നു ശഠിക്കുന്ന പൊങ്ങച്ചകുടുംബത്തിലെ വ്യക്തിത്വലേശമില്ലാത്ത കാമുകനുവേണ്ടി കരഞ്ഞു കണ്ണീരൊലിപ്പിക്കുന്ന കീര്‍ത്തി, പഴയ ആദര്‍ശശീലത്തിനും കുടുംബനാഥന്റെ റോള്‍ ആവശ്യപ്പെടുന്ന പുതിയ അനുരജ്ഞനങ്ങള്‍ക്കും ഇടയില്‍ പെട്ടുപോകുന്ന അച്ഛന്‍ അനുഭവിക്കുന്ന സംത്രാസം അവതരിപ്പിക്കാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ട കൃത്രിമപാത്രമാണ്. മറവിരോഗത്തിന്റെ പിടിയില്‍ പെട്ടുപോകും മുമ്പ്, മകളുടെ പൊരുളറിയാത്ത അവഗണനയുടെ തീരാവേദനയില്‍ സ്വയം ബഹിഷ്കൃതയായി വൃദ്ധസദനത്തിലേക്ക് പിന്‍വാങ്ങിയ അമ്മയുടെ മുന്നില്‍ അപ്പോള്‍ മാത്രം തിരിച്ചറിഞ്ഞ രഹസ്യത്തിന്റെ പാശ്ചാതാപബോധത്തോടെ അഭയം തേടുകയും അത് വല്ലാതെ വൈകിപ്പോയി എന്ന തിരിച്ചറിവില്‍ അസ്തിത്വപ്രതിസന്ധി അനുഭവിക്കുകയും ചെയ്യുന്നുണ്ട് നിരുപമ. പ്രായശ്ചിത്തമെന്നോണം സേവനപദ്ധതിയിലേക്കുള്ള പിന്‍വാങ്ങലില്‍ സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ ലഭിക്കുന്ന സാമ്പത്തിക പിന്തുണയുമായി അവള്‍ക്കു കൂട്ടുവരുന്ന രഞ്ജന്‍, വീണ്ടും ഒരു പ്രവചിത പരിണാമഗുപ്തിയിലാണ് നോവലിനെ കൊണ്ടുനിര്‍ത്തുന്നത്.

ഒരു തീക്കാലത്തെ കുറിച്ച് നോവലെഴുതാന്‍ ഇറങ്ങിപ്പുറപ്പെട്ട്, ജീവിതത്തെ സംബന്ധിച്ച അതികാല്‍പ്പനിക, അതിവൈകാരിക ചുരുക്കെഴുത്തുകളില്‍ സ്വയം വിശ്രാന്തി കണ്ടെത്തുന്ന മറ്റൊരു വിമലയെ (‘മഞ്ഞ്’) ചിത്രീകരിക്കുന്നതില്‍ ഒതുങ്ങിപ്പോയ കൃതിയെന്നാണ് പുസ്തകത്തെ കുറിച്ച് പറയാനാകുക. ഒപ്പം, സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വിശ്വാസ ധാര്‍മ്മികതയും സ്വതന്ത്രബന്ധങ്ങളെ കുറിച്ചുള്ള വികലനിലപാടുകളും സങ്കീര്‍ണ്ണമാക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തിനോക്കാന്‍ നോവല്‍ നടത്തുന്ന ശ്രമങ്ങളും വിമോചനാത്മകമല്ല എന്നതും എടുത്തുപറയണം. ഇതിനപ്പുറം മറ്റൊരു സാംസ്കാരിക പരാജയംകൂടി നോവലിന് സംഭവിക്കുന്നുണ്ട് എന്നാണു ഈ ലേഖകന്റെ നിലപാട്. അത് ഇതാണ്: മഞ്ഞ നദികളുടെ സൂര്യന്‍ എന്ന രൂപകം അടയാളപ്പെടുത്തുന്ന തീക്കാലങ്ങളെ കുറിച്ച് നോവല്‍ നല്‍കുന്ന ഉള്‍ക്കാഴ്ച ഒട്ടും പക്വമല്ല. ആ കനലുകളിലൂടെ നടന്നു പോയവരെ കുറിച്ച് പുതിയ സ്നേഹമോ ബഹുമാനമോ ജനിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടില്ല എന്നുമാത്രമല്ല, വളരെ ചുരുങ്ങിയ വരകളിലെങ്കിലും സ്നേഹപൂര്‍ണ്ണമായി കോറിയിട്ട ചിത്രമായ പത്മസേനന്‍ മാഷേ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു കഥാപാത്രവും വ്യക്തിത്വപൂര്‍ണ്ണതയുള്ള ആവിഷ്കാരങ്ങളെന്ന നിലയില്‍ ആ കാലത്തിന്റെതായി നോവലില്‍ അടയാളപ്പെടുന്നുമില്ല. മറ്റൊരു രീതിയില്‍, വ്യക്തിത്വപ്രതിസന്ധി അനുഭവിക്കുന്ന ഒരു ഏകാകിനിയായ നായികയുടെ അതികാല്പാനിക കഥപറയുന്നതിനിടെ അതിനൊരു ഗഹനത നല്‍കാന്‍ ഒരു പൊള്ളുന്ന കാലത്തിന്റെ മേല്‍മുദ്രകള്‍ ചാര്‍ത്തുകയാണ് നോവലിസ്റ്റ്. ആമുഖകുറിപ്പില്‍ എഴുത്തുകാരി സൂചിപ്പിക്കുന്ന എം. ടി. യുടെ ‘ആരണ്യകം’ ഒരു യാദൃശ്ചികതയല്ല.   

താനെഴുതിയ കഥ വായിച്ചു ഇ മെയില്‍ സന്ദേശം അയക്കുന്ന വായനക്കാരന്‍ നല്‍കുന്ന സൂചനകളും എഴുത്തുകാരിയെന്ന നിലയില്‍ പ്രചോദിപ്പിച്ച കാലത്തെ കുറിച്ചും അതില്‍ അവശേഷിക്കുന്ന ആളുകളെ കുറിച്ചും അന്വേഷിച്ചിറങ്ങുമ്പോള്‍ കണ്ടെത്തുന്ന വസ്തുതകളും വെച്ച് നോവല്‍ രചിക്കുകയെന്ന ഘടനയും എഴുത്തിന്റെ ശക്തി കൊണ്ടുവരുന്ന അംഗീകാരങ്ങളും ആരാധനയും ത്യാഗപൂര്‍ണ്ണമായ സേവനോദ്യുക്തതയായി പരിണമിക്കുന്ന കഥാന്ത്യവും ഏതാണ്ടൊരു സിനിമാറ്റിക് അവധാനത നോവലിന്റെ പരിചരണത്തില്‍ വരുത്തുന്നുണ്ട്. കഥാപാത്രങ്ങളുടെ പേരുകളില്‍ നിഴലിക്കുന്ന പാന്‍ ഇന്ത്യന്‍ ചുവ ഏതൊക്കെയോ സിനിമാ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുപക്ഷെ, മണ്ണില്‍ ചവിട്ടി നടന്ന മനുഷ്യരെയല്ല വരച്ചുവെക്കുക എന്ന് നോവലിസ്റ്റ് അറിയാതെയല്ല; മറിച്ച് ആ ‘അകലവല്‍ക്കരണം’ പ്രമേയ ഹൃദയത്തിലുള്ള കാല്‍പ്പനിക ഭാവത്തിന്റെ നിദര്‍ശനമാണ്.

(March.2017)

Tuesday, April 23, 2024

Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

 

കഥാബീജങ്ങളുടെ പുസ്തകം



സാമ്പ്രദായിക അര്‍ത്ഥത്തില്‍ യാത്രാവിവരണം എന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥലത്തേക്കുള്ള യാത്രയെ പുറപ്പെട്ടുപോക്കുമുതല്‍ പിന്തുടരുന്ന ആഖ്യാനമാണ്. എന്നാല്‍ അത്തരം വമ്പന്‍ പുറപ്പെട്ടുപോക്കുകളില്ലാതെ, തികച്ചും സാധാരണമായ, യൂറോപ്യന്‍ നിത്യജീവിതത്തിലെ ചുറ്റുവട്ടങ്ങളിലോ ചെറുയാത്രകളുടെ യാദൃശ്ചികതകളിലോ കണ്ടുമുട്ടുന്ന ചെറിയ മനുഷ്യരുടെ ജീവിതങ്ങളിലേക്ക്, ഭൂതകാലങ്ങളിലേക്ക് അനുതാപപൂര്‍ണ്ണവും സ്നേഹര്‍ദ്രവുമായ ഹൃദയാടനം നടത്തുന്ന ഒരെഴുത്തുകാരി വരച്ചിടുന്ന രേഖാചിത്രങ്ങളാണ് ‘മുറിവേറ്റവരുടെ പാതകള്‍’. ഓരോ മനുഷ്യനും അവരവരുടേതായ ഇതിഹാസ ദുരന്തങ്ങള്‍ അനുഭവിച്ചവരോ, അനുഭവിച്ചു കൊണ്ടിരിക്കുന്നവരോ ആണെന്നും, അവിടെ ദേശചരിത്രവും വംശചരിത്രവും മാത്രമല്ല; തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത വിധിവിഹിതങ്ങള്‍വരെ അവരുടെ ജീവിതങ്ങളില്‍ ഇരുള്‍ മൂടിയേക്കാമെന്നു ഈ പുസ്തകം നിരന്തരം നമ്മോടു പറയുന്നു. എല്ലാ ഇരുളുകള്‍ക്കുമെതിരെ സ്നേഹത്തിന്റെയും കരുതലിന്റെയും തൂവല്‍സ്പര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഏതാണ്ടൊരു പക്ഷപാതിത്തം തന്നെ എഴുത്തുകാരി പ്രകടിപ്പിക്കുന്നുമുണ്ട്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മനുഷ്യര്‍ക്ക് സങ്കല്പ്പിക്കാനാകാത്ത തരം അസ്ഥി തുളഞ്ഞിറങ്ങുന്ന തണുപ്പിനെയും ജനസാന്ദ്രത അത്രക്കും താഴ്ന്നുനില്‍ക്കുന്നതിന്റെ മടുപ്പിക്കുന്ന പ്രശാന്തതയേയും ദീര്‍ഘമായ ശൈത്യകാലത്തിന്റെ ഗാര്‍ഹികത്തടവിനെയും കാട്ടുപന്നിയും മാനുകളും കുറുക്കനും കാട്ടുമുയലുകളും ഉള്‍പ്പെടുന്ന ഭൂമിയുടെ അവകാശികളെ നോക്കിയിരുന്നും ഗ്രാമത്തിനു അതിരിടുന്ന ഇരുണ്ടു പച്ച നിറമുള്ള കാടിന്റെ പ്രലോഭനം നേരിട്ടും തള്ളിനീക്കുന്ന ദിനങ്ങള്‍ക്ക്‌ അറുതി കുറിച്ചുകൊണ്ട്, വസന്തത്തിന്റെ വരവോടെ ‘അനാഘ്രാതമായ പ്രകൃതിയുടെ ലഹരിയിലേക്ക് ഉണര്‍ന്നു തുടങ്ങുന്ന യൂറോപ്യന്‍ പകലുകളെ കുറിച്ച് ഭാവഗീതാത്മകായി വാചാലയാകുന്നുണ്ട് ‘ഏകാന്തത കുറുകുന്ന മറുദേശപ്പക്ഷിയായ ഗ്രന്ഥകാരി. എവിടെപ്പോകുമ്പോഴും ഒരാള്‍ കൂടെക്കൊണ്ടു പോകുക മനസ്സിന്റെ പക്ഷപാതിത്തങ്ങളാണ്. ‘വേരുകളില്ലാത്തവരുടെയും സ്വന്തം അസ്തിത്വത്തിനായി പോരാടുന്നവരുടെയും കണ്ണീരും വേദനയും എപ്പോഴും കാണുക എന്നതാണ് ഹരിതാ ഇവാന്‍ എന്ന എഴുത്തുകാരിയുടെ ആ പക്ഷപാതിത്തം. അതൊരു നിയോഗമാണ്: മില്‍ട്ടന്റെ സാത്താനെപ്പോലെ, നിങ്ങള്‍ക്ക് നിങ്ങളുടെ നരകത്തില്‍നിന്നു മോചനമില്ല; കാരണം അത് നിങ്ങളുടെ ഉള്ളില്‍ത്തന്നെയാണ്.

ആഖ്യാനപ്പടര്‍പ്പുകളുടെ സൂക്ഷ്മശരീരങ്ങള്‍

ഇതിഹാസ മാനമുള്ള ആഖ്യാനസാധ്യതകള്‍ ഒളിച്ചിരിക്കുന്ന അനുഭവകാണ്ഡങ്ങളുടെ സൂക്ഷ്മശരീരങ്ങള്‍ (microcosm) പലതുണ്ട് ഹരിതയുടെ തൂലികാചിത്രങ്ങളില്‍. വൈയക്തിക അനുഭവങ്ങള്‍ വംശങ്ങളുടെയും ദേശചരിത്രങ്ങളുടെയും പടര്‍പ്പുകളിലേക്ക് വ്യാപരിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആദ്യലേഖനമായ ‘ഒരു ഹണിമൂണ്‍ യാത്ര തന്നെയാണ്. കസീല്‍ദാ മുത്തശ്ശിയില്‍ തുടങ്ങുന്ന നാലുതലമുറകളുടെ ആഖ്യാനച്ചെപ്പ്, ഇവാനില്‍ എത്തിച്ചേരുന്ന സ്വന്തം ഭര്‍തൃകുടുംബത്തിന്റെ തന്നെ വേരുകളാണ് അന്വേഷിക്കുന്നത്. ഹെമിങ് വേയുടെ പിലാറിനെ (For Whom the Bell Tolls) ഓര്‍മ്മിപ്പിക്കുന്ന ഔറിയ മുത്തശ്ശിയില്‍,  ജീവിതാശയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ജിപ്സി രക്തം തുടിച്ചുനില്‍പ്പുണ്ട് എന്നുതോന്നാം. എസ്തേവ അപ്പൂപ്പന്‍ തന്റെ യൗവ്വനം ഹോമിച്ച ജന: ഫ്രാങ്കോക്കെതിരായ ഫാസിസ്റ്റ് വിരുദ്ധപോരാട്ടവും, ഹെമിങ് വേയുടെ മാസ്റ്റര്‍പീസിനെയെന്ന പോലെത്തന്നെ, ലാറ്റിന്‍ അമേരിക്കന്‍ ക്ലാസിക്കുകളെയും ഓര്‍മ്മിപ്പിക്കുന്നു. ഔറിയയുടെ വിവാഹശേഷം സ്വയമൊരു ബ്രസീലിയന്‍ നാവികനെ കണ്ടെത്തി അയാളോടൊപ്പം പുതിയ നാട്ടിലേക്ക് പോകുന്ന കസീല്‍ദാ മുത്തശ്ശിയുടെ ആ താവഴി കൂടി അന്വേഷണവിധേയമാക്കുകയും ഫിക് ഷനായി രൂപപ്പെടുത്തുകയും ചെയ്താല്‍ അതെന്തൊരു അപാരമായ, രാഷ്ട്രാന്തരീയ, സംസ്കാരാന്തരീയ ആഖ്യാനപ്പടര്‍പ്പാവാം എന്ന് കൃതഹസ്തയെന്നു ഇതിനോടകം തെളിയിച്ചു കഴിഞ്ഞ ഗ്രന്ഥകാരിയെ ഒന്നു പ്രകോപിപ്പിക്കാന്‍ ഈ ലേഖകനു തോന്നുന്നു. പോളിഷ് രുചിക്കൂട്ടുകളെ കുറിച്ചുള്ള അജ്ഞതയില്‍ ചെന്നുചാടുന്ന ഏടാകൂടങ്ങളെ കുറിച്ച് സ്വയം കളിയാക്കുന്ന ‘മനോലോയുടെ ബിക്കിനിയെന്ന അധ്യായം, ‘തവിട്ടുനിറവും നീണ്ട തലമുടിയുമുള്ള ആരോടും മിണ്ടാത്ത ഇന്ത്യക്കാരി, മഞ്ഞുപോലെ വെളുത്ത, കുരുവിയെപ്പോലെ ചിലക്കുന്ന ഒരു പോളിഷ് സുന്ദരി, പിറുപിറുക്കുന്നതുപോലെ സംസാരിക്കുന്ന, എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത ഒരു കിളവന്‍ എന്നിങ്ങനെ വിചിത്രമായ ഒരു മുക്കൂട്ടു സൗഹൃദത്തിന്റെ ഉത്പത്തി ആഖ്യാനമായിത്തീരുന്നതും അതിലൊരാളുടെ മരണം സൃഷ്ടിക്കുന്ന സ്നേഹവേദനയില്‍ അവസാനിക്കുന്നതും ഹൃദ്യമായ വായനാനുഭവമാണ്. ഈ മുക്കൂട്ടിലെ പോളിഷ് സുന്ദരി ആഗ തന്നെയാണ് ‘യോയെസ് എന്ന അധ്യായത്തിലും കടന്നുവരുന്നത്‌. ലൗറയുടെ ഇന്ത്യന്‍ മാന്ത്രികത സംബന്ധിച്ച വികല ധാരണ പോലെ, ഇന്ത്യക്കാരുടെ മുളകുതീറ്റയാണ് ആഗയെ ചൊടിപ്പിക്കുന്നത്. തൊട്ടുകൂട്ടാനുള്ള ഇഞ്ചിക്കറി വാരിത്തിന്നതിന്റെ ചൊരുക്ക് ഹാസ്യാത്മകമായി ഗ്രന്ഥകാരി ചിത്രീകരിക്കുന്നു. എന്നാല്‍, പ്രസന്നമായ അവതരണം ബാസ്ക് പ്രവിശ്യയുടെ സ്വാതന്ത്ര്യദാഹത്തെ കുറിച്ചും കമ്യൂണിസ്റ്റ് ഭീകരാനുഭവങ്ങളെ കുറിച്ചുമുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക് സംക്രമിക്കുന്നതാണ് യോയെസ് എന്ന വിപ്ലവനായികയുടെ ദുരന്തത്തിനുള്ള അര്‍ച്ചനയായി ഈ അധ്യായത്തെ മാറ്റുന്നത്. ‘വിപ്ലവകാരിയുടെ വീട്ടില്‍ താമസിക്കാനെത്തിയ രണ്ടു വിദേശിപ്പെണ്ണുങ്ങ’ളെ സദാ പിന്തുടരുന്ന രഹസ്യപ്പോലീസിന്റെ സാന്നിധ്യം, സര്‍വ്വാധിപത്യ ഭരണകൂടങ്ങളുടെ ‘സുരക്ഷാ പാരനോയ എന്ന കറുത്ത ഫലിതത്തില്‍ ചെന്നുമുട്ടുന്നുണ്ട്.

ദേശത്തിന്റെ രാഷ്ട്രീയം നിര്‍ണ്ണായകമാകുന്ന മറ്റൊരു ഭാഗമാണ് ‘മമ്മാസിത്ത എന്ന അധ്യായത്തിലെ ജൂലിയന്റെ കഥ. 1976 മുതല്‍ 1983 വരെയുള്ള കാലം അര്‍ജന്റിനക്ക് മേല്‍ അശനിപാതമായി പിടിമുറുക്കിയ ജോര്‍ജി വിദേലയുടെ സൈനിക ഭരണത്തിന്റെയും ഇടതുവിരുദ്ധ ‘ഡേര്‍ട്ടി വാര്‍ ശുദ്ധീകരണ പ്രക്രിയയുടെയും നാളുകളില്‍ ഭരണകൂട വിരുദ്ധ കലാപത്തിന് ഇറങ്ങിത്തിരിച്ച അമ്മൂമ്മ അഡോള്‍ഫയുടെയും ‘കാണാതായ പതിനാലുകാരി മകള്‍ ഇന്‍ഗ്രിഡിന്റെയും കഥയാണ്‌ അത്. അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാതെ സൈനികരുടെ ബലാല്‍ക്കാര ക്യാമ്പുകളില്‍ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ താല്‍പര്യമുള്ളവര്‍ക്ക് ദത്തു നല്‍കപ്പെട്ടു. ‘ചെറിയമ്മ’ എന്ന അര്‍ത്ഥത്തില്‍ ‘മമ്മാസിത്ത എന്ന് ജൂലിയന്‍ തന്നെ വിളിക്കുന്നതിനു പിന്നിലെ സ്നേഹദാഹം ഗ്രന്ഥകാരി തിരിച്ചറിയുന്നുണ്ട്. ‘കമ്യൂണിസ്റ്റ് എന്ന അധ്യായവും രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം കേന്ദ്രീയമായ ഒന്നാണ്. 1979  മുതല്‍ മരീനാലേദയുടെ മേയറായി ഇന്നും തുടരുന്ന ഗോര്‍ദിലോ, റോബിന്‍ ഹുഡ് മേയര്‍ എന്നും ഡോണ്‍ക്വിക്സോട്ട് എന്നും വിളിക്കപ്പെടുന്നത് പ്രദേശത്തു അദ്ദേഹം വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് മോഡല്‍ വികസനത്തിന്റെ പേരിലാണ്. ‘നമ്മുടെ നാട് കാണാന്‍ ഇന്ത്യയില്‍നിന്ന് വന്ന കമ്യൂണിസ്റ്റ് എന്ന അദ്ദേഹം തന്നെ പരിചയപ്പെടുത്തുന്നത് ഗ്രന്ധകാരി ലജ്ജ കൊണ്ട് ചൂളാന്‍ ഇടയാക്കുന്നു. അതെന്തായാലും, ‘യോയെസി’ലെ ആഗയില്‍ നിന്ന് ഏറെ ദൂരെയാണ് ഗോര്‍ദിലോ. അടുത്ത തലമുറയുടെ പ്രതിനിധികള്‍ സമത്വം എന്ന ആശയത്തിന്റെ അര്‍ത്ഥം പഠിക്കാന്‍ ബയോടോപ്പി ബിഗോടോപി സന്ദര്‍ശിക്കണം എന്ന ഗ്രന്ഥകാരിയുടെ അഭിവാദ്യത്തോടെയാണ് അധ്യായം അവസാനിക്കുന്നതും.

പ്രഥമ നോവലിന്റെ വിത്തുകള്‍

              


എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഇങ്ങനെ മുറിവേല്‍ക്കുന്നത്‌?’ എന്ന, പര്‍വ്വതങ്ങളോളം പഴക്കമുള്ള ചോദ്യം ഉന്നയിക്കപ്പെടുന്നത്‌ ‘പര്‍വ്വതങ്ങളുടെ വധു എന്ന അധ്യായത്തില്‍ തന്നെയാണ്. പര്‍വ്വതം എന്നതാകട്ടെ, അതിന്റെ പാരുഷ്യത്തിലും ആദിമ വിശുദ്ധിയിലും കുര്‍ദ്ദ് ജനതയുടെ രൂപകം തന്നെയായി സാഹിത്യത്തിലും സിനിമയിലുമെല്ലാം ഇടം പിടിച്ചിട്ടുമുണ്ട്. യെശാര്‍ കമാലിന്റെ Memed, My Hawk പോലുള്ള ഫിക് ഷനല്‍ ക്ലാസിക്കുകള്‍ മുതല്‍ ബെഹരൂസ് ബൂചാനിയുടെ No Friend But the Mountains: Writing from Manus Prison പോലുള്ള ആത്മാഖ്യാനങ്ങളിലും, ബെഹ്മാന്‍ ഗോബാദിയുടെ Turtles Can Fly പോലുള്ള സിനിമകളിലും വരെ കുര്‍ദ്ദ് സഹനവും അതിജീവനവും ചിത്രീകരിക്കുന്ന ഒട്ടേറെ കൃതികളില്‍ ഇതു കാണാം. അമേരിക്കയില്‍ കുടിയേറിയ കുര്‍ദ്ദ് ദമ്പതികള്‍ നാടിനെയോര്‍ത്തു സഹന്‍ദ് പര്‍വ്വതനിരയുടെ പേരിട്ടു വളര്‍ത്തിയ പെണ്‍കുട്ടിയുടെ ദുരനുഭവങ്ങളിലൂടെ ഗ്രന്ഥകാരി ചിത്രീകരിക്കുന്ന ജീവിതഖണ്ഡം, ഒരു കാന്തക്കല്ലുപോലെ അവരെ ആകര്‍ഷിച്ചതിന്റെ ഫലമായിരുന്നല്ലോ ‘സിന്‍ എന്ന നോവലും. മറ്റൊരു അദ്ധ്യായമായ ‘ലിലാന്‍ എന്ന ഭാഗത്തിലെ കുര്‍ദ്ദ് യുവതിയാണ് നോവലിന്റെ നിമിത്തമായ യാത്രയിലേക്ക് തന്നെ പ്രചോദിപ്പിച്ചതെന്ന് ഗ്രന്ഥകാരി അന്യത്ര തുറന്നു പറഞ്ഞിട്ടുമുണ്ട്. ടര്‍ക്കിഷ്, ഇറാനിയന്‍, ഇറാഖി, സിറിയന്‍ ഭരണ കൂടങ്ങളോടും, ഒപ്പം ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖയ്ദ തുടങ്ങിയ ഭീകര സംഘടനകളോടും എതിരിട്ടു ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ കുര്‍ദ്ദ് ജനതയുടെ, വിശിഷ്യാ സ്ത്രീകളുടെ, മോചനത്തിനായി നിരന്തരം ശ്രമിക്കുന്ന പെണ്‍ഗറില്ലാ സംഘാംഗമാകാന്‍ പോകുന്ന ലിലാന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശമാണ് അവിടം സന്ദര്‍ശിക്കാനുള്ള ക്ഷണം. കഥാബീജങ്ങളുടെ പുസ്തകം എന്ന് ‘മുറിവേറ്റവരുടെ പാതയെ വിശേഷിപ്പിക്കാമെങ്കില്‍, ഈയൊരു അനുഭവഖണ്ഡമൊഴിച്ചുള്ള ഭാഗങ്ങളെല്ലാം ഇനിയും അപ്രകാരം സാക്ഷാത്കരിക്കപ്പെടെണ്ടതായിട്ടാണ് ഇരിക്കുന്നത്.  

കഥകള്‍, പൊരുളുകള്‍..

എല്ലാ മികച്ച സാഹിത്യകൃതികളും വായനാന്ത്യത്തില്‍ മനുഷ്യജീവിതം എന്ന സമസ്യയുടെ ഏതെങ്കിലുമൊക്കെ അടരുകളിലേക്ക് പുതിയൊരു വെട്ടം തുറക്കുമെന്ന അര്‍ത്ഥത്തില്‍ അവയെല്ലാം ദൃഷ്ടാന്ത കഥകള്‍ കൂടിയാണ്. ഈ പുസ്തകത്തിലെ മിക്ക അധ്യായങ്ങളും, അതിന്റെ ഏറ്റവും സ്നേഹപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍, അത്തരം ചില ദൃഷ്ടാന്ത വാക്യങ്ങളില്‍ അവസാനിക്കുന്നവയാണ് എന്നു കാണാം. ‘ഹൃദയം നയിക്കുന്ന പാതയിലൂടെ യാത്ര ചെയ്യുന്നതിനെ മാത്രമാണ് ജീവിതം എന്ന് വിളിക്കേണ്ടത് എന്ന പാഠം പകര്‍ന്നു നല്‍കുന്ന ആന്ദ്രെയുടെയും അവന്റെ പ്രിയപ്പെട്ട ഓഗിയുടെയും കഥ പറയുന്ന ‘ധ്രുവമനുഷ്യന്‍ അത്തരത്തിലുള്ള ഒന്നാണ്. ഇറ്റാലിയന്‍ ഗവര്‍മെന്റ് നല്‍കുന്ന സ്കോളര്‍ഷിപ്പിന്റെ സഹായത്തോടെ സ്റ്റുഡന്റ് എക്സ്ചേഞ്ച്‌ പ്രോഗ്രാം വഴി ഫിന്‍ലന്‍ഡ്‌ യൂനിവേഴ്സിറ്റിയില്‍ പഠിക്കാനെത്തിയ ആന്ദ്രെ എന്ന യുവാവിലൂടെ മാതൃ-പുത്ര സ്നേഹത്തിന്റെയും ജീവിത പ്രതിസന്ധികളെയും സഹനീയമാക്കുന്ന പ്രണയത്തിന്റെയും ചിത്രങ്ങളാണ്‌ വിവരിക്കപ്പെടുന്നത്. രണ്ടു യുവതികളും ഒരു പുരുഷനും ഉള്‍പെട്ട വിചിത്രമായ ഒരു പ്രണയക്കുരുക്കിന്റെ കഥ പറയുന്ന ‘ക്ലാരയില്‍, തന്റെ ഇന്ത്യന്‍ യാഥാസ്ഥിതികത ‘ഏതോ പൗരാണിക കാലത്ത് നിന്നും പതുക്കെ തല പുറത്തിട്ടു നോക്കുന്ന ഒരു ദിനോസര്‍ ആയി തന്നെ മാറ്റുന്നത് ഗ്രന്ഥകാരി കണ്ടെത്തുന്നു.

മാജിക്കല്‍ റിയലിസ്റ്റ് സാധ്യതകള്‍ വേണ്ടുവോളമുള്ള ‘മന്ത്രവാദിനിയിലെ ലൗറയുടെ വിചിത്ര ഭാവങ്ങള്‍ ഒട്ടൊരു കൗതുകവും ഒപ്പം ആര്‍ദ്രമായ സ്നേഹപാശത്തിന്റെ പാരസ്പര്യവുമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ മന്ത്രവാദത്തെ കുറിച്ചൊക്കെ ലൗറക്കുള്ള ‘ഒറിയന്റലിസ്റ്റ് ധാരണകള്‍ ഇത്തിരി ഹാസ്യാത്മകമായി ഗ്രന്ഥകാരി ചിത്രീകരിക്കുന്നു. ‘ഡീഗോയും അനീഷും തമ്മില്‍ എന്ന ആഖ്യാനത്തില്‍, രണ്ടു ഭൂഖണ്ഡങ്ങളിലെങ്കിലും, നിസ്സഹായജന്മങ്ങളായി ഭിന്നലൈംഗികതയുടെ/ പ്രത്യക്ഷത്തിന്റെ നെരിപ്പോടു ജീവിതങ്ങള്‍ എന്ന നിലയില്‍ രണ്ടു വ്യക്തികള്‍ ഗ്രന്ഥകാരിയുടെ ഹൃദയത്തില്‍ സന്ധിക്കുന്നു. ഒരാള്‍ക്ക് സാന്ത്വനം പകരുന്ന സൗഹൃദം പങ്കിടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെങ്കില്‍ ‘കനിവിന്റെ ഒരു നോട്ടംകൊണ്ട് പോലും സഹായിക്കാന്‍ കഴിയാതെ പോയ’തിന്റെ നീറ്റലാണ് അപരനെ കുറിച്ചുള്ള ഓര്‍മ്മകള്‍.

വിമാനങ്ങളുടെ ചിത്രങ്ങള്‍ ശേഖരിക്കുന്ന ഹോബിയുള്ള പയ്യനില്‍ നിന്ന് വൈമാനികനായി വളരുന്ന ആല്‍ബെര്‍ട്ട് ബാറ്റില്‍ എന്ന യുവാവിന്റെ ആത്മബലിയുടെ കഥ പറയുന്ന ‘ആകാശംകൊണ്ട് മുറിവേറ്റവന്‍, ആരും തിരിച്ചറിയുക പോലും ചെയ്യാത്ത ത്യാഗോജ്വലമായ സേവനങ്ങളിലൂടെ അതീവ ദുര്‍ഘട ഇടങ്ങളില്‍ നിശ്ശബ്ദ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലികോപ്റ്റര്‍ ദൗത്യസംഘത്തെ കുറിച്ചുള്ള ‘മുനിസ്ട്രോളിലേക്കുള്ള വഴി, കുട്ടിക്കാലത്ത് കളിക്കൂട്ടുകാരിയോടൊപ്പം നീരാട്ടു നടത്തിയിരുന്ന സൗമ്യയായ നാട്ടുപുഴ ‘വെള്ളത്തിളിറങ്ങിയാല്‍ ചൊറിയും എന്ന മട്ടിലേക്ക് അഴുകിപ്പോയതിന്റെ ഓര്‍മ്മകളെ സീന്‍ നദിക്കരയിലേക്കും വിധുരനായ വയോധികന്റെ ഇന്ത്യക്കാരിയായിരുന്ന ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും സംക്രമിപ്പിക്കുന്ന ‘പാരീസിലെ മാലിനി, മുക്കാല്‍ നൂറ്റാണ്ടുകാലം കൂടെ ജീവിച്ച പങ്കാളിയുടെ വിലാപയാത്ര തിരിച്ചറിയാനാകാതെ ശൂന്യമായ വൃദ്ധനയനങ്ങളോടെ, വലിയ തിരക്കുകളുള്ള മക്കളെ അലോസരപ്പെടുത്താതെ, വൃദ്ധസദനത്തിലെ വീല്‍ ചെയറിലിരിക്കുന്ന, ഡിമെന്‍ഷ്യയുടെ പിടിയിലമര്‍ന്ന റബേക്കയെ അവതരിപ്പിക്കുന്ന ‘റബേക്ക തനിച്ചാണ്, ഭീകരാക്രമണങ്ങള്‍ പതിവാകുന്ന ദിനങ്ങളിലൊന്നില്‍ ഭൂഗര്‍ഭ റെയില്‍പാതയുടെ ഇടനാഴിയില്‍ കാണാനിടയാകുന്ന അജ്ഞാതനുമായി ഉരുത്തിരിയുന്ന സൗഹൃദം അത്തരമൊരു ദുരന്തത്തിനുശേഷം അയാളെ കാണാതാവുന്നതിന്റെ സമസ്യയില്‍ അവസാനിക്കുന്നതിന്റെ കഥ പറയുന്ന ‘മാഞ്ഞുപോയൊരാള്‍, തുടങ്ങിയവയാണ് തുടര്‍ന്ന് വരുന്ന ഭാഗങ്ങളില്‍. പുസ്തകത്തിലെ ഗാന്ധിയന്‍ സ്പര്‍ശമാണ് അവസാന അധ്യായമായ ‘കാറ്റലോണിയയുടെ ഗാന്ധിമാര്‍ഗ്ഗം. തലക്കെട്ട്‌ സൂചിപ്പിക്കുന്ന പോലെത്തന്നെ, കാറ്റലോണിയന്‍ റഫറണ്ടത്തിനു തുരങ്കം വെക്കാന്‍ സ്പാനിഷ് സൈന്യം നടത്തുന്ന അത്യാചാരങ്ങളെ അഹിംസാത്മകമായും തോക്കുകള്‍ക്കെതിരെ പൂക്കള്‍ നല്‍കിയും അഭിവാദ്യം ചെയ്യുന്ന കൂട്ടത്തിലെ ജോര്‍ഡിയെയും സുഹൃത്തുക്കളെയും ലേഖനം പിന്തുടരുന്നു. ‘നിങ്ങളുടെ ഗാന്ധിയാണ് ഞങ്ങളുടെ പ്രചോദനം എന്ന ജോര്‍ഡിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുംവിധം കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട് പോരാളികള്‍. “ന്യുക്ലിയര്‍ യുദ്ധങ്ങളുടെ ഈ കാലത്ത് ഈ സമരം സഹനത്തിന്റെയും ധീരതയുടെയും പേരിലാവും അറിയപ്പെടുക” എന്ന് പുസ്തകാന്ത്യത്തിലാണ് നാം വായിക്കുന്നത്. 

ബാസ്ക് പ്രവിശ്യയിലേക്കുള്ള യാത്രാമധ്യേ ഗ്രന്ഥകാരിക്കും കൂട്ടുകാരിക്കും ആതിഥ്യമരുളുകയും പുലര്‍ച്ചെ സമൃദ്ധമായ ഭക്ഷണക്കുട്ട സമ്മാനം നല്‍കി ഇനിയും വരണമെന്ന് ഹൃദയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുകയും ചെയ്തു യാത്രയാക്കുന്ന വൃദ്ധ കര്‍ഷകദമ്പതികളെ പോലെ സ്നേഹചിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കഥകളാണ് പുസ്തകം നിറയെ. എന്നാല്‍, ചരിത്രത്തിന്റെയോ വംശീയ ദുരനുഭവങ്ങളുടെയോ ഇരുള്‍ച്ചക്കു നേരെ കണ്ണടച്ചിരുട്ടാക്കുന്ന എസ്കേപ്പിസ്റ്റ് ശുഭാപ്തിയിലേക്ക് അതൊരിക്കലും വീണുപോകുന്നുമില്ല. സൗമ്യവും ഭാവഗീതാത്മകവുമായ പ്രകൃതിവര്‍ണ്ണനകളെ, ദുസ്സഹമായ ശൈത്യത്തിന്റെയും മടുപ്പിക്കുന്ന എകാന്തയുടെയും കഠിനയാഥാര്‍ത്ഥ്യങ്ങള്‍ക്കു പകരം വെക്കാനുള്ള പ്രകാശബിന്ദുക്കളായി ഗ്രന്ഥകാരി കണ്ടെടുക്കുകയാണ്. 

Fazal Rahman 

The article was first published at: 

 https://mumbaikaakka.com/review-of-haritha-savithris-travelogue-by-fazal-rahman/


More :

Zin by Haritha Savithri

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html